Links
Pages
ജൻ ഔഷധിയും ചാത്തൻ മരുന്നുകളും
ജൻ ഔഷധിയിലെ മരുന്നുകൾ ഒന്നിനും കൊള്ളില്ലെന്നും തീരെ നിലവാരം ഇല്ലാത്തതാണെന്നും ആരും വാങ്ങരുത് എന്ന് ഒരു പക്ഷവും , അതല്ല ജൻ ഔഷധിയിലെ എല്ലാ മരുന്നുകളും പരിശോധനയിൽ ഗുണനിലവാരം ഉറപ്പാക്കിയതാണ് എന്ന് മറുപക്ഷവും വാദിക്കുന്ന ചർച്ച എന്റെ ശ്രദ്ധയിലും പെട്ടിരുന്നു. ഒരു സുഹൃത്ത് ഇതിൽ എന്റെ അഭിപ്രായവും ആരാഞ്ഞിരുന്നു.
ജൻ ഔഷധിയിൽ നല്ല മരുന്നുകൾ ഉണ്ട്. പ്രശസ്ത കമ്പനികളുടെ മരുന്നുകളും അവിടെയുണ്ട്. ഉദാഹരണത്തിന് CIPLA. ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ സ്വന്തം നിലയിൽ മരുന്ന് വാങ്ങുമ്പോൾ ഞാൻ CIPLA യുടെ മരുന്നുകൾ വാങ്ങാൻ ശ്രദ്ധിക്കാറുണ്ട്. ഡോക്ടർ നിർദ്ദേശിച്ച പ്രകാരം ഞാൻ ബി.പി.ക്ക് CILACAR 10mg എന്ന മരുന്ന് കഴിഞ്ഞ നാല് വർഷമായി കഴിച്ചു വരികയായിരുന്നു. ഒരു ടാബ്‌ലറ്റിന് 12 രൂപയാണ് വില. ആ മരുന്നിന്റെ കെമിക്കൽ അഥവാ ജനറിക് പേര് Cilnidipine എന്നാണ്. മുന്ന് മാസം മുൻപ് ഞാൻ നാട്ടിലെ ജൻ ഔഷധിയിൽ പോയി Cilnidipine (10mg) ഉണ്ടോ എന്ന് ചോദിച്ചു. അവർ എനിക്ക് CIPLA യുടെ CILOGARD 10mg എടുത്ത് തന്നു. വില 2 രൂപ മാത്രം. 10 രൂപ ലാഭം. രണ്ടിനും ഒരേ ഫലമാണ് എനിക്ക് കിട്ടുന്നത്. ബി.പി സ്റ്റേബിൾ ആയി മെയിന്റൈൻ ചെയ്യുന്നു.
J B CHEMICALS AND PHARM കമ്പനിയാണ് CILACAR നിർമ്മിക്കുന്നത്. അവരുടെ മരുന്നിന് 12 രൂപ വിലയുള്ളപ്പോൾ CIPLA യുടെ CILOGARD 10mg ന് രണ്ട് രൂപ നിരക്കിൽ ജൻ ഔഷധിയിൽ നിന്ന് ലഭിക്കുന്നു. രണ്ടിലും മരുന്ന് Cilnidipine തന്നെയാണ്. CILACAR എന്നതും CILOGARD എന്നതും ബ്രാൻഡ് പേരുകളാണ്. ഇനിയും പല കമ്പനികൾ നിർമ്മിച്ച് പല ബ്രാൻഡ് പേരുകളിൽ ഇതേ മരുന്ന് ലഭ്യമാണ്. എന്നാൽ എല്ലാറ്റിനും ഗുണനിലവാരവും ഫലപ്രാപ്തിയും ഉണ്ടാകും എന്ന് പറയാനും പറ്റില്ല. അതുകൊണ്ട് എനിക്ക് പറയാനുള്ളത് ജൻ ഔഷധിയിൽ ആയാലും മറ്റ് മെഡിക്കൽ സ്റ്റോറുകളിൽ ആയാലും ഡോക്ടർ കുറിച്ചു തരുന്നത് ആയാലും എല്ലാ മരുന്നുകളും ഗുണനിലവാരം ഉള്ളതോ ഇല്ലാത്തതോ അല്ല. രണ്ടും മിക്സ് ആണ്. അതുകൊണ്ടാണല്ലോ ഡോക്ടർക്ക് തന്നെ മരുന്ന് മാറ്റി കുറിച്ചു തരേണ്ടി വരുന്നത്. ജൻ ഔഷധിയിൽ നല്ല കമ്പനികളുടെ നല്ല മരുന്നുകളും ഉണ്ട്. പൊതുവേ മരുന്ന് വിപണിയിൽ ഉള്ളത് പോലെ ചാത്തൻ മരുന്നുകളും അവിടെയുണ്ട്.
നിലവിൽ ഇന്ത്യയിൽ കുടിൽ വ്യവസായം പോലെ മരുന്നുകൾ നിർമ്മിച്ച് മാർക്കറ്റ് ചെയ്യുന്ന അനേകം ചെറുകിട കമ്പനികൾ ഉണ്ട്. അത്തരം എല്ലാ കമ്പനികളുടെയും എല്ലാ ബാച്ച് മരുന്നുകളും ക്വാളിറ്റി പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കുന്ന സംവിധാനം ഇന്ത്യയിൽ ഇല്ല. നമ്മുടേത് പോലത്തെ ഇത്രയും വിശാലമായ രാജ്യത്ത് അതും സ്വതന്ത്ര ജനാധിപത്യം ഒരു നിയന്ത്രണവും ഇല്ലാതെ പുലരുന്ന നമ്മുടെ നാട്ടിൽ അത്തരം സംവിധാനം അസാധ്യമാണ്. സർക്കാരിനെ കുറ്റം പറയുന്നതിൽ അർത്ഥമില്ല. ഇങ്ങനെയാണ് സ്വാതന്ത്ര്യം കിട്ടിയത് മുതൽ തുടർന്ന് വരുന്നത്. അതുകൊണ്ട് തന്നെ പൊതു മെഡിക്കൽ ഷോപ്പുകളിൽ എന്ന പോലെ ജൻ ഔഷധിയിലും ചാത്തൻ മരുന്നുകളും ഉണ്ടാകും. ചേരി തിരിഞ്ഞ് ന്യായീകരിക്കുന്നതിൽ രാഷ്ടീയവും ഉണ്ടാകും. ആളുകൾ വിലക്കുറവിന്റെ പേരിൽ ജൻ ഔഷധിയിൽ നിന്ന് മരുന്നുകൾ വാങ്ങുന്നു. അവർക്ക് ഫലം കിട്ടുന്നെങ്കിൽ തുടർന്ന് വാങ്ങും. ഇല്ലെങ്കിൽ ഡോക്ടറെ കണ്ട് വേറെ മരുന്ന് വേറെ ഷോപ്പിൽ നിന്ന് വാങ്ങും. അതാണ് നടന്ന് വരുന്നത്. അങ്ങനെ നടന്നോട്ടെ.
ഈ ചർച്ചയ്ക്ക് തുടക്കമിട്ട ബദരി നാരായണന്റെ മൂല പോസ്റ്റ് ഞാൻ വായിച്ചിരുന്നു. ഒരു ഉത്തരവാദിത്തവും ഇല്ലാതെ മിനിക്കഥ പോലെ മെനഞ്ഞ ഒരു പോസ്റ്റായിട്ടാണ് എനിക്ക് ആ എഴുത്തിനെ പറ്റി തോന്നിയത്. തന്റെ സുഹൃത്തിന്റെ അച്ഛന് ജൻ ഔഷധിയിലെ മരുന്ന് കഴിച്ച് ഫലം കിട്ടാത്തത് കൊണ്ട് രണ്ടാമത്തെ പ്രാവശ്യം വീണ്ടും സ്ട്രോക്ക് വന്ന് പരിയാരത്ത് രക്ഷ കിട്ടാതെ മംഗലാപുരത്ത് അഡ്‌മിറ്റായ സംഭവമാണ് പോസ്റ്റിൽ ഒരു ആധികാരികതയും ഇല്ലാതെ എഴുതിയിരിക്കുന്നത്. പോസ്റ്റിന്റെ കൂടെ മരുന്നുന്റെ ചിത്രവും കൊടുത്തിട്ടുണ്ട്. ആ മരുന്ന് Atorwal AS 10mg/75mg എന്ന് ബ്രാൻഡ് പേരുള്ള ഒരു കോമ്പിനേഷൻ മരുന്നാണ്. Wallace Pharmaceuticals Pvt Ltd കമ്പനിയാണ് അത് മാർക്കറ്റ് ചെയ്യുന്നത്. Atorvastatin (10mg) പിന്നെ Aspirin (75mg) എന്നീ രണ്ട് ജനറിക് മരുന്നുകൾ ആണ് അതിൽ ഉള്ളത്. ഇത് ജൻ ഔഷധിക്കായി മാത്രം നിർമ്മിച്ച മരുന്ന് അല്ല. പുറത്തും കിട്ടും അത് പോലെ ജൻ ഔഷധിയിലും കിട്ടുന്നു എന്ന് മാത്രമല്ലേയുള്ളൂ. അങ്ങനെയുള്ള ഒരു നിരുത്തരവാദ പോസ്റ്റിന്റെ പേരിൽ ജൻ ഔഷധിക്കെതിരെ പ്രചാരണം നടത്തുന്നത്, അവിടെ നിന്ന് മരുന്ന് വാങ്ങി ഫലം അനുഭവിക്കുന്ന നിരവധി പാവപ്പെട്ടവരുടെ വയറ്റത്തടിക്കുന്ന പരിപാടിയാണ്. അത് ചെയ്യരുത്.
