ഇപ്പോൾ കൊളസ്ട്രോൾ അധികം എന്ന് പറഞ്ഞ് ഡോക്ടർമാർ ബ്ലഡ് തിന്നർ എന്ന് ഒരു ഗുളിക എഴുതി കൊടുക്കുന്നുണ്ട്. പ്രിസ്ക്രൈബ് ചെയ്യുന്ന പത്ത് പന്ത്രണ്ട് ഗുളികളിൽ ഒന്നാണ് ഈ ബ്ലഡ് തിന്നറും. കഴിക്കുന്നവർ വിചാരിക്കുന്നത് ഇത് എന്റെ രക്തം നേർപ്പിക്കാനാണ് എന്നാണ്. എന്നാൽ ആ ഗുളിക എന്താണെന്ന് വെച്ചാൽ ആസ്പിരിൻ ആണ്. ഇതിന് എന്തിനാണ് ബ്ലഡ് തിന്നർ എന്ന് പറയുന്നത് എന്ന് മനസ്സിലാകുന്നില്ല.
രക്തം കട്ടപിടിക്കുന്നത് ( Clotting or coagulation) തടയാൻ വേണ്ടിയാണ് ഇത് കൊടുക്കുന്നത്. എന്നാൽ രക്തം ക്ലോട്ടിങ്ങ് ആകുന്നത് ശരീരത്തിന്റെ ഒരു ഉപായമാണ്. അതായത് ആന്തരീകമായോ ബാഹ്യമായോ മുറിവ് ഉണ്ടായാൽ രക്തം ക്ലോട്ട് ആയി അമിതമായ രക്തസ്രാവം ഒഴിവാകും. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകൾ ഒട്ടിപ്പിടിക്കുമ്പോഴാണ് രക്തം ഇങ്ങനെ കട്ടയാകുന്നത്. പ്ലേറ്റ്‌ലെറ്റുകൾ ഒട്ടിപ്പിടിക്കാൻ ഒരു എൻസൈം വേണം. ആ എൻസൈം ഉണ്ടാകുന്നത് തടയുകയാണ് ആസ്പിരിൻ ചെയ്യുന്നത്. അപ്പോൾ എവിടെയെങ്കിലും മുറിവ് ഉണ്ടായാലോ? ചോര അങ്ങനെ വാർന്നുപോകും, അത്ര തന്നെ. കൊളസ്ട്രോൾ ബ്ലോക്ക് ഉണ്ടാക്കും എന്ന് പറഞ്ഞാണ് ഈ ആസ്പിരിൻ ഗുളിക ആളുകളെ കൊണ്ട് സ്ഥിരമായി വിഴുങ്ങിപ്പിക്കുന്നത്. എന്നിട്ട് രക്തം നേർപ്പിക്കാൻ എന്ന് തെറ്റിദ്ധരിപ്പിക്കലും. കൊളസ്ട്രോളിന്റെ ഈ പേരുദോഷം എന്ന് മാറുമോ ആവോ..
രക്തത്തെ പറ്റി ചില ബേസിക് വസ്തുതകൾ ചുരുക്കി പറയാം. പോസ്റ്റ് നീണ്ടുപോയാൽ ആരും വായിക്കാൻ മെനക്കെടില്ല എന്ന് അറിയാം.
നമ്മെ ജീവനോടെ നിലനിർത്തുന്ന ഒരു ജീവദ്രാവകമാണ് രക്തം. നമ്മുടെ ശരീരം എന്നത് അനേകം കോശങ്ങൾ ( Cell ) ചേർന്ന് ഉണ്ടായതാണ്. ഇഷ്ടികകൾ അടുക്കി വെച്ച് കെട്ടിടം നിർമ്മിക്കുന്നത് പോലെയാണത്. അതുകൊണ്ട് ഒരു കോശത്തെ ഒരു ഇഷ്ടികയോട് ഉപമിക്കാം. രക്തം നമ്മുടെ ഓരോ കോശത്തിലും ഓക്സിജനും മറ്റ് പോഷക ഘടകങ്ങളും എത്തിക്കുകയും, എല്ലാ കോശങ്ങളിലെയും മാലിന്യങ്ങൾ പുറന്തള്ളുകയും ചെയ്യുന്നു.
പ്രകൃതിചികിത്സക്കാർ പറയുന്നത് പോലെ ഒരു മാലിന്യവും വിഷവും ശരീരത്തിൽ കെട്ടിക്കിടക്കുകയില്ല. ഓരോ ഹൃദയസ്പന്ദനത്തിലും നമ്മുടെ ശരീരം ശുദ്ധീകരിക്കപ്പെടുന്നുണ്ട്. അതിനാണ് ഹൃദയവും കരളും കിഡ്‌നിയും സദാ പ്രവർത്തനനിരതമായിരിക്കുന്നത്.
കോശങ്ങളിലേക്ക് പോഷകങ്ങളും ഓക്സിജനും വഹിച്ചു കൊണ്ടുപോവുകയും കാർബൺ ഡൈഓക്സൈഡ് മുതലായ വേസ്റ്റ് പ്രോഡക്റ്റുകൾ നീക്കം ചെയ്യുകയും ചെയ്യുന്നത് കൊണ്ട് രക്തത്തെ ഒരു ഗുഡ്‌സ് വാഹനത്തോട് ഉപമിക്കാം. നമ്മുടെ ശരീരത്തിലെ ഇമ്മ്യുൺ സിസ്റ്റം പ്രവർത്തിക്കുന്നതിന്റെ പ്രധാന ഘടകം രക്തത്തിലെ വെളുത്ത രക്താണുക്കളാണ് (White Blood Cells)
പ്രായപൂർത്തിയായ ഒരാളിൽ 4 - 6 ലിറ്റർ രക്തം ഉണ്ടാകും. രക്തത്തിലെ ഘടകങ്ങൾ Red Blood Cells, White Blood Cells, Platelets , Plasma എന്നിവയാണ്. ഇതിൽ പ്ലാസ്മ 55 ശതമാനവും ചുവന്ന രക്താണുക്കൾ 44 ശതമാനവും ബാക്കി ഒരു ശതമാനം പ്ലേറ്റ്‌ലെറ്റുകളും വെളുത്ത രക്താണുക്കളും ആണ്. പ്ലാസ്മയിൽ 90 ശതമാനവും വെള്ളമാണ്. ബാക്കി 10 ശതമാനം വരുന്നത് ഗ്ലൂക്കോസ് (ബ്ലഡ് ഷുഗർ) , അമിനോ ആസിഡ്‌സ് (പ്രോട്ടീൻ), ലിപിഡ്‌സ് (കൊഴുപ്പ് , കൊളസ്ട്രോൾ), ഹോർമോൺസ്, എലക്ട്രോലൈറ്റ്സ് , വേസ്റ്റ് പ്രോഡക്ട്സ് എന്നിവയാണ്.
ചുവന്ന രക്താണുക്കളിലെ ഹീമോഗ്ലോബിൻ തന്മാത്രയാണ് നാം ശ്വസിക്കുന്ന വായുവിലെ ഓക്സിജനെ എല്ലാ കോശങ്ങളിലും എത്തിക്കുന്നത്. രക്തത്തിന് ചുവപ്പ് നിറം ഉണ്ടാകാൻ കാരണം ഹീമോഗ്ലോബിനാണ്. ഹീമോഗ്ലോബിന് ചുവപ്പ് നിറം ഉണ്ടാകുന്നതിന് കാരണം ആ തന്മാത്രയിൽ അടങ്ങിയിട്ടുള്ള ഇരുമ്പ് എന്ന മൂലകമാണ്. ഇവിടെ സാന്ദർഭികമായി ഇലകൾക്ക് പച്ചനിറം നൽകുന്ന ഹരിതകം അഥവാ ക്ലോറോഫിൽ എന്ന തന്മാത്രയെ പറ്റി പരാമർശിക്കേണ്ടതുണ്ട്. ഹീമോഗ്ലോബിനും ക്ലോറോഫിലും തമ്മിലുള്ള ഒരേയൊരു വ്യത്യാസം ഹീമോഗ്ലോബിൻ തന്മാത്രയിലെ ഇരുമ്പിന്റെ സ്ഥാനത്ത് ക്ലോറോഫിൽ തന്മാത്രയിൽ മെഗ്‌നീഷ്യം മൂലകം ആണുള്ളത് എന്നതാണ്.
രക്തത്തെ കുറിച്ച് എഴുതിയാൽ ഇനിയും എത്രയോ വിസ്തരിച്ച് എഴുതാം. എന്നാൽ ഞാനതിന് തുനിയുന്നില്ല. എന്തെന്നാൽ സയൻസ് വിഷയങ്ങൾ എഴുതിയാൽ വളരെ കുറച്ച് പേർ മാത്രമേ വായിക്കുന്നുള്ളൂ. സ്വന്തം ശരീരത്തെ പറ്റി ആയാൽ പോലും അതിന്റെയൊന്നും ശാസ്ത്രീയ (Scientific) വസ്തുതകൾ മനസ്സിലാക്കാൻ ആളുകൾക്ക് താല്പര്യം ഇല്ല. അതുകൊണ്ട് മനസ്സിലാക്കാൻ താല്പര്യം ഉള്ളവർക്ക് വേണ്ടി കുറച്ച് നോട്ടുകളുടെ ഇമേജ് ഇതോടൊപ്പം അപ്‌ലോഡ് ചെയ്യുന്നുണ്ട്.













No comments:
Post a Comment