Links

ഹൃദയധമനിയിൽ ബ്ലോക്ക് ഉണ്ടാകുന്നത് എങ്ങനെയാണ്?

ചീത്ത കൊളസ്ട്രോൾ അഥവാ LDL കൊളസ്ട്രോൾ രക്തത്തിൽ അധികം ആകുമ്പോൾ അത് ഹൃദയപേശികളിലേക്ക് രക്തം എത്തിക്കുന്ന കൊറോണറി ധമനിയിൽ അടിഞ്ഞുകൂടി പ്ലേക് രൂപപ്പെടുകയും അങ്ങനെ അതറോസ്ക്ലിറോസിസ് (Atherosclerosis) എന്ന അവസ്ഥ സംജാതമാവുകയും അതാണ് ഹൃദയാഘാതത്തിനും ഹൃദയസ്തംഭനത്തിനും കാരണമാകുന്ന ബ്ലോക്ക് എന്നാണ് ഡോക്ടർമാരും പൊതുസമൂഹവും വിശ്വസിച്ചു വരുന്നത്. ചുരുക്കി പറഞ്ഞാൽ ചീത്ത കൊളസ്ട്രോൾ ആണ് ബ്ലോക്കിനു കാരണം എന്ന്. ഈ ചീത്ത കൊളസ്ട്രോൾ എന്ന് പറയുന്ന LDL ,  കൊളസ്ട്രോൾ അല്ല എന്നും അത് ലിപോ പ്രോട്ടീൻ ആണെന്നും കൊളസ്ട്രോൾ ഒന്നേയുള്ളൂ എന്നും നല്ലതും ചീത്തയും ആയി രണ്ട് വിധം ഇല്ലെന്നും ഞാൻ മുൻപേ എഴുതിയത് ഓർക്കുമല്ലോ. കൊളസ്ട്രോളിനെ നല്ലതും ചീത്തയും ആയി വർഗീകരിക്കുന്നതും  LDL , HDL എന്നിങ്ങനെയുള്ള ലിപോ പ്രോട്ടീനുകളെ കൊളസ്ട്രോൾ എന്ന് കരുതുന്നതും തികഞ്ഞ വിവരക്കേടാണ്.  നമ്മുടെ ഡോക്ടർമാർ ഈ വിവരക്കേടിനെ ഇപ്പോഴും ഒരലങ്കാരമായി കൊണ്ടുനടക്കുന്നത് ദൗർഭാഗ്യകരമാണ്. കാരണം ലിപോ പ്രോട്ടീൻ എന്നത് കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ്‌സ്, ഫോസ്‌ഫോലിപിഡ്സ്, വെറും പ്രോട്ടീൻ എന്നിവ അടങ്ങിയതാണ്. 

കൊളസ്ട്രോൾ അധികം ആയാൽ ബ്ലോക്ക് ഉണ്ടാകുമോ? അഥവാ കൊളസ്ട്രോൾ ആണോ ബ്ലോക്കിനു കാരണം? എന്തിനും ഒരു കാരണം ഉണ്ടാകണം. ഒരു കാരണം ഇല്ലാതെ ഒരു കാര്യവും ഉണ്ടാകുന്നില്ല എന്ന കാര്യകാരണബന്ധം പ്രകൃതിയുടെ ഒരു നിയമം ആണ്. അപ്പോൾ ഹൃദയധമനിയിൽ ബ്ലോക്ക് ഉണ്ടാകാനുള്ള യഥാർത്ഥ കാരണം ആണ് നമ്മൾ കണ്ടെത്തേണ്ടത്. കൊഴുപ്പും കൊളസ്ട്രോളും കാൽസിയവും ഒക്കെ അടിഞ്ഞു കൂടിയിട്ടാണ് ബ്ലോക്ക് ഉണ്ടാകുന്നത് എന്നാണ് ഇപ്പോൾ ലേറ്റസ്റ്റായി പറഞ്ഞു കേൾക്കുന്ന കാര്യം. എന്നാൽ ഇതും ഒരു കാരണം അല്ല. ഇവയൊക്കെ ഒരു കാരണവും ഇല്ലാതെ ചുമ്മാ ധമനിയിൽ പോയി അടിയുമോ? 

അപ്പോൾ നമ്മൾ യഥാർത്ഥ കാരണം മനസ്സിലാക്കണം. ഡോക്ടർമാർ ഈ കാരണം മനസ്സിലാക്കിയെങ്കിൽ നന്നായിരുന്നു. കൊളസ്ട്രോൾ ഒരിക്കലും രക്തത്തിൽ അധികം ഉണ്ടാവില്ല. കാരണം ഭക്ഷണത്തിൽ നിന്ന് എത്ര കിട്ടിയാലും ആവശ്യമുള്ളതിന്റെ 75 ശതമാനം കൊളസ്ട്രോളും ലിവർ ആണ് ഉല്പാദിപ്പിക്കുന്നത് എന്ന വസ്തുത ഡോക്ടർമാർ ആരും നിഷേധിക്കില്ല. അപ്പോൾ ഡോക്ടർമാർ പറയും LDL ആണ് പ്രശ്നം എന്ന്. LDL എന്നാൽ കൊളസ്ട്രോളും ട്രൈഗ്ലിസറൈഡും മറ്റ് ലിപിഡ്‌സും പ്രോട്ടീനും ചേർന്ന ഒരു പായ്ക്ക് ആണെന്ന വസ്തുതയും ഡോക്ടർമാർ നിഷേധിക്കില്ല. അപ്പോൾ LDL എന്ന പായ്ക്ക് ആണോ ധമനിയിൽ ഒട്ടിപ്പിടിച്ച് ബ്ലോക്ക് ആകുന്നത് അതോ ആ പായ്ക്കിൽ നിന്ന് കൊളസ്ട്രോൾ ഊർന്നു വീഴുന്നുവോ? 

ധമനിയിൽ എങ്ങനെ പ്ലേക് രൂപപ്പെടുന്നു എന്നതിന്റെ കാരണം തേടുമ്പോഴാണ് നാം ഇൻഫ്ലമേഷൻ അഥവാ വീക്കം എന്ന പ്രതിഭാസത്തിൽ എത്തുക. എന്താണ് ഈ ഇൻഫ്ലമേഷൻ എന്ന് നോക്കാം. ശരീരത്തിൽ ഒരു മുറിവ് ഉണ്ടായാലോ വല്ലതും കടിച്ചാലോ ആ ഭാഗത്ത് ഒരു വീക്കം വളരെ പെട്ടെന്ന് രൂപപ്പെടുന്നത് കാണാം. ഇൻഫ്ലമേഷന്റെ ഒരു ഉദാഹരണം ആണിത്. എന്തെങ്കിലും മുറിവോ ക്ഷതമോ സംഭവിച്ചാൽ അത് ശരീരം തന്നെ ഗുണപ്പെടുത്തുന്നതിന്റെ ആദ്യപടിയാണ് ഈ ഇൻഫ്ലമേഷൻ എന്നത്. മുറിവ് ഉണ്ടായ ഭാഗത്ത് രക്തക്കുഴൽ ചുരുങ്ങി ബ്ലീഡിങ്ങ് തടയുന്നു. അവിടെ രക്തം തിക്ക് ആയി കട്ടപിടിക്കുന്നു. മുറിവിൽ വൈറസ്സോ ബാക്റ്റീരിയകളോ പ്രവേശിക്കാതെ തടയാൻ ഇമ്മ്യൂൺ സിസ്റ്റം അവിടേയ്ക്ക് വെള്ള രക്താണുക്കളെ കേന്ദ്രീകരിപ്പിക്കുന്നു. ഇതിന്റെയൊക്കെ ആകെ ഫലം ആണ് ഇൻഫ്ലമേഷൻ എന്നത്. ആ ഭാഗം പൂർവ്വസ്ഥിതിയിലാകാൻ അവിടെ കോശവിഭജനം നടന്ന് പുതിയ കോശങ്ങൾ ഉണ്ടാകുന്നു. അപ്പോൾ പുതിയ കോശങ്ങളുടെ നിർമ്മിതിക്ക് കൊളസ്ട്രോൾ അടക്കമുള്ള എല്ലാ പദാർത്ഥങ്ങളെയും രക്തം അവിടേയ്ക്ക് എത്തിക്കുന്നു. ഒടുവിൽ മുറിവ് ഉണങ്ങുമ്പോൾ അവിടെ ഒരു വടു (protective scar) അവശേഷിക്കുന്നു. 

ഇത് തന്നെയാണ് രക്തധമനിയുടെ ഉൾഭാഗത്തും സംഭവിക്കുന്നത്. അവിടെ പക്ഷെ മുറിവിനു പകരം പല കാരണങ്ങളാലുള്ള ഡാമേജ് ആണ് ഉണ്ടാകുന്നത്. ഡാമേജ് ഉണ്ടാകുമ്പോൾ ഇൻഫ്ലമേഷൻ ഉണ്ടാകുന്നു. ഡാമേജ് റിപ്പയർ ചെയ്യാൻ മേൽപ്പറഞ്ഞ എല്ലാ പ്രവർത്തനങ്ങളും അവിടെ നടക്കുന്നു. ഒടുവിൽ അവിടെ വടുവിനു പകരം പ്ലേക്ക് രൂപപ്പെടുന്നു. ആ പ്ലേക്കിൽ കൊളസ്ട്രോൾ അടക്കം കോശനിർമ്മിതിക്ക് ആവശ്യമായ എല്ലാ ഘടങ്ങളും ഉണ്ടാവുകയും ചെയ്യും. എവിടെ ഒരു കോശം പുതിയതായി ഉണ്ടാകണമോ അതിനു കൊളസ്ട്രോളും വേണം. കാരണം നമ്മുടെ കോശങ്ങളുടെ ബാഹ്യഭാഗത്ത് ഒരു സ്തരം ഉണ്ട്. അത് കൊളസ്ട്രോൾ കൊണ്ടാണ് നിർമ്മിക്കപ്പെടുന്നത്. ചുരുക്കി പറഞ്ഞാൽ ഡാമേജ് സംഭവിച്ച ധമനിയുടെ റിപ്പയറിങ്ങിന്റെ ഭാഗമായാണ് കൊളസ്റ്റ്രോൾ അവിടെ എത്തുന്നത്. അവിടെ രൂപപ്പെട്ട പ്ലേക്കിൽ കോശനിർമ്മിതിക്ക് ആവശ്യമായ മുഴുവൻ ഘടകങ്ങളും ഉണ്ടാകും. കൊളസ്ട്രോളോ കൊഴുപ്പോ കാൽസിയമോ ചുമ്മാ അടിഞ്ഞുകൂടി പ്ലേക് ഉണ്ടാക്കുന്നതല്ല.

ധമനിയിൽ ഡാമേജ് ഉണ്ടാവുകയും അപ്പോൾ ഇൻഫ്ലമേഷൻ ഉണ്ടാവുകയും, ഡാമേജ് ഉണ്ടാകുന്നതിന്റെ കാരണങ്ങൾ പരിഹരിക്കപ്പെടാതെ ക്രോണിക് ഇൻഫ്ലമേഷൻ ഉണ്ടാവുകയും ഒക്കെ ചെയ്യുന്നതിന്റെ ഫലം ആണ് പ്ലേക് ഉണ്ടായി ബ്ലോക്ക് ആയി മാറുന്നത് എന്നതാണ് യാഥാർഥ്യം. എന്നിട്ടാണ് കൊളസ്ട്രോൾ എന്ന അമൂല്യമായ പദാർത്ഥത്തെ നമ്മൾ ബ്ലോക്കിന്റെ കാരണമായ കുറ്റവാളിയായി നമ്മൾ കരുതുന്നത്. കൊളസ്ട്രോൾ മാത്രമല്ല, ട്രൈഗ്ലിസറൈഡോ പൂരിതകൊഴുപ്പോ മുട്ടയോ മാംസമോ ഒന്നും ബ്ലോക്ക് ഉണ്ടാകുന്ന കാര്യത്തിൽ കുറ്റവാളിയല്ല. ധമനിയിൽ ഡാമേജ് എങ്ങനെ ഉണ്ടാകുന്നു എന്നതാണ് യഥാർത്ഥ പ്രശ്നം. അത് അമിത ബ്ലഡ് പ്രഷർ കൊണ്ടാകാം, മാനസികമായ പിരിമുറുക്കങ്ങൾ കൊണ്ടാകാം , പുകവലി കൊണ്ടാകാം, പ്രമേഹം കൊണ്ടാകാം ഇവയെല്ലാം കൊണ്ടുമാകാം. ആ കാരണങ്ങൾ ഒഴിവാക്കുകയാണ് ബ്ലോക്ക് വരാതിരിക്കാൻ ചെയ്യേണ്ടത്. അല്ലാതെ കൊളസ്ട്രോൾ കുറയ്ക്കാൻ മരുന്ന് കുടിച്ച് ശാരീരികവും മാനസികവുമായ ഭവിഷ്യത്തുകൾ വരുത്തിക്കൂട്ടുകയുല്ല വേണ്ടത്. 

കൊളസ്ട്രോൾ കുറയ്ക്കാൻ എഴുതിത്തരുന്ന സ്റ്റാറ്റിൻ മരുന്നുകളുടെ ദൂഷ്യഫലങ്ങളെ പറ്റി അടുത്ത പോസ്റ്റിൽ എഴുതാം. അതേ സമയം സ്റ്റാറ്റിൻ മരുന്ന് ആവശ്യമായ അപൂർവമായ ഒരു രോഗമുണ്ട്. Familial hypercholesterolemia എന്ന ജനിതകരോഗം ആണത്. അതൊരു ജനിതകവൈകല്യമാണ്. ജന്മനാ ഉണ്ടാകുന്ന ആ രോഗത്തിനു സ്റ്റാറ്റിൻ മരുന്ന് ആവശ്യമാണ് എന്ന് കരുതി അത്തരം വൈകല്യം ഇല്ലാത്തവർക്കും കൊളസ്ട്രോൾ അധികം എന്ന വികല സങ്കല്പത്തിന്റെ പുറത്ത് സ്റ്റാറ്റിൻ മരുന്ന് പ്രിസ്ക്രൈബ് ചെയ്യുന്നത് മനുഷ്യവംശത്തോട് ചെയ്യുന്ന ക്രൂരതയാണ് എന്ന് ഡോക്ടർമാർ മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കൊളസ്ട്രോൾ ഹൃദ്രോഗം ഉണ്ടാക്കുകയില്ല.

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ അന്ധവിശ്വാസമാണ് കൊളസ്ട്രോൾ രക്തധമനികളിൽ അടിഞ്ഞുകൂടി ബ്ലോക്ക് ഉണ്ടാക്കി ഹൃദയസ്തംഭനം അല്ലെങ്കിൽ സ്ട്രോക്കിന് കാരണമാകും എന്നത്.  Ancel Benjamin Keys എന്ന അമേരിക്കൻ ഫിസിയോളജിസ്റ്റ് ഏഴ് രാജ്യങ്ങളിൽ നടത്തിയ ഒരു പഠനത്തിൽ നിന്ന് എത്തിയ ഒരു നിഗമനം ആണ് ഈ അന്ധവിശ്വാസത്തിനു ആധാരം. എന്നാൽ ഈ ആൻസൽ കീസ് കുറെക്കൂടി രാജ്യങ്ങളിൽ വുസ്തുനിഷ്ടമായ പഠനം നടത്തിയിരുനെങ്കിൽ അദ്ദേഹം ഇങ്ങനെയൊരു നിഗമനത്തിൽ എത്തില്ലായിരുന്നു. ഫാറ്റ് അല്ലെങ്കിൽ കൊഴുപ്പ് എന്തോ ദോഷമാണ് എന്നൊരു മുൻവിധിയിൽ, ആ ധാരണയെ സാധൂകരിക്കാൻ വേണ്ടി അദ്ദേഹം ഒരു വ്യാജപഠനം നടത്തി എന്ന് വേണം അനുമാനിക്കാൻ. എന്തായാലും യാതൊരു ലോജിക്കും ഇല്ലാത്ത ഒരു പൊട്ടൻ തിയറി നമ്മുടെ ഡോക്ടർമാർ വിശ്വസിക്കുകയും കൊളസ്ട്രോൾ ടെസ്റ്റ് ചെയ്യാൻ ആളുകളോട് നിർദ്ദേശിക്കുകയും , കൊളസ്ട്രോൾ ലവൽ അധികമാണ് എന്ന് ലാബ് റിപ്പോർട്ട് കിട്ടിയാൽ കൊളസ്ട്രോൾ കുറയ്ക്കാൻ മരുന്ന് കുറിച്ചു കൊടുക്കുകയും ചെയ്യുന്നു. ഡയറ്റ് നിർദ്ദേശിക്കുന്നവർ മുട്ടയുടെ മഞ്ഞക്കരു ഉപേക്ഷിക്കാനും പറയുന്നു. ഇതൊക്കെ മിതമായ ഭാഷയിൽ പറഞ്ഞാൽ മനുഷ്യരോട് ചെയ്യുന്ന ക്രൂരതയാണ്. 

കൊളസ്ട്രോൾ എന്ന് പറഞ്ഞാൽ മനുഷ്യനു ജീവനോടെ നിലനിൽക്കാൻ അത്യാവശ്യം വേണ്ടതായ ഒരുമാതിരി കൊഴുപ്പ് ആണ്. പ്രകൃതിയിൽ ഈ കൊഴുപ്പ് സ്വതന്ത്രമായി എവിടെയും ഇല്ല. മനുഷ്യൻ അടക്കമുള്ള ജന്തുശരീരത്തിൽ മാത്രമേ കൊളസ്ട്രോൾ ഉള്ളൂ. സസ്യങ്ങളിൽ കൊളസ്ട്രോൾ ഇല്ല. മനുഷ്യന്റെയും ജന്തുക്കളുടെയും ലിവർ ആണ് കൊളസ്ട്രോൾ ഉല്പാദിപ്പിക്കുന്നത്. നമ്മൾ മാംസാഹാരം കഴിക്കുമ്പോൾ അവയിൽ നിന്ന് നമുക്ക് കൊളസ്ട്രോൾ ലഭിക്കുന്നു. മാംസാഹാരം കഴിക്കാത്തവരുടെ കാര്യത്തിൽ ശരീരത്തിനു ആവശ്യമുള്ള മുഴുവൻ കൊളസ്ട്രോളൂം ശരീരം തന്നെ ഉല്പാദിപ്പിക്കും. എങ്ങനെ എന്ന് ചോദിച്ചാൽ C₂₇H₄₆O ആണ് കൊളസ്ട്രോളിന്റെ തന്മാത്രാ സമവാക്യം. അതായത് ഒരു കൊളസ്ട്രോൾ തന്മാത്രയിൽ 27 കാർബണും 46 ഹൈഡ്രജനും ഒരു ഓക്സിജനും ആണുള്ളത്. നാം കഴിക്കുന്ന ചോറിലെ കാർബൺ,ഹൈഡ്രജൻ,ഓക്സിജൻ ഉപയോഗിച്ച് തന്നെ ലിവർ കൊളസ്ട്രോൾ ഉണ്ടാക്കും. അത് പോലെ തന്നെ നാം കഴിക്കുന്ന ചോറും മറ്റ് ആഹാരപദാർത്ഥങ്ങളും തന്നെയാണ് ശരീരത്തിൽ വെച്ച് ട്രൈഗ്ലിസറൈഡ് ആയി മാറുന്നതും. മൂന്ന് യൂനിറ്റ് ഫാറ്റി ആസിഡും ഒരു യൂനിറ്റ് ഗ്ലിസറോളും ചേർന്നതാണ് ട്രൈഗ്ലിസറൈഡ്. കാർബൺ,ഹൈഡ്രജൻ,ഓക്സിജൻ എന്നിവയുടെ കൂടെ നൈട്രജനും ചേർന്നിട്ടാണ് പ്രോട്ടീൻ ഉണ്ടാകുന്നത്. ഇതൊക്കെ നമ്മുടെ ശരീരം നാം കഴിക്കുന്ന ഭക്ഷണം ഉപയോഗിച്ച് സ്വയം നിർമ്മിക്കുന്നുണ്ട്. 

കൊളസ്ട്രോൾ ടെസ്റ്റ് എന്നത് തന്നെ ഒരു മാതിരി തട്ടിപ്പ് ആണെന്ന് പറയേണ്ടി വരും. കാരണം ശരീരത്തിലെ കൊളസ്ട്രോൾ ഒരിക്കലും സ്ഥിരം അല്ല എന്ന് മാത്രമല്ല, കൊളസ്ട്രോൾ മാത്രമായി വേർതിരിച്ച് ടെസ്റ്റ് ചെയ്യാനും സാധിക്കില്ല. നമ്മൾ കുറേ സമയം വെയിൽ കൊണ്ടാൽ അപ്പോൾ ശരീരത്തിൽ കൊളസ്ട്രോൾ കുറവായിരിക്കും. കാരണം കൊളസ്ട്രോളിൽ കുറേ ഭാഗം വൈറ്റമിൻ ഡി ആയി മാറിയിട്ടുണ്ടാകും. ശരീരത്തിലെ മിക്കവാറും എല്ലാ പ്രവർത്തനങ്ങൾക്കും കൊളസ്ട്രോൾ വേണം. കൊളസ്ട്രോൾ ഇല്ലെങ്കിൽ നമ്മൾ അപ്പോൾ തന്നെ ചത്തുപോകും. അതുകൊണ്ട് ശരീരം പുറത്ത് നിന്ന് കൊളസ്ട്രോൾ ലഭിക്കാൻ കാത്ത് നിൽക്കുന്നില്ല. അപ്പപ്പോൾ ആവശ്യമായ കൊളസ്ട്രോൾ ശരീരം തന്നെ നിർമ്മിക്കുകയാണ്. ശരീരത്തിൽ  കൊളസ്ട്രോൾ കുറവായോ  കൂടുതലായോ ഉള്ള അവസ്ഥ ഒരിക്കലും കുറേ നേരത്തേക്ക് നീണ്ടുനിൽക്കില്ല. കുറഞ്ഞാൽ ഉല്പാദനം കൂട്ടും. കൂടുതലായാൽ ഉല്പാദനം നിർത്തിവയ്ക്കും. Your cholesterol level will be what your body needs it to be (depending on illness/injury/repair needed etc) എന്ന് ഇംഗ്ലീഷിൽ പറയാം. അതായത് ശരീരത്തിൽ എത്രയാണോ കൊളസ്ട്രോൾ ആവശ്യം അത്രയുമായിരിക്കും നിങ്ങളുടെ ശരീരത്തിൽ എപ്പോഴുമുള്ള കൊളസ്ട്രോൾ ലവൽ. ഇതാണ് സത്യം. അതുകൊണ്ടാണ് കൊളസ്ട്രോൾ കുറയ്ക്കാൻ ഡോക്ടർമാർ മരുന്ന് കുറിച്ചു തരുന്നത് ജനദ്രോഹം ആകുന്നത്. അവരിത് മനസ്സിലാക്കുന്നില്ല എന്ന് മാത്രം. 

കൊളസ്ട്രോൾ ടെസ്റ്റിൽ നമുക്ക് കിട്ടുന്ന റിപ്പോർട്ട് എന്താണ്? Total cholesterol ഇത്ര –  LDL ഇത്ര - HDL ഇത്ര – Triglycerides ഇത്ര എന്ന കണക്കാണ് നമുക്ക് കിട്ടുന്നത്. എന്നിട്ട് ടോട്ടൽ കൊളസ്ട്രോൾ  200 mg/dl ഉം LDL 100 mg/dl ഉം ആണ് നോർമൽ എന്നും പറയും. HDL അധികമാകുന്നതാണ് നല്ലത് എന്നും ഉപദേശിക്കും. ഇതിൽ കൊളസ്ട്രോളിന്റെ കണക്ക് എവിടെയാണുള്ളത്? പക്ഷെ ഡോക്ടർമാർ പറയും  LDL എന്നത് ചീത്ത കൊളസ്ട്രോളും   HDL എന്നത് നല്ല കൊളസ്ടോളും ആണെന്ന്. അപ്പറയുന്നതിനു കാരണമോ LDL കൂടിപ്പോയാൽ ധമനിയിൽ ബ്ലോക്ക് ഉണ്ടാക്കുമെന്നത് കൊണ്ടും. എന്നാൽ സത്യം എന്താണ്?  LDL ഓ  HDLഓ കൊളസ്ട്രോൾ അല്ല. അത് രണ്ടും ലിപോ പ്രോട്ടീൻ ആണ്.  കൊളസ്ട്രോളും ട്രൈഗ്ലിസറൈഡും ഫോസ്‌ഫോ ലിപിഡ്‌സും  പ്രോട്ടീനും അടങ്ങിയതാണ് ലിപോ പ്രോട്ടീൻ എന്നത് . LDL , HDL കൂടാതെ  VLDL എന്നൊരു ലിപോപ്രോട്ടീൻ കൂടിയുണ്ട്. ഈ മുന്ന് ലിപോ പ്രോട്ടീനുകളിലും  അടങ്ങിയ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ്, ഫോസ്‌ഫോ ലിപിഡ്‌സ്, പ്രോട്ടീൻ എന്നിവയുടെ അനുപാതം ഇപ്രകാരമാണ്: 

LDL is approximately 8% triglyceride, 45% cholesterol, 22% phospholipids and 25% protein.

