Links

തെറ്റ് തിരുത്തല്‍

കമന്റിലൂടെയും മെയിലിലൂടെയും ചിലര്‍ എന്നെക്കുറിച്ച് ആക്ഷേപം പ്രകടിപ്പിക്കുന്നുണ്ട്. നിങ്ങളോടുള്ള ബഹുമാനം കുറയുന്നു,നിങ്ങള്‍ വില സ്വയം കുറക്കുന്നു,അധ:പതിക്കുന്നു എന്നൊക്കെയാണ് ആക്ഷേപങ്ങള്‍ . ഇടത് പക്ഷ അനുഭാവികളായ സുഹൃത്തുക്കളാണ് ഇങ്ങനെ ആക്ഷേപിക്കുന്നത്. നിങ്ങളുടെ ബഹുമാനം എനിക്ക് ആവശ്യമില്ല എന്നൊന്നും ഞാന്‍ പറയില്ല. ആരുടെ ബഹുമാനവും സ്നേഹവും എനിക്ക് വിലപ്പെട്ടതാണ്. എന്നാല്‍ ബഹുമാനം നിലനിര്‍ത്താന്‍ വേണ്ടി ശ്രദ്ധയില്‍ പെടുന്ന ചില കാര്യങ്ങള്‍ പറയാതിരിക്കാനും കഴിയില്ല. ആക്ഷേപം ഉന്നയിച്ചവരുടെ കൂട്ടത്തില്‍ ഖത്തറില്‍ നിന്നും സുഹൃത്ത് കെ.വി.മനോഹറിന്റെ വാക്കുകള്‍ എന്നെ സ്പര്‍ശിക്കുകയുണ്ടായി. താങ്കളുടെ പതനം കണ്ട് സഹതപിക്കുന്നു എന്നാണ് മനോഹറിന്റെ കമന്റിലെ ഒരു വാചകം. എനിക്കത്ഭുതം തോന്നുന്നത്, അവരുടെ പാര്‍ട്ടിയിലെ നേതാക്കളുടെ തെറ്റ് അല്പം ചൂണ്ടിക്കാട്ടുമ്പോഴേക്കും എന്നോട് ബഹുമാനം കുറയുമ്പോള്‍ നേതാക്കള്‍ ചെയ്യുന്ന തെറ്റുകളുടെ ഗൌരവം വര്‍ദ്ധിക്കുന്തോറും അവരോട് ആരാധന കൂടുന്നല്ലോ എന്നാണ്.

ഈ ആരാധന കമ്മ്യൂണിസത്തിന്റെയോ,സോഷ്യലിസത്തിന്റെയോ, മാര്‍ക്സിസത്തിന്റെയോ പേരില്‍ ഒന്നുമല്ല. ആശയങ്ങളോടാണ് ആഭിമുഖ്യമെങ്കില്‍ ഇക്കൂട്ടര്‍ക്ക് മാവോയിസ്റ്റുകളോടും എന്തെങ്കിലും അനുഭാവം ഉണ്ടാകേണ്ടതാണ്. കമ്മ്യൂണിസത്തിന്റെ ആഗോളകുത്തക സി.പി.എമ്മിന് പതിച്ചുകിട്ടിയിട്ടില്ലല്ലൊ. എന്റെ സംഘടന എന്ന തികച്ചും വൈയക്തികമായ ആത്മബോധത്തില്‍ നിന്നോ സ്വാര്‍ത്ഥചിന്തയില്‍ നിന്നോ ആണ് ഈ ബഹുമാനക്കുറവും അസഹിഷ്ണുതയും ഉണ്ടാവുന്നത്, എന്ത് നെറികേട് കാട്ടിയും പാര്‍ട്ടി വളര്‍ത്താന്‍ ശ്രമിക്കുന്ന നേതാക്കളോട് വീരാരാധന ഉണ്ടാകുന്നത്. പാര്‍ട്ടിയും നേതാക്കളും നിരന്തരം തെറ്റുകള്‍ ചെയ്തുകൊണ്ടിരിക്കുന്നു എന്നതിന് തെളിവല്ലേ 1996ന് ശേഷം വീണ്ടും ഇപ്പോള്‍ ചര്‍ച്ച ചെയ്ത് അംഗീകരിച്ച തെറ്റ് തിരുത്തല്‍ രേഖ. ജനങ്ങളില്‍ നിന്ന് പാര്‍ട്ടി അകന്നു പോകുന്നു എന്ന തിരിച്ചറിവല്ലേ ഇപ്പോള്‍ വീണ്ടും ഇങ്ങനെയൊരു രേഖ അംഗീകരിക്കാന്‍ കാരണം?

എന്നാല്‍ ഈ രേഖയ്ക്കും 1996ലെ പോലെ വെറും കടലാസിന്റെ വിലയേ ഉണ്ടാകൂ. ഒരു ചുക്കും നടക്കാന്‍ പോകുന്നില്ല. ഏറിയാല്‍ ജനറല്‍ സിക്രട്ടരി മുതല്‍ ബ്രാഞ്ച് സെക്രട്ടരി വരെയുള്ളവരുടെ കാലാവധി മൂന്ന് തവണയാക്കും പിന്നെ പതിനഞ്ച് കൊല്ലം കഴിഞ്ഞാല്‍ വീണ്ടുമൊരു രേഖയുണ്ടാക്കും. കമ്മ്യൂണിസ്റ്റ് മൂല്യങ്ങളിലേക്ക് പരിപ്പ് വട ജയരാജന്മാര്‍ക്ക് മടങ്ങിപ്പോകാന്‍ കഴിയില്ല. ഈ രേഖ പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്ക് ബാധകമല്ല എന്നും കേന്ദ്രക്കമ്മറ്റി അംഗങ്ങള്‍ മുതലാണ് ബാധകമാവുക എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അപ്പോള്‍ പിണറായിക്ക് പേടിക്കേണ്ട, ഒന്‍പത് വര്‍ഷം സ്ഥാനത്തിരുന്നത് കൊണ്ട് സെക്രട്ടരി പദവി മറ്റൊരു ബിനാമിയെ ഏല്‍പ്പിച്ച് പി.ബി.യില്‍ തുടര്‍ന്ന് കൊണ്ട് കേരളത്തിലെ പാര്‍ട്ടി ബിസിനസ്സുകള്‍ മാനേജ് ചെയ്യാം. വി.എസ്സിന് ഈ ടേം പൂര്‍ത്തിയാക്കി ഇപ്പോഴത്തെ കരുണാകരനെ പോലെ മൂലയ്ക്കിരിക്കുകയും ചെയ്യാം. ഒരു മുഖം മിനുക്കല്‍ നടപടിക്കപ്പുറം ഈ തെറ്റ് തിരുത്തലിന് ഒരു പ്രസക്തിയും ഞാന്‍ കാണുന്നില്ല.

പണ്ടൊക്കെ പാവപ്പെട്ടവരും, പണിയെടുക്കുന്നവരും ഒക്കെയായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തങ്ങളുടെ പ്രസ്ഥാനം എന്ന് കരുതി നെഞ്ചിലേറ്റി കൊണ്ടുനടന്നിരുന്നത്. ഇന്ന് വന്‍ ബിസിനസ്സുകാരുടെയും, ഗസറ്റഡ് ഓഫീസര്‍മാരുടെയും, പോലീസ് മേധാവികളുടെയും, പണക്കാരുടെയും ഒക്കെ പാര്‍ട്ടിയാണ് സി.പി.എം. ഇന്നും പാവപ്പെട്ടവരും പണിയെടുക്കുന്നവരും നാട്ടിലുണ്ട്. ഒരു കാലത്ത് വര്‍ഗ്ഗശത്രുക്കള്‍ എന്ന് കരുതപ്പെട്ടിരുന്നവരുടെ സ്വന്തം പാര്‍ട്ടിയാണ് ഇന്ന് സി.പി.എം എന്ന് വേദനയോടെ അവര്‍ തിരിച്ചറിയുന്നു. കേരളത്തില്‍ ഇടത്തരക്കാര്‍ ഭൂരിപക്ഷമായത് കൊണ്ട് മാത്രമാണ് സി.പി.എം. ഒരു പോറലുമില്ലാതെ ഇപ്പോഴും നിലനില്‍ക്കുന്നത്. മനസ്സില്‍ അമര്‍ഷം പുകയുമ്പോഴും ഒരു ശീലം നിമിത്തം അവര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് ചെയ്യുന്നു,ചങ്ങലകളില്‍ കണ്ണി ചേരുന്നു. അത് പാര്‍ട്ടി നേതാക്കളെ തെറ്റ് തിരുത്തലിന് നിര്‍ബ്ബന്ധമാക്കാത്ത സാഹചര്യം നിലനിര്‍ത്തുകയും ജീര്‍ണ്ണത വളര്‍ത്തുകയും ചെയ്യുന്നു.

ജീര്‍ണ്ണതയുടെ ഒരു സാമ്പിള്‍ കേട്ടിട്ട് ഞാന്‍ ഞെട്ടിപ്പോയി. പാര്‍ട്ടി അനുഭാവികള്‍ തന്നെയാണ് പറഞ്ഞത്. സാക്ഷാല്‍ പിണറായിയുടെ സ്വന്തം നാട്ടില്‍ പല സ്ഥാനമാനങ്ങളും വഹിക്കുന്ന ഭാരവാഹി, പ്രാദേശിക നേതാവ് വൈകുന്നേരം ഓലയമ്പലം ബസാറിലൂടെ കൈയില്‍ പോളിത്തീന്‍ സഞ്ചിയുമായി നടന്ന് പച്ചക്കറി കടകളിലും മറ്റും കയറി തനിക്കാവശ്യമുള്ളത് എടുത്ത് കൊണ്ടു പോകുന്നു. പണം കൊടുക്കാതെ പരസ്യമായി തന്നെ. ചില പോലീസുകാര്‍ ഇങ്ങനെ എടുത്തുകൊണ്ടു പോകുന്നത് പതിവാണ്. പക്ഷെ ഒരു ലോക്കല്‍ നേതാവ്? എന്നോട് തെളിവൊന്നും ചോദിക്കരുത്. ഞാന്‍ ആരുടെയും പേരെടുത്ത് പറഞ്ഞിട്ടില്ല. ഓലയമ്പലം ബസാറില്‍ ആരോട് സ്വകാര്യം ചോദിച്ചാലും പറഞ്ഞു തരും. പ്രാദേശീക നേതാക്കള്‍ക്ക് ഇന്ന് അവിഹിതമായി പണം സമ്പാദിക്കാന്‍ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. പാര്‍ട്ടിക്ക് വേതനം പറ്റുന്ന മുഴുവന്‍ സമയ ഭാരവാഹികളുണ്ട്. എന്തിനാണ് ഇപ്പോഴും ഈ ഏര്‍പ്പാട്. ആ വേതനം മാത്രമാണോ അവരുടെ ഇന്നത്തെ വരുമാനം. വേതനം പറ്റുന്നവര്‍ മറ്റുള്ളവരോട് ആജ്ഞാപിച്ച് പാര്‍ട്ടിയുടെ പണികള്‍ ചെയ്യിക്കുകയാണ് ചെയ്യുന്നത്.

ഞായറാഴ്ച അവധി വേതനം ലഭിക്കാത്ത ഫാക്ടറി തൊഴിലാളികളെ പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടോ? പിണറായിയുടെ സ്വന്തം ആള്‍ ചെയര്‍മാനായ റബ്‌കോയിലെ തൊഴിലാളികള്‍ക്ക് ഞായറാഴ്ച വേതനം ഒരു സ്വപ്നം പോലും അല്ല. കാരണം അവിടെ സി.ഐ.ടി.യു. എന്ന ഒറ്റ യൂനിയന്‍ മാത്രമേയുള്ളൂ. ചൈനയില്‍ അടിമപ്പണിയാണ് തൊഴിലാളികള്‍ ചെയ്യുന്നത് എന്ന് മനസ്സിലാക്കാന്‍ റബ്‌കോയിലെ ഒരു തൊഴിലാളിയെ സ്വകാര്യം കണ്ട് ചോദിച്ചാല്‍ മതി. ആരും ഒന്നും തുറന്ന് പറയില്ല. ജനാധിപത്യം ഉണ്ടായിട്ടും ഇതാണ് സ്ഥിതിയെങ്കില്‍ ഇവിടെ വിപ്ലവം നടന്ന് കമ്മ്യൂണിസ്റ്റ് ഭരണം വന്നിരുന്നെങ്കിലോ?

എന്നോട് ഒരു സുഹൃത്ത് പറഞ്ഞു, ഇന്ത്യയില്‍ ജനാധിപത്യം ഏറ്റവും സമര്‍ത്ഥമായി ചൂഷണം ചെയ്യുന്നത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണ്. ഏത് പദ്ധതിയും സി.പി.എം. കാര്‍ക്ക് പണം സമ്പാദിക്കാനുള്ള ഒരു സാധ്യതയായി തുറന്നു വരും. ഞാന്‍ നേരില്‍ കണ്ടതല്ല, നാട്ടില്‍ ചെന്നപ്പോള്‍ പറഞ്ഞുകേട്ടതാണ്; എന്റെ വീട്ടിനടുത്തുള്ള റോഡരികില്‍ പഴശ്ശികനാലിന്റെ പുറമ്പോക്ക് സ്ഥലത്ത് ഒരു ദിവസം രണ്ട് പേര്‍ വന്ന് മണ്ണ് നിരപ്പാക്കി കുഴികള്‍ കുഴിച്ച് എന്തോ ചെടികള്‍ നട്ടു. വൈകുന്നേരം ആ സ്ഥലത്ത് നാട്ടിയ ബോര്‍ഡ് കണ്ടു ആളുകള്‍ മൂക്കത്ത് വിരല്‍ വെച്ചുപോയത്രെ. സാമൂഹ്യവനവല്‍ക്കരണം, ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി, സംഖ്യ: 17500.00. ഇതായിരുന്നു ബോര്‍ഡിലെ അറിയിപ്പ്. ഏതായാലും ബോര്‍ഡ് രാവിലേയ്ക്ക് അപ്രത്യക്ഷമായിരുന്നു പോലും. പണം ഉണ്ടാക്കാന്‍ ദുരയും കൌശലവും ഉള്ളവര്‍ക്ക് കറവപ്പശു ആണ് ഇന്ന് പാര്‍ട്ടി. മറ്റ് പാര്‍ട്ടികള്‍ വ്യത്യസ്തമാണെന്നല്ല പറയുന്നത്. തങ്ങള്‍ ഇടത് പക്ഷമാണെന്നും, ഇടത് പക്ഷമെന്നാല്‍ എന്തോ പരിപാവനമായ ഒന്നാണെന്നും അവകാശപ്പെടുമ്പോള്‍ മറ്റ് പാര്‍ട്ടികളേക്കാളും ചിലകാര്യങ്ങളില്‍ നിങ്ങള്‍ തീരെ മോശമാണെന്നും ഒരു മേന്മയും നിങ്ങള്‍ക്കില്ലെന്നും ചൂണ്ടിക്കാട്ടേണ്ടി വരുന്നു.

അത് കൊണ്ട് എന്നോട് ബഹുമാനം കുറയ്ക്കുകയല്ല എന്റെ ഇടത് സുഹൃത്തുക്കള്‍ ചെയ്യേണ്ടത്, ഇപ്പോള്‍ പാര്‍ട്ടി അംഗീകരിച്ച തെറ്റ് തിരുത്തല്‍ രേഖ അതിന്റെ സ്പിരിറ്റ് ഉള്‍ക്കൊണ്ട് ശുദ്ധീകരണപ്രക്രിയ ആത്മാര്‍ത്ഥമായി നടപ്പാക്കുവാന്‍ ശക്തിയായി ആവശ്യപ്പെടുകയാണ് വേണ്ടത്.

25 comments:

Ajayakumar said...

Well, You are correct Mr KPS. I am a follower of the Left front. But I am very much disappointed with the activities of the so called leaders. They are actually tarnishing the image of the party. Earlier the party stood for the poor people who don't have any support but now a days it has changed a lot and they are the "keep" of the Hi-Fi people. They are protectors to them. Common men's problems are not at all a issue for the party now. This has to change. other vise the communist party will be in History very soon.
Thank you Mr. KPS for your efforts and keep it up..... All the best

/Ajay

Anonymous said...

സ്വന്തം മരുമകളെ പാചകക്കാരി ആയി പേര്‍സണല്‍ സ്റ്റാഫില്‍ അപ്പോയിണ്റ്റ്‌ ചെയ്യുക ഒരു കൊല്ലം കഴിഞ്ഞു ക്ളറ്‍ക്കായി പ്റൊമോട്ട്‌ ചെയ്യുക രണ്ടു കൊല്ലം തികഞ്ഞാല്‍ പെന്‍ഷനു അറ്‍ഹതയും ഇത്തരം നാറത്തരം ഒരു ലജ്ജയുമില്ലാതെ കാണുക്കുന്ന ശ്റീമതി റ്റീച്ചറ്‍ ഒക്കെ ഈ പാറ്‍ട്ടിയില്‍ അല്ലാതെ എവിടെ കാണും
കോണ്‍ഗ്രസില്‍ ആയിരുന്നേല്‍ എന്തായിരുന്നു പുകില്‍?

രഘുനാഥന്‍ said...

പ്രിയ സുകുമാരന്‍ സാര്‍...


ഞാന്‍ ജനിച്ചപ്പോള്‍ മുതല്‍ പാര്‍ട്ടി അനുഭാവിയാണ്.(ജനിച്ചപ്പോള്‍ മുതല്‍ എന്ന് പറയാന്‍ കാരണം എന്റെ അച്ഛനും അമ്മയും കറ തീര്‍ന്ന കമ്യൂണിസ്റ്റുകാരാണ് എന്നുള്ളത് കൊണ്ടാണ്)

പക്ഷെ താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു...ആശംസകള്‍

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

സുകുമാരൻ ചേട്ടാ...

സി.പി.എം പറയുമ്പോൾ ആളു വരുന്നതു ഒരു “ശീലം നിമിത്തം”...കോൺഗ്രസിനു വോട്ട് ചെയ്യുന്നത് ‘മുന്നേറ്റം” ഹ ഹ..നല്ല തമാശ..!നല്ല വിലയിരുത്തൽ !

ഇത്തരം ഒരു തെറ്റു തിരുത്തൽ നടത്താൻ കോൺഗ്രസിനെ ഉപദേശിക്കുകയാണു താങ്കളെപ്പോലുള്ള അന്ധരായ കോൺഗ്രസ് അനുഭാവികൾ ചെയ്യേണ്ടത്..

മറ്റൊരു കൂട്ടർതെറ്റു തിരുത്തിയ കഥ ഇവിടെ വായിക്കാം..

അതു പോലെ വല്ലതും കോൺഗ്രസ് ചെയ്യുമോ? ഓ..അതിനു കോൺഗ്രസ് പാവപ്പെട്ടവർ മാത്രമുള്ള പാർട്ടി ആണല്ലോ അല്ലെ? പാവങ്ങൾ !!!

Unknown said...

അജയകുമാര്‍ വളരെ നന്ദി!

അങ്കിള്‍ വായിച്ചു അല്ലേ..നന്ദി!

ആരുഷീ, ശ്രീമതി ടീച്ചര്‍ മരുമകളെ പെന്‍ഷന് അര്‍ഹയാക്കിയ്ത് പത്രദ്വാരാ എല്ലാവരും അറിഞ്ഞു. എന്നാല്‍ പാര്‍ട്ടിയില്‍ വീതം വയ്പ്പ് തന്നെയാണ് സര്‍വ്വത്ര നടക്കുന്നത്.

പ്രിയ രഘുനാഥന്‍ നന്ദിയും സ്നേഹവും.

സുനിലിന് ഏതായാലും എന്നോട് ബഹുമാനം കുറഞ്ഞില്ലല്ലൊ അത് മതി:)

Baiju Elikkattoor said...

sukumaretta,

varunna thiranjeduppu enna kadamba engineyum janagalude kannil podiyittu onnu kadannu kittan kaattun anavadhi kuthandrangalil onnu mathramaanee 'thettuthiruthal'. aadarsha rashtreeyathinte mishihakalodu ulla bahumanartham EC enthellam thayyareduppukal aanu kannuril edukkunnathu ennu arivullathalle!. biharil polum ithra munkaruthalukal edukkarundu ennu thonnunilla

ivide sathyathil thettu thiruthendathu janagal annu, athu avar thiranjeduppil venda vidham cheyyum ennu pratheekshikkam.

Unknown said...

ശരിയാണ് ബൈജു ജനങ്ങളാണ് തെറ്റ് തിരുത്തേണ്ടത്. അതവര്‍ ചെയ്യുക തന്നെ ചെയ്യും. കണ്ണൂരില്‍ ഇത്രയും കാട്ടിക്കൂട്ടി അവര്‍ ജയിച്ചാല്‍ തന്നെ അത് അവരുടെ കുപ്രസിദ്ധിയുടെ തൊപ്പിയില്‍ ഒരു തൂവല്‍ കൂടി ചാര്‍ത്തപ്പെടും എന്ന് മാത്രം.

ഈ പോസ്റ്റ് വായിച്ച് ഒരു ഓര്‍ക്കുട്ട് സുഹൃത്ത് ഇങ്ങനെ എനിക്ക് സ്ക്രാപ്പ് എഴുതി:
Thangalude blog nannakunnund, vimarshanam kannadachakaruth ennoru request und, creative akanam, allengil ellavarum darikkum thangal oru anti-left anennu. ഞാന്‍ പക്ഷെ എന്ത് ചെയ്യും. ലെഫ്റ്റ് എന്നാല്‍ സി.പി.എം. മാത്രമാണോ?

മനോഹര്‍ കെവി said...

ശ്രീ കെ പി എസ, താങ്കളുടെ കുറിപ്പില് എന്നെപറ്റി പരാമര്ശിച്ചതാണ് ഈ കുറിപ്പിന് കാരണം.
താങ്കളുടെ കഴിഞ്ഞ ബ്ലോഗിനെ വിമര്ശിച്ചു ഞാന് ശക്തമായി തന്നെ പ്രതികരിച്ചു എന്നത് നേരാണ്, പക്ഷെ മലയാളമനോരമ നിലവാരത്തില്, താങ്കള് കാണിക്കുന്ന ഈ അഭ്യാസത്തില് ഞാന് ഖേദിക്കുക തന്നെ ചെയ്യും.
ഞാന് എന്റെ ഇടതുപക്ഷ സുഹൃത്തുക്കള്ക്ക് എഴുതാറുള്ള മെയിലുകള് താങ്കള്ക്കും കോപ്പി വെക്കുന്നുണ്ടല്ലോ. എപ്പോഴാണ് ഞാന് അന്ധനായ ഒരു പാര്ട്ടിഭക്തനാണെന്ന് താങ്കള്ക്ക് തോന്നിയത്. എന്റെ ആഭിമുഖ്യം ഇടതുപക്ഷ പ്രത്യയശാസ്ട്രത്തോട് തന്നെ.
പക്ഷെ കൊക്കനാംചേരി പഞ്ചായത്തിലെ മൂന്നാം വാര്ഡിലെ നേതാവിന്റെ അപചയത്തെ അപഹസിച്ച് ഒരു ബ്ലോഗ് തന്നെ , പിറ്റേദിവസം ( വല്ലാതെ പ്രതികരനബോധം വന്നാല് അതെ ദിവസം ) എഴുതിവിടുന്ന താങ്കള്, വലതുപക്ഷത്തെ അപചയത്തെ കാണാതെ പോകുന്നതിലുള്ള ആ "മലക്കം മറിച്ചില്" ഉണ്ടല്ലോ-- അത് അസ്സലാകുന്നുണ്ട്.
പാര്ട്ടിയിലെ ഏറ്റവും വൃത്തികെട്ട ഒരു കാലഘടതിലൂടെയാണ് മലയാളി കടന്നുപോകുന്നത് എന്നും ഞാന് എഴുതിയിരുന്നു. പക്ഷെ, ഇപ്പോഴും വലതുപക്ഷത്തെ മറ്റേതൊരു പാര്ട്ടിയെക്കാളും , സത്യസന്ധത ഈ പാര്ട്ടിക്കുണ്ടെന്ന് ഞാന് കരുതുന്നു. ഇതുപോലെ പാര്ട്ടിയിലെ തെറ്റ് തിരുത്തിനു തയ്യാറുള്ള എത്ര പാര്ട്ടികളുണ്ട് ഇവിടെ ?... .. നിഷ്പക്ഷത നടിച്ചു ഇത്തരം ബ്ലോഗിലും , അതിന്റെ പ്രതികരണങ്ങളിലും എഴുതുന്നവര് പലപ്പോഴും "മനോരമ" യുടെ ഭാഷയാണ് ഉപയോഗിക്കാറ്.
ഇപ്പോഴും മനസ്സിലാകാത്ത കാര്യം -- പാര്ട്ടി ഇങ്ങനെ തെറ്റ് തിരുത്തുമ്പോള്, താങ്കളെപോലുള്ള അതിഭയങ്കര ബുദ്ധിരാക്ഷസന്മാര് ആ പാര്ട്ടിയെ അഭിനന്ദിക്കണോ അതോ പുലഭ്യം പറയണോ,,, വായനക്കാര് തന്നെ തീരുമാനിക്കട്ടെ

Unknown said...

തെറ്റ് തിരുത്തല്‍ നടപടികള്‍ പ്രയോഗത്തില്‍ കൊണ്ടുവരുമ്പോള്‍ തീര്‍ച്ചയായും അഭിനന്ദിക്കുക തന്നെ ചെയ്യും മനോഹര്‍ജീ.. മാത്രമല്ല പാര്‍ട്ടിയെ പിന്താങ്ങാനും ഞാന്‍ ബ്ലോഗില്‍ ഉണ്ടാകും. പക്ഷെ തിരുത്തല്‍ നടക്കും എന്ന് കരുതാന്‍ ഒട്ടും ന്യായം കാണുന്നില്ല. അത്രയും ജീര്‍ണ്ണതയിലാണ് പാര്‍ട്ടി. തിരുത്തിയാല്‍ പാര്‍ട്ടി മെഷിനറി ഉണ്ടാകില്ല. പണം പാര്‍ട്ടിയെ തിരുത്താനാകാത്ത വിധം ദുഷിപ്പിച്ചിട്ടുണ്ട്. മേലേ തട്ടില്‍ ചില മിനുക്ക് പണികളേ നടക്കൂ. എന്തെങ്കിലും നേട്ടത്തിനല്ലാതെ നിസ്വാര്‍ത്ഥ സേവനത്തിന് ഇന്ന് പാര്‍ട്ടിക്ക് താഴേത്തട്ടില്‍ പ്രവര്‍ത്തകന്മാരില്ല.

ഈ പോസ്റ്റ് മനോഹര്‍ ശ്രദ്ധയോടെ വായിച്ചോ? ഓലയമ്പലം ബസാര്‍ പിണറായി വിജയന്റെ വീട് സ്ഥിതി ചെയ്യുന്ന സ്ഥലമാണ്. പോസ്റ്റില്‍ ഞാന്‍ പരാമര്‍ശിച്ച വ്യക്തി പിണറായിയുടെ വലംകൈ.എന്നോട് ഇത് പറഞ്ഞത് പിണറായിയുടെ അയല്‍പ്പക്കത്തുള്ളവര്‍. ആളുകള്‍ അടക്കം പറഞ്ഞു ചിരിക്കുന്നു. നിസ്സാരമായ ഒരു സംഭവമാണ് ഞാന്‍ പറഞ്ഞത്. സഹകരണസംഘങ്ങളില്‍ നിന്ന് പണം മുക്കി പലരും പാര്‍ട്ടിക്ക് പുറത്താകുന്നുണ്ട്. പിടിക്കപ്പെട്ട ചിലര്‍ പുറത്താക്കപ്പെടുന്നുണ്ട് എന്നത് സത്യം തന്നെ. പക്ഷെ അകത്തുള്ളവരോ? ഞാന്‍ നീട്ടുന്നില്ല. പക്ഷെ ജീര്‍ണ്ണത ധനാര്‍ത്തിയുടെ രൂപത്തില്‍ അര്‍ബ്ബുദം പോലെ പാര്‍ട്ടിയെ ബാധിച്ചിരിക്കുന്നു. അതിന് പുറമേയാണ് പ്രാദേശികമായ ചില ക്രിമിനലുകളുടെ അതിക്രമങ്ങള്‍. തൊണ്ണൂറ്റിയൊന്‍പത് ശതമാനം പ്രവര്‍ത്തകരും ക്രിമിനലുകള്‍ അല്ല എന്ന സത്യം ഓര്‍ത്ത്കൊണ്ട് തന്നെ പറയട്ടെ പാര്‍ട്ടിക്രിമിനലുകളെ സമൂഹം ഭയപ്പെടുന്നു. ഇതൊക്കെ തുറന്ന് പറയാന്‍ ഒരു ഭാഷയേ ഉള്ളൂ. ആ ഭാഷ മനോരമയ്ക്ക് സ്വന്തമല്ല.

അങ്കിള്‍ said...

മാഷേ,

ഊണും ഉറക്കവും കളഞ്ഞ് അതിനേക്കാൾ പ്രധാനമായി കോടിക്കണക്കിനു നികുതിപ്പണവും ചെലവിട്ടല്ലേ അഞ്ചു കൊല്ലാത്തേക്ക് വേണ്ടി കഴുതകളായ പൊതുജനം എം.എൽ.എ മാരെ തെരഞ്ഞെടുത്തു വിട്ടത്. എന്നിട്ട് കൊല്ലം മൂന്നല്ലേ കഴിഞ്ഞൊള്ളൂ. വീണ്ടും കോടികൾ ചെലവിടാൻ പോകുന്നു. ആരുടെ തെറ്റു മൂലം?

ഈ തെറ്റും തിരുത്തണ്ടേ. ഇടതായാലും വലതായാലും എന്നെന്നും ഓർക്കുന്ന വിധത്തിൽ ഈ തെറ്റു തിരുത്താൻ കണ്ണൂരിലെ സാധാരണ ജനങ്ങൾ തയ്യാറാകുമെന്ന്, തയ്യാറാകണമെന്നു ഞാനാശിക്കുന്നു.

Unknown said...

മാഷേ എന്റെ കഴിഞ്ഞൊരു പോസ്റ്റില്‍ മനോജ് പറഞ്ഞിരുന്നു ജനങ്ങളുടെ മുന്നില്‍ മറ്റൊരു ഓപ്ഷന്‍ ഇല്ലാത്തത് കൊണ്ടാണ് കോണ്‍ഗ്രസ്സ് തിരിച്ചു വരുന്നത് എന്ന്. ആ പ്രസ്ഥാവന അക്കാര്യത്തില്‍ യോജിക്കാത്തതായിരുന്നു. എന്തെന്നാല്‍ ജനങ്ങളുടെ മുന്നില്‍ അസംഖ്യം പര്‍ട്ടികള്‍ ഉണ്ടല്ലോ. എന്നാല്‍ ഇപ്പോഴത്തെ ഉപതെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് ഓപ്ഷന്‍ ഒന്നുമില്ല. വോട്ട് ചെയ്യാതിരിക്കാനും പറ്റില്ല,പ്രത്യേകിച്ചും കണ്ണൂരില്‍. അനാവശ്യതെരഞ്ഞെടുപ്പ് ഒഴിവാക്കന്‍ തെരഞ്ഞെടുപ്പ് പരിഷ്ക്കാരങ്ങള്‍ നടപ്പാക്കേണ്ടത് രാഷ്ട്രീയപ്പാര്‍ട്ടികള്‍ തന്നെയാണല്ലൊ. അവര്‍ സ്വന്തം കാര്യം വരുമ്പോള്‍ ഒറ്റക്കെട്ട് ആവുകയും ചെയ്യും. അപ്പോള്‍ നമ്മള്‍ എന്നും കഴുതകള്‍ തന്നെ:(

Sureshkumar Punjhayil said...

:)
Best wishes....!!!

കടത്തുകാരന്‍/kadathukaaran said...

