ഡൽഹി പ്രക്ഷോഭം നൽകുന്ന പാഠം

ബസ്സിൽ വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ഡൽഹിയിൽ ആളിക്കത്തിയ രോഷത്തീ നമ്മുടെ യുവജനതയുടെ പൗരബോധത്തിലും ജനാധിപത്യത്തിന്റെ ഭാവിയിലും പ്രതീക്ഷ നൽകുന്നതായി. നിലവിൽ ഇന്ത്യയിൽ ഒരു പാർട്ടിക്കും ഇങ്ങനെയൊരു പ്രതിക്ഷേധ മാർച്ച് സംഘടിപ്പിക്കാൻ കഴിയില്ല. ഡൽഹിയിൽ യുവാക്കൾ സ്വമേധയാ സംഘടിക്കുകയായിരുന്നു. സ്വന്തം കുടുംബത്തിൽ നേരിട്ട അത്യാഹിതം പോലെയാണു ആളുകൾ ആ വിദ്യാർത്ഥിനിയുടെ ദുരന്തത്തെ കണ്ടത്.

സമരങ്ങളും പ്രതിക്ഷേധങ്ങളും ഇങ്ങനെയാണു സ്വാഭാവികമായി ഉയർന്നു വരേണ്ടത്. ജനങ്ങളുടെ മനസ്സിൽ സ്വാഭാവികമായി രോഷം ഉണരണം. രാഷ്ട്രീയക്കാർ അവരുടെ പാർട്ടി താല്പര്യങ്ങൾ സംരക്ഷിക്കാനാണു പ്രതിക്ഷേധങ്ങൾ സംഘടിപ്പിക്കാറുള്ളത്. നിർബ്ബന്ധത്തിനു വഴങ്ങിയോ പാർട്ടിക്കൂറു കൊണ്ടോ ആണു അത്തരം സമരങ്ങളിൽ അണികൾ പങ്കെടുക്കാറുള്ളതും. അത്തരം പ്രതിക്ഷേധങ്ങൾ കൃത്രിമസമരങ്ങളാണു. ദൽഹിയിൽ സംഘടിച്ചത് പാർട്ടി അണികളല്ല.ആവിടെ പങ്കെടുത്ത ഓരോരുത്തരുടെയും മനസ്സിൽ ആത്മാർത്ഥമായ ധാർമ്മികരോഷമുണ്ടായിരുന്നു.

ആ സമരം കണ്ട് സർക്കാർ പകച്ചുപോയിരിക്കണം. രാഷ്ട്രീയക്കാരുടെ സമരങ്ങൾ, അതിൽ പങ്കെടുക്കുന്നവർ കൂലിക്കാരായ പാർട്ടിത്തൊഴിലാളികൾ ആകുന്നതിനാൽ നിയന്ത്രിക്കാൻ എളുപ്പമായിരിക്കും. എന്നാൽ ജനങ്ങളുടെ യഥാർത്ഥ പ്രക്ഷോഭം അണപൊട്ടിയാൽ അത് നിയന്ത്രിക്കാൻ എളുപ്പമാവില്ല എന്ന് സർക്കാരിനു ബോധ്യപ്പെട്ടുകാണും. ഡൽഹിയിൽ നടന്ന സമരത്തിനു ആരുടെയും നേതൃത്വം ഇല്ലായിരുന്നു. അവിടെ പങ്കെടുത്ത ഓരോ ആളും സ്വയം നേതാവായിരുന്നു. അങ്ങനെയാണു വേണ്ടത്. ജനങ്ങളുടെ ഉത്തരവാദിത്വം തങ്ങൾക്കാണെന്ന് കരുതുന്ന രാഷ്ട്രീയക്കാർ ഇത് കണ്ണ് തുറന്ന് കാണണം. ഇതാണു ജനകീയപ്രക്ഷോഭം. അല്ലാതെ നിങ്ങൾ ആട്ടിത്തെളിച്ചുകൊണ്ടുവരുന്ന അടിമകളായ അണികൾ നടത്തുന്ന പ്രകടനങ്ങൾ സമരങ്ങളല്ല. അതൊക്കെ പാർട്ടിദൈവങ്ങളായ നിങ്ങളെ തൃപ്തിപ്പെടുത്താനുള്ള പാവം അണികളുടെ വഴിപാട് നേർച്ചകളാണു. അത്തരം സമരാഭാസങ്ങൾക്ക് ധാർമ്മികബലമുണ്ടാകില്ല.