പിന്നെ എനിക്ക് പറയാനുള്ളത് മരുന്നിന്റെ കാര്യത്തിൽ ഡോക്ടർമാരെയാണ് നമ്മൾ നൂറ് ശതമാനവും വിശ്വസിക്കേണ്ടത് എന്നാണ്. കാരണം ഏത് ഡോക്ടറെ സംബന്ധിച്ചും രോഗികൾക്ക് ഏറ്റവും ഫലം ചെയ്യുന്ന മരുന്ന് മാത്രമേ അനുഭവത്തിൽ കൂടി അവർ പ്രിസ്ക്രൈബ് ചെയ്യുകയുള്ളൂ. എങ്കിൽ മാത്രമേ അവർക്ക് പിടിച്ചു നിൽക്കാൻ പറ്റൂ. മരുന്ന് കമ്പനിയുടെ കമ്മീഷനും പാരിതോഷികവും കിട്ടാൻ വേണ്ടി ചാത്തൻ മരുന്ന് കുറിച്ചുകൊടുത്താൽ, അങ്ങനെ രോഗികൾക്ക് രോഗം മാറാതെ വന്നാൽ ആ ഡോക്ടർ ഫീൽഡിൽ നിന്ന് ഔട്ട് ആയിപ്പോകും. ആരും പിന്നെ ആ ഡോക്ടറെ സമീപിക്കില്ലല്ലോ. അത് ഏത് ഡോക്ടർക്കും അറിയാമല്ലോ? അതുകൊണ്ട് മരുന്ന് കമ്പനിയുടെ പ്രതിഫലത്തിന് വേണ്ടി ഒരു ഡോക്ടറും തന്റെ പേഷ്യന്റിനെ ഒറ്റിക്കൊടുക്കില്ല. അഥവാ ഒരു കമ്പനിയുടെ മരുന്ന് കൊണ്ട് രോഗിയുടെ രോഗവും മാറുന്നു അത് എഴുതിക്കൊടുത്തത് കൊണ്ട് ഡോക്ടർക്ക് കമ്പനി പാരിതോഷികവും നൽകുന്നു എങ്കിൽ അതിൽ നമുക്ക് എന്താണ് ചേതം. ഒരേ മരുന്ന് പല കമ്പനികൾ ഒരേ ഗുണനിലവാരത്തിൽ നിർമ്മിക്കുമ്പോൾ വിപണി മത്സരത്തിന്റെ പേരിൽ ഡോക്ടർക്ക് പാരിതോഷികം കൊടുക്കുന്നത് സ്വാഭാവികമാണ് എന്ന് കരുതിയാൽ മതി. നമുക്ക് രോഗം മാറിയാൽ പോരേ?
മറ്റൊരു കാര്യം, രോഗികൾക്ക് മരുന്നുകളുടെ ജനറിക് പേര് മാത്രം പ്രിസ്ക്രിപ്ഷനിൽ എഴുതി കൊടുക്കാൻ ഡോക്ടർമാരെ നിർബ്ബന്ധിക്കരുത്. അങ്ങനെ വന്നാൽ ചികിത്സ ഡോക്ടർമാരുടെ കൈയിൽ നിന്ന് വിട്ടുപോകും. മരുന്ന് ഷോപ്പിൽ മരുന്ന് എടുത്തു കൊടുക്കുന്ന ആളായിരിക്കും പിന്നെ ചികിത്സ തീരുമാനിക്കുക. ഡോക്ടർമാർ അപ്പോൾ വെറും നോക്കുകുത്തികൾ ആയിപ്പോകും. അത് നമ്മുടെ ആരോഗ്യരംഗം താറുമാറാക്കും. നിലവിൽ ഡോക്ടർക്ക് വിശ്വാസമുള്ള ബ്രാൻഡുകളുടെ മരുന്ന് കുറിച്ചു തരുന്ന രീതിയാണ് എല്ലാവർക്കും നല്ലത്.
വാൽക്കഷണം: ഇപ്പോൾ പക്ഷെ ഡോക്ടർമാർ അനാവശ്യമായി കുറെ മരുന്നുകൾ എഴുതിക്കൊടുത്ത് രോഗികൾക്കും രോഗം ഉണ്ടെന്ന് അനുമാനിക്കുന്നവർക്കും കടുത്ത സാമ്പത്തിക പ്രശ്നം ഉണ്ടാക്കുന്ന പ്രവണതയും ഉണ്ട്. അതിനെ പറ്റി അടുത്ത പോസ്റ്റിൽ എഴുതാം.
മുട്ടയും കൊളസ്ട്രോളും
ഒരാൾ ദിവസേന രണ്ടോ മൂന്നോ മുട്ട കഴിച്ചാൽ എന്താണ് കുഴപ്പം? കുഴപ്പം ഇത്രേള്ളൂ ശരീരത്തിന് ആവശ്യമുള്ള എല്ലാ പോഷകഘടകങ്ങളും മുട്ടയിൽ നിന്ന് ലഭിച്ചുപോകും. എന്നാൽ ഇപ്പോഴും കൊളസ്ട്രോൾ പേടിയിൽ ആളുകൾ പലരും മുട്ടയിലെ മഞ്ഞക്കരുവിനെ ഒഴിവാക്കുകയാണ്. കൊളസ്ട്രോൾ ഭീതി ഒരു ബാധ പോലെ ജനത്തെ വേട്ടയാടുന്നു. ഡോക്ടർമാർ ഈ ബാധയെ പ്രോത്സാഹിപ്പിക്കുന്നു. അത് ഡോക്ടർമാരുടെ ഈ വിഷയത്തിലുള്ള അജ്ഞത് കൊണ്ടാണ്. എല്ലാം പഠിച്ച സർവ്വജ്ഞരല്ല ഡോക്ടർമാർ. കൊളസ്ട്രോളിനെ സംബന്ധിച്ച് നിലവിലെ അന്ധവിശ്വാസം അവരും ഫോളോ ചെയ്യുകയാണ്. ചീത്തയും (LDL) നല്ലതും (HDL) എന്നിങ്ങനെ രണ്ട് വിധം കൊളസ്ട്രോൾ ഉണ്ട് എന്നത് 20-21 നൂറ്റാണ്ടുകളിലെ ഏറ്റവും വലിയ തട്ടിപ്പാണ്.
ഉപ്പും ഹൈ ബിപി യും ..
അധിക ബി പി ഉള്ളവർ ഉപ്പ് കഴിക്കരുത് എന്ന് പലരും നിരുത്സാഹപ്പെടുത്തുന്നത് കാണാം. പ്രത്യേകിച്ചും അച്ചാറ്, പപ്പടം ഒക്കെ കഴിക്കുമ്പോൾ. എന്നാൽ ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിന് ഒഴിച്ചു കൂടാൻ പറ്റാത്ത ഒരു ധാതു ആണ് സോഡിയം. ഈ സോഡിയം നമുക്ക് കിട്ടുന്നത് ഉപ്പിൽ നിന്നാണ്. ഒരു ദിവസം 2.3 ഗ്രാം സോഡിയം നമുക്ക് ലഭിച്ചിരിക്കണം. ഇത്രയും സോഡിയം ലഭിക്കണമെങ്കിൽ ഒരു ടീസ്പൂൺ ഉപ്പ് ചേർത്ത ആഹാരം നമ്മൾ ദിവസവും കഴിക്കണം എന്നാണ് മനസ്സിലാക്കേണ്ടത്.
ഷുഗറും കൊളസ്ട്രോളും പിന്നെ ബിരിയാണിയും
ഞാനൊരു ബിരിയാണിപ്രിയനാണ്. ഇന്നത്തെ ഉച്ചഭക്ഷണത്തിന് ബിരിയാണിയാണ് ഉണ്ടാക്കിയത്. അല്പം കൂടുതൽ കഴിച്ചുപോയി. പ്രി-ഡയബറ്റിക് ആണ്. ശ്രദ്ധിച്ച് മാത്രമേ ആഹാരം കഴിക്കാറുള്ളൂ. ഉച്ചക്ക് ശേഷം ഒന്ന് കറങ്ങാൻ പോയി. അതുകൊണ്ടാണ് ഈ ബിരിയാണി വിശേഷം എഴുതാൻ വൈകിയത്. ഇവിടെ ബാംഗ്ലൂരിൽ പലവിധ ബിരിയാണികൾ ഉണ്ട്. ആമ്പൂർ ബിരിയാണി, തലപ്പാക്കട്ടി ബിരിയാണി, ഡിണ്ടിഗൽ ബിരിയാണി, അഞ്ചപ്പാർ ബിരിയാണി എന്നിങ്ങനെ. ഞങ്ങളുടെ നാട്ടിൽ പക്ഷെ ഒരേയൊരു തരം ബിരിയാണിയാണ് പ്രചാരത്തിലുള്ളത്. ധം ബിരിയാണി എന്ന് പറയുന്നു. പച്ചരി ചോറിന്റെ നടുക്ക് രണ്ട് കഷണം പൊരിച്ച ചിക്കൻ കഷണവും അല്പം മസാലയും ചേർത്ത് ഇങ്ങ് തരും. കൂടെ സവാളയും തൈരും കൊണ്ടൊരു സാലഡും. ആ സാലഡ് പെരക്കിയിട്ട് വേണം ആ പച്ചരിച്ചോറ് തിന്നാൻ. നാട്ടുകാർക്ക് ഈ ബിരിയാണിയാണ് പ്രിയം. രണ്ട് മൂന്ന് കല്യാണത്തിന് പോയി ഈ ബിരിയാണി കിട്ടി ഞാൻ പെട്ടുപോയി. ഒന്നാമത് വേവാത്ത ചോറ്, പിന്നെ വറുത്ത് പൊരിച്ച് കൊള്ളിക്കഷണം പോലെയായ ചിക്കൻ കഷണവും. വെറുത്തുപോയി ഞാൻ.
ബിരിയാണിക്ക് അങ്ങനെ പ്രത്യേകിച്ച് ഒരു റെസിപ്പിയും ഇല്ല. പക്ഷെ ബിരിയാണിക്കായിട്ടുള്ള ജീരകശാല അരിയും മസാലക്കൂട്ടും ചിക്കനും ഒന്നിച്ച് കുഴഞ്ഞ് വേവണം. അതാണ് ബിരിയാണിയുടെ ടേസ്റ്റ്. നാട്ടിൽ ചോറിന്റെ നടുക്ക് വറുത്ത് പൊരിച്ച ചിക്കൻ കഷണം പൂഴ്ത്തി വെച്ച് വിളമ്പുന്ന ബിരിയാണി ആരുടെ കണ്ടുപിടുത്തം ആണെന്ന് അറിയില്ല. എല്ലാം ഒരുമിച്ച് വേവിക്കുന്ന കുഴഞ്ഞ ബിരിയാണി നാട്ടിൽ ആർക്കും ഇഷ്ടം അല്ല പോലും. അല്ലെങ്കിലും എല്ലാറ്റിലും ഡ്യൂപ്പിനാണല്ലോ നാട്ടിൽ മാർക്കറ്റ്.
