Links

ആണവക്കരാര്‍ ; സത്യവും മിഥ്യ (പുകമറ ) യും !

നമുക്ക് എന്ത് കൊണ്ടാണ് അമേരിക്കയുമായി ആണവക്കരാറില്‍ ഒപ്പിടേണ്ടി വരുന്നത് ? ഒന്നാമത് നമുക്ക് വൈദ്യുതോര്‍ജ്ജം ഉണ്ടാക്കുന്നതിന് വേണ്ടി സ്ഥാപിക്കപ്പെട്ടിട്ടുള്ള ന്യൂക്ലിയര്‍ റീയാക്ടറുകള്‍ക്ക് ആവശ്യമായ ഇന്ധനം സമ്പുഷ്ടയൂറേനിയം (ഐസോടോപ്പ് U235) വേണം . നാളെ കിട്ടിയാല്‍ നാളെത്തന്നെ കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ നമുക്ക് കഴിയും . അത്രക്കാണ് നമ്മുടെ ഊര്‍ജ്ജാവശ്യം . വൈദ്യുതോപഭോഗം വര്‍ദ്ധിക്കുന്ന മുറക്ക് കൂടുതല്‍ റീയാക്ടറുകള്‍ നിര്‍മ്മിക്കേണ്ടതുമുണ്ട് . യൂറേനിയം ധാരാളമായി ഉല്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ നിന്ന് (NSG) നമുക്കത് വാങ്ങാമായിരുന്നു . അതിന് പക്ഷെ നാം ആണവനിര്‍വ്യാപനക്കരാറില്‍ (NPT) ഒപ്പ് വെക്കണം . അതായത് ജപ്പാന്‍ , ദ.കൊറിയ പോലുള്ള രാജ്യങ്ങള്‍ ചെയ്ത പോലെ നാം നമ്മുടെ സൈനികാവശ്യത്തിന് കരുതിയിട്ടുള്ള സര്‍വ്വ ആണവായുധങ്ങളും നശിപ്പിച്ച് പൂട്ടിക്കെട്ടണം . അപ്പോള്‍ നമുക്കവര്‍ യൂറേനിയം തരും . അമേരിക്കയുമായി കരാര്‍ വേണ്ട . പാക്കിസ്ഥാന്‍,ചൈന എന്നീ രാജ്യങ്ങള്‍ അണു ആയുധങ്ങള്‍ കൈവശം വെക്കുന്നത് കൊണ്ട് നമുക്കത് ചിന്തിക്കാന്‍ പോലും പറ്റില്ല . അമേരിക്കയുമായി കരാര്‍ ഉണ്ടാക്കിയാല്‍ NPT ഒപ്പ് വെക്കാതെ തന്നെ നമുക്ക് യൂറേനിയം സപ്ലൈ ചെയ്യുന്ന രാജ്യങ്ങള്‍ അത് നല്‍കും . ഇത് നമുക്ക് ലഭിക്കുന്ന ഒരു അന്താരാഷ്ട്ര ഔദാര്യമാണ് . കാരണം യൂറേനിയം ഏറ്റവും അടിയന്തിരാവശ്യമുള്ളവരായി നമ്മളും അത് കൈവശമുള്ളവര്‍ അവരുമാണ് .

വൈദ്യുതോര്‍ജ്ജം ഉല്പാദിപ്പിക്കാന്‍ ആണവ നിലയങ്ങള്‍ തന്നെ വേണോ എന്ന ചോദ്യത്തിനേ പ്രസക്തിയുള്ളൂ . വേണമെങ്കില്‍ അമേരിക്കയുമായി കരാര്‍ അല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല . ലോകത്ത് ഏറ്റവും കൂടുതല്‍ (മെഗാ വാട്ട്) ആണവ വൈദ്യുതി ഉല്പാദിപ്പിക്കുന്ന രാജ്യം അമേരിക്കയാണ്. മൊത്തം വൈദ്യുതോല്പാദനത്തില്‍ ഏറ്റവും കൂടുതല്‍ ആണവവൈദ്യുതി ഉല്പാദിപ്പിക്കുന്ന രാജ്യം ഫ്രാന്‍സുമാണ് . എന്നാല്‍ ഈ രണ്ട് രാജ്യങ്ങളിലും വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന് ആണവനിലയങ്ങളെ ആശ്രയിക്കുന്നതിന് ശക്തമായ എതിര്‍പ്പുകളുമുണ്ട് .

അണു പിളര്‍പ്പ് (Nuclear fission) എന്നത് അപായ സാധ്യതകള്‍ ഉള്ളത് തന്നെയാണ് , സംശയമില്ല . അണുപ്രസരണം ഒഴിവാക്കല്‍ , ആണവ മാലിന്യങ്ങള്‍ സുരക്ഷിതമായി കളയുക എന്നീ പ്രശ്നങ്ങള്‍ , ജന്തു-സസ്യജാലങ്ങള്‍ക്ക് അപകടസാധ്യതകള്‍ ഇല്ലാത്താക്കുക ഇവയൊക്കെ ചിന്തിക്കേണ്ടതുണ്ട് . എന്നാല്‍ ഇതൊന്നും മത-കക്ഷിരാഷ്ട്രീയ പരിഗണനകള്‍ മുന്‍‌നിര്‍ത്തി വിചിന്തനം ചെയ്യേണ്ടവയല്ല . ഇവിടെ സയന്‍സ് മാത്രമേ നമുക്ക് രക്ഷയായിട്ടുള്ളൂ . ഇതിനൊക്കെ മനുഷ്യരാശിക്ക് ദോഷം വരാത്ത വിധത്തില്‍ പരിഹാരം കാണാനുള്ള മാര്‍ഗ്ഗങ്ങള്‍ ശാസ്ത്ര-സാങ്കേതിക വിദഗ്ദര്‍ വികസിപ്പിച്ചിട്ടുണ്ട് . ഗവേഷണ പരീക്ഷണങ്ങള്‍ നാനാതുറയിലും നടക്കുന്നുണ്ട് . മനുഷ്യന്റെ പ്രതിസന്ധികള്‍ അതേത് രൂപത്തിലായാലും മറികടക്കാനുള്ള ഉപായങ്ങള്‍ കണ്ടെത്തുന്നതില്‍ ജാഗരൂഗമാണ് ആഗോളശാസ്ത്രസമൂഹം . പെട്രോളും യൂറേനിയവും ആസന്നഭാവിയില്‍ തീര്‍ന്നാലും മറ്റ് മാര്‍ഗ്ഗങ്ങള്‍ അവര്‍ സന്ദര്‍ഭോചിതം കണ്ടെത്തിയിരിക്കും , സംശയം വേണ്ട .

നമുക്ക് എങ്ങനെയെല്ലാം വൈദ്യുതി ഉല്പാദിപ്പിക്കാമെന്ന് നോക്കാം . സൂര്യപ്രകാശം, കാറ്റ് (വായുവിന്റെ ചലനം ) , തിരമാല എന്നിവയൊക്കെ ചൂണ്ടിക്കാട്ടാന്‍ പറ്റും . സ്വകാര്യ മേഖലയില്‍ ഇന്ന് കാറ്റില്‍ നിന്ന് വൈദ്യുതി പലരും ഉല്പാദിപ്പിക്കുന്നുണ്ട് . കേന്ദ്രസര്‍ക്കാര്‍ അതിന് സബ്‌സിഡിയും നല്‍കുന്നുണ്ട് . എന്നാല്‍ കാറ്റിന്റെ ശക്തിനിമിത്തം ടര്‍ബൈന്‍ കറങ്ങി അതില്‍ നിന്ന് ഉല്പാദിപ്പിക്കാന്‍ കഴിയുന്ന വൈദ്യുതി വെറും 5 മെഗാ വാട്ട് ആയെങ്കില്‍ ആയി . സാധാരണഗതിയില്‍ ഒരു ടര്‍ബൈന്‍ 1.5 മെ.വാട്ട് ആണുല്പാദിപ്പിക്കുക . കുറേ ടര്‍ബൈനുകള്‍ ഒരേസ്ഥലത്ത് സ്ഥാപിച്ച് ഉല്പാദനം 200-300 മെ.വാട്ട് വരെയൊക്കെ ഉയര്‍ത്താം . എന്നാല്‍ അതിന് തുറസ്സായ സ്ഥലം വളരെ വിസ്തീര്‍ണ്ണത്തില്‍ വേണം . പിന്നെ കാറ്റ് ഇടതടവില്ലാതെ കിട്ടുകയും വേണം . കാറ്റടിക്കുന്ന വേഗതയുടെ ഏറ്റക്കുറവനുസരിച്ച് വൈദ്യുതിയുടെ ഉല്പാദനവും ഏറിയും കുറഞ്ഞുമിരിക്കും. ഇങ്ങനെ ഉല്പാദിപ്പിക്കുന്ന വൈദ്യുതോര്‍ജ്ജത്തെ കുറിച്ച് അധികമാരും അറിഞ്ഞിരിക്കാത്ത ഒരു സത്യം , ഒരു ബള്‍ബ് പ്രകാശിക്കുമ്പോഴാണ് അതിനാവശ്യമായ ഊര്‍ജ്ജം ഉല്പാദിപ്പിക്കപ്പെടുന്നത് എന്നതാണ് . നമുക്കത് ഉല്പാദിപ്പിച്ച് സ്റ്റോക്ക് ചെയ്യാന്‍ പറ്റില്ല എന്നര്‍ത്ഥം .

സൌരോര്‍ജ്ജം ഉപയോഗിച്ച് വ്യാവസായികാടിസ്ഥാനത്തില്‍ വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള ഗവേഷണങ്ങള്‍ ആരംഭദശയിലാണ് . അതിന് ധാരാളം മുടക്ക് മുതല്‍ വേണ്ടതുണ്ട് . സോളാര്‍ പാനലുകള്‍ ഉപയോഗിച്ച് വീടുകളിലെ വൈദ്യുതോര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റി ഊര്‍ജ്ജക്കമ്മി പരിഹരിക്കാന്‍ ചെറിയ പങ്ക് നിര്‍വ്വഹിക്കാനേ ഇപ്പോള്‍ കഴിയൂ . ലോകത്തിലൊരിടത്തും സൌരോര്‍ജ്ജം ഉപയോഗിച്ച് പല നൂറ് മെഗാ വാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്ന വൈദ്യുതനിലയങ്ങള്‍ ഇപ്പോഴില്ല .

ജലവൈദ്യുത പദ്ധതികള്‍ പുതിയതായി ആരംഭിക്കണമെങ്കില്‍ വലിയ വലിയ അണക്കെട്ടുകള്‍ നിര്‍മ്മിക്കേണ്ടതുണ്ട് . അതിന്റെ പ്രശ്നങ്ങള്‍ എല്ല്ലാവര്‍ക്കും അറിയാം . ഞാന്‍ ഇവിടെ വിവരിക്കേണ്ടതില്ല . പിന്നെയുള്ളത് താപവൈദ്യുതനിലയങ്ങളാണ് . താപവൈദ്യുത നിലയങ്ങളില്‍ വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള ടര്‍ബൈന്‍ കറക്കുന്നത് , കല്‍ക്കരി കത്തിച്ച് നീരാവിയുണ്ടാക്കി അതിന്റെ ശക്തി ഉപയോഗിച്ചാണ് . താപനിലയങ്ങള്‍ക്ക് ആയിരക്കണക്കിന് മെഗാവാട്ട് കരണ്ട് ഉല്പാദിപ്പിക്കാനുള്ള ശേഷിയുണ്ട് . എന്നാല്‍ അതില്‍ ചില പ്രശ്നങ്ങള്‍ ഉണ്ട് . പ്രധാനമായി കല്‍ക്കരി ഉള്‍പ്പെടുന്ന ഫോസ്സില്‍ ഇന്ധനങ്ങളുടെ ശേഖരം പ്രകൃതിയില്‍ കുറഞ്ഞു വരുന്നു . കല്‍ക്കരി താപനിലയങ്ങളില്‍ എത്തിക്കാനുള്ള ചെലവ് . ഏറ്റവും പ്രധാനം താപനിലയങ്ങള്‍ പുറത്ത് വിടുന്ന ഗ്രീന്‍ ഹൌസ് വാതകങ്ങള്‍ നമ്മുടെ അന്തരീക്ഷോഷ്മാവ് വര്‍ദ്ധിപ്പിച്ച് കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഉണ്ടാക്കുന്നു എന്നതാണ് . എവിടെ ഹൈഡ്രോ കര്‍ബണ്‍ കത്തുന്നുവോ അവിടെ കാര്‍ബണ്‍ ഡയോക്സൈഡ് അന്തരീക്ഷത്തിലേക്ക് പുറംതള്ളപ്പെടുന്നു . നമ്മുടെ ഭൌമാന്തരീക്ഷത്തിന് താങ്ങാനാവുന്നതിലപ്പുറം കാര്‍ബണ്‍ ഡയോക്സൈഡ് ഇപ്പോള്‍ തന്നെ അന്തരീക്ഷത്തിലുണ്ട് . വരുന്ന പത്ത് വര്‍ഷത്തിനുള്ളില്‍ നമ്മളിതിന് പരിഹാരം കണ്ടില്ലെങ്കില്‍ പിന്നെ എന്ത് എന്ന് കണ്ടറിയണം .

നമുക്ക് പ്രശ്നങ്ങളെ ഒന്ന് വിലയിരുത്താം : വൈദ്യുതി കൂടുതല്‍ ലഭിക്കാതെ ഇനി ഒരിഞ്ച് മുന്നോട്ട് പോകാനാവില്ല . വൈദ്യുതി കൂടുതല്‍ ഉല്പാദിപ്പിക്കാന്‍ നിലവില്‍ സൌരോര്‍ജ്ജം , കാറ്റ് എന്നിവ ഫലപ്രദമല്ല . ജലവൈദ്യുതി നിലയങ്ങള്‍ എളുപ്പമല്ല . അതിരപ്പള്ളി മുതല്‍ നര്‍മ്മദ വരെ ഓര്‍ക്കുക . പിന്നെയുള്ളത് താപനിലയങ്ങളും ആണവനിലയങ്ങളുമാണ് .

താപനിലയങ്ങള്‍ കൊണ്ട് ആഗോളതാപനം വര്‍ദ്ധിക്കും , സൂര്യപ്രകാശത്തിലെ മാരകമായ അള്‍ട്രാവയലറ്റ് രശ്മികള്‍ ആഗിരണം ചെയ്ത് കൊണ്ട് ഭൂമിയെ സംരക്ഷിക്കുന്ന ഓസോണ്‍ (O3) പാളിക്ക് വിള്ളല്‍ സംഭവിച്ച് ജീവരാശികള്‍ക്ക് ആപത്ത് വര്‍ദ്ധിക്കും . ആണവനിലയങ്ങള്‍ നിമിത്തം അണുപ്രസരണം (റേഡിയേഷന്‍) , ആണവ വെയിസ്റ്റുകളുടെ നിര്‍മ്മാ‍ര്‍ജ്ജനം എന്നീ പ്രശ്നങ്ങളുമുണ്ട് .

അപ്പോള്‍ നമ്മള്‍ ഏത് മാര്‍ഗ്ഗം സ്വീകരിക്കും ? രണ്ടില്‍ ഒന്നേ സ്വീകരിക്കാന്‍ വഴിയുള്ളൂ .

(തുടരും , നിങ്ങളും അല്പനേരം ചിന്തിക്കൂ )

11 comments:

അനില്‍@ബ്ലോഗ് // anil said...

ഞാനാണൊ ആദ്യം!!?
ചില ചൊദ്യങ്ങള്‍ മാത്രം.
1.ആണവ നിലയത്തില്‍ നിന്നും ലഭിക്കുന്ന വൈദ്യുതിയുടെ യൂണിറ്റ് വില എത്രയാകും?
2.ആകെ ഉത്പാദനത്തിന്റെ പരമാവധി എത്ര ശതമാനം വരെ അണവ വൈദ്യുതി ഉത്പാദിപ്പിക്കാനാവും?
3.ഒരു നിലയത്തിനു എത്ര പണം മുടക്കണം?
4.ഒരു ആണവ നിലയത്തിന്റെ എത്ര കി.മി. ചുറ്റളവില്‍ ജനവാസ നിരൊധിത മെഖലയുണ്ടു?
ഉത്തരം നല്‍കുമല്ലൊ.

വേണാടന്‍ said...

ഇടതു പക്ഷം അമേരിക്കയുമായി ആണവക്കരാറില്‍ തനി രാഷ്ട്രീയം കളിക്കുന്നു. അബ്ദുള്‍ കലാം, അനില്‍ കൊദ്കറ് പോലെയുള്ള രാജ്യസ്നേഹികളും ആണവകാര്യങ്ങളില്‍ അവസാന വാക്കുമായ ആള്‍ക്കാര്‍ക്കില്ലാത്ത രാജ്യസ്നേഹം പണ്ട് ഇന്ത്യ ചൈന യുദ്ധത്തില്‍ കേട്ട ‘നമ്മള്‍ നമ്മുടേതെന്നും അവര്‍ അവരുട്തെന്നും പറയുന്ന പ്രദേശത്തിന്നു വെണ്ടിയുള്ളതാണെന്ന്’ മാതിരിയുള്ള കപട രാജ്യസ്നേഹം ആണു. ഇതു ഇടതന്മാരുടെ പതിവു ചൈന സ്നേഹം ആണു. നാമ്മുടെ ഇന്ത്യാ രാജ്യം നശിച്ചാലും ചൈന നന്നാവണം. ഇതുപ്പൊലെ കുറെയുണ്ട് പറയാന്‍...കാര്‍, മിസൈല്‍, റോക്കറ്റ്, ആറ്റം ബോംബ്, കമ്പ്യുട്ടറ്, ഗാട്ട്, സഖാക്കള്‍ എതിറ്ക്കാത്ത എന്തെങ്കിലും എന്റെ ഓറ്മ്മയില്‍ ഇല്ല. ചോറിങ്ങും കൂറങ്ങുമായി നടക്കുന്ന ഇത്തരം തിരുമാലികള്‍ക്ക് മുക്കാലി ശരണം.

നമ്മുടെ മാധവേട്ടനും ടീമും ചന്ദ്രനില്‍ നിന്നും യൂറെനിയ്‌വുമായി വരും, വരേക്കും നമൂക്കു ഈ കരാര്‍ ആവശ്യമാണു. അപ്പോള്‍ കരാറിനോട് റ്റാറ്റ ബൈബൈ പറയാം.

Sakthi said...

edathanmar... Prakash karatine pollulavar... Americayil vacation vannu udane nattiletthi Americaye kuttam parayunna nanniketta vargangal... pinne pakuthiii manthrimarudeyum makkal Americayilanu padikkunnathu.. gathi ketta rastryeeam.. lavammarude oru edathuu.. Pattikal..

തറവാടി said...

>>> ഒരു ബള്‍ബ് പ്രകാശിക്കുമ്പോഴാണ് അതിനാവശ്യമായ ഊര്‍ജ്ജം ഉല്പാദിപ്പിക്കപ്പെടുന്നത് എന്നതാണ് . നമുക്കത് ഉല്പാദിപ്പിച്ച് സ്റ്റോക്ക് ചെയ്യാന്‍ പറ്റില്ല എന്നര്‍ത്ഥം <<<

സുകുമാരന്‍ ചേട്ടാ ,

പോസ്റ്റുകളിലും കമന്‍‌റ്റുകളിലും അഭിപ്രായം പ്രകടിപ്പിക്കുന്നതില്‍ തെറ്റില്ല കാരണം വ്യക്തിപരമാണവ,

പക്ഷെ സാങ്കേതിക കാര്യങ്ങള്‍ അങ്ങിനെയല്ല.

വൈദ്യുതോര്‍ജ്ജം ബാറ്ററികളില്‍ ' സ്റ്റോക്ക് ' ചെയ്യാം ആവശ്യമുള്ള സമയത്ത് അതുപയോഗിക്കുകയുമാവാം.


>>വൈദ്യുതോര്‍ജ്ജത്തെ കുറിച്ച് അധികമാരും അറിഞ്ഞിരിക്കാത്ത ഒരു സത്യം <<

എന്ന മുഖവുരയൊടെ താങ്കള്‍ പറഞ്ഞതിനാല്‍ പറഞ്ഞെന്നേയുള്ളൂ.

Unknown said...

അനില്‍ , പോസ്റ്റ് തുടര്‍ച്ചയായി എഴുതിക്കഴിഞ്ഞതിന് ശേഷം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ശ്രമിക്കാം .

തറവാടിയോട് , Alternating Current (AC), Direct Current (DC)
ആക്കി മാറ്റി ബാറ്ററിയില്‍ സൂക്ഷിച്ച് ആവശ്യം വരുമ്പോള്‍ ഉപയോഗിക്കുക എന്നത് ഈ വിഷയത്തിന്റെ പരിധിയില്‍ വരുന്നതായി തോന്നുന്നില്ല . ആ പോയന്റ് ഞാന്‍ സാന്ദര്‍ഭികമായി പറഞ്ഞു എന്ന് മാത്രം . അള്‍ട്ടര്‍നേറ്റ് കരണ്ട് ഉപയോഗിക്കുമ്പോള്‍ മാത്രമാണ് ഉല്പത്തിയാകുന്നത് എന്നായിരുന്നു ഞാന്‍ ഉദ്ദേശിച്ചത് . ഡി.സി.യിലേക്ക് മാറ്റലും സ്റ്റോക്ക് ചെയ്യലും ഏതായാലും നിസ്സാരമായ അളവാണല്ലൊ . പിന്നെ സാങ്കേതികമായ ആ പോയന്റ് സംഗതം തന്നെ .ഏതായാലും വായനക്കാരും ചിന്തിക്കട്ടെ ..

തറവാടി said...

സുകുമാരന്‍ ചേട്ടനോട് ,

സാന്ദര്‍ഭികമായി തെറ്റുകള്‍ പറയുന്നതിനോട് യോജിപ്പില്ല.
ഇതിനെപ്പറ്റി ' വായനക്കാര്‍ ' ചിന്തിച്ച് വരുന്നത് വരെ കാത്തിരിക്കാനും പറ്റില്ല.

DC/ AC യുമൊക്കെ അവിടെകിടക്കട്ടെ, നിസ്സാരാളവല്ല എത്ര അളവിലും വൈദ്യുതോര്‍ജ്ജം സ്റ്റോര്‍ ചെയ്യാം.

( കോസ്റ്റ് ഇവിടെ ഞാന്‍ പ്രതിപാദിച്ചില്ല , പറ്റുമോ ഇല്ലയോ? പറ്റും എത്ര അളവിലും പറ്റും)

(വിഷയത്തില്‍ ഇത്തരം ഒരു തെറ്റ് കണ്ടതിനാലാണ് മറുപടി എഴുതിയത് ,
, സാങ്കേതികം രാഷ്ട്രീയവുമല്ല അഭിപ്രായവുമല്ല.)

Unknown said...

In the context of power plants, it doesn't seem to be practical to have battery to store electricity (large scale).The current technologies used to make batteries, allows them to suffer frequent deep discharging and are unable to store high amounts of power in a relatively high volume, and high cost related to the life span. Just sharing the thought !

Good reading experience. Continue the article.

തറവാടി said...

ഗ്യാന്‍ ,

കമന്‍‌റ്റ് മുഴുവന്‍ വായിച്ചില്ല അല്യോ ;)

>>>( കോസ്റ്റ് ഇവിടെ ഞാന്‍ പ്രതിപാദിച്ചില്ല , പറ്റുമോ ഇല്ലയോ? പറ്റും എത്ര അളവിലും പറ്റും)<<<

ഇങ്ങനെ ഒന്നെഴുതിയിരുന്നു!

( തര്‍ക്കിക്കാന്‍ താത്പര്യമുണ്ടായിട്ടല്ല , തെറ്റ് പറഞ്ഞാല്‍ തിരുത്താന്‍ പറ്റണം )

*************
( തറവ്വാടി കോസ്റ്റ് എന്നല്ലെ പറഞ്ഞുള്ളൂ പ്രാക്റ്റിക്കല്‍ അല്ലെ ഞാന്‍ പറഞ്ഞെ എന്നൊന്നും പറഞ്ഞേക്കല്ലേ )

എല്ലാരും യുക്തി 'വാദി' കളാണൈ അതോണ്ടാ ;)

നിര്‍‌ത്തി ഇനി ഇവിടേക്കില്ല!

G Joyish Kumar said...

താപനിലയങ്ങള്‍ ഓസോണ്‍ പാളിയെ എങ്ങിനെ ബാധിക്കുന്നു? വിശദമാക്കാമോ?

J.Mandumpal Ph.D said...

Well,

I dont know the technical details of various forms of energy. But, what I could make out, there is no in depth discussion going on in this country about the nuclear deal- only hues and cries.

Obviously, one should be very careful while signing a deal with USA. I am not sure, the UPA gov has taken any precautions against such a deal. Moreover, it is not welcomed that American multi nationals exert surmountable pressure on this issue on Indian government.

On the other hand, leaders like M.N Panthe are talking non sense. According to him, the main reason for objecting nuclear deal is its anti mulsim facet!!!What a hypocrite. What is the relation between muslims and nuclear deal!!!

Unknown said...

താപനിലയങ്ങളില്‍ കല്‍ക്കരി കത്തുമ്പോള്‍ അത് പുറത്ത് വിടുന്ന കാര്‍ബണ്‍ ഡയോക്സൈഡ് നേരെ പോയി ഓസോണ്‍ പാളി തകര്‍ത്ത് കളയും എന്ന് അര്‍ത്ഥമാക്കേണ്ടതില്ല നമസ്കാര്‍ .....

അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവ് ഇപ്പോള്‍ തന്നെ അധികരിച്ച് അന്തരീക്ഷതാപനം അനുനിമിഷം വര്‍ദ്ധിപ്പിക്കുന്നുണ്ട് . ഇതൊക്കെ പരസ്പരം ബന്ധപ്പെട്ട് ഓസോണ്‍ പാളി ദുര്‍ബ്ബലമവുന്ന അവസ്ഥയെ ഭൂമി നേരിടുകയാണ് . നാം അന്തരീക്ഷത്തിലേക്ക് കാര്‍ബണ്‍ ഡയോക്സൈഡ് മുതലായ വാതകങ്ങള്‍ പുറത്ത് വിടുന്നത് പരമാവധി കുറക്കണം എന്ന് പറയുന്നത് ഭാവിതലമുറയെ മനസ്സില്‍ കണ്ടുകൊണ്ടാണ് . അത്രക്ക് കുറഞ്ഞാല്‍ അത്രയും കുറയുമല്ലോ എന്നത് കൊണ്ടാണ് താപനിലയങ്ങള്‍ ഒഴിവാക്കണം എന്ന് പറയുന്നത് . ഇപ്പോള്‍ നമ്മുടെ നാട്ടില്‍ ചൈനീസ് പടക്കങ്ങള്‍ക്ക് നല്ല പ്രിയമാണ് . ഒരു പടക്കം പൊട്ടിക്കാതിരുന്നാല്‍ അത്രയും പൊള്ളൂഷന്‍ കുറയുമായിരുന്നു . പക്ഷെ ആരോട് പറയാന്‍ ?