സ്പെക്ട്രം - രണ്ടാം ഭാഗം

കഴിഞ്ഞ പോസ്റ്റില്‍ അങ്കിള്‍ ഇങ്ങനെ കമന്റ്  എഴുതി: 
 "സി.എ. ജി യുടെ കണക്കുകള്‍ സാങ്കല്പികം എന്നെഴുതിയതിനോട് യോജിക്കാന്‍ കഴിയുന്നില്ല മാഷേ . ഞാന്‍ ഒരു പ്രവാസിയാണ്. എനിക്ക് ഏറ്റവും കുറഞ്ഞത്‌ സെന്റിന് അഞ്ചു ലെക്ഷം രൂപ വച്ച് കിട്ടുന്ന പത്തു സെന്റു ഭുമി ഉണ്ട്. ഞാന്‍ അത് വിശ്വസ്തനായ ഒരാളെ വില്കാന്‍ ഏല്‍പിക്കുന്നു. അയാള്‍ അതിനെ സെന്റിന് പതിനായിരം രൂപ വച്ച് വില്കുന്നു. എനിക്കുണ്ടായ നഷ്ടം സാങ്കല്പികം ആണോ? അത് തന്നെയാണ് ഇവിടെയും നടന്നത്. 2001 ല് ലേലം വിളിച്ചു കിട്ടിയ അതേ തുകക്ക് 2008 ല്‍ സ്പെക്ട്രം വിട്ടു. 1,76,000 കോടി രൂപ കിട്ടുമായിരുന്ന നാടിന്റെ പ്രകൃതി വിഭവത്തെ വെറും 12,386 കോടിക്ക് ഡി.എം.കെ. മന്ത്രി എ.രാജ മുന്‍കൈ എടുത്ത് വിറ്റ് തുലച്ചു. അത് നാടിന്റെ നഷ്ടം അല്ലെ?" 

ഇതിന് വിശദമായ ഒരു മറുപടി വേണമെന്ന് തോന്നി. അത്കൊണ്ട് മറുപടി ഒരു പോസ്റ്റ് ആയി എഴുതുന്നു. 

@ അങ്കിള്‍ ,  മാ‍ഷേ 2001 ല്‍ 2G സ്പെക്ട്രം ലേലം ചെയ്തിരുന്നു എന്ന് ആ‍രാണ് പറഞ്ഞത്? അങ്ങനെയൊന്നുമല്ല സംഗതികള്‍ .  ഇന്ത്യയില്‍ 1994ലാണ് ദേശീയ വിവരസാങ്കേതിക നയം രൂപപ്പെടുത്തുന്നത്.  അതിന്റെ അടിസ്ഥാനത്തില്‍ അന്ന് 2ജി സ്പെക്ട്രം ലേലം ചെയ്യപ്പെടുകയും മൂന്ന് കമ്പനികള്‍ സ്പെക്ട്രം വാങ്ങുകയും ചെയ്തു.  അപ്പോള്‍ ഒട്ട് ഗോയിങ്ങ് കോളുകള്‍ക്ക് മിനിറ്റിന് 16 രൂപയായിരുന്നു മൊബൈല്‍ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കിയിരുന്നത്. ഇന്‍‌കമിങ്ങ് കോളുകള്‍ക്കും ചാര്‍ജ്ജ് ഈടാക്കിയിരുന്നു. എന്നിട്ടും ലേലത്തില്‍ സ്പെക്ട്രം വാങ്ങിയ കമ്പനികള്‍ , തങ്ങള്‍ക്ക് ഈ ഇടപാടില്‍ നഷ്ടമാണെന്നും ലേലത്തുക മുഴുവനും കൊടുക്കാന്‍ കഴിയില്ലെന്നും പുനര്‍നിര്‍ണ്ണയം ചെയ്യണം എന്നും കാണിച്ച് സുപ്രീം കോടതില്‍ കേസ് കൊടുത്തു.  ഹരജി പരിഗണിച്ച കോടതി വേണ്ട മാറ്റങ്ങള്‍ ചെയ്യാനും പുതിയ നയം രൂപപ്പെടുത്താനും സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.  അപ്രകാരം കേന്ദ്ര സര്‍ക്കാര്‍ 1999 ല്‍  പുതിയ നയം ആ‍വിഷ്ക്കരിച്ചു.  ആ നയത്തിന്റെ അടിസ്ഥാനത്തില്‍ 2ജി സ്പെക്ട്രം ഇനി ലേലം ചെയ്യേണ്ടെന്ന് തീരുമാനിച്ചു. നിശ്ചിത തുക ലൈസന്‍സ് ഫീ ആയി വാങ്ങിയിട്ട് , ലൈസന്‍സ് നേടുന്ന കമ്പനികളില്‍ നിന്ന് ലാഭത്തില്‍ പങ്ക് (റവന്യു ഷേറിങ്ങ്)  എന്ന നിലയില്‍ വാങ്ങാം എന്നും സര്‍ക്കാര്‍ തീരുമാനിച്ചു. 

ഈ സമ്പ്രദായത്തില്‍ രണ്ട് ഗുണമുണ്ട് എന്നാണ് എന്റെ നിരീക്ഷണം. ഒന്ന് സര്‍ക്കാരിന് നിരന്തര വരുമാനം. മറ്റൊന്ന് ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ മൊബൈല്‍ സേവനം. അന്നേ ലേല സമ്പ്രദായം ആയിരുന്നുവെങ്കില്‍ ഇത്ര കുറഞ്ഞ നിരക്കില്‍ കമ്പനികള്‍ക്ക് മൊബൈല്‍ സേവനം നല്‍കാന്‍ കഴിയില്ലായിരുന്നു. ലേലത്തില്‍ കിട്ടുന്ന അത്രയും തുക സര്‍ക്കാരിന് ഒരുമിച്ച് ലഭിക്കുന്നില്ല എന്നേയുള്ളൂ.  ലാഭത്തില്‍ പങ്ക് സ്ഥിരം കിട്ടുന്നുണ്ടല്ലോ.  ഇനി സര്‍ക്കാരിന് എത്ര കിട്ടിയാലും ജനങ്ങള്‍ക്ക് ലഭിക്കുന്ന മെച്ചം തുച്ഛമായിരിക്കും എന്നത് വേറെ കാര്യം. ഇന്നും ലാന്‍ഡ് ഫോണിന് മിനിറ്റിന് ഒരു രൂപയല്ലേ, മൊബൈലിലോ? മൊബലില്‍ മിനിറ്റിന് 10 പൈസ ആക്കാനുള്ള ശ്രമത്തിലായിരുന്നു രാജ. മറ്റൊന്ന് , സിം കാര്‍ഡ് മാറ്റിയാലും ഒരേ നമ്പര്‍ നില നിര്‍ത്താന്‍ കഴിയുന്ന സമ്പ്രദായം (നമ്പര്‍ പോര്‍ട്ടബിലിറ്റി) നടപ്പിലാക്കാനും രാജ കമ്പനികളെ നിര്‍ബ്ബന്ധിക്കുന്നുണ്ടായിരുന്നു.

