റോഡുകള്‍ യോഗം ചേരാനുള്ളതല്ല

റോഡുകളില്‍ പൊതുയോഗം ചേരുന്നത് ഹൈക്കോടതിക്ക് നിരോധിക്കേണ്ടി വന്നത് തന്നെ നമ്മുടെ സമൂഹം അത്ര പരിഷ്കൃതമല്ല എന്നത്കൊണ്ടാണ്.  എന്നാല്‍ കോടതി ഇടപെട്ട് അങ്ങനെ നിരോധിച്ചതിനെ പരിഷ്കൃതമനസ്സുള്ളവര്‍ തീര്‍ച്ചയായും സ്വാഗതം ചെയ്തിരിക്കും. റോഡുകള്‍ വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും സഞ്ചരിക്കാന്‍ മാത്രമാണ്.  അതിനപ്പുറം എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അത് യാത്രാസൌകര്യത്തെ അപഹരിക്കുന്ന നീചമായ പ്രവൃത്തിയാണ്. എന്നാല്‍ റോഡുകളില്‍ പൊതുയോഗം വിലക്കിക്കൊണ്ട് വിധി പ്രസ്ഥാവിച്ച ജഡ്ജിമാരെ ശുംഭന്മാര്‍ എന്നാണ് സി.പി.എമ്മിന്റെ ഒരു ഉന്നത നേതാവ് വിശേഷിപ്പിച്ചത്. ആരാണ് ശുംഭന്‍ എന്ന് ചിന്തിക്കുന്നവര്‍ തിരിച്ചറിയും.  ഇങ്ങനെ പ്രസംഗിക്കാന്‍ കഴിയുന്നവര്‍ക്കാണ് സി.പി.എമ്മില്‍ ഉയര്‍ന്ന പദവിയില്‍ എത്താന്‍ കഴിയുക. അല്ലാതെ ജനങ്ങളെ കാലത്തിനൊപ്പം പരിഷ്ക്കാരങ്ങളിലേക്കും നവീനസംസ്ക്കാരങ്ങളിലേക്കും നയിക്കാന്‍ കഴിയുന്നവര്‍ക്കല്ല. സി.പി.എം.കാര്‍ക്ക് പാര്‍ട്ടി താല്പര്യമേയുള്ളൂ.  എന്തെന്നാല്‍ ജനാധിപത്യത്തില്‍ അവര്‍ക്ക് അളവില്ലാത്ത സൌകര്യങ്ങളാണ് പാര്‍ട്ടി നിമിത്തം ലഭിക്കുന്നത്. ആരോടും കണക്ക് പറയേണ്ടതില്ല. അത്കൊണ്ട് പാര്‍ട്ടി നിലനിര്‍ത്താന്‍ എന്ത് നെറികേടും പ്രസംഗിക്കും, പ്രവര്‍ത്തിക്കും.  ഇത്തരം ചില രാഷ്ട്രീയവൈകൃതങ്ങളും ജനാധിപത്യത്തില്‍ സഹിക്കേണ്ടതുണ്ട്. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ജനങ്ങള്‍ക്കെന്താണോ താല്പര്യം അതേ ഉണ്ടാകാന്‍ പാടുള്ളൂ. അല്ലാതെ പാര്‍ട്ടികള്‍ക്ക് പാര്‍ട്ടികളുടെ താല്പര്യം എന്നൊന്നു ഉണ്ടാകാന്‍ പാടില്ല. എന്നാല്‍ ഇവിടെ പാര്‍ട്ടികള്‍ക്ക് വേണ്ടി പാര്‍ട്ടികള്‍ ഉണ്ടാവുകയും അവ പാര്‍ട്ടികള്‍ക്ക് വേണ്ടി മാത്രം നിലനില്‍ക്കുകയും ചെയ്യുന്നു. ഇതൊക്കെ പാടില്ലായിരുന്നു. പക്ഷെ എന്ത് ചെയ്യാം. കുറെ പാര്‍ട്ടികളെ വേണ്ടാതെ ചുമക്കാന്‍ ജനങ്ങള്‍ നിര്‍ബ്ബന്ധിതരാവുന്നു. സമൂഹം ചിന്താപരമായി തീരെ പുരോഗമിക്കുന്നില്ല എന്നോ അല്ലെങ്കില്‍ പൌരന്മാരായി സംഘടിക്കാന്‍ ജനങ്ങള്‍ക്ക് കഴിയുന്നില്ല എന്നോ മറ്റോ ആയിരിക്കാം കാരണം. രാഷ്ട്രീയക്കാര്‍ക്ക് ജനങ്ങളെ വീതം വെച്ചെടുക്കാന്‍ നിഷ്‌പ്രയാസം സാധിക്കുന്നു.

റോഡുകളില്‍ എന്താണ് പൊതുയോഗം ചേരേണ്ടി വരുന്നത്? കുറച്ച് ശ്രോതാക്കളെ ചുളുവില്‍ കിട്ടും. അത് തന്നെ. ഇപ്പോള്‍ പ്രസംഗം കേള്‍ക്കാന്‍ ആര്‍ക്കും താല്പര്യമില്ല. ഹാളുകളിലോ , അനുവാദം വാങ്ങി സ്കൂളുകളിലോ അല്ലെങ്കില്‍ ഇപ്പോള്‍ എല്ലാ പഞ്ചായത്തിനും സാംസ്ക്കാരികനിലയങ്ങളും ഗ്രൌണ്ടുകള്‍ , സ്റ്റേഡിയങ്ങള്‍ ഒക്കെയുണ്ട് അവിടെയൊക്കെ പൊതുയോഗം വെച്ചാല്‍ നാലാള് വരുമെന്ന് ഒരു ഉറപ്പുമില്ല.  രാഷ്ട്രീയപ്രസംഗം ഇപ്പോള്‍ അത്ര അരോചകമാണ്. സ്വന്തം പാര്‍ട്ടിക്കാരന്റെ ആകുമ്പോള്‍ ഒരു തലയെഴുത്ത് പോലെ ഇരുന്നുകൊടുക്കുന്നതാണ് ചിലര്‍. പൊതുയോഗം നടത്തുക എന്നത് രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഒരു വഴിപാട് പോലെ നടത്തപ്പെടുന്ന അനുഷ്ടാനങ്ങളാണ്. അപ്പോള്‍ നാലാള് വന്നില്ലെങ്കില്‍ എന്ത് ചെയ്യും. അവിടെയാണ് റോഡുകളുടെ പ്രസക്തി. ഒന്നുമില്ലെങ്കില്‍ ബസ്സ് കാത്ത് നില്‍ക്കുന്ന നാലാളെങ്കിലും കാണും.  എന്നാലും കേള്‍വിക്കാര്‍ ആരുമില്ലാതെ വിരലിലെണ്ണാവുന്ന ചില സംഘാടകരെ മുന്നില്‍ നിര്‍ത്തി പ്രാസംഗികന്റെ  പ്രസംഗപാടവം പ്രകടിപ്പിക്കുന്ന യോഗങ്ങളും കാണാറുണ്ട്. അതേ സമയം സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുമ്പോള്‍ ട്രാഫിക്ക് ജാം ആയി വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും മുന്നോട്ട് പോകാന്‍ കഴിയാതെ കഷ്ടപ്പെടുന്നതും പതിവാണ്. എന്ത് തന്നെയായാലും പൊതുയോഗം എന്നത് ഒരു ഹാളില്‍ നടക്കുന്നതാണ് സിവിലൈസ്ഡ് രീതി എന്ന് പറയാതെ വയ്യ. നമ്മുടെ സമൂഹത്തെ പ്രാകൃതസമ്പ്രദായങ്ങളില്‍ തളച്ചിടാനാണ് രാഷ്ട്രീയക്കാര്‍ ശ്രമിക്കുന്നത്. അവര്‍ക്കും അത്രയേ നിലവാരമുള്ളൂ എന്നതാണ് സംഗതി. കഴിവും  ഭാവനയും ചിന്താശക്തിയും ഒക്കെ ഉള്ളവര്‍ ആര് രാഷ്ട്രീയത്തില്‍ വരുന്നു?

ഒരു ജനതയുടെ സംസ്ക്കാരം എന്ത് എന്ന് തിരിച്ചറിയാന്‍ അവിടത്തെ റോഡുകള്‍ നോക്കിയാല്‍ മതി. നമ്മുടെ റോഡുകള്‍ കണ്ടാല്‍ നമ്മള്‍ എത്ര പ്രാകൃതരാണെന്ന് ബോധ്യപ്പെടും. വെറുമൊരു ആള്‍ക്കൂട്ടം എന്നതിലുപരി ഒരു സമൂഹമായി , പരിഷ്കൃത ജനതയായി നമ്മള്‍ ഇനിയും മാറിയിട്ടില്ല എന്ന് ഇവിടത്തെ റോഡുകള്‍ സാക്ഷ്യം പറയുന്നു. നമ്മെ നയിക്കാന്‍ നല്ല നേതാക്കള്‍ ഇല്ലാതെ പോയി. അതാണ് കാരണം. ഇന്‍ഫീരിയോരിറ്റി കോംപ്ലക്സ് ഉള്ളവരാണ് താഴെ തട്ട് മുതല്‍ രാഷ്ട്രീയത്തില്‍ കടന്ന് വന്നത്. അവരാണ് പല ജനാധിപത്യസ്ഥാനങ്ങളിലും ഇരിക്കുന്നത്.  രാഷ്ട്രീയത്തിലും ഉദ്യോഗസ്ഥതലത്തിലും കുറച്ച് നല്ലവര്‍ ഉണ്ട്. പക്ഷെ അവര്‍ക്കൊന്നും ചെയ്യാന്‍ കഴിയുന്നില്ല. ഞാന്‍ വെറുതെ പരാതി പോലെ പറയുന്നതല്ല. നമുക്ക് ഒരു നല്ല സമൂഹം കെട്ടിപ്പടുക്കാമായിരുന്നു. അതിന് കഴിഞ്ഞില്ല. ആ ദു:ഖം ഇവിടെ രേഖപ്പെടുത്തുന്നു എന്ന് മാത്രം.

കോടതി വിധി ജനങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുന്നു എന്നും ആത്മാഭിമാനമുണ്ടെങ്കില്‍ ജഡ്ജിമാര്‍ രാജി വെക്കണമെന്നും ആ ഉന്നതനേതാവ് ആവശ്യപ്പെട്ടിരിക്കുന്നു. നമ്മുടേത് പോലെ ഒരു അപരിഷ്കൃത സമൂഹത്തില്‍ മാത്രമേ ഇങ്ങനെ പ്രസംഗിക്കാന്‍ ഒരു നേതാവ് ധൈര്യപ്പെടുകയുള്ളൂ. കവലപ്രസംഗത്തിന് , തെരുവ് പ്രസംഗത്തിന് എന്ത് അന്തസ്സാണുള്ളത്. എന്ത് മാന്യതയാണുള്ളത്? ഒരു കാലത്ത് അതൊക്കെ നടന്നിരിക്കാം. നമ്മള്‍ അത്ര പുരോഗമിക്കാത്തത്കൊണ്ട് തെരുവുകളില്‍ യോഗങ്ങള്‍ കൂടേണ്ടി വന്നിരിക്കും. എന്നാല്‍ എന്നും അങ്ങനെ മതിയോ? ഇന്ന് നിരവധി ഹാളുകള്‍ എവിടെയും ലഭ്യമാണ്. മാത്രമല്ല, ഇന്ന് റോഡുകള്‍ യാത്രാവശ്യത്തിന് തന്നെ അപര്യാപ്തമാണ്. വാഹനങ്ങള്‍ കൂടി. കാല്‍നടക്കാര്‍ കൂടി. റോഡുകള്‍ കൈയ്യേറുന്നതും കൂടി.  എല്ലാറ്റിനും ഒരു അടുക്കും ചിട്ടയുമാണ് പരിഷ്ക്കാരത്തിന്റെ മുഖമുദ്ര.  നമ്മുടെ റോഡുകള്‍ ശ്രദ്ധിച്ചാല്‍ നമ്മള്‍ തൊലിപ്പുറമെ മാത്രമാണ് പരിഷ്ക്കാരികള്‍ എന്നും മനസ്സ് കാടന്മാരുടേതാണെന്നും തോന്നിപ്പോകും. ഇതില്‍ കുറ്റവാളികള്‍ വ്യക്തികളല്ല. നല്ല നേതാക്കളെ നമുക്ക് സിദ്ധിച്ചില്ല.  ചെന്നൈയില്‍ ഇപ്പോള്‍ എവിടെയും വാള്‍ പോസ്റ്ററുകളോ കട്ട്-ഔട്ടുകളോ കാണാനില്ല. നഗരം ഇപ്പോള്‍ കൂടുതല്‍ സൌന്ദര്യവല്‍ക്കരണത്തിന്റെ പാതയിലാണ്. ചോദിച്ചപ്പോള്‍ ഉപമുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നിര്‍ദ്ദേശമാണെന്നാണ് പറഞ്ഞത്. അങ്ങനെയും ചില വ്യക്തികള്‍ വിചാരിച്ചാല്‍ കഴിയും.

അതിരിക്കട്ടെ, ഈ ജനങ്ങള്‍ എന്ന് പറഞ്ഞാല്‍ ആരാണ്. ഒരു പാര്‍ട്ടി പറഞ്ഞാല്‍ റോഡുകളില്‍ വന്ന് യോഗം ചേരുന്നവര്‍ മാത്രമാണോ ജനങ്ങള്‍ ? പൊതുയോഗം റോഡുകളില്‍ ചേരുന്നത് എങ്ങനെയാണ് ജനങ്ങളുടെ ആവശ്യമാകുന്നത്. അവര്‍ക്ക് യോഗങ്ങള്‍ വേണമെങ്കില്‍ അവര്‍ ഹാളുകളിലും മൈതാനങ്ങളിലും മറ്റ് ഒഴിഞ്ഞ സ്ഥലങ്ങളിലും വരില്ലേ? പൊതുയോഗം റോഡുകളില്‍ തന്നെ വേണം എന്ന് ജനങ്ങള്‍ പറയുമോ? പുരോഗമനപരമായ എന്തിനെയും എതിര്‍ക്കുക, സമൂഹത്തിന്റെ മുന്നോട്ടുള്ള ഗതിയെ തടയുക, ജനങ്ങളെ എന്നും അപരിഷ്കൃതരായി തളച്ചിടുക എന്നിങ്ങനെയുള്ള സി.പി.എമ്മിന്റെ പ്രാകൃതരീതിയാണ് ഈ കോടതി വിധിക്കെതിരെയുള്ള എതിര്‍പ്പിലും പ്രകടമാകുന്നത്.  ഏതായാലും ഈ കോടതി വിധി കൊണ്ടൊന്നും നമ്മുടെ റോഡുകള്‍ രക്ഷപ്പെടാന്‍ പോകുന്നില്ല. ബന്ദ് , ഹര്‍ത്താല്‍ , പൊതുപണിമുടക്ക് എന്നിവ നിരോധിച്ച പോലെയേ ഇതും ഉള്ളൂ.  കേരളത്തിന്റെ രാഷ്ട്രീയചിന്തയില്‍ , സാംസ്ക്കാരികനിലപാടുകളില്‍ സമഗ്രമായ മാറ്റം വരണം. അതിന് നമ്മള്‍ കുറെ കാത്തിരിക്കണം.  അന്ന് ഈ യു.ഡി.എഫ്-എല്‍‌ഡി‌എഫ് വീതം വയ്പ്പ് അവസാനിക്കും. അന്ന് പുതിയൊരു രാഷ്ട്രീയ നേതൃത്വം ഉയര്‍ന്ന് വരും. റോഡുകളേ, അത് വരെ കാത്തിരിക്കുക.

14 comments:

Manoj മനോജ് said...

:) മാഷ് പറയുന്നത് കേട്ടാല്‍ തോന്നും കേരളത്തില്‍ മാത്രമേ റോഡില്‍ യോഗങ്ങള്‍ ചേരുന്നുള്ളൂ എന്ന്..... :)

അനിയന്‍കുട്ടി | aniyankutti said...

ചെന്നൈ-യോട്‌ ഉപമിച്ചത് കൊണ്ട് മാത്രം ഒരു കാര്യം പറയാം.
അവിടെ റോഡുകള്‍ തടഞ്ഞു കൊണ്ട് (വശങ്ങളില്‍ അല്ല, മുഴുവന്‍ റോഡ്‌ രണ്ടു വശത്ത് നിന്നും) സമ്മേളനങ്ങള്‍ നടക്കാറുണ്ട്. നഗരത്തിന്റെ ജീവനാഡിയായ അണ്ണാശാല (മൌണ്ട് റോഡ്‌)-യോട് ചേര്‍ന്ന ചിന്നമല-വേളാച്ചേരി റോഡ്‌ ബ്ലോക്ക്‌ ചെയ്തു നടത്തിയ അത്തരമൊരു സമ്മേളനത്തില്‍ കരുണാനിധിയെ കാണാന്‍ വേണ്ടി, വെറും ഒരു വര്ഷം മുന്‍പ്‌, ഞാന്‍ പോയിട്ടുണ്ട്.

പൊതുസ്ഥലത്ത് യോഗം ചേരാനും ആശയവിനിമയം നടത്താനുമുള്ള ഭരണഘടനാപരമായ സ്വാതന്ത്യത്തെ കോടതിവിധി ബാധിക്കുമെന്ന് ഞാന്‍ സംശയിക്കുന്നുണ്ട്. അത് ബദല്‍ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചു കൊണ്ട് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ നടപ്പാക്കാന്‍ അധികാരികള്‍ക്ക്‌ നിര്‍ദ്ദേശം കൊടുക്കുന്ന ഒരു വിധിയായിരുന്നെന്കില്‍ ഞാനും സ്വാഗതം ചെയ്തേനെ. ഇതങ്ങനെ അല്ലല്ലോ..

എന്‍റെ വീടിന്റെ തൊട്ടടുത്തുള്ള പള്ളിയില്‍ എന്നും രാവിലെ അഞ്ചു മണിക്ക് എന്‍റെ പത്ത് മാസം പ്രായമായ കുഞ്ഞിന്‍റെ ഉറക്കം കെടുത്തുന്ന വിധത്തില്‍ ബാങ്കു വിളിക്കാറുണ്ട്. സാമാന്യം മോശപ്പെട്ട ശബ്ദത്തിലാണ് എന്നും ഉച്ചത്തില്‍ ഇത് നടക്കാറുള്ളത്. അതിന്‍റെ ഉദ്ദേശശുദ്ധി എന്നൊരു കാര്യത്തെ മറന്ന് ഞാന്‍ പോയി പരാതിപ്പെടുന്നതിലോ വഴക്കുണ്ടാക്കുന്നതിലോ ഔചിത്യമുണ്ടോ

കെ.പി.സുകുമാരന്‍ said...

അനിയന്‍‌കുട്ടീ, ബന്ദ്, ഹര്‍ത്താല്‍ , പൊതുപണിമുടക്ക്, ഗതാഗതം മുടക്കി പൊതുയോഗങ്ങള്‍ എന്നിവയ്ക്കെല്ലാം വേണ്ടി ശക്തിയുക്തം വാദിക്കുന്നത് കമ്മ്യൂണിസ്റ്റുകാരാണല്ലൊ. അങ്ങനെ വാദിക്കുമ്പോള്‍ അവരുടെ മനസ്സില്‍ എന്താണെന്നോ? നമ്മുടെ ഭരണം വരട്ട് അപ്പോള്‍ കാണിച്ചുതരാം നിന്റെയൊക്കെ ബന്ദും ഹര്‍ത്താലും പൊതുയോഗങ്ങളും ഒക്കെ എന്നാണ്. കമ്മ്യൂനിസ്റ്റ്കാര്‍ക്ക് ഭരണം കിട്ടിയാല്‍ ഇതൊന്നും നടപ്പില്ല. അത്തരം ഒരു സര്‍വ്വാധിപത്യം സ്ഥാപിക്കാന്‍ വേണ്ടിയാണ് അവര്‍ ജനാധിപത്യം ജനാധിപത്യം എന്ന് കരയുന്നത്. ഈ ജനാധിപത്യത്തില്‍ കാര്യങ്ങള്‍ ഒന്നും ശരിയായിപോകരുത് എന്ന് കമ്മ്യൂണിസ്റ്റ്കള്‍ക്ക് നിര്‍ബ്ബന്ധമുണ്ട്. എല്ലാം ഞങ്ങള്‍ വിപ്ലവം പൂര്‍ത്തിയാക്കിയിട്ട് സര്‍വ്വാധിപത്യം സ്ഥാപിച്ചിട്ട് ശരിയാക്കിത്തരാം എന്നാണവരുടെ നിലപാട്. ഈ നിഷേധാത്മകസമീപനമാണ് കമ്മ്യൂണിസ്റ്റുകള്‍ ഉള്ളിടത്തെ ശാപം.

അനിയന്‍കുട്ടി | aniyankutti said...

" കമ്മ്യൂനിസ്റ്റ്കാര്‍ക്ക് ഭരണം കിട്ടിയാല്‍ ഇതൊന്നും നടപ്പില്ല." ഇത് ചുമ്മാ അടിച്ചതല്ലേ മാഷേ? ഇപ്പൊ കമ്യൂണിസ്റ്റുകാര്‍ തന്നെയല്ലേ ഭരിക്കുന്നത്? എന്ന് വെച്ച് ബാക്കി പാര്‍ട്ടിക്കാര് നടത്തുന്നവയായാലും യോഗങ്ങള്‍ കമ്യൂണിസ്റ്റുകാര്‍ പോയി തടയുമോ? ഇല്ല.. ഇല്ലെന്നു പറയൂ മാഷേ..

"ഈ ജനാധിപത്യത്തില്‍ കാര്യങ്ങള്‍ ഒന്നും ശരിയായിപോകരുത് എന്ന് കമ്മ്യൂണിസ്റ്റ്കള്‍ക്ക് നിര്‍ബ്ബന്ധമുണ്ട്", അപ്പൊ മാഷ്‌ പറയുന്നത് പ്രതിഷേധങ്ങള്‍ (അതെന്ത് രൂപേണയായാലും) നിരോധിക്കുന്നതാണ് ശരിയായ നടപടി എന്നാണോ?

മാഷൊരു കമ്യൂണിസ്റ്റു വിരുദ്ധന്‍ ആണെന്നറിയാം. ചുമ്മാ പറയാതെ പോവാന്‍ തോന്നിയില്ല. അത്രയെ ഉള്ളൂ. അനിയന്‍കുട്ടി വെറുമൊരു കുട്ടിയല്ല. :)

കെ.പി.സുകുമാരന്‍ said...

ഇപ്പോ കമ്മ്യൂണിസ്റ്റ്കള്‍ ഭരിക്കുന്നോ? എവിടെ? സി.പി.എമ്മിന്റെ പരിപാടി പ്രകാരം ജനകീയജനാധിപത്യവിപ്ലവം പൂര്‍ത്തിയാക്കിയിട്ട് അവരുടെ തൊഴിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം ഇന്ത്യയില്‍ സ്ഥാപിച്ചാല്‍ നടക്കുന്ന കഥയാണ് ഞാന്‍ പറഞ്ഞത്. അത്തരമൊരു പരിപാടിയും നയവും സി.പി.എമ്മിനുണ്ടെന്ന കാര്യം അനിയന്‍ കുട്ടിക്ക് അറിയില്ലായിരുന്നോ? ഏതായാലും അങ്ങനെ വിപ്ലവം നടത്താന്‍ സി.പി.എം. ഒരു കാലപരിധി നിര്‍ണ്ണയിച്ചിട്ടില്ല. ഇപ്പോഴും കിത്താബില്‍ (പാര്‍ട്ടി ഭരണഘടന) ഉണ്ടെന്ന് മാത്രം. എന്നാല്‍ 2035ല്‍ ഇന്ത്യ ചുവപ്പിക്കും എന്ന് ദൃഢപ്രതിജ്ഞയിലാണ് മാവോയിസ്റ്റുകള്‍ . ചുവപ്പിക്കും എന്നാല്‍ ചുവപ്പ് നിറം പൂശും എന്നല്ല. വിപ്ലവം പൂര്‍ത്തീകരിച്ച് മാവോ ചൈന പിടിച്ചത് പോലെ ഇന്ത്യ പിടിച്ചെടുക്കുമെന്നാണ്. അപ്പോഴും ഇപ്പറഞ്ഞ ജനാധിപത്യം ആര്‍ക്കും കിട്ടുകയില്ല. കമ്മ്യൂണിസ്റ്റ്കള്‍ വ്യക്തിസ്വാതന്ത്ര്യം അനുവദിക്കാത്തത്കൊണ്ടാണ് കമ്മ്യൂണിസ്റ്റ് വിരുദ്ധന്‍ ആകേണ്ടി വരുന്നത്. അനിയന്‍ കുട്ടി ഒന്നും വിചാരിക്കരുത്. പാരതന്ത്ര്യം മാനികള്‍ക്ക് മരണത്തേക്കാള്‍ ഭയാനകം എന്നല്ലെ.

Manoj മനോജ് said...

"വ്യക്തിസ്വാതന്ത്ര്യം അനുവദിക്കാത്തത്കൊണ്ടാണ് കമ്മ്യൂണിസ്റ്റ് വിരുദ്ധന്‍ ആകേണ്ടി വരുന്നത്."
ഇന്ന് ഇന്ത്യയില്‍ വ്യക്തി സ്വാതന്ത്ര്യം ഉള്ള ഒരു പാര്‍ട്ടി ചൂണ്ടി കാണിക്കുവാന്‍ താങ്കള്‍ക്ക് കഴിയുമോ?

"പാരതന്ത്ര്യം മാനികള്‍ക്ക് മരണത്തേക്കാള്‍ ഭയാനകം എന്നല്ലെ."
എന്നിട്ടാണോ താങ്കള്‍ കോണ്‍ഗ്രസ്സിനായി വാദിക്കുന്നത് :)

കെ.പി.സുകുമാരന്‍ said...

മനോജിന് എല്ലാം അറിയാം എന്നെനിക്കുമറിയാം. ഇന്ത്യയില്‍ സി.പി.ഐ(എം) അടക്കമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഒരിക്കലും വിപ്ലവം നടത്തി ചൈന മോഡല്‍ സര്‍വ്വാധിപത്യം സ്ഥാപിച്ച് ഇവിടത്തെ ജനാധിപത്യസ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ കഴിയില്ല എന്ന ധൈര്യത്തിലാണ് മനോജ് സംസാരിക്കുന്നത്. എനിക്കും അതറിയാം. കമ്മ്യൂണിസ്റ്റുകള്‍ക്ക് ഒരിക്കലും വിപ്ലവം ഇനി അസാധ്യമെന്ന് എല്ലാ സി.പി.എം.കാരും സമ്മതിക്കും. എന്നാല്‍ പിന്നെ അക്കാര്യം പരസ്യമായി ഏറ്റുപറഞ്ഞുകൊണ്ട് കിത്താബില്‍ നിന്ന് വിപ്ലവവും മുദ്രാവാക്യങ്ങളില്‍ നിന്ന് ഇങ്കിലാബും സംഘടനയില്‍ നിന്ന് ലെനിനിസ്റ്റ് തത്വങ്ങളും പ്രവര്‍ത്തനത്തില്‍ സ്റ്റാലിനിസവും ഒഴിവാക്കി സത്യസന്ധമായ ജനാധിപത്യപാര്‍ട്ടിയായി ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചുകൂടേ എന്ന് ചോദിച്ചാല്‍ സഖാക്കള്‍ ചൊടിക്കുകയും ചെയ്യും. സ്റ്റാലിനിസവും വേണം , നടക്കാത്ത വിപ്ലവവും വേണം ജനാധിപത്യവാദികള്‍ എന്ന ലേബലും വേണം ഇങ്ങനെ വിചിത്രമായ നിലപാടാണ് കമ്മ്യൂണിസ്റ്റുകള്‍ക്ക്. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ അത്കൊണ്ട് തന്നെ ഇന്ത്യയിലെ ജനാധിപത്യവാദികളുടെ പൊതുശത്രുവാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ചിലപ്പോള്‍ ചില പാര്‍ട്ടികള്‍ക്ക് അവരുമായി കൂട്ട്കെട്ട് ഉണ്ടാക്കേണ്ടി വരുന്നു എന്ന് മാത്രം. എന്നാലും ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് രാഷ്ട്രീയപ്രസക്തി നഷ്ടപ്പെട്ട് വരികയാണ്. കാലത്തിന് യോജിക്കാത്ത വാക്കുകളും പ്രവര്‍ത്തനശൈലികളുമാണ് കമ്മ്യൂണിസ്റ്റുകളുടേത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ജഡ്ജിമാര്‍ ശുംഭന്മാരും കോടതിവിധികള്‍ പുല്ലായി വരുന്നു എന്നുമൂള്ള സി.പി.എം. ഉയര്‍ന്നനേതാവിന്റെ പ്രഖ്യാപനം. അങ്ങനെ പ്രഖ്യാപിക്കുന്നതിലൂടെ അണികള്‍ക്ക് ആ നേതാവ് ആരാധ്യനായിത്തീരുന്നു എന്നതാണ് കമ്മ്യ്യൂണിസ്റ്റ് പാര്‍ട്ടികളെ പരിഷ്കൃതസമൂഹത്തില്‍ അപഹാസ്യമാക്കുന്നത്. കോണ്‍ഗ്രസ്സ് പാര്‍ട്ടി ഉള്ളത്കൊണ്ടാണ് ഇന്ത്യയില്‍ ഇന്ന് കാണുന്ന ജനാധിപത്യവും മതേതരത്വവും പുലരുന്നത് എന്നതില്‍ ആര്‍ക്കും സംശയമുണ്ടാവുകയില്ല. ഇന്ന് അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യവും ജനാധിപത്യവും കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തിന് അടിയറ വെക്കാന്‍ മനോജിനെ പോലെ ഞാന്‍ ഒരുക്കമല്ല. എന്റെ കൂടെയാണ് ഇന്ത്യയിലെ മഹാഭൂരിപക്ഷവും :)

bipin's views. said...

"A reasonable consideration for the rights or feelings of others is the foundation of social conduct"

കാക്കര kaakkara said...

റോഡരുകിൽ പൊതുയോഗം നിരോധിച്ചതിനെ പൂർണ്ണമായി ഉൾക്കൊള്ളുവാൻ സാധിക്കില്ല, കാരണം സമരങ്ങളും പൊതുയോഗങ്ങളും റോഡരുകിലും പൊതുസ്ഥലങ്ങളിലും നടത്തേണ്ടിവരും. ഉൽസവം പ്രമാണിച്ച്‌ റോഡരുകിൽ കമാനം ഉയർത്തും... പക്ഷെ ഇതിനൊക്കെ ഒരു നേരും നെറിയും വേണം. അധികാരികളുടെ കയ്യിൽ നിന്ന്‌ മുൻകൂർ അനുവാദം വേണം. റോഡരുകിൽ യോഗം നടത്തുമ്പോൾ കാൽ നടക്കാർക്ക്‌ നടന്നു പോകുവാൻ ബാരിക്കേഡ്‌ കെട്ടി നടപാത നല്കണം, വാഹനങ്ങൾക്ക്‌ സുഗമമായി പോകുവാനുള്ള അവസരം നൽകണം. വണ്ടികൾ തടഞ്ഞിടുന്ന ഗുണ്ടായിസം അവസാനിപ്പിക്കണം.

റോഡിന്റെ നേർ അവകാശികളായ യാത്രക്കാരുടെ അവകാശങ്ങൾ ചവുട്ടിമെതിച്ചിട്ടല്ല പൊതുയോഗങ്ങൾ നടത്തേണ്ടത്‌. ഇപ്പോൾ നടക്കുന്നത്‌ മത-രാഷ്ട്രീയക്കാരുടെ കൂത്താട്ടമാണ്‌, അതുകൊണ്ടുതന്നെയാണ്‌ കോടതിക്ക്‌ ഇത്തരത്തിൽ ഒരു വിധിയും പ്രഖ്യാപിക്കേണ്ടി വന്നത്‌.

റോഡിൽ ഒരു നിയന്ത്രണവുമില്ലാതെ രാഷ്ട്രീയക്കാരും മത സംഘടനകളും നടത്തുന്ന പൊതുയോഗവും റാലികളും പ്രാർത്ഥനകളും, ഇതിനും പുറമെ ഇവരൊക്കെ സ്ഥാപിക്കുന്ന ബോർഡുകളും സ്തൂപങ്ങളും യൂണിയനാപ്പിസുകളും ഭണ്ഢാരപ്പെട്ടികളും എല്ലാം തന്നെ ഒരു ശാപമായി മാറികൊണ്ടിരിക്കുന്നു.

കളിസ്ഥലങ്ങളിലാത്ത നാട്ടിലെ കുട്ടികൾ തിരക്കില്ലാത്ത റോഡിലും കളിക്കും. നിരോധിക്കുന്നതിന്‌ മുൻപ്‌ കളിസ്ഥലം നിർമ്മിക്കുക...

ഓഫ്‌... എം.വി. ജയരാജനെ പാർട്ടി സെക്രട്ടറിയാക്കുക (smile please)

നിരാശകാമുകന്‍ said...

റോഡുകള്‍ യോഗം ചേരാനുള്ളതല്ല...

Baiju Elikkattoor said...

"ഈ ജനങ്ങള്‍ എന്ന് പറഞ്ഞാല്‍ ആരാണ്"

aryille? jayarajanmar moonum, pinne vijayanum...!!!

itharam adisthana kaariyangal polum kodathikal sarkkarinu othi kodukkenda sthithi vishesham oru jana samoohathinte shobhanamaya bhaviyilekkalla viral choondunnathu.

praskathamaaya vishayam.

Anonymous said...

ഈ ജനം എന്ന് പറഞ്ഞാല്‍ സംഘടിത മത-രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തടവറകളില്‍ ഇട്ടിരിക്കുന്ന ശുംഭന്മാരായവര്‍.
ബാക്കിയുള്ളവര്‍ അസംഘടിതര്‍ അല്ലെ? അവര്‍ക്കെന്തിനു സ്വാതന്ത്ര്യം? റോഡില്‍ ആംബുലന്‍സില്‍ കിടന്നു സാദാ മനുഷ്യന്‍ മരിച്ചാല്‍ ശുംഭന്മാര്‍ക്ക് എന്താ?

ജനാധിപത്യത്തിന്റെ ആണിക്കല്ലാണ് കോടതികള്‍. അവയെ തകര്‍ക്കാന്‍ ശുഭന്മാരെ അനുവദിച്ചു കൂടാ..

കോടതിയുടെ വിധിയോടു പൂര്‍ണ്ണമായും യോജിക്കാന്‍ കഴിയുന്നും ഇല്ല. എന്നാല്‍ അതിന്റെ അന്തസ്സത്ത മനസ്സിലാക്കാന്‍ ഒരു ബുദ്ധിമുട്ടും ഇല്ല.

അങ്കിള്‍ said...

ട്രാക്കിംഗ്

Anonymous said...

മാഷ് പറഞ്ഞതിനോട് ഞാന്‍ പൂര്‍ണമായി യോജിക്കുന്നു. എനിക്ക് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയോടോ അല്ലെങ്കില്‍ അതിന്റെ ടാത്വങ്ങലോടോ ഒരു വിരോധവും ഇല്ല. എന്നാല്‍ പല കാര്യങ്ങളിലും ജനങ്ങളെ ബുദ്ധിമുട്ടിക്കുക എന്നാ ഒറ്റ ലക്ഷ്യത്തോടെ ആണ് അവരുടെ പ്രവര്‍ത്തങ്ങള്‍. എന്ന് കരുതി കോണ്‍ഗ്രസ്‌ ഒട്ടും പിറകില്‍ അല്ല. പിന്നെ കോണ്‍ഗ്രസിന്‌ ഒരു ഗുണമുണ്ട് അവര്‍ ഉപകരിച്ചില്ലെങ്ങിലും ഉപദ്രവിക്കാറില്ല.