Links

അടിയന്തിരാവസ്ഥ വീണ്ടും വേണം

നമ്മുടെ രാജ്യത്ത് വളരെ തുറന്ന, അരാജകത്വത്തോളം എത്താവുന്ന ജനാധിപത്യ സാതന്ത്ര്യമാണ് ഉള്ളത്. ഒന്നിനും ഒരു നിബന്ധനയോ വ്യവസ്ഥയോ നിയന്ത്രണമോ ഇല്ല. ടണ്‍ കണക്കിന് നിയമങ്ങള്‍ നിയമപുസ്തകങ്ങളില്‍ ഉണ്ട്. അതൊക്കെ നടപ്പാക്കാന്‍ ഉള്ളതാണെന്ന് ആരും വിചാരിക്കുന്നില്ല. ഒരു മാതിരി ‘കാട്ടിലെ മരം തേവരുടെ ആന’ മനോഭാവം. ലോകത്തില്‍ വെച്ച് ഏറ്റവും വലിയ ലിഖിത ഭരണഘടനയും നമുക്കുണ്ട്. അതും അവിടെ കിടക്കും. ഈ സര്‍വ്വതന്ത്ര സ്വാതന്ത്ര്യവും നിരുത്തരവാദിത്വവുമാണ് രാജ്യത്തെ സര്‍വ്വ പ്രശ്നങ്ങളുടെയും ( അഴിമതി മുതല്‍ കൂട്ടബലാല്‍‌സംഗം വരെ) മൂലകാരണം. 

ഇവിടെയുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അധികാരം വേണം എന്നേയുള്ളൂ. അതിനായി പ്രശ്നങ്ങളെ ചൂണ്ടിക്കാട്ടിക്കൊടുത്ത് അണികളെ ഇളക്കിവിടുകയാണ് ചെയ്യുക. ചക്കിക്കൊത്ത ചങ്കരന്‍ എന്ന മട്ടിലാണ് അണികള്‍ . നേതാക്കള്‍ മനസ്സില്‍ കാണുന്നത് അണികള്‍ മരത്തില്‍ കാണും. ഒരു പാര്‍ട്ടി അനുഭാവിക്ക് അവന്റെ പാര്‍ട്ടിയോടുള്ള കൂറ് എതിര്‍പാര്‍ട്ടിയോടുള്ള വെറുപ്പിന്റെ വിപരീതാനുപാതത്തിലായിരിക്കും. അവന്റെ പാര്‍ട്ടിയെ സ്നേഹിക്കാന്‍ എതിര്‍പാര്‍ട്ടിയോടുള്ള വെറുപ്പ് മതി അവന്. അല്ലാതെ അവന്റെ പാര്‍ട്ടി നല്ലത് ചെയ്യണം എന്നൊന്നുമില്ല. ഇതാണ് ഇവിടത്തെ രാഷ്ട്രീയബോധം. 

പാര്‍ട്ടികള്‍ ജനങ്ങളെ പേടിക്കുന്നു. കാര്യം അവര്‍ക്ക് വോട്ട് വേണം. വോട്ട് കിട്ടിയാലേ അധികാരം കിട്ടൂ. അത്കൊണ്ട് ജനങ്ങള്‍ക്ക് അഹിതമായത് ഒന്നും പറയില്ല. വോട്ട് ബെല്‍ട്ട് ഉണ്ടെങ്കില്‍ ആ വിഭാഗത്തെ പ്രലോഭിപ്പിക്കും,പ്രീണിപ്പിക്കും. ഇതരപാര്‍ട്ടിക്കാരില്‍ നിന്ന് വോട്ട് തട്ടാന്‍ നുണകള്‍ നിര്‍ല്ലജ്ജം പ്രചരിപ്പിക്കും. സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടികള്‍ ഭരണത്തില്‍ ഇരുന്നുകൊണ്ട് ധൈര്യപുര്‍വ്വം ഒരു നടപടിക്കും മുതിരുകയില്ല. അടുത്ത വര്‍ഷം കസേര കിട്ടുമോ എന്ന പേടി. എന്തെങ്കിലും ചെയ്യാന്‍ തുനിഞ്ഞാല്‍ പ്രതിപക്ഷം ഒച്ച വെക്കും. നാല് വോട്ട് അധികം കിട്ടുമോ എന്ന് നോക്കാന്‍ . സര്‍ക്കാര്‍ അപ്പോള്‍ തന്നെ അത് മരവിപ്പിക്കും. പത്ത് വോട്ട് കുറഞ്ഞെങ്കിലോ എന്ന് പേടിച്ച്. 

ഓരോ പാര്‍ട്ടിയും അതിന്റെ നിലനില്‍പ്പാണ് ഏറ്റവും പ്രധാനമായി കാണുന്നത്. ആ നിലപാട് തറയില്‍ നിന്നുകൊണ്ടാണ് പ്രശ്നങ്ങളെ സമീപിക്കുന്നത്. പ്രശ്നങ്ങള്‍ പരിഹൃതമാകുമോ എന്നല്ല, ആ പ്രശ്നം കൊണ്ട് തന്റെ പാര്‍ട്ടിക്ക് വോട്ടുകള്‍ കൂട്ടാന്‍ കഴിയുമോ, അങ്ങനെ അധികാരം കരസ്ഥമാക്കാനാകുമോ എന്നാണ് നോട്ടം. വിവിധ പാര്‍ട്ടി അണികള്‍ തങ്ങളുടെ അഭിപ്രായം സ്വരൂപിക്കുന്നതും ഇപ്രകാരമാണ്. ഈ സാഹചര്യത്തില്‍ രാജ്യത്ത് ഒരു മാറ്റവും നടക്കുകയില്ല. ഒരു പ്രശ്നവും പരിഹരിക്കപ്പെടുകയും ഇല്ല. 


എന്റെ അഭിപ്രായത്തില്‍ രാജ്യത്ത് രണ്ടാം അടിയന്തിരാവസ്ഥ വേണം. രണ്ട് വര്‍ഷത്തേക്ക് എല്ലാ മൌലികാവകാശങ്ങളും സസ്പന്‍ഡ് ചെയ്യണം. രണ്ടേ രണ്ട് വര്‍ഷം. ആ കാലയളവില്‍ എല്ലാം നേരെയാക്കണം. അതിന് ശേഷം നമ്മുടെ ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും നിയന്ത്രണങ്ങള്‍ വേണം. പൌരന്റ ചുമതലകള്‍ നിര്‍വ്വചിക്കപ്പെടുകയും അത് പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണം. ചുമതലകള്‍ ഇല്ലാതെ അവകാശങ്ങള്‍ ആര്‍ക്കും ഉണ്ടാകരുത്. 


പ്രബുദ്ധരായ ഒരു വിഭാഗം മധ്യവര്‍ഗ്ഗതലമുറ ഇവിടെയുണ്ട്. അവര്‍ അസ്വസ്ഥരാണ്. അവര്‍ മാറ്റത്തിന് വേണ്ടി ദാഹിക്കുന്നു. അവര്‍ക്ക് നേതൃത്വമില്ല. ഏകോപനമില്ല. ചിലപ്പോള്‍ അവര്‍ വൈകാരികപ്രക്ഷോഭങ്ങളുമായി തെരുവിലിറങ്ങുന്നു. പക്ഷെ ദിശാബോധവും ലക്ഷ്യപ്രാപ്തിയെക്കുറിച്ച് ധാരണയും ഇല്ലാത്തത്കൊണ്ട് പ്രക്ഷോഭം എങ്ങും എത്തുന്നില്ല. 

അടിയന്തിരാവസ്ഥ ഇപ്പോള്‍ നടപ്പാക്കുന്നില്ലെങ്കില്‍ അത് നടപ്പാക്കേണ്ടതായ ഒരു സാഹചര്യത്തിലേക്ക് രാജ്യം എന്തായാലും നീങ്ങും. മധ്യവര്‍ഗ്ഗത്തിനിടയില്‍ വളരുന്ന അസംതൃപ്തി അഗ്നിപര്‍വ്വതം കണക്കെ പൊട്ടിത്തെറിക്കുമ്പോള്‍ ആയിരിക്കും അത്. സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെ ഈ കാലഘട്ടത്തില്‍ അത് സംഭവിക്കാന്‍ ചിലപ്പോള്‍ ഒരു ട്വീറ്റ് മതിയാകും. എങ്ങനെയായാലും ഈ പോക്ക് ശരിയല്ല. ബാക്കി കാലം തീരുമാനിക്കട്ടെ.

11 comments:

ajith said...

യോജിക്കുന്നു
ദുരുപയോഗം ചെയ്യാത്ത ഒരു അടിയന്തിരാവസ്ഥ വേണമെന്ന് തോന്നും ചിലപ്പോള്‍

Manoj മനോജ് said...

ഇന്ത്യയിൽ ഒരിക്കലും ഒരു അഗ്നിപർവ്വതം പൊട്ടില്ല... അതിനു സ്വാതന്ത്ര സമര കാലഘട്ടത്തിലെ കോൺഗ്രസ്സ് നേതാക്കൾക്ക് നന്ദി പറയണം... അഹിംസ എന്ന് പാടി പഠിപ്പിച്ച അവർ 60വർഷത്തിനിപ്പുറമുള്ള തലമുറയെ പോലും പ്രതികരണമില്ലാത്തവരാക്കി മാറ്റി!

Manoj മനോജ് said...

കൂട്ടി ചേർക്കൽ...

സുബാഷ് ചന്ദ്ര ബോസിനെ ഓർക്കേണ്ടത് ഇപ്പോഴാണു... അന്ന് അദ്ദേഹം വിഭാവനം ചെയ്തവ ഇന്ത്യ പിന്തുടർന്നിരുന്നുവെങ്കിൽ!!!

യുവാക്കൾക്ക് രാഷ്ട്രീയ ബോധമുണ്ടാക്കുവാൻ ക്ലാസ്സുകൾ നൽകിയതിനു ശേഷം മാത്രമേ പാർട്ടിയിൽ എടുക്കുവാനും ചുമതലകൾ കൊടുക്കുവാനും പാടുള്ളൂ എന്ന അദ്ദേഹത്തിന്റെ ദീർഘവീക്ഷണം ഉൾകൊള്ളുവാൻ കോൺഗ്രസ്സിനായില്ല.... ഒരു പരിധിവരെയെങ്കിലും അത് സാധിക്കുന്നത് ഇടത് പാർട്ടിക്കാണു...

അല്ല ബ്രിട്ടീഷ് ഭരിച്ചിരുന്ന രാജ്യത്ത് ജനങ്ങൾ അടിമത്വത്തിനെതിരെ വരുന്നത് തടയാൻ ഉണ്ടാക്കിയ സേഫ്റ്റി വാൽ‌വുകളിൽ ഒന്നായ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് എന്ന പ്രസ്ഥാനത്തിനു എന്ത് ജനാധിപത്യ പാരമ്പര്യമാണു അവകാശപ്പെടുവാനുള്ളത്? കോൺഗ്രസ്സിന്റെ ചരിത്രത്തിൽ ആദ്യമായി (ഒരു പക്ഷേ അവസാനമായും) ജനാധിപത്യരീതിയിൽ തെരഞ്ഞെടുത്ത ബോസിനെ തന്റെ സ്വാർത്ഥതയ്ക്ക് വേണ്ടി രാജിവെപ്പിച്ച് പറഞ്ഞ് അഴച്ച ഒരണമെമ്പർ പോലുമല്ലാതിരുന്ന “നേതാവിനോട്” മറുത്ത് പറയുവാൻ ധൈര്യം കാണിക്കാതിരുന്നവരുടെ പിന്തുടർച്ചക്കാർക്ക് ഇന്ത്യയെ 60 കൊല്ലങ്ങൾക്കിപ്പുറം ഇത് പോലെ ആക്കിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ ;)

ഷെബു said...

Not interesting..

Cv Thankappan said...

കുത്തിയൊലിച്ചു കലങ്ങിമറിഞ്ഞൊഴുകുമ്പോള്‍ ഒരു ശുദ്ധീകരണം!!
ആശംസകള്‍

സങ്കൽ‌പ്പങ്ങൾ said...

asamsakal oru thettine mattonnukondu sariyakanavumo

Villagemaan/വില്ലേജ്മാന്‍ said...

അടിയന്തിരാവസ്ഥ പോരാ... ഭരിക്കുന്നവര്‍ക്ക് കൂടുതല്‍ അധികാരം കൊടുക്കലാവും അത് .. എഴുപതെഴില്‍ സഞ്ജയ്‌ ഗാന്ധി ചെയ്തതുപോലെ ദുരുപയോഗപ്പെടുത്താന്‍ സാധ്യതയുണ്ട്

പട്ടാള ഭരണമാണ് വേണ്ടത്..കുറച്ചു നാള ത്തെക്കെങ്കിലും. ..അഴിമതിക്കാര്‍ അകതാകുന്നത് വരെ എങ്കിലും.. അവരുടെ സമ്പാദ്യം ഭാരതത്തില്‍ തിരിച്ചു എത്തുന്നത്‌ വരെ എങ്കിലും..

Indiascribe Satire/കിനാവള്ളി said...

കുഴപ്പം നമ്മള്‍ എന്തിലും ഏറ്റവും കുറഞ്ഞ തരം എടുക്കുന്നു. മെരിറ്റ് അടിസ്ഥാനത്തില്‍ മാത്രം ചെയ്തു നോക്കു ഏതു തുറയിലും മുന്നേറാം. ദല്‍ഹി മെട്രോ ഉദാഹരണം. പ്രഗല്‍ഭനായ ശ്രിധരനെ ഏല്‍പ്പിച്ച് വളരെ വേഗം ഒരു നല്ല ഗതാഗത സംവിധാനം ഉണ്ടാക്കാന്‍ പറ്റി. ഇത് പോലെ രാജ്യത്തിന് പ്രയോജനം വരുന്ന കാര്യങ്ങള്‍ എല്ലാ രാഷ്റ്റ്രീയ പാര്‍ടികളും കൊണ്ട് വന്നാല്‍ രാജ്യം നന്നാവും.

ഞാന്‍ പുണ്യവാളന്‍ said...

അവകാശങ്ങള്‍ കൂടി പോയതാണ് രാജ്യം ഇങ്ങനെ ആയി പോയത് ,
സ്നേഹാശംസകളോടെ സ്വന്തം പുണ്യവാളന്‍

@ പിടിച്ചു കൊന്നാല്‍ എല്ലാം തീരുമോ

ASOKAN T UNNI said...

എന്തൊക്കെ പോരായ്മകളുണ്ടെങ്കിലും അറിയപ്പെടുന്നതിൽ വച്ച് ഏറ്റവും നല്ല ഭരണ സംവിധാനം ജനാധിപത്യത്തിലൂടെ തന്നെയാണു ഉരുത്തിരിയുന്നത്.ഇവിടെ പരാമർശിച്ച അടിയന്തിരാവസ്തയിലെ സ്വേച്ഛാധിപത്യവും പട്ടാളഭരണത്തിലെ സർവ്വാധിപത്യവും അനുഭവിക്കുന്ന-അനുഭവിച്ച- നാടുകളിലെ പൗരന്റെ ജീവിതം, എപ്രകാരമാണു ഓരോ ദിനവും കടന്നു പോകുന്നതെന്നു-പോയതെന്ന്- നന്നായി പഠിക്കുക.അടിയന്തിരാവസ്ഥയിൽ മാത്രം ജീവിതം പൊലിഞ്ഞവർ എത്രയാണു.നാളിതുവരെയുണ്ടായ പാട്ടാള-സ്വേച്ഛാ ഭരണങ്ങളിൽ കൊല്ലപ്പെട്ടവരും ബലാൽസംഗത്തിനിരയായവരും എത്രയാണു. അറിവില്ലായ്മ കൊണ്ടായാലും, ആവേശം ഇച്ഛാഭംഗം ഇവമൂലമായാലും മേൽ പറഞ്ഞ തരത്തിലുള്ള പ്രസ്താവനകൾ ഉണ്ടാകരുതെന്ന് അഭ്യർത്ഥിക്കുന്നു.
അഴിച്ചുവിട്ട പട്ടാളവും
അതിരില്ലാത്ത അധികാരവും
അന്ധകാരപ്രേമം മൂലം ഉണ്ടാകുന്നതാണു.....
വെളിച്ചത്തിനവിടെ സ്ഥാനമില്ല
അറിവിനും....
ധാരാളം വായിക്കൂ....
വെളിച്ചം ഉണ്ടാകട്ടേ......

Ananth said...

