Links

ബ്ലോഗ്, ബ്ലോഗ്ഗര്‍, ‍ബ്ലോഗ്ഗേര്‍സ് മീറ്റ്.......

നമസ്ക്കാരം സുകുമാരേട്ടാ ... ബ്ലോഗില്‍ ഈയിടെയായി സജീവമല്ലല്ലോ എന്തു പറ്റി?

ബ്ലോഗില്‍ ഞാന്‍ യാദൃച്ഛികമായി എത്തിപ്പെട്ടതാണു. തുടക്കത്തില്‍ കുറെ പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. എന്നാല്‍ നല്ല വായനയ്ക്കും എഴുത്തിനും പറ്റിയതല്ല മലയാളത്തില്‍ ബ്ലോഗുകള്‍ എന്ന് മനസ്സിലായി. ഇപ്പോള്‍ വായിക്കാനാണെങ്കില്‍ നിരവധി ഓണ്‍‌ലൈന്‍ പ്രസിദ്ധീകരണങ്ങള്‍ ഉണ്ടല്ലൊ. പിന്നെ ആരംഭകാലത്ത് എഴുതിയിരുന്ന എല്ലാവരും തന്നെ ബ്ലോഗെഴുത്ത് നിര്‍ത്തിയെന്ന് പറയാം. സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താതെ എന്ത് തോന്ന്യാസങ്ങളും എഴുതിക്കൂട്ടാവുന്ന വെര്‍ച്വല്‍ പുറമ്പോക്കായി മാറി മലയാളം ബ്ലോഗ്. മാന്യന്മാര്‍ ആരും പ്രവേശിക്കാന്‍ കഴിയാത്ത യാഹൂ കേരള ചാറ്റ് റൂം പോലെയായി മാറുകയാണു ബൂലോഗവും. ഇപ്പോള്‍ ബ്ലോഗുകള്‍ അപൂര്‍വ്വമായേ ശ്രദ്ധിക്കാറുള്ളൂ.

എഴുതാനുള്ള പ്രചോദനം ?

കാര്യമായൊന്നും ഞാന്‍ ബ്ലോഗില്‍ എഴുതിയിട്ടില്ലല്ലൊ. അടിസ്ഥാനപരമായി എഴുതാനുള്ള കഴിവെനിക്കില്ല. ഒരു കഥാകൃത്ത് ആകണമെന്ന് ചെറുപ്പത്തിലേ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ആഗ്രഹം മാത്രം പോരല്ലൊ. കഥയുടെ ക്രാഫ്റ്റ് എനിക്കൊരിക്കലും വഴങ്ങിയില്ല. ജീവിതത്തെ സസൂക്ഷ്മം നിരീക്ഷിക്കാനല്ലാതെ അത് വാക്കുകളില്‍ പകര്‍ത്താന്‍ എനിക്ക് കഴിഞ്ഞില്ല. ബ്ലോഗില്‍ എന്തൊക്കെയോ കുറിച്ചിട്ടു. പലരും വായിച്ചു,ചിലരൊക്കെ പ്രതികരിച്ചു. ഉദ്ദേശിച്ചതൊന്നും എഴുതാന്‍ കഴിഞ്ഞുമില്ല.

യുക്തിവാദത്തെക്കുറിച്ച് കുറെ എഴുതിയിരുന്നുവല്ലൊ. താങ്കള്‍ ഇപ്പോഴും യുക്തിവാദിയാണോ ?

ആരാണു യുക്തിവാദിയല്ലാത്തത്? എല്ലാവരും യുക്തിവാദികള്‍ തന്നെയാണു. യുക്തിയുടെ അടിസ്ഥാനത്തിലേ ഏതൊരു ആള്‍ക്കും ചിന്തിക്കാന്‍ പറ്റൂ. കഴിഞ്ഞ ദിവസം പരമഭക്തനും വിശ്വാസിയുമായ ഒരു സുഹൃത്ത് പറഞ്ഞത് കേള്‍ക്കണോ? “ ദൈവം നേരിട്ട് ഒരാളെയും സഹായിക്കില്ല. ഒരാള്‍ മറ്റൊരാളെ കൊല്ലുന്നു എന്ന് വയ്ക്കുക. രണ്ട് പേരിലും ഈശ്വരന്റെ അംശമുണ്ട്. അപ്പോള്‍ ദൈവം ആരെ സഹായിക്കും? ദൈവത്തോട് നാം എന്തെങ്കിലും ചോദിക്കുന്നത് വെറുതെയാണു. അല്ലാതെ തന്നെ ദൈവം വേണ്ടതെല്ലാം ചെയ്യുന്നുണ്ട്” അതിലുള്ള യുക്തി മറ്റൊരു ഭക്തന്റെ യുക്തിയുമായി ഒത്തുവരണമെന്നില്ല. യുക്തിവാദികള്‍ വിശ്വാസങ്ങളെ എതിര്‍ക്കുന്നതും ഒരു തരം അന്ധവിശ്വാസമാണെന്ന് ഇപ്പോഴെനിക്ക് തോന്നുന്നു. ഞാനും ഇങ്ങനെ എതിര്‍ത്തിട്ടുണ്ട്. ഒന്നാമത് പ്രപഞ്ചരഹസ്യങ്ങള്‍ പൂര്‍ണ്ണമായി ആര്‍ക്കും പിടി കിട്ടുന്നില്ല. മറ്റൊന്ന് വിശ്വാസങ്ങള്‍ പലതിലും യുക്തിഹീനത ഉണ്ടെങ്കിലും അതിലൊക്കെ ഒരു തരം മന:സമാധാനത്തിന്റെ പ്രശ്നമുണ്ട്. എതിര്‍ക്കുമ്പോള്‍ പകരം മന:സമാധാനം നല്‍കാന്‍ യുക്തിവാദികള്‍ക്ക് കഴിയില്ല.

മറ്റ് ബ്ലോഗ്ഗേര്‍സിനെ പറ്റി എന്താണഭിപ്രായം ?

ബ്ലോഗ്ഗര്‍ എന്ന ടേംസിനോട് എനിക്കെന്തോ യോജിപ്പില്ല. ഏതൊരാള്‍ക്കും ഒരു ഐഡി ഉണ്ടാക്കി ബ്ലോഗില്‍ എന്തെങ്കിലും എഴുതാം. പിന്നെ എഴുതാതിരിക്കാം. ബ്ലോഗെഴുത്തില്‍ ഒരു മാന്യത ഉണ്ടെങ്കില്‍ സാരമില്ലായിരുന്നു. ഇന്നത്തെ അവസ്ഥയില്‍ ഒരനോണി പ്രൊഫൈലുകാരന്‍ എവിടെയെങ്കിലും ഒരസംബന്ധക്കമന്റ് എഴുതിയാല്‍ പോലും ആ അനോണിയും ബ്ലോഗ്ഗറാണു. അത് കൊണ്ട് മാന്യന്മാരായ വ്യക്തികള്‍ ആരെങ്കിലും ബ്ലോഗ് തുടങ്ങിയാല്‍ തന്നെ താന്‍ ഒരു ബ്ലോഗ്ഗര്‍ ആണെന്ന് കരുതുമെന്ന് തോന്നുന്നില്ല. കുറെ പേര്‍ നന്നായി എഴുതുന്നുണ്ട്. അവരെയൊന്നും ബ്ലോഗ്ഗേര്‍സായി ഞാന്‍ കാണുന്നില്ല.

അപ്പോള്‍ ബ്ലോഗ്ഗേര്‍സ് മീറ്റിനെ പറ്റി ? ചെറായിയിലേക്ക് പോകുന്നുണ്ടോ?

നേരില്‍ പരിചയമില്ലാത്ത കുറെ പേര്‍ ഒന്നിച്ചു കൂടുന്നതിന്റെ ത്രില്‍ ആണ് ഇത്തരം സംഗമങ്ങളുടെ അടിസ്ഥാനം. അതിനൊരു പേരു നല്‍കുന്നു എന്നേയുള്ളൂ. കൂടിച്ചേരലുകള്‍ക്ക് എന്ത് പേരിട്ടാലും അതൊരു ഉത്സവമാണു, ആഘോഷമാണ്. ചെറായിയിലേക്ക് പോകാന്‍ ആരോഗ്യം അനുവദിക്കുന്നില്ല. അതൊരു അപൂര്‍വ്വമായ അവസരമായിരുന്നു.

ബ്ലോഗ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാറില്ലേ ?

ബ്ലോഗ് അക്കാദമി ഇപ്പോള്‍ നിലവിലില്ല എന്നാണെന്റെ തോന്നല്‍. ഉണ്ടെങ്കില്‍ സഹകരിക്കാന്‍ സന്തോഷമേയുള്ളൂ..

(തുടരും)

1 comment:

Unknown said...

I THINK THIS ISTHE BEST WAY TO CONVEY OUR IDEAS.