Links

നമുക്ക് എങ്ങനെയാണ് ഊർജ്ജം ലഭിക്കുന്നത്?

ഐൻസ്റ്റീന്റെ വിഖ്യാതമായ സമവാക്യപ്രകാരം (E=mc²) സൂര്യനിലുള്ള അളവറ്റ ചൂട് നിമിത്തം രണ്ട് ഹൈഡ്രജൻ അണുക്കൾ ഉരുമിച്ച് ചേർന്ന് ഒരു ഹീലിയം അണു ആയി മാറുമ്പോൾ രണ്ട് ഹൈഡ്രജനിലെയും അല്പം മാസ്സ് (പദാർത്ഥം) ഊർജ്ജമായി മാറുന്നു. അതായത് രണ്ട് ഹൈഡ്രജൻ ആറ്റങ്ങളുടെയും ആകെ ഭാരത്തിൽ അല്പം കുറവാണ് ഒരു ഹീലിയം ആറ്റത്തിന്റെ ഭാരം. ആ കുറവ് വന്ന ഭാരമുള്ള പദാർത്ഥമാണ് ഊർജ്ജമായി മാറിയത്. ഈ ഊർജ്ജമാണ് ഭൂമിയിലേക്ക് വരുന്നത്. ഭൂമിയിലെ പ്രകൃതിയിൽ നടക്കുന്ന എല്ലാ ചലനങ്ങൾക്കും കാരണം ഈ സൗരോർജ്ജമാണ്. ഊർജ്ജം ഇല്ലെങ്കിൽ ഒരു ചലനവും നടക്കില്ല.

ജന്തുക്കൾക്ക് മാത്രമല്ല സസ്യങ്ങൾക്കും ഊർജ്ജം വേണം. സസ്യങ്ങളുടെ കോശങ്ങൾക്കും മനുഷ്യൻ അടക്കമുള്ള ജന്തുക്കളുടെ കോശങ്ങൾക്കും ഒരുപാട് സാമ്യങ്ങളും വ്യത്യാസങ്ങളും ഉണ്ട്. എന്നാലും സസ്യകോശങ്ങൾക്കും ജന്തുകോശങ്ങൾക്കും പ്രവർത്തി ചെയ്യാൻ ഊർജ്ജം കൂടിയേ തീരൂ. സസ്യങ്ങൾക്ക് മാത്രമേ സൂര്യനിൽ നിന്ന് കിട്ടുന്ന ഊർജ്ജം ശേഖരിക്കാനും സംഭരിച്ചു വയ്ക്കാനും കഴിയൂ. അതുകൊണ്ട് ഭൂമിയിലെ സർവ്വജന്തുക്കളും ഊർജ്ജത്തിനു സസ്യങ്ങളെ ആശ്രയിക്കുന്നു. സസ്യകോശങ്ങളുടെ വളർച്ചയ്ക്കും ഭക്ഷണവും പോഷകഘടകങ്ങളും വേണം. മണ്ണിൽ നിന്നും അന്തരീക്ഷത്തിൽ നിന്നും ജലത്തിൽ നിന്നും കിട്ടുന്ന മൂലകങ്ങൾ ഉപയോഗിച്ച് സസ്യങ്ങൾ അവയ്ക്കാവശ്യമുള്ള പോഷകഘടകങ്ങൾ സംശ്ലേഷണം ചെയ്യുകയും ഭക്ഷണം നിർമ്മിക്കുകയും ചെയ്യുന്നു. ഭൂമിയിലെ മറ്റെല്ലാം ജീവികളുടെയും പ്രാഥമികമായ ആഹാരം സസ്യങ്ങൾ നിർമ്മിക്കുന്നതാണ്. അങ്ങനെ ഭൂമിയിലെ സർവ്വ ജീവജാലങ്ങൾക്കും സസ്യങ്ങൾ ഊർജ്ജവും ഭക്ഷണവും തരുന്നു. സസ്യങ്ങൾക്ക് ഇത് സാധിക്കുന്നത് സൂര്യനിൽ പദാർത്ഥം ഊർജ്ജമായി മാറുകയും ആ ഊർജ്ജത്തെ സസ്യങ്ങൾക്ക് രാസോർജ്ജമാക്കി മാറ്റാനും സംഭരിക്കാനും കഴിയുന്നത് കൊണ്ടാണ്.