96 ല്‍ അംഗീകരിച്ച രേഖ പാര്‍ട്ടി അംഗീകരിച്ചത് തൊട്ടുപോലും നോക്കാത്ത കേരളം പശ്ചിമബംഗാള്‍ സംസ്ഥാന ഘടകങ്ങളെ വിമര്‍ശിച്ചുകൊണ്ട് ചില ഉത്തരേന്ത്യന്‍ പ്രതിനിധികള്‍ സംസാരിച്ചത് വളരെ പ്രസ്ക്തമാണ്. കേരളത്തിലും പശ്ചിമബംഗാളിലും മാത്രമാണല്ലോ പാര്‍ട്ടിക്ക് ശക്തിയുണ്ടെന്ന് പറയപ്പെടുന്നതും അധികാരത്തില്‍ വരുന്നതും, അപ്പോള്‍ ആ സംസ്ഥാനത്ത് അത് നടപ്പിലായില്ല എന്നതിനര്‍ത്ഥം 2009 ല്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള ഈ രേഖക്കും അതേഗതി എന്നതും ഇതൊരു പൊറാട്ട് മാത്രമാണെന്നതും തന്നെയാണ്.

ബ്ലോഗുകളിലും ചാനല്‍ ചര്‍ച്ചകളിലും പങ്കെടുക്കുന്നവര്‍ ഇടതുപക്ഷത്തിന്‍റെ ജനോപകാരപ്രധമായ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിപ്പറയുകയും പാര്‍ട്ടിക്ക് കള്ളവും ചതിയുമില്ല എന്നുപറയുകയും ചെയ്യുന്നവരോട് വ്യക്തിപരമായി സംസാരിക്കുമ്പോള്‍ അറിയാം അവരുടെ മറ്റൊരുമുഖം ധാര്‍ഷ്ട്യത്തോടെ അനാവരണം ചെയ്യപ്പെടുന്നത്. കണ്ണൂരിലുള്ള ഇടതുസ്ഖാക്കള്‍, സുഹൃത്‌വലയത്തിലുള്ളവര്‍ തന്നെ അവരുടെ നാട്ടില്‍ ബൂത്തിലിരിക്കുന്ന യു ഡി എഫുകാരന്‍റെ ഭാര്യയുടെ വോട്ടുപോലും അതെ ഞാന്‍ തന്‍റെ ഭാര്യ തന്നെ എന്ന് പറഞ്ഞ സഖാവിന്‍റെ ഭാര്യ കള്ളവോട്ട് ചെയ്തു പോകുന്ന ധീര വിപ്ലവം തങ്ങളുടെ നാട്ടില്‍ ഞങ്ങള്‍ നടത്തിപ്പോരുന്നത് തന്നെയാണെന്ന് ആണയിടുമ്പോള്‍ എവിടേയാണ്‍ തെറ്റുതിരുത്തല്‍ എന്ന പൊറാട്ട് നാടകത്തിന്‍ വേദിയുണ്ടാവുക എന്നതും ചിന്തനീയമായ വിഷയമാണ്.,
കേരളത്തിലെ സി പി എം ഒരു വെല്ലുവിളിയായിത്തന്നെ സ്വീകരിക്കട്ടെ 'നീതിപൂര്‍വ്വമായ ഒരു തിരഞ്ഞെടുപ്പിനെങ്കിലും തങ്ങള്‍ തയ്യാറാണെന്ന്' എന്നിട്ടുപോരെ ഈ രേഖാ മഹാമഹം........?

Thommy said...

Dear KPS : Enjoyed your blogs.... and agree with your observations. Thank you for sharing. Pl. visit my blogs too. Regards, Thommy
--
-Thommy

3036 Fox Sedge Lane
Highlands Ranch, CO 80126

303 285 5109 (O)
303 683 1102 (R)
508 762 8119 (C)


Visit http://www.ireport.com/people/Thommy for my cartoon blog on CNN
Visit http://DrawnOpinions.blogspot.com for International Political Cartoons
Visit http://InnocentLines.blogspot.com for Indian/Kerala Political Cartoons

manu said...

കാലം മാറുന്നതിനനുസരിച്ച് സംഭവിച്ച ഒരു മൂല്യ ച്യുതി ഇവിടെ സംഭവിക്കതതായ ഒരു സ്ഥലവുമില്ല,, നല്ല പട്ടു കള്‍ക്ക് നല്ല കവിതകള്‍ക്ക്, നോവലുകള്‍ക്ക്, പ്രണയത്തിനു അങ്ങനെ എല്ലാറ്റിനും ,, അതു പോലെ രാഷ്ട്രീയ പര്‍തികള്‍ക്കും സംഘടനകള്‍ക്കും സംഭവിച്ചിട്ടുണ്ട്, അതില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ടികളും പെടും,, ഇവിടെ തെറ്റുകള്‍ ചെയ്യുന്നത് കമ്മ്യൂണിസ്റ്റ്‌ പാര്‍ടികള്‍ മാത്രമാണെന്നു ഇ ലേഖനം വായിച്ചാ തോന്നുന്നത് എന്റെ കുറ്റമാണോ ( ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ്‌ അനുഭാവിയാണ് ) അതോ മാഷിന്റെ എഴുത്തിന്റെ കുറ്റമാണോ എന്നെനിക്കറിയില്ല .. എന്ടയാലും അങ്ങനെ ഒരു തെറ്റ് ഞങ്ങള്‍ സംഭവിച്ചിട്ടുണ്ട് അതു തിരുതപെടെണ്ടത് തന്നെ ആണ് എന്നുള്ള ബോധം തന്നെ ആസവഹമാണ് ഒപ്പം അഭിനന്ദനീയവും ,,, അതു ചെയ്യാതെ ഒരു ചുക്കും സംഭവിക്കില്ല എന്ന് പറയുന്നത് ,,ഒരു ചുക്കും സംഭവിക്കാന്‍ പാടില്ല എന്നാ ആഗ്രഹമാണോ? എന്നാ ഒരു സംശയവും ഉണ്ടാവുന്നു തെറ്റ് എന്റേത് തന്നെ ആവാം ,, ഇവിടെ നല്ലത് സംഭവിക്കാന്‍ ആഗ്രഹിക്കു അതല്ലേ വേണ്ടത് ,, ഒന്നുമില്ലെങ്ങിലും കേരളത്തിലെ ജനങ്ങള്‍ ആദ്യമായി അധികരതിലെട്ടിയ പാര്‍ട്ടി അല്ലെ?

പിന്നെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ എന്ന് പറഞ്ഞാല്‍ സി പി എം മതമല്ല എന്നറിയാം ,, അതല്ല കുഴപ്പം മശേഴുതുമ്പോ അതു സി പി എം ഇന്റെ നിര്‍ക്കവുണ്നു ,, സ്വാഭാവികം,
പിന്നെ ഒരു ചോദ്യം കൂടി മാഷിന്റെ രാഷ്ട്രീയം ഏതാ ,, ?? രാഷ്തൃയമില്ല നിസ്പക്ഷം എന്നുത്തരം തരരുത് plzzzz

Kvartha Test said...

ഞാനും പലപ്പോഴും പ്രതീക്ഷയോടെ കണ്ടിരുന്ന പാര്‍ട്ടിയായിരുന്നു ഇത്. പക്ഷെ ഇപ്പോള്‍ ലക്ഷ്യബോധമില്ലാത്ത ഒരു കൂട്ടം ആള്‍ക്കാര്‍ മാത്രമായി പാര്‍ട്ടി അധഃപതിച്ചിരിക്കുന്നു എന്നത് ദുഃഖത്തോടെമാത്രമേ കാണാന്‍ കഴിയൂ. ഓലയമ്പലം ബസാറിനെകുറിച്ച് പറഞ്ഞതുപോലെയുള്ള സംഭവങ്ങള്‍ ഇവിടെയും ദിവസേന കാണാറുണ്ട്‌. ഒരു ചെറിയ തോടിനുകുറുകെ ഒരു കോണ്‍ക്രീറ്റ് നടപ്പാലം കെട്ടാനുള്ള പഞ്ചായത്തിന്റെ ഫണ്ടില്‍ നിന്നും വെട്ടിപ്പുനടത്താന്‍ ലോക്കല്‍ കമ്മിറ്റിയിലെ കുട്ടി നേതാക്കള്‍ ശ്രമിക്കുന്നത് നിസ്സഹായനായി കാണേണ്ടിവന്നിട്ടുണ്ട്. അന്നും ഉള്ളിന്റെയുള്ളില്‍ ഈ പാര്‍ട്ടിയെ ആദര്‍ശമുള്ള നല്ലൊരു പാര്‍ട്ടിയായി കണ്ടിരുന്നു, അല്ലെങ്കില്‍ കാണാന്‍ ആഗ്രഹിച്ചിരുന്നു. ഇന്നും അതേ ആഗ്രഹം എനിക്കുണ്ട്, പക്ഷെ മുതിര്‍ന്ന നേതാക്കള്‍തന്നെ കുട്ടി സഖാക്കളേക്കാള്‍ അധഃപതിച്ചുപോയതില്‍ ദുഃഖിക്കുന്നു. ഇനിയൊരു തിരുത്തല്‍ വഴി തിരിച്ചുവരവ് നടക്കുമോ?

[കേരളത്തില്‍ കോണ്ഗ്രസ് ഇതിനേക്കാള്‍ മെച്ചമാണോ എന്നൊന്നും അഭിപ്രായം പറയുന്നില്ല. ആദര്‍ശം താരതമ്യം ചെയ്തു പറയാനുള്ളതല്ല. ആദര്‍ശം കേവലമാണ് , ആപേക്ഷികമല്ല.]

Unknown said...

മനൂ, ഞാന്‍ നിഷ്പക്ഷനല്ല എന്ന് എന്റെ എഴുത്തിലൂടെ മനസ്സിലാവുമല്ലൊ. രാഷ്ട്രീയം വളരെ ഗൌരവത്തോടെ ചിന്തിക്കുകയും പഠിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്ന ഒരാളാണ് ഞാന്‍. ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികളും രാഷ്ട്രീയ പ്രവര്‍ത്തകന്മാരും കൂടിയേ തീരൂ. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ്സിനോട് അനുഭാവമുണ്ട്. സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ കോണ്‍ഗ്രസ്സിന് ഇന്ത്യയില്‍ പറയത്തക്ക രാഷ്ട്രീയ എതിരാളികള്‍ ഉണ്ടായിരുന്നില്ല,ഉള്ളവര്‍ പ്രായേണ ദുര്‍ബ്ബലരായിരുന്നു. എന്നിട്ടും അധികാരം കുത്തകയാക്കി വെക്കാന്‍ കോണ്‍ഗ്രസ്സ് ഒന്നും ചെയ്തില്ല. എല്ലാ പാര്‍ട്ടികള്‍ക്കും പ്രവര്‍ത്തിക്കാനുള്ള ജനാധിപത്യ സ്വാതന്ത്ര്യം കോണ്‍ഗ്രസ്സ് സൃഷ്ടിച്ചു വെച്ചു. ആ കോണ്‍ഗ്രസ്സ് പാരമ്പര്യത്തോട് എനിക്ക് മതിപ്പുണ്ട്. മറ്റേതെങ്കിലും പാര്‍ട്ടിക്കായിരുന്നു അന്ന് മേധാവിത്വമെങ്കില്‍ അതാകുമായിരുന്നില്ല സ്ഥിതി എന്നെനിക്കുറപ്പുണ്ട്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ തൊട്ടടുത്ത വര്‍ഷമാണ് ചൈനയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ എത്തുന്നത്. അതിന് ശേഷം അവിടെ മറ്റൊരു പാര്‍ട്ടിക്കും പ്രവര്‍ത്തനസ്വാതന്ത്ര്യം അനുവദിച്ചിട്ടില്ല എന്ന് മനസ്സിലാക്കേണ്ടതുണ്ട്.

എന്നിരുന്നാലും കമ്മ്യൂണിസ്റ്റ് സിദ്ധാന്തം എന്നെ ആകര്‍ഷിച്ചത് കൊണ്ട് ഞാന്‍ അല്പകാലം ഇവിടത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒടുവില്‍ സഹകരിച്ചത് സി.പി.എമ്മുമായിട്ടായിരുന്നു. എന്നാല്‍ പാര്‍ട്ടിയെ നിലനിര്‍ത്താനും വളര്‍ത്താനും പ്രവര്‍ത്തകര്‍ അനുസരിക്കുന്ന രീതികളോട്, ജന്മനാ ജനാധിപത്യവാദിയായ എനിക്ക് ഒട്ടും യോജിക്കാന്‍ കഴിഞ്ഞില്ല. രാഷ്ട്രീയം പൊതുകാര്യമാണ് അതില്‍ കുതന്ത്രങ്ങള്‍ തീരെ പാടില്ല എന്നാണെന്റെ നിലപാട്. ഒരു പക്ഷെ എനിക്ക് സി.പി.ഐ.യില്‍ ഇന്നും തുടരാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇടത് ഐക്യത്തിന്റെ പേരില്‍ സി.പി.ഐ. അതിന്റെ അസ്തിത്വം ഇല്ലാതാക്കി എന്ന് ഞാന്‍ നിരീക്ഷിക്കുന്നു.

എന്നാലും സി.പി.എമ്മില്‍ അന്നൊക്കെ നിസ്വാര്‍ത്ഥരായ ഒട്ടേറെ നല്ല പ്രവര്‍ത്തകന്മാര്‍ ഉണ്ടായിരുന്നു. ഇന്ന് സ്ഥിതിയാകെ മാറി. പാര്‍ട്ടി മെമ്പ്രന്മാര്‍ ഒരു പ്രത്യേക വര്‍ഗ്ഗമാണിന്ന്. പണം വീതം വയ്ക്കുക എന്നതാണ് ഇന്നത്തെ സമ്പ്രദായം. ഇതൊന്നും അനുഭാവികള്‍ അറിയുന്നില്ല. പാര്‍ട്ടി ഒരുപാട് സംരംഭങ്ങള്‍ നടത്തുന്നു. സ്വാഭാവികമായും പണക്കൊതിയന്മര്‍,അധികാരമോഹികള്‍,സ്ഥാനമോഹികള്‍ പാര്‍ട്ടിയില്‍ അടിഞ്ഞുകൂടി മേധാവിത്വം കൈക്കലാക്കുന്നു.അങ്ങനെ പാര്‍ട്ടി മെഷിനറി മിക്കവാറും ഇന്ന് അഴിമതിയുടെ വലയത്തിലാണ്. ലക്ഷക്കണക്കിന് അനുഭാവികളാണ് പാര്‍ട്ടിയുടെ അടിത്തറ. ആ അനുഭാവിലക്ഷങ്ങള്‍ക്ക് പാര്‍ട്ടിയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഒരു പിടുത്തവുമില്ല. അവര്‍ ഒന്നുമറിയുന്നുമില്ല. എന്നാല്‍ പ്രാദേശിക നേതാക്കളുടെ ആഡംബരവും ധൂര്‍ത്തും അവര്‍ കാണുന്നുമുണ്ട്.

പൊതുവെ ലോക്കല്‍ നേതാക്കളുടെ പെരുമാറ്റങ്ങളിലും അവര്‍ പണം തട്ടിയെടുക്കുന്ന രീതികളിലും അനുഭാവികള്‍ക്കും അമര്‍ഷമുണ്ട്. ഇതൊക്കെ തന്നെയാണ് ഇപ്പോഴത്തെ തിരുത്തല്‍ രേഖയിലും പ്രദിപാദിക്കുന്നത്. ഈ തെറ്റുകള്‍ തിരുത്തപ്പെടണമെങ്കില്‍ അനുഭാവികളില്‍ നിന്ന് തന്നെ ശബ്ദം ഉയരണം. അതിനുള്ള സാധ്യതയോ, പാര്‍ട്ടിമേമ്പ്രന്മാര്‍ സ്വമേധയാ മാറാനുള്ള സാധ്യതയും ഞാന്‍ കാണുന്നില്ല. അതാണ് ഈ പോസ്റ്റ് എഴുതാന്‍ കാരണം. എന്ത് കൊണ്ട് മാറാന്‍ കഴിയില്ല എന്നല്ലെ? കാരണം സാമ്പത്തിക കെട്ടുപാടുകള്‍ തന്നെ. ഉണ്ടാക്കി വെച്ചത് ഉപേക്ഷിച്ചു ആരെങ്കിലും പോകുമോ? ചുരുക്കത്തില്‍ പണം പാര്‍ട്ടിയെ ഒരു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അല്ലാതാക്കി മാറ്റി എന്ന് ഞാന്‍ ആരോപിക്കുന്നു.

എന്ത്കൊണ്ടാണ് സി.പി.എമ്മിനെ മാത്രം വിമര്‍ശിക്കുന്നു എന്നല്ലെ? സി.പി.എം. ലോകത്തിലുള്ള സര്‍വ്വതിനെയും വിമര്‍ശിക്കുന്നു,എല്ലാറ്റിലും അഭിപ്രായം പറയുന്നു എന്നതിന്റെ പേരിലല്ല. തങ്ങള്‍ പ്രത്യേകമായ എന്തോ ആണെന്നും തങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളെ സംഘടിപ്പിച്ച് പൊരുതുന്ന പ്രസ്ഥാനമാണെന്ന് രാപ്പകല്‍ പ്രസംഗിച്ചു മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നത് കൊണ്ടാണ് ചിലത് പറയേണ്ടിയും വിമര്‍ശിക്കേണ്ടിയും വരുന്നത്. ജനങ്ങളെ അവര്‍ ഇന്ന് സംഘടിപ്പിക്കുന്നത് അവര്‍ക്ക് വേണ്ടി മാത്രമാണ്. തങ്ങളുടെ ജീവനോപാധിയായ പാര്‍ട്ടിയെ നിലനിര്‍ത്താന്‍ വിശ്വാസികളായ അനുഭാവികളെ ഉപയോഗപ്പെടുത്തുകയാണവര്‍ ചെയ്യുന്നത്. വരുമാനം ഉണ്ടാക്കാനുള്ള ബിസിനസ്സുമായി ഏറെ ദൂരം മുന്നോട്ട് പോയത് കൊണ്ടാണ് പാര്‍ട്ടിക്ക് ഈ അവസ്ഥ വന്നത്. ഇന്ത്യയില്‍ തന്നെ കച്ചവടം ഇത്ര വിപുലമായി നടത്തുന്ന മറ്റൊരു പാര്‍ട്ടിയും ഇല്ല. പാര്‍ട്ടി മെമ്പ്രന്മാര്‍ എന്നാല്‍ ഇന്ന് പാര്‍ട്ടിത്തൊഴിലാളികള്‍ കൂടിയാണ്.

Unknown said...

പാര്‍ട്ടിയുടെ ട്രേഡ് യൂനിയന്‍ ഭാരവാഹികള്‍ ഇന്ന് തൊഴിലാളികളുടെ കൈയ്യില്‍ നിന്ന് വരിസംഖ്യയും ബോണസ് ഫണ്ടും, മുതലാളിമാരുടെ കൈയില്‍ നിന്ന് കമ്മീഷനും പറ്റുന്ന തീര്‍ത്തും ബ്രോക്കര്‍മാര്‍ ആയി മാറി. ഇത് വെറുപ്പ് കൊണ്ട് പറയുന്നതല്ല. ഞാന്‍ കൊല്ലത്തെ കശുവണ്ടി മേഖലയിലെ പലരോടും സംസാരിച്ചിട്ടുണ്ട്. തൊഴിലാളികള്‍ക്ക് മൂന്ന് ഡി.എ. ബാക്കിയാവുക കുറെ കഴിഞ്ഞ് രണ്ട് ഡി.എ. അനുവദിക്കുക അങ്ങനെ ഒരു ഡി.എ.മുക്കുക. മുക്കിയ ഡി.എ.യുടെ വിഹിതം നേതാവ് പറ്റുക. അപ്പോഴേക്കും വീണ്ടും രണ്ട് ഡി.എ. കുടിശ്ശിഖ പിന്നെയും ബാക്കിയാവും. മുതല്‍മുടക്കില്ലാത്ത കച്ചവടമാണ് ഇന്ന് ട്രേഡ് യൂനിയന്‍ ഭാരവാഹിത്വം. എന്നിട്ടും പ്രസംഗം തൊഴിലാളി പ്രേമം. ഇതൊക്കെ എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഒരു പടുകൂറ്റന്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആയ സി.പി.എമ്മിനെതിരെ ശബ്ദിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല.

ഇപ്പോഴത്തെ തെറ്റുതിരുത്തല്‍ രേഖയും ലാവലിന്‍ കേസ് പോലെയുള്ള സംഭവവികാസങ്ങളും പര്‍ട്ടിയില്‍ ഗുരുതരമായ വീഴ്ചകള്‍ ഉണ്ടെന്ന് അനുഭാവികളും മനസ്സിലാക്കാന്‍ ഇടയായിട്ടുണ്ട്. അത്കൊണ്ട് പാര്‍ട്ടി തെറ്റ് തിരുത്തുന്നുണ്ടോ എന്ന് എല്ലാവരും ഉറ്റുനോക്കും. അനിശ്ചിതകാലം ഭാരവാഹിത്വം സ്വന്തം സ്വത്ത് പോലെ വെച്ചനുഭവിക്കുന്നതാണ് പാര്‍ട്ടി അഴിമതിയില്‍ മുങ്ങാന്‍ പ്രധാനകാരണം. അത് തിരുത്തപ്പെടുമോ എന്ന് കണ്ടറിയണം.

ഇനിയും കുറെ പറയാനുണ്ട്. വഴിയെ പറയാം. എന്റെ ഇപ്പോഴത്തെ രാഷ്ട്രീയം എന്തെന്ന് ചോദിച്ചാല്‍ ജനിച്ചാല്‍ ഒരു പാര്‍ട്ടി വേണം എന്ന കക്ഷിരാഷ്ട്രീയ കെട്ടുപാടുകള്‍ക്കതീതനാണ് ഞാന്‍. പൌരന്മര്‍ കക്ഷിരാഷ്ട്രീയത്തിനടിമകള്‍ ആകരുത് എന്ന് ഞാന്‍ കരുതുന്നു. നമ്മുടെ വോട്ടവകാശം ആര്‍ക്കും സ്ഥിരമായി പണയപ്പെടുത്തരുത് എന്നും അഭിപ്രായമുണ്ട്.

നിസ്സഹായന്‍ said...

കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയെ വിമര്‍ശിക്കുന്നത് അപ്രസക്തമാണ്. കാരണം സോഷ്യലിസം കമ്മ്യുണിസം വിപ്ലവം എന്നൊക്കെ ജനങ്ങളെ പഠിപ്പിച്ച്, അവരില്‍ പ്രത്യാശ സൃഷ്ടിച്ച്, വിപ്ലവത്തിനു പരിപാകമാകാത്തതിനാല്‍ തല്‍ക്കാലം ജനകീയ ജനാധിപത്യവിപ്ലവത്തിന് കച്ചകെട്ടിയിറങ്ങിയ പാര്‍ട്ടി, എല്ലാ‍ത്തരത്തിലും അധപ്പതിച്ചിട്ടും ഇപ്പോഴും കോണ്‍ഗ്രസിനേക്കാള്‍ മെച്ചമല്ലെ ഞങ്ങള്‍ വീമ്പുപറയുന്നതില്‍ എന്താണര്‍ത്ഥം ! കോണ്‍ഗ്രസ് അതിന്റെ ഉത്ഭവകാലം മുതല്‍, വരേണ്യരാല്‍ എല്ലാത്തരം വരേണ്യര്‍ക്കുവേണ്ടിയും, അവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള പാര്‍ട്ടിയാണ്. അതില്‍ നിന്നും വ്യത്യസ്ഥമായി സമത്വത്തിന്റേയും ഭാരതത്തിന്റെ സവിശേഷകളായ ജാതിയുടെയും അന്ധവിശ്വാസങ്ങളുടേയും അനാചാരങ്ങളുടേയും ചൂഷണത്തിന്റെയും കെട്ടുപാടുകളില്‍ നിന്നും മോചിപ്പിക്കുമെന്നുള്ള വാഗ്ദാ‍നത്തിലാണ് അടിസ്ഥാന വര്‍ഗ്ഗം കമ്മ്യൂണിസ്റ്റുകളില്‍ അന്ധവിശ്വാസിതരായത്. അതിനു ഒരിക്കലും കഴിയില്ലെന്നു തെളിയിക്കുന്നതരത്തില്‍ അവര്‍ അധപതിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇപ്പോഴും പാര്‍ട്ടിയെ പുകഴ്ത്തിപറയുന്നവര്‍ ഒന്നുകില്‍ ജനശത്രുക്കളാണ്, അല്ലെങ്കില്‍ പാര്‍ട്ടിയുടെ കച്ചവടങ്ങളിലെ ലാഭത്തിന്റെ പങ്കാളികള്‍ !
ഈ തെറ്റു തിരുത്തലും ജനത്തിന്റെ കണ്ണില്‍ പൊടിയിടലാണ്. ഇതിനുമുന്‍പ് നടത്തിയ തിരുത്തലുകളുടെ അനന്തഫലമെന്തായിരുന്നു എന്നു വിലയിരുത്തിട്ടു വേണം പുതിയ തിരുത്തല്‍ തുടങ്ങാന്‍ ! ‘കമ്മുണിസ്റ്റുപാര്‍ട്ടി’എന്നുള്ള പേര് ഇന്ത്യയിലെ പാര്‍ട്ടികള്‍ ഉപേക്ഷിക്കുകയാണെങ്കില്‍ എല്ലാ വിമര്‍ശനങ്ങളും അസ്ഥാനത്തായിക്കോളും, പിന്നെ തെറ്റുകള്‍ തിരുത്തേണ്ട കാര്യവുമില്ല, കോണ്‍ഗ്രസിനേയും മറ്റും പോലെ !!!!  

Unknown said...

നിസ്സഹായന്‍ പറഞ്ഞതാണ് കാര്യം. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പ്രത്യേകിച്ച് സി.പി.എം. പേരില്‍ നിന്ന് കമ്മ്യൂണിസ്റ്റ് എന്ന വിശേഷണം ഒഴിവാക്കണം. എന്നാല്‍ പിന്നെ ആരും വിമര്‍ശിക്കുകയില്ല. കച്ചവടമോ ബിസിനസ്സോ ജനാധിപത്യം അനുവദിക്കുന്ന എന്തും ചെയ്തോട്ടെ. ആരും ഒന്നും പറയില്ല.

Baiju Elikkattoor said...

athe, valare shari!

Kvartha Test said...

പരമ സത്യം. അടുത്ത 'പാര്‍ട്ടി കോണ്ഗ്രസ്' തീരുമാനിക്കട്ടെ!

നന്ദന said...

നന്നാക്കണം , നന്നാവണം ...
പക്ഷെ കുളിപ്പിച്ച് കുളിപ്പിച്ച് ........
കുട്ടിയെ കൊല്ലരുത്‌ ....
നന്ദന

വേഗാഡ് said...

പ്രീയപെട്ട KPS ;
മുന്‍പ് "യയാതിപുരത്തില്‍" എഴുതിയ ഒരു പോസ്റ്റ്‌ ഈ പ്രശ്നത്തില്‍ ഒരു അഭിപ്രായമായി ചേര്‍ക്കാന്‍ അനുവദിക്കുക
"നമ്മുടെ രാഷ്ട്രീയക്കാരുടെ ശമ്പളം എത്രയാണ് ?
പിണറായി മുതല്‍ വിജയന്‍ വരെയുളളവരുടെ അഴിമതിയുടെ അടിസ്ഥാന കാരണം ഈ ശമ്പള പരിഷ്കരണം വൈകുന്നതാണ്.നമ്മുടെ രാഷ്ട്രീയക്കാരും അവരുടെ കുടുംബാങ്ങങ്ങളും വായു‌വും വെള്ളവും മാത്രം ഭക്ഷിച്ചല്ലല്ലോ ജീവിക്കുന്നത് . നമ്മളേയും നമ്മുടെ നാടിനേയൂം ഇവര്‍ ഫ്രീയായി സേവിച്ചു കൊളളുമെന്ന് കരുതിയ നമ്മളാണ് മണ്ടന്മാര്‍ .എല്ലാത്തിനും ഒരു വ്യവസ്തയും വെള്ളിയാഴ്ചയും വേണമല്ലോ .ആയതിനാല്‍ താഴെ പറയുന്ന കാര്യങ്ങള്‍ക്ക് നിരക്ക് എര്‍പ്പെടുത്തുക..
ട്രാന്‍സ്ഫര്‍ ,പ്രമോഷന്‍, പി എസ് സീ റാങ്ക് ലിസ്റ്റില്‍ പേര് വരുത്തല്‍ ,സര്‍ക്കാര്‍ കോണ്‍ട്രാക്റ്റ് തുടങ്ങിയവ,
അയല്‍വാസിക്കും ദരിദ്രവാസിക്കും എതിരെ കള്ളക്കേസും നല്ല കേസും കൊടുക്കാന്‍
പോലിസ് സേ്റ്റഷന് കേറി നിരങ്ങല്‍ തുടങ്ങിയ കലാപരിപാടികള്‍ക്ക് ഓരോ പാര്‍ട്ടികളും അവരവരുടെ നിരക്കുകള്‍ പ്രസിദ്ധീകരിക്കുക. ജനത്തിന് ഇഷ്ടമുള്ളവരെയും കയ്യില്‍ ഒതുങ്ങുന്നവരെയും തിരഞ്ഞെടുക്കാം. ഇപ്പോഴും കാര്യങ്ങള്‍ ഇങ്ങനെയൊക്കെ തന്നെയാണ് നടക്കുന്നത് എങ്കിലും....... എല്ലാത്തിനും ഒരു സുതാര്യത ആവട്ടെ ............
വേണമെങ്ങ്കില്‍ വോട്ടു ചെയ്യാന്‍ കാശ് നമ്മുക്കും ചോദിക്കാം "

Abdul Hakkim said...

സുകുമാരേട്ടന്‍ എഴുതിയത് പോലെ എനിക്കും ചില അനുഭവങ്ങള്‍ ഉണ്ടായി. ഫേസ് ബുക്കില്‍ മന്‍സൂര്‍ KV എന്ന ഒരു ഇടതു പക്ഷ സുഹ്രത് ചില UDF നേതാക്കളെ ഉന്നം വെച്ചുള്ള കൃത്രിമ പടങ്ങള്‍ അപ്‌ലോഡ്‌ ചെയ്തത് ഞാന്‍ കാണാന്‍ ഇടയായി. ഇത് ഒറിജിനല്‍ അല്ലാലോ? കൃത്രിമമായി ഉണ്ടാക്കിയതല്ലേ, ഇത് എടുത്തു മറ്റു എന്ന് ഞാന്‍ പറഞ്ഞു. അത് മൂപ്പര്‍ക്ക് തീരെ രസിച്ചില്ല. ഉടനെ എന്നെ ഒരു വലതു പക്ഷക്കാരനായി മുദ്ര കുത്തി. അവരുടെ പാര്‍ട്ടിയിലെ ചില കാര്യങ്ങള്‍ എനിക്ക് അറിയാവുന്നത് ഞാന്‍ പറയുകയും ചെയ്തു. ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ശരിയായ മറുപടി ലഭിച്ചില്ല. എപ്പോള്‍ എന്നെ അയാളുടെ facebook profile കാണാത്ത രീതിയില്‍ block ചെതിരിക്കുകയാണ് . ഉത്തരം മുട്ടുമ്പോള്‍ സഖാക്കള്‍ ചെയ്യുന്ന പണി ഇതാണ്, വലതു പക്ഷക്കാരനായും മൂരാച്ചി ആയും പാര്‍ടി വിരുധനയും മുദ്ര കുത്തുക. കമ്മ്യൂണിസ്റ്റ്‌ പാര്‍ടി കേരളത്തില്‍ ഇല്ലെങ്കില്‍ എല്ലാവരും ഭിക്ഷ തെണ്ടി നടക്കും എന്നാണ് അവരുടെ വിചാരം. പഴയ കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങള്‍ മുഴുവന്‍ ഇന്ന് ലോകത്തുള്ള മുതലാളിത്ത രാജ്യങ്ങളുടെയും ധനകാര്യ സ്ഥാപനങ്ങലുടെയും സഹായത്തിലാണ് കഴിഞ്ഞു പോകുന്നത് എന്നത് അവര്‍ സൌകര്യപൂര്‍വ്വം വിസ്മരിക്കുന്നു. നമ്മുടെ രാജ്യം കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ കീഴില്‍ വന്നാലും അത് തന്നെ ആണ് അവസ്ഥ. ബംഗാളിലെ ജനങ്ങള്‍ അത് മനസ്സിലാക്കി...