Links

ലോകത്തിലെ ആര്‍ട്ട് ഗ്യാലറികളിലേക്കൊരു വെര്‍ച്വല്‍ ടൂര്‍

ദ്രാസ് മ്യൂസിയത്തിലെ  ആര്‍ട്ട് ഗ്യാലറി മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ. രാജാരവിവര്‍മ്മയുടെ പെയിന്റിങ്ങുകള്‍ കാണാനായി മാത്രം ഞാനവിടെ വീണ്ടും വീണ്ടും പോകാറുണ്ടായിരുന്നു. പ്രൌഢഗംഭീരമായിരുന്നു മദ്രാസ് മ്യൂസിയം. അവിടത്തെ സൂവോളജിക്കല്‍ ഗ്യാലറി കാണേണ്ടത് തന്നെയായിരുന്നു. പ്രത്യേകിച്ചും തിമിംഗലത്തിന്റെ  അസ്ഥിപജ്ഞരം.  എന്നാല്‍ ഈ അടുത്ത് വീണ്ടും അവിടെ പോയപ്പോള്‍ വളരെ ശോചനീയമായ അവസ്ഥയിലായിരുന്നു ആ മ്യൂസിയം. ഒരു മെയിന്റനന്‍സും ഇല്ലായിരുന്നു. സര്‍ക്കാറിന് അത്തരം കാര്യങ്ങളില്‍ ഒന്നും താല്പര്യമില്ലാത്ത പോലെ.  ജനങ്ങള്‍ക്ക് നക്കാപ്പിച്ച വാരിക്കോരി നല്‍കി വോട്ട്ബാങ്ക് നിലനിര്‍ത്തുന്നതില്‍ മാത്രമാണ് ജനാധിപത്യസര്‍ക്കാരുകള്‍ ശ്രദ്ധിക്കുന്നത്. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചില്ലായിരുന്നുവെങ്കില്‍ നമ്മുടെ രാജ്യത്തിന്റെ കോലം എന്താകുമായിരുന്നുവെന്ന് എല്ലാവരും ഒന്ന് ആലോചിക്കുന്നത് നല്ലതാണ്.  ബ്രിട്ടീഷുകാര്‍ ഇന്ത്യയെ കോളനിയാക്കിയത് ചരിത്രം നമുക്ക് സമ്മാനിച്ച അനുഗ്രഹമായി കരുതണം എന്ന് സാന്ദര്‍ഭികമായി പറയട്ടെ. അല്ലെങ്കില്‍ തന്നെ അവര്‍ വന്നില്ലായിരുന്നുവെങ്കില്‍ എന്ത് ഇന്ത്യ?  സോമാലിയ പോലെയോ എത്യോപ്യ പോലെയോ അനേകം നാട്ടുരാജ്യങ്ങള്‍ ചേര്‍ന്ന ഒരു ഉപഭൂഖണ്ഡം മാത്രമായിരുന്നിരിക്കും ഈ ഭാരതം.

പറഞ്ഞുവന്നത് ആര്‍ട്ട്ഗ്യാലറികളെ കുറിച്ചാണല്ലൊ. വാന്‍‌ഗോഗിന്റെ ആര്‍ട്ട് ഗ്യാലറി സന്ദര്‍ശിക്കാന്‍ നമ്മില്‍ എത്ര പേര്‍ക്ക് ഭാഗ്യം സിദ്ധിക്കും? എന്നാല്‍ അതിനൊരവസരം ഒരുക്കുകയാണ് ഗൂഗിള്‍ . എന്തെല്ലാം സേവനങ്ങളാണ് ഗൂഗിള്‍ നമുക്ക് ഒരുക്കിത്തരുന്നത്. ഗൂഗിള്‍ ഇല്ലാത്ത ഒരു ജീവിതം നെറ്റ് കൈകാര്യം ചെയ്യുന്നവര്‍ക്ക്  സങ്കല്‍പ്പിക്കാന്‍ പോലും ഇന്ന് അസാധ്യമാണ്. നെറ്റിലൂടെയുള്ള ഈ സന്ദര്‍ശനം വെര്‍ച്വല്‍ ആണെങ്കിലും നേരില്‍ കാണുന്ന പോലെയുള്ള പ്രതീതി ജനിപ്പിക്കാന്‍ ഗൂഗിളിന്റെ  Streetview എന്ന ടെക്‍നോളജിക്ക് സാധിക്കുന്നു. ഗൂഗിള്‍ എര്‍ത്ത് , ഗൂഗിള്‍ മാപ്പ് എന്നിവയിലൊക്കെ ഈ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. 14000 മില്യന്‍ പിക്‍ചല്‍ അളവിലും അതില്‍ കൂടുതലും ആയിട്ടാണ് ഗ്യാലറികളിലെ ചിത്രങ്ങള്‍ കാണിക്കുന്നത് എന്നത്കൊണ്ട് നാം നേരിട്ട് പോയി കാണുന്നത് പോലെ തോന്നും.  ആകെയുള്ള പരിമിതി നാം നമ്മുടെ മോണിട്ടറില്‍ ആണല്ലോ കാണുന്നത് എന്നതാണ്.