ഇപ്പോൾ പൊതുവെ ഭക്ഷണക്കാര്യം പറയുമ്പോൾ ആളുകൾ ഷുഗറിന്റെ കാര്യം പറഞ്ഞ് പേടിപ്പിക്കുകയാണ്. എന്നാലോ എന്താണ് ഷുഗർ എന്നതിനെ പറ്റി പൊതുവെ ഒരു ധാരണയും ഇല്ല താനും. നമ്മൾ കഴിക്കുന്ന ആഹാരങ്ങളിൽ അഞ്ച് തരം ഘടകങ്ങളാണുള്ളത്. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ്, വൈറ്റമിൻസ് പിന്നെ ധാതുലവണങ്ങൾ. വെള്ളത്തിന്റെ കാര്യം ഇതിൽ കൂട്ടിയിട്ടില്ല. ഇതിൽ കാർബോഹൈഡ്രേറ്റും പ്രോട്ടീനും കൊഴുപ്പും യഥാക്രമം ഗ്ലൂക്കോസ് ആയും അമിനോആസിഡ്‌സ് ആയും ഫാറ്റി ആസിഡ് ആയും ചെറുകുടലിൽ വെച്ച് വിഘടിക്കപ്പെട്ടതിന് ശേഷമാണ് രക്തത്തിൽ കലരുന്നത്. ഇപ്രകാരം വലിയ തന്മാത്രകൾ ലഘു തന്മാത്രകളായി വിഘടിക്കുന്നതിനെയാണ് ദഹനം എന്ന് പറയുന്നത്. എന്താണ് ദഹനം എന്ന് ആളുകൾ മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല. ഓരോ ആഹാരഘടകം വിഘടിക്കുന്നതും ഓരോ തരം എൻസൈമിന്റെ സമ്പർക്കത്തിലാണ്.
കുട്ടി ആണോ പെണ്ണോ?
എന്താണ് ആകാശം?
ആകാശം, ഭൂമി, ജലം, വായു, അഗ്നി എന്നിവയാണ് പഞ്ചഭൂതങ്ങൾ എന്ന് അറിയപ്പെടുന്നത്. പണ്ട് പണ്ട് വളരെ പണ്ട് ഈ പഞ്ചഭൂതങ്ങളാണ് പ്രകൃതിയിലുള്ള സർവ്വചരാചരങ്ങളും നിർമ്മിതമായിരിക്കുന്നതിന്റെ അടിസ്ഥാനഘടകങ്ങൾ എന്ന് വിശ്വസിച്ചിരുന്നു. അങ്ങനെയാണ് പഠിപ്പിക്കപ്പെട്ടത്. എന്തുകൊണ്ടാണ് മണ്ണിനൊപ്പം ആകാശവും പഞ്ചഭൂതങ്ങളിൽ ഒന്നായി കരുതപ്പെട്ടത് എന്ന് ചെറുപ്പത്തിൽ ഞാൻ ആലോചിച്ചിരുന്നു. മണ്ണ് നമുക്ക് ടാൻജിബിൾ ആയിട്ടുള്ള എന്ന് വെച്ചാൽ കൈയിൽ വാരിയെടുക്കാവുന്ന ഒരു പദാർത്ഥമാണ്. എന്നാൽ ആകാശം എന്നത് അമൂർത്തമായ ഒന്നാണ്.
ബോച്ചേക്ക് ജാമ്യം; എന്റെ നിരീക്ഷണങ്ങൾ
ബോബി ചെമ്മണ്ണൂരിന് ഒരു ചികിത്സ അത്യാവശ്യമായിരുന്നു, അത് കിട്ടിക്കഴിഞ്ഞു എന്നാണ് വിചാരിക്കുന്നത്. അദ്ദേഹത്തിന് ജാമ്യം കിട്ടിയതിൽ ആശ്വാസം തോന്നുന്നു. ആറ് ദിവസം ജയിലിൽ കിടന്നത് നല്ലൊരു അനുഭവമായിട്ടാണ് അദ്ദേഹം കാണേണ്ടത്. ഞാൻ മദ്രാസിൽ അവിടത്തെ പഴയ സെൻട്രൽ ജയിലിൽ ഒരാഴ്ച കിടന്നിട്ടുണ്ട്. ടിക്കറ്റ് എടുക്കാതെ ഇലക്ട്രിക് ട്രെയിനിൽ കോടമ്പാക്കത്ത് നിന്ന് അടുത്ത സ്റ്റേഷനായ ചേറ്റ്‌പെട്ട് വരെ സഞ്ചരിച്ചപ്പോൾ സ്കോഡ് പിടുത്തമിടുകയായിരുന്നു. ജയകാന്തന്റെ കാവൽ ദൈവം എന്ന തമിഴ് നോവൽ വായിച്ചു തീർത്ത സമയം ആയിരുന്നു അത്. എനിക്ക് ജയിലിനെ പറ്റി മനസ്സിലാക്കണമായിരുന്നു. യാദൃച്ഛികമായി അതിനൊരു അവസരം ഒത്ത് വന്നു. ജീവിതത്തിൽ കുറച്ച് കഷ്ടപ്പാടുകൾ ഏതൊരാളും അനുഭവിക്കുന്നത് നല്ലതാണ്. ജീവിതം പഠിക്കും, പഠിക്കണം.
ജീവിതം എത്ര സുന്ദരം !
ഓരോ ദിവസവും ഞാൻ കമ്പ്യൂട്ടറിന്റെ മുന്നിൽ ഇരിക്കുന്നത് ഒരു വിദ്യാർഥിയായിട്ടാണ്. എന്തെന്തെന്ന് വിവരങ്ങളാണ് ഇനിയും മനസ്സിലാക്കാനും പഠിക്കാനുമുള്ളത്. എല്ലാം പഠിക്കാൻ എത്രയോ ആയുസ്സ് വേണ്ടി വരും. ഇന്റർനെറ്റ് എന്നത് വിവരങ്ങളുടെ അതിബൃഹത്തായ ഒരു വെർച്വൽ കലവറയാണ്. ഈ ഒരു ഇന്റർനെറ്റ് കാലത്ത് ജീവിക്കാൻ കഴിഞ്ഞത് എന്തൊരു ഭാഗ്യമാണ്. ഓരോ വിവരവും എന്നെ അത്ഭുതപ്പെടുത്തുന്നതാണ്. അത് ഒരു ആറ്റത്തിന്റെയാകാം, അല്ലെങ്കിൽ ഒരു കോശത്തിന്റെയാകാം , ഒരു മഴത്തുള്ളിയുടെയോ, മൺതരിയുടെയോ ആകാം.
ഒരു എഫ് ബി പോസ്റ്റ് അപാരത
ചേമ്പിനെ കുറിച്ച് പറഞ്ഞ് കൃഷിയിൽ രാസവളത്തിന്റെ ആവശ്യകതയെ പറ്റി എഴുതിയ എന്റെ കഴിഞ്ഞ പോസ്റ്റ് മൂന്ന് ലക്ഷത്തിലധികം പേർ കണ്ടതായും രണ്ടര ലക്ഷത്തിലധികം പേർ വായിച്ചതായും പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എനിക്ക് തന്നെ വിശ്വാസം വരുന്നില്ല, പിന്നെയല്ലേ നിങ്ങൾക്ക്. എന്നാൽ ഫേസ്ബുക്കിന്റെ insights കാണിക്കുന്നത് അങ്ങനെയാണ്. എന്റെ ആ പോസ്റ്റ് അക്ഷരാർത്ഥത്തിൽ വൈറൽ ആയിരിക്കുന്നു. ആളുകൾക്ക് ജൈവകൃഷിയുടെ നിഷ്പ്രയോജനം മനസ്സിലായി വരുന്നതിന്റെയും രാസവളം ഉപയോഗിക്കാൻ താല്പര്യം കൂടി വരുന്നതിന്റെയും സൂചനയായിട്ടാണ് ആ പോസ്റ്റിന്റെ റീച്ചിനെ ഞാൻ കാണുന്നത്.
രാസവളം വിഷം അല്ല
വെറുതെ ഇരിക്കുമ്പോൾ ഇട്ടമ്മില് രണ്ട് മൂട് വാഴച്ചേമ്പിന്റെ വിത്ത് നട്ടതാണ്. അതിന് അല്പം N.P.K വളം ഇട്ടുകൊടുത്തിരുന്നു. അതുകൊണ്ട് നന്നായി പോഷിച്ചു വളർന്നു. കിളച്ചു നോക്കിയപ്പോൾ തോന വിത്തുകൾ കിട്ടി. ഇന്നലെ പകുതി എടുത്ത് പുഴുങ്ങി. എന്താ ഒരു ടേസ്റ്റ്. എനിക്ക് വാഴച്ചേമ്പ് പുഴുങ്ങിയത് വളരെ ഇഷ്ടമാണ്. ചുമ്മാ ഉപ്പ് മാത്രം ഇട്ട് പുഴുങ്ങിയാൽ മതി. അല്പം വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കണം. വേറെ ഒന്നും വേണ്ട. നല്ലത് പോലെ വെന്താൽ വെണ്ണ പരുവത്തിലാകും. അതാണ് ടേസ്റ്റ്.
കൊളസ്ട്രോൾ ടെസ്റ്റിന്റെ പൊട്ടക്കണക്കും തട്ടിപ്പും
ഇപ്പോഴൊക്കെ രോഗത്തെ പറ്റിയും ആരോഗ്യത്തെ പറ്റിയും ഏത് ഡോക്ടർ പറയുമ്പോഴും കൊളസ്ട്രോളിനെ പറ്റി പരാമർശിക്കാതിരിക്കില്ല. കൊളസ്ട്രോൾ അധികമായാൽ അതൊരു ഗുരുതര ആരോഗ്യപ്രശ്നം ആണ് എന്നാണ് സകല ഡോക്ടർമാരും നിരന്തരം ജനങ്ങളെ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് സമൂഹം ഒന്നാകെ കൊളസ്ട്രോൾ പേടിയിലാണ്. കൊളസ്ട്രോൾ ആർക്കും ഒരിക്കലും അധികമാവില്ല എന്ന് കാര്യകാരണ സഹിതം കുറേ പോസ്റ്റുകൾ ഞാൻ എഴുതിയിട്ടുണ്ട്.. ഞാൻ ഇപ്പറയുന്ന കാര്യങ്ങളൊക്കെ ആധികാരികമാണ്. സയൻസ് അറിയുന്ന ആർക്കും ഇതൊന്നും നിഷേധിക്കാൻ കഴിയുന്നില്ല.
ഇപ്പോൾ പറയാൻ പോകുന്നത് ലിപിഡ് പ്രൊഫൈൽ ടെസ്റ്റ് എന്ന പൊട്ടത്തരത്തെ പറ്റിയാണ്.
കൊളസ്ട്രോളിനെ പറ്റി ഒരു സ്റ്റാൻഡേർഡ് സെറ്റ് ചെയ്ത് വെച്ചിട്ടുണ്ട്. അത് ഇങ്ങനെയാണ് :
A normal total cholesterol level is less than 200 milligrams per deciliter (mg/dL). A level of 200–239 mg/dL is considered borderline high, and a level of 240 mg/dL or higher is considered high.
അതായത് ടെസ്റ്റ് ചെയ്താൽ നിങ്ങളുടെ ടോട്ടൽ കൊളസ്ട്രോൾ 200 mg/dL ൽ താഴെ ആയാലാണ് നോർമൽ എന്ന്. 200 ൽ കൂടിയാൽ അപകടമാണ് എന്നാണ് പൊതുബോധം. നിങ്ങൾ ടെസ്റ്റ് ചെയ്ത് അതിന്റെ റിപ്പോർട്ട് ഡോക്ടറെ കാണിച്ചാൽ അതിൽ ടോട്ടൽ കൊളസ്ട്രോൾ 200 ന് മേൽപ്പോട്ട് 240 ഒക്കെ ആണെങ്കിൽ ഡോക്ടർ ഒന്നും ചിന്തിക്കാതെ ഉടനെ സ്റ്റാറ്റിൻ ഗുളിക കുറിച്ച് തരും. നിങ്ങൾ അത് വാങ്ങി കഴിക്കുകയും ചെയ്യും. ഇപ്രകാരം സ്റ്റാറ്റിൻ ഗുളിക നാട്ടിൽ നിരവധി ആളുകൾ കഴിക്കുന്നുണ്ട്. ഇന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത് മരുന്ന് എന്ന പേരിൽ സ്റ്റാറ്റിൻ ഗുളികകൾ ആണ്. പല പേരുകളിലാണ് ഇത് വിൽക്കപ്പെടുന്നത്. കുറെക്കാലം തുടർന്ന് സ്റ്റാറ്റിൻ ഗുളിക കഴിച്ചാൽ അപകടമാണ് എന്ന് ഡോക്ടർമാർ പറയാറില്ല, ഗുളിക കഴിക്കുന്നവർക്കും അറിയില്ല.
എന്താണ് ഈ ടെസ്റ്റിലെ പൊട്ടക്കണക്കും തട്ടിപ്പും എന്നല്ലേ? ടെസ്റ്റ് റിപ്പോർട്ടിൽ ടോട്ടൽ കൊളസ്ട്രോൾ എന്നാണ് കാണിക്കുക. എന്നിട്ട് 200 ൽ അധികമായാൽ കൊളസ്ട്രോൾ അധികം എന്ന് പറയും. എന്നിട്ട് കൊളസ്ട്രോൾ കുറക്കാൻ ഗുളികയും എഴുതിത്തരും. ടോട്ടൽ കൊളസ്ട്രോൾ അധികമായാൽ എങ്ങനെയാണ് കൊളസ്ട്രോൾ അധികമെന്ന് പറയാൻ കഴിയുക? അത് മനസ്സിലാകണമെങ്കിൽ നിങ്ങൾ ആ ടെസ്റ്റ് റിപ്പോർട്ട് ഒന്ന് നോക്കണം. ഒരു സാമ്പിൾ താഴെ കൊടുക്കുന്നുണ്ട്. ടോട്ടൽ കൊളസ്ട്രോൾ കണക്കാക്കുന്ന ഫോർമ്യുല ഇങ്ങനെയാണ് :
LDL + HDL + 1/5 of Triglyceride = Total cholesterol .
അതായത് LDL ഉം HDL ഉം ട്രൈഗ്ലിസറൈഡിന്റെ അഞ്ചിൽ ഒരു ഭാഗവും കൂട്ടി കിട്ടുന്നതാണ് ടോട്ടൽ കൊളസ്ട്രോൾ. ഈ കണക്കിൽ ഒറിജിനൽ കൊളസ്ട്രോളിന്റെ കണക്ക് എവിടെയാണുള്ളത്? കൊളസ്ട്രോളുമായി ഒരു ബന്ധവും ഇല്ലാത്ത ട്രൈഗ്ലിസറൈഡിനെ എന്തിനാണ് ഇതിൽ കൂട്ടിക്കെട്ടുന്നത്? കൊളസ്ട്രോളും ട്രൈഗ്ലിസറൈഡും രണ്ടും രണ്ട് പദാർത്ഥങ്ങളാണ്, രണ്ട് വിധം തന്മാത്രകളാണ്. അത് പോലെ LDL ഉം HDL ഉം രണ്ട് തരം കൊളസ്ട്രോൾ അല്ല. കൊളസ്ട്രോൾ തന്മാത്ര ഒരു തരം മാത്രമേയുള്ളൂ, രണ്ട് തരം ഇല്ല. എന്നിട്ട് മേല്പറഞ്ഞ മൂന്നും കൂട്ടി ടോട്ടൽ കൊളസ്ട്രോൾ എന്നും പറഞ്ഞ് ഒരു കണക്ക് തട്ടിക്കൂട്ടി കൊളസ്ട്രോൾ അധികം എന്ന് പറഞ്ഞ് സ്റ്റാറ്റിൻ ഗുളിക തീറ്റിക്കുകയാണ്. ആ ഗുളിക നിർമ്മിക്കുന്ന കമ്പനിക്ക് വേണ്ടിയാണ് ഇങ്ങനെയൊരു ടെസ്റ്റും ഫോർമ്യുലയും തട്ടിക്കൂട്ടിയത് എന്ന് തീർച്ചയായും പറയാവുന്നതാണ്. ഡോക്ടർ സമൂഹം ഇതിനെ പറ്റി ചിന്തിക്കുകയോ പരിശോധിക്കുകയോ ചെയ്യുന്നില്ല. ഒരു തെറ്റായ കീഴ്വഴക്കം അവർ ഫോളോ ചെയ്യുകയാണ്.
