ചീത്ത കൊളസ്ട്രോൾ അഥവാ LDL കൊളസ്ട്രോൾ രക്തത്തിൽ അധികം ആകുമ്പോൾ അത് ഹൃദയപേശികളിലേക്ക് രക്തം എത്തിക്കുന്ന കൊറോണറി ധമനിയിൽ അടിഞ്ഞുകൂടി പ്ലേക് രൂപപ്പെടുകയും അങ്ങനെ അതറോസ്ക്ലിറോസിസ് (Atherosclerosis) എന്ന അവസ്ഥ സംജാതമാവുകയും അതാണ് ഹൃദയാഘാതത്തിനും ഹൃദയസ്തംഭനത്തിനും കാരണമാകുന്ന ബ്ലോക്ക് എന്നാണ് ഡോക്ടർമാരും പൊതുസമൂഹവും വിശ്വസിച്ചു വരുന്നത്. ചുരുക്കി പറഞ്ഞാൽ ചീത്ത കൊളസ്ട്രോൾ ആണ് ബ്ലോക്കിനു കാരണം എന്ന്. ഈ ചീത്ത കൊളസ്ട്രോൾ എന്ന് പറയുന്ന LDL , കൊളസ്ട്രോൾ അല്ല എന്നും അത് ലിപോ പ്രോട്ടീൻ ആണെന്നും കൊളസ്ട്രോൾ ഒന്നേയുള്ളൂ എന്നും നല്ലതും ചീത്തയും ആയി രണ്ട് വിധം ഇല്ലെന്നും ഞാൻ മുൻപേ എഴുതിയത് ഓർക്കുമല്ലോ. കൊളസ്ട്രോളിനെ നല്ലതും ചീത്തയും ആയി വർഗീകരിക്കുന്നതും LDL , HDL എന്നിങ്ങനെയുള്ള ലിപോ പ്രോട്ടീനുകളെ കൊളസ്ട്രോൾ എന്ന് കരുതുന്നതും തികഞ്ഞ വിവരക്കേടാണ്. നമ്മുടെ ഡോക്ടർമാർ ഈ വിവരക്കേടിനെ ഇപ്പോഴും ഒരലങ്കാരമായി കൊണ്ടുനടക്കുന്നത് ദൗർഭാഗ്യകരമാണ്. കാരണം ലിപോ പ്രോട്ടീൻ എന്നത് കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ്‌സ്, ഫോസ്‌ഫോലിപിഡ്സ്, വെറും പ്രോട്ടീൻ എന്നിവ അടങ്ങിയതാണ്.
കൊളസ്ട്രോൾ അധികം ആയാൽ ബ്ലോക്ക് ഉണ്ടാകുമോ? അഥവാ കൊളസ്ട്രോൾ ആണോ ബ്ലോക്കിനു കാരണം? എന്തിനും ഒരു കാരണം ഉണ്ടാകണം. ഒരു കാരണം ഇല്ലാതെ ഒരു കാര്യവും ഉണ്ടാകുന്നില്ല എന്ന കാര്യകാരണബന്ധം പ്രകൃതിയുടെ ഒരു നിയമം ആണ്. അപ്പോൾ ഹൃദയധമനിയിൽ ബ്ലോക്ക് ഉണ്ടാകാനുള്ള യഥാർത്ഥ കാരണം ആണ് നമ്മൾ കണ്ടെത്തേണ്ടത്. കൊഴുപ്പും കൊളസ്ട്രോളും കാൽസിയവും ഒക്കെ അടിഞ്ഞു കൂടിയിട്ടാണ് ബ്ലോക്ക് ഉണ്ടാകുന്നത് എന്നാണ് ഇപ്പോൾ ലേറ്റസ്റ്റായി പറഞ്ഞു കേൾക്കുന്ന കാര്യം. എന്നാൽ ഇതും ഒരു കാരണം അല്ല. ഇവയൊക്കെ ഒരു കാരണവും ഇല്ലാതെ ചുമ്മാ ധമനിയിൽ പോയി അടിയുമോ?
അപ്പോൾ നമ്മൾ യഥാർത്ഥ കാരണം മനസ്സിലാക്കണം. ഡോക്ടർമാർ ഈ കാരണം മനസ്സിലാക്കിയെങ്കിൽ നന്നായിരുന്നു. കൊളസ്ട്രോൾ ഒരിക്കലും രക്തത്തിൽ അധികം ഉണ്ടാവില്ല. കാരണം ഭക്ഷണത്തിൽ നിന്ന് എത്ര കിട്ടിയാലും ആവശ്യമുള്ളതിന്റെ 75 ശതമാനം കൊളസ്ട്രോളും ലിവർ ആണ് ഉല്പാദിപ്പിക്കുന്നത് എന്ന വസ്തുത ഡോക്ടർമാർ ആരും നിഷേധിക്കില്ല. അപ്പോൾ ഡോക്ടർമാർ പറയും LDL ആണ് പ്രശ്നം എന്ന്. LDL എന്നാൽ കൊളസ്ട്രോളും ട്രൈഗ്ലിസറൈഡും മറ്റ് ലിപിഡ്‌സും പ്രോട്ടീനും ചേർന്ന ഒരു പായ്ക്ക് ആണെന്ന വസ്തുതയും ഡോക്ടർമാർ നിഷേധിക്കില്ല. അപ്പോൾ LDL എന്ന പായ്ക്ക് ആണോ ധമനിയിൽ ഒട്ടിപ്പിടിച്ച് ബ്ലോക്ക് ആകുന്നത് അതോ ആ പായ്ക്കിൽ നിന്ന് കൊളസ്ട്രോൾ ഊർന്നു വീഴുന്നുവോ?
ധമനിയിൽ എങ്ങനെ പ്ലേക് രൂപപ്പെടുന്നു എന്നതിന്റെ കാരണം തേടുമ്പോഴാണ് നാം ഇൻഫ്ലമേഷൻ അഥവാ വീക്കം എന്ന പ്രതിഭാസത്തിൽ എത്തുക. എന്താണ് ഈ ഇൻഫ്ലമേഷൻ എന്ന് നോക്കാം. ശരീരത്തിൽ ഒരു മുറിവ് ഉണ്ടായാലോ വല്ലതും കടിച്ചാലോ ആ ഭാഗത്ത് ഒരു വീക്കം വളരെ പെട്ടെന്ന് രൂപപ്പെടുന്നത് കാണാം. ഇൻഫ്ലമേഷന്റെ ഒരു ഉദാഹരണം ആണിത്. എന്തെങ്കിലും മുറിവോ ക്ഷതമോ സംഭവിച്ചാൽ അത് ശരീരം തന്നെ ഗുണപ്പെടുത്തുന്നതിന്റെ ആദ്യപടിയാണ് ഈ ഇൻഫ്ലമേഷൻ എന്നത്. മുറിവ് ഉണ്ടായ ഭാഗത്ത് രക്തക്കുഴൽ ചുരുങ്ങി ബ്ലീഡിങ്ങ് തടയുന്നു. അവിടെ രക്തം തിക്ക് ആയി കട്ടപിടിക്കുന്നു. മുറിവിൽ വൈറസ്സോ ബാക്റ്റീരിയകളോ പ്രവേശിക്കാതെ തടയാൻ ഇമ്മ്യൂൺ സിസ്റ്റം അവിടേയ്ക്ക് വെള്ള രക്താണുക്കളെ കേന്ദ്രീകരിപ്പിക്കുന്നു. ഇതിന്റെയൊക്കെ ആകെ ഫലം ആണ് ഇൻഫ്ലമേഷൻ എന്നത്. ആ ഭാഗം പൂർവ്വസ്ഥിതിയിലാകാൻ അവിടെ കോശവിഭജനം നടന്ന് പുതിയ കോശങ്ങൾ ഉണ്ടാകുന്നു. അപ്പോൾ പുതിയ കോശങ്ങളുടെ നിർമ്മിതിക്ക് കൊളസ്ട്രോൾ അടക്കമുള്ള എല്ലാ പദാർത്ഥങ്ങളെയും രക്തം അവിടേയ്ക്ക് എത്തിക്കുന്നു. ഒടുവിൽ മുറിവ് ഉണങ്ങുമ്പോൾ അവിടെ ഒരു വടു (protective scar) അവശേഷിക്കുന്നു.
ഇത് തന്നെയാണ് രക്തധമനിയുടെ ഉൾഭാഗത്തും സംഭവിക്കുന്നത്. അവിടെ പക്ഷെ മുറിവിനു പകരം പല കാരണങ്ങളാലുള്ള ഡാമേജ് ആണ് ഉണ്ടാകുന്നത്. ഡാമേജ് ഉണ്ടാകുമ്പോൾ ഇൻഫ്ലമേഷൻ ഉണ്ടാകുന്നു. ഡാമേജ് റിപ്പയർ ചെയ്യാൻ മേൽപ്പറഞ്ഞ എല്ലാ പ്രവർത്തനങ്ങളും അവിടെ നടക്കുന്നു. ഒടുവിൽ അവിടെ വടുവിനു പകരം പ്ലേക്ക് രൂപപ്പെടുന്നു. ആ പ്ലേക്കിൽ കൊളസ്ട്രോൾ അടക്കം കോശനിർമ്മിതിക്ക് ആവശ്യമായ എല്ലാ ഘടങ്ങളും ഉണ്ടാവുകയും ചെയ്യും. എവിടെ ഒരു കോശം പുതിയതായി ഉണ്ടാകണമോ അതിനു കൊളസ്ട്രോളും വേണം. കാരണം നമ്മുടെ കോശങ്ങളുടെ ബാഹ്യഭാഗത്ത് ഒരു സ്തരം ഉണ്ട്. അത് കൊളസ്ട്രോൾ കൊണ്ടാണ് നിർമ്മിക്കപ്പെടുന്നത്. ചുരുക്കി പറഞ്ഞാൽ ഡാമേജ് സംഭവിച്ച ധമനിയുടെ റിപ്പയറിങ്ങിന്റെ ഭാഗമായാണ് കൊളസ്റ്റ്രോൾ അവിടെ എത്തുന്നത്. അവിടെ രൂപപ്പെട്ട പ്ലേക്കിൽ കോശനിർമ്മിതിക്ക് ആവശ്യമായ മുഴുവൻ ഘടകങ്ങളും ഉണ്ടാകും. കൊളസ്ട്രോളോ കൊഴുപ്പോ കാൽസിയമോ ചുമ്മാ അടിഞ്ഞുകൂടി പ്ലേക് ഉണ്ടാക്കുന്നതല്ല.
ധമനിയിൽ ഡാമേജ് ഉണ്ടാവുകയും അപ്പോൾ ഇൻഫ്ലമേഷൻ ഉണ്ടാവുകയും, ഡാമേജ് ഉണ്ടാകുന്നതിന്റെ കാരണങ്ങൾ പരിഹരിക്കപ്പെടാതെ ക്രോണിക് ഇൻഫ്ലമേഷൻ ഉണ്ടാവുകയും ഒക്കെ ചെയ്യുന്നതിന്റെ ഫലം ആണ് പ്ലേക് ഉണ്ടായി ബ്ലോക്ക് ആയി മാറുന്നത് എന്നതാണ് യാഥാർഥ്യം. എന്നിട്ടാണ് കൊളസ്ട്രോൾ എന്ന അമൂല്യമായ പദാർത്ഥത്തെ നമ്മൾ ബ്ലോക്കിന്റെ കാരണമായ കുറ്റവാളിയായി നമ്മൾ കരുതുന്നത്. കൊളസ്ട്രോൾ മാത്രമല്ല, ട്രൈഗ്ലിസറൈഡോ പൂരിതകൊഴുപ്പോ മുട്ടയോ മാംസമോ ഒന്നും ബ്ലോക്ക് ഉണ്ടാകുന്ന കാര്യത്തിൽ കുറ്റവാളിയല്ല. ധമനിയിൽ ഡാമേജ് എങ്ങനെ ഉണ്ടാകുന്നു എന്നതാണ് യഥാർത്ഥ പ്രശ്നം. അത് അമിത ബ്ലഡ് പ്രഷർ കൊണ്ടാകാം, മാനസികമായ പിരിമുറുക്കങ്ങൾ കൊണ്ടാകാം , പുകവലി കൊണ്ടാകാം, പ്രമേഹം കൊണ്ടാകാം ഇവയെല്ലാം കൊണ്ടുമാകാം. ആ കാരണങ്ങൾ ഒഴിവാക്കുകയാണ് ബ്ലോക്ക് വരാതിരിക്കാൻ ചെയ്യേണ്ടത്. അല്ലാതെ കൊളസ്ട്രോൾ കുറയ്ക്കാൻ മരുന്ന് കുടിച്ച് ശാരീരികവും മാനസികവുമായ ഭവിഷ്യത്തുകൾ വരുത്തിക്കൂട്ടുകയുല്ല വേണ്ടത്.
കൊളസ്ട്രോൾ കുറയ്ക്കാൻ എഴുതിത്തരുന്ന സ്റ്റാറ്റിൻ മരുന്നുകളുടെ ദൂഷ്യഫലങ്ങളെ പറ്റി അടുത്ത പോസ്റ്റിൽ എഴുതാം. അതേ സമയം സ്റ്റാറ്റിൻ മരുന്ന് ആവശ്യമായ അപൂർവമായ ഒരു രോഗമുണ്ട്. Familial hypercholesterolemia എന്ന ജനിതകരോഗം ആണത്. അതൊരു ജനിതകവൈകല്യമാണ്. ജന്മനാ ഉണ്ടാകുന്ന ആ രോഗത്തിനു സ്റ്റാറ്റിൻ മരുന്ന് ആവശ്യമാണ് എന്ന് കരുതി അത്തരം വൈകല്യം ഇല്ലാത്തവർക്കും കൊളസ്ട്രോൾ അധികം എന്ന വികല സങ്കല്പത്തിന്റെ പുറത്ത് സ്റ്റാറ്റിൻ മരുന്ന് പ്രിസ്ക്രൈബ് ചെയ്യുന്നത് മനുഷ്യവംശത്തോട് ചെയ്യുന്ന ക്രൂരതയാണ് എന്ന് ഡോക്ടർമാർ മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
No comments:
Post a Comment