നമ്മളെ ആര് രക്ഷിക്കും ?

ഓരോ വീട്ടിലും ഇപ്പോള്‍ അനവധി വേസ്റ്റുകളാണ് ഉണ്ടാകുന്നത്. അതില്‍ പ്രധാനം പ്ലാസ്റ്റിക് വേസ്റ്റുകളാണ്.  രാവിലെ പാല് മുതല്‍ വൈകുന്നേരം പലവ്യഞ്ജനങ്ങള്‍ തൊട്ട് മീന് വരെ എല്ലാം പ്ലാസ്റ്റിക് ബാഗുകളിലാണ് കൊണ്ടുവരുന്നത്. പരിസ്ഥിതിവാദികള്‍ മുറവിളി കൂട്ടുമ്പോള്‍ ഈ പ്ലാസ്റ്റിക്ക് നിരോധിക്കാറുണ്ടായിരുന്നു. നിരോധനം ചില്ലറ ദിവസങ്ങള്‍ നീണ്ടുനില്‍ക്കും. പിന്നെ വീണ്ടും പതിവ് പോലെ. പ്ലാസ്റ്റിക്ക് നിരോധനം ഫലപ്രദമല്ല എന്ന് കണ്ടത്കൊണ്ടാവാം പരിസ്ഥിതിവാദികള്‍ ഇപ്പോള്‍ ഒന്നും മിണ്ടുന്നില്ല. അല്ലെങ്കിലും ഏതാനും പേര്‍ ബഹളം ഉണ്ടാക്കിയത്കൊണ്ട് എന്ത് കാര്യം. ഒന്നുകില്‍ ജനങ്ങള്‍ക്ക് വിവരം വയ്ക്കണം. അല്ലെങ്കില്‍ ഗ്രാമപഞ്ചായത്ത് മുതല്‍ അങ്ങോട്ടുള്ള ഭരണാധികാരികള്‍ക്ക് ഭാവനയും ഇച്ഛാശക്തിയും ഉണ്ടാവണം. ഇത് രണ്ടും നടക്കാത്ത കാര്യങ്ങളും.

ജനസാന്ദ്രത ഏറിയ നാടാണ് നമ്മുടേതെന്ന് അറിയാമല്ലൊ. അടുത്തടുത്താണ് വീടുകള്‍ എവിടെയും. പലര്‍ക്കും മുറ്റം തന്നെയില്ല.  വീടുകളില്‍ ദിനേന ഉണ്ടാകുന്ന വേസ്റ്റുകള്‍ പ്ലാസ്റ്റിക്ക് ബേഗുകള്‍ ഉള്‍പ്പെടെ വീടിന്റെ പിന്നാമ്പുറത്ത് വെച്ച് കത്തിച്ചു കളയുന്ന സമ്പ്രദായമാണ് ഇപ്പോള്‍ നാട്ടില്‍ നിലവിലുള്ളത്. വീട്ടമ്മമാര്‍ മണ്ണെണ്ണ ഒഴിച്ചിട്ടാണ് തീ കൊടുക്കുന്നത്. അങ്ങനെ കുറെ നേരം ഇത് പുകഞ്ഞുകൊണ്ടേയിരിക്കും. ഇങ്ങനെ ഉണ്ടാകുന്ന പുകയില്‍ എന്തൊക്കെയാണ് അടങ്ങിയിരിക്കുന്നത്? ഈ പുകയെല്ലാം എവിടേക്കാണ് പോകുന്നത്? എവിടേക്കും പോകുന്നില്ല. അതൊക്കെ നമ്മുടെ അന്തരീക്ഷത്തിന്റെ ഭാഗമായി അവിടെയങ്ങനെ സ്ഥിരമായി നിലനില്‍ക്കും. ഇപ്പോള്‍ തന്നെ ചൂട് അസഹ്യമായി തീര്‍ന്നിട്ടുണ്ട്. ഇക്കണക്കിന് പോയാല്‍ ഒരമ്പത് വര്‍ഷം കഴിഞ്ഞാല്‍ ഇവിടെ മനുഷ്യന് ജീവിയ്ക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല.

പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങള്‍ വീടിന്റെ പിന്‍‌പുറത്ത് നിന്ന് കത്തിക്കുമ്പോള്‍ നിരവധി വിഷവായുകള്‍ അതില്‍ നിന്ന് ഉണ്ടാകുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ടത് ഡയോക്സിന്‍ എന്ന വിഷവാതകമാണ്. എന്തൊക്കെയാണ് അതിന്റെ പ്രത്യാഘാതങ്ങള്‍ എന്ന്  ഇവിടെ വായിക്കുക. ഞാന്‍ വിവരിക്കുന്നില്ല.  വായിച്ചത്കൊണ്ടും വിവരിച്ചത്കൊണ്ടും പറയത്തക്ക പ്രയോജനമൊന്നുമില്ലല്ലൊ.  ഞങ്ങളുടെ വീടിന്റെ നാല് ചുറ്റും അടുത്ത വീടുകളുടെ പിന്‍‌ഭാഗമാണ്. നടുക്കായിപോയി ഞങ്ങളുടെ വീട്. എന്റെ മകള്‍ക്ക് രണ്ട് പിഞ്ചുകുട്ടികളും. എനിക്കാണെങ്കില്‍ ഈ പുക അല്പം ശ്വസിക്കുമ്പോഴേക്കും അലര്‍ജി വരും. എന്ത് ചെയ്യാന്‍ പറ്റും? അയല്‍ക്കാരോട് ഇങ്ങനെ പുകയിടരുതെന്ന് പറയാന്‍ പറ്റുമോ?  പറയാന്‍ വേറെ ആരെങ്കിലുമുണ്ടോ?  എല്ലാറ്റിലും രാഷ്ട്രീയം. പിന്നെന്ത് ചെയ്യും.

നമ്മുടെ പഞ്ചായത്തുകള്‍ എന്താണ് ചെയ്യുന്നത്?  അതാത് പഞ്ചായത്തുകളിലെ മാലിന്യങ്ങള്‍ സംസ്ക്കരിക്കാനും പ്ലാസ്റ്റിക്കുകള്‍ റീ-സൈക്ലിങ്ങ് ചെയ്യാനും എന്തെങ്കിലും പദ്ധതി ഉണ്ടാക്കുമോ? എനിക്കെന്റെ ചെറുമക്കളെ ഓര്‍ക്കുമ്പോഴാണ് സങ്കടം സഹിക്കാന്‍ വയ്യാത്താവുന്നത്. ഞങ്ങളുടെ കാലശേഷം ഈ കുട്ടികള്‍ വളരുമ്പോള്‍ അവരുടെയൊക്കെ ആരോഗ്യസ്ഥിതി എന്താവും. എല്ലാ വീടുകളിലും കുട്ടികളുണ്ട്. ഇങ്ങനെ കത്തിക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് അവര്‍ അറിയുന്നില്ല.  ഭക്ഷണപദാര്‍ത്ഥങ്ങളിലെ മായം വേറെ.  അനാവശ്യമായ വിവാദങ്ങളും തര്‍ക്കങ്ങളും വാദകോലാഹലങ്ങളുമല്ലാതെ നാടിന്റെ നന്മയ്ക്കോ ഗുണത്തിനോ ആവശ്യമായ ചര്‍ച്ചകളോ പരിപാടികളോ എങ്ങും കാണുന്നില്ല.  വല്ലാത്തൊരു കലികാലം തന്നെ!

5 comments:

mini//മിനി said...

സുകുമാരേട്ടാ,
നമ്മുടെ ചെമ്പിലോട് പഞ്ചായത്തിൽ മലിന്യനിർമ്മാർജ്ജനത്തിന് പഞ്ചായത്ത് വക ഒരു പ്രോജക്റ്റ് ശരിയായിട്ടുണ്ട്. കുടുംബശ്രീക്കാർ പ്ലാസ്റ്റിക്കുകൾ ശേഖരിച്ച് പ്രത്യേക പ്ലാന്റിൽ എത്തിച്ച് റീസൈക്കിൾ ചെയ്യുന്ന പദ്ധതി. ബജറ്റിൽ പണം ഉൾക്കൊള്ളിച്ച് അനുമതിലഭിച്ചു. പ്രവർത്തനം തുടങ്ങിട്ടില്ല.
ഇത് എനിക്ക് കിട്ടിയ വിവരം അറിയിക്കുന്നതാണ്, ഈ പ്ലാസ്റ്റിക്ക് ഒരു വലിയ പ്രശ്നം തന്നെയാണ്. പിന്നെ ഞാൻ വീട്ടിൽ‌നിന്ന് പുറത്തുപോകുമ്പോൾ ബാഗിൽ എപ്പോഴും പ്ലാസ്റ്റിക്ക് സഞ്ചി കരുതും. വല്ലതും വാങ്ങിയാൽ കടലാസിൽ പൊതിഞ്ഞ് അതിൽ ഇടും. അത് എന്റെ വീട്ടിലെ കാര്യമാണ്.

Bindhu Unny said...

ഇത് ഒരു വല്ലാത്തെ പ്രശ്നമാണ്. വല്യ നഗരങ്ങളില്‍ മാത്രമാണ് ശാസ്ത്രീയമായ മാലിന്യസംസ്ക്കരണത്തിന് സൌകര്യമുള്ളത്. ഗ്രാമങ്ങള്‍ ജനങ്ങളുടെ കൂട്ടായ്മയിലുടെ ഇത് പോലുള്ള കാര്യങ്ങള്‍ ചെയ്യാവുന്നതാണ്. പക്ഷെ മെനക്കെട്ടിറങ്ങാല്‍ ആരെങ്കിലും തയ്യാറാവാണം. :)

നനവ് said...

സുകുമാരേട്ടാ,
നമ്മളെ ആരും രക്ഷിക്കില്ല.ഓരോ വീട്ടിലും കത്തിക്കുന്ന പ്ലാസ്റ്റിക് ഇനി പഞ്ചായത്ത് ഏറ്റെടുത്താല്‍ മൊത്തമായി ഒരു സ്ഥലത്ത് വെച്ച് ഇന്‍സിനിറേറ്റര്‍ ഉപയോഗിച്ച് കത്തിക്കും അത്രതന്നെ.നമ്മുടെ വീട് അതില്‍നിന്നും കുറച്ചകലെയാണെങ്കില്‍ താല്‍ക്കാലികമായി നമ്മള്‍ രക്ഷപ്പെടും.പക്ഷെ കുറച്ചു കഴിയുമ്പോള്‍ മറ്റ് ചംക്രമണങ്ങളിലൂടെ നമ്മളിലും എത്തിച്ചേരും.നമുക്ക് തരുന്നവര്‍ക്ക്തന്നെ തിരിച്ചുകൊടുക്കാനുള്ള ഒരു ഉപഭോക്ത്രസംസ്കാരം ഉണ്ടാക്കാനായാല്‍ ചിലപ്പോള്‍ അല്പ്പമെങ്കിലും രക്ഷപ്പെട്ടേക്കാം.
ഉപരിപ്ലവമായി നമ്മള്‍ ഇത്തരം വിഷയങ്ങളെ കാണുന്നതാണ്‌ ഇത്തരം മാലിന്യങ്ങള്‍ പെരുകാന്‍ പ്രധാന കാരണം.നമ്മള്‍ സങ്കുചിതമായി കാര്യങ്ങള്‍ നോക്കിക്കാണുന്നു.എന്റെ കുട്ടികള്‍,എന്റെ കുടുംബം,എന്റെ സ്വത്ത് എന്ന് കാണുമ്പോള്‍ ബാക്കി വരുന്നത് നിങ്ങളുടെ സമരങ്ങള്‍,പരിസ്ഥിതിവാദികളുടെ പ്രവര്‍ത്തനങ്ങള്‍,എന്നൊക്കെയായി മാറുന്നു...ഞാന്‍ സുഖിക്കുമ്പോള്‍ എനിക്ക് പുറത്തുള്ളവര്‍ അതിനെ സഹായിക്കണം എന്നു കരുതുന്നത് എത്രമാത്രം ഭോഷ്കാണെന്ന് ചിന്തിക്കണം.മറിച്ച് എന്റെ ഭൂമി, എന്റെ സഹജീവികള്‍ എന്നു വിശാലമായി ചിന്തിക്കുമ്പോള്‍ ജീവിതശൈലി തനിയെ മാറും.അപ്പോള്‍ പ്ലാസ്റ്റിക്കുകള്‍ ഒരിക്കലും വീട്ടിലേയ്ക്ക് എത്തില്ല അല്ലെങ്കില്‍ എത്തുന്നത് തീരെകുറയും....

അനിയന്‍കുട്ടി | aniyankutti said...

നനവ്‌ പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. :)

Thanal said...

പ്ലാസ്റിക് ഏറ്റവും വലിയ ദുരന്തമാണ്
പറയാതിരിക്കാന്‍ വയ്യ...
നമ്മുടെ നാട്ടില്‍ രോഗങ്ങള്‍ പെരുകുന്നു...
നാടിനെ മുടിച്ച ഒരു സാധനം തന്നെ പ്ലാസ്റിക്..
നമ്മള്‍ -ജനകീയ വികസനക്കാര്‍ക്ക് -എങ്കിലും ഈ ദുരന്തത്തില്‍ നിന്ന നാടിനെ രക്ഷിക്കാനാകുമോ?