Links

ഉപ്പും ഹൈ ബിപി യും ..

അധിക ബി പി ഉള്ളവർ ഉപ്പ് കഴിക്കരുത് എന്ന് പലരും നിരുത്സാഹപ്പെടുത്തുന്നത് കാണാം. പ്രത്യേകിച്ചും അച്ചാറ്, പപ്പടം ഒക്കെ കഴിക്കുമ്പോൾ. എന്നാൽ ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിന് ഒഴിച്ചു കൂടാൻ പറ്റാത്ത ഒരു ധാതു ആണ് സോഡിയം. ഈ സോഡിയം നമുക്ക് കിട്ടുന്നത് ഉപ്പിൽ നിന്നാണ്. ഒരു ദിവസം 2.3 ഗ്രാം സോഡിയം നമുക്ക് ലഭിച്ചിരിക്കണം. ഇത്രയും സോഡിയം ലഭിക്കണമെങ്കിൽ ഒരു ടീസ്പൂൺ ഉപ്പ് ചേർത്ത ആഹാരം നമ്മൾ ദിവസവും കഴിക്കണം എന്നാണ് മനസ്സിലാക്കേണ്ടത്.

ഒരു ടീസ്പൂൺ ഉപ്പ് എന്ന് പറഞ്ഞാൽ 5 ഗ്രാം ആണ് ഉണ്ടാവുക. ആ ഉപ്പ് എന്നത് സോഡിയം ക്ലോറൈഡ് ആണ്. ഇതിൽ 45 ശതമാനമാണ് സോഡിയം ഉണ്ടാവുക. ബാക്കി ക്ലോറിൻ ആണ്. അപ്പോൾ 5 ഗ്രാം ഉപ്പിൽ 2.3 ഗ്രാം സോഡിയം മാത്രമേ ഉണ്ടാകൂ. അതുകൊണ്ടാണ് ദിവസേന ഒരു സ്പൂൺ ഉപ്പ് ആഹാരത്തിൽ നിന്ന് ലഭിക്കണം എന്ന് പറയുന്നത്.
ഉപ്പ് രക്തസമ്മർദ്ധം അധികരിപ്പിക്കും എന്നാണല്ലോ പറയുന്നത്. എന്നാൽ രക്തസമ്മർദ്ദം നിലനിർത്തുന്നതിനും, ശരീരത്തിലെ ദ്രാവക സന്തുലിതാവസ്ഥ നിയന്ത്രിക്കുന്നതിനും, നാഡികളുടെയും പേശികളുടെയും പ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിനും, ഗ്ലൂക്കോസ്, അമിനോ ആസിഡുകൾ തുടങ്ങിയ പോഷകങ്ങളുടെ ആഗിരണത്തിൽ ഒരു പങ്കു വഹിക്കുന്നതിനും സഹായിക്കുന്ന ഒരു അവശ്യ ധാതുവാണ് സോഡിയം എന്നതാണ് വസ്തുത.
ഉപ്പ് അധികമാകുന്നത് പോലെ തന്നെ അപകടമാണ് ഉപ്പ് കുറച്ചാൽ സോഡിയത്തിന്റെ കുറവ് മൂലം ഉണ്ടാകുന്നതും . ഈ ഉപ്പ് പേടി മൂലം ഇന്ന് എത്രയോ ആളുകൾ സോഡിയം കുറഞ്ഞതിന്റെ പേരിൽ ആസ്പത്രികളിൽ എത്തുന്നുണ്ട്. സോഡിയം കുറഞ്ഞ അവസ്ഥയിൽ എത്രയും പെട്ടെന്ന് ആസ്പത്രിയിൽ എത്തിയില്ലെങ്കിൽ പക്ഷാഘാതം വരെ സംഭവിക്കാം. ഭക്ഷണത്തിൽ ചേർക്കുന്ന ഉപ്പിൽ കൂടിയാണല്ലോ നമുക്ക് സോഡിയം കിട്ടുന്നത്. അതുകൊണ്ട് ഉപ്പ് ചേർന്ന ആഹാരം കഴിക്കുന്നതിൽ പേടിക്കണ്ട എന്ന് മാത്രമല്ല കഴിക്കണം എന്ന് പറയാനാണ് ഈ കുറിപ്പ് എഴുതുന്നത്. ഒരു ടീസ്പൂൺ ഉപ്പ് അല്ലേ ആകെക്കൂടി നമ്മൾ ഒരു ദിവസം കഴിക്കുകയുള്ളൂ അല്ലേ?
ചിലർ ഇന്ദുപ്പ് കഴിച്ചാൽ നല്ലതാണ് എന്ന് പ്രചരിപ്പിക്കാറുണ്ട്. ഇന്ദുപ്പ് എന്നാൽ പൊട്ടാസിയം ക്ലോറൈഡ് ആണ്. അതിൽ പൊട്ടാസിയവും ക്ലോറിനും ആണുള്ളത്. ഇതും നമുക്ക് ആവശ്യമാണ്. പക്ഷെ സോഡിയത്തിന് പകരമാവില്ലല്ലോ പൊട്ടാസിയം. വാഴപ്പഴങ്ങളിലും ഉരുളക്കിഴങ്ങിലും ഒക്കെ പൊട്ടാസിയം ഉണ്ട്. ആരോഗ്യം കീപ്പ് ചെയ്യാൻ നമ്മൾ സമീകൃത ആഹാരം കഴിക്കണം എന്ന് പറയുമ്പോൾ ഇത് പോലത്തെ എല്ലാ ധാതുക്കളും ലവണങ്ങളും വൈറ്റമിൻസും പ്രോട്ടീനും ഒക്കെ ആവശ്യത്തിന് ഒരോ ദിവസത്തെയും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം എന്നാണ് ഉദ്ദേശിക്കുന്നത്. അളവിൽ കൂടുന്നത് പോലെ തന്നെ ദോഷമാണ് അളവിൽ കുറയുന്നതും. അതുകൊണ്ടാണ് ബാലൻസ്‌ഡ് ഡയറ്റ് എന്ന് പറയുന്നത്.
നമ്മുടെ ശരീരം ഓരോ ദിവസവും പുതുപ്പിക്കപ്പെടുന്നുണ്ട്. അതായത് ആകെയുള്ള ശരീരകോശങ്ങളിൽ ഒരു ശതമാനം കോശങ്ങൾ ഓരോ ദിവസവും മരിക്കുകയും പകരം അത്രയും പുതിയ കോശങ്ങൾ നിർമ്മിക്കപ്പെടുകയും ചെയ്യുന്നുണ്ട്. അങ്ങനെ പുതിയ കോശങ്ങൾ നിർമ്മിക്കാനുള്ള സാമഗ്രികൾ ലഭിക്കാനാണ് എല്ലാ പോഷക ഘടകങ്ങളും ഉൾക്കൊള്ളുന്ന ആഹാരം കഴിക്കേണ്ടത്. അതാണ് സമീകൃതാഹാരം. ആരോഗ്യം ആഹാരത്തിലാണ്, എന്നാൽ അത് ബാലൻസ്‌ഡ് ആയിരിക്കണം. എല്ലാം ചേരണം, ഒന്നും കുറയാനോ കൂടുതലാകാനോ പാടില്ല എന്നർത്ഥം.

No comments: