ഹര്‍ത്താലിനെ പറ്റി തന്നെ

ര്‍ത്താലിനെ എതിര്‍ത്ത്കൊണ്ട്  വല്ലപ്പോഴുമേ ബ്ലോഗില്‍ എഴുതാന്‍ കഴിയൂ.  ദേശീയപണിമുടക്ക് എന്ന പേരില്‍ കേരളത്തില്‍ അത് ഹര്‍ത്താലാണെന്ന് പറഞ്ഞ് ബന്ദ് അടിച്ചേല്‍പ്പിക്കുമ്പോള്‍ അതിനെതിരെ ബ്ലോഗില്‍ എഴുതിയെന്ന് വെച്ച് ജനശക്തിക്കാരന്‍ ആവശ്യപ്പെടുന്ന പോലെ  സര്‍വ്വ ഹര്‍ത്താലുകള്‍ക്കെതിരെയും എഴുതാന്‍ പറ്റില്ല.  അത്പോലെ കഴിഞ്ഞ വര്‍ഷമോ അതിന് മുന്‍പോ ആരെങ്കിലും നടത്തിയ ബന്ദിനെ എതിര്‍ത്ത് എഴുതിയില്ല എന്നത്കൊണ്ട് ഇനി നടക്കുന്ന ഹര്‍ത്താലിനെ എതിര്‍ത്ത് ജനശക്തിക്കാരന്‍ പറഞ്ഞത് പോലെ എഴുതാതിരിക്കാനും കഴിയില്ല. ഹര്‍ത്താല്‍ എന്നാല്‍ ഇന്ന് ജനങ്ങള്‍ അങ്ങേയറ്റം വെറുക്കുന്ന പ്രാകൃതമായ ഒരു സമരമുറയാണ്. ചിന്താശക്തിയ്ക്ക് ക്യാന്‍സര്‍ ബാധിച്ച നേതാക്കള്‍ക്കേ ഹര്‍ത്താല്‍ ആഹ്വാനം നടത്താന്‍ കഴിയൂ. ഞാനിത് ബ്ലോഗില്‍ എഴുതിയില്ലെങ്കിലും സംഗതിയില്‍ മാറ്റമില്ല. ഹര്‍ത്താല്‍ എന്നാല്‍ അതിന് ആഹ്വാനം ചെയ്യുന്ന ചില്ലറ നേതാക്കളുടെ പ്രതിഷേധവും മൃഗീയമായ പ്രതികരണവും മാത്രമാണ്. ജനങ്ങള്‍ക്ക് ഇന്ന് ഹര്‍ത്താല്‍ എന്ന സമരരീതിയോടാണ് പ്രതിഷേധമുള്ളത്. എന്നാല്‍ ജനങ്ങള്‍ക്ക് അത് പ്രകടിപ്പിക്കാന്‍ അവസരമോ വേദിയോ ഇല്ല.  ഒരു സമരം എന്നാല്‍ ആര്‍ക്കെതിരെയാണോ നടത്തുന്നത് അവര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകേണ്ടേ? ഹര്‍ത്താല്‍ എന്നാല്‍ ആര്‍ക്കെതിരെയാണോ നടത്തുന്നത് , അവര്‍ക്ക് ഒരു ബുദ്ധിമുട്ടും ഇല്ല. ബുദ്ധിമുട്ടും വിഷമങ്ങളും ജനങ്ങള്‍ക്ക് മാത്രം. ചുരുക്കത്തില്‍ ഇന്ന് സമരങ്ങള്‍ എന്ന് പറഞ്ഞാല്‍ അത് ജനങ്ങള്‍ക്ക് മാത്രം ദുരിതങ്ങള്‍ സൃഷ്ടിക്കുന്ന സമരാഭാസങ്ങള്‍ മാത്രമാണ്. ഇക്കാലത്തെ ഒരു സമരവും മുതലാളിമാര്‍ക്കോ, മന്ത്രിമാര്‍ക്കോ, ഉന്നത ഉദ്യോഗസ്ഥന്മാര്‍ക്കോ, നേതാക്കള്‍ക്കോ നേരിയ അലമ്പ് പോലും ഉണ്ടാക്കുന്നില്ല. അവരൊക്കെ ദന്തഗോപുരങ്ങളിലാണ്.  എന്ത് സമരമായാലും ബാധിക്കപ്പെടുന്നത് സാധാരണക്കാരന്‍ മാത്രം.

ഇന്ന് കണ്ണൂര്‍ നഗരസഭാപരിധിയില്‍ ഹര്‍ത്താലാണ്. യു.ഡി.എഫും ബി.ജെ.പി.യുമാണ് ആഹ്വാനിച്ചത്. രാവിലെ പത്രം വായിച്ചാണ് ആ‍ളുകള്‍ അറിഞ്ഞിട്ടുണ്ടാവുക.  ഹര്‍ത്താലിന് കാരണമായി ഉന്നയിച്ച പ്രശ്നം എല്ലാവര്‍ക്കും പ്രതിഷേധമുള്ള സംഗതിയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഹര്‍ത്താല്‍ ആചരിച്ചത്കൊണ്ട് എന്ത് പ്രയോജനം. ഹര്‍ത്താലില്‍ പ്രയാസം നേരിടുന്നവരുടെ പ്രതിഷേധം ഹര്‍ത്താലിനെതിരെ മാത്രമായിരിക്കും എന്നത് മാത്രം മിച്ചം. ബാക്കിയൊക്കെ മുറ പോലെ നടക്കണ്ടേ? പ്രശ്നം ജനശ്രദ്ധ പിടിച്ചു പറ്റാന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ആവിഷ്ക്കരിച്ചിരുന്നുവെങ്കില്‍ എത്രയോ പിന്തുണ ലഭിക്കുമായിരുന്നു. ഹര്‍ത്താല്‍ നിമിത്തം ജനങ്ങള്‍  കണ്ണുര്‍ നഗരത്തില്‍ പ്രവേശിക്കാതിരുന്നത്കൊണ്ട് ആര്‍ക്ക് എന്ത് നേട്ടം? പ്രശ്നപരിഹാരത്തിന് ഹര്‍ത്താല്‍ തെല്ലെങ്കിലും ഉപകരിക്കില്ല എന്ന് തീര്‍ച്ചയല്ലെ.  നമ്മുടെ നാട്ടില്‍ നേതാക്കള്‍ എന്നൊരു വര്‍ഗ്ഗമുണ്ട്. അവരെ ആരാണ് നിയമിച്ചത്, ജനങ്ങളുടെ ഉത്തരവാദിത്വം ആരാണ് അവരെ ഏല്‍പ്പിച്ചത് എന്നൊന്നും അറിയില്ല. ഒന്ന് മാത്രം അറിയാം. അവര്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യരാണ്.  ശിപാര്‍ശയ്ക്ക് വേണമെങ്കില്‍ സമീപിക്കാം എന്ന് മാത്രം. അവരുടെ ബോധമണ്ഡലം നവീകരണക്ഷമമല്ല. ജനങ്ങളെ നയിക്കുന്നു എന്നാണ് വയ്പ്പ് എങ്കിലും ജനങ്ങള്‍ക്ക് പിറകെയാണ് അവര്‍ സഞ്ചരിക്കുന്നത്.  ഒരു സംഭവം നടക്കുമ്പോള്‍ ഉടനെ ഹര്‍ത്താല്‍ എന്ന് ആഹ്വാനം ചെയ്യുന്നത് നേതാവ് എന്നവന്റെ തലച്ചോറില്‍ മറ്റൊരു ഐഡിയയും  തോന്നാത്തവാറ് ചിന്താശക്തി ദ്രവിച്ചുപോയത്കൊണ്ടാണ്. അതിന്റെ ദുരിതം പേറുന്നത് ജനങ്ങളും. ഞാന്‍ നേരത്തെയുള്ള പോസ്റ്റില്‍ പറഞ്ഞപോലെ സുനാമി,പകര്‍ച്ചവ്യാധി,അപകടങ്ങള്‍ എന്ന പോലെ ഹര്‍ത്താലുകള്‍ ആഹ്വാനിക്കുന്ന നേതാക്കളും ശപിക്കപ്പെട്ട യാഥാര്‍ഥ്യങ്ങള്‍ തന്നെ.

ഇന്നത്തെ കണ്ണൂര്‍ ഹര്‍ത്താലിന്റെ കാരണം നമ്മുടെ സാസ്ക്കാരികാധ:പതനത്തിന്റെ മറ്റൊരു ജീര്‍ണ്ണിച്ച മുഖമാണ് വെളിവാക്കുന്നത്. തെക്കിബസാറിലെ ഒരുപറ്റം വീട്ടമ്മമാര്‍ 47ദിവസമായി ഉപവാസസമരത്തിലാണ്. അവരുടെ വീടുകള്‍ക്ക് നടുവിലുള്ള കള്ള് ഷാപ്പ് അവിടെ നിന്ന് മാറ്റണം എന്നാവശ്യപ്പെട്ടാണ് വീട്ടമ്മമാര്‍ ഉപവാസസമരം നടത്തുന്നത്. കള്ള്,കള്ളുകുടിയന്‍ എന്നൊക്കെ പറയുന്നതില്‍ തന്നെ ഒരു ആഭാസത്തിന്റെ ചുവയുണ്ട്. അപ്പോള്‍ വീടുകള്‍ക്ക് നടുവില്‍ കള്ള്ഷാപ്പ് ഉണ്ടായാല്‍ അവിടെ മലയാള ഭാഷ ക്ലാസിക്കല്‍ ആവുകയല്ല ചെയ്യുകയെന്നും അകത്ത് കയറിയവന്‍ ആഭാസനായിട്ടാണ് പുറത്തിറങ്ങുക എന്നും ആരും പറഞ്ഞു മനസ്സിലാക്കിത്തരേണ്ടതില്ലല്ലൊ. കള്ള് ഷാപ്പ് അവിടെ നിന്ന് മാറ്റിയാല്‍ ആര്‍ക്കും ഒരു ചേതവും വരാനില്ലല്ലൊ. വീട്ടുകാര്‍ക്ക് അവിടെ നിന്ന് മാറിപ്പോകാന്‍ കഴിയില്ല എന്നത് സത്യമല്ലെ. സിമ്പിളായി പരിഹരിക്കാവുന്ന ഒരു പ്രശ്നം. എന്നാ‍ല്‍ ഇന്നലെ തൊഴിലാളിയൂനിയന്റെ സംസ്ഥാനനേതാവിന്റെ നേതൃത്വത്തില്‍ ചെത്ത്തൊഴിലാളികള്‍ കൂട്ടമായെത്തി ഉപവാസസമരപന്തല്‍ തകര്‍ക്കുകയും സ്ത്രീകളെ ചവിട്ടുകയും കയ്യേറ്റം ചെയ്യുകയും ആഭാസം വിളിച്ചുപറയുകയും ഒക്കെയാണ് ഉണ്ടായത്. തൊഴിലാളികളുടെ തൊഴില്‍ എടുക്കാനുള്ള അവകാശം ഇല്ലാതാക്കാന്‍ ആരെയും അനുവദിക്കില്ല എന്നാണ് ധാര്‍ഷ്ഠ്യം മുഖത്ത് സ്ഥിരഭാവമാക്കിയ  തൊഴിലാളിനേതാവ് ആക്രോശിച്ചത്.  എവിടെയെത്തി നമ്മള്‍ ? ചെത്ത്തൊഴിലാളികള്‍ക്കും കള്ളുകുടിയന്മാര്‍ക്കും മാത്രം അവകാശം. സ്വന്തം വീടുകളില്‍ സ്വൈര്യമായി ജീവിയ്ക്കാന്‍ ക്ലാസിക്കലാകാന്‍ പോകുന്ന ഭൂമിമലയാളത്തില്‍ വീട്ടമ്മമാര്‍ക്ക് അവകാശമില്ല. ഏതായാലും  ഇന്നലത്തെ സംഭവത്തോടെ ഉപവാസസമരം ഊര്‍ജ്ജിതമാക്കാന്‍ തീരുമാനമായിട്ടുണ്ട്.  വീട്ടമ്മമാരോടും ഉപവാസസമരത്തോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുമ്പോള്‍ തന്നെ ഇന്നത്തെ ഹര്‍ത്താല്‍ എന്ന സമരവൈകൃതത്തെ അപലപിക്കുകയും ചെയ്യുന്നു.

* വാര്‍ത്ത ഇവിടെ

54 comments:

നനവ് said...

47 ദിവസം വൈകിയാണെങ്കിലും വീട്ടമ്മമാരുടെ കള്ളുഷാപ്പ് വിരുദ്ധ സമരത്തെ ശ്രദ്ധിച്ചതിൽ സന്തോഷം.യഥാർത്ഥ ജനകീയസമരങ്ങളെ അടിച്ചമർത്തുക എന്നത് ഭരണകൂടത്തിന്തെയും രാഷ്ട്രീയക്കാരുടെയും ആവശ്യമാണ്...അതുകൊണ്ടാണ് അവിടെയുണ്ടായിരുന്ന 30 പോലീസുകാരെ പിൻവലിച്ച് ആക്രമണത്തിന് അധികാരികൾ അവസരമൊരുക്കിക്കൊടുത്തത്...സ്ത്രീകളുടെ നെഞ്ചിനു നേരെ ഉയരുന്ന ആക്രമിയായ പുരുഷന്റെ കാലുകൾ സാംസ്കാരികകേരളത്തിന്റെ സമരപാരമ്പര്യത്തിനു യോജിച്ചതല്ല. നാഭിയിൽ ചവിട്ടേറ്റ വനിതാസത്യാഗ്രഹി നിർമല രണ്ടുദിവസമായി മൂത്രം പോകാതെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കിടക്കുകയാണ്...അസുരമായ ആക്രമണത്തിനു ശേഷമുള്ള ആർത്തിയോടെയുള്ളയാ കള്ളുകുടിക്കുന്ന ദൃശ്യം എന്തിന്റെ സൂചനയാണു നൽകുന്നത്?...
ഹർത്താലിനെപ്പറ്റി ഞങ്ങൾക്ക് വ്യക്തമായ ധാരണയുണ്ട്. ഹർത്താലുകൾ സത്യസന്ധമാണെങ്കിൽ [ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യവും അത്യാവശ്യങ്ങളും അനുവദിച്ചുകൊണ്ടുള്ളതാണെങ്കിൽ ]അതൊരു പ്രധിഷേധമാർഗ്ഗമാണ്.നിർബന്ധിക്കപ്പെടുമ്പോഴാണ് അതു ഫാസിസമാകുന്നത്...

കെ.പി.സുകുമാരന്‍ said...

@നനവ്

ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കാതെ എന്ത് ഹര്‍ത്താല്‍ ? ഹര്‍ത്താലിന് എന്ത് സത്യസന്ധത? ജനങ്ങളുടെ ഭീരുത്വം മുതലാ‍ക്കി യഥാര്‍ഥപ്രതിഷേധപ്രകടനത്തിനുള്ള സാധ്യത ഇല്ലാതാക്കുകയല്ലേ ഹര്‍ത്താല്‍ ചെയ്യുന്നത്. ഹര്‍ത്താലിനെ പറ്റി വ്യക്തമായ ധാരണ ഉണ്ടാവുകയല്ല വേണ്ടത്. ഹര്‍ത്താലിന് പകരം മറ്റ് സമര-പ്രതിഷേധമാര്‍ഗ്ഗങ്ങള്‍ ആരായുകയാണ് വേണ്ടത്. സത്യത്തിനും നീതിക്കും ന്യായത്തിനും വേണ്ടി സമരം ചെയ്യാനുള്ള ജനങ്ങളുടെ ധാര്‍മ്മികബലം ഇല്ലാതാക്കുകയാണ് ഹര്‍ത്താല്‍ എന്ന സമരരീതി ചെയ്യുന്നത്. ഹര്‍ത്താലിനെ പറ്റി നിങ്ങള്‍ക്ക് എന്ത് ധാരയാണ് ഉള്ളതെന്നല്ല്ല , പൊതുജനധാരണയാണ് ഞാനിവിടെ പ്രകാശിപ്പിച്ചത്. ഹര്‍ത്താല്‍ കൂടിയേ തീരൂ എന്ന് നിങ്ങളും ധരിക്കുകയാണെങ്കില്‍ കഷ്ടം എന്നേ പറയാന്‍ കഴിയൂ.

കള്ള്ഷാപ്പ് സമരത്തില്‍ വീട്ടമ്മമാര്‍ വിജയം കാണേണ്ടത് സംസ്ക്കാരം ഇവിടെ അന്യം നിന്ന് പോയിട്ടില്ല എന്ന് തെളിയിക്കുന്നതിന് അത്യന്താപേക്ഷിതമാണ്. സമരരംഗത്തുള്ള വീട്ടമ്മമാരുടെ പേരില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു...

രാജേഷ്‌ ശിവ*Rajesh Shiva said...

ഇതാണ് നമ്മുടെ നാട് . രാഷ്ട്രീയാന്ധത ബാധിച്ചവരുടെ തോന്ന്യാസമല്ലാതെ ഹര്‍ത്താല്‍ കൊണ്ട് എന്ത് പ്രയോജനം . ചുറ്റുമുള്ള ജീവിതങ്ങളെ കാണാത്ത കക്ഷി രാഷ്ട്രീയം തുലയട്ടെ..
കള്ളുകുടിയന്മാര്‍ക്ക് സൗകര്യം ചെയ്തും പാവങ്ങളെ ദ്രോഹിച്ച ആ സംഭവം അത്ഭുതമാണ് എന്നില്‍ ഉളവാക്കിയത്... അങ്ങ് എഴുതിയ കാര്യങ്ങള്‍ എല്ലാം തന്നെ എന്റെ ചിന്തകള്‍ക്ക് പിന്ബലമെകുന്നു...നന്ദി...ആശംസകള്‍..

നനവ് said...

അനീതിക്കെതിരെ പ്രതിഷേധിക്കുക എന്നത് ഒരു സാമൂഹ്യധർമ്മമാണ്.അത് ബന്ദായാലും,ഹർത്താലായാലും,ഉപവാസമായാലും,സത്യഗ്രഹമായാലും ഒരുപോലെ തന്നെ.ഇതിനകത്തുള്ള മൂല്യച്യുതിയാണ് എതിർക്കപ്പെടേണ്ടത്.അല്ലാതെ പ്രതിഷേധ മാർഗ്ഗത്തെയല്ല.സത്യസന്ധമായ സമരങ്ങൾക്ക് നമ്മുടെ സാന്നിധ്യംകൊണ്ടുതന്നെ പൂർണ്ണപിന്തുണയും നൽകേണ്ടതാണ്.എന്നാൽ മാത്രമേ മൂല്യങ്ങൾ പുനസ്ഥാപിക്കാനാവുകയുള്ളൂ..

കെ.പി.സുകുമാരന്‍ said...

@നനവ്

സോറി.
ബന്ദ്,ഹര്‍ത്താല്‍ , പൊതുപണിമുടക്ക് എന്നിവ അസംഘടിതരായ പൊതുജനങ്ങളുടെ മേല്‍ പ്രതിഷേധം ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കുന്ന ഫാസിസമാണ്. എനിക്ക് പ്രതിഷേധമുണ്ട് അതിനാല്‍ നീയും പ്രതിഷേധിച്ചോളണം എന്ന ധിക്കാരമാണത്. പ്രതിഷേധം എല്ലാവര്‍ക്കും ഉണ്ടാകണമെന്നില്ലല്ലൊ. ഇന്നത്തെ ഹര്‍ത്താലില്‍ ഏതെങ്കിലും സി.പി.എം.കാരന് യോജിപ്പുണ്ടാകുമോ? ഏത് പ്രശ്നത്തിലും മുഴുവന്‍ പേര്‍ക്കും പ്രതിഷേധം ഉണ്ടാകണമെന്നില്ല. പ്രതിഷേധിക്കാതിരിക്കാനുള്ള അവകാശവും തുല്യമാണ്. ഒരു സമരത്തില്‍ പ്രതിഷേധിക്കുന്നവനോ പങ്കാളിയാകുന്നവനോ ആണ് സഹനവും ആത്മപീഢനവും ഏറ്റുവാങ്ങേണ്ടത്. സത്യാഗ്രഹം , ഉപവാസം, നിരാഹാരം എന്നീ മഹത്തും ഉജ്ജ്വലവുമായ സമരരീതികളോട് ബന്ദും ഹര്‍ത്താലും കൂട്ടിക്കെട്ടരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.

കെ.പി.സുകുമാരന്‍ said...

@രാജേഷ്‌ ശിവ*Rajesh Shiva

നന്ദി രാജേഷ് ...

ഇസ്മായില്‍ കുറുമ്പടി ( തണല്‍) said...

നല്ല ഹര്‍ത്താല്‍!

എന്റെ വക ഒരു ഹര്‍ത്താല്‍
http://www.shaisma.co.cc/2010/03/blog-post.html

Ceeba said...

നന്നായിട്ടുണ്ട്

Ceeba said...

കെ.പി. സുകുമാരന്െറ കേട്ടെഴുത്ത് അസ്സലായി. തെക്കീബസാറില് 40 കൊല്ലക്കാലമായി നിയമവിധേയമായി ഷാപ്പ് പ്രവര്ത്തിക്കുന്നു എന്ന് സമ്മതിച്ചതില് സന്തോഷം. (നിയമവിരുദ്ധമാണെങ്കില് എന്തായാലും അത്രയും കൊല്ലം നില്ക്കാനിടയില്ല). ഇനി ഷാപ്പ് സമരത്തിന്െറ യാഥാര്ത്ഥ്യങ്ങളിലേക്ക്....

തെക്കീബസാറിലെ കൃഷ്ണകുമാര് എന്നയാളുടെ അധീനതയിലുള്ള കെട്ടിടം ഈ അടുത്തകാലത്താണ് കള്ളുചെത്ത് തൊഴിലാളി സഹകരണ സംഘം വിലകൊടുത്തു വാങ്ങുന്നത്. ഇപ്പോഴത്തെ കള്ളുഷാപ്പ് വിരുദ്ധരുടെ നേതൃസ്ഥാനത്തുള്ള ശശികലയുടെ അനുജനാണ് കൃഷ്ണകുമാര്. വിലകൊടുത്തുവാങ്ങിയ കെട്ടിടമാവട്ടെ പഴയ ഷാപ്പിന് അഞ്ചുമീറ്റര് മാത്രം അകലെയുള്ള ഒന്ന്. വില്ക്കുന്നസമയത്തോ അതിന് മുനിസിപ്പാലിറ്റി പെര്മിഷന് കൊടുക്കുന്നസമയത്തോ വീട്ടുകാരോ, വാര്ഡ് മെമ്പറോ അനങ്ങിയില്ല. മുനിസിപ്പാലിറ്റി പെര്മിഷന് ആയി കള്ള് വില്ക്കാന് തൊഴിലാളികള് വന്നപ്പോഴാണ് സമരം തുടങ്ങിയത്. ശശികലയുടെ വീട്ടുകാര് മാത്രമാണ് ആദ്യദിവസം ഒരു ബെഞ്ചില് ഇരിപ്പ് തുടങ്ങിയത്. തൊഴിലാളികള് ഒരു സംഘര്ഷത്തിന് വഴിമരുന്നിടേണ്ട എന്നു കരുതി തിരിച്ചുപോയി. പിറ്റേന്നും സമരം പഴയപടി തന്നെ. ഒരാഴ്ച പിന്നിട്ടപ്പോള് മദ്യവിരുദ്ധ സമിതി സമരം ഏറ്റെടുത്തു. ഈ ദിനങ്ങളിലെല്ലാം തൊഴിലാളികള് കള്ള് വില്പനയ്ക്ക് കൊണ്ടുവരികയും അതിന് ആവാതെ തിരിച്ചുപോവുകയും ചെയ്തു. പിന്നീട് കലക്ടറുടെ സാന്നിദ്ധ്യത്തില് സമരക്കാരുടെയും ചെത്തുതൊഴിലാളികളുടെയും യോഗത്തില് പുതിയ കെട്ടിടത്തില് ഷാപ്പ് പ്രവര്ത്തിക്കില്ലെന്നും അനുയോജ്യമായ ഒരു കെട്ടിടം കണ്ടെത്തിക്കൊടുക്കാമെന്നും ധാരണയായി. ഷാപ്പ് വിരുദ്ധര് കണ്ടെത്തിക്കൊടുത്ത സ്ഥലം പള്ളിക്ക് സമീപമായതിനാല് അതും സാധിച്ചില്ല. തുടര്ന്ന് കലക്ടര് കള്ള്ഷാപ്പ് പഴയകെട്ടിടത്തില് തന്നെ പ്രവര്ത്തിക്കാന് അനുവദിക്കണമെന്നും ഷാപ്പിന്െറ പ്രവേശനകവാടം ഇപ്പോഴുള്ള സ്ഥലത്ത് നിന്നും മാറ്റി മെയിന് റോഡില് നിന്നും ആക്കാന് സഹായിക്കണമെന്നും സമരക്കാരോട് അഭ്യര്ത്ഥിച്ചു. അപ്പോഴേയ്ക്കും സമരത്തിന്െറ രൂപം മാറിയിരുന്നു. ആര്.എസ്.എസ്സും എന്ഡിഎഫും സമരം ഏറ്റെടുത്തിരുന്നു. മദ്യവിരുദ്ധസമിതിയാവട്ടെ ആളുകൂടിയതോടെ ഒരു വിട്ടുവീഴ്ചക്കും തയ്യാറില്ല എന്ന നിലപാടിലുമായി.

Ceeba said...

വീട്ടുകാര് തുടങ്ങിയ സമരം തല്പര കക്ഷികള് `ഹൈജാക്ക്' ചെയ്തതോടെ സമരത്തിന്െറ രൂപം മാറി. അവര് പലിയ പന്തലുകെട്ടി ആഘോഷമായി സമരം തുടങ്ങി. മാധ്യമങ്ങളുടെ പരിലാളന വേണ്ടുവോളം കിട്ടി. കടലാസ് സംഘടനകളുടെ പിന്തുണ ദിവസം കഴിയുന്തോറും കൂടിക്കൂടിവന്നു. (പാവം ചെത്തുതൊഴിലാളികള് ഓരോ ദിവസവും പന്തലുവരെ പൊരിവെയിലില് പ്രകടനം നടത്തി തിരിച്ചുപോയിക്കൊണ്ടിരുന്നു)

ഗത്യന്തരമില്ലാതെയാണ് നാല്പത്തിയഞ്ചാം ദിവസം ചെത്തുതൊഴിലാളികള് സമരപ്പന്തലിലേക്ക് ഇടിച്ചുകയറി കള്ളുവില്ക്കാന് ശ്രമിച്ചത്. കൂടുതല് ഐ.എന്.ടി.യു.സി. തൊഴിലാളികള് ജോലിചെയ്യുന്ന ഷാപ്പില് അവര് തന്നെയായിരുന്നു സമരത്തിന്െറ മുന്നിരയിലും. (ഷാപ്പ് വിരുദ്ധ സമരത്തിന് അനുകൂലമായി പ്രകടനമായെത്തിയ യൂത്ത് കോണ്ഗ്രസ്സുകാര് ഐ.എന്.ടി.യു.സി.ക്കാരന്െറ കൈയുടെ ചൂടറിഞ്ഞതും അതു കണ്ട് വണ്ടി റിവേഴ്സ് എടുത്ത് അവരുടെ നേതാവായി വന്ന അത്ഭുതക്കുട്ടി എം.എല്.എ. മുങ്ങിയതും പത്രക്കാരോട് ചോദിച്ചാല് കെ.പി. സുകുമാരന് പറഞ്ഞുതരും). പി. രാമകൃഷ്ണന് സ്ഥലത്തെത്തിയാണ് ഐ.എന്.ടി.യു.സി.ക്കാരെ സമാധാനിപ്പിച്ചത്.

അന്ന് തന്നെ പുതിയ ഷാപ്പ് സമരക്കാര് അടിച്ചുതകര്ക്കുകയും ചെത്തുതൊഴിലാളികളെ ക്രൂരമായി ആക്രമിക്കുകയും ചെയ്തത് പത്രങ്ങളില് വാര്ത്തയായോ എന്തോ? അതിന്െറ തുടര്ച്ചയായാണ് കെ.പി. സുകുമാരന് ഇവിടെ വിവരിച്ചിരിക്കുന്ന ഹര്ത്താല് അരങ്ങേറിയത്.

തികച്ചും ഗാന്ധിയന് സമരരീതി എന്ന് ആണയിടുന്ന സമരക്കാര് ആദ്യദിവസം മുതല് ഉപരോധ സമരമാണ് നടത്തിയത്. ഏറ്റവും ശ്രദ്ധേയമായ ഒരു കാര്യം കള്ളുവില്ക്കുന്നതിന് സൊസൈറ്റിക്ക് നിയമം മൂലം ഒരു വിലക്കും ഉണ്ടായിരുന്നില്ലെന്നതാണ്. ന്യായമായും പോലീസ് സംരക്ഷണം കൊടുത്ത് ഷാപ്പ് പ്രവര്ത്തിക്കേണ്ടിയിരുന്നു. എന്നാല് നാട്ടുകാരുടെ സഹകരണമില്ലാതെ ഷാപ്പിന് നിലനില്ക്കാനാവില്ല എന്ന തിരിച്ചറിവിലാണ് പ്രകോപനപരമായി സൊസൈറ്റി നീങ്ങാതിരുന്നത്. അത് പലരും മുതലെടുക്കുന്ന കാഴ്ചയാണ് തെക്കീബസാറില് കഴിഞ്ഞ ഒന്നരമാസമായി കാണാന് കഴിയുന്നത്.

അര്ദ്ധസത്യങ്ങളും അസത്യങ്ങളും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ സിപിഎം വിരുദ്ധന്െറ തൂലിക ഇനിയും ചലിക്കട്ടെ. മറുപടി പറയാന് ഞങ്ങളെപ്പോലുള്ള ചിലരെങ്കിലും അവശേഷിക്കാതിരിക്കില്ല.

കെ.പി.സുകുമാരന്‍ said...

എന്റെ ഈ പോസ്റ്റ് ഹര്‍ത്താലിനെതിരെയാണ്. ഇന്നത്തെ കണ്ണൂര്‍ ഹര്‍ത്താലിനാസ്പദമായ കള്ള്ഷാപ്പ് സമരം പാരാമര്‍ശിക്കാതെ ഈ പോസ്റ്റ് എഴുതാന്‍ സാധിക്കുമായിരുന്നില്ല. മേലെ ദീര്‍ഘമായി കമന്റ് എഴുതിയ അനോണിക്ക് നനവ് എന്ന ബ്ലോഗര്‍ മറുപടി കൊടുക്കുമെന്ന് കരുതുന്നു.

പിന്നെ സി.പി.എം. ഭക്തര്‍ ഉണ്ടെങ്കില്‍ നാട്ടില്‍ സി.പി.എം. വിരുദ്ധരും ഉണ്ടാവും. ഗള്‍ഫിലൊക്കെ പോയി കോടികള്‍ പിരിച്ചു വിപ്ലവം വിജയിപ്പിച്ച് തൊഴിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം സ്ഥാപിച്ച് ഏകകക്ഷിഭരണം നടപ്പാക്കുന്നത് വരെ സി.പി.എം.വിരുദ്ധരെ സഹിച്ചേ പറ്റൂ. ഈ സി.പി.എം.കാര്‍ എന്തിനൊക്കെ ആര്‍ക്കൊക്കെ വിരുദ്ധരാണ് എന്ന് ആരും കണക്കെടുത്തിട്ടില്ലല്ലൊ. സാമ്രാജ്യത്വം മുതല്‍ മാവോയിസ്റ്റുകള്‍ക്കെതിരെ വരെ സി.പി.എം.കാരന്‍ വിരുദ്ധത ഛര്‍ദ്ദിക്കുന്നത് കാണാമല്ലൊ. വിരുദ്ധതയെന്താ സി.പി.എം.കാരുടെ അട്ടിപ്പേറോ?

ജനശക്തി said...

ceeba കമന്റുകള്‍ http://jaivadarsanam.blogspot.com/2010/05/blog-post.html എന്ന പോസ്റ്റിലും ഇടണം എന്നഭ്യര്‍ത്ഥിക്കുന്നു. എങ്ങിനെയൊക്കെയാണ് മുഖ്യധാരാ മാധ്യമങ്ങളില്‍ വസ്തുതകള്‍ വളച്ചോടിക്കപ്പെടുന്നത് എന്നതിന്റെ ചിത്രം ഈ കമന്റുകള്‍ നല്‍കുന്നുണ്ട്. മുഖ്യധാരാ വാര്‍ത്ത ആശ്രയിച്ച് ഹര്‍ത്താലിന്റെ കാരണത്തിനു പിന്തുണ പ്രഖ്യാപിച്ച ശ്രീ കെ.പി.സുകുമാരന്‍ ഒഴിഞ്ഞു മാറിയ സ്ഥിതിക്ക് നനവ് വിശദീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സത്യാന്വേഷി said...

രാഷ്ട്രീയക്കാരോടും മറ്റ് ഹര്‍ത്താലനുകൂല സംഘടനകളോടും ഇറ്റ് ദയവു കാട്ടണേ. ഇക്കാലത്ത് ഒരു ധര്‍ണയോ പിക്കറ്റിങ്ങോ പ്രതിഷേധ ജാഥയോ സംഘടിപ്പിക്കണമെങ്കില്‍ എന്താ പാട് ?ഹര്‍ത്താലാണെങ്കില്‍ ഈസിയാ. വെറുതെ ഒരു പത്രക്കുറിപ്പും ഇറക്കി വീട്ടിലോ പാര്‍ട്ടി ആപ്പീസിലോ ഇരുന്നാല്‍ പോരേ? ജനങ്ങള്‍ കടകമ്പോളങ്ങളടച്ച് ,വാഹനം ഒടിക്കാതെയും തലേന്നു വാങ്ങിവച്ച മദ്യവും കഴിച്ച് ഭള്ളു പറഞ്ഞിരുന്നോളും.പിന്നെ ടൂവീലറുകാര്‍ക്ക് ഒരു ഹര്‍ത്താലും ബാധകമല്ല.കഴിഞ്ഞ ഹര്ത്താലില്‍ സഖാവ് എം എ ബേബി ഒരു ടൂവീലറുകാരന്റെ പുറകിലിരുന്നു വരുന്നതു കണ്ടില്ലേ? (മിനിമം ഒരു ടൂവീലറെങ്കിലും ഇല്ലാത്ത കശ്മലന്മാര്‍ അനുഭവിക്കണ്ടേ)കേരളീയര്‍ക്ക് ഹര്‍ത്താല്‍ ഒരാഘോഷമാണ്. ഈ സുകുമാരേട്ടനെക്കൊണ്ടു മഹാശല്യമായല്ലോ!

അങ്കിള്‍. said...

ജയിക്കാൻ മറ്റു മാർഗ്ഗങ്ങളില്ലെന്നു ഉറപ്പ് വരുമ്പോൾ ചില സ്ത്രീകൾ നെഞ്ചത്തടിച്ച് സ്വയം ശിക്ഷിക്കുന്നത് പോലെയാണു ഹർത്താൽ:

ആശയം: കൈപ്പള്ളിയോടെ കടപ്പാട്.

Ceeba said...

ശ്രീ. കെ.പി. സുകുമാരന്‍ എന്നെ അനോണിയാക്കിയിരിക്കുകയാണ്. അദ്ദേഹത്തിന് എന്നെ നന്നായറിയാം എന്ന് എനിക്കറിയാം. ഇരുപതു വര്‍ഷത്തിലധികമായി തെക്കീബസാറില്‍ ഞാനുണ്ട്. മുഴുവന്‍ പേര് സീബബാലന്‍. ceebabalan@gmail.com

ജനശക്തി,
കെ.പി. സുകുമാരന്‍ മറുപടിക്കുവേണ്ടി ആശ്രയിക്കുന്ന ഈ `നനവ്' കൂടിയാണ് സമരം ഏറ്റെടുത്തിട്ടുള്ളത്. കേരളത്തിന്‍െറ ഏത് ഭാഗത്തും അവരുടെ താല്പര്യത്തിനനുസരിച്ചുള്ള ഏത് സമരവും`ഏറ്റെടുത്തു വിജയിപ്പിച്ചുകൊണ്ടിരിക്കുന്ന' ഇത്തിള്‍ക്കണ്ണികളുടെ സംഘത്തില്‍ പെട്ടവരാണിവര്‍. നക്കാപ്പിച്ച കാശ് വാങ്ങി സാമൂഹ്യപ്രവര്‍ത്തനത്തെ വ്യഭിചരിക്കുന്ന ഇത്തരം ആള്‍ക്കാരെത്തന്നെ ശ്രീ. സുകുമാരന്‍ ആശ്രയിക്കണം. ഈ അടുത്തദിവസമാണ് മാന്‍ഗ്രൂവ്സ് തീം പാര്‍ക്കിനെതിരെ `പ്രതിഷേധ ഷോ' നടത്തിയ ഇവരെ നാട്ടുകാര്‍ കൈകാര്യം ചെയ്തത്.

നനവ് said...

ഹർത്താലിനെപ്പറ്റി ആർക്കും ശരിക്കു മനസ്സിലാക്കാൻ പറ്റാഞ്ഞത് ചിലപ്പോൾ പറഞ്ഞുഫലിപ്പിക്കുന്നതിലുണ്ടായ പോരായ്മകൊണ്ടാകാം.ഹർത്താലിന്റെ ഇന്നത്തെ ജീർണ്ണിച്ച മുഖം മാത്രമാണോ നിങ്ങൾ കണ്ടിട്ടുള്ളത്?ആയിരിക്കാനിടയില്ല...യഥാർത്ത പ്രതിഷേധങ്ങൾക്കും സമൂഹത്തിന്റെ മൊത്തം ആവശ്യങ്ങൾക്കുംവേണ്ടി സ്വയം ഹർത്താലാചരിച്ചിരുന്ന ഒരു കാലം അധികം വിദൂരത്തൊന്നുമായിരുന്നില്ല.അന്ന് സഞ്ചരിക്കാനും അത്യാവശ്യകാര്യങ്ങൾ നടത്തുവാനും പൊതുജനത്തിന് സ്വാതന്ത്ര്യം ഉണ്ടായിരുന്നു.എന്നിട്ടും അതിൽ നടക്കുന്ന ജീർണ്ണതയെയും ഫാസിസത്തെയും അക്രമങ്ങളെയും പറ്റിപ്പറയാതെ,മൊത്തം ഒരു പ്രതിഷേധമാർഗ്ഗം ഇല്ലാതാക്കണം എന്നു പറയുന്നത് ആശാസ്യമല്ല...ഈ മാർഗ്ഗത്തെ ഉപയോഗിച്ച് ഫാസിസം നടപ്പാക്കുന്നതിനെയാണ് എതിർക്കേണ്ടത്.ഇന്ന് ഹർത്താൽ അത്രമാത്രം ജീർണ്ണിച്ചിരിക്കുന്നു എന്നത് നേരുതന്നെ.ജീർണ്ണതകളെ എതിർക്കുന്നവരെ മന്ദബുദ്ധികൾ എന്നപഹസിക്കുകയും പ്രതികരിക്കാതെ മാറീനിൽക്കുകയും ചെയ്യുന്ന ഒരു സമൂഹവും ഇതിനു കാരണക്കാരാണ്.എലിയെപ്പേടിച്ച് ഇല്ലം ചുടണോ?....
ഇനി കള്ളുഷാപ്പിന്റെ കാര്യം... ഇവിടെ കമന്റ്റ്സിട്ട ആരുടെയെങ്കിലും വീട്ടുമുറ്റത്ത് ഒരു സുപ്രഭാതത്തിൽ ഒരു കള്ളുഷാപ്പ് സ്ഥാപിക്കപ്പെട്ടാൽ എങ്ങനെയിരിക്കും?അവിടത്തെ സ്ത്രീകൾ എങ്ങനെ പ്രതികരിക്കും?അവർക്കു പെണ്മക്കളുണ്ടെങ്കിൽ അവരെങ്ങനെ സമാധാനത്തോടെ ജീവിക്കും?ഒരു ചായക്കടയാണെങ്കിൽ‌പ്പോലും കൊച്ചുപെൺകുട്ടികളെപ്പോലും മര്യാദയ്ക്ക് വഴിനടക്കാൻ വിടാത്ത ഇക്കാലത്ത് ഒരു കള്ളുഷാപ്പ്...ഒന്നു സ്വയം വിമർശ്ശനം നടത്തിനോക്കുക ,സുഹൃത്തുക്കളെ...ഞങ്ങൾ ചിന്തിക്കാൻപോലും ഭയപ്പെടുന്ന ആ ദുർഘടാവസ്ഥ തെക്കീബസാറിലെ കുറച്ച് സ്ത്രീകളുടേ വീട്ടുമുറ്റത്ത് വന്നുഭവിച്ചപ്പോൾ അവർ പ്രതികരിച്ചു.പിന്നെ,കണ്ണും കാതും ഹൃദയവും തുറന്ന് കാര്യങ്ങൾ കാണാനും കേൾക്കാനും സാധിക്കുന്നവർ അവർക്കൊപ്പം ചേർന്നു.അല്ലാതെ ഇത് മുഖ്യധാരാ മാധ്യമങ്ങളുടെ ചെപ്പടിവിദ്യകളായിരുന്നില്ല....
പിന്നെ ആ സമരം പല ദിശകളിലേയ്ക്കും കൈമാറ്റം [ഹൈജാക്ക് ]ചെയ്യപ്പെടുന്നുണ്ടെങ്കിൽ അതിനു കാരണവും ജീർണ്ണതകളും ഫാസിസ്റ്റ് സമീപനങ്ങളും തന്നെയാണ്...രക്ഷിക്കേണ്ടവർ ശിക്ഷിക്കാൻ വരുമ്പോൾ ഏതു മാളത്തിലും പോയൊളിക്കുക എന്നത് ജന്തുസഹജമാണ്....ഈ മാളങ്ങൾ മുതലെടുപ്പ് നടത്തുന്നുണ്ടെങ്കിൽ അതിനവസരം ഒരുക്കിയവരാണുത്തരവാദികൾ...

Ceeba said...

സമരം തുടങ്ങിയതിന്‍െറ പിറ്റേദിവസം മുതല്‍ രമ്യമായി പരിഹരിക്കാന്‍ എത്രയോ അവസരങ്ങളുണ്ടായിട്ടും അതിനുശ്രമിക്കാതെ തീവ്രവാദികളെയും വര്‍ഗീയവാദികളെയും സമരത്തിലേക്ക് നുഴഞ്ഞുകയറാന്‍ അവസരം കൊടുത്തവര്‍ നടത്തുന്ന ചാരിത്ര്യപ്രസംഗം കേള്‍ക്കാന്‍ നല്ല സുഖം!

Ceeba said...

ഒരു സുപ്രഭാതത്തില്‍ തുടങ്ങിയ കള്ളുഷാപ്പല്ല അത് പ്രിയപ്പെട്ട ആശാഹരി. നാല്പത് വര്‍ഷമായി നടന്നുകൊണ്ടിരിക്കുന്നു. അഞ്ച് മീറ്റര്‍ അകലത്തുള്ള പുതിയ കെട്ടിടത്തില്‍ നടത്തുന്നതിനാണ് ഇപ്പോള്‍ തൊഴിലാളികള്‍ ശ്രമിച്ചത്. കെട്ടിടം വിറ്റവര്‍ തന്നെയാണ് പിന്നീട് അതിനെതിരെ സമരം തുടങ്ങിയത്. (38 ലക്ഷം രൂപക്കാണ് കെട്ടിടം സൊസൈറ്റി വാങ്ങിയത് എന്നാണ് അറിയാന്‍ കഴിഞ്ഞത്.) മുനിസിപ്പാലിറ്റി അംഗീകാരം കൊടുക്കുമ്പോള്‍ ഉണ്ടായിരുന്ന വാര്‍ഡ് മെമ്പര്‍ പ്രശാന്ത്ബാബു ആണ് പിന്നീട് സമരത്തിന് നേതൃത്വം കൊടുത്തത്. (അയാള്‍ക്കും നിലനില്പ് തന്നെ പ്രശ്നം-തെരഞ്ഞെടുപ്പ് അടുക്കുകയല്ലേ)

ഗാന്ധിയന്‍ സമരത്തിന് പിന്തുണയായെത്തുന്ന `മാന്യന്മാരെ' തെക്കീബസാറുകാര്‍ക്കെങ്കിലും നന്നായറിയാം. ആശാഹരിക്ക് അത് അറിയാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും!

Ceeba said...

ജൈവദര്‍ശനം ബ്ലോഗില്‍ ഇട്ട കുറിപ്പുകള്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല....

ജനശക്തി said...

നന്ദി സീബ ഈ ഇടപെടലിന്.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

സീബ, ജനശക്തി...

ഇതാദ്യമായിട്ടാണോ സുകുമാരന്‍ ചേട്ടന്‍ ഇത്തരം അബദ്ധങ്ങള്‍ എഴുതുന്നത്..? കാളപെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കുക എന്നു മാത്രമേ അദ്ദേഹത്തിനുള്ളൂ.പണ്ട് അമ്പലപ്പുഴയിലെ കോണ്‍ഗ്രസുകാര്‍ സി.പി.എമ്മിന്റെ പേരില്‍ പ്രകടനം നടത്തിയപ്പോളും ഇതേ പോലെ ഒരുപോസ്റ്റ് അദ്ദേഹം ഇട്ടിട്ടുണ്ട്.വസ്തുത എന്താണെന്ന് അറിയണമെന്നൊന്നും സുകുമാരന്‍ ചേട്ടനില്ല.കമ്യൂണിസ്റ്റ് വിരുദ്ധത മാത്രം കൈമുതല്‍..അവസാ‍നം സത്യം ആരെങ്കിലുമൊക്കെ വെളിപ്പെടുത്തുമ്പോള്‍ സ്വയം പരിഹാസ്യനായിപ്പോകുന്നു.

എന്തിനു സുകുമാരന്‍ ചേട്ടാ താങ്കളിങ്ങനെ തരം താഴുന്നു?

($nOwf@ll) said...

സമരം എന്ന് കേട്ടിട്ടുണ്ട്. അനുഭവിച്ചിട്ടില്ല.. എന്നെങ്കിലും അതിനുള്ള 'ഭാഗ്യം' ഉണ്ടാകുമായിരിക്കും. അല്ലെ സാറേ?

കെ.പി.സുകുമാരന്‍ said...

ജൈവദര്‍ശനം എന്ന ബ്ലോഗില്‍ എഴുതിയ കമന്റ് ഇവിടെയും ചേര്‍ക്കുന്നു:

ഈ സമരം വിജയിക്കുക തന്നെ ചെയ്യും. സമരം ചെയ്യാനുള്ള കുത്തകാവകാശം തങ്ങള്‍ക്ക് മാത്രമാണെന്നാണ് കമ്മ്യൂണിസ്റ്റുകാര്‍ കരുതുന്നത്. തങ്ങള്‍ ചെയ്യുന്നതെല്ലാം മറ്റുള്ളവര്‍ സഹിച്ചുകൊള്ളണം എന്നാതാണ് അവരുടെ നയം. മറ്റാര് സമരം നടത്തിയാലും കയ്യൂക്ക് കൊണ്ട് ആ സമരത്തെ പരാജയപ്പെടുത്താന്‍ ശ്രമിക്കും. കുറെക്കാലമായി കേരളത്തില്‍ ജനകീയസമരങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതും നേതൃത്വം നല്‍കുന്നതും മറ്റ് സംഘടനകളും വ്യക്തികളുമാണ്. സി.പി.എമ്മും അതിന്റെ പോഷക സംഘടനകളും ചെയ്തുവരുന്നത് വൈറ്റ്കോളര്‍ സമരങ്ങള്‍ നടത്തലും യഥാര്‍ത്ഥ ജനകീയസമരങ്ങളെ ആക്രമിച്ച് ഉപരോധിക്കലുമാണ്. അതിന്റെ ഉദാഹരണമാണ് തെക്കി ബസാറിലും കണ്ടത്.

കള്ള് ഷാപ്പ് കെട്ടിടം സി.പി.എം.സൊസൈറ്റി വിലക്ക് വാങ്ങിയതാണ് പ്രശ്നത്തിന്റെ കാരണം എന്ന് സീബയുടെ കമന്റില്‍ നിന്ന് മനസ്സിലാക്കുന്നു. അവര്‍ക്ക് കെട്ടിടം മറ്റെവിടെയെങ്കിലും കൊണ്ടുപോയി സ്ഥാപിക്കാന്‍ കഴിയില്ലല്ലൊ. വീടുകള്‍ക്ക് മദ്ധ്യത്തില്‍ കള്ള് ഷാപ്പ് എന്നത് എനിക്കും സഹിക്കാന്‍ കഴിയില്ല എന്ന് സ്ത്രീ കൂടിയായ സീബ സമ്മതിക്കുന്നുണ്ട്. എന്നിട്ടും ഷാപ്പ് നിയമവിധേയമല്ലേ, പട്ടണത്തില്‍ വേറെയും ബാറുകള്‍ ഇല്ലേ, രമ്യമായി പ്രശ്നം പരിഹരിച്ചൂടെ എന്നൊക്കെ ഒഴിവ്കഴിവ് ചോദ്യങ്ങളാണ് സീബ ഉന്നയിക്കുന്നത്. സീബയുടെ വീടും ഇപ്പറഞ്ഞ ഷാപ്പിന്റെയടുത്തായിരുന്നെങ്കില്‍ ഇമ്മാതിരി ഞഞ്ഞാമിഞ്ഞ ന്യായം വിളമ്പുകയില്ലായിരുന്നു. കള്ള് ഷാപ്പ് അവിടെ നിന്ന് മാറ്റുക എന്നല്ലാതെ മറ്റെന്ത് രമ്യമായ മാര്‍ഗ്ഗമാണ് ഉള്ളത്. മറ്റ് പലയിടത്തും ബാറുകള്‍ ഉണ്ടെന്ന് വെച്ചും ഐ.എന്‍.ടി.യു.സി.ക്കാരനും ചെത്തുന്നുണ്ടെന്ന് കരുതിയും അവിടത്തെ വീട്ടമ്മമാര്‍ക്ക് കള്ളുകുടിയന്മാരുടെ ആഭാസങ്ങള്‍ സഹിക്കാന്‍ കഴിയുമോ? ആരാന്റെയമ്മക്ക് ഭ്രാന്ത് വന്നാല്‍ എന്ന പഴഞ്ചൊല്ലാണ് ഓര്‍മ്മ വരുന്നത്.

കമ്മ്യൂണിസ്റ്റുകാരന്റെ ധാര്‍ഷ്ഠ്യവും, കയ്യൂക്കും, പൌരജനങ്ങളെ കശാപ്പ് ചെയ്യലും ആഡംബരജീവിതവും ധനം കൊള്ളയടിച്ച് കുന്ന് കൂട്ടലും ലോകമാസകലം തകര്‍ത്തെറിയപ്പെട്ട ചരിത്രമാണ് നമ്മുടെ മുന്നിലുള്ളത്. മനുഷ്യസ്നേഹത്തിന്റേതെന്ന പേര് പറഞ്ഞ് ഒരു കിത്താബ് ഉയര്‍ത്തിക്കാട്ടി ഫാസിസമാണ് ലോകത്തെവിടെയും കമ്മ്യൂണിസ്റ്റുകാര്‍ നടപ്പാക്കാറ്. അത് ഏറെക്കാലം ജനങ്ങള്‍ സഹിക്കില്ല എന്നതിന്റെ തെളിവ് സമീപകാലചരിത്രമാണ്. ഭരണത്തിന്റെ അവസാനനാളുകളില്‍ നന്ദിഗ്രാം കേരളത്തില്‍ ആവര്‍ത്തിക്കാനാണ് സി.പി.എം. ശ്രമിക്കുന്നതെന്ന് കിനാലൂരില്‍ സമരക്കാര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തതില്‍ നിന്ന് മനസ്സിലാകുന്നു. കമ്മ്യുണിസ്റ്റുകള്‍ ഇന്നല്ലെങ്കില്‍ നാളെ ലോകത്ത് നിന്ന് തുടച്ചെറിയപ്പെടാന്‍ പോകുന്ന ഫാസിസ്റ്റുകളാണ്. അതിന്റെ മരണ വെപ്രാളമാണ് കേരളത്തിലും കാണിക്കുന്നത്. കോടാനുകോടി വിലമതിപ്പുള്ള ഭൂസ്വത്തുക്കളും കെട്ടിടസമുച്ചയങ്ങളും അനിവാര്യമായ പതനത്തില്‍ നിന്ന് കമ്മ്യൂണിസ്റ്റുകളെ രക്ഷിക്കാന്‍ പോകുന്നില്ല എന്നതിന് സോവിയറ്റ് യൂനിയന്‍ തന്നെ ഉദാഹരണം. വിശദമായി എന്റെ ബ്ലോഗില്‍ എഴുതാം ....

Ceeba said...

സുകുമാരന്‍ ചേട്ടാ,
ഞാനൊരിക്കലും എന്തുവിലകിട്ടിയാലും എന്‍െറ വീട് ഷാപ്പ് നടത്താന്‍ വില്ക്കില്ല!

കെ.പി.സുകുമാരന്‍ said...

അപ്പോള്‍ കള്ള്ഷാപ്പ് വീടിനടുത്ത് അത്രയും അസഹനീയമാണെന്ന് സീബയും സമ്മതിക്കുന്നു അല്ലേ? ഒരു ഉടമയല്ലേ വിറ്റത് സീബേ ? മറ്റ് വീടുകളിലെ വീട്ടമ്മമാരും കുട്ടികളും എന്ത് പിഴച്ചു?

Ceeba said...

ഒരു വീട് മാത്രമേ ഷാപ്പിനടുത്തുള്ളൂ സുകുമാരന്‍ ചേട്ടാ.... താങ്കള്‍ ഇവിടം വരെ വന്നുനോക്കൂ.... ചില ചിത്രങ്ങള്‍ താങ്കളുടെ മെയിലില്‍ ഞാന്‍ തരാം... സംഗതി പിടികിട്ടും

Ceeba said...

പുതിയ കെട്ടിടത്തില്‍ ഷാപ്പ് നടത്തില്ല എന്ന് സൊസൈറ്റി സമരത്തിന്‍െറ രണ്ടാമത്തെ ദിവസം തന്നെ പറഞ്ഞിട്ടുണ്ട്. ഗാന്ധിയന്‍മാര്‍ നടത്തിയ സമരം ഇപ്പോള്‍ ആര്‍.എസ്.എസ്സും എന്‍.ഡി.എഫും ഏറ്റെടുത്തിരിക്കുന്നു. പന്തലിന്‍െറ ചിത്രവും തരാം.

കെ.പി.സുകുമാരന്‍ said...

ഞാന്‍ അവിടം വരെ വരുന്നുണ്ട്. പാപ്പിനിശ്ശേരിയിലെ കണ്ടല്‍ക്കാടിനെ പറ്റിയും തിരുവേപ്പതി മില്ലിന്റെ സ്ഥാനത്ത് ഐമാക്സ് തിയേറ്ററും മെഴുക് മ്യൂസിയവും മറ്റും ഉയരുന്നതിനെക്കുറിച്ചും കോഴിക്കോട് കോംട്രസ്റ്റ് സ്ഥലത്ത് ഉയരാന്‍ പോകുന്ന ഷോപ്പിങ്ങ് മാള്‍ മറ്റും പഞ്ചനക്ഷത്ര ഹോട്ടല്‍ എന്നിവയെക്കുറിച്ചൊക്കെ ഒരു ഫീച്ചര്‍ തയ്യാറാക്കണമെന്നുണ്ട്. വിപ്ലവവും സോഷ്യലിസവും ഇത്തരം തീം പാര്‍ക്കുകളിലൂടെയും ഐമാക്സ് തീയേറ്ററുകളിലൂടെയുമാണ് സഫലമാവുക എന്ന പുത്തന്‍ കമ്മ്യൂണിസ്റ്റുകളുടെ തിരുത്തല്‍ സിദ്ദാന്തം ബ്ലോഗിലെ സുനിലിനെ പോലെയുള്ള സി.പി.എം.കാരും അറിയണമല്ലൊ. പണ്ടൊക്കെ കേരളത്തില്‍ നിന്ന് കമ്മ്യുണിസ്റ്റുകാര്‍ മറ്റ് സംസ്ഥാനങ്ങളില്‍ പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ പോകാറുണ്ടായിരുന്നു. ഇന്ന് സംസ്ഥാനസെക്രട്ടരിയും പരിവാരങ്ങളും ഗള്‍ഫില്‍ പോകുന്നത് മൂന്നേമുക്കാല്‍ ഏക്കര്‍ സ്ഥലത്ത് തിയറ്റര്‍ സമുച്ചയം പണിയാന്‍ പണം പിരിക്കാന്‍ വേണ്ടി. വിപ്ലവം ആധുനികകാലത്ത് ഓണ്‍‌ലൈനില്‍ വരുമായിരിക്കും. സാമര്‍ത്ഥ്യം പോലെ ഇതൊക്കെ സംഘടിപ്പിക്കുന്നതില്‍ ആര്‍ക്കും പരാതിയുണ്ടാകുമായിരുന്നില്ല കമ്മ്യൂണിസവും വിപ്ലവവും സോഷ്യലിസവും ഞങ്ങള്‍ ഒഴിവാക്കി എന്ന് പരസ്യമായി പറഞ്ഞിരുന്നുവെങ്കില്‍ . ഇതൊക്കെ പറയുമ്പോള്‍ സി.പി.എം. വിരുദ്ധന്‍ എന്ന ലേബല്‍ ഒട്ടിക്കാനാണ് താല്പര്യമെങ്കില്‍ ആ ലേബല്‍ അഭിമാനാര്‍ഹമാണ്.

Ceeba said...

ശ്രീ. കെ.പി. സുകുമാരന്‍ കോണ്‍ഗ്രസ് രക്തം സിരകളിലോടുന്ന ഒരാളാണെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. 98%വും കോണ്‍ഗ്രസ്സുകാര്‍ മാത്രം അധിവസിക്കുന്ന തെക്കിബസാര്‍ എരുമക്കുടിയിലെ ഈ `ധാര്‍മികസമരം' എന്‍.ഡി.എഫിന്‍െറയും ആര്‍.എസ്.എസ്സിന്‍െറയും കാല്‍ക്കല്‍ കൊണ്ടുവെച്ചതിന്‍െറ ഉത്തരവാദിത്തത്തില്‍ നിന്നും നിങ്ങളുടെ പാര്‍ട്ടിക്ക് ഒഴിഞ്ഞുമാറാനാവില്ല. പച്ചവെള്ളംപോലും ചവച്ചരച്ചു കുടിക്കുന്ന മഹാഗാന്ധിയന്മാരുടെ മദ്യവിരുദ്ധസമിതിക്ക് ഒഴിഞ്ഞുമാറാനാവില്ല. അവരെല്ലാം ഇപ്പോള്‍ എവിടെയാണെന്ന് മഷിയിട്ടു നോക്കേണ്ടിയിരിക്കുന്നു.

കെ.പി.സുകുമാരന്‍ said...

എന്‍ .ഡി.എഫും ആറെസ്സെസ്സും ഒക്കെ ഇവിടെ നിരോധിക്കപ്പെടാത്ത സംഘടനകളാണ്. പൊതുപ്രശ്നത്തില്‍ ഇടപെടാനും പ്രക്ഷോഭം നടത്താനും അവര്‍ക്ക് അവകാശമുണ്ട്. നല്ലത് കാലത്തെ അതിജീവിയ്ക്കും. തീയത് തല്‍ക്കാലം വിജയിച്ചാലും അധികകാലം നിലനില്‍ക്കില്ല എന്നത് പ്രകൃതിനിയമമാണ്.

കെ.പി.സുകുമാരന്‍ said...

//അവരെല്ലാം ഇപ്പോള്‍ എവിടെയാണെന്ന് മഷിയിട്ടു നോക്കേണ്ടിയിരിക്കുന്നു.//

അപ്പോള്‍ പിന്നെ ഇന്നത്തെ മാതൃഭൂമി കണ്ണൂര്‍ എഡിഷനിലെ മൂന്നാം പേജിലെ എട്ട് കോളം ചിത്രത്തില്‍ കാണുന്ന ജനാവലി മാധ്യമസിണ്ടിക്കേറ്റിന്റെ മോര്‍ഫിങ്ങ് ആണോ?

Ceeba said...

അതുതന്നെയാണ് സുഹൃത്തേ ഞാന്‍ ആദ്യം പറഞ്ഞത്- ചിലര്‍ ഹൈജാക്ക് ചെയ്തെന്ന്.

കെ.പി.സുകുമാരന്‍ said...

ഹൈജായ്ക്ക് ചെയ്തെന്ന് പറഞ്ഞാല്‍ മതിയോ? എല്ലാവരും മനുഷ്യരല്ലേ? പ്രതികരണം കാണില്ലേ? സഹജീവികളുടെ പ്രശ്നത്തില്‍ ആര്‍ക്കും ഇടപെടാം. ഒരു ലേബലും മുദ്രയും അതിന് തടസ്സമല്ല. ജനങ്ങളുടെ പേരില്‍ സമരങ്ങളും പ്രതിഷേധങ്ങളും നടത്താനുള്ള അവകാശം സി.പി.എം.കാര്‍ക്കായി മാത്രം സംവരണം ചെയ്യപ്പെട്ടിട്ടില്ല. സി.പി.എം.കാര്‍ക്കെതിരെയും സമരം മറ്റുള്ളവര്‍ക്ക് ചെയ്യേണ്ടി വരും. അതും കൂടി ഉള്‍ക്കൊള്ളുന്നതാണ് ഇവിടത്തെ ജനാധിപത്യം. ഹൈജായ്ക്ക് ചെയ്യപ്പെട്ടു എന്ന് പരിതപിക്കുന്നതില്‍ അര്‍ത്ഥമില്ല. സമരത്തില്‍ അവരും പങ്കെടുക്കുന്നു എന്നാണ് പറയേണ്ടത്.

അരുണ്‍/arun said...

@Ceeba
ഓഫ് :
ആരാണീ ആശാഹരി ?
തൂലികാനാമം ഉപയോഗിക്കുന്ന ഏതെങ്കിലും ബ്ലോഗര്‍ ആണോ ?
ആണെങ്കില്‍ അവരുടെ യഥാര്‍ഥപേര് വെളിപ്പെടുത്തുന്നത് ശരിയാണോ ?

Ceeba said...

ആട്ടിന്‍കുട്ടികളുടെ സമരത്തില്‍ ചെന്നായ്ക്കള്‍ക്കും അണിചേരാം... അതാണ് ജനാധിപത്യം.

@ arun
നനവ് എന്ന ബ്ലോഗറെയാണ് ഉദ്ദേശിച്ചത്. ബ്ലോഗില്‍ പേരു വെളിപ്പെടുത്തിക്കാണുന്നുണ്ട്. അതൊരു തെറ്റായിപ്പോയെങ്കില്‍ ക്ഷമിക്കണം.

അരുണ്‍/arun said...

@കെ.പി.സുകുമാരന്‍
സമരം ഹൈജാക്ക് ചെയ്യുക എന്നത് വളരെ നിര്‍ഭാഗ്യകരമായ കാര്യമാണ്. മറ്റുള്ളവര്‍ കൂടി അതില്‍ ഇടപെട്ടു എന്ന് പറയുന്നത്ര ലളിതമല്ല അത്. സമരത്തില്‍ ഇടപെടുന്നവരുടെ ഉദ്ദേശശുദ്ധി/ഉദ്ദേശശുദ്ധി ഇല്ലായ്മ സമരത്തിന്റെ വിജയത്തെ കാര്യമായി ബാധിക്കുന്നുണ്ട്.

സര്‍ക്കാര്‍ വക ബിവറേജസ് വില്പനശാല ജനജീവിതം ദുസ്സഹമാക്കുന്നു എന്ന കാരണത്താല്‍ പൊതുജനം തുടങ്ങിവെയ്ക്കുന്ന സമരത്തില്‍ വിവിധ സംഘടനകളുടെ മറവില്‍ പ്രദേശത്തെ പ്രമുഖ ബാര്‍ ഉടമകള്‍ ഉള്‍പ്പെടുന്ന കാര്യം ആലോചിച്ചുനോക്കൂ....

കെ.പി.സുകുമാരന്‍ said...

ആട്ടിന്‍ കുട്ടിയും ചെന്നായയും ,ഉപമ കൊള്ളാം. തെറ്റായ പ്രസ്ഥാവനകളെ ഉപമകൊണ്ട് സാധൂകരിക്കുന്ന ഒരു താര്‍ക്കീകശൈലിയുണ്ട്. അത് ഉത്തരം മുട്ടുമ്പോള്‍ പ്രയോഗിക്കുന്നതാണ്. ആരെയെങ്കിലും ഏകപക്ഷീയമായി അയിത്തം കല്പിച്ച് അവരും പങ്കെടുക്കുന്നു എന്ന കാരണം പറഞ്ഞ് ന്യായമായ ഒരു സമരത്തെ വികൃതമാക്കി ചിത്രീകരിക്കുക എന്നത് മാര്‍ക്സിയന്‍ കുതന്ത്രമാണ്. ഇനിയങ്ങോട്ടുള്ള സീബയുടെ കമന്റുകള്‍ക്ക് മറുപടിയില്ല.

കെ.പി.സുകുമാരന്‍ said...

@അരുണ്‍/arun

സമരത്തിന്റെ ഹൈജാക്കിങ്ങോ, പ്രദേശത്തെ പ്രമുഖ ബാര്‍ ഉടമകള്‍ നടത്താനിരിക്കുന്ന സാങ്കല്‍പ്പികസമരപ്രവേശമോ അല്ല ഇവിടത്തെ പ്രശ്നം. ഒരു പറ്റം വീട്ടുകാര്‍ക്ക് കള്ളുകുടിയന്മാരുടെ ബഹളമില്ലാതെ സ്വന്തം വീടുകളില്‍ അന്തിയുറങ്ങാന്‍ കഴിയണം എന്നതാണ്. ചെത്തിയെടുക്കുന്ന കള്ളില്‍ പച്ചവെള്ളം വേണ്ടുവോളം ചേര്‍ത്ത് പാവപ്പെട്ട തൊഴിലാളികളെ പറ്റിയ്ക്കുന്ന ചെത്ത്കാരുടെ അവകാശത്തേക്കാളും എത്രയോ മേലെയാണ് വീട്ടമ്മമാരുടെ അവകാശം എന്ന് കരുതുന്ന ആളുകളാണ് സമരത്തിന്റെ മുന്നണിയില്‍ ഉള്ളത്. ഒരു വശത്ത് കള്ള്കാരും മറുവശത്ത് വീട്ടമ്മമാരും അണിചേര്‍ന്ന ഈ ധര്‍മ്മയുദ്ധത്തില്‍ വീട്ടമ്മമാര്‍ ജയിച്ചേ പറ്റൂ.

Ceeba said...

സുകുമാരന്‍ചേട്ടന്‍െറ `വിലപ്പെട്ട' മറുപടി ദയവായി കിട്ടിക്കാനുള്ള ഏര്‍പ്പാടുകള്‍ ആരെങ്കിലും ചെയ്തുതരണം.

ചെത്തിയെടുക്കുന്ന കള്ളില്‍ എന്തുവെള്ളമാണ് ചേര്‍ക്കുന്നതെന്ന് ഇതുവരെ രുചിച്ചുനോക്കാന്‍ സാധിച്ചിട്ടില്ല. ഫാദര്‍ തൈത്തോട്ടം പറഞ്ഞത്, ചില ഗുളികകളുടെയും പൌഡറിന്‍െറയും പേരുകളാണല്ലോ സുകുമാരേട്ടാ..

പ്രിയപ്പെട്ട ചെത്തുകാരേ,
എനിക്ക് നിങ്ങളോടൊരപേക്ഷയുണ്ട്. സമൂഹത്തിലെ മാന്യന്മാര്‍ക്ക് കുടിക്കാന്‍ കൊടുക്കുമ്പോള്‍ നിങ്ങള്‍ ദയവുചെയ്ത് നല്ല കള്ളുതന്നെ കൊടുക്കണം.

കെ.പി.സുകുമാരന്‍ said...

ശരി, എന്റെ മറുപടിക്കായി സീബ ആരുടെയും ശിപാര്‍ശയ്ക്ക് പോകണ്ട. മറുപടിയില്ല എന്ന് പറഞ്ഞത് പിന്‍‌വലിയ്ക്കുന്നു.

ഫാദര്‍ തൈത്തോട്ടം പറഞ്ഞത് ഞാന്‍ കേട്ടിട്ടില്ല. എന്നാല്‍ മറ്റ് ചിലര്‍ പറഞ്ഞു കേട്ടത് പറയാം. ഇപ്പോള്‍ കള്ള് ഷാപ്പുകള്‍ ഏറ്റെടുത്ത് നടത്തുന്നത് സി.പി.എം.കാരുടെ സൊസൈറ്റികളാണല്ലൊ. അവര്‍ എന്ത് വെള്ളമാണ് ചേര്‍ക്കുന്നതെന്ന് അറിയില്ല. ഫാദര്‍ പറഞ്ഞതും ശരിയായിരിക്കാം. സി.പി.എം.കാരന്റെ കിണറ്റിലെ പച്ചവെള്ളത്തിനും ഇപ്പോള്‍ പൊന്നുംവിലയാണെന്നാണ് നാട്ടില്‍ പാട്ട്. മുന്‍പ് കോണ്‍‌ട്രാക്റ്റര്‍മാര്‍ ഷാപ്പ് നടത്തുമ്പോള്‍ കഞ്ചാവ് അലിയിച്ച വെള്ളമാണ് ചേര്‍ക്കാറ് എന്ന് കേട്ടിട്ടുണ്ട്. ഒരു ഷാപ്പിലെയും കള്ള് തീരാറില്ല. ചെത്തിയെടുക്കുന്ന കള്ളിനെക്കാളും എത്രയോ ഇരട്ടി കള്ളാണ് കേരളത്തില്‍ വിറ്റ് പോകുന്നത്. അധികം വരുന്ന കള്ള് എന്ന് പറയുന്നത് ഫാദര്‍ പറഞ്ഞ പോലെ ഗുളികയോ അല്ലെങ്കില്‍ കഞ്ചാവോ ചേര്‍ത്ത വെള്ളമാണ്. കള്ള് കുടിക്കാന്‍ കുടിയന്മാര്‍ വരുന്നത് ദാഹം തീര്‍ക്കാനല്ലല്ലൊ. ലേശം തരിപ്പ് തലയ്ക്ക് അനുഭവപ്പെടണ്ടേ. ഇത്തരം ആഭാസങ്ങള്‍ക്ക് ചൂട്ട് പിടിക്കാന്‍ കമ്മ്യൂണിസ്റ്റുകാരാണ് മുന്‍പില്‍ എന്നത് വിചിത്രം തന്നെ.

ഞാനൊക്കെ പഠിച്ച കമ്മ്യൂണിസത്തില്‍ ഒരാള്‍ ചെയ്യുന്ന തൊഴില്‍ സമൂഹത്തിന് ഗുണകരമായിരിക്കണം. എല്ലാ തൊഴിലും തൊഴിലല്ല. സമൂഹത്തിന് പ്രയോജനകരമാണോ എന്ന് നോക്കിയിട്ടാണ് ചെയ്യുന്ന തൊഴിലിനെ തൊഴിലെന്ന് നിര്‍വ്വചിക്കേണ്ടത്. ചക്കര എന്ന വിശിഷ്ടമായ ഒരു തരം മധുരപദാര്‍ത്ഥം ഉണ്ടാക്കാനാണ് ഒരു കാലത്ത് കള്ള് ചെത്ത് ചെയ്തുവന്നിരുന്നത്. ഇന്നും ചക്കര കിട്ടുമെങ്കില്‍ എത്ര വില കൊടുത്തും ആളുകള്‍ വാങ്ങും. പക്ഷെ ഒരു ജനതയെ മുഴുവന്‍ മദ്യത്തില്‍ മുക്കി മയക്കിക്കിടത്താനും ലോട്ടറി എന്ന ചൂതാട്ടത്തില്‍ വ്യാമോഹിപ്പിച്ച് നിഷ്ക്രിയരാക്കാനുമാണ് സി.പി.എം. എന്ന വ്യാപാര-വ്യവസായ-പാര്‍ട്ടി ശ്രമിക്കുന്നത്. തൊഴില്‍ എന്നാണ് ന്യായം. സമൂഹത്തില്‍ നാശം ഉണ്ടാക്കുന്നതും അധാര്‍മ്മികവുമായത് തൊഴില്‍ അല്ല. അത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവരെ സമൂഹത്തിന് അനുഗുണമായ തൊഴിലില്‍ പുനരധിവസിപ്പിക്കാനാണ് പുരോഗമനശക്തികള്‍ ശ്രമിക്കുക.

സീബ ഇനിയും എഴുതൂ. മറുപടി പറയാം. നാളെ മറ്റൊരു പോസ്റ്റ് എഴുതണം. പിണറായിയിലെ ഓട്ട് കമ്പനി മുതല്‍ തിരുവേപ്പതി മില്‍ വരെ ...

കെ.പി.സുകുമാരന്‍ said...

@നനവ്

പ്രിയ ബ്ലോഗര്‍ , ഹര്‍ത്താല്‍ എന്നത് ആദ്യമാദ്യം ദു:ഖസൂചകമായിട്ടായിരുന്നു ആചരിച്ചു വന്നിരുന്നത് എന്നാണ് എന്റെ ഓര്‍മ്മ. നമുക്ക് ആദരണീയരായിട്ടുള്ളവര്‍ മരണപ്പെട്ടാല്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്താല്‍ ആളുകള്‍ സ്വമേധയാ കടകളച്ചും പണികള്‍ മതിയാക്കിയും കറുപ്പ് കൊടികളുമായി മൌനജാഥയില്‍ അണിചേരുമായിരുന്നു. നഷ്ടപ്പെട്ടുപോയ ചില മൂല്യങ്ങളും നേരും നെറികളുമൊക്കെ പുനരാര്‍ജ്ജിക്കാന്‍ സാധിക്കുമെങ്കില്‍ നല്ലതാണെങ്കിലും അതൊക്കെ ഇനി കഴിയുമോ എന്ന് സംശയമാണ്.

കേരളത്തില്‍ ഇന്ന് ഹര്‍ത്താല്‍ എന്ന് പറഞ്ഞാല്‍ അത് ബന്ദ് തന്നെയാണ്. അങ്ങനെയാണ് ജനം മനസ്സിലാക്കുന്നതും സംഘാടകര്‍ ഉദ്ദേശിക്കുന്നതും. ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുകയും അതിനോട് ആഭിമുഖ്യമുള്ളവര്‍ മാത്രം അതില്‍ പങ്ക് കൊള്ളുകയുമാണ് ഹര്‍ത്താലിലെ ധാര്‍മ്മികത. എന്നാല്‍ അങ്ങനെ ചെയ്താല്‍ ഇക്കാലത്ത് ആരും അത് ചെവിക്കൊള്ളുകയില്ല. അപ്പോള്‍ ആഹ്വാനം ചെയ്തവര്‍ പരാജയപ്പെട്ടതായി വിലയിരുത്തപ്പെടും. അത്കൊണ്ട് ജനങ്ങളെ ബന്ദികളാക്കി ഹര്‍ത്താല്‍ വിജയിപ്പിക്കാനാണ് ആഹ്വാനം ചെയ്തവര്‍ ശ്രമിക്കുക. പഴയ ഹര്‍ത്താല്‍ രൂപത്തെ ഇനി തിരിച്ചുകൊണ്ടുവരാന്‍ കഴിയില്ല. ബന്ദും പൊതുപണിമുടക്കും കോടതി നിരോധിച്ചതിന് ശേഷമാണ് ഹര്‍ത്താലിന് ബന്ദ് എന്ന അര്‍ത്ഥം കൈവന്നത് എന്നറിയാമല്ലൊ. ഇതൊക്കെ ജനങ്ങള്‍ ഭയന്ന് കഴിയുന്ന ഭീരുക്കള്‍ ആയത്കൊണ്ടാണ് വിജയിക്കുന്നത് എന്ന് ആര്‍ക്കാണറിയാത്തത്. ബാംഗ്ലൂരില്‍ ഭരണകക്ഷിയായ ബി.ജെ.പി.ആഹ്വാനം ചെയ്താല്‍ പോലും ഒരു ഹര്‍ത്താലും വിജയിക്കാറില്ല.

ഗാന്ധിയന്‍ സമര മുറകള്‍ക്ക് വേണ്ടി സംസാരിക്കുന്ന നിങ്ങള്‍ ഇങ്ങനെ ഇല്ലാത്ത കാല്പനികത ഹര്‍ത്താലിന് ചാര്‍ത്തിക്കൊടുത്തുകൊണ്ട് അതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് എന്നെ അതിശയിപ്പിക്കുന്നു. കണ്ണൂരില്‍ ഒരു ഹര്‍ത്താല്‍ വിരുദ്ധമുന്നണി ശ്രീമാന്‍ ചന്ദ്രബാബുവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. താങ്കളെ പോലുള്ളവര്‍ അതിനോടും സഹകരിക്കണമെന്നാണ് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്. ജനവിരുദ്ധമായ എന്തിനെയും നമ്മള്‍ ജനാധിപത്യമാര്‍ഗ്ഗത്തിലും ഗാന്ധിയന്‍ വഴിയിലും എതിര്‍ക്കേണ്ടേ?

ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുകയില്ല എന്നതല്ലേ നമുക്ക് ഗാന്ധിജിയില്‍ നിന്ന് ലഭിച്ച മഹത്തായ പാഠം. അതായത് മഹത്തായ ലക്ഷ്യം പോലെ തന്നെ അതിലേക്കുള്ള മാര്‍ഗ്ഗവും മഹത്തായതായിരിക്കണം. എന്തെന്നാല്‍ മാര്‍ഗ്ഗമാണ് എപ്പോഴും മുന്നില്‍ ഉള്ളത്. ലക്ഷ്യം എന്നും അകലെയായിരിക്കും. ഇതിന് നേര്‍വിപരീതമാണ് കമ്മ്യുണിസ്റ്റുകാരുടെ തിയറി. ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കും എന്നാണവരുടെ സിദ്ധാന്തം. അതായത് ലക്ഷ്യം മഹത്താണെങ്കില്‍ മാര്‍ഗ്ഗം എന്ത് കാട്ടാളത്തവുമാകാം. ഫലമോ അവര്‍ എന്നും ഫാസിസ്റ്റുകള്‍ തന്നെ. അത്കൊണ്ടാണ് സ്വന്തം പൌരന്മാരെ പോലും അവര്‍ക്ക് നിഷ്ക്കരുണം കൊന്നൊടുക്കാന്‍ കഴിയുന്നത്. ചരിത്രത്തില്‍ ഏറ്റവും വലിയ മനുഷ്യക്കുരുതികള്‍ നടത്തിയിട്ടുള്ളത് കമ്മ്യൂണിസ്റ്റ് ഭരണാധികാരികളാണെന്ന് അറിയുക. അതിനവരെ പ്രേരിപ്പിച്ചത് മഹത്തായ ലക്ഷ്യം തന്നെയാണ്. പക്ഷെ ലക്ഷ്യം എന്നത് മനുഷ്യസമൂഹത്തെ സംബന്ധിച്ച് അമൂര്‍ത്തമായൊരു സങ്കല്പമാണ്. അത് അപ്രാപ്യമാം വിധം അകലേക്ക് നീണ്ട് പോകുന്നതാണ്. മാര്‍ഗ്ഗമേ എന്നും മുന്നില്‍ മൂര്‍ത്തമായുള്ളൂ. ഹിംസയുടെ മാര്‍ഗ്ഗം തെരഞ്ഞെടുത്തവന് പിന്നെ ശരിയായ മാര്‍ഗ്ഗത്തില്‍ തിരിച്ചെത്താന്‍ കഴിയില്ല. അതാണ് കമ്മ്യൂണിസം പരാജയപ്പെടാനും അവര്‍ ജനശത്രുക്കള്‍ ആകാനും കാരണം.

നമ്മെ സംബന്ധിച്ച് മാര്‍ഗ്ഗം ശുദ്ധവും ജനവിരുദ്ധമല്ല്ലാത്തതുമായിരിക്കണം. അത്തരത്തില്‍ ഹര്‍ത്താലിനെ മാറ്റാന്‍ ശ്രമിക്കുന്നതിലും എളുപ്പം പുതിയ മാര്‍ഗ്ഗങ്ങള്‍ തേടുകയാണ്. എന്റെ കാഴ്ചപ്പാട് അര്‍ഹിക്കുന്ന ഗൌരവത്തോടെ ആ‍ലോചിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു,

Ceeba said...

http://lh4.ggpht.com/_ZsKamn4sfIU/S-Us1lSA2RI/AAAAAAAAABM/vt4mlFDRlHg/s512/suci.jpghttp://lh5.ggpht.com/_ZsKamn4sfIU/S-UtCpoNd5I/AAAAAAAAABY/ZrJJlAuaLoI/s576/kallu.jpg

ഇന്നത്തെ കള്ളുഷാപ്പ് സമരത്തിന്‍െറ ദൃശ്യം. സമരം നടത്തുന്നത് വീട്ടുകാരോ നാട്ടുകാരോ ആണെന്ന് കരുതരുത്.... എല്ലാം ഇറക്കുമതിയാ.. പന്തലില്‍ ഒട്ടിച്ച എസ്.യു.സി.ഐ.യുടെ ബാനര്‍ നോക്കുക.

ജനശക്തി said...

ആയിരം വാക്കുകളേക്കാള്‍ ശക്തമാണ് ഒരു ചിത്രം എന്നു പറയുന്നതിവിടെ ശരിയാകുന്നു.

“കൂടുതല് ഐ.എന്.ടി.യു.സി. തൊഴിലാളികള് ജോലിചെയ്യുന്ന ഷാപ്പില് അവര് തന്നെയായിരുന്നു സമരത്തിന്െറ മുന്നിരയിലും. (ഷാപ്പ് വിരുദ്ധ സമരത്തിന് അനുകൂലമായി പ്രകടനമായെത്തിയ യൂത്ത് കോണ്ഗ്രസ്സുകാര് ഐ.എന്.ടി.യു.സി.ക്കാരന്െറ കൈയുടെ ചൂടറിഞ്ഞതും“ എന്ന് നേരത്തെ കമന്റില്‍ എഴുതിയത് ഈ ചിത്രം ശരിവെക്കുന്നുണ്ട്.

തൊഴിലാളീ=ഗുണ്ട എന്ന് മനോരമ പറഞ്ഞ് പഠിപ്പിച്ചത് എസ്.യു.സി.ഐക്കാര്‍ മറന്നിട്ടില്ല.

ഇതെല്ലാം ചേര്‍ത്ത് ഒരു പോസ്റ്റാക്കിക്കൂടേ?

( O M R ) said...

ഹര്‍ത്താല്‍ എന്ന കാടന്‍ സമര രീതി തീര്‍ച്ചയായും എതിര്‍ക്കപ്പെടെണ്ടാതാണ്. എന്തിനും ഏതിനും 'ഹര്‍ത്താലിന്' ആഹ്വാനം ചെയ്യുന്ന തെമ്മാടി നേതാക്കലാണ് നമ്മുടെ നാടിന്റെ ശാപം എന്നറിയാത്ത ആര്ന്കിലുമുണ്ടോ കേരളത്തില്‍?
'വികസനം'എന്ന് പറഞ്ഞു നടക്കുന്നവര്‍ തന്നെയാണ് അതിനു എതിര് നില്‍ക്കുന്നത്‌! ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത് ഭരണമാണോ അതോ ജനങളുടെ മരണമാണോ എന്ന് തോന്നിപ്പോകുന്നു ടീവീ ദ്രിശ്യങ്ങള്‍ കാണുമ്പോള്‍!
കണ്ണൂരില്‍ ചെറ്റകള്‍ ചെയ്യുന്നത് പാവപ്പെട്ട ജനങ്ങല്‍ക്കെതിരാന്. എന്തിനാ വീട്ടിനു മുന്നില്‍ കള്ളുഷാപ്പ്? ഈ സാമാന്യബോധം ഇല്ലാതവരാണോ സമരത്തിന്‌ എതിര് നില്‍ക്കുന്നവര്‍?
ചെത്തി ചെത്തി അവന്റെ അമ്മേടെ നെഞ്ചത്ത് എന്ന് കേട്ടിട്ടുണ്ട്. അതാണോ കണ്ണൂരില്‍ സംഭവിക്കുന്നത്?

praja said...

ജനാധിപത്യം അര്‍ഹിക്കാത്ത ജനതയാണോ നാം എന്ന് ചില സ്തുതിപാഠകരുടെ കമന്റുകള്‍ വായിക്കുമ്പോള്‍ തോ‍ന്നിപ്പോകും.. നമുക്കെല്ലാവര്‍ക്കും ഒരുപോലെ അനുഭവപ്പെടുന്ന പ്രശ്നങ്ങള്‍ ഉണ്ടാവില്ലേ? അതു ചര്‍ച്ച ചെയ്യുമ്പോള്‍ എന്തിനാണു ഈ ചേരി തിരിയല്‍? ജാതി-മത ചേരികളെക്കാളും ശക്തമായി വരികയാണോ പാര്‍ട്ടിചേരികള്‍ സാക്ഷരകേരളത്തില്‍? പേടിക്കാനില്ല, ഈ ബ്ലോഗ്ഗുകള്‍ക്ക് പുറത്ത് , പക്ഷം ചേരാതെയും ജീവിക്കാം എന്ന് തിരിച്ചറിഞ്ഞ ഒരു തലമുറ വളര്‍ന്നുവരുന്നുണ്ട്.ഇതു ചെറിയ ഒരു ഫാന്‍സ് അസ്സൊസിയേഷന്‍ മാത്രം!
ഇത്തരം തര്‍ക്കങ്ങളും തര്‍ക്കുത്തരങ്ങളും ചര്‍ച്ച അനാരോഗ്യകരമാക്കുന്നില്ലേ?

chithrakaran:ചിത്രകാരന്‍ said...

ഹര്‍ത്താല്‍ എന്നത് അങ്കിള്‍ കൈപ്പള്ളിയോട് കടപ്പാട് രെഖപ്പെടുത്തി ഉദ്ദരിച്ചതുപോലെ സ്ത്രൈണമായ ഒരു യുദ്ധമുറയാണ്. തികച്ചും ആത്മഹത്യാപരമായ ഒരു കാപട്യം !!!

രാഷ്ട്രീയ കക്ഷി നേതൃസ്ഥാനങ്ങളില്‍
നപുസക പുരുഷന്മാര്‍ നിറഞ്ഞതിന്റെ ഫലമായുണ്ടാകുന്ന ഇന്ത്യന്‍
പ്രതിഭാസമാണ് ഹര്‍ത്താല്‍.നിഷേധാത്മകമായ സ്ത്രൈണബുദ്ധിക്ക് തന്തയില്ലാത്ത പുരുഷ വാലുകള്‍ നല്‍കുന്ന മസിലുബലമാണ് ഹര്‍ത്താലായും,ബന്ദായും
ജനത്തിന്റെ ജീവിതം സ്തംഭിപ്പിക്കുന്നത്.
മുനയൊടിഞ്ഞുപോയ രാഷ്ട്രീ‍യത്തിന്റെ അല്ലെങ്കില്‍
ഷണ്ഡത്വം അനുഭവപ്പെടുന്ന രാഷ്ട്രീയ ദര്‍ശനത്തിന്റെ
ഉദ്ദാരണപ്രഖ്യാപനമാണ് അല്ലെങ്കില്‍ ഉദ്ദാരണ വ്യാമോഹമാണ് ഹര്‍ത്താല്‍.
നമ്മുടെ രാഷ്ട്രീയ കക്ഷികളെല്ലാം ഈ കപടരാഷ്ട്രീയ വിഭാഗത്തില്‍ പെടുന്നതിനാലാണ് ഹര്‍ത്താല്‍ നമ്മുടെ
ദേശീയ ആഘോഷമായിത്തീരാന്‍ കാരണം.ഹര്‍ത്താലിനെക്കുറിച്ചുള്ള ചിത്രകാരന്റെ നിലപാട് അത്രയുമാണ്.

എന്നാല്‍,കണ്ണൂര്‍ സൌത്ത് ബസാറിലെ കള്ളു ഷാപ്പിനെതിരെയുള്ള സമരത്തോട് ചിത്രകാരന്
യൊജിപ്പില്ല.ഒന്നാമത് അത്ര വൃത്തിയും വെടിപ്പുമൊന്നും അവകാശപ്പെടാനില്ലാത്ത തെക്കീ ബസാറിന്റെ ഈ തെരുവോരത്ത് കള്ളു വില്‍പ്പനയല്ല വേശ്യാലയം നാടത്തിയാല്‍പ്പോലും അതില്‍ അഭംഗിയൊന്നുമില്ല.നിരനിരയായുള്ള അഞ്ചാറു ഹോട്ടലുകളും അതിന്റെ വേസ്റ്റും,പഴയ ജീര്‍ണ്ണിച്ച വാടക കെട്ടിടങ്ങളും,സബ് ജെയിലും,പെട്ടിക്കടപോലുള്ള ഒരു ക്ഷെത്രവും,
എരുമാലയങ്ങളും,അസഹ്യനാറ്റവും,അഖിലലോക കൊതുകു തലസ്ഥാനവും, അന്യ സംസ്ഥാന നാടോടി തൊഴിലാളികളുടെ വലിയ കലപിലകൂട്ടങ്ങളും ഒക്കെയായി ഒത്തുചേര്‍ന്ന് ലക്ഷണമൊത്ത ഒരു കച്ചറ സ്ഥലത്ത് ഒരു കള്ളുഷാപ്പ്
അതും നാല്‍പ്പതുകൊല്ലമായി അവിടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്!
(എന്ന് ആരോ മുകളില്‍ പ്രസ്തവിച്ചതുകണ്ടു)
വളരെ അനുയോജ്യമായ ഹാര്‍മണി(സൌഹാര്‍ദ്ദം!!) സൃഷ്ടിക്കുന്ന ഘടകമാണ്.
മാത്രമല്ല, ഇത്രയും കാലമായി അവിടെ നാട്ടുകാരായി ജീവിച്ചുപോരുന്ന സ്ഥലവാസികളെ രാജവെംബാല കടിച്ചാല്‍പ്പോലും പാവം പാംബുരാജാവു മയ്യത്താകുമെന്നല്ലാതെ..... ജനങ്ങള്‍ക്ക് ഈ കള്ളുഷാപ്പുകൊണ്ട് ഒരു ലഹരിയും ലജ്ജയുംമുണ്ടാക്കാന്‍ പോകുന്നില്ല.
അത്രയും പ്രതിരോധശേഷിയുള്ള തദ്ദേശവാസികള്‍
ഈ സമരം നടത്തുന്നത് എന്തെങ്കിലും സ്വാര്‍ത്ഥതാല്‍പ്പര്യപ്രെരിതമാകാനെ ഇടയുള്ളു.

നല്ല ശുദ്ധമായ കള്ളുവില്‍ക്കുന്ന മാതൃകാസ്ഥാനമാകട്ടെ
തെക്കീബസാര്‍ എന്ന് ചിത്രകാരന്‍ ആശംസിക്കുന്നു.
പൊതിച്ചോറിന്റെ ആസ്ഥാനമായ മലയാറ്റൂര്‍ ഹോട്ടല്‍,ഒരു സ്ത്രീ ക്യാഷിലിരിക്കുന്ന നംബ്യാര്‍ ഹോട്ടല്‍,പുലരി ഹോട്ടല്‍,ബിരിയാണി മാത്രം വില്‍ക്കുന്ന ഹോട്ടല്‍,പുതിയ പുലരി ഹോട്ടല്‍...പിന്നെയുമുണ്ട് രണ്ടുമൂന്നെണ്ണം. കണ്ണൂരിലെ ചിലവുകുറഞ്ഞ ഭക്ഷണത്തിന്റെ ആസ്ഥാനമാണ് ഈ തെരുവ്.
(സമരക്കാരുടെ പന്തല്‍ ചിത്രകാരന്‍ കണ്ടിട്ടുണ്ടെങ്കിലും ഇതുവരെ അവിടത്തെ കള്ളുഷാപ്പ് കണ്ടിട്ടില്ലെന്ന് ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു!!)
സബ് ജെയിലിനടുത്തുള്ള പെട്ടിക്കടക്കാരനില്‍ നിന്നും
ഇളനീരു കുടിക്കാനെ ആ വഴി ചിത്രകാരന്‍ പോകാറുള്ളു.ഇളനീരിന് ഒന്നോ രണ്ടോ രൂപയുടെ കിഴിവുണ്ടാകുമെന്ന് മാത്രമല്ല,വെള്ളം കുറഞ്ഞ ഇളനീരാണെങ്കില്‍ ഒന്നുകൂടി വെട്ടി ഫ്രീയായി നല്‍കിയെ ഗുരുത്വമുള്ള ആ കടയുടമ വിടു
എന്നതിനാല്‍ കണ്ണൂരിലെ നന്മയുടെ ഒരു തുരുത്തായും
തെക്കീബസാറിലെ ആ തെരുവിനെ നന്ദിയോടെ ഓര്‍ക്കുന്നുണ്ട്.

നനവ് said...

ചിത്രകാരൻ,
ഇത്ര ക്രൂരനാകരുതായിരുന്നു...കേവലം ഇളനീർ വാങ്ങാനായി അൽ‌പ്പനിമിഷങ്ങൾ തെക്കീബസാറീൽ ചിലവഴിക്കേണ്ടിവന്നപ്പോൾ അവിടത്തെ മലീമസമായ അന്തരീക്ഷം കണ്ടതിലുള്ള ക്ഷോഭമായിരിക്കുമല്ലോ താങ്കളിവിടെ പ്രകടിപ്പിച്ചിരിക്കുന്നത്.എന്നാൽ 365 ദിവസങ്ങളും ഇത്തരം ഒരന്തരീക്ഷത്തിൽ ജീവിക്കേണ്ടിവരുന്നവരെപ്പറ്റി ഒന്നാലോചിച്ചുനോക്കൂ...അവർക്ക് ധനമില്ലെന്നേയുള്ളൂ.താങ്കളെപ്പോലെ മനുഷ്യർ തന്നെയാണവരും.കേവലം മൂന്നാ‍ലു സെന്റ് സ്ഥലത്ത് വീടും മുറ്റവും ഏക ഉപജീവനമാഗ്ഗമായ പശുക്കളുമൊക്കെയുമായി ജീവിക്കേണ്ടി വരുമ്പോൾ,അവരുടെ പശുക്കൾക്ക് നഗരമാലിന്യങ്ങൾ തിന്ന് വയറിളക്കം പിടിക്കുമ്പോൾ, അവയുടെ ചാണകത്തിനിത്തിരി ദുർഗന്ധമുണ്ടാകുന്നതിൽ ആ പാവങ്ങൾ എന്തു പിഴച്ചു?കള്ളുഷാപ്പിന്റെ വൃത്തികേട് കൂടി അവർ ചുമക്കണമെന്ന് വിധിക്കുന്നതിൽ എന്തു ന്യായമാണുള്ളത്?അതോ താങ്കൾ പറഞ്ഞപോലെ ഒരു വേശ്യാലയവും ഒപ്പം മയക്കുമരുന്ന്,വാടകക്കൊലപാതകം തുടങ്ങിയവ കേന്ദ്രങ്ങൾകൂടി അവിടെ ആരംഭിക്കാൻ സഹായിച്ച് കുറച്ചുകൂടി ‘ഹാർമണി’ അവരുടെ ജീവിതത്തിനു നൽകാനാണോ നമ്മൾ ഒരുങ്ങേണ്ടത്!!!....
എന്താണ് താങ്കൾ ഉദ്ദേശിക്കുന്ന ഹാർമണി?...ഒരു വേശ്യാലയം വൃത്തികെട്ട ചുറ്റുപാടുകളിൽ മാത്രമേ ആകാവൂ എന്നുണ്ടോ?ഇത്തരം മുൻവിധികൾ ജീവിതത്തിന്റെ സൌന്ദര്യം മുഴുവൻ ചോർത്തിക്കളയുന്നു...ഈ നാറുന്ന ചാണകവും മറ്റും ഇട്ടുവളർത്തിയ തെങ്ങിന്റെ കരിക്കാണല്ലോ വ്യത്യസ്തമായ ഹാർമണിയുള്ള പെട്ടിക്കടയിൽനിന്ന് താങ്കൾ കുടിക്കുന്നത്?...മനുഷ്യാവകാശങ്ങളിൽ ചെളി പുരണ്ടവരെന്നോ വേശ്യയെന്നോ പ്രധാനമന്ത്രിയെന്നോ ദന്തഗോപുരവാസിയെന്നോ ഒന്നും വിവേചനമില്ല.എന്റെ മുറ്റത്ത് കള്ളൂഷാപ്പ് പറ്റില്ലെന്നു പറയാനുള്ള അവകാശം എനിക്കുമുണ്ട്...ആ അഭിപ്രായം തുറന്നു പറയാനുള്ള ആർജ്ജവം കാണിച്ച അവിടത്തെ സ്ത്രീകൾ എത്രയോ ഉയരത്തിലാണ് നിൽക്കുന്നത്...
ഒരളവുവരെ ഞങ്ങളും നിങ്ങളുമൊക്കെയും,പിന്നെ താപനിലയം,നാലുവരിപ്പാത,കണ്ടൽ തീം പാർക്ക്, വിമാനത്താവളം എന്നൊക്കെ വികലമായ വികസനപ്പേരുകൾ പറഞ്ഞ് ഭൂമിയിൽ എല്ലാവർക്കും തുല്യമായി ഉപയോഗിക്കാനുള്ള വിഭവങ്ങളത്രയും ചൂഷണം ചെയ്യുന്നവരുമാണിത്തരം ചേരിസമാന സ്ഥലങ്ങളും ചേരികളും സൃഷ്ടിക്കുന്നത്. അപ്പോൾ ഈ നാറ്റത്തിന്റെ സൃഷ്ടാവ് താങ്കൾ കൂടിയാണ്...ഈ പാവങ്ങളെ നമുക്ക് ഒരു തരത്തിലും സഹായിക്കാൻ പറ്റില്ലെങ്കിൽ പോകട്ടെ,കല്ലെറിയാതിരിക്കുകയെങ്കിലും ചെയ്യുക.......

കെ.പി.സുകുമാരന്‍ said...

@നനവ്

ചിത്രകാരന്റേത് അപ്പോള്‍ തോന്നിയ ഒരഭിപ്രായമായിരിക്കാം. ഈ കമന്റ് വായിച്ച് അവിടത്തെ വീട്ടമ്മമാരോട് അനുഭാവം തോന്നുമെന്ന് പ്രത്യാശിക്കാം. ഞാനറിയുന്ന ചിത്രകാരന്‍ അത്ര ക്രൂരനല്ല. പിന്നെ ഇത് വരെയായി ഈ വിവാദഷാപ്പ് താന്‍ കണ്ടിട്ടില്ലെന്നും ചിത്രകാരന്‍ പറയുന്നുണ്ട്. ബ്ലോഗര്‍ എന്ന നിലയില്‍ ചിത്രകാരന്‍ ഈ സ്ഥലം മുന്‍‌വിധിയില്ലാതെ ഒന്ന് സന്ദര്‍ശിക്കുന്നത് നന്നായിരിക്കും എന്നാണെന്റെ അഭിപ്രായം.

ജനശക്തി said...

നന്ദി മീര. ഇത് കൂടി ഇരിക്കട്ടെ..

....ഉപരോധത്തിന്റെ നേതൃത്വത്തിലുള്ളവര്‍ക്ക് സമൂഹ്യവിരുദ്ധരെ നിയന്ത്രിക്കാന്‍ കഴിയുമെന്ന് ഉറപ്പില്ല. മുമ്പത്തെ കെട്ടിടത്തിലും പുതിയ കെട്ടിടത്തിലും ഷാപ്പ് നടത്താന്‍ പാടില്ലെന്നത് അംഗീകരിക്കാനാവില്ല. ഉപരോധക്കാര്‍ പഴയ ഷാപ്പ് കെട്ടിടത്തിന്റെ കവാടം കൈയേറിയാണ് സമരപ്പന്തല്‍ കെട്ടിയത്. പ്രശ്നപരിഹാരത്തിനായി എന്ത് വിട്ടുവീഴ്ചയ്ക്കും തൊഴിലാളിസംഘടനകള്‍ തയ്യാറായിട്ടുണ്ട്. ഈ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടല്ല ഐഎന്‍ടിയുസിയുടേത്. നിയമപരമായി പ്രവര്‍ത്തിക്കുന്ന ഷാപ്പിലെ തൊഴില്‍നിഷേധത്തിനെതിരെ സിഐടിയുവിനൊപ്പം ചേര്‍ന്ന് പൊരുതുമെന്നും കെ ബാലകൃഷ്ണന്‍ പറഞ്ഞു.

ഇത് ദേശാഭിമാനിയില്‍ നിന്ന്

ജനശക്തി said...

മീരയുടെ കമന്റ് ഡിലിറ്റ് ചെയ്തതാണോ? ആണെങ്കില്‍ അത് ശരിയായ നടപടിയായില്ല.

ജനശക്തി said...

കമന്റുകള്‍ മാത്രമേ ഡിലിറ്റ് ചെയ്യ്യാന്‍ പറ്റൂ. വസ്തുതകള്‍ അതുപോലെ ഇരിക്കും. പോസ്റ്റുകളുടെ പൊള്ളത്തരം പൊളിക്കാന്‍ അത് മതിയാകും. മറുമൊഴിയിലും, സബ്സ്ക്രൈബ് ചെയ്തിട്ടുള്ളവരുടെ ഇന്‍ ബോക്സിലും ഈ കമന്റുകള്‍ കാണും എന്നത് ശ്രീ. കെ.പി.സുകുമാരന്‍ മറക്കരുതെന്ന് ഓര്‍മിപ്പിക്കുന്നു. സീബയോ മീരയോ എല്ലാം ചേര്‍ത്ത് ഒരു പോസ്റ്റാക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു.

കെ.പി.സുകുമാരന്‍ said...

@ ജനശക്തി, നമ്മള്‍ ചര്‍ച്ച ചെയ്യുന്നതൊക്കെ പൊതു രാഷ്ട്രീയ-സാമൂഹ്യ കാര്യങ്ങളാണ്. അല്ലാതെ ആരുടെയും വീട്ടിലെ കാര്യങ്ങളല്ല. അപ്പോള്‍ വ്യത്യസ്തങ്ങളായ നിലപാടുകളും കാഴ്ചപ്പാടുകളും ഉണ്ടാവുക സ്വാഭാവികം. എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണെങ്കില്‍ പിന്നെ എന്ത് ചര്‍ച്ച. വ്യത്യസ്തകാഴ്ചപ്പാടുകള്‍ ഉള്ളവര്‍ സമൂഹത്തില്‍ ഉണ്ടെന്നുള്ളത് ഒരു യാഥാര്‍ഥ്യമാണ്. അപ്പോള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഒരു മിനിമം മര്യാദ വേണം.

ഞാന്‍ എന്റെ ഫോട്ടോവും ഫോണ്‍ നമ്പറും ഒക്കെയായിട്ടാണ് ബ്ലോഗ് എഴുതുന്നത്. എന്നെ ആര്‍ക്കും അനായാസം സമീപിക്കാന്‍ പറ്റും. എന്റെ എഴുത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്ന ചില സി.പി.എം. കാര്‍ അനോണിയായി എന്റെ ബ്ലോഗിലും മറ്റ് ബ്ലോഗിലും എന്നെ കുറിച്ചു തെറി എഴുതാറുണ്ട്. അത് വായിച്ച് ഞാന്‍ ചിരിക്കാറാണ് പതിവ്. കാരണം അവന്റെ വീട്ടിലെ കാര്യം എഴുതിയകൊണ്ടല്ലല്ലൊ അങ്ങനെ തെറി എഴുതുന്നത്. അവന്റെ പാര്‍ട്ടിയെ കുറിച്ച് ചില സത്യങ്ങള്‍ എഴുതുമ്പോള്‍ ചൊറിഞ്ഞ് കയറി വിഷമം സഹിക്കാന്‍ കഴിയാത്തത് കൊണ്ട് മൌസ് ഉന്തുന്നതല്ലേ എന്ന് വിചാരിക്കും. എന്റെ എഴുത്ത് ഫലം കണ്ടു എന്ന ചാരിതാര്‍ത്ഥ്യമാണ് അപ്പോള്‍ എനിക്കുണ്ടാവുക.

അങ്ങനെ അനോണിയായി മൌസുന്തുന്നവരെ ഞാന്‍ ഗൌനിക്കാറേയില്ല. ഞാന്‍ മറുപടി പറയാനും പോകാറില്ല. ജനശക്തി ശിപാര്‍ശ പറഞ്ഞ ആ അനോനി മൌസുന്തന്‍ എന്നെ കുറിച്ച് സഭ്യമല്ലാത്ത കമന്റുകള്‍ എന്റെ ബ്ലോഗിലും മറ്റ് ബ്ലോഗിലും ഉന്തുന്നവനാണ്. എന്റെ ബ്ലോഗില്‍ പിന്നെയും വരാന്‍ അവന് ഉളുപ്പില്ല എന്ന് വെച്ച് ആ കമന്റുകള്‍ ഡിലീറ്റ് ചെയ്യാതിരിക്കാന്‍ പറ്റുമോ? അവന് എന്നെ കുറിച്ച് നല്ല തെറികള്‍ സ്വന്തം ബ്ലോഗ് ഉണ്ടാക്കി എഴുതാമല്ലൊ. മറ്റ് ബ്ലോഗുകളിലും എഴുതാം.

ഇത്തരം പിതൃശൂന്യര്‍ എന്നെ കുറിച്ച് എന്ത് എഴുതി വിട്ടാലും എനിക്ക് ബ്ലോഗില്‍ വായനക്കാര്‍ കൂടിയിട്ടേ ഉള്ളൂ. എന്റെ ഓരോ പോസ്റ്റും തല്‍ക്ഷണം നൂറിലധികം വായനക്കാര്‍ വായിക്കുന്നുണ്ട്. എന്റെ ക്രഡിബിലിറ്റി എനിക്ക് ബ്ലോഗില്‍ ഉണ്ട്. ചില നാറികള്‍ ചെറ്റത്തരം എഴുതിയാലൊന്നും അത് നഷ്ടപ്പെടില്ല.

ജനശക്തിയുടെ മേല്‍ക്കമന്റില്‍ ഞാന്‍ പ്രതിഷേധം രേഖപ്പെടുത്തുന്നു.

കെ.പി.സുകുമാരന്‍ said...

@ജനശക്തി

മറുമൊഴിയില്‍ എന്റെ ബ്ലോഗിലെ കമന്റുകള്‍ അങ്ങോട്ട് റീ-ഡയരക്റ്റ് ചെയ്താലേ അങ്ങോട്ട് പോകൂ ജനശക്തീ. എനിക്ക് വേണമെങ്കില്‍ കമന്റുകള്‍ മറുമൊഴിയിലോട്ട് അയക്കാതിരിക്കാം. എനിക്ക് പക്ഷെ മറ്റുള്ളവര്‍ വായിക്കുന്നതില്‍ പ്രശ്നമൊന്നുമില്ല. എന്നെ തെറി പറഞ്ഞവന്റെ കമന്റുകള്‍ എന്റെ ബ്ലോഗില്‍ നിലനിര്‍ത്തില്ല എന്നേയുള്ളൂ. മോഡറേഷനും വെക്കുന്നില്ല. എഴുതട്ടെ, ആളുകള്‍ മറുമൊഴിയിലും വായിക്കട്ടെ. അനോണിത്തെറികള്‍ കൂടുന്തോറും അതില്‍ നിന്ന് എനിക്ക് ഊര്‍ജ്ജമാണ് ലഭിക്കുന്നത്. ഈ അനോനികള്‍ക്ക് കമ്മ്യൂണിസത്തിന്റെ അല്പം പറ്റ് ഉണ്ടെങ്കില്‍ സ്വന്തം പേരില്‍ എഴുതാന്‍ ഞാന്‍ വെല്ലുവിളിക്കുന്നു. മാന്യന്മാര്‍ തന്നെയാണ് പിതൃശൂന്യവേഷത്തിലും വന്ന് മൌസ് ഉന്തുന്നതെന്ന് ഞാന്‍ കണ്ടെത്തിയിട്ടുണ്ട്. പക്ഷെ അതൊന്നും എന്റെ വിഷയമല്ല. എനിക്കെതിരെ അസഭ്യം എഴുതിയ എത്രയോ അവന്മാര്‍ ബ്ലോഗും പൂട്ടിപ്പോയി. ജനശക്തി ഇനി വേറെ ആളുകളെയും പ്രോത്സാഹിപ്പിച്ച് നോക്ക്. ജനശക്തി അനോനിയാണെന്നോ അനോണിയായി എഴുതാറുണ്ടെന്നോ ഞാന്‍ പറയില്ല.

ജനശക്തി said...

താങ്കള്‍ പരാമര്‍ശിച്ച രീതിയിലുള്ള പദപ്രയോഗങ്ങള്‍ ഇടതുപക്ഷക്കാരെ മൊത്തമായി അധിക്ഷേപിച്ചുകൊണ്ട് താങ്കളുടെ ബ്ലോഗിലും പലപ്പോഴും ഉണ്ടായിട്ടുണ്ട്. അനോണിയായിരുന്നു മീര എന്നതാണു പ്രശ്നമെങ്കില്‍ താങ്കളെ അനുകൂലിച്ച് എഴുതിയിട്ടുള്ള അനോണീ കമന്റുകള്‍ ബാക്കിയാണു താനും. മീര തന്റെ ഫോണ്‍ നമ്പറും മറ്റും അവിടെ ഇട്ടിട്ടുള്ളതായും കണ്ടു.. പറയുന്ന കാര്യത്തിനപ്പുറത്ത് പറയുന്ന ആളുടെ തലക്കുറിയും ജാതകവുമൊക്കെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അവശ്യം വേണ്ടുന്ന കാര്യമല്ല. നമുക്കെതിരെ സംസാരിക്കുന്നവന്റെ തലക്കുറിയും ജാതകവും ഒക്കെയേ നാം തപ്പാറുള്ളൂ. അനുകൂലിച്ചാണെങ്കില്‍ അതൊക്കെ അപ്രസക്തവും ആകും. അത്രയേ ഉള്ളൂ ഇതിലൊക്കെ.