ഇടത്പക്ഷ ജനാധിപത്യമുന്നണി ഗവണ്മേന്റ് അഞ്ചാം വര്‍ഷത്തിലേക്ക് കടന്നതിന്റെ ഭാഗമായി സര്‍ക്കാറിന്റെ നേട്ടങ്ങള്‍ നിത്യേന ഒന്നും രണ്ടും പേജുകളില്‍ ഫുള്‍പേജ് പരസ്യങ്ങളായി ഇപ്പോള്‍ പത്രങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്. ഈ രീതിയില്‍ സര്‍ക്കാരിന്റെ തുടരന്‍ പരസ്യങ്ങള്‍ കണ്ടത് അടിയന്തിരാവസ്ഥക്കാലത്താണ്. സാധാരണഗതിയില്‍ വാര്‍ഷികത്തിന് ഒരു ദിവസം പരസ്യം കൊടുക്കുന്നത് കാണാറുണ്ട്. എന്നാല്‍ ഇതിപ്പോ അഞ്ചാം വര്‍ഷം പരസ്യവര്‍ഷമായി ആചരിക്കാനാണോ സര്‍ക്കാരിന്റെ ഭാവം എന്ന് തോന്നിപ്പോകുന്നു. ഇങ്ങനെ പരസ്യം കൊടുക്കുന്നതിന് മന്ത്രിമാര്‍ക്ക് കൈയില്‍ നിന്ന് കാശ് മുടക്കില്ല. അതിനൊക്കെ വേണ്ടുവോളം നികുതിപ്പണം ജനങ്ങള്‍ നല്‍കുന്നുണ്ട്. എന്തെങ്കിലും ചെയ്യാന്‍ വേണ്ടിയാണ് ജനങ്ങള്‍ ശമ്പളം കൊടുത്ത് മന്ത്രിമാരെ ചുമതലപ്പെടുത്തുന്നത്. ഒന്നും ചെയ്യാതിരിക്കാന്‍ അവര്‍ക്കാവില്ല. അപ്പോള്‍ പിന്നെ ഇങ്ങനെ പരസ്യം കൊടുക്കുന്നതിന്റെ സാംഗത്യമെന്ത്? സര്‍ക്കാര്‍ അതേതായാലും ഇങ്ങനെ പരസ്യം കൊടുക്കുന്നത് അധാര്‍മ്മികമാണെന്ന് ഒരു പൌരന്‍ എന്ന നിലയില്‍ ഞാന്‍ കരുതുന്നു.
സി.എം.എസ്. കോളേജില്‍ എസ്.എഫ്.ഐ. നടത്തിയ ആക്രമണങ്ങളും അവരെ ക്രിമിനലുകള്‍ എന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചതുമായ സംഭവങ്ങള്‍ ഒന്ന് മാത്രം മതി ഈ പരസ്യങ്ങളെ നിഷ്‌പ്രഭമാക്കാന്‍ . മാര്‍ക്സിസ്റ്റുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ കുത്തക-മുത്തശ്ശി പത്രങ്ങളിലാണ് ഈ പരസ്യങ്ങള്‍ വരുന്നത്. അതേ പത്രങ്ങളിലാണ് ആക്രമണവാര്‍ത്തകളും വരുന്നത്. വായനക്കാരുടെ കണ്ണില്‍ പരസ്യങ്ങള്‍ക്ക് അത്ര പ്രാധാന്യം തോന്നുകയില്ല. കാരണം സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ ഒരു പട്ടികയായി നിരത്തുക വലിയ കാര്യമല്ല. എന്നാല്‍ മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കല്‍ തൊട്ട് സ്മാര്‍ട്ട് സിറ്റി വരെ വായനക്കാരുടെ മനസ്സിലുണ്ട്. ഏത് സര്‍ക്കാരായാലും സ്വാഭാവികമായി ചെയ്തുപോകുന്ന കാര്യങ്ങളേ പരസ്യങ്ങളിലുള്ളൂ. നാലു വര്‍ഷക്കാലം ഒന്നും ചെയ്യാതെ മന്ത്രിമാര്‍ക്ക് ചുമ്മാ വീട്ടിലിരിക്കാന്‍ പറ്റുമായിരുന്നോ? ഈ പരസ്യങ്ങളില്‍ മുഴച്ചു നിന്നത് സര്‍ക്കാരിന് ചെയ്യാന്‍ കഴിയാതെ പോയ കാര്യങ്ങളാണ്. ഇനി ശേഷിക്കുന്ന ചില്ലറ മാസക്കാലം കൊണ്ട് ഒന്നും ചെയ്യാനും പോകുന്നില്ല. ഈ സര്‍ക്കാരിന്റെ കാലത്ത് പോലീസിനെ നോക്കുകുത്തിയാക്കി മാര്‍ക്സിസ്റ്റുകാര്‍ കാട്ടിക്കൂട്ടിയ ആക്രമണങ്ങളായിരിക്കും ഏതൊരു പത്രവായനക്കാരന്റെയും ഓര്‍മ്മയില്‍ സജീവമായിട്ടുണ്ടായിരിക്കുക.
ഈ പരസ്യകാലത്തെങ്കിലും മാര്‍ക്സിസ്റ്റുകള്‍ക്ക് ആക്രമത്തിന് അവധി കൊടുക്കാന്‍ കഴിഞ്ഞില്ല. ഇക്കാലത്തെ മാര്‍ക്സിസ്റ്റ് മനസ്സുകളില്‍ തങ്ങള്‍ക്ക് ആള്‍ബലവും പേശീബലവും ഉണ്ടെന്ന ധാരണയല്ലാതെ മറ്റൊന്നുമില്ല എന്ന് തെളിയിക്കുന്നതാണ് അവരുടെ പ്രവര്‍ത്തനശൈലി. ഞാനടക്കം എത്രയോ പേര്‍ കോണ്‍ഗ്രസ്സിന് വോട്ട് ചെയ്യാന്‍ ഒറ്റക്കാരണമേയുള്ളൂ. കോണ്‍ഗ്രസ്സുകാരനെക്കൊണ്ട് ഗുണവുമില്ല ദോഷവുമില്ല. ഒരു ഉപദ്രവവുമില്ല. എന്ത് പറയുമ്പോഴും എവിടെ പോകുമ്പോഴും കോണ്‍ഗ്രസ്സുകാരനെ പേടിക്കേണ്ട. തെരഞ്ഞെടുപ്പിന്റെ രണ്ട് ദിവസം മുന്‍പ് സ്ലിപ്പ് നല്‍കാന്‍ വീട്ടില്‍ വന്നെങ്കിലായി. ചുരുക്കത്തില്‍ നാട്ടില്‍ കോണ്‍ഗ്രസ്സുകാര്‍ ഉണ്ടെന്ന് ആരും ഓര്‍ക്കാറേയില്ല. എന്നാല്‍ നാട്ടില്‍ മാര്‍ക്സിസ്റ്റുകള്‍ ഉണ്ടെന്ന് ആള്‍ക്കാര്‍ ഉറക്കത്തില്‍ പോലും ഓര്‍ക്കുന്നു. അത് അവരുടെ ആക്രമണശൈലിയുടെ പേരിലാണ്. ഒരു സര്‍ക്കാരുണ്ടെങ്കില്‍ എന്തെങ്കിലും ചിലത് ചെയ്യാതിരിക്കില്ല. എന്നാല്‍ പിന്നെ ഗുണവും ദോഷവുമില്ലാത കോണ്‍ഗ്രസ്സിന് വോട്ട് ചെയ്യാം എന്ന മനോഭാവത്തിലാണ് ഞാന്‍ പോളിങ്ങ് ബൂത്തില്‍ പോകാറുള്ളത്. അടുത്ത തെരഞ്ഞെടുപ്പില്‍ ഈ മാസ്സ് സൈക്കോളജിയാണ് യു.ഡി.എഫിന് വോട്ടായി മാറാന്‍ പോകുന്നത്. പിന്നെ ഈ പരസ്യങ്ങള്‍ കൊണ്ട് എന്ത് പ്രയോജനം? ഐ.ടി.വകുപ്പ് മുഖ്യമന്ത്രിയുടെ കൈയില്‍ ആയതിനാല്‍ അച്യുതാനന്ദന് മാത്രമായി ഒറ്റയ്ക്ക് കിട്ടി ഒരു ഫുള്‍ പേജ്.
അക്രമം ചെയ്യുന്നത് സമരമല്ലെന്നും, ആക്രമണകാരികള്‍ ക്രിമിനലുകളാണെന്നും സഖാവ് അച്യുതാനന്ദന് ഇപ്പോള്‍ വെളിപാട് ഉണ്ടാകാന്‍ കാരണമെന്താണ്? ഉത്തരം ഉള്ളംകൈയിലെ നെല്ലിക്ക പോലെ എല്ലാവര്‍ക്കും അറിയാം. അദ്ദേഹം ഇപ്പോള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ ആരുമല്ല. ജനാധിപത്യപരമായൊരു ഗതികേട് കൊണ്ട് അദ്ദേഹത്തെ മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കാന്‍ വിടുന്നു എന്ന് മാത്രം. മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്താണോ പറയേണ്ടത് അത് ഇ.പി.ജയരാജന്‍ പറയും. സി.എം.എസ്.കോളേജില്‍ എന്താണ് നടന്നതെന്ന് ഇ.പി.സഖാവ് പറഞ്ഞിട്ടുണ്ട്. ബാക്കി എസ്.എഫ്.ഐ.സംസ്ഥാനസെക്രട്ടരിയും വ്യക്തമാക്കിയിട്ടുണ്ട്. കോടതി വിധി പ്രസ്ഥാവിച്ചാലും എസ്.എഫ്.ഐ.ക്ക് കൊടിപിടിക്കാനാളുള്ളിടത്തെല്ലാം സംഘടനാപ്രവര്‍ത്തനം നടത്തുമെന്ന്. സംഘടനാപ്രവര്‍ത്തനം എന്നാല്‍ എന്താണെന്ന് എല്ലാവര്‍ക്കുമറിവുള്ളത് തന്നെ. ഈ സംഘടനാപ്രവര്‍ത്തനം കേരളത്തിലും ബംഗാളിലും ഒതുങ്ങിപ്പോയത് ഇന്ത്യയുടെ ഭാഗ്യം. പണ്ടത്തെ പോലെ പല്ലിന്റെ ശൌര്യം ഇനി ബംഗാളില്‍ ഫലിക്കുമെന്ന് തോന്നുന്നില്ല.
സമരങ്ങള്‍ എന്നാല്‍ അക്രമമല്ല എന്ന വി.എസ്സിന്റെ വൈകിവന്ന വെളിപാട് ഏതായാലും നന്നായി. പക്ഷെ അത് പറയുമ്പോള്‍ അദ്ദേഹത്തോട് ഒരു ചോദ്യം ചോദിക്കാനുണ്ടായിരുന്നു. ഇനി ചോദിച്ചിട്ടും കാര്യമില്ല. ഈ ഭരണം കഴിഞ്ഞാല്‍ അദ്ദേഹത്തെ പൊതുരംഗത്ത് കാണാന്‍ കഴിയില്ലല്ലൊ. ഒരു പക്ഷെ പിണറായിക്കോ സാക്ഷാല്‍ ഇ.പി.ജയരാജനോ തന്നെയും എന്നെങ്കിലും ഇത്തരം വെളിപാടുണ്ടാവുകയാണെങ്കില്‍ ഇപ്പോഴേ ചോദിച്ചു വയ്ക്കാം. ആക്രമണമില്ലാതെ ഏതെങ്കിലും ഒരു സമരം കമ്മ്യൂണിസ്റ്റുകള്‍ എവിടെയെങ്കിലും എന്നെങ്കിലും നടത്തിയിട്ടുണ്ടോ സഖാവേ? ഇ.പി.സഖാവിനും പിണറായിക്കുമെല്ലാം ഇത്തരം വെളിപാട് വന്നുകൂടെന്നില്ല. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ അടിമുടി ഗുണ്ടാപ്പാര്‍ട്ടിയാക്കിയ നേതാവ് സാക്ഷാല്‍ എം.വി.രാഘവന്‍ ആയിരുന്നു. പറഞ്ഞു വന്നാല്‍ അന്നത്തെ പാര്‍ട്ടിയില്‍ സ്റ്റാലിന്റെ പ്രതിരൂപം. ആ എം.വി.ആറല്ലേ പില്‍ക്കാലത്ത് മാര്‍ക്സിസ്റ്റുകള്‍ സ്റ്റാലിനിസ്റ്റുകളാണ് എന്നാരോപിച്ചത്, ശിഷ്യന്മാര്‍ വേട്ടയാടിയപ്പോള്‍ . മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ എന്തും നടക്കാം. പക്ഷെ ഒന്നുണ്ട്, പാര്‍ട്ടി എന്നും ജയരാജന്മാരുടെ വരുതിയിലായിരിക്കും. അങ്ങനെ നമ്മള്‍ ഈ പാര്‍ട്ടിയെ എന്നും ഓര്‍മ്മിച്ചുകൊണ്ടിരിക്കും. അത് തന്നെ ഏറ്റവും നല്ല പരസ്യം. അക്കണക്കിന് ഈ തുടരന്‍ പരസ്യം എന്തിന് കൊള്ളാം! നടക്കട്ടെ , ജനങ്ങളുടെ നികുതിപ്പണമാണെങ്കിലും കുത്തക-മൂരാച്ചി-മുത്തശ്ശി പത്രങ്ങളും അടിച്ചല്ലൊ കോള്.
No comments:
Post a Comment