Links

ഒരു ഫേസ്‌ബുക്ക് അപ്ഡേറ്റിന്റെ കഥ

FB-1
ഇപ്പോഴൊക്കെ ഫേസ്‌ബുക്ക് ജ്വരം ബാധിക്കാ‍ത്തവര്‍ നെറ്റ് കൈകാര്യം ചെയ്യുന്നവരില്‍ ആരുമുണ്ടാവില്ല. മറ്റെല്ലാ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളെയും പിന്നിലാക്കിക്കൊണ്ട് ഫെയിസ്ബുക്ക് അത്രമാത്രം പ്രചുരപ്രചാരം നേടിക്കഴിഞ്ഞിരിക്കുന്നു.  നേരം കാലം നോക്കാതെ , എന്ത് വിവരവും അപ്പപ്പോള്‍  അപ്‌ഡേറ്റ് ചെയ്യുക എന്നത് ഫേസ്‌ബുക്കില്‍ അക്കൌണ്ടുള്ള എല്ലാവരുടെയും ശീലമായി മാറിയിരിക്കുന്നു.  ഹോം‌പേജിന്റെ ടൂള്‍‌ബാറില്‍ മിന്നിത്തെളിയുന്ന നോട്ടിഫിക്കേഷനുകള്‍ക്ക് വേണ്ടി അക്ഷമയോടെ നോക്കിയിരിക്കുക എന്നത് എന്റെയും പതിവായിരിക്കുന്നു.  നമ്മുടെ പ്രൊഫൈല്‍ ചുമരില്‍ ഒരു സ്റ്റാറ്റസ് എഴുതുമ്പോഴേക്കും എവിടെ നിന്നെങ്കിലും  ഒരു ലൈക്ക് നമ്മെ തേടി വന്നിരിക്കും.  ഒരു ലൈക്ക് എന്നു പറഞ്ഞാല്‍ അതില്‍ അകൃത്രിമമായ സൌഹൃദത്തിന്റെ ഊഷ്മളതയുണ്ട്.  ബ്ലോഗില്‍  നൂറ് കമന്റ് കിട്ടുന്നതിനേക്കാളും സന്തോഷമാണ് ഫേസ്‌ബുക്കില്‍ ഒരു ലൈക്ക് കിട്ടുമ്പോള്‍ തോന്നുന്നത്.  ഫേസ്‌ബുക്ക് അപ്‌ഡേറ്റുകള്‍ കൊണ്ട് ചിലര്‍ ചില കുഴപ്പങ്ങളിലും ചെന്ന് ചാടാറുണ്ട് എന്നത് വേറെ കാര്യം.

അസാധാരണമായൊരു അപ്‌ഡേറ്റിന്റെ കഥയാണ് പറയാന്‍ പോകുന്നത്.  ജേസണ്‍ വാല്‍‌ഡേസ് എന്നൊരു അമേരിക്കന്‍ യുവാവ് ഒരു യുവതിയെ ബന്ദിയാക്കിക്കൊണ്ട് ഹോട്ടല്‍ മുറിയില്‍ പതിനാറ് മണിക്കൂര്‍ കഴിച്ചുകൂട്ടിയ സമയത്ത് അയാള്‍ ഫേസ്‌ബുക്കില്‍ അപ്‌ഡേറ്റ് ചെയ്തുകൊണ്ട് സംഭവം സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും അറിയിച്ചുകൊണ്ടിരുന്നു. (ഇമേജില്‍ ക്ലിക്ക് ചെയ്താല്‍ കാണാം) അമേരിക്കയിലെ സാള്‍ട്ട് ലെയിക്ക് നഗരത്തിലാണ് സംഭവം.  ജേസണ്‍ ഒട്ടേറെ കേസുകളില്‍ പ്രതിയാണത്രെ.  ലഹരിപദാര്‍ത്ഥങ്ങളുടെ കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് പോലീസ് സമന്‍സുമായി എത്തിയപ്പോഴാണ് വെറോണിക്ക എന്നൊരു യുവതിയെ ബന്ദിയാക്കിക്കൊണ്ട് ഹോട്ടല്‍ മുറിയില്‍ പതുങ്ങിയിരുന്നത്.  വെറോണിക്കയെ മോചിപ്പിക്കാന്‍ 16 മണിക്കൂറോളം പോലീസുകാര്‍ ഹോട്ടലിന് പുറത്ത് നിന്ന്കൊണ്ട് ശ്രമിക്കുകയായിരുന്നു.  ഇത്തരം സന്ദര്‍ഭങ്ങളില്‍ അകത്ത് എന്താണ് സംഭവിക്കുന്നത് എന്ന് പുറത്തുള്ളവര്‍ക്ക് അറിയാന്‍ വഴിയില്ലല്ലൊ.  ചാനല്‍ ക്യാമറകള്‍ പുറത്ത് നിന്ന് കൊണ്ട് ദൃശ്യങ്ങള്‍ പ്രേക്ഷകരെ ലൈവായി കാണിക്കും എന്നല്ലാതെ പ്രതിയുടെയും ബന്ദിയാക്കപ്പെട്ട ആളുടെയും സ്ഥിതി നേരിട്ടറിയാന്‍ മാര്‍ഗ്ഗമില്ല. പക്ഷെ ഈ സംഭവത്തില്‍  ജേസണ്‍ വാല്‍‌ഡേസ്  തന്റെ മൊബൈല്‍ ഫോണിലൂടെ സംഗതി ഫേസ്‌ബുക്കില്‍ അപ്‌ഡേറ്റ് ചെയ്യുകയായിരുന്നു.

ഒരു ഏറ്റുമുട്ടലില്‍ അകപ്പെട്ടുപോയി.  സംഭവം അല്പം ഗുരുതരമാണ്. എന്നാലും ഞാന്‍ എന്തിനും ഒരുക്കമാണ് എന്ന് തുടങ്ങുന്ന ആദ്യത്തെ സ്റ്റാറ്റസ്സ് മെസ്സേജില്‍ സുഹൃത്തുക്കളേ നിങ്ങളെ ഞാന്‍ അഗാധമായി സ്നേഹിച്ചിരുന്നു, ഇവിടെ നിന്ന് എനിക്ക് ജീവനോടെ പുറത്ത് കടക്കാന്‍ കഴിയുമോ എന്നറിയില്ല എന്നും സൂചിപ്പിച്ചിരുന്നു. തുടര്‍ന്നും സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്തുകൊണ്ടേയിരുന്നു. ഒരു സുന്ദരിയായ യുവതിയെ ഞാന്‍ ബന്ദിയാക്കിയിട്ടുണ്ടെന്നും അവളുടെ പേര് വെറോണിക്കയാണെന്നും അറിയിച്ച അയാള്‍ മൊബൈലില്‍ അവരുടെ പടം എടുത്ത് ഫേസ്‌ബുക്കില്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. ( ഫോട്ടോ താഴെ. വെറോണിക്കയെ കാണുമ്പോള്‍ ഒരു ബന്ദിയുടെ അപ്പോഴത്തെ അവസ്ഥ പ്രതിഫലിക്കുന്നില്ല അല്ലേ)


ഇതിനിടയില്‍ പോലീസുകാര്‍ ഹോട്ടലിലേക്കുള്ള വിദ്യുച്ഛക്തി വിച്ഛേദിച്ചപ്പോള്‍ , ഈ നടപടി ബന്ദിയാക്കപ്പെട്ട യുവതിയുടെ ജീവന്‍ അപകടത്തിലാക്കുന്നതാണെന്ന് ഫേസ്‌ബുക്കില്‍ എഴുതി. അപ്പോഴൊക്കെ സുഹൃത്തുക്കളില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും ജേസണിന്റെ വാളില്‍ കമന്റുകള്‍ വന്നുകൊണ്ടിരുന്നു എന്ന് പറയേണ്ടതില്ലല്ലൊ.  ഞാന്‍ ഇത് എഴുതുമ്പോഴും ജേസണ്‍ വാല്‍ഡേസിന്റെ ഫേസ്‌ബുക്ക് പ്രൊഫൈലിലെ വാളില്‍ ആരെങ്കിലുമായി കമന്റുകള്‍ എഴുതിക്കൊണ്ടിരിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ശനിയാഴ്ച(18.6.11)യായിരുന്നു സംഭവം.  പതിനാറാമത്തെ മണിക്കൂറില്‍ വാല്‍ഡേസിന്റെ നെഞ്ചില്‍  വെടിയേറ്റാണ്  ആ നാടകം അവസാനിക്കുന്നത്.  പോലീസാണ് വെടി വെച്ചതെന്നും അതല്ല അയാള്‍ സ്വന്തം കൈത്തോക്ക് കൊണ്ട് സ്വയം വെടിവെക്കുകയായിരുന്നു എന്നും വ്യത്യസ്ത റിപ്പോര്‍ട്ടുകളുണ്ട്.

ഒരു ബന്ദിയെ കടത്തിക്കൊണ്ടുപോകുന്ന സംഭവത്തിന്റെ ഉദ്വേഗജനകങ്ങളായ സീക്വന്‍സുകള്‍ അങ്ങനെ ഫേസ്‌ബുക്ക് അപ്‌ഡേറ്റുകളിലൂടെ ലോകത്തിന് അറിയാന്‍ കഴിഞ്ഞു. ഇത് വായിച്ച ചില  സുഹൃത്തുക്കള്‍ അയാള്‍ക്ക് പിന്തുണ അറിയിക്കുകയും മറ്റ് ചിലര്‍ ആ‍ യുവതിയെ മോചിപ്പിക്കാന്‍ ഉപദേശിക്കുകയും ചെയ്തു.  മറ്റൊരു സുഹൃത്താകട്ടെ,  പോലീസുകാരുടെ നീക്കം  അറിയിക്കുകയും അതിന് ജേസണ്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.  ഒടുവില്‍ ,  അവളെ മോചിപ്പിച്ചുവെന്നും എത്ര പറഞ്ഞിട്ടും പോലീസുകാര്‍ അകത്ത് പ്രവേശിക്കുകയാണെന്നുമായിരുന്നു അവസാനത്തെ അപ്‌ഡേറ്റ്.

ജേസണ്‍ വാല്‍ഡേസിന്റെ  ഫേസ്‌ബുക്ക് പ്രൊഫൈല്‍ ഇവിടെ.

സംഭവത്തെ പറ്റി ഒരു റിപ്പോര്‍ട്ട് ഇവിടെയുണ്ട്.  ഗൂഗിള്‍ ചെയ്താല്‍ ഇനിയും ലിങ്കുകള്‍ കാണാം.

9 comments:

ajith said...

ഫേസ് ബുക്ക് അഡിക്റ്റഡ് വേള്‍ഡ്

mayflowers said...

Height of FB addiction.

Irshad said...

:)

Anonymous said...

സുകുമാരേട്ടാ ആകെ ഇന്‍സ്പയറ്‍ഡ്‌ ആയെന്നു തോന്നുന്നല്ലോ ? വല്ല കിഡ്നാപ്പിംഗ്‌ പരിപാടി ഉണ്ടോ? പണ്ട്‌ പ്റേമിച്ച്‌ കിട്ടാതെ പോയ കാമുകിയെയോ മറ്റോ? ശശി ആകല്ലേ സദാചാര പോലീസ്‌ നാടാകെ വിളയാടുന്ന സമയം ആണേ, സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട, ജഗതിയും കുഞ്ഞാലിക്കുട്ടിയും ഒക്കെ എത്റ നാണം കെട്ടു എത്റ കോടികള്‍ മുടക്കി ഊരിപ്പോരാന്‍ ബാംഗളൂരിലും ശ്രീരാമ സേന ഒക്കെ സജീവം ആണു കേട്ടോ

Muralee Mukundan , ബിലാത്തിപട്ടണം said...

കിഡ്നാപ്പും ഇനി മുതൽ ലൈവ്വാക്കാം ..!
ഒരു മൊബൈലുണ്ടായാൽ മത്യല്ലോ അല്ലേ ഭായ്

വിധു ചോപ്ര said...

തന്റെ “ഡെൽഹി” എന്ന കഥയിൽ, എം. മുകുന്ദൻ ഏതാണ്ടിതു പോലൊരു തീം അവതരിപ്പിച്ചിട്ടുണ്ട്. സമ്പന്ന കുടുംബത്തിലെ ഒരു പയ്യൻ ഒരു പെൺകുട്ടിയെ മാനഭംഗപ്പെടുത്തുന്നത് ടെറസ്സിലിരുന്നു കൊണ്ട് ദൂരദർശിനിയിലൂടെ മറ്റൊരു സമ്പന്ന യുവാവ് ആസ്വദിക്കുന്ന കഥ. അന്നത്തെ ടെക്നോളജിയുടെയും സദാചാര ബോധത്തിന്റെയും പശ്ചാത്തലത്തിൽ അതൊരു ഞെട്ടിക്കുന്ന രചനയായിരുന്നു. എന്നാൽ ഇന്ന്..........ചിന്തിക്കാൻ പോലും പറ്റാത്ത വിധത്തിലാണ് മാലോകർ ഓരോന്ന് കാട്ടിക്കൂട്ടുന്നത്.നന്നായിത്തന്നെ സംഭവം പോസ്റ്റ് ചെയ്തിരിക്കുന്നു.നല്ല അപ്ഡേറ്റ്.

വിധു ചോപ്ര said...

ചങ്ങാതി കൊടുത്ത പടം ഏതോ പഴയ പടമാണെന്നു തോന്നുന്നു. അതിന്റെ പിന്നിൽ മറ്റൊരാളിന്റെ പാന്റ്സ് കാണുന്നില്ലേ. അതിനും പിറകിലുള്ളത് മൈതാനമോ പുൽത്തകിടിയോ. അതായിരിക്കും പെണ്ണുമ്പിള്ളക്കൊരു നോൺ ബന്ദി ലുക്ക്

Manoraj said...

ഹോ.. ഫെയ്സ്ബുക്ക് വഴി ഇത്രയേറെ പ്രശ്നങ്ങള്‍ ഉണ്ടല്ലേ.. ഫെയ്സ്ബുക്ക് അത്ര ഫെമിലിയര്‍ അല്ല എനിക്ക്. വല്ലപ്പോഴും സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുമെന്നല്ലാതെ കൂടുതല്‍ കളികള്‍ അറിയില്ല. അത് എത്ര നന്നായി.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഫേസ്‌ബുക്ക്‌ ശരിക്കും ഒരു 'മുഖപുസ്തകം' തന്നെ!