Links

കുറ്റവാളികളുടെ സ്വന്തം കേരളം

സര്‍ക്കാരിന്റെ കാലാവധി തീരാന്‍ ഒരു വര്‍ഷത്തില്‍ കുറവ് മാത്രം കാലാവധിയിരിക്കെ കേരളത്തില്‍ ഇപ്പോള്‍ കുറ്റവാളികള്‍ക്ക് ആനുകൂല്യങ്ങളുടെ പെരുമഴപ്പെയ്ത്താണ്. തടവുകാരുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പ്, ജയില്‍ മോചിതര്‍ക്ക് 25000 രൂപ ധനസഹായം അങ്ങനെ പോകുന്നു ആനുകൂല്യങ്ങളുടെ പട്ടിക. അല്ലെങ്കിലും ഇക്കാലത്ത് യാതൊരു ആനുകൂല്യങ്ങളും കിട്ടാതെ ആരാണ് കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ പോവുക? പാര്‍ട്ടിക്കാണെങ്കില്‍ ഭരണം പോയാല്‍ നിരവധി കുറ്റവാളികള്‍ ആവശ്യമുണ്ട് താനും. ഇപ്പോള്‍ തന്നെ കുറ്റവാളികള്‍ക്ക് ബക്കറ്റ് പിരിവെടുത്തും പാര്‍ട്ടി സ്ഥാപനങ്ങളില്‍ ജോലി കൊടുത്തും ഒക്കെ കുറ്റവാളികളെ സൃഷ്ടിച്ചും പ്രോത്സാഹിപ്പിച്ചും വരുന്നുണ്ട്. അത് പോര. കുറ്റവാളികള്‍ക്ക് ഒരന്തസ്സ് ലഭിക്കണമെങ്കില്‍ സര്‍ക്കാരില്‍ നിന്നും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കേണ്ടതുണ്ട്. കുറ്റവാളികള്‍ ജയിലില്‍ പോയ ദിവസം മുതല്‍ കുടുംബത്തിന് പെന്‍ഷന്‍ നല്‍കാനുള്ള സ്കീമിനെ പറ്റി എത്രയും വേഗം ചിന്തിക്കുന്നത് നന്ന്. മുന്‍പൊക്കെ പാര്‍ട്ടിക്കൂറ് നിമിത്തം അണികള്‍ അഹമഹമികയാ കുറ്റങ്ങള്‍ ചെയ്യാന്‍ മുന്നോട്ട് വന്നിരുന്നു. പറശ്ശിനിക്കടവിലെ സ്നേക്ക് പാര്‍ക്കിലെ മിണ്ടാപ്രാണികളെ വരെ ചുട്ടുകരിച്ചത് എന്തെങ്കിലും ആനുകൂല്യങ്ങള്‍ പ്രതീക്ഷിച്ചായിരുന്നില്ല. അദമ്യമായ പാര്‍ട്ടിക്കൂറ്. ഇന്നിപ്പൊ പാര്‍ട്ടിക്ക് വേണ്ടി ബക്കറ്റ് തൂക്കണമെങ്കിലും എന്തെങ്കിലും വ്യക്തിപരമായ നേട്ടം മനസ്സില്‍ കണ്ടിട്ടാണ് ആളുകള്‍ വരുന്നത്. കാലം പോയൊരു പോക്കേ. അണികളെ കുറ്റം പറയാന്‍ പറ്റില്ല. നേട്ടങ്ങളില്ലെങ്കില്‍ നയിക്കാന്‍ നേതാക്കളെ ഇന്ന് കിട്ടുമോ? നേതാക്കളും അണികളും ഇങ്ങനെ വ്യക്തിതാല്പര്യങ്ങള്‍ക്ക് വേണ്ടി മാത്രം പാര്‍ട്ടിയെ കൊണ്ടുനടക്കുമ്പോള്‍ പാവം കുറ്റവാളികള്‍ ചുമ്മാ ജയിലില്‍ പോയി കിടക്കണം എന്നാര്‍ക്കെങ്കിലും പ്രതീക്ഷിക്കാന്‍ പറ്റുമോ?

ഭരണം അഞ്ച് കൊല്ലം വീതം പങ്ക് വയ്ക്കുന്നതാണല്ലോ ഇവിടെ നാട്ടുനടപ്പ്. യു.ഡി.എഫ്.ഭരിക്കുമ്പോള്‍ നിരവധി കുറ്റകൃത്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. അപ്പോള്‍ പോലീസ് കുറെ കേസുകള്‍ റജിസ്റ്റര്‍ ചെയ്യുകയും കുറെ പേര്‍ തടവിലാവുകയും ചെയ്യും. എല്‍ .ഡി.എഫ്.അധികാരത്തില്‍ വന്നാല്‍ ആ കേസുകളെല്ലാം പിന്‍‌വലിക്കും. അതാണ് പതിവ്. ജയിലുകളില്‍ എന്നിട്ടും മുക്കാല്‍ ഭാഗം കുറ്റവാളികള്‍ പാര്‍ട്ടിക്കാരാണ്. ജയിലുകള്‍ ഭരിക്കുന്നത് യഥാര്‍ഥത്തില്‍ പാര്‍ട്ടിയുടെ വക കുറ്റവാളികളാണ്. ശമ്പളം വാങ്ങാന്‍ മാത്രമാണ് വാര്‍ഡര്‍മാരൊക്കെ. യു.ഡി.എഫ്.ഇത്തരം കാര്യങ്ങളിലൊന്നും താല്പര്യം എടുക്കാറില്ല. പരസ്പരം പാര വയ്ക്കാനും കുതികാല്‍ വെട്ടാനും ഒക്കെത്തന്നെ അവര്‍ക്ക് സമയം തികയാറില്ല. അന്യോന്യം ആക്രമിക്കുമ്പോള്‍ മാത്രമെ അവരില്‍ അന്തര്‍ലീനമായ ശൌര്യം പുറം ലോകം അറിയാറുള്ളൂ.  കോണ്‍ഗ്രസ്സുകാരുടെ കാര്യം എടുക്കാം. അവര്‍ക്ക് വെട്ടാനും കുത്താനും ഒക്കെ അറിയാം. പക്ഷെ തമ്മില്‍ത്തമ്മില്‍ മാത്രം. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാരെ കണ്ടാല്‍ പൂച്ചയെ പോലെ പതുങ്ങി രക്ഷപ്പെടും.

എന്തിനാണ് കുറ്റവാളികളെ ഇങ്ങനെ ആനുകൂല്യങ്ങളും  ക്ഷേമപദ്ധതികളും നല്‍കി സംരക്ഷിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും? കുറ്റം എന്ന് പറയുന്നത് ബൂര്‍ഷ്വാനിഘണ്ടു പ്രകാരമാണ്. അവര്‍ ചെയ്യുന്നത് പാര്‍ട്ടിപ്രവര്‍ത്തനമാണ്. ഇന്നത്തെ ആഭ്യന്തരമന്ത്രി ഒരിക്കല്‍ പോലീസ് സ്റ്റേഷനില്‍ വെച്ചും ബോംബ് ഉണ്ടാക്കും എന്ന് പറഞ്ഞിട്ടില്ലെ. ബോംബ് ഉണ്ടാക്കുക എന്ന് വെച്ചാല്‍ വര്‍ഗ്ഗപരമായി അത് പാര്‍ട്ടിപ്രവര്‍ത്തനമാണ്. അത്കൊണ്ടാണ് അദ്ദേഹം അന്നങ്ങനെ പറഞ്ഞത്. അത് കുറ്റകൃത്യമാവുന്നത് ബൂര്‍ഷ്വാപരമാണ്. ഭരണം പോയാല്‍ അഞ്ച് കൊല്ലക്കാലം പിന്നെ വഴിതടയല്‍ തൊട്ട് ഉപരോധം, ബന്ദ്, ഹര്‍ത്താല്‍ പിന്നെ ചില്ലറ കൊലപാതകങ്ങള്‍ അങ്ങനെ നിരവധി പാര്‍ട്ടി വര്‍ക്കുകള്‍ ചെയ്യേണ്ടതായിട്ടുണ്ട്. അതൊക്കെ ബൂര്‍ഷ്വാപരമായി കുറ്റകൃത്യങ്ങള്‍ ആകുന്നത്കൊണ്ട് കുറ്റവാളികള്‍ക്ക് ഇപ്പോഴേ ക്ഷേമപദ്ധതികള്‍ ഉറപ്പ് വരുത്തിയാല്‍ അത് പിന്നീട് യു.ഡി.എഫ്. വന്നാല്‍ പിന്‍‌വലിക്കാനൊന്നും പോകുന്നില്ല. തൊഴിലുറപ്പ് പദ്ധതിയെക്കാളും പാര്‍ട്ടിക്ക് ഗുണം ചെയ്യുക ഇത്തരം ക്ഷേമപദ്ധതികളാണ്. ഒരു കണക്കിന് കുറ്റവാളികള്‍ ആകുന്നതാണ് ഇനി കേരളത്തില്‍ ശേഷിക്കുന്നവര്‍ക്ക് ഗുണം ചെയ്യുക എന്ന് പോലും ആളുകള്‍ ചിന്തിക്കാന്‍ തുടങ്ങിയേക്കാം.  അങ്ങനെ കേരളം കുറ്റവാളികളുടെ സ്വന്തം നാടാകും. മാനം മര്യാദയ്ക്ക് ജീവിയ്ക്കണം എന്നാഗ്രഹിക്കുന്നവര്‍ക്ക് കേരളത്തിന് വെളിയില്‍ ഇഷ്ടം പോലെ സ്ഥലമുണ്ട്. അല്ലെങ്കിലും ഇപ്പോള്‍ തന്നെ കേരളം കൊണ്ടാണോ കേരളീയര്‍ ജീവിയ്ക്കുന്നത്?

No comments: