മൂന്ന് സംസ്ഥാനങ്ങളില്‍ നടന്ന അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ മൂന്നിലും കോണ്‍ഗ്രസ്സ് നേടിയ വ്യക്തമായ മേല്‍ക്കൈ ജനാധിപത്യ-മതേതരവാദികള്‍ക്ക് ആശ്വാസവും ആഹ്ലാദവും നല്‍കുന്നതാണ്. ഈ വിജയത്തെ സുതാര്യമെന്നും മഹത്തരവുമെന്നുമാണ് തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധി വിശേഷിപ്പിച്ചത്. ഇന്ത്യന്‍ ജനാധിപത്യം പക്വത ആര്‍ജ്ജിച്ചു വരുന്നതിന്റെ ലക്ഷണം കൂടിയാണിത്. രാജ്യത്തെ ശരിയായ പാതയിലൂടെ നയിക്കാന്‍ കെല്പുള്ള രാഷ്ട്രീയ പാര്‍ട്ടി ഇന്ത്യന്‍ നേഷണല്‍ കോണ്‍ഗ്രസ്സ് മാത്രമാണെന്നും,കോണ്‍ഗ്രസ്സിന് പകരം വയ്ക്കാന്‍ ഇന്ത്യയില്‍ കോണ്‍ഗ്രസ്സ് മാത്രമേയുള്ളൂ എന്നും ഗ്രാമീണരായ വോട്ടര്‍മാര്‍ തിരിച്ചറിയുന്നു. 2011ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ മാര്‍ക്സിസ്റ്റ് ഭരണക്കുത്തക തകര്‍ക്കപ്പെടുക തന്നെ ചെയ്യും. ബര്‍ലിന്‍ മതില്‍ തകരുന്നതിനും സോവിയറ്റ് സാമ്രാജ്യം ചിന്നിച്ചിതറി സ്വതന്ത്രരാഷ്ട്രങ്ങളാകുന്നതിനും ചരിത്രം സാക്ഷ്യം വഹിച്ചതാണല്ലൊ. ജനങ്ങളുടെ ഒരു പ്രശ്നങ്ങള്‍ക്കും കമ്മ്യൂണിസമെന്ന വരട്ടുസിദ്ധാന്തം പരിഹാരമാര്‍ഗ്ഗമല്ല.
കോണ്‍ഗ്രസ്സ് പാര്‍ട്ടി തകര്‍ന്നു പോയിരുന്നുവെങ്കില്‍ ഇന്ത്യാമഹാരാജ്യം തന്നെ ഛിഹ്നഭിന്നമായി പോകുമായിരുന്നു. ഇത്രയധികം വൈവിധ്യങ്ങളുള്ള ഈ രാജ്യത്തെ ഒറ്റക്കെട്ടായി നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്സിന് മാത്രമേ കഴിയൂ. കമ്മ്യൂണിസ്റ്റുകള്‍ക്ക് ഇവിടെ മേല്‍ക്കോയ്മ ലഭിക്കുകയാണെങ്കില്‍ അവര്‍ ഈ നാട് ചൈനയ്ക്ക് അടിയറ വെച്ചേനേ. ചൈനയുടെ വളര്‍ച്ചയിലും ശക്തിയിലുമാണ് ഇവിടത്തെ കമ്മ്യൂണിസ്റ്റുകള്‍ ഇപ്പോഴും അഭിമാനം കൊള്ളുന്നത്. ഇന്ത്യ ഒന്നിനും കൊള്ളാത്ത നാടാണെന്നവര്‍ സന്ദര്‍ഭം കിട്ടുമ്പോഴെല്ലാം പറയുന്നുണ്ട്. ഇന്ത്യയുടെ പുരോഗതിയെ തടഞ്ഞു നിര്‍ത്താന്‍ ചൈന പ്രത്യക്ഷമായും പരോക്ഷമായും കുത്തിത്തിരുപ്പുകള്‍ ചെയ്യുന്നുണ്ട്. ഇവിടത്തെ കമ്മ്യൂണിസ്റ്റുകള്‍ എല്ലാറ്റിനെയും എതിര്‍ക്കുന്നത് യാദൃച്ഛികമല്ല. ആ എതിര്‍പ്പുകളെല്ലാം ചൈനയുടെ താല്പര്യങ്ങളുമായി ഒത്തുപോകുന്നുണ്ട്. ഇതില്‍ അസ്വാഭാവികതയൊന്നുമില്ല. കമ്മ്യൂണിസം എന്ന സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നവര്‍ക്ക്, ആ സിദ്ധാന്തത്തിന്റെ ശേഷിക്കുന്ന അപ്പോസ്തലന്മാര്‍ ഭരിക്കുന്ന ചൈനയോട് കൂറില്ലാതെ, കണ്ട ബൂര്‍ഷ്വാ മൂരാച്ചികള്‍ ഭരിക്കുന്ന ഇന്ത്യയോടാണ് കൂറെങ്കില്‍ അതാണ് സ്വാഭാവികമല്ലാത്തത്.
ജനാധിപത്യത്തിന്റെ ബാലാരിഷ്ടതകള്‍ അതിജീവിയ്ക്കണമെങ്കിലും, അത് പക്വത പ്രാപിക്കണമെങ്കിലും ശക്തവും കെട്ടുറപ്പുള്ളതുമായ ഭരണകക്ഷിയും പ്രതിപക്ഷ കക്ഷിയും കൂടിയേ തീരൂ. ബി.ജെ.പി. എന്ന പാര്‍ട്ടിയ്ക്ക് കോണ്‍ഗ്രസ്സിന് ബദല്‍ ആകാനുള്ള സാധ്യതയുണ്ടായിരുന്നു. എന്നാല്‍ മതവര്‍ഗ്ഗീയതയോട് ആ പാര്‍ട്ടി ചാഞ്ചാട്ടപരമായ നിലപാടാണ് സ്വീകരിച്ചത്. പാര്‍ട്ടി വളര്‍ത്താന്‍ തീവ്രഹിന്ദുത്വത്തിന്റെ അദ്വാനിമുഖവും ഭരണത്തില്‍ എത്താന്‍ വാജ്‌പൈയുടെ മിതവാദമുഖവും മാറിമാറി അണിയുക എന്ന തന്ത്രം ആ പാര്‍ട്ടിയുടെ വിശ്വാസ്യത നശിപ്പിച്ചു. മതവര്‍ഗ്ഗീയത ഇന്ത്യയില്‍ വേരു പിടിക്കില്ല എന്നറിയാമായിരുന്നിട്ടും ആ പാര്‍ട്ടിക്ക് മതേതരശൈലി സ്വായത്തമാക്കാനായില്ല. അദ്വാനിയുടെ തീവ്രഹിന്ദുത്വരാഷ്ട്രീയം ഇവിടെ വിജയിച്ചിരുന്നുവെങ്കില്‍ ഇന്ത്യ മറ്റൊരു പാക്കിസ്ഥാന്‍ ആയി മാറുമായിരുന്നു. ഇപ്പോള്‍ അദ്വാനി രാഷ്ട്രീയം മതിയാക്കാനുള്ള സാഹചര്യമാണുള്ളത്. വാജ്‌പൈ ആണെങ്കില്‍ പൂര്‍ണ്ണമായി വിരമിക്കുകയും ചെയ്തു. ബി.ജെ.പി.യിലെ രണ്ടാം നിര നേതാക്കള്‍ക്ക് ഇന്ത്യയെ ഒന്നായി കാണാന്‍ കഴിയുകയുമില്ല. തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാന്‍ കോണ്‍ഗ്രസ്സോ അല്ലെങ്കില്‍ കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന മുന്നണിയോ അധികാരത്തില്‍ വന്നാലേ സാധിക്കുകയുള്ളൂ എന്ന് ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളും മനസ്സിലാക്കി വരുന്നതിന്റെ തെളിവുകളാണ് സമീപകാലത്തെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ .
ദ്വികക്ഷിസമ്പ്രദായത്തിന് പകരം ദേശീയതലത്തില്‍ കോണ്‍ഗ്രസ്സും സംസ്ഥാനങ്ങളില്‍ ഡി.എം.കെ.പോലുള്ള പ്രാദേശിക മതേതര പാര്‍ട്ടികളും ചേര്‍ന്നുള്ള മുന്നണി സംവിധാനമാണ് ഇവിടെ രൂപപ്പെട്ടു വന്നുകാണുന്നത്. ഇത് നമ്മുടെ ഫെഡറല്‍ സംവിധാനത്തിനും ജനാധിപത്യ-മതേതര അടിത്തറ ഉറപ്പിക്കുന്നതിനും ശക്തി പകരും എന്നതില്‍ സംശയമില്ല. രാജ്യത്തിന്റെ അഖണ്ഡതയും നിലനില്പും ഉറപ്പാക്കുന്നതിന് കോണ്‍ഗ്രസ്സ് എന്ന മഹാപ്രസ്ഥാനം നിലനില്‍ക്കേണ്ടതുണ്ട്. ആ പാര്‍ട്ടിയുടെ സംഘടനാപരമായ ദൌര്‍ബ്ബല്യങ്ങള്‍ പരിഹരിക്കാനും വിദ്യാര്‍ഥി-യുവജനവിഭാഗങ്ങളെ വീണ്ടും കര്‍മ്മനിരതരാക്കാനും രാഹുല്‍ ഗാന്ധി നടത്തുന്ന ശ്രമങ്ങള്‍ ശ്ലാഘനീയമാണ്. സ്വാതന്ത്ര്യം ലഭിച്ചത് മുതല്‍ കോണ്‍ഗ്രസ്സിനെ പിരാകിയും ശപിച്ചും, അപകീര്‍ത്തിപ്പെടുത്തിയും ചെളി വാരിയെറിഞ്ഞും രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയവരുടെയും അവരുടെ പാര്‍ട്ടികളുടെയും അവസ്ഥ ഇന്ന് ശോചനീയമാണ്. കോണ്‍ഗ്രസ്സിനെ കുറ്റം പറയുക എന്നല്ലാതെ അവര്‍ക്ക് ക്രിയാത്മക പരിപാടികള്‍ ഒന്നുമില്ല.
ഈ തെരഞ്ഞെടുപ്പ് വിജയത്തില്‍ ഞാന്‍ അഭിമാനപൂര്‍വ്വം ഇന്ത്യന്‍ നേഷണല്‍ കോണ്‍ഗ്രസ്സിനെ അനുമോദിക്കുന്നു!
22 comments:
ഒരു എതിരാളി ഇല്ലാതെ ഏകപക്ഷീയമായി തന്നെ കോണ്‍ഗ്രസ് മുന്നേറുക ആണ്.
പണ്ട് കോണ്‍ഗ്രസിനെ മടുത്തു ബി.ജെ.പി ഉള്‍പ്പെടെ ഉള്ള എല്ലാ പരീക്ഷണങ്ങളും നടത്തിയ ജനം ഇപ്പോള്‍ തിരികെ കോണ്‍ഗ്രസിനെ ഉറ്റു നോല്‍ക്കുന്നു.
"ദ്വികക്ഷിസമ്പ്രദായത്തിന് പകരം ദേശീയതലത്തില്‍ കോണ്‍ഗ്രസ്സും സംസ്ഥാനങ്ങളില്‍ ഡി.എം.കെ.പോലുള്ള പ്രാദേശിക മതേതര പാര്‍ട്ടികളും ചേര്‍ന്നുള്ള മുന്നണി സംവിധാനമാണ് ഇവിടെ രൂപപ്പെട്ടു വന്നുകാണുന്നത്. ഇത് നമ്മുടെ ഫെഡറല്‍ സംവിധാനത്തിനും ജനാധിപത്യ-മതേതര അടിത്തറ ഉറപ്പിക്കുന്നതിനും ശക്തി പകരും എന്നതില്‍ സംശയമില്ല."
ശരിതന്നെ, കേരളം മുഴുവന്‍ ഒലിച്ചുപോയാലും പ്രശ്നമല്ലാത്ത ഡി എം കെ പോലുള്ള പാര്‍ട്ടികള്‍ ഫെഡറല്‍ സംവിധാനത്തിന് ഒരു മുതല്‍ക്കൂട്ടുതന്നെ.
മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ കരുണാനിധി തമിഴ്നാടിന്റെ താല്പര്യം ബലി കഴിക്കുന്നു എന്ന് മുറവിളി കൂട്ടുന്ന ജയലളിതയുടെ കൂടെയാണ് സി.പി.എം.തമിഴ്‌നാട് ഘടകം.
2011ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ മാര്‍ക്സിസ്റ്റ് ഭരണക്കുത്തക തകര്‍ക്കപ്പെടുക തന്നെ ചെയ്യും. ബര്‍ലിന്‍ മതില്‍ തകരുന്നതിനും സോവിയറ്റ് സാമ്രാജ്യം ചിന്നിച്ചിതറി സ്വതന്ത്രരാഷ്ട്രങ്ങളാകുന്നതിനും ചരിത്രം സാക്ഷ്യം വഹിച്ചതാണല്ലൊ.
ജനങ്ങളുടെ ഒരു പ്രശ്നങ്ങള്‍ക്കും കമ്മ്യൂണിസമെന്ന വരട്ടുസിദ്ധാന്തം പരിഹാരമാര്‍ഗ്ഗമല്ല.......
------------------------------
ശീതികരിച്ച ചിന്തകള്‍ നമ്മെ ഇന്നലെകള്‍ മറക്കാന്‍ പഠിപ്പിക്കുന്നു......!
"മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ കരുണാനിധി തമിഴ്നാടിന്റെ താല്പര്യം ബലി കഴിക്കുന്നു എന്ന് മുറവിളി കൂട്ടുന്ന ജയലളിതയുടെ കൂടെയാണ് സി.പി.എം.തമിഴ്‌നാട് ഘടകം"
അതെയോ! ഞാനറിഞ്ഞില്ല.
ഉമ്മഞ്ചാണ്ടി കേരളം ഭരിക്കുമ്പോള്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തമിഴ്നാട്ടില്‍ കോണ്‍ഗ്രസ്സ് അടക്കം എല്ലാപാര്‍ട്ടിക്കാരും ബന്ദ് നടത്തിയതായറിയാം. ബന്ദില്‍ ചേരാത്ത പാര്‍ട്ടി സി പി എം ആയിരുന്നെന്നും അറിയാം. ബന്ദില്‍ ചേര്‍ന്നാല്‍ ചൈനക്ക് അത് സഹായകരമാകും എന്നതുകൊണ്ടാവാം.
ജനങ്ങള്‍ക്കു വിശ്വസിക്കാന്‍ കഴിയുന്ന ഒരു ലീഡര്‍ഷിപ്പ്, അതിലാണു ജനങ്ങള്‍ വിശ്വസിക്കുന്നത്.കോണ്‍ഗ്രസ്സും സഖ്യവും നേടിയ വ്യക്തമായ മേല്‍ക്കൈ ഇതാണു കാണിക്കുന്നത്. അധികാരമോഹമില്ലാത്ത മന്മോഹനെയും സോണിയയെയും പോലുള്ള നേതാക്കള്‍ കോണ്‍ഗ്രസ്സിനു ഒരു മുതല്‍കൂട്ടാണു. ജനം അത് അംഗീകരിക്കുക തന്നെ ചെയ്യും. പ്രാദേശികമായി കോണ്‍ഗ്രസ്സ് ഇനിയും ശക്തിപ്പെടേണ്ടിയിരിക്കുന്നു. അല്ലേല്‍ ഫലം ചീഞ്ഞളിഞ്ഞ കമ്മൂണിസ്റ്റ്, മാവൊയിസ്റ്റ് , ജാതി, മത വരട്ട് വാദങ്ങളുമായി ചുരുങ്ങിയ സമയത്തേക്കെങ്കിലും ജനങ്ങളെ പറ്റിക്കാന്‍ ശത്രുക്കള്‍ക്കാകും.
ഇത്രയധികം വൈവിധ്യങ്ങളുള്ള ഈ രാജ്യത്തെ ഒറ്റക്കെട്ടായി നിലനിര്‍ത്തി ഒരു കൂട്ടായ പരിശ്രമത്തിലൂടെ വികസനവും അതിലൂടെ രാജ്യത്തെ പട്ടിണിയും നിരക്ഷരതയും കുറക്കാന്‍ കോണ്‍ഗ്രസ്സും അതിന്റെ ഇപ്പൊഴത്തെ നേതാക്കളും ശ്രമിക്കുന്നത് കൊണ്ട് കൂടിയാണു ഈ വിജയം. അതു തുടരട്ടെ എന്നാശംസിക്കുന്നു.
ഇനി നമ്മുടെ കണ്ണൂരിലെ വോട്ടര്‍മാര്‍ ഒരു നല്ല കാര്യം കൂടി ( ഒരു 30,000 വോട്ടിന്റെ ഭൂരിപക്ഷം)ചെയ്താല്‍ നമ്മുടെ നാട്ടിലെ കുറച്ചു നാണമില്ലാത്ത കള്ളവോട്ടുകാര്‍ക്ക് ,ജനങ്ങളുടെ സാമാന്യ ബുദ്ധിയെ,ജനവിധിയുടെ പാവനതയെ വെല്ലുവിളിക്കുന്നവര്‍ക്ക് നല്ല ബുദ്ധി വരും.
കേട്ടില്ലാര്‍ന്നൊ, 2 മക്കള്‍ ഉള്ള വീട്ടില്‍ ഇപ്പൊ തെരെഞ്ഞെടുപ്പായപ്പോള്‍ മക്കള്‍ 5. കൊല്ലങ്ങളായി പൂട്ടികിടക്കുന്ന വീട്ടില്‍ 8 വോട്ട്. പത്രമോഫീസിലും,ആശുപത്രിയിലും സഹകരണ ബാങ്കിലും അന്തിയുറങ്ങുന്നവര്‍!!! സ്തിരമായി അവിടെതന്നെയാണു പോലും.
കണ്ണൂരിന്റെ ഭാഗ്യം.
മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ കരുണാനിധി തമിഴ്നാടിന്റെ താല്പര്യം ബലി കഴിക്കുന്നു എന്ന് മുറവിളി കൂട്ടുന്ന ജയലളിതയുടെ കൂടെയാണ് സി.പി.എം.തമിഴ്‌നാട് ഘടകം.
എന്നാരു പറഞ്ഞു സുകുമാരൻ ചേട്ടാ..ഞാൻ ചെന്നൈയിലാണ്.
ഇതും കൂടി വായിച്ചോളൂ സമയം കിട്ടിയാൽ
ബര്‍ലിന്‍ മതില്‍ തകരുന്നതിനും സോവിയറ്റ് സാമ്രാജ്യം ചിന്നിച്ചിതറി സ്വതന്ത്രരാഷ്ട്രങ്ങളാകുന്നതിനും ചരിത്രം സാക്ഷ്യം വഹിച്ചതാണല്ലൊ. ജനങ്ങളുടെ ഒരു പ്രശ്നങ്ങള്‍ക്കും കമ്മ്യൂണിസമെന്ന വരട്ടുസിദ്ധാന്തം പരിഹാരമാര്‍ഗ്ഗമല്ല.
സമയം കിട്ടിയാൽ ഇതും കൂടി വായിക്കാം.ഞാൻ പറഞ്ഞതല്ല, ബി.ബി.സി റിപ്പോർട്ട് ചെയ്തതാണേ....!
ബിബിസി എന്തെല്ലാം കാര്യങ്ങൾ പറയുമെന്നോ? ദാണ്ട് പോളണ്ട് 20 വർഷങ്ങൾക്ക് ശേഷം എന്നൊരു വാർത്തയുണ്ട്. പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത് എന്ന് വെറുതെയാണോ പറയുന്നത്?
ചൈന പോലും കമ്മ്യൂണിസ്റ്റ് അല്ലാതാവാൻ പാടുപെട്ടോണ്ടിരിക്കുമ്പോൾ ജപ്പാനിൽ ആയിരം പേരെന്നൊക്കെ പറഞ്ഞ് ഈ മലർപ്പൊടി കാണാൻ മാത്രം സ്കോപ്പുളൂ?
പഴ്യ കമ്മ്യൂണിസ്റ്റ് രാജ്യങ്ങൾ ഇപ്പോൾ എങ്ങിനെ എന്നൊരു സ്റ്റഡി ഉണ്ട്. ഒന്ന് വായിക്കുന്നത് നല്ലതായിരിക്കും. ആകെപ്പാടെ ക്യൂബയിൽ ഉണ്ട്. അതും ഇപ്പോൾ ദാണ്ട് അനിയച്ചാർ വന്നതിൽപ്പിന്നെ കൺസെൻസ് നടത്തിക്കൊണ്ടിരിക്കാണ്.
കമ്മ്യൂണിസം തുടങ്ങിയത്,വളര്‍ന്നത്,നിലനിന്നത് ഇപ്പോള്‍ അല്പം ശേഷിക്കുന്നത് എല്ലാം നുണപ്രചരണങ്ങള്‍,അക്രമങ്ങള്‍,മസ്സില്‍ പവ്വര്‍,ചതി,വഞ്ചന തുടങ്ങി എന്തെല്ലാം ഹീനമായ മാര്‍ഗ്ഗങ്ങള്‍ ഉണ്ടോ അതൊക്കെ അവലംബിച്ചിട്ടാണ്. നേരേ വാ നേരേ പോ എന്ന് ചിന്തിക്കുന്നവര്‍ക്ക് ഒരിക്കലും കമ്മ്യൂണിസം പറ്റില്ല. ഭാഗ്യവശാല്‍ ലോകത്ത് മഹാഭൂരിപക്ഷം ജനങ്ങളും സാത്വീകരാണ്. അത്കൊണ്ടാണ് കമ്മ്യൂണിസം വ്യാപിക്കാതിരുന്നതും,ഉള്ളിടത്ത് നശിച്ചതും നശിക്കുന്നതും.
