Links

ഷുഗർ എന്നാൽ എന്താണ്?

നമ്മുടെ ആളുകൾ വ്യാപകമായി വിശ്വസിക്കുന്ന രണ്ട് തെറ്റായ ധാരണകളാണ് പ്രമേഹം ഉള്ളവർ പഞ്ചസാര കഴിക്കരുത് എന്നും ശരീരത്തിൽ വിഷം കെട്ടിക്കിടക്കുമെന്നും. രണ്ടാമത്തെ തെറ്റിദ്ധാരണ പരത്തുന്നത് ആയുർവേദക്കാരും പ്രകൃതിചികിത്സാവാദക്കാരും ആണ്. ആദ്യത്തെ തെറ്റിദ്ധാരണയ്ക്കുള്ള കാരണം പഞ്ചസാരയെ കുറിച്ചുള്ള വിവരക്കേടാണ്. ശരീരത്തിൽ കോശങ്ങളിലോ രക്തത്തിലോ വിഷമോ മാലിന്യങ്ങളോ കെട്ടിക്കിടക്കുകയില്ല, അതൊക്കെ അപ്പപ്പോൾ പുറന്തള്ളുന്ന പണിയാണ് ലിവറും കിഡ്‌നിയും അനവരതം ചെയ്തുകൊണ്ടിരിക്കുന്നത്. ചർമ്മത്തിൽ കൂടി വിയർപ്പിലൂടെയും മാലിന്യങ്ങൾ പുറന്തള്ളപ്പെടുന്നുണ്ട്. കിഡ്‌നിക്കും ലിവറിനും തകരാറ് ഇല്ലാത്ത കാലത്തോളം ശരീരവും രക്തവും പരിശുദ്ധമാണ്. സ്വന്തം ശരീരത്തെ കുറിച്ച് ഈ ധാരണ എല്ലാവർക്കും വേണം.
പഞ്ചസാരയെ കുറിച്ച് ആളുകൾക്ക് ഒരു ചുക്കും അറിയില്ല എന്നതാണ് വാസ്തവം. സ്കൂളിൽ പഠിച്ചതാണ്. പക്ഷെ അതൊക്കെ മറക്കും. എന്നിട്ട് ആളുകൾ പറയുന്ന വിവരക്കേടുകൾ മനസ്സിൽ സൂക്ഷിക്കും. ഇതാണ് പൊതുവെ വിദ്യാഭ്യാസത്തിനു സംഭവിക്കുന്നത്.
കാർബൺ ആറ്റങ്ങളും ഹൈഡ്രജൻ ആറ്റങ്ങളും ഓക്സിജൻ ആറ്റങ്ങളും സംയോജിച്ച് ഉണ്ടാകുന്ന സംയുക്തങ്ങളെയാണ് കാർബോഹൈഡ്രേറ്റ് എന്ന് പറയുന്നത്. കാർബോഹൈഡ്രേറ്റിന്റെ ഏറ്റവും ലഘുവായ രൂപങ്ങളാണ് ഗ്ലൂക്കോസ്, ഫ്രക്ടോസ്, ഗാലക്ടോസ് എന്നിങ്ങനെയുള്ള മൂന്ന് തരം മോണോ സാക്കറൈഡുകൾ ((Mono Saccharide). സാക്കറൈഡ് എന്ന് പറഞ്ഞാൽ ഷുഗർ എന്ന് തന്നെയാണ് അർത്ഥം. 6 കാർബണും 12 ഹൈഡ്രജനും 6 ഓക്സിജനും ആറ്റങ്ങളാണ് ഈ മൂന്ന് ഷുഗറിലും ഉള്ളത്. അതുകൊണ്ട് മോണോ സാക്കറൈഡിന്റെ ഫോർമുല C₆H₁₂O₆ എന്ന് എഴുതുന്നത്. ഒരേ എണ്ണം കാർബണും ഹൈഡ്രജനും ഓക്സിജനും സംയോജിച്ചിട്ടാണ് ഗ്ലൂക്കോസും ഫ്രക്ടോസും ഗാലക്ടോസും ഉണ്ടാകുന്നത് എങ്കിലും അവ വ്യത്യാസപ്പെടുന്നത് അവയുടെ യോജിക്കുന്ന ഘടനയിൽ ആണ്.
ഈ മൂന്ന് ഷുഗറിലും ഏറ്റവും മധുരം ഫ്രക്ടോസിനാണ്.
ഫ്രക്ടോസ് മാത്രമാണ് ഭക്ഷണപദാർത്ഥങ്ങളിൽ , അതായത് പഴങ്ങളിലും പച്ചക്കറികളിലും നിന്ന് കിട്ടുന്നത്. ഗ്ലൂക്കോസും ഗാലക്ടോസും അതേ രൂപത്തിൽ ഭക്ഷണപദാർത്ഥങ്ങളിൽ ഇല്ല എന്ന് തന്നെ പറയാം.
ഗ്ലൂക്കോസും ഫ്രക്ടോസും, ഗ്ലൂക്കോസും ഗാലക്ടോസും , ഗ്ലൂക്കോസും ഗ്ലൂക്കോസും അങ്ങനെ രണ്ട് C₆H₁₂O₆ തന്മാത്രകൾ ചേർന്നുണ്ടാകുന്ന ഷുഗറിനെ ഡൈസാക്കറൈഡ് എന്ന് പറയുന്നു. മൂന്ന് തരം ഡൈ സാക്കറൈഡുകൾ താഴെ കാണുക:
ഗ്ലൂക്കോസ് + ഫ്രക്ടോസ് = സൂക്രോസ് = പഞ്ചസാര (ടേബിൾ ഷുഗർ)
ഗ്ലൂക്കോസ്+ഗാലക്ടോസ് = ലാക്ടോസ് = മിൽക്ക് ഷുഗർ
ഗ്ലൂക്കോസ്+ഗ്ലൂക്കോസ് = മാൾട്ടോസ് = മൊളാസസ്സ്
മേൽപ്പറഞ്ഞതിൽ നിന്നും ചായയിൽ ഇടുന്ന ടേബിൾ ഷുഗർ എന്നത് സൂക്രോസ് എന്ന ഡൈ സാക്കറൈഡ് ആണെന്ന് മനസ്സിലാക്കാം. അത് പോലെ പാലിൽ ഉള്ള മിൽക്ക് ഷുഗറും ഡൈ സാക്കറൈഡ് ആണ്. ഇവ ദഹിച്ച് ഗ്ലൂക്കോസ് എന്ന സിമ്പിൾ ഷുഗർ ആയിട്ടാണ് രക്തത്തിൽ കലരുന്നത്. ദഹിക്കുക എന്ന് പറഞ്ഞാൽ വലിയ സംയുക്തങ്ങൾ അല്ലെങ്കിൽ തന്മാത്രകൾ വിഘടിക്കപ്പെടുക എന്നതാണ്. രക്തത്തിൽ ഗ്ലൂക്കോസ് മാത്രമേ പാടുള്ളൂ. എല്ലാ കാർബോ ഹൈഡ്രേറ്റുകളും ഗ്ലൂക്കോസ് ആയിട്ടാണ് രക്തത്തിൽ കടക്കുന്നത്. അതായത് പഞ്ചസാരയിലെ സൂക്രോസും പാലിലെ ലാക്ടോസും അതെ രൂപത്തിലല്ല രക്തത്തിൽ കടക്കുന്നത് ഗ്ലൂക്കോസ് ആയി വിഘടിക്കപ്പെട്ടതിനു ശേഷമാണ്. രക്തത്തിൽ ഉള്ള ഷുഗർ ആയത് കൊണ്ട് ഗ്ലൂക്കോസിനെ ബ്ലഡ് ഷുഗർ എന്ന് പറയുന്നു.
അനേകം മോണോ സാക്കറൈഡ് യൂനിറ്റുകൾ ചേർന്ന് ഉണ്ടാകുന്ന കാർബോഹൈഡ്രേറ്റുകളെ പോളി സാക്കറൈഡുകൾ എന്ന് പറയുന്നു. അതിനുദാഹരണമാണ് നമ്മൾ കഴിക്കുന്ന ആഹാരങ്ങളിലെ സ്റ്റാർച്ച്, ഫൈബർ എന്നിവ. ഇതിൽ സ്റ്റാർച്ച് ദഹിച്ച് ഗ്ലൂക്കോസ് ആയി രക്തത്തിൽ കടക്കുന്നു. ഫൈബറിനെ ദഹിപ്പിക്കാൻ മനുഷ്യനു കഴിയില്ല. അതുകൊണ്ട് ഭക്ഷണത്തിലെ ഫൈബർ വൻകുടലിൽ പോയി പിന്നീട് മലത്തോടൊപ്പം പുറന്തള്ളപ്പെടുന്നു.
ഗ്ലൂക്കോസ് , ഗാലക്ടോസ് എന്നീ രണ്ട് മോണോ സാക്കറൈഡുകൾ സ്വതന്ത്ര രൂപത്തിൽ ഭക്ഷണങ്ങളിൽ ഇല്ല എന്ന് പറഞ്ഞല്ലൊ. ഫ്രക്ടോസ് എന്ന മോണോ സാക്കറൈഡ് മാത്രമാണ് സ്വതന്ത്രമായി ഭക്ഷണത്തിൽ ഉള്ളത്. ഗ്ലൂക്കോസ് പോലെ തന്നെ ഫ്രക്ടോസും രക്തത്തിൽ പ്രവേശിക്കും. പക്ഷെ ഫ്രക്ടോസിനെ ലിവർ ഗ്ലൂക്കോസ് ആയി മാറ്റിയതിനു ശേഷം മാത്രമേ രക്തത്തിലേക്ക് കടത്തി വിടുകയുള്ളൂ. കാരണം പറഞ്ഞല്ലോ രക്തത്തിൽ ഗ്ലൂക്കോസ് മാത്രമേ പാടുള്ളൂ.
അപ്പോൾ പ്രമേഹം ഉള്ളവരുടെ മൂത്രത്തിൽ ഉള്ളത് ഗ്ലൂക്കോസ് എന്ന ബ്ലഡ് ഷുഗർ ആണ്. പഞ്ചസാരയിലെയും പാലിലെയും ഡൈ സാക്കറൈഡുകൾ നേരത്തെ തന്നെ ദഹിച്ച് ഗ്ലൂക്കോസ് ആയി മാറിയിരുന്നല്ലൊ.
എന്തുകൊണ്ടാണ് പ്രമേഹം ഉള്ളവരുടെ മൂത്രത്തിൽ കൂടി ഗ്ലൂക്കോസ് പുറത്ത് പോകുന്നത്? സാധാരണ ഗതിയിൽ നമ്മൾ എത്ര കാർബോ കഴിച്ചാലും അതൊക്കെ ദഹിച്ച് ഗ്ലൂക്കോസ് ആയി രക്തത്തിൽ എത്തിയാലും, രക്തത്തിൽ അധികം വരുന്ന ഗ്ലൂക്കോസിനെ ലിവർ ഗ്ലൈക്കോജനാക്കി മാറ്റി സൂക്ഷിക്കും. ഗ്ലൈക്കോജൻ എന്നത് അനേകം ഗ്ലൂക്കോസുകൾ ചേർന്ന പോളി സാക്കറൈഡ് ആണ്. ആവശ്യം വരുമ്പോൾ ഊർജ്ജം ലഭിക്കാൻ വേണ്ടിയാണ് ഗ്ലൂക്കോസിനെ ഇങ്ങനെ ഗ്ലൈക്കോജനാക്കി മാറ്റി സംഭരിച്ചു വയ്ക്കുന്നത്.. കാരണം തലച്ചോറിനു അനവരതം ഗ്ലൂക്കോസ് കിട്ടിക്കൊണ്ടിരിക്കണം.
ഗ്ലൂക്കോസിനെ ഗ്ലൈക്കോജൻ ആക്കി മാറ്റണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോൺ വേണം. പാൻക്രിയാസ് എന്ന ഗ്രന്ഥിയാണ് ഇൻസുലിൻ ഉല്പാദിപ്പിക്കുന്നത്. പാൻക്രിയാസ് ഗ്രന്ഥിയുടെ കാര്യക്ഷമത കുറയുമ്പോൾ ഇൻസുലിൻ ഉല്പാദനം കുറയുന്നു. അപ്പോൾ രക്തത്തിൽ അധികം വരുന്ന ഗ്ലൂക്കോസിനെ ഗ്ലൈക്കോജൻ ആക്കി മാറ്റാൻ കഴിയാതെ വരുന്നു. രക്തത്തിൽ അളവിൽ കൂടുതൽ ഗ്ലൂക്കോസ് പാടില്ല താനും. അങ്ങനെയാണ് അധികം വരുന്ന ഗ്ലൂക്കോസ് കിഡ്‌നി വഴി മൂത്രത്തിലൂടെ പുറന്തള്ളപ്പെടുന്നത്. ഇത് കിഡ്‌നിക്കും ഓവർ ലോഡ് വർക്ക് ആണെന്ന് പറയേണ്ടതില്ലല്ലൊ.
അപ്പോൾ പ്രമേഹം ഉള്ളവർ പഞ്ചസാര എന്ന ടേബിൾ ഷുഗർ മാത്രം വർജ്ജിക്കുകയോ അരിക്ക് പകരം ഗോദമ്പ് ഉപയോഗിക്കുകയോ അല്ല വേണ്ടത്, മൊത്തത്തിൽ ഭക്ഷിക്കുന്ന കാർബോ ഹൈഡ്രേറ്റിന്റെ അളവ് പരിമിതപ്പെടുത്തുകയാണ് വേണ്ടത്. ഒരു ദിവസം 200 ഗ്രാം കാർബോഹൈഡ്രേറ്റിൽ ആധികം ഭക്ഷിക്കാതെ നോക്കിയാൽ പ്രമേഹ രോഗികൾക്ക് സാധാരണ ജീവിതം നയിക്കാൻ കഴിയും.

2 comments:

Sabu Kottotty said...

Thank You Sukumaran sir..

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രമേഹം ഉള്ളവർ പഞ്ചസാര എന്ന ടേബിൾ ഷുഗർ മാത്രം വർജ്ജിക്കുകയോ അരിക്ക് പകരം ഗോദമ്പ് ഉപയോഗിക്കുകയോ അല്ല വേണ്ടത്, മൊത്തത്തിൽ ഭക്ഷിക്കുന്ന കാർബോ ഹൈഡ്രേറ്റിന്റെ അളവ് പരിമിതപ്പെടുത്തുകയാണ് വേണ്ടത്. ഒരു ദിവസം 200 ഗ്രാം കാർബോഹൈഡ്രേറ്റിൽ ആധികം ഭക്ഷിക്കാതെ നോക്കിയാൽ പ്രമേഹ രോഗികൾക്ക് സാധാരണ ജീവിതം നയിക്കാൻ കഴിയും.