അപ്പോള്‍ പറഞ്ഞുവന്നത്  1999 മുതല്‍ 2ജി സ്പെക്ട്രം ലേലം ചെയ്യുന്നുണ്ടായിരുന്നില്ല. 2007ലാണ് രാജ ടെലിക്കോം മന്ത്രി ആകുന്നത്. അതേ വരെ പ്രമോദ് മഹാജന്‍ , അരുണ്‍ ഷൂറി , ദയാനിധി മാരന്‍ എന്നിവര്‍ 2ജി സ്പെക്ട്രം അനുവദിച്ചതും ലേലം ചെയ്തിട്ടല്ല റെവന്യു ഷേറിങ്ങ്   സമ്പ്രദായത്തിലാണ്. ലൈസന്‍സ് ഫീ 2001ലേത് തന്നെയായിരുന്നു 2008ലും എന്നതാണ് നേര് എന്ന് തോന്നുന്നു. 2007 വരെ നടക്കാത്ത ലേലം 2008ല്‍ മറ്റ് ചില കമ്പനികള്‍ക്ക് 2ജി അനുവദിക്കുമ്പോള്‍ നടത്തണം എന്ന് പറയുന്നതിന്റെ യുക്തി എന്താണ്?  അപ്പോള്‍ 2007 വരെ ലേലത്തിലല്ലാതെ 2ജി സ്പെക്ട്രം വാങ്ങിയവരുമായി മത്സരിക്കാന്‍ 2008ല്‍ ലേലത്തില്‍ സ്പെക്ട്രം വാങ്ങുന്ന കമ്പനികള്‍ക്ക് സാധിക്കുമോ? മാത്രമല്ല അങ്ങനെ 2008ല്‍ ലേലം ചെയ്യുകയാണെങ്കില്‍ ലേലത്തില്‍ പങ്കെടുക്കാന്‍ കമ്പനികള്‍ മുന്നോട്ട് വരുമായിരുന്നോ? വന്നാലും  2010 ല്‍ 3ജി ലേലത്തില്‍ എടുത്ത അതേ നിരക്കില്‍  2008ല്‍ 2ജി എടുക്കുമായിരുന്നോ?  ഇവിടെയാണ്  സി.ഏ.ജി.യുടെ കണക്ക് സാങ്കല്‍പ്പികമാകുന്നത്.  3ജി സ്പെക്ട്രത്തെ സംബന്ധിച്ച്  അത് ലേലം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.  ആ സാഹചര്യം 2ജി-യെ സംബന്ധിച്ച് 2008ല്‍ പ്രായോഗികമല്ല എന്ന്  പ്രധാനമന്ത്രിയും കരുതിയാല്‍  എന്താണ് തെറ്റ്.  ഒരു കാര്യം വീണ്ടും ഊന്നി പറയട്ടെ. 2ജി ലേലത്തില്‍ വില്‍ക്കുക എന്ന നയം സര്‍ക്കാര്‍ 1999ല്‍ തിരുത്തിയത്കൊണ്ടാണ് ഇന്ന് പാവപ്പെട്ടവര്‍ക്കും മൊബൈല്‍ പ്രാപ്യമായത്.  ലേലത്തില്‍ മത്സരിച്ച്  അധിക പണം കൊടുത്ത്  കമ്പനികള്‍ 2ജി വാങ്ങിയാല്‍ അതിന്റെ ഭാരം ഉപഭോക്താക്കളുടെ തലയിലല്ലേ വരിക.  സര്‍ക്കാ‍രിന് എത്ര കിട്ടിയാലും  മൂക്കില്‍ വിരല്‍ ഇട്ടത് പോലെയാണ്.  2ജി-യെ സംബന്ധിച്ച് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. അത് പാവപ്പെട്ടവന്റെ സ്പെക്ട്രമാണ്.  3ജി ഇന്നത്തെ നിലയില്‍ എന്ത്കൊണ്ടും പാവപ്പെട്ടവര്‍ക്ക് അപ്രാ‍പ്യമായ ആഡംബര സ്പെക്ട്രമാണ്.  സര്‍ക്കാര്‍ ഈ വസ്തുതയും കണക്കിലെടുക്കണ്ടേ?  

ഇനി, ഒന്നേമുക്കാല്‍ ലക്ഷം കോടി എന്ന കണക്ക്  സി.ഏ.ജി.ക്ക്  എങ്ങനെ കിട്ടി എന്ന് നോക്കാം.   ഈ വര്‍ഷം (2010)  3ജി ലേലം ചെയ്തപ്പോള്‍ സര്‍ക്കാരിന്  കിട്ടിയത് 67 ആയിരം കോടി രൂപ.  ഈ കണക്ക് വെച്ച്  2007-08  സാമ്പത്തിക വര്‍ഷം  2ജി പഴയ നിരക്കില്‍ 122 ലൈസന്‍സും 35 ഡബിള്‍ ടെക്നോളജി ലൈസന്‍സും നല്‍കിയത്കൊണ്ട് സര്‍ക്കാരിന് ഒന്നേമുക്കാല്‍ ലക്ഷത്തിലധികം കോടി രൂപ നഷ്ടം  എന്നാണ് സി.ഏ.ജി. കണക്കാക്കിയത്.  ലേലം ചെയ്താലും 2010ല്‍ 3ജിക്ക്  കിട്ടിയ അതേ  വില ഒട്ടും കുറയാതെ  2008ല്‍ 2ജിക്കും കിട്ടും എന്നത് ഊഹമല്ലേ?  അത്കൊണ്ടാണ് സി.ഏ.ജി. കണക്ക് സാങ്കല്‍പ്പികം എന്ന് പറഞ്ഞത്.  2008ല്‍ ലേലം ചെയ്യാത്തത് സാങ്കേതികമായും ധാര്‍മ്മികമായും ശരിയാണ് എന്നാണ് എന്റെ തോന്നല്‍ . എന്നാല്‍ 2008ല്‍ രാജ ലൈസന്‍സ് അനുവദിക്കുമ്പോള്‍ നടപ്പ് രീതി അനുസരിച്ച് അഴിമതി നടത്തിയിട്ടുണ്ടാവും.  പ്രമോദ് മഹാജന്‍ തൊട്ട് അരുണ്‍ ഷൂറിയും ദയാനിധി മാരനും വരെ നടത്തിയിരിക്കാന്‍ സാധ്യതയുള്ള അഴിമതി.  അതൊക്കെ കണ്ടുപിടിക്കാന്‍ ഇപ്പോഴത്തെ സുബ്രഹ്മണ്യം സ്വാമി കൊടുത്ത കേസോ ജെ.പി.സി.യോ  പാര്‍ലമെന്റ് സ്തംഭിപ്പിക്കലോ പര്യാപ്തമല്ല താനും .... 

( ബാക്കി സ്പെക്ട്രം തുടര്‍ക്കഥ - മൂന്നാം ഭാഗത്തില്‍ )

17 comments:

അങ്കിള്‍ said...

2001 ല് 2ജി സ്പെക്ട്രം ലേലം ചെയ്തിരുന്നു എന്നു ആരാ പറഞ്ഞത് എന്നു ചോദിച്ചാൽ അല്ലെന്നു ആരാ പറഞ്ഞത് എന്നു തിരിച്ച് ചോദിക്കേണ്ടി വരും.

എന്നാൽ കേട്ടോളു, ഇൻഡ്യയിലെ ഭരണഘടനാ സ്ഥാപനമായ, സുപ്രീം കോടതി പോലും അംഗീകരിക്കുന്ന സാക്ഷാൽ സി.ഏ.ജി ആണു ഇങ്ങനെ പറഞ്ഞിരിക്കുന്നത്:
“Seventeen new CMTS licences as fourth cellular mobile operators in 2001 through a multi-stage bidding process.“ - vide Box-1 under paragraph 1.3 of CAG report on 2g Spectrum.

ഞാൻ വിജാരിച്ചു, സി.ഏ.ജി യുടെ റിപ്പോർട്ട് വച്ചുകൊണ്ടായിരിക്കും താങ്കൾ ഈ പോസ്റ്റ് എഴുതി തുടങ്ങിയതെന്നു. അല്ലെന്നു ഉറപ്പായി.

എന്റെ മുമ്പിൽ സി.ഏ.ജി റിപ്പോർട്ട് ഇരിക്കുന്നുണ്ട്. അത് വായിച്ചാണ് ഞാൻ കുറേശെയായി കാര്യങ്ങൾ എന്റെ ഗൂഗിൾ ബസ്സിൽ വിശദീകരിച്ചു കൊണ്ടിരിക്കുന്നത്. അതു കൊണ്ട് എനിക്ക് തെറ്റു പറ്റില്ല എന്നൊന്നും വാദിക്കുന്നില്ല.

എതായാലും കാര്യങ്ങൾ നടന്നത് ഇങ്ങനെയാണു; (തുടരുന്നു...)

അങ്കിള്‍ said...

തുടക്കത്തിൽ സർക്കാർ നേരിട്ട് നടത്തുകയായിരുന്ന ബേസിക് ടെലിഫോൺ (Land Line) സേവനം മാത്രമാണുണ്ടായിരുന്നത്.
ഒരു ദേശീയ ടെലികോം നയം (NTP 94) ആദ്യമായി ഉണ്ടാക്കിയത് 1994 ലാണു. അതു പ്രകാരം നവംബർ 94 മുതൽ ഇൻഡ്യയിലെ നാലു മെട്രൊ സിറ്റിയിലും ഈരണ്ട് മൊബൈൽ സേവന ദാദാക്കളെ വീതം അനുവദിച്ചു. പിന്നീട് ഡിസംബർ 95 ആയപ്പോൾ ഇൻഡ്യയിലെ 18 മറ്റു ടെലിക്കോം സർക്കിളുകളിൽ കൂടി മൊബൈൽ സേവനം തുടങ്ങാൻ അനുമതി നൽകി.

അതൊടൊപ്പം 6 സ്വകാര്യ സ്ഥാപനങ്ങൾക്ക് അടിസ്ഥാന സേവനം (Land Line) തുടങ്ങാനുള്ള അനുവാദവും നൽകി.

ഇവരെല്ലാം, ഈ സേവനം ലേലം വിളിച്ച് നേടിയവരാണു. ലേലത്തുക കൂടാതെ, ഒരു നിശ്ചിത തുക ലൈസൻസ് ഫീസായും
സർക്കാരിലേക്ക് ഒടുക്കിയിരുന്നു.

ടെലിക്കോമിനു വേണ്ടിയുള്ള ദേശീയ നയം പുതുക്കി പുതിയ ഭരണ ക്രമം ഉണ്ടാക്കിയത് 1999 ലാണു (NTP 99)അന്നുണ്ടായിരുന്ന എല്ലാ അടിസ്ഥാന സേവന (Land Line) ദാദാക്കളെയും, മൊബൈൽ സേവന ദാദാക്കളെയും പുതിയ ഭരണക്രമത്തിലോട്ട് മാറ്റി. കൊല്ലവർഷം 2000 മുതൽ സർക്കാർ സേവന ദാദാക്കളായ BSNL, MTNL എന്നിവരെ
മൂന്നാമത്തെ മൊബൈൽ സേവനദാദാക്കളായി രംഗത്ത് വരാൻ അനുവദിച്ചു.

2001 ആയപ്പോൾ മൊബൈൽ സേവന
രംഗത്തെ വികസിപ്പിക്കാനായി 17 പുതിയ ലൈസൻസ് കൂടി ലേലത്തിൽ വിറ്റു. മൊബൈൽ സേവന രംഗത്ത് നാലാമതായി
എത്തിയവരാണിവർ. ഇതേ വ്യവസ്ഥയിൽ, അടിസ്ഥാന സേവന മേഖലയിൽ (Land Line Service) 25 ലൈസൻസ് കൂടി
ലേലം ചെയ്യുകയുണ്ടായി.

പുതിയ നയപ്രകാരം (NTP99)അനുവദിക്കപ്പെട്ട സേവന ദാദാക്കളെല്ലാം (17 പുതിയ ലൈസൻസികൾ) സർക്കാരിലേക്ക് ഒടുക്കേണ്ട തുക ഇപ്രകാരമായിരുന്നു:
1. ഒറ്റത്തവണയുള്ള എണ്ട്രി ഫീസ് - ലൈസൻസ് കരാർ ഒപ്പിടുന്നതിനു മുമ്പ് - ലേലം വിളിച്ച് ഉറപ്പിച്ച തുകയാണിത്.
2. വാർഷിക ലൈസൻസ് ഫീസ്സ് - ഓരോരുത്തരുടേയും വാർഷിക ആകെ വരുമാനത്തിന്റെ ഒരു നിശ്ചിത ശതമാനമാണിത്
(Revenue sharing).
3. വാർഷിക സ്പെക്ട്രം ചാർജ്ജ് - മൊബൈൽ സേവന ദാദാക്കളുടെ വാർഷിക ആകെ വരുമാനത്തിന്റെ ഒരു നിശ്ചിത
ശതമാനമാണിത് (Revenue sharing).
----------------------
ഇങ്ങനെയൊക്കെയാണ് നടന്നതെന്നണ് സി.ഏ.ജി. പറഞ്ഞിരിക്കുന്നതും ഞാൻ മനസ്സിലാക്കിയതും.

മാഷും എന്റെ ഗൂഗിൽ ബസ്സ് ഫോളോ ചെയ്യുന്ന ആളാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതിനകത്ത് ഞാൻ ഇതിൽ കൂടുതലും കഴിഞ്ഞ് കുറച്ച് ദിവസങ്ങളായി എഴുതി വരുന്നു. അതു കൂടെ വായിക്കാൻ ക്ഷണിക്കുന്നു.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

മാഷേ ഞാന്‍ സി.ഏ.ജി. റിപ്പോര്‍ട്ട് മാത്രമല്ല നോക്കുന്നത് . നമുക്കും ഒരു സാമാന്യയുക്തി വേണമല്ലൊ. സി.ഏ.ജി.യുടെ റിപ്പോര്‍ട്ട് ഞാന്‍ വായിക്കുന്നത് താങ്കളുടെ ബസ്സില്‍ നിന്ന് തന്നെയാണ്. അതിനപ്പുറത്തേക്ക് ഈ റിപ്പോര്‍ട്ടിന്റെ പിന്നാലെ ഞാന്‍ പോയിട്ടില്ല എന്നത് വാസ്തവമാണ്. എന്നാല്‍ എല്ലാവരുടെയും വാദമുഖങ്ങള്‍ നമ്മള്‍ കേള്‍ക്കേണ്ടേ? അഴിമതി നടത്താനായി മാത്രം മന്ത്രിയും പ്രധാനമന്ത്രിയും അവിടെ ഇരിക്കുന്നു എന്ന് വിചാരിക്കരുതല്ലോ. 2001ലെ ലേലത്തിന്റെ കാര്യം വിചിത്രമായി തോന്നുന്നു. 1999ല്‍ NDA സര്‍ക്കാര്‍ ലേലം നിര്‍ത്തിയതാണ് പുതിയ നയത്തിന്റെ അടിസ്ഥാനത്തില്‍ . അതേ സര്‍ക്കാര്‍ 2001ല്‍ ലേലം നടത്തി എന്ന് പറയുന്നത് എങ്ങനെ ശരിയാവും? താങ്കള്‍ ക്വാട്ട് ചെയ്ത വരികളില്‍ multi-stage bidding process എന്ന് കാണുന്നുണ്ട്. അതില്‍ നിന്നും ലേലമാണ് നടന്നത് താങ്കള്‍ അനുമാനിക്കുകയായിരുന്നോ? ഒരു അഭിമുഖത്തില്‍ രാജ പറഞ്ഞത് ശ്രദ്ധിക്കുക:

The National Telecom Policy 1999 was framed by the NDA government. It laid down that the 2G spectrum has to be allotted on revenue share basis since the 1994 policy [of auctioning] failed miserably. The operators who bought the spectrum and the licences at that time went to court on the grounds that they were unable to pay and sought a direction to government to bail them out. The court directed the government to consider. In 1999, the government devised a policy that favoured the revenue route over that of the auction route.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

മറ്റൊരു ചോദ്യത്തിന് ഉത്തരമായി രാജ തുടരുന്നു:

Again let me explain. There are four issues: One, is it fair to issue and allocate spectrum bandwidth in 2008 at the same licence fee of Rs.1,650 crore determined in 2001? Two, is it the right policy to have adopted ‘first-come first-served' basis? Three, why did you not auction 2G spectrum bandwidth allocation? And, four, does it not cause loss of revenue to the government as these firms that got the licence and the spectrum sold their shares at a higher price? I have repeatedly replied to these questions inside and outside Parliament.

The amount of Rs.1,650 crore was determined by TRAI as licence fee in 2001, and new licences were issued at the same price even 40 days prior to my taking charge of this Ministry. This was because TRAI did not give any new recommendations after 2001. But it continued to enhance the share in the adjusted gross revenue every year. Due to this, an annual revenue of about Rs.15,000 crore was accruing to the government.

The second criticism is about our following the ‘first-come-first served' policy. In 1999, the Cabinet decided not to auction spectrum bandwidth and preferred revenue-sharing method. Since then, right through the tenure of Pramod Mahajan, Arun Shourie, till the tenure of Dayanidhi Maran, this policy continued.

There's no other option when there is no scope for auction. Hence, the same method was adopted during my tenure also. I've recorded this in Parliament in the presence of Arun Shourie. No one has denied this and no one can dispute it.

The third criticism is about non-auctioning of spectrum bandwidth. In 2007, the Telecom Commission accepted the recommendations of TRAI, which stated that it is not fair to go for auctioning to maintain a level playing-field as we have allocated spectrum without auction to the existing operators from 1999. The government too accepted and implemented it.

The fourth criticism is about the disposal of shares by the new firms that got the allotment. Normally, the Finance Ministry monitors such matters and takes an effort to establish whether it is right or wrong. After scrutiny of both Swan and Unitech at the hands of the Finance Ministry, the Cabinet Committee has approved its finding that these firms have not sold their shares but only diluted the shares to get FDI to raise towers and other infrastructure, well within the legal framework for promoting their business. Neither my Department nor I have any role in it. When this issue was raised for the first time, I discussed this with the Prime Minister and the then Finance Minister, P. Chidambaram. The Finance Ministry is also of the firm view that shares have not been sold. Even after deliberating several times, the criticism against it is continuing. Is it out of ignorance or annoyance, or [is it a] systematic, politically motivated, disinformation campaign? It's for anyone to infer.

എല്ലാ വശങ്ങളും നിഷ്പക്ഷമായി നിരീക്ഷിക്കുക എന്നതാണ് എത് കാര്യത്തിലും എന്റെ രീതി. കൂട്ടം ചേര്‍ന്ന് എല്ലാവരും ഒച്ച വെക്കുമ്പോള്‍ ഞാന്‍ വസ്തുതകള്‍ ആരായുന്നു. മറ്റുള്ളവരില്‍ നിന്ന് ഒറ്റപ്പെട്ട് അഭിപ്രായം പറയുക എന്നത് അല്പം റിസ്ക് ഉള്ള ഏര്‍പ്പാടാണ്. എനിക്ക് പക്ഷെ അങ്ങനെയേ കഴിയുന്നുള്ളൂ. ഏതായാലും 2001 ലെ ലേലത്തിന്റെ കാര്യത്തില്‍ ഞാന്‍ തര്‍ക്കത്തിനില്ല. എന്റെ മറ്റ് പോയന്റുകള്‍ താങ്കള്‍ പരിഗണിക്കുക.

കാഡ് ഉപയോക്താവ് said...

"മറ്റുള്ളവരില്‍ നിന്ന് ഒറ്റപ്പെട്ട് അഭിപ്രായം പറയുക എന്നത് അല്പം
റിസ്ക് ഉള്ള ഏര്‍പ്പാടാണ്."

Thanks!

ഗണിതം പഠിക്കാനും പഠിപ്പിക്കാനും... GeoGebra_Malayalam Video Tips

അങ്കിള്‍ said...

"2010ല്‍ 3ജിക്ക് കിട്ടിയ അതേ വില ഒട്ടും കുറയാതെ 2008ല്‍ 2ജിക്കും കിട്ടും എന്നത് ഊഹമല്ലേ?"

അല്ല. 2ജി. സ്പെക്ട്രത്തിനും അതെ വിലകിട്ടുമെന്നു തീരുമാനിച്ചത് സ്പെക്ട്രത്തിന്റെ മൂല്യനിർണ്ണയത്തിനു വേണ്ടി നിയമിക്കപ്പെട്ട പ്രത്യേക മന്ത്രിമാരുടെയും സാങ്കേതിക വിദഗ്ദരുടേയും ഒരു സമിതിയാണു. അവർ നിശ്ചയിച്ച വില അടിസ്ഥാനമാക്കി സി.ഏ.ജി നഷ്ടം കണക്കാക്കുകയായിരുന്നു.

2ജി. സ്പെക്ട്രത്തിനും, 3ജി.സ്പെക്ട്രത്തിനും വലിയ വ്യത്യാസങ്ങളില്ല. അതുപയോഗിക്കുന്ന രീതിയിലാണു വ്യത്യാസം. 3ജി.സ്പെക്ട്രം ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന പ്രത്യേക കാര്യങ്ങൾ 2ജി.സ്പെക്ട്രം വിതരണം ചെയ്യുമ്പോൾ കണ്ടു പിടിച്ചിരുന്നില്ല എന്നു മാത്രം. 2ജി സ്പെക്ട്രം ഉപയോഗിച്ച് ചെയ്യുന്നതെല്ലാം 3ജി. സ്പെക്ട്രത്തിലും ചെയ്യാം, തിരിച്ച് പറ്റില്ല.

“അതേ വരെ പ്രമോദ് മഹാജന്‍ , അരുണ്‍ ഷൂറി , ദയാനിധി മാരന്‍ എന്നിവര്‍ 2ജി സ്പെക്ട്രം അനുവദിച്ചതും ലേലം ചെയ്തിട്ടല്ല റെവന്യു ഷേറിങ്ങ് സമ്പ്രദായത്തിലാണ്.“

ഇവരുടെ കാലത്ത് സ്പെക്ട്രം വിറ്റിരുന്നോ?. പരിശോധിക്കേണ്ടതാണു. അപേക്ഷിക്കണമെങ്കിൽ, ‘സ്പെക്ട്രം വിൽകാനുണ്ട് എന്ന പരസ്യം സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണം. അങ്ങനെ ഉണ്ടായത് രാജയുടെ കാലത്തല്ലേ. ഓർമ്മ നിൽക്കുന്നില്ല, ഒന്നുകൂടി പരിശോധിക്കട്ടെ..

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

// 2ജി. സ്പെക്ട്രത്തിനും അതെ വിലകിട്ടുമെന്നു തീരുമാനിച്ചത് സ്പെക്ട്രത്തിന്റെ മൂല്യനിർണ്ണയത്തിനു വേണ്ടി നിയമിക്കപ്പെട്ട പ്രത്യേക മന്ത്രിമാരുടെയും സാങ്കേതിക വിദഗ്ദരുടേയും ഒരു സമിതിയാണു. അവർ നിശ്ചയിച്ച വില അടിസ്ഥാനമാക്കി സി.ഏ.ജി നഷ്ടം കണക്കാക്കുകയായിരുന്നു.//

ഇതെങ്ങനെയാണ് മാഷേ ശരിയാവുക? പ്രത്യേക മന്ത്രിമാരുടെയും സാങ്കേതിക വിദഗ്ദരുടെയും സമിതി സ്പെക്ട്രത്തിന്റെ മൂല്യം/വില നിര്‍ണ്ണയിക്കുക. എന്നിട്ട് അതിന്റെ അടിസ്ഥാനത്തില്‍ സി.ഏ.ജി. നഷ്ടം കണക്കാക്കുക. അതെങ്ങനെ മുന്‍‌കൂട്ടി വില നിശ്ചയിക്കാനാവും? വാങ്ങാന്‍ ആളുകളും മുന്നോട്ട് വരണ്ടേ? ഡിമാന്റും സപ്ലൈയുമല്ലേ എന്തിന്റെയും വില നിശ്ചയിക്കുന്നത്? ഇങ്ങനെയാണെങ്കില്‍ ലേലത്തിന് എന്ത് പ്രസക്തിയാ‍ണ് ഉള്ളത്? സമിതി ഒരു വില നിശ്ചയിച്ച് ആ വിലക്ക് മാത്രമേ വില്‍ക്കൂ എന്ന് തീരുമാനിച്ചുകൂടേ? 3ജി എന്തിന് ലേലം ചെയ്തു?

മാത്രമല്ല, സ്പെക്ട്രം കേസില്‍ സി.ബി.ഐ. കോടതിയില്‍ സമര്‍പ്പിച്ച എഫ്.ഐ.ആറില്‍ 2008ല്‍ ലൈസന്‍സ് അനുവദിച്ചതില്‍ സര്‍ക്കാരിന് 22,000 കോടി രൂപ നഷ്ടം ഉണ്ടായി എന്നാണ് കാ‍ണിച്ചിരിക്കുന്നത്. സി.ഏ.ജി.യുടെ കണക്കും സി.ബി.ഐ.യുടെ എഫ്.ഐ.ആറും താങ്കളുടെ വാദവും പൊരുത്തപ്പെടുന്നില്ലല്ലൊ. തര്‍ക്കത്തില്‍ എനിക്ക് താല്പര്യമില്ല എന്ന് വിനയപൂര്‍വ്വം അറിയിക്കട്ടെ :)

Anonymous said...

ലാവലിൻ കേസിൽ ഈ വാദങൾ പ്രസക്തമല്ലെ? അതിൽ മാർക്സിസ്റ്റുകാർ പെട്ടതു കൊണ്ട് വീക്ഷണത്തിനു വ്യത്യാസമുണ്ടാകുമോ?

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ലാവ്‌ലിന്‍ കേസില്‍ പിണറായി ശിക്ഷിക്കപ്പെടാനാണ ചാന്‍സ് എന്ന് കൊട്ടത്താപ്പ് വിധി പ്രസ്താവ്ം എഴുതിയ സുകുമാരന്‍ ചേട്ടന്‍ സ്പെക്ട്രം വന്നപ്പോള്‍ എത്ര സമയമെടുത്ത് കാര്യങ്ങള്‍ എഴുതുന്നു...ഇതേ ശുഷ്കാന്തി ലാവ്‌ലിന്‍ കേസിലും കാണിക്കണേ....

സ്നേഹത്തോടെ
സുനില്‍

അങ്കിള്‍ said...

2004-2006 കാലയളവിലും 51 ലൈസൻസുകൾ ഇതേ പോലെ 2001 ല് നിശ്ചയിച്ചുറപ്പിച്ച വിലക്ക് വിതരണം ചെയ്തിട്ടുണ്ട്. എന്നാൽ, ആ വില്പനയിലെ നഷ്ടം സി.ഏ.ജി.യോ, മാധ്യമങ്ങളോ പരിഗണിച്ചതായി കാണുന്നില്ല. എന്തു കൊണ്ടാണെന്നറിയില്ല. ഒരു പക്ഷേ അന്നു സ്പെക്ട്രത്തിന്റെ വിപണിവില 2008 ലേതുപോലെ കുതിച്ചുയർന്നിട്ടില്ലായിരുന്നിരിക്കാം.

ഒരു കാര്യം ശരിയാണു മാഷേ, ഇന്നു നമുക്ക് മൊബൈൽ സേവനം ഇത്രക്ക് വില കുറച്ച് കിട്ടുന്നത് സേവന ദദാക്കൾക്ക് വളരെ തുച്ചമായ വിലക്ക് ലൈസൻസ് ലഭിച്ചതു കൊണ്ട് തന്നെയായിരിക്കണം.

ഇത്രയും കോടി രൂപ മന്ത്രി രാജ ഒറ്റക്ക് അടിച്ച് മാറ്റിയെന്നും ആരും പറയില്ല. പങ്ക് പറ്റിയവർ അനവധിയായിരിക്കും. അടുത്ത ഇലക്ഷനു തമിഴ് നാട്ടിലെ ജനങ്ങൾക്കെല്ലാം ഓരോ വീട് ഫ്രീയായിട്ട് കൊടുത്താലും അത്ഭുതപ്പെടാനില്ല.

ഒരു കാര്യം ഓർമ്മ വരുന്നു. കുറച്ച് കാലം മുമ്പ് ഇടതു പക്ഷം പിന്തുണ പിൻ‍വലിച്ചപ്പോൾ മന്മോഹൻ സിംഗ് ഒരു അവിശ്വാസ പ്രമേയത്തിന്റെ അഭിമുഖീകരിച്ച് വിജയിച്ചിരുന്നില്ലേ. ആ സമയത്ത് അംബാനി സഹോദരൻ മന്മോഹൻ സിംഗിന്റെ സന്ദർശിച്ചു എന്നൊരു വാർത്ത് ഇംഗ്ലീഷ് ചാനലുകളിൽ ഞാൻ കണ്ടിരുന്നു. വലിയ പ്രാധന്യം അവർ അന്നു കൊടുത്തിരുന്നില്ല. പിന്നീട് അവിശ്വാസപ്രമേയം വോട്ടിനിട്ട് തോറ്റു. അതിന്റെ ചരിത്രം നമുക്കരിയാമല്ലോ. ഒരിക്കലും പ്രതീക്ഷിച്ചതായിരുന്നില്ല ആ വിജയം. അതും സ്പെക്ക്ട്രം വില്പനയെല്ലാം ഒത്തു പോകുന്നില്ലേ എന്നൊരു സംശയം.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

സുനിലേ , ഈ കാര്യത്തില്‍ സുനിലിന്റെ സ്നേഹം സ്വീകരിക്കാന്‍ എനിക്ക് അല്പം ബുദ്ധിമുട്ടുണ്ട് എന്ന് ഖേദപൂര്‍വ്വം പറയട്ടെ. എന്തെന്നാല്‍ ലാവലിന്‍ ഇടപാടിലും രാജ സ്പെക്ട്രം അനുവദിച്ചതിലും അഴിമതിയുണ്ടെന്ന് തന്നെയാണ് എന്റെയും അഭിപ്രായം. അഴിമതിയില്ലാതെ സര്‍ക്കാര്‍ ഇടപാടുകള്‍ നടക്കുക എന്നത് വിരളമായിരിക്കും. അഴിമതി രാഷ്ട്രീയായുധമായി ആഘോഷിക്കുന്നതിലും ഇപ്പോഴത്തെ ഈ ഒന്നേമുക്കാല്‍ ലക്ഷം കോടി നഷ്ടം എന്ന കണക്കിലും മാത്രമാണ് എനിക്ക് അഭിപ്രായവ്യത്യാസമുള്ളത്.

2ജി സ്പെക്ട്രം അനുവദിക്കുന്ന കാര്യത്തില്‍ 1999 ല്‍ NDA സര്‍ക്കാര്‍ ആവിഷ്ക്കരിച്ച നയത്തോടാണ് എനിക്ക് യോജിപ്പ്. അതായത് ലേലം ഒഴിവാക്കി ലൈസന്‍സ് ഫീ ചുമത്തുകയും പിന്നീട് വരുമാനത്തിന്റെ ഒരു ഭാഗം വാങ്ങുകയും ചെയ്യുക എന്ന നയം. അന്ന് ആ നയം സ്വീകരിച്ചത്കൊണ്ടാണ് 2ജി സൌകര്യം ഇന്ത്യയിലെ പാവങ്ങള്‍ക്ക് പോലും കുറഞ്ഞ നിരക്കില്‍ ലഭ്യമായത് എന്നാണ് എന്റെ നിരീക്ഷണം. ധാര്‍മ്മികമായും അതാണ് ശരിയും. കച്ചവടത്തില്‍ ലാഭത്തിന്റെ ഒരു പങ്ക് സര്‍ക്കാരിന് നിരന്തരം കിട്ടുമല്ലൊ. എത്ര ഭാഗം പങ്ക് വേണമെന്ന് സര്‍ക്കാരിന് നെഗോഷ്യേറ്റ് ചെയ്യുകയുമാവാം. ലേലം ചെയ്ത് അധികം കിട്ടുന്ന തുകയ്ക്ക് വിറ്റ് ഒറ്റയടിക്ക് പണം വാങ്ങണം എന്നത് മറ്റൊരു നയം. എനിക്കതില്‍ യോജിപ്പില്ല. എന്ന് വെച്ച് 3ജി ലേലം ചെയ്തതില്‍ ഞാന്‍ എതിര്‍പ്പ് പറയുന്നുമില്ല. അത് സര്‍ക്കാരിന്റെ സൌകര്യം. എന്നാല്‍ 1999 ല്‍ സര്‍ക്കാര്‍ ആവിഷ്ക്കരിച്ച നയത്തില്‍ തന്നെ അഴിമതിക്കുള്ള പഴുതും ഉള്‍പ്പെടുത്തിയിരുന്നു. അതാണ് ആദ്യം വരുന്നവര്‍ക്ക് ആദ്യം നല്‍കുക( first-come first-served) എന്ന ഏര്‍പ്പാട്. ആ പോളിസിയാണ് തന്റെ മുന്‍‌ഗാമികളെ പോലെ രാജയും ദുരുപയോഗം ചെയ്തത്. ആ‍ ന്യായത്തിലാണ് രാജ അവസാനം വരെ പിടിച്ചു നിന്നതും.

ശരിക്ക് പറഞ്ഞാല്‍ ബി.ജെ.പി.യാണ് ഈ അഴിമതിയുടെ വാതില്‍ തുറന്നത്. പ്രമോദ് മഹാജന്‍ അന്നത് നല്ല വണ്ണം ഉപയോഗപ്പെടുത്തുകയും ചെയ്തു. രാജയുടെ തൊട്ട മുന്‍‌ഗാമി ദയാനിധിമാരനും ഒട്ടും മോശമായിരുന്നില്ല. ടെലിക്കോം അഴിമതിയുടെ പേരില്‍ ഇന്ത്യയില്‍ ശിക്ഷിക്കപ്പെട്ട ഒരേയൊരു മന്ത്രി കോണ്‍ഗ്രസ്സിലെ സുഖ്‌‌ റാം മാത്രമായിരുന്നു എന്നാണ് എന്റെ ഓര്‍മ്മ. ഇപ്പോഴത്തെ രാഷ്ട്രീയ ബഹളം സത്യത്തില്‍ രാജയ്ക്ക് നേരെയല്ല. മന്‍‌മോഹന്‍ സിങ്ങിന്റെ ക്ലീന്‍ ഇമേജ് തകര്‍ത്ത് രാഷ്ട്രീയ നേട്ടം കൊയ്യുക എന്നത് മാത്രമാണ് ലക്ഷ്യം. അഴിമതി ഇല്ലാതാക്കുന്നതില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ആത്മാര്‍ത്ഥതയില്ലാതിരിക്കുകയും , കിട്ടുന്ന അവസരങ്ങളില്‍ അഴിമതി നടത്തുകയും അതേ സമയം അഴിമതി രാഷ്ട്രീയനേട്ടത്തിനായുള്ള പ്രചരണായുധമായി ഉപയോഗിക്കുകയും ചെയ്യുന്നു എന്ന ദുരവസ്ഥയാ‍ണ് ഇവിടെയുള്ളത്. അത്കൊണ്ട് ജനം അഴിമതിയുമായി പൊരുത്തപ്പെടുന്നു എന്നതാണ് ഇതിലെ നെഗറ്റീവ് ഇം‌പാക്റ്റ്.

ബോഫേഴ്സ് പ്രശ്നത്തില്‍ ജനം 64 കോടിയുമായി പൊരുത്തപ്പെട്ടു. ഇന്ന് ഒന്നേമുക്കാല്‍ ലക്ഷം കോടിയുമായി പൊരുത്തപ്പെടാന്‍ പോകുന്നു. നാളെ കോടി കോടി പറഞ്ഞാലും ലാഘവത്തോടെ കേള്‍ക്കാനുള്ള സമൂഹമനസ്സ് പരുവപ്പെടുത്തലാണ് നടക്കുന്നത്. അതേ സമയം അഴിമതി ആരോപണങ്ങള്‍ വരുമ്പോള്‍ അല്പമെങ്കിലും നടപടി സ്വീകരിക്കുന്നത് കോണ്‍ഗ്രസ്സ് ആണെന്നും കാണാന്‍ കഴിയും. ലാവലിന്‍ ഇടപാടില്‍ ആരോപണം വന്നപ്പോള്‍ പിണറായി വിജയനെ സെക്രട്ടരി സ്ഥാനത്ത് തല്‍ക്കാലത്തെക്ക് മാറ്റി നിര്‍ത്തുകയും ആ കേസുമായി സഹകരിക്കാന്‍ മുന്നോട്ട് വരികയും ചെയ്തിരുന്നുവെങ്കില്‍ സി.പി.എമ്മിന്റെ അന്തസ്സ് ഉയരുകയും അഴിമതിക്കെതിരെ സംസാരിക്കാന്‍ സി.പി.എമ്മുകാര്‍ക്ക് ധാര്‍മ്മിക ബലം കിട്ടുകയും ചെയ്യുമായിരുന്നു. എന്നാല്‍ സി.പി.എമ്മുകാര്‍ പിണറായി വിജയനെ ന്യായീകരിക്കാന്‍ ശ്രമിച്ചത് പാര്‍ട്ടിയെക്കാളും പിണറായി വളര്‍ന്നത് കൊണ്ടാണ്. കര്‍ണ്ണാടകയില്‍ യെദ്ദ്യൂരപ്പ ബി.ജെ.പി.യെക്കാളും വളര്‍ന്ന പോലെ.

ആ ബി.ജെ.പി.യും സി.പി.എമ്മുമാണ് ഇപ്പോള്‍ പാര്‍ലമെന്റ് തുടര്‍ച്ചയായി സ്തംഭിപ്പിച്ച് കോടികള്‍ പാഴാക്കുന്നത്. ജെ.പി.സി. എന്ന ആവശ്യം അഴിമതി തുടച്ചുനീക്കാനോ കുറ്റക്കാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനോ ഉള്ളതല്ലെന്ന് ആര്‍ക്കാണറിയാത്തത്. വിഷയം ആവുന്ന കാലത്തോളം കത്തിച്ച് നിര്‍ത്തുക എന്നത് മാത്രം. ബോഫേഴ്സ് പ്രശ്നത്തില്‍ ജെ.പി.സി. രൂപീകരിച്ചിട്ട് എന്താണ് സംഭവിച്ചത്. ഈ പ്രഹസനങ്ങളുടെയെല്ലാം ഫലം നാളെയും നാളെയും ഇന്ത്യയില്‍ അഴിമതിയെ ആരും പേടിക്കേണ്ട എന്നതാണ്. അഴിമതി ഇല്ലാതാക്കാനല്ല അത് വളര്‍ത്താനാണ് ഈ ഒച്ച വെക്കലുകള്‍ സഹായിക്കുന്നത് എന്ന് ചുരുക്കം.

ഇത്രയും പറഞ്ഞിട്ടും സുനിലിന് എന്നോട് സ്നേഹം തോന്നുന്നെങ്കില്‍ ആ സ്നേഹം ഞാ‍ന്‍ സ്വീകരിക്കാം. എനിക്ക് എന്നും സുനിലിനോട് സ്നേഹമുണ്ട്. എന്തെന്നാല്‍ സുനിലിന്റെ ആ‍ത്മാര്‍ത്ഥതയിലും സത്യസന്ധതയിലും എനിക്ക് സംശയമില്ല.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

@ അങ്കിള്‍ , മാഷേ സ്പെക്ട്രത്തിന്റെ വിപണിവില/വിപണി മൂല്യം എന്നൊന്നില്ല. അത് ആ‍പേക്ഷികമാണ്. ഏതൊരു ഉല്പന്നത്തിന്റെയോ സേവനത്തിന്റെയോ വില/മൂല്യം നിശ്ചയിക്കുന്നത് ഡിമാന്റും സപ്ലൈയും തമ്മിലുള്ള അനുപാതമാണെന്ന സത്യം സ്പെക്ട്രത്തിന്റെ കാര്യത്തിലും ബാധകമാണ്. കുറഞ്ഞ നിരക്കില്‍ മൊബൈല്‍ സിമ്മും കോള്‍ സൌകര്യവും കിട്ടുന്നത്കൊണ്ടാണ് വരിക്കാര്‍ കൂടുന്നത്. വരിക്കാര്‍ കൂടുമ്പോള്‍ സ്പെക്ട്രം മൂല്യവും കൂടും. ഉയര്‍ന്ന വില കൊടുത്ത് കമ്പനികള്‍ സ്പെക്ട്രം വാങ്ങി ഉയര്‍ന്ന നിരക്കില്‍ മൊബൈല്‍ സേവനം നല്‍കിയാല്‍ വരിക്കാരും മൊബൈല്‍ കോള്‍ ചെയ്യുന്നതും കുറയും. അപ്പോള്‍ കച്ചവടവും അങ്ങനെ ലാഭവും സ്പെക്ട്രം മൂല്യവും കുറയും. അത്രയേയുള്ളൂ.

അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പില്‍ മന്‍‌മോഹന്‍ സിങ്ങ് സര്‍ക്കാര്‍ വിജയിച്ചതിനെ പറ്റിയുള്ള താങ്കളുടെ പരാമര്‍ശത്തിലെ ദുസ്സൂചന ഞാന്‍ അംഗീകരിക്കുന്നില്ല. എന്തോ ആയ്ക്കോട്ടെ, മന്‍‌മോഹന്‍ സിങ്ങിനെക്കാളും മികവുറ്റ വേറൊരു പ്രധാനമന്ത്രി ഇന്ന് ഇന്ത്യയിലെ രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്ന് കണ്ടെത്താനാവില്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം :)

അങ്കിള്‍ said...

മന്മോഹൻ സിംഗിന്റെ കഴിവുകളെ അങ്ങേ അറ്റും ബഹുമാനിക്കുന്ന ആളാണ് ഞാനും. സ്പെക്ട്രം കേസിൽ (ഇതിൽ മാത്രം) അദ്ദേഹത്തിന്റെ നിലപാടിനോട് എനിക്ക് വിയോജിപ്പുണ്ട്.

രണ്ടു കൊല്ലം മുമ്പാണ് അദ്ദേഹം മന്ത്രി രാജാക്ക് ഇതിനെ പറ്റി കത്തെഴുതിയത്. പിറ്റേ ദിവസം അദ്ദേഹത്തിനു മറുപടിയും കിട്ടി. രാജയുടെ ആ മറുപടിയിൽ പറഞ്ഞിരുന്ന കാര്യങ്ങൾ മുഴുവനും കള്ളമാണെന്നു മനസ്സിലാക്കാൻ ധാരാളം കാരണമുണ്ടായിരുന്നു. S'Tel എന്ന കമ്പനിയുടെ പരാതി കത്ത് അദ്ദേഹത്തിന്റെ കൈയ്യിൽ അന്നുണ്ട്. അതിൽ സ്പെക്ട്രത്തിന്റെ വിപണി വില എത്രയെന്നും അതു തരാൻ അവർ തയ്യാറെന്നും പറഞ്ഞിട്ടുണ്ട്. എന്നിട്ടും, 2001 ലെ വില ന്യായീകരിച്ചുകൊണ്ടെഴുതിയ രാജയുടെ മറുപടി കത്തിൽ അദ്ദേഹം ഒരു നടപടിയും കൈകൊണ്ടില്ല. അദ്ദേഹത്തിന്റെ ഈ നിശബ്ദതയെ മുതലെടുത്താണ് രാജ മറ്റു മന്ത്രിമാരോടെല്ലാം (ധനം, ട്രായി,Empowereദ് Group of Ministers) താൻ ചെയ്തതെല്ലാം പ്രധാനമന്ത്രിയെ അറിയിച്ച് കഴിഞ്ഞതാണെന്നു വീബിളക്കിക്കൊണ്ടിരുന്നത്. ആ പറച്ചിലിന്റെ മുന്നിൽ മറ്റുള്ളവർ നിശബ്ദരായി.

സുബ്രമണ്യം സ്വാമിയുടെ കത്ത് ഉടൻ തന്നെ നടപടിക്കായി മറ്റു വിഭാഗങ്ങളിലേക്ക് അയച്ചിട്ടുണ്ടായിരുന്നു എന്നാണ് സുപ്രീം കോടതിയെ അറിയിച്ചത്. മറ്റു വിഭാഗങ്ങൾ ആ കത്തിൽ എന്തു നടപടി എടുത്തിരുന്നു എന്നു അന്വേഷിച്ചിരുന്നെങ്കിലും രാജയുടെ ഈ കള്ളകളികൾ അദ്ദേഹത്തിനറിയാൻ കഴിയുമായിരുന്നു. എന്ത് ചെയ്യാം മുന്നണി രാഷ്ട്റിയത്തിന്റെ ശക്തി, അദ്ദേഹത്തെ ചുറ്റി വരിഞ്ഞിരുന്നു എന്നാണ് എന്റെ തോന്നൽ.

എനിക്കും ഇഷ്ടപ്പെട്ട പ്രധാനമന്ത്രി തന്നെയാണു മന്മോഹൻ സിംഗ്. തമ്മിൽ ഭേദം തൊമ്മൻ.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

മാഷേ, മുന്നണി രാഷ്ട്രീയത്തില്‍ ജനാധിപത്യത്തിന്റെ ശിഥിലീകരണമാണ് നടക്കുന്നത്. അപ്പോഴും ആശ്വാസം തരുന്ന ഒരു കാര്യം മുന്നണികള്‍ക്ക് നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസ്സ് എന്ന ദേശീയപാരമ്പര്യമുള്ള ഒരു പാര്‍ട്ടി അവിടെയുണ്ട് എന്നതാണ്. കോണ്‍ഗ്രസ്സ് തീരെ ക്ഷയിച്ചു പോയാലത്തെ അവസ്ഥ താങ്കള്‍ ഒന്ന് സങ്കല്‍പ്പിച്ചുനോക്കൂ. ഡി.എം.കെ പോലുള്ള പ്രാദേശികപാര്‍ട്ടികള്‍ മാത്രം ചേര്‍ന്ന് മുന്നണിയുണ്ടാക്കി ഭരിക്കുകയാണെങ്കില്‍ ഇന്ത്യ എവിടെ പോയി നില്‍ക്കും?

കോണ്‍ഗ്രസ്സിനെ നശിപ്പിക്കാന്‍ ദുഷ്പ്രചാരണം നടത്തുന്നവര്‍ക്ക് തങ്ങളുടെ പാര്‍ട്ടി താല്പര്യം മാത്രമേയുള്ളൂ. അതിനപ്പുറം ഒന്നും അവര്‍ കാണുന്നില്ല. വളരെ വികലവും രോഗാതുരവുമായൊരു സാമൂഹികമനസ്സാണിത്. കോണ്‍ഗ്രസ്സ് എന്ന പാര്‍ട്ടി ആരോഗ്യത്തോടെയും തത്തുല്യമായ മറ്റൊരു ദേശീയ പാര്‍ട്ടിയുമായിരുന്നു നമുക്ക് ആവശ്യം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കായിരുന്നു സ്വാതന്ത്ര്യാനന്തരം രണ്ടാമത്തെ പാര്‍ട്ടിയാകാനുള്ള ചാന്‍സ്. എന്നാല്‍ പ്രത്യയശാസ്ത്രഭാരം ചുമക്കുന്ന ആ പാര്‍ട്ടിക്ക് അങ്ങനെയൊരു അര്‍ഹത ജനാധിപത്യം നല്‍കാനിടയില്ലാത്തതിനാ‍ല്‍ അതിന്റെ കഥ കഴിഞ്ഞില്ലെങ്കിലും കഴിഞ്ഞ പോലെയായി. പിന്നീട് ചാന്‍സ് ഭാരതീയ ജനത പാര്‍ട്ടിക്ക് ആയിരുന്നു. എന്നാല്‍ ആര്‍ഷഹൈന്ദവം എന്ന സിദ്ധാന്തം ആ പാര്‍ട്ടിക്കും ഭാരമായി. മാത്രമല്ല കക്ഷിരാഷ്ട്രീയത്തിന്റെ കുതന്ത്രങ്ങളല്ലാതെ നേരെ വാ നേരെ പോ എന്ന സമീപനം അതിനുമുണ്ടായില്ല. ആളുകള്‍ പ്രസംഗിക്കുന്ന നേതാക്കളോടുള്ള വീരാരാധനയില്‍ മാനസികമായ അടിമകളായി പോകുന്നു എന്നതാണ് നമ്മുടെ ജനാധിപത്യത്തിന്റെ ബാലാരിഷ്ടത. അതിനെ അതിജീവിയ്ക്കാതെ എന്ത് പറഞ്ഞിട്ടും കാര്യമില്ല.

Nodichil said...

കെ.പി.എസ് മുന്‍വിധികളുമായാണ്‌ കാര്യങ്ങള്‍ കാണുന്നത്. "രാജയുടെ ഭാഗത്ത് ചില ശരികളുണ്ട്, അത് കണ്ടെത്തുക എന്നതും എന്റെ ലക്ഷ്യമാണ്." എന്നു പറഞ്ഞുകോണ്ടാണ്‌ അദ്ദേഹം തുടങ്ങുന്നത്. അദ്ദേഹം തുടരുന്നു,

"കോണ്‍ഗ്രസ്സിനെ നശിപ്പിക്കാന്‍ ദുഷ്പ്രചാരണം നടത്തുന്നവര്‍ക്ക് തങ്ങളുടെ പാര്‍ട്ടി താല്പര്യം മാത്രമേയുള്ളൂ. അതിനപ്പുറം ഒന്നും അവര്‍ കാണുന്നില്ല. വളരെ വികലവും രോഗാതുരവുമായൊരു സാമൂഹികമനസ്സാണിത്."

കോണ്‍ഗ്രസ്സിനെ നശിപ്പിക്കാനായുള്ള ഏര്‍പ്പാടായിട്ടു മാത്രമേ അദ്ദേഹത്തിനീ കാര്യങ്ങള്‍ കാണാന്‍ കഴിയുന്നുള്ളൂ. പോരാത്തതിന്‌ കോണ്‍ഗ്രസ്സില്ലാതെ ഇന്ത്യക്ക്‌ രക്ഷയില്ലെന്നും അദ്ദ്ദേഹം കരുതുന്നു. ( കക്ഷി രാഷ്ട്രീരാഷ്ട്രീയത്തില്‍ നിന്ന് കേരളത്തെ രക്ഷിച്ചെടുക്കാന്‍ ഇറങ്ങി പുറപ്പെട്ട ഒരു പറ്റം ആളുകളുടെ കൂട്ടത്തില്‍ ഇദ്ദേഹത്തിന്റെ പേരും കണ്ടത് നമുക്കങ്ങ് മറക്കാം). ബീഹാറിലും യുപിയിലും ഒറീസയിലും മറ്റും പ്രാദേശിക കക്ഷികള്‍ പ്രിയങ്കരായിക്കോണ്ടിരിക്കുന്നതൊന്നും അദ്ദേഹം കാണുന്നില്ല. കോണ്‍ഗ്രസ്സിതര കക്ഷികള്‍ക്ക് മാത്രം കുഴപ്പം കണ്ടെത്തുന്ന കെ.പി.എസ് സമൂഹത്തിന്നാകെ രോഗം ബാധിച്ചതായും പ്രഖ്യാപിക്കുന്നു. മഞ്ഞപ്പിത്തം ആര്‍ക്കാണെന്ന് ഈ സവാദം കാണുന്നവര്‍ക്കറിയാം.കെ.പി. എസ്സിന്റെ ബ്ലോഗുകള്‍ വായിക്കുന്നവര്‍ക്കും. നിഷ്കളങ്ക്നായ മന്മോഹന്‍ സിംഗിനെ കാണുമ്പോള്‍ ഓര്‍മ്മ വരുന്ന(ഓര്‍ക്കേണ്ട) നരസിംഹറാവുവിന്റെ ഒരു വാക്യം പറയാം.
"Not taking an action is also an action"

Chethukaran Vasu said...

ഒരു ലക്ഷത്തി ചില്ലനും രൂപ രാജാ അടിച്ചു മാറ്റി എന്ന് പ്രച്ചരിപ്പിക്കൊബോള്‍ , അതല്ല ശരി എന്ന് പറയേണ്ടി വരുന്നു .. പക്ഷെ ഒരു ലക്ഷത്തി ചില്ലനും രൂപ ഇന്ത്യന്‍ പൊതു ജനത്തിനു നഷ്ടമായി എന്ന് പറയുമ്പോള്‍ അതാണ്‌ ശരി എന്നും പറയേണ്ടി വരുന്നു ..അതിനു കൂട്ട് നില്‍ക്കുന്നത് അഴിമതി തന്നെയാണ്..പിന്നലാതെ വേറെ എന്ത് ആണ് ...??

ഈ ഒരു ലക്ഷത്തി ചില്വനതിന്റെ കണക്കില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടായേക്കാം , 2008 ഇല്‍ ലേലം ചെയ്‌താല്‍ ഇപ്പോഴത്തെ തോതില്‍ വില്‍ക്കപ്പെടുകയില്ല എന്നും അനുമാനിക്കാം ... പക്ഷെ 2001 നേക്കാള്‍ വളരെ ഉയര്‍ന്ന മൂല്യത്തില്‍ ആണ് വില്‍ക്കപ്പെടുക എന്നും അനുമാനിക്കെന്റി വരും .. കാരണം 2001 നെക്കാളും demand 2008 ഉണ്ട് എന്നത് തന്നെ ആണ് . യഥാര്‍ത്ഥത്തില്‍ 2008 ആയപ്പോഴേക്കും ഇന്ത്യന്‍ ടെലികോം ഇന്ടുസ്ട്രിയുടെ ബിസിനസ്‌ സാദ്ധ്യതകള്‍ മുമ്പില്ലാത്ത വിധം വ്യക്തമായിരുന്നു ... ഇന്ത്യയുടെ വളരുന്ന മിഡില്‍ ക്ലാസ്സ്‌ -അതിന്റെ വര്‍ധിത ഉപഭോഗ താത്പരത ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സമയം - ഇന്ത്യക്കും വിദേശത്തുമുള്ള ബിസിനസ്സുകാര്‍ ഇത് മനസ്സിലാക്കി ത്തന്നെയാണ് 2008 ഇല്‍ തങ്ങളുടെ നിക്ഷേപ സാധ്യതതകള്‍ പരിഗണിച്ചിരുന്നത് .. അത് കൊണ്ടോ 2001 ലെ റേറ്റില്‍ 2008 ഇല്‍ വില്‍ക്കുന്നത് വന്‍ നഷ്ടം തന്നെയാണ് - ഇത് എലിമെന്ററി എകൊനോമിക്സ് ആണ് .

പിന്നെ സാങ്കേതികമായി ഇനിയിപ്പോ 2008 കാലത്ത് 2001 ലെ നിയമം പിന്തുടരുകയായിരുന്നു എന്ന് പറയാം ... അതായത് 2008 ഇല്‍ ഈ നിയമം ന്മാട്ടന്‍ ആരും മിനക്കെട്ടിരങ്ങില്ല എന്നര്‍ത്ഥം ..പക്ഷെ വിപണി മൂല്യം ഉയര്‍ന്നു എന്നത് സാമ്പത്തിക രങ്ങള്‍ ശ്രദ്ധിക്കുന്ന ഇതു പൊട്ടനും മനസ്സിലാകുന്ന കാര്യമാണ് ..അപ്പോള്‍ 2008 ഇലെ തീരുമാനത്തിനു മുന്‍പ് 2001 ഇലെ നിയമങ്ങള്‍ പുനപരിശോധനക്ക് വിധേയമാക്കണമെന്ന് താത്പര കക്ഷികള്‍ക്ക് തോന്നാതിരുന്നത് അവര്‍ പൊട്ടന്‍ കളി കളിച്ചത് കൊണ്ടു തന്നെയാണ് ..ആ പൊട്ടന്‍ കളി ഇന്നും കളിച്ചു നിയമത്തിന്റെ സാങ്കേതിക സാധ്യതകളില്‍ പിടിച്ചു തൂങ്ങി ഇപ്പോള്‍ ഒഴിവു കഴിവ് പറയുന്നു എന്ന് മാത്രം .

2008 ഇല്‍ 320 മില്ല്യന്‍ ഡോളറിനു സ്പെക്ട്രം വാങ്ങിച്ച സ്വാന്‍ ടെലികോം 2 -3 മാസത്തിനുള്ളില്‍ 60 % ഓഹരികള്‍ 900 മില്യണ്‍ ഡോളറിനു മരിച്ചു വില്‍ക്കുകയുണ്ടായി .അതായത് 60 ശതമാനം മാത്രം വിറ്റപ്പോള്‍ ആകെ വാങ്ങിച്ചതിന്റെ ഇരട്ടി കിട്ടി . 2 -3 മാസം കൊണ്ടു വിഅപനി മൂല്യം പെട്ടെന്ന് കൂടാന്‍ മാത്രം എന്താല്ഭുതമാണ് ഇവിടെ സംഭവിച്ചത് .. 2 - 3 മാസത്തിനുള്ളില്‍ ഇന്ത്യക്കാരുടെ ടെലികോം ഉപയോഗം വല്ലാതെ കൂടി മാറി മറിഞ്ഞോ ...? ഇല്ല ! ഇല്ല ! ഇല്ല ! യഥാര്‍ത്ഥത്തില്‍ ഇതില്‍ നിന്നും മന്സസ്സിലാകുന്നത് 320 മില്ല്യന്‍ ഡോളറിനു നഗിച്ച സ്പെക്ട്രത്തിന്റെ വിപണി മൂല്യം അത് വാങ്ങിച്ച സമയത്ത് 900X 100 /60 = 1500 മില്ലന്‍ (അഥവാ 1 .5 ബില്ല്യന്‍ ) ആയിരുന്നു എന്നര്‍ത്ഥം .

അതായത് 1. 5 ബില്ല്യന്‍ മാര്‍ക്കറ്റ്‌ വാല്യൂ ഉണ്ടായിരുന്ന സ്പെക്ട്രം ആണ് 320 മില്ല്യന്‍ നു വിറ്റത് എന്നത് ഏറെ വ്യക്തം . സ്പെക്രത്ത്തിന്റെ വിപണി മൂല്യത്തെ ക്കുറിച്ച് ഇതില്‍ തീരുമാനങ്ങള്‍ എടുത്തവര്‍ക്ക് ഒരു ചുക്കും അറിയില്ലായിരുന്നു എന്ന് പറഞ്ഞാല്‍ ,അതും ബിസിനസ്‌ എകനോമിക് കസല്ട്ടന്റുകളും M B A കളും ഉള്ള ഈ രാജ്യത്ത് , അത് വിശ്വസിക്കാന്‍ , ബുദ്ധി മരവിച്ച ഒരു പാടു പേര്‍ ഈ രാജ്യതുന്റായിരിക്കും എന്നത് സത്യമാണ് .പക്ഷെ അതിന്റെ പേരില്‍ സത്യം അങ്ങനെ ആകാതെ ഇരിക്കില്ലല്ലോ ..!!

റ്റോംസ്‌ || thattakam .com said...

വിശദമായ എഴുത്ത് വിശദമായ കമന്റുകള്‍ ... നന്നായി വിഷയത്തെ പറ്റി അറിയാന്‍ കഴിഞ്ഞു.