Links

അച്ഛന്മാര്‍ തന്നെ അന്തകരാവുന്ന ആസുരകാലം !

യുവകവിയും ഗായകനുമായ എന്റെ സുഹൃത്ത് ജിടോക്കില്‍ ചാറ്റ് ചെയ്യവേ എന്നോടാവശ്യപ്പെട്ടു , കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന ലൈംഗികപീഡനത്തെപ്പറ്റിയും ഞരമ്പ് രോഗത്തെപ്പറ്റിയും ശക്തമായ ഭാഷയില്‍ ഒരു ബ്ലോഗ് എഴുതണമെന്ന് . അച്ഛന്മാര്‍ തന്നെ അന്തകരാവുന്നു എന്നത് അവന്റെ വാക്കാണ് . ചിന്തിക്കുന്നവരുണ്ടെങ്കില്‍ അവരെയെല്ലാം ആശങ്കപ്പെടുത്തേണ്ട ഒരു ചോദ്യം ഉറക്കെ ചോദിക്കാന്‍ സമയമായി . കേരളം എങ്ങോട്ട് ? നമ്മുടെ രാഷ്ട്രീയനേതാക്കള്‍ക്കും സാംസ്കാരികനായകര്‍ക്കും വിവാദങ്ങളില്‍ അഭിരമിക്കാനാണ് താല്പര്യം . നാളെ ഒരു പെണ്‍‌വാണിഭമോ ലൈംഗികപീഡനമോ നടന്നുകിട്ടുകയില്ലേ , തങ്ങള്‍ക്ക് പ്രസംഗിക്കാനും പ്രസ്ഥാവനയിറക്കാനും എന്ന് അവസരം കാത്തിരിക്കുകയാണ് അവരൊക്കെ എന്ന് തോന്നും . മാധ്യമങ്ങളും ചാനലുകളും ഇതെല്ലാം ആഘോഷിക്കുന്നു . രണ്ടു നിമിഷത്തില്‍ പറഞ്ഞു തീര്‍ക്കേണ്ട ഒരു വാര്‍ത്ത അവര്‍ മണിക്കൂറുകളോളം , താരങ്ങളെ സ്റ്റുഡിയോയില്‍ എത്തിച്ചും ഫോണിലൂടെയും ഇന്റര്‍വ്യൂ നടത്തിയും കൊഴുപ്പിക്കുന്നു . 24 മണിക്കൂറും പ്രക്ഷേപണം നടത്തേണ്ടതായ ചാനലുകള്‍ക്ക് എന്തെങ്കിലും ചവറുകള്‍ അനവരതം ലഭിക്കേണ്ടതുണ്ട് . നമ്മളും നമ്മളുടെ മക്കളും തുടര്‍ന്നും ജീവിയ്ക്കേണ്ടതായ ഈ സാമൂഹ്യപരിസരം വൃത്തിയാക്കാന്‍ എല്ലവരും ഒത്തൊരുമിച്ച് ശ്രമിക്കേണ്ടതിന് പകരം കുറ്റാരോപണങ്ങള്‍ കൊണ്ടും പരസ്പരം പഴിചാരിയും വിഴുപ്പലക്കിയും കൂടുതല്‍ മലീമസമാക്കാനാണ് ശ്രമിക്കുന്നത് എന്നെ പറയതെ വയ്യ.

നമ്മുടെ വര്‍ത്തമാന കാലത്തിന് എന്ത് സംഭവിച്ചു . മുന്‍പൊക്കെ മുതിര്‍ന്നവരുടെ മുന്‍പില്‍ വെച്ച് യുവാക്കള്‍ പുകവലിക്കാറില്ല , മദ്യം തീരെ കഴിക്കാറില്ല . മുണ്ട് മടക്കിക്കുത്താറില്ല . വിവാഹം പോലുള്ള മംഗളകര്‍മ്മങ്ങള്‍ നടക്കുന്ന വേദിയില്‍ വെച്ച് ആഭാസങ്ങള്‍ വിളിച്ചു പറയാറില്ല . ബസ്സുകളിലും മറ്റും ഇരിക്കുന്ന യുവാക്കള്‍ മുതിര്‍ന്നവരോ അവരെ പഠിപ്പിച്ച ഗുരുനാഥന്മാരോ ബസ്സില്‍ കയറി വന്നാല്‍ സീറ്റ് ഒഴിഞ്ഞ് കൊടുക്കുമായിരുന്നു . സിനിമകളില്‍ നായികാനായകന്മാര്‍ ശരീരം തൊട്ട് അഭിനയിക്കാറില്ലായിരുന്നു . ഒരു തലമുറ മൊത്തം സംസ്ക്കാരത്തിന്റെ കാവല്‍ക്കാരായിരുന്നു . ഇന്ന് എല്ലാം തലകീഴായി . വഴിയേ നടന്നു പോകുന്ന പെണ്‍‌കുട്ടികളെയും സ്ത്രീകളെയും ഇമവെട്ടാതെ കണ്ണ് കൊണ്ട് കാര്‍ന്ന് തിന്നുമ്പോള്‍ മറ്റുള്ളവര്‍ തന്നെ ശ്രദ്ധിക്കുന്നുണ്ട് എന്ന് ആര്‍ക്കും ഭയമില്ല . ഇന്ന് സമൂഹത്തെ ആര്‍ക്കും ഭയമില്ല . പണ്ടങ്ങനെയല്ല സമൂഹത്തെ ഭയന്നിരുന്നു . ഇന്ന് ആളുകളെ കാണിക്കാന്‍ വേണ്ടി മാളികകള്‍ പണിയുന്നു , സ്വര്‍ണ്ണാഭരണങ്ങള്‍ വാരിക്കൂട്ടുന്നു . ചെയ്യുന്നതെല്ലാം മറ്റുള്ളവരുടെ ദൃഷ്ടിയില്‍ ഒരു “പവര്‍ ” കിട്ടാന്‍ വേണ്ടി മാത്രം . അത് അതിരു വിട്ട് ഇപ്പോള്‍ ആഡംബരങ്ങള്‍ ആളുകളെ ഭയപ്പെടുത്തുന്ന മട്ടിലായിട്ടുണ്ട് .

എന്ത് കൊണ്ടായിരിക്കും ഇക്കാലത്ത് ഇങ്ങനെ ലൈംഗികചിന്ത ഒരു മാനസികരോഗമായി ആളുകളില്‍ വര്‍ദ്ധിക്കുന്നത് ? എന്താണൊരു പരിഹാരം ? പ്രായപൂര്‍ത്തിയെത്താത ബാലികമാരല്ലേ പീഡിപ്പിക്കപ്പെടുത്തുന്നത് . ആരേയും വിശ്വസിക്കാന്‍ കഴിയാത്ത ഒരവസ്ഥയിലെക്കുള്ള ഈ പോക്ക് മനുഷ്യനും മൃഗവും തമ്മിലുള്ള വ്യത്യാസമല്ല്ലെ ഇല്ലാതാക്കുന്നത് . കവി സുഹൃത്ത് എന്നോട് ചോദിക്കുന്നു , ആശങ്കകള്‍ പങ്ക് വെക്കുന്നു . നമുക്ക് എന്ത് ചെയ്യാനാവും ? പണ്ടു കാലത്ത് ലൈംഗിക അരാജകത്വങ്ങള്‍ ഇല്ലായിരുന്നു എന്ന് പറയാന്‍ പറ്റില്ല . എന്നാല്‍ അതിനൊക്കെ ഒരു നേരും നെറിയും ഉണ്ടായിരുന്നു . പലര്‍ക്കും ഒന്നില്‍ കൂടുതല്‍ ഭാര്യമാരും അതിലൊക്കെ മക്കളും ഉണ്ടായിരുന്നു . അതായിരുന്നു അതിന്റെ ഒരു നേര് . എല്ലാ മക്കളെയും ഭാര്യമാരെയും സംരക്ഷിക്കാന്‍ അവരെല്ലാം ശ്രദ്ധിച്ചിരുന്നു . ബാഹ്യലോകത്ത് കാണുന്ന മുഴുവന്‍ സ്ത്രീകളെയും ആരും കാമിക്കാറില്ലായിരുന്നു . ഇന്നോ പതിനാറായിരത്തെട്ടിലും തൃപ്തിയടയാന്‍ കഴിയില്ല എന്ന് തോന്നും ചിലരുടെ ചേഷ്ടകള്‍ കണ്ടാല്‍ . ഇത് മൃഗത്തേക്കാളും മോശമാണ് . മൃഗസമാനമായ ചോദനകള്‍ തന്നെയാണ് ജന്മസഹജമായി മനുഷ്യനുമുള്ളത് എന്നത് നേര് തന്നെ . എന്നാല്‍ മനുഷ്യന്‍ ആ പ്രാകൃതചോദനകളെ നിയന്ത്രിക്കണം . കണ്‍‌മുന്നില്‍ കാണുന്നവരെയെല്ലാം ഇണ ചേരണമെന്ന് മൃഗത്തെപ്പൊലെ മനസ്സില്‍ തോന്നരുത് . അതിനാണ് സമൂഹം കല്യാണം എന്ന ഒരേര്‍പ്പാട് ഉണ്ടാക്കിവെച്ചിട്ടുള്ളത് . താന്‍ കല്യാണം കഴിക്കുന്ന സ്ത്രീയല്ലാതെ , മറ്റുള്ള സ്ത്രീകളെല്ലാം മറ്റുള്ളവരുടെ ഭാര്യമാരോ , ഭാര്യമാരാകാന്‍ പോകുന്നവരാണെന്നോ തിരിച്ചറിയണം . ലൈംഗികത ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട സംഗതിയാണെങ്കിലും അത് മാത്രമല്ല ജീവിതം എന്നും സന്തോഷവും ആനന്ദവും നല്‍കുന്ന മറ്റു പലതും ഉണ്ടെന്നും മനസ്സിലാക്കണം .

മുന്‍പൊക്കെ സിനിമകളിലും നാടകങ്ങളിലും അഭിനയിക്കുന്ന നായികാനായകന്മാര്‍ അന്യോന്യം തൊടാറില്ലായിരുന്നു എന്ന് ഞാന്‍ പറഞ്ഞു . ഇന്നോ സ്റ്റാര്‍സിംഗര്‍ പോലുള്ള റിയാലിറ്റി ഷോകളില്‍ മത്സരാര്‍ത്ഥികളായെത്തുന്ന കുമാരീകുമാരന്മാര്‍ , ആടിപ്പാടുമ്പോള്‍ സിനിമയിലെ ആഭാസരംഗങ്ങളെ കൂടുതല്‍ തന്മയത്വമായി അനുകരിക്കുന്നു . കുമാ‍രന്‍ വലത്തേ കൈകൊണ്ട് കുമാരിയുടെ ഇടത്തേ തുട പൊക്കിയെടുത്ത് തന്റെ ഇടത്തേ തോളിലേക്ക് ഉയര്‍ത്തുന്നു . ലക്ഷക്കണക്കിന് വീടുകളില്‍ ഈ ദൃശ്യം പ്രായഭേദമെന്യേ കണ്ട് രസിക്കുന്നു . ആബാലവൃദ്ധം മനസ്സുകളില്‍ ഞരമ്പ് രോഗം പടര്‍ത്തുന്ന ഈ പരിപാടികള്‍ ജനപ്രിയമാകുന്നത് ആപത്‌സുചനകളായി നമ്മുടെ മതാപിതാക്കള്‍ തിരിച്ചറിയാത്തത് കഷ്ടമാണ് . എല്ലാം നമ്മള്‍ വിധിക്ക് വിട്ട് കൊടുക്കാന്‍ തീരുമാനിച്ചോ ? എന്തിനും ഒരു പരിധിയും നിയന്ത്രണങ്ങളുമൊക്കെ വേണ്ടേ ?

എന്ത് ചെയ്യാന്‍ പറ്റും ? നമ്മുടെ നാട്ടില്‍ ലക്ഷക്കണക്കിന് രാഷ്ട്രീയപ്രവര്‍ത്തകരുണ്ടല്ലൊ . അവരൊക്കെ എന്ത് ചെയ്യുന്നു ? എന്താണ് രാഷ്ട്രീയപ്രവര്‍ത്തനം . സ്വതന്ത്ര്യസമരക്കാലത്ത് സമൂഹത്തിലെ സകല തിന്മകള്‍ക്കെതിരെയും സമരഭടന്മാര്‍ പൊരുതിയിരുന്നു . ഇന്നോ ? പര്‍ട്ടികള്‍ക്ക് ഫണ്ട് പിരിച്ചു കൊടുക്കുക . ബന്ദുകളും ഹര്‍ത്താലുകളും വിജയിപ്പിച്ചു കൊടുക്കുക . ഉപരോധിക്കുക . ധര്‍ണകള്‍ക്ക് ഇരുന്നു കൊടുക്കുക . വോള്‍ പോസ്റ്ററുകള്‍ ഒട്ടിക്കുക . നേതാക്കള്‍ക്ക് പ്രസംഗവേദികള്‍ ചമയിക്കുക . അങ്ങനെ പലതും . കിട്ടിയാല്‍ ഭാരവഹിത്വം , അല്ലെങ്കില്‍ എന്തെങ്കിലും ജോലി . പേരിന് കണ്ണില്‍ പൊടിയിടാന്‍ രക്തദാനസേന പോലെ എന്തെങ്കിലും സംഘടിപ്പിക്കും. എന്ത് കൊണ്ട് എല്ലാ പാര്‍ട്ടികളുടെയും യുവജനവിഭാഗത്തിന് സംയുക്തമായി ഒരു കള്‍ച്ചറല്‍ സ്ക്വോഡ് രൂപീകരിച്ചു കൂട ? പറ്റുമെന്ന് തോന്നുന്നില്ല . എല്ലാവര്‍ക്കും റിസര്‍വേഷന്‍സ് ഉണ്ട് . നല്ല കാര്യങ്ങള്‍ ചെയ്യാന്‍ നാലാളെ കിട്ടാത്ത അവസ്ഥ ഇന്നുണ്ട് .

പിന്നെയുള്ള ഒരു വഴി രക്ഷിതാക്കള്‍ കുട്ടികളെ നല്ല ഉപദേശങ്ങള്‍ കൊടുത്ത് വളര്‍ത്തുകയെന്നതാണ് . ഇത് പറഞ്ഞപ്പോള്‍ എന്റെ ഒരു നാട്ടുകാരന്‍ പറഞ്ഞത് , അതിന് രക്ഷിതാ‍ക്കള്‍ക്ക് നല്ല മാര്‍ഗ്ഗോപദേശം കിട്ടിയിട്ട് വേണ്ടേ എന്നാണ് . ഇന്നത്തെ രക്ഷിതാക്കള്‍ക്ക് കുട്ടികള്‍ക്ക് വേണ്ടുന്നതും വേണ്ടാത്തതും വാങ്ങിക്കൊടുക്കാനും തടിമാടന്മാരായി വളര്‍ത്താനും മാത്രമേ അറിയൂ , മക്കളില്‍ അന്തര്‍ലീനമായ വ്യക്തിത്വത്തെ സമൂഹത്തിന് ഫിറ്റ് ആകുന്ന തരത്തില്‍ പോഷിപ്പിച്ച് നല്ല പൌരന്മാരായി വളര്‍ത്താന്‍ അറിയില്ല എന്നുമാണ് അവന്റെ അഭിപ്രായം .

അപ്പോള്‍ നമ്മള്‍ എന്ത് ചെയ്യും ? എന്റെ പ്രിയപ്പെട്ട ഗായകസുഹൃത്തേ ഞാന്‍ നിസ്സഹായനാണ് , ക്ഷമിക്കുക !

വേണ്ടാതീനങ്ങള്‍ പറയുന്നവര്‍, ചെയ്യുന്നവര്‍ നമ്മള്‍ !

നമ്മള്‍ വേണ്ടുന്നവയൊന്നും തീരെ പറയാറില്ലെന്നും എന്നാല്‍ വേണ്ടാതീനങ്ങള്‍ നിര്‍ത്താതെ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും എനിക്ക് പണ്ടേ മനസ്സിലായിരുന്നു . അത് മനസ്സിലാക്കാന്‍ മറ്റെങ്ങും പോകേണ്ട . ഞാന്‍ എന്റെ ബ്ലോഗിലെ പഴയ പോസ്റ്റുകളെല്ലാം ലിങ്കുകളാക്കി സമാഹരിച്ച് ഒരു ബ്ലോഗ് ഉണ്ടാക്കിയിട്ടുണ്ട് . അതിന്റെ ലിങ്ക് ഇവിടെ സൈഡ് ബാറില്‍ ഉണ്ട് . അത് തുറന്ന് നോക്കിയാല്‍ എനിക്ക് തന്നെ അറിയാം , എന്താണോ എനിക്ക് മറ്റുള്ളവരോട് പറയേണ്ടിയിരുന്നത് അതൊന്നുമല്ല ഞാന്‍ എഴുതിയിട്ടുള്ളത് . പറയാനുള്ളത് മുഴുവന്‍ ഇപ്പോഴും മനസ്സില്‍ ബാക്കി .

പ്രസംഗങ്ങള്‍ , പ്രഭാഷണങ്ങള്‍ കേള്‍ക്കുമ്പോള്‍ എനിക്ക് തോന്നാറുണ്ട് , ഇവര്‍ എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നത് . മറിച്ചെന്തെങ്കിലും പറയാമായിരുന്നില്ലേ . രാഷ്ട്രീയനേതാക്കളുടെ പ്രസംഗം കേള്‍ക്കുമ്പോള്‍ ഞാന്‍ വിചാരിക്കും , ഇവര്‍ എന്തിനാണ് മറ്റ് പാര്‍ട്ടികളുടെ നേതാക്കളെ ഇങ്ങനെ ഇകഴ്ത്തി പറയുന്നത് . അവര്‍ക്ക് നല്ല കാര്യം പറഞ്ഞുകൂടേ ? നമുക്ക് ഇതൊക്കെ ചെയ്യാം , ഇങ്ങനെയൊക്കെ പെരുമാറി മാതൃകയാക്കാം . സല്‍‌സ്വഭാവികളാവാം . നമ്മുടെ മക്കളെ നല്ല കുട്ടികളായി വളര്‍ത്താം . സമൂഹത്തിന് ഉപകാരപ്രദമായ കൊച്ചുകൊച്ചു കാര്യങ്ങള്‍ ചെയ്യാം . സ്നേഹം കൊണ്ട് എതിരാളികളെപ്പോലും വശീകരിക്കാം . നമ്മള്‍ മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും പെരുപ്പിച്ചു പറയുന്നത് നിര്‍ത്തി , വരൂ നമുക്ക് ഇങ്ങനെ പ്രവര്‍ത്തിക്കാം പ്രശ്നങ്ങള്‍ പരിഹരിക്കാം എന്നൊക്കെ പറഞ്ഞുകൂടേ ?

ഞാന്‍ പറയാനുദ്ദേശിക്കുന്നതിന്റെ ഒരു ശതമാനം പോലും എനിക്കാരോടും ഇത് വരെയായി പറയാന്‍ കഴിഞ്ഞിട്ടില്ല . നാം പറയാന്‍ ഉദ്ദേശിക്കുന്നത് ഒളിവ് മറവ് ഇല്ലാതെ മറ്റുള്ളവര്‍ ആരോടും പറയാന്‍ നമുക്ക് കഴിയില്ലേ ? അതൊക്കെ നമ്മോട് തന്നെ ആത്മഗതമായി പറയാനേ കഴിയൂ ? മറ്റുള്ളവരോട് നാം സത്യങ്ങള്‍ ഒന്നും തുറന്ന് പറയുന്നില്ല എന്നതല്ലേ വാസ്തവം ?

എന്നിട്ടും നാം അനവരതം പറഞ്ഞുകൊണ്ടിരിക്കുന്നു . പറയുന്നതില്‍ ഏറെയും പതിരാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ . എനിക്ക് തോന്നുന്നത് നമ്മള്‍ പറയുന്നതില്‍ മുക്കാല്‍ ഭാഗവും വെറുതെ വേസ്റ്റ് ആണെന്നാണ് . പറയാനുള്ളത് ശരിയായി പറയാനും അത് ശരിയായ അര്‍ഥത്തില്‍ ഗ്രഹിക്കപ്പെടാനും ഭാഷ അപര്യാപ്തമാണെന്നും എനിക്ക് തോന്നാറുണ്ട് .

അതേ പോലെ നമ്മുടെ മിക്കവാറും ചെയ്തികളും വേണ്ടാതീനങ്ങള്‍ തന്നെയല്ലെ ? നമുക്ക് എന്തൊക്കെ ക്രിയാത്മകമായി ചെയ്യാമായിരുന്നു . എത്ര സൂക്ഷ്മതയോടെയാണ് , ആസൂത്രിതമായാണ് ആളുകളെ കൊല്ലാന്‍ ബോംബ് വെക്കുന്നതും അത് സ്പോടനവിധേയമാക്കുന്നതും . നമ്മള്‍ സ്വയം തീര്‍ത്ത , ശീലങ്ങളുടെയും വിശ്വാസങ്ങളുടെയും തടവറയില്‍ പെട്ട് പുറത്തേക്കുള്ള വഴിയറിയാത്തെ അഴികള്‍ മുറുകെ പിടിച്ച് ഉഴലുകയല്ലെ . നമ്മുടെ തര്‍ക്കങ്ങളും വാദങ്ങളും ആപേക്ഷികങ്ങളായ സത്യങ്ങളെ ആസ്പദമാക്കുന്നത് കൊണ്ടല്ലേ എങ്ങുമെത്താത്തത് .

ഒരു പക്ഷെ ഈ വൈരുധ്യങ്ങളും സംഘര്‍ഷങ്ങളും തന്നെയാണ് ജീവിതം വിരസമാകാതെ ആയുഷ്കാലം മുഴുവന്‍ ജീവിയ്ക്കാന്‍ നമുക്ക് കഴിയുന്നത് എന്ന് വരുമോ ? ഈ പ്രപഞ്ചത്തെ സംബന്ധിച്ച് പരമമായ ഒരു സത്യം എവിടെയെങ്കിലുമുണ്ടോ എന്ന ചോദ്യം എന്നെ എപ്പോഴും അലട്ടാറുണ്ട് . എന്നാല്‍ ആശയവാദികളുടെ അവകാശവാദങ്ങളില്‍ അഭയം കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞിട്ടില്ല . മനുഷ്യന്‍ വെറും ഭൌതിക പദാര്‍ഥം മാത്രമാണെന്ന ചിന്ത ഭയാനകം തന്നെ . എന്നാല്‍ ഇല്ലാത്ത പ്രപഞ്ചശക്തിയിലും മരണാനന്തരജീവിതത്തിലും അലഞ്ഞു നടക്കുന്ന ആത്മാവിലും അഭയം കണ്ടെത്തി വ്യാജമായ ഒരു മന:സമാധാനം എനിക്ക് വേണ്ട തന്നെ . അതിനേക്കാളും എളുപ്പമാണ് മരണം എന്ന യാഥാര്‍ഥ്യത്തെ അംഗീകരിക്കുക എന്നത് .

സമൂഹത്തിന്റെ ഏത് ഭാവമാണ് നമ്മെ അലോസരപ്പെടുത്തുന്നത് ? പുറത്ത് പറയുമ്പോള്‍ അത് നിരക്ഷരതയാണ്,വിലക്കയറ്റമാണ്,മുതലാളിത്തമാണ്,ദാരിദ്ര്യരേഖയാണ്, തൊഴിലില്ലായ്മയാണ്,സാമ്രാജ്യത്വമാണ്,ആഗോളീകരമാണ്,വര്‍ഗ്ഗീയതയാണ് ... അങ്ങനെ പലതുമാണ് . എന്നാല്‍ നാം ഒറ്റയ്ക്കാവുമ്പോള്‍ ഇതൊന്നും നമ്മുടെ പ്രശ്നങ്ങളേ അല്ല. നമ്മുടെ വൈയക്തികമായ പ്രശ്നങ്ങള്‍ ആരുമായും നമുക്ക് പങ്ക് വെക്കാന്‍ കഴിയാത്ത വിധം സ്വകാര്യമായതും സങ്കീര്‍ണ്ണവുമാണ് . പല തരം കോം‌പ്ലസുകള്‍ ചേര്‍ന്നതാണ് നമ്മുടെ വ്യക്തിത്വം . നമ്മുടെ മനസ്സുകള്‍ ആരുടെ മുന്‍പിലാണ് നമ്മള്‍ പൂര്‍ണ്ണമായും തുറക്കുന്നത് ? ആരാണ് നമ്മുടെ യഥാര്‍ഥ മിത്രം ? അല്ലെങ്കില്‍ ശത്രു ?

എനിക്ക് മുന്‍പൊക്കെ തൂലികാ മിത്രങ്ങള്‍ അയക്കാറുണ്ടായിരുന്ന നൂറ് കണക്കിന് കത്തുകള്‍ , സൂക്ഷിച്ചു വെച്ചിരുന്നവ ഒരിക്കല്‍ ഞാന്‍ മുഴുവനും കത്തിച്ചു കളഞ്ഞു . എനിക്ക് ശേഷം എന്നെ സംബന്ധിക്കുന്ന അടയാളങ്ങള്‍ ഒന്നും അവശേഷിക്കരുത് എന്നെനിക്ക് തോന്നിയ ഒരു നിമിഷത്തിലാണ് അങ്ങനെ ചെയ്തത് . ആ അര്‍ഥത്തില്‍ ഈ ബ്ലോഗും എന്നെ ചിലപ്പോഴൊക്കെ അലോസരപ്പെടുത്താറുണ്ട് . സ്മാരകങ്ങളുടെ പൊള്ളത്തരങ്ങള്‍ എന്നെ ചിരിപ്പിക്കാറുണ്ട് . എന്തിനാണ് മരണപ്പെട്ടവര്‍ സ്മരിക്കപ്പെടുന്നത് . ഇപ്പോഴൊക്കെ ആരെങ്കിലും മരണപ്പെട്ടാല്‍ , പരേതന്റെ ഫോട്ടോ സ്വീകരണമുറിയിലെ ഭിത്തിയില്‍ തൂക്കി മാല അണിയിച്ചിരിക്കുന്നത് കാണാം . എന്തിനങ്ങനെ സദാ ഓര്‍മ്മപ്പെടുത്തപ്പെടണം എന്നതിന്റെ യുക്തി എനിക്ക് മനസ്സിലായിട്ടില്ല . എന്റെ അമ്മ മരണപ്പെട്ടതിന്റെ ശേഷം ആല്‍ബത്തില്‍ അവരുടെ ഫോട്ടോ നോക്കാന്‍ എനിക്ക് ധൈര്യം കിട്ടിയിട്ടില്ല .

കുട്ടികള്‍ മണ്ണപ്പം ചുട്ട് കളിക്കുന്നതും , തീപ്പെട്ടിക്കൂടുകളില്‍ മണ്ണ് കുഴച്ച് മണ്‍‌കട്ട ഉണ്ടാക്കി കൊച്ചു കൊച്ചു വീടുകള്‍ പണിയുന്നതും , കരിച്ചോലകള്‍ കൊണ്ട് പന്തലൊരുക്കി ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം വരണമാല്യം ചാര്‍ത്തി വധൂവരന്മാരായി കളിക്കുന്നതുമൊക്കെ കാണുമ്പോള്‍ മുതിര്‍ന്ന നമുക്ക് എന്താണ് തോന്നുക ? വെറും കുട്ടിക്കളി . എന്താണ് നമുക്കത് കുട്ടിക്കളിയായി തോന്നാന്‍ കാരണം ? നമ്മള്‍ പ്രായത്തില്‍ മുതിര്‍ന്നവരായത് കൊണ്ട് . നമുക്കതൊക്കെ അര്‍ഥശൂന്യമായ ബാലചാപല്യങ്ങളാണ് . അപ്പോള്‍ നമ്മേക്കാളും മുതിര്‍ന്നവര്‍ , അതായത് നമ്മെക്കാളും നൂറോ ഇരുന്നൂറോ വയസ്സ് കൂടുതല്‍ ഉള്ളവര്‍ ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കില്‍ നമ്മള്‍ വളരെ സീരിയസ്സായി ചെയ്യുന്ന കാര്യങ്ങള്‍ ആണവക്കരാര്‍ ചര്‍ച്ചയൊക്കെത്തന്നെ അവര്‍ക്ക് വെറും കുട്ടിക്കളികളായി തോന്നുമായിരുന്നില്ലേ ?

മേലെ എഴുതിയതും ഞാന്‍ ആരോടെങ്കിലും പറയാനോ , ബ്ലോഗില്‍ എഴുതാനോ ഉദ്ദേശിച്ചതായിരുന്നില്ല . പറയാനുള്ളതും എഴുതാനുള്ളതും എല്ലാം ഇപ്പോഴും മനസ്സില്‍ ബാക്കി ............

സോമനാഥ് ചാറ്റര്‍ജിയുടെ പുറത്താക്കപ്പെടല്‍ ; സി.പി.എമ്മിന്റെ ആശയശൂന്യത !

സി.പി.എം. എന്ന പാര്‍ട്ടിയുടെ ശക്തിയും സമ്പത്തും എന്താണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ . പാര്‍ട്ടി നേതാക്കള്‍ പറയുന്നത് ഒരേ സ്വരത്തില്‍ ഏറ്റുപറയുന്ന , നേതൃത്വം മനസ്സില്‍ കാണുന്നത് കൈയോടെ പ്രവര്‍ത്തിച്ചു കാണിക്കുന്ന അണികള്‍ അതാണ് ആ പാര്‍ട്ടിയുടെ ബലം . കമ്മ്യൂണിസ്റ്റുകാര്‍ക്ക് മന:സാ‍ക്ഷി അനുവദനീയമല്ല . പാര്‍ട്ടി തീരുമാനം അത് മാത്രമാണ് അവര്‍ക്ക് എല്ലാം . എം.വി.രാഘവന്‍ എന്ന അജയ്യനായ നേതാവിനെ പാര്‍ട്ടി പുറത്താക്കിയതും പിന്നീട് എത്രയോ വര്‍ഷങ്ങള്‍ പാര്‍ട്ടി അണികള്‍ അദ്ദേഹത്തെ വേട്ടയാടിയതും കൂത്തുപറമ്പ് സംഭവം വരെ എത്തിയതും ആരും മറന്നിരിക്കാനിടയില്ല . വര്‍ഗ്ഗശത്രു എന്ന് ആരോപിച്ച് മതിലുകളായ മതിലുകളിലെല്ലാം വികൃതകോലങ്ങള്‍ വരച്ച് വെച്ച് ചുവട്ടില്‍ രാഘവന്‍ എന്ന് എഴുതി, ചെല്ലുന്നിടത്തെല്ലാം കൊലവിളിയുമായി അണികള്‍ വേട്ടയാടി . എം.വി.ആര്‍ എന്ന ഒറ്റ വ്യക്തിക്ക് മാത്രമേ അത്തരം വേട്ടയാടപ്പെടലില്‍ നിന്ന് അതിജീവനം സാധ്യമാകുമായിരുന്നുള്ളൂ . എന്തായിരുന്നു എം.വി.ആര്‍. ചെയ്ത കൊടിയ അപരാധം ? മുസ്ലീം ലീഗ് എന്ന പാര്‍ട്ടിയെ ഒപ്പം കൂട്ടണമെന്ന ഒരു നിര്‍ദ്ദേശം പാര്‍ട്ടി സമ്മേളനത്തില്‍ ബദല്‍ രേഖ എന്ന പേരില്‍ അവതരിപ്പിച്ചു പോലും . ആ ഒറ്റ രേഖ അവതരിപ്പിക്കല്‍ മാത്രമാണ് അദ്ദേഹം കൊടിയ വര്‍ഗ്ഗവഞ്ചകനായി ചിത്രീകരിക്കപ്പെടാനും അണികളാല്‍ എങ്ങ് പോയാലും വേട്ടയാടപ്പെടാനും കാരണം . അതാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി പറയുന്ന ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ സാമ്പിള്‍ . പ്രി-‌ഡിഗ്രി സമരകാലത്ത് , സഹകരണമന്ത്രിയായിരുന്ന എം.വി.ആറിനെ വധിക്കാന്‍ ജില്ല്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കേഡര്‍മാര്‍ കൂത്തുപറമ്പില്‍ ഒത്തുകൂടിയതാണ് കുപ്രസിദ്ധമായ അന്നത്തെ പോലീസ് വെടിവെപ്പിലേക്ക് എത്തിച്ചത് . സി.പി.എമ്മിന്റെ ജനാധിപത്യമുതലക്കണ്ണിരിന്റെ മറ്റൊരു ഉദാഹരണം . പിന്നീട് പാര്‍ട്ടി മുസ്ലീം ലീഗിന്റെ പിന്നാലെ കൂടിയതും ഐസ്ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിയെ സംരക്ഷിച്ചതുമെല്ലാം ചരിത്രം .

ഇപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് സോമനാഥ് ചാറ്റര്‍ജി പുറത്താക്കപ്പെട്ടപ്പോള്‍ എവിടെയും ഒരു ഒച്ചയുമനക്കവുമില്ല . അദ്ദേഹം പ്രസിഡണ്ട് പദം മോഹിച്ചെന്നും പദവി വ്യാമോഹം കലശലായി പിടിപ്പെട്ടെന്നും മറ്റും സെബാസ്റ്റ്യന്‍ പോള്‍ ദുര്‍ബ്ബലമായി ആരോപിച്ചതല്ലാതെ വേറെങ്ങും യാതൊരു പ്രതിഷേധത്തിന്റെ ലാഞ്ഛന പോലുമില്ല . അണികളും നേതൃത്വവും എല്ലാം മനസ്സിലിട്ടടക്കുകയാണ് . കാരണം രണ്ടു മൂന്ന് ദിനം കൊണ്ട് സോമനാഥ് ചാറ്റര്‍ജി പാര്‍ട്ടിയേക്കാളും വളര്‍ന്ന് ഒരു പ്രതിഭാസമായി മാറിയിരിക്കുന്നു . ഇന്ത്യന്‍ പാര്‍ലമെന്റും ജനാധിപത്യവും അതിന്റെ നാണക്കേടില്‍ നിന്നും തകര്‍ച്ചയില്‍ നിന്നും ഒരേ ഒരു വ്യക്തിയാല്‍ സംരക്ഷിക്കപ്പെട്ടു എങ്കില്‍ , താരം മറ്റാരുമല്ല അത് സോമനാഥ് ചാറ്റര്‍ജി തന്നെ .

സോമനാഥ് തന്നെ സ്പീക്കര്‍ എന്ന തലക്കെട്ടില്‍ ദീപിക എഴുതിയ മുഖ പ്രസംഗം താഴെ :
*****************************************************************


പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയുടേ പേര് തങ്കലിപികളില്‍ രേഖപ്പെടുത്തപ്പെടും എന്നതില്‍ സംശയം വേണ്ട. സ്പീക്കര്‍ നിഷ്പക്ഷനായിരിക്കണം. വ്യവസ്ഥയില്ലാത്ത വിധം നിഷ്പക്ഷന്‍. അതിര്‍ത്തിവരമ്പുകളില്ലാത്ത വിധം നിഷ്പക്ഷന്‍. സ്പീക്കര്‍ സ്ഥാനത്തിന്റെ അന്തസ് ഉയര്‍ത്തിപ്പിടിച്ച നിരവധി സ്പീക്കര്‍മാര്‍ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തിലും ഉണ്ടായിട്ടുണ്ടെന്നു സമ്മതിക്കുന്നു. എന്നാല്‍, സോമനാഥ് ചാറ്റര്‍ജിക്കു നേരിടേണ്ടിവന്നത്ര സമ്മര്‍ദവും സംഘര്‍ഷവും ഒരു മുന്‍ സ്പീക്കര്‍ക്കും നേരിടേണ്ടിവന്നിട്ടുണ്ടാവില്ല. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ അംഗമാണെങ്കിലും യു.പി.എയുടെ സ്ഥാനാര്‍ഥിയായിട്ടാണ് അദ്ദേഹം സ്പീക്കര്‍ സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടത്. സ്പീക്കറായ നിമിഷം മുതല്‍ അദ്ദേഹം ഒരുവിധ പാര്‍ട്ടി ബന്ധവുമില്ലാത്ത സ്പീക്കറായി. സ്പീക്കര്‍ പാര്‍ട്ടി വിധേയത്വത്തിന് അതീതനായിരിക്കണമെന്ന ജനാധിപത്യ വ്യവസ്ഥയിലെ അലിഖിത നിയമം സോമനാഥിന്റെ ഇന്നേവരെയുള്ള നടപടികളെ നൂറുശതമാനവും സ്വാധീനിച്ചു.

അതിപ്രഗത്ഭനായ പാര്‍ലമെന്റേറിയന്‍ എന്ന അംഗീകാരം സ്വന്തമാക്കി പാര്‍ലമെന്ററി ജീവിതത്തില്‍ മികവു തെളിയിച്ച പ്രഗത്ഭനും അങ്ങേയറ്റം മാന്യനുമായ ഒരു വ്യക്തിയാണ് സോമനാഥ് ചാറ്റര്‍ജി. മാര്‍ക്സിസ്റ് പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ലോക്സഭയിലേക്കുവന്ന സോമനാഥ് ചാറ്റര്‍ജി സ്പീക്കറാകുന്ന നിമിഷം വരെ ആ പാര്‍ട്ടിയുടെ ആധികാരിക വക്താവും പാര്‍ലമെന്റിലെ പാര്‍ട്ടി നേതാവുമായിരുന്നു. സ്പീക്കര്‍ പദവിയുടെ ഔന്നത്യം മനസിലാക്കിയ അദ്ദേഹം സ്പീക്കറായ ആദ്യനിമിഷം തന്നെ പാര്‍ട്ടിക്കുപ്പായം അഴിച്ചുവച്ച് നിഷ്പക്ഷതയുടെ പര്യായമായ സ്പീക്കര്‍ക്കുപ്പായം അണിഞ്ഞുവെന്നതാണ് സത്യം. അതില്‍ ഏറ്റവും അഭിമാനിക്കേണ്ടത് അദ്ദേഹത്തിന്റെ പാര്‍ട്ടിയായിരുന്നു. എന്നാല്‍, നിഷ്പക്ഷതയെന്തെന്നോ ജനാധിപത്യമെന്തെന്നോ അറിയില്ലാത്ത ആ പാര്‍ട്ടി അദ്ദേഹത്തെ അവസാനം തള്ളിപ്പറഞ്ഞിരിക്കുകയാണ്.

'പാര്‍ലമെന്ററി വ്യാമോഹം' എന്നു അവജ്ഞയോടെ പറയുന്നവര്‍ക്ക് പാര്‍ലമെന്ററി വ്യാമോഹം ആവശ്യത്തിലധികം ഉണ്ടെങ്കില്‍ പോലും പാര്‍ലമെന്ററി ജനാധിപത്യമോ നിഷ്പക്ഷനായ സ്പീക്കറോ അവരുടെ തത്വശാസ്ത്രത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള കാര്യമല്ല. അതുകൊണ്ടാണ് ഇടതുപക്ഷം കേന്ദ്രഗവണ്‍മെന്റിനുള്ള പിന്തുണ പിന്‍വലിച്ചയുടന്‍ സ്പീക്കര്‍സ്ഥാനം രാജിവയ്ക്കാന്‍ പാര്‍ട്ടി സെക്രട്ടറി സോമനാഥിനോട് ആവശ്യപ്പെട്ടത്. അതുകൊണ്ടുമാത്രമാണ് സ്പീക്കറോട് ഒന്ന് ആലോചിക്കുകപോലും ചെയ്യാതെ പിന്തുണ പിന്‍വലിക്കുന്നവരുടെ ലിസ്റില്‍ അദ്ദേഹത്തിന്റെ പേരും ചേര്‍ത്ത് രാഷ്ട്രപതിക്ക് നല്‍കിയത്.

തന്നെ സ്പീക്കറാക്കിയ ലോക്സഭയോടുള്ള, ജനപ്രതിനിധികളോടുള്ള, രാഷ്ട്രത്തോടുള്ള കടപ്പാട് പാര്‍ട്ടിയോടുള്ള ബാധ്യതയേക്കാള്‍ വലുതാണെന്നറിയാവുന്ന, അക്കാര്യത്തില്‍ ഉത്തമ വിശ്വാസമുള്ള സോമനാഥ് ചാറ്റര്‍ജി പാര്‍ട്ടി നേതൃത്വത്തിന്റെ വരുതിക്കു തുള്ളാന്‍ തയാറായില്ല. വ്യക്തികള്‍ക്കോ വ്യക്തിത്വത്തിനോ സ്ഥാനം കല്പിക്കാത്ത ഒരു പാര്‍ട്ടിക്ക് ഇത് ഒട്ടും ദഹിക്കുന്ന കാര്യമായിരുന്നില്ല. പാര്‍ട്ടിയുടെ കല്പന ലംഘിക്കുന്നത് സ്പീക്കറായാലും വെറുതെ വിടില്ലെന്ന് അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിക്കൊണ്ട്, പാര്‍ട്ടിയുടെ ഏകശാസനാ സ്വഭാവത്തിന്റെ വിശ്വരൂപം സ്റാലിനും ലെനിനുമൊക്കെ ചെയ്തതുപോലെ ഇന്ത്യന്‍ മാര്‍ക്സിസ്റ് പാര്‍ട്ടിയും പുറത്തെടുത്തിരിക്കുകയാണ്. പ്രതിയോഗികളോട് ലെനിനും സ്റാലിനും പ്രതികരിച്ചതുപോലെ പ്രതികരിക്കാന്‍ ഇന്ത്യയില്‍ അവര്‍ക്കു സാധിക്കാത്തത് സോമനാഥിന്റെ മഹാഭാഗ്യം!

മാര്‍ക്സിസ്റുകാരും ഇടതുപക്ഷവും അവരുടെ സഹയാത്രികരും അവരുടെ ആവനാഴിയിലുള്ള സര്‍വ അമ്പുകളുമെടുത്ത് ധീരനായ സോമനാഥിനെ എയ്യുമെന്നതില്‍ സംശയം വേണ്ട. 'പാര്‍ട്ടി വഞ്ചക'നെന്നതായിരിക്കും ചരിത്രത്തില്‍ സോമനാഥ് ചാറ്റര്‍ജിക്കുള്ള സ്ഥാനമെന്നു കേരളത്തിലെ പാര്‍ട്ടി സെക്രട്ടറി പറയുമ്പോള്‍ അദ്ദേഹം രാഷ്ട്രീയ ധിക്കാരം കാണിച്ചെന്നും വ്യക്തി കേന്ദ്രീകൃതമായി പ്രവര്‍ത്തിച്ച് ഇടതു രാഷ്ട്രീയ പ്രസ്ഥാനത്തെ നിഷ്ക്രിയമാക്കുന്ന സമീപനം സ്വീകരിച്ചുവെന്നുമാണ് മാര്‍ക്സിസ്റ്റ് സഹയാത്രിക സ്വതന്ത്ര വേഷം ധരിക്കുന്ന മറ്റൊരു നേതാവ് ആരോപിച്ചത്.

പ്രതിയോഗികള്‍ക്കെതിരെ പ്രയോഗിക്കുന്നതിനു പാര്‍ട്ടി നിഘണ്ടുവില്‍ തയാറാക്കി വച്ച് അണികളെ പഠിപ്പിച്ചിരിക്കുന്ന എല്ലാ വിശേഷണങ്ങളും ഇനി സോമനാഥിന് അവര്‍ നല്‍കിക്കൊണ്ടിരിക്കും. അത് അദ്ദേഹത്തെ നിഷ്ക്രിയനോ നിഷ്പ്രഭനോ ആക്കുകയില്ല, തീര്‍ച്ച. വരാന്‍ പോകുന്നവയെപ്പറ്റി അറിയാതെയല്ല ധൈര്യത്തിന്റെ ആള്‍രൂപമായ സോമനാഥ് തലയുയര്‍ത്തിനിന്നു വിശ്വാസ പ്രമേയ ചര്‍ച്ചയുടെയും വോട്ടെടുപ്പിന്റെയും അവസാന നിമിഷംവരെ പാര്‍ലമെന്റിനെ നയിച്ചത്. ലോക്സഭയില്‍ വിശ്വാസ പ്രമേയാവതരണ ചര്‍ച്ചയില്‍ നടന്ന അലങ്കോലങ്ങളും അഴിഞ്ഞാട്ടങ്ങളും അച്ചടക്കരാഹിത്യങ്ങളും കണ്ട ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായിപ്പറയും നിഷ്പക്ഷനായ ഒരു സോമനാഥിനുമാത്രമേ സ്പീക്കറിന്റെ കസേരയില്‍ അക്ഷോഭ്യനായി ഇരുന്ന് സഭയെ നിയന്ത്രിക്കാനാകുമായിരുന്നുള്ളവെന്ന്. തീര്‍ച്ചയായും ആ കറതീര്‍ന്ന നിഷ്പക്ഷതയുടെ മുമ്പില്‍ രാഷ്ട്രം ബഹുമാനാദരവോടെ വന്ദനം പറയും. ആത്മശക്തിയുടെ, ബോധ്യത്തിന്റെ കരുത്താണ് സ്പീക്കറിലൂടെ ലോകസഭയില്‍ കഴിഞ്ഞദിവസങ്ങളില്‍ പ്രകടമായത്.

സ്പീക്കര്‍ക്കു രാഷ്ട്രീയം പാടില്ലെന്നു പറയുന്നത് കാപട്യമാണെന്നു പറയുന്ന ഇടതു പ്രസ്ഥാനങ്ങള്‍ക്ക് ജനാധിപത്യത്തില്‍ അണുമാത്ര വിശ്വാസം പോലുമില്ലെന്നേ പറയാനാകൂ. സ്പീക്കര്‍ തന്റെ രാഷ്ട്രീയ ചായ്‌വ് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ നിയമസഭകളും ലോക്‍സഭയുമൊക്കെ പാര്‍ട്ടിയുടെ കളിയരങ്ങായിമാറും. 'ഹിസ് മാസ്റ്റേര്‍സ് വോയ്‌സ് ’ ആകുകയാണ് സ്പീക്കറുടെ ചുമതലയെങ്കില്‍ പിന്നെ അങ്ങനെ ഒരു പദവിയുടെ ആവശ്യമേയില്ല. ഏക പാര്‍ട്ടി ഏകാധിപത്യമെന്ന ജനാധിപത്യം നടക്കുന്ന രാജ്യങ്ങളില്‍ അത്തരം നോക്കുകുത്തി സ്പീക്കര്‍മാര്‍ ധാരാളം മതിയാകുമെന്നതു വേറെ കാര്യം.

പാര്‍ലമെന്റിന്റെ അന്തസ് ഉയര്‍ത്തിപ്പിടിച്ച, പാര്‍ലമെന്റിന്റെ പരമാധികാരത്തെ സംരക്ഷിച്ച അതി പ്രഗത്ഭനായ സോമനാഥ് ചാറ്റര്‍ജി ഭാരതത്തിന്റെ അഭിമാന പുത്രനാണ്. പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ കൈക്കൂലി വാങ്ങിയവരെന്നു കണ്ട എംപിമാരെ പാര്‍ലമെന്റില്‍ നിന്നു പുറത്താക്കാന്‍ കാണിച്ച ധാര്‍മിക ധീരതയെ ജനാധിപത്യ വിശ്വാസികള്‍ക്ക് മറക്കാനാകുമോ? സോമനാഥിന്റെ രാഷ്ട്രീയാദര്‍ശ നിലപാടുകളോടു യോജിക്കാത്തവര്‍ക്കു പോലും അദ്ദേഹത്തിന്റെ സത്യസന്ധതയേയും ആ സത്യസന്ധതയില്‍ നിന്നു രൂപം കൊണ്ട ധൈര്യത്തേയും ധര്‍മനിഷ്ഠയേയും അംഗീകരിക്കാതിരിക്കാനാകുമോ? കണ്ടില്ലെന്നു വയ്ക്കാനാകുമോ? അംഗീകരിക്കാതിരിക്കാന്‍, കണ്ടില്ലെന്നുവയ്ക്കാന്‍ സാധിക്കണമെങ്കില്‍ ഒരുവന് രാഷ്ട്രീയാന്ധത ബാധിക്കുകതന്നെ വേണം. പാര്‍ട്ടിയില്‍നിന്നും പുറത്താക്കപ്പെട്ടാലും ഭാരത ജനതയുടെ ഹൃദയങ്ങളില്‍ അദ്ദേഹം സ്ഥിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു. അവിടെ നിന്നും അദ്ദേഹത്തെ ഇറക്കിവിടാന്‍ ഒരു പാര്‍ട്ടി ശക്തിക്കും സാധിക്കുകയില്ല, തീര്‍ച്ച.



സോമനാഥ് ചാറ്റര്‍ജിയെ പുറത്താക്കിയ നടപടി അവരുടെ പാര്‍ട്ടിക്ക് തത്സമയം വലിയ തോതില്‍ പോറല്‍ ഒന്നും ഏല്‍പ്പിക്കുകയില്ലെങ്കിലും പാര്‍ട്ടിയുടെ ശക്തി ശിഥിലീകൃതമാവുന്ന പ്രക്രിയയെ അത് ത്വരിതപ്പെടുത്തുക തന്നെ ചെയ്യും . പുറത്ത് പറയുന്ന ജനാധിപത്യത്തോട് സി.പി.എമ്മിന് എന്ത് മാത്രം പ്രതിബദ്ധതയുണ്ടെന്ന് മറ്റുള്ളവരും വിലയിരുത്തും . ഏതായാലും ജനാധിപത്യസമ്പ്രദായത്തിന് സംഭാവനകള്‍ ഒന്നും ചെയ്യാന്‍ ആ പാര്‍ട്ടിക്ക് ബാധ്യത ഇല്ലാത്തതിനാലും , നിലവിലുള്ള ജീര്‍ണ്ണതകള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ എന്തെങ്കിലും കഴിയാത്തവിധം ആ പാര്‍ട്ടിയും വെറും പൊള്ളയായ പ്രസ്ഥാവനകളില്‍ മാത്രം ഒതുങ്ങുന്ന ഒരു രാഷ്ട്രീയ സംഘടന ആയി മാറിയതിനാലും പ്രത്യേകിച്ച് ഒന്നും നടക്കാനില്ല . പാര്‍ട്ടികള്‍ മൊത്തത്തില്‍ അധ:പതിച്ചു വരുന്നു . എന്നാല്‍ ചില വ്യക്തികള്‍ക്ക് പോലും നമ്മുടെ പാര്‍ലമെന്റിനെയും ഡിമോക്രാറ്റിക് സിസ്റ്റത്തെയും താങ്ങി നിര്‍ത്താന്‍ കഴിയും വിധം അടിയുറപ്പുള്ളതാണ് നമ്മുടെ ഭരണഘടനയും രാജ്യവും എന്നത് ശുഭപ്രതീക്ഷ നല്‍കുന്നു .

ഇന്ത്യ രക്ഷപ്പെട്ടു ; മന്‍‌മോഹന്‍ സിങ്ങ് ജീ അഭിവാദനങ്ങള്‍


പ്രിയപ്പെട്ട പ്രധാനമന്ത്രി മന്‍‌മോഹന്‍ സിങ്ങ് ജീ , താങ്കള്‍ ഭാരതത്തിന്റെ ആത്മാഭിമാനം വാനോളം ഉയര്‍ത്തി . ഭാരതം കണ്ട നല്ല പ്രധാനമന്ത്രിമാരിലൊരാളായി ഇന്ത്യന്‍ ചരിത്രത്തില്‍ താങ്കള്‍ക്ക് സ്ഥാനം ലഭിക്കും . താങ്കള്‍ക്ക് എന്റെ അഭിവാദനങ്ങള്‍ !

മന്‍‌മോഹന്‍സിങ്ങിന്റെ ദിനം എന്ന തലക്കെട്ടില്‍ ദീപിക എഴുതിയ മുഖപ്രസംഗം ഞാന്‍ ഇവിടെ ചേര്‍ത്ത് വെയ്ക്കുന്നു :

ജൂലൈ 22, 2008. ഭാരതത്തിന്റെ അഭിമാനദിനം. നീല തലപ്പാവണിഞ്ഞ ഒരു കൊച്ചുമനുഷ്യന്‍. അന്തസ്സും ആഭിജാത്യവും ശാന്തതയും സന്തോഷവും ഓളം വെട്ടിത്തെളിഞ്ഞു നില്‍ക്കുന്ന ആത്മവിശ്വാസത്തിന്റെയും സത്യസന്ധതയുടെയും ആള്‍രൂപം. ഈ കൊച്ചുമനുഷ്യന് കരുത്തുള്ള ഒരു നട്ടെല്ലുണ്ടെന്ന്, ആര്‍ക്കും വളയ്ക്കാനാകാത്ത മനഃശക്തിയുണ്ടെന്ന്, ഇച്ഛാശക്തിയുണ്ടെന്ന് ലോക ജനത അറിഞ്ഞു. കാരാട്ടും ബര്‍ദാനും മായാവതിയും തുമ്മുമ്പോള്‍ തെറിച്ചുപോകുന്ന മൂക്കല്ല ഈ കൊച്ചുമനുഷ്യന്റെ ആത്മശക്തി. രാഷ്ട്രത്തിന്റെ നന്മയ്ക്കുവേണ്ടി നന്മമാത്രം പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധനായ ഈ രാജ്യസ്നേഹി ഒരു രാഷ്ട്രീയക്കാരനല്ല. വെറും രാഷ്ട്രീയക്കാരനായിരുന്നെങ്കില്‍ കാരാട്ടു തുമ്മിയപ്പോള്‍ കാല്‍ക്കല്‍ വീണ് അടിമത്തം സ്വീകരിച്ചേനേ.

കാരാട്ടിന്റെ ഭീഷണിക്കു മുമ്പില്‍ അദ്ദേഹം തലകുനിക്കാതിരുന്നത് എല്ലാക്കാര്യത്തിലുമെന്നപോലെ ആണവക്കരാറിന്റെ കാര്യത്തിലും തന്റെ കരം ശുദ്ധമാണെന്നും രാഷ്ട്രത്തിന്റെ നന്മയ്ക്കുവേണ്ടി മാത്രമാണ് ഇന്നു ലഭിക്കാവുന്നതിലേയ്ക്കും മെച്ചമായ ആണവക്കരാറില്‍ ഏര്‍പ്പെടുന്നതെന്നുമുള്ള ഉത്തമബോധ്യം ഏതു രാഷ്ട്രീയ കൊടുങ്കാറ്റിനെയും നേരിടുന്നതിനുള്ള കരുത്ത് അദ്ദേഹത്തിനു നല്‍കി.

പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ രാജ്യസ്നേഹത്തെ ചോദ്യംചെയ്യാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നവരുടെ രാജ്യസ്നേഹത്തിന്റെ ആഴമെന്തെന്ന് ഭാരതജനത പണ്ടേ അറിഞ്ഞിട്ടുള്ളതാണ്. ഇന്ത്യയെ ചൈന ആക്രമിച്ചപ്പോള്‍ ഇന്ത്യന്‍ കമ്യൂണിസ്റ് പാര്‍ട്ടി മാര്‍ക്സിസ്റ്റിന്റെ രാജ്യസ്നേഹം എല്ലാ മറയും മാറ്റി പുറത്തുവന്നു. അന്ന് അതിര്‍ത്തിയില്‍ ചൈനയോടും അകത്ത് ചൈനീസ് പക്ഷപാതികളായ ദേശദ്രോഹികളോടും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഗവണ്‍മെന്റിന് ഒന്നിച്ച് യുദ്ധം ചെയ്യേണ്ടിവന്നു. ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന ചൈനയുടേതെന്നും അവകാശപ്പെടുന്ന സ്ഥലത്താണ് ഇന്ത്യ യുദ്ധത്തിലേര്‍പ്പെട്ടതെന്നു വിലപിച്ചവരുടെ, ആ രാജ്യസ്നേഹികളുടെ പിന്‍തലമുറയാണ് മന്‍മോഹന്‍ സിംഗിനെ വഞ്ചകനെന്നും രാജ്യദ്രോഹിയെന്നും വിളിച്ച് ആക്ഷേപിക്കുന്നതെന്ന് ഭാരത ജനത തിരിച്ചറിയുന്നുണ്ട്.

എന്തുകൊണ്ടാണ് ഇടതുപക്ഷ പാര്‍ട്ടികള്‍ ആണവക്കരാറിനെ എതിര്‍ത്തത്? എന്തുകൊണ്ടാണ് രാഷ്ട്രത്തിന്റെ പരമാധികാരം ഒരു വിദേശ രാജ്യത്തിന് അടിയറവയ്ക്കുകയാണെന്ന് ആക്ഷേപിച്ചുകൊണ്ട് പ്രധാനമന്ത്രിക്കെതിരെ കൊലവിളി നടത്തിയത്. ചൈനയുമായിട്ടാണ് ഇങ്ങനെയൊരു കരാറില്‍ പ്രധാനമന്ത്രി ഏര്‍പ്പെട്ടിരുന്നതെങ്കില്‍ ആ കരാറിനെയും മന്‍മോഹന്‍ സിംഗിനെയും മാര്‍ക്സിസ്റ് പാര്‍ട്ടി സ്തുതിഗീതങ്ങള്‍കൊണ്ട് പൊതിഞ്ഞേനെ. നിര്‍ഭാഗ്യവശാല്‍ കരാര്‍ അമേരിക്കയുമായിട്ടായിപ്പോയി. അമേരിക്കയെന്നു കേട്ടാല്‍ അവര്‍ക്ക് ചതുര്‍ഥിയാണ്. സോവ്യറ്റ് യൂണിയനിലെ പാര്‍ട്ടിയുടെ ഭാഗമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പഴയകാലം മുതല്‍ ഇടതുപക്ഷത്തിന്റെ തലയില്‍ അടിച്ചുകയറിയിരിക്കുന്ന ഒരു ചിന്തയാണത്. അമേരിക്ക ഇമ്പീരിയലിസ്റ്റാണത്രെ. സാമ്രാജ്യവാദികളാണത്രേ. അതുകൊണ്ട് അവര്‍ തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമാണ് എന്നതാണ് അവരുടെ എക്കാലവുമുള്ള നിലപാട്. മഹത്തായ ഒരു ജനാധിപത്യ രാജ്യമാണ് അമേരിക്കയെന്നത് അവര്‍ അംഗീകരിക്കുകയില്ല. ക്യൂബയിലെയും ഉത്തരകൊറിയയിലെയും പഴയ സോവ്യറ്റ് യൂണിയനിലെയുമൊക്കെ ജനാധിപത്യവ്യവസ്ഥിതിയേ അവര്‍ക്കു മനസിലാകുകയുള്ളൂ. ഇരുമ്പുദണ്ഡുകൊണ്ട് പ്രതിപക്ഷങ്ങളെ അടിച്ചിരുത്തി ആധിപത്യം സ്ഥാപിക്കുന്ന ജനാധിപത്യം!

ആണവക്കരാറില്‍ വര്‍ഗീയത കണ്ടെത്തി, ഒരു ജനവിഭാഗത്തെയാകെ പ്രധാനമന്ത്രിക്കെതിരെ തിരിച്ചുവിടാന്‍ ശ്രമിച്ച ഇടതുപുരോഗമനത്തിന്റെ അധോഗതിയും മാനസികാടിമത്തവും രാഷ്ട്രം നേരിട്ടുകണ്ടു. മതേതരത്വത്തിന്റെ വക്താക്കളെന്ന് മേനിചമയുന്നവര്‍ വര്‍ഗീയത ഇളക്കിവിട്ട് പ്രധാനമന്ത്രിക്കെതിരെ യുദ്ധം ചെയ്യാനിറങ്ങിയതിലെ രാജ്യസ്നേഹം അപാരംതന്നെ. ഇതിനുള്ള ചുട്ട മറുപടി പാര്‍ലമെന്റില്‍ വിശ്വാസപ്രമേയ ചര്‍ച്ചയ്ക്കിടയില്‍ ഒമര്‍ അബ്ദുള്ള നല്‍കി. ഇന്ത്യയുടെ പരമാധികാര സംരക്ഷണത്തിലുള്ള താത്പര്യമൊന്നുമല്ല പിന്തുണ പിന്‍വലിക്കാന്‍ ഇടുതുപാര്‍ട്ടികളെ പ്രേരിപ്പിച്ചത്.

പിന്തുണ പിന്‍വലിക്കാനുള്ള ഒരു കാരണമായി ഇടതുപാര്‍ട്ടികള്‍ ആണവക്കരാറിനെ ഉയര്‍ത്തിക്കാണിക്കുന്നുവെന്നു മാത്രം. തെരഞ്ഞെടുപ്പിനു മുമ്പ് പാലം വലിക്കേണ്ടത് ഇടതുപാര്‍ട്ടികളുടെ രാഷ്ട്രീയാവശ്യം മാത്രമായിരുന്നു. ഇന്നല്ലെങ്കില്‍ നാളെ അവര്‍ക്കത് ചെയ്യാതിരിക്കാനാവില്ലായിരുന്നു. അല്ലെങ്കില്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസിനോടൊപ്പം ഭരിക്കുകയും കേരളത്തിലും ബംഗാളിലും ത്രിപുരയിലും കോണ്‍ഗ്രസിനെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്യുക എളുപ്പമുള്ള കാര്യമല്ല. കോണ്‍ഗ്രസ് വിരുദ്ധത പ്രസംഗിച്ചുകൊണ്ടുള്ള ഒരു പടപ്പുറപ്പാട് അവര്‍ വേണ്ടസമയത്ത് നടത്തിയിരിക്കുന്നുവെന്നു മാത്രം.

ആണവക്കരാറിനോടുള്ള എതിര്‍പ്പിന്റെ പേരില്‍ വിശ്വാസപ്രമേയത്തെ എതിര്‍ത്തവര്‍ കുറയും. പ്രതിപക്ഷ നേതാവ് പരസ്യമായി പറഞ്ഞുകഴിഞ്ഞു, തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ആണവക്കരാര്‍ നടപ്പാക്കുമെന്ന്. തെരഞ്ഞെടുപ്പ് അടുത്തില്ലേ, അതുകൊണ്ട് അടുത്ത പാര്‍ലമെന്റിന് ആണവക്കരാര്‍ കാര്യം വിട്ടുകൊടുക്കുകയെന്നു പറയുന്ന മായാവതിയും കരാറിനോ അമേരിക്കന്‍ ബന്ധത്തിനോ എതിരല്ലെന്നു വ്യക്തം. പിന്നെ ആര്‍ക്കാണ് കരാറിനോട് ഇത്ര എതിര്‍പ്പ്? വെറും ഇടതിനു മാത്രം. കഷ്ടിച്ച് അറുപത് വോട്ടാണ് അവര്‍ക്കുള്ളത്. അപ്പോള്‍ ആണവക്കരാറിനെ അനുകൂലിക്കുന്നവരുടെ തോളില്‍ കയറിനിന്നാണ് വിശ്വാസപ്രമേയത്തിനെതിരെ അവര്‍ പടപൊരുതിയതെന്നുതന്നെ ഇതിലെ രാഷ്ട്രീയത്തിന്റെ വികടസ്വഭാവം വ്യക്തമാക്കുന്നു.
ഒരു രാഷ്ട്രീയ ഭീഷണിക്കും ആണവക്കരാര്‍ രാജ്യപുരോഗതി സാധ്യമാക്കുമെന്ന ഉത്തമബോധ്യത്തില്‍നിന്നും തന്നെ പിന്തിരിപ്പിക്കാനാവില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് കാണിച്ചുകൊടുത്തത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു അപൂര്‍വ സംഭവമാണ്.

മുന്‍ പ്രധാനമന്ത്രിമാരായ റാവുവും രാജീവ് ഗാന്ധിയും ധനകാര്യമന്ത്രിയായിരുന്നപ്പോള്‍ താന്‍തന്നെയും രൂപം കൊടുത്ത പുരോഗതിയുടെ വഴിയിലൂടെയേ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് നടന്നുനീങ്ങാനാവൂ. രാഷ്ട്രത്തിനുവേണ്ടി രാഷ്ട്രീയത്തിനുപരിയായി സമര്‍പ്പിതമായ ഒരു ജീവിതത്തിനു മാത്രമേ അതു സാധ്യമാകൂ.

ഗവണ്‍മെന്റ് താഴെപ്പോയാലും മാര്‍ക്സിസ്റ് പാര്‍ട്ടിയുടെ നിര്‍ബന്ധത്തിനും സമ്മര്‍ദത്തിനും വഴങ്ങില്ലെന്ന മന്‍മോഹന്‍ സിംഗിന്റെ നിലപാടിനെ എത്ര പ്രകീര്‍ത്തിച്ചാലും മതിയാകില്ല. മന്‍മോഹന്‍ സിംഗിന് സോണിയാഗാന്ധി ഉറച്ച പിന്തുണ നല്‍കി. സര്‍ക്കാര്‍ പോയാല്‍ എന്തുചെയ്യുമെന്ന ചോദ്യം അവരെ അലട്ടിയില്ല. പോയാല്‍ പോകട്ടെ എന്നുവയ്ക്കാനുള്ള ഇച്ഛാശക്തി, തന്റേടം അവര്‍ കാണിച്ചു. രാജ്യഭരണംതന്നെ കൈവിട്ടുപോകുമെന്നു വന്നപ്പോള്‍ കുലുങ്ങാത്ത കരാര്‍ രാജ്യനന്മയ്ക്കെന്ന ഉത്തമബോധ്യത്തില്‍ പിടിച്ചു നിന്ന ആ വ്യക്തിത്വങ്ങള്‍, രാജ്യത്തിന്റെ യശസ് ഉയര്‍ത്തിപ്പിടിക്കുന്നു. ഇനി പ്രതിഷേധവും വിപ്ളവവുമായി കാരാട്ട് ഇറങ്ങിത്തിരിക്കും. അതിനെ നേരിടുന്നതിലും ഈ ഇച്ഛാശക്തി സര്‍ക്കാര്‍ പ്രകടിപ്പിക്കണം. ലോകത്തിലെ ഏറ്റവും വിദ്യാസമ്പന്നനായ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗില്‍ രാജ്യത്തിന് അഭിമാനം കൊള്ളാം.

(ദീപികയോട് കടപ്പാട്)

സോമനാഥ് ചാറ്റര്‍ജീ , അങ്ങയ്ക്ക് അഭിവാദ്യങ്ങള്‍ !




ഏറ്റവും ഒടുവിലത്തെ സൂചനകള്‍ അനുസരിച്ച് പാര്‍ലമെന്റില്‍ വിശ്വാസവോട്ടെടുപ്പ് കഴിയുന്നത് വരെ സോമനാഥ് ചാറ്റര്‍ജി സ്പീക്കര്‍ സ്ഥാനത്ത് തുടരും . എന്നാല്‍ ഇനിയുള്ള ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