ഓരോ ദിവസവും ഞാൻ കമ്പ്യൂട്ടറിന്റെ മുന്നിൽ ഇരിക്കുന്നത് ഒരു വിദ്യാർഥിയായിട്ടാണ്. എന്തെന്തെന്ന് വിവരങ്ങളാണ് ഇനിയും മനസ്സിലാക്കാനും പഠിക്കാനുമുള്ളത്. എല്ലാം പഠിക്കാൻ എത്രയോ ആയുസ്സ് വേണ്ടി വരും. ഇന്റർനെറ്റ് എന്നത് വിവരങ്ങളുടെ അതിബൃഹത്തായ ഒരു വെർച്വൽ കലവറയാണ്. ഈ ഒരു ഇന്റർനെറ്റ് കാലത്ത് ജീവിക്കാൻ കഴിഞ്ഞത് എന്തൊരു ഭാഗ്യമാണ്. ഓരോ വിവരവും എന്നെ അത്ഭുതപ്പെടുത്തുന്നതാണ്. അത് ഒരു ആറ്റത്തിന്റെയാകാം, അല്ലെങ്കിൽ ഒരു കോശത്തിന്റെയാകാം , ഒരു മഴത്തുള്ളിയുടെയോ, മൺതരിയുടെയോ ആകാം.
ആരാണ് ആ ഡിസൈനർ എന്ന് ചോദിച്ചാൽ ഉത്തരം ഉണ്ടാവില്ല. അതിഭയങ്കര കഴിവുള്ള ഒരു സൂപ്പർമാൻ ആയിരിക്കും അവരുടെ മനസ്സിൽ ഉണ്ടാവുക. കാരണം ചിന്തിക്കാനും ഡിസൈൻ ചെയ്യാനും ഒരു തലച്ചോർ വേണമല്ലോ. അപ്പോൾ വിശ്വാസികളുടെ മനസ്സിൽ ഉള്ള ഡിസൈനർ സൂപ്പർ തലച്ചോറുള്ള ഒരു അൾട്രാ സൂപ്പർമാൻ ആയിരിക്കും. വിശ്വാസിക്ക് വിശ്വാസം മതി. വിശ്വാസം ഒരു തടവറയാണ്. വിവരങ്ങൾ അതിന്റെ പടിക്ക് പുറത്താണ്.
ജീവിതം എനിക്കൊരു പരീക്ഷണം ആയിരുന്നു. അതുകൊണ്ടാണ് പതിനാലാം വയസ്സിൽ കള്ളവണ്ടി കയറി നാട് ചുറ്റിയത്. ലൈബ്രറികളാണ് എവിടെ പോയാലും തേടി നടന്നത്. പത്ത് കൊല്ലത്തോളം മദ്രാസിൽ ജീവിച്ചപ്പോൾ അധിക സമയവും ചെലവഴിച്ചത് എഗ്‌മോറിലെ കന്നിമാറ ലൈബ്രറിയിലും പിന്നെ മൗണ്ട് റോഡിലെ LLB ലൈബ്രറി ആസ്ഥാനത്തും ആയിരുന്നു. വിവരങ്ങൾ സമ്പാദിക്കുക എന്നല്ലാതെ കാശ് ഉണ്ടാക്കുക എന്റെ അജണ്ടയിൽ ഇല്ലായിരുന്നു. രണ്ട് മൂന്ന് ദിവസം പട്ടിണിയിൽ കഴിഞ്ഞ് വിശപ്പ് അസഹ്യമാകുമ്പോഴാണ് ഏതെങ്കിലും ഹോട്ടലിൽ ചെന്ന് സപ്ലൈയറുടെ ഒഴിവുണ്ടോ എന്ന് ചോദിക്കുക. ചോദിച്ചിടത്തൊക്കെ ജോലി കിട്ടും. പക്ഷെ ഒരാഴ്ചയിൽ കൂടുതൽ എവിടെയും ജോലി ചെയ്തിട്ടില്ല. ഞായറാഴ്ചകളിൽ സ്റ്റാർ ഹോട്ടലുകളിൽ എക്സ്ട്രാ ഡ്യൂട്ടി ചെയ്യും. നല്ല ടിപ്പും കിട്ടും.
അങ്ങനെയൊരു ഹോട്ടലിന്റെ ചിത്രമാണ് ഈ പോസ്റ്റിന്റെ കൂടെയുള്ളത്. മൗണ്ട് റോഡിൽ ജെമിനി സ്റ്റുഡിയോയുടെ എതിർവശം കത്തീഡ്രൽ റോഡിൽ ഏക്കറ് കണക്കിന് പരന്നു കിടക്കുന്ന സ്ഥലത്ത് ഉണ്ടായിരുന്ന വുഡ്‌ലാന്റ്സ് ഡ്രൈവ് ഇൻ റസ്റ്റാറന്റ്. തെന്നിന്ത്യയിലെ ആദ്യത്തെ ഡ്രൈവ് ഇൻ റസ്റ്റാറന്റ് ആയിരുന്നു അത്. ആളുകൾ കാറുകളിൽ വരും. സപ്ലൈയേർസ് കാറിന്റെ അടുത്ത് പോയി ചില്ല് താഴ്ത്തിയ ഡോറിൽ സ്റ്റീലിന്റെ ട്രേ ഘടിപ്പിക്കും. ഓർഡർ ചെയ്യുന്ന പലഹാരങ്ങൾ കൗണ്ടറിൽ നിന്ന് വാങ്ങി ട്രേയിൽ വെക്കും. ഇംഗ്ലീഷിൽ സംസാരിച്ച് വിനയപൂർവ്വം സേർവ് ചെയ്യുന്ന എനിക്ക് ആരും ടിപ്പ് തരാതെ പോയിട്ടില്ല. ആ പൈസ എനിക്ക് ഒരാഴ്ചത്തേക്കുള്ള ചെലവിന് മതിയായിരുന്നു. രാവിലെ കയറിയാൽ വൈകുന്നേരമാണ് ലൈബ്രറിയിൽ നിന്ന് ഇറങ്ങുക.