 HDL is approximately 4% triglyceride, 30% cholesterol, 29% phospholipids and 33% protein.


VLDL is approximately 50% triglyceride, 22% cholesterol, 18% phospholipids and 10% protein.


ഇനി നിങ്ങൾ പറയൂ. 45 ശതമാനം കൊളസ്ട്രോളും 22 ശതമാനം ഫോസ്‌ഫോ‌ ലിപിഡ്സും 25 ശതമാനം പ്രോട്ടീനും 8 ശതമാനം ട്രൈഗിസറൈഡും  അടങ്ങിയ LDL എന്ന ലോ ഡെൻസിറ്റി ലിപോ പ്രോട്ടീനെയാണ് നമ്മൂടെ ഡോക്ടർമാർ ചീത്ത കൊളസ്ട്രോൾ എന്ന് വിശ്വസിക്കുന്നത്. ഇതിൽ പരം അന്ധവിശ്വാസം വേറെയുണ്ടോ?

ഇനി മറ്റൊരു കാര്യം. കൊളസ്ട്രോൾ ആയാലും മറ്റെന്ത് കൊഴുപ്പ് ആയാലും അവ രക്തത്തിൽ സ്വതന്ത്രമായി സഞ്ചരിക്കില്ല. കാരണം കൊഴുപ്പ് ജലത്തിൽ അലിയില്ല. രക്തം വാട്ടർ ബെയിസ് ആണല്ലൊ. അതുകൊണ്ട് കൊളസ്ട്രോളിനെയും മറ്റ് കൊഴുപ്പുകളെയും ഒക്കെ കോശങ്ങളിലേക്ക് വഹിച്ചു കൊണ്ടുപോകുന്ന കേരിയർ ആണ് ലിപോ പ്രോട്ടീനുകൾ.  LDL എന്നാൽ ലിവറിൽ നിന്ന് കോശങ്ങളിലേക്ക് കൊളസ്ട്രോളും ട്രൈഗ്ലിസൈറൈഡും ഫോസ്‌ഫോ‌ലൊപിഡ്‌സും വഹിച്ചു കൊണ്ടുപോകുന്നതും, HDL എന്നാൽ കോശങ്ങളിൽ എത്തിച്ച് മിച്ചം വരുന്നത് വീണ്ടും ലിവറിൽ എത്തിക്കുന്നതുമായ ലിപോ പ്രോട്ടീനുകളാണ്. ഇതാണ് നല്ല കൊളസ്ട്രോൾ എന്നും ചീത്ത കൊളസ്ട്രോൾ എന്നും പറഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതും സ്റ്റാറ്റിൻ മരുന്നുകൾ എഴുതിക്കൊടുത്ത് ആളുകളെ വഞ്ചിക്കുന്നതും. മന:പൂർവ്വം അല്ല, തെറ്റിദ്ദാരണകൾ കൊണ്ടാണെന്ന് മാത്രം.

സ്വാഭാവികമായ അവസ്ഥയിൽ രക്തത്തിലൂടെ ഒഴുകുന്ന ലിപോ പ്രോട്ടീനുകളിൽ നിന്ന് കൊളസ്ട്രോളോ ട്രൈഗ്ലിസറൈഡ്സോ അടർന്ന് വീണ് ധമനിയിൽ കട്ടപിടിച്ച് ബ്ലോക്ക് ഉണ്ടാവുകയില്ല. രക്തധമനിയുടെ ഭിത്തിയിൽ ഡാമേജ് ഉണ്ടാവുകയും അതിന്റെ ഫലമായി അവിടെ വീക്കം ഉണ്ടാവുകയും അപ്പോൾ കോശങ്ങൾക്ക് സംഭവിച്ച ക്ഷതം റിപ്പയർ ചെയ്യാൻ അവിടെ കൊളസ്ട്രോൾ അടക്കമുള്ള കോശനിർമ്മാണ പദാർത്ഥങ്ങൾ സംഭരിക്കപ്പെടുകയും ചെയ്യുന്നു. ഇത് ശരീരത്തിൽ എവിടെ ക്ഷതം സംഭവിച്ചാലും നടക്കുന്ന ശാരീരിക പ്രവർത്തനാണ്. ഓരോ കോശത്തിന്റെയും നിർമ്മിതിക്ക് കൊളസ്ട്രോൾ വേണം. ഇതിൽ നിന്ന് നിങ്ങൾ മനസ്സിലാക്കേണ്ടത്. ഹൃദയ രക്തധമനികളിൽ ബ്ലോക്ക് ഉണ്ടാകാൻ കാരണം, ഹൈ ബ്ലഡ് പ്രഷർ, പ്രമേഹം, പുകവലി, സ്ട്രസ്സ് എന്നിവ മൂലം ധമനിയുടെ അന്തർ ഭിത്തിയിൽ ഉണ്ടാകുന്ന ഡാമേജ് ആണ് കാരണം എന്നും അതിനാണ് ചികിത്സ വേണ്ടത് എന്നുമാണ്. ആയതിനാൽ ഒരിക്കലും കൊളസ്ട്രോൾ ടെസ്റ്റ് ചെയ്യാതിരിക്കുക, സ്റ്റാറ്റിൻ മരുന്ന് കഴിക്കാതിരിക്കുക. ഡോക്ടർമാർ എന്നെങ്കിലും ഈ അന്ധവിശ്വാസം തിരുത്തുമെന്ന് ഞാൻ പ്രത്യാശിക്കുന്നു.

കോൺഗ്രസ്സിന്റെ മുന്നിലെ സാധ്യതകൾ, വെല്ലുവിളികൾ!

ഈ വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് പാർട്ടി നേതൃത്വം നൽകുന്ന സർക്കാർ നിലവിൽ വരേണ്ടതുണ്ട്. കോൺഗ്രസ്സ് പാർട്ടി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം വാങ്ങിത്തരിക മാത്രമല്ല, ഇന്ത്യയുടെ പാരമ്പര്യത്തിനും സംസ്ക്കാരത്തിനും നാനാത്വത്തിൽ അധിഷ്ഠിതമായ ബഹുസ്വര സമൂഹത്തിനും ചേർന്ന ഒരു ഭരണഘടന തയ്യാറാക്കുകയും ശൂന്യതയിൽ നിന്ന് ഈ രാഷ്ട്രത്തെ കെട്ടിപ്പടുക്കുകയും ചെയ്തിട്ടുണ്ട്. കോൺഗ്രസ്സിനു പകരം കമ്മ്യൂണിസ്റ്റ് പാർട്ടിക്കോ, ഇന്നത്തെ ഭാ.ജ.പാ.യുടെ പൂർവ്വരൂപമായ ഭാരതീയ ജനസംഘത്തിനോ ആയിരുന്നു സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ഭാഗധേയം നിർണ്ണയിക്കുന്ന ഭരണഘടന തയ്യാറാക്കാനും സർക്കാരിനെ നയിക്കാനും അവസരം കിട്ടിയിരുന്നെങ്കിൽ ഇന്ത്യ ഇന്ന് കാണുന്നത് പോലെ ആയിരിക്കില്ല ഉണ്ടാവുക.

കമ്മ്യൂണിസ്റ്റ് പാർട്ടി ആയിരുന്നെങ്കിൽ തൊഴിലാളിവർഗ സർവ്വാധിപത്യം എന്ന പേരിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭരണക്കുത്തകയുള്ള ഏകപാർട്ടിഭരണവും ഫലത്തിൽ അതൊരു സർവ്വാധിപത്യ വ്യവസ്ഥിതിയും ആയിരിക്കും. നാം ഇന്ന് അനുഭവിക്കുന്ന ജനാധിപത്യ സ്വാതന്ത്ര്യമോ പൗരാവകാശങ്ങളോ ആർക്കും ഉണ്ടാവുകയില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അധികാരം ലഭിച്ച രാജ്യങ്ങളിലെല്ലാം ദേശീയ ജനാധിപത്യവാദികളെ കൊന്നൊടുക്കി ഏകകക്ഷി ഭരണം ആണ് നടപ്പാക്കിയിരുന്നത്. അത്തരം ഒരു ദുർവ്വിധി ആയിരുന്നേനേ, സ്വാതന്ത്ര്യ സമ്പാദനത്തിലും സർക്കാർ രൂപീകരണത്തിലും കോൺഗ്രസ്സിനു പകരം കമ്മ്യൂണിസ്റ്റ് പാർട്ടിക്കായിരുന്നു നേതൃത്വവും മേൽക്കൈയും ആയിരുന്നെങ്കിൽ ഇന്ത്യൻ ജനത അനുഭവിക്കേണ്ടി വന്നിരിക്കുക.

നേരെ മറിച്ച് ഭാരതീയ ജനസംഘത്തിനായിരുന്നു, സ്വാതന്ത്ര്യസമ്പാദനത്തിലും ഭരണഘടനാ നിർമ്മാണത്തിലും സർക്കാർ രൂപീകരണത്തിലും നേതൃത്വവും മേൽക്കൈയും എങ്കിൽ ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രം ആയേനേ. ഇവിടെയുള്ള മതന്യൂനപക്ഷങ്ങൾക്ക് യാതൊരു പൗരാവകാശങ്ങളും ലഭിക്കില്ല എന്ന് മാത്രമല്ല ഇന്നത്തെ പോലെ ലിബറൽ ജനാധിപത്യവും ഉണ്ടാകുമായിരുന്നില്ല. ഇന്നത്തെ പാക്കിസ്ഥാന്റെ മറ്റൊരു ഹിന്ദു പതിപ്പ് ആയേനേ ഇന്ത്യ. ഇതൊന്നും ആർക്കും നിഷേധിക്കാനോ ഈ സാധ്യത തള്ളിക്കളയാനോ സാധ്യമല്ല. കാരണം കമ്മ്യൂണിസ്റ്റ് പാർട്ടിക്കും ജനസംഘത്തിനും അവരുടേതായ പ്രത്യയശാസ്ത്രങ്ങൾ ഉണ്ടായിരുന്നു. മാതൃസംഘടനയായ ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിൽ നിന്ന് തെറ്റിപ്പിരിഞ്ഞ് കമ്മ്യൂണിസ്റ്റ് പാർട്ടിയും ജനസംഘവും ഒക്കെ രൂപീകരിച്ചത് അവരുടെ പ്രത്യയശാസ്ത്രം പ്രയോഗത്തിൽ വരുത്താനായിരുന്നു. അതുകൊണ്ട് ഇന്ന് കാണുന്ന ഈ ഇന്ത്യ കോൺഗ്രസ്സ് പാർട്ടിയുടെ സൃഷ്ടിയാണ്. ഈ ഇന്ത്യ ഇങ്ങനെയായതിൽ ജനങ്ങൾ കോൺഗ്രസ്സ് പാർട്ടിയോട് മാത്രം കടപ്പെട്ടിരിക്കുന്നു.

കോൺഗ്രസ്സ് പാർട്ടിയുടെ സാമ്പത്തിക നയങ്ങളും ആധുനികവും പുരോഗനോന്മുഖമായ ചിന്തകളും പഞ്ചവത്സര പദ്ധതികളും ശാസ്ത്രീയമായ പരിഷ്ക്കരണങ്ങളും എല്ലാം കൂടിയാണ് ആധുനിക ഇന്ത്യയെ കെട്ടിപ്പടുത്തത്. ഇതും കോൺഗ്രസ്സ് പാർട്ടിക്ക് മാത്രം കഴിയുന്നതായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി വിഭാവനം ചെയ്ത സോഷ്യലിസ്റ്റ് സാമ്പത്തിക നയം സോവിയറ്റ് യൂനിയനെയും ചൈനയെയും എവിടെയും എത്തിച്ചില്ല എന്ന് എല്ലാവർക്കും അറിയാം. സോവിയറ്റ് യൂനിയൻ ഇന്നില്ല. ചൈനയിൽ സോഷ്യലിസവും ഇന്നില്ല. കമ്മ്യൂണിസവും സോഷ്യലിസവും അപ്രായോഗികമായ കാല്പനികസിദ്ധാന്തം മാത്രമാണ്. എന്താണോ പ്രായോഗികം അതാണ് കോൺഗ്രസ്സ് ഇന്ത്യയിൽ നടപ്പാക്കിയത്. കോൺഗ്രസ്സ് പാർട്ടിക്ക് ജനങ്ങളുടെ മേൽ അടിച്ചേല്പിക്കാൻ ഒരു പ്രത്യയശാസ്ത്രമോ സിദ്ധാന്തമോ ഇല്ല. അതുകൊണ്ടാണ് ജനങ്ങളുടെ ഇച്ഛകൾ മാത്രം നടപ്പിലാക്കാൻ ശ്രമിക്കുന്ന ഒരു ലിബറൽ പാർട്ടിയായി കോൺഗ്രസ്സ് നിലനിൽക്കുന്നത്.

