കൊച്ചി മെട്രോയും പരിയാരം കോളേജും

പിടിച്ചതിനേക്കാളും വലുത് മാളത്തില്‍ എന്നു പറഞ്ഞത് പോലെയാണ് കൊച്ചി മെട്രോ നിര്‍മ്മിക്കാന്‍ ഡല്‍ഹിയില്‍ പോയപ്പോഴത്തെ അവസ്ഥ. അവിടെ DMRCക്ക് പിടിപ്പത് പണിയുണ്ട്. ഡല്‍ഹി മെട്രോയുടെ തേര്‍ഡ് ഫേസും ഫോര്‍ത്ത് ഫേസും ആയി 400 കിലോമീറ്ററുകള്‍ 2021ഓടെ പണി പൂര്‍ത്തിയാക്കണം. ഇപ്പോള്‍ പൂര്‍ത്തിയാക്കിയ രണ്ട് ഘട്ടങ്ങളുടെ മെയിന്റനന്‍സും ചെയ്യണം. അത് കൂടാതെ ഡല്‍ഹി വിമാനത്താവള എക്സ്പ്രസ്സ് ലൈന്‍ , നിര്‍മ്മാണത്തിലെ പിഴവുകള്‍ നിമിത്തം അടഞ്ഞുകിടക്കുകയാണ്. ഇതിനൊക്കെ പുറമെ ഇപ്പോള്‍ DMRC ഏറ്റെടുത്ത കണ്‍സല്‍ട്ടന്‍സി പണികളുമുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ DMRCക്ക് നിന്ന് തിരിയാന്‍ നേരമില്ല. കൊച്ചി മെട്രോയുടെ നിര്‍മ്മാണച്ചുമതല കൂടി ഏറ്റെടുത്താല്‍ ഡല്‍ഹിയിലെ ജോലികള്‍ അവതാളത്തിലാകും. അത്കൊണ്ടാണ് പുറം പണികള്‍ DMRC ഏറ്റെടുക്കണമെങ്കില്‍ അതിന്റെ ബോര്‍ഡിന്റെ അനുമതി വേണം എന്ന് അവര്‍ തീരുമാനിച്ചത്. ഇതൊന്നും ബഹുമാനപ്പെട്ട ഇ.ശ്രീധരന്‍ മനസ്സിലാക്കിയിട്ടില്ല. 

ഇക്കാര്യത്തില്‍ സി.പി.എമ്മും എന്‍.കെ.പ്രേമചന്ദ്രനും നല്ല കുളം കലക്കലാണ് ചെയ്യുന്നത്. എങ്ങനെ കൊച്ചി മെട്രോ യാഥാര്‍ഥ്യമാക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പരക്കം പായുമ്പോഴും DMRC അതിന്റെ നിസ്സഹായാവസ്ഥ പ്രകടിപ്പിക്കുമ്പോഴും സി.പി.എമ്മും പ്രേമചന്ദ്രനും പറയുന്നത്, കൊച്ചി മെട്രോ DMRCയെയും ശ്രീധരനെയും ഏല്‍പ്പിക്കുന്നത് തടയാന്‍ ഉമ്മന്‍ ചാണ്ടിയും സര്‍ക്കാരും ഷീല ദീക്ഷിതും കമല്‍ നാഥും തൊട്ട് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് വരെ ഗൂഢാലോചന നടത്തുന്നു എന്നാണ്. കോടികള്‍ തട്ടാന്‍ വേണ്ടിയാണ് പോലും ഈ ഗൂഢാലോചന. DMRCയും ശ്രീധരനും ഇല്ലാതെ കൊച്ചി മെട്രോ പാടില്ല എന്നാണ് ഇടത്പക്ഷത്തിന്റെ പ്രഖ്യാപിത നിലപാട്. ഉമ്മന്‍ ചാണ്ടിക്കാണെങ്കില്‍ ഇടത് പക്ഷത്തിനെ ധിക്കരിക്കാനുള്ള നട്ടെല്ലുമില്ല. പിണറായി സഖാവ് ക്ഷോഭിക്കുമോ എന്നാണ് അദ്ദേഹത്തിന്റെ ഉള്‍ഭയം. ഒന്നുമില്ലെങ്കില്‍ അടുത്ത പ്രാവശ്യം ഭരണം വെച്ചുമാറേണ്ടതല്ലേ. 

ഒന്നും ഉണ്ടാക്കാന്‍ സി.പി.എമ്മുകാര്‍ സമ്മതിക്കുകയില്ല. ആരെങ്കിലും ഉണ്ടാക്കിയത് മസ്സില്‍ പവ്വര്‍ ഉപയോഗിച്ച് പിടിച്ചെടുത്ത് പാര്‍ട്ടിയെ വളര്‍ത്താന്‍ ഉപയോഗിക്കുകയേയുള്ളൂ. പരിയാരം മെഡിക്കല്‍ കോളേജ് കാണുന്നില്ലേ? അത് ബലപ്രയോഗത്തിലൂടെ പിടിച്ചെടുത്ത് ചണ്ടിയാക്കി, ആയിരം പാര്‍ട്ടിക്കാരെ നിയമിച്ച്, 500 കോടി കടവുമാക്കി ഇപ്പോള്‍ സര്‍ക്കാരിനെ ഏല്പിക്കാന്‍ വേണ്ടി സഹകരണമന്ത്രി സി.എന്‍.ബാലകൃഷ്ണന്റെ പിന്നാലെ കൂടുകയാണ്. ആ 500 കോടി കൊണ്ട് സര്‍ക്കാരിന് വേറെ രണ്ട് മെഡിക്കല്‍ കോളേജ് തുടങ്ങാം. പരിയാരം കോളേജ് സഹകരണ മേഖലയില്‍ നിന്ന് മാറ്റി സി.പി.എമ്മിന്റെ സ്വകാര്യ ട്രസ്റ്റിനെ ഏല്‍പ്പിക്കുകയാണ് ശരിക്കും ചെയ്യേണ്ടത്. അവര്‍ക്കാണെങ്കില്‍ 500കോടി ഒരു പ്രശ്നമേയല്ല. 

കൊച്ചി മെട്രോ നിര്‍മ്മിക്കാന്‍ കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് കൊച്ചി മെട്രോ റയില്‍ ലിമിറ്റഡ് (KMRL) എന്നൊരു കമ്പനി രൂപീകരിച്ചിട്ടുണ്ട്. ബാംഗ്ലൂര്‍ , ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, മുംബൈ, തുടങ്ങിയ മെട്രോകള്‍ നിര്‍മ്മിക്കുന്നത് DMRC അല്ല. അതാത് സംസ്ഥാ‍നങ്ങളില്‍ രൂപീകരിക്കപ്പെട്ട റയില്‍ കമ്പനികളാണ്. കേരളത്തിനും മനസ്സ് വെച്ചാല്‍ കൊച്ചി മെട്രോ നിര്‍മ്മാണം KMRL നെ കൊണ്ട് നടത്തിക്കാന്‍ കഴിയും. അതിന് പക്ഷെ സി.പി.എമ്മിന്റെ സമ്മതവും മുഖ്യമന്ത്രിക്ക് നട്ടെല്ലും വേണം. ഇത് രണ്ടും സംശയമാണ്. സി.പി.എമ്മിനെ സംബന്ധിച്ച് ഇത് ഭരണം തിരിച്ചു പിടിക്കാനുള്ള ആയുധമാണ്. കുടുംബശ്രീ സമരവും മനുഷ്യമെട്രോ സംരംഭവും സംസ്ഥാനത്ത് സി.പി.എമ്മിന്റെ ജനപ്രീതി കുത്തനെ കൂട്ടിയിട്ടുണ്ട് എന്നാണ് പൊതുവെ വിലയിരുത്തല്‍. 

ചുരുക്കി പറഞ്ഞാല്‍, കൊച്ചി മെട്രോ യാഥാര്‍ഥ്യമാകണമെങ്കിലും പിന്നീട് അതിന്റെ അറ്റകുറ്റപ്പണികള്‍ യഥാസമയം നടക്കണമെങ്കിലും KMRL കമ്പനിയെ അതിന് സജ്ജമാക്കുകയാണ് വേണ്ടത്. അല്ലാതെ വെറുതെ എന്തിനാണ് ഒരു കടലാസ് കമ്പനി. ഇപ്പറഞ്ഞത് നടക്കണമെങ്കില്‍ സി.പി.എമ്മിന്റെയും പ്രേമചന്ദ്രന്റെയും വിടുവായത്തം അവഗണിക്കാനുള്ള ചങ്കൂറ്റം കേരള മന്ത്രിസഭയിലെ ആര്‍ക്കെങ്കിലും ഉണ്ടാകണം.

13 comments:

Jobin John said...

Exactly!! we need to convince sreedaran to be part of KMRL!! if he made DMRC as a pioneer company in India! y cant he be n the top of KMRL and start the construction! later on KMRL can be a pioneer in metro construction and start building other metros!

Som Menon said...
This comment has been removed by the author.
Som Menon said...

ശ്രീധരന് DMRC യുടെ ജോലിയെക്കുറിച്ച് അറിയില്ല എന്ന് KPS മനോരമ വായിച്ചു പറഞ്ഞത് വലിയ തമാശയായിട്ട് തോന്നുന്നു. ഈ രംഗത്ത് ഒട്ടേറെ പ്രാഗല്‍ഭ്യം തെളിയിച്ചു ഒട്ടേറെ അവാര്‍ഡുകളും പ്രശംസകളും ഏറ്റുവാങ്ങിയ സ്വന്തം നാട്ടുകാരനായ ഒരാളെ മുഖവിലക്കെടുക്കാതെ, ഈ രംഗത്ത്‌ ഒരു പരിചയവും ഇല്ലാത്ത ആളുകളെ ഏല്പിക്കണം എന്ന് പറയുന്ന ടോം ജോസും, നട്ടെല്ലില്ല എന്ന് KPS പറയുന്ന ഉമ്മന്‍ ചാണ്ടിയും, KPSഉം ഒരു പക്ഷത്തു തന്നെയാണ്. ഉമ്മന്‍ ചാണ്ടി താങ്കളെ നിരാശപ്പെടുത്തും എന്ന് തോന്നുന്നില്ല, തുടക്കത്തില്‍ അങ്ങിനെ തോന്നിയാലും.

Manoj മനോജ് said...

പ്ലീസ്‌ താങ്കള്‍ കിണറ്റിലെ തവളയായി മാറരുത്...

"DMRC to work for Jakarta metro"

http://articles.timesofindia.indiatimes.com/2012-09-24/delhi/34060780_1_employees-for-various-categories-dmrc-delhi-metro-rail-corporation

kaalidaasan said...

>>>>>ഇതൊന്നും ബഹുമാനപ്പെട്ട ഇ.ശ്രീധരന്‍ മനസ്സിലാക്കിയിട്ടില്ല.<<<<<


ഡിഎംആര്‍സി എന്ന സ്ഥാപനത്തെ വര്‍ഷങ്ങളോളം നയിക്കുകയും  പല വന്‍കിട പദ്ധത്തികളും  അവര്‍ക്ക് വേണ്ടി നടപ്പിലാക്കുകയും ചെയ്ത ശ്രീധരന്‍ വെറും മരമണ്ടന്‍. ഇതേക്കുറിച്ചൊന്നും യാതൊരു വിവരവുമില്ല. വിവരം മുഴുവന്‍ ബാംഗളൂര്‍ മെട്രോ കണ്ട് അന്തം വിട്ട സുകുമാരന്റെ മണ്ടയിലാണല്ലോ.

ശ്രീധരനു യതൊരു വിവരവുമില്ലാത്തതുകൊണ്ടാണല്ലോ അദ്ദേഹത്തെ ഡി എം ആര്‍ സിയുടെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ചു വച്ചിരിക്കുന്നതും. കേരള സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട പ്രകാരം കൊച്ചി മെട്രോ റയില്‍വേയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍  ഡിഎംആര്‍സി നേരത്തേ തന്നെ ആരംഭിച്ചു കഴിഞ്ഞ കാര്യമൊന്നും സുകുമാരനറിയില്ല എന്നു തോന്നുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിലെ ഡി എം ആര്‍ സി ഓഫീസില്‍ എത്തി ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പ്രസംഗിച്ച ശ്രീധരന്‍  ഡിഎംആര്‍സി കൊച്ചി യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങളും  വിലയിരുത്തുകയുണ്ടായി.

kaalidaasan said...

>>>>>കുടുംബശ്രീ സമരവും മനുഷ്യമെട്രോ സംരംഭവും സംസ്ഥാനത്ത് സി.പി.എമ്മിന്റെ ജനപ്രീതി കുത്തനെ കൂട്ടിയിട്ടുണ്ട് എന്നാണ് പൊതുവെ വിലയിരുത്തല്‍. <<<<<


അതില്‍ യാതൊരു സംശയവുമില്ല. ജനപക്ഷത്തു നില്‍ക്കുമ്പോള്‍ ജന പ്രീതി കൂടും.

കുടുംബ ശ്രീ സമരം തികച്ചും ന്യായമായിരുന്നു എന്നതിന്റെ തെളിവാണ്, കേന്ദ്ര മന്ത്രി ജയറാം രമേഷ് ഇന്നലെ കേരളത്തില്‍ വന്ന് പറഞ്ഞത്. ഇതാണദ്ദേഹത്തിന്റെ വാക്കുകള്‍ 

കുടുംബശ്രീ കഴിഞ്ഞിട്ടേ മറ്റെന്തുമുള്ളു: ജയറാം രമേഷ്


തിരുവനന്തപുരം. ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ (എന്‍ആര്‍എല്‍എം) കേരളത്തിലെ നോഡല്‍ ഏജന്‍സി കുടുംബശ്രീയാണെന്നും മിഷന്‍ ധനസഹായം കുടുംബശ്രീക്കു മാത്രമേ ലഭിക്കുകയുള്ളൂവെന്നും കേന്ദ്രമന്ത്രി ജയറാം രമേഷ്. മുഖ്യമന്ത്രിയുടെ കീഴില്‍ ഇനി ഉപജീവന മിഷന്‍ സൊസൈറ്റി രൂപീകരിച്ചാലും കുടുംബശ്രീക്കു നല്‍കുന്ന ധനസഹായം കഴിഞ്ഞു മാത്രമേ സഹായം പ്രതീക്ഷിക്കേണ്ടതുള്ളൂവെന്നും മന്ത്രി പറഞ്ഞു.

എന്‍ആര്‍എല്‍എമ്മിനു മുന്നില്‍ ജനശ്രീ മിഷനു സഹായം തേടി ഒരു അപേക്ഷയും വന്നിട്ടില്ല. ഉണ്ടെങ്കില്‍ പോലും സംസ്ഥാനത്തെ നോഡല്‍ ഏജന്‍സി കുടുംബശ്രീ ആയതിനാല്‍ അതു പരിഗണിക്കാന്‍ നിവൃത്തിയില്ല. എങ്കിലും എന്‍ജിഒ എന്ന നിലയില്‍ കേന്ദ്രത്തിലെ മറ്റേതെങ്കിലും മന്ത്രാലയങ്ങളില്‍ സഹായത്തിനായി ജനശ്രീക്ക് അപേക്ഷിക്കാവുന്നതാണെന്നും ജയറാം രമേഷ് പറഞ്ഞു. ജനശ്രീ മിഷന് ഇതുവരെ ഒരു രൂപ പോലും എന്‍ആര്‍എല്‍എം ധനസഹായം നല്‍കിയിട്ടില്ല.

2011ല്‍ രൂപീകരിച്ച എന്‍ആര്‍എല്‍എമ്മില്‍നിന്നു 43 കോടി ഇതുവരെ കുടുംബശ്രീക്കു നല്‍കിയിട്ടുണ്ട്. ഇക്കൊല്ലം 75 കോടിയാണു നല്‍കാനുദ്ദേശിക്കുന്നത്. കുടുംബശ്രീയെ രാഷ്ട്രീയ പാര്‍ട്ടി അടിസ്ഥാനത്തില്‍ കാണുന്നില്ല. രാഷ്ട്രീയമോ ജാതിയോ മതമോ അടിസ്ഥാനമാക്കി കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെ വിഭജിക്കാനും അനുവദിക്കില്ലെന്നു ജയറാം രമേഷ് അറിയിച്ചു.

കേരളത്തില്‍ കുടുംബശ്രീ വളരെ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും എന്‍ആര്‍എല്‍എമ്മിന്റെ നോഡല്‍ ഏജന്‍സിയായി കുടുംബശ്രീ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിനു വേണമെങ്കില്‍ നോഡല്‍ ഏജന്‍സിയെ മാറ്റാം. പക്ഷേ, ഏകപക്ഷീയമായി ചെയ്യാനാവില്ല. കുടുംബശ്രീയില്‍ രാഷ്ട്രീയ കക്ഷി അംഗങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. എന്നാല്‍ കുടുംബശ്രീയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു വിവിധ രാഷ്ട്രീയ കക്ഷികളോട് അനുഭാവം ആകാം.

കുടുംബശ്രീയെ പിന്തുയ്ക്കുന്നതുകൊണ്ടു താന്‍ സിപിഎമ്മിന് അഭിമതനായി എന്നു പറയുന്നതു ശരിയല്ല. മറ്റു പല നയപരമായ കാര്യങ്ങളിലും സിപിഎം തന്നെ നഖശിഖാന്തം എതിര്‍ക്കുകയാണെന്നും ജയറാം രമേഷ് പറഞ്ഞു. കുടുംബശ്രീയുടെ മികവു കണ്ടു മറ്റു സംസ്ഥാനങ്ങളില്‍ അനുകരിക്കുകയാണെന്നു മന്ത്രി ഡോ. എം.കെ. മുനീര്‍ അറിയിച്ചു. അതിനായി കുടുംബശ്രീയില്‍ പ്രത്യേക കണ്‍സല്‍റ്റന്‍സി സെക്രട്ടേറിയറ്റിനു രൂപം നല്‍കുമെന്നും മുനീര്‍ അറിയിച്ചു.

kaalidaasan said...

>>>>>കൊച്ചി മെട്രോ യാഥാര്‍ഥ്യമാകണമെങ്കിലും പിന്നീട് അതിന്റെ അറ്റകുറ്റപ്പണികള്‍ യഥാസമയം നടക്കണമെങ്കിലും KMRL കമ്പനിയെ അതിന് സജ്ജമാക്കുകയാണ് വേണ്ടത്. അല്ലാതെ വെറുതെ എന്തിനാണ് ഒരു കടലാസ് കമ്പനി. <<<<<

ഇതു പോലെ കുറെ ഏറെ കമ്പനികള്‍ ഇന്‍ഡ്യ മുഴുവനും ഉണ്ടാക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. കഴിവു തെളിയിച്ച ഒരു കമ്പനിയെ വിപുലപ്പെടുത്തി ഇന്‍ഡ്യയിലും പുറത്തുമുള്ള വന്‍ പദ്ധതികള്‍ ഏറ്റെടുത്ത് നടത്താന്‍  സജ്ജമാക്കുകയാണു വേണ്ടത്. ഇപ്പോള്‍ ഇന്‍ഡ്യയില്‍ ഏറ്റവും കൂടുതല്‍ പ്രവാര്‍ത്തന്‍ പരിചയമുള്ള്ള സ്ഥാപനം ഡി എം ആര്‍ സി ആണ്. ഓരോ സംസ്ഥാനത്തും വെവ്വേറെ സ്ഥാപനങ്ങളുണ്ടാക്കി പണം ധൂര്‍ത്തടിക്കുന്നതിലും നല്ലത് വേണ്ടിടത്തൊക്കെ ഡി എം ആര്‍ സിയുടെ അനുബന്ധ ശാഖകളുണ്ടാക്കുയാണു വേണ്ടത്. അതിനു വലിയ പണച്ചെലവില്ല. കൂടുതല്‍ വിദഗ്ദ്ധരെ നിയമിക്കുകയേ വേണ്ടൂ.

കൊച്ചി മെട്രോ നിര്‍മ്മിക്കാന്‍ ഏറ്റവും യോഗ്യതയുള്ളത് ഡി എം ആര്‍ സിക്കു തന്നെയാണ്. ഒരു പൊതു മേഖലാസ്ഥപനമായ്തുകൊണ്ട് കമ്മീഷന്‍ ആര്‍ക്കും ലഭിക്കില്ല. വിദേശ കമ്പനിയെ ഏല്‍പ്പിച്ചാല്‍ കമ്മീഷന്‍ ലഭിക്കും. 10 % ആയിരുന്നു പണ്ടൊക്കെ കമീഷന്‍ ഇപ്പോള്‍ അതിലും കൂടുതലായിരിക്കും. 500 മുതല്‍ 1000 കോടി വരെ വരും ഈ കമ്മീഷന്‍. അതിപ്പോഴത്തെ ചെലവനുസരിച്ചാണ്, ഭാവിയില്‍ കൂടിയാല്‍ കമ്മീഷനും കൂടും. അതൊക്കെ അറിയാവുന്ന ഉമ്മന്‍ ചാണ്ടി സിംഗപ്പൂരിലേക്ക് ചിലരെ അയച്ച് ground work ഒക്കെ ചെയ്തിരുന്നു. പക്ഷെ അതൊക്കെ അറിഞ്ഞ കേരള ജനത അതിനെ പരാജയപ്പെടുത്തി. അതുകൊണ്ട് ഉമ്മന്‍ ചാണ്ടിക്ക് വേറെ വഴിയില്ലാതെ വന്നു. ഇപ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി ഡെല്‍ഹിയില്‍ നാടകം കളിക്കുന്നു.ഉമ്മനിപ്പോള്‍ ഡെല്‍ഹിയില്‍ നടത്ത്യുന്ന കളികള്‍ ഡി എം ആര്‍ സിയെ പദ്ധതി ഏല്‍പ്പിക്കാനൊന്നുമല്ല, ഏല്‍പ്പിക്കാതിരിക്കാനുള്ള വഴികല്‍ തേടുകയാണ്. പുറത്തു കാണിക്കുന്ന മുഖം വെറും അഭിനയം മാത്രം.

kaalidaasan said...

>>>>>കോടികള്‍ തട്ടാന്‍ വേണ്ടിയാണ് പോലും ഈ ഗൂഢാലോചന. DMRCയും ശ്രീധരനും ഇല്ലാതെ കൊച്ചി മെട്രോ പാടില്ല എന്നാണ് ഇടത്പക്ഷത്തിന്റെ പ്രഖ്യാപിത നിലപാട്. <<<<<

കോടികള്‍ തട്ടാന്‍ വേണ്ടി തന്നെയാണ്, ഡി എം ആര്‍ സി യെ മാറ്റി മറ്റ് സ്വകാര്യ കമ്പനികളെ ഈ നിര്‍മ്മാണം ഏല്‍പ്പിക്കുന്നതിനു വേണ്ടി ഓടി നടക്കുന്നത്. ഇതിന്റെ പിന്നിലെ കള്ളക്കളികള്‍ ഈ ലേഖനത്തില്‍ വിശദമായി പരാമര്‍ശിച്ചിട്ടുണ്ട്.

കൊച്ചി മെട്രോ: അഴിമതിക്ക് കോപ്പുകൂട്ടുന്നവര്‍

2010ല്‍ 1955 കോടി രൂപക്ക് തീരേണ്ടിയിരുന്ന പദ്ധതിയാണ് രാഷ്ട്രീയവും ഇതരവുമായ കാരണങ്ങളാല്‍ വൈകിക്കുന്നത്. വലിയ അഴിമതിക്കുള്ള സാധ്യതയുടെ വാതില്‍ അടക്കാന്‍ ചിലര്‍ മടികാണിക്കുന്നതാണ് ഇപ്പോഴത്തെ വൈകലിന്‍െറ പിറകിലുള്ളതെന്ന കാര്യം പകല്‍ പോലെ വ്യക്തമാണ്.
കേന്ദ്രാനുമതി ലഭിച്ചതിനുശേഷം പുന$സംഘടിപ്പിക്കപ്പെട്ട കേരള മെട്രോ റെയില്‍ ലിമിറ്റഡിന്‍െറ (കെ.എം.ആര്‍.എല്‍) ആദ്യബോര്‍ഡ് യോഗത്തില്‍ തന്നെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ (ഡി.എം.ആര്‍.സി) ഏല്‍പിക്കുന്ന തീരുമാനമെടുക്കുമെന്നായിരുന്നു പൊതുവെ കരുതിയിരുന്നത്. അതിവേഗത്തില്‍ ബഹുദൂരം സഞ്ചരിക്കുന്നത്് മുഖമുദ്രയാണെന്ന് അവകാശപ്പെടുന്ന സര്‍ക്കാറില്‍നിന്ന് അതാണല്ലോ പ്രതീക്ഷിക്കേണ്ടതും. എന്നാല്‍, കാരണമൊന്നും പറയാതെ ഈ അജണ്ട ബോധപൂര്‍വം മാറ്റിവെച്ചു. ഇതു സംബന്ധിച്ച് ചോദ്യം മാധ്യമപ്രവര്‍ത്തകരില്‍നിന്ന് ഉണ്ടായപ്പോള്‍ അടുത്ത ബോര്‍ഡില്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്ന മറുപടിയാണ് ബന്ധപ്പെട്ടവര്‍ നല്‍കിയത്. ഡി.എം.ആര്‍.സിയുടെ ബോര്‍ഡ് യോഗം കൂടുന്നതിന് ശേഷമുള്ള തീയതി കെ.എം.ആര്‍.എല്ലിന്‍െറ രണ്ടാമത്തെ ബോര്‍ഡ് യോഗം ചേരുന്നതിനു നിശ്ചയിച്ചതും യാദൃച്ഛികമല്ല.
ഒക്്ടോബര്‍ 15നു ചേര്‍ന്ന ഡി.എം.ആര്‍.സി ബോര്‍ഡ് യോഗത്തില്‍ അജണ്ടക്ക് പുറത്തുള്ള ഇനമായി ചെയര്‍മാന്‍ സുധീര്‍കൃഷ്ണയാണ് ഇപ്പോള്‍ വിവാദമായ പ്രശ്നം ഉന്നയിക്കുന്നത്്. ദല്‍ഹിക്ക് പുറത്തുള്ള പ്രവര്‍ത്തനങ്ങള്‍ ഡി.എം.ആര്‍.സി ഏറ്റെടുക്കണമെങ്കില്‍ ബോര്‍ഡിന്‍െറ മുന്‍കൂട്ടിയുള്ള അനുമതി വേണമെന്നതായിരുന്നു പുതിയ തീരുമാനം. സാധാരണ ഏതു ബോര്‍ഡ് യോഗം കഴിഞ്ഞാലും ഔദ്യാഗികമായി മിനുട്സ് ലഭിക്കണമെങ്കില്‍ ഏറ്റവും ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും എടുക്കും. എന്നാല്‍, അസാധാരണമായ വേഗത്തില്‍ ഈ യോഗത്തിന്‍െറ മിനുട്സ് തയാറാക്കുകയും അതുമായി രണ്ടു ബോര്‍ഡുകളുടെയും ചെയര്‍മാനായ സുധീര്‍ കൃഷ്ണ 19ന് നടന്ന കെ.എം.ആര്‍.എല്ലിന്‍െറ ബോര്‍ഡ് യോഗത്തിന് എത്തുകയും ചെയ്്തു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏല്‍പിക്കുന്നതു സംബന്ധിച്ച അജണ്ട ചര്‍ച്ചക്ക് വന്നപ്പോള്‍ ഡി.എം.ആര്‍.സിയുടെ ബോര്‍ഡ് തീരുമാനം ചൂണ്ടിക്കാട്ടി കൊച്ചി മെട്രോ സംബന്ധിച്ച തീരുമാനം മാറ്റിവെച്ചെന്നാണ്് മാധ്യമങ്ങളിലെവാര്‍ത്ത. കെ.എം.ആര്‍.എല്‍ തീരുമാനം എടുക്കുകയും അതിനുശേഷം അത് ഡി.എം.ആര്‍.സി ബോര്‍ഡിന്‍െറ പരിഗണനക്ക് വെക്കുകയും ചെയ്യാമെന്ന കാര്യം ആധികാരികമായി പറയാനും അത്് തീരുമാനമാക്കുന്നതിനും സംസ്ഥാന സര്‍ക്കാറിനെ പ്രതിനിധാനം ചെയ്യുന്ന ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്ക് കഴിഞ്ഞില്ലെന്നതും സംശയം ശക്തിപ്പെടുന്ന ഘടകമാണ്.
ഡി.എം.ആര്‍.സിയെ തന്നെ നിര്‍മാണപ്രവര്‍ത്തനം ഏല്‍പിക്കുമെന്ന് പലതവണ മന്ത്രിസഭായോഗം ചേര്‍ന്ന് തീരുമാനിച്ചതായി പരസ്യപ്രഖ്യാപനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ നടത്തിയെങ്കിലും അത് ഔദ്യാഗികമായി രേഖാമൂലം നല്‍കാന്‍ തയാറാകാതിരുന്നത് ഉന്നതതല ഗൂഢാലോചന നടന്നുവെന്ന് വ്യക്തമാക്കുന്നു. വിവാദമായ ഡി.എം.ആര്‍.സിയുടെ ബോര്‍ഡ് യോഗം 15ന് കഴിഞ്ഞതിനുശേഷം മാത്രമേ ഇങ്ങനെയൊരു കത്തയക്കാന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദും തയാറായുള്ളൂ. മന്ത്രിസഭ തീരുമാനമെടുത്തുവെന്ന് പറയുന്ന ഘട്ടത്തില്‍തന്നെ കെ.എം.ആര്‍.എല്‍ ഹൈകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആഗോള ടെന്‍ഡര്‍ വിളിക്കുമെന്നാണ് അറിയിച്ചത്. പൊതുമരാമത്തു മന്ത്രിതന്നെ ഇക്കാര്യം പരസ്യമായി മാധ്യമങ്ങളോട് പറയുകയും ചെയ്്തു. ഇതിനായി ബംഗളൂരു മെട്രോയുമായി ചര്‍ച്ച നടത്തുന്നതിനായി കെ.എം.ആര്‍.എല്‍ എം.ഡിയായിരുന്ന ടോം ജോസ് അവിടെ സന്ദര്‍ശിക്കുകയും ചെയ്തു. മലേഷ്യയിലെ രണ്ടു കമ്പനികളുമായും ചീഫ് സെക്രട്ടറിയും സിംഗപ്പൂര്‍ കമ്പനിയുമായി എം.ഡിയും ചര്‍ച്ച നടത്തി. നിലവിലുള്ള ഭരണനടപടി ക്രമമനുസരിച്ച് മുഖ്യമന്ത്രി അറിയാതെ ഇതൊന്നും നടത്താന്‍ കഴിയില്ല. എമര്‍ജിങ് കേരളയില്‍ നിക്ഷേപസാധ്യതയുള്ള വന്‍കിട പദ്ധതികളില്‍ രണ്ടാമത്തേതായി കൊച്ചി മെട്രോയെ അവതരിപ്പിച്ച് സ്വകാര്യപങ്കാളിത്തം ക്ഷണിക്കുകയും ചെയ്തു. ഇതെല്ലാം കാണിക്കുന്നത് ഡി.എം.ആര്‍.സിയെ ഒഴിവാക്കുന്നതിനുള്ള ആസൂത്രിതമായ പദ്ധതിയാണ് അരങ്ങേറുന്നതെന്നാണ്.

kaalidaasan said...

>>>>>ഒന്നും ഉണ്ടാക്കാന്‍ സി.പി.എമ്മുകാര്‍ സമ്മതിക്കുകയില്ല. ആരെങ്കിലും ഉണ്ടാക്കിയത് മസ്സില്‍ പവ്വര്‍ ഉപയോഗിച്ച് പിടിച്ചെടുത്ത് പാര്‍ട്ടിയെ വളര്‍ത്താന്‍ ഉപയോഗിക്കുകയേയുള്ളൂ. <<<<<

അന്ധമായ സി പി എം വിരോധം കൊണ്ട് താങ്കള്‍ക്ക് സ്ഥലകാല ബോധം നഷ്ടപ്പെട്ടു എന്നു തോന്നുന്നു. ആരാണു കൊച്ചി മെട്രോ പദ്ധതി ഇത്രത്തോളം എത്തിച്ചതെന്നറിയാന്‍ വായിക്കുക.

കൊച്ചി മെട്രോ: അഴിമതിക്ക് കോപ്പുകൂട്ടുന്നവര്‍

യഥാര്‍ഥത്തില്‍ കൊച്ചി മെട്രോയുടെ തുടക്കം മുതല്‍ ഡി.എം.ആര്‍.സിയുണ്ട്. 1996-2001 ലെ നായനാര്‍ സര്‍ക്കാറിന്‍െറ കാലത്താണ് കൊച്ചിയുടെ ഗതാഗത പ്രശ്നത്തിന് പരിഹാരം കാണുന്നതിനുള്ള പഠനത്തിന് തുടക്കം കുറിക്കുന്നത്. തുടര്‍ന്നുവന്ന യു.ഡി.എഫ് സര്‍ക്കാറിന്‍െറ സമയത്ത് മെട്രോക്ക് പകരം സ്കൈബസ്് എന്ന നിര്‍ദേശം വന്നെങ്കിലും ഗോവയിലെ പരീക്ഷണഘട്ടത്തില്‍ അപകടം ഉണ്ടായതോടെ അതിന്‍െറ പ്രചാരകര്‍ക്ക് പിന്‍വാങ്ങേണ്ടിവന്നു. 2005ല്‍ ഡി.എം.ആര്‍.സി മെട്രോ സംബന്ധിച്ച് വിശദമായ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ന്ന് അധികാരത്തില്‍വന്ന വി.എസ് സര്‍ക്കാര്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഡി.എം.ആര്‍.സിയെ ഏല്‍പിക്കുന്നതിന് നിശ്ചയിക്കുകയും മന്ത്രിസഭാതീരുമാനം ചീഫ് സെക്രട്ടറി നഗര വികസനമന്ത്രാലയ സെക്രട്ടറിയെയും ഡി.എം.ആര്‍.സിയെയും അറിയിക്കുകയും ചെയ്തു. മുഖ്യമന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉന്നതതലയോഗം വിളിക്കുകയും ചെയ്തു. 2009 നവംബര്‍ 19ന്് കേന്ദ്രമന്ത്രിസഭയുടെ പരിഗണനയില്‍ വന്നെങ്കിലും അപ്രതീക്ഷിതമായി തീരുമാനം മാറ്റിവെച്ചു.

യു പി എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിന്റെ ദേഷ്യം തീര്‍ക്കാന്‍ ആയിരുന്നു അന്ന് അത് മാറ്റി വച്ചത്.

kaalidaasan said...

>>>>>ചുരുക്കിപ്പറഞ്ഞാല്‍ DMRCക്ക് നിന്ന് തിരിയാന്‍ നേരമില്ല. കൊച്ചി മെട്രോയുടെ നിര്‍മ്മാണച്ചുമതല കൂടി ഏറ്റെടുത്താല്‍ ഡല്‍ഹിയിലെ ജോലികള്‍ അവതാളത്തിലാകും. <<<<<

കൊച്ചി മെട്രോയുടെ നിര്‍മ്മാണച്ചുമതല എത്രയോ മുമ്പ് തന്നെ ഡി എം ആര്‍ സി ഏറ്റെടുത്തിട്ടുണ്ട് എന്ന സത്യം താങ്കള്‍ക്കറിയില്ല എന്നു തോന്നുന്നു.

കൊച്ചി മെട്രോ: അഴിമതിക്ക് കോപ്പുകൂട്ടുന്നവര്‍


സംസ്ഥാനസര്‍ക്കാറിന്‍െറ ആവശ്യപ്രകാരം 2010 ജൂണില്‍ ഡി.എം.ആര്‍.സിയുടെ ഓഫിസ് കൊച്ചിയില്‍ പ്രവര്‍ത്തനം തുടങ്ങി. പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ 158 കോടി രൂപ അനുവദിച്ചു. ഇത് സര്‍ക്കാര്‍ ഉത്തരവായി ഇറക്കുകയും ഡി.എം.ആര്‍.സിയെ ചുമതല ഏല്‍പിക്കുകയും ചെയ്തു. അവര്‍ ടെന്‍ഡര്‍ വിളിച്ച് മാര്‍ച്ച് മാസത്തില്‍ ഉറപ്പിച്ചു. അധികം വൈകാതെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങി.
കേരളത്തില്‍ ഭരണമാറ്റം ഉണ്ടായതിനുശേഷം മാത്രമാണ് കേന്ദ്രം കൊച്ചി മെട്രോക്ക് അംഗീകാരം നല്‍കിയത്. അനുമതി ലഭിച്ചതിനെ തുടര്‍ന്ന് കൊച്ചി മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി മാത്രം 30 എന്‍ജിനീയര്‍മാരെ ഡി.എം.ആര്‍.സി തെരഞ്ഞെടുക്കുകയും അവര്‍ക്ക് പരിശീലനം നല്‍കി നിയമിക്കുകയും ചെയ്തു. മുട്ടത്ത് മെട്രോ യാര്‍ഡ്് നിര്‍മിക്കുന്നതിനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി 34 കോടി രൂപ വകയിരുത്തി ടെന്‍ഡര്‍ വിളിച്ചു. കൊച്ചി മെട്രോയുടെ നിര്‍മാണത്തിന്‍െറ പൂര്‍ണ ഉത്തരവാദിത്തം ഇ. ശ്രീധരനു നല്‍കി ഡി.എം.ആര്‍.സി ഉത്തരവിറക്കുകയും ചെയ്തു. കെ.എം.ആര്‍.എല്ലുമായി ഒപ്പുവെക്കേണ്ട ധാരണാപത്രത്തിന്‍െറ കരട് 2012 ഫെബ്രുവരിയില്‍ അയച്ചുകൊടുത്തു. ഇതെല്ലാം കാണിക്കുന്നത് ഡി.എം.ആര്‍.സി കൊച്ചി മെട്രോ പദ്ധതി ഏറ്റെടുത്തുവെന്നുതന്നെയാണ്. അതുകൊണ്ട് ഈ പദ്ധതിയില്‍നിന്ന് പിന്‍വാങ്ങാന്‍ അവര്‍ക്ക് അവകാശമില്ല. രാജസ്ഥാന്‍ സംസ്ഥാന സര്‍ക്കാറിന്‍െറ മാത്രം കമ്പനിയായ ജയ്്പൂര്‍ മെട്രോയുടെ നിര്‍മാണം ഏറ്റെടുക്കുന്നത് തടസ്സമില്ലാതിരുന്നവര്‍ക്ക് നേരത്തെ തന്നെ ഏറ്റെടുത്ത കൊച്ചിയുടെ കാര്യത്തില്‍ എങ്ങനെയാണ് പുതിയ തടസ്സമുണ്ടാകുന്നത്?

kaalidaasan said...

>>>>>ഇക്കാര്യത്തില്‍ സി.പി.എമ്മും എന്‍.കെ.പ്രേമചന്ദ്രനും നല്ല കുളം കലക്കലാണ് ചെയ്യുന്നത്. എങ്ങനെ കൊച്ചി മെട്രോ യാഥാര്‍ഥ്യമാക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പരക്കം പായുമ്പോഴും DMRC അതിന്റെ നിസ്സഹായാവസ്ഥ പ്രകടിപ്പിക്കുമ്പോഴും സി.പി.എമ്മും പ്രേമചന്ദ്രനും പറയുന്നത്, കൊച്ചി മെട്രോ DMRCയെയും ശ്രീധരനെയും ഏല്‍പ്പിക്കുന്നത് തടയാന്‍ ഉമ്മന്‍ ചാണ്ടിയും സര്‍ക്കാരും ഷീല ദീക്ഷിതും കമല്‍ നാഥും തൊട്ട് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് വരെ ഗൂഢാലോചന നടത്തുന്നു എന്നാണ്<<<<<

ഇതില്‍ യാതൊരു സംശയവുമില്ല. സ്മാര്‍ട്ട് സിറ്റി എന്ന പേരില്‍ പണ്ട് കൊച്ചിയിലെ ഇന്‍ഫോ പാര്‍ക്ക് സഹിതം  പൊതു മുതല്‍ അറബികള്‍ക്ക് തീറെഴുതി കൊടുക്കാന്‍ നടത്തിയ നീക്കം പോലെ ഒന്നാണിതും. സ്വകാര്യ വ്യക്തികള്‍ വന്നാലേ ഇതൊക്കെ നടക്കൂ. ഡി എം ആര്‍ സി വന്നാല്‍ നടക്കില്ല. കൊച്ചി മെട്രോ എങ്ങനെയെങ്കിലും യാഥാര്‍ഥ്യമാക്കേണ്ട ആവശ്യമില്ല. സുതാര്യമായ രീതിയില്‍ അഴിമതി ഇല്ലാതെ യാഥാര്‍ത്ഥ്യമാക്കിയാല്‍ മതി. ഈ പദ്ധതി സംബന്ധിച്ച് ഇതു വരെ നടന്ന പിന്‍വാതില്‍ നടപടികള്‍ ആരിലും സംശയമുണ്ടാക്കും. സി പി എമ്മിനും പ്രേമചന്ദ്രനും മാത്രമല്ല, കേരളത്തിലെ ഭൂരിഭാഗം ജനങ്ങള്‍ക്കും ഈ സംശയമുണ്ട്. ജനങ്ങളെ കൂടി വിശ്വാസത്തിലെടുത്തേ ഇതുപോലെ ഒരു പദ്ധതി നടപ്പാക്കാവൂ. ഉമ്മനത് അനുഭവത്തിലുണ്ട്. പണ്ട് സ്മാര്‍ട്ട് സിറ്റിക്കുണ്ടാക്കിയ കരാര്‍ ജനങ്ങളുടെ തീരുമാനത്തിനു വിട്ടിട്ട് എന്തുണ്ടായി എന്നതൊന്നും അദ്ദേഹം മറക്കില്ല. ഉമ്മന്‍ ചാണ്ടിക്ക് നട്ടെല്ലില്ല എന്നൊക്കെ താങ്കള്‍ പറഞ്ഞോളൂ. ജനാധിപത്യം എന്നു പറയുന്നതിനൊക്കെ ഒരര്‍ത്ഥമുണ്ട്. ഉമ്മന്‍ ചാണ്ടി എന്ന രാജാവൊന്നുമല്ല കേരളം ഭരിക്കുന്നത്.

ഉമ്മന്‍ ചാണ്ടിയും സര്‍ക്കാരും ഷീല ദീക്ഷിതും കമല്‍ നാഥും തൊട്ട് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് വരെ ഗൂഢാലോചന നടത്തുന്നു എന്ന് സി പി എം ജനങ്ങളെ പറഞ്ഞ് വിശ്വസിപ്പിക്കേണ്ട ആവശ്യമില്ല. കോമണ്‍ വെല്‍ത്ത്, റ്റു ജി സ്പെക്റ്റ്രം, എസ് ബാന്‍ഡ്, കല്‍ക്കരി തുടങ്ങി ഇവരുടെ തൊപ്പികളിലെ പൊന്‍ തൂവലു കള്‍ കണ്ട ഏത് മനുഷ്യരും ഇവരുടെ ഉദ്ദേശ ശുദ്ധിയെ സംശയിക്കുക സ്വാഭാവികമാണ്.

kaalidaasan said...
This comment has been removed by the author.
kaalidaasan said...

>>>>>DMRCയും ശ്രീധരനും ഇല്ലാതെ കൊച്ചി മെട്രോ പാടില്ല എന്നാണ് ഇടത്പക്ഷത്തിന്റെ പ്രഖ്യാപിത നിലപാട്. ഉമ്മന്‍ ചാണ്ടിക്കാണെങ്കില്‍ ഇടത് പക്ഷത്തിനെ ധിക്കരിക്കാനുള്ള നട്ടെല്ലുമില്ല. <<<<<

അതെ അതു തന്നെയാണു ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാട്. എന്തേ അങ്ങനെ ഒരു നിലപാട് എടുക്കന്‍ പാടില്ല എന്ന ഒരു നിയമം നിലവിലുണ്ടോ?

ഇടതുപക്ഷം ഈ നിലപാടെടുക്കുന്നതിനു കാരണമുണ്ട്. അതിവിടെ വായിക്കാം.

കൊച്ചി മെട്രോ: അഴിമതിക്ക് കോപ്പുകൂട്ടുന്നവര്‍

കൊച്ചി മെട്രോ പദ്ധതിയില്‍നിന്ന് ഇ. ശ്രീധരനെയും ഡി.എം.ആര്‍.സിയെയും ഒഴിവാക്കാനുള്ള ആസൂത്രിതമായ ഗൂഢാലോചന യു.ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ തുടങ്ങിയിരുന്നു. അതിന് ഏറ്റവും യോജ്യനായ വ്യക്തിയെന്ന നിലയിലാണ് ടോം ജോസിനെ ഇതിന്‍െറ ചുമതല ഏല്‍പിച്ചത്. ആഗോള ടെന്‍ഡര്‍ വിളിച്ചില്ലെങ്കില്‍ ജൈക്ക ലോണ്‍ ലഭിക്കില്ലെന്ന് അവര്‍ അറിയിച്ചതായി ആധികാരികമെന്ന മട്ടില്‍ അദ്ദേഹം അന്ന് പ്രചരിപ്പിച്ചു. കുറഞ്ഞ നിരക്കില്‍ വായ്പ അനുവദിക്കുന്നതിന് അവര്‍ തയാറാണെന്നും എന്നാല്‍ ഈ വ്യവസ്ഥയാണ് തടസ്സമായി നില്‍ക്കുന്നതെന്നും അതുകൊണ്ട് ഡി.എം.ആര്‍.സിക്ക് ചുമതല നല്‍കാനാവില്ലെന്നും പറഞ്ഞു. എന്നാല്‍, യാഥാര്‍ഥ്യവുമായി പുലബന്ധം പോലുമില്ലാത്ത കാര്യമായിരുന്നു അതെന്ന് പിന്നീട് തെളിഞ്ഞു.
വായ്പക്കായി അപേക്ഷ നല്‍കണമെങ്കില്‍ അതത് രാജ്യങ്ങളിലെ സര്‍ക്കാറുകളുടെ അനുമതി ലഭിക്കണം. അന്ന് കൊച്ചി മെട്രോക്ക് കേന്ദ്രം അംഗീകാരം നല്‍കിയിരുന്നില്ല. അതുകൊണ്ടുതന്നെ വായ്പക്കുള്ള അപേക്ഷ നല്‍കുകപോലും ചെയ്തിരുന്നില്ല. ആ സമയത്താണ് ഇല്ലാത്ത തടസ്സം ജൈക്ക ഉന്നയിച്ചെന്ന നുണപ്രചാരണം നടത്തിയത്. അത് തുറന്നുകാട്ടപ്പെട്ടതോടെ പ്രശ്നം മാധ്യമങ്ങളും പൊതുസമൂഹവും ഏറ്റെടുത്തു.

താന്‍ അമാനുഷനല്ലെന്നും ഡി.എം.ആര്‍.സിയില്ലാതെ തനിക്ക് ഈ പ്രവര്‍ത്തനം ഏറ്റെടുക്കാനാവില്ലെന്നും ഇ. ശ്രീധരന്‍ തറപ്പിച്ചു പറഞ്ഞു. മാത്രമല്ല, ദല്‍ഹി മെട്രോയുള്‍പ്പെടെയുള്ള പദ്ധതിക്ക് ഏറ്റവും കുറഞ്ഞ പലിശനിരക്കില്‍ വായ്പ നല്‍കുന്നത് ജൈക്കയാണെന്നും അവര്‍ക്ക് ഇക്കാര്യത്തില്‍ ഒരു തടസ്സവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം ഡി.എം.ആര്‍.സിയെ ഒഴിവാക്കുന്നത് പദ്ധതിയുടെ നടത്തിപ്പിലെ സുതാര്യതയെ ബാധിക്കുമെന്ന കാര്യവും സൂചിപ്പിച്ചു. നില്‍ക്കക്കള്ളിയില്ലാതായ മുഖ്യമന്ത്രിയും കൂട്ടരും ശ്രീധരനെയും ഡി.എം.ആര്‍.സിയെയും തന്നെ ചുമതല ഏല്‍പിക്കുമെന്ന് മന്ത്രിസഭായോഗം ചേര്‍ന്ന് പ്രഖ്യാപിച്ചു. എന്നാല്‍, ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇതുവരെയും പുറത്തിറക്കിയില്ല. തങ്ങള്‍ക്ക് പ്രത്യേക താല്‍പര്യമില്ലെന്ന പ്രതീതി സൃഷ്ടിക്കുന്നതിനായി ടോം ജോസിനെ എം.ഡി സ്ഥാനത്തുനിന്ന് മാറ്റി.

ഡി.എം.ആര്‍.സിയുടെയും ശ്രീധരന്‍െറയും ട്രാക്ക് റെക്കോഡ് നോക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ അഴിമതിയുടെ കറ പുരളാതെ ഇതെല്ലാം നടക്കുമെന്ന് ഉറപ്പിക്കാന്‍ കഴിയും. അതുതന്നെയാണ് ചിലരെ അസ്വസ്ഥമാക്കുന്നത്. എങ്ങനെയെങ്കിലും ശ്രീധരനെയും ഡി.എം.ആര്‍.സിയെയും പുകച്ചു പുറത്തുചാടിക്കാന്‍ ശ്രമിക്കുന്നതിന്‍െറ പിറകിലെ കാരണവും ഇതുതന്നെയാണ്. ഡി.എം.ആര്‍.സിയും ഇ. ശ്രീധരനും ഒരു വര്‍ക്കും കിട്ടാത്തതുകൊണ്ട് എങ്ങനെയെങ്കിലും കൊച്ചി മെട്രോയുടെ കരാര്‍ കിട്ടാന്‍ കെട്ടിക്കിടക്കുകയല്ല. ഈ പദ്ധതി സമയബന്ധിതമായി അഴിമതിയില്ലായെ പൂര്‍ത്തീകരിക്കുന്നതിന് ഇവരുടെ സഹായം കേരളത്തിനാണ് ആവശ്യമായിട്ടുള്ളത്.


ഇടതുപക്ഷം ഈ നിലപാടെടുക്കുന്നതിനു കാരണമുണ്ട്. അതിവിടെ വായിക്കാം. സ്മാര്‍ട്ട് സിറ്റി വിഷയത്തില്‍ ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാടിനെ ഉമ്മന്‍ ചാണ്ടി ധിക്കരിച്ചപ്പോള്‍ ജനങ്ങളെന്തു ചെയ്തു എന്ന് ഉമ്മനറിയാം. അത് നട്ടെല്ലില്ലായ്മയാണെന്നു തോന്നുന്നത് ജനാധിപത്യത്തോടുള്ള പുച്ഛം കൊണ്ടാണ്.