നമ്മൾ പ്രവർത്തി ചെയ്യാനും ശരീരത്തിന്റെ ആന്തരീകപ്രവർത്തനങ്ങൾ നടക്കാനും എല്ലാം ഉപയോഗിക്കുന്നത് രാസോർജ്ജമാണ്. പല തരം ഊർജ്ജങ്ങൾ ഉണ്ട് എന്നും ഊർജ്ജത്തെ മറ്റൊരു തരം ഊർജ്ജമാക്കി മാറ്റാനും കഴിയുമെന്ന് സ്കൂളിൽ പഠിച്ചിട്ടുണ്ടല്ലൊ. ശരീരത്തിന്റെ പ്രധാന ഊർജ്ജസ്രോതസ്സ് ഗ്ലൂക്കോസ് എന്ന തന്മാത്രയാണ്. നാം ഉണർന്നിരിക്കുമ്പോഴും ഉറങ്ങുമ്പോഴും എന്ത് ചെയ്യുമ്പോഴും ഗ്ലൂക്കോസ് തന്മാത്രയിലുള്ള രാസോർജ്ജമാണ് ഉപയോഗിക്കുന്നത്. ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റ് ദഹിച്ചിട്ടാണ് നമുക്ക് ഗ്ലൂക്കോസ് ലഭിക്കുന്നത്. സസ്യങ്ങൾ അന്തരീക്ഷത്തിലെ കാർബൺ ഡൈ‌ഓക്സൈഡും വെള്ളത്തിലെ ഹൈഡ്രജനും സൂര്യന്റെ ഉർജ്ജവും ഉപയോഗിച്ച് ഗ്ലൂക്കോസ് നിർമ്മിക്കുന്നു. അതായത് കാർബൺ ആറ്റങ്ങളും ഹൈഡ്രജൻ ആറ്റങ്ങളും ഓക്സിജൻ ആറ്റങ്ങളും യോജിച്ച് ഗ്ലൂക്കോസ് തന്മാത്രയാക്കണമെങ്കിൽ ഊർജം വേണം. ആ ഊർജ്ജമാണ് സൗരോർജ്ജം. അതിന്റെ അർത്ഥം സൗരോർജ്ജം ഗ്ലൂക്കോസ് തന്മാത്രയിലെ ആറ്റങ്ങളെ യോജിപ്പിക്കുന്ന രാസോർജ്ജം ആയി മാറി എന്നാണ്. നമുക്ക് ഊർജ്ജം ആവശ്യമുള്ളപ്പോൾ കോശങ്ങളിൽ ഗ്ലൂക്കോസ് വിഘടിക്കപ്പെട്ട് അതിൽ നിന്ന് റിലീസ് ആയ രാസോർജ്ജം ഉപയോഗിക്കുന്നു.

സസ്യങ്ങൾ കാർബണും ഹൈഡ്രജനും ഓക്സിജനും സുര്യപ്രകാശവും കൊണ്ട് ഗ്ലൂക്കോസ് നിർമ്മിക്കുന്ന പ്രക്രിയയെ ഫോട്ടോസിന്തസിസ്സ് അഥവാ പ്രകാശസംശ്ലേഷണം എന്ന് സ്കൂളിൽ പഠിച്ചതാണല്ലൊ. നിർമ്മിക്കുക എന്നൊക്കെ പറയുന്നത് ആലങ്കാരികമാണ്. പ്രകൃതിയിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും യാന്ത്രികമാണ് ബോധപൂർവ്വമല്ല എന്ന് പറഞ്ഞാൽ മനസ്സിലാക്കാൻ അല്പം പ്രയാസം ഉണ്ടാകും. മനുഷ്യൻ എന്തും ബോധപൂർവ്വം  ചെയ്യുന്നത് കൊണ്ട് പ്രകൃതിയിലും അത് ആരോപിക്കുന്നതാണ് നമുക്ക് ശീലം.

