Links

ഞാനൊരു അനോണി , നീയൊരു അനോണി, ചിന്തിച്ചു നോക്കിയാല്‍ എല്ലാവരും അനോണി !

“ നാനും ബൊമ്മൈ .... നീയും ബൊമ്മൈ ... നിനൈത്ത് പാര്‍ത്താല്‍ എല്ലാം ബൊമ്മൈ ...” കണ്ണദാസന്‍ എഴുതിയ ഒരു പഴയ പാട്ടിന്റെ വരി കടം വാങ്ങിയതാണ് ഈ തലക്കെട്ട് . അനോണി പ്രശ്നം ഞാന്‍ ബ്ലോഗില്‍ ഉയര്‍ത്തിയപ്പോള്‍ എനിക്ക് വിചിത്രമായ പല വാദഗതികളും കേള്‍ക്കാന്‍ ഇടയായി . ഭൂലോകവും ബൂലോഗവും ഒന്നാണെന്ന് ഞാന്‍ തെറ്റിദ്ധരിച്ചതാണെന്റെ പ്രശ്നം എന്ന് ചിലര്‍ പറഞ്ഞു . അത് ശരി തന്നെയാണ് . ബൂലോഗം എന്ന് ഒരു പ്രത്യേക ലോഗം ഉണ്ടെന്ന് ഞാന്‍ അംഗീകരിച്ചിട്ടില്ല . തനിക്ക് പറയാനുള്ളത് മറ്റുള്ളവരെ കേള്‍പ്പിക്കാന്‍ ഓരോരുത്തരും ഓരോ മാധ്യമം തേടുന്നുണ്ട് . അച്ചടി മാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും ആണ് ഇക്കാലത്ത് കഴിവും ഭാവനയും ഉള്ളവര്‍ക്ക് ഇതിന് അവസരമൊരുക്കുന്നത് . ബഹുഭൂരിപക്ഷത്തിന് ഇവ രണ്ടും അപ്രാപ്യമാണ് . അവിടെയാണ് ബ്ലോഗിന്റെ പ്രസക്തി . തനിക്ക് പറയാനുള്ളത് പറയന്‍ താരതമ്യേന എളുപ്പത്തില്‍ പ്രാപ്യമായ ഒരു മാധ്യമം ഉപയോഗിച്ച് ചുരുക്കം ചിലരുമായി സംവദിക്കുന്നു എന്ന് മാത്രം .

അനോണി പേര്‍ ഉപയോഗിക്കാന്‍ കാരണമായി ഒരാള്‍ പറഞ്ഞത് എന്നോട് ചോദിച്ചിട്ടല്ല എന്റെ നാമകരണം നടന്നത് . യഥാര്‍ഥ ലോകത്തില്‍ ഇഷ്ടപ്പെട്ട പേര്‍ എനിക്ക് ലഭിച്ചില്ല , അതിനാല്‍ ഇവിടെയെങ്കിലും എന്റെ ഇഷ്ടത്തിനൊത്ത പേര്‍ സ്വീകരിക്കട്ടെ എന്നാണ് . അങ്ങനെ തന്നിഷ്ടപ്രകാരം സ്വീകരിച്ച ബൂലോഗപ്പേര് മരക്കോന്തന്‍, ഈനാമ്പേച്ചി,കുപ്പത്തൊട്ടി, കുറ്റിച്ചൂല്‍, തുടങ്ങി ഇപ്പറയുന്ന ബൂലോഗത്ത് പ്രിയങ്കരമായ പേരുകളില്‍ നിന്ന് വ്യത്യസ്ഥമായ ഒന്നായിരുന്നില്ല .

ചിലര്‍ എന്നോട് ചോദിച്ചു , ഒരു പേരും ഫോട്ടോയും ഫോണ്‍ നമ്പറും പ്രൊഫൈലില്‍ കൊടുത്താല്‍ അത് നിങ്ങള്‍ തന്നെയാണ് എന്നതിന് എന്താണൊരു ഉറപ്പ് എന്ന് . നല്ല ചോദ്യമായിരുന്നു അത് . ഞാന്‍ ഞാനാണെന്ന് ആരെയെങ്കിലും ബോധ്യപ്പെടുത്തണമെങ്കില്‍ ആദ്യമായി ഞാന്‍ ആരെന്ന് എനിക്ക് തന്നെ ബോധ്യപ്പെടണ്ടെ ? ഈ ബ്ലോഗില്‍ എന്റെ ആദ്യത്തെ പോസ്റ്റ് തന്നെ “എന്നെ തേടുന്ന ഞാന്‍ ” എന്നാണ് . ഒരിക്കലും ഉത്തരം കിട്ടാനിടയില്ലാത്ത ഒരു ചോദ്യമായി അതിപ്പോഴും എന്നെ വേട്ടയാടുന്നുണ്ട് . ഈ ഞാന്‍ ഞാന്‍ തന്നെയാണ് എന്ന് എങ്ങനെയാണ് എനിക്ക് ഒരാളോട് ഉറപ്പിച്ചു പറയാന്‍ കഴിയുക ? നാളെ ഞാന്‍ ഒരു നുണയായി ഒടുങ്ങിപ്പോവില്ലെന്നുള്ളതിന് എന്താണൊരു ഉറപ്പ് ? അപ്പോള്‍ ഇന്നലെ വരെ ഒരു വിലാസവും ആകൃതിയും അയാള്‍ക്കുണ്ടായിരുന്നു എന്നാരാണ് സാക്ഷ്യപ്പെടുത്തുക ? എന്നാലും ആ സാക്ഷ്യപ്പെടുത്തലുകള്‍ എങ്ങനെയാണ് വിശ്വസനീയമാ‍വുക ? ഈ ലോകത്ത് ഒരനോണിയുടെ പ്രസക്തിയേ എനിക്കുള്ളൂ എന്ന് ഞാന്‍ പണ്ടേ തിരിച്ചറിച്ചറിഞ്ഞിട്ടുണ്ട് . അങ്ങനെ വിചാരപ്പെടുമ്പോള്‍ ആരാണനോണിയല്ലാത്തത് ? ഒരനോണിക്ക് പിന്നെയുമൊരനോണിയാകാന്‍ കഴിയുമോ ? താല്‍ക്കാലികമായൊരു അസ്തിത്വത്തിന്റെ പിന്‍‌ബലത്തില്‍ അഹങ്കരിക്കുന്ന അനോണികള്‍ക്ക് ഈ ചോദ്യങ്ങള്‍ മനസ്സിലാവില്ല . താനൊരു വെറും അനോണിയായിരുന്നു എന്ന് തിരിച്ചറിയാന്‍ ഒരനോണിക്കും കഴിയില്ല , അഥവാ കഴിഞ്ഞാലും അംഗീകരിക്കില്ല . കാരണം അനോണിയല്ലാത്ത സനോണിയായ ഒരു പരമാത്മാവ് എന്നിലുണ്ടെന്ന് അയാള്‍ വീമ്പിളക്കിക്കളയും .

*****************************************************************

മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ (86-17[ജൂണ്‍29-ജൂലയ്5]) കെ. സുമലത എഴുതിയ ‘കുടുംബ’ങ്ങളേ ,നിങ്ങള്‍ കള്ളം കളിക്കുകയാണ് എന്ന ലേഖനം അതിന്റെ മൌലികമായ ചിന്തകള്‍ കൊണ്ട് ശ്രദ്ധേയമാണ് . ചിന്തകളും നിരീക്ഷണങ്ങളും മൌലികമാവുമ്പോള്‍ അത് വ്യവസ്ഥാപിതമായ ആശയങ്ങളോടും നടപ്പ് രീതികളോടും കലഹിക്കുന്നു . ഭൂമി ഉരുണ്ടതാണെന്ന് ബ്രൂണോ പറയുമ്പോള്‍ അത് അദ്ദേഹത്തിനൊഴികെ മറ്റാര്‍ക്കും സ്വീകാര്യമല്ലായിരുന്നു . അതാണ് മൌലികചിന്തകളുടെ എക്കാലത്തെയും വിധി . ചിന്തിക്കുന്നവര്‍ കാലത്തിന് മുന്‍പേ സഞ്ചരിക്കുന്നു . അത്തരക്കാരെ പിന്‍‌തുടര്‍ന്ന് കല്ലെറിയുന്നു സാധാരണജനം .

കുടുംബം എന്ന സ്ഥാപനത്തിനെതിരെ നിരവധി ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട് ലേഖിക പ്രസ്തുത ലേഖനത്തില്‍ . സ്നേഹവും സാന്ത്വനവും സുരക്ഷിതത്വവും വ്യക്തികള്‍ക്ക് നല്‍കുന്ന ലോകത്തിലെ ഒരേയൊരു ഇടമാണ് കുടുംബം എന്നാണ് സങ്കല്പം . എന്നാല്‍ ഇപ്പറഞ്ഞവ അതിലെ അന്തേവാസികള്‍ക്ക് നല്‍കാന്‍ ഇന്ന് കുടുംബം എന്ന സ്ഥാപനത്തിന് കഴിയുന്നുണ്ടോ ? മനുഷ്യ ചരിത്രത്തിന്റെ ഒരു പ്രത്യേക ദിശാസന്ധിയിലാണ് കുടുംബം എന്ന പ്രസ്ഥാനം ഉയര്‍ന്ന് വന്നത് . നിരവധി പരിണാമങ്ങള്‍ക്ക് വിധേയമായി ഇന്നത് അണുകുടുംബം എന്ന തലത്തില്‍ എത്തിനില്‍ക്കുന്നു .

കുടുംബം നിലനില്‍ക്കേണ്ടതുണ്ടോ ? അത് ജീവിതവിരുദ്ധമായ ആശയമല്ലേ ? കുടുംബത്തെക്കുറിച്ച് ഏറ്റവും അടിസ്ഥാനപരമായ വിമര്‍ശനം ഉന്നയിക്കാന്‍ സമയമായി എന്ന മുഖവുരയോടെ ലേഖിക ചോദിക്കുന്നു .

ഏതാനും ദിവസം കൊണ്ട് ജനനം മുതല്‍ മരണം വരെ നിര്‍വ്വഹിച്ച് , ഒന്നും നേടുകയോ നഷ്ടപ്പെടുകയോ ചെയ്യാതെ ഒരായുസ്സിനെ അതിന്റെ പൂര്‍ണ്ണതയില്‍ ആവിഷ്കരിച്ച് മരിച്ചുപോകുന്ന ഒരു ശലഭത്തിന് അനുഭവവേദ്യമാകുന്ന അര്‍ഥമെങ്കിലും മനുഷ്യജീവിതത്തിന് പ്രാപ്തമാക്കാന്‍ കുടുംബജീവിതത്തില്‍ സാധ്യമാകുന്നുണ്ടോ ? ലേഖിക തുടരുന്നു : കുടുംബം യഥാര്‍ഥ മനുഷ്യാസ്തിത്വത്തെ നിഷേധിച്ച് അതിനുവേണ്ട കപട അസ്തിത്വത്തെ ഉല്‍പ്പാദിപ്പിക്കുന്ന സ്ഥാപനമാണ്. അത് കൊണ്ട് പ്രാപഞ്ചികമായ മനുഷ്യാസ്തിത്വത്തിന്റെ സത്യസന്ധമായ ആവിഷ്കാരം ഒരു ശലഭത്തോളം പൂര്‍ണ്ണമായെങ്കിലും നിറവേറ്റാന്‍ മനുഷ്യന് ഒരിക്കലും കഴിയുകയില്ല .

ഒന്‍പതോളം പേജുകളില്‍ പരന്നുകിടക്കുന്ന ലേഖനത്തിന്റെ അവസാനത്തില്‍ , മനുഷ്യസഹവാസത്തേയും ബന്ധങ്ങളേയും കുടുംബവ്യവസ്ഥയുടെ വിലക്കില്ലാതെ പുരോഗമനപരമായി എങ്ങനെ പുന:സംഘടിപ്പിക്കാം എന്ന ചോദ്യം അവശേഷിക്കുന്നതായി ലേഖിക സമര്‍ഥിക്കുന്നു . ദീര്‍ഘകാലം കുടുംബം എന്ന തുരങ്കത്തിലൂടെ സഞ്ചരിച്ചത്കൊണ്ട് ഇനിയൊരു രക്ഷപ്പെടല്‍ സാധ്യമാണോ എന്ന സംശയം പോലും അസാധ്യമാണെന്ന് ലേഖിക പറയുന്നു. സാമൂഹികജീവിതത്തിന്റെ പരിണാമദശ അനിശ്ചിതത്വം നിറഞ്ഞതാണ് , ജീവിതം പോലെ തന്നെ . ചോദ്യങ്ങളും സംശയങ്ങളും പാകമാകുന്ന ഏതെങ്കിലുമൊരു സന്ദര്‍ഭത്തില്‍ കുടുംബത്തെ അപ്രസക്തമാക്കാന്‍ കെല്‍പ്പുള്ള പരിണാമശേഷി തലമുറകള്‍ കഴിഞ്ഞിട്ടാണെങ്കിലും സമൂഹം കൈവരിക്കുകതന്നെ ചെയ്യും എന്ന വിശ്വാസത്തോടെ ലേഖനം ഉപസംഹരിക്കുന്നു .

വര്‍ത്തമാനകാലത്തിന്റെ ആചാരങ്ങളും വിശ്വാസങ്ങളും ശീലങ്ങളും അലംഘനീയമാണെന്നും പരിപാവനമാണെന്നുമാണ് സാധാരണയായി ആളുകള്‍ പൊതുവെ ധരിച്ചു വെച്ചിരിക്കുന്നത് . അത് കൊണ്ട് അത്തരം ധാരണകള്‍ക്കെതിരായ ചിന്തകള്‍ കേള്‍ക്കുന്ന മാത്രയില്‍ ഒരു നിമിഷം പോലും ആലോചിക്കാതെ പൊട്ടിത്തെറിക്കുക എന്നതാണവരുടെ രീതി . അതില്‍ കുറ്റം പറഞ്ഞിട്ട് കാര്യമില്ല . വിശ്വാസങ്ങള്‍ തന്നെയാണവര്‍ക്ക് ജീവിതം .

No comments: