ഓര്‍ക്കൂടും..... പിന്നെ...സ്നേഹക്കൂടും.....

“കേരളത്തിന്റെ സൈബര്‍ കൌതുകം ഇപ്പോള്‍ ഒരു കൂട്ടില്‍ ചേക്കേറിയിരിക്കുകയാണ്. ഓര്‍ക്കുട് - പ്രണയികള്‍ക്ക് സ്വപ്നക്കൂട്,സുഹൃത്തുക്കള്‍ക്ക് കളിക്കൂട്,വേറിട്ട് നടക്കുന്നവര്‍ക്ക് ചര്‍ച്ചയുടെ ചട്ടക്കൂട്.”...... ഓര്‍ക്കുട്ടിനെക്കുറിച്ച് 2006ഡിസംബര്‍ 17 ന്റെ മാതൃഭൂമി വാരാന്തപ്പതിപ്പില്‍
ശരത് കൃഷ്ണ എഴുതിയ ഫീച്ചറിലെ വരികാളാണ് ഇത്.

ശരത് തുടരുന്നു, “........ പിന്നെ അഞ്ചരക്കണ്ടിക്കാരന്‍ സുകുമാരന്‍ ചേട്ടനെ മുതല്‍ ഓര്‍ക്കുടിന്റെ പിതാവ് ഓര്‍ക്കുട് ബുയുക്കോക്ടനെ വരെ സുഹൃത്താക്കാം. സൌഹൃദത്തിന്റെ ഇനിയും കണ്ടെത്തിയിട്ടില്ലാത ഭൂഖണ്ഡങ്ങള്‍ തേടുന്ന നാവികനാകാം. സ്വന്തം സുഹൃത്തില്‍ നിന്ന് അയാളുടെ സുഹൃത്തിലേക്ക്,അവിടെ നിന്ന് മററ് ഒരാളിലേക്ക്....ക്ലിക്ക്...ക്ലിക്ക്... എന്ന താളത്തിലുള്ള ചാട്ടം. കേരളത്തിലെ ഏതെങ്കിലും ഭൂപ്രദേശത്തുനിന്നു തുടങ്ങി ആഫ്രിക്കന്‍ വന്‍ കരയില്‍ വരെയെത്തി നങ്കൂരമിടല്‍ ......” ശരിയാണ്,  വളരെ എളുപ്പത്തില്‍ ഒത്തിരി സുഹൃത്തുക്കളെ ഓര്‍ക്കുട്ടിലൂടെ കണ്ടെത്താം. ആയിരത്തോളം സുഹൃത്തുക്കള്‍ എന്റെ സൌഹൃദപ്പട്ടികയിലുണ്ട്. എന്നാല്‍ എത്ര പേരു മായി ഇതിലൂടെ യഥാര്‍ഥ ബന്ധം സ്ഥാപിക്കാനാവും? ആദ്യം കുറച്ചു സ്ക്രാപ്പുകള്‍ എഴുതിക്കഴിഞ്ഞാല്‍ പിന്നെ അവരെ കണ്ടെത്തുക എളുപ്പമല്ല. സുഖം തന്നെയല്ലെ...........,എന്തുണ്ട് വിശേഷം............? ഇങ്ങിനെ ചില കുശലങ്ങളല്ലാതെ അര്‍ഥപൂര്‍ണ്ണമായ സംവാദങ്ങളിലേര്‍പ്പെടാനുള്ള അവസരമോ,അടുപ്പമുള്ളവ്യക്തി
ബന്ധത്തിന്റെ ഊഷ്മളതയോ ഈ സൌഹൃദങ്ങളില്‍ നിന്നു ഉണ്ടാക്കിയെടുക്കുക എളുപ്പമല്ല.
ഏതായാലും എന്നെ സംബന്ധിച്ചെടുത്തോളംധാരാളംസുഹൃത്തുക്കളില്‍ നിന്ന്  സ്നേഹവും,ബഹുമാനവും തുളുമ്പുന്ന സ്ക്രാപ്പുകള്‍ നിത്യവും ലഭിക്കുന്നു.

എന്തുകൊണ്ടാണാളുകള്‍ സൌഹൃദം തേടി ഓര്‍ക്കുട്ടിലെത്തുന്നത്? എല്ലാവര്‍ക്കും ആരില്‍ നിന്നെങ്കിലും സ്നേഹവും,അംഗീകാരവും കിട്ടിയേ മതിയാവൂ . അഥവാ ഓരോരുത്തരും മററ് സഹജീവികളുടെ സ്നേഹത്തിനുവേണ്ടി ദാഹിക്കുന്നു. ആര്‍ക്കും ആരില്‍ നിന്നും സ്നേഹം ലഭിക്കാത്ത വിധം ഒരു സ്നേഹദാരിദ്ര്യം നിലനില്‍ക്കുന്നതായി എനിക്കു തോന്നുന്നു. ആരാണ് നിങ്ങളുടെ ആത്മാര്‍ഥസുഹൃത്ത് എന്നു ചോദിച്ചാല്‍ അതിനു ഉത്തരം പറയാന്‍ പലരും പലവട്ടം ആലോചിക്കും.

ഇവിടെ തനിക്ക് സ്നേഹം ലഭിക്കണമെന്നു ആഗ്രഹിക്കുകയല്ലാതെ,അത് അന്യര്‍ക്കു നല്‍കാന്‍ ആരും തയ്യാറാകുന്നില്ല. മററ് എല്ലാവരേയും നിരുപാധികം സ്നേഹിക്കാന്‍ എല്ലാവരും തയ്യാറായല്‍ ഓരോരുത്തര്‍ക്കും അത് ചോദിക്കാതെ തന്നെ ലഭിക്കും. എന്താണു സ്നേഹം ? ത്യാഗമാണു സ്നേഹത്തിന്റെ ഉരകല്ല്. മററ് സഹജീവികളെ സ്നേഹിക്കുകയും,അവര്‍ക്കുവേണ്ടി കൊച്ചു കൊച്ചു ത്യാഗങ്ങള്‍ ചെയ്യുകയും ചെയ്യുമ്പോള്‍ സഫലമാകുന്നതു അവനവന്റെ ജീവിതം തന്നെയാണ്.

ഇന്ന് കുടുംബബന്ധങ്ങളും,അയല്‍ പക്ക ബന്ധങ്ങളും തീരെ ശിഥിലമായതാണു മാനസീകപിരിമുറുക്കങ്ങള്‍ക്ക് ഒരു പ്രധാനകാരണം. അയല്‍ പക്കത്തെ ശത്രുവാണു ദൂരത്തെ ബന്ധുവെക്കാളും ഉപകാരം എന്ന അര്‍ഥത്തില്‍ ഒരു പഴമൊഴിയുണ്ട്, എന്നാല്‍ “ അടുക്കുന്തോറും അകലും,അകലുന്തോറും അടുക്കും” എന്നത് പുതുമൊഴി!

ഈ ലോകത്തില്‍ അപരിചിതത്വം എന്നൊന്നു ആവശ്യമില്ലായിരുന്നു. മനുഷ്യന്‍ എന്ന ഒററക്കാരണത്താല്‍ ആര്‍ക്കും ആരില്‍ നിന്നും നിരുപാധികമായ സ്നേഹം ലഭിക്കണ
മായിരുന്നു. അതെ, സ്നേഹവും അംഗീകാരവും ഏതൊരു മനുഷ്യന്റെയും ജന്മാവകാശമാണ്............
അപ്പോള്‍ ഈ ലോകം ഒരു സ്നേഹക്കൂടായി മാറും....................................!

5 comments:

ak47urs said...

സത്യമാണ് സുകുമാരന്‍ ചേട്ടന്‍ പറഞ്ഞത്..
നമ്മള്‍ പ്രതിഫലം ആഗ്രഹിക്കാതെ ഒരു കാര്യം
ചെയ്യുക.എല്ലാവര്‍ക്കും എല്ലവരെയും സ്നേഹിക്കന്‍ പറ്റില്ല,പക്ഷെ നാമറിയാത്ത ചിലര്‍ നമ്മെ അറിയുന്നുണ്ട്,,

UNNI said...

സൌഹൃദത്തിന്റെയും സ്നേഹത്തിന്റെയും പ്രാഥമികമായ ഉപാധി അവ നിരുപാധികമായിരിക്കണമെന്നുള്ളതാണ്. ഉപാധികളും പ്രതീക്ഷകളും പരസ്പരം വെച്ചു പുലര്‍ത്തുന്ന സൌഹൃദങ്ങള്‍ ദീര്‍ഘനാള്‍ നിലനില്‍ക്കാന്‍ ബുദ്ധിമുട്ടാണ്. പക്ഷെ സാഹചര്യങ്ങള്‍ അതിനനുകൂലമാവണമെന്നില്ല..പ്രതീക്ഷകളാണല്ലൊ പലപ്പോഴും നമ്മുദെ ജീവിതത്തിനു തന്നെ പ്രേരണയാവുന്നത്..

കണ്ണൂരാന്‍ - KANNURAN said...

കുറെയേറെ സത്യങ്ങള്‍ സുകുവേട്ടന്‍ പറഞ്ഞിരിക്കുന്നു. ചാറ്റ് റൂമിനെക്കാളും, ഓര്‍ക്കുട്ടിനെക്കാളും ഈ ബൂലോഗത്തെ സൌഹൃദമാണ് നിലനില്‍ക്കുക എന്നെനിക്കു തോന്നുന്നു. പിന്മൊഴികളിലൂടെ അവരുടെ സഞ്ചാരപഥം നാമറിയുന്നു. കമന്റുകളിലൂടെ, പിണക്കങ്ങളിലൂടെ... അങ്ങിനെ... ഉപാധികളില്ലാത്ത സൌഹൃദം...

G.manu said...

sukuvettante orkut id enthanu?

nambiar said...

enthokkeyo ezhuthanamennundu pakshe onnum purathekku varunnilla manasil oru paadu chinthakalaanu..ellam parayunnathu suhruthukkalodaanu appol oru samadhanam...entho oru kulirma..