മാനുഷീക മൂല്യങ്ങള്‍ പുലരുന്ന ഒരു സമൂഹത്തില്‍ മാത്രമേ ഓരോരുത്തര്‍ക്കും സന്തോഷവും,സമാധാനവും,സുരക്ഷിതത്വവും ലഭിക്കുകയുള്ളൂ. അത് കൊണ്ട് സ്വന്തം കാര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതോടൊപ്പം സമൂഹത്തിന്റെ നന്മക്കു വേണ്ടി കൂടി അവനവന്റെ കഴിവിനനുസരിച്ചു പ്രവര്‍ത്തിക്കാന്‍ ബാദ്ധ്യതയുണ്ട്. അല്പസമയമെങ്കിലും ഇങ്ങിനെ ചെലവഴിക്കാന്‍ ആരും തയ്യാറാകുന്നില്ലെങ്കില്‍ നാളത്തെ തലമുറക്ക് പുറത്തിറങ്ങി നടക്കാന്‍ പററാത്ത സാഹചര്യം ഉണ്ടായേക്കാം. എനിക്ക് എന്റെ സ്വന്തം കാര്യം.....മററുള്ളവരുടെ കാര്യത്തെക്കുറിച്ചു ഞാനെന്തിനു വേവലാതിപ്പെടണം......? എന്ന ഒരു മനോഭാവം ഇന്നു പ്രബലപ്പെട്ടു വരികയാണ്. അങ്ങിനെ എല്ലാവററില്‍ നിന്നും ഒഴിഞ്ഞുമാറി സ്വന്തം കര്യം മാത്രം നോക്കി ജീവിതം നയിക്കുന്നത് ശരിയല്ല. ഒന്നാലോചിച്ചാല്‍ ജീവിതം എന്നു പറയുന്നത് തന്നെ സമൂഹവുമായി നാം നടത്തുന്ന ഇടപെടലുകളാണ്. അല്ലാതെയുള്ളത് വെറും നിലനില്‍ക്കല്‍(Existence) മാത്രമാണ്. സാമൂഹ്യമായ ഇടപെടലുകളില്‍ നാം ചില നിയന്ത്രണങ്ങളും പെരുമാററസംഹിതകളും പാലിച്ചേ പററൂ. ഇതിനെയാണ് സംസ്ക്കാരം എന്ന വാക്കു കൊണ്ട് ഉദ്ദേശിക്കുന്നത്. പരിണാമഗതിയുടെ ഉയര്‍ന്ന ശ്രേണിയില്‍ എത്തിപ്പെട്ട മനുഷ്യന്‍ ഇന്നും ജനിക്കുന്നത് കുറെയേറെ പ്രാകൃതവും, മൃഗീയവുമായ ജന്മവാസനകളോടെയാണ്. കാരണം ഭൂമിയില്‍ ജീവന്‍ ഉരുത്തിരിഞ്ഞ കാലം തൊട്ടുള്ള ജീനുകള്‍ നമ്മളിലുമുണ്ട്. ഒരു കുട്ടി വളര്‍ന്നു വരുമ്പോള്‍ അവനെ കുടുംബത്തിനും,സമൂഹത്തിനും യോജിച്ച സംസ്ക്കാരസമ്പന്നനായ ഒരു പൂര്‍ണ്ണവ്യക്തിയായി മാറുന്നതിനാവശ്യമായ വിദ്യാഭ്യാസവും ശിക്ഷണവും അവന് ലഭിക്കേണ്ടതുണ്ട്. ദൌര്‍ഭാഗ്യവശാല്‍ ഈ വസ്തുത വേണ്ട പോലെ ഇന്നു ശ്രദ്ധിക്കപ്പെടുന്നില്ല.
കുട്ടികളെ ഗുണദോഷിക്കുകയും, സന്മാര്‍ഗ്ഗോപദേശങ്ങളും മൂല്ല്യബോധവും നല്‍കി അവരുടെ സ്വഭാവരൂപീകരണത്തില്‍ ശ്രദ്ധ ചെലുത്തുന്ന രക്ഷിതാക്കള്‍ ഇന്നു വിരളമാണ്. സമയക്കുറവെന്ന ഒഴിവുകഴിവ് ചിലര്‍ പറഞ്ഞേക്കാം. എന്നാല്‍ നല്ല മക്കളാണ് ഒരാളുടെ ഏററവും വലിയ സമ്പാദ്യം എന്ന സത്യം ഇക്കൂട്ടര്‍ അറിയുന്നില്ല. നല്ല തലമുറയെ വാര്‍ത്തെടുക്കാനുള്ള ശ്രമം ഒരു ഭാഗത്ത് നിന്നും ഉണ്ടാകാത്തത് ദൌര്‍ഭാഗ്യകരമാണ്. രക്ഷിതാക്കളില്‍ പലര്‍ക്കും നേരമില്ല, അദ്ധ്യാപകസമൂഹത്തിനു ഇന്നു അവകാശബോധങ്ങളേയുള്ളൂ. അല്ലെങ്കിലും ഗുരു-ശിക്ഷ്യ ബന്ധം ഇന്നു പഴങ്കഥയാണല്ലോ. മതനേതാക്കന്മാര്‍ക്കും രാഷ്ട്രീയക്കര്‍ക്കും , അജ്ഞതയില്‍ അഭിരമിക്കുന്ന വിശ്വാസികളും അനുയായികളുമാണ് ആവശ്യം. ഇന്നു യുവതലമുറയില്‍ പരക്കെ ആരോപിക്കപ്പെടുന്ന ഗുരുത്വക്കേടിന്റെ അടിസ്ഥാനകാരണം ഇതാണ്.
കേരളത്തിലെ എല്ലാ വീടുകളില്‍ നിന്നും പെണ്‍കുട്ടികളും,സ്ത്രീകളും ദിവസേന പുറത്തിറങ്ങി സഞ്ചരിക്കുന്നുണ്ട്. ഇവരില്‍ പലരും അപമാനിതയായോ,ആത്മാഭിമാനം ക്ഷതപ്പെട്ടോ ആണ് സ്വന്തം വീടുകളില്‍ തിരിച്ചെത്തുന്നത്. ഭയം നിമിത്തം ആരും ഒന്നും പറയുന്നില്ല. ചാനലുകളിലും
മററ് ആനുകാലികങ്ങളിലുമൊക്കെ ഇതിനെപ്പററിയുള്ള ചര്‍ച്ചകള്‍ നിരന്തരംനടക്കുന്നുണ്ടെങ്കിലും ഒരു മാരകമായ ഞരമ്പുരോഗമായി ഇത് കേരളീയ സമൂഹത്തെ ഗ്രസിച്ചുവരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ ചില ബന്ധുക്കള്‍ ചെന്നൈയില്‍ നിന്നു നാട്ടില്‍ വന്നിരുന്നു.
നാട് കാണാന്‍ വന്ന അവര്‍ ചില അമ്പലങ്ങളിലേയും, കാവുകളിലേയും ഉത്സവങ്ങള്‍ കാണാന്‍ പോയിരുന്നു. തിരിച്ചു പോകുമ്പോള്‍ അവര്‍ സ്വകാര്യം പറഞ്ഞുപോലും..." ഇനി നാങ്കള്‍ കേരളാവിലേ കോവില്‍കള്‍ക്ക് പോകവേ മാട്ടോം......." തമിഴ് നാട്ടില്‍ ഏതൊരു സ്ത്രീക്കും, ഏത് സ്ഥലത്തും, ഏത് സമയത്തും സഞ്ചരിക്കാന്‍ കഴിയും. സ്ത്രീകളെ അവര്‍ തായ്‌ക്കുലമേ എന്നാണ് സംബോധന ചെയ്യുക.
അതെ ! തമിഴനു സ്ത്രീ എന്നാല്‍ മാതൃത്വത്തിന്റെ പ്രതീകമാണ് !! കേരളത്തിലോ.........?
9 comments:
തമിഴ് നാട്ടില്‍ ഏതൊരു സ്ത്രീക്കും, ഏത് സ്ഥലത്തും, ഏത് സമയത്തും സഞ്ചരിക്കാന്‍ കഴിയും. സ്ത്രീകളെ അവര്‍ തായ്‌ക്കുലമേ എന്നാണ് സംബോധന ചെയ്യുക.
അതെ ! തമിഴനു സ്ത്രീ എന്നാല്‍ മാതൃത്വത്തിന്റെ പ്രതീകമാണ് !! കേരളത്തിലോ.........?
സത്യം..
ശരിയാണ്,ഒരിക്കല്‍ കുട്ടിക്കാലത്ത് ബോബെയില്‍ താമസിക്കുന്ന ഒരു കസിന്‍ നാട് കാണാന്‍ വന്നിരുന്നു.അവള്‍ക്ക് കുട്ടിപ്പോലീസായിട്ട് ഞാനും നാട് കാട്ടാന്‍ ഇറങ്ങി .ഹീമാനേപ്പോലെ ആകാശം മുട്ടെ വളര്‍ന്ന് കലുങ്കിലിരുന്ന എല്ലാ കൊരങ്ങന്മാരുടേം പല്ലടി്ച്ചിളക്കാന്‍ ആഗ്രഹിച്ചിരുന്നു അന്ന്.പക്ഷേ കാര്യങ്ങള്‍ ഒക്കെ നാട്ടില്‍ അജഗജാന്തരവ്യത്യാസത്തില്‍ മാറിക്കൊണ്ടിരിക്കുന്നു.നല്ല മാറ്റങ്ങള്‍ ..!
സുകുമാര്‍ജി പറഞ്ഞത് അക്ഷരം പ്രതി ശരിയാണു..ഞാന്‍ പലപ്പോളും ചിന്തിക്കാറുണ്ട് മലയാളി സെക്ഷലി ഡിസോര്‍ഡര്‍ ആണെന്നു..3 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊല്ലുന്ന 13 കാരന്‍, 70 വയസ്സുകാരിയെ പോലും കാമാന്ധതയോടെ നോക്കുന്ന, വെറുതെ വിടാത്ത തരത്തിലുള്ള മാനസിക വൈകൃതം പ്രാപിച്ചവര്‍..
പെണ്‍ സുഹൃത്തുക്കള്‍ പലതവണ പറഞ്ഞറിഞ്ഞ് കേട്ട ‘കൊച്ച് കൊച്ച്’ പീഡ്ഠനാനുഭവങ്ങള്‍..ബസ്സിലും, ട്രയിനിലും, പകല്‍ വെളിച്ചതില്‍ എവിടെയും സംഭവിക്കവുന്നവ..
കേരളത്തില്‍ സന്ധ്യ മയങ്ങിക്കഴിഞ്ഞാല്‍ പൊതുവെ പെണ്‍കുട്ടികള്‍ക്കു (ചില സ്ഥലങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും..!!)ഒറ്റക്കു സഞ്ചാരം ബുദ്ധിമുട്ടാണ്..എന്തിങ്കിലും സംഭവിച്ചാലോ..എല്ലാം പെണ്ണിന്റെ മാത്രം കുറ്റം..
എത്രയോ പെണ്‍വാണിഭങ്ങള്‍ നടക്കുന്നൂ..എത്ര ഇരകള്‍ തിരിച്ച് സമൂഹത്തില്‍ വന്ന് മാന്യമായി ജീവിക്കുന്നുണ്ട്..
സാമൂഹ്യശാസ്ത്രഞ്ജര്‍ തീര്‍ച്ചയായും ഗൌരവപൂര്‍വ്വം പഠിക്കേണ്ട ഒന്നാണതു..
പല കാരണങ്ങള്‍ ഉണ്ടാവാം..വളര്‍ത്തു ദോഷം, മദ്യം, ലഹരി, മാദ്ധ്യമങ്ങള്‍, തുടങ്ങി കുറെ..
ജീവിതം അതിവേഗം കച്ചവടവല്‍ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്നൂ..അമ്മയെയ്യും, പെങ്ങളേയും ബഹുമാനിക്കണം എന്ന് ഒരു സമൂഹത്തെ ബോധവല്‍ക്കരിക്കേണ്ട അവസ്ഥ പരിതാപകരം തന്നെയാണു..
പുരുഷ്വതം എന്നാല്‍ സ്ത്രീത്വം സംരക്ഷിക്കുക എന്നതാണു അല്ലാതെ പിച്ചിചീന്തല്‍ അല്ല എന്ന് അതിനുമുതിരുന്നവനെ നല്ല പെട കൊടുത്ത് മനസ്സിലാക്കികൊടുക്കേണ്ട “ആങ്ങള “മാര്‍ ഉണര്‍ന്നുവരേണ്ടുന്ന കാലം അതിക്രമിച്ചിരിക്കുന്നൂ..
സുകുമാര്‍ജിയോട് ഒരു അപേക്ഷയുണ്ട്..
ഈയടുത്തു വായിച്ച ഒരു പത്ര റിപ്പോര്‍ട് ആണു അടിസ്ഥാനം..കേരളത്തില്‍ മദ്യപാനം കൂടിവരുന്നു..എന്തിനും ഏതിനും മദ്യം വിളമ്പുക എന്നത് എന്തിന്റേയൊക്കയോ എഴുന്നെള്ളിക്കലായി മാറുന്നു..വടക്കന്മലബാറില്‍ കല്യാണത്തലേന്നു മുത്തപ്പനു കൊടുക്കുക എന്ന പേരില്‍ മദ്യവിരുന്നു നടക്കുന്നത് നിത്യസംഭവം ആണത്രെ..
മദ്യം, അത് നല്ലതാണോ, ചീത്തയാണോ എന്നൊന്നും ഞാന്‍ ഇപ്പോള്‍ സമര്ത്‍ഥിയ്ക്കുന്നില്ല (മദ്യപിച്ചിട്ടുണ്ട്, മദ്യപിക്കാറുമുണ്ട്..എന്നാലും അതൊരു ക്രെഡിറ്റ് ആയിട്ട് കരുതുന്നില്ല )..എന്നാലും അതിന്റ്റെ ബൈപ്രൊഡക്ട്..ചിലര്‍ക്കെങ്കിലും (ചില സമൂഹങ്ങളിലെങ്കിലും) ദോഷം ചെയ്തേക്കാം..
ഈ ടോപിക് ഒന്ന് വിശദമായി എഴുതാമോ..??
കൊച്ചു ക്ലാസുകള്‍ മുതലേ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വേര്‍തിരിച്ച് പ്രത്യെകം സ്കൂളുകളിലോ, ഒരേ ക്ലാസില്‍ ആണെങ്കില്‍ വേറെ ബെഞ്ചിലോ ഇരുത്തുകയാണ് പലരും ചെയ്യുന്നത്. ബസ്സില്‍ പ്രത്യെകം സീറ്റ്, ക്യു (ഉണ്ടെങ്കില്‍ !) പ്രത്യെകം ക്യു, ഇങ്ങനെ പലതും.തൊട്ടാല്‍ ഗര്‍ഭിണി ആവുന്ന എന്തോ സാധനം ആണ് സ്ത്രീ എന്ന വിചാരത്തിലാണ് പലരും വളര്‍ന്നു വരുന്നത്. സ്ത്രീശരീരത്തില്‍ തൊടുന്നത് എന്തോ വലിയ കാര്യമായിത്തന്നെ ചിലര്‍ കാണുന്നു.
ഇങ്ങനെ വളര്‍ന്നു വരുന്ന ചിലരാണ് തൊട്ടലും തലോടലും ആയി കറങ്ങി നടന്ന് ബസ്സിലും,ആള്‍ക്കൂട്ടത്തിനിടയിലും നമ്മുടെ നാട്ടിലെ സ്ത്രീകളുടെ ജീവിതം ദുസ്സഹമാക്കുന്നത്. പല സ്ത്രീകളും നാണക്കേടു പേടിച്ച് ഒന്നും പുറത്തു പറയാതെ നടക്കുന്നു.
വളരെ സങ്കുചിത മനസ് ഉള്ള വര്‍ഗം ആണ് മലയാളികള്‍ എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. പുറത്ത് വലിയ "സംസ്കാരം" കാണിക്കുമെങ്കിലും, ഉള്ളിന്റെ ഉള്ളില്‍ ലൈംഗിക നിരാശയും അപകര്‍ഷതാബോധവും കൊണ്ടു നടക്കുന്ന ധാരാളം പേര്‍ നമുക്കു ചുറ്റും ഉണ്ട്. ഇവരില്‍ പലരും ആണ് ഈ "ഞരമ്പു രോഗികള്‍".
ഒരു സ്ത്രീ ഒറ്റക്ക് എവിടെയെങ്കിലും നില്‍ക്കുന്നത് കണ്ടാല്‍ കുറെ കാമദേവന്മാര്‍ ( God's gift to Womankind എന്നാണ് ഇവര്‍ തങ്ങളെക്കുറിച്ച് വിചാരിച്ചിരിക്കുന്നത് !) അവര്‍ക്കു ചുറ്റും കൂടുന്നു. ഫ്രീ ആയിട്ടു സെക്സ് കിട്ടിയാലോ എന്ന മട്ടില്‍ അവരെ കണ്ണുകള്‍കൊണ്ട് വസ്ത്രാക്ഷേപം ചെയ്യുന്നു."എന്നെ ഒന്നു നോക്കൂ, ഞാന്‍ എത്ര സുന്ദരന്‍" എന്ന മട്ടില്‍ ഒരു നില്‍പും നോട്ടവും ഒക്ക്ക്കെ ഒന്നു കാണേണ്ടതു തന്നെ.
ഈയിടെ എന്റെ ഒരു സുഹൃത്ത് ഭാര്യയെയും 12 വയസ്സുള്ള മകളെയും കൂട്ടി മാറ്റിനിക്കു പോയി. (പലരും ഇപ്പൊള്‍ വൈകിട്ടും രാത്രിയും ഒന്നും സിനിമക്കു പോകാറില്ല). സിനിമ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ മുതല്‍ പിറകില്‍ നിന്നും തുടങ്ങി തോണ്ടല്‍- 40 തിനടുത്ത് പ്രായമുള്ള ഭാര്യയുടെ മേല്‍ !. ഒന്നു രണ്ടു തവണ ആ സ്ത്രീ മാറിയിരുന്നു നോക്കി- രക്ഷയില്ല.അടുത്ത തവണ കൈ നീണ്ടു വന്നപ്പോള്‍ ഒരു ഉന്നം വച്ച് കുട കൊണ്ട് ഒരു പ്രയോഗം അങ്ങു നടത്തി- ആ വായില്‍നോക്കിയുടെ മൂക്കിനിട്ടു തന്നെ കൊണ്ടു.അതു കഴിഞ്ഞപ്പോള്‍ അതു വരെ മിണ്ടാതിരുന്ന പല "മാന്യന്‍ മാരും" എണീറ്റ് അവനെ കൈകാര്യം ചെയ്തു. നാണക്കേടു കാരണം എന്റെ സുഹൃത്ത് കേസിനും വഴക്കിനും ഒന്നും പോയില്ല.
കുട്ടികളായിരിക്കുമ്പോള്‍ തന്നെ സ്ത്രീ കളെ ബഹുമാനിക്കണം എന്നും അവര്‍ ലൈംഗിക വസ്തുക്കള്‍ അല്ലെന്നും മറ്റുമുള്ള കാര്യങ്ങള്‍ നമ്മുടെ കുട്ടികളെ പറഞ്ഞുമനസ്സിലാക്കിയില്ലെങ്കില്‍ ഇത്തരം ഞരമ്പു രോഗികളുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കും. സ്ത്രീകളെ തൊടുന്നതും,മുട്ടി ഉരുമ്മി ഇരിക്കുന്നതും വഴി ലൈംഗിക മൂര്‍ച്ക നേടുന്നതാണ് ചിലരുടെയെങ്കിലും ജീവിതത്തിലെ വലിയ ഒരു സംഭവം.അതില്‍ക്കൂടി അവര്‍ സ്വന്തം ലൈംഗിക അപകര്‍ഷതാ ബോധത്തിനോട് മല്ലിട്ട് ജയിക്കാന്‍ ശ്രമിക്കുന്നു എന്നതാണ് വാസ്തവം.
കറക്റ്റ് രാജേഷ്ജി...
താങ്ക്സ്, കുട്ടന്‍സ് !