ന്യായത്തിനും നീതിക്കും നിരക്കുന്ന രീതിയില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധ്യമല്ല. ഇപ്പോള്‍ കണ്ണൂരില്‍ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നോക്കുക. അധികാരം കിട്ടണം എന്നല്ലാതെ ഒരു ജനാധിപത്യ മര്യാദകളും അവര്‍ക്ക് ബാധകമല്ല. തങ്ങള്‍ എന്താണോ ചെയ്യുക അതെല്ലാം മറ്റുള്ളവരുടെ മേലെ ആരോപിച്ച് സ്വയം മാന്യത ചമയുക എന്നതാണ് കമ്മ്യൂണിസ്റ്റ് രീതി. ലോകത്ത് ഒരു നല്ല കമ്മ്യൂണിസ്റ്റ് ഭരണാധികാരിയെ സ്റ്റാലിന്‍,ചെഷസ്ക്യു മോഡല്‍ അല്ലാതെ ചൂണ്ടിക്കാട്ടാന്‍ കഴിയില്ല. ഇപ്പോള്‍ അനിയന്‍ കാസ്റ്റ്രോ പറഞ്ഞത് കേട്ടില്ലേ, ക്യൂബയില്‍ എത്ര കൂട്ടിയിട്ടും രണ്ടും രണ്ടൂം മൂന്നേ ആകുന്നുള്ളൂ എന്ന്. അവിടെയും മാറ്റം വേണം പോലും. അപ്പോള്‍ ഇത്രയും കാലം ഏട്ടന്‍ കാസ്റ്റ്രോ പുകഴ്ത്തപ്പെട്ടതോ? കമ്മ്യൂണിസ്റ്റ് സിദ്ധാന്തം മഹത്വവല്‍ക്കരിച്ചു കാട്ടാന്‍ സ്വന്തം ജനതയെ വായ മൂടിക്കെട്ടി പട്ടിണിക്കിടുക എന്നതായിരുന്നു കമ്മ്യൂണിസ്റ്റ് ഭരണശൈലി.
പ്രകൃതി നിയമം അനുസരിച്ച് ചൈനയിലും ക്യൂബയിലും കമ്മ്യൂണിസം നശിച്ചേ തീരൂ. ഇപ്പോള്‍ ഡോളറിനെ പോലെയും യൂറോ പോലെയും യുവാനെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് ചൈനീസ് ഭരണക്കാര്‍ ശ്രമിക്കുന്നത്. കുറഞ്ഞ കൂലിയ്ക്ക് അടിമപ്പണി ചെയ്യാന്‍ തയ്യാറുള്ള തൊഴില്‍ സേനയാണ് ചൈനയുടെ ഇന്നത്തെ പുരോഗതിക്ക് നിദാനം. മറ്റൊന്ന് നിലവാരം കുറഞ്ഞ ചീപ്പ് ഉല്പന്നങ്ങളുടെ വ്യാപകമായ കയറ്റുമതിയും. ഇത് ദീര്‍ഘകാലം വിജയിക്കണമെന്നില്ല.
അമേരിക്കയെ സാമ്രാജ്യത്വം എന്ന് പറയുന്നു. യഥാര്‍ഥത്തില്‍ ഏതാണ് സാമ്രാജ്യം. അമേരിക്ക ഏത് രാജ്യത്തെയാണ് കൈവശപ്പെടുത്തി അധീനതയില്‍ വെച്ച് ഭൂമിശാസ്ത്രപരമായി സ്വന്തം രാജ്യം വിപുലീകരിച്ചത്? ഏത് അതിര്‍ത്തിയാണ് ചുരണ്ടിച്ചുരണ്ടി അമേരിക്ക മണ്ണ് കൂട്ടി പിടിക്കുന്നത്? ഏത് രാജ്യമായാണ് അമേരിക്കയ്ക്ക് അതിര്‍ത്തി തര്‍ക്കമുള്ളത്?
സോവിയറ്റ് യൂനിയന്‍ ആയിരുന്നില്ലേ ലോകം കണ്ട ഏറ്റവും വലിയ സാമ്രാജ്യം? എത്ര സ്വതന്ത്രരാഷ്ട്രങ്ങളായാണ് അത് പിന്നീട് പരിണമിച്ചത്. ഇന്ന് ആധുനിക കാലത്ത് ലോകത്ത് നില്‍ക്കുന്ന ഏക സാമ്രാജ്യം ചൈനയാണ്. തിബത്ത് അവര്‍ കൈവശപ്പെടുത്തിയതാണ്. ചൈനയില്‍ കമ്മ്യൂണിസ്റ്റുകള്‍ ഭരണം പിടിച്ചെടുത്തിട്ട് 60 വര്‍ഷം കഴിഞ്ഞിട്ടേയുള്ളൂ. നിരന്തരമായി ചൈന തങ്ങള്‍ക്ക് സ്വന്തമെന്ന് കമ്മ്യൂണിസ്റ്റുകള്‍ വ്യാമോഹിക്കേണ്ടതില്ല. ചൈനയെ ചൈനയിലെ ജനങ്ങള്‍ക്ക് തിരിച്ചുകിട്ടുക തന്നെ ചെയ്യും. ചൈനയില്‍ ജനാധിപത്യം നിലവില്‍ വരുമ്പോള്‍ തിബത്ത് സ്വതന്ത്രമാവുകയും ചെയ്യും. കമ്മ്യൂണിസ്റ്റുകള്‍ ചരിത്രത്തില്‍ നിന്ന് നാമാവശേഷമാവുകയും ചെയും. മനുഷ്യന്റെ സ്വതന്ത്രചിന്തയില്‍ വിശ്വാസമുള്ളത് കൊണ്ടാണ് എനിക്കിങ്ങനെ ധൈര്യപൂര്‍വ്വം പറയാന്‍ കഴിയുന്നത്. കമ്മ്യൂണിസം എന്നത് ചായം പുരട്ടിയ അടിമത്തമാണ്.
തങ്ങളുടെ കിത്താബ് ശാസ്ത്രീയമാണെന്നും എന്ത് തിരിച്ചടി നേരിട്ടാലും അന്തിമമായി ലോകത്ത് കമ്മ്യൂണിസം സംസ്ഥാപിതമാകുമെന്നും ഇപ്പോഴും കമ്യൂണിസ്റ്റുകള്‍ വ്യാമോഹിക്കുന്നുണ്ട്. നേരായ വഴിക്ക് പത്ത് ആളെ ആകര്‍ഷിക്കാന്‍ ഇനിയുള്ള കാലത്ത് കമ്മ്യൂണിസ്റ്റ് കിത്താബിന് കഴിയില്ല. അത്കൊണ്ടാണല്ലൊ കണ്ണൂരില്‍ ആളില്ലാത്ത വീട്ടില്‍ കള്ളവോട്ട് ചേര്‍ക്കുന്നത്.
ഇഞ്ചിപ്പെണ്ണിന്റെ കമന്റ് കണ്ടപ്പോള്‍ എന്തെങ്കിലും മറുപടി എഴുതാമെന്ന് തോന്നി. എഴുതി വന്നപ്പോള്‍ നീണ്ടു പോവുകയും വാക്കുകള്‍ക്ക് പാരുഷ്യം കൂടിപ്പോവുകയും ചെയ്തു. ആരുടെയെങ്കിലും മനസ്സ് നൊമ്പരപ്പെടുത്താന്‍ എഴുതിയതല്ല. കമ്മ്യൂണിസം കാലഹരണപ്പെട്ടേ തീരു. സാമൂഹ്യവും സാമ്പത്തികവുമൊക്കെയായ കാര്യങ്ങളില്‍ കാലാനുസൃതമായ സമ്പ്രദായങ്ങള്‍ അതാത് കാലത്തെ ജനങ്ങള്‍ കണ്ടെത്തിക്കൊള്ളും. അതൊക്കെ ഓര്‍ത്ത് ആശങ്കപ്പെടാന്‍ കമ്മ്യൂണിസ്റ്റുകളെ ആരും ചുമതലപ്പെടുത്തിയിട്ടില്ല.
