ഞാനൊരു ബിരിയാണിപ്രിയനാണ്. ഇന്നത്തെ ഉച്ചഭക്ഷണത്തിന് ബിരിയാണിയാണ് ഉണ്ടാക്കിയത്. അല്പം കൂടുതൽ കഴിച്ചുപോയി. പ്രി-ഡയബറ്റിക് ആണ്. ശ്രദ്ധിച്ച് മാത്രമേ ആഹാരം കഴിക്കാറുള്ളൂ. ഉച്ചക്ക് ശേഷം ഒന്ന് കറങ്ങാൻ പോയി. അതുകൊണ്ടാണ് ഈ ബിരിയാണി വിശേഷം എഴുതാൻ വൈകിയത്. ഇവിടെ ബാംഗ്ലൂരിൽ പലവിധ ബിരിയാണികൾ ഉണ്ട്. ആമ്പൂർ ബിരിയാണി, തലപ്പാക്കട്ടി ബിരിയാണി, ഡിണ്ടിഗൽ ബിരിയാണി, അഞ്ചപ്പാർ ബിരിയാണി എന്നിങ്ങനെ. ഞങ്ങളുടെ നാട്ടിൽ പക്ഷെ ഒരേയൊരു തരം ബിരിയാണിയാണ് പ്രചാരത്തിലുള്ളത്. ധം ബിരിയാണി എന്ന് പറയുന്നു. പച്ചരി ചോറിന്റെ നടുക്ക് രണ്ട് കഷണം പൊരിച്ച ചിക്കൻ കഷണവും അല്പം മസാലയും ചേർത്ത് ഇങ്ങ് തരും. കൂടെ സവാളയും തൈരും കൊണ്ടൊരു സാലഡും. ആ സാലഡ് പെരക്കിയിട്ട് വേണം ആ പച്ചരിച്ചോറ് തിന്നാൻ. നാട്ടുകാർക്ക് ഈ ബിരിയാണിയാണ് പ്രിയം. രണ്ട് മൂന്ന് കല്യാണത്തിന് പോയി ഈ ബിരിയാണി കിട്ടി ഞാൻ പെട്ടുപോയി. ഒന്നാമത് വേവാത്ത ചോറ്, പിന്നെ വറുത്ത് പൊരിച്ച് കൊള്ളിക്കഷണം പോലെയായ ചിക്കൻ കഷണവും. വെറുത്തുപോയി ഞാൻ.
ബിരിയാണിക്ക് അങ്ങനെ പ്രത്യേകിച്ച് ഒരു റെസിപ്പിയും ഇല്ല. പക്ഷെ ബിരിയാണിക്കായിട്ടുള്ള ജീരകശാല അരിയും മസാലക്കൂട്ടും ചിക്കനും ഒന്നിച്ച് കുഴഞ്ഞ് വേവണം. അതാണ് ബിരിയാണിയുടെ ടേസ്റ്റ്. നാട്ടിൽ ചോറിന്റെ നടുക്ക് വറുത്ത് പൊരിച്ച ചിക്കൻ കഷണം പൂഴ്ത്തി വെച്ച് വിളമ്പുന്ന ബിരിയാണി ആരുടെ കണ്ടുപിടുത്തം ആണെന്ന് അറിയില്ല. എല്ലാം ഒരുമിച്ച് വേവിക്കുന്ന കുഴഞ്ഞ ബിരിയാണി നാട്ടിൽ ആർക്കും ഇഷ്ടം അല്ല പോലും. അല്ലെങ്കിലും എല്ലാറ്റിലും ഡ്യൂപ്പിനാണല്ലോ നാട്ടിൽ മാർക്കറ്റ്.
ഇപ്പോൾ പൊതുവെ ഭക്ഷണക്കാര്യം പറയുമ്പോൾ ആളുകൾ ഷുഗറിന്റെ കാര്യം പറഞ്ഞ് പേടിപ്പിക്കുകയാണ്. എന്നാലോ എന്താണ് ഷുഗർ എന്നതിനെ പറ്റി പൊതുവെ ഒരു ധാരണയും ഇല്ല താനും. നമ്മൾ കഴിക്കുന്ന ആഹാരങ്ങളിൽ അഞ്ച് തരം ഘടകങ്ങളാണുള്ളത്. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ്, വൈറ്റമിൻസ് പിന്നെ ധാതുലവണങ്ങൾ. വെള്ളത്തിന്റെ കാര്യം ഇതിൽ കൂട്ടിയിട്ടില്ല. ഇതിൽ കാർബോഹൈഡ്രേറ്റും പ്രോട്ടീനും കൊഴുപ്പും യഥാക്രമം ഗ്ലൂക്കോസ് ആയും അമിനോആസിഡ്‌സ് ആയും ഫാറ്റി ആസിഡ് ആയും ചെറുകുടലിൽ വെച്ച് വിഘടിക്കപ്പെട്ടതിന് ശേഷമാണ് രക്തത്തിൽ കലരുന്നത്. ഇപ്രകാരം വലിയ തന്മാത്രകൾ ലഘു തന്മാത്രകളായി വിഘടിക്കുന്നതിനെയാണ് ദഹനം എന്ന് പറയുന്നത്. എന്താണ് ദഹനം എന്ന് ആളുകൾ മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല. ഓരോ ആഹാരഘടകം വിഘടിക്കുന്നതും ഓരോ തരം എൻസൈമിന്റെ സമ്പർക്കത്തിലാണ്.
കാർബോഹൈഡ്രേറ്റ് എന്ന വലിയ തന്മാത്ര വിഘടിച്ച് ഗ്ലൂക്കോസ് തന്മാത്രയായി രക്തത്തിൽ കലരുന്നതിനെയാണ് ഷുഗർ എന്ന് പറയുന്നത്. കാർബണും ഹൈഡ്രജനും ഓക്സിജനും എന്നീ മുന്ന് മൂലകങ്ങൾ ചേർന്ന് ഉണ്ടാകുന്നത് കൊണ്ടാണ് കാർബോഹൈഡ്രേറ്റ് എന്ന് പറയുന്നത്. ചെടികളാണ് ഇത് ഉണ്ടാക്കുന്നത്. ചെടികൾക്ക് മാത്രമേ ഇത് ഉണ്ടാക്കാൻ കഴിയൂ. ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെയും ഊർജ്ജസ്രോതസ്സ് കാർബോഹൈഡ്രേറ്റും കാർബോഹൈഡ്രേറ്റിന്റെ വകഭേദാമായ സെല്ലുലോസും ആണ്. സെല്ലുലോസ് എന്ന തന്മാത്രയെയാണ് നമ്മൾ ഫൈബർ എന്ന് പറയുന്നത്.
കാർബോഹൈഡ്രേറ്റിന്റെ അടിസ്ഥാന യൂനിറ്റാണ് ഗ്ലൂക്കോസ് എന്ന തന്മാത്ര. നമ്മൾ രക്തത്തിലെ ഷുഗർ എന്ന് പറയുന്നത്. അനേകം ഗ്ലൂക്കോസ് തന്മാത്രകൾ ചേർന്നാണ് കാർബോഹൈഡ്രേറ്റ് എന്നും സെല്ലുലോസ് എന്നും പറയുന്ന കൂറ്റൻ തന്മാത്രകൾ ഉണ്ടാകുന്നത്. ഗ്ലൂക്കോസ് പോലെ വേറെ മൂന്ന് തരം ഷുഗർ തന്മാത്രകൾ കൂടിയുണ്ട്. അവ ഫ്രക്ടോസ്, ലാക്ടോസ്, മാൾട്ടോസ് എന്നിവയാണ്. പക്ഷെ എന്ത് കഴിച്ചാലും രക്തത്തിൽ കലരുന്നത് ഗ്ലൂക്കോസ് ആയിട്ടാണ്. അതുകൊണ്ട് രക്തത്തിൽ ഗ്ലൂക്കോസ് എന്ന ഷുഗർ മാത്രമേയുള്ളൂ. നമ്മൾ ചായയിൽ ഇടുന്ന പഞ്ചസാര ഈ ഷുഗർ അല്ല. അത് സൂക്രോസ് എന്ന ഡൈസാക്കറൈഡ് തന്മാത്രയാണ്. ടേബിൾ ഷുഗർ എന്നാണ് ശരിക്കും ഇതിന്റെ പേര്. ഈ ടേബിൾ ഷുഗറും ഗ്ലൂക്കോസ് ആയിട്ട് മാത്രമേ രക്തത്തിൽ കടക്കൂ. അതുകൊണ്ട് വിത്തൗട്ട് ചായ മാത്രമേ കഴിക്കൂ എന്ന് ശഠിക്കുന്നത് പൊട്ടത്തരമാണ്. രക്തത്തിൽ എത്തുന്ന ഗ്ലൂക്കോസ് ഏതിൽ നിന്ന് വന്നു എന്നത് രക്തത്തിന് വിഷയമല്ല.