മേൽപ്പറഞ്ഞതിൽ നിന്ന് ഒറിജിനൽ കൊളസ്ട്രോളിന്റെ അളവ് ടെസ്റ്റിൽ കണക്കാക്കുന്നില്ല എന്ന് നിങ്ങൾക്ക് മനസ്സിലാകേണ്ടതാണ്. താഴെ കാണുന്ന സാമ്പിൾ റിപ്പോർട്ടിൽ ടോട്ടൽ കൊളസ്ട്രോൾ കണക്കാക്കിയത് എങ്ങനെ എന്ന് നോക്കാം;-
1) LDL = 135.06
2) HDL = 42.30
3) Triglyceride = 220.70 - 1/5 0f 220.70 = 44.14
1+2+3 = 221.50 ഇതാണ് അതിൽ കാണിച്ചിരിക്കുന്ന ടോട്ടൽ കൊളസ്ട്രോൾ. ഈ ടോട്ടൽ കണ്ട ഉടനെ ഡോക്ടർ കൊളസ്ട്രോൾ കുറക്കാൻ സ്റ്റാറ്റിൻ ഗുളിക കുറിച്ചു കൊടുത്തിട്ടുണ്ടാകും. എന്നാൽ ഈ കണക്കിൽ ഒറിജിനൽ കൊളസ്ട്രോൾ അധികം എന്ന് എവിടെയാണുള്ളത്. ചുരുക്കി പറഞ്ഞാൽ ലാബുകാർ കൊളസ്ട്രോളിന്റെ അളവ് കണക്കാക്കുന്നേയില്ല.
വാസ്തവം എന്തെന്നല്ലേ? കൊളസ്ട്രോൾ നമ്മുടെ ലിവർ നിർമ്മിക്കുന്നതാണ്. ആഹാരത്തിൽ നിന്ന് പരമാവധി 20 ശതമാനം കൊളസ്ട്രോൾ മാത്രമേ നമുക്ക് ലഭിക്കൂ; ബാക്കി 80 ശതമാനം കൊളസ്ട്രോളും ലിവർ ദിവസവും നിർമ്മിക്കുകയാണ്. ലിവർ ഒരിക്കലും ആവശ്യത്തിൽ അധികം കൊളസ്ട്രോൾ നിർമ്മിക്കുകയില്ല. അതുകൊണ്ട് ആർക്കും ഒരിക്കലും കൊളസ്ട്രോൾ അധികം എന്ന രോഗം ഉണ്ടാവില്ല.
ഇനി ഈ LDL എന്നതും HDL എന്നതും രണ്ട് തരം കൊളസ്ട്രോൾ അല്ല.
LDL ന്റെ ഫുൾ ഫോം ലോ ഡെൻസിറ്റി ലിപോപ്രോട്ടീൻ എന്നാണ്. കൊളസ്ട്രോളും ട്രൈഗ്ലിസറൈഡ്‌സും ഒരു മാതിരി പ്രോട്ടീൻ ആവരണം കൊണ്ട് പൊതിഞ്ഞ പായ്ക്കറ്റ് ആണ് LDL എന്നത്. ഇതും ലിവർ ആണ് പായ്ക്ക് ചെയ്ത് ബ്ലഡ്ഡിലേക്ക് കടത്തി വിടുന്നത്. കൊളസ്ട്രോളും ട്രൈഗ്ലിസറൈഡ്‌സും ശരീരകോശങ്ങളിൽ ഇറക്കി വെച്ചിട്ട് മിച്ചം കൊളസ്ട്രോളുമായി ലിവറിലേക്ക് ബ്ലഡ്ഡിലുടെ തിരിച്ചു വരൂന്ന പായ്ക്കറ്റ് ആണ് HDL എന്നത്. അങ്ങനെ തിരിച്ചു വരുന്ന കൊളസ്ട്രോളിനെ ലിവർ വീണ്ടും ഉപയോഗിക്കുന്നു. ഇതാണ് ബയോളജിക്കലായ ഉണ്മ. ഈ വസ്തുത എത്ര പറഞ്ഞിട്ടും ആർക്കും മനസ്സിലാകുന്നില്ല. 60 വർഷമായി ഈ തട്ടിപ്പ് നടന്ന് വരുന്നു. സ്റ്റാറ്റിൻ ഗുളിക കഴിക്കുന്നവരോട് എനിക്ക് സഹതാപം തോന്നുന്നു. സ്ഥിരമായി കഴിക്കുന്നവർക്ക് ഓർമ്മക്കുറവും മറ്റ് ശാരീരിക അവശതകളും വരാം.