ജീവിതത്തിന്റെ പരമമായ ലക്ഷ്യമായി നമ്മള്‍ കരുതുന്നത് എന്താണ്? സന്തോഷം അനുഭവിക്കുക. വേറൊന്നുമില്ല. ഓരോ നിമിഷവും ഹാപ്പിയായി ഇരിക്കണം. നമുക്ക് സന്തോഷം തരുന്ന കാര്യങ്ങള്‍ മാത്രമാണ് നമ്മള്‍ ഇഷ്ടപ്പെടുനത്. സന്തോഷത്തിന് നിദാനമായ സംഗതികള്‍ പ്രതിജനഭിന്നമായിരിക്കും. വിശദീകരിക്കേണ്ട കാര്യമില്ല. ഓരോ ആളും ഓരോ നിമിഷവും സ്വന്തം സന്തോഷത്തിന് വേണ്ടിയായിരിക്കും പ്രവര്‍ത്തിക്കുന്നത്. ചുരുക്കി പറഞ്ഞാല്‍ ജീവിതം തന്നെ സന്തോഷം കണ്ടെത്താനുള്ള അന്വേഷണമാണ്. ഇങ്ങനെ സന്തോഷത്തിന് വേണ്ടിയുള്ള തേടലില്‍ ഒരാള്‍ സ്വയം നഷ്ടപ്പെടുന്നോ അല്ലെങ്കില്‍ സ്വയം മനസ്സിലാക്കപ്പെടാതെ പോകുന്നോ എന്നത് സന്തോഷത്തിന് വേണ്ടി അയാള്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗത്തെ ആശ്രയിച്ചിരിക്കും.
രണ്ട് തരം സന്തോഷമാണുള്ളതെന്ന് ശ്രീബുദ്ധന്‍ പറഞ്ഞിട്ടുണ്ട്. നമ്മുടെ വ്യക്തിത്വത്തില്‍ സല്‍ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കൂടി ഉതകുന്ന സന്തോഷങ്ങള്‍ മാത്രമേ നാം സ്വീകരിക്കാവൂ. ദുര്‍ഗുണങ്ങളിലേക്ക് നയിക്കുന്ന സന്തോഷങ്ങള്‍ ഒഴിവാക്കണം. അവനവനാത്മസുഖത്തിനായാചരിപ്പത്, അപരനും ഗുണത്തിനായി വരേണം എന്ന് ശ്രീനാരായണ ഗുരു പറഞ്ഞത് ഈ അര്‍ത്ഥത്തിലാണ്. മദ്യപാനം കൊണ്ട് ഒരാള്‍ക്ക് സന്തോഷം തോന്നുണ്ടാവാം. എന്നാല്‍ സന്തോഷത്തിനായി മദ്യപാനം ശീലമാക്കുമ്പോള്‍ അയാളിലെ നല്ല ഗുണങ്ങള്‍ ഉള്ളതും ഇല്ലാതായി വരികയാണ് ചെയ്യുന്നത്. നല്ല ശീലങ്ങള്‍ ശീലിച്ചും നല്ല കാര്യങ്ങള്‍ ചെയ്തും സന്തോഷം കണ്ടെത്താന്‍ കഴിയും. ലൈംഗീകതയുടെ കാര്യമെടുക്കാം. മനുഷ്യന് സന്തോഷം നല്‍കുന്ന കാര്യമാണത്. എന്നാല്‍ ആ സന്തോഷത്തിന് വേണ്ടി ഞരമ്പ് രോഗിയായാലോ?
ഒരു ഉദാഹരണം പറയാം. മൂന്ന് ചെറുപ്പക്കാര്‍ ഒരു വൈകുന്നേരം അവരവരുടേതായ രീതിയില്‍ സന്തോഷം കണ്ടെത്തുന്നു. ഒരാള്‍ കൂട്ടുകാരോടൊപ്പം കള്ള് കുടിച്ച് ആര്‍മ്മാദിക്കുന്നു. മറ്റവന്‍ ചങ്ങാതിമാരോടൊപ്പം ബസ്സ് സ്റ്റോപ്പില്‍ നിന്ന് പെണ്‍കുട്ടികളെ കമന്റടിക്കുന്നു. മൂന്നാമത്തെ ചെറുപ്പക്കാരന്‍ സ്നേഹിതന്മാരോടൊപ്പം മൈതാനത്തില്‍ ക്രിക്കറ്റോ ഫുട്ട്ബോളോ കളിക്കുന്നു. ഈ മൂന്ന് പേരും സമയം പോകുന്നത് അറിയാതെ കൂട്ടുകാരോടൊപ്പം സന്തോഷം കണ്ടെത്തുകയാണ് ചെയ്യുന്നത്. എന്നാല്‍ ബുദ്ധന്‍ പറഞ്ഞതനുസരിച്ച് ഒന്നാമത്തെ ചെറുപ്പക്കാരന്‍ അവന്റെ ശരീരവും രണ്ടാമത്തെയവന്‍ തന്റെ മനസ്സും നശിപ്പിച്ചുകൊണ്ടാണ് സന്തോഷം അനുഭവിക്കുന്നത്. മാത്രമല്ല വ്യക്തിത്വവും ദുഷിക്കുകയും സമൂഹത്തിന് ഫിറ്റ് ആയ ആളല്ലാതായി മാറുകയും ചെയ്യുന്നു. മൂന്നാമത്തെ ചെറുപ്പക്കാരന്‍ സന്തോഷത്തിന് വേണ്ടി തെരഞ്ഞെടുക്കുന്ന മാര്‍ഗ്ഗം ശരീരത്തിനും മനസ്സിനും ഊര്‍ജ്ജസ്വലത നല്‍കുന്നതും നല്ല ഗുണങ്ങള്‍ വളര്‍ത്താന്‍ പര്യാപ്തമാണെന്നും പറയേണ്ടതില്ലല്ലൊ. മൂന്നു പേരും സന്തോഷമാണ് അനുഭവിക്കുന്നത്. പക്ഷെ ഈ സന്തോഷം ഒരു ദിവസത്തേക്കാണെങ്കില്‍ സാരമില്ല. തുടര്‍ന്ന് ഈ രീതികളിലാണ് അവര്‍ മുന്നോട്ട് പോകുന്നതെങ്കില്‍ ഒന്നാമത്തെയവന്‍ മദ്യപാനിയും ദുര്‍വൃത്തനും രണ്ടാമത്തെ യുവാവ് പോക്കിരിയോ ഗുണ്ടയോ മൂന്നാമത്തെ ചെറുപ്പക്കാരന്‍ നല്ല സ്പോര്‍ട്ട്സ്മാനോ ആയിത്തീരാം. നല്ല കാര്യങ്ങള്‍ ചെയ്ത് സന്തോഷം കണ്ടെത്താന്‍ കുട്ടികളെ ചെറുപ്പം മുതലേ രക്ഷിതാക്കള്‍ പഠിപ്പിച്ചില്ലെങ്കില്‍ പിന്നീട് മദ്യപാനിയോ ഞരമ്പ് രോഗിയോ ആയിപ്പോകും. കുശവന്റെ കൈയിലെ കളിമണ്ണ് പോലെയാണ് കുട്ടികള്‍. അവരുടെ വ്യക്തിത്വം എങ്ങനെ രൂപപ്പെടണം എന്ന് രക്ഷിതാക്കള്‍ക്ക് തീരുമാനിക്കാന്‍ കഴിയും. സന്തോഷം കണ്ടെത്താനാണ് ഒരോരുത്തരും ഓരോ പ്രായത്തിലും യത്നിക്കുന്നത് എന്ന് മനസ്സിലാക്കിയാല്‍ , സന്തോഷത്തിന് വേണ്ടി അവര്‍ തെരഞ്ഞെടുത്ത മാര്‍ഗ്ഗമാണ് അവരുടെ ഭാവിയും നിര്‍ണ്ണയിക്കുക എന്നും മനസ്സിലാകും.
എല്ലാവരും പരമാവധി സന്തോഷിക്കുകയാണ് വേണ്ടത്. ജീവിതത്തില്‍ സന്തോഷം അനുഭവിക്കുന്ന മുഹൂര്‍ത്തങ്ങളും സമയത്തിന്റെ ദൈര്‍ഘ്യവും വര്‍ദ്ധിപ്പിക്കാനും തന്നെയാണ് എല്ലാവരും ശ്രമിക്കേണ്ടത്. സന്തോഷം എന്നത് ബോധപൂര്‍വ്വമായി അനുഭവവേദ്യമാകുന്ന ഒരവസ്ഥയാണ്. ഒന്നും ചിന്തിക്കാത്ത അവസ്ഥയില്‍ സന്തോഷമില്ല. ധ്യാനത്തില്‍ ഒരാള്‍ സ്വയം നഷ്ടപ്പെടുന്നതും ലഹരിയില്‍ മറക്കുന്നതും ജീവിതത്തിന്റെ ദുരിതങ്ങളില്‍ നിന്ന് മോചിപ്പിക്കുന്നില്ലേ എന്ന് ഹെര്‍മ്മന്‍ ഹെസ്സേയുടെ നായകന്‍ സിദ്ധാര്‍ത്ഥ സുഹൃത്തായ ഗോവിന്ദനോട് ചോദിക്കുന്നുണ്ട്. എന്നാല്‍ ആ മോചനം താല്‍ക്കാലികമായല്ലേ, വീണ്ടും യാഥാര്‍ഥ്യങ്ങളിലേക്കല്ലെ അയാള്‍ കണ്ണ് തുറക്കേണ്ടത് എന്നാണ് ഗോവിന്ദന്റെ മറുപടി. നല്ല മാര്‍ഗ്ഗങ്ങളിലൂടെ സന്തോഷം കണ്ടെത്തുന്ന പോലെ തന്നെ പ്രധാനമാണ് മറ്റുള്ളവരുടെ സന്തോഷത്തെ കെടുക്കാതിരിക്കലും. ഈ ജീവിതം കൊണ്ട് ഒരാള്‍ക്ക് പരമാവധി ചെയ്യാന്‍ സാധിക്കുക സന്തോഷിക്കുക മാത്രമാണ്.
ഇന്നത്തെ സന്തോഷം നാളത്തെ ദു:ഖത്തിനായുള്ള വിത്ത് ആയിരിക്കാന്‍ അനുവദിക്കരുത്. നാളെയും സന്തോഷം വേണമല്ലൊ. ഒരു കണക്കിന് നാളത്തെ സന്തോഷത്തിനാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ടത്. സന്തോഷത്തിന്റെ സേവിങ്ങ്സ് അക്കൌണ്ടില്‍ ഡിപോസിറ്റ് കൂട്ടുന്നത് സുരക്ഷിതമാണ്. താല്‍ക്കാലികമായ സന്തോഷത്തിന് വേണ്ടി സ്വന്തം തരത്തെ താഴാന്‍ അനുവദിക്കരുത്. അപ്പോള്‍ മാത്രമേ യഥാര്‍ഥ സന്തോഷം അനുഭവിക്കാനും അത് നീണ്ട് നില്‍ക്കാനും ഇടയാകുകയുള്ളൂ. നാളെ പശ്ചാത്തപിക്കാനോ ഖേദിക്കാനോ ഇട വരുത്താതിരിക്കാന്‍ ഇന്നേ ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
© ഈ പോസ്റ്റ് കെ.പി.സുകുമാരന്‍ എന്ന ഞാന്‍ ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സ് പ്രകാരം പ്രസിദ്ധപ്പെടുത്തുന്നതാണ്.