സുകുമാരൻ ചേട്ടാ,
ഇഞ്ചിപ്പെണ്ണ് വന്നപ്പോൾ ഒരു ധൈര്യം കിട്ടിയോ?ചേട്ടൻ ഏതു പോസ്റ്റിട്ടാലും അവസാനം വന്നു നിൽക്കുന്നത് വൈരുദ്ധ്യാത്മക ഭൌതിക വാദത്തിന്റെ ആഗോള മൂല്യങ്ങളിലാണല്ലോ.നേരത്തെ അമ്പലപ്പുഴയിലെ കോൺഗ്രസുകാർ ചെയ്ത വൃത്തികേട് സി.പി.എമ്മിന്റെ തലയിലിട്ട് എഴുതിയ പോസ്റ്റിലും അന്താരാഷ്ട്രകാര്യങ്ങൾ ആയിരുന്നല്ലോ ചർച്ച.
കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് അത്ര സ്വാധീനമില്ലാത്ത 3 സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് ഫലത്തിൽ “ആവേശം “ കൊള്ളുമ്പോളും ചർച്ച അന്താരാഷ്ട്ര തലത്തിലാണ്.മൂന്നിടങ്ങളിൽ അരുണാചലിൽ അല്ലാതെ മറ്റെവിടെയാണു ഇത്ര “മുന്നേറ്റം” ഉണ്ടായത്.
മുല്ലപ്പെരിയാർ പ്രശ്നത്തെക്കുരിച്ച് ചേട്ടൻ എഴുതിയ കാര്യത്തിൽ ഞാനും ജിവിയും പറഞ്ഞതിനോടു പ്രതികരണം ഒന്നും കണ്ടില്ലല്ലോ.പതിവു പോലെ പറഞ്ഞത് വിഴുങ്ങിയോ?
അമേരിക്ക സാമ്രാജ്യത്വ ശക്തി അല്ല എന്ന് പറയാൻ കണ്ടെടുത്ത വാദങ്ങൾ കൊള്ളാം.ആരാണു ഇറാക്കിൽ യുദ്ധം നടത്തിയത്? ആരാണു അഫ്ഗാനിൽ യുദ്ധം ചെയ്തത്? ഇൻഡ്യക്കെതിരെ പാക്കിസ്ഥാനെ നിരന്തരം സഹായിച്ചിരുന്നത് ആരാണു?
കേരളത്തിലെ വിമോചന സമരത്തിൽ വരെ അമേരിക്കൻ ഇടപെടൽ ഉണ്ടായിരുന്നതായി അറിയാമോ?
ഇങ്ങനെ ഒരു സംഭവംമറിഞ്ഞിട്ടുണ്ടോ?
വിപുലമായ ആന്റി-കമ്മ്യൂണിസ്റ്റ് ഓപ്പറേഷന്‍സ് അമേരിക്കയിലും, മറ്റു രാജ്യങ്ങളിലും സി.ഐ.എ നടത്തിയിരുന്നു എന്ന് സി.ഐ.എ-യുടെ ചരിത്രംചൂണ്ടിക്കാട്ടിയിട്ടുമുണ്ട് ലെഗസി ഓഫ് ആഷസ്-ടിം വെയ്നര്‍. 1947 മാര്‍ച്ച് 12-നു ട്രൂമാന്‍ അമേരിക്കന്‍ കോണ്‍ഗ്രസിനോട് പറഞ്ഞത്, വിദേശരാജ്യങ്ങളില്‍ വളര്‍ന്നുവരുന്ന കമ്മ്യൂണിസത്തിനെ അമേരിക്കയിടപെട്ട് തകര്‍ത്തില്ലെങ്കില്‍ അത് ലോകത്തിനു തന്നെ വന്‍ദുരന്തം വരുത്തുമെന്നാണു.
ഇത്ര അമേരിക്കൻ സ്നേഹം ചേട്ടന്റെ കോൺഗ്രസുകാർക്ക് പോലും ഉണ്ടാവില്ല.ചരിത്രം വായിക്കൂ..
ഇഞ്ചിപ്പെണ്ണേ,
ലിങ്കുകൾ കൊടുക്കുമ്പോൾ ഇതും കൂടി കൊടുക്കണേ..മനോരമയിൽ വന്നതായതു കൊണ്ട് സത്യമല്ലാതെ വരാൻ ചാൻസ് ഇല്ല.
സുകുമാരൻ ചേട്ടാ,
കമ്മ്യൂണിസത്തെക്കുറിച്ച താങ്കൾ പണ്ടൊരിക്കൽ പറഞ്ഞ കാര്യം ഈ കമന്റിൽ ഞാൻ ഇട്ടിരുന്നു.മറന്നു പോയോ?
വളര്‍ച്ചയും തളര്‍ച്ചയും ഏതൊരു പ്രസ്ഥാനത്തിനുമുണ്ട്, എന്നാല്‍ തളിര്‍ക്കും മുമ്പേ പൊഴിയാന്‍ കേരളത്തിലേയോ ഇന്ത്യയിലേയോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കാരണമായത് അക്രമത്തിന്‍റേയും അനീതിയുടേയും സഹചാരികളായിപ്പോയി കമ്മ്യൂണിസ്റ്റുകാര്‍ എന്നതുകൊണ്ടാണ്. ഇന്ത്യയെപ്പോലെയൊരു രാജ്യത്ത് ഏതാണ്ട് പകുതിയോളം ജനങ്ങള്‍ ദാരിദ്രമോ അല്ലെങ്കില്‍ അതിനടുത്തോ നില്‍ക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നല്‍കുന്ന സുന്ദരമായൊരു ഭാവി, അതൊരുപക്ഷേ സംഭവിക്കുകയില്ലെങ്കില്‍ കൂടി അവരോടൊപ്പം ശാരീരികമായും മാനസികമായും കൂടാനോ അല്ലെങ്കില്‍ മാനസികമായി അനുഭാവമുണ്ടാകാനോ കാരണമാകേണ്ടതാണ്. പ്രത്യേകിച്ച് ഇന്ത്യയിലെ ഏതൊരു ഭരണകൂടവും ഇത്രയും കാലം ഭരിച്ചിട്ടും ജനങ്ങളുടെ പ്രാധമികാവശ്യങ്ങളോട് നീതിപുലര്‍ത്തിയില്ലെന്ന് വാദമുള്ളപ്പോള്‍, ഇത്രയും വൈവിദ്യമുള്ള ജനങ്ങളുള്ളപ്പോള്‍ ഇത്രയും മതപരമായും ഭാഷാപരമായും വിഭജിച്ചു നില്‍ക്കുമ്പോള്‍ പ്രകൃതിദുരന്തങ്ങള്‍ ഇത്രമേല്‍ വേട്ടയാടുമ്പോള്‍...
എന്തുകൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വളരാനായില്ല അല്ലെങ്കില്‍ ഉള്ള പിന്തുണ നഷ്ടപ്പെടുന്നു? മറ്റുള്ള സര്‍ക്കാറുകള്‍ അവരുടെ പരാജയത്തിനുകാരണമായിപ്പറയുന്ന ഭരണവിരുദ്ധ വികാരം ഒരിക്കലും ഇടതുപക്ഷ ഭരണത്തിനുണ്ടാവാന്‍ പാടില്ലാത്തതാണ്. മറ്റേതു പാര്‍ട്ടിയില്‍ നിന്നും യാതൊരു മുന്നറിയിപ്പോ ഭയമോ കൂടാതെ വേറെയതു പാര്‍ട്ടിയിലേക്കും അണികള്‍ക്കോ നേതാക്കള്‍ക്കോ തങ്ങളുടെ പിതുണ മാറ്റാം എന്നിരിക്കേ(കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് ഇതില്ല എന്നതുകൊണ്ടാണ്‍ ഇത് സൂചിപ്പിക്കുന്നത്) എന്തുകൊണ്ട് നേതാക്കളെ വിടുക പൊതുജനം കമ്മൂണിസ്റ്റ് പാര്‍ട്ടിയെ വെറുക്കുന്നു, മാനസികമായി പൂര്‍ണ്ണസംതൃപ്തരല്ലെങ്കിലും മറ്റുപാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നു, മറ്റുപാര്‍ട്ടികളോട് അനുഭാവം പ്രകടിപ്പിക്കുന്നു എന്നതിന്‍റെ ചെറിയൊരു ഉദാഹരണം മാത്രമാണ്‍ കണ്ണൂര്‍...