രക്തത്തിൽ എത്തുന്ന ഗ്ലൂക്കോസ് തന്മാത്രയും ശ്വസിക്കുന്ന വായുവിലെ ഓക്സിജൻ തന്മാത്രയും ചേർന്ന് ശരീര കോശങ്ങളിൽ വെച്ച് നടക്കുന്ന രാസപ്രവർത്തനത്തിൽ റിലീസ് ആകുന്ന ഊർജ്ജം ആണ് നമ്മുടെ ജീവൻ നിലനിർത്താനും എല്ലാ ശാരീരിക പ്രവർത്തനങ്ങൾക്കും നിദാനമാകുന്നത്. അതുകൊണ്ട് രക്തത്തിൽ ഒരളവ് ഷുഗർ അഥവാ ഗ്ലൂക്കോസ് എപ്പോഴും ഉണ്ടായിരിക്കേണ്ടതാണ്. ഈ അളവ് ബാലൻസ് ചെയ്യുന്നത് ഇൻസുലിൻ എന്ന ഹോർമോൺ ആണ്. ഇൻസുലിൻ ഹോർമോണിന്റെ പ്രവർത്തന ക്ഷമതയോ ക്വാളിറ്റിയോ കുറയുന്നതാണ് നമ്മളെയെല്ലാം ബാധിക്കുന്ന ടൈപ്പ് 2 പ്രമേഹത്തിന് കാരണം, ഡോക്ടർമാർ ഇതിന് പറയുന്നത് ഇൻസുലിൻ റെസിസ്റ്റൻസ് എന്നാണ്. അതുകൊണ്ടാണ് രക്തത്തിൽ ഷുഗർ കൂടുന്നത്. അപ്പോൾ നമ്മൾ ചെയ്യേണ്ടത് ഷുഗറിനെ പേടിക്കുകയോ ഒഴിവാക്കുകയോ അല്ല. ദിവസവും മുന്ന് നേരം കഴിക്കുന്ന കാർബോഹൈഡ്രേറ്റ് ആഹാരങ്ങൾ കുറേശ്ശെയായി അഞ്ചോ ആറോ നേരം കഴിക്കുക. അപ്പോൾ രക്തത്തിൽ ഗ്ലൂക്കോസ് ഒരു സമയം കുറേ അളവിൽ എത്തുന്നത് ഒഴിവാക്കാനാകും. ഒരുമിച്ച് കുറേ ഗ്ലൂക്കോസ് രക്തത്തിൽ എത്തുന്നതാണ് പ്രശ്നം.
രക്തത്തിൽ അഥവാ അല്പം അധികം ഗ്ലൂക്കോസ് എത്തിയാലും ശരീരം അത് കിഡ്‌നി വഴി പുറന്തള്ളും. അതിന് രക്തത്തിൽ ആവശ്യത്തിന് ജലം ഉണ്ടായിരിക്കണം. അതുകൊണ്ട് ആവശ്യത്തിന് വെള്ളവും കുടിക്കണം. ഇതൊന്നും അറിയാത്തത് കൊണ്ടും ഒന്നും ശ്രദ്ധിക്കാത്തത് കൊണ്ടും ആണ് പ്രമേഹത്തിന് ഇരയാകുന്നത്. പ്രമേഹം നമ്മുടെ കിഡ്‌നിയെയും നേരിയ രക്തക്കുഴലുകളെയും അങ്ങനെ കണ്ണിനെയും എല്ലാം ബാധിക്കുന്നു. ശരിയായ ഭക്ഷണക്രമവും ഭക്ഷണഘടകങ്ങളെ കുറിച്ചുള്ള ആധുനിക അറിവും ഉണ്ടെങ്കിൽ പ്രമേഹം എന്നല്ല ഒരു ജീവിതശൈലി രോഗവും ബാധിക്കില്ല. എല്ലാ പോഷകഘടകങ്ങളും അടങ്ങിയ സമീകൃത ആഹാരവും മിതമായ വ്യായാമവും ആയാൽ ഒരു രോഗവും ബാധിക്കില്ല. നമ്മുടെ ശരീരത്തിന്റെ ഇമ്മ്യൂണിറ്റി എന്ന് പറയുന്നത് സമീകൃത ആഹാരം കൊണ്ട് മാത്രം കിട്ടുന്നതാണ്. നിലവിൽ ഇൻസുലിൻ റസിസ്റ്റൻസ് കൊണ്ട് പ്രമേഹത്തിന്റെ ബോർഡറിൽ ആണെങ്കിൽ സമീകൃത ആഹാരവും വ്യായാമവും കൊണ്ട് ഇൻസുലിന്റെ ക്വാളിറ്റി മെച്ചപ്പെടുത്താനും പ്രമേഹമായി മാറുന്നത് തടയാനും പറ്റും.
ഒരു അടിക്കുറിപ്പ് കൂടി.
കൊളസ്ട്രോൾ ഒരു രോഗം അല്ല. നമുക്ക് മാംസാഹാരങ്ങളിൽ നിന്ന് മാത്രമാണ് കൊളസ്ട്രോൾ കിട്ടുന്നത്. അത് വിഘടിക്കാനൊന്നുമില്ല. എന്തെന്നാൽ കൊളസ്ട്രോൾ കൊഴുപ്പ് അല്ല. കൊഴുപ്പ് പോലത്തെ സ്വഭാവം ഉണ്ട് എന്നേയുള്ളൂ. കൊളസ്ട്രോൾ ഒരു ലഘു തന്മാത്രയാണ്. അതുകൊണ്ട് മാംസാഹാരത്തിലെ കൊളസ്ട്രോൾ ചെറുകുടലിൽ വെച്ച് നേരിട്ട് രക്തത്തിൽ കലരുകയാണ്. കൊളസ്ട്രോൾ ഓരോ സെക്കന്റിലും ശരീരത്തിനാവശ്യമാണ്. കാരണം ഓരോ സെക്കന്റിലും ശരീരത്തിൽ പുതിയ കോശങ്ങൾ നിർമ്മിക്കപ്പെടുന്നുണ്ട്. അങ്ങനെ പുതിയ കോശങ്ങൾ ഉണ്ടാകാൻ കൊളസ്ട്രോൾ കൂടിയേ തീരൂ. അതുകൊണ്ട് ശരീരത്തിന് ആവശ്യമായ കൊളസ്ട്രോൾ ലിവർ ആണ് നിർമ്മിച്ചുകൊണ്ടേയിരിക്കുന്നത്. മാംസാഹാരത്തിൽ നിന്ന് കിട്ടുന്ന കൊളസ്ട്രോൾ തുച്ഛമാണ്. അത് പോര, അതുകൊണ്ട് ആവശ്യാനുസരണം നിർമ്മിച്ചുകൊണ്ട് ലിവർ കൊളസ്ട്രോളിന്റെ അളവ് സദാ ബാലൻസ് ചെയ്യുന്നു.
No comments:
Post a Comment