ഗൂഗിളിന്റെ Art Project ആണിത്.  വാന്‍‌ഗോഗ് അടക്കമുള്ള ലോകപ്രശസ്തരായ ചിത്രകാരന്മാരുടെ പെയിന്റിങ്ങുകള്‍ പ്രദര്‍ശിപ്പിക്കുന്ന 17 മ്യൂസിയങ്ങളാണ് ഇപ്പോള്‍ ഈ പ്രൊജക്റ്റില്‍ കാണാന്‍ കഴിയുക. കൂടുതല്‍ മ്യൂസിയങ്ങള്‍ ഇനിയും ചേര്‍ക്കപ്പെടും.  360 ഡിഗ്രി പനോരമ ചിത്രങ്ങള്‍ ആയതിനാല്‍ മൌസ് ഉപയോഗിച്ച് നമുക്ക് ഈ മ്യൂസിയങ്ങള്‍ ചുറ്റിക്കാണാന്‍ സാധിക്കും. 480ലധികം കലാകാരന്മാരുടെ ആയിരത്തിലധികം പെയിന്റിങ്ങുകള്‍ 385 വെര്‍ച്വല്‍ റൂമുകളിലായി കാണാം.  ഓരോ മ്യൂസിയവും സെലക്റ്റ് ചെയ്ത് സമയം അനുവദിക്കുന്ന മുറയ്ക്ക് ചിത്രങ്ങള്‍ കണ്ട് ആസ്വദിക്കാം.  ഞാന്‍ കൂടുതല്‍ ഇനിയും വിശദീകരിക്കുന്നില്ല.  നമുക്ക്  മ്യൂസിയങ്ങളിലേക്ക് പോകാം.

7 comments:

Unknown said...

ഈ പോസ്റ്റിന് സ്പേഷ്യൽ നന്ദി>>>>>>>>

Subair said...

ഈ ഗൂഗിളിന്‍റെ ഒരു കാര്യം...നമ്മുക്കൊന്നും ഭാവനയില്‍ കൂടെ കാണാന്‍ കഴിയാത്ത കാര്യങ്ങളാണ് അവര്‍ ഉണ്ടാക്കി ഫ്രീ ആയി തരുന്നത്...

ajith said...

ഗൂഗിള്‍ നീണാള്‍ വാഴട്ടെ

കെപിയെസ് സാറിന് നന്ദി

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഗൂഗിളിനും സുകുമാരന്‍ സാറിനും നന്ദി

വിധു ചോപ്ര said...

ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചില്ലായിരുന്നുവെങ്കില്‍ നമ്മുടെ രാജ്യത്തിന്റെ കോലം എന്താകുമായിരുന്നുവെന്ന് എല്ലാവരും ഒന്ന് ആലോചിക്കുന്നത് നല്ലതാണ്. ബ്രിട്ടീഷുകാര്‍ ഇന്ത്യയെ കോളനിയാക്കിയത് ചരിത്രം നമുക്ക് സമ്മാനിച്ച അനുഗ്രഹമായി കരുതണം എന്ന് സാന്ദര്‍ഭികമായി പറയട്ടെ. അല്ലെങ്കില്‍ തന്നെ അവര്‍ വന്നില്ലായിരുന്നുവെങ്കില്‍ എന്ത് ഇന്ത്യ? സോമാലിയ പോലെയോ എത്യോപ്യ പോലെയോ അനേകം നാട്ടുരാജ്യങ്ങള്‍ ചേര്‍ന്ന ഒരു ഉപഭൂഖണ്ഡം മാത്രമായിരുന്നിരിക്കും ഈ ഭാരതം-എന്ന പ്രയോഗം ഞെട്ടിച്ചു കളഞ്ഞു. ഇന്ത്യക്കൊരിക്കലും ഒരു പട്ടിണിരാജ്യമാകാൻ സാധ്യമല്ല(ഗാന്ധിജിയെ മറന്നു കൊണ്ടല്ല ഈ പ്രസ്താവന) .അതിന്റെ വിഭവ സമൃദ്ധി അതിശയിപ്പിക്കുന്നതാണ്. ബ്രിട്ടീഷു കാരും ഫ്രഞ്ച് കാരും ഡച്ചു കാരും ഇപ്പോൾ പുതിയ പ്രമാണിമാരുമെല്ലാം ഊറ്റിയൂറ്റി കുടിച്ചിട്ടും തീരാത്ത സമ്പത്ത്! ബ്രിട്ടീഷുകാർ ഭരിച്ച എല്ലാ നാടും നാന്നായിട്ടില്ല.അതു പോലെ ബ്രിട്ടന്റെ അടിമയായിരുന്ന അമേരിക്കയിന്നെവിടെ ബ്രിട്ടനിന്നെവിട്? ബ്രിട്ടൻ ഇന്ന് ബ്രിട്ടീഷു കാർ അല്ല ഭരിക്കുന്നത് എന്നുണ്ടോ? അമേരിക്ക ഇപ്പോഴും ബ്രിട്ടീഷു കാരാണ് ഭരിക്കുന്നത് എന്നാണോ ? നമ്മുടെ കഴിവു കേട് നമ്മുടെ കുറ്റം.എന്നാൽ നമ്മുടെ നേട്ടം ബ്രിട്ടീഷു കാരന്റെ നന്മയേയല്ല.അഥവാ എന്തെങ്കിലും നേട്ടം അധിനിവേശം കൊണ്ടുണ്ടായിട്ടുണ്ടെങ്കിൽ അത് അവരുടെ വൃത്തികേടുകളുടെ “ബൈ പ്രോഡക്റ്റ് മാത്രം. നാം ഓർക്കേണ്ടത് ബ്രിട്ടനെ അടിയറവു പറയിച്ച ഇന്ത്യൻ ഇച്ഛാശക്തിയെ പറ്റിയാണെന്നു തോന്നുന്നു. അതിന്റെ കുറവ് തുറന്നു കാട്ടുന്ന ഒരു കഥ ഞാനെഴുതിയിട്ടുണ്ട്.ദയവായി( ബോൺസായ്: വ്യർത്ഥം)ക്ലിക്ക് ചെയ്താലും
“സാർ, ടോപിക്ക് അവസാനിപ്പിച്ചതു പോലെ
ഞാന്‍ കൂടുതല്‍ ഇനിയും വിശദീകരിക്കുന്നില്ല- നമുക്ക് മ്യൂസിയങ്ങളിലേക്ക് പോകാം. ആശംസകളും ആയുരാരോഗ്യ സൌഖ്യവും നേർന്ന് കൊണ്ട് സസ്നേഹം വിധു

Unknown said...

നന്ദി, മ്യൂസിയവിവരം പങ്കു വെച്ചതിന്‌...

Sajith said...

വളരെ നല്ല ഒരു പോസ്റ്റ്‌ ആണ് ഇത്.
വളരെയേറെ പ്രത്യേകതകള്‍ ഉള്ള ഒരു കമ്പനി ആണ് ഗൂഗിള്‍.. എന്നും പുതുമകള്‍ സമ്മാനിക്കുന്നു...
എന്‍റെ ബ്ലോഗില്‍ ഞാന്‍ അവരുടെ കുറച്ച് സര്‍വിസുകള്‍ ഇട്ടത്‌ ശ്രദ്ധിക്കുമല്ലോ...

url : http://techiefeeds.blogspot.in/search/label/Google/