രാജ്യത്തെയും ജനങ്ങളെയും മുന്നോട്ട് നയിക്കാൻ മുൻകൂട്ടി എഴുതപ്പെട്ട പ്രത്യയശാസ്ത്രമോ അല്ലെങ്കിൽ പഴഞ്ചൻ സിദ്ധാന്തങ്ങളോ ഗ്രന്ഥങ്ങളോ അല്ല വേണ്ടത്. ഓരോ സമയത്തും ഉയർന്നു വരുന്ന പ്രശ്നങ്ങളെയും വെല്ലുവിളികളെയും പ്രതിസന്ധികളെയും തരണം ചെയ്യാനും മറികടക്കാനും ആവശ്യമായ പ്രായോഗിക സമീപനങ്ങളും നിലപാടുകളും ആണ് വേണ്ടത്. അതാണ് കോൺഗ്രസ്സ് പാർട്ടിയുടെ മേന്മ. കോൺഗ്രസ്സ് പാർട്ടി ഇല്ലാത്ത ഒരു ഇന്ത്യ നമ്മൾ ഇന്ന് കാണുന്ന ഇന്ത്യ ആയിരിക്കില്ല. എന്ത് കുറ്റവും കുറവുകളും ദൂഷ്യങ്ങളും ചൂണ്ടിക്കാട്ടാൻ കഴിഞ്ഞാലും കോൺഗ്രസ്സിനേക്കാളും ഇന്ത്യയ്ക്ക് യോജിച്ച മറ്റൊരു പാർട്ടി ഇന്ത്യയിൽ ഇല്ല എന്നത്  ചിന്തിക്കുന്നവർക്ക് മനസ്സിലാകും. എല്ലാ പൗരന്മാരെയും സമഭാവനയോടെ കാണാനും ഓരോ ഇന്ത്യക്കാരനും ഭാരതപുത്രൻ എന്ന് ഉൾക്കൊള്ളാനും കോൺഗ്രസ്സ് പാർട്ടിക്ക് മാത്രമേ സാധ്യമാകൂ. മറ്റെല്ലാ പാർട്ടികളും വർഗത്തിന്റെയോ, മതത്തിന്റെയോ, പ്രദേശത്തിന്റെയോ, ഭാഷയുടെയോ പേരിൽ ജനങ്ങൾക്കിടയിൽ മതിൽ കെട്ടി വിഭാഗീയത സൃഷ്ടിക്കാൻ നിലകൊള്ളുന്നതാണ്.

നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് നേരിടുന്ന വെല്ലുവിളി നിലവിലെ ഭരണകക്ഷിക്കെതിരെ വിശാല സഖ്യം രൂപീകരിക്കുക എന്നതാണ്. ഒരു പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പിനു മുൻപ് തന്നെ സഖ്യം രൂപീകരിച്ചാൽ മാത്രമേ ഭൂരിപക്ഷം ലഭിച്ചാൽ ഒരു സ്ഥിരതയുള്ള സർക്കാരിനു രൂപം നൽകാൻ കഴിയൂ. തെരഞ്ഞെടുപ്പിനു ശേഷം രൂപപ്പെടുന്ന അവസരവാദപരമായ കൂട്ടുകക്ഷി മന്ത്രിസഭയ്ക്ക് കാലാവധി പൂർത്തിയാകുന്നത് വരെ ആയുസ്സ് പ്രതീക്ഷിക്കാൻ കഴിയില്ല. അല്ലെങ്കിൽ പിന്നെ മുന്നണിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസ്സിനു കേവല ഭൂരിപക്ഷം ലഭിക്കണം. ഓരോ സംസ്ഥാനത്തും ചിതറിക്കിടക്കുന്ന പ്രാദേശികപാർട്ടികളാണ് കോൺഗ്രസ്സിന്റെ പ്രധാന മുന്നിലുള്ള വെല്ലുവിളി. ഒരർത്ഥത്തിൽ അത് ജനാധിപത്യത്തിന്റെയും ദേശീയോത്ഗ്രഥനത്തിന്റെയും വെല്ലുവിളി കൂടിയാണ്.

എന്നാൽ നിലവിലെ വെല്ലുവിളികളെക്കാളും കോൺഗ്രസ്സിന്റെ സാധ്യതകൾ ജാജ്വല്യമാനമാണ് എന്ന് നിസ്സംശയം പറയാൻ കഴിയും. അതിൽ ഏറ്റവും പ്രധാനം രാഹുൽ ഗാന്ധി ഈ അഞ്ച് വർഷം കൊണ്ട് എതിരാളികളെ പോലും അമ്പരപ്പിക്കും വിധം ഇരുത്തം വന്ന ഒരു ദേശീയ നേതാവായി വളർന്നു എന്നതാണ്. രാഹുൽ ഗാന്ധിക്ക് മാത്രമേ പൊതുവെ സ്വതന്ത്ര ചിന്താഗതിക്കാരായ കോൺഗ്രസ്സുകാരെ ഒരുമിപ്പിക്കാനും ഒരൊറ്റ ചരടിൽ കോർത്തിണക്കാനും കഴിയൂ. എതിരാളികൾ എന്ത് വിശേഷിപ്പിച്ചാലും കോൺഗ്രസ്സ് പാർട്ടി ദേശീയാടിസ്ഥാനത്തിൽ ഒറ്റക്കെട്ട് ആണെന്നതും ഒരപസ്വരവും പാർട്ടിക്കുള്ളിൽ ഇല്ല എന്നതും എടുത്ത് പറയേണ്ടതുണ്ട്. രാഹുൽ ഗാന്ധിയുടെ നേതൃത്വം ആണ് ഈ ഐക്യം സാധ്യമാക്കുന്നത്. അത് കാണാതിരുന്നുകൂട.

നിലവിലെ പ്രധാനമന്ത്രിയിൽ ജനങ്ങൾക്ക് മടുപ്പ് മാത്രമല്ല, ആകാശം മുട്ടെ പ്രതീക്ഷകൾ നൽകിയിട്ട് തങ്ങൾ വഞ്ചിക്കപ്പെട്ട ഒരു പ്രതീതിയും ആണ് ജനങ്ങൾക്കുള്ളത്. ഒരു വാഗ്ദാനവും നിലവിലെ പ്രധാനമന്ത്രിക്ക് നിറവേറ്റാൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല നോട്ട് നിരോധനം, അശാസ്ത്രീയമായ ജി.എസ്.ടി എന്നിവ നിമിത്തം രാജ്യത്ത് തൊഴിലില്ലായ്മ വർദ്ധിക്കുകയും സാമ്പത്തിക മുരടിപ്പ് ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഒരു മാറ്റത്തിനു വേണ്ടി ജനം ആഗ്രഹിക്കുകയും വോട്ട് ചെയ്യുകയും ചെയ്യും. ഉത്തരേന്ത്യയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മൂന്ന് സംസ്ഥാനങ്ങളിൽ കോൺഗ്രസ്സിനു അധികാരത്തിൽ തിരിച്ചു വരാൻ കഴിഞ്ഞത് അതിന്റെ പ്രകടമായ സൂചനയാണ്. പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയപ്രവേശവും ഹിന്ദി ഹൃദയഭൂമിയിലെ രാഷ്ട്രീയ സമവാക്യങ്ങൾ കോൺഗ്രസ്സിനു അനുകൂലമായ ഒരു തരംഗം സൃഷ്ടിക്കാതിരിക്കില്ല.

എന്തായാലും വരുന്ന തെരഞ്ഞെടുപ്പിൽ ഒരു ഭരണമാറ്റം സംഭവിക്കും. കോൺഗ്രസ്സ് പാർട്ടി നിലവിൽ വരുന്ന സർക്കാരിനു നേതൃത്വം നൽകുകയും ചെയ്യും. മുന്നോട്ടേക്ക് നടക്കുന്ന, നടക്കാൻ കഴിയുന്ന പാർട്ടി കോൺഗ്രസ്സ് മാത്രമാണ്. കോൺഗ്രസ്സിനു ജനാധിപത്യ ഭാരതത്തിൽ ശോഭനമായ ഭാവിയാണുള്ളത്. കാരണം ഭാവിയെ പ്രതിനിധാനം ചെയ്യുന്ന പാർട്ടി ഇന്ത്യൻ നാഷനൽ കോൺഗ്രസ്സ് മാത്രമാണ്. ഇന്ത്യയിലെ മറ്റ് പാർട്ടികളുമായി താരതമ്യം ചെയ്താൽ ചിന്തിക്കുന്ന ആർക്കും ഈ നിഗമനത്തിൽ മാത്രമേ എത്താൻ കഴിയൂ.









കീറ്റോ ഡയറ്റ് നല്ലതോ മോശമോ?

ചേട്ടാ ഈ കീറ്റോ ഡയറ്റിനെ (LCHF) കുറിച്ച് ഒന്നെഴുതാമോ, അത് നല്ലതാണോ എന്ന് പല സുഹൃത്തുക്കളും കുറെയായി ഇൻബോക്സിൽ ചോദിക്കുന്നു. അതിനെ പറ്റി ഇന്ന് എഴുതാം എന്ന് വിചാരിക്കുന്നു. അതിനു മുൻപ് ആമുഖമായി പറയട്ടെ LCHF ഡയറ്റ് നല്ലതല്ല എന്ന് മാത്രമല്ല ഏറിയാൽ ഒരു മൂന്ന് മാസത്തിനപ്പുറം ഈ ഡയറ്റുമായി ആർക്കും മുന്നോട്ട് പോകാനും കഴിയില്ല. അതിനുള്ളിൽ തന്നെ ശരീരത്തിൽ അതിന്റെ അപകടങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കും. എന്താണ് ഈ കീറ്റോ ഡയറ്റ്  (ketogenic diet) എന്ന് നോക്കാം. നമ്മുടെ ശരീരം അതിന്റെ ഊർജ്ജാവശ്യത്തിനു കാർബോഹൈഡ്രേറ്റ് വിഘടിച്ചുണ്ടാകുന്ന ഗ്ലൂക്കോസിനെയാണ് ആശ്രയിക്കുന്നത്. ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റ് തീരെ കുറച്ച് മിതമായി പ്രോട്ടീനും അധികമായി ഫാറ്റും കഴിക്കുക എന്നതാണ് LCHF ഡയറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. കീറ്റോ, കീറ്റോജനിക്, LCHF എല്ലാം ഒന്ന് തന്നെയാണ്. ഇപ്രകാരം കാർബോഹൈഡ്രേറ്റ് കുറയ്ക്കുമ്പോൾ നമ്മുടെ രക്തത്തിൽ ഗ്ലൂക്കോസ് കുറയുകയും ഊർജ്ജത്തിന്റെ (കലോറി) ആവശ്യം പരിഹരിക്കാൻ ലിവറിൽ നിന്ന് ഫാറ്റിനെ കീറ്റോൺ ആക്കി മാറ്റുകയും ചെയ്യും. അങ്ങനെ പോരാതെ വരുന്ന കലോറി ശരീരത്തിനു കീറ്റോണിൽ നിന്ന് കിട്ടുന്നു. ഇതാണ് ചുരുക്കം.

ഇനി എന്താണ് കീറ്റോണും ഗ്ലൂക്കോസും തമ്മിലുള്ള വ്യത്യാസം എന്ന് നോക്കാം. കീറ്റോണിന്റെ ഫോർമ്യൂല C₃H₆O - ഉം ഗ്ലൂക്കോസിന്റെ ഫോർമ്യൂല C₆H₁₂O₆ - ഉം ആണ്. വല്ലതും മനസ്സിലായോ? കീറ്റോൺ തന്മാത്രയിൽ 3 കാർബണും 6 ഹൈഡ്രജനും ഒരു ഓക്സിജനും ആണുള്ളത്. ഗ്ലൂക്കോസിൽ 6കാർബണും 12 ഹൈഡ്രജനും 6 ഓക്സിജനും മൂലകങ്ങൾ ആണുള്ളത്. ഭഷണത്തിലെ സ്റ്റാർച്ച് വിഘടിച്ചിട്ടാണ് ഗ്ലൂക്കോസ് കിട്ടുന്നത്. ഫാറ്റ് വിഘടിച്ച് ഫാറ്റി ആസിഡുകളായി മാറിയും ശരീരത്തിൽ എത്തുന്നു. ചുരുക്കി പറഞ്ഞാൽ കാർബോഹൈഡ്രേറ്റും  ഫാറ്റും,  കാർബണും ഹൈഡ്രജനും ഓക്സിജനും ചേർന്ന കൂറ്റൻ ചെയിൻ രൂപത്തിലുള്ള തന്മാത്രകളാണ്. കീറ്റോണും ഗ്ലൂക്കോസും വ്യത്യാസപ്പെടുന്നത് അവയുടെ തന്മാത്രകളിലുള്ള മൂലകങ്ങളുടെ എണ്ണത്തിന്റെയും ഘടനയുടെയും വ്യത്യാസം കൊണ്ടാണ്. രണ്ടും ഊർജ്ജം ഉല്പാദിപ്പിക്കാനാണ് ശരീരം ഉപയോഗിക്കുന്നത്. ഇത്രയും പറഞ്ഞതിൽ നിന്ന് തന്നെ കീറ്റോ ഡയറ്റിൽ പുണ്യം ഒന്നും ഇല്ല എന്ന് നിങ്ങൾക്ക് മനസ്സിലാകേണ്ടതാണ്. എന്നാൽ അപകടം കുറേ ഉണ്ട് താനും. അതൊന്നും ഈ പോസ്റ്റിൽ വിവരിക്കാൻ ഉദ്ദേശിക്കുന്നില്ല. ഗ്ലൂക്കോസ് ആണ് ശരീരത്തിന്റെ ഊർജ്ജാവശ്യത്തിനുള്ള preferably energy source എന്ന് മാത്രം തൽക്കാലം മനസ്സിലാക്കുക.

കാർബ്‌സ് എന്നും കാർബോഹൈഡ്രേറ്റ് എന്നും പറയുന്നത് broad category യിൽ പെടുന്നതാണ്. ഷുഗർ, സ്റ്റാർച്ച്, ഫൈബർ എന്നിവയാണ് കാർബോഹൈഡ്രേറ്റിലെ ഘടകങ്ങൾ. ഇതിൽ ഷുഗർ എന്ന് പറയുന്നത് പഴങ്ങളിലെ ഫ്രക്ടോസും പാലിലെ ലാക്ടോസും കരിമ്പിൻ പഞ്ചസാരയിലെ സൂക്രോസും ആണ്. ഇവയെ ശരീരം ഗ്ലൂക്കോസ് എന്ന ഷുഗർ ആക്കി മാറ്റുന്നു. അതുകൊണ്ട് ഗ്ലൂക്കോസിനെ ബ്ലഡ് ഷുഗർ എന്ന് പറയുന്നു. ഗ്ലൂക്കോസ് പ്രകൃതിയിൽ നിന്ന് കിട്ടുന്ന ഭക്ഷണങ്ങളിൽ ഇല്ല. വ്യാവസായികമായി നിർമ്മിക്കുന്നുണ്ട്. ധാന്യങ്ങളിലും കിഴങ്ങുകളിലും പച്ചക്കറികളിലും ആണ് സ്റ്റാർച്ചും ഫൈബറും ഉള്ളത്. സ്റ്റാർച്ച് വിഘടിച്ച് ഗ്ലൂക്കോസ് ആയി ശരീരത്തിൽ എത്തുന്നു. ഫൈബറിനെ നമുക്ക് ദഹിപ്പിക്കാൻ കഴിയില്ല. എന്നാൽ അന്നനാളത്തിന്റെ സുഗമമായ പ്രവർത്തനത്തിനു ഫൈബർ അത്യാന്താപേക്ഷിതമാണ്. ഒടുവിൽ ഫൈബർ മലത്തോടൊപ്പം പുറന്തള്ളപ്പെടുന്നു. ഫൈബറിന്റെ അപര്യാപ്തത മലബന്ധത്തിനു കാരണമാകും.

ഭക്ഷണത്തിൽ നിന്ന് നമുക്ക് സ്റ്റാർച്ച്, പ്രോട്ടീൻ, ഫാറ്റ്, ജീവകങ്ങൾ, ധാതുലവണങ്ങൾ എന്നിവയാണ് ലഭിക്കേണ്ടത്. ഇതിൽ സ്റ്റാർച്ച് ഗ്ലൂക്കോസ് ആയും പ്രോട്ടീൻ അമിനോ ആസിഡുകളായും ഫാറ്റ് ഫാറ്റി ആസിഡുകളായും ചെറുകുടലിൽ വെച്ച് വിഘടിക്കപ്പെട്ടതിനു ശേഷമാണ് നേരിയ സുഷിരങ്ങളിലൂടെ രക്തത്തിൽ പ്രവേശിച്ച് എല്ലാ കോശങ്ങളിലും എത്തുന്നത്. ബാക്കി പണി എല്ലാം നടക്കുന്നത് കോശങ്ങളിൽ വെച്ചാണ്. അതിൽ പ്രധാനമാണ് ഗ്ലൂക്കോസും ശ്വസിക്കുന്ന വായുവിലെ ഓക്സിജനും സംയോജിച്ച് നിരന്തരം ഊർജ്ജം ഉണ്ടാകുന്നത്.  ഊർജത്തിനു ഫാറ്റും പ്രോട്ടീനും ശരീരം ഉപയോഗപ്പെടുത്തും. അതൊക്കെ പക്ഷെ കാർബണും ഓക്സിജനും സംയോജിച്ച് കാർബൺ ഡൈ‌ഓക്സൈഡ് ആകുന്ന പ്രക്രിയയിൽ ഊർജ്ജം റിലീസ് ആകുന്നതാണ് എന്ന് മനസ്സിലാക്കി വയ്ക്കുക.

ഓരോ ഭക്ഷണഘടകത്തിനും ഓരോ ധർമ്മങ്ങൾ ആണ് ശരീരത്തിൽ നിർവ്വഹിക്കാനുള്ളത്. ഗ്ലൂക്കോസ് ആയി മാറുന്ന സ്റ്റാർച്ചിന്റെ ആവശ്യം ഊർജ്ജത്തിനാണ് എന്ന് നാം മനസ്സിലാക്കി. പ്രോട്ടീന്റെ ആവശ്യം പുതിയ കോശനിർമ്മിതിക്ക് വേണ്ടിയാണ്. ഫാറ്റ് അഥവാ കൊഴുപ്പിനു ശരീരത്തിൽ ഒരുപാട് ധർമ്മങ്ങൾ നിർവ്വഹിക്കാനുണ്ട്. എല്ലാം വിവരിക്കാൻ കഴിയില്ല. ഒരു ഉദാഹരണം മാത്രം പറയാം. നമ്മുടെ ചർമ്മത്തിനടിയിൽ അടിഞ്ഞു കിടക്കുന്ന കൊഴുപ്പ് ആണ് നമുക്ക് ചൂടിൽ നിന്നും തണുപ്പിൽ നിന്നും സംരക്ഷണം നൽകുന്നത്.

LCHF ഡയറ്റിലേക്ക് ഒരാൾ മാറുമ്പോൾ ഒരാഴ്ച കൊണ്ട് അയാളുടെ ബോഡി വെയിറ്റ് ഗണ്യമായി കുറയും. കാരണം എന്തെന്നോ? നമ്മൾ ആവശ്യമുള്ള കലോറിയെക്കാളും സ്റ്റാർച്ച് ഭക്ഷിക്കുന്നുണ്ട്. അപ്പോൾ രക്തത്തിൽ അധികം വരുന്ന ഗ്ലൂക്കോസ് ഗ്ലൈക്കോജൻ ആയി മാറി പേശീകോശങ്ങളിൽ സംഭരിച്ചു വയ്ക്കും. ഇങ്ങനെ സംഭരിച്ചു വയ്ക്കുമ്പോൾ ഒരു ഗ്രാം ഗ്ലൈക്കോജന്റെ കൂടെ മൂന്ന് ഗ്രാം വെള്ളം കൂടിയുണ്ടാകും. ആവശ്യം വരുമ്പോൾ ഉപയോഗപ്പെടുത്താൻ ഒരു റസർവ്വ് എന്ന നിലയിലാണ് ഗ്ലൂക്കോസിനെ ഇപ്രകാരം ഗ്ലൈക്കോജൻ ആക്കി മാറ്റി സൂഷിക്കുന്നത്. ഗ്ലൈക്കോജനും രണ്ട് ഗ്ലൂക്കോസ് യൂനിറ്റുകൾ ചേർന്ന പോളിസാക്കറൈഡ് ആണെന്നും കാർബോഹൈഡ്രേറ്റ് എന്നത് അനേകം ഗ്ലൂക്കോസ് യൂനിറ്റുകൾ ചേർന്ന കൂറ്റൻ തന്മാത്ര ആണെന്നും ഓർമ്മയുണ്ടല്ലോ അല്ലേ. അപ്പോൾ ആദ്യത്തെ ആഴ്ച LCHF ഡയറ്റ് പ്രകാരം കാർബോഹൈഡ്രേറ്റ് കുറയ്ക്കുമ്പോൾ ശരീരത്തിനു ആവശ്യമുള്ള കലോറി കിട്ടാൻ ഗ്ലൂക്കോസ് തികയാതെ വരുമ്പോൾ പേശികളിൽ സംഭരിച്ചിട്ടുള്ള ഗ്ലൈക്കോജനെ വീണ്ടും ഗ്ലൂക്കോസ് ആക്കി മാറ്റുന്നു. അപ്പോൾ ഒരു ഗ്രാം ഗ്ലൈക്കോജൻ കുറയുമ്പോൾ മൂന്ന് ഗ്രാം ജലവും നീക്കം ചെയ്യപ്പെടുന്നു. ഇപ്പോൾ ഭാരം കുറയുന്നതിന്റെ സീക്രട്ട് പിടികിട്ടിയില്ലേ? കുറഞ്ഞത് വാട്ടർ വെയിറ്റ് ആണ്. ഗ്ലൈക്കോജൻ തീർന്നാൽ മാത്രമാണ് ഫാറ്റിനെ കീറ്റോൺ ആക്കി മാറ്റുന്ന പ്രക്രിയ ഗതികെട്ട് ചെയ്യാൻ ലിവർ നിർബ്ബന്ധിതമാവുക.

ഭക്ഷണത്തിൽ മുഴുധാന്യങ്ങളിൽ നിന്ന് ലഭിക്കുന്ന കാർബോഹൈഡ്രേറ്റ് അത്യന്താപേക്ഷിതമാണ്. കുറഞ്ഞത് 40 ശതമാനം എങ്കിലും കാർബോഹൈഡ്രേറ്റ് ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. LCHF അഥവാ കീറ്റോ ഡയറ്റ് എന്ന് പറയുന്നത് ഹോമിയോപ്പതി , ജൈവകൃഷി എന്നൊക്കെയുള്ള നേർ വിപരീതമായ ഒരു സ്യുഡോ സിദ്ധാന്തം മാത്രമാണ് എന്നാണ് എനിക്ക് സുഹൃത്തുക്കളോട് പറയാനുള്ളത്.

നമുക്ക് എങ്ങനെയാണ് ഊർജ്ജം ലഭിക്കുന്നത്?

ഐൻസ്റ്റീന്റെ വിഖ്യാതമായ സമവാക്യപ്രകാരം (E=mc²) സൂര്യനിലുള്ള അളവറ്റ ചൂട് നിമിത്തം രണ്ട് ഹൈഡ്രജൻ അണുക്കൾ ഉരുമിച്ച് ചേർന്ന് ഒരു ഹീലിയം അണു ആയി മാറുമ്പോൾ രണ്ട് ഹൈഡ്രജനിലെയും അല്പം മാസ്സ് (പദാർത്ഥം) ഊർജ്ജമായി മാറുന്നു. അതായത് രണ്ട് ഹൈഡ്രജൻ ആറ്റങ്ങളുടെയും ആകെ ഭാരത്തിൽ അല്പം കുറവാണ് ഒരു ഹീലിയം ആറ്റത്തിന്റെ ഭാരം. ആ കുറവ് വന്ന ഭാരമുള്ള പദാർത്ഥമാണ് ഊർജ്ജമായി മാറിയത്. ഈ ഊർജ്ജമാണ് ഭൂമിയിലേക്ക് വരുന്നത്. ഭൂമിയിലെ പ്രകൃതിയിൽ നടക്കുന്ന എല്ലാ ചലനങ്ങൾക്കും കാരണം ഈ സൗരോർജ്ജമാണ്. ഊർജ്ജം ഇല്ലെങ്കിൽ ഒരു ചലനവും നടക്കില്ല.

ജന്തുക്കൾക്ക് മാത്രമല്ല സസ്യങ്ങൾക്കും ഊർജ്ജം വേണം. സസ്യങ്ങളുടെ കോശങ്ങൾക്കും മനുഷ്യൻ അടക്കമുള്ള ജന്തുക്കളുടെ കോശങ്ങൾക്കും ഒരുപാട് സാമ്യങ്ങളും വ്യത്യാസങ്ങളും ഉണ്ട്. എന്നാലും സസ്യകോശങ്ങൾക്കും ജന്തുകോശങ്ങൾക്കും പ്രവർത്തി ചെയ്യാൻ ഊർജ്ജം കൂടിയേ തീരൂ. സസ്യങ്ങൾക്ക് മാത്രമേ സൂര്യനിൽ നിന്ന് കിട്ടുന്ന ഊർജ്ജം ശേഖരിക്കാനും സംഭരിച്ചു വയ്ക്കാനും കഴിയൂ. അതുകൊണ്ട് ഭൂമിയിലെ സർവ്വജന്തുക്കളും ഊർജ്ജത്തിനു സസ്യങ്ങളെ ആശ്രയിക്കുന്നു. സസ്യകോശങ്ങളുടെ വളർച്ചയ്ക്കും ഭക്ഷണവും പോഷകഘടകങ്ങളും വേണം. മണ്ണിൽ നിന്നും അന്തരീക്ഷത്തിൽ നിന്നും ജലത്തിൽ നിന്നും കിട്ടുന്ന മൂലകങ്ങൾ ഉപയോഗിച്ച് സസ്യങ്ങൾ അവയ്ക്കാവശ്യമുള്ള പോഷകഘടകങ്ങൾ സംശ്ലേഷണം ചെയ്യുകയും ഭക്ഷണം നിർമ്മിക്കുകയും ചെയ്യുന്നു. ഭൂമിയിലെ മറ്റെല്ലാം ജീവികളുടെയും പ്രാഥമികമായ ആഹാരം സസ്യങ്ങൾ നിർമ്മിക്കുന്നതാണ്. അങ്ങനെ ഭൂമിയിലെ സർവ്വ ജീവജാലങ്ങൾക്കും സസ്യങ്ങൾ ഊർജ്ജവും ഭക്ഷണവും തരുന്നു. സസ്യങ്ങൾക്ക് ഇത് സാധിക്കുന്നത് സൂര്യനിൽ പദാർത്ഥം ഊർജ്ജമായി മാറുകയും ആ ഊർജ്ജത്തെ സസ്യങ്ങൾക്ക് രാസോർജ്ജമാക്കി മാറ്റാനും സംഭരിക്കാനും കഴിയുന്നത് കൊണ്ടാണ്.

നമ്മൾ പ്രവർത്തി ചെയ്യാനും ശരീരത്തിന്റെ ആന്തരീകപ്രവർത്തനങ്ങൾ നടക്കാനും എല്ലാം ഉപയോഗിക്കുന്നത് രാസോർജ്ജമാണ്. പല തരം ഊർജ്ജങ്ങൾ ഉണ്ട് എന്നും ഊർജ്ജത്തെ മറ്റൊരു തരം ഊർജ്ജമാക്കി മാറ്റാനും കഴിയുമെന്ന് സ്കൂളിൽ പഠിച്ചിട്ടുണ്ടല്ലൊ. ശരീരത്തിന്റെ പ്രധാന ഊർജ്ജസ്രോതസ്സ് ഗ്ലൂക്കോസ് എന്ന തന്മാത്രയാണ്. നാം ഉണർന്നിരിക്കുമ്പോഴും ഉറങ്ങുമ്പോഴും എന്ത് ചെയ്യുമ്പോഴും ഗ്ലൂക്കോസ് തന്മാത്രയിലുള്ള രാസോർജ്ജമാണ് ഉപയോഗിക്കുന്നത്. ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റ് ദഹിച്ചിട്ടാണ് നമുക്ക് ഗ്ലൂക്കോസ് ലഭിക്കുന്നത്. സസ്യങ്ങൾ അന്തരീക്ഷത്തിലെ കാർബൺ ഡൈ‌ഓക്സൈഡും വെള്ളത്തിലെ ഹൈഡ്രജനും സൂര്യന്റെ ഉർജ്ജവും ഉപയോഗിച്ച് ഗ്ലൂക്കോസ് നിർമ്മിക്കുന്നു. അതായത് കാർബൺ ആറ്റങ്ങളും ഹൈഡ്രജൻ ആറ്റങ്ങളും ഓക്സിജൻ ആറ്റങ്ങളും യോജിച്ച് ഗ്ലൂക്കോസ് തന്മാത്രയാക്കണമെങ്കിൽ ഊർജം വേണം. ആ ഊർജ്ജമാണ് സൗരോർജ്ജം. അതിന്റെ അർത്ഥം സൗരോർജ്ജം ഗ്ലൂക്കോസ് തന്മാത്രയിലെ ആറ്റങ്ങളെ യോജിപ്പിക്കുന്ന രാസോർജ്ജം ആയി മാറി എന്നാണ്. നമുക്ക് ഊർജ്ജം ആവശ്യമുള്ളപ്പോൾ കോശങ്ങളിൽ ഗ്ലൂക്കോസ് വിഘടിക്കപ്പെട്ട് അതിൽ നിന്ന് റിലീസ് ആയ രാസോർജ്ജം ഉപയോഗിക്കുന്നു.

സസ്യങ്ങൾ കാർബണും ഹൈഡ്രജനും ഓക്സിജനും സുര്യപ്രകാശവും കൊണ്ട് ഗ്ലൂക്കോസ് നിർമ്മിക്കുന്ന പ്രക്രിയയെ ഫോട്ടോസിന്തസിസ്സ് അഥവാ പ്രകാശസംശ്ലേഷണം എന്ന് സ്കൂളിൽ പഠിച്ചതാണല്ലൊ. നിർമ്മിക്കുക എന്നൊക്കെ പറയുന്നത് ആലങ്കാരികമാണ്. പ്രകൃതിയിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും യാന്ത്രികമാണ് ബോധപൂർവ്വമല്ല എന്ന് പറഞ്ഞാൽ മനസ്സിലാക്കാൻ അല്പം പ്രയാസം ഉണ്ടാകും. മനുഷ്യൻ എന്തും ബോധപൂർവ്വം  ചെയ്യുന്നത് കൊണ്ട് പ്രകൃതിയിലും അത് ആരോപിക്കുന്നതാണ് നമുക്ക് ശീലം.

സസ്യങ്ങളുടെ ഇലകളിലെ കോശങ്ങളിൽ കാർബൺ ഡൈഓക്സൈഡും ജലവും പ്രകാശവും കടക്കുമ്പോൾ അതിലെ ക്ലോറോപ്ലാസ്റ്റിൽ വെച്ച് ക്ലോറോഫിൽ എന്ന വർണ്ണകത്തിന്റെ സഹായത്തിലാണ് ഫോട്ടോ സിന്തസിസ്സ് നടക്കുന്നത്. 6 കാർബൺ ഡൈഓക്ക്സൈഡ് തന്മാത്രകളും 6 ജലതന്മാത്രകളും യോജിച്ച് ഒരു ഗ്ലൂക്കോസ് തന്മാത്രയും 6 ഓക്സിജൻ തന്മാത്രകളും ഉണ്ടാകുന്ന പ്രക്രിയ ആണ് ഫോട്ടോസിന്തസിസ്സ് എന്നത്. ഈ പ്രക്രിയയിൽ ഉണ്ടാകുന്ന ഓക്സിജൻ തന്മാത്രകളെ സസ്യങ്ങൾ അന്തരീക്ഷത്തിലേക്ക് വിടുന്നു. ഗ്ലൂക്കോസ് തന്മാത്രകളെ കൂട്ടിച്ചേർത്ത് സ്റ്റാർച്ച് മുതലായ കാർബോഹൈഡ്രേറ്റുകളായി സസ്യങ്ങൾ സൂക്ഷിക്കുന്നു. അങ്ങനെ  സൂക്ഷിക്കുന്നത് നമുക്ക് തരാനല്ല. സസ്യങ്ങളുടെ ആവശ്യത്തിനു തന്നെയാണ്. നമ്മൾ അതെടുക്കുന്നു എന്നേയുള്ളൂ. സസ്യങ്ങൾക്ക് ഊർജ്ജം ആവശ്യമുള്ളപ്പോൾ വായുവിൽ നിന്ന് ഓക്സിജൻ ശ്വസിക്കുകയും കാർബൺ ഡൈഓക്സൈഡ് പുറത്തേക്ക് വിടുകയും ചെയ്യുന്നുണ്ട്.

നാം ചെയ്യുന്നത് പോലെ തന്നെയാണ് സസ്യങ്ങളും കാർബോഹൈഡ്രേറ്റിനെ ഗ്ലൂക്കോസ് ആയി വിഘടിച്ച് ഊർജമാക്കി മാറ്റുന്നത്. ചുരുക്കി പറഞ്ഞാൽ സസ്യങ്ങൾ ഊർജ്ജം ഉപയോഗിച്ച് കാർബോഹൈഡ്രേറ്റുകൾ നിർമ്മിക്കുകയും സംഭരിക്കുകയും ആവശ്യത്തിനു ഉപയോഗിക്കുകയും ചെയ്യുന്നു. ഭൂമിയിലെ മറ്റെല്ലാ ജീവികളും സസ്യങ്ങൾ നിർമ്മിച്ച ഗ്ലൂക്കോസ് ഊർജ്ജത്തിനു ഉപയോഗിക്കുന്നു. അപ്പോൾ നമുക്ക് കിട്ടുന്ന ഊർജ്ജം എന്ന് പറഞ്ഞാൽ സസ്യങ്ങൾ കാർബണും ഹൈഡ്രജനും ഓക്സിജനും ഒരുമിപ്പിച്ച് ഒരു കെമിക്കൽ ബോണ്ട് ഉണ്ടാക്കാൻ ഉപയോഗിച്ച സൗരോർജ്ജം രാസോർജ്ജമാക്കി മാറ്റിയതാണ്. ആ കെമിക്കൽ ബോണ്ട് നമ്മുടെ കോശങ്ങളിൽ വെച്ച് വേർപെടുത്തപ്പെടുമ്പോഴാണ് നമ്മുടെ മസ്സിലുകൾക്ക് ഊർജം ലഭിക്കുന്നത്.


ഷുഗർ എന്നാൽ എന്താണ്?

നമ്മുടെ ആളുകൾ വ്യാപകമായി വിശ്വസിക്കുന്ന രണ്ട് തെറ്റായ ധാരണകളാണ് പ്രമേഹം ഉള്ളവർ പഞ്ചസാര കഴിക്കരുത് എന്നും ശരീരത്തിൽ വിഷം കെട്ടിക്കിടക്കുമെന്നും. രണ്ടാമത്തെ തെറ്റിദ്ധാരണ പരത്തുന്നത് ആയുർവേദക്കാരും പ്രകൃതിചികിത്സാവാദക്കാരും ആണ്. ആദ്യത്തെ തെറ്റിദ്ധാരണയ്ക്കുള്ള കാരണം പഞ്ചസാരയെ കുറിച്ചുള്ള വിവരക്കേടാണ്. ശരീരത്തിൽ കോശങ്ങളിലോ രക്തത്തിലോ വിഷമോ മാലിന്യങ്ങളോ കെട്ടിക്കിടക്കുകയില്ല, അതൊക്കെ അപ്പപ്പോൾ പുറന്തള്ളുന്ന പണിയാണ് ലിവറും കിഡ്‌നിയും അനവരതം ചെയ്തുകൊണ്ടിരിക്കുന്നത്. ചർമ്മത്തിൽ കൂടി വിയർപ്പിലൂടെയും മാലിന്യങ്ങൾ പുറന്തള്ളപ്പെടുന്നുണ്ട്. കിഡ്‌നിക്കും ലിവറിനും തകരാറ് ഇല്ലാത്ത കാലത്തോളം ശരീരവും രക്തവും പരിശുദ്ധമാണ്. സ്വന്തം ശരീരത്തെ കുറിച്ച് ഈ ധാരണ എല്ലാവർക്കും വേണം.
പഞ്ചസാരയെ കുറിച്ച് ആളുകൾക്ക് ഒരു ചുക്കും അറിയില്ല എന്നതാണ് വാസ്തവം. സ്കൂളിൽ പഠിച്ചതാണ്. പക്ഷെ അതൊക്കെ മറക്കും. എന്നിട്ട് ആളുകൾ പറയുന്ന വിവരക്കേടുകൾ മനസ്സിൽ സൂക്ഷിക്കും. ഇതാണ് പൊതുവെ വിദ്യാഭ്യാസത്തിനു സംഭവിക്കുന്നത്.
കാർബൺ ആറ്റങ്ങളും ഹൈഡ്രജൻ ആറ്റങ്ങളും ഓക്സിജൻ ആറ്റങ്ങളും സംയോജിച്ച് ഉണ്ടാകുന്ന സംയുക്തങ്ങളെയാണ് കാർബോഹൈഡ്രേറ്റ് എന്ന് പറയുന്നത്. കാർബോഹൈഡ്രേറ്റിന്റെ ഏറ്റവും ലഘുവായ രൂപങ്ങളാണ് ഗ്ലൂക്കോസ്, ഫ്രക്ടോസ്, ഗാലക്ടോസ് എന്നിങ്ങനെയുള്ള മൂന്ന് തരം മോണോ സാക്കറൈഡുകൾ ((Mono Saccharide). സാക്കറൈഡ് എന്ന് പറഞ്ഞാൽ ഷുഗർ എന്ന് തന്നെയാണ് അർത്ഥം. 6 കാർബണും 12 ഹൈഡ്രജനും 6 ഓക്സിജനും ആറ്റങ്ങളാണ് ഈ മൂന്ന് ഷുഗറിലും ഉള്ളത്. അതുകൊണ്ട് മോണോ സാക്കറൈഡിന്റെ ഫോർമുല C₆H₁₂O₆ എന്ന് എഴുതുന്നത്. ഒരേ എണ്ണം കാർബണും ഹൈഡ്രജനും ഓക്സിജനും സംയോജിച്ചിട്ടാണ് ഗ്ലൂക്കോസും ഫ്രക്ടോസും ഗാലക്ടോസും ഉണ്ടാകുന്നത് എങ്കിലും അവ വ്യത്യാസപ്പെടുന്നത് അവയുടെ യോജിക്കുന്ന ഘടനയിൽ ആണ്.
ഈ മൂന്ന് ഷുഗറിലും ഏറ്റവും മധുരം ഫ്രക്ടോസിനാണ്.
ഫ്രക്ടോസ് മാത്രമാണ് ഭക്ഷണപദാർത്ഥങ്ങളിൽ , അതായത് പഴങ്ങളിലും പച്ചക്കറികളിലും നിന്ന് കിട്ടുന്നത്. ഗ്ലൂക്കോസും ഗാലക്ടോസും അതേ രൂപത്തിൽ ഭക്ഷണപദാർത്ഥങ്ങളിൽ ഇല്ല എന്ന് തന്നെ പറയാം.
ഗ്ലൂക്കോസും ഫ്രക്ടോസും, ഗ്ലൂക്കോസും ഗാലക്ടോസും , ഗ്ലൂക്കോസും ഗ്ലൂക്കോസും അങ്ങനെ രണ്ട് C₆H₁₂O₆ തന്മാത്രകൾ ചേർന്നുണ്ടാകുന്ന ഷുഗറിനെ ഡൈസാക്കറൈഡ് എന്ന് പറയുന്നു. മൂന്ന് തരം ഡൈ സാക്കറൈഡുകൾ താഴെ കാണുക:
ഗ്ലൂക്കോസ് + ഫ്രക്ടോസ് = സൂക്രോസ് = പഞ്ചസാര (ടേബിൾ ഷുഗർ)
ഗ്ലൂക്കോസ്+ഗാലക്ടോസ് = ലാക്ടോസ് = മിൽക്ക് ഷുഗർ
ഗ്ലൂക്കോസ്+ഗ്ലൂക്കോസ് = മാൾട്ടോസ് = മൊളാസസ്സ്
മേൽപ്പറഞ്ഞതിൽ നിന്നും ചായയിൽ ഇടുന്ന ടേബിൾ ഷുഗർ എന്നത് സൂക്രോസ് എന്ന ഡൈ സാക്കറൈഡ് ആണെന്ന് മനസ്സിലാക്കാം. അത് പോലെ പാലിൽ ഉള്ള മിൽക്ക് ഷുഗറും ഡൈ സാക്കറൈഡ് ആണ്. ഇവ ദഹിച്ച് ഗ്ലൂക്കോസ് എന്ന സിമ്പിൾ ഷുഗർ ആയിട്ടാണ് രക്തത്തിൽ കലരുന്നത്. ദഹിക്കുക എന്ന് പറഞ്ഞാൽ വലിയ സംയുക്തങ്ങൾ അല്ലെങ്കിൽ തന്മാത്രകൾ വിഘടിക്കപ്പെടുക എന്നതാണ്. രക്തത്തിൽ ഗ്ലൂക്കോസ് മാത്രമേ പാടുള്ളൂ. എല്ലാ കാർബോ ഹൈഡ്രേറ്റുകളും ഗ്ലൂക്കോസ് ആയിട്ടാണ് രക്തത്തിൽ കടക്കുന്നത്. അതായത് പഞ്ചസാരയിലെ സൂക്രോസും പാലിലെ ലാക്ടോസും അതെ രൂപത്തിലല്ല രക്തത്തിൽ കടക്കുന്നത് ഗ്ലൂക്കോസ് ആയി വിഘടിക്കപ്പെട്ടതിനു ശേഷമാണ്. രക്തത്തിൽ ഉള്ള ഷുഗർ ആയത് കൊണ്ട് ഗ്ലൂക്കോസിനെ ബ്ലഡ് ഷുഗർ എന്ന് പറയുന്നു.
അനേകം മോണോ സാക്കറൈഡ് യൂനിറ്റുകൾ ചേർന്ന് ഉണ്ടാകുന്ന കാർബോഹൈഡ്രേറ്റുകളെ പോളി സാക്കറൈഡുകൾ എന്ന് പറയുന്നു. അതിനുദാഹരണമാണ് നമ്മൾ കഴിക്കുന്ന ആഹാരങ്ങളിലെ സ്റ്റാർച്ച്, ഫൈബർ എന്നിവ. ഇതിൽ സ്റ്റാർച്ച് ദഹിച്ച് ഗ്ലൂക്കോസ് ആയി രക്തത്തിൽ കടക്കുന്നു. ഫൈബറിനെ ദഹിപ്പിക്കാൻ മനുഷ്യനു കഴിയില്ല. അതുകൊണ്ട് ഭക്ഷണത്തിലെ ഫൈബർ വൻകുടലിൽ പോയി പിന്നീട് മലത്തോടൊപ്പം പുറന്തള്ളപ്പെടുന്നു.
ഗ്ലൂക്കോസ് , ഗാലക്ടോസ് എന്നീ രണ്ട് മോണോ സാക്കറൈഡുകൾ സ്വതന്ത്ര രൂപത്തിൽ ഭക്ഷണങ്ങളിൽ ഇല്ല എന്ന് പറഞ്ഞല്ലൊ. ഫ്രക്ടോസ് എന്ന മോണോ സാക്കറൈഡ് മാത്രമാണ് സ്വതന്ത്രമായി ഭക്ഷണത്തിൽ ഉള്ളത്. ഗ്ലൂക്കോസ് പോലെ തന്നെ ഫ്രക്ടോസും രക്തത്തിൽ പ്രവേശിക്കും. പക്ഷെ ഫ്രക്ടോസിനെ ലിവർ ഗ്ലൂക്കോസ് ആയി മാറ്റിയതിനു ശേഷം മാത്രമേ രക്തത്തിലേക്ക് കടത്തി വിടുകയുള്ളൂ. കാരണം പറഞ്ഞല്ലോ രക്തത്തിൽ ഗ്ലൂക്കോസ് മാത്രമേ പാടുള്ളൂ.
അപ്പോൾ പ്രമേഹം ഉള്ളവരുടെ മൂത്രത്തിൽ ഉള്ളത് ഗ്ലൂക്കോസ് എന്ന ബ്ലഡ് ഷുഗർ ആണ്. പഞ്ചസാരയിലെയും പാലിലെയും ഡൈ സാക്കറൈഡുകൾ നേരത്തെ തന്നെ ദഹിച്ച് ഗ്ലൂക്കോസ് ആയി മാറിയിരുന്നല്ലൊ.
എന്തുകൊണ്ടാണ് പ്രമേഹം ഉള്ളവരുടെ മൂത്രത്തിൽ കൂടി ഗ്ലൂക്കോസ് പുറത്ത് പോകുന്നത്? സാധാരണ ഗതിയിൽ നമ്മൾ എത്ര കാർബോ കഴിച്ചാലും അതൊക്കെ ദഹിച്ച് ഗ്ലൂക്കോസ് ആയി രക്തത്തിൽ എത്തിയാലും, രക്തത്തിൽ അധികം വരുന്ന ഗ്ലൂക്കോസിനെ ലിവർ ഗ്ലൈക്കോജനാക്കി മാറ്റി സൂക്ഷിക്കും. ഗ്ലൈക്കോജൻ എന്നത് അനേകം ഗ്ലൂക്കോസുകൾ ചേർന്ന പോളി സാക്കറൈഡ് ആണ്. ആവശ്യം വരുമ്പോൾ ഊർജ്ജം ലഭിക്കാൻ വേണ്ടിയാണ് ഗ്ലൂക്കോസിനെ ഇങ്ങനെ ഗ്ലൈക്കോജനാക്കി മാറ്റി സംഭരിച്ചു വയ്ക്കുന്നത്.. കാരണം തലച്ചോറിനു അനവരതം ഗ്ലൂക്കോസ് കിട്ടിക്കൊണ്ടിരിക്കണം.
ഗ്ലൂക്കോസിനെ ഗ്ലൈക്കോജൻ ആക്കി മാറ്റണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോൺ വേണം. പാൻക്രിയാസ് എന്ന ഗ്രന്ഥിയാണ് ഇൻസുലിൻ ഉല്പാദിപ്പിക്കുന്നത്. പാൻക്രിയാസ് ഗ്രന്ഥിയുടെ കാര്യക്ഷമത കുറയുമ്പോൾ ഇൻസുലിൻ ഉല്പാദനം കുറയുന്നു. അപ്പോൾ രക്തത്തിൽ അധികം വരുന്ന ഗ്ലൂക്കോസിനെ ഗ്ലൈക്കോജൻ ആക്കി മാറ്റാൻ കഴിയാതെ വരുന്നു. രക്തത്തിൽ അളവിൽ കൂടുതൽ ഗ്ലൂക്കോസ് പാടില്ല താനും. അങ്ങനെയാണ് അധികം വരുന്ന ഗ്ലൂക്കോസ് കിഡ്‌നി വഴി മൂത്രത്തിലൂടെ പുറന്തള്ളപ്പെടുന്നത്. ഇത് കിഡ്‌നിക്കും ഓവർ ലോഡ് വർക്ക് ആണെന്ന് പറയേണ്ടതില്ലല്ലൊ.
അപ്പോൾ പ്രമേഹം ഉള്ളവർ പഞ്ചസാര എന്ന ടേബിൾ ഷുഗർ മാത്രം വർജ്ജിക്കുകയോ അരിക്ക് പകരം ഗോദമ്പ് ഉപയോഗിക്കുകയോ അല്ല വേണ്ടത്, മൊത്തത്തിൽ ഭക്ഷിക്കുന്ന കാർബോ ഹൈഡ്രേറ്റിന്റെ അളവ് പരിമിതപ്പെടുത്തുകയാണ് വേണ്ടത്. ഒരു ദിവസം 200 ഗ്രാം കാർബോഹൈഡ്രേറ്റിൽ ആധികം ഭക്ഷിക്കാതെ നോക്കിയാൽ പ്രമേഹ രോഗികൾക്ക് സാധാരണ ജീവിതം നയിക്കാൻ കഴിയും.

ന്യൂനമർദ്ധവും കേരളത്തിലെ പേമാരിയും

ന്യൂനമർദ്ദവും അതിമർദ്ധവും കാറ്റും പേമാരിയും വെള്ളപ്പൊക്കവും ഒക്കെ പ്രകൃതിയുടെ ഭാഗമാണ്. അതൊക്കെ പ്രകൃതിയുടെ പ്രവർത്തനങ്ങളിൽ നിന്ന് ഉണ്ടാകുന്നതും ആണ്. ഇതിൽ എവിടെയാണ് ഗാഡ്‌ഗിലും കസ്തൂരിരംഗനും ഒക്കെ വരുന്നത്? ചിലർ പറയുന്നു പ്രകൃതി പക വീട്ടിയതാണ് എന്ന്. പ്രാർത്ഥിക്കാനും ചിലർ ആവശ്യപ്പെടുന്നു. എന്നാൽ സംഗതി എന്തെന്ന് വെച്ചാൽ ഭൂമിയിൽ മനുഷ്യൻ ഉള്ള കാര്യവും അവൻ രണ്ടും മൂന്നും നിലകൾ വീടുകൾ പണിതതൊന്നും പ്രകൃതിക്ക് അറിയില്ല. പിന്നെ പ്രാർത്ഥിക്കാൻ പറയുന്നത്, ആരോട് പ്രാർത്ഥിക്കാനാണ്? പ്രാർത്ഥിച്ചാൽ പ്രകൃതി വഴിമാറുമോ? പ്രകൃതി അതിന്റെ നിയമം അനുസരിച്ച് സദാ പ്രവർത്തനനിരതമാണ്. അത്രയേയുള്ളൂ.

