Links

ലോട്ടറി ചൂതാട്ടമാണ്; ഇത് അവസാനിപ്പിച്ചേ പറ്റൂ

മാധ്യമത്തില്‍ (19.8.10) വന്ന ഒരു ലേഖനം. എനിക്ക് വളരെ യോജിപ്പുള്ളത്കൊണ്ട് ഇവിടെ പേസ്റ്റ് ചെയ്യുന്നു:


രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കിടയില്‍ സമവായമുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ലോട്ടറി നിരോധിക്കാന്‍ തയാറാണെന്ന് ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞുകാണുന്നു. സര്‍വകക്ഷികളും ചേര്‍ന്നാണ് നിയമസഭയില്‍ ലോട്ടറി നിയമം പാസാക്കിയത് എന്നതുകൊണ്ട് നിരോധത്തിനും സമയം കൂടിയേ തീരൂ എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ലോട്ടറി കേരളത്തെ കാര്‍ന്നുതിന്നുന്ന അര്‍ബുദമാണെന്ന മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അഭിപ്രായത്തോട് ധനമന്ത്രി യോജിക്കുകയും ചെയ്തു. പക്ഷേ, ലോട്ടറികൊണ്ട് ജീവിക്കുന്ന രണ്ടുലക്ഷം പേരുണ്ടെന്നതാണ് നിരോധത്തിന് അദ്ദേഹം കാണുന്ന തടസ്സം. എന്നാലും ജനങ്ങള്‍ ലോട്ടറിക്ക് അടിമപ്പെടാന്‍ പാടില്ലെന്ന അഭിപ്രായവും ധനമന്ത്രിക്കുണ്ട്. വര്‍ധിച്ച മദ്യാസക്തിയും അന്യസംസ്ഥാന ലോട്ടറിഭ്രമവും ഒരു സാമൂഹിക രോഗംപോലെ കേരളത്തെ കാര്‍ന്നുതിന്നുകയാണെന്ന് മുഖ്യമന്ത്രി തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറഞ്ഞിരുന്നു. സിക്കിമിന്റെയും ഭൂട്ടാന്റെയും ഔദ്യോഗികാംഗീകാരത്തോടെ എന്ന പേരില്‍ വലിയ ചൂതാട്ടമാണ് കേരളത്തില്‍ നടക്കുന്നതെന്നും അദ്ദേഹം പരിതപിക്കുകയുണ്ടായി.

രാജ്യത്താദ്യമായി സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ ലോട്ടറി ആരംഭിച്ചത് 1967ലെ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള സപ്തകക്ഷി ഗവണ്‍മെന്റാണ്. അന്നുതന്നെ ഇത് ചൂതാട്ടത്തിന്റെ വകഭേദമല്ലാതെ മറ്റൊന്നുമല്ലെന്നും സോവിയറ്റ് യൂനിയനില്‍ വി.ഐ. ലെനിന്‍പോലും തള്ളിപ്പറഞ്ഞ ലോട്ടറിയെ കേരളത്തില്‍ നടപ്പാക്കാന്‍ കമ്യൂണിസ്റ്റ് നിയന്ത്രണത്തിലുള്ള ഒരു സര്‍ക്കാര്‍ ശ്രമിക്കരുതെന്നും മനുഷ്യസ്‌നേഹികള്‍ ചൂണ്ടിക്കാട്ടിയതാണ്. വേദനിപ്പിക്കാതെ പണം പിടുങ്ങാനുള്ള കുറുക്കുവഴി എന്നുപറഞ്ഞ് അന്നതിനെ ന്യായീകരിക്കുകയാണ് സര്‍ക്കാറില്‍ പങ്കാളികളായ മുസ്‌ലിംലീഗ് പോലും ചെയ്തത്.

പൊതുക്ഷേമത്തിനായി ചെലവഴിക്കുമെന്ന അവകാശവാദത്തോടെ ആദ്യ വര്‍ഷം സര്‍ക്കാറിന് കിട്ടിയത് 14 ലക്ഷം രൂപയുടെ ലാഭമാണ്. ഇന്നോ? 2008-09 വര്‍ഷത്തെ ലോട്ടറി വകയിലെ വിറ്റുവരവ് 487.57 കോടിയും ലാഭം 104.23 കോടിയുമാണ്. അതേയവസരത്തില്‍ പ്രതിമാസം മലയാളി ലോട്ടറിക്ക് ചെലവിടുന്നത് 750 കോടിയും. അതായത് സര്‍ക്കാറിന് പ്രതിവര്‍ഷം വെറും 104.23 കോടി ലാഭമുണ്ടാക്കാന്‍ വേണ്ടി 9000 കോടിയുടെ അന്യസംസ്ഥാന ലോട്ടറി ഇടപാട് അനുവദിക്കേണ്ടി വരുന്നു. സൂക്ഷ്മമായ കണക്കില്‍ 10,000 കോടിയെങ്കിലും അന്യസംസ്ഥാന ലോട്ടറികളും വ്യാജ ലോട്ടറികളും ചേര്‍ന്ന് കേരളത്തില്‍നിന്ന് വര്‍ഷംതോറും ഊറ്റിയെടുക്കുന്നുണ്ട്. കേവലം സാധാരണക്കാരും വീട്ടമ്മമാരും വിദ്യാര്‍ഥികളും ദരിദ്രന്മാരും പട്ടിണിക്കാരുമാണ് ലോട്ടറി വില്‍പനക്കാരുടെ വലയില്‍ വീഴുന്ന ഇരകളില്‍ മഹാഭൂരിഭാഗവുമെന്നത് തര്‍ക്കമറ്റ കാര്യമാണ്. മുഖ്യമന്ത്രിതന്നെ സമ്മതിച്ചപോലെ ഇത് മാരക രോഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. ലോട്ടറി ടിക്കറ്റെടുത്തു മുടിഞ്ഞവരുടെയും ആത്മഹത്യ ചെയ്തവരുടെയും എണ്ണം വര്‍ധിച്ചുവരുന്നു. ചൂതാട്ടത്തിലേര്‍പ്പെട്ട് അത് ദിനചര്യയായി മാറിയ നിര്‍ഭാഗ്യവാന്മാരുടെ പട്ടികയിലാണ് ലോട്ടറി ഭ്രാന്തന്മാരും സ്ഥലംപിടിക്കുന്നത്. അതുകൊണ്ടാണ് പ്രത്യുല്‍പാദനപരമല്ലാത്ത ഈ ധനാഗമന മാര്‍ഗം നിഷിദ്ധമാണെന്ന് വിവേകശാലികള്‍ ചൂണ്ടിക്കാട്ടുന്നത്.

അതോടൊപ്പം നികുതി വെട്ടിപ്പുകാരുടെയും വ്യാജന്മാരുടെയും മഹാകളരിയായി മാറിയിരിക്കുന്നു കേരളത്തില്‍ ലോട്ടറി. കുപ്രസിദ്ധനായ സാന്റിയാഗോ മാര്‍ട്ടിന്റെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സാണ് ഈ രംഗത്തെ വമ്പന്മാര്‍. അവര്‍ സ്വന്തമായിത്തന്നെ ലോട്ടറി ടിക്കറ്റുകള്‍ അടിച്ചു വില്‍ക്കുകയാണെന്ന പരാതി ശക്തമാണ്. മുഖ്യ ഭരണകക്ഷിയുടെ സംരക്ഷണം ലഭിക്കുന്നതുകൊണ്ട് ഈ ദിശയില്‍ ഒരന്വേഷണവും നടക്കുന്നില്ല. അവിഹിതമായി സമ്പാദിക്കുന്ന കോടികളില്‍നിന്ന് ഒരു വിഹിതം പാര്‍ട്ടിക്ക് കൊടുത്താല്‍ പിന്നെ ആരെ ഭയപ്പെടാന്‍? നഗ്‌നവും ക്രൂരവുമായ ഈ ചൂതാട്ട വ്യവസായത്തിന്റെ നീരാളിപ്പിടിത്തത്തിനെതിരെ കോണ്‍ഗ്രസുകാരായ ജനപ്രതിനിധികള്‍ രംഗത്തുവന്നപ്പോള്‍ കേന്ദ്രത്തിന്റെ മേല്‍ പഴിചാരി രക്ഷപ്പെടാനാണ് സംസ്ഥാന സര്‍ക്കാറിന്റെ ശ്രമം. മറ്റെല്ലാറ്റിലുംപോലെ ഇതിലും രാഷ്ട്രീയം കടന്നുകയറിയാല്‍ പിന്നെ വേറെ രക്ഷാമാര്‍ഗം തെരയേണ്ടല്ലോ. വാസ്തവത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുപോലെ ഉത്തരവാദികളാണ് ഈ ചൂതാട്ട ദേശസാത്കരണത്തില്‍. ലോട്ടറിയില്‍ ഒറിജിനലും വ്യാജനും ഇല്ല എന്ന സത്യമാണ് ആദ്യമായി തിരിച്ചറിയേണ്ടത്. സര്‍ക്കാര്‍ ലോട്ടറി പരിശുദ്ധമായ ഒറിജിനലും, നികുതി വെട്ടിപ്പ് നടത്തി സ്വകാര്യ ഏജന്‍സികള്‍ നടത്തുന്നത് വ്യാജനും എന്നില്ല. ജനങ്ങളില്‍ ദുരയും ലോഭവും വളര്‍ത്തി അവരെ സ്വപ്‌നലോകത്തേക്ക് കൊണ്ടുപോവുന്ന ലോട്ടറി ആര് നടത്തിയാലും അത് ചൂതാട്ടമാണ്. അത് നിര്‍ബന്ധമായും നിരോധിച്ചേ പറ്റൂ.

മദ്യനിരോധത്തെ എതിര്‍ക്കാന്‍ ചെത്തുതൊഴിലാളി പ്രശ്‌നം ഉന്നയിക്കുന്നപോലെ ലോട്ടറിയുടെ കാര്യത്തിലും തൊഴിലാളികള്‍ക്ക് തൊഴിലില്ലാതാവുന്ന കാര്യമാണ് തടസ്സവാദമായി ഉന്നയിക്കുന്നത്. യഥാര്‍ഥത്തില്‍ വര്‍ത്തമാനകാല കേരളത്തില്‍ അങ്ങനെയൊരു പ്രശ്‌നമുണ്ടോ? മാന്യമായ ഒരു ജോലിക്കും ആരെയും കിട്ടാനില്ലാത്ത സാഹചര്യമാണിവിടെ. കൃഷി, വ്യവസായം, വ്യാപാരം, ആരോഗ്യം തുടങ്ങിയ എല്ലാ മേഖലകളിലും അനുഭവപ്പെടുന്ന രൂക്ഷമായ ആള്‍ക്ഷാമംമൂലം അന്യസംസ്ഥാനങ്ങളെയാണ് തൊഴിലാളികള്‍ക്കു വേണ്ടി കേരളം ആശ്രയിക്കുന്നത്. കൃഷിയിലും നിര്‍മാണ മേഖലയിലുമൊക്കെ അതുപോലും പ്രയാസകരമായിത്തീര്‍ന്നിരിക്കുന്നു. വളരെ പഴയ കണക്കുപ്രകാരം പത്തുലക്ഷം അന്യ സംസ്ഥാനക്കാരുണ്ട് നമ്മുടെ തൊഴില്‍ മേഖലയില്‍. അവരുടെ എണ്ണം ഇപ്പോള്‍ ഇരട്ടിയിലും അധികമാവാനാണ് സാധ്യത. പിന്നെ മദ്യം, ലോട്ടറി പോലുള്ള വിനാശകരമായ തൊഴില്‍തന്നെ വേണം മലയാളിക്ക് ജീവിക്കാന്‍ എന്നു വാദിക്കുന്നതില്‍ എന്തര്‍ഥം? ഇപ്പോഴാകട്ടെ കേന്ദ്രസര്‍ക്കാറിന്റെ തൊഴിലുറപ്പ് പദ്ധതിപോലും സംസ്ഥാനത്ത് വേണ്ടവിധം ഉപയോഗപ്പെടുത്താന്‍ ആളില്ല. അതിനാല്‍ ലോട്ടറി എന്ന ചൂതാട്ടം അവസാനിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഉടനടി നടപടിയെടുക്കാതിരിക്കാന്‍ ഒരു ന്യായവുമില്ല.

25 comments:

Anees Hassan said...

ആരെ പഴിക്കണം ഇടതോ വലതോ

അങ്കിള്‍ said...

ആദ്യം ഞാന്‍ ലോട്ടറിയെ പറ്റി മറ്റൊരിടത്ത് വായിച്ചതു ഇവിടെ പകര്‍ത്തട്ടെ.
----------------------------
In a state like Kerala which is not known for any risk taking enterprise culture, it is the route to become rich. It conveys a wrong message to the society that it is luck or your fate that determines one's destiny. There is no point in working hard, try your luck. Kouchouseph Chittilappally has written that he was appalled by the number of young men who throng in those centers when online lottery was very popular. Somebody gets prizes and they become role models for others to follow. See if A can get, why cant' I ? sooner or later i am going to get it. It reflects the perverse value system of our society. And it is the poor who become addicted to lotteries. The duty of the state is to create conditions which will enable people to work and earn and take control of their destinies. I think successive governments which could not perform in this front seems to have found this as convenient way to cover up it

It is matter of addiction. Just like that towards alcohol and narcotics. therefore it has to be viewed as a social evil itself.
----------------------
"കേവലം സാധാരണക്കാരും വീട്ടമ്മമാരും വിദ്യാര്‍ഥികളും ദരിദ്രന്മാരും പട്ടിണിക്കാരുമാണ് ലോട്ടറി വില്‍പനക്കാരുടെ വലയില്‍ വീഴുന്ന ഇരകളില്‍ മഹാഭൂരിഭാഗവുമെന്നത് തര്‍ക്കമറ്റ കാര്യമാണ്." അതെ ഇതാണ് സത്യം.

ഒറ്റ രാത്രി കൊണ്ട് ഇല്ലാത്തവനെ (അടിസ്ഥാന വര്‍ഗത്തിലെ ഒരുവനെ)ഈ ചൂതാട്ടത്തിലുടെ ലക്ഷ പ്രഭു/കോടീശ്വരന്‍ ആക്കി മാറ്റുന്നു. പിന്നീട് അവന്‍ ബൂര്‍ഷ്വാ ആണ് മൂരാച്ചി ആണ്. ഈ പ്രക്രിയ ഒരു ഇടതു സര്‍ക്കാരില്‍ നിന്നും പ്രോത്സാഹനം അര്‍ഹിക്കുന്നുണ്ടോ. പക്ഷെ നാം കാണുന്നതോ?

Unknown said...

ആരെയെങ്കിലും പഴിച്ചത്കൊണ്ട് ആയില്ലല്ലോ അനീസ്(ആയിരത്തിയൊന്നാംരാവ്), ഒരു തിന്മ എങ്ങനെ നിര്‍മ്മാര്‍ജ്ജനം ചെയ്യാം എന്ന് നമ്മള്‍ ആലോചിച്ചാല്‍ എന്തെങ്കിലും പ്രയോജനം ഉണ്ടായേക്കാം..



മാഷേ, കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണ് മദ്യവും ലോട്ടറിയും കേരളത്തില്‍ കൊണ്ടുവന്നതെന്ന് ഈ ലേഖനത്തില്‍ പറയുന്നുണ്ടല്ലൊ. സമ്പൂര്‍ണ്ണമാണ് ഈ ലേഖനം. തൊഴില്‍ വേണം എന്ന ന്യായത്തിന്റെ പുറത്താണ് ഈ രണ്ട് തിന്മകളെയും കമ്മ്യൂണിസ്റ്റുകാര്‍ ന്യായീകരിക്കാറുള്ളത്. ഭാവനയില്ലാത്ത നേതാക്കള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും അവരുടെ ട്രേഡ് യൂനിയന്റെയും തലപ്പത്ത് വിരാജിക്കുന്നത്കൊണ്ട് കേരളത്തിനുണ്ടായ ദുര്‍വ്വിധിയാണ് ഇത്. എന്ത് ചെയ്യാന്‍ പറ്റും. എന്റെ മനസ്സില്‍ ഉള്ളത് അതേ പടി ലേഖകന്‍ എഴുതിയത് കണ്ട് ഞാന്‍ ഇവിടെ പോസ്റ്റ് ചെയ്തു എന്ന് മാത്രം.

Hari | (Maths) said...

കെ.പി.എസ് സാര്‍,

പ്രസക്തിയുള്ള ഒരു വാര്‍ത്ത ചര്‍ച്ചയ്ക്കു വിധേയമാക്കിയതില്‍ സന്തോഷം.

ലോട്ടറി ഒരു വലിയ തട്ടിപ്പാണെന്നതില്‍ സംശയമേയില്ല. പക്ഷെ അത് വിറ്റ് നടക്കുന്ന കുറേ സാധുക്കള്‍ നമുക്കു ചുറ്റുമുണ്ടെന്നുള്ളത് വിസ്മരിക്കാനാകില്ല.

മറ്റ് സംസ്ഥാന ലോട്ടറികളെ കുറ്റം പറയുന്നതിന് മുമ്പ് നമ്മുടെ സ്വന്തം ലോട്ടറിയുടെ സമ്മാനവിന്യാസത്തെപ്പറ്റിയും ചിന്തിക്കേണ്ടതാണ്. ആകര്‍ഷണീയമായ ഒന്നാം സമ്മാനമൊഴിച്ചു നിര്‍ത്തിയാല്‍ മറ്റ് സമ്മാനങ്ങള്‍ വെറും പൊടിയിടലല്ലേ? അതായത്, ഒരു ചൂഷണം. ഭവന നിര്‍മ്മാണ പദ്ധതിക്കും കായിക വികസന പരിപാടികള്‍ക്കുമൊക്കെ വേണ്ടി നിര്‍ബന്ധിച്ച് 100 രൂപാ ലോട്ടറി വാങ്ങിച്ചതൊക്കെ സൌകര്യത്തിന് വേണ്ടി എല്ലാവരും വിസ്മരിച്ചു.കുറച്ചു മാസങ്ങള്‍ക്കു മുമ്പു വരെ എന്താവശ്യമുണ്ടെങ്കിലും
ഒരു ലോട്ടറി അടിച്ചിറക്കുകയെന്നത് പല വകുപ്പുകളുടേയും ഒരു രീതിയായിരുന്നു.

ഇന്നിപ്പോള്‍ ഈ തട്ടിപ്പിനു പിന്നില്‍ മറ്റൊരു 'വെറുക്കപ്പെട്ടവന്‍' ഉള്ളതു കൊണ്ടാണോയെന്നറിയില്ല, ഈ കോമരം തുള്ളല്‍. അതോ മറ്റ് ലോട്ടറികളെ മുഴുവന്‍ കുറ്റം പറഞ്ഞ് 'വെടക്കാക്കി തനിക്കാക്കലോ'.
മറ്റ് സംസ്ഥാന ലോട്ടറികളുടെ സമ്മാനഘടനയെന്നല്ല ലോട്ടറി പോലും വ്യാജമാണെന്നത് വിശ്വസനീയമാണെന്നു തോന്നുന്നു. കാരണം, അന്യസംസ്ഥാനലോട്ടറി മൂലം രക്ഷപ്പെട്ടവരെക്കുറിച്ച് ഇതേ വരെ ഞാന്‍ കേട്ടിട്ടില്ല.

പിന്നെ, സ്വന്തം ലോട്ടറിയാണോ അന്യസംസ്ഥാന ലോട്ടറിയാണോ നല്ലതെന്നു ചോദിച്ചാല്‍ 'പട്ടികടിയാണോ പാമ്പുകടിയാണോ നല്ലതെന്ന' ഒരു ചോദ്യം കേള്‍ക്കുമ്പോഴുള്ള എന്തോ ഒരു മറുപടിയാണ് എനിക്കു തോന്നുന്നത്.

Unknown said...

ഹരീ, ലോട്ടറി എന്നത് എങ്ങനെ നോക്കിയാലും അധാര്‍മ്മികമാണ്. അത് സര്‍ക്കാര്‍ തന്നെ നടത്തുക എന്ന് പറഞ്ഞാല്‍ അങ്ങേയറ്റം മോശമായ നടപടിയാണ്. സ്വന്തം പൌരന്മാരെ ചൂതാട്ടത്തില്‍ ഏര്‍പ്പെടുത്തുന്ന വൃത്തികെട്ട സംഗതിയാണത്. ഒരു ന്യായീകരണവും ലോട്ടറി നടത്തിപ്പിന് ചേരുകയില്ല. അംഗവൈകല്യമുള്ളവരും യാതൊരു ജോലിയും ചെയ്യാന്‍ സാധിക്കാത്തവരും ലോട്ടറികൊണ്ട് ജീവിയ്ക്കുന്നുണ്ട് എന്ന് പറഞ്ഞുകേള്‍ക്കാറുണ്ട്. അത്തരക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണ് വേണ്ടത്. പണി എടുക്കാന്‍ ആരോഗ്യമുള്ളവരും ലോട്ടറി വില്‍ക്കുന്നുണ്ട്. അവര്‍ക്ക് സമൂഹത്തിന് ഗുണമുള്ള തൊഴിലുകളില്‍ ഏര്‍പ്പെട്ടുകൂടേ? പ്രത്യേകിച്ചും ഒരു പണിക്കും ആളെ കിട്ടാത്ത ഇക്കാലത്ത്. സമൂഹത്തെ എങ്ങോട്ട് , എങ്ങനെ നയിക്കണമെന്ന് നയിക്കുന്നവര്‍ക്ക് ഭാവന വേണമായിരുന്നു. ലോട്ടറി അടിച്ചു പണം സമ്പാദിക്കണം എന്ന് പൌരന്മാര്‍ ചിന്തിക്കരുതായിരുന്നു. ഒരഭിപ്രായം പറയുന്നു എന്നേയുള്ളൂ. പറയാതിരിക്കാന്‍ കഴിയാത്തത്കൊണ്ട് മാത്രം. ശരിയായ ചിന്തകള്‍ക്ക് മാര്‍ക്കറ്റില്ലാത്ത കാലമാണിത്....

ജ്വാല said...

ലോട്ടറി മൂലം മാത്രം ജീവിതം മുന്നോട്ടു തള്ളി നീക്കുന്നവര്‍ ഉണ്ടെന്നു ഒര്‍ക്കണം, കടം കേറി മുടിഞ്ഞു നിക്കുമ്പോള്‍ നാളത്തെ ലോട്ടറി അടക്കും എന്ന് വിചാരിച്ചു ആത്മഹത്യ പോസ്റ്റ്‌ പോണ്ട് ചെയ്യുന്നവരാണ് അക്കൂട്ടര്‍. അങ്ങനെ ലോട്ടറിയെ മാത്രം പ്രതീക്ഷ അര്‍പിച്ചു പിന്നെയും പിന്നെയും ലോട്ടറി വാങ്ങികൂട്ടുന്നവര്‍ക്ക് ഓണം ബമ്പര്‍ ആശംസകള്‍.

ശ്രീജിത് കൊണ്ടോട്ടി. said...

ലോട്ടറി മദ്യത്തെക്കാളും മയക്കുമരുന്നിനെക്കളും അധികമായി സമൂഹത്തെ അടിമപ്പെടുത്തിയിരിക്കുന്ന ഒരു വന്‍ സാമൂഹ്യ വിപത്താണ്..
(എന്റെ ഓര്‍മ ശരിയാണെങ്കില്‍ കേരളത്തില്‍ ലോട്ടറി ആരംഭിച്ചത് ഇടതു പക്ഷം ആണ്, ഇ.എം.എസ് മന്ത്രി സഭയിലെ ജനതദള്‍ മന്ത്രി ആയിരുന്നു അന്ന് ലോട്ടറി തുടങ്ങിയത്. പക്ഷെ ഒന്നോന്നും ഇത് ഇത്ര മാരകമായി സമൂഹത്തെ അടിമപ്പെടുത്തിയിട്ടില്ലയിരുന്നു)

"ലോട്ടറി ചൂതാട്ടമാണ്; ഇത് അവസാനിപ്പിച്ചേ പറ്റൂ

നിസ്സഹായന്‍ said...

ലോട്ടറി വലിയൊരു ചൂതാട്ടവും സാമൂഹിക വിപത്തുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.എന്നാല്‍ കേരളം രോഗാതുരമായിരിക്കുന്നത് ഇതിനേക്കാളുപരി മദ്യത്തിന്റെ കാര്യത്തിലാണ് എന്ന കാര്യം വിസ്മരിക്കരുത്. കൌമാരപ്രായക്കാര്‍ മുതല്‍ പടുവൃദ്ധര്‍ വരെ എല്ലാദിവസവും ബിവറേജുകളുടെ മുന്നില്‍ നീണ്ട ക്യൂവിലാണ്. സാധാരണക്കാരുടെയും അവര്‍ക്കു താഴെയുമുള്ള കുടുംബങ്ങളിലും പട്ടിണിയും ദാരിദ്ര്യവും രോഗവും കൊണ്ട് വലയുന്നത് കുടുംബനാഥന്മാരുടെയും ആണ്‍കുട്ടികളുടെയും മദ്യപാനശീലം മൂലമാണ്. പഠനസാമര്‍ത്ഥ്യമുള്ള പല നിര്‍ദ്ധനകുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുന്നത് പോലും പിതാക്കന്മാരുടെ മദ്യപാനശീലം മൂലമാണ്. കേരളത്തിലെ കുറ്റകൃത്യങ്ങള്‍, വാഹനാപകടങ്ങള്‍, മദ്യമാഫിയാ- ഗുണ്ടാവിളയാട്ടം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അക്രമം, പൊതുവായി ഉണ്ടായിരിക്കുന്ന ഗുരുതരമായ സാംസ്കാകരികാധഃപതനം ഇതിനു കാരണം മദ്യമല്ലാതെ മറ്റെന്താണ് ? ഇന്ന് മദ്യത്തിന് അഡിക്ടല്ലാത്തവര്‍ സമൂഹത്തില്‍ എത്രശതമാനം ഉണ്ടാകും ? കേരളം നാശത്തിലേയ്ക്ക കൂപ്പു കുത്തുന്നതിന്റെ സുപ്രധാനകാരണം മദ്യമാണെന്നിരിക്കെ അതിനേക്കുറിച്ച് ഗൌരവമായി സമൂഹവും ഭരണകൂടവും രാഷ്ട്രീയക്കാരും ചിന്തിക്കുന്നില്ലെങ്കില്‍ അത് വലിയ രീതീയില്‍ പ്രിയോറിട്ടി തെറ്റിക്കലാണ്. എന്നാല്‍ ലോട്ടറിയെടുത്ത് ആത്മഹത്യ ചെയ്യുന്നത് കാര്യങ്ങളെ പെരുപ്പിച്ചു കാട്ടലാണ്. ഒരു തെഴിലും ചെയ്യാന്‍ പ്രാപ്തിയില്ലാത്ത വികലാംഗര്‍, അനാഥരായ വൃദ്ധകള്‍, സ്ത്രീകള്‍, രോഗികള്‍ ഇവരൊക്കെ ഈ മേഖലകൊണ്ട് ജീവിക്കുന്നവരാണ്. അവരെ ഒറ്റയടിയ്ക്ക് ആ തൊഴില്‍ മേഖലയില്‍ നിന്നും ആട്ടിപ്പായിക്കുന്നത് ക്രൂരതയായിരിക്കും. ലോട്ടറി രംഗത്ത് യഥാര്‍ത്ഥത്തില്‍ ആദ്യം വേണ്ടത് അന്യ സംസ്ഥാന ലോട്ടറികള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെയുള്ള നീക്കങ്ങളായിരിക്കണം. അതിനുശേഷം സാവധാനം സംസ്ഥാന ലോട്ടറിയും; പക്ഷേ അതിനു മുമ്പ് മദ്യം തന്നെ, യാതൊരു സംശയവുമില്ല.

Manoj മനോജ് said...

മാഷേ കേരള “രാജ്യത്ത്” മാത്രമാണോ ലോട്ടറിയുള്ളത്? അന്യ സംസ്ഥാന ലോട്ടറി എന്ന് പറയുന്നത് കേട്ടാല്‍ കേരള “രാജ്യത്തില്‍” നുഴഞ്ഞ് കയറിയ പോലെയാണ് തോന്നുക. വ്യാജ ലോട്ടറികളെയാണ് നിയന്ത്രിക്കേണ്ടത്. എന്ത് കൊണ്ട് കേരള ലോട്ടറികള്‍ അന്യ സംസ്ഥാനത്തും പ്രചരണം നടത്തി കൂടാ?

പിന്നെ അമേരിക്കയിലെ ഒരു സംസ്ഥാനം നടത്തുന്ന ലോട്ടറിയുടെ സൈറ്റ് ദാ ഇവിടെ http://www.state.nj.us/lottery/home.shtml

അതില്‍ കൊടുത്തിട്ടുള്ള ചില വരികള്‍....
“As the State’s fourth largest revenue producer, the Lottery raised over $2.5 billion in sales for fiscal year 2009, and was able to contribute more than $887.2 million to the State to help fund education and institutions, making everyone in the Garden State a winner.” ന്യൂജേഴ്സിയെ ഗാര്‍ഡന്‍ സ്റ്റേറ്റ് എന്നാണ് വിളിക്കുന്നത്.

നിരോധിക്കണം എന്ന് പറയുവാന്‍ എളുപ്പം പക്ഷേ റെവന്യു വരവ് നിന്നാല്‍ എവിടെ നിന്നാണ് പകരം പണം ലഭിക്കുക?

കേരളത്തിലോ ഇന്ത്യയിലോ മാത്രമല്ല ലോക രാജ്യങ്ങളില്‍ മിക്കയിടത്തും ഇത് തന്നെയാണ് സര്‍ക്കാരുകളുടെ ഒരു പ്രധാന വരുമാന മാര്‍ഗ്ഗം...

ഒരു നുറുങ്ങ് said...

നികുതിപ്പണവും,നാനാവിധ
ഫണ്ടുകളുമൊക്കെ സക്രിയമായും
സത്യസന്ധമായും ഉപയൊഗപ്പെടുത്തി
നാട് നയിക്കുന്ന സര്‍ക്കാറുകള്‍ക്ക് ലോട്ട്റി-മദ്യം
തുടങ്ങിയവയില്‍ നിന്നുള്ള വരുമാനമില്ലാതെ
മുന്നോട്ട് പൊകാന്‍ തടസ്സമേതുമില്ല.
പക്ഷെ,അങ്ങിനെ ധൈര്യമായി മുന്നേറാന്‍
നട്ടെല്ല് വേണം ! ഇവിടെ അതൊട്ടില്ല
താനും..ഇടതും വലതുമില്ലാതാവുന്ന വല്ലാത്ത
ഒരു ത്രിശങ്കുവിലാണ്‍ ജനം..
ദിശാബോധവും വിനഷ്ടമാവുന്ന ദുരന്തത്തിലേക്ക്
ആപതിച്ചതിന്റ്റെ മൂലഹേതുതന്നെ ഈ മദ്യവും
ചൂതാട്ട(രാഷ്ട്രീയ)വുമാണെന്ന് തിരിച്ചറിയാന്‍
വലിയ ബുദ്ധിമികവൊന്നും വേണമെന്നില്ല!

...യഥാ രാജ തഥാ പ്രജ,കാട്ടിലെ മരം...!

Hari | (Maths) said...

വിഷയസംബന്ധിയായതിനാല്‍ ഒരു മാതൃഭൂമി വാര്‍ത്തയുടെ ലിങ്ക് ഇവിടെ നല്‍കട്ടെ.

Unknown said...

@Manoj മനോജ്, ലോട്ടറിയില്‍ വ്യാജനും അന്യനും ഒന്നുമില്ല. വ്യാവസായിക അടിസ്ഥാനത്തില്‍ നടത്തുന്ന ലോട്ടറികള്‍ ചൂതാട്ടമാണ്. അത് മനസ്സിലാകുന്നില്ലെങ്കില്‍ പറഞ്ഞിട്ട് കാര്യമില്ല. ചില സംഘടനകള്‍ സംഭാവന പിരിക്കുമ്പോള്‍ പ്രോത്സാഹനാര്‍ത്ഥം ഭാഗ്യക്കുറികള്‍ നടത്തുന്നത് വേറെ കാര്യം. അമേരിക്കയിലോ മറ്റെവിടെയെങ്കിലുമോ ലോട്ടറി നടത്തുന്നതും ന്യായീകരണമാവുന്നില്ല. തൊട്ടടുത്ത സംസ്ഥാനമായ കര്‍ണ്ണാടകയില്‍ ലോട്ടറി മൂലം ജനങ്ങള്‍ വ്യാമോഹത്തില്‍ കുടുങ്ങി കഷ്ടപ്പെടാനിടയാകുന്നു എന്നതിന്റെ പേരില്‍ ലോട്ടറി നിരോധിച്ചല്ലോ അതോ? ഇതേ കാരണത്താല്‍ തമിഴ് നാട്ടിലും ലോട്ടറി നിരോധിച്ചിട്ടുണ്ട്. മറ്റ് എത്ര ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ ലോട്ടറി നടത്തുന്നുണ്ട് എന്ന് ആലോചിച്ചിട്ടുണ്ടോ? റവന്യൂ വരുമാനത്തിന് വേണ്ടിയും തൊഴിലിന് വേണ്ടിയും സര്‍ക്കാര്‍ ലോട്ടറി നടത്തണം എന്ന് പൌരന്മാര്‍ പറയുന്നത് ഭൂഷണമല്ല. ധാര്‍മ്മികതയുടെ അടിസ്ഥാനത്തില്‍ മാത്രമേ ഒരു സമൂഹം കെട്ടിപ്പടുക്കാവൂ.

പത്ത് രൂപ ചെലവാക്കിയാല്‍ എനിക്ക് പത്ത് ലക്ഷം കിട്ടും എന്ന് ഒരു പൌരന്‍ വ്യാമോഹിക്കരുത്. ഒരു സര്‍ക്കാരും പൌരജനങ്ങളെ അങ്ങനെ വ്യാമോഹിപ്പിക്കരുത്. അങ്ങനെ വ്യാമോഹിക്കുന്ന പൌരനും വ്യാമോഹിപ്പിക്കുന്ന സര്‍ക്കാരും തിന്മയുടെ വക്താക്കളും പ്രചാരകരുമാണ്. എനിക്ക് ആ തിന്മയോടാണ് പഥ്യം അഥവാ അതൊരു തിന്മയാണെന്ന് തോന്നുന്നില്ല എന്നാണ് മനോജിന്റെ അഭിപ്രായമെങ്കില്‍ ഒരു നല്ല നമസ്ക്കാരം പറയാനേ കഴിയൂ. നമ്മുടെ സമൂഹം,സര്‍ക്കാര്‍ എങ്ങനെയായിരിക്കണം എന്ന് ഓരോ പൌരനും അഭിപ്രായമുണ്ടായിരിക്കണം. ലോട്ടറിയിലുള്ള വ്യാമോഹവും മദ്യപാനത്തിലുള്ള ആസക്തിയും രോഗാതുരമായ സമൂഹത്തിന്റെ ലക്ഷണങ്ങളാണ്. ആരോഗ്യമുള്ള മനസ്സിന്റെ ഉടമയായ ഒരു വ്യക്തിയെ ലോട്ടറി വ്യാമോഹവും മദ്യപാനാസക്തിയും ഒരിക്കലും ബാധിക്കുകയില്ല. ആരോഗ്യമുള്ള മനസ്സിന്റെ ഉടമകള്‍ക്ക് മാത്രമേ ആരോഗ്യമുള്ള സമൂഹവും നിര്‍മ്മിക്കാന്‍ പറ്റൂ. ആരോഗ്യമുള്ള സമൂഹത്തില്‍ മാത്രമേ വ്യക്തികള്‍ക്ക് പരമാവധി സന്തോഷവും ആത്മസുഖവും കിട്ടുകയുള്ളൂ. രോഗാതുരമായ സമൂഹത്തില്‍ വികലമായ മനസ്സും കൊണ്ട് ഒരു വ്യക്തി ജീവിച്ചിട്ടെന്ത് കാര്യം? ചിന്തിക്കുന്നവര്‍ക്ക് എന്റെ കാഴ്ചപ്പാട് മനസ്സിലാകുമെന്ന് കരുതുന്നു.

Unknown said...

ഹരീ, ആ റിപ്പോര്‍ട്ട് വായിച്ചു. കൂട്ടത്തില്‍ ഓണക്കച്ചവടത്തിന് ഒരു ട്രക്ക് ലോട്ടറി ടിക്കറ്റ് കേരളത്തില്‍ എത്തി എന്നും റിപ്പോര്‍ട്ട് കണ്ടു. ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്‍പേ എന്ന പോലെയാണ് നമ്മുടെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. നശിക്കാന്‍ കച്ചമുറുക്കിയ സമൂഹത്തിന് ആവശ്യാനുസരണം മദ്യവും ലോട്ടറിടിക്കറ്റുകളും സര്‍ക്കാര്‍ എത്തിച്ചുകൊടുക്കുന്നു. അതിന്റെ കുറവ്കൊണ്ട് നിങ്ങള്‍ നശിക്കാ‍തിരിക്കണ്ട എന്ന പോലെ :(

jayanEvoor said...

അതു ശരി....
അപ്പോ ആകെ നൂറുകോടിയോളമേ ലോട്ടറി വകയിൽ സർക്കാരിനു ലാഭമുള്ളൂ?
പതിനായിരം കോടി പുറത്തു പോകുകയും ചെയ്യുന്നു...!
അപ്പോ, ഈ ചൂതാട്ടം നിർത്താൻ സമയമായി.
സത്യത്തിൽ വിൽ‌പ്പനക്കാരനോട് പാവംതോന്നി ഇടയ്ക്കൊക്കെ ലോട്ടറി എടുക്കൂന്ന ആളാണു ഞാൻ.
കേരള ഭാഗ്യക്കുറി മാത്രമേ എടുത്തിട്ടുള്ളു.
ഇനി അതും ഇല്ല. നിർത്തി!

(ലക്ഷക്കണക്കിനാളുകൾക്ക് തൊഴിൽ ഇല്ലാതാകും എന്ന പരാതി ഊതിപ്പെരുപ്പിക്കാൻ മാഫിയകൾ ഉണ്ടാവും. എന്നാലും നാടു കൊള്ളയടിക്കാൻ നമ്മൾ മറുനാടൻ ലോട്ടറികളെ അനുവദിക്കേണ്ടതില്ല)

Manoj മനോജ് said...

“പത്ത് രൂപ ചെലവാക്കിയാല്‍ എനിക്ക് പത്ത് ലക്ഷം കിട്ടും എന്ന് ഒരു പൌരന്‍ വ്യാമോഹിക്കരുത്.”

മാഷേ അങ്ങനെ ചിന്തിക്കുന്നുവെങ്കില്‍ സ്റ്റോക്കില്‍ പണമിറക്കി കളിക്കുന്നതിനെയും എതിര്‍ക്കേണ്ടയോ? എല്‍.ഐ.സി. ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്ന പല പദ്ധതികളും ഇത് പോലെ സ്റ്റോക്കില്‍ ഇട്ട് കളിക്കുന്നവയല്ലേ! ടോട്ടല്‍ ഫോര്‍ യു തട്ടിപ്പുകള്‍ എന്ത് കൊണ്ട് വീണ്ടും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു? അനുഭവങ്ങള്‍ മുന്നിലില്ലാഞ്ഞിട്ടാണോ?

ഇതിനേക്കാള്‍ ഉപരി ഞാന്‍ ന്യൂ ജേര്‍ഴ്സി സര്‍ക്കാരിന്റെ ലോട്ടറി സൈറ്റ് ചൂണ്ടി കാട്ടിയത് അതിലൂടെ കിട്ടുന്ന വരുമാനം അവര്‍ ഏതെല്ലാം കാര്യത്തിന് വേണ്ടി വിനിയോഗിക്കുന്നു എന്ന് കാണിക്കുവാനാണ്. സമ്പന്ന രാഷ്ട്രമായ അമേരിക്കയ്ക്ക് ആളുകളെ ലോട്ടറീ എടുപ്പിച്ചിട്ട് വേണമോ ഈ പദ്ധതികള്‍ നടപ്പിലാക്കാന്‍? നിയമ വിധേയമായി ഭാഗ്യപരീക്ഷണം നടപ്പിലാക്കുന്നു. ലാസ്-വേഗസിലും മറ്റും മള്‍ട്ടി ബില്ല്യണ്‍ ഡോളറിന്റെ ഭാഗ്യപരീക്ഷണ ബിസിനസ്സ് അല്ലേ നടക്കുന്നത്!

ലോട്ടറി സമ്മാനം ലഭിക്കുന്നവന് യഥാര്‍ത്ഥത്തില്‍ എത്ര ആണ് ടാക്സ് കഴിഞ്ഞ് കയ്യില്‍ എത്തുക? കിട്ടിയവരില്‍ എത്ര പേര്‍ രക്ഷപ്പെട്ടിട്ടുണ്ട്? ലോകത്ത് എല്ലായിടത്തും ഇത് തന്നെ കാണാം. ഇതെല്ലാം ജനങ്ങള്‍ക്കും അറിയാം. എങ്കിലും ഭാഗ്യ പരീക്ഷണം നടത്തുക എന്നത് മനുഷ്യരുടെ ഒരു ദൌര്‍ലഭ്യം തന്നെയല്ലേ. അത് ലോട്ടറി മാഫിയകള്‍ വ്യാജ ടിക്കറ്റുകള്‍ വിറ്റ് മുതലാക്കുന്നതിന് പകരം ജനങ്ങള്‍ കമ്പളിക്കപ്പെടാതിരിക്കുവാന്‍ സര്‍ക്കാര്‍ നിയമ വിധേയമായുള്ള ലോട്ടറികള്‍ നടപ്പിലാക്കണം.

ഈ 24ആം തിയതി $1 മുടക്കിയാല്‍ $115 മില്ല്യണ്‍ ആണ് കിട്ടുവാന്‍ പോകുന്നത്. പക്ഷേ കിട്ടുവാനുള്ള അവസരം 1:1,75,711,536 ആണ് എന്ന് ന്യൂജേഴ്സി ലോട്ടറീയുടെ വെബ്സൈറ്റ് തന്നെ പറയുന്നു :) എന്നിട്ടും ആളുകള്‍ എടുക്കാതിരിക്കുന്നില്ല....

അതേ ഇത് ചൂതാട്ടം തന്നെയാണ്. ആളുകള്‍ തയ്യാറും ആണ്. അപ്പോള്‍ അവര്‍ കമ്പളിക്കപ്പെടാതെ നോക്കേണ്ടത് സര്‍ക്കാരും ആണ്. അതിനായി സര്‍ക്കാരിന് ഇതില്‍ നിന്നും പങ്കും ലഭിക്കുന്നുണ്ട്. അന്യ സംസ്ഥാന ലോട്ടറീകള്‍ കേരളത്തില്‍ വില്‍ക്കുന്നതിലും തെറ്റുണ്ടോ? പക്ഷേ വില്‍ക്കുന്നത് നിയമ വിധേയമായവയാണ് എന്ന് ഉറപ്പാക്കണം.

ഇനി ഞാന്‍ ഏത് തരം ഭാഗ്യ പരീഷണത്തിനും എതിരാണ്.

മദ്യപാനത്തിനെ പറ്റിയും പരാമര്‍ശമുള്ളതിനാല്‍ ഒരു വരി അതിനെ പറ്റി. മദ്യപിക്കുന്നത് ഒരു തെറ്റ് ആണോ? പക്ഷേ കേരളത്തിലുള്ളത് അമിത മദ്യപാനമാണ്. അടിച്ച് കോണ്‍ തെറ്റുന്നത് വരെ മദ്യപിക്കുക എന്നതാണ് കേരളത്തിന്റെ ശാപം. നല്ല മദ്യം കൊടുക്കുക എന്നത് പോലെ വ്യാജ ലോട്ടറി വില്‍ക്കപ്പെടാതെ നോക്കേണ്ടതും സര്‍ക്കാരുകളുടെ കടമ തന്നെയാണ്.

goutamjay said...

Sir,

Why are you insisting the government to do a moral policing here? If the public want to buy a lottery ticket, let them have it, it is a free country for god's sake. Lottery as a means to raise to funds for the infrastructure development and other pubic uses is perfectly sensible, then why all these ruckus for banning it?
After all people are buying it because they have more money than what is enough for the living, or at least that is what we believe.

Just because some people are aspiring to become rich without working hard, would you term them as criminals or would you outcast from the society, it is a natural human tendency.

Leave aside all issues regarding the employment still the I don't understand any logic behind these arguments. Instead of banning the industry, what government needs to do is to make the whole system transparent and free of corruption.

നിസ്സഹായന്‍ said...

മാഷേ,

ഇവിടെ ഏറ്റവും പ്രസക്തമായ ചോദ്യം ചോദിച്ചിരിക്കുന്നത് ശ്രീ മനോരാജാണ്, അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍ ! ഷെയര്‍ മാര്‍ക്കറ്റു് നിക്ഷേപം ലോട്ടറി നിക്ഷേപത്തേക്കാള്‍ വന്‍ വെട്ടിപ്പല്ലേ ? അതിന്റെ പേരില്‍ എത്ര കുംഭകോണങ്ങള്‍ നടന്നു കഴിഞ്ഞു. എത്രയോ കോടി ജനങ്ങള്‍ നാളിതുവരെ ലോകം മുഴുവന്‍ പാപ്പരായിക്കഴിഞ്ഞു. പേരിനു പോവും സ്ഥാപനമില്ലാതെ എത്രയോ കമ്പനികളാണ് ഇതിന്റെ പേരില്‍ കളിക്കുന്നത് ?
തിന്മകളെ എതിര്‍ക്കുമ്പോള്‍ അവയുണ്ടാക്കുന്ന വിനാശത്തിന്റെ, പ്രത്യാഘാതത്തിന്റെ ഒക്കെ ആഴം മനസ്സിലാക്കി അവ ഇല്ലാതാക്കുന്നതിനുള്ള മുന്‍ഗണനാക്രമം ആ രീതിയില്‍ തീരുമാനിക്കുകയും ചെയ്യുന്നതല്ലേ ബുദ്ധി ?

Unknown said...

ആളുകള്‍ക്ക് വ്യത്യസ്ത അഭിപ്രായം കാണും. ന്യായീകരിക്കാന്‍ മറ്റ് സംഗതികളും ഉപമകളും യഥേഷ്ടം കിട്ടും. ലോട്ടറിയെ എതിര്‍ത്തുകൊണ്ട് മാധ്യമം ലേഖകന്റെ ലേഖനത്തോട് നൂറ് ശതമാനം യോജിപ്പ് ഉള്ളത്കൊണ്ട് ഞാനിവിടെ പോസ്റ്റ് ചെയ്തു എന്നേയുള്ളൂ. ലേഖനത്തില്‍ പറഞ്ഞ അതേ കാരണത്തെ മുന്‍‌നിര്‍ത്തി തമിഴ്‌നാട് സര്‍ക്കാരും കര്‍ണ്ണാടക സര്‍ക്കാരും ലോട്ടറികള്‍ നിരോധിച്ചിട്ടുണ്ട്. പൌരജനങ്ങളെ കബളിപ്പിച്ചുകൊണ്ടും വ്യാമോഹത്തിന് അടിമകളാക്കി കഷ്ടപ്പെടുത്തിക്കൊണ്ടും റവന്യു വരുമാനം ഉണ്ടാക്കണ്ട എന്നാണവരുടെ നിലപാട്.

ഞാന്‍ ലോട്ടറിടിക്കറ്റ് വാങ്ങാറില്ല. പരിമിതമായ വരുമാനം ശാസ്ത്രീയമായി വിനിയോഗിച്ചും ജീവിതത്തിന് ദീര്‍ഘകാല പ്ലാന്‍ ആസൂത്രണം ചെയ്ത് മക്കളെ നല്ല പോലെ പഠിപ്പിച്ചും ഞാ‍നിന്ന് യഥാര്‍ത്ഥ ലോട്ടറി അടിച്ചതിനേക്കാളും സൌഭാഗ്യത്തിലാണ് ജീവിയ്ക്കുന്നത്. ഞാന്‍ ലോട്ടറിയില്‍ പ്രതീക്ഷ അര്‍പ്പിച്ചിരുന്നുവെങ്കില്‍ എന്റെ മക്കള്‍ക്കും ആ ഗതിയായിരുന്നു വന്നു ചേരുക. എന്നെക്കാളും വരുമാനം ഉണ്ടാക്കിയിരുന്നവര്‍ ലോട്ടറി വാങ്ങിയും വരുമാനം തോന്നിയ പോലെ ചെലവാക്കിയും ഇന്നും ഒരു ഗതിയുമില്ലാതെ കഴിഞ്ഞുവരുന്നുണ്ട്. നൂറ് കൊല്ലം ലോട്ടറി നടത്തിയാലും ടിക്കറ്റ് വാങ്ങുന്ന എല്ലാവര്‍ക്കും അത് അടിക്കുകയില്ലല്ലൊ. ബഹുഭൂരിപക്ഷം പേരും ലോട്ടറി പ്രതീഷിച്ച് അത് അടിക്കാതെ തന്നെ വ്യാമോഹങ്ങള്‍ സഫലമാകാതെ ജീവിതം തീര്‍ക്കണ്ടെ? ലോട്ടറി അടിച്ചവരും അത്കൊണ്ട് ജീവിച്ചവരും എണ്ണത്തില്‍ ഇവരെക്കാളും കുറവായിരിക്കും.

ലോട്ടറി ടിക്കറ്റില്‍ പ്രതീക്ഷ അര്‍പ്പിക്കുകയില്ല എന്നും എന്റെ ജീവിതം ഞാനാണ് തീരുമാനിക്കുക എന്നും പ്രശ്നങ്ങള്‍ താല്‍ക്കാലികമായി വിസ്മരിക്കാന്‍ മദ്യത്തെ ആശ്രയിക്കുകയില്ല എന്നും ഉള്ള മനസ്സുമായി ജീവിതം പ്ലാന്‍ ചെയ്തത്കൊണ്ട് മറ്റുള്ളവര്‍ അസൂയപ്പെടുന്നത്ര നേട്ടം എനിക്കുണ്ടായിട്ടുണ്ട്. മക്കള്‍ക്ക് പുസ്തകങ്ങളും ഗൈഡുകളും വാങ്ങാന്‍ അന്ന് വിഷമിക്കുന്ന എനിക്ക് ലോട്ടറിക്കും മദ്യത്തിനും ചെലവാക്കാന്‍ കാശ് തികയുമായിരുന്നില്ല എന്നത് വേറെ വിഷയം. മറ്റുള്ളവര്‍ക്കും ഇത് സാധ്യമായിരുന്നു. പക്ഷെ ലോട്ടറിയിലും മദ്യത്തിലും അഭയം കണ്ടെത്തി ഒരിക്കലും സംതൃപ്തിയുടെ മാര്‍ഗ്ഗത്തില്‍ എത്താന്‍ കഴിയാതെ ഉഴറുകയാണ് പലരും. എന്റെ അനുഭവം മാത്രമേ എനിക്ക് മറ്റുള്ളവരോട് ശിപാര്‍ശ ചെയ്യാന്‍ കഴിയൂ. മനോജും നിസ്സഹായനും ഉദ്ദേശ്യശുദ്ധിയുടെ പേരില്‍ എന്നോട് പൊറുക്കട്ടെ.

ഷെരീഫ് കൊട്ടാരക്കര said...

പ്രിയ സുകുമാരൻ സർ, താങ്കളുടെ പോസ്റ്റിലെ മാധ്യമം ദിനപ്പത്രം എഡിറ്റോറിയൽ വായിച്ചപ്പോൽ മറ്റൊരു സംഗതി ആണു മനസിൽ തെളിഞ്ഞു വന്നതു. ഞാൻ താമസിക്കുന്ന സ്ഥലത്തെ അങ്ങാടിക്കു സമീപം ഒരു ചെറിയ കടമുറി ലക്ഷങ്ങൾ പകിടി കൊടുത്തു ഒരാൾ വാടകക്കു എടുത്തു ലോട്ടറി കച്ചവടം നടത്തുന്നുണ്ടു. ഇത്രയും തുക പകിടി കൊടുക്കാൻ തക്ക വിധം ലാഭം ഈ ബിസിനസ്സിൽ നിന്നും ലഭിക്കുന്നുണ്ടോ എന്ന എന്റെ സംശയം ആ കടയെ പറ്റി തിരക്കാനും അവിടത്തെ കച്ചവടം പലതവണ നിരീക്ഷിക്കാനും ഇടയാക്കി. എനിക്കു കിട്ടിയ അറിവു ഞെട്ടിപ്പിക്കുന്നതായിരുന്നു.അങ്ങാടിയിലെ ചെറുകിട മൽസ്യ വ്യാപാരികളിൽ ഭൂരിഭാഗവും അവരുടെ കച്ചവടത്തിൽ നിന്നും കിട്ടുന്നതു മുഴുവൻ ലോട്ടറി എടുത്തു നശിപ്പിക്കുന്നു എന്നാണു അറിയാൻ കഴിഞ്ഞതു.ചിലർക്കു ചെറിയ തുകകൽ ലഭിച്ചിട്ടുണ്ടു. പക്ഷേ അതിലും വലിയ തുകക്കു അവർ ടിക്കറ്റു എടുത്തു നഷ്ടപ്പെട്ടിരുന്നു.എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞതു പണം വെച്ചുള്ള ചീട്ടു കളിക്കു പകരം ഇപ്പോൽ ലോട്ടറി ടിക്കറ്റ്‌ എടുക്കുന്ന പ്രവണതയാണു ആൾക്കാറിൽ കണ്ടു വരുന്നതു എന്നാണു. ഇവിടെ കമന്റ്‌ ഇട്ടവരും ഈ പോസ്റ്റ്‌ വായിച്ചവരും ഈ തരം കടകളെ ശ്രദ്ധിച്ചാൽ അവിടത്തെ തിരക്ക്കു കണ്ടാൽ ഞാൻ പറഞ്ഞതു ബോദ്ധ്യമാകും. തീർച്ച്‌ ആയും ലോട്ടറി നിരോധിക്കുക തന്നെ വേണം.

തറവാടി said...

പണിയെടുക്കാതെ പണം കിട്ടാന്‍ എന്ത് മാര്‍ഗ്ഗമുണ്ടോ അതില്‍ മുന്നില്‍ കേരളീയനാവും; അതുപോലെ ഒന്നും ചെയ്യാതെ കയ്യിലിരിക്കുന്ന പണം ഇരട്ടിക്കാന്‍ വഴിയുണ്ടോ അതിലും മുന്നിലും കേരളീയനാവും കേരളീയന്റ് ഈ അടിസ്ഥാന സ്വഭാവം മാറാത്തിടത്തോളം കാലം ഇതുപോലുള്ളവ തുടച്ചുനീക്കല്‍ ബുദ്ധിമുട്ടുള്ള കാര്യമാണ്.

Mohamedkutty മുഹമ്മദുകുട്ടി said...

ലോട്ടറി ചൂതാട്ടമാണെന്നറിഞ്ഞു തന്നെ ജനം അതെടുക്കുന്നു.മദ്യം വിഷമാണെന്നറിഞ്ഞു തന്നെ അതകത്താക്കുന്നു. സര്‍ക്കാര്‍ ഇതിനെല്ലാം കൂട്ടു നിന്ന് ഖജാനാവ് നിറക്കുന്നു.ഒരു തെറ്റിനെ മറ്റൊരു തെറ്റ് ചൂണ്ടിക്കാട്ടി ന്യായീകരിക്കാന്‍ ഭൂരി പക്ഷം ഇവിടെ മത്സരിക്കുന്നു.നല്ലതല്ലാത്തതൊന്നും സ്വീകരിക്കാതിരുന്നാലെന്താണ് കുഴപ്പം?.കൂടുതല്‍ മോഹിക്കാതെ ഉള്ളത് കൊണ്ട് ജീവിക്കാന്‍ പഠിച്ചാലെന്താ?. അറിയാത്തവര്‍ക്ക് അറിവുള്ളവര്‍ പറഞ്ഞു കൊടുത്താലെന്താ?.അനേകം പേര്‍ ജോലിരഹിതരാകും എന്ന അഭിപ്രായത്തോട് യോചിക്കാന്‍ കഴിയുന്നില്ല. ഇത് ഒരു കച്ചവടം തന്നെയല്ല.ഇവിടെ വില്പനച്ചരക്ക് വെറും മോഹങ്ങള്‍ മാത്രമാണ്.ഈ തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നവരെ കൂടുതല്‍ പ്രയോചനകരമായ മറ്റു തൊഴില്‍/വ്യാപാര/കൃഷി/വ്യവസായ മേഖലകളിലേക്ക് തിരിച്ചു വിടുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ജന പ്രതിനിധികള്‍ അതിനായി ശബ്ദമുയര്‍ത്തണം.എന്നാലേ നമ്മുടെ നാട് നന്നാവൂ.അല്ലാതെ സെക്സ് വര്‍ക്കേഴ്സിനും അംഗീകാ‍രം കൊടുക്കണമെന്നു വാദിക്കുന്ന പോലെ നാട് കുട്ടിച്ചോറാക്കുകയല്ല വേണ്ടത്. മദ്യം,മയക്കു മരുന്നു,ചൂതാട്ടം എന്നു വേണ്ട സര്‍വ്വ വിധ വിപത്തുകള്‍ക്കും എതിരായി ജനം ഒറ്റക്കെട്ടായി നീങ്ങണം.അതില്‍ ജാതിയോ മതമോ രാഷ്ട്രീയമോ നോക്കരുത്. ഇനിയെങ്കിലും നാമുണര്‍ന്നാല്‍ നമുക്കും നമ്മുടെ കുടുംബത്തിനും അതോടെ സമൂഹത്തിനും രാഷ്ട്രത്തിനുമെല്ലാം നന്ന്.ഇതിനായി ഇനിയൊരു മുഹമ്മദു നബിയോ,ഗാന്ധിജിയോ ശ്രീനാരായണ ഗുരുവോ,വിവേകാനന്ദനോ വീണ്ടും ജനിക്കാന്‍ കാത്തിരിക്കരുത്!

Manikandan said...

നല്ല വിഷയം. ലോട്ടറി ചൂതാട്ടം തന്നെ എന്ന നിരീക്ഷണത്തോട് യോജിക്കുന്നു. എന്നാലും സംസ്ഥാന ലോട്ടറിയിൽ ഇവിടുത്തുകാർക്ക് വിശ്വാസം ഇല്ലാതായത് എന്തുകൊണ്ട് എന്ന ചോദ്യമാണ് മനസ്സിൽ ഉണ്ടാവുന്നത്. 100കോടി മാത്രം സസ്ഥാന സർക്കാരിനു വരുമാനമുള്ളപ്പോൾ 9000കോടി അന്യസംസ്ഥാന ലോട്ടറിക്കാരൻ കൊണ്ടുപോകുന്നു എന്നത് അതിന്റെ തെളിവല്ലെ.

praveen gopinath said...

Some body has said, lottery is the tax for being poor in mathematics

even if you make small gains, you only stand to lose it again by purchasing tickets in the hope of bigger returns. very few make quick money at the expense of vast number of people.

the article is quite well return and cudos to sukumarettan for again bringing a burning issue into limelight.

Ajith said...

ഒരു തെഴിലും ചെയ്യാന്‍ പ്രാപ്തിയില്ലാത്ത വികലാംഗര്‍, അനാഥരായ വൃദ്ധകള്‍, സ്ത്രീകള്‍, രോഗികള്‍ ഇവരൊക്കെ ഈ മേഖലകൊണ്ട് ജീവിക്കുന്നവരാണ്. അവരെ ഒറ്റയടിയ്ക്ക് ആ തൊഴില്‍ മേഖലയില്‍ നിന്നും ആട്ടിപ്പായിക്കുന്നത് ക്രൂരതയായിരിക്കും.

Unknown said...

ഒരു തെഴിലും ചെയ്യാന്‍ പ്രാപ്തിയില്ലാത്ത വികലാംഗര്‍, അനാഥരായ വൃദ്ധകള്‍, സ്ത്രീകള്‍, രോഗികള്‍ ഇവരൊക്കെ ഈ മേഖലകൊണ്ട് ജീവിക്കുന്നവരാണ്. അവരെ ഒറ്റയടിയ്ക്ക് ആ തൊഴില്‍ മേഖലയില്‍ നിന്നും ആട്ടിപ്പായിക്കുന്നത് ക്രൂരതയായിരിക്കും

എല്ലാവരും പറയുന്ന ഒരു ന്യായമാണിത്. അതെന്താ അജിത്തേ ഇപ്പറഞ്ഞവര്‍ക്ക് മനുഷ്യന് ഉപകാരപ്രദമായ മറ്റെന്തെങ്കിലും വിറ്റ് ജീവിച്ചൂടേ? ലോട്ടറി ടിക്കറ്റ് തന്നെ വില്‍ക്കണോ? മറ്റെന്തെല്ലാം സാധനങ്ങള്‍ വില്‍ക്കാനുണ്ട്. ഇവര്‍ ജീവിയ്ക്കണം എന്ന് കരുതി ഒരു സമൂഹം നശിക്കണോ? തമിഴ്നാട്ടിലും കര്‍ണ്ണാടകയിലും ഇപ്പറഞ്ഞ കൂട്ടര്‍ ലോട്ടറി നിരോധിച്ചത്കൊണ്ട് ഇപ്പോഴും ജീവിയ്ക്കുന്നില്ലേ? സര്‍ക്കാറിന് ഇക്കൂട്ടരെ പുനരധിവസിപ്പിച്ചുകൂടേ? ജീവിയ്ക്കാന്‍ വേണ്ടി ചെയ്യുന്ന തൊഴില്‍ സമൂഹത്തിന് ഗുണമുള്ളതായിരിക്കണം. ലോട്ടറി അധാര്‍മ്മികമായ ഒരു ചൂതാട്ടമാണ്. അത് പ്രോത്സാഹിപ്പിക്കരുത്. മദ്യപാനവും ലോട്ടറിയും കേരളസമൂഹത്തെ കൊല്ലുകയാണ്. ഇത് രണ്ടും സാമൂഹ്യതിന്മയാണ്. ഇപ്പറഞ്ഞ വിഭാഗം ജീവിയ്ക്കുന്നു എന്ന മറയില്‍ മാഫിയകള്‍ കോടികള്‍ അന്യായിമായി സമ്പാദിക്കുന്നുമുണ്ട്. നമ്മള്‍ പറയുന്ന അഭിപ്രായം സമൂഹത്തില്‍ നേരും നെറിയും ധാര്‍മ്മികതയും പ്രചരിപ്പിക്കാന്‍ ഉതകുന്നതാണോ എന്നൊന്ന് പരിശോധിക്കണം.