Links

ഇത് ബൂത്ത് പിടുത്തമോ സ്വത്ത് പിടുത്തമോ?

ഉപതെരഞ്ഞെടുപ്പോടനുബന്ധിച്ച് കണ്ണൂരില്‍ നിന്നുള്ള ഒരു റിപ്പോര്‍ട്ട് താഴെ കൊടുക്കുന്നു.

കണ്ണൂര്‍: താമസക്കാരായി വോട്ടര്‍പട്ടികയില്‍ കാണിച്ചിരിക്കുന്നവര്‍ തങ്ങളുടെ കെട്ടിടത്തില്‍ താമസമില്ലെന്ന് കാണിച്ച് ഉടമകള്‍ പരാതിയുമായി രംഗത്ത്. ആരും താമസമില്ലാത്തിടത്ത്ആറും ഏഴും പേര്‍ താമസിക്കുന്നതായി കാണിച്ചിരിക്കുന്ന വോട്ടര്‍പട്ടിക അംഗീകരിച്ചാല്‍ പട്ടികയില്‍ പറയുന്നവര്‍ പിന്നീട് സ്ഥലത്തിന്റെ അവകാശവുമായി രംഗത്തെത്തുമോ എന്നതാണ് ഉടമകളുടെ ആശങ്ക.

ഇടിഞ്ഞുവീഴല്‍ ഭീഷണിയെത്തുടര്‍ന്ന് രണ്ടു വര്‍ഷത്തിലധികമായി അടച്ചിട്ടിരിക്കുന്ന ചേക്ക് ലൈന്‍ മുറിയില്‍ താമസമുണ്ടെന്നു വോട്ടര്‍പട്ടികയില്‍ പറയുന്നവര്‍ യഥാര്‍ഥത്തില്‍ ഇവിടെ താമസമില്ലെന്ന് കാണിച്ച് സ്ഥലം ഉടമ കണിയറക്കല്‍ സുലൈഖ കലക്ടര്‍ക്ക് പരാതി നല്‍കി. 3/87, 3/87 (എ) നമ്പറുകളിലുള്ള ചേക്ക് ലൈന്‍ മുറികള്‍ താന്‍ കൈവശം വച്ചുപോരുന്നതാണെന്നും മറ്റാര്‍ക്കും അതില്‍ അവകാശമില്ലെന്നും പരാതിയില്‍ വ്യക്തമാക്കി. പ്രസ്തുത വോട്ടര്‍മാരെ തന്റെ പേരിലുള്ള കെട്ടിടത്തിലെ താമസക്കാരാക്കിയത് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഒരേ കെട്ടിട നമ്പറിന് പലതരം വീട്ടുപേരുകള്‍ എന്ന പരാതി വീണ്ടും പല ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. എളയാവൂര്‍ പഞ്ചായത്ത് 11ആം വാര്‍ഡിലെ 11/75(എ) കെട്ടിടത്തിന് രാജന്‍സ് ക്വാര്‍ട്ടേഴ്സ്, നജ്മ ബില്‍ഡിങ്, സിഎച്ച് ബില്‍ഡിങ് എന്നിങ്ങനെ പേരുകള്‍ നല്‍കിയിരിക്കുന്നു. മറ്റു മണ്ഡലങ്ങളില്‍ നിന്ന് കണ്ണൂരിലേക്ക് വോട്ട് മാറ്റിച്ചേര്‍ത്തവര്‍ പഴയ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയിലും ഇപ്പോള്‍ വോട്ടര്‍മാരായി തുടരുകയാണ്. അടുത്ത തിരഞ്ഞെടുപ്പിനു മുന്‍പ് പഴയ പട്ടികയില്‍ നിന്ന് ഇവരുടെ പേരുകള്‍ സ്വാഭാവികമായി നീക്കം ചെയ്യപ്പെടുമെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ ഏപ്രില്‍ 16ന് നടന്ന തിരഞ്ഞെടുപ്പില്‍ മറ്റു മണ്ഡലങ്ങളില്‍ വോട്ട് ചെയ്തവര്‍ ഈ മണ്ഡലത്തില്‍ ആറുമാസം തികച്ചതിന്റെ റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് എങ്ങനെ തരപ്പെടുത്തി എന്ന ചോദ്യം ബാക്കിയാവുന്നു.

(ആധാരം :വിവിധ പത്രങ്ങള്‍)

2 comments:

Manikandan said...

കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ........
വ്യാജ്യമായ വിവരങ്ങള്‍ നല്‍കി വോട്ടര്‍ പട്ടികയില്‍ കടന്നുകൂടിയ മുഴുവന്‍ ആളുകള്‍ക്കുമെതിരെയും നിയമപ്രകാരം നടപടി സ്വീകരിക്കുകയാണ് വേണ്ടത്. അതിന് ഒത്താശചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെയും നപടി വേണം.

കടത്തുകാരന്‍/kadathukaaran said...

മുമ്പൊക്കെ എന്ത് തീവെട്ടിക്കൊള്ളയും അതിന്‍റേതായ കയ്യടക്കത്തോടെ ചെയ്യാന്‍ സി പി എമ്മിന്‍ കഴിയുമായിരുന്നു, എന്നാല്‍ ഇന്ന് അഴിമതിയുടേയും സ്വജനപക്ഷപാതത്തിന്‍റെയും അക്രമത്തിന്‍റെയും വ്യാപ്തികൂടിയതുകൊണ്ടു തന്നെ ഒട്ടുമുക്കാലും പിടിക്കപ്പെടുന്നു. തിരിച്ചുപോകാനാകാത്ത വിധം മാനസികമായ് വളരെയധികം അരാജകത്തം സി പി എം നേതാക്കളും അണികളും നേരിടുന്നു എന്നതാണ്‍ കണ്ണൂരില്‍നിന്ന് നമുക്ക് കാണാനാകുന്നത്...