ഇപ്പോൾ സംഭവിച്ചത്, ഒഡീഷയുടെ തീരത്ത് ന്യൂനമർദ്ധം രൂപപ്പെടുന്നു. എന്താണ് ഈ ന്യൂനമർദ്ധം എന്നാൽ? വായു എല്ലാറ്റിനു മേലെയും ഒരു മർദ്ധം പ്രയോഗിക്കുന്നു. അതിനു കാരണം വായുവിനു ഭാരമുണ്ട്. ആ ഭാരം ഉണ്ടാകുന്നത് വായു തന്മാത്രകളെ ഭൂമി അതിന്റെ കേന്ദ്രത്തിലേക്ക് ആകർഷിക്കുന്നത് കൊണ്ടാണ്. ഭൂമിയുടെ ആകർഷണബലം കൊണ്ട് പിടിച്ചു നിർത്തുന്ന വായു തന്മാത്രകളുടെ ആകെത്തുകയെ ആണ് നാം അന്തരീക്ഷം എന്ന് പറയുന്നത്. ഈ അന്തരീക്ഷത്തിൽ 21 ശതമാനം ഓക്സിജൻ തന്മാത്രകളും 78ശതമാനം നൈട്രജൻ തന്മാത്രകളും ആണുള്ളത്. ബാക്കി വരുന്ന ഒരു ശതമാനത്തിൽ മറ്റ് വായുതന്മാത്രകളും നീരാവിയും പൊടിപടലങ്ങളും എല്ലാം വരും.

ശരിക്കും പറഞ്ഞാൽ നമ്മൾ ജീവിയ്ക്കുന്നത് വായുസമുദ്രത്തിന്റെ അടിത്തട്ടിലാണ്. കടലിന്റെ അടിത്തട്ട് പോലെ തന്നെയാണ് ഈ വായു സമുദ്രത്തിന്റെ അടിത്തട്ടും. കടലിൽ ഉള്ളത് ജലതന്മാത്രകൾ ആണെങ്കിൽ വായുസമുദ്രത്തിൽ ഉള്ളത് വായുതന്മാത്രകൾ ആണെന്ന് മാത്രം. ജലത്തെ നാം കാണുന്നത് അതിലെ തന്മാത്രകൾ ഒന്നിനൊന്ന് വേർപെട്ടു പോകാതെ പറ്റിപ്പിടിച്ചത് കൊണ്ടാണ്!. വായുവിലെ ഓരോ തന്മാത്രയും സ്വതന്ത്രമാണ്. ഒരു നിശ്ചിത അകലത്തിൽ വായുതന്മാത്രകൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. നഗ്നദൃഷ്ടികൾ കൊണ്ട് വായുതന്മാത്രകളെ കാണാൻ കഴിയില്ല. അവ ജലത്തിലെ പോലെ ചേർന്നു നിൽക്കുന്നുമില്ല. അതുകൊണ്ടാണ് വായുവിനെ നാം കാണാത്തത്. വായുവിന്റെ മേൽ ഭൂമിയുടെ ആകർഷണം ഏറ്റവും കൂടുതൽ ഉണ്ടാകുന്നത് സമുദ്രനിരപ്പിലാണ്. അതുകൊണ്ട് ഭൂമിയുടെ ഉപരിതലത്തിലാണ് ഏറ്റവും കൂടുതൽ വായുമർദ്ധം അല്ലെങ്കിൽ അന്തരീക്ഷമർദ്ധം അനുഭവപ്പെടുന്നത്. മേൽപ്പോട്ട് പോകുന്തോറും അന്തരീക്ഷമർദ്ധം കുറയുകയും പിന്നീട് നേർത്ത് നേർത്ത് അന്തരീക്ഷം ഇല്ലാതെയാകുന്നു. അതിന്റെ അർത്ഥം ഒരു പരിധി കഴിഞ്ഞാൽ ഭൂമിക്ക് വായുവിനെ ആകർഷിക്കാൻ കഴിയുന്നില്ല എന്നാണ്.

ന്യൂനമർദ്ദം എന്തെന്നല്ലേ? കടൽ ചൂടാകുമ്പോൾ മേൽപ്പരപ്പിലെ വായുവും ചൂടായി മേൽപ്പോട്ട് പോകുന്നു. വായുവിന്റെ സ്വഭാവം ആണത്. അങ്ങനെ കടലിന്റെ മേൽപ്പരപ്പിൽ നിന്ന് ചൂടായ വായു മേലോട്ട് പോകുമ്പോൾ ഒരു യൂനിറ്റ് വിസ്തൃതിയിൽ ഉള്ള വായുതന്മാത്രകളുടെ എണ്ണം കുറവായിരിക്കും. അപ്പോൾ അവിടെ മർദ്ധവും കുറയും. ഇതാണു ന്യൂനമർദ്ധം. എന്നാൽ ഈ ന്യൂനമർദ്ധം എന്ന അവസ്ഥ അധിക സമയം നീണ്ടുനിൽക്കില്ല. കടലും കടലിന്റെ മേൽപ്പരപ്പിലെ വായുവും ചൂടായി നിൽക്കുകയാണല്ലൊ, അവിടേക്ക് തണുത്ത വായുവിന്റെ ഒരു ഒഴുക്ക് ഉണ്ടാകും. ഇതാണ് കാറ്റ് എന്നത്. ഒഡീഷയുടെ തീരത്ത് ന്യൂനമർദ്ധം രൂപപ്പെട്ടപ്പോൾ അവിടേക്ക് അറബിക്കടലിൽ നിന്ന് തണുത്ത വായു അങ്ങോട്ട് പ്രവഹിക്കുന്നു. ഇങ്ങനെ ഭൂമിക്ക് സമാന്തരമായി നീങ്ങുന്ന വായുവിനെ അതായത് കാറ്റിനെ പശ്ചിമഘട്ട പർവ്വതനിരകൾ തടഞ്ഞു നിർത്തുന്നു. തടയപ്പെട്ട കാറ്റ് കുത്തനെ മേൽപ്പോട്ട് ഉയർന്ന് കേരളത്തിന്റെ ആകാശാതിർത്തിയിലുള്ള വായുവിനെ വല്ലാതെ തണുപ്പിച്ച് എത്രയോ കിലോമീറ്ററുകൾ വ്യാപിക്കുന്ന മേഘങ്ങളെ ഉണ്ടാക്കുന്നു, കനം തൂങ്ങുന്ന മേഘങ്ങൾ പേമാരിയായി പെയ്യുന്നു. ഇതാണ് സംഭവിച്ചത്.

എന്നാൽ ഒഡീഷ തീരത്തേക്ക് തണുത്ത കാറ്റ് അറബിക്കടലിൽ നിന്ന് മാത്രമല്ല പ്രവഹിച്ചിരിക്കുക. ഭൂഗോളത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും തണുത്ത കാറ്റ് അവിടേക്ക് വന്നിരിക്കാമല്ലൊ. അങ്ങനെ ഒഡീഷ തീരത്തെ അന്തരീക്ഷ മർദ്ധം സ്വാഭാവിക നിലയിൽ എത്തുകയും ന്യൂനമർദ്ധം മധ്യപ്രദേശ് ഭാഗത്തേക്ക് നീങ്ങുന്നു എന്നുമാണ് ഒടുവിലത്തെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അപ്പോൾ നമുക്ക് കിട്ടിയ പേമാരിയുടെ കാരണം കാറ്റിന്റെ ഗതിയിൽ കുത്തനെ ഉയർന്ന് നിന്ന് തടസ്സം ഉണ്ടാക്കുന്ന പശ്ചിമഘട്ട മലകളാണ്. അല്ലായിരുന്നെങ്കിൽ ഇതൊന്നും നമ്മൾ അറിയുകയേയില്ലായിരുന്നു.

കാറ്റ് നമുക്ക് മഴ കൊണ്ടത്തരുന്നു. കടലും കരയും ഉള്ളത് കൊണ്ട് കടൽ ചൂടാകുമ്പോൾ കര തണുക്കുകയും, കര ചൂടാകുമ്പോൾ കടൽ തണുക്കുകയും ചെയ്യുന്നു. തണുക്കുക എന്നും ചൂടാവുക എന്നും പറയുമ്പോൾ ഒരു പദാർത്ഥത്തിലെ തന്മാത്രകൾ വേഗത്തിൽ ചലിക്കുന്നതാണ് ചൂടായും , മെല്ലെ ചലിക്കുന്നതാണ് തണുപ്പായും നമുക്ക് അനുഭവപ്പെടുന്നത്. ജലത്തിലെ തന്മാത്രകൾ വേറിട്ട് പോകുന്നില്ലെങ്കിലും ഓരോന്നും ചലിക്കുന്നുണ്ട്. തന്മാത്രാ ചലനത്തിനു ആനുപാതികമാണ് ചൂടും തണുപ്പും എന്നത് വെള്ളം കൊണ്ട് തന്നെ നമുക്ക് മനസ്സിലാക്കാം. പച്ചവെള്ളം ചൂടോ തണുപ്പോ? ജലം എന്നത് നാല് ഡിഗ്രി സെൽഷ്യസ് ചൂടിലാണ് ആ അവസ്ഥയിൽ നിൽക്കുന്നത്. അത് തണുത്ത് പൂജ്യം ഡിഗ്രി സെൽഷ്യസ് ആകുമ്പോൾ തണുക്കുക മാത്രമല്ല ഖരാവസ്ഥയിൽ ആവുകയും ചെയ്യുന്നു. അതിന്റെ അർത്ഥം ജലത്തിലേക്കാളും ഐസ് കട്ടയിൽ അതിലെ തന്മാത്രകൾ സാവധാനം ചലിക്കുന്നു എന്നാണ്. അതേ സമയം ജലം ചൂടാക്കി നൂറ് ഡിഗ്രി സെൽഷ്യൽസ് എത്തുമ്പോൾ അത് നമുക്ക് തൊടാൻ കഴിയാത്ത അവസ്ഥയിൽ എത്തുന്നു എന്ന് മാത്രമല്ല ജലം വാതകാവസ്ഥ പ്രാപിക്കുകയും ചെയ്യുന്നു. ഇവിടെ സംഭവിച്ചത് ജലതന്മാത്രകൾ സാധാരണ അവസ്ഥയിൽ നിന്നും വേഗത്തിൽ സഞ്ചരിച്ച് വാതകത്തെ പോലെ സ്വതന്ത്രമായി എന്നാണ്.

ഇതൊക്കെയാണ് പ്രകൃതിനിയമം. നിയമം എന്ന് പറയുമ്പോൾ ഈ പ്രകൃതിയും നിയമവും ആരെങ്കിലും ഉണ്ടാക്കി എന്നോ, മനുഷ്യനോ അല്ലെങ്കിൽ അജ്ഞാത ശക്തിക്കോ ഇതൊക്കെ മാറ്റാൻ കഴിയുമെന്നോ അല്ല. പ്രാർത്ഥിച്ചത് കൊണ്ട് പ്രകൃതിനിയമം മാറുമെന്നോ അല്ല. പ്രകൃതിയുടെ നിയമം  മനുഷ്യൻ കണ്ടെത്തി എന്നതാണ് ശാസ്ത്രത്തിന്റെ നേട്ടം. പ്രകൃതി എങ്ങനെ ഉണ്ടായി എന്ന ചോദ്യം ഒരു പ്രപഞ്ചശക്തി ഉണ്ടാക്കി എന്ന ഉത്തരത്തിലേക്ക് ഒരിക്കലും എത്തുകയില്ല. അങ്ങനെ വേണമെങ്കിൽ വിശ്വസിക്കാം എന്നേയുള്ളൂ. പ്രകൃതിയുടെ നിയമം മനസ്സിലാക്കിയത് കൊണ്ടാണ് നമുക്ക് കാലാവസ്ഥാപ്രവചനം സാധ്യമാകുന്നത്. ഒഡീഷയുടെ തീരത്ത് ന്യൂനമർദ്ധം രൂപപ്പെട്ടത് തികച്ചം ആകസ്മികമാണ്. പ്രകൃതിയിലെ ആകസ്മിക നീക്കങ്ങൾ നമ്മൂടെ നിയന്ത്രണത്തിലല്ല. മറ്റേതെങ്കിലും ശക്തിയുടെ നിയന്ത്രണത്തിലും അല്ല. അതുകൊണ്ട് നമുക്ക് പോംവഴികൾ മനുഷ്യസാധ്യമായത് മാത്രമാണ്. അതാണ് കേരളത്തിൽ നടന്നതും നടക്കുന്നതും.