ഇന്ന് ദിനേനെ പത്രങ്ങളിൽ പീഡനവാർത്തകൾ വരുന്നത് ജനങ്ങളെ വല്ലാതെ ഭീതിപ്പെടുത്തുന്നുണ്ട്. ഓരോ പുരുഷനെയും സ്ത്രീയാണു പ്രസവിക്കുന്നത്. അമ്മയോ പെങ്ങളോ ഭാര്യയോ ഇല്ലാതെ ഒരു പുരുഷനും നിലനിൽപ്പില്ല. ആ നിലനില്പാണു ഇത്തരം പീഡനസംഭവങ്ങളിലൂടെ ചോദ്യം ചെയ്യപ്പെടുന്നത്.  അത്കൊണ്ട് ഒരു തരം അരക്ഷിതബോധം സമൂഹത്തിൽ പടരുകയാണു. മനുഷ്യന്റെ ആകൃതിയിൽ ചില മൃഗങ്ങളെ ചില അമ്മമാർ പെറ്റെടുത്തതിന്റെ ഫലമാണിത്. ആ മൃഗങ്ങൾക്ക് വധശിക്ഷ നൽകണം എന്ന ആവശ്യം  ആളുകൾ ഉയർത്തുന്നത് ന്യായമാണു. പക്ഷെ ഒരു പരിഷ്കൃത സമൂഹം വധശിക്ഷയെ അംഗീകരിക്കുന്നില്ല. ആഭ്യന്തരമന്ത്രി ഉറപ്പ് കൊടുത്തത് ശരി തന്നെ. പക്ഷെ അത്തരം ഒരു നിയമനിർമ്മാണം നടത്തുക എളുപ്പമല്ല.

അതിലും നല്ലത് , പെൺകുട്ടികളെയോ വനിതകളെയോ പീഡിപ്പിക്കുന്ന ഇരുകാലി മൃഗങ്ങളെ കൈയോടെ പിടി കൂടി ഏറ്റവും വേഗത്തിൽ ശിക്ഷ വിധിക്കുക എന്നതാണു. കുറ്റത്തിന്റെ തീവ്രത അനുസരിച്ച് 20 വർഷം വരെ കഠിന തടവ് വിധിക്കാവുന്നതാണു. കുറഞ്ഞ ശിക്ഷ 5 വർഷം എങ്കിലും വേണം. പിടികൂടിയാൽ പിന്നെ കുറ്റവാളി പുറത്ത് വരരുത്. ഒരു മാസത്തിനുള്ളിൽ വിചാരണ നടത്തി ശിക്ഷ വിധിക്കണം. ഇതൊക്കെ സർക്കാർ വിചാരിച്ചാൽ നടപ്പാക്കാൻ പറ്റും.

രാജ്യത്ത് ഇന്ന് എത്രയോ അമ്മമാർ ഇമ്മാതിരി മൃഗങ്ങളെ പ്രസവിക്കുന്നുണ്ട്. അത്കൊണ്ട് വ്യാപകമായ ബോധവൽക്കരണം നടക്കണം. സമൂഹത്തിൽ നിന്ന് ഈ ഇരുകാലി മൃഗങ്ങളെ ഒറ്റപ്പെടുത്തണം.  ആ മൃഗങ്ങൾക്ക് താക്കീത് കൊടുക്കുന്ന, അല്ലയോ മനുഷ്യമൃഗമേ നിന്നെയും ഒരമ്മ പെറ്റതാണു എന്ന് വിവരിക്കുന്ന വാൾ പോസ്റ്ററുകളും മറ്റും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രദർശിപ്പിക്കണം.  സമൂഹത്തെ മാനവീകരിക്കാൻ സർക്കാരും ജനങ്ങളും കഴിയുന്നത് ചെയ്യണം. നമ്മുടെ രാജ്യത്ത് ജനസംഖ്യ ഏറെയുണ്ട്. മനുഷ്യമൃഗങ്ങൾക്ക് എവിടെയും ഒളിഞ്ഞിരിക്കാൻ അത്കൊണ്ട് പറ്റും. വയലിലെ കള പിഴുത് മാറ്റുന്നത് പോലെ ഒരു ശുദ്ധീകരണ പ്രക്രിയ സമൂഹത്തിൽ അടിയന്തിരമായി നടപ്പാക്കേണ്ടി വന്നിരിക്കുന്നു. എങ്കിൽ മാത്രമേ ഇനി ഇവിടെ അമ്മമാർക്ക് ധൈര്യത്തോടെ പെൺകുട്ടികളെ പ്രസവിക്കാൻ കഴിയൂ.

12 comments:

njaan punyavalan said...

അതെ പ്രതീക്ഷ നല്‍ക്കുന്ന സമരം ഈ അഗ്നി ഈ ജാഗ്രത ഭാരത യുവത മുഴുവന്‍ ഏറ്റെടുത്തെങ്കില്‍ എന്നാശിക്കുന്നു ഇതു തുടര്‍ന്ന് വെങ്കില്‍ എന്ന് കൊതിക്കുന്നു ....

പ്രതികരിക്കുന്ന ഒരു ജന സമൂഹത്തിനു മാത്രമേ ഒരു കെട്ടുറപ്പുള്ള ഭരണ കൂടാതെ സൃഷ്ടിക്കാന്‍ ആവു.

വളരെ ലാഘവത്തോടെ നേരിട്ട സമരം കത്തി പടര്‍ന്നപ്പോ അതൊരു ചരിത്രമായി മാറി ഭരണക്കൂടങ്ങള്‍ ഇന്നലെ ഒരു ദിനം ഭയന്ന് വിറച്ചിരിക്കും തീര്‍ച്ച സ്നേഹാശംസകള്‍ പുണ്യവാളന്‍ - ഇനി ഞാന്‍ മരിക്കില്ല

Ananth said...

ഡല്‍ഹിയില്‍ നടന്ന ജനകീയ പ്രക്ഷോഭം ഒരു spontaneous phenomenon ആണെന്നും .....ഇത്തരം ഒരു സംഗതി വ്യക്തമായ ആസൂത്രണവും നേതൃത്വവും ഇല്ലാതെ ഓരോ വ്യക്തിയും സ്വന്തം മനസാക്ഷിക്കനുസരിച്ച് ഇറങ്ങി പുറപ്പെടുക ആയിരുന്നു എന്നും ആങ്ങിനെ പതിനായിരക്കണക്കിനു ആളുകള്‍ പോലീസിന്റെ ലാത്തിയും ജലപീരങ്കിയും ഒക്കെ നേരിടാനായി അണിനിരന്നു എന്നൊക്കെ പറയുമ്പോള്‍ .....അത് കേള്‍ക്കാന്‍ സുഖമുള്ള ഒരു romantic notion ആണെന്ന് മാത്രമേ എനിക്ക് തോന്നുന്നുള്ളൂ ..........ആദ്യകാലങ്ങളിലെ അണ്ണാ ഹസാരെ യുടെ സമരപരിപാടികളില്‍ കണ്ടത് പോലെ ഇത്തവണയും സംഘ പരിവാറിന്റെ subterranean network ന്റെ അദൃശ്യ സാന്നിധ്യം ഇതിനു പിന്നില്‍ ഉണ്ടാവും എന്ന് കരുതുന്നതാണ് കുറച്ചുകൂടെ യുക്തിസഹം .........അതെന്തു തന്നെ ആയാലും കൂട്ടമാനഭംഗം എന്ന സംഭവം ജനങ്ങളോട് യാതൊരു പ്രതിബദ്ധതയും കാണിക്കാത്ത സര്‍ക്കാരിനോടുള്ള അമര്‍ഷം അണ പൊട്ടി ഒഴുകുന്നതിനു ഒരു നിമിത്തമായി എന്ന് വേണം കരുതാന്‍ .

ഇപ്പോള്‍ നടക്കുന്നത് പോലെ തൂക്കികൊല്ലണം എന്നൊക്കെ യുള്ള ആവശ്യം ഒരു അതി വൈകാരികമായ പ്രതികരണം എന്നേ പറയാന്‍ പറ്റൂ .....അങ്ങിനെ വന്നാല്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ ഇരയെ കൊലപ്പെടുതുവാനുള്ള സാധ്യത കൂടുതലാവും ....എന്തായാലും പിടിക്കപ്പെട്ടാല്‍ ശിക്ഷ ഒന്ന് തന്നെ എന്നതും പിന്നെ ഇര ജീവിച്ചിരുന്നാല്‍ പിടിക്കപ്പെടാനുള്ള സാധ്യതയും കൂടുതലാവും എന്നതും ഇത്തരം ഒരു സാധ്യത വര്‍ധിപ്പിക്കുന്നു . ലൈംഗിക കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ പ്രത്യേകം watchlist ഇല്‍ പെടുത്തി നിരീക്ഷിക്കുകയും repeated offenders നെ സമൂഹത്തില്‍ നിന്നും പൂര്‍ണമായും അകറ്റി നിര്‍ത്തുകയും ചെയ്യുന്ന ഒരു സംവിധാനം വളരെ കര്‍ശനമായും നടപ്പാക്കിയാല്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ വലിയൊരളവില്‍ നിയന്ത്രണ വിധേയമാക്കാന്‍ കഴിയും എന്നാണു എന്റെ അഭിപ്രായം

ഷാജു അത്താണിക്കല്‍ said...

ഇതാണ് സമരം, ഇത് മാത്രമാണ് സമരം

കിരൺ said...

തെറ്റായ ജീവിതസാഹചര്യങ്ങളിലൂടെയാണ് ഇത്തരം മൃഗങ്ങള്‍ ഉയിരെടുക്കുന്നത്. ശരിയായ വിദ്യഭ്യാസത്തിന്റെ കുറവും മദ്യം മയക്കുമരുന്ന് എന്നിവയുടെ സ്ഥിരമായ ഉപയോഗവും ആയിരിക്കണം ഇത്തരത്തിലുള്ള മൃഗവാസനകള്‍ വര്‍ദ്ധിച്ചു വരുന്നതിന്റെ കാരണം. ഒരിക്കല്‍ ഇതുപോലൊരു കേസില്‍ പെട്ടുപോയാല്‍ പിന്നെ അവന്റെ ജീവിതം വളരെ സുരക്ഷിതമായി ഇന്നത്തെ സാഹചര്യത്തില്‍ എന്നു വേണം പറയാന്‍. പിന്നീട് ഇവരെ ഉപയോഗിക്കാന്‍ ഗുണ്ടാ സംഘങ്ങളും രാഷ്ട്രീയക്കാരും ഒരുപോലെ തയാറാകുന്നു. എല്ലാ കുറ്റകൃത്യങ്ങള്‍ക്കും ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന്റേയോ രാഷ്ട്രീയക്കാരന്റെയോ പിന്‍ബലമുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്. അതുകൊണ്ട് തന്നെ യുവജനങ്ങള്‍ പ്രക്ഷോഭവുമായി ഈ രീതിയില്‍ രാഷ്ട്രീയഭേദമില്ലാതെ രംഗത്തിറങ്ങുക എന്നത് ഭരണകക്ഷിക്കുമാത്രമല്ല ഓരോ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും ഇപ്പോള്‍ തലവേദന സൃഷ്ടിച്ചിരിക്കും.

ആദ്യം ചെയ്യേണ്ടകാര്യം ക്രിമിനല്‍ പശ്ചാത്തലമുള്ള കേസുകളില്‍ രാഷ്ട്രീയക്കാര്‍ ഇടപെടാതെ നോക്കുക എന്നതാണ്. അതിനാണ് ആദ്യം നിയമനിര്‍മ്മാണം നടത്തേണ്ടത്. ഏതു കക്ഷിയില്‍പ്പെട്ട ആളായാലും എന്തിനുവേണ്ടി ചെയ്തതായാലും കേസ് വ്യക്തിപരമായിത്തന്നെ എടുക്കണം. അങ്ങനെവരുമ്പോള്‍ ക്രിമിനല്‍ ജനസമ്പര്‍ക്ക പരിപാടികള്‍ക്ക് രാഷ്ട്രീയക്കാര്‍ക്ക് ആളെകിട്ടാതെവരും.സ്വാഭാവികമായും രക്ഷിക്കാന്‍ ആളില്ലെന്ന് വരുമ്പോള്‍ ഇത്തരത്തിലുള്ള ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ കുറയും. ഇടപെടുന്ന രാഷ്ട്രീയക്കാരനേയും ശിക്ഷിക്കാന്‍ നിയമം വേണം. അയാളുടെ പൊതുപ്രവര്‍ത്തനം അതോടെ അവസാനിപ്പിക്കുകയും വേണം. അങ്ങനെ നോക്കുമ്പോള്‍ ഇന്നിന്ത്യയില്‍ ഭരിക്കാന്‍ യോഗ്യതയുള്ള ഒന്നോ രണ്ടോ പേര്‍ കാണും! കതിരില്‍ വളം വച്ചിട്ട് കാര്യമില്ലല്ലോ?! ഈ കതിരുകളെല്ലാം കൊയ്തെറിഞ്ഞ് പുതുവിളകള്‍ തല്‍സ്ഥാനമേറ്റെടുക്കും എന്നു നമുക്കു പ്രത്യാശിക്കാം.

വി.ബി.രാജൻ said...

ഫേസ് ബുക്ക് പോലുള്ള നവ മാധ്യമങ്ങളുടെ ജന സ്വാധീനമാണ് ഇത്തരം പ്രക്ഷോഭണങ്ങളില്‍ കാണുന്നത്. രാഷ്ട്രീയ മത നേതാക്കള്‍ ഇത്തരം മാധ്യമങ്ങളെ ഒരു ഭീഷണിയായി കാണുന്നു. ഇനി ഇവയെ നിയന്ത്രിക്കാനുള്ള കുത്സിതശ്രമങ്ങള്‍ ഈ നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടാവും. അതിനെതിരെ കരുതിയിരിക്കേണ്ടതുണ്ട്.

ബെഞ്ചാലി said...

>> പെൺകുട്ടികളെയോ വനിതകളെയോ പീഡിപ്പിക്കുന്ന ഇരുകാലി മൃഗങ്ങളെ കൈയോടെ പിടി കൂടി ഏറ്റവും വേഗത്തിൽ ശിക്ഷ വിധിക്കുക എന്നതാണു. <

ഇത്ര വൃത്തികെട്ട നിലയിൽ പെരുമാറുന്ന ഏതെങ്കിലും മൃഗമുണ്ടോ? ബുദ്ധിയില്ലാത്ത മൃഗങ്ങളെക്കാൾ അധപതിച്ചവർ എന്നതല്ലെ ശരി?

ബഷീർ സ്റ്റാറ്റസിട്ടത് പോലെ, സമരം ചെയ്യുന്നവരെങ്കിലും ശരിയായ നിലപാടുകളിൽ ജീവിക്കുകയാണെങ്കിൽ ഇന്ത്യയിലെ ഏറ്റവും കൂടുതൽ പീഢനങ്ങളും സ്ത്രീകൾക്കെതിരെ അക്രമണങ്ങൾ നടക്കുന്ന സ്ഥാലമെന്ന ഖ്യാതി തലസ്ഥാന നഗരിക്ക് ഒഴിവാക്കാനാവും, തീർച്ച.

Cv Thankappan said...

സര്‍ക്കാരിന്‍റെയും,രാഷ്ട്രീയപാര്‍ട്ടികളുടെയും കണ്ണുകള്‍ തുറപ്പിക്കാന്‍ തക്കതായി സമരം.
പക്ഷേ...............
ആശംസകള്‍

പ്രവീണ്‍ ശേഖര്‍ said...

യുവാക്കള്‍ തന്നെ നിരത്തിലിരങ്ങണം ഇത്തരം ആദര്‍ശ സമരങ്ങള്‍ക്ക് .... ഒരു സംഘടനയുടെയും കൊടിയില്ലാതെ തന്നെ ഈ സമരം വിജയിക്കട്ടെ

ajith said...

അതിലും നല്ലത് , പെൺകുട്ടികളെയോ വനിതകളെയോ പീഡിപ്പിക്കുന്ന ഇരുകാലി മൃഗങ്ങളെ കൈയോടെ പിടി കൂടി ഏറ്റവും വേഗത്തിൽ ശിക്ഷ വിധിക്കുക എന്നതാണു. കുറ്റത്തിന്റെ തീവ്രത അനുസരിച്ച് 20 വർഷം വരെ കഠിന തടവ് വിധിക്കാവുന്നതാണു. കുറഞ്ഞ ശിക്ഷ 5 വർഷം എങ്കിലും വേണം. പിടികൂടിയാൽ പിന്നെ കുറ്റവാളി പുറത്ത് വരരുത്. ഒരു മാസത്തിനുള്ളിൽ വിചാരണ നടത്തി ശിക്ഷ വിധിക്കണം. ഇതൊക്കെ സർക്കാർ വിചാരിച്ചാൽ നടപ്പാക്കാൻ പറ്റും.


പക്ഷെ വിചാരിക്കൂല്ല. അതല്ലേ കുഴപ്പം

kaalidaasan said...

>>>>പക്ഷെ വിചാരിക്കൂല്ല. അതല്ലേ കുഴപ്പം<<<<<

വിചാരിക്കേണ്ടവര്‍ ആരൊക്കെയാണ്. പി ജെ കുര്യനും, കുഞ്ഞാലിക്കുട്ടിയുമൊക്കെയല്ലേ. ഇവരൊക്കെ വിചാരിക്കുമെന്നാരെങ്കിലും സ്വപ്നം കണ്ടാല്‍ അവര്‍ക്കൊരു നല്ല നമസ്കാരം പറയട്ടെ.

ഷെബു said...

No any mother gives birth to animals. It is society that plants evils in men. Control adults movies, internet porn and violence. In fact govt is half responsible..!

ഷെബു said...

No any mother gives birth to animals. It is society that plants evils in men. Control adults movies, internet porn and violence. In fact govt is half responsible..!