അങ്ങനെ കൊച്ചി മെട്രോ ഒരു വഴിക്കാകുന്നു....


കൊച്ചി മെട്രോ അടുത്തകാലത്തൊന്നും നടക്കാന്‍ പോകുന്നില്ല എന്ന് അങ്ങനെ ഏതാണ്ട് ഉറപ്പായി. അതിന്റെ രാഷ്ട്രീയസാധ്യത തിരിച്ചറിഞ്ഞാണ് സി.പി.എം. തിടുക്കത്തില്‍ ഒരു മനുഷ്യമെട്രോ പടുത്തുയര്‍ത്തിയത്. മനുഷ്യരെ ചേര്‍ത്ത് ചങ്ങല മുതല്‍ മെട്രോ വരെ പണിതുയര്‍ത്താനുള്ള സി.പി.എമ്മിന്റെ സംഘാടനപാടവം അങ്ങേയറ്റം പ്രശംസനീയമാണ്. എന്തായാലും മനുഷ്യമെട്രോ യാഥാര്‍ഥ്യമായ സ്ഥിതിക്ക് ഇനി കൊച്ചി മെട്രോ വന്നില്ലെങ്കിലും പ്രശ്നമൊന്നുമില്ല. മലയാളിക്ക് എന്നും വേണ്ടത് വിവാദങ്ങളാണ്. കൊച്ചി മെട്രോയുടെ പേരില്‍ ഇനി മലയാളികള്‍ക്ക് വിവാദിച്ച് കളിക്കാം. കളിയുടെ ഒടുവില്‍ അടുത്ത അസംബ്ലി തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് അനായാസം ജയിച്ചു കയറുകയും ചെയ്യാം. അത് വരെ സി.പി.എമ്മിന് കൊച്ചി മെട്രോ മുന്‍ നിര്‍ത്തി വില്ലേജ് ആഫീസ് മുതല്‍ സെക്രട്ടരിയേറ്റ് വരെ വളഞ്ഞും കൈയിലെടുത്ത് അമ്മാനമാടിയും അണികളുടെ ആവേശം അണയാതെ ജ്വലിപ്പിച്ച് നിര്‍ത്താം. കോണ്‍ഗ്രസ്സുകാര്‍ക്ക് പുന:സംഘടിച്ചും പ്രധാനമന്ത്രിക്ക് കത്തെഴുതിയും കാലം കഴിക്കാം. അങ്ങനെ എല്ലാവര്‍ക്കും സന്തോഷം. നിലയ്ക്കാത്ത വിവാ‍ദങ്ങള്‍ക്ക് സ്കോപ്പ് ഉണ്ടാവുക എന്നത് മലയാളികളെ സംബന്ധിച്ച് കോരിത്തരിപ്പ് ഉളവാക്കുന്ന കാര്യമാണ്. അതിന് വേണ്ടത് ഒന്നും നടക്കരുത്. അന്തരീക്ഷത്തില്‍ ഒട്ടനവധി സ്വപ്നപദ്ധതികള്‍ പാറിക്കളിക്കുകയും വേണം.

കൊച്ചി മെട്രോ നിര്‍മ്മിക്കാന്‍ കേരളത്തിലും ഒരു ബോര്‍ഡ് ഉണ്ടാക്കിയിട്ടുണ്ട്. അതിന്റെ പേര്  KMRL എന്നും  KMRC എന്നും പറഞ്ഞുകേള്‍ക്കുന്നുണ്ട്. സൂക്ഷ്മം എനിക്കറിയില്ല. ഒന്ന് മാത്രം അറിയാം, അത് ഒരു കടലാസ് കമ്പനിക്കപ്പുറം ഒന്നും ആകരുത് എന്ന് ഇവിടത്തെ സകല രാഷ്ട്രീയക്കാര്‍ക്കും നിര്‍ബ്ബന്ധമുണ്ട്. ബാംഗ്ലൂരിലും ചെന്നൈയിലും മെട്രോ നിര്‍മ്മിക്കാന്‍ ഇതേ പോലെ അവിടെയും കമ്പനികള്‍ രൂപീകരിച്ചിട്ടുണ്ട്. അവരെയും സാങ്കേതികമായി സഹായിക്കുന്നത് ഡല്‍ഹി മെട്രോ തന്നെയാണ്. എന്നാല്‍ അവിടെയൊക്കെ മെട്രോ പദ്ധതി കുറച്ചു ഭാഗം പൂര്‍ത്തിയാകുമ്പോഴേക്കും ആ കമ്പനികള്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പര്യാപ്തമായി. കൊച്ചി മെട്രോ ഞങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറെന്നാണ് ബംഗ്ലൂരു മെട്രോ ബോര്‍ഡ് ഇപ്പോള്‍ പറയുന്നത്.

പ്രതിപക്ഷം ഒരുക്കിയ ചതിക്കുഴിയില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ശരിക്കും വീണിരിക്കുകയാണ്. ആ കുഴിയില്‍ നിന്ന് കര കയറാന്‍ സര്‍ക്കാരിന് കഴിയുമോ എന്ന് നിശ്ചയമില്ല. കൊച്ചി മെട്രോ DMRC യെയും ഇ.ശ്രീധരനെയും മാത്രമേ ഏല്‍പ്പിക്കാവൂ എന്നും ഇപ്പോള്‍ 5000 കോടിയില്‍ അധികവും ഭാവിയില്‍ പത്തോ പതിനയ്യായിരം കോടിയില്‍ അധികമോ ആകാവുന്ന ഈ പദ്ധതി ഒരു കാരണവശാലും ആഗോള ടെണ്ടര്‍ വിളിച്ച് വിദേശിയോ സ്വദേശിയോ ആയ മറ്റൊരു കമ്പനിയെയും ഏല്‍പ്പിക്കാന്‍ പാടില്ല എന്നുമാണ് സര്‍ക്കാരിന് എല്‍.ഡി.എഫ്. ഉത്തരവ് നല്‍കിയിരിക്കുന്നത്. സര്‍ക്കാരും ആ ഉത്തരവ് ശിരസ്സാവഹിച്ചിട്ടുണ്ട്. ഇത്രയും ബൃഹത്തായ ഒരു പദ്ധതിക്ക് ടെണ്ടര്‍ വിളിക്കാന്‍ പാടില്ല എന്ന കാര്യത്തില്‍ സര്‍ക്കാരും പ്രതിപക്ഷവും ഒന്നിക്കാന്‍ കാരണം ടെണ്ടര്‍ വിളിച്ചാല്‍ കമ്മീഷന്‍ കിട്ടിപ്പോകും എന്നതാണത്രെ. കമ്മീഷന്‍ ഇത്ര മോശം ഏര്‍പ്പാടാണോ? എന്നാല്‍ എന്ത്കൊണ്ടാണ് നാട്ടില്‍ സകല ഇടപാടുകളിലും കമ്മീഷന്‍ സാര്‍വ്വത്രികമായത്. പണ്ട് ഗൌരിയമ്മ ഇടത്പ്ക്ഷത്തിന്റെ വ്യവസായമന്ത്രി ആയിരുന്നപ്പോള്‍ അവര്‍ പറഞ്ഞിട്ടുണ്ട് ഏത് ഇടപാടിലാണ് കമ്മീഷന്‍ ഇല്ലാത്തത് എന്ന്.

DMRCയെയും ഇ.ശ്രീധരനെയും മാത്രമേ കൊച്ചി മെട്രോ ഏല്‍പ്പിക്കാവൂ എന്നും മറിച്ചെന്തെങ്കിലും ആലോചിക്കുക പോലും ചെയ്താല്‍ അത് കൊച്ചി മെട്രോയെ അട്ടിമറിക്കാനാണ് എന്ന് സി.പി.എം. പറഞ്ഞ് ഫലിപ്പിച്ച് വെച്ചിട്ടുണ്ട്. മാത്രമല്ല ഉമ്മന്‍ ചാണ്ടി കമ്മീഷന്‍ വാ‍ങ്ങാനോ അല്ലെങ്കില്‍ മെട്രോ അട്ടിമറിക്കാനോ വേണ്ടി പദ്ധതിയില്‍ നിന്ന് DMRCയെയും ശ്രീധരനെയും ഒഴിവാക്കാന്‍ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് അണിയറയില്‍ ശ്രമിക്കുന്നുണ്ട് എന്ന് ഒരു മുഴം കടത്തിയെറിഞ്ഞിട്ടുമുണ്ട്. അയ്യോ ഞാന്‍ DMRCക്ക് വേണ്ടിയും ശ്രീധരന് വേണ്ടിയും നിരന്തരം പ്രധാനമന്ത്രിക്ക് കത്തെഴുതിക്കൊണ്ടിരിക്കുവാ എന്ന് തലയില്‍ കൈവെച്ച് നിലവിളിച്ചിട്ടും അതാരും ഗൌനിക്കുന്നേയില്ല.

നിലവില്‍ കൊച്ചി മെട്രോ പദ്ധതി DMRCയെയും ശ്രീധരനെയും ഏല്‍പ്പിക്കാനോ അല്ലെങ്കില്‍ DMRC ഏറ്റെടുക്കാനോ കടമ്പകള്‍ ഏറെയുണ്ട്. അത് മനസ്സിലാക്കിയാണ് കൌശലക്കാരനായ സി.പി.എം എം‌പി രാജീവ് തിടുക്കത്തില്‍ മനുഷ്യമെട്രോ പണി പൂര്‍ത്തിയാക്കിയത്. അതിലിടക്ക് ഈ ഇ.ശ്രീധരന്‍ DMRCയുടെ പ്രിന്‍സിപ്പല്‍ അഡ്വൈസര്‍ മാത്രമാണെന്നും ദല്‍ഹിക്ക് പുറത്തുള്ള പദ്ധതികള്‍ ഏറ്റെടുക്കാന്‍ DMRC ബോര്‍ഡ് തീരുമാനിക്കണമെന്നും ശ്രീധരന് ആ ബോര്‍ഡില്‍ പ്രവേശനം ഇല്ല എന്നും നാം മനസ്സിലാക്കണം. ശ്രീധരന് ഉപദേശം നല്‍കാനേ കഴിയൂ. അതിലപ്പുറം അദ്ദേഹത്തിന് DMRCയില്‍ ഹോള്‍ഡ് ഒന്നുമില്ല. DMRC കൊച്ചി മെട്രോയുടെ കണ്‍സല്‍ട്ടന്റ് ആണ്. കണ്‍സല്‍ട്ടന്‍സി കമ്പനിക്ക് നിര്‍മ്മാണ ചുമതല നല്‍കരുത് എന്ന് സെന്‍‌ട്രല്‍ വിജിലന്‍സ് കമ്മീഷന്റെ (CVC) നിയമമുണ്ട്. നിയമം മറി കടന്ന് പദ്ധതി DMRCയെയും ശ്രീധരനെയും ഏല്‍പ്പിച്ചാല്‍ മെട്രോ നിയമക്കുരുക്കില്‍ അകപ്പെടും. കേരളത്തിന് വേണ്ടി മാത്രം CVC നിയമം മാറ്റിയാല്‍ അത് മറ്റ് സംസ്ഥാനങ്ങളിലെ മെട്രോ കമ്പനികളെ ബാധിക്കും. 

ഇപ്പോ മനസ്സിലായില്ലേ കൊച്ചി മെട്രോയെ സി.പി.എമ്മിന് മനുഷ്യമെട്രോയും അനുബന്ധ പ്രക്ഷോഭമെട്രോകളും ആക്കിമാറ്റാനുള്ള അനുകൂല സാഹചര്യം എങ്ങനെ സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പ്കേട് മൂലം ഉണ്ടായി വരുന്നു എന്ന്. സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത് പദ്ധതിയുടെ കണ്‍സല്‍ട്ടന്റായി  DMRCയെ നിയമിക്കുകയും പദ്ധതിയുടെ നിര്‍മ്മാ‍ണത്തിനായി ആഗോള ടെണ്ടര്‍ വിളിക്കുകയുമായിരുന്നു. അങ്ങനെയെങ്കില്‍ ഒരു പക്ഷെ ഏറ്റവും ആധുനികമായ ഒരു മെട്രോ റെയില്‍ സൌകര്യം കൊച്ചിയില്‍ യാഥാര്‍ഥ്യമായേനേ. അഴിമതിയും കമ്മീഷനും നാട്ടില്‍ സുലഭം പോലെ നടക്കുകയും അതിന്റെ പേരു പറഞ്ഞ് സകല വികസന പദ്ധതികളെയും ശ്വാസം മുട്ടിച്ച് കൊല്ലുകയും ചെയ്യുന്ന വിരോധാഭാസമാണ് രാജ്യത്ത് നടക്കുന്നത്.

14 comments:

Shaji Mathew said...

Now congress feel the value of Leader Mr Karunakaran. Oommen Chandy has no back bone. I do not understand why he want to please LDF. LDF never discussed any policies with UDF while they were in power. CM should move with confidence with what he thinks right. Now he has fallen prey in to the hands of LDF.

Mujeebr Valappil said...

തുടക്കത്തിലെ വ്യക്തതക്കുറവ് കൊണ്ടാണ് ഇത്തരം കെണിയില്‍ ചാടേണ്ടി വന്നതും, പിന്നേ മന്ത്രിമാര്‍ക്ക് മുകളിലുടെ പറക്കുന്ന ചില ഉദ്യോഗസ്ഥരുടെ സ്ഥാനത്തും, അസ്ഥാനത്തുമുള്ള പ്രസ്താവനകളും..... സര്‍ക്കാര്‍ ഒരു തീരുമാനം എടുത്താല്‍ അതുമായി മുന്നോട്ടു പോവുകയാണ് വേണ്ടത്. കേരളത്തില്‍ ഇത്തരത്തില്‍ ഉള്ള എല്ലാ പദ്ധതികള്‍ക്കും എതിര്‍പ്പുകള്‍ ഇടതന്മാരില്‍ നിന്നും ഉണ്ടായിട്ടുണ്ട്. അത് അവഗണിച്ചു മുന്നോട്ടു പോവുകയാണ് വേണ്ടത്...... നെടുമ്പാ ശ്ശേരി വിമാനത്താവളം തന്നേ ഏറ്റവും വലിയ ഉദാഹരണം.....

Muhammad Iqbal said...

ഇവിടെ വ്യക്തികള്‍ ബിംബങ്ങള്‍ ആകുകയാണ്. ശ്രീധരന്‍ എന്ന വ്യക്തി ഇല്ലെങ്കില്‍ മെട്രോ നടക്കില്ല എന്നും, ശ്രീധരന്‍ ഉണ്ടെങ്കില്‍ അഴിമതി ഉണ്ടാകില്ല അത് കൊണ്ട് അഴിമതി നടത്താന്‍ ആണ് ശ്രീധരനെ ഒഴിവാക്കുന്നത് എന്നും ഉള്ള വാദഗതികള്‍ കേള്‍ക്കുമ്പോള്‍ ചിരി ആണ് വരുന്നത്. ഇവര്‍ക്കൊന്നും ഒരു പ്രൊജക്റ്റ്‌ എങ്ങിനെ ആണ് അവാര്‍ഡ്‌ ചെയ്യുന്നത് എന്ന് അറിയാഞ്ഞിട്ടാണോ?

ശ്രീധരന്‍ ഉണ്ടെങ്കില്‍ പോലും വിവിധ ഇനത്തില്‍ ഉള്ള കമ്മീഷന്‍ അടിച്ചെടുക്കാന്‍ അത് വേണ്ടവര്‍ക്കും, അത് അടിച്ചെടുക്കാന്‍ അറിയുന്നവര്‍ക്കും ഇത്ര വലിയ ബുദ്ധിമുട്ടുണ്ടോ? ഡി എം ആര്‍ സി അഴിമതി രഹിതമായാണ് നടത്തിയത് എന്നാണോ ഇവരുടെ വിചാരം? കിട്ടേണ്ട കമ്മീഷന്‍ കിട്ടാതെ അങ്ങിനത്തെ ഒരു പ്രൊജക്റ്റ്‌ നടക്കും എന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടോ? എന്നാലും ശ്രീധരന്‍ ശ്രീധരന്‍ എന്ന് വിളിച്ചു പറയാന്‍ വിമര്‍ശകര്‍ക്ക് മടിയില്ല. ശ്രീധരന്‍ ഒരു അഡ്വൈസര്‍ മാത്രം ആണ് എന്ന വസ്തുത അറിഞ്ഞാല്‍ ഡി എം ആര്‍ സി വേണ്ട, ശ്രീധരന്‍ പണി ഏറ്റെടുത്തോട്ടെ എന്ന് പറയുമോ ഇവര്‍?

Muhammad Iqbal said...

ഞാന്‍ പറയുന്നത് ഒരു ടെണ്ടര്‍ വിളിച്ചു technical analysis നടത്തി, qualified bids തമ്മില്‍ price comparison നടത്തി lowest bid ന്റെ പ്രൈസും ഡി എം ആര്‍ സി യുടെ പ്രൈസും തമ്മില്‍ ഒരു comparison നടത്തുന്നത് ആവശ്യമാണ്‌. അതാണ്‌ സുതാര്യത...

K.P. Sukumaran said...

കൊച്ചി മെട്രോ DMRC ഇനിയും ഏറ്റെടുത്തിട്ടില്ല. സര്‍ക്കാര്‍ DMRC യുമായി കരാര്‍ ഒപ്പിട്ടിട്ടില്ല. ആകെപ്പാടെ സങ്കീര്‍ണ്ണമാണ് സ്ഥിതി. മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിക്കൊണ്ടിരുന്നാല്‍ എന്താ കാര്യം. നിയമങ്ങളെ ലംഘിക്കാനോ കേരളത്തിന് വേണ്ടി നിയമം മാറ്റാനോ പ്രധാനമന്ത്രിക്ക് ആകുമോ? പദ്ധതികളില്‍ സുതാര്യത ഉറപ്പാക്കാനും അഴിമതി തടയാനുമാണ് കണ്‍സല്‍ട്ടന്‍സിയെ തന്നെ നിര്‍മ്മാണ ചുമതല ഏല്‍പ്പിക്കരുത് എന്ന് സി.വി.സി നിയമം ഉണ്ടാക്കിയിട്ടുള്ളത്. ആ നിയമം മാറ്റണമെന്നാണ് ഉമ്മന്‍ ചാണ്ടി പ്രതിപക്ഷത്തെ ഭയന്നിട്ട് പ്രധാ‍നമന്ത്രിയോട് ആവശ്യപ്പെടുന്നത്. കൊച്ചി മെട്രോ ഒരു കാരണവശാലും യു.ഡി.എഫിന്റെ ഭരണനേട്ടമാകരുത് എന്നാണ് സി.പി.എമ്മിന്റെ ആവശ്യം. അതിന് കൂട്ടുനില്‍ക്കുകയാണ് അറിയാതെ തന്നെ മുഖ്യമന്ത്രി ചെയ്യുന്നത്. DMRCയും ശ്രീധരനും ഇല്ലെങ്കില്‍ കൊച്ചി മെട്രോ വേണ്ട എന്ന് പറയുന്നത് വളരെ വിചിത്രമാണ്.

rahul blathur said...

മാധ്യമങ്ങളും ശ്രീധരനില്ലെങ്കിൽ മെട്രൊ 'ടപ്പോ' ന്നുള്ള രീതിയിലല്ലെ വാർത്തകൾ പുറത്ത് വിടുന്നത്

koyabilal said...

ഇതൊക്കെ സംഭവിച്ചത് ഒരു ഭരണാധികാരികള്‍ക്ക് വേണ്ട ഇച്ഛാശക്തി ഇല്ലായുന്നുള്ളതാണ്.ഭരണം എന്നാല്‍ കുറെ നിവേദനം വാങ്ങി വെകുകയും,പാര്‍ടിയിലെ എതിര്‍ ഗ്രൂപുകാരെ ഒതുക്കാനുള്ള പാരമ്പര്യമായി കിട്ടിയ കഴിവും മാത്രം പോര.ഇതൊക്കെയല്ലാതെ ഈ കാലം വരെ ജനങ്ങള്‍ക്ക്‌ ഉപകാരപ്രദമായ എന്ത് കാര്യമാണ് ഇവരൊക്കെ ചെയ്തത്..!!

Anonymous said...

കരുണാകരന്‍ ഭരിച്ചപ്പോള്‍ ശര്‍മയും മറ്റും ഇതുപോലെ നെടുമ്പാശ്ശേരിയില്‍ കിടന്നു റോഡില്‍ ഉരുണ്ട് ധര്‍ണ നടത്തി പക്ഷെ നെടുമ്പാശേരി വന്നു, മുരളി അതിനു ചുറ്റും ഉള്ള വയല്‍ എല്ലാം വാങ്ങി കച്ചവടം അടിച്ചു എന്നൊക്കെ പറഞ്ഞു പരത്തി പക്ഷെ വിമാനത്താവളം വന്നു എത്ര പെട്ടെന്ന് , ഇവിടെ ഇതുവരെ ഒരു വ്യക്തതയും ഇല്ല, ശ്രീധരന്‍ നാളെ മരിക്കാം , രാജീവ്‌ ഗാന്ധി മരിച്ചു ഇന്ത്യ മുന്നോട്ട് പോയില്ലേ ? അതല്ല പ്രശ്നം ഒരു വര്ഷം കഴിഞ്ഞു ഉമ്മന്‍ ചാണ്ടി എന്ത് ചെയ്തു? ഡീ എം ആര്‍ സി അല്ലെ ബാംഗ്ലൂര്‍ ചെയ്തത് ജയ്പൂര്‍ ചെയ്തത് ? അതെ റൂള്‍ തന്നെ അല്ലെ കേരളത്തിനും ബാധകം ? ഡീ എം ആര്‍ സി ചെയ്യുന്നതില്‍ കുഴപ്പമില്ലെന്ന് ഷീല ദീക്ഷിത് പറഞ്ഞു പക്ഷെ ഇവിടെ എന്തായി ? അതാണ്‌ പ്രശ്നം ? ആദ്യം മുതല്‍ ഇവിടെ ഇത് വേണ്ട എന്ന് കരുതി ആരോ കളിക്കുന്നു ? അടിയന്തരാവസ്ഥ വന്നതു കൊണ്ട് ഇടുക്കി ഡാം ഇവിടെ പണി തീര്‍ന്നു , എം വീ രാഘവന്‍ ഇവിടെ മെഡിക്കല്‍ കോളേജ് കൊണ്ട് വന്നു എന്ത് എതിര്‍പ്പായിരുന്നു അന്ന് സീ പീ എം? ഇന്ന് സീ പീ എമിന് അത്ര എതിര്‍ക്കാന്‍ കഴിയില്ല ചന്ദ്രശേഖരന്‍ വധം തന്നെ കാരണം പക്ഷെ ഉമ്മന്‍ ചാണ്ടി എന്ത് ചെയ്തു കെ വീ തോമസ്‌ എന്ത് ചെയ്തു ആന്റണി എന്ത് ചെയ്തു വയലാര്‍ രവി എന്ത് ചെയ്തു ? നാവടക്കൂ പണി എടുക്കൂ

പീം എമിന് കത്തെഴുതും പോലും കത്ത് പീ എം വായിക്കുമോ അത് പ്യൂണ്‍ അല്ലെ പൊട്ടിക്കുന്നത് ? ആരെ പറ്റിക്കാനാണ് ഈ പ്രസ്താവന? സുശീലന് നൂറു കത്തെഴുതാം സോണിയ ഗാനധിക്ക് എന്ത് കാര്യം? എന്ത് കൊണ്ട് ഡല്‍ഹി പോയി ഇത് ചര്‍ച്ച ചെയ്തു തീരുമാനിച്ചു കൂടാ?

സന്തോഷ്‌ said...

കെ.പി.എസ്,

നിങ്ങളുടെ തന്നെ "ഇ.ശ്രീധരനെ മെട്രോ ദൈവമാക്കരുത് " എന്ന പോസ്റ്റില്‍ കഴിഞ്ഞ ദിവസം നിങ്ങള്‍ എഴുതിയ കമന്റില്‍ നിന്നും ഉള്ള വരികള്‍ :

സന്തോഷ് എഴുതിയതിലൊന്നും വലിയ കാര്യമില്ല ബൈജു, DMRC ക്ക് മുഖ്യ ഉപദേഷ്ടാവ് എന്നൊരു തസ്തികയില്ല. DMRC യില്‍ ഇപ്പോള്‍ ശ്രീധരന് റോള്‍ ഒന്നുമില്ല. റിട്ടയര്‍ ചെയ്തവര്‍ക്ക് പിന്നീട് അതേ സ്ഥാപനത്തില്‍ എന്താണ് റോള്‍? ഒരു ചീഫ് ജസ്റ്റിസ് റിട്ടയര്‍ ചെയ്താല്‍ അടുത്ത് വരുന്ന ജഡ്ജി വിധി പറയാന്‍ മുന്‍ ജഡ്ജിയോട് അഭിപ്രായം ചോദിക്കുമോ?

ഇപ്പോള്‍ ഈ പോസ്റ്റില്‍ എഴുതിയിരിക്കുന്നത്:

അതിലിടക്ക് ഈ ഇ.ശ്രീധരന്‍ DMRC യുടെ പ്രിന്‍സിപ്പല്‍ അഡ്വൈസര്‍ മാത്രമാണെന്നും ദല്‍ഹിക്ക് പുറത്തുള്ള പദ്ധതികള്‍ ഏറ്റെടുക്കാന്‍ DMRC ബോര്‍ഡ് തീരുമാനിക്കണമെന്നും ശ്രീധരന് ആ ബോര്‍ഡില്‍ പ്രവേശനം ഇല്ല എന്നും നാം മനസ്സിലാക്കണം. ശ്രീധരന് ഉപദേശം നല്‍കാനേ കഴിയൂ. അതിലപ്പുറം അദ്ദേഹത്തിന് DMRC യില്‍ ഹോള്‍ഡ് ഒന്നുമില്ല.

"ഇ.ശ്രീധരനെ മെട്രോ ദൈവമാക്കരുത് " എന്ന പോസ്റ്റില്‍ നിന്നും :

ബാംഗ്ലൂരിലും ചെന്നൈയിലും മെട്രോ പദ്ധതികള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. അവിടെയൊന്നും ഇ.ശ്രീധരന്‍ ഇല്ലാലോ?

ഇപ്പോള്‍ ഈ പോസ്റ്റില്‍ എഴുതിയിരിക്കുന്നത്:

ബാംഗ്ലൂരിലും ചെന്നൈയിലും മെട്രോ നിര്‍മ്മിക്കാന്‍ ഇതേ പോലെ അവിടെയും കമ്പനികള്‍ രൂപീകരിച്ചിട്ടുണ്ട്. അവരെയും സാങ്കേതികമായി സഹായിക്കുന്നത് ഡല്‍ഹി മെട്രോ തന്നെയാണ്.

വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട്! അത് താളത്തിലങ്ങനെ പാടിക്കൊണ്ടിരിക്കുക! കഷ്ടം അല്ലാതെന്തു പറയാന്‍ !!!

സന്തോഷ്‌ said...

കെ.പി.എസ്,

>>> കൊച്ചി മെട്രോ നിര്‍മ്മിക്കാന്‍ കേരളത്തിലും ഒരു ബോര്‍ഡ് ഉണ്ടാക്കിയിട്ടുണ്ട്. അതിന്റെ പേര് KMRL എന്നും KMRC എന്നും പറഞ്ഞുകേള്‍ക്കുന്നുണ്ട്. സൂക്ഷ്മം എനിക്കറിയില്ല. <<<

അറിയാത്ത കാര്യങ്ങളെക്കുറിച്ച് ആധികാരികമായി വിഡ്ഢിത്തങ്ങള്‍ എഴുതി വയ്ക്കരുത്. അറിയില്ല എങ്കില്‍ അറിവുണ്ടാക്കണം. ബ്ലോഗില്‍ വിഡ്ഢിത്തം എഴുതുന്നതിന്റെ പത്തിലൊന്ന് സമയം വേണ്ട ഗൂഗ്ലിളില്‍ കൊച്ചി മെട്രോ എന്ന് സേര്‍ച്ച്‌
ചെയ്യാന്‍. കൊച്ചി മെട്രോ റയില്‍ ലിമിറ്റഡ് (KMRL) എന്നാണ് കൊച്ചി മെട്രോ യുടെ കമ്പനിയുടെ പേര്. ഇതൊരു ബോര്‍ഡ് അല്ല, കമ്പനി ആണ്. http://kochimetro.org എന്നതാണ് വെബ്സൈറ്റ് അഡ്രസ്‌.

>>> DMRC കൊച്ചി മെട്രോയുടെ കണ്‍സല്‍ട്ടന്റ് ആണ്. കണ്‍സല്‍ട്ടന്‍സി കമ്പനിക്ക് നിര്‍മ്മാണ ചുമതല നല്‍കരുത് എന്ന് സെന്‍‌ട്രല്‍ വിജിലന്‍സ് കമ്മീഷന്റെ (CVC) നിയമമുണ്ട്. നിയമം മറി കടന്ന് പദ്ധതി DMRCയെയും ശ്രീധരനെയും ഏല്‍പ്പിച്ചാല്‍ മെട്രോ നിയമക്കുരുക്കില്‍ അകപ്പെടും. കേരളത്തിന് വേണ്ടി മാത്രം CVC നിയമം മാറ്റിയാല്‍ അത് മറ്റ് സംസ്ഥാനങ്ങളിലെ മെട്രോ കമ്പനികളെ ബാധിക്കും. <<<<

നിങ്ങള്‍ വീണ്ടും തെറ്റിദ്ധാരണ പരത്തുന്നു. DMRC കൊച്ചി മെട്രോയുടെ കണ്‍സല്‍ട്ടന്റ് ആയി നിയമിച്ചത് കേരള സര്‍ക്കാര്‍ ആണ്. എന്നാല്‍ കൊച്ചി മെട്രോയുടെ നിര്‍മ്മാണ ചുമതല ആര്‍ക്കാണ് നല്‍കേണ്ടത് എന്ന് തീരുമാനിക്കുന്നത് കൊച്ചി
മെട്രോ റയില്‍ ലിമിറ്റഡ് (KMRL) ആണ്. കേരള സര്‍ക്കാരിന് വേണ്ടി കണ്‍സല്‍ട്ടന്റ് ആയി പ്രവര്‍ത്തിക്കുന്നു എന്നത് KMRL നു വേണ്ടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതില്‍നിന്നും DMRC യെ നിയമപരമായി തടയുന്നില്ല. DMRC യെ KMRL നിര്‍മ്മാണ ചുമതല ഏല്‍പ്പിക്കുന്നതിനു ഒരു നിയമ തടസ്സവും ഇല്ല എന്ന് ചുരുക്കം. (CVC നിയമം DMRC യ്ക്ക് തടസ്സമാകുമെങ്കില്‍ എന്തുകൊണ്ട് പ്രതിപക്ഷത്തിനോടും മറ്റുള്ളവരോടും ഉമ്മന്‍ചാണ്ടി അത് പറയുന്നില്ല?)

>>> കൊച്ചി മെട്രോ DMRC ഇനിയും ഏറ്റെടുത്തിട്ടില്ല. സര്‍ക്കാര്‍ DMRC യുമായി കരാര്‍ ഒപ്പിട്ടിട്ടില്ല. ആകെപ്പാടെ സങ്കീര്‍ണ്ണമാണ് സ്ഥിതി. മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിക്കൊണ്ടിരുന്നാല്‍ എന്താ കാര്യം. നിയമങ്ങളെ ലംഘിക്കാനോ കേരളത്തിന് വേണ്ടി നിയമം മാറ്റാനോ പ്രധാനമന്ത്രിക്ക് ആകുമോ? പദ്ധതികളില്‍ സുതാര്യത ഉറപ്പാക്കാനും അഴിമതി തടയാനുമാണ് കണ്‍സല്‍ട്ടന്‍സിയെ തന്നെ നിര്‍മ്മാണ ചുമതല ഏല്‍പ്പിക്കരുത് എന്ന് സി.വി.സി നിയമം ഉണ്ടാക്കിയിട്ടുള്ളത്. ആ നിയമം മാറ്റണമെന്നാണ് ഉമ്മന്‍ ചാണ്ടി പ്രതിപക്ഷത്തെ ഭയന്നിട്ട് പ്രധാ‍നമന്ത്രിയോട് ആവശ്യപ്പെടുന്നത്. കൊച്ചി മെട്രോ ഒരു കാരണവശാലും യു.ഡി.എഫിന്റെ ഭരണനേട്ടമാകരുത് എന്നാണ് സി.പി.എമ്മിന്റെ ആവശ്യം. അതിന് കൂട്ടുനില്‍ക്കുകയാണ് അറിയാതെ തന്നെ മുഖ്യമന്ത്രി ചെയ്യുന്നത്. DMRC യും ശ്രീധരനും ഇല്ലെങ്കില്‍ കൊച്ചി മെട്രോ വേണ്ട എന്ന് പറയുന്നത് വളരെ വിചിത്രമാണ്. <<<

കൊച്ചി മെട്രോയുടെ കാര്യത്തില്‍ DMRC യുമായി കരാര്‍ ഉണ്ടാക്കേണ്ടത് സര്‍ക്കാര്‍ അല്ല KMRL ആണ്. ഉമ്മന്‍ ചാണ്ടി കത്തെഴുതിയാലൊന്നും DMRC യുടെ കാര്യത്തില്‍ തീരുമാനം ആകില്ല. അതിനു KMRL ന്റെ ഡയറക്ടര്‍ ബോര്‍ഡ്
തീരുമാനിക്കണം. അവരെക്കൊണ്ട് ആ തീരുമാനം എടുപ്പിക്കാതെ കത്തെഴുതും കമ്പിയടിക്കും എന്നൊക്കെ പറഞ്ഞു കൊണ്ടിരുന്നിട്ട് എന്തു കാര്യം?


കത്തെഴുതുന്നത്തില്‍ മറ്റൊരു തട്ടിപ്പ് കൂടിയുണ്ട്. ആ കത്തിന് DMRC യ്ക്ക് ഡല്‍ഹി
മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ അടുത്ത ഘട്ടം സമയ ബന്ധിതമായി പൂര്ത്തികരിക്കണം അതുവരെ പുറത്തുള്ള പ്രവൃത്തികള്‍ ഏറ്റെടുക്കുവാന്‍ നിര്‍വാഹം ഇല്ല എന്നൊരു മറുപടി ലഭിച്ചാല്‍ കാര്യങ്ങള്‍ എളുപ്പമായല്ലോ! ഞങ്ങള്‍
ക്ഷണിച്ചിട്ടും DMRC വന്നില്ല എന്ന് ജനങ്ങളോട് പറയാമല്ലോ!

DMRC യ്ക്ക് വേണ്ടി ഒരു നിയമവും മാറ്റേണ്ട കാര്യം ഇല്ല. കേരള സര്‍ക്കാര്‍ കണ്‍സല്‍ട്ടന്‍സി ആയി നിയമിച്ചു എന്നുള്ളതുകൊണ്ട് KMRL എന്ന കമ്പനിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന് DMRC യ്ക്ക് ഒരു നിയമ തടസ്സവും ഇല്ല.

കൊച്ചി മെട്രോയ്ക്ക് സുതാര്യത ഉണ്ടാകുവാനും അവിടെ അഴിമതി ഉണ്ടാകാതിരിക്കുവാനും ആണ് ആളുകള്‍ DMRC യ്ക്കും ശ്രീധരനും വേണ്ടി വാദിക്കുന്നത്.

DMRC യെ നിര്‍മാണ ചുമതല ഏല്‍പ്പിച്ചാല്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ കൊച്ചി മെട്രോ യാഥാര്‍ഥ്യം ആക്കും എന്ന് ശ്രീധരന്‍ പറയുന്നുണ്ടല്ലോ. എന്നിട്ടെന്തേ കൊടുക്കത്താത്തത്? മൂന്ന് വര്ഷം കൊണ്ടു മെട്രോ വന്നാല്‍ യു.ഡി.എഫിന് ഭരണ നേട്ടം ആകില്ലേ? ആ നേട്ടം എന്ത്കൊണ്ട് ഈ സര്‍ക്കാര്‍ വേണ്ടെന്നു വയ്ക്കുന്നത്? സി.പി.എം കാര്‍ പറഞ്ഞിട്ടാണോ?

ajith said...

മെട്രോ വരുമോ
ഈയിടെ കൊച്ചിയില്‍ പോയപ്പോള്‍ മെട്രോ വന്നെങ്കില്‍ എത്ര നന്നായെന്ന് തോന്നി

ആര്‍ പണിതിട്ടായാലും വന്നാല്‍ മതിയാരുന്നു

Sureshan Payyaratta said...

ഏതായാലും കൊച്ചി മെട്രോ അടുത്തകാലത്തെങ്ങും നിര്‍മ്മിക്കപ്പെടില്ല എന്ന് ഉറപ്പായി . ഭരണ പ്രതിപക്ഷ ഭേദമില്ലാതെ ജനങ്ങളെ പൊട്ടന്മാരക്കിയ അനേകം പരിപാടിയില്‍ ഒന്ന് കൂടിയായി കൊച്ചി മെട്രോ വിവാദം . ഏത് തലയ്ക്കു വെളിവ് ഇല്ലാത്തവനാണ് കൊച്ചി മെട്രോ DMRC യെ ഏല്പിക്കണം എന്ന് ആദ്യം പറഞ്ഞത് ? അവനെ കണ്ടു പിടിച്ചു ആദ്യം വല്ല മാനസിക ചികിത്സ കേന്ദ്രത്തിലും അയക്കുക. എന്നിട്ട് ഇത് ഏറ്റു പിടിച്ച രാഷ്ട്രീയ നേതാക്കളുടെ ചന്തിക്ക് പെട കിട്ടുന്ന കാലം വരണേ എന്ന് ദൈവത്തോട് ഉള്ളുരുകി പ്രാര്‍ത്ഥിക്കുക അത് മാത്രമാണ് ഇപ്പോള്‍ ചെയ്യാന്‍ ഉള്ളത് . DMRC യെ കുറിച്ച് ഒരു ചുക്കും അറിയാതെ ഇനിയും ചര്‍ച്ചകള്‍ നടത്തി പരിഹാരം ഉണ്ടാക്കും എന്ന് പറയുന്നത് ശുദ്ധ അബന്ധം മാത്രമാണ് - നടക്കാത്ത കാര്യം. ഉമ്മന്‍ ചാണ്ടിയുടെ പാര്‍ട്ടിക്കാരിയായ ഷീല ധീക്ഷിതോ സാക്ഷാല്‍ സോണിയ ഗാന്ധിയോ പറഞ്ഞാല്‍ പോലും DMRC ക്ക് കൊച്ചി മെട്രോ ഏറ്റെടുത്തു നിര്‍മിക്കാന്‍ ആകില്ല . ഇതറിയണമെങ്കില്‍ DMRC എന്താണ് എന്ന് മനസ്സിലാക്കിയാല്‍ മാത്രം മതി . കൊച്ചി മെട്രോ ശ്രീധരനെ ഏല്‍പ്പിക്കാന്‍ പോയപ്പോള്‍ തനിക്കു DMRC ക്ക് പുറത്തു ഒരു ജോലി ഏറ്റെടുക്കാന്‍ പറ്റില്ല എന്ന് പറഞ്ഞതിനെ തുടര്‍ന്ന് ആണല്ലോ ഇത് DMRC യെ ഏല്‍പ്പിക്കണം എന്ന് തീരുമാനിച്ചത് . അങ്ങനെ ഒരു തീരുമാനം എടുക്കുന്നതിനു മുമ്പ് ചെയ്യേണ്ട ഒരു സാമാന്യ മായ കാര്യം മാത്രമാണ് DMRC ക്ക് അത് പറ്റുമോ എന്ന് അന്വേഷിക്കുക .അത് ചെയ്യാതെ നേരം കിട്ടുമ്പോള്‍ ഒക്കെ ജോലി DMRC യെ ഏല്‍പ്പിക്കും എന്ന് പറയുക ആയിരുന്നില്ല മുഖ്യന്‍ വേണ്ടിയിരുന്നത് . ഇത് കേരളത്തിന്റെയും കൊച്ചിക്കാരുടെയും വിധി. ഇങ്ങനെ കാര്യം അറിയാതെ പ്രതികരിക്കുന്ന ഒരു പ്രതിപക്ഷവും എന്തിനും ഏതിനും ഉപദേശകരെ ആശ്രയിക്കുന്ന ഒരു മുഖ്യനും .

K.P. Sukumaran said...

കൊച്ചി മെട്രോ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം ഡല്‍ഹി മുഖ്യമന്ത്രി ഷീലാദീക്ഷിത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചില്ല.

ഡി.എം.ആര്‍.സിയ്ക്ക് അധികഭാരമാണെങ്കിലും കൊച്ചി മെട്രോ വിഷയം തീര്‍ച്ചയായും സജീവ പരിഗണനയിലുണ്ടെന്ന് കേന്ദ്രമന്ത്രി കമല്‍നാഥ് പറഞ്ഞു. കൊച്ചി മെട്രോയെ എങ്ങനെ സഹായിക്കാന്‍ കഴിയുമെന്ന് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി മെട്രോ ഏറ്റെടുക്കാന്‍ ഡി.എം.ആര്‍.സി യെ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡല്‍ഹി മുഖ്യമന്ത്രി ഷീലാദീക്ഷിതിനെയും കേന്ദ്രമന്ത്രി കമല്‍നാഥിനെയും ഇന്നുരാവിലെയാണ് കണ്ടത്.

അയ്യോ പാവം! DMRC യും ശ്രീധരനും ഇല്ലാതെ ഒരു കാരണവശാലും കൊച്ചിയില്‍ മെട്രോ നിര്‍മ്മിക്കാന്‍ കഴിയില്ല. എന്തായാലും കൊച്ചിയെ പറ്റി സദാ സജീവിമായി പരിഗണിച്ചോണ്ട് ഇരിക്കണേ ബഹുമാനപ്പെട്ട കേന്ദ്രമന്ത്രി കമല്‍ നാഥ് അവര്‍കളേ. ഞങ്ങള്‍ കേരളക്കാര്‍ക്ക് മറ്റൊരു വഴിയുമില്ല, വേറൊന്നു അറിയുകയുമില്ല. അത്കൊണ്ടാണ് “ DMRC യും ശ്രീധരനും ശരണം” എന്ന് ഭരണപക്ഷവും പ്രതിപക്ഷവും ഇങ്ങനെ കെഞ്ചി യാചിക്കുന്നത്. ഞങ്ങളും ഒരു മെട്രോ കൊതിച്ചു പോയി. അത് DMRC യും ശ്രീധരനും ഇല്ലെങ്കില്‍ ലോകത്ത് ഒരു ശക്തിക്കും കേരളത്തില്‍ നടപ്പാക്കാനും കഴിയില്ല. അങ്ങ് അത് ഓര്‍മ്മിക്കണം പ്ലീസ്.

Anonymous said...

കൊച്ചി നഗരത്തില്‍ മെട്രോ റെയില്‍ വിജയിക്കില്ല. നമുക്ക് വേണ്ടത് വേണ്ടത് കാസര്‍ഗോഡ് - തിരുവനനന്തപുരം റെയില്‍ പാത ഇരട്ടിപ്പിക്കല്‍ വേഗത്തിലാക്കുകയാണ്. ഇപ്പോള്‍ എടുക്കുന്നതിന്‍റെ പകുതി സമയം സമയം കൊണ്ട് ഈ റൂട്ടില്‍ യാത്ര സാധ്യമാകും. പൂര്‍ത്തിയാവാതെ കിടക്കുന്ന കിടക്കുന്ന ആലപ്പുഴ, തിരുവനന്തപുരം ബൈ-പാസ്സുകളും സീ പോര്‍ട്ട്‌ -എയര്‍ പോര്‍ട്ട്‌ റോഡുകളും പൂര്‍ത്തിയാക്കാന്‍ കേരളത്തില്‍ മാറി മാറി ഭരിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഇശ്ചാശക്തിയുണ്ടാവട്ടെ.

കൊച്ചി മെട്രോ വേണ്ട!!