ജനാധിപത്യത്തിന്റെ ഭാവി ?

ഇന്ന് ഉച്ചയ്ക്ക് ഡല്‍ഹിയില്‍ രണ്ട് പത്രസമ്മേളനങ്ങള്‍ നടന്നു . രണ്ടും ഒരു മണിക്കൂര്‍ സമയത്തിനുള്ളില്‍ . കേന്ദ്രസര്‍ക്കാറിനുള്ള പിന്‍‌തുണ പിന്‍‌വലിക്കുന്നത് ജനങ്ങളെ അറിയിക്കാന്‍ വേണ്ടി ഇടത് പര്‍ട്ടികളുടെ ഊഴമായിരുന്നു ആദ്യത്തേത് , രണ്ടാമത്തേത് സര്‍ക്കാറിന് പിന്‍‌തുണ പ്രഖ്യാപിക്കാന്‍ സമാജ് വാദി പാര്‍ട്ടിയുടേതും .

ഇത്തരം നാടകങ്ങള്‍ ഇനി കണ്ടുകൊണ്ടിരിക്കാനാണ് നമുക്ക് വിധി . കാരണം ചില രാജ്യങ്ങളില്‍ വേരുറച്ചത് പോലെ ഇരുകക്ഷി ജനാധിപത്യം നമുക്ക് വിധിച്ചിട്ടില്ല .

ചില നാടകങ്ങളുടെ സാമ്പിളുകള്‍ പറയാം . ബി.ജെ.പി.യെ മന്ത്രിസഭ രൂപീകരിക്കാന്‍ വിളിച്ചുപോയി എന്ന കാരണത്തിന് ഒരിക്കല്‍ രാം വിലാസ് പാസ്വാന്‍ പാര്‍ലമെന്റില്‍ രാഷ്ട്രപതി പ്രവേശിക്കുമ്പോള്‍ മറ്റെല്ലാവരേയും പോലെ എഴുനേറ്റ് നില്‍ക്കാതെ അനാദരിച്ചു . പിന്നെ ചില മാസങ്ങള്‍ക്കുള്ളില്‍ പാസ്വാനെ കാണുന്നത് ബി.ജെ.പി. മന്ത്രിസഭയില്‍ അംഗമായിട്ടാണ് . ഇപ്പോള്‍ ബി.ജെ.പി.യെ അകറ്റാന്‍ വേണ്ടി മാത്രമായ യു.പി.ഏ.യിലെ കേബിനറ്റ് മന്ത്രിയാണ് കഥാപുരുഷന്‍ .

ഒരിക്കല്‍ ഞാന്‍ ചെന്നൈയില്‍ പോയപ്പോള്‍ അവിടെങ്ങും DMK പ്രവര്‍ത്തകരുടെ ചുവരെഴുത്ത് കണ്ടു : തമിഴ് നാട്ടില്‍ വര്‍ഗ്ഗീയകാളകൂടവിഷത്തെ ക്ഷണിച്ചുകൊണ്ടു വന്ന ജയലളിതയെ ഒറ്റപ്പെടുത്തുക എന്നായിരുന്നു അതിലെ സാരാംശം . അന്ന് ADMK ബി.ജെ.പി.യുമായി സഖ്യത്തിലേര്‍പ്പെട്ട സമയമായിരുന്നു . പിന്നെ കുറെ കഴിഞ്ഞ് ഞാന്‍ വീണ്ടും അവിടെ പോയപ്പോള്‍ ചില ചുമരുകളില്‍ ആ എഴുത്ത് മായ്ക്കപ്പെടാതെ കിടക്കുന്നുണ്ടായിരുന്നു . അപ്പോള്‍ പക്ഷെ DMK ബി.ജെ.പി.യുടെ കൂടെ ആയിരുന്നു . അതേ ദ്രാവിഡമുന്നേറ്റകഴകം ഇപ്പോള്‍ കോണ്‍ഗ്രസ്സിന്റെ സഖ്യകക്ഷിയാണ് . രാജീവ് ഗാന്ധി വധിക്കപ്പെട്ടപ്പോള്‍ ചെന്നൈ അണ്ണാശാലൈയില്‍ സ്ഥാപിച്ചിരുന്ന കലൈജ്ഞരുടെ പ്രതിമ കോണ്‍ഗ്രസ്സുകാര്‍ തകര്‍ത്തിരുന്നു .

തമിഴ് പുലികളുടെ എക്കാലത്തെയും തോഴനായ വൈഗോ , പുലികളോട് മൃദുസമീപനം പുലര്‍ത്തുന്ന കരുണാനിധിയുമായും ഉഗ്രന്‍ പുലിവിരോധിയായ ജയലളിതയുമായും മാറി മാറി കൂട്ട് കൂടിയിട്ടുണ്ട് . ഇപ്പോള്‍ എവിടെയാണാവോ ?