ഇന്ന് ഇതൊക്കെ ഓർമ്മിക്കാൻ കാരണം ഇന്നത്തെ മാതൃഭൂമിയിൽ രവിമേനോൻ എഴുതിയ ജയചന്ദ്രൻ അനുസ്മരണത്തിൽ അയാളും ജയചന്ദ്രനും വുഡ്‌ലാന്റ്സ് ഡ്രൈവ് ഇൻ റസ്റ്റാറന്റിൽ പോയതും പി.ബി.ശ്രീനിവാസനുമായി സംസാരിച്ചിരുന്നതും സ്റ്റീൽ ടംബ്ലറിൽ ഫിൽട്ടർ കാപ്പി കുടിച്ചതും ഒക്കെ വായിച്ചപ്പോഴാണ്. ഇപ്പോൾ ആ റസ്റ്റാറന്റ് അവിടെയില്ല. 2008 ൽ അത് പൂട്ടിയിരുന്നു. ഇപ്പോൾ അതേ പേരിൽ അതിന്റെ ഉടമയുടെ പിൻതലമുറക്കാർ അരുമ്പാക്കത്ത് പുതുതായി റസ്റ്റാറന്റ് തുടങ്ങിയിട്ടുണ്ട് എന്ന് അറിയാൻ കഴിഞ്ഞു. അങ്ങനെ പഴയ 1964-1976 കാലത്തെ മദാസിലെ കാര്യങ്ങൾ എന്ത് പറഞ്ഞാലും അതൊക്കെ ഏതെങ്കിലും വിധത്തിൽ എന്നോട് കണക്റ്റ് ചെയ്യുന്നതായിരിക്കും. ഞാൻ പക്ഷെ അന്ന് ജീവിതത്തിന്റെ പുറമ്പോക്കിൽ വെറും കാഴ്ചക്കാരൻ ആയിരുന്നു എന്ന് മാത്രം.
ഇത്രയൊക്കെ അനുഭവങ്ങൾ ഉണ്ടെങ്കിലും എന്റെ കൈയിൽ ഭാഷയിലെ വാക്കുകൾ വളരെ കുറവായിരുന്നു. ഉള്ള വാക്കുകൾ കൊണ്ട് എന്തെങ്കിലും എഴുതി മുഴുമിക്കാനുള്ള കഴിവും എനിക്കില്ലായിരുന്നു. അതുകൊണ്ട് എനിക്ക് എവിടെയും എത്താൻ കഴിഞ്ഞില്ല. എത്ര പേർ വാക്കുകൾ ഉപയോഗിക്കാനുള്ള വൈഭവം കൊണ്ട് അതിപ്രശസ്തരും ആരാധനാപാത്രങ്ങളും ആയിട്ടുണ്ട്. കഴിവുകൾ ജന്മസിദ്ധമാണ്. ഓരോരുത്തരുടെ കഴിവും വ്യത്യസ്തമാണ്. എല്ലാവരുടെ കഴിവുകളും ചേരുമ്പോഴാണ് എല്ലാവർക്കും ജീവിയ്ക്കാൻ കഴിയുന്നതും സമൂഹം മുന്നോട്ട് പോകുന്നതും. ആരുടെ കഴിവും കുറച്ച് കാണരുത്.
എവിടെയും എത്തിയില്ല എന്ന പരിഭവം ഒന്നും എനിക്കില്ല. ഓർക്കുമ്പോൾ ഇത്രയും കാലം ജീവിച്ചല്ലോ ഇന്നും ജീവിക്കുന്നല്ലോ എന്ന ആശ്ചര്യമാണെനിക്ക്. കൊച്ചു കൊച്ചു ആഗ്രഹങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നത് കൊണ്ട് കിട്ടിയതിൽ ഞാൻ പൂർണ്ണ സംതൃപ്തനാണ്. പ്രത്യേകിച്ചും എന്റെ രണ്ട് മക്കളും നൽകുന്ന സംരക്ഷണവും കരുതലും. എന്തൊക്കെയായാലും ഈ ജീവിതം മനോഹരവും സുന്ദരവും ആണ്. ഇത് വിട്ടുപോയേ തീരൂ എന്നത് കൊണ്ട് ആ റിയാലിറ്റി അംഗീകരിച്ചേ പറ്റൂ. എനിക്ക് മുൻപും എനിക്ക് ശേഷവും ഞാൻ എന്ന എന്റെ ഈ അസ്തിത്വം ഇല്ലായിരുന്നു, ഉണ്ടാവുകയും ചെയ്യില്ല എന്നതാണ് യാഥാർഥ്യം എന്നും ഞാൻ കരുതുന്നു.
No comments:
Post a Comment