ഇത്രയും പ്രകടമായി അനീതിയും അക്രമവും നടത്തിയിട്ടും ജനങ്ങളുടെ ഇടയില്‍ ഇവര്‍ജീവിക്കുന്നു എന്നതിന്‍റെ ക്രഡിറ്റ് എന്തക്രമവും അനീതിയും സഹിച്ച് ജീവീക്കാന്‍ ഇവിടത്ത് പൊതുജനം പാകപ്പെട്ടിരിക്കുന്നു എന്നതിന്‍റെ ദുരന്തപൂര്‍ണ്ണമായ മാനസികാവസ്ഥക്കാണ്. നീതിക്കും സത്യത്തിനും വഴിപെട്ട് തങ്ങള്‍ക്കിനി ഇവിടെ ഒന്നും ചെയ്യാനാകില്ല എന്ന ദുഖ സത്യം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ മനസ്സിലാക്കിയതുകൊണ്ടാണ്‍ കാലാകാലങ്ങളായി ചെയ്യുന്ന കള്ളവോട്ടുകള്‍ക്കു പുറമേ വ്യാജ രേഖകള്‍ ഉപയോഗിച്ച് അന്യ ജില്ലക്കാരേയും അന്യസംസ്ഥാനക്കാരേയും നിയോജകമണ്ഡലത്തിനു പുറത്തുള്ളവരേയും വോട്ടേഴ്സ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയും കളക്ടര്‍ ഉള്‍പ്പടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മുഴുവന്‍ ദുരുപയോഗപ്പെടുത്തി ജനങ്ങളുടെ അവകാശം കൊള്ളയടിക്കുന്നത്. ഇതയൊക്കെ ചെയ്തിട്ടും തങ്ങള്‍ചെയ്ത അപ്രാധം മറച്ചുവെച്ച് മറ്റുള്ളവരുടെ മേല്‍കെട്ടിവെക്കാനുള്ള ഇവരുടെ ആവേശം അവരെ മൂടപ്പെട്ടിട്ടുള്ള അഴിമതിയുടെ ദുര്‍മേദസ്സുകൂടിയാണ്‍ അനാവരണം ചെയ്യപ്പെടുന്നത്.
ജിവി എന്താ പറഞ്ഞത്? മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തമിഴ്നാട്ടില്‍ കോണ്‍ഗ്രസ്സ് അടക്കം എല്ലാപാര്‍ട്ടിക്കാരും ബന്ദ് നടത്തിയെന്നും, ബന്ദില്‍ ചേരാത്ത പാര്‍ട്ടി സി പി എം ആണെന്നും. ഈ പോസ്റ്റില്‍ മുല്ലപ്പെരിയാര്‍ പ്രശ്നം ചര്‍ച്ചയ്ക്കെടുക്കുന്നില്ല. മാത്രമല്ല മലയാളികള്‍ മൂന്ന് നേരം ആഹാരം കഴിക്കണമെങ്കില്‍ തമിഴന് മുല്ലപ്പെരിയാറിലെ വെള്ളം വേണ്ടുവോളം നല്‍കണം എന്നാണെന്റെ അഭിപ്രായം. അണക്കെട്ടിന്റെ സുരക്ഷ രണ്ട് സംസ്ഥാനങ്ങള്‍ക്കും ബാധകമാണ്. ഞാന്‍ മുല്ലപ്പെരിയാറിന്റെ ചരിത്രംപഠിച്ചുവരികയുമാണ്. മറുപടി പറയുന്നതില്‍ എന്റേതായ ചില സൌകര്യങ്ങള്‍ ഞാന്‍ റിസര്‍വ്വ് ചെയ്തിട്ടുണ്ട്.
ഡി എം കെ പോലുള്ള കക്ഷികള്‍ ഫെഡറല്‍ സംവിധാനത്തെ ശക്തിപ്പെടുത്തും എന്ന് ഈ പോസ്റ്റില്‍ എഴുതിയതുകൊണ്ടാണ് മുല്ലപ്പെരിയാറിന്റെ കാര്യം ഇവിടെ എഴുതേണ്ടിവന്നത്. ഇതു വായിച്ച് നിരവധിപേര്‍ പ്രതികരിക്കാതെ പോയിട്ടുണ്ടാവാം. എന്റെ സ്വഭാവം വെച്ച് എനിക്കങ്ങനെ കഴിയാതെപോയി.
ഞങ്ങള്‍ അന്യ സംസ്ഥാനങ്ങളില്‍ താമസ്സിക്കുന്നവര്‍ക്ക് അറിയാം കോണ്ഗ്രസ്സിന്റെ തനി നിറം.
ഈ സുകുമാരന്‍ ചേട്ടന്‍ പറയുന്ന മതസൌഹാര്‍ദം തുടങ്ങിയ നല്ല കാര്യങ്ങളൊക്കെ ഇവിടെ ഈ കോണ്ഗ്രസ്സിന്റെ കോട്ടയില്‍ വന്നാല്‍ കാണാം, സത്യം. പിന്നെ കേരളത്തില്‍ വിലക്കയറ്റം എന്ന് എല്ലാവരും പറയുന്നു, പക്ഷെ ഇവിടത്തെ വിലയുടെ പകുതിയെ കേരളത്തില്‍ ഉള്ളു. സത്യത്തിനു നേരെ കണ്ണടച്ചിട്ടു കാര്യമില്ല.
പ്രേംകുമാര്‍, ഇന്ത്യയില്‍ ജനങ്ങള്‍ കോണ്‍ഗ്രസ്സിനോട് അടുത്തു വരുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ബംഗാളിലും അത് തന്നെയാണ് സംഭവിക്കുന്നത്. വര്‍ഗ്ഗീയ-ഏകാധിപത്യ പാര്‍ട്ടികളുടെ തനിനിറം ജനങ്ങള്‍ മനസ്സിലാക്കി വരുന്നു. ഇന്ന് കമ്മ്യൂണിസ്റ്റ് എന്ന പേര്‍ ഉച്ചരിക്കാന്‍ അര്‍ഹതയുള്ളവര്‍ യഥാര്‍ഥത്തില്‍ മാവോയിസ്റ്റുകളാണ്. അവരാണ് പാവങ്ങളോട് തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. പക്ഷെ കമ്മ്യൂണിസം എന്ന പ്രത്യശാസ്ത്രം അവരെ എങ്ങും എത്തിക്കുകയില്ല.
പിന്നെ, കേരളത്തില്‍ വില കുറവാണെന്ന് എന്തടിസ്ഥാനത്തിലാണു പറയുന്നത്. എല്ലാ നിത്യോപയോഗസാധനങ്ങളും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് കൊണ്ടുവരുന്നത്.
മറ്റൊരു ഓപ്ഷന്‍ ജനങ്ങള്‍ക്ക് ഇല്ല എന്നത് തന്നെയല്ലേ കാരണം. പഴയ ബി.ജെ.പി. കൂട്ടുകെട്ട് പോലെ ഒരു പുതിയ കൂട്ട് കെട്ട് വന്നാല്‍? വരും വരാതിരിക്കില്ല....
“സ്വാതന്ത്ര്യം ലഭിച്ചത് മുതല്‍ കോണ്‍ഗ്രസ്സിനെ പിരാകിയും ശപിച്ചും”
ഇന്ത്യ സര്‍വ്വ സ്വതന്ത്രയാകണമെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ്സ് 1947ല്‍ ഇന്ത്യയ്ക്ക് എന്ത് സ്വാതന്ത്ര്യമാണ് നേടി തന്നത് എന്ന് ആരെങ്കിലും ചിന്തിച്ചിട്ടൂണ്ടോ? ബ്രിട്ടീഷ് രാജാവിനെ ഇന്ത്യയുടെ രാജാവായി അംഗീകരിച്ചല്ലേ നെഹ്രു ആ അര്‍ദ്ധരാത്രി സത്യപ്രതിജ്ഞ ചെയ്തത്!!
1919ല്‍ ഇന്ത്യയ്ക്ക് ഓട്ടൊണോമി തരാമെന്ന് ബ്രിട്ടണ്‍ പറഞ്ഞിട്ടും പറ്റില്ല പൂര്‍ണ്ണ സ്വാതന്ത്ര്യം ആണ് വേണ്ടത് എന്ന് പറഞ്ഞ കോണ്‍ഗ്രസ്സ് ഒടുവില്‍ 1947ല്‍ വെറും ഓട്ടൊണോമി മാത്രമല്ലേ ഇന്ത്യക്കാര്‍ക്ക് വാങ്ങി തന്നത്. ഒരു ഓട്ടൊണോമിക്ക് വേണ്ടിയായിരുന്നുവെങ്കില്‍ എന്തിന് 27 കൊല്ലത്തോളം (1919-1947) ലക്ഷക്കണക്കിന് ഇന്ത്യക്കാരെ കോണ്‍ഗ്രസ്സ് ബലി കൊടുത്തത്?
ആ കോണ്‍ഗ്രസ്സിനെ എന്ത് അടിസ്ഥാനത്തിലാണ് വിശ്വസിക്കേണ്ടത്. ബി.ജെ.പി. എന്ന ഓപ്ഷന്‍ വന്നപ്പോള്‍ ജനങ്ങള്‍ കോണ്‍ഗ്രസ്സിനെ തൂത്തെറിഞ്ഞു, എന്നാല്‍ ബി.ജെ.പി. പരാജയമാണെന്ന് കാലം തെളിയിച്ചു. ബി.ജെ.പി.മുന്നണിയെ പോലെ മറ്റൊരു മുന്നണി വരട്ടേ ഈ ജനങ്ങള്‍ വീണ്ടും കോണ്‍ഗ്രസ്സിനെ കുപ്പയിലെറിയും. സ്വന്തം സ്ഥാനങ്ങള്‍ സംരക്ഷിക്കുവാന്‍ വേണ്ടി ഇന്ത്യയെ വെട്ടിമുറിച്ച് ജനങ്ങളെ നരകിപ്പിച്ച കോണ്‍ഗ്രസ്സ് പാരമ്പര്യത്തിന് ഇന്ത്യന്‍ ജനത ചുട്ട മറുപടി തന്നെ കൊടുക്കും. അവര്‍ മറ്റൊരു ഓപ്ഷനു വേണ്ടി കാത്തിരിക്കുന്നു...
എന്റെ മനോജേ, തമാശകള്‍ പറഞ്ഞതാണല്ലേ?
ഇതിലേതാണ് മാഷേ ഞാന്‍ പറഞ്ഞ തമാശ :(
പുതിയ മുന്നണിയെ പറ്റിയോ, അതോ 1947ല്‍ കോണ്‍ഗ്രസ്സ് നമുക്ക് “നേടി തന്ന” ഓട്ടൊണോമിയോ!!! ഒന്ന് വിശദമാക്കിയിരുന്നെങ്കില്‍ ഇവിടെ കമന്റുകള്‍ ഇട്ട് സമയം വേയ്സ്റ്റ് ആക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാമായിരുന്നു ;)
ജനങ്ങളുടെ മുന്നില്‍ മറ്റൊരു ഓപ്ഷന്‍ ഇല്ലാത്തത്കൊണ്ടല്ലേ കോണ്‍ഗ്രസ്സ് തിരിച്ചുവരുന്നത് എന്ന മട്ടിലുള്ള പ്രസ്ഥാവനയാണു എനിക്ക് കാര്യമായ തമാശയായി തോന്നിയത്. മറ്റൊന്ന് ഒരു മുന്നണി വരാതിരിക്കില്ല എന്ന പ്രതീക്ഷ. അപ്പോള്‍ മൂന്നാം മുന്നണി പോയി അല്ലേ? ഇക്കാര്യങ്ങള്‍ മനോജ് തന്നെയാണ് വിശദമാക്കേണ്ടത്. എസ്പെഷ്യലി ഓപ്ഷന്റെ കാര്യം.
പിന്നെ ഓട്ടണോമിയുടെ കാര്യം. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇന്ത്യ കോമണ്‍വെല്‍ത്തില്‍ അംഗത്വം എടുത്തിരുന്നു. ആ സംവിധാനത്തിന് ഇന്ന് ഒരു പ്രസക്തിയുമില്ല. മനോജ് അപ്പറഞ്ഞത് ഞാന്‍ തമാശയായല്ല കാര്യമായി തന്നെയാണ് കണ്ടത്. കാരണം ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ബ്രിട്ടീഷ്കാരോടൊപ്പം നിലകൊണ്ട ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 1947 ആഗസ്റ്റ് 15ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതായി അംഗീകരിച്ചില്ല. അവര്‍ അന്നേ ദിവസം അതായത് ഇന്ത്യന്‍ ജനത ഒന്നടങ്കം സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍, കരിദിനം ആചരിക്കുകയായിരുന്നു. അന്നു തൊട്ട് ഇന്നേവരെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകാര്‍ ഇന്ത്യ 1947 ആഗസ്റ്റ് 15ന് സ്വതന്ത്രമായി എന്ന് ഔപചാരികമായി പ്രസ്ഥാവിച്ചിട്ടില്ല. ഇപ്പോള്‍, അന്ന് ഇന്ത്യയ്ക്ക് ലഭിച്ചത് വെറും ഓട്ടണോമി മാത്രമാണെന്ന് മനോജ് പറയുമ്പോള്‍ അത് അല്പം സീരിയസ്സ് പ്രശ്നം തന്നെയാണ്. കാരണം ഇന്ത്യ ഓരോ അന്താരാഷ്ട്രക്കരാര്‍ ഒപ്പ് വയ്ക്കുമ്പോഴും മനോജടക്കം എല്ലാ ഇടത് പക്ഷക്കാരും പറയാറുണ്ട് കോണ്‍ഗ്രസ്സ് രാജ്യത്തിന്റെ പരമാധികാരം പണയം വയ്ക്കുന്നു എന്ന്. ഇതിലൊരു വൈരുദ്ധ്യമില്ലേ മനോജ്? ഈ പരമാധികാരം എപ്പോള്‍ എവിടന്ന് കിട്ടി? മനോജ് കുറച്ചുകൂടി യാഥാര്‍ഥ്യബോധത്തോടെ രാഷ്ട്രീയം പറഞ്ഞാല്‍ നമുക്ക് സംവദിക്കാന്‍ എളുപ്പമായിരുന്നു :)
മാഷേ,
ചരിത്രം അറിഞ്ഞിട്ടും അറിയില്ല എന്ന് നടിക്കുന്ന മാഷിന് ഞാന്‍ ചരിത്രം “പറഞ്ഞ് തരണം” എന്ന് പറയുന്നത്!!!
