സാമൂഹ്യജീവിയെന്ന നിലയില്‍ നമുക്ക് ഓരോരുത്തര്‍ക്കും ഓരോ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ഒക്കെ ഉണ്ടാവും. അതെല്ലാം മറ്റുള്ളവരുമായി പങ്ക് വയ്ക്കാനും മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ അറിയാനും നമുക്കെല്ലാം താല്പര്യവുമുണ്ടാകും. അതിന്റെ സാക്ഷാല്‍ക്കാരത്തിനുള്ള നല്ലൊരു മാധ്യമമാണ് ബ്ലോഗ്. തികച്ചും സൌജന്യമായാണ് ഈ സേവനം നമുക്ക് ലഭിക്കുന്നത് എന്നത് എന്തൊരു അനുഗ്രഹമാണ്. ബ്ലോഗില്‍ പോസ്റ്റുകള്‍ എഴുതി പബ്ലിഷ് ചെയ്യുന്നത് പോലെ തന്നെ പ്രധാനപ്പെട്ട ഒരു ആത്മാവിഷ്ക്കാര ഉപാധിയാണ് കമന്റെഴുത്തും. കമന്റ് എഴുതുന്നതിലൂടെയാണ് നമുക്ക് പലരെയും പരിചയപ്പെടാനും പുതിയ സുഹൃത്തുക്കളെ പരിചയപ്പെടാനും സൌഹൃദം സമ്പാദിക്കാനും കഴിയുന്നത്. ഒരു ബ്ലോഗര്‍ക്ക് തന്റെ ബ്ലോഗില്‍ മാത്രമേ അയാളുടെ ആശയങ്ങള്‍ പ്രകാശിപ്പിക്കാന്‍ കഴിയൂ. എന്നാല്‍ കമന്റര്‍ക്ക് അത്തരം പരിമിതിയില്ല. ഏത് ബ്ലോഗിലും പോയി കമന്റുകള്‍ എഴുതുക വഴി അയാളുടെ അഭിപ്രായങ്ങള്‍ കുറെ സ്ഥലത്ത് പ്രകാശിപ്പിക്കാം. അങ്ങനെ ചെയ്യുമ്പോള്‍ ആ ബ്ലോഗറുടെ ചങ്ങാത്തവും ശ്രദ്ധയും അയാള്‍ക്ക് ലഭിക്കുന്നു. അധികമൊന്നും കമന്റുകള്‍ എഴുതിയിട്ടില്ലെങ്കിലും എന്റെ കമന്റുകളിലൂടെയാണ് ഞാന്‍ ബൂലോകത്ത് ശ്രദ്ധിക്കപ്പെട്ടത്.
സ്വന്തമായി ബ്ലോഗ് എഴുതുന്നില്ലെങ്കിലും കമന്റുകള്‍ മാത്രം എഴുതി ഒരാള്‍ക്ക് തന്റെ വ്യക്തിത്വം വെബ് ലോകത്ത് സ്ഥാപിച്ചെടുക്കാന്‍ കഴിയും. സത്യത്തില്‍ ബ്ലോഗര്‍മാരെക്കാളും ആശയപ്രകാശനസാധ്യത കമന്റ് എഴുതുന്നവര്‍ക്കാണ് ഉള്ളത്. എന്നാല്‍ കമന്റ് എഴുതുന്നവര്‍ക്ക് ഒരു പരിമിതി ഉണ്ടായിരുന്നത് താന്‍ എഴുതുന്ന കമന്റുകള്‍ ഒരുമിച്ച് കാണാനോ, അത് പിന്നീട് എഡിറ്റ് ചെയ്യാനോ ഡിലീറ്റ് ചെയ്യാനോ സാധ്യമല്ല എന്നതാണ്. ബ്ലോഗറെ സംബന്ധിച്ച് അയാളുടെ പോസ്റ്റുകള്‍ ബ്ലോഗില്‍ തന്നെയുണ്ടല്ലോ. മേല്‍പ്പറഞ്ഞതൊക്കെ അയാള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ചെയ്യാം. മറ്റൊന്ന് ഒരാള്‍ എഴുതിയ കമന്റുകള്‍ വേറെ ആളുകള്‍ക്ക് ഒരു സ്ഥലത്ത് നിന്ന് വായിക്കാനും കഴിയില്ല, ബ്ലോഗ് വായിക്കുന്ന പോലെ. ഈ പരിമിതികളെ ഒക്കെ മറികടക്കുന്ന ഒരു സംവിധാനമാണ് ഡിസ്ക്കസ് എന്ന കമന്റിങ്ങ് സിസ്റ്റം.
ആര്‍ക്കും ഡിസ്ക്കസ്സില്‍ അക്കൌണ്ട് എടുക്കാം. ഡിസ്ക്കസ്സ് എനേബിള്‍ ചെയ്ത ബ്ലോഗുകളിലോ മറ്റ് വെബ്‌പേജുകളിലോ കമന്റ് എഴുതുമ്പോള്‍ ഡിസ്ക്കസ്സില്‍ ലോഗ്‌ഇന്‍ ചെയ്തതിന് ശേഷം കമന്റുകള്‍ എഴുതുക. ഡിസ്ക്കസ്സില്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ അവിടെ വെച്ച് തന്നെ ഡിസ്ക്കസ്സില്‍ സൈന്‍അപ് ചെയ്യുക. മാതൃഭൂമി ഓണ്‍ലൈന്‍ പത്രത്തില്‍ ഡിസ്ക്കസ് ഇനേബിള്‍ ചെയ്തിട്ടുണ്ട്. എല്ലാ ബ്ലോഗര്‍മാരും ഈ ഡിസ്ക്കസ്സ് കമന്റിങ്ങ് സിസ്റ്റം തങ്ങളുടെ ബ്ലോഗില്‍ ചേര്‍ക്കുന്നത് വളരെ നന്നായിരിക്കും.
ഡിസ്ക്കസ്സ് കമന്റിങ്ങ് സിസ്റ്റത്തിന്റെ പ്രാധാന്യത്തെ പറ്റി ഇവിടെ വായിക്കുക.
പിന്‍കുറിപ്പ്: ഒരാഴ്ച്ച ബ്ലോഗില്‍ ഉണ്ടാവില്ല. കൊല്ലത്ത് ബന്ധുവീട്ടില്‍ പോകേണ്ടതുണ്ട്. അപ്പോള്‍ എല്ലാം പറഞ്ഞ പോലെ ..