വേണ്ടാതീനങ്ങള്‍ പറയുന്നവര്‍, ചെയ്യുന്നവര്‍ നമ്മള്‍ !

നമ്മള്‍ വേണ്ടുന്നവയൊന്നും തീരെ പറയാറില്ലെന്നും എന്നാല്‍ വേണ്ടാതീനങ്ങള്‍ നിര്‍ത്താതെ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും എനിക്ക് പണ്ടേ മനസ്സിലായിരുന്നു . അത് മനസ്സിലാക്കാന്‍ മറ്റെങ്ങും പോകേണ്ട . ഞാന്‍ എന്റെ ബ്ലോഗിലെ പഴയ പോസ്റ്റുകളെല്ലാം ലിങ്കുകളാക്കി സമാഹരിച്ച് ഒരു ബ്ലോഗ് ഉണ്ടാക്കിയിട്ടുണ്ട് . അതിന്റെ ലിങ്ക് ഇവിടെ സൈഡ് ബാറില്‍ ഉണ്ട് . അത് തുറന്ന് നോക്കിയാല്‍ എനിക്ക് തന്നെ അറിയാം , എന്താണോ എനിക്ക് മറ്റുള്ളവരോട് പറയേണ്ടിയിരുന്നത് അതൊന്നുമല്ല ഞാന്‍ എഴുതിയിട്ടുള്ളത് . പറയാനുള്ളത് മുഴുവന്‍ ഇപ്പോഴും മനസ്സില്‍ ബാക്കി .

പ്രസംഗങ്ങള്‍ , പ്രഭാഷണങ്ങള്‍ കേള്‍ക്കുമ്പോള്‍ എനിക്ക് തോന്നാറുണ്ട് , ഇവര്‍ എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നത് . മറിച്ചെന്തെങ്കിലും പറയാമായിരുന്നില്ലേ . രാഷ്ട്രീയനേതാക്കളുടെ പ്രസംഗം കേള്‍ക്കുമ്പോള്‍ ഞാന്‍ വിചാരിക്കും , ഇവര്‍ എന്തിനാണ് മറ്റ് പാര്‍ട്ടികളുടെ നേതാക്കളെ ഇങ്ങനെ ഇകഴ്ത്തി പറയുന്നത് . അവര്‍ക്ക് നല്ല കാര്യം പറഞ്ഞുകൂടേ ? നമുക്ക് ഇതൊക്കെ ചെയ്യാം , ഇങ്ങനെയൊക്കെ പെരുമാറി മാതൃകയാക്കാം . സല്‍‌സ്വഭാവികളാവാം . നമ്മുടെ മക്കളെ നല്ല കുട്ടികളായി വളര്‍ത്താം . സമൂഹത്തിന് ഉപകാരപ്രദമായ കൊച്ചുകൊച്ചു കാര്യങ്ങള്‍ ചെയ്യാം . സ്നേഹം കൊണ്ട് എതിരാളികളെപ്പോലും വശീകരിക്കാം . നമ്മള്‍ മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും പെരുപ്പിച്ചു പറയുന്നത് നിര്‍ത്തി , വരൂ നമുക്ക് ഇങ്ങനെ പ്രവര്‍ത്തിക്കാം പ്രശ്നങ്ങള്‍ പരിഹരിക്കാം എന്നൊക്കെ പറഞ്ഞുകൂടേ ?

ഞാന്‍ പറയാനുദ്ദേശിക്കുന്നതിന്റെ ഒരു ശതമാനം പോലും എനിക്കാരോടും ഇത് വരെയായി പറയാന്‍ കഴിഞ്ഞിട്ടില്ല . നാം പറയാന്‍ ഉദ്ദേശിക്കുന്നത് ഒളിവ് മറവ് ഇല്ലാതെ മറ്റുള്ളവര്‍ ആരോടും പറയാന്‍ നമുക്ക് കഴിയില്ലേ ? അതൊക്കെ നമ്മോട് തന്നെ ആത്മഗതമായി പറയാനേ കഴിയൂ ? മറ്റുള്ളവരോട് നാം സത്യങ്ങള്‍ ഒന്നും തുറന്ന് പറയുന്നില്ല എന്നതല്ലേ വാസ്തവം ?

എന്നിട്ടും നാം അനവരതം പറഞ്ഞുകൊണ്ടിരിക്കുന്നു . പറയുന്നതില്‍ ഏറെയും പതിരാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ . എനിക്ക് തോന്നുന്നത് നമ്മള്‍ പറയുന്നതില്‍ മുക്കാല്‍ ഭാഗവും വെറുതെ വേസ്റ്റ് ആണെന്നാണ് . പറയാനുള്ളത് ശരിയായി പറയാനും അത് ശരിയായ അര്‍ഥത്തില്‍ ഗ്രഹിക്കപ്പെടാനും ഭാഷ അപര്യാപ്തമാണെന്നും എനിക്ക് തോന്നാറുണ്ട് .

അതേ പോലെ നമ്മുടെ മിക്കവാറും ചെയ്തികളും വേണ്ടാതീനങ്ങള്‍ തന്നെയല്ലെ ? നമുക്ക് എന്തൊക്കെ ക്രിയാത്മകമായി ചെയ്യാമായിരുന്നു . എത്ര സൂക്ഷ്മതയോടെയാണ് , ആസൂത്രിതമായാണ് ആളുകളെ കൊല്ലാന്‍ ബോംബ് വെക്കുന്നതും അത് സ്പോടനവിധേയമാക്കുന്നതും . നമ്മള്‍ സ്വയം തീര്‍ത്ത , ശീലങ്ങളുടെയും വിശ്വാസങ്ങളുടെയും തടവറയില്‍ പെട്ട് പുറത്തേക്കുള്ള വഴിയറിയാത്തെ അഴികള്‍ മുറുകെ പിടിച്ച് ഉഴലുകയല്ലെ . നമ്മുടെ തര്‍ക്കങ്ങളും വാദങ്ങളും ആപേക്ഷികങ്ങളായ സത്യങ്ങളെ ആസ്പദമാക്കുന്നത് കൊണ്ടല്ലേ എങ്ങുമെത്താത്തത് .

ഒരു പക്ഷെ ഈ വൈരുധ്യങ്ങളും സംഘര്‍ഷങ്ങളും തന്നെയാണ് ജീവിതം വിരസമാകാതെ ആയുഷ്കാലം മുഴുവന്‍ ജീവിയ്ക്കാന്‍ നമുക്ക് കഴിയുന്നത് എന്ന് വരുമോ ? ഈ പ്രപഞ്ചത്തെ സംബന്ധിച്ച് പരമമായ ഒരു സത്യം എവിടെയെങ്കിലുമുണ്ടോ എന്ന ചോദ്യം എന്നെ എപ്പോഴും അലട്ടാറുണ്ട് . എന്നാല്‍ ആശയവാദികളുടെ അവകാശവാദങ്ങളില്‍ അഭയം കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞിട്ടില്ല . മനുഷ്യന്‍ വെറും ഭൌതിക പദാര്‍ഥം മാത്രമാണെന്ന ചിന്ത ഭയാനകം തന്നെ . എന്നാല്‍ ഇല്ലാത്ത പ്രപഞ്ചശക്തിയിലും മരണാനന്തരജീവിതത്തിലും അലഞ്ഞു നടക്കുന്ന ആത്മാവിലും അഭയം കണ്ടെത്തി വ്യാജമായ ഒരു മന:സമാധാനം എനിക്ക് വേണ്ട തന്നെ . അതിനേക്കാളും എളുപ്പമാണ് മരണം എന്ന യാഥാര്‍ഥ്യത്തെ അംഗീകരിക്കുക എന്നത് .

സമൂഹത്തിന്റെ ഏത് ഭാവമാണ് നമ്മെ അലോസരപ്പെടുത്തുന്നത് ? പുറത്ത് പറയുമ്പോള്‍ അത് നിരക്ഷരതയാണ്,വിലക്കയറ്റമാണ്,മുതലാളിത്തമാണ്,ദാരിദ്ര്യരേഖയാണ്, തൊഴിലില്ലായ്മയാണ്,സാമ്രാജ്യത്വമാണ്,ആഗോളീകരമാണ്,വര്‍ഗ്ഗീയതയാണ് ... അങ്ങനെ പലതുമാണ് . എന്നാല്‍ നാം ഒറ്റയ്ക്കാവുമ്പോള്‍ ഇതൊന്നും നമ്മുടെ പ്രശ്നങ്ങളേ അല്ല. നമ്മുടെ വൈയക്തികമായ പ്രശ്നങ്ങള്‍ ആരുമായും നമുക്ക് പങ്ക് വെക്കാന്‍ കഴിയാത്ത വിധം സ്വകാര്യമായതും സങ്കീര്‍ണ്ണവുമാണ് . പല തരം കോം‌പ്ലസുകള്‍ ചേര്‍ന്നതാണ് നമ്മുടെ വ്യക്തിത്വം . നമ്മുടെ മനസ്സുകള്‍ ആരുടെ മുന്‍പിലാണ് നമ്മള്‍ പൂര്‍ണ്ണമായും തുറക്കുന്നത് ? ആരാണ് നമ്മുടെ യഥാര്‍ഥ മിത്രം ? അല്ലെങ്കില്‍ ശത്രു ?

എനിക്ക് മുന്‍പൊക്കെ തൂലികാ മിത്രങ്ങള്‍ അയക്കാറുണ്ടായിരുന്ന നൂറ് കണക്കിന് കത്തുകള്‍ , സൂക്ഷിച്ചു വെച്ചിരുന്നവ ഒരിക്കല്‍ ഞാന്‍ മുഴുവനും കത്തിച്ചു കളഞ്ഞു . എനിക്ക് ശേഷം എന്നെ സംബന്ധിക്കുന്ന അടയാളങ്ങള്‍ ഒന്നും അവശേഷിക്കരുത് എന്നെനിക്ക് തോന്നിയ ഒരു നിമിഷത്തിലാണ് അങ്ങനെ ചെയ്തത് . ആ അര്‍ഥത്തില്‍ ഈ ബ്ലോഗും എന്നെ ചിലപ്പോഴൊക്കെ അലോസരപ്പെടുത്താറുണ്ട് . സ്മാരകങ്ങളുടെ പൊള്ളത്തരങ്ങള്‍ എന്നെ ചിരിപ്പിക്കാറുണ്ട് . എന്തിനാണ് മരണപ്പെട്ടവര്‍ സ്മരിക്കപ്പെടുന്നത് . ഇപ്പോഴൊക്കെ ആരെങ്കിലും മരണപ്പെട്ടാല്‍ , പരേതന്റെ ഫോട്ടോ സ്വീകരണമുറിയിലെ ഭിത്തിയില്‍ തൂക്കി മാല അണിയിച്ചിരിക്കുന്നത് കാണാം . എന്തിനങ്ങനെ സദാ ഓര്‍മ്മപ്പെടുത്തപ്പെടണം എന്നതിന്റെ യുക്തി എനിക്ക് മനസ്സിലായിട്ടില്ല . എന്റെ അമ്മ മരണപ്പെട്ടതിന്റെ ശേഷം ആല്‍ബത്തില്‍ അവരുടെ ഫോട്ടോ നോക്കാന്‍ എനിക്ക് ധൈര്യം കിട്ടിയിട്ടില്ല .

കുട്ടികള്‍ മണ്ണപ്പം ചുട്ട് കളിക്കുന്നതും , തീപ്പെട്ടിക്കൂടുകളില്‍ മണ്ണ് കുഴച്ച് മണ്‍‌കട്ട ഉണ്ടാക്കി കൊച്ചു കൊച്ചു വീടുകള്‍ പണിയുന്നതും , കരിച്ചോലകള്‍ കൊണ്ട് പന്തലൊരുക്കി ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം വരണമാല്യം ചാര്‍ത്തി വധൂവരന്മാരായി കളിക്കുന്നതുമൊക്കെ കാണുമ്പോള്‍ മുതിര്‍ന്ന നമുക്ക് എന്താണ് തോന്നുക ? വെറും കുട്ടിക്കളി . എന്താണ് നമുക്കത് കുട്ടിക്കളിയായി തോന്നാന്‍ കാരണം ? നമ്മള്‍ പ്രായത്തില്‍ മുതിര്‍ന്നവരായത് കൊണ്ട് . നമുക്കതൊക്കെ അര്‍ഥശൂന്യമായ ബാലചാപല്യങ്ങളാണ് . അപ്പോള്‍ നമ്മേക്കാളും മുതിര്‍ന്നവര്‍ , അതായത് നമ്മെക്കാളും നൂറോ ഇരുന്നൂറോ വയസ്സ് കൂടുതല്‍ ഉള്ളവര്‍ ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കില്‍ നമ്മള്‍ വളരെ സീരിയസ്സായി ചെയ്യുന്ന കാര്യങ്ങള്‍ ആണവക്കരാര്‍ ചര്‍ച്ചയൊക്കെത്തന്നെ അവര്‍ക്ക് വെറും കുട്ടിക്കളികളായി തോന്നുമായിരുന്നില്ലേ ?

മേലെ എഴുതിയതും ഞാന്‍ ആരോടെങ്കിലും പറയാനോ , ബ്ലോഗില്‍ എഴുതാനോ ഉദ്ദേശിച്ചതായിരുന്നില്ല . പറയാനുള്ളതും എഴുതാനുള്ളതും എല്ലാം ഇപ്പോഴും മനസ്സില്‍ ബാക്കി ............

9 comments:

അനില്‍@ബ്ലോഗ് said...

കൂടുതല്‍ പുറത്തുവരട്ടെ.

ഹാരിസ് said...

ഒരു കൊച്ചു കുഞ്ഞിന്റെ വാവിട്ട നിലവിളി പോലെ നിരസിക്കാന്‍ കഴിയാത്ത എന്തോ ഒന്നു ഈ എഴുത്തിലുണ്ട്.

കടത്തുകാരന്‍ said...

മനസ്സില്‍ ബന്ധനങ്ങളുടെ കനമേറെയുള്ളവരിലാണ്‍ അസഹിഷ്ണുത വാക്കുകളായി വരിക, അസഹിഷ്ണുക്കളാവാതെ മന്സ്സുകൊണ്ട് മറ്റുള്ള മനസ്സുകളെ ആലിംഗനം ചെയ്യാനാവുന്നവര്‍ക്ക് ആദര്‍ശത്തിനും ആശയത്തിനുമപ്പുറം നല്ല വാക്ക് മൊഴിയാനാവും, നല്ലത് ചിന്തിക്കാനാവും, നല്ലതേറെ എഴുതുവാനും.....
തങ്കളുടെ ഈ നല്ല ചിന്തകള്‍ പങ്കിടുന്നു, ആശംസകളോടെ

ഭൂമിപുത്രി said...

ചിലപ്പൊഴെങ്കിലും ഇങ്ങിനെയൊക്കെ ആലോചിച്ച്പോകാറുണ്ട്,എല്ലാവരും.
അതുകൊണ്ട്തന്നെ സുകുമാരന്‍സാറിന്റെ ഈ ചിന്തകള്‍
പ്രസക്തിയേറുന്നു

ഹരിപ്പാട്ടുകാരന്‍ said...

മതം ദൈവം എന്നതിനെല്ലാമുപരി മനുഷ്യനെ പ്രതിഷ്ഠിച്ച ഒരു വ്യക്തിയാണു ഞാന്‍. ഹിന്ദുവാണ്‌. ഞാന്‍ താങ്കളുടെ ചില പോസ്റ്റുകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തി..രസകരമായി തോന്നി. താങ്കളുടെ പോസ്റ്റുകളും അതിലെല്ലാം പ്രതികരിച്ചവരുടെ കമന്റുകളിലെ ആര്‍ജ്ജവവും ഞാന്‍ മനസ്സിലാക്കി. താങ്കള്‍ക്ക് പറയാനുള്ളതു ഇനിയുമുണ്ടായിരിക്കെ, പറഞ്ഞുകൊണ്ടെയിരിക്കുക..കര്‍മ്മനിരത നമുക്കു ഒഴിവാക്കാനാകത്തതാണ്‌. സമയം കിട്ടുമ്പോള്‍ എന്റെ ബ്ലോഗ് ഒന്നു നോക്കുമല്ലോ.....

ഹരിപ്പാട്ടുകാരന്‍ said...

http:\\www.hinduthwam.blogspot.com

K.P.Sukumaran said...

പ്രിയ ഹരിപ്പാട്ടുകാരന്‍ , ഞാന്‍ ബ്ലോഗ് ഒന്ന് ഓടിച്ച് നോക്കി . കമന്റ് ഒന്നും അവിടെ എഴുതാന്‍ കഴിഞ്ഞില്ല . ഇന്നത്തെ ലോകം എന്റെ ഗ്രാമം പോലെ ചെറുതായാണ് എനിക്ക് കാണാന്‍ കഴിയുന്നത് . എന്റെ വീക്ഷണകോണം ശരിയാണെന്ന് ഞാന്‍ ശഠിക്കുകയില്ല . എന്നാലും എനിക്ക് മനുഷ്യനെയല്ലാതെ മറ്റാരെയും കാണാന്‍ കഴിയുന്നില്ല . ഒരു മനുഷ്യന് വിളി കേള്‍ക്കാന്‍ ഒരു വിളിപ്പേര് മാത്രം മതി എന്നാണെന്റെ പക്ഷം . ഹിന്ദു,മുസല്‍മാന്‍,ക്രിസ്ത്യാനി,സിഖ് തുടങ്ങിയ ബ്രാന്‍ഡ് നെയിമുകള്‍ ഇനി മനുഷ്യന് വേണ്ട എന്ന് ഞാന്‍ കരുതുന്നു . എന്ന് വെച്ച് സ്ക്കൂളില്‍ കുട്ടിയെ ചേര്‍ക്കുമ്പോള്‍ അതൊന്നും ചേര്‍ക്കേണ്ട എന്ന് ഞാന്‍ പറയില്ല . ഇവിടെ ജീവിയ്ക്കണമല്ലോ . അതിന് പ്രായോഗികമായി ചിന്തിച്ചും പ്രവര്‍ത്തിച്ചും പെരുമാറിയേ പറ്റൂ . സഖാവ് ബേബിയിസം പ്രായോഗികമല്ല . പക്ഷെ മനസ്സില്‍ മനുഷ്യന്‍ എന്ന ഏകഭാവം മതി. മതിയെന്നല്ല അതാണ് ,അത് മാത്രമാണ് സത്യം .

പിന്നെ ആത്മീയതയ്ക്കൊന്നും ആധുനികമനുഷ്യനെ രക്ഷപ്പെടുത്താന്‍ കഴിയില്ല . അത്രയ്ക്ക് കളങ്കിതമാണ് ഇന്ന് മനുഷ്യമനസ്സ് . അത് ശുദ്ധീകരിക്കണമെങ്കില്‍ സാധാരണക്കാരുടെ ഒരു മൂവ്മെന്റ് വളര്‍ന്ന് വരണം . അമൃതാനന്ദമയിയും ,രവിശങ്കറും,അരവണപ്പായസവും,സംസ്കൃതവും, പൂജാദ്രവ്യങ്ങളും എല്ലാം കച്ചവടത്തിന് കൊള്ളാം . അതൊക്കെ മനുഷ്യമനസ്സിനെ കൂടുതല്‍ കറപ്റ്റ് ആക്കാനേ ഉതകൂ .

അനില്‍@ബ്ലോഗ് said...

അതു കലക്കി മാഷെ.
വിരക്ത ജീവിതങ്ങള്‍ എല്ലാം ചെന്നെത്തുന്നതു ആത്മീയതയിലാണു എന്നൊരു ധാരണയുണ്ടു.അതുതന്നെയാണ് ആ കാപട്യമാണു ആത്മീയതയുടെ ഇന്നത്തെ ശാപം.

Sureshkumar Punjhayil said...

Good Work... Best Wishes!!!