എന്തായാലും ഞാന്‍ ഒന്ന് തിരിഞ്ഞ് നോക്കുകയാണ്, ചരിത്ര രേഖകളിലൂടെ... 1947ല്‍ എന്താണ് ബ്രിട്ടണ്‍ ഇന്ത്യയ്ക്കും പാക്കിസ്ഥാനിനും നല്‍കിയതെന്ന്, 1947-1950 വരെ ഇന്ത്യയുടെ (യൂണിയന്‍ ഓഫ് ഇന്ത്യ) രാജാവ് ആരെന്ന്. 1950ലല്ലേ ഇന്ത്യ ബ്രിട്ടന്റെ കയ്യില്‍ നിന്നും ‘പൂര്‍ണ്ണമായും രക്ഷ”പ്പെടുന്നത്. അത് കൊണ്ട് തന്നെ 1950ന് ശേഷം കോമണ്വെല്‍ത്തില്‍ ഇന്ത്യയ്ക്ക് സ്ഥാനം നഷ്ടപ്പെടുമായിരുന്നു. കോമണ്വെല്‍ത്ത് എന്തിന് ഏതിനെന്ന് ഞാന്‍ പറഞ്ഞ് തരണ്ടല്ലോ അല്ലേ.... അന്ന് നെഹ്രുവിന്റെ “കഴിവില്‍” കോമണ്വെല്‍ത്തിന് പുതിയ അജണ്ടയുണ്ടാക്കി ഇന്ത്യ അംഗത്വം തുടരുന്നു.... രാജാവ് മരിച്ചപ്പോള്‍ രാജ്ഞിയെ കോമണ്വെല്‍ത്തിന്റെ തലവനായി അംഗീകരിക്കുന്നു എന്ന് ആദ്യം പ്രഖ്യാപിച്ചത് നെഹ്രു തന്നെയല്ലേ!!!!!! അതാണ് കോണ്‍ഗ്രസ്സിന്റെ രാജ്യസ്നേഹ ചരിത്രം!!!
"ഇന്ത്യന്‍ സമ്മര്‍” എന്ന 2011ല്‍ ഇറക്കുവാന്‍ ഉദ്ദേശിക്കുന്ന സിനിമയുടെ പശ്ചാത്തലത്തില്‍ ചിന്തിക്കുമ്പോള്‍ (http://www.telegraph.co.uk/news/worldnews/asia/india/6254725/India-bans-Nehru-and-Mountbatten-love-scenes-from-film.html) സ്വാതന്ത്ര സമരകാലത്ത് കോണ്‍ഗ്രസ്സ് ഏത് പക്ഷത്തായിരുന്നു എന്ന് പുനര്‍ചിന്തനം നടത്തേണ്ടത് ആരാണ്?
കസേരയ്ക്ക് വേണ്ടിയുള്ള “ചിലരുടെ” അത്യാഗ്രഹം കണ്ണടച്ചിരുന്നുവെങ്കില്‍ ഇന്ത്യ വിഭജിക്കുകപ്പെടുമായിരുന്നോ? ലക്ഷക്കണക്കിന് “ഇന്ത്യക്കാര്‍” മരിച്ച് വീഴുമായിരുന്നോ? എന്തിന് തലിബാന്‍ ഇന്ന് ഒരു ലോക ഭീഷണീയാകുമായിരുന്നോ? ഇന്ത്യ ഇന്ന് ലോകരാജ്യങ്ങളുടെ മുന്നിലെത്തുമായിരുന്നില്ലേ? ഇതെല്ലാം ആരാണ് വരുത്തി തീര്‍ത്തത്!!!
മുകളില്‍ പറഞ്ഞത് ഇടത്പക്ഷം പോലും പറഞ്ഞ് കേട്ടിട്ടില്ല എന്നത് ദു:ഖകരമാണ്...
ഒരു പുതിയ ബദല്‍ മുന്നണി ശക്തമായി വരുമെന്നത് കാത്തിരുന്നു കാണാം മാഷേ.... ഒരു ദിവസം പൊട്ടി വീഴുന്നതല്ലല്ലോ അത്.....
താങ്കളുടെ ശബ്ദം കോണ്‍ഗ്രസ്സിന്റെ ഔദ്യോഗികമല്ല എന്നത് പോലെ തന്നെ എന്റെ ശബ്ദവും ഒരു പാര്‍ട്ടിയുടെയും ഔദ്യോഗികമല്ല. ഒരു സാധാരണ ഇന്ത്യക്കാരന്റെ നാളെയുടെ പ്രതീക്ഷകള്‍ മനസ്സില്‍ ഉണ്ടെന്ന് മാത്രം..... :)
ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സിന് പകരം വെയ്ക്കുവാന്‍ നിലവില്‍ ഒരു മുന്നണിയുമില്ല. അത് കൊണ്ടാണ് ഞാന്‍ പറഞ്ഞത് ജനങ്ങള്‍ക്ക് മറ്റൊരു ഓപ്ഷന്‍ ഇപ്പോള്‍ ഇല്ല എന്ന്. ബി.ജെ.പി.മുന്നണി വന്നപ്പോള്‍ ജനം കോണ്‍ഗ്രസ്സിനെ തൂത്തിറക്കിയില്ലേ. പക്ഷേ ആ മുന്നണിയും പരാജയമാകുന്നതാണ് കണ്ടത്.
മുന്നണി സംവിധാനത്തിലല്ലാതെ കോണ്‍ഗ്രസ്സിന് പോലും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കുമോ? അത് കൊണ്ട് തന്നെ കോണ്‍ഗ്രസ്സിന് ബദലായി ഒരു ദേശീയ മുന്നണി രൂപപ്പെടുമെന്നത് തീര്‍ച്ചയാണ്...
അത് മൂന്നാം മുന്നണിയെങ്കില്‍ അങ്ങിനെ, നാലാം മുന്നണീയെങ്കില്‍ അങ്ങിനെ.....
ഇനിയും ഞാന്‍ യാഥാര്‍ത്ഥ്യബോധത്തോടെയല്ല സംസാരിക്കുന്നതെന്നും എന്റെ വാക്കുകളില്‍ വൈരുദ്ധ്യാത്മികതയുണ്ടെന്നും മാഷ് പറയുമോ? :)
"ഞാന്‍ ചന്തയില്‍ പോയി. അവിടെ ഉള്ളത് ചീഞ്ഞ മത്തിയും ആയിലയും. എന്തെങ്ങിലും വാങ്ങിയേ പറ്റു. അപ്പോള്‍ കൂടുതല്‍ ചീയല്‍ കുറവുള്ളതു വാങ്ങി" ഈ മാര്‍ക്കറ്റിംഗ് തന്നെ യാണ് ഈ ഇലക്ഷന്‍ നമ്മള്‍ക്ക് തന്നതും. അല്ലാതെ എല്ലാ ഇന്ത്യാക്കാരും കൊണ്ഗ്രെസ്സിന്റെ ഭരണ നേട്ടം കണ്ടു ഓടിക്കൂടുന്നതല്ല. അങ്ങനെ വിശ്വസിക്കുന്നു താങ്കള്‍ എന്ന് ഞാന്‍ കരുതുന്നില്ല.
Post a Comment