നമുക്ക് ആണവോര്‍ജ്ജം ഉപയോഗിച്ച് വിദ്യുച്ഛക്തി ഉല്പാദിപ്പിക്കുന്നതിന്റെ സാധ്യതകളും നേട്ടങ്ങളും ഒന്ന് നോക്കാം. ഇന്നത്തെ സാങ്കേതിക വിദ്യയുടെ പിന്‍ബലത്തില്‍ ഒരു ആണവറീയാക്ടറില്‍ നിന്ന് 1000 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ കഴിയും . ഒരേ സ്ഥലത്ത് ചെറിയ നിലപ്പരപ്പില്‍ നാല് റീയാക്ടര്‍ സ്ഥാപിച്ച് 4000 മെ.വാ. കരണ്ട് ഉല്പാദിപ്പിക്കാനും തീര്‍ച്ചയായും കഴിയും . ഇതേ അളവ് വൈദ്യുതി താപവൈദ്യുതനിലയങ്ങളില്‍ ഉല്പാദിപ്പിക്കണമെങ്കില്‍ ധാരാളം സ്ഥലസൌകര്യങ്ങളും എത്രയോ ടണ്‍ കല്‍ക്കരിയും ആവശ്യമുണ്ട് . മധ്യപ്രദേശിലെ സാസനിലും മറ്റും ഇത്തരം Ultra Mega Power Project സ്ഥാപിക്കപ്പെട്ടിട്ടുണ്ട് . പക്ഷെ അത്തരം താപനിലയങ്ങളില്‍ നിന്ന് പുറത്ത് വരുന്ന ഗ്രീന്‍ ഹൌസ് വാതകങ്ങള്‍ നമ്മുടെ ആവാസവ്യവസ്ഥയെ തകിടം മറിക്കുകയും ചെയ്യും .
അണു ഊര്‍ജ്ജം ഉപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുമ്പോള്‍ ഉണ്ടാകാവുന്ന പ്രശ്നങ്ങള്‍ നമ്മള്‍ നേരത്തെ ചര്‍ച്ച ചെയ്തു . ഏത് മാര്‍ഗ്ഗം തെരഞ്ഞെടുത്താലും ചില്ലറ പ്രശ്നങ്ങള്‍ ഉണ്ടാകും എന്ന നിലയില്‍ താരതമ്യേന അപായസാധ്യതകള്‍ നീയന്ത്രണവിധേയമാക്കാവുന്നതും പരിസ്ഥിതിക്ക് യാതൊരു കോട്ടവും ഉണ്ടാക്കാത്തതുമായ ആണവോര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന വൈദ്യുത നിലയങ്ങളാണ് നമുക്ക് അഭികാമ്യം എന്നതില്‍ തര്‍ക്കത്തിനിടമില്ല .
ആണവനിലയങ്ങള്‍ സ്ഥാപിക്കാനും അതില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനും ചെലവ് കൂടുതലാണെന്നത് സത്യമാണ് . പ്രത്യേകിച്ചും ജലവൈദ്യുതനിലയങ്ങളുമായി താരതമ്യം ചെയ്താല്‍ . എന്നാല്‍ നാം കരാറില്‍ ഒപ്പ് വെക്കുന്നതോടെ ആണവറീയാക്റ്ററുകളുടെ പുത്തന്‍ സാങ്കേതികവിദ്യ പുറത്ത് നിന്ന് വാങ്ങിയാലും , ന്യൂക്ലിയര്‍ സപ്ലൈ ഗ്രൂപ്പ് രാജ്യങ്ങളുമായി നെഗോഷ്യേറ്റ് ചെയ്ത് യൂറേനിയം ന്യായവിലക്ക് ആര്‍ജ്ജിച്ചാലും വൈദ്യുതോല്പാദനച്ചെലവുകള്‍ ഗണ്യമായി കുറക്കാന്‍ കഴിയും . എന്തിലും ആത്മവിശ്വാസവും ശുഭാപ്തി മനോഭാവവുമാണ് വേണ്ടത് . എന്തിലുമേതിലും ദോഷൈകദൃക് ആയാല്‍ നമ്മള്‍ എവിടെയുമെത്തുകയില്ല . അതേ സമയം മറ്റ് മാര്‍ഗ്ഗങ്ങളില്‍ കൂടി ഉല്പാദിപ്പിക്കാവുന്ന വൈദ്യുതിക്കും ചെലവ് നിയന്ത്രണാതീതമയി ഉയരും എന്നുമോര്‍ക്കേണ്ടതുണ്ട് .
ഇന്ന് വൈദ്യുതോല്പാദനം മിക്കവാറും ഗവണ്മേണ്ട് ഉടമസ്ഥതയിലാണ് . ആണവ വൈദ്യുതോര്‍ജ്ജോല്പാദനത്തില്‍ മുതല്‍മുടക്കാന്‍ സര്‍ക്കാറിന് ധനക്കമ്മിയുണ്ടെങ്കില്‍ ഈ മേഖലയില്‍ സ്വകാര്യ സംഭരകര്‍ക്ക് അനുവാദം കൊടുക്കുന്നതില്‍ തെറ്റില്ല . സര്‍ക്കാര്‍ ഉടമയിലുള്ള Nuclear Power Corporation തന്നെ സംയുക്തമേഖലയിലേക്ക് മാറ്റിക്കൂടായ്കയുമില്ല . ഇതൊക്കെ മലയാളത്തില്‍ പറയുമ്പോള്‍ പിന്‍തിരിപ്പന്‍ മൂരാച്ചി എന്ന പഴി കേള്‍ക്കേണ്ടി വരും . വെറും ഒരു ആലോചന എന്നേയുള്ളൂ . എന്തും സര്‍ക്കാര്‍ ഉടമയില്‍ ആവുന്നത് തന്നെയാണ് ജനങ്ങള്‍ക്കും രാജ്യത്തിനും ഗുണകരം . മൂലധനത്തിന്റെ അപര്യാപ്തത നേരിടുമ്പോഴാണ് നാം ബദല്‍ മാര്‍ഗ്ഗം തേടേണ്ടി വരുന്നത് . ബില്‍ഡ്-ഓപ്പറേറ്റ്-ട്രാന്‍സ്ഫര്‍ (BOT) എന്ന വഴിയും ചിന്തിക്കാവുന്നതേയുള്ളൂ . ടാറ്റ പവ്വര്‍ , റലയന്‍സ് എനര്‍ജി എന്നീ കമ്പനികളെ ആണവ വൈദ്യുതി നിലയങ്ങള്‍ നടത്തിക്കൊണ്ട് പോകാന്‍ അനുവദിച്ചാലും കുഴപ്പമൊന്നുമില്ല . ഒന്നും ഇല്ലാത്ത അവസ്ഥയേക്കാളും നല്ലതല്ലേ എന്തെങ്കിലും ഉണ്ടായിരിക്കുക എന്നത് . അമേരിക്ക , ഫ്രാന്‍സ് എന്നീ രാജ്യങ്ങളുമായി ശരിയായ അഥവാ ന്യായമായ Power Purchase കരാര്‍ ഉണ്ടാക്കിയിട്ട് അവര്‍ക്ക് ആണവ നിലയങ്ങള്‍ സ്ഥാപിക്കാന്‍ അനുവാദം കൊടുക്കാം എന്ന് പറഞ്ഞാല്‍ അധികപ്പറ്റായിപ്പോകുമോ .
ഇനി ഇത്രയൊക്കെ ചെയ്താലും ആണവോര്‍ജ്ജം ഉപയോഗിച്ച് ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ അളവ് ഇന്നത്തേതില്‍ , അതായത് 3 ശതമാനത്തില്‍ നിന്ന് 6 ശതമാനമല്ലേ വര്‍ദ്ധിപ്പിക്കാന്‍ പറ്റൂ . അങ്ങനെയാവുമ്പോള്‍ വെറും 3 ശതമാനം വൈദ്യുതിക്ക് വേണ്ടി നാം അമേരിക്കയുമായി ഈ കരാറില്‍ ഏര്‍പ്പെടേണ്ട ആവശ്യമുണ്ടോ എന്ന ചോദ്യം ഉയരാം .
അടുത്ത പത്താണ്ടുകളില്‍ ഈ വര്‍ദ്ധനവ് 3 ശതമാനത്തിലധികമാവാം . എന്നാല്‍ നമ്മുടെ ദൈനംദിനജീവിതത്തിനും വികസനത്തിനും പുരോഗതിക്കും അവശ്യം ആവശ്യമായ വൈദ്യുതിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ പത്ത് കൊല്ലത്തിന്റെയല്ല അമ്പത് വര്‍ഷത്തിന്റെയെങ്കിലും കണക്ക് നമ്മള്‍ കൂട്ടിയേ തീരൂ .
അതായത് 2020 ല്‍- 6%, 2030ല്‍ - 10%, 2040ല്‍ - 15%, 2050ല്‍ - 25%, 2060ല്‍ - 35% എന്ന തോതില്‍ നാം കാണണം . മൂന്നില്‍ നിന്ന് ആറിലേക്ക് പോകാതെ നമുക്ക് മുപ്പത്തിയഞ്ചില്‍ എത്താന്‍ കഴിയില്ല എന്ന സിമ്പിള്‍ ഗണിതം മറന്നുകൂട . അടുത്ത മുപ്പത് വര്‍ഷത്തിനുള്ളില്‍ വികസിതരാജ്യങ്ങളുടെ ആണവോര്‍ജ്ജ വൈദ്യുതോല്പാദനം 25% ല്‍ നിന്ന് 40% ആയി വര്‍ദ്ധിച്ചേക്കാം .
(തുടരും )
13 comments:
" ഇതൊക്കെ മലയാളത്തില്‍ പറയുമ്പോള്‍ പിന്‍തിരിപ്പന്‍ മൂരാച്ചി എന്ന പഴി കേള്‍ക്കേണ്ടി വരും ." മാഷെ എങ്കില്‍ ഇംഗ്ലീഷില്‍ എഴുതി ക്കൂടായിരുന്നോ ?
താങ്കാള്‍ പറഞ്ഞതൊക്കെ ശരി തന്നെ എന്ന് സമ്മതിക്കുന്നു എന്ന് തന്നെ കരുതുക.എന്നാല്‍ ആണവ റിയാക്ടറുകളില്‍ നിന്നും പൂറന്തള്ളുന്ന ഒരിക്കലും നശിക്കാത്ത രേഡിയോ ആക്റ്റീവ് വേസ്റ്റുകളെ എന്ത് ചെയ്യും.?
ചിലവേറിയ സുരക്ഷാ സംവിധാനങ്ങളും, എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള പിഴവുകള്‍ ഉണ്ടാക്കുന്ന അതി ഭയങ്കരമായ ദുരന്തങ്ങളെയും കുറിച്ച് ചിന്തിക്കാത്തതെന്ത്.
ചെറ്ണോബ് ആണവറിയാക്റ്ററ് ദുരന്തത്തില്‍ മരിച്ചത് 30000 പരം ജനങ്ങളാണ്.ഇത്തരം ജനങ്ങളെ കൊലചെയ്യുന്ന തരത്തിലുള്ള ആണവ്വ റിയാക്ടറുകളുമ്മറ്റും നമുക്ക് വേണോ??
ലോകം തന്നെ ഊര്‍ജ്ജസ്രോദസ്സായി കാറ്റും,സൌരോര്‍ജ്ജവും ഒക്കെയായി ബന്ധപ്പെട്ട ഗaവേഷണങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍ ആണവ ഊര്‍ജ്ജത്തില്‍ തന്നെ അള്ളിപ്പിടിച്ചിരിക്കുന്നതെന്ത് ?
(ഇതില്‍ രാഷ്റ്റ്രീയം ഞാന്‍ ഉദ്ദേശ്ച്ചിട്ടില്ല)
http://www.commondreams.org/headlines01/0424-02.htm
അല്ലാ വിനയാ, രാഷ്ട്രീയം ഇതില്‍ ഉദ്ദേശിച്ചിട്ടില്ല എന്നു പറയുന്നു .... ചെര്‍ണ്ണോബില്‍ ദുരന്തം ഉദ്ധരിക്കുന്നു ... ചൈനയില്‍ ആണവോര്‍ജ്ജവൈദ്യുതപദ്ധതികള്‍ വളരെ വേഗത്തില്‍ പുരോഗമിക്കുന്നു . ആണവായുധശേഖരവും കുന്നു കൂട്ടുന്നു . അതിലെന്താ ബേജാര്‍ ഇല്ലാത്തത് ? ചൈനയില്‍ ചെര്‍ണ്ണോബില്‍ ആവര്‍ത്തിച്ച് അവര്‍ നശിക്കട്ടെ , ഇന്‍ഡ്യക്കാര്‍ ആപത്തൊന്നും കൂടാതെ ജീവിയ്ക്കട്ടെ എന്ന ദേശസ്നേഹം കൊണ്ട് തന്നെയാണോ ?
ചൈനയുടേ പദ്ധതി പുരോഗമിക്കുന്നു
15 വര്‍ഷത്തിനുള്ളില്‍ ചൈനയില്‍ 30 പുതിയ ന്യൂക്ലിയര്‍ പവ്വര്‍ പ്രോജക്ടുകള്‍
മാഷെ, ഞാന്‍ എത്തി,
താങ്കളുടെ സയന്‍സ് ബ്ലൊഗ് കണ്ടാണു ഞാന്‍ ബുക് മാര്‍ക് ചെയ്തതു, പക്ഷെ ഇപ്പൊള്‍ ........
“താരതമ്യേന അപായസാധ്യതകള്‍ നീയന്ത്രണവിധേയമാക്കാവുന്നതും പരിസ്ഥിതിക്ക് യാതൊരു കോട്ടവും ഉണ്ടാക്കാത്തതുമായ ആണവോര്‍ജ്ജം“
ഇതു ഒരു നിരുത്തരവാദ പ്രസ്താവന ആയെന്നു പറയാതെ വയ്യ.
പിന്നെ വാങ്ങുന്ന ആണവ ഇന്ധനത്തിന്റെ കാര്യം, ഇന്ത്യ വികസിപ്പിച്ച തൊറിയം സാങ്കെതിക് വിദ്യ ലൊകൊത്തരമാണെന്നു ദെശസ്നേഹിയായ താങ്കള്‍ക്കു അറിയില്ലെന്നൊ!!
സ്വകാര്യ മെഖലയിലെ പങ്കാളിത്തമാണു പിന്നെ, എന്‍റൊണ്‍ തെര്‍മല്‍ പവര്‍ കൊര്‍പ്പരേഷന്റെ ഗതിയെന്തായെന്നു എല്ലാവര്‍ക്കും അറിയാമല്ലൊ.
പിന്നെ അവസാന ഭാഗം, ഉത്തരം അവിടെത്തന്നെയുണ്ടു.
വീണ്ടും കാണാം
അനില്‍ , നമ്മുടെ തീരപ്രദേശത്ത് തോറിയം നിക്ഷേപം ധാരാളമായുണ്ട് . തോറിയം ഉപയോഗിച്ചുള്ള പവ്വര്‍ പ്രോജക്ടുകള്‍ ഇപ്പോള്‍ സാധ്യമാവുമായിരുന്നെങ്കില്‍ നമ്മുടെ സര്‍ക്കാര്‍ ഇത്രയും കടമ്പകള്‍ കടന്ന് ഈ കരാറിന് വേണ്ടി ഉത്സാഹിക്കുമായിരുന്നോ ? തോറിയം ബെയിസ് ആയിട്ടുള്ള പ്രോജക്ടുകളിലേക്ക് എത്തിച്ചേരാന്‍ ഇനിയും കാത്തിരിക്കേണ്ടതുണ്ട് . തല്‍ക്കാലം നേരിടുന്ന ഉര്‍ജ്ജപ്രതിസന്ധിയും വികസനമുരടിപ്പും തരണം ചെയ്യാന്‍ കഴിഞ്ഞാലേ നമുക്ക് തോറിയം പദ്ധതികള്‍ വികസിപ്പിക്കാനാവൂ എന്ന സത്യം കാണാന്‍ കഴിയാതെ പോകുന്നത് അന്ധമായ രാഷ്ട്രീയവിധേയത്വം കൊണ്ടാണ് . ഒന്നില്‍ വിശ്വസിക്കുന്നവരെ അത്രയൊന്നും പറഞ്ഞു ധരിപ്പിക്കാന്‍ കഴിയില്ല . ഞാന്‍ ഈ പരമ്പരയില്‍ തോറിയമടക്കമുള്ള എല്ല്ലാ വിഷയങ്ങളും എഴുതും . ഇടത് അനുഭാവികളെ മാനസികപരിവര്‍ത്തനത്തിന് വിധേയമാക്കാന്‍ വേണ്ടിയല്ല . ശാസ്ത്രകൌതുകമുള്ളവര്‍ക്ക് ഭാവിയിലേക്ക് ഒരു രേഖയായി ...
ആണവദുരന്തത്തെ മറ്റേതുദുരന്തവുമായും താരതമ്യം ചെയ്യാനാകില്ല.ജീവന്റെ അടിസ്ഥാനവ്യവസ്ഥയെത്തന്നെ ബാധിക്കുന്നതും തലമുറകളിലേയ്ക്കു് അനിശ്ചിതമായി നീളുന്നതുമാണതു്.അതിന്റെ പ്രത്യാഘാതം തിരിച്ചുവിടാനാകാത്തതും(irreversible) ആണു്.ഈ കാരണങ്ങള്‍ മതി ഇപ്പോഴത്തെ ആണവസാങ്കേതികവിദ്യയെ എതിര്‍ക്കാന്‍.
സുരലോഗ് , ഇതെന്താണ് ഇപ്പോള്‍ ഇങ്ങനെയൊരു ബോധോദയം പെട്ടെന്ന് ? തങ്ങള്‍ ന്യൂക്ലിയര്‍ എനര്‍ജിക്ക് എതിരല്ല എന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം പ്രകാശ് കാരാട്ട് പല തവണ വ്യക്തമാക്കിയിട്ടുണ്ട് . കാരാട്ടിനോട് യോജിപ്പില്ലേ ?
ഇത്രയും ആണവ വൈദ്യുത നിലയങ്ങള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചു വരുന്നു . ഈയ്യടുത്ത കാലത്താണ് തമിഴ്‌നാട്ടില്‍ കൂഡങ്കുളത്ത് ഒന്ന് മുന്‍രാഷ്ട്രപതി രാഷ്ട്രത്തിന് സമര്‍പ്പിച്ചിരുന്നത് . മുന്‍പൊക്കെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നുവോ ? ഇനി നമുക്ക് ഇതൊക്കെ ഉപേക്ഷിക്കാന്‍ പറ്റുമോ ?
യഥാര്‍ത്ഥ്യബോധത്തോടെ ചിന്തിക്കുന്ന ചിലരെങ്കിലുമുണ്ടെന്നുള്ളത് ഒരു ആശ്വാസമാണ്. നന്നായി, സുകുമാരേട്ടന്‍. തുടരുക. കാലഹരണപ്പെട്ട ഒരു സാങ്കേതികവിദ്യയിലുണ്ടായ അപകടത്തെപ്പറ്റി ആശങ്ക തുടരുന്നവര്‍, ശരിയായ ഭീഷണിയായ ആഗോളതാപനത്തെ സൗകര്യപൂര്‍വ്വം മറക്കുന്നത് വിഷമമുണ്ടാക്കുന്നു.
സുകുമരേട്ടാ..ഇതിലും ശക്തിയായിട്ടല്ലായിരുന്നൊ കമ്പ്യുട്ടറിനെ ഇവര്‍ എതിര്‍ത്തിരുന്നത്..ഇപ്പോള്‍ ഉളുപ്പില്ലാതെ അതില്‍ കുത്തി കളിക്കുന്നു. ആലാണു അതു തണലാണു.
ബിആര്‍പിയുടെ ഈ ലേഖനത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു..
http://www.keralakaumudi.com/news/071008M/feature.shtml
expecting more....
സുകുമാരേട്ടാ... ഒന്നു പ്രിന്റ് ചെയ്തു നമ്മുടെ നാട്ടിലെ കുട്ടി സഖാക്കന്മാര്‍ക്കൊന്നു കൊടുക്കണം നേതാക്കന്മാര്‍ പറഞ്ഞു കേട്ട ആറിവുകള്‍ മാത്രമേ അവര്‍ക്കുള്ളൂ , ഇത്തരം അറിവുകൊള്ളൊന്നു സാധാരണക്കാരെനെത്താതിലാണ് ആണവ കരാര്‍ , അമേരിയ്ക എന്നൊക്കെ കേള്‍ക്കുമ്പോള്‍ കലിപ്പു വരുന്നത്.
ഇത് വായിച്ചപ്പോള്‍ എനിക്ക് പെട്ടെന്ന് ഓര്‍മ വന്നത് ഈ കഴിഞ്ഞ ദിവസം ആണവ കരാറിനെ പറ്റി ഏഷ്യനെറ്റ് ഒരു സര്‍വേ നടത്തുക ഉണ്ടായി ഞാന്‍ അതിന്‍റെ അടിസ്ഥാനത്തില്‍ പരയുന്നതെല്ലെങ്ങിലും സത്ത്യത്തില്‍ അത് വളരെ ശരിയായിരുന്നു,പത്തു ശതമാനം പേര്‍ക്ക് പോലും അറിയില്ല എന്നതായിരുന്നു പക്ഷെ സര്‍വേ ഫലം , ഇവിടെ ആണവ കരാറിനെതിരെ പ്രതികരിക്കുന്ന എത്ര പേര്‍ക്കറിയാം എന്താണ് ആണവക്കരാര്‍ എന്ന്?.അത് അവിടെ നില്കട്ടെ,പക്ഷെ പ്രകൃതിയില്‍ നമുക്ക് ചുറ്റും സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ അഥവാ കാലാവസ്ഥാ വ്യതിയാനം ,ഗ്ലോബല്‍വാമിംഗ് പോലുള്ള പ്രതിഭാസങ്ങള്‍ കൊച്ചു കേരളത്തില്‍ പോലും മാറ്റങ്ങള്‍ ഉണ്ടാക്കി കൊണ്ടിരിക്കയാണ് അത് മുന്നില്‍ കണ്ടു കൊണ്ട് തന്നെ നമ്മുടെ ഊര്‍ജ്ജ സ്രോതസ്സുകള്‍ നില നിര്‍ത്താന്‍ വേണ്ട നടപടികള്‍ കൈകൊള്ളുന്നതിന് പകരം ഒന്നും ആലോചിക്കാതെ എന്തിനേയും എതിര്‍ക്കുക എന്ന സാമാന്യ ബുദ്ധിഇല്ലായ്മ തുടരുക തന്നെ ചെയ്യുന്നത് തികച്ചും ദുഃഖകരം ആണ്.കേരളത്തില്‍ മഴ ഇല്ലെങ്കില്‍ വിദ്യുത്ച്ചക്തിക്ക് എവിടെ പോവും നാം? അപ്പോള്‍ കാലോചിതമായ മാറ്റങ്ങള്‍ നിലവിലുള്ള അടിസ്ഥാന സൌകര്യങ്ങള്‍ ഉപയോഗപെടുത്തി ആര്‍ക്കും ദോഷമുണ്ടാക്കാതെ പരിഷ്കരികേണ്ട ഒരാവശ്യം സംജാതമായിരിക്കയാണ്. ഇവിടെ ആണ് ആണവ ഊര്‍ജ്ജത്തെ പറ്റിയും അതിന്‍റെ ആവശ്യങ്ങളെ പറ്റിയും സാധ്യതകളെ പറ്റിയും സുകുമാരേട്ടന്‍ പറഞ്ഞിരിക്കുന്നത് തികച്ചും ന്യായമാണ് എന്ന് നമുക്ക് മനസിലാക്കാന്‍ കഴിയുന്നത് .പിന്നെ സ്വകാര്യ മേഘലയില്‍ ആയാലും വികസനം ഒരു രാജ്യത്തിന് ആവശ്യമാണ് നിങ്ങള്‍ പറഞ്ഞത് പോലെ some thing is better than nothig തികച്ചും നൂറു ശതമാനം ഞാന്‍ യോജിക്കുന്നു ഈ പറഞ്ഞതിനോട് കൂടാതെ പെട്രോളിയം ഉത്പന്നങളുടെ അടിക്കടി ഉള്ള വില കയറ്റം നമ്മെ ചിന്തിപ്പിക്കുന്നത് അതിനു പകരം മറ്റൊരു സ്രോതസ്സ് അതും ചെന്നെത്തുന്നത് വിദ്യുത്ച്ചക്തിയിലെക് തന്നെ . ഇനി വരുന്ന വാഹങ്ങള്‍ ഒക്കെയും ചിലപ്പോള്‍ വിദ്യുത്ച്ചക്തി കൊണ്ട് പ്രവര്‍ത്തിക്കുന്നത് ആയിരിക്കും അപ്പോള്‍ ഇവിടെ ആ വിദ്യുത്ച്ചക്തി ഇല്ലെങ്കിലോ?? 'ആലിന്‍ കായ പഴുക്കുമ്പോള്‍ കാക്കക്ക് വായില്‍ പുണ്ണ്' എന്ന അവസ്ഥ ആയിരിക്കും, ഇതൊക്കെ കണ്ടിട്ടായിരിക്കും മറ്റു പാശ്ചാത്യ രാജ്യങ്ങള്‍ എല്ലാം ഇതിനെ പിന്നാലെ പോകുന്നതും. അപ്പോളും വളര്‍ന്നു വരുന്ന ഇന്ത്യ എന്തിനു മടിച്ചു നില്‍ക്കണം എന്നാണു ചോദ്യ ചിന്നവും .രാഷ്ട്ര പുരോഗതിക്ക് ഏറെ നേട്ടം നല്‍കിയ പ്രഗല്‍ഭ ശാസ്ത്രജ്ഞനും മുന്‍ രാഷ്ട്രപതിയുമായ ശ്രീ അബ്ദുല്‍ കാലം പോലും ഇത് ഒപ്പിടുന്നത് ഇന്ത്യക്ക് നേട്ടമാണെന്ന് പറഞ്ഞിരിക്കുമ്പോള്‍ കരാറിനെ കുറിച്ച് എട്ടും പൊട്ടും തിരിയാത്തവര്‍ എതിര്‍ക്കുന്നതിന്റെ ഉദ്ദേശ ശുദ്ധി മനസിലാവുന്നില്ല
ഞാന്‍ രാഷ്ട്രീയം ഇല്ല എന്ന് പറഞ്ഞു എങ്കിലും ആ പറഞ്ഞതിലും രാഷ്ട്രീയം കാണുകയാണ് ശ്രീ,.സുകുമാര്‍ജി.ചെറ്ണോബ് ദുരന്തത്തിലൂടെ ആണവ റിയാക്ടറുകളുടെ അപകട സാധ്യതയാണ് ഞാന്‍ ഉദ്ദേശിച്ചത്.പ്രകാശ് കാരാട്ട് ആണവ റിയാക്ടറുകളെ അനുകൂലിച്ചു എന്ന് വെച്ച് അതിന്റെ ഭീഷണി ഇല്ലാതാവുമോ ? ചൈനയും റഷ്യയും മറ്റുള്ളവരും ഇതിന്റെ പിന്നാലെ പോയി എന്ന് വെച്ചും ഞാന്‍ ഉദ്ദേശിച്ച ഭീഷണികള്‍ ഇല്ലാതാവുന്നില്ല.എന്റെ അഭിപ്രായത്തെ താങ്കളുടേ വാദം നിവര്‍ത്തികാനായി രാഷ്ട്രീയ വല്‍ക്കരിച്ചത് ശരിയായില്ല.
ഇടതുപക്ഷം എന്തേങ്കിലും പറഞ്ഞാല്‍ അതിനെതിരെ ചൈനയെയും റഷ്യയെയും കോണ്‍ഗ്രസ്സ് എന്തെങ്കിലും പറഞ്ഞാല്‍ അതിനെതിരെ അമേരിക്കയയെയും എഴുന്നള്ളിക്കുന്നതും എല്ലാം ഒരു തരം രാഷ്ട്രീയ മാനസിക രോഗമാണ് എന്നാണ് എന്റെ പക്ഷം.
Post a Comment