Links

കീറ്റോ ഡയറ്റ് നല്ലതോ മോശമോ?

ചേട്ടാ ഈ കീറ്റോ ഡയറ്റിനെ (LCHF) കുറിച്ച് ഒന്നെഴുതാമോ, അത് നല്ലതാണോ എന്ന് പല സുഹൃത്തുക്കളും കുറെയായി ഇൻബോക്സിൽ ചോദിക്കുന്നു. അതിനെ പറ്റി ഇന്ന് എഴുതാം എന്ന് വിചാരിക്കുന്നു. അതിനു മുൻപ് ആമുഖമായി പറയട്ടെ LCHF ഡയറ്റ് നല്ലതല്ല എന്ന് മാത്രമല്ല ഏറിയാൽ ഒരു മൂന്ന് മാസത്തിനപ്പുറം ഈ ഡയറ്റുമായി ആർക്കും മുന്നോട്ട് പോകാനും കഴിയില്ല. അതിനുള്ളിൽ തന്നെ ശരീരത്തിൽ അതിന്റെ അപകടങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കും. എന്താണ് ഈ കീറ്റോ ഡയറ്റ്  (ketogenic diet) എന്ന് നോക്കാം. നമ്മുടെ ശരീരം അതിന്റെ ഊർജ്ജാവശ്യത്തിനു കാർബോഹൈഡ്രേറ്റ് വിഘടിച്ചുണ്ടാകുന്ന ഗ്ലൂക്കോസിനെയാണ് ആശ്രയിക്കുന്നത്. ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റ് തീരെ കുറച്ച് മിതമായി പ്രോട്ടീനും അധികമായി ഫാറ്റും കഴിക്കുക എന്നതാണ് LCHF ഡയറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. കീറ്റോ, കീറ്റോജനിക്, LCHF എല്ലാം ഒന്ന് തന്നെയാണ്. ഇപ്രകാരം കാർബോഹൈഡ്രേറ്റ് കുറയ്ക്കുമ്പോൾ നമ്മുടെ രക്തത്തിൽ ഗ്ലൂക്കോസ് കുറയുകയും ഊർജ്ജത്തിന്റെ (കലോറി) ആവശ്യം പരിഹരിക്കാൻ ലിവറിൽ നിന്ന് ഫാറ്റിനെ കീറ്റോൺ ആക്കി മാറ്റുകയും ചെയ്യും. അങ്ങനെ പോരാതെ വരുന്ന കലോറി ശരീരത്തിനു കീറ്റോണിൽ നിന്ന് കിട്ടുന്നു. ഇതാണ് ചുരുക്കം.

ഇനി എന്താണ് കീറ്റോണും ഗ്ലൂക്കോസും തമ്മിലുള്ള വ്യത്യാസം എന്ന് നോക്കാം. കീറ്റോണിന്റെ ഫോർമ്യൂല C₃H₆O - ഉം ഗ്ലൂക്കോസിന്റെ ഫോർമ്യൂല C₆H₁₂O₆ - ഉം ആണ്. വല്ലതും മനസ്സിലായോ? കീറ്റോൺ തന്മാത്രയിൽ 3 കാർബണും 6 ഹൈഡ്രജനും ഒരു ഓക്സിജനും ആണുള്ളത്. ഗ്ലൂക്കോസിൽ 6കാർബണും 12 ഹൈഡ്രജനും 6 ഓക്സിജനും മൂലകങ്ങൾ ആണുള്ളത്. ഭഷണത്തിലെ സ്റ്റാർച്ച് വിഘടിച്ചിട്ടാണ് ഗ്ലൂക്കോസ് കിട്ടുന്നത്. ഫാറ്റ് വിഘടിച്ച് ഫാറ്റി ആസിഡുകളായി മാറിയും ശരീരത്തിൽ എത്തുന്നു. ചുരുക്കി പറഞ്ഞാൽ കാർബോഹൈഡ്രേറ്റും  ഫാറ്റും,  കാർബണും ഹൈഡ്രജനും ഓക്സിജനും ചേർന്ന കൂറ്റൻ ചെയിൻ രൂപത്തിലുള്ള തന്മാത്രകളാണ്. കീറ്റോണും ഗ്ലൂക്കോസും വ്യത്യാസപ്പെടുന്നത് അവയുടെ തന്മാത്രകളിലുള്ള മൂലകങ്ങളുടെ എണ്ണത്തിന്റെയും ഘടനയുടെയും വ്യത്യാസം കൊണ്ടാണ്. രണ്ടും ഊർജ്ജം ഉല്പാദിപ്പിക്കാനാണ് ശരീരം ഉപയോഗിക്കുന്നത്. ഇത്രയും പറഞ്ഞതിൽ നിന്ന് തന്നെ കീറ്റോ ഡയറ്റിൽ പുണ്യം ഒന്നും ഇല്ല എന്ന് നിങ്ങൾക്ക് മനസ്സിലാകേണ്ടതാണ്. എന്നാൽ അപകടം കുറേ ഉണ്ട് താനും. അതൊന്നും ഈ പോസ്റ്റിൽ വിവരിക്കാൻ ഉദ്ദേശിക്കുന്നില്ല. ഗ്ലൂക്കോസ് ആണ് ശരീരത്തിന്റെ ഊർജ്ജാവശ്യത്തിനുള്ള preferably energy source എന്ന് മാത്രം തൽക്കാലം മനസ്സിലാക്കുക.

കാർബ്‌സ് എന്നും കാർബോഹൈഡ്രേറ്റ് എന്നും പറയുന്നത് broad category യിൽ പെടുന്നതാണ്. ഷുഗർ, സ്റ്റാർച്ച്, ഫൈബർ എന്നിവയാണ് കാർബോഹൈഡ്രേറ്റിലെ ഘടകങ്ങൾ. ഇതിൽ ഷുഗർ എന്ന് പറയുന്നത് പഴങ്ങളിലെ ഫ്രക്ടോസും പാലിലെ ലാക്ടോസും കരിമ്പിൻ പഞ്ചസാരയിലെ സൂക്രോസും ആണ്. ഇവയെ ശരീരം ഗ്ലൂക്കോസ് എന്ന ഷുഗർ ആക്കി മാറ്റുന്നു. അതുകൊണ്ട് ഗ്ലൂക്കോസിനെ ബ്ലഡ് ഷുഗർ എന്ന് പറയുന്നു. ഗ്ലൂക്കോസ് പ്രകൃതിയിൽ നിന്ന് കിട്ടുന്ന ഭക്ഷണങ്ങളിൽ ഇല്ല. വ്യാവസായികമായി നിർമ്മിക്കുന്നുണ്ട്. ധാന്യങ്ങളിലും കിഴങ്ങുകളിലും പച്ചക്കറികളിലും ആണ് സ്റ്റാർച്ചും ഫൈബറും ഉള്ളത്. സ്റ്റാർച്ച് വിഘടിച്ച് ഗ്ലൂക്കോസ് ആയി ശരീരത്തിൽ എത്തുന്നു. ഫൈബറിനെ നമുക്ക് ദഹിപ്പിക്കാൻ കഴിയില്ല. എന്നാൽ അന്നനാളത്തിന്റെ സുഗമമായ പ്രവർത്തനത്തിനു ഫൈബർ അത്യാന്താപേക്ഷിതമാണ്. ഒടുവിൽ ഫൈബർ മലത്തോടൊപ്പം പുറന്തള്ളപ്പെടുന്നു. ഫൈബറിന്റെ അപര്യാപ്തത മലബന്ധത്തിനു കാരണമാകും.

ഭക്ഷണത്തിൽ നിന്ന് നമുക്ക് സ്റ്റാർച്ച്, പ്രോട്ടീൻ, ഫാറ്റ്, ജീവകങ്ങൾ, ധാതുലവണങ്ങൾ എന്നിവയാണ് ലഭിക്കേണ്ടത്. ഇതിൽ സ്റ്റാർച്ച് ഗ്ലൂക്കോസ് ആയും പ്രോട്ടീൻ അമിനോ ആസിഡുകളായും ഫാറ്റ് ഫാറ്റി ആസിഡുകളായും ചെറുകുടലിൽ വെച്ച് വിഘടിക്കപ്പെട്ടതിനു ശേഷമാണ് നേരിയ സുഷിരങ്ങളിലൂടെ രക്തത്തിൽ പ്രവേശിച്ച് എല്ലാ കോശങ്ങളിലും എത്തുന്നത്. ബാക്കി പണി എല്ലാം നടക്കുന്നത് കോശങ്ങളിൽ വെച്ചാണ്. അതിൽ പ്രധാനമാണ് ഗ്ലൂക്കോസും ശ്വസിക്കുന്ന വായുവിലെ ഓക്സിജനും സംയോജിച്ച് നിരന്തരം ഊർജ്ജം ഉണ്ടാകുന്നത്.  ഊർജത്തിനു ഫാറ്റും പ്രോട്ടീനും ശരീരം ഉപയോഗപ്പെടുത്തും. അതൊക്കെ പക്ഷെ കാർബണും ഓക്സിജനും സംയോജിച്ച് കാർബൺ ഡൈ‌ഓക്സൈഡ് ആകുന്ന പ്രക്രിയയിൽ ഊർജ്ജം റിലീസ് ആകുന്നതാണ് എന്ന് മനസ്സിലാക്കി വയ്ക്കുക.

ഓരോ ഭക്ഷണഘടകത്തിനും ഓരോ ധർമ്മങ്ങൾ ആണ് ശരീരത്തിൽ നിർവ്വഹിക്കാനുള്ളത്. ഗ്ലൂക്കോസ് ആയി മാറുന്ന സ്റ്റാർച്ചിന്റെ ആവശ്യം ഊർജ്ജത്തിനാണ് എന്ന് നാം മനസ്സിലാക്കി. പ്രോട്ടീന്റെ ആവശ്യം പുതിയ കോശനിർമ്മിതിക്ക് വേണ്ടിയാണ്. ഫാറ്റ് അഥവാ കൊഴുപ്പിനു ശരീരത്തിൽ ഒരുപാട് ധർമ്മങ്ങൾ നിർവ്വഹിക്കാനുണ്ട്. എല്ലാം വിവരിക്കാൻ കഴിയില്ല. ഒരു ഉദാഹരണം മാത്രം പറയാം. നമ്മുടെ ചർമ്മത്തിനടിയിൽ അടിഞ്ഞു കിടക്കുന്ന കൊഴുപ്പ് ആണ് നമുക്ക് ചൂടിൽ നിന്നും തണുപ്പിൽ നിന്നും സംരക്ഷണം നൽകുന്നത്.

LCHF ഡയറ്റിലേക്ക് ഒരാൾ മാറുമ്പോൾ ഒരാഴ്ച കൊണ്ട് അയാളുടെ ബോഡി വെയിറ്റ് ഗണ്യമായി കുറയും. കാരണം എന്തെന്നോ? നമ്മൾ ആവശ്യമുള്ള കലോറിയെക്കാളും സ്റ്റാർച്ച് ഭക്ഷിക്കുന്നുണ്ട്. അപ്പോൾ രക്തത്തിൽ അധികം വരുന്ന ഗ്ലൂക്കോസ് ഗ്ലൈക്കോജൻ ആയി മാറി പേശീകോശങ്ങളിൽ സംഭരിച്ചു വയ്ക്കും. ഇങ്ങനെ സംഭരിച്ചു വയ്ക്കുമ്പോൾ ഒരു ഗ്രാം ഗ്ലൈക്കോജന്റെ കൂടെ മൂന്ന് ഗ്രാം വെള്ളം കൂടിയുണ്ടാകും. ആവശ്യം വരുമ്പോൾ ഉപയോഗപ്പെടുത്താൻ ഒരു റസർവ്വ് എന്ന നിലയിലാണ് ഗ്ലൂക്കോസിനെ ഇപ്രകാരം ഗ്ലൈക്കോജൻ ആക്കി മാറ്റി സൂഷിക്കുന്നത്. ഗ്ലൈക്കോജനും രണ്ട് ഗ്ലൂക്കോസ് യൂനിറ്റുകൾ ചേർന്ന പോളിസാക്കറൈഡ് ആണെന്നും കാർബോഹൈഡ്രേറ്റ് എന്നത് അനേകം ഗ്ലൂക്കോസ് യൂനിറ്റുകൾ ചേർന്ന കൂറ്റൻ തന്മാത്ര ആണെന്നും ഓർമ്മയുണ്ടല്ലോ അല്ലേ. അപ്പോൾ ആദ്യത്തെ ആഴ്ച LCHF ഡയറ്റ് പ്രകാരം കാർബോഹൈഡ്രേറ്റ് കുറയ്ക്കുമ്പോൾ ശരീരത്തിനു ആവശ്യമുള്ള കലോറി കിട്ടാൻ ഗ്ലൂക്കോസ് തികയാതെ വരുമ്പോൾ പേശികളിൽ സംഭരിച്ചിട്ടുള്ള ഗ്ലൈക്കോജനെ വീണ്ടും ഗ്ലൂക്കോസ് ആക്കി മാറ്റുന്നു. അപ്പോൾ ഒരു ഗ്രാം ഗ്ലൈക്കോജൻ കുറയുമ്പോൾ മൂന്ന് ഗ്രാം ജലവും നീക്കം ചെയ്യപ്പെടുന്നു. ഇപ്പോൾ ഭാരം കുറയുന്നതിന്റെ സീക്രട്ട് പിടികിട്ടിയില്ലേ? കുറഞ്ഞത് വാട്ടർ വെയിറ്റ് ആണ്. ഗ്ലൈക്കോജൻ തീർന്നാൽ മാത്രമാണ് ഫാറ്റിനെ കീറ്റോൺ ആക്കി മാറ്റുന്ന പ്രക്രിയ ഗതികെട്ട് ചെയ്യാൻ ലിവർ നിർബ്ബന്ധിതമാവുക.

ഭക്ഷണത്തിൽ മുഴുധാന്യങ്ങളിൽ നിന്ന് ലഭിക്കുന്ന കാർബോഹൈഡ്രേറ്റ് അത്യന്താപേക്ഷിതമാണ്. കുറഞ്ഞത് 40 ശതമാനം എങ്കിലും കാർബോഹൈഡ്രേറ്റ് ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. LCHF അഥവാ കീറ്റോ ഡയറ്റ് എന്ന് പറയുന്നത് ഹോമിയോപ്പതി , ജൈവകൃഷി എന്നൊക്കെയുള്ള നേർ വിപരീതമായ ഒരു സ്യുഡോ സിദ്ധാന്തം മാത്രമാണ് എന്നാണ് എനിക്ക് സുഹൃത്തുക്കളോട് പറയാനുള്ളത്.

3 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

ഓരോ ഭക്ഷണഘടകത്തിനും ഓരോ ധർമ്മങ്ങൾ ആണ് ശരീരത്തിൽ നിർവ്വഹിക്കാനുള്ളത്. ഗ്ലൂക്കോസ് ആയി മാറുന്ന സ്റ്റാർച്ചിന്റെ ആവശ്യം ഊർജ്ജത്തിനാണ് എന്ന് നാം മനസ്സിലാക്കി. പ്രോട്ടീന്റെ ആവശ്യം പുതിയ കോശനിർമ്മിതിക്ക് വേണ്ടിയാണ്. ഫാറ്റ് അഥവാ കൊഴുപ്പിനു ശരീരത്തിൽ ഒരുപാട് ധർമ്മങ്ങൾ നിർവ്വഹിക്കാനുണ്ട്. എല്ലാം വിവരിക്കാൻ കഴിയില്ല. ഒരു ഉദാഹരണം മാത്രം പറയാം. നമ്മുടെ ചർമ്മത്തിനടിയിൽ അടിഞ്ഞു കിടക്കുന്ന കൊഴുപ്പ് ആണ് നമുക്ക് ചൂടിൽ നിന്നും തണുപ്പിൽ നിന്നും സംരക്ഷണം നൽകുന്നത്.

sainualuva said...

ഇതിനെ കുറിച്ച് ഒന്ന് വിശദമായി അറിയണന്ന് ആഗ്രഹിച്ചിരിക്കുകയായിരുന്നു ...Thanks Sukumaran Sir....

Unknown said...

ആരെന്തു പറഞ്ഞാലും LCHF സൂപ്പർ ആണ്. അനുഭവം ഗുരു...