ചെങ്ങറ ഭൂസമരം; ഭാഗികവിജയം!അങ്ങനെ 2007 ആഗസ്റ്റ് നാലാം തീയ്യതി മുതല്‍ ളാഹ ഗോപാലന്റെ നേതൃത്വത്തില്‍ സാധുജനവിമോചനമുന്നണി നടത്തിവന്നിരുന്ന ചെങ്ങറഭൂസമരം ഒത്തുതീര്‍ന്നു. ഇത്രയും കാലം ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെയും പിന്തുണയില്ലാതെ നടത്തിവന്ന ഈ സമരം എന്തുകൊണ്ടും സമരങ്ങളുടെ ചരിത്രത്തില്‍ ഐതിഹാസികം തന്നെയാണ്. ശരിക്ക് പറഞ്ഞാല്‍ സമരങ്ങള്‍ക്ക് മാതൃകയാണ് ഈ സമരം. ഇക്കാലത്ത് രാഷ്ട്രീയപ്രൊഫഷണലുകളും ട്രേഡ് യൂനിയന്‍ മധ്യവര്‍ത്തികളും ജനകീയസമരങ്ങളെ ഹൈജായ്ക്ക് ചെയ്തുകൊണ്ടു പോയിട്ടുണ്ട്. ഒരു ജനകീയ സമര നേതാവ് എങ്ങനെയിരിക്കണം എന്നതിന് നമുക്ക്
ളാഹ ഗോപാലനെ ചൂണ്ടിക്കാണിക്കാന്‍ പറ്റും. ജനങ്ങളോടൊപ്പം അന്തിയുറങ്ങാന്‍ കഴിയുന്നവനായിരിക്കണം ജനനേതാവ്. നേതാവ് എന്നത് ഒരു ബഹുമതിയോ,പദവിയോ,സ്ഥാനമോ അല്ല. സ്വാതന്ത്ര്യസമരകാലത്ത് ഈ ഒരു സങ്കല്പം നിലനിന്നിരുന്നു. ഇന്നിപ്പോള്‍ നേതാവ് എന്നാല്‍ ജനങ്ങളുടെ യജമാനന്‍ എന്നാണ് സങ്കല്പം. ഇവിടെയാണ് ളാഹ ഗോപാലന്റെ പ്രസക്തി.

ചെങ്ങറ സമരം ഒരു ഫ്ലാഷ്‌ ബായ്ക്ക്


ളാഹ ഗോപാലന്‍ ചെങ്ങറ സമരത്തെക്കുറിച്ച് മാധ്യമത്തോട് സംസാരിച്ചത് 2008 ആഗസ്റ്റ് 8ന്റെ ലക്കത്തില്‍ നിന്ന്:

ചെങ്ങറയില്‍ തോട്ടം തൊഴിലാളികളെ മുന്നില്‍ നിര്‍ത്തി നടത്തുന്ന ഉപരോധസമരത്തിനുമുന്നില്‍ മുട്ടുമടക്കില്ലെന്ന് സാധുജനവിമോചന സംയുക്തവേദി പ്രസിഡന്റ ളാഹ ഗോപാലന്‍. ഉപരോധം ഭൂരഹിതരായ പാവങ്ങളെ സമരരംഗത്ത് ശക്തമായി ഉറച്ചു നില്‍ക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടെന്നും പട്ടിണികിടന്ന് മരിക്കാന്‍ സമരക്കാര്‍ സന്നദ്ധരാണെന്നും ഗോപാലന്‍ 'മാധ്യമ'ത്തോടുപറഞ്ഞു. സമരക്കാരെ പ്രകോപിപ്പിച്ച് ചെങ്ങറയില്‍ ക്രമസമാധാന പ്രശ്നം സൃഷ്ടിക്കാനും തോട്ടം തൊഴിലാളികള്‍ക്കിടയില്‍ നിന്ന് രക്തസാക്ഷികളെ സൃഷ്ടിച്ചെടുക്കാനുമാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. ഉപരോധം ആരംഭിച്ചശേഷം ഇതുവരെ 250ഓളം സാധാരണക്കാര്‍ അക്രമത്തിനിരയായി. ചികിത്സക്കായി പുറത്തേക്കുവന്ന വൃദ്ധകളെയടക്കം മര്‍ദിച്ചു. എന്ത് പ്രകോപനമുണ്ടായാലും സമാധാനപരമായ സമരത്തിന്റെ പാതയില്‍ നിന്ന് വ്യതിചലിക്കാന്‍ ഉദ്ദേശിക്കുന്നില്ല. അവശനിലയില്‍ കഴിയുന്ന ആരെയും ഇനി സമിതി ആശുപത്രിയില്‍ കൊണ്ടുപോകില്ല. സര്‍ക്കാറിനുവേണമെങ്കില്‍ ചെയ്യാം.