എന്റെ കോളേജു വിദ്യാഭ്യാസ കാലത്തായിരുന്നു അടിയന്തിരാവസ്ഥ .......അത് കൊണ്ടു രാഷ്ട്രീയത്തിന്റെ സ്വാധീനമില്ലാത്ത ഒരു കലാലയാന്തരീക്ഷം അധ്യയന ത്തിനു എത്രത്തോളം അനുയോജ്യമാണെന്ന് നേരിട്ടറിഞ്ഞ ഒരു ഗുണഭോക്താവ് എന്ന നിലയില്‍ എന്റെ അഭിപ്രായം തീര്‍ച്ചയായും ഒരു biased view ആയിരിക്കും ......കേരളത്തിലെ പൊതു സമൂഹത്തിനു അടിയന്തിരാവസ്ഥ എത്രമാത്രം സ്വാഗതാര്‍ഹമായ ഒന്നായിരുന്നു എന്നറിയാന്‍ 77 ലെ തിരഞ്ഞെടുപ്പ് ഫലം ഒന്ന് പരിശോധിച്ചാല്‍ മാത്രം മതി .........അടിയന്തിരാവസ്ഥ കാലത്ത് ബ സും ട്രെയ്നും എല്ലാം സമയത്ത് ഓടി ,ഓഫീസുകളില്‍ ജീവനക്കാര്‍ വരുന്നതും പോകുന്നതുമെല്ലാം വളരെ സ മയ നിഷ്ട യോടെ ആയി, അഴിമതി താഴത്തെ തലങ്ങളില്‍ പാടേ ഇല്ലാതായി ക്രമസമാധാന പ്രശ്നങ്ങള്‍ വളരെ കുറവ് മാത്രം ആയി ...ചുരുക്കത്തില്‍ ആളുകള്‍ പൊതുജീവിതത്തില്‍ അത്യാവശ്യം വേണ്ട അച്ചടക്കം പാലിക്കാന്‍ തയ്യാറായി .....എന്തായിരുന്നു കാരണം ....ഒരു ഭയം തന്നെ ...തെറ്റ് ചെയ്‌താല്‍ ശിക്ഷിക്കപ്പെടും അഴിമതി നടത്തിയാല്‍ അല്ലെങ്കില്‍ അവനവന്റെ ജോലിയില്‍ വീഴ്ച വരുത്തിയാല്‍ ജോലി നഷ്ടപ്പെടും ഒരു രാഷ്ട്രീയക്കാരനോ സംഘടനയോ സഹായിക്കാന്‍ വരില്ല എന്നൊക്കെയുള്ള തിരിച്ചറിവില്‍ നിന്നുണ്ടായ ഭയം ........ ആര്‍ക്കും എന്തും ആവാം എന്ന രീതി കണ്ടു വളരുന്ന ഇന്നത്തെ തലമുറയ്ക്ക് ഒരുപക്ഷെ അത്തരമൊരു സാഹചര്യം ആലോചിക്കാന്‍ കൂടി കഴിയില്ല ( ഇതിന്റെ തന്നെ ഒരു ഉദാഹരണമാണല്ലോ നാട്ടില്‍ വിപ്ലവം നടത്താന്‍ നടക്കുന്ന മാന്യന്മാര്‍ ഗള്‍ഫില്‍ പോയി മര്യാദരാമന്മാരായി അധ്വാനിച്ചു പണം സമ്പാദിക്കുന്നതു )........അന്നത്തെ കാലത്ത് അടിയന്തിരാവസ്ഥ കൊണ്ടു ബുദ്ധി മുട്ട് ഉണ്ടായത് രാഷ്ട്രീയം കൊണ്ടു മാത്രം ഉപജീവനം നടത്തിയിരുന്ന ആളുകള്‍ക്ക് മാത്രം ആയിരുന്നു ........ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി ആയിരുന്നു ഇന്ദിരാ ഗാന്ധി അടിയന്തിരാവസ്ഥ നടപ്പാകിയത് എങ്കിലും അവര്‍ ഒരു തികഞ്ഞ ദേശീയവാദിയും ജനകീയപിന്തുനയുള്ള നേതാവും ആയിരുന്നതിനാല്‍ അത് ഉര്‍വശീശാപം ഉപകാരം എന്നത് പോലെ രാജ്യത്തിനും ഗുണകരമായി വന്നു .....എന്നാല്‍ ഇന്നത്തെപോലെ യാതൊരു വിധ ജനപിന്തുണയും അവകാശപ്പെടാനില്ലാത്ത ,കൂറും വിധേയത്വവും എല്ലാം അന്യനാടുകളില്‍ ഉള്ളവരും മറ്റും അത്തരം absolute power കയ്യാ ളി യാല്‍ എന്താവുമോ എന്തോ ........