ഞങ്ങളുടെ നാട്ടില്‍ ഒരു പറച്ചിലുണ്ട് : പെണ്ണുങ്ങള്‍ക്ക് മുടിയുണ്ടെങ്കില്‍ ഏത് ഭാഗത്തും കെട്ടിവെക്കാമെന്ന് . രാഷ്ട്രീയക്കാര്‍ക്ക് എല്ലില്ലാത്ത നാക്കുള്ളത് കൊണ്ട് എങ്ങനെയും വളയും .

സത്യത്തില്‍ കഴിഞ്ഞ നാലു വര്‍ഷം ഇടത് പിന്തുണയോടെ മന്‍‌മോഹന്‍ സിങ്ങ് സര്‍ക്കാര്‍ നിലനിന്നത് ഒരു അത്ഭുതവും വിരോധാഭാസവും ബന്ധപ്പെട്ട പാര്‍ട്ടികളുടെ നിസ്സഹായാവസ്ഥയും , ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ദൌര്‍ബ്ബല്യവുമാണ് .

ഇനി കൂട്ടുകക്ഷിഭരണത്തിലൂടെയേ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഗവണ്മേണ്ടിനും മുന്നോട്ട് പോകാനാവൂ എന്നത് ഏത് രാജ്യസ്നേഹിയേയും ഭയപ്പെടുത്തുന്ന യാഥാര്‍ഥ്യമാണ് .

കൂട്ടുകക്ഷിഭരണം എങ്ങനെയൊക്കെ അകാലചരമമടയാം ? കാഷ്മീരിലേക്ക് നോക്കൂ . അവിടെ ഇന്നലെ ഗുലാം നബി ആസാദ് രാജി വെച്ചു . രാജിയില്‍ ആഹ്ലാദത്തിമിര്‍പ്പിലാണ് പരസ്പരം പൊരുതുന്ന ബി.ജെ.പി.യും , നേഷനല്‍ കോണ്‍ഫറന്‍സും , പി.ഡി.പി.യും . എന്താണ് രാജിയിലേക്ക് നയിച്ചത് .

ഇന്ത്യയില്‍ മുസ്ലീംങ്ങള്‍ക്ക് അവരുടെ ആരാധനാലയങ്ങള്‍ നോക്കി നടത്താന്‍ വഖഫ് ബോര്‍ഡ് ഉണ്ട് . ഹജ്ജിന് പോകുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സഹായധനം നല്‍കുന്നുണ്ട് . തീര്‍ത്ഥാടനം ഏത് മതവിശ്വാസിക്കും ക്ലേശപൂരിതമാണ് . കാഷ്മീ‍രിലെ അമര്‍നാഥ് ക്ഷേത്രത്തില്‍ പതിനായിരക്കണക്കിന് ഭക്തര്‍ തീര്‍ത്ഥയാത്ര പോകാറുണ്ട് . (ഞാന്‍ ഭക്തനുമല്ല,അമ്പലങ്ങളില്‍ പോകാറുമില്ല) എല്ലാ വര്‍ഷവും അവിടെ തീവ്രവാദികള്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാറുമുണ്ട് . എന്നാല്‍ രണ്ട് വര്‍ഷമായി സമാധാനപരമായിരുന്നു അമര്‍നാഥ് യാത്ര .

ആ ക്ഷേത്രത്തിന്റെ ഭരണം നടത്തുന്നത് സംസ്ഥാന ഗവര്‍ണ്ണര്‍ ചെയര്‍മാനായ ഒരു ഗവേണിങ്ങ് ബോഡിയാണ് . വനപ്രദേശത്ത് കൂടിയാണ് ഭക്തര്‍ അമര്‍നാഥ് ഗുഹാ ക്ഷേത്രത്തിലെത്തേണ്ടത് . ഭക്തന്മാരുടെ സൌകര്യാര്‍ത്ഥം ചെയര്‍മാനായ ഗവര്‍ണ്ണര്‍ നൂറ് ഏക്കര്‍ വനപ്രദേശം അനുവദിച്ചു തരാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു , വെറുതെയല്ല പൊന്നുംവിലയ്ക്ക് . സര്‍ക്കാര്‍ ആവശ്യം അനുവദിച്ചു . ഉടനെ മതമൌലികവാദികള്‍ കലാപം ആരംഭിച്ചു . ഞങ്ങളുടെ ഭൂമി സര്‍ക്കാര്‍ ഇന്ത്യക്കാര്‍ക്ക് തൂക്കി വില്‍ക്കുന്നു എന്ന മട്ടിലുള്ള വാള്‍ പോസ്റ്ററുകള്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടു . ഇതിനിടയില്‍ സര്‍ക്കാരിനെ പിന്‍‌തുണച്ചിരുന്ന പി.ഡി.പി. പിന്തുണ പിന്‍‌വലിച്ചു .

സര്‍ക്കാരിന്റെ തന്നെ ടൂറിസം വകുപ്പ് ഭക്തര്‍ക്ക് ആവശ്യമായ സൌകര്യം ചെയ്തുകൊടുക്കാമെന്ന ഉറപ്പിന്മേല്‍ ഗവര്‍ണ്ണര്‍ ആവശ്യം പിന്‍‌വലിച്ചു . (അതിനെതിരെ സംഘപരിവാര്‍ ഭാരത് ബന്ദ് പ്രഖ്യാപിക്കുകയും കേരളം മാത്രം വിജയിപ്പിച്ചുകൊടുക്കുകയും ചെയ്തു) ആ തീരുമാനത്തെ പി.ഡി.പി.സ്വാഗതം ചെയ്തെങ്കിലും സര്‍ക്കാറിനുള്ള പിന്‍‌വലിച്ച പിന്തുണ മടക്കിക്കൊടുക്കാന്‍ വിസമ്മതിച്ചു . ആസാദ് രാജി വെച്ചു . രാജിയില്‍ ബി.ജെ.പി.യും പടക്കം പൊട്ടിച്ചു ആഹ്ലാദിച്ചു .

ബാബറി മസ്ജിദ് തകര്‍ക്കപ്പെടുന്നതിന് മുന്‍പ് ബി.ജെ.പി. ഉയര്‍ത്തിയ പ്രധാനപ്പെട്ട രണ്ട് മുദ്രാവാക്യങ്ങളായിരുന്നു, ഏക സിവില്‍ കോഡും കാഷ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളയണമെന്നതും . നമ്മുടെ രാജ്യത്തുള്ള മുഴുവന്‍ പുരോഗമന ചിന്തകന്മാരേയും ആകര്‍ഷിച്ചതും (പുരോഗമനം എന്നത് ഇടതിന്റെ മാത്രം കുത്തകയല്ല) അവര്‍ കാലാകാലങ്ങളില്‍ ആവശ്യപ്പെട്ടിരുന്നതുമായിരുന്നു ആ മുദ്രാവാക്യങ്ങള്‍ . എന്നാല്‍ കൂട്ടുകക്ഷി ഭരണത്തിന്റെ പരിമിതിയും പരാധീനതയും കൊണ്ടോ എന്തോ അറിയില്ല ബി.ജെ.പി. ആ‍ മുദ്രാവാക്യങ്ങള്‍ വിസ്മരിച്ചു .

കാഷ്മീരിനുള്ള പ്രത്യേക പദവി ഇനിയും തുടരണോ ? വേണ്ട എന്നായിരുക്കും ഭൂരിപക്ഷം പേരും ഉത്തരം പറയുക . പക്ഷെ നമ്മെ ഇനി ഭരിക്കാന്‍ പോകുന്നത് ചെറിയ ചെറിയ ആള്‍ക്കൂട്ടങ്ങളെ പ്രതിനിധാനം ചെയ്യുന്ന കൊച്ചു കൊച്ചു പാര്‍ട്ടികളുടെ നേതാക്കള്‍ ചേര്‍ന്ന് അവസരവാദപരമായി ഉണ്ടാക്കുന്ന മുന്നണി സര്‍ക്കാറുകളായിരിക്കും . അപ്പോള്‍ ഇനി മുതല്‍ ഇത്തരം പത്രസമ്മേളനങ്ങള്‍ നമ്മുടെ ദൈനംദിനരാഷ്ട്രീയത്തിന്റെ ഭാഗമാവാന്‍ പോവുകയാണ് .

4 comments:

നചികേതസ്സ് said...

സുകുമാരേട്ടാ‍ അവസരോചിതം ,

ഇതു മായി ബന്ധപ്പെട്ട് രണ്ടു ദിവസം മുമ്പ് നിലനില്പനീയം എന്ന വി.കെ.എന്നിന്റെ ഒരു കഥ പോസ്റ്റിയിരുന്നു...

ഞാന് said...

If you give "Archives" or topic list will be fine.

NITHYAN said...

അവസരോചിതം ആശയസമൃദ്ധം. വായനാസുഖം പ്രദാനം ചെയ്യുന്ന നല്ല ശൈലി. സുകുമാരേട്ടന്റെ സംസാരം പോലെതന്നെ വളച്ചുകെട്ടില്ലാത്ത എഴുത്ത്‌. പലരും അറിഞ്ഞിട്ടും 'പുരോഗമന'മല്ലാതായിപ്പോകുന്നതുകൊണ്ടു പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ നന്നായി അവതരിപ്പിച്ചിരിക്കുന്നു. എഴുതുക തുടര്‍ന്നും സുകുമാരേട്ടാ. ബധിരനെ കേള്‍പ്പിക്കാന്‍ ബോംബിന്റെ ശബ്ദമായി പതിക്കട്ടെ വാക്കുകള്‍. അഭിവാദ്യങ്ങള്‍

KPSukumaran Anjarakandy said...

നചികേതസ്സ് , നിത്യന്‍ നന്ദി ...!

@ഞാന്‍ > Archives" or topic list തയ്യാറായി വരുന്നു . നിര്‍ദ്ദേശത്തിന് നന്ദി !