കമ്മ്യൂണിസവും മുതലാളിത്വവും

ഒരു കാര്യം നമുക്ക് ശ്രദ്ധിച്ചാല്‍ മനസ്സിലാകും, വികസിതരാജ്യങ്ങളിലെല്ലാം മുതലാളിത്ത സാമ്പത്തികഘടനയും ജനാധിപത്യഭരണസമ്പ്രദായവുമാണുള്ളത്. അതായത് ഭൂമിശാസ്ത്രപരമായ അനുകൂല്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ആ രാജ്യങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട് കിടക്കുന്നത് ക്യാപിറ്റലിസ്റ്റ് എക്കണോമിയും പാര്‍ലമെന്ററി ഡിമോക്രസിയുമാണ്. പുരോഗതിയും വികസനവും വേണോ അത് ജനങ്ങള്‍ക്ക് എന്ത് നല്‍കുന്നു എന്നതൊക്കെ മറ്റ് പ്രശ്നമാണ്. രാജ്യങ്ങളും സമൂഹവും പുരോഗതിയുടെയും വികസനത്തിന്റെയും പിറകെയാണെന്നതാണ് വസ്തുത. അങ്ങനെ വരുമ്പോള്‍ പുരോഗതിയും വികസനവും വേണമെങ്കില്‍ മുതലാളിത്തവും ജനാധിപത്യവും അതിന്റെ മുന്നുപാധികള്‍ ആണെന്ന് കാണാന്‍ കഴിയും.

സാമ്രാജ്യത്വവും കൊളോണിയല്‍ ചൂഷണവും കൊണ്ട് ചില രാജ്യങ്ങള്‍ ചില കാലത്തേക്ക് പുരോഗതി പ്രാപിച്ചിരുന്നുവെങ്കിലും രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതോടുകൂടി ആ സ്ഥിതി മാറി. കൊളോണിയലിസത്തിനും സാമ്രാജ്യത്വത്തിനും എന്നേക്കുമായി അന്ത്യം കുറിച്ചുകൊണ്ടാണ് രണ്ടാം ലോകമഹായുദ്ധം പര്യവസാനിച്ചത്. എന്നാല്‍ അതിന് ശേഷവും നാല്പത് വര്‍ഷത്തോളം അതായത് 1989 വരെ ലോകത്ത് ഒരു സാമ്രാജ്യം നിലനിന്നിരുന്നു. അതായിരുന്നു സോവിയറ്റ് യൂനിയന്‍ . ഈ യാഥാര്‍ഥ്യം കമ്മ്യൂണിസ്റ്റുകാരുടെ പ്രചണ്ഡപ്രചാരണം മൂലം അധികമാരും മനസ്സിലാക്കിയിരുന്നില്ല. ഇന്നും കമ്മ്യൂണിസ്റ്റുകാര്‍ക്ക് അമേരിക്കയാണ് സാമ്രാജ്യം. രാജ്യങ്ങള്‍ വെട്ടിപ്പിടിച്ച് പരമാധികാരം വിസ്തൃതമാക്കുന്ന രാജ്യമാണ് സാമ്രാജ്യം. റഷ്യ അതിന്റെ ചുറ്റുപാടുമുള്ള രാജ്യങ്ങളെ കൈവശപ്പെടുത്തി വിപുലപ്പെടുത്തിയതായിരുന്നു സോവിയറ്റ് യൂനിയന്‍ എന്ന സാമ്രാജ്യം. കൂടാതെ രണ്ടാം ലോകമഹായുദ്ധാനന്തരം ഒട്ടേറെ കി.യൂറോപ്യന്‍ രാജ്യങ്ങള്‍ സോവിയറ്റ് യൂനിയന്റെ ചൊല്പടിയിലായിരുന്നു. അവിടങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട സ്വാതന്ത്ര്യപ്രക്ഷോഭങ്ങളെ സോവിയറ്റ് പട്ടാളം അപ്പപ്പോള്‍ അടിച്ചമര്‍ത്തിയിരുന്നു. ആ സാമ്രാജ്യമാണ് 1989 അവസാനത്തില്‍ അല്പം പോലും ചോര ചിന്താതെ തകര്‍ന്ന് തരിപ്പണമായത്. മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീയായത് പോലെ റഷ്യ വീണ്ടും റഷ്യയായി.

അമേരിക്കന്‍ ഐക്യനാടുകള്‍ (യു.എസ്.ഏ.) എന്ന രാജ്യം രൂപീകൃതമായതിന് ശേഷം ചരിത്രത്തില്‍ ഇന്നേവരെ ആ രാജ്യം മറ്റൊരു രാജ്യത്തെയും കോളനിയാക്കിയിട്ടില്ല. അമേരിക്ക ഒരു കോളനിയായിരുന്നുവെന്നും അത് സ്വാതന്ത്ര്യം പ്രാപിച്ചതിന് ശേഷവും ലോകത്ത് കോളനിവല്ക്ക‍രണം ഊര്‍ജ്ജിതമായി നടന്നിരുന്നുവെന്നും രണ്ട് ലോകമഹായുദ്ധങ്ങള്‍ നടന്നെന്നും സോവിയറ്റ് യൂനിയന്റെ ഉദയവും അസ്തമയവും ഉണ്ടായതെന്നും മനസ്സിലാക്കുക. 1948ല്‍ ചൈനയില്‍ വിപ്ലവം കഴിഞ്ഞ ഉടനെ അവര്‍ ചെയ്തത് തൊട്ടടുത്ത അയല്‍‌രാജ്യമായ തിബത്തിനെ കൂട്ടിപ്പിടിച്ച് രാജ്യവിസ്തൃതി വര്‍ദ്ധിപ്പിക്കുകയായിരുന്നു. അപ്പോള്‍ അമേരിക്ക എങ്ങനെയാണ് സാമ്രാജ്യമാകുന്നത്. പറഞ്ഞു വന്നത് കമ്മ്യൂണിസവും മുതാലാളിത്തവുമാണല്ലോ, അങ്ങോട്ട് പോകാം.


പ്രാകൃതകാലത്ത് ഒരു തരം കമ്മ്യൂണിസം നിലനിന്നിരുന്നതായി മാര്‍ക്സ് വിലയിരുത്തുന്നു. അതായത് സമ്പത്ത് മുഴുവന്‍ ഗോത്രങ്ങളുടെ പൊതു ഉടമസ്ഥതയില്‍ ആയിരുന്നു. വ്യക്തികള്‍ക്ക് സ്വന്തമായി ഒന്നുമില്ല. ആധുനികാലത്ത് അതേ മാതൃകയില്‍ ഒരു സാമ്പത്തിക വ്യവസ്ഥ നിലവില്‍ വരുമെന്ന് മാര്‍ക്സ് സ്വപ്നം കാണുന്നു, അതാണ് ശാസ്ത്രീയ കമ്മ്യൂണിസം. എന്നാല്‍ അത്തരം കമ്മ്യൂണിസം ലോകത്ത് ഒരിക്കലും നിലവില്‍ വരില്ലയെന്ന് തെളിയിച്ചത് മാര്‍ക്സിന്റെ ശിഷ്യന്മാര്‍ തന്നെ. സോവിയറ്റ് യൂനിയനില്‍ സമ്പത്ത് ദേശസാല്‍ക്കരിച്ചെങ്കിലും അവിടെ പാര്‍ട്ടി ഭാരവാഹികളും ബ്യൂറോക്രാറ്റുകളും പുത്തന്‍ മുതലാളി വര്‍ഗ്ഗമായി ഉയര്‍ന്നുവന്നു. ചൈനയില്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ കോടീശ്വരന്മാര്‍ അംഗങ്ങളായുണ്ട്. കേരളത്തിലും സ്ഥിതി മോശമൊന്നുമല്ല.


പേരിന് സോഷ്യലിസം എന്ന് പറയപ്പെട്ട സോവിയറ്റ് യൂനിയനില്‍ ഉല്പാദനപ്രക്രിയയില്‍ ഏര്‍പ്പെടുന്ന വ്യക്തികള്‍ക്ക് ഇന്‍സെന്റീവ് ഒന്നും ലഭിച്ചിരുന്നില്ല. അതായത് ഉല്പാദനം കൂട്ടി എന്തെങ്കിലും സമ്പാദിക്കാനോ ജീവിതനിലവാരം ഉയര്‍ത്താനോ കഴിഞ്ഞിരുന്നില്ല. അധ്വാനിക്കുക, സര്‍ക്കാര്‍ തരുന്നത് വാങ്ങുക അത്രമാത്രം. അധ്വാനത്തില്‍ മുരടിപ്പും അധ്വാനത്തിന്റെ അന്യവല്‍ക്കരണവുമാണ് ഇത് കൊണ്ടുണ്ടായത്. എല്ലാ സൌകര്യങ്ങളും ഉണ്ടായിട്ടും വലിയ ഒരു സാമ്രാജ്യമായിട്ടും സോവിയറ്റ് യൂനിയനില്‍ സാമ്പത്തിക മുരടിപ്പ് ഉണ്ടായി. ആ മുരടിപ്പ് മാറ്റാന്‍ ചൈന സ്വീകരിച്ച നടപടി മുതലാളിത്തത്തിലേക്ക് തിരിച്ചു പോവുക എന്നതാണ്. ഇന്ന് ലോകത്ത് പല രീതിയിലുള്ള സാമ്പത്തികഘടനയും ഭരണസമ്പ്രദായങ്ങളും നിലവിലുണ്ട്. എന്നാല്‍ മുതലാളിത്ത സമ്പല്‍ഘടനയും ജനാധിപത്യഭരണസമ്പ്രദായവുമുള്ള രാജ്യങ്ങളില്‍ ജീവിയ്ക്കാനും കുടിയേറാനും ആണ് ആളുകള്‍ ആഗ്രഹിക്കുന്നത്. അമേരിക്കയില്‍ കുറച്ച് കാലം ജീവിച്ച ആളുകള്‍ക്ക് സ്വന്തം നാട്ടില്‍ തിരിച്ചെത്തിയാല്‍ ഇവിടത്തെ രീതികളുമായി പൊരുത്തപ്പെടാന്‍ കഴിയുന്നില്ല.

5 comments:

Anonymous said...

Nalla Post.Ingineyulla lekhanaghal iniyum pratheekshikkunnu

കടത്തുകാരന്‍/kadathukaaran said...

മുതലാളിത്ത സമ്പദ്ഘടനയെ പൂര്‍ണ്ണമായി ആശ്ലേഷിക്കുക എന്നത് ആത്മഹത്യാപരമെന്ന് കരുതുന്നു, പൂര്‍ണ്ണമായും ഒരു സോഷ്യലിസ്റ്റ് സമ്പദ്ഘടനയെ സ്വീകരികും പോലെ. ലാഭകരമല്ലാത്ത, സാമൂഹിക നിയന്ത്രണം ആവശ്യപ്പെടുന്ന വിഭാഗങ്ങളിലും പൊതുവെ സര്‍ക്കാരുകള്‍കുണ്ടാകുന്ന പരമാധികാരവും അത്യാവശ്യമാണ്. അവിടേയാണ്‍ ഇന്ത്യപോലുള്ള രാജ്യങ്ങള്‍ തുടര്‍ന്നു പോന്നിട്ടുള്ള മിക്സഡ് എക്കണോമിയുടെ പ്രധാന്യം വര്‍ദ്ധിക്കുന്നത്. ചൈന തങ്ങളുടെ സോഷ്യലിസ്റ്റ് സമ്പദ്ഘടന നിര്‍ത്തലാക്കി മുസ്തലാളിത്തത്തിലേക്ക് മാറി എന്ന് മനസ്സിലാക്കുവാനാകില്ല, മറിച്ച്, അതൊരു മിക്സഡ് എക്കണോമിയിലേക്ക് പ്രഖ്യാപനങ്ങളൊന്നും കൂടാതെ കടന്നു എന്നു വേണം മനസ്സിലാക്കാന്‍. അതാവട്ടെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തുടക്കത്തിലേ എതിര്‍ത്ത് പോന്നിട്ടുള്ളതും.

മറ്റൊരു കാര്യം സാമ്രാജ്യത്തമാണ്. സാമ്രാജ്യത്തത്തിനെതിരെ ഏറ്റവും കൂടുതല്‍ ശ്ബ്ദിച്ചിട്ടുള്ളത് ഇടതു രാജ്യങ്ങളും പക്ഷങ്ങളുമാണ്. അതിനു കാരണം അവര്‍ സാമ്രാജ്യത്തത്തിനു എതിരായതുകൊണ്ടോ അന്നാട്ടിലെ ജനദുരിതം കണ്ടോ അല്ല, മറിച്ച് ഇടതുരാഷ്ട്രങ്ങളുടെ സാമ്രാജ്യത്ത താത്പര്യങ്ങള്‍ക്ക് വളമിടാനും മറയിടാനുമാണ്‍ എന്നതു മാത്രമല്ല, മുതലാളിത്തം നടത്തുന്ന സാമ്രാജ്യത്തം മാത്രമാണ്‍ സാമ്രാജ്യത്തം എന്ന് ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്താനുമാണ്, ആ തെറ്റിദ്ധാരണ പരത്തലാകട്ടെ ഇടതുകളുടെ അടിസ്ഥാന ആശയവുമാണ്. മുതലാളിത്തം ആധുനിക കാലത്ത് സാമ്രാജ്യത്തത്തില്‍ വെള്ളം ചേര്‍ത്തു എന്ന് തെറ്റിദ്ധരിക്കുന്നില്ല, മറിച്ച് അവര്‍ യുക്തിപൂര്‍വ്വം കൈകാര്യം ചെയ്തു എന്നു വേണം കരുതാന്‍, അതാണ്‍ അഫ്ഗാനിസ്ഥാനും ഇറാഖും എന്തിന്‍ പാകിസ്ഥാന്‍ പോലും. അത്തരത്തില്‍ തന്നെയാണ്‍ ചൈന പോലും തങ്ങള്‍ പിടിച്ചടകി വെച്ചിട്ടുള്ള (ഒരര്‍ത്ഥത്തില്‍) മ്യാന്മാറും ഉറുംക്വിയും പോലുള്ള ഭൂവിഭാഗങ്ങളാല്‍ ഒരു സൊവിയറ്റ് യൂണിയന്‍ ആവര്‍ത്തികാന്‍ പാകപ്പെട്ടു നില്‍ക്കുന്നത്. രണ്ടായിരത്തിപ്പന്ത്രണ്ടോടെ ഇന്ത്യയും ചൈനയും ഒരു യുദ്ധത്തിലേക്ക് നീങ്ങുമാര്‍ ചൈനയുടെ സാമ്രാജ്യത്ത മോഹം വളരുമെന്നാണ്‍ നിരീക്ഷികപ്പെടുന്നത്.

Baiju Elikkattoor said...

tracking

K.P.S.(കെ.പി.സുകുമാരന്‍) said...

കടത്തുകാരന്റെ അഭിപ്രായങ്ങളോട് യോജിക്കുന്നു. ഇന്ത്യ പോലെയുള്ള രാജ്യങ്ങള്‍ക്ക് യോജിക്കുന്നത് മിശ്രസാമ്പത്തിക ഘടന തന്നെയാണു. മാത്രമല്ല പൊതുമേഖല ശക്തമാക്കുകയും സ്വകാര്യമേഖല സാമൂഹ്യനിയന്ത്രണങ്ങള്‍ക്ക് വിധേയമാക്കുകയും വേണം. ഇത്തരം ചര്‍ച്ചകളൊന്നും ഇന്ത്യന്‍ പൊതുസമൂഹത്തില്‍ നടക്കാതെ പോയത് ഈ കപട ഇടത്പക്ഷങ്ങളുടെ സാന്നിധ്യം കൊണ്ടാണെന്ന് തോന്നുന്നു. കക്ഷിരാഷ്ട്രീയതാല്പര്യങ്ങള്‍ക്കപ്പുറം ലവലേശം ദേശതാല്പര്യം അവര്‍ക്കില്ല. എന്നാല്‍ പൊതുതാല്പര്യങ്ങള്‍ക്ക് വേണ്ടിയാണ് തങ്ങള്‍ സംസാരിക്കുന്നതെന്ന ഒരു പ്രതീതി അവര്‍ സൃഷ്ടിക്കുകയും ചെയ്തു. ഇടത്പക്ഷങ്ങളുടെ അന്ധമായ എന്നാല്‍ വ്യാജമായ പൊതുമേഖലാപ്രേമം യഥാര്‍ഥത്തില്‍ ഇവിടെ ഒരു പൊതുമേഖലാവിരോധം ഉണ്ടാക്കാനാണ് ഇടയായത്. കാരണം പൊതുമേഖലയിലെ ബ്യൂറോക്രസിയെ നിയന്ത്രിക്കാനും അതിന് ജനസൌഹൃദമുഖം നല്‍കാനും ആരും ശ്രദ്ധിക്കാത്ത അവസ്ഥയുണ്ടായി. മറ്റൊന്ന് പൊതുമേഖലയ്ക്ക് വേണ്ടി ശബ്ദിക്കാന്‍ ഇന്ന് മറ്റാരുമില്ല താനും. ഇടത്പക്ഷങ്ങളുടെ ശബ്ദകോലാഹലങ്ങള്‍ ആരും വിശ്വസിക്കുകയോ മുഖവിലക്കെടുക്കുകയോ ചെയ്യുകയില്ല.തങ്ങള്‍ക്ക് ഭരണം പിടിച്ചടക്കാന്‍ കഴിയാത്ത ഇന്ത്യ എന്തിനു പുരോഗമിക്കണം എന്നായിരിക്കും അവരുടെ മനസ്സിലിരുപ്പ്. ചൈന പുരോഗമിക്കുമ്പോള്‍ സന്തോഷിക്കുന്നുമുണ്ടാവും.

ചൈനയുടെ സാമ്പത്തികഘടന ഇപ്പോഴത്തേത് ക്യാപ്പിറ്റലിസ്റ്റ് എന്നോ മിക്സ്ഡ് എന്നോ സോഷ്യലിസ്റ്റ് എന്നോ ഇപ്പോള്‍ പറയാന്‍ കഴിയാത്ത അവസ്ഥയിലല്ലെ. അതെങ്ങനെ പരിണമിക്കുമെന്ന് വിലയിരുത്തുന്നതിന് മുന്‍പ് അവിടത്തെ ഏകകക്ഷിഭരണം ജനാധിപത്യത്തിലേക്ക് പ്രവേശിക്കാനുള്ള സാധ്യതയും ചിന്തിക്കേണ്ടതുണ്ട്. ചൈന ക്യാപ്പിറ്റലിസ്റ്റ് എക്കണോമിയിലേക്ക് ബഹുദൂരം മുന്നേറി.എന്നാല്‍ ജനാധിപത്യം അംഗീകരിക്കാതെ ഈ പരിഷ്ക്കാരങ്ങള്‍ എത്രകണ്ട് വിജയിക്കും എന്ന് കണ്ടറിയണം.

സാമ്രാജ്യത്വവികസനമോഹം ചൈനയില്‍ ഏകകക്ഷിഭരണം നിലനില്‍ക്കുന്ന കാലത്തോളം അവര്‍ ഉപേക്ഷിക്കുകയില്ല. അത്കൊണ്ട് ചൈന ഇന്ത്യയ്ക്ക് എന്നും ഭീഷണി തന്നെയാണ്. ഇക്കാര്യങ്ങളിലൊക്കെ നമ്മുടെ ചേരിചേരാനയം ഗുണത്തേക്കാളേറെ നമുക്ക് ദോഷമാണ് വരുത്തിവെച്ചത്. ജനാധിപത്യരാജ്യങ്ങള്‍ എന്ന നിലയില്‍ അമേരിക്ക നമുക്ക് സ്വാഭാവിക സൌഹൃദരാജ്യം ആകേണ്ടതായിരുന്നു. ചേരിചേരായ്മയുടെ പേരില്‍ നാം പുറം‌തിരിഞ്ഞ് നിന്നത്കൊണ്ടാണ് അമേരിക്കയ്ക്ക് പാക്കിസ്ഥാനുമായും ചൈനയുമായും ഗാഢമായ ബന്ധം സ്ഥാപിക്കാനുണ്ടായ സാഹചര്യം ഉണ്ടായത്. അമേരിക്കന്‍ മൂലധനമാണ് ചൈനയുടെ കുതിച്ച് ചാട്ടത്തിന് പ്രേരകമായത്. അമേരിക്കന്‍ സഹായമാണ് പാക്കിസ്ഥാന് ഇന്ത്യക്കെതിരെ തീവ്രവാദം വളര്‍ത്താന്‍ ഉപകരിച്ചത്. നമ്മുടെ വിദേശനയം ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യും എന്ന പോലെയാണ് നമുക്ക് ഭവിച്ചത്.

Anonymous said...

NICE VIEWS.. BOTH IN POST N COMMENTS..

:)