വളരെ ശരിയാണ്...ഈ ഞരമ്പ് രോഗികള്‍ കേരളത്തിലെ സ്ത്രീകളുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. സ്വന്തം പെങ്ങളില്‍നിന്നും സുഹൃത്തക്കളില്‍നിന്നും ഈ മാനസിക രോഗികളുടെ ലീലാവിലാസങ്ങളെപ്പറ്റി പലപ്പോഴായി കേട്ടിട്ടുണ്ട് !! പലപ്പോഴും സ്ലൈട്, സേഫ്റ്റി പിന്‍ (ആരോ ഇതിന്റെ ഈ ഉപയോഗം മുന്കൂട്ടി കണ്ട് പേരിട്ട പോലെ) , കുട മുതലായ ചെറിയ ആയുധങ്ങള്‍കൊണ്ട് നിശബ്ദമായി തങ്ങളെ സംരക്ഷിക്കുകയെല്ലാതെ മറ്റൊന്നും ചെയ്യാന്‍ അവര്‍ക്ക് കഴിയുന്നില്ല.പ്രതികരിച്ചു കഴിഞ്ഞാല്‍ സമൂഹം അവളെ മോശക്കാരിയാക്കും..“ആണുങ്ങള്‍ അല്ലേ, കുറച്ച് കുസൃതിയൊക്കെ കാണും” എന്ന് ഇങ്ങനെയുള്ള സംഭവങ്ങള്‍ കഴിയുമ്പൊള്‍ ചില വിവരക്കേടുകല്‍ വിളമ്പുന്നത് കേള്‍ക്കാം. മുളയിലേ ഞുള്ളിയില്ലെങ്കില്‍ ഇങ്ങനെയുള്ള ദോശകരമായ കുസൃതികള്‍ ബലാത്സംഗം, കൊല മുതലായ ഭീകര കൃത്യങ്ങളില്‍ ചെന്ന് അവസാനിക്കും എന്ന് ഇവര്‍ മനസ്സിലാക്കുന്നില്ല. ഇങ്ങനെയുള്ള വൃത്തികെട്ട പ്രവണതകള്‍ കൂടുതലും കേരളത്തിലാണ് കണ്ടു വരുന്നത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.ജനങ്ങളുടെ കാഴ്ചപ്പാടും മനസ്ഥിതിയും മാറ്റേണ്ട് കാലം അതിക്രമിച്ചിരിക്കുന്നു. കേരളത്തില്‍ ഒരു സ്ത്രീ വൈകിട്ട് ആറ് മണി കഴിഞ്ഞ് പുറത്ത് നടക്കുന്നതു കണ്ടാല്‍ ജനം അവളെപ്പറ്റി വേണ്ടാത്ത വൃത്തികേടുകള്‍ എല്ലാം പറഞ്ഞുപരത്തി തുടങ്ങും.ഹൊ!പിന്നെ നാട്ടുകാരുടെ ഒരു നൂറ് ചോദ്യത്തിന് ഉത്തരം പറയണം-എവിടെപ്പൊയി,എന്തിനു പോയി,ആരുടെ കൂടെ പോയി എന്നൊക്കെ. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്കു ഭീതിയില്ലാതെ ഏത് സമയത്തും എവിടെയും പോകാം..ആരോടും ഉത്തരം പറയുകയും വേണ്ട;അല്ല ആര്‍ക്കും ഇങ്ങനെയുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കേരളത്തിലുള്ളവരെ പോലെ സമയം ഇല്ല എന്നതാണ് സത്യം...വീട്ടില്‍നിന്നുമുള്ള ശരിയായ ശിക്ഷണത്തിന്റെ അഭാവത്തില്‍ സംസ്കാരം പോലെയുള്ള കാര്യങ്ങള്‍പ്പോലും ഇനി പാഠ്യപദ്ധതികളില്‍ ഉള്‍പ്പെടുത്തി കുഞ്ഞുങ്ങളുടെ മനസ്സില്‍ drill ചെയ്ത് കയറ്റേണ്ട് ആ ദുഷിച്ച കാലം അത്ര വിദൂരമല്ലെന്ന് തൊന്നുന്നു...
Post a Comment