സസ്യങ്ങളുടെ ഇലകളിലെ കോശങ്ങളിൽ കാർബൺ ഡൈഓക്സൈഡും ജലവും പ്രകാശവും കടക്കുമ്പോൾ അതിലെ ക്ലോറോപ്ലാസ്റ്റിൽ വെച്ച് ക്ലോറോഫിൽ എന്ന വർണ്ണകത്തിന്റെ സഹായത്തിലാണ് ഫോട്ടോ സിന്തസിസ്സ് നടക്കുന്നത്. 6 കാർബൺ ഡൈഓക്ക്സൈഡ് തന്മാത്രകളും 6 ജലതന്മാത്രകളും യോജിച്ച് ഒരു ഗ്ലൂക്കോസ് തന്മാത്രയും 6 ഓക്സിജൻ തന്മാത്രകളും ഉണ്ടാകുന്ന പ്രക്രിയ ആണ് ഫോട്ടോസിന്തസിസ്സ് എന്നത്. ഈ പ്രക്രിയയിൽ ഉണ്ടാകുന്ന ഓക്സിജൻ തന്മാത്രകളെ സസ്യങ്ങൾ അന്തരീക്ഷത്തിലേക്ക് വിടുന്നു. ഗ്ലൂക്കോസ് തന്മാത്രകളെ കൂട്ടിച്ചേർത്ത് സ്റ്റാർച്ച് മുതലായ കാർബോഹൈഡ്രേറ്റുകളായി സസ്യങ്ങൾ സൂക്ഷിക്കുന്നു. അങ്ങനെ  സൂക്ഷിക്കുന്നത് നമുക്ക് തരാനല്ല. സസ്യങ്ങളുടെ ആവശ്യത്തിനു തന്നെയാണ്. നമ്മൾ അതെടുക്കുന്നു എന്നേയുള്ളൂ. സസ്യങ്ങൾക്ക് ഊർജ്ജം ആവശ്യമുള്ളപ്പോൾ വായുവിൽ നിന്ന് ഓക്സിജൻ ശ്വസിക്കുകയും കാർബൺ ഡൈഓക്സൈഡ് പുറത്തേക്ക് വിടുകയും ചെയ്യുന്നുണ്ട്.

നാം ചെയ്യുന്നത് പോലെ തന്നെയാണ് സസ്യങ്ങളും കാർബോഹൈഡ്രേറ്റിനെ ഗ്ലൂക്കോസ് ആയി വിഘടിച്ച് ഊർജമാക്കി മാറ്റുന്നത്. ചുരുക്കി പറഞ്ഞാൽ സസ്യങ്ങൾ ഊർജ്ജം ഉപയോഗിച്ച് കാർബോഹൈഡ്രേറ്റുകൾ നിർമ്മിക്കുകയും സംഭരിക്കുകയും ആവശ്യത്തിനു ഉപയോഗിക്കുകയും ചെയ്യുന്നു. ഭൂമിയിലെ മറ്റെല്ലാ ജീവികളും സസ്യങ്ങൾ നിർമ്മിച്ച ഗ്ലൂക്കോസ് ഊർജ്ജത്തിനു ഉപയോഗിക്കുന്നു. അപ്പോൾ നമുക്ക് കിട്ടുന്ന ഊർജ്ജം എന്ന് പറഞ്ഞാൽ സസ്യങ്ങൾ കാർബണും ഹൈഡ്രജനും ഓക്സിജനും ഒരുമിപ്പിച്ച് ഒരു കെമിക്കൽ ബോണ്ട് ഉണ്ടാക്കാൻ ഉപയോഗിച്ച സൗരോർജ്ജം രാസോർജ്ജമാക്കി മാറ്റിയതാണ്. ആ കെമിക്കൽ ബോണ്ട് നമ്മുടെ കോശങ്ങളിൽ വെച്ച് വേർപെടുത്തപ്പെടുമ്പോഴാണ് നമ്മുടെ മസ്സിലുകൾക്ക് ഊർജം ലഭിക്കുന്നത്.


1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

സസ്യങ്ങൾ കാർബണും ഹൈഡ്രജനും ഓക്സിജനും സുര്യപ്രകാശവും കൊണ്ട് ഗ്ലൂക്കോസ് നിർമ്മിക്കുന്ന പ്രക്രിയയെ ഫോട്ടോസിന്തസിസ്സ് അഥവാ പ്രകാശസംശ്ലേഷണം എന്ന് സ്കൂളിൽ പഠിച്ചതാണല്ലൊ. നിർമ്മിക്കുക എന്നൊക്കെ പറയുന്നത് ആലങ്കാരികമാണ്. പ്രകൃതിയിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും യാന്ത്രികമാണ് ബോധപൂർവ്വമല്ല എന്ന് പറഞ്ഞാൽ മനസ്സിലാക്കാൻ അല്പം പ്രയാസം ഉണ്ടാകും. മനുഷ്യൻ എന്തും ബോധപൂർവ്വം ചെയ്യുന്നത് കൊണ്ട് പ്രകൃതിയിലും അത് ആരോപിക്കുന്നതാണ് നമുക്ക് ശീലം