നമസ്കാരം കെ.പി.എസ്.
നമസ്ക്കാരം.. പറയൂ , എന്തൊക്കെയാ വിശേഷങ്ങള്‍ ...
മുഖവുര കൂടാതെ വിഷയത്തിലേക്ക് കടക്കാം. എന്തിനാണ് താങ്കള്‍ ബ്ലോഗ് എഴുതുന്നത്?
എന്തിനാണ് ഞാന്‍ ബ്ലോഗ് എഴുതുന്നത് എന്ന് ചോദിച്ചാല്‍ , എന്തിനാണ് ഞാന്‍ ജീവിയ്ക്കുന്നത് എന്ന് ചോദിക്കുന്ന പോലെയാണ്. മറുപടി പറയാന്‍ പ്രയാസം. നമ്മള്‍ ഓരോരുത്തരും ഓരോ കര്‍മ്മങ്ങള്‍ ചെയ്യുന്നു. അതോരോന്നും എന്തിനാണെന്ന് ചോദിച്ചാല്‍ എന്താണ് പറയാന്‍ കഴിയുക. എനിക്ക് തോന്നുന്നത് ഒരോരുത്തരും ഓരോ കര്‍മ്മമണ്ഡലങ്ങളില്‍ യാദൃച്ഛികമായോ ആകസ്മികമായോ എത്തിപ്പെടുന്നു എന്നാണ്. എന്നെ സംബന്ധിച്ച് പ്രാരബ്ധങ്ങള്‍ എല്ലാം ഒഴിവായിക്കിട്ടിയപ്പോള്‍ ഈ കമ്പ്യൂട്ടറും സമയവും ബ്ലോഗ് എന്ന മീഡിയയും എന്റെ മുന്നില്‍ വന്നുപെട്ടു. അത്കൊണ്ടാവാം ബ്ലോഗ് എഴുതുന്നത്. എന്റെ ബ്ലോഗിനെ ആരും കാത്തിരിക്കുന്നില്ല. ഞാനും എന്റെ ബ്ലോഗ് വായിക്കാന്‍ ആരെയും കാത്തിരിക്കുന്നില്ല. ഏത് സംഗതിയും അങ്ങനെയാണ്. എന്നാല്‍ സംഭവ്യതയുടെ നിയമപ്രകാരം ആരൊക്കെയോ എന്റെ ബ്ലോഗ് വായിക്കുന്നു. അത്കൊണ്ട് ഞാന്‍ പിന്നെയും എഴുതുന്നു.
ബ്ലോഗ് എഴുതുന്നതില്‍ സംതൃപ്തനാണോ? എന്താണ് ഇതില്‍ നിന്ന് ലഭിക്കുന്ന നേട്ടം ?
സത്യം പറഞ്ഞാല്‍ മനുഷ്യരോട് നേരില്‍ ഇടപഴകാനാണ് എനിക്ക് ഇഷ്ടം. മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കുക, അവരെ കുറിച്ച് അടുത്തറിയുക, അവരുടെ വ്യഥകളില്‍ പങ്ക് ചേരുക , അറിവുകളും അനുഭവങ്ങളും കൈമാറുക അങ്ങനെയങ്ങനെ... എനിക്കതിനുള്ള സാഹചര്യം ഇല്ലാതായിപ്പോയി. ആരോഗ്യപരമായ കാരണങ്ങളാല്‍ സഞ്ചരിക്കാന്‍ കഴിയുന്നില്ല. അത്കൊണ്ട് വീട്ടില്‍ തന്നെ ഒതുങ്ങിക്കഴിയേണ്ടി വന്നു. അങ്ങനെയൊരവസ്ഥയില്‍ താല്‍ക്കാലികമായൊരു ആശ്വാസമായിട്ടാണ് ബ്ലോഗ് കണ്ടെത്തുന്നത്. ചില്ലറ സൌഹൃദങ്ങളാണ് ഇതിലൂടെ ലഭിച്ച നേട്ടം. ഏറ്റവും പ്രധാനമായത് സമയം പോകുന്നു എന്നത് തന്നെ. എന്നാല്‍ ക്രീയേറ്റീവായല്ല സമയം പോക്കുന്നത് എന്ന വേദന ഇല്ലാതില്ല.
ബ്ലോഗെഴുത്ത് ക്രീയേറ്റിവിറ്റി അല്ലെന്നാണോ? ആശയപ്രകാശനത്തിന് നല്ലൊരു മാധ്യമമല്ലേ ബ്ലോഗ്?
നല്ലൊരു മാധ്യമം തന്നെയാണ്, മറ്റെന്തെങ്കിലും മേഖലയുമായി ബന്ധപ്പെടുത്തി സപ്ലിമെന്ററിയായി പ്രയോജനപ്പെടുത്തുന്നെങ്കില്‍ . ഉദാഹരണത്തിന് കുറെ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കുന്നുണ്ടെങ്കില്‍ അതിന്റെ ഭാഗമായി ബ്ലോഗ് ഉപയോഗപ്പെടുത്താം. ഒരു ചാരിറ്റി സൊസൈറ്റി തുടങ്ങി പ്രവര്‍ത്തിക്കുന്നെങ്കില്‍ ബ്ലോഗിനെ ഉപയോഗപ്പെടുത്താമായിരുന്നു. അങ്ങനെ എത്രയോ മേഖലകള്‍ . വെറുതെ കുത്തിയിരുന്ന് പോസ്റ്റുകളും കമന്റുകളും എഴുതുന്നതില്‍ എന്ത് ക്രീയേറ്റീവിറ്റി ആണുള്ളത്. എന്നാലും ബ്ലോഗ് ഉള്ളത്കൊണ്ടാണ് എന്റെ ദിവസങ്ങള്‍ക്ക് മടുപ്പ് ഇല്ലാത്തത്. ആളുകളുടെയിടയില്‍ ഇറങ്ങി പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ എത്രയോ ആഹ്ലാദം കിട്ടിയേനേ ...
ആളുകളുടെയിടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ എന്താണ് തടസ്സം, ആരോഗ്യപ്രശ്നങ്ങള്‍ ... ?
ആരോഗ്യപ്രശ്നം മറി കടക്കാമായിരുന്നു. ഒരു വേദി വേണ്ടേ? സത്യത്തില്‍ പ്രവര്‍ത്തിക്കാന്‍ വേദി ആരും ഉണ്ടാക്കിതരികയല്ല വേണ്ടത്, സ്വയം സൃഷ്ടിക്കുകയാണ്. എന്നാലും നമുക്ക് ആശയപരമായി യോജിക്കാന്‍ പറ്റുന്ന നാലഞ്ച് സുഹൃത്തുക്കളെങ്കിലും വേണ്ടേ? അതാണ് പ്രശ്നം.
താങ്കള്‍ എല്ലാവരുമായും വിയോജിക്കുകയാണല്ലൊ , പിന്നെ എങ്ങനെ യോജിപ്പുള്ളവരെ കണ്ടെത്തും? ഏറ്റവും ഒടുവില്‍ എന്‍ഡോസല്‍ഫാനെ അനുകൂലിച്ചും ബ്ലോഗ് എഴുതി. എല്ലാവരെയും എതിര്‍ക്കുന്നു. യുക്തിവാദികളെ , കമ്മ്യൂണിസ്റ്റുകാരെ, പരിസ്ഥിതിപ്രവര്‍ത്തകരെ അങ്ങനെ എല്ലാറ്റിനെയും. എന്ത്കൊണ്ടാണിങ്ങനെ ?
ഇങ്ങനെയൊരു കുഴയ്ക്കുന്ന ചോദ്യം ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല. ഇതിന് എന്റെ കൃത്യമായ ഉത്തരം ലളിതമാണ്. പക്ഷെ കേള്‍ക്കുന്ന നിങ്ങള്‍ക്ക് സങ്കീര്‍ണ്ണമായി തോന്നും. എനിക്ക് ആരോടും എതിര്‍പ്പില്ല എന്നതാണ് സത്യം. മനുഷ്യന്‍ യാദൃച്ഛികമായി ജനിക്കുന്നു എന്നാണ് ഞാന്‍ കരുതുന്നത്. ശരിക്ക് പറഞ്ഞാല്‍ അനേകം ബീജാണുക്കളില്‍ നിന്ന് ഒരു നിശ്ചിത ബീജം തികച്ചും ആകസ്മികമായി അണ്ഡവുമായി സംയോജിക്കുന്നു. അങ്ങനെ ഒരു വ്യക്തിയുടെ അസ്തിത്വം ആകസ്മികതയുടെ ആനുകൂല്യത്താല്‍ തുടക്കം കുറിക്കപ്പെടുന്നു. പിന്നീട് ജീവിതകാലം മുഴുവനും ആകസ്മികസംഭവങ്ങളാല്‍ നയിക്കപ്പെടുന്നു എന്നും എനിക്ക് തോന്നുന്നു. ഏത് നിമിഷവും എന്തും സംഭവിക്കാം. എന്നാലും മനുഷ്യന്‍ പോരാടുന്നു. ചിലര്‍ ലഷ്യസ്ഥാനത്ത് എത്തുന്നു. അതിലും ആകസ്മികതയുടെ ആനുകൂല്യം ഉണ്ട് എന്ന് ഞാന്‍ പറയും. ഇപ്രകാരം മരണം വരെ ജീവിയ്ക്കുക മാത്രം ചെയ്യുന്ന എല്ലാ മനുഷ്യരോടും എനിക്ക് എതിര്‍പ്പില്ല എന്ന് മാത്രമല്ല നിഗൂഢമായ സ്നേഹവുമുണ്ട്.
ഞാന്‍ ഏതെങ്കിലും ഒരു സംഘടനയില്‍ ചേര്‍ന്നു എന്ന് വയ്ക്കുക. എതിര്‍സംഘടനയില്‍ പെട്ടവരെ ഞാന്‍ എതിര്‍ക്കണം. അല്ലെങ്കില്‍ എതിരാളിയായി ഭാവിക്കണം. ആ എതിര്‍പ്പില്‍ എനിക്ക് ബോധ്യമാവുന്ന ലോജിക്ക് ഉണ്ടാവണമെന്നില്ല. അത്കൊണ്ട് എല്ലാ സംഘടനകള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും പുറത്ത് നില്‍ക്കാനേ എനിക്ക് കഴിയുന്നുള്ളൂ. അങ്ങനെ നില്‍ക്കുന്നത്കൊണ്ട് ഓരോ സംഘടനയിലും കാണുന്ന വൈരുദ്ധ്യങ്ങള്‍ ഞാന്‍ ബ്ലോഗ് പോസ്റ്റുകളില്‍ വിഷയമാക്കുകയാണ് ചെയ്യുന്നത്. അപ്പോള്‍ ബന്ധപ്പെട്ട വിശ്വാസികളോ അവിശ്വാസികളോ അനുയായികളോ എന്റെ അഭിപ്രായത്തെ എതിര്‍പ്പായോ വിരുദ്ധതയായോ കാണുന്നു. എനിക്ക് തന്നെ അങ്ങനെയൊക്കെ എഴുതിപ്പോകുന്നതില്‍ യോജിപ്പില്ല എന്നതാണ് സത്യം. എന്നാലും എഴുതിപ്പോകുന്നു. എന്റെ എഴുത്തുകളില്‍ എനിക്ക് പക്ഷെ ന്യായം കാണാന്‍ കഴിയുന്നുണ്ട് എന്നത് വേറെ കാര്യം.
എന്താണ് ജീവിതത്തെ കുറിച്ച് താങ്കളുടെ വീക്ഷണം , അഥവാ ഫിലോസഫി ?
അതൊക്കെ ഒറ്റവാക്കില്‍ പറയാന്‍ വിഷമമല്ലേ? ഞാന്‍ പറഞ്ഞല്ലൊ, യാദൃച്ഛികമായി ഒരു വ്യക്തി ജനിക്കുന്നു. ആ വ്യക്തി ജീവിക്കുന്നതിന് ഒരു സിസ്റ്റം ഇവിടെ മുന്‍കൂട്ടി ഒരുക്കി വെച്ചിട്ടുണ്ട്. ആ സിസ്റ്റത്തിലേ അവന് ജീവിയ്ക്കാന്‍ പറ്റുകയുള്ളൂ. സിസ്റ്റം എന്നത് ഇവിടെ ഉള്ളവരാല്‍ അനുസരിക്കപ്പെടുന്നതിനാല്‍ നിലനില്‍ക്കുന്നതാണ്. അല്ലാതെ ആരും ഒരുക്കി വെച്ചതല്ല. അങ്ങനെ അവനും ഈ സിസ്റ്റത്തിന്റെ ഭാഗമായി അനുസരിക്കാന്‍ ശീലിക്കുകയും മറ്റുള്ളവരെ അനുകരിച്ച് ജീവിതം തുടങ്ങുകയും ചെയ്യുന്നു. നിലവിലുള്ള സിസ്റ്റം വേറെ രൂപത്തിലും ആകാമായിരുന്നു. ഉദാഹരണത്തിന് , ഒരു ലോകം , ഒരു ഭരണകൂടം, ഒരു നിയമം, ഒരേ മതം അങ്ങനെ എല്ലാം ഒന്ന്. എന്നാല്‍ ഇപ്പോഴുള്ളത് പോലെയാണ് സിസ്റ്റം രൂപപ്പെട്ട് വന്നത്. ഈ സിസ്റ്റത്തെ അനിവാര്യതയായി ആളുകള്‍ സ്വീകരിക്കുന്നു. മറിച്ചും ആകാമായിരുന്നു എന്നോ ആയാല്‍ എന്താ എന്നും അവന് തോന്നുന്നില്ല.
ഈ സിസ്റ്റത്തിന്റെ ഭാഗമായതിനാല്‍ ഓരോ വ്യക്തിയും തന്റെ ജാതി,മതം, പാര്‍ട്ടി, രാജ്യം, ഭാഷ, അങ്ങനെ അനേകം വിഭാഗീയതകളില്‍ തന്റെ ഇടം ഇന്നതാണെന്ന് കണ്ടെത്തുന്നു. ആ ഇടത്തില്‍ നിന്നുകൊണ്ടാണ് അവന്‍ ചിന്തിക്കുന്നതും കാഴ്ചപ്പാടുകള്‍ സ്വരൂപിക്കുന്നതും. ആശയങ്ങളില്‍ വൈരുധ്യവും പൊരുത്തക്കേടുകളും വരുന്നത് അങ്ങനെയാണ്. അടിസ്ഥാനപരമായി ഓരോ വ്യക്തിയും ഒറ്റപ്പെട്ടവന്‍ തന്നെയാണ്. ഒറ്റയ്ക്ക് തന്നെയാണ് അവന്‍ ജീവിതം ജീവിച്ചു തീര്‍ക്കുന്നതും. എന്നാല്‍ ഈ ഒറ്റപ്പെടല്‍ അവന്റെ ബോധമനസ്സിന് താങ്ങാന്‍ കഴിയില്ല. അത്കൊണ്ട് കുടുംബം , മറ്റ് സംഘടനകളില്‍ അവന്‍ ഭാഗഭാക്കാകുന്നു. എന്തിന്റെയെങ്കിലും ഭാഗമായി ഒറ്റപ്പെടലില്‍ നിന്ന് രക്ഷപ്പെടാനുള്ള അവിരാമമായ ശ്രമമാണ് ജീവിതം എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
ഒന്നും മനസ്സിലായില്ല എന്ന് പറയേണ്ടി വന്നതില്‍ ക്ഷമിക്കണം. മതങ്ങള്‍ മനുഷ്യന് ആവശ്യമാണ് എന്ന് താങ്കള്‍ എഴുതിക്കണ്ടു. എന്നാല്‍ താങ്കളുടെ ഈ ഫിലോസഫി ഒരു മതത്തിലും കാണാന്‍ കഴിയുമെന്ന് തോന്നുന്നില്ല. എന്താണ് ഈ വൈരുദ്ധ്യം?
ഞാന്‍ മനുഷ്യന്റെ കൂടെയാണ്. അത്കൊണ്ടാണ് മനുഷ്യന് മതം വേണമെന്ന് പറഞ്ഞത്. മനുഷ്യര്‍ക്ക് വേണ്ടത്കൊണ്ട് മതങ്ങള്‍ നിലനില്‍ക്കുന്നു. ഇന്ന മതം വേണമെന്നോ എനിക്ക് മതം വേണമെന്നോ ഞാന്‍ പറഞ്ഞില്ലല്ലോ. എല്ലാ മതങ്ങളിലും മനുഷ്യരെയാണ് ഞാന്‍ കാണുന്നത്. ആ മനുഷ്യരെല്ലാം എന്നെ പോലെ തന്നെയാണെന്ന് ഞാന്‍ കരുതുന്നു. ആ മനുഷ്യര്‍ ആരും എന്റെ ശത്രു അല്ലാത്തത്കൊണ്ട് അവരുടെ മതവും എനിക്ക് അന്യമല്ല. മനുഷ്യര്‍ക്ക് മതം വേണ്ടായിരുന്നെങ്കില്‍ മതം വേണമെന്ന് പറയില്ലായിരുന്നു. നല്ല മനുഷ്യരായി ജീവിയ്ക്കാനുള്ള മാര്‍ഗ്ഗരേഖയാണ് ഓരോ മതവും മുന്നോട്ട് വയ്ക്കുന്നത്. അത്കൊണ്ട് മതങ്ങളെ എനിക്ക് എതിര്‍ക്കേണ്ടി വരുന്നില്ല. പിന്നെ മതങ്ങളിലെ തെറ്റുകള്‍ . അത് ബന്ധപ്പെട്ട മതങ്ങളിലെ വിശ്വാസികളാല്‍ തിരുത്തപ്പെടേണ്ടതാണ്. ഒരു മതവും എനിക്ക് അന്യമല്ലാത്തതിനാല്‍ ഞാന്‍ എന്നെ ഒരു മതക്കാരനായും ഭാവിക്കുന്നില്ല. എനിക്ക് മനുഷ്യന്‍ എന്ന ഒറ്റ മതത്തില്‍ ചേര്‍ന്നാല്‍ മതി.
വിചിത്രമായ വാദം. ദൈവത്തെക്കുറിച്ച്, നിരീശ്വരപരവും പിന്നെ ആത്മീയപരമായും ബ്ലോഗ് എഴുതിക്കണ്ടു. ഇപ്പോള്‍ ദൈവവിശ്വാസിയാണോ?
എന്റെ പരിമിതിയില്‍ നിന്നുകൊണ്ട് എനിക്ക് ഇപ്പോള്‍ ഇതിന് വ്യക്തമായ ഉത്തരം പറയാന്‍ കഴിയില്ല. എനിക്ക് മുന്നേ ഈ പ്രാകൃതിക പ്രപഞ്ചവും ഇവിടത്തെ ആശയപ്രപഞ്ചവും നിലവിലുണ്ട്. എനിക്ക് ശേഷവും ഉണ്ടാകും. ലഭ്യമായ അറിവ് വച്ച് ചിന്തിക്കാനേ എനിക്ക് കഴിയുകയുള്ളൂ. അന്തിമമായ നിഗമനത്തില്‍ എത്താന്‍ എനിക്ക് കഴിയില്ല. അത്കൊണ്ട് എനിക്ക് പിടി തരാത്ത സമസ്യയായാണ് ഞാന്‍ ദൈവത്തെ കാണുന്നത്. അങ്ങനെ കാണുന്നത് എന്റെ കഴിവ്കേട് കൊണ്ടാണെന്നും എനിക്ക് തോന്നുന്നു. ഇവിടെ ഞാന്‍ എന്നത് തികച്ചും നശ്വരമായ ഒരു പ്രതിഭാസമാണ്. അത്കൊണ്ട് എന്റെ ധാരണ എന്തായാലും അത് സംഗതമേയല്ല. മനുഷ്യമനസ്സിന് ഒരു പ്രപഞ്ചശക്തിയുടെ തുണ ആലംബമായി വേണം. ആ ശക്തിയില്‍ മനുഷ്യന്‍ അഭയം കണ്ടെത്തുന്നത് അവന്റെ വ്യക്തിപരമായ കാര്യമാണ്. എന്റേതായ ഒരു ചിന്താസരണിയിലൂടെ കടന്നുവന്നത്കൊണ്ട് ഇത്രയേ എനിക്ക് പറയാന്‍ കഴിയൂ.
രാഷ്ട്രീയം?
കക്ഷിരാഷ്ട്രീയത്തില്‍ താല്പര്യമില്ല. കോണ്‍ഗ്രസ്സിനേക്കാളും മികച്ച മറ്റൊരു രാഷ്ട്രീയപാര്‍ട്ടിയെ കാണാന്‍ കഴിയാത്തത്കൊണ്ട് പലപ്പോഴും കോണ്‍ഗ്രസ്സിനെ അനുകൂലിച്ച് എഴുതാറുണ്ട്. ജനാധിപത്യത്തില്‍ പാര്‍ട്ടികള്‍ വേണമല്ലോ. സംഘടന തെരഞ്ഞെടുപ്പ് പോലും നടത്താത ആ പാര്‍ട്ടിയോട് അത്ര ആഭിമുഖ്യമില്ല. എന്നാലും സംഘടന തെരഞ്ഞെടുപ്പ് കൃത്യമായി നടത്തുന്ന ബി.ജെ.പി.യോടോ സി.പി.എമ്മിനോടോ ആഭിമുഖ്യം തീരെയില്ല. നമ്മുടെ രാജ്യത്തിന്റെ സംസ്ക്കാരവുമായി യോജിച്ചു പോകുന്നത് എന്ത് ന്യൂനതകള്‍ ഉണ്ടെങ്കിലും ഇപ്പോഴും കോണ്‍ഗ്രസ്സ് എന്ന പ്രസ്ഥാനമാണെന്ന് കരുതുന്നു.
കമ്മ്യൂണിസ്റ്റ് വിരുദ്ധന്‍ എന്ന ലേബലിനെ കുറിച്ച് ... ?
അതെന്തൊരു ലേബലാണ്? അങ്ങനെയൊരു ലേബലുണ്ടോ? കമ്മ്യൂണിസ്റ്റുകാര്‍ ലോകത്ത് ഒരു വിഭാഗമാണ്. അങ്ങനെ പല അഭിപ്രായക്കാരും പ്രത്യയശാസ്ത്രക്കാരുമുണ്ട്. കമ്മ്യൂണിസ്റ്റുകാര്‍ക്ക് മാത്രമേ വിരുദ്ധര്‍ ഉണ്ടാവുന്നതായി കേട്ടിട്ടുള്ളൂ. ആ പ്രയോഗം കമ്മ്യൂണിസ്റ്റുകാരുടെ മാത്രം പദാവലികളില്‍ പെട്ട ഒന്നാണ്. ഇങ്ക്വിലാബ്, വിപ്ലവം, ബൂര്‍ഷ്വ, വര്‍ഗ്ഗസമരം, എന്നൊക്കെ പറയുന്ന പോലെ. ഞാന്‍ കമ്മ്യൂണിസ്റ്റ് അല്ല അത്രയേയുള്ളൂ. കമ്മ്യൂണിസ്റ്റ് പദാവലികളും വിശേഷണങ്ങളും ഒന്നും നമുക്ക് ചേരുകയില്ല.
കമ്മ്യൂണിസ്റ്റ്കാരന്‍ ആയിരുന്നോ എന്നെങ്കിലും?
കമ്മ്യൂണിസ്റ്റുകാരന്‍ എന്ന് പറഞ്ഞുകൂട. എന്നാല്‍ മനുഷ്യസ്നേഹം നിമിത്തം ആ പ്രത്യയശാസ്ത്രത്തില്‍ ആകൃഷ്ടനായിരുന്നു. എന്നാല്‍ ഇസം വേറെ പാര്‍ട്ടി വേറെ എന്ന് വേഗം മനസ്സിലായി. പാര്‍ട്ടി വളര്‍ത്താന്‍ എന്ത് കുതന്ത്രങ്ങളും അക്രമങ്ങളും ഒരു മന:സാക്ഷിക്കുത്തുമില്ലാതെ പ്രയോഗിക്കുന്ന പാര്‍ട്ടിയോട് അങ്ങേയറ്റം വെറുപ്പ് തോന്നി. കമ്മ്യൂണിസത്തിന്റെ തകര്‍ച്ച എന്റെ വെറുപ്പിനെ സാധൂകരിക്കുന്നു.
ഇപ്പോള്‍ ബ്ലോഗില്‍ നിന്ന് കുറെ സൃഷ്ടികള്‍ പുസ്തകങ്ങളായി പ്രസിദ്ധീകരിക്കുന്നുണ്ടല്ലോ? ശിഥില ചിന്തകളില്‍ നിന്ന് തെരഞ്ഞെടുത്ത ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചുകൂടേ?
പ്രസിദ്ധീകരണക്കാര്‍ ആരും മുന്നോട്ട് വന്ന് എന്റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കില്ല. അച്ചടിക്കാനുള്ള മുഴുവന്‍ ചെലവും അതിലധികവും അങ്ങോട്ട് കൊടുത്താല്‍ എതെങ്കിലും പ്രസിദ്ധീകരണക്കാര്‍ പ്രസിദ്ധീകരിച്ചു തരും. അവര്‍ക്ക് മുടക്ക് ഒന്നുമില്ലല്ലൊ. പുസ്തകം അവര്‍ വില്‍ക്കുമോ , വിറ്റാലും കാശ് നമുക്ക് തരുമോ എന്നൊന്നും ഉറപ്പില്ല. അഥവാ വിറ്റാലും നൂറ് പേര്‍ പുസ്തകം വായിക്കും എന്നും ഉറപ്പിക്കാന്‍ പറ്റില്ല. പുസ്തകം അച്ചടിച്ചല്ലോ എന്നൊരു സമാധാനമേ കിട്ടുകയുള്ളൂ. എല്ലാവരുടെയും കാര്യമല്ല കേട്ടോ എന്റെ കാര്യമാണ് പറഞ്ഞത്. നമ്മുടെ ആഗ്രഹങ്ങള്‍ക്ക് ഒരു പരിധി കല്‍പ്പിക്കണമല്ലൊ. അത്കൊണ്ട് ആ ഉദ്ദേശ്യം ഇല്ല. ബ്ലോഗ് ആളുകള്‍ ദിവസവും വായിക്കുന്നുണ്ട്. അത് മതി.
എന്‍ഡോസല്‍ഫാന്‍ പ്രശ്നത്തില്‍ എല്ലാവരില്‍ നിന്നും വിപരീതമായി അഭിപ്രായം എഴുതിയതില്‍ ഖേദമുണ്ടോ?
ഒട്ടുമില്ല , ഞാന്‍ യാഥാര്‍ഥ്യമാണ് എഴുതിയത്. കാസര്‍ഗോഡ് ആവശ്യത്തിന് മാത്രം മിതമായി എന്‍ഡോസല്‍ഫാന്‍ തളിച്ചിരുന്നുവെങ്കില്‍ ഒരിക്കലും അത്തരം ദുരന്തം സംഭവിക്കില്ലായിരുന്നു. എന്‍ഡോസല്‍ഫാനെതിരെ എതിര്‍പ്പ് കേന്ദ്രീകരിച്ചത്കൊണ്ട് കുറ്റക്കാര്‍ സുരക്ഷിതരായി. അവര്‍ക്ക് ഒരു ആക്ഷേപം പോലും ആരില്‍ നിന്നും കേള്‍ക്കേണ്ടി വന്നില്ല. ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിച്ചിട്ടും വര്‍ഷങ്ങളോളം അവിടെ ഹെലികോപ്റ്ററുകളില്‍ നിന്ന് എന്‍ഡോസല്‍ഫാന്‍ വര്‍ഷിച്ചു. അത് ചെയ്തവരെ ഒന്ന് കുറ്റപ്പെടുത്തുക പോലും ചെയ്യാതെ എന്‍ഡോസല്‍ഫാന്‍ നിരോധിക്കുക എന്ന് മുറവിളി കൂട്ടുന്നത് എന്ത് വിരോധാഭാസമാണ്.
( ബാക്കി ഭാഗം നാളെ )
36 comments:
വളരെ ശ്രദ്ധേയമായ ചിന്തകള്‍, നിരീക്ഷണങ്ങള്‍.
ഒട്ടിനില്‍ക്കാന്‍ തോന്നുന്ന ഒരുപാട് വീക്ഷണങ്ങള്‍ താങ്കള്‍ അവതരിപ്പിച്ചു.
"എന്തിന്റെയെങ്കിലും ഭാഗമായി ഒറ്റപ്പെടലില്‍ നിന്ന് രക്ഷപ്പെടാനുള്ള അവിരാമമായ ശ്രമമാണ് ജീവിതം എന്ന് എനിക്ക് തോന്നിയിട്ടുണ്ട്."
പ്രത്യക്ഷരം ശെരിയാണിത്.
അടിത്തട്ടുകാണാവുന്ന വിധം തെളിഞ്ഞ നീര്‍ പോലെയുള്ള ശൈലി അതീവ ആകര്‍ഷകം. അടുത്ത ഭാഗം വായിക്കാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
nannaayittund aduththath nale nokkaam
you said it
എന്‍ഡോസള്‍ഫാന്‍ ലോകത് അനേകം രാജ്യങ്ങളില്‍ നിരോധിച്ചതായാണ് അറിവ് ... അത് നല്‍കുന്ന സന്ദേശം അത് ഏതു നിലക്കും അപകടം ആണ് എന്നല്ലേ ...?
ഓഫ് ടോപിക് :
ബ്ലോഗ് ഡിസൈന്‍ ചെയ്യുന്നത് സ്വന്തമായി ആണോ അതോ ആരെങ്കിലും സഹായം നല്‍കുന്നുണ്ടോ ;)
(ബ്ലോഗ് മനോഹരമാക്കുന്നതിലും മറ്റും താങ്കള്‍ക്കു ശ്രദ്ധ കൂടുതലുണ്ട് എന്ന് മനസ്സിലാക്കുവാന്‍ സാധിക്കും ....ചില പോസ്റ്റുകള്‍ അത്തരത്തില്‍ എഴുതി കണ്ടു )
പ്രിയ പള്ളിക്കരയില്‍ , കമന്റിന് എങ്ങനെ നന്ദി പറയണം എന്ന് മനസ്സിലാകുന്നില്ലാ ...
@ ഹൈന, നന്ദിയും സ്നേഹവും.
@ കാര്‍ന്നോര് , നന്ദി കേട്ടോ :)
@ നൌഷാദ്, ബ്ലോഗ് ഡിസൈന്‍ ചെയ്യുന്നത് ഞാന്‍ തന്നെ. ഇംഗ്ലീഷ് വായിച്ചാല്‍ മനസ്സിലാകുന്നത്കൊണ്ടുള്ള ഗുണം അത്രയേയുള്ളൂ. എല്ലാം ഗൂഗിള്‍ പറഞ്ഞുതരുന്നുണ്ടല്ലോ..
എന്‍ഡോസല്‍ഫാന്‍ അനേകം രാജ്യങ്ങളില്‍ നിരോധിച്ചതിന്റെ രാഷ്ട്രീയം തന്നെയാണ് ഞാന്‍ മുന്‍ പോസ്റ്റില്‍ പ്രതിപാദിച്ചത്. എന്‍ഡോസല്‍ഫാന്‍ അല്ലേ നിരോധിച്ചിട്ടുള്ളൂ. എല്ലാ കീടനാശിനികളും ഏതെങ്കിലും രാജ്യത്ത് നിരോധിച്ചിട്ടുണ്ടോ? ഇല്ലല്ലോ. അളവില്‍ കൂടുതല്‍ ഉപയോഗിച്ചാല്‍ ഏത് കീടനാശിനിയും എന്തിനേറെ പറയുന്നു, കൊതുക് തിരി പോലും മാരകമാണ്. അപ്പോള്‍ എന്‍ഡോസല്‍ഫാന്‍ നിരോധനത്തില്‍ കാര്യമില്ല. ഒച്ച വെച്ചാല്‍ എന്തും നിരോധിക്കും. പകരം വേറെ ഉണ്ടല്ലൊ. എന്‍ഡോസല്‍ഫാന്‍ നിരോധിച്ചാലും കാസര്‍ഗോഡ് ആവര്‍ത്തിക്കും നമ്മള്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ എന്ന് ഓര്‍ക്കുക.
താങ്കളുടെ വീക്ഷണം എന്ത് അത് മറ്റുള്ളവര്‍ എങ്ങനെ കാണുന്നു എന്നതല്ല ഇവിടെ വിഷയം. താങ്കളുടെ എഴുത്തിന്റെ വേറിട്ട ശൈലിയും വേറിട്ട അഭിപ്രായ പ്രകടനങ്ങളും തന്നെയാണ് ഈ ബ്ലോഗിന്റെ മുഖ്യ ആകര്‍ഷണം.ചര്‍വ്വിതചര്‍വ്വണങ്ങളായ മടുപ്പുളവാക്കുന്ന പോസ്ടുകള്‍ക്കിടയില്‍ വിഭിന്നങ്ങളായ ഉപകാരപ്രദങ്ങളായ വിഷയങ്ങള്‍ പൊതുജനമധ്യത്തില്‍ കൊണ്ട്വരുന്നു എന്നതാണ് ഞാന്‍ ഇതില്‍ കാണുന്ന ഒരു പ്രത്യകത.
തുടരുക ഭാവുകങ്ങള്‍.
You are going through the right and proper channel. Please proceed.
സ്വയം അഭിമുഖത്തിനു വിധേയമാവുന്നത് ചരിത്രത്തിലാദ്യം., നന്ദി, കെ.പി.എസ്
സുകുമാരന്‍ സാറിന്റെ അഭിമുഖം വായിക്കാന്‍ നല്ല രസം ഉണ്ട്.. സാറിന്റെ നിഷ്കളങ്കമായ ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കും ആശംസകള്‍ നേരുന്നു!!
നല്ലൊരു സ്വയം വിമർശനവും,വിശകലനവും വളരെ നന്നായിട്ടുണ്ട് കേട്ടൊ ഭായ്..
അഭിനന്ദനങ്ങൾ...
വളരെ ശ്രദ്ധേയമായിരിക്കുന്ന ഈ ചിന്തകളും നിരീക്ഷണങ്ങളുമൊക്കെ എന്റേയും പലകാര്യങ്ങളുമായി യോജിച്ചുപോകുന്നു എന്നതും ഞാൻ ഇവിടെ എടുത്ത് പറയുന്നു
അഭിമുഖം വളരെ നന്നായി ..താങ്കളുടെ ഏതു പോസ്റ്റും അതിനൊരു പിന്നാമ്പുറം ഉണ്ടാകും അതാണ് വ്യതസ്തം ആകുന്നതു .
കമന്റു ബോക്സ് പോസ്റ്റിന്റെ അടിയില്‍ തന്നെ ആയാല്‍ നന്നായിരുന്നു..
--
വായിച്ചു.
വായിച്ചു-അഭിപ്രായങ്ങളെ മാനിക്കുന്നു
സുകുമാരേട്ടാ ...നന്നായിട്ടുണ്ട് ...ആശംസകള്‍ ...! അടുത്ത ഭാഗത്തിന് ശേഷം ചോദിയ്ക്കാന്‍ ഞാന്‍ ഇപ്പോഴേ ഒരു ചോദ്യം മനസ്സില്‍ വച്ചിട്ടുണ്ട് .. ജാഗ്രതൈ !! :-)
എന്ടോസള്‍ഫാനേ കുറിച്ചുള്ള താങ്കളുടെ ബ്ലോഗ് വായിച്ചു..അതിനെ കുറിച്ച് ഈ പോസ്റ്റില്‍ പറയുന്നതിന് ക്ഷമ ചോദിക്കുന്നു.പക്ഷെ താങ്കളുടെ വീക്ഷണ കോണോടു യോജിക്കാന്‍ ഒരു തരത്തിലും സാധിക്കുന്നില്ല സര്‍. എന്ടോസള്‍ഫാന്‍ നിരോധിക്കണം എന്ന മുറവിളി തുടങ്ങിയപ്പോ അത് ചെയ്യാതിരുന്നതിന്റെ ഫലമാണ് കാസര്‍കോട് കണ്ടത്.അവിടെ കശുവണ്ടി വ്യവസായം കൊണ്ട് ജീവിക്കുന്ന ഒത്തിരി കുടുംബങ്ങള്‍ ഉണ്ടാകാം.പക്ഷെ അവര്‍ പോലും സ്വന്തം കുടുംബത്തില്‍ മാനസിക, ശാരീരിക വൈകല്യത്തോടെ (ഇപ്പോഴും) കുഞ്ഞുങ്ങള്‍ പിറക്കുന്നത് ആഗ്രഹിക്കുന്നില്ല.ഒരു എന്ടോസള്‍ഫാന്‍ നിരോധിച്ചാല്‍ പ്രശ്നം തീരില്ല എന്നത് ഒരിക്കലും ആ മാരക വിഷം ഉപയോഗത്തില്‍ തുടരാന്‍ ന്യായീകരണം ആകുന്നില്ല.പരിസ്ഥിതിക്ക് എതിരായ എല്ലാ ചെയ്തികളുടെയും ഫലം സമീപ ഭാവിയില്‍ സംഭവിക്കാറില്ല ,അത് കൊണ്ട് തന്നേ പരിസ്ഥിതി വാദികളുടെ വാദം ആരും ഒട്ടു കേള്‍ക്കാരുമില്ല.അതിജീവനം എന്നത് ഒരു പഴങ്കഥയാണ്..അതിമോഹം ആണ് ഇപ്പോഴത്തെ പ്രശ്നം .
ജിതിന്‍ , കാസര്‍ഗോഡ് സംഭവിച്ച ദുരന്തത്തിന് എന്‍ഡോസല്‍ഫാന്‍ കാരണമാണെങ്കില്‍ , അത് അനുവദനീയമായതിലും എത്രയോ കൂടുതലായി ആകാശത്ത് നിന്ന് വര്‍ഷിച്ചത്കൊണ്ട് മാത്രമാണെന്നാണ് ഇപ്പോഴും ഞാന്‍ കരുതുന്നത്. സമാനമായ മറ്റ് ദുരന്തങ്ങള്‍ എവിടെയും കാണുന്നില്ല എന്നതാണ് എന്റെ നിഗമനത്തിന് അടിസ്ഥാനം.
50 കൊല്ലത്തിലേറെയായി ലോകത്ത് എന്‍ഡോസല്‍ഫാന്‍ ഉപയോഗിച്ചുവരുന്നുമുണ്ട്. 50 കൊല്ലം കഴിഞ്ഞിട്ടാണ് എന്‍ഡോസല്‍ഫാന്റെ ഫലം പുറത്ത് കാണുക എന്നാണെങ്കില്‍ ലോകത്ത് കാസര്‍ഗോഡ് പോലെയുള്ള പ്രശ്നങ്ങള്‍ മറ്റ് പലയിടങ്ങളിലും കാണേണ്ടതാണ്. പ്രത്യേകിച്ചും ജനസാന്ദ്രത ഏറെയുള്ള ചൈനയില്‍ . എന്‍ഡോസല്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പടുന്ന ജനീവ കണ്‍വെന്‍ഷനില്‍ വോട്ടെടുപ്പില്‍ നിന്ന് ചൈന വിട്ടുനില്‍ക്കുകയാണ് ചെയ്തത് എന്നും ഓര്‍ക്കണം. എത്ര പുരോഗമിച്ചാലും ചൈന ഇന്നും കാര്‍ഷികരാജ്യമാണ്. അവിടെ എന്‍ഡോസല്‍ഫാന്‍ ഇപ്പോഴും ഉപയോഗിച്ചു വരുന്നുണ്ട്. എനിക്ക് ഇക്കാര്യത്തില്‍ തുറന്ന മനസ്സാണ്. തെളിയിക്കപ്പെട്ടാല്‍ , മിതമായ തോതില്‍ എന്‍ഡോസല്‍ഫാന്‍ തളിച്ചിരുന്നുവെങ്കില്‍ കാസര്‍ഗോഡ് ദുരന്തത്തിന് ഹേതുവാകില്ലായിരുന്നു എന്ന ധാരണ ഞാന്‍ തിരുത്താം.
മാഷേ.
പൊസ്റ്റിന്റെ വിത്യസ്തമായ ശൈലി വളരെ നന്നായിരിക്കുന്നു. അഭിപ്രായങ്ങൾ വെട്ടി തുറന്നു പറയുന്ന താങ്കളുടെ ശൈലി അഭിനന്ദനീയമാണ്.
[[അപ്പോള്‍ എന്‍ഡോസല്‍ഫാന്‍ നിരോധനത്തില്‍ കാര്യമില്ല. ഒച്ച വെച്ചാല്‍ എന്തും നിരോധിക്കും. പകരം വേറെ ഉണ്ടല്ലൊ.]]
ഈ പറഞ്ഞതിന്റെ യുക്തി എനിക്ക് ഉൾക്കൊള്ളാൻ പറ്റിയിട്ടില്ല. നിരോധിച്ച രാജ്യങ്ങളുടെ രാഷ്ട്രീയത്തേക്കാൾ ഇന്ത്യയിൽ അത് നിരോധിക്കാത്തതിന്റെ രാഷ്ട്രീയമാണ് എനിക്ക് പിടികിട്ടാത്തത്!
@ ചിന്തകന്‍ , എന്‍ഡോസല്‍ഫാന്റെ രാഷ്ട്രീയം എന്നത്കൊണ്ട് ഞാന്‍ പ്രധാനമായും ഉദ്ദേശിക്കുന്നത് യൂറോപ്യന്‍ യൂനിയന്റെ ലോബ്ബിയിങ്ങും സമ്മര്‍ദ്ധതന്ത്രങ്ങളുമാണ്. കെ.വി.തോമസ്സിനെതിരെയുള്ള പോര്‍ വിളികള്‍ ഒന്ന് പരാമര്‍ശിച്ചു എന്ന് മാത്രം. പല രാജ്യങ്ങളിലും നിരോധിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ പിന്നില്‍ യൂറോപ്യന്‍ യൂനിയന്റെ കരങ്ങളാണുള്ളത്. എന്‍ഡോസല്‍ഫാന്‍ നിരോധിക്കപ്പെട്ട രാജ്യങ്ങളില്‍ മറ്റ് കീടനാശിനികളൊന്നും നിരോധിച്ചിട്ടില്ലല്ലൊ. ബാക്കിയെല്ലാം നിരുപദ്രവകാരികളാണെന്ന് പറയാന്‍ പറ്റുമോ? കാസര്‍ഗോഡ് ചെയ്തത് പോലെ ആകാശത്ത് നിന്ന് പെയ്യിച്ചാല്‍ ഒരു പോറലും പറ്റില്ലേ?
സുകുമാരേട്ടന്റെ പല അഭിപ്രായങ്ങളോടും വിയോജിപ്പുള്ളതോടൊപ്പം തന്നെ, ഈ അഭിമുഖം വളരെ രസകരമായി തോന്നി. വിയോജിപ്പുള്ള ഒന്നാമത്തെ കാര്യം എന്റെ ബ്ലോഗിനെ ആരും കാത്തിരിക്കുന്നില്ല എന്ന പ്രസ്താവന തന്നെ. 250 ഇതില്‍ ഫോളോവേഴ്‌സായി ചേര്‍ന്നത് താങ്കളുടെ ബ്ലോഗ് കണ്‍വെട്ടത്ത് ലഭിക്കാന്‍ വേണ്ടിതന്നെയാണല്ലോ.
സ്വന്തം മനസാക്ഷിയില്‍നിന്നുയരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരത്തെക്കാള്‍ വ്യക്തതയുണ്ട്. താങ്കള്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ അത് ഞങ്ങളോട് പറയുന്നുമുണ്ട്.
സ്വന്തത്തെക്കുറിച്ച് ഇത്രയും തുറന്ന് പറയാന്‍ വലിയ ആര്‍ജവം ആവശ്യമുണ്ട്. പ്രത്യേകിച്ചും സ്വന്തം പേരുപോലും വെളിപ്പെടുത്തി ഒരു കാര്യം പറയാന്‍ വിമ്മിട്ടം കാണിക്കുന്ന ബ്ലോഗേഴ്‌സിന്റെ മുന്നില്‍. ആശയ സംവാദത്തില്‍ പോലും തങ്ങളെന്തിന് വേണ്ടിയാണ് സംസാരിക്കുന്നതെന്ന് വെളിപ്പെടുത്താത്തവരില്‍നിന്ന് ഇങ്ങനെ ഒരു നടപടി പ്രതീക്ഷിക്കാന്‍ കഴിയുമോ.
എല്ലാവിധ ക്ഷേമ ഐശ്വര്യത്തിനും വേണ്ടി പ്രാര്‍ഥിക്കുന്നു. അടുത്ത അഭിമുഖ(?)ത്തിന് വേണ്ടി കാത്തിരിക്കുന്നു.
>>>>പിന്നെ മതങ്ങളിലെ തെറ്റുകള്‍ . അത് ബന്ധപ്പെട്ട മതങ്ങളിലെ വിശ്വാസികളാല്‍ തിരുത്തപ്പെടേണ്ടതാണ്. എനിക്ക് മനുഷ്യന്‍ എന്ന ഒറ്റ മതത്തില്‍ ചേര്‍ന്നാല്‍ മതി... <<<<
മനുഷ്യന്‍ എന്ന ഒറ്റ മതം തന്നെ അല്ലെ ഉള്ളൂ ഈ ഭൂമിയില്‍... സുകുമാരന്‍ സാറിനോട് നൂറു ശതമാനവും യോജിക്കുന്നു
അഭിമുഖം രണ്ടാം ഭാഗം കാത്തിരിക്കാന്‍ തുടങ്ങിയിട്ട് രണ്ടു ദിവസമായി സുകുമാരേട്ടാ,ദിവസവും കേറി നോക്കി പോകുവാണ് ഞാന്‍. സസ്പെന്‍സ് അടിപ്പിക്കുകയാണോ? :)
@ ഇസ്മായില്‍ കുറുമ്പടി, പതിവ് പോലെ നന്ദിയും സ്നേഹവും
@ അപ്പച്ചന്‍ ഒഴാക്കല്‍ , താങ്ക് യു :)
@ സലാഹിന് സ്നേഹം
@ ശ്രീജിത്തിന് സ്നേഹപൂര്‍വ്വം,
@ മുരളീമുകുന്ദന്‍, നന്ദി..സ്നേഹം.
@ ആചാര്യന്‍ , കമന്റ് പേജ് ഇങ്ങനെയാവുന്നതിലും ചില സൌകര്യങ്ങളുണ്ട് :)
@ സുശീല്‍ കുമാര്‍ , വായനയ്ക്ക് നന്ദി :)
@ കാട്ടിപ്പരുത്തി, നന്ദിയും സ്നേഹവും..
@ വാസു, ചോദ്യം അല്പം ലളിതമാക്കണേ :)
@ ലത്തീഫിനോട് വാത്സല്യപൂര്‍വ്വം നന്ദി :)
@ പ്രിയ ഇന്ത്യന്‍ , ഞാന്‍ അല്പം പരിക്ഷീണിതനാണ്. ഇപ്പോള്‍ നാട്ടിലാണുള്ളത്. ചൊവ്വാഴ്ച ബാംഗ്ലൂരിലേക്ക് പോകണം. രണ്ടാം ഭാഗം അവിടെ പോയിട്ട് എഴുതാമെന്ന് തോന്നുന്നു. കാത്തിരിപ്പിക്കുന്നതില്‍ മുഷിയരുത്.
സ്നേഹത്തോടെ,
വായിച്ചു വളരെയേറെ ഇഷ്ടപ്പെട്ടു
thankalude pala postukalodum viyojippundu.enkilum thankalude ullilulla nishkalankanaya nalla manushyanu nanmakal nerunnu.
we are waiting for ur posts. so keep do it. goodluck
“...ബാക്കി ഭാഗം നാളെ...”
എന്നാല്‍ ബാക്കി കൂടെ പോരട്ടേന്ന് കരുതി കാത്തിരുക്കാരുന്നു,ഇനിയിപ്പൊ ബാംഗ്ലൂരു വിശേഷങ്ങള്‍ കൂടി വായിക്കാമെന്നൊരു പ്രതീക്ഷക്ക് വകയാവുമല്ലൊ.
ബ്ളോഗുലകത്തില്‍ താങ്കളൊരു ഒറ്റയാന്‍ തന്നെ.! പലരും സ്വകാര്യമായി പോലും ഉന്നയിക്കാന്‍ അധൈര്യപ്പെട്ടേക്കാനിടയുള്ള മുള്ളും മുനയുമുള്ള കുറേ ചോദ്യങ്ങളെ പരസ്യമായി വിചാരണ ചെയ്തിരിക്കുന്നു ഇവിടെ.ചോദ്യവും ഉത്തരങ്ങളുമൊക്കെ ഒരാള്‍ തന്നെയാവുമ്പോള്‍ പിന്നെ പേടിയെന്തിനല്ലേ.
ഇത് വരേ പ്രസിദ്ധീകരിച്ചവയില്‍ താങ്കള്‍ക്കേറെ ശ്രദ്ധേയമെന്ന് തോന്നിയ പോസ്റ്റ് ഏതെന്ന് ചൊദിച്ചാല്‍ ഉത്തരം പറയാമോ..?
SONY.M.M., Bijeesh, ജോഷി പുലിക്കൂട്ടില്‍ എന്നിവര്‍ക്ക് നന്ദി.
@ ഒരു നുറുങ്ങ് (ഹാരൂണ്‍ക്ക), ഇത് വരേ പ്രസിദ്ധീകരിച്ചവയില്‍ താങ്കള്‍ക്കേറെ ശ്രദ്ധേയമെന്ന് തോന്നിയ പോസ്റ്റ് ഏതെന്ന് ചോദിച്ചാല്‍ ഉത്തരം പറയാന്‍ കഴിയില്ല. ഒന്നാമത്തെ കാര്യം, അപ്പോഴപ്പോള്‍ മനസ്സില്‍ തോന്നുന്നത് ആരോടെങ്കിലുമായി സംസാരിക്കുകയാണ് ഞാന്‍ പോസ്റ്റിലൂടെ ചെയ്യുന്നത്. എന്റെ തോന്നലുകള്‍ എല്ലാം ശരിയാവണമെന്നില്ലല്ലൊ. ഒരു കണ്ണാടിയുടെ റോള്‍ അല്ലേ എന്റേത് എന്ന് എനിക്ക് തോന്നാറുണ്ട്. എന്നിലേക്ക് വരുന്ന വിവരങ്ങള്‍ എന്റേതായ രീതിയില്‍ പാകപ്പെടുത്തി പ്രതിഫലിപ്പിക്കുകയല്ലെ ഞാന്‍ ചെയ്യുന്നത്. എന്റെ വാക്കുകള്‍ മറ്റുള്ളവരില്‍ ജീവിതത്തോടും സഹജീവികളോടും പ്രകൃതിയോടും അഭിനിവേശം സൃഷ്ടിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ആഗ്രഹിക്കാറുണ്ടായിരുന്നു. അത് ഏതെങ്കിലും പോസ്റ്റില്‍ സാധിച്ചിട്ടുണ്ടെങ്കില്‍ അതായിരുന്നേനേ ശ്രദ്ധേയമായ പോസ്റ്റ്..
നാളെ എന്നത് കുറേകൂടി വിശാലാര്‍ഥത്തിലാണ് ഉപയോഗിച്ചതെന്ന് മനസ്സിലായി. പുതിയ പോസ്റ്റ് വരുന്നത് വരെയുള്ള ഇടവേളയില്‍, താങ്കള്‍ സ്വയം ചോദിച്ച അതേ ചോദ്യത്തിന് ഞാനടക്കം മൂന്ന് ബ്ലോഗര്‍മാര്‍ നല്‍കിയ ഉത്തരം വായിക്കാനായി ഇവിടെ ഒരു ലിങ്ക് നല്‍ക്കുന്നു.
എന്താണ് ജീവിതത്തെ കുറിച്ച് താങ്കളുടെ വീക്ഷണം , അഥവാ ഫിലോസഫി ?
@ ലത്തീഫ്, ലിങ്ക് നല്‍കിയ പോസ്റ്റ് മുന്നേ വായിച്ചതാണ്. അവിടെ ലത്തീഫ്, ലത്തീഫിന്റെ വീക്ഷണവും, മിതയുക്തിവാദിയായ അപ്പൂട്ടന്‍ , അപ്പൂട്ടന്റെ വീക്ഷണവും , യഥാര്‍ഥയുക്തിവാദിയായ രാജന്‍ , രാജന്റെ വീക്ഷണവും വളരെ സത്യസന്ധമായ രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഞാന്‍ ഈ മൂന്ന് വഴികളും കടന്ന് വന്ന ആളാണ്.അത്കൊണ്ടാണ് ഞാന്‍ ഇപ്പോഴത്തെ എന്റെ വീക്ഷണം ഈ പോസ്റ്റില്‍ അപ്രകാരം വ്യക്തമാക്കിയിട്ടുള്ളത്. ലത്തീഫിന്റെ വീക്ഷണം ഇഷ്ടപ്പെടാനാണ് എനിക്ക് താല്പര്യം. എന്നാല്‍ രാജന്റെ വഴിയിലൂടെ ഏറെ സഞ്ചരിച്ച ഒരാളുമാണ് ഞാന്‍ . എന്റെ അവസ്ഥ മനസ്സിലാക്കുമല്ലോ :)
ഈ ജീവിതം സാര്‍ത്ഥകമാക്കാന്‍ ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് സത്യത്തില്‍ നമുക്ക് വേണ്ടത്. അങ്ങനെ മാര്‍ഗ്ഗനിര്‍ദ്ദേശം മുന്നോട്ട് വെക്കുമ്പോള്‍ അത് വ്യക്തിയെ കണക്കിലെടുത്തും പ്രായോഗികവുമായിരിക്കണം. ആ നിലയ്ക്ക് ഏറ്റവും പ്രായോഗികവും മാനവികതയില്‍ അധിഷ്ഠിതവുമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഇസ്ലാം പ്രധാനപ്പെട്ടതാണ്. സേവനതല്പരതയില്‍ ക്രൈസ്റ്റിസവും മുന്നില്‍ നില്‍ക്കുന്നു. ഞാന്‍ പക്ഷെ കമ്മ്യൂണിസത്തെ കുറിച്ച് പഠിക്കാനും ചിന്തിക്കാനുമാണ് സമയം കൂടുതലും ചെലവിട്ടത്. കമ്മ്യൂണിസത്തില്‍ വ്യക്തിയില്ല, സമൂഹം മാത്രമേയുള്ളൂ. അതാണ് അതിന്റെ പോരായ്മയും.
ഇസ്ലാമിനെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ സാധിക്കാതെ പോയതില്‍ നഷ്ടം തോന്നിയിട്ടുണ്ട്. എന്നാല്‍ ഇത്രയും സമഗ്രമായൊരു ജീവിതദര്‍ശനം ഉണ്ടായിട്ടും ഇസ്ലാം മുസ്ലീങ്ങളാല്‍ തന്നെ തെറ്റിദ്ധരിക്കപ്പെട്ടതിലാണ് എനിക്ക് അത്ഭുതം. അതിലേറെ അതിശയം തോന്നിയത് ഇസ്ലാമിനെ അത് വിഭാവനം ചെയ്യുന്ന മനുഷ്യന്റെ ഏകത്വം എന്ന അവസ്ഥയിലേക്ക് എത്തിക്കാന്‍ എല്ലാ സമുദായങ്ങളുടെയും ഇടയില്‍ പാലമായി വര്‍ത്തിക്കുന്ന ജമാഅത്തേ ഇസ്ലാമി തെറ്റിദ്ധരിക്കപ്പെടുന്നതിലാണ്. ഏകവിശ്വാസം എന്നത് മനുഷ്യരുടെയിടയില്‍ അസാധ്യമാണ്. അത്കൊണ്ട് സമന്വയവും സമവായവുമാണ് നമുക്ക് വേണ്ടത്. ജമാഅത്തെ ഇസ്ലാമി ഇന്ന് മുന്നോട്ട് വയ്ക്കുന്നത് ഈ കാഴ്ചപ്പാടാണ്. നാളത്തേത് എനിക്ക് പറയാന്‍ കഴിയില്ല.
ഞാന്‍ കാട് കയറിപ്പോയോ :)
ഇപ്പോള്‍ കാട് കയറിയിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. വിഷയം പരിഗണിക്കുമ്പോള്‍ ഇതിലൂടെ കൂടുതല്‍ പോകുന്നത് കാട് കയറ്റമാകും. അവസാനം പറഞ്ഞ വരികളുമായി ബന്ധപ്പെട്ട് ഒരു അഭിപ്രായം പറയാം. സംഘടന ലക്ഷ്യമല്ല എന്നാണ് ഞാനടക്കമുള്ള ജമാഅത്തിന്റെ പ്രവര്‍ത്തകര്‍ മനസ്സിലാക്കുന്നത്. ഏക വിശ്വാസം എന്നത് മനുഷ്യപ്രകൃതിക്ക് തന്നെ എതിരാണ്. അതായിരുന്നു ദൈവനിശ്ചയമെങ്കില്‍ ദൈവത്തിന് അത് സാധിക്കുമായിരുന്നു. വിശ്വാസവും കര്‍മവും പ്രബോധനം ചെയ്യാന്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നുവെന്നത് അതിനെ നിരസിക്കാന്‍ അവകാശമുള്ളതോടൊപ്പമാണ്. ഇപ്പോള്‍ പറയപ്പെട്ട ലക്ഷ്യവും മാര്‍ഗവും നല്ലതെന്ന് എന്റെ യുക്തിക്കും ബുദ്ധിക്കും ബോധ്യപ്പെട്ടതുകൊണ്ടാണ് ഞാന്‍ ഒരു സംഘടനയില്‍ നിലക്കൊള്ളുന്നത്. സംഘടന ആ ലക്ഷ്യവും മാര്‍ഗവും മാറ്റിയാല്‍ പിന്നീട് സംഘടനയില്‍ ഞാന്‍ തുടരില്ല. ഈ ലക്ഷ്യവും മാര്‍ഗവും മനസ്സറിഞ്ഞ് പിന്‍പറ്റിയവരും അതിന് സന്നദ്ധമാകില്ല. കാരണം ഒരു ലക്ഷ്യം മുന്‍കൂട്ടി പറയുകയും അതിനുള്ള മാര്‍ഗം തെരഞ്ഞെടുക്കുകയും ചെയ്ത ശേഷം. പറയാത്ത ഒരു ലക്ഷ്യം നേടിയെടുക്കുക എന്നത് സംഭവിക്കാനിടയില്ലാത്തതാണ്. ഇപ്പോഴുള്ള എന്റെ ജീവിത ലക്ഷ്യം ഞാന്‍ തെരഞ്ഞെടുത്തിട്ടുള്ളത് സംഘടന പറഞ്ഞു എന്നതുകൊണ്ടല്ല. എന്റെ അറിവ് വെച്ച് എന്റെ മസ്സാക്ഷി അത് തെരെഞ്ഞെടുക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നുവെന്നതുകൊണ്ടാണ്.
ഏത് മനുഷ്യനും ഉത്തമബോധ്യമുള്ള ഒന്നിന് വേണ്ടി മാത്രമേ നിലനില്‍ക്കാനും പ്രവര്‍ത്തിക്കാനും കഴിയൂ.
"ഇസ്ലാമിനെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ സാധിക്കാതെ പോയതില്‍ നഷ്ടം തോന്നിയിട്ടുണ്ട്. എന്നാല്‍ ഇത്രയും സമഗ്രമായൊരു ജീവിതദര്‍ശനം ഉണ്ടായിട്ടും ഇസ്ലാം മുസ്ലീങ്ങളാല്‍ തന്നെ തെറ്റിദ്ധരിക്കപ്പെട്ടതിലാണ് എനിക്ക് അത്ഭുതം. അതിലേറെ അതിശയം തോന്നിയത് ഇസ്ലാമിനെ അത് വിഭാവനം ചെയ്യുന്ന മനുഷ്യന്റെ ഏകത്വം എന്ന അവസ്ഥയിലേക്ക് എത്തിക്കാന്‍ എല്ലാ സമുദായങ്ങളുടെയും ഇടയില്‍ പാലമായി വര്‍ത്തിക്കുന്ന ജമാഅത്തേ ഇസ്ലാമി തെറ്റിദ്ധരിക്കപ്പെടുന്നതിലാണ്. ഏകവിശ്വാസം എന്നത് മനുഷ്യരുടെയിടയില്‍ അസാധ്യമാണ്. അത്കൊണ്ട് സമന്വയവും സമവായവുമാണ് നമുക്ക് വേണ്ടത്. ജമാഅത്തെ ഇസ്ലാമി ഇന്ന് മുന്നോട്ട് വയ്ക്കുന്നത് ഈ കാഴ്ചപ്പാടാണ്. നാളത്തേത് എനിക്ക് പറയാന്‍ കഴിയില്ല. "
>>>>>>>> സുകുമാരന്‍ ചേട്ടന്‍, ഇസ്ലാമിനെ പഠിക്കാന്‍ തോന്നുന്നുവെങ്കില്‍ ശരിയായ സോഴ്സില്‍ നിന്നുതന്നെ പഠിക്കണം. ജമാ അത്തെ ഇസ്ലാമിയെ അതിന്റെ ആചാര്യനായ മൗദൂദിയില്‍ നിന്നും. അത് രണ്ടും ഇസ്ലാമിക് മിഷന്റെ ആധുനിക വ്യാഖ്യാനത്തില്‍ നിന്നാകരുതെന്നൊരഭ്യര്‍ത്ഥനയുണ്ട്. അണ്ടിയോടാടുക്കുമ്പോള്‍ കാണാം മാങ്ങയുടെ പുളി.
>>> ഇസ്ലാമിനെ പഠിക്കാന്‍ തോന്നുന്നുവെങ്കില്‍ ശരിയായ സോഴ്സില്‍ നിന്നുതന്നെ പഠിക്കണം. <<<
ഈ വാചകം മാത്രമെടുത്താല്‍ സുശീല്‍ അടുത്തയിടെ പറഞ്ഞ ഏറ്റവും പ്രസക്തമായ പ്രസ്താവനയാണിത്. ഇതിന്റെ രൂപം കൂടി പറഞ്ഞാലെ പ്രവര്‍ത്തികമാക്കാന്‍ കഴിയൂ.
അതായത് ഇസ്ലാമിന്റെ അടിസ്ഥാനമായ വിശുദ്ധഖുര്‍ആനും പ്രവചക വചനങ്ങളുടെയും യഥാര്‍ഥ ഭാഷ അറബിയാണ്. അത് പഠിക്കുകയും അവ രണ്ടില്‍നിന്നും നേരിട്ട് ഇസ്ലാമിനെ മനസ്സിലാക്കുകയും ചെയ്യുക എന്നതാണ് മേല്‍ പറഞ്ഞവയില്‍നിന്ന് ഞാന്‍ മനസ്സിലാക്കിയത്. സുശീല്‍ അങ്ങനെ തന്നെയാണോ പഠിച്ചത് എന്ന് എനിക്കറിയില്ല. അതിന്റെ ലക്ഷണം കാണുന്നില്ല. മാത്രമല്ല വിമര്‍ശകരില്‍നിന്നാണ് അദ്ദേഹം പഠിച്ചത് എന്നതിന് അദ്ദേഹത്തിന്റെ വാദങ്ങള്‍ തെളിവ് തരുന്നുമുണ്ട്. തെറ്റുണ്ടെങ്കില്‍ തിരുത്തുക.
ഇസ്ലാമിനെ പഠിക്കേണ്ടതുണ്ട് എന്ന കാര്യത്തില്‍ ഏതായാലും സുശീലിനും അഭിപ്രായ വ്യത്യാസമില്ല. എവിടുന്ന് പഠിക്കണം എന്ന് പഠിക്കുന്നവരുടെ യുക്തിക്ക് വിടുന്നതാകും നല്ലത്.
ഇത്രയും ലാളിത്യമുള്ള ബ്ലോഗു ആദ്യമായി കാണുന്നു. നല്ല വായനാനുഭവം നല്‍കിയതിനു സുകുമാരേട്ടന് നന്ദി. ചിലയിടങ്ങളില്‍ ഒരു ബഷീറിയന്‍ ടച്ചുണ്ട്.
-----------------------------
പുതിയ വിഷയം ഇവിടെ കൊടുത്തോട്ടെ (Modified page):-
മനുഷ്യത്വം ബാക്കിയുള്ളവര്‍ക്കായി..
സന്ദര്‍ശിക്കുമല്ലോ.
ലത്തീഫിന് ചൂടാകാന്‍ മാത്രം ഞാന്‍ ഒന്നും പറഞ്ഞില്ലല്ലോ?
പ്രിയ സുശീല്‍
താങ്കള്‍ പറഞ്ഞത് ശരിയാ ഇപ്പോള്‍ അതുവായിക്കുമ്പോള്‍ ചൂടാകുന്ന പോലെയുണ്ട്. സത്യത്തില്‍ അതുദ്ദേശിച്ചിരുന്നില്ല. സ്രോതസില്‍നിന്ന് പഠിക്കണം എന്ന് പറഞ്ഞപ്പോള്‍ അതിന്റെ രൂപം ഞാന്‍ മനസ്സിലാക്കിയത് തന്നെയാണോ താങ്കളുദ്ദേശിച്ചതെന്ന് അറിയാന്‍ താല്‍പര്യമുണ്ടായിരുന്നു. അതുകൊണ്ട് പറഞ്ഞു പോയതാണ്.:)
>>> ജമാ അത്തെ ഇസ്ലാമിയെ അതിന്റെ ആചാര്യനായ മൗദൂദിയില്‍ നിന്നും. അത് രണ്ടും ഇസ്ലാമിക് മിഷന്റെ ആധുനിക വ്യാഖ്യാനത്തില്‍ നിന്നാകരുതെന്നൊരഭ്യര്‍ത്ഥനയുണ്ട്. <<<
ഇതു പറയണമെങ്കില്‍ ഇസ്്‌ലാമിനെ മനസ്സിലാക്കിയാല്‍ മാത്രം പോരാ ജമാഅത്തിനെയും അറിയണം. ഇക്കാര്യത്തില്‍ ഇതുവരെയുള്ള താങ്കളുടെ പ്രതികരണം രണ്ടിനോടും താങ്കള്‍ക്ക് വെറുപ്പുണ്ട് എന്ന് മനസ്സിലാക്കാന്‍ മാത്രമേ ഉപകരിച്ചിട്ടുള്ളൂ. അല്ലാതെ ഇവ രണ്ടിനെയും നിഷ്പക്ഷമായ ഒരു പഠനത്തിന് താങ്കള്‍ വിധേയമാക്കിയിട്ടുണ്ട് എന്നതിന്റെ ഒരു സൂചനയും താങ്കളുടെ ബ്ലോഗിലോ താങ്കള്‍ നല്‍കുന്ന കമന്റിലോ ശ്രദ്ധയില്‍ പെട്ടിട്ടില്ല. അത്തരമൊരാള്‍ കെ.പി.എസിനെ പോലെ ഒരാളെ ഉപദേശിക്കുമ്പോഴുള്ള വിരോധാഭാസമൊന്ന് ഓര്‍ത്തുനോക്കൂ.
Post a Comment