2006 ജൂണില്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കൊടുമണ്‍^ ചന്ദനപ്പള്ളി എസ്റേറ്റിലാണ് സാധുജനവിമോചന സംയുക്തവേദി ആദ്യം ഭൂമിക്കുവേണ്ടി സമരം ആരംഭിച്ചത്. തിരുവനന്തപുരത്ത് മന്ത്രി കെ. പി രാജേന്ദ്രനുമായി നടത്തിയ ചര്‍ച്ചയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ചുദിവസത്തിനുശേഷം സമരം പിന്‍വലിച്ചു.അടിസ്ഥാന വര്‍ഗ കുടുംബങ്ങള്‍ക്ക് ദാരിദ്യ്രരേഖക്ക് മുകളില്‍ എത്താനുള്ള കൃഷിഭൂമി നല്‍കുക, കൃഷിയിറക്കുന്നതിന് 50,000 രൂപ വീതം നല്‍കുക, പട്ടികജാതി ^വര്‍ഗ വിഭാഗ കുടുംബത്തില്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ന യു ഡി എഫ് സര്‍ക്കാറിന്റെ പ്രഖ്യാപനം നടപ്പാക്കുക, അവശക്രൈസ്തവരെ പട്ടികജാതിയില്‍പെടുത്തുക, അംബേദ്കര്‍ ചരമദിനവും അയ്യങ്കാളി ജന്മ^ചരമ ദിനങ്ങളും പൊതു അവധിയായി പ്രഖ്യാപിക്കുക, കല്ലേലി അപ്പൂപ്പന്‍ കാവ് വികസനത്തിന് 5ഏക്കര്‍ ഭൂമി പതിച്ചു നല്‍കുക തുടങ്ങിയ 22 ആവശ്യങ്ങളാണ് സമരത്തിനാധാരമായി ഉന്നയിച്ചിരുന്നത്. മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വിതരണം ചെയ്തതുപോലെയോ അല്ലെങ്കില്‍ ഇപ്പോള്‍ തമിഴ്നാട്ടില്‍ കരുണാനിധി സര്‍ക്കാര്‍ നടപ്പാക്കുന്നതുപോലെയോ പട്ടികജാതിക്കാര്‍ക്ക് വിതരണം ചെയ്യാമെന്നാണ് ഉറപ്പ് നല്‍കിയത്.

ഒരുവര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ ഉറപ്പ് പാലിക്കാത്തതിനാലാണ് ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ കുമ്പഴ തോട്ടത്തില്‍ കടന്നുകയറി സമരമാരംഭിച്ചത്.പ്രതികൂല സാഹചര്യങ്ങളെല്ലാം അതിജീവിച്ച് ഒരുവര്‍ഷം പിന്നിട്ട സമരം അടിച്ചമര്‍ത്താന്‍ ഇപ്പോള്‍ നടക്കുന്ന നീക്കം തൊഴിലാളികള്‍ക്ക് വേണ്ടിയല്ലെന്ന് ഗോപാലന്‍ പറഞ്ഞു . സമരം നടക്കുന്ന സ്ഥലത്ത് റബര്‍മരങ്ങള്‍ വെട്ടുന്നതിന്റെ കാലാവധി കഴിഞ്ഞതും മുറിച്ചുമാറ്റാന്‍ നിര്‍ത്തിയിട്ടുള്ളതുമാണ്. ഇതില്‍ നിന്ന് ചെറിയതോതില്‍ സമരക്കാര്‍ കറയെടുക്കുന്നുണ്ട്. ജീവിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലാത്തതുകൊണ്ടാണിത.് സമരം ഒത്തുതീര്‍ക്കാന്‍ പരമാവധി വിട്ടുവീഴ്ചക്ക് സമരസമിതി സന്നദ്ധത അറിയിച്ചിട്ടുള്ളതാണ് . ആവശ്യം ഒരേക്കര്‍ ഭൂമിയില്‍ പരിമിതപ്പെടുത്താനും സന്നദ്ധമാണ്. 50,000 രൂപ വായ്പയായി നല്‍കിയാലും മതി. സമരക്കാരില്‍ അര്‍ഹതയുള്ളവരെ കണ്ടെത്താന്‍ ജില്ലാ ഭരണകൂടം നല്‍കിയ ചോദ്യാവലി പൂരിപ്പിച്ച് കൊടുക്കാന്‍ തീരുമാനിച്ചതിന്റെ തലേന്നാണ് തൊഴിലാളികള്‍ ഉപരോധവുമായി രംഗത്ത് വന്നതെന്നും ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഗോപാലന്‍ ആരോപിച്ചു. അപേക്ഷകളിലെ വിവരം പുറത്തുവന്നാല്‍ സമരക്കാര്‍ കൂടുതലും സ്വന്തമായി ഭൂമിയുള്ളവരാണെന്നും മറ്റുമുള്ള ആരോപണം പൊളിയും. ആറായിരത്തോളം അപേക്ഷകളാണ് തയാറായിരിക്കുന്നത്. ഇതില്‍ ആയിര ത്തോളം പേര്‍ വാടകവീടുകളില്‍ താമസിക്കുന്നവരാണ്. ഇവര്‍ക്കൊന്നും ഇനി മടങ്ങാനാകില്ല. എന്തെങ്കിലും ഒരുറപ്പിന്റെ പേരില്‍ സമരം അവസാനിപ്പിക്കുന്ന പ്രശ്നമില്ലെന്നും ഗോപാലന്‍ പറഞ്ഞു.

ഭൂമി ചെങ്ങറയില്‍ തന്നെ വേണമെന്ന് നിര്‍ബന്ധമില്ല. വാഗ്ദാനം ചെയ്യുന്ന ഭൂമി എവിടെയാണെങ്കിലും അത് ലഭിക്കുന്നതുവരെ സമരക്കാര്‍ ചെങ്ങറയില്‍ തുടരും. സമരക്കാരില്‍ അര്‍ഹത ബോധ്യപ്പെടുന്നവര്‍ക്കു മാത്രം സര്‍ക്കാര്‍ ഭൂമി നല്‍കിയാല്‍ മതി. സര്‍ക്കാറിനു ഹാരിസന്റെ തോട്ടം ഏറ്റെടുത്ത് വിതരണം ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ലഭ്യമായ കേന്ദ്ര ഫണ്ട് ഉപയോഗിച്ച് തോട്ടം വാങ്ങി ഭൂമി നല്‍കാവുന്നതേയുള്ളൂ. പക്ഷേ, കഴിഞ്ഞ പഞ്ചവത്സരപദ്ധതിയില്‍ പട്ടികജാതിക്ഷേമത്തിനുള്ള 133 കോടി ലാപ്സാക്കിയവര്‍ക്ക് ഇക്കാര്യങ്ങളൊന്നും ഉള്‍ക്കൊള്ളാനാവില്ല. ഭൂമിയൊക്കെ വ്യവസായികളെ ഏല്‍പിക്കാന്‍ തോമസ് ഐസക്കും എളമരം കരീമുമൊക്കെ വ്യഗ്രത കാട്ടുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ ആവശ്യം നേടിയെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ പാവങ്ങള്‍ക്ക് തരാന്‍ ഭൂമിയില്ലാത്ത അവസ്ഥയുണ്ടാകുമെന്നും ളാഹ ഗോപാലന്‍ പറഞ്ഞു. തന്റെ കഴിവോ വലുപ്പമോ കണ്ടല്ല ചെങ്ങറയില്‍ ഇത്രയധികം ആളുകള്‍ സമരത്തിനെത്തിയത്. പട്ടികജാതിക്കാര്‍ അനുഭവിക്കുന്ന ദുരിതവും ഗതികേടും കൊണ്ടാണ്. ഈ സാഹചര്യം മനസ്സിലാക്കാന്‍ സി.പി.എം ഇപ്പോഴും തയാറാകുന്നില്ല. എറണാകുളത്തെ പട്ടികജാതിക്കാരുടെ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത പിണറായി വിജയന്റെ പ്രസംഗത്തിന് കൈയടി ലഭിക്കാതെ പോയതും അച്യുതാനന്ദന്റെ പ്രസംഗം ജനക്കൂട്ടം കരഘോഷത്തോടെ സ്വീകരിച്ചതും എന്തുകൊണ്ടാണെന്ന് സി.പി.എം നേതൃത്വം ചിന്തിക്കണമെന്നും ളാഹ ഗോപാലന്‍ പറഞ്ഞു.

ചെങ്ങറ ഫോട്ടോ ഗ്യാലറി


ചെങ്ങറയുടെ സന്ദേശം11 comments:

ജോണ്‍ ചാക്കോ, പൂങ്കാവ് said...

ഒരു മേശക്കു ചുറ്റും നേതാക്കള്‍ ഒരു മണിക്കൂര്‍ ഇരുന്നു സംസാരിച്ചാല്‍ തീരാവുന്ന ഒരു പ്രശ്നം രണ്ടു വര്‍ഷത്തില്‍ ഏറെ ഇങ്ങനെ വലിച്ചു നീട്ടി ഭരണ പക്ഷവും പ്രതിപക്ഷവും സമരക്കാരും ഒക്കെ ചേര്‍ന്ന് പരസ്പരം ചെളി വാരി എറിഞ്ഞു മുതലെടുപ്പ് നടത്തിയത് എന്തിനു വേണ്ടി ആയിരുന്നു.

K.P.S. said...

ഈ സമരം എന്ത്കൊണ്ടും ഒരു വിജയമാണ്. അടുത്ത കാലത്ത് ഒരു ജനകീയസമരം വിജയം കാണുന്നത് ആദ്യമായാണ്. അതും ഒരു രാഷ്ട്രീയപാര്‍ട്ടിക്കും പിതൃത്വം അവകാശപ്പെടാനില്ലാതെ. ഇച്ഛാശക്തിയുള്ള,മുതലെടുപ്പില്ലാത്ത ഒരു നേതൃത്വം ഉണ്ടെങ്കില്‍ ഏത് ജനകീയസമരവും വിജയിക്കും എന്നതിന്റെ ദൃഷ്ടാന്തം കൂടിയാണിത്. ഇത്രകാലം സമരം നയിക്കാന്‍ കെല്പുള്ള ഒരു രാഷ്ട്രീയപ്രസ്ഥാനം ഇന്ന് നിലവിലില്ല. ഏറ്റവും ശ്രദ്ധേയമായ കാര്യം ഈ സമരത്തെ തീവ്രവാദികള്‍ക്ക് ഹൈജായ്ക്ക് ചെയ്യാന്‍ കഴിഞ്ഞില്ല എന്നതാണ്. തികച്ചും ജനാധിപത്യരീതിയില്‍ സഹനസമരം നടത്തി ഭാഗികമെങ്കിലും വിജയത്തിലെത്തിച്ച ളാഹ ഗോപാലന് അഭിവാദനങ്ങള്‍ നേരാം!

മനോവിഭ്രാന്തികള്‍ said...

ളാഹ ഗോപാലന്റെ സമര "വിജയത്തില്‍" KPS നടത്തുന്ന കൊട്ടും , പാട്ടും, ആദിവാസിന്രുത്തവും കണ്ടു സഹതാപം തോന്നുന്നു. CPM നെ അടിക്കാന്‍ കിട്ടിയ ഒരു വടി. അപ്പോള്‍ KPS നു പുല്ലും ആയുധം.

ഗോപാലന്റെ കൂട്ടര്‍ ചെങ്ങറയില്‍ നടത്തിയ കളവുകളെക്കുറിച്ചു KPS അറിയാത്തതാകാന്‍ വഴിയില്ല. പക്ഷെ ആ കാര്യം ഇവിടെ എഴുതിയാല്‍ , ഗോപാലനെ എങ്ങനെ "മഹത്വവല്‍ക്കരിക്കും". ഓരോ ആദിവാസിക്കും 5 ഏക്കര്‍ ഭൂമി കൊടുക്കണമെന്നായിരുന്നു, ഗോപാലന്റെ ആവശ്യം. ഭൂമിക്കു ക്ഷാമമുള്ള കേരളത്തില്, ( ഞങ്ങള്‍ ത്രിശൂര്‍ക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ) "ഏതു കോണത്തില്‍ നിന്നാണു ഇത്ര ഭൂമി കൊണ്ടു വന്നു കൊടുക്കുക"

ഐസക്കിനെ അപഹസിക്കുന്ന KPS ഗോപാലന്റെ കാര്യത്തില്‍ ചെന്നിത്തലക്കും കുഞ്ഞാലിക്കുട്ടിക്കും എന്താണു വീക്ഷണം എന്നു കൂടി അറിയിക്കുക.

5 ഏക്കറില്‍നിന്നു, 50 സെന്റിലെക്കു ചുരുങ്ങിയ ആ വിജയത്തില്‍ ഞാനും ആശംസിക്കുന്നു. ഞാന്‍ ബഹുമാനിച്ചിരുന്ന KPS ന്റെ പതനവും ഞാന്‍ കാണുന്നു.

കടത്തുകാരന്‍/kadathukaaran said...

ഒരുമേശക്കു ചുറ്റും ഒരു മണിക്കൂടുകൊണ്ട് ചര്‍ച്ച ചെയ്തു തീര്‍ക്കുവാന്‍ കഴിയുന്നതായിരുന്നില്ല ചെങ്ങറഭൂസമരം. ഒരിക്കലും അടിസ്ഥാന വര്‍ഗ്ഗത്തില്‍പ്പെട്ടവരുടെ ഈ സമരം ഒരു വിജയമല്ല, എന്നാല്‍ മറ്റു ചിലവീക്ഷണങ്ങളില്‍ കെ പി എസ്സ് പറഞ്ഞതുപോലെ ഒരു വന്‍ വിജയവുമാണ്. സമരകാലഘട്ടത്തില്‍ സമര സമിതി പല വിട്ടു വീഴ്ച്ചക്കും തയ്യാറായിട്ടുണ്ട് എന്നാല്‍ സമരസമിതിയുമായി ക്രിയാത്മകമായ ഒരു ചര്‍ച്ചക്ക് തയ്യാറാകാതെ സമരം നീട്ടിക്കൊണ്ടുപോയി സമരക്കാരെ പട്ടിണിയിലും ഉപരോധത്തിലും അക്രമത്തിലും പെടുത്തി പൊളിച്ചുകളായമെന്ന സിപിഎം പദ്ധതിയുടെ വലിയ പരാജയമായിരുന്നു ചെങ്ങറ. മുത്തങ്ങ സമരത്തില്‍ അവര്‍ക്ക് രക്തസാക്ഷിത്തം നല്‍കേണ്ടി വന്നത് ഒരു ജീവനാണെങ്കില്‍(അതിനുള്ള കാരണം എന്തുമാകട്ടെ) ഇവിടെ പല ജീവനാണ്‍ നല്‍കേണ്ടി വന്നതെന്നതും അവരെ തന്നെ കള്ളന്മാരാകാനും തീവ്രവാദികളായി ചിത്രീകരിക്കുവാനും നടത്തിയ ഭരണകൂട ശ്രമത്തിന്‍റെ ഏഴുനിലയിലുള്ള പരാജയമാണിതെന്നതുകൊണ്ടു തന്നെ സമരകാര്‍ ആവശ്യപ്പെട്ട കാര്യങ്ങളില്‍ ന്യായപ്രകാരമുള്ള വിഹിതം ലഭിച്ചില്ലെങ്കിലും സമരം വിജയമാണ്. മുത്തങ്ങ ഭൂസമരം ഭരണകൂടത്തിന്‍റെ തെറ്റായ പോലീസ് നടപടികൊണ്ട് ചരിത്രത്തില്‍ ഇടംപിടിക്കുമ്പോള്‍ ചെങ്ങറ നല്‍കുന്നത് ഇടതുപക്ഷ സര്‍കാരിന്‍റെ പാവങ്ങളോടുള്ള മുതലാളിത്ത മനോഭാവവും അഹങ്കാരവുമാണ്.

കാലാകാലങ്ങളായി ഇടതുപക്ഷത്തിനു വേണ്ടി പോസ്റ്ററൊട്ടിച്ചും കൊടിപിടിച്ചും ജാഥക്ക് നീളം കൂട്ടനും വേണ്ടി മാത്രം നീക്കിവെക്കപ്പെട്ടവര്‍ പാര്‍ട്ടിയുടേയും മറ്റു മാറിമാറിവന്ന സര്‍ക്കാരുകളുടെ വഞ്ചന തിരിച്ചറിയാന്‍ കാലമേറെയെടുത്തു. അടിസ്ഥാന വര്‍ഗ്ഗത്തിന്‍റെ ഈ സഹന സമരം അവരുടെ സംരക്ഷകരെന്ന് ഇത്രയും കാലം പറഞ്ഞുപറ്റിച്ചവരോടെ തന്നെ ചെയ്ത് വന്നവര്‍ തങ്ങളാവശ്യപ്പെട്ടതില്‍ പകുതിപോലും ലഭിച്ചില്ലെങ്കിലും തങ്ങള്‍ ചാവേറുകളല്ലയിനി മനുഷ്യര്‍കൂടിയാണെന്ന് ഓര്‍മ്മപ്പെടുത്തല്‍കൂടിയാണ്‍ ചെങ്ങറ നല്‍കുന്ന പാഠം....ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനുള്ള സമരങ്ങളുടെ വര്‍ക്ക്ഷോപ്പ് കൂടിയായിരുന്നു ചെങ്ങറ....

മനുഷ്യസ്നേഹി said...

സമരം വിജയിച്ചതിന്റെ വാർത്ത കേട്ടു. ചില സംശയങ്ങൾ...1. പട്ടിക വർഗ്ഗക്കാർക്കു 1 ഏക്കർ സ്തലവും പട്ടിക ജാതിക്കു അര ഏക്കർ സ്തലവും മറ്റുള്ളവർക്ക്‌ 25 സെന്റും.( ഇതു എന്തു ന്യായം?? എല്ലാ വരും ഒന്നിച്ചല്ലേ സമരം ചെയ്തത്‌ അതൊ സമരവും ഈ അനുപാതത്തിൽ അയിരുന്നൊ?)2 വീട്‌ വെക്കാനും കണ്ടു ഇതു പൊലൊരു വിവേചനം ( 1.25 ലക്ഷം,1 ലക്ഷം,75 ആയിരം!! )ഇതാണൊ ഭരണഘടന ഉറപ്പു തരുന്ന നിയമത്തിനു മുമ്പിലെ തുല്യത?ശരിക്കും എന്റെ ചിന്ത അത്‌ അല്ല. ഇവിടെ ഗൾഫിൽ 2007 വന്നിട്ടു ഇതുവരെ കൊച്ചിയിൽ (എന്റെ നാട്‌)2 സെന്റ്‌ സ്തലം വാങ്ങാൻ പണം തികഞ്ഞിട്ടില്ല.ഇനിയും 1 വർഷം കൂടി വേണ്ടി വരും.വീടുവെക്കാൻ 4-5 വർഷം പിന്നെയും വേണം(ഇവിടെ ജോലി ഉണ്ടെങ്കിൽ).അന്നേ ളാഹ ചേട്ടന്റെ ഒപ്പം പൊയിരുന്നെങ്കി....!!!! ഇപ്പൊ കൊത്തി ക്കിളചു നാട്ടിൽ കൂടായിരുന്നു......പെണ്ണുബിള്ളേം കൊച്ചു മോനും കൂടെ ഉണ്ടായേനെ.....25 സെന്റെഗി 25 സെന്റ്‌...!!!

ഡി പ്രദീപ്‌ കുമാര്‍ d.pradeep kumar said...

ഇത് ഒരു പത്രവായനക്കാരന്റെ സംശയങളാണു.ടാറ്റ അനധികൃതമായി കൈയ്യേറി വെച്ചിരിക്കുന്നത് 75000 ഏക്കറാണെന്ന് പ്രഖ്യാപിച്ചതും മൂന്നാറിലേക്ക് ദൌത്യ സംഘത്തെ അയച്ചതും ളാഹാ ഗോപാലനായിരുന്നില്ല.ഹാരിസൺ ഉൾപ്പെടെയുള്ള തോട്ടമുടമകൾ 25000ത്തിലധികം ഏക്കർ പാട്ടക്കാലാവധി കഴിഞ്ഞും കൈവശം വെച്ഛിരിക്കുകയാണെന്ന റിപ്പോർട്ട് സർക്കാരിനു നൽകിയതും അവരായിരുന്നില്ല.മറ്റൊരു 25000 ഏക്കർ മിച്ചഭൂമി കേസിൽ കുടുങി കിടപ്പുണ്ടെന്നു പറഞ്ഞതും സമരക്കാരല്ലല്ലോ.
-ഈ ഭൂമിയൊക്കെ ആർക്കു കൊടുക്കാൻ വെച്ചിരിക്കുകയാണു?!

free press said...

ചെങ്ങറ ഫോട്ടോകള്‍ക്കായി keralawatch.com ലിങ്ക് ഉപയോഗിക്കുന്നതില്‍ സന്തോഷമുണ്ട്. കൂടുതല്‍ വലിപ്പത്തില്‍ കൊടുത്തിരുന്നെങ്കില്‍ കൂടുതല്‍ സന്തോഷമാവും :)
keralawatch NEWSteam

Sureshkumar Punjhayil said...

:)
Ashamsakal...!

ചാര്‍വാകന്‍ said...

ലക്ഷം ​വീട്/അം ബേദ്ക്കര്‍/ഹരിജന്‍ കോളനികളിലും .റോഡു/തോട്/റെയില്‍ വേപുറം മ്പോക്കിലും കാലാകാലങ്ങളില്‍ കഴിയേണ്ടവര്‍,സമരം ചെയ്യുന്ന്.അതും ക്രിഷുഭൂമിക്കുവേണ്ടി.ഏതായാലും അഹങ്കാരം തന്നെ.അതും ഹാരിസ്ണച്ചായന്റെ ഭൂമിയില്‍.എല്ലാ സമരങ്ങളുടെയും തന്തയായ വര്‍ഗ്ഗസമരം കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ടായി കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന കമ്മ്യുണിസ്റ്റുകള്‍ നെത്രുത്വം കൊടുക്കുന്ന"ഇടതുപക്ഷ മതേതര പുരോഗമന"സര്‍ക്കാരു ഭരീക്കുമ്പോള്‍,കേവലം കറുത്തു മെലിഞ്ഞ,ലോകവിപ്ളവ പാഠങ്ങള്‍ വായിച്ചു പഠിക്കാത്ത,ജാനുവിന്റേയും ,ളാഹ ഗോപാലന്റേയും നേത്രത്വം അം ഗീകരിക്കുന്നത് അഹങ്കാരമെന്നല്ലാതെ മറ്റെന്താണ്‌.

ശാന്തകാവുമ്പായി said...

വിശക്കുന്നവനും അടിച്ചമർത്തപ്പെട്ടവനും സമരം ചെയ്തല്ലേ പറ്റൂ.എപ്പോഴായാലും ആരോടായാലും.

അനിത / ANITHA said...

Chaanalukal entho valiya praadhaanyamonnum koduthu kandilla, lekhanam kandathil santhosham, nannaayirikkunnu.