Links

കണ്ടല്‍ക്കാടേ കേഴുക !

സി.പി.എമ്മിന്റെ പാര്‍ട്ടി മാനേജര്‍മാരെ സമ്മതിക്കണം.  എത്ര സമര്‍ത്ഥമായിട്ടാണ് അവര്‍ സ്വന്തം അണികളെ പോലും വഞ്ചിച്ചുകൊണ്ട് ഭീമന്‍ വ്യവസായസ്ഥാപനങ്ങള്‍ കെട്ടിപ്പൊക്കുന്നത്. സൊസൈറ്റികള്‍ തട്ടിക്കൂട്ടി വൈവിധ്യമാര്‍ന്ന ബിസിനസ്സ് സംരഭങ്ങളാണ് നാടൊട്ടാകെ പടുത്തുയര്‍ത്തുന്നത് ചില്ലിക്കാശ് മുതല്‍‌മുടക്കില്ലാതെ.  സൊസൈറ്റികള്‍ എന്ന് പേരിട്ടാല്‍ അണികള്‍ വിചാരിക്കും ഇത് പാര്‍ട്ടി സ്വത്താണെന്ന്. എന്നാല്‍ യാഥാര്‍ത്ഥ്യം എന്താണ്? ഇതൊന്നും സഹകരണ സൊസൈറ്റികളല്ല.  ചാരിറ്റബിള്‍ സൊസൈറ്റി ആക്റ്റ് പ്രകാരം റജിസ്റ്റര്‍ ചെയ്യപ്പെടുന്ന വെറും സ്വകാര്യസൊസൈറ്റികള്‍ .  പാര്‍ട്ടി നേതാക്കള്‍ തന്നെയാണ് അതിന്റെ ഭാരവാഹികളും അംഗങ്ങളുമെന്നാല്‍ തന്നെയും  സാങ്കേതികമായി അത് സ്വകാര്യവ്യക്തികളുടെ ട്രസ്റ്റോ സൊസൈറ്റിയോ ആണ്.  സഹകരണമേഖലയില്‍ കെട്ടിപ്പടുത്താല്‍ എം.വി.ആറിനെ പോലെ വിരുതന്മാര്‍ ആരെങ്കിലും ഭാവിയില്‍ കൈവശപ്പെടുത്തിയാലോ എന്ന ദീര്‍ഘവീക്ഷണത്തോടെയാണ് ഇപ്പോള്‍ വെറും സൊസൈറ്റികളായി കോടികള്‍ മുതല്‍‌മുടക്കില്‍ പലതും ആരംഭിക്കുന്നത്. പറശ്ശിനിക്കടവിലെ വിസ്മയപാര്‍ക്ക് അങ്ങനെയൊരു സ്വകാര്യസൊസൈറ്റിയുടെ കീഴിലാണ്.

പാപ്പിനിശ്ശേരിയിലെ മാന്‍‌ഗ്രോവ്സ് തീം പാര്‍ക്കും  പാപ്പിനിശ്ശേരി ഇക്കോ ടൂറിസം സൊസൈറ്റിയുടെ ഉടമസ്ഥതയില്‍ ആരംഭിച്ചതാണ്. അങ്ങനെയൊരു സാധ്യത ഏത് നേതാവിന്റെ തലയിലാണ് ഉദിച്ചത് എന്നറിയില്ല. അതൊരു സംഭവം തന്നെയാണ്. പന്ത്രണ്ട് ഏക്കര്‍ എന്ന് പറയുന്നു. എന്നാല്‍ വളപട്ടണം പുഴയോരം അങ്ങ് നീണ്ട് കിടക്കുകയല്ലേ? സി.പി.എമ്മിന്റെ കണ്ണൂര്‍ നേതാക്കള്‍ക്ക് തലമുറകളോളം ഈ കണ്ടല്‍ വനങ്ങള്‍ മതി.  ഉമ്മന്‍ ചാണ്ടി എന്തൊക്കെയോ പറയുന്നുണ്ട്. അതൊക്കെ ആളുകളെ പറ്റിക്കാനാണ്. കേരളം നമുക്ക് വീതിച്ചെടുക്കാം എന്ന്  പിണറായിയും ഉമ്മന്‍ ചാണ്ടിയും അലിഖിത കരാറില്‍ ഏര്‍പ്പെട്ട പോലെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അടുത്ത അഞ്ച് കൊല്ലത്തേക്ക് പിടിപ്പതും സി.പി.എം.ആക്കി. അതൊക്കെ മാനേജ് ചെയ്തു അഭിവൃദ്ധിപ്പെടുത്തുമ്പോള്‍ ഉമ്മന്‍ ചാണ്ടി എന്തൊക്കെയോ കാട്ടിക്കൂട്ടി അടുത്ത ഭരണം പിണറായിയെ ഏല്‍പ്പിക്കും. ഇപ്പോള്‍ നിയമവിരുദ്ധമായി കൈയ്യേറിയതിന്റെയൊന്നും മേലെ ഉമ്മന്‍ ചാണ്ടി കൈ വെക്കില്ല. ഒരേ പണിക്കാറല്ലേ? അവര്‍ക്കറിയാമല്ലൊ കാര്യങ്ങളുടെ കിടപ്പ് വശം. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഒരു സെറ്റപ്പ് കൊണ്ട് അവരിങ്ങനെ വെട്ടിപ്പിടിക്കുന്നു. ഉമ്മന്‍ ചാണ്ടിക്ക് കഴിയുന്ന പോലെ അദ്ദേഹവും നോക്കുന്നുണ്ടല്ലോ. കേരളത്തിലെ കോണ്‍ഗ്രസ്സിനെ സ്വന്തമായി കിട്ടിയില്ലേ അത് ചില്ലറ കാര്യമാണോ?  അടുത്ത വര്‍ഷം ഇതേ മാസം മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുക ഉമ്മന്‍ ചാണ്ടി ആയിരിക്കുമല്ലോ. ഈ നിയമവിരുദ്ധകയ്യേറ്റത്തെ ഒഴിപ്പിച്ച് കണ്ടല്‍ വനത്തെ സംരക്ഷിക്കാനും പൊതുസ്വത്താക്കിമാറ്റാനും ഉമ്മന്‍ ചാണ്ടി തയ്യാറാവുമോ? ഇല്ല എന്നത് മൂന്ന് തരം. പാപ്പിനിശ്ശേരിയിലെ കണ്ടല്‍ വനങ്ങള്‍ ആള്‍ബലവും കൈയ്യൂക്കും കൊണ്ട് സി.പി.എമ്മിന്റെ ഒരു പിടി നേതാക്കള്‍ പതിച്ചെടുത്ത് സ്വന്തമാക്കി. അതിനി വിട്ടുകൊടുക്കില്ല എന്ന രീതിയിലാണ് അവിടെ പണി നടന്നുകൊണ്ടിരിക്കുന്നത്.  അതിലിനി മാറ്റമൊന്നും വരാനില്ല.

ഞാന്‍ ടിക്കറ്റെടുത്ത് അവിടെ പോയി കണ്ടു. നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ തകൃതിയായി നടക്കുന്നു. “ വിസ്മയ”യില്‍ 250രൂപ ടിക്കറ്റില്‍ ലഭിക്കാത്ത  ലാഭം ഇവിടെ 10രൂപ ടിക്കറ്റില്‍ ലഭിക്കും.  ഒരു മഹാ ടൂറിസ്റ്റ് വ്യാപാരകേന്ദ്രമായി വളര്‍ന്ന് വരാനുള്ള സാധ്യതയാണ് കണ്ടത്. കണ്ടല്‍ മരങ്ങള്‍ അവിടെ ചേതനയറ്റ് നിലനിന്നേക്കാം. എന്നാല്‍ കണ്ടല്‍ക്കാടുകളുടെ ജൈവപരിസ്ഥിതി ഏറെ താമസിയാതെ നിര്‍ജ്ജീവമാവും.  ഭൂമിയുള്ളത് മുതല്‍ ഉള്ള കണ്ടല്‍ക്കാടുകളാണ്. എന്നാലും സി.പി.എമ്മിന്റെ കണ്ണൂര്‍ ലോബി എന്ന് പറയുന്നത് ഒരു അവതാരങ്ങള്‍ തന്നെ. പാര്‍ക്കിലേക്ക് പ്രവേശിക്കുമ്പോള്‍ വളപ്പട്ടണം പാലത്തിന്റെ അടിയില്‍ വിശാലമായ കാര്‍പാര്‍ക്കിങ്ങ്.  ആരെയും അസൂയപ്പെടുത്തുന്ന അപാരസാധ്യതകള്‍ . അണികള്‍ക്ക് പിന്നെ തങ്ങളുടെ നേതാക്കള്‍ തടിച്ചുകൊഴുക്കുന്നുണ്ടോ എന്ന ഒറ്റക്കാര്യത്തിലേ ശ്രദ്ധയുള്ളൂ.  പരിസ്ഥിതി പ്രവര്‍ത്തകര്‍ പാവം. ജീവനില്‍ കൊതിയുള്ളവര്‍ അങ്ങോട്ട് ഇനി പോകില്ല. ജീവന്‍ ബാക്കിയുണ്ടെങ്കിലല്ലേ പരിസ്ഥിതിയെ പറ്റി ചിന്തിക്കാന്‍ തന്നെ പറ്റൂ.

ഈ കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കാന്‍ വേണ്ടി കേന്ദ്രസര്‍ക്കാറിന്റെ മാന്‍‌ഗ്രോവ്സ് കണ്‍‌സര്‍വേഷന്‍ ഫണ്ടില്‍ നിന്ന് 55ലക്ഷം രൂപ അനുവദിച്ചിരുന്നു. ആ തുക എന്താക്കി? പുഴയുടെ ഓരത്ത് അല്പസ്ഥലം വളച്ച് കെട്ടി കുറച്ച് കണ്ടല്‍ചെടികള്‍ നട്ടുവെച്ചിരിക്കുന്നത് കണ്ടു.
ആളുകള്‍ക്ക് പുറത്ത് നിന്ന് കാണുമ്പോള്‍ കണ്ടല്‍ച്ചെടികള്‍ നട്ടുവളര്‍ത്തുന്ന പോലെ തോന്നും. അകത്ത് വിനോദത്തിനല്ലേ ആളുകള്‍ പോകൂ. കണ്ടല്‍ച്ചെടികള്‍ മരിക്കുന്നത് അവര്‍ കാണണമെന്നില്ല. അല്ലെങ്കിലും അടിച്ചുപൊളിയുടെ ഇക്കാലത്ത് എന്ത് പരിസ്ഥിതി? ഇപ്പോള്‍ തന്നെ വൈകുന്നേരമാകുമ്പോള്‍ ആളുകള്‍ ധാരാളം വന്നു ചേരുന്നുണ്ട്. കച്ചവടസ്റ്റാളുകളും ഉണ്ട്. മൊബൈലില്‍ ഫോട്ടോ എടുത്താല്‍ ശിക്ഷിക്കപ്പെടും എന്നൊരു ബോര്‍ഡും കണ്ടു.  അതെന്താ മൊബൈലില്‍ ഫോട്ടോഎടുത്താല്‍ എന്നറിയില്ല. ശിക്ഷ എന്താണെന്നോ ആരാണ് നടപ്പാക്കുക എന്നോ അറിയില്ല. ഇതിന്റെ ഉള്ളുകള്ളിയൊന്നുമറിയാത്ത ടൂറിസ്റ്റുകള്‍ ആരെങ്കിലും ഇത്തരം ഒരു സ്ഥലത്ത് വന്നാല്‍ ഫോട്ടോ എടുത്ത് പോവുക സ്വാഭാവികമാണ്. ഞാന്‍ ഉള്ള ധൈര്യത്തിന് കുറച്ചു ഫോട്ടോകള്‍ എടുത്തത് താഴെ കാണാം.

പണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമരം ചെയ്ത് ഫാക്ടറികള്‍ ഒന്നൊന്നായി പൂട്ടിക്കുമ്പോള്‍ ഇങ്ങനെയൊരു സാധ്യത കണ്ടിരിക്കാന്‍ വഴിയില്ല. അങ്ങനെ പൂട്ടിപ്പോയ ഫാക്ടറികള്‍ ഒന്നൊന്നായി ഇപ്പോള്‍ പാര്‍ട്ടി വിലക്കെടുത്ത്  പഞ്ചനക്ഷത്രഹോട്ടലുകളും ഐമാക്സ് തീയേറ്ററുകളും ഒക്കെ തുടങ്ങുകയാണ്. കണ്ണൂരിലെ ഒരു പിടി നേതാക്കളുടെ അധീനതയില്‍ സി.പി.എം. അമര്‍ന്നപ്പോഴാണ് ഈ ബുദ്ധിയൊക്കെ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞത്. തിരുവേപ്പതി മില്‍ സമരം ചെയ്ത് പൂട്ടി. ചില തൊഴിലാളികള്‍ ആത്മഹ്യത്യ ചെയ്തു.  തിരുവേപ്പതി മില്ലിലെ തൊഴിലാളികള്‍ക്ക് അന്ന് ഒരു ഘട്ടത്തില്‍ കേന്ദ്രഗവണ്മേണ്ട് സഹായധനം നല്‍കിയിരുന്നു. 2007ല്‍ ആ മില്ലിന്റെ മൂന്നേമുക്കാല്‍ ഏക്ര സ്ഥലം ബാങ്ക് ലേലത്തിന് വെച്ചു.  എന്താ മറിമായം എന്നറിയില്ല ലേലത്തില്‍ പങ്കെടുക്കാന്‍ സി.പി.എം.മാത്രം. ആറരക്കോടിക്ക് ലേലത്തില്‍ സ്ഥലം സ്വന്തമാക്കി. അവിടെ നായനാര്‍ക്ക് സ്മാരകം പണിയാനാണ് പണം പിരിക്കാന്‍ പിണറായിയും സെറ്റും ഗള്‍ഫില്‍ പോയത്. എത്ര കോടി പിരിച്ചു എന്ന് പുറത്ത് പറഞ്ഞിട്ടില്ല. പിരിവ് നിര്‍ത്തിയിട്ടില്ല തുടരും എന്നാണ് പിണറായി പറഞ്ഞത്. ഈ നായനാര്‍ സ്മാരകവും ഒരു സൊസൈറ്റിയാണ്. നോക്കണം സ്വകാര്യസൊസൈറ്റിക്ക് സ്ഥലം വാങ്ങാന്‍ അണികള്‍ ബക്കറ്റെടുത്ത് കോടികള്‍ പിരിക്കുന്നു. സ്മാരകം പണിയാന്‍ പാര്‍ട്ടി സെക്രട്ടരി ഗള്‍ഫില്‍ പോകുന്നു. പാര്‍ട്ടിക്ക് സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളില്‍ കമ്മ്യൂണിസം പ്രചരിപ്പിക്കാന്‍ ഇദ്ദേഹം പോകുമോ? ബാങ്കുകളിലുള്ള കോടികളില്‍ നിന്ന് ചില ആയിരങ്ങള്‍ അതിന് വേണ്ടി ചെലവാക്കുമോ? ഇല്ല. പാവം സി.പി.എം. പ്രവര്‍ത്തകര്‍ ഇന്നും ബക്കറ്റോ രശീത് ബുക്കോ എടുത്ത് പഴയപോലെ പിരിവിനിറങ്ങുന്നു.  ആളുകള്‍ അഹമഹമികയാ എന്ന പോലെ കൊടുക്കുകയും ചെയ്യുന്നു, നൂറ് കൊടുത്തില്ലെങ്കില്‍ ആയിരത്തിന്റെ ചേതം ഉണ്ടാക്കിയാലോ എന്ന് പേടിച്ച്.  അണികളുടെ അചഞ്ചലമായ വിശ്വാസവും ജനങ്ങളുടെ പേടിയുമാണ് സി.പി.എമ്മിനെ ഒരു മഹാ വ്യവസായസ്ഥാപനമായി മാറ്റിക്കൊണ്ടിരിക്കുന്നത്.

ഇതൊക്കെ സാമര്‍ത്ഥ്യം പോലെ ചെയ്തോട്ടെ. പക്ഷെ ഞങ്ങള്‍ വിപ്ലവപാര്‍ട്ടിയാണ്. സോഷ്യലിസമാണ് ലക്ഷ്യം. ജനകീയജനാധിപത്യവിപ്ലവം സൌകര്യം പോലെ നടപ്പാക്കും എന്ന് അണികളോട് പറഞ്ഞ് വിശ്വസിപ്പിക്കുന്നത് തട്ടിപ്പല്ലേ? പണം പിരിച്ചുകൊടുക്കുന്ന അണികള്‍ക്ക് ഇങ്ങനെ കെട്ടിപ്പൊക്കുന്ന കൊട്ടാരങ്ങളുടെ ഗേറ്റിന് പുറത്ത് നിന്ന് കാണാമെന്നല്ലാതെ അകത്ത് പ്രവേശിക്കാന്‍ കഴിയുമോ?  ഇങ്ങനെ കുറെ തീം പാര്‍ക്കുകളും സൂപ്പര്‍ സ്പെഷ്യാലിറ്റികളും ഷോപ്പിങ്ങ് മാളുകളും പഞ്ചനക്ഷത്രഹോട്ടലുകളും ഒക്കെ സ്ഥാപിച്ച് കഴിഞ്ഞ് ഒഴിവ് കിട്ടുമ്പോള്‍ എന്തായാലും ഞങ്ങള്‍ക്ക് സോഷ്യലിസം കൊണ്ടുവന്ന് തരാതിരിക്കില്ല എന്ന് പ്രതീക്ഷിച്ച് കഴിയുകയാണ് ലക്ഷോപലക്ഷം സി.പി.എം. അണികളും ചില ബ്ലോഗര്‍മാരും.  ലോകത്ത് തന്നെ ഒരു ബഹുജനരാഷ്ട്രീയപാര്‍ട്ടി കാണക്കാണെ ഇങ്ങനെ വന്‍ കോര്‍പ്പറേറ്റ് സ്ഥാപനമായി പരിണമിക്കുന്ന ചരിത്രം വേറെ ഉണ്ടാവില്ല. ഇനി ജനങ്ങള്‍ പാര്‍ട്ടിയെ കൈയൊഴിഞ്ഞ് സി.പി.എം. പിരിച്ച് വിടപ്പെട്ടാലും സൊസൈറ്റികളും അതിന്റെ ആസ്തികളും ഒരു പിടി നേതാക്കളുടെ കൈവശം ഇരിക്കും.  അതാണ് ലോകോത്തരബുദ്ധി എന്ന് പറയുന്നത്.

മരിച്ചു കൊണ്ടിരിക്കുന്ന കണ്ടല്‍ക്കാട് :

9 comments:

Muhammed Shan said...

നല്ല വിശകലനം...,ഇനി പ്രതികരണങ്ങള്‍ കൂടി കാണട്ടെ ..!

Baiju Elikkattoor said...

Fortune 500-ഇല്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ പേര്‍ വരുന്ന കാലം വിദൂരമല്ല!

ശിവ || Shiva said...

ഇതാണ് നമ്മുടെ നാട്.. രാഷ്ട്രീയ കുത്തകഭീമന്മാരുടെ സ്വന്തം നാട് . എന്റെയും സ്വന്തം നാട്. ..നല്ല വിശകലനം..ആശംസകള്‍..

Anonymous said...

അല്ല ബൈജൂ, ജോസഫിനെ പോലെ എല്‍ ഡീ എഫ്‌ വിട്ടോ?
അപ്പോഴെ പറഞ്ഞില്ലേ പോവണ്ടാ പോവണ്ടാന്നു , ജനാധിപത്യം അഭിപ്റായ സ്വാതന്ത്റ്യം ഒക്കെ എല്‍ ഡീ എഫിലോ കമ്യൂണിസ്റ്റു പാറ്‍ട്ടിയിലോ ഇല്ല എന്നു ഇപ്പഴെങ്കിലും മനസ്സിലാക്കിയല്ലോ ലാല്‍ സലാം

Unknown said...

@ആരുഷിയുടെ ലോകം

പോസ്റ്റിനെ പറ്റി ഒന്നും മിണ്ടാതിരുന്നത് ശരിയായില്ല കെട്ടാ :) ബൈജു എന്നും സ്വതന്ത്രമായേ അഭിപ്രായം പറയാറുള്ളൂ. അതിന് ജോസഫിനെ പോലെ യു.ഡി.എഫില്‍ ചേരണമെന്നില്ലല്ലൊ.

Unknown said...

മുഹമ്മദ് ഷാന്‍ , ബൈജു , രാജേഷ് ശിവ എന്നിവര്‍ക്ക് നന്ദി !

കാളിയമ്പി said...

ഒന്നാന്തരം വിശകലനം.കോണ്‍ഗ്രസ്സും കമ്യൂണിസ്റ്റും മത/ സന്യാസസഭകളും (അമൃതാനന്ദമയിയും കത്തോലിക്കാസഭയും ഉള്‍പ്പെടെ)നടത്തുന്ന ചാരിട്ടബിള്‍ സൊസൈറ്റികള്‍ കേരളത്തിലെ വ്യവസായരംഗം കൈയടക്കിയിരിയ്ക്കുന്നു.ഉല്‍പ്പാദദവും വിതരണവും സര്‍വീസുമുള്‍പ്പെടെയുള്ളാ എല്ലാ വ്യവസായ ശൃഖലകളും കൂടുതല്‍ അവരുടേതാണ്. അവര്‍ തമ്മില്‍ പരസ്പര സഹായസഹകരണവുമുണ്ട്. ഒരു എന്റര്‍പ്രെണര്‍ എന്ന നിലയില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും നടത്തി ജീവിയ്ക്കുകയും പണമുണ്ടാക്കുകയും ചെയ്യണമെങ്കില്‍ ഒന്നുകില്‍ മദ്യവ്യവസായം തുടങ്ങണം അല്ലെങ്കില്‍ മണല്‍ വാരാന്‍ പോകണം.അതും മര്യാദയ്ക്ക് പറ്റില്ല. നിയമങ്ങളും മേല്‍പ്പറഞ്ഞ സദാചാരക്കാരും ചേര്‍ന്ന് മദ്യവ്യവസായവും മണല്‍ മൈനിങ്ങും ചെയ്യുന്നവരെ മാഫിയയാക്കും.(അതിനും ഇവന്മാര്‍ക്ക് കൈക്കൂലി കൊടുക്കണം) കോടിക്കണക്കിന്‍ രൂപയുടേ ടാക്സ് കിട്ടുമായിരുന്ന ഈ രണ്ട് വ്യവസായത്തിലും നിന്നുള്ള പങ്ക് ഗവണ്മെന്റിനു പോകാതെ മേല്‍പ്പറഞ്ഞ ഗോദ്ഫാദര്‍മാര്‍ക്ക് പോകാന്‍ വേണ്ടി മാത്രം അവര്‍ ചേര്‍ന്ന് നിയമങ്ങളുണ്ടാക്കും.

കോയമ്പത്തൂരൊന്ന് പോയിനോക്കിയാല്‍ നാട്ടിലെ അവസ്ഥ മനസ്സിലാവും.നമ്മളീ കുഴിയില്‍ ജീവിയ്ക്കുന്നത്കൊണ്ട് അയലത്തുകാര്‍ എത്ര മുന്നിലെത്തിയെന്നൊന്നും കാണുന്നേയില്ല.
മര്യാദയ്ക്ക് ബിസിനസ് നടത്തി പണമുണ്ടാക്കുക എന്നത് മഹാപാപങ്ങളില്‍ പെട്ട ഒന്നാണ് ശരാശരി കേരളീയനിന്ന്. കമ്യൂണിസം എന്ന പേരില്‍ പറഞ്ഞ്പരത്തിയ വികലാശയങ്ങള്‍ ഇന്നും കേരളത്തിന്റെ സൈക്കിയില്‍ നിന്ന് വിട്ട് പോകുന്നില്ല.
കള്ളന്മാര്‍ക്ക് എന്ത് കണ്ടല്‍ക്കാട് എന്ത് പരിസ്ഥിതി. അത് വലതുപക്ഷ പെറ്റിബൂര്‍ഷ്വാസിയുടെ തൊഴിലാളിവര്‍ഗ്ഗത്തിനെതിരേയുള്ള കള്ളപ്രചാരണം.:)
നന്ദി സുകുമാരേട്ടാ.

നനവ് said...

പോ‍സ്റ്റ് കേമമായിട്ടുണ്ട്...പാപ്പിനിശ്ശേരിയിലെ കണ്ടൽക്കാടുകൾ അന്ത്യശാസം വലിച്ചുകൊണ്ടിരിക്കുകയാണ്.രക്ഷിക്കാനാരുണ്ട്?ശാസ്ത്ര സാഹിത്യ പരിഷത് പോലുള്ള സംഘടനകൾ കണ്ടൽ ഇനിയും നശിപ്പിച്ചാൽ നടപടിയെടുക്കും എന്നാണ് പറയുന്നത്!!!.. ഇനിയെന്താണാവോ അവിടെ നശിക്കാൻ ബാക്കിയുള്ളത്?... കണ്ടൽക്കാടെന്നാൽ കണ്ടൽമരങ്ങൾ മാത്രമാണെന്ന് വിചാരിക്കുന്ന ഇത്തരം സംഘടനകൾ ശാസ്ത്രം ജനനന്മയ്ക്ക് എന്നതു വിട്ട് ശാസ്ത്രം പാർട്ടിസേവയ്ക്ക് എന്ന പോളിസിയുമായി നടക്കുമ്പോൾ ഇവിടെയൊരു രാക്കൊക്ക് കൂടുകൂട്ടാനിടമില്ലാതെ നശിച്ചാലെന്ത്? ഒരു മീൻപൂച്ചയും നീർനായയും പുള്ളിപ്പരുന്തും മറ്റ് നൂറുകണക്കിന് ജൈവജാതികളും ഇല്ലാതായാലെന്ത്?മുട്ടയിടാനായി കടലിൽനിന്ന് ശുദ്ധജലം തേടി യാത്രതിരിക്കുന്ന ഒരു മീൻ ,ശരീരത്തിന്റെ ഉപ്പുസാന്ദ്രത ഒന്നൽ‌പ്പം കുറക്കാനായി തങ്ങുന്ന കണ്ടൽക്കാടിലെത്തിയപ്പോൾ കരിങ്കൽമതിലിൽ തലയിടിച്ച് മരിച്ചാലെന്ത്?...ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം... പാലത്തിനു ഒരു വശത്തെ മുഴുവൻ കണ്ടൽക്കാടുകളും തീം പാർക്കുകാരും മറ്റെ വശത്തെതു മുഴുവൻ മറ്റുപലരും ഇങ്ങനെ നശിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ ഇതിനൊക്കെ കൂട്ടുനിൽക്കുന്നത് ഇവിടത്തെ വനം വകുപ്പാണ്. രണ്ട് വർഷങ്ങൾക്കുമുമ്പ് നല്ലവനായ ഒരു ഡി. എഫ്.ഒ. കണ്ടൽക്കാടുകളെ രക്ഷിക്കാനായി പഠനം നടത്തി ഇതു മൊത്തം ഇ..എഫ്.എൽ [പരിസ്ഥിതി ദുർബല മേഖല ] ആയി പ്രഖ്യാപിക്കണമെന്ന റിപ്പോർട്ട് ബഹു. വനം മന്ത്രിയുടെ മേശവരെ എത്തിച്ചതായിരുന്നു. അതു മുക്കിയത് [സമ്മർദ്ദങ്ങളാൽ മുക്കേണ്ടി വന്നതാണേ!!! ]ഇത്തരം ചാരിറ്റബിൾ സൊസൈറ്റികൾക്കു വേണ്ടിത്തന്നെയല്ലെ?...
NB.നാളെ രാവിലെ 10,30ന് താണയിൽ നിന്നും വനംവകുപ്പ് ഓഫീസിലേയ്ക്ക് ജില്ലാ പരിസ്ഥിതി സമിതിയും മറ്റു സന്നദ്ധ സംഘടനകളും മാർച്ചു നടത്തുന്നു..കണ്ടൽതീം പാർക്ക് അടച്ചുപൂട്ടി അവിടം രിസർവ്വുവനമായി സംരക്ഷിക്കുക എന്നതാണാവശ്യം..

നിസ്സഹായന്‍ said...

ഞെട്ടിപ്പിക്കുന്ന ഭീകരസത്യം വായിച്ച് അന്ധാളിച്ചു പോയി. പാർട്ടി ഇങ്ങനെ വലിച്ചു വാരി സമ്പാദിക്കുമ്പോൾ പോലും ഭാവിയിൽ ജനങ്ങളുടെ ഭാഗത്തു ചിന്തിക്കുന്ന യഥാർത്ഥ രാഷ്ട്രീയ പ്രവർത്തകർ വരുമ്പോൾ ഇതൊക്കെ ജനങ്ങളിലേക്ക് തിരിച്ചു ചെല്ലുന്ന സ്വത്താണെന്ന് മിഥ്യാധാരണയിലായിരുന്നു ഞാൻ. കാര്യങ്ങൾ വിശദമാക്കിത്തന്ന നല്ല പോസ്റ്റിന് നന്ദി. ഒരു ദീർഘനിശ്വാസം വിടുകയല്ലാതെ എന്തു പറയാൻ ! അണികൾ കാര്യം തിരിച്ചറിഞ്ഞു പ്രതികരിക്കുമെന്നു പ്രതീക്ഷിക്കാൻ യാതൊരു സാധ്യതയുമില്ല. കാരണം കള്ളമുതലിന്റെ പങ്ക് തൊഴിലായോ സ്ഥാനമാനങ്ങളായൊ കിട്ടിയാൽ മിണ്ടാതിരിക്കാനുള്ള പ്രായോഗിക ബുദ്ധിയുള്ള ശക്തരായ അണികളാണ്`ഇന്ന് പാർട്ടിയിൽ ഉള്ളത്. എതിർക്കാൻ തുനിയുന്ന വിഢികളുടെ കഴുത്തിൽ തലയും കാണില്ലെന്നതും പാർട്ടിയുടെ അനുഗ്രഹം തന്നെ.