Links

എന്താണ് ആകാശം?

ആകാശം, ഭൂമി, ജലം, വായു, അഗ്നി എന്നിവയാണ് പഞ്ചഭൂതങ്ങൾ എന്ന് അറിയപ്പെടുന്നത്. പണ്ട് പണ്ട് വളരെ പണ്ട് ഈ പഞ്ചഭൂതങ്ങളാണ് പ്രകൃതിയിലുള്ള സർവ്വചരാചരങ്ങളും നിർമ്മിതമായിരിക്കുന്നതിന്റെ അടിസ്ഥാനഘടകങ്ങൾ എന്ന് വിശ്വസിച്ചിരുന്നു. അങ്ങനെയാണ് പഠിപ്പിക്കപ്പെട്ടത്. എന്തുകൊണ്ടാണ് മണ്ണിനൊപ്പം ആകാശവും പഞ്ചഭൂതങ്ങളിൽ ഒന്നായി കരുതപ്പെട്ടത് എന്ന് ചെറുപ്പത്തിൽ ഞാൻ ആലോചിച്ചിരുന്നു. മണ്ണ് നമുക്ക് ടാൻജിബിൾ ആയിട്ടുള്ള എന്ന് വെച്ചാൽ കൈയിൽ വാരിയെടുക്കാവുന്ന ഒരു പദാർത്ഥമാണ്. എന്നാൽ ആകാശം എന്നത് അമൂർത്തമായ ഒന്നാണ്.

ആകാശം എന്നും നമ്മെ വിസ്മയിപ്പിക്കുന്ന ഒരു കാഴ്ചയാണ്. എന്നാൽ ആകാശം എന്ന ഒന്ന് ശരിക്കും അവിടെയുണ്ടോ? അതോ മിഥ്യയായ ഒരു മായക്കാഴ്ചയോ? ഭൂമിയിൽ അല്ലാതെ വേറെ ഏതെങ്കിലും ഗ്രഹത്തിൽ ആകാശം ഉണ്ടോ? ചന്ദ്രനിൽ എന്തായാലും ആകാശം ഇല്ല. ചൊവ്വയിൽ നേരിയ തോതിൽ ഒരാകാശം പേരിനുണ്ട്. അതെന്താണ് അങ്ങനെ? ചന്ദ്രനിൽ അന്തരീക്ഷം എന്നൊന്ന് ഇല്ല. അതുകൊണ്ട് അവിടെ ആകാശം ഇല്ല. ചൊവ്വയിലെ അന്തരീക്ഷത്തിൽ കാർബൺ ഡൈ‌ഓക്സൈഡ് തന്മാത്രകളും വളരെ നേർത്ത പൊടിപടലങ്ങളുമാണുള്ളത്. അതുകൊണ്ട് നേരിയ ഒരാകാശവും.
അപ്പോൾ അന്തരീക്ഷം ഉണ്ടെങ്കിലേ ആകാശവും ഉണ്ടാകൂ. എന്താണ് അന്തരീക്ഷം എന്നത്? ഒരു ഗ്രഹം അതിന്റെ ആകർഷണബലം കൊണ്ട് പിടിച്ചു വയ്ക്കുന്ന ലഘുതന്മാത്രകളുടെയും പൊടിപടലങ്ങളുടെയും ആവരണമാണ് അന്തരീക്ഷം എന്നത്. ചന്ദ്രന്റെ ആകർഷണബലം എന്നത് ഭൂമിയുടേതിനേക്കാളും ആറിൽ ഒന്ന് മാത്രമാണ്. അതുകൊണ്ട് ചന്ദ്രനിൽ അന്തരീക്ഷവും ഇല്ല ആകാശവും ഇല്ല. നൈട്രജൻ, ഓക്സിജൻ, കാർബൺഡൈഓക്സൈഡ് മുതലായ തന്മാത്രകളെയും പൊടിപടലങ്ങളെയും ജലകണികകളെയും ഭൂമി അതിന്റെ ആകർഷണബലത്താൽ പിടിച്ചു വയ്ക്കുന്നു. അതാണ് ഭൂമിയുടെ അന്തരീക്ഷം. അങ്ങനെ ഒരന്തരീക്ഷം ഉള്ളത് കൊണ്ടാണ് സമ്പൂർണ്ണമായ ഒരാകാശം നമുക്ക് കാണാൻ കഴിയുന്നത്. അതെ, ആകാശം ഒരു കാഴ്ച മാത്രമാണ്. അല്ലാതെ മണ്ണ് പോലെ ഒരു പദാർഥം അല്ല.
ആകാശത്തെ നീല പശ്ചാത്തലത്തിലാണ് നമ്മൾ കാണുന്നത്. അത് തന്നെയാണ് നമ്മളെ പ്രലോഭിപ്പിക്കുന്ന മാസ്മരികതയും. സൂര്യപകാശത്തിൽ ഏഴ് വർണ്ണരാജികൾ ആണല്ലോ ഉള്ളത്. പ്രകാശത്തിൽ വിവിധ തരംഗദൈർഘ്യമുള്ള കിരണങ്ങളാണുള്ളത് എന്ന് നമുക്ക് അറിയാം. അതിൽ ദൈർഘ്യം കുറഞ്ഞ നീല തരംഗം വേഗത്തിൽ സഞ്ചരിക്കുന്നു. അന്തരീക്ഷത്തിലെ പൊടിപടലങ്ങളിലും തന്മാത്രകളിലും സൂര്യപ്രകാശം പതിക്കുമ്പോൾ അത് വിവിധ തരംഗങ്ങളായി ചിതറുകയും വേഗത്തിൽ സഞ്ചരിക്കുന്ന നീല തരംഗം നമ്മുടെ കണ്ണുകളിൽ എത്തുകയും ചെയ്യുന്നു. അങനെയാണ് ആകാശം നീലയായി നമ്മൾ കാണുന്നത്. ചുരുക്കി പറഞ്ഞാൽ അന്തരീക്ഷത്തിലെ തന്മാത്രകളും പ്രകാശരശ്മികളുടെ ചിതറലും എല്ലാം ചേർന്ന് സംഭവിക്കുന്ന ഒരു ദൃശ്യപ്രതിഭാസം മാത്രമാണ് ആകാശം എന്നത്.
എല്ലാ വസ്തുക്കളും പ്രകാശരശ്മികളെ പ്രതിഫലിപ്പിക്കുന്നു. അങ്ങനെ പ്രതിഫലിക്കുന്ന രശ്മികൾ കണ്ണിലെ റെറ്റിനയിൽ കൂടി കടന്ന് തലച്ചോറിൽ എത്തുമ്പോഴാണ് നമ്മൾ ആ വസ്തുവിനെ കാണുന്നത്. ഉദാഹരണത്തിന് പച്ചിലകൾ പച്ചനിറം തരുന്ന രശ്മിയെ പ്രതിഫലിപ്പിക്കുകയും മറ്റെല്ലാ രശ്മികളെയും ആഗിരണം ചെയ്യുകയും ചെയ്യുമ്പോൾ നമ്മൾ പച്ചിലകളെ കാണുന്നു. രണ്ട് കണ്ണുകളും രണ്ട് ദൃശ്യങ്ങളാണ് തലച്ചോറിലേക്ക് കടത്തി വിടുന്നത്. തലച്ചോർ അവയെ ഒറ്റക്കാഴ്ചയായി സമന്വയിപ്പിക്കുന്നത് കൊണ്ടാണ് നമ്മൾ ചുറ്റുപാടുകളെയും വസ്തുക്കളെയും നീളം വീതി ഘനം എന്നീ മൂന്ന് പരിമാണത്തിൽ കാണുന്നത്. മനുഷൻ ഒഴികെ മറ്റൊരു ജീവിയ്ക്കും ഇത്ര സമ്പൂർണ്ണമായ കാഴ്ചാനുഭവം ഇല്ല. മനുഷ്യനെ പോലെ എല്ലാ വർണ്ണങ്ങളും മറ്റ് ജീവികൾ കാണുന്നുമില്ല.
എത്രയോ കാലം ഭൂമി പരന്നതാണ് എന്ന് വിശ്വസിച്ചിരുന്നു. എന്നാൽ വസ്തുതാപരമായി തെളിയിക്കപ്പെട്ടപ്പോൾ ആ വിശ്വാസം തിരുത്തി. അതുപോലെ ഹൈഡ്രജൻ മുതൽ യുറേനിയം വരെ 92 അടിസ്ഥാന മൂലകങ്ങളാണ് ഭൂമിയിലെ സർവ്വ ചരാചര വസ്തുക്കളുടെയും ഘടകപദാർത്ഥങ്ങൾ എന്ന് തെളിയിക്കപ്പെട്ടതാണ്. എന്നിട്ടും ചിലർ ഇപ്പോഴും പഞ്ചഭൂത സിദ്ധാന്തത്തെ മുറുകെ പിടിക്കുന്നുണ്ട്. അത് തെറ്റാണ് എന്ന് പറഞ്ഞാൽ പറയുന്നവർ ഭാരത വിരുദ്ധരാണ് എന്ന് പറയുന്നവരും നമ്മുടെ കൂട്ടത്തിൽ ഉണ്ട്.
പണ്ട് പണ്ടത്തെ പുരാതന വിശ്വാസങ്ങൾ മുറുകെ പിടിച്ചാലേ ഭാരതീയൻ ആകൂ എന്ന് ശഠിച്ചാൽ ഇന്ത്യയിലെ എല്ലാ സർവ്വകലാശാലകളും പൂട്ടിക്കെട്ടേണ്ടി വരും. കാരണം എല്ലാ യൂനിവേഴ്‌സിറ്റികളും പഠിപ്പിക്കുന്നത് ആധുനികശാസ്തമാണ്. അല്ലാതെ വിശ്വാസ ശാസ്ത്രങ്ങളല്ല. നമ്മൾ ജീവിയ്ക്കുന്നത് ആധുനിക ശാസ്തത്തിന്റെ കണ്ടുപിടുത്തങ്ങൾ പ്രയോജനപ്പെടുത്തിയിട്ടാണ്. അതൊക്കെ കണ്ടുപിടിച്ചത് പാശ്ചാത്യ ശാസ്ത്രജ്ഞരാണ് താനും. പുരാതന വിശ്വാസങ്ങളും ഭാരതത്തിലെ ഋഷിമാർ കണ്ടുപിടിച്ചതും മാത്രം മതിയെങ്കിൽ നമ്മൾ പണ്ടത്തെ കാനന ജീവിതത്തിലേക്ക് മടങ്ങി പോകേണ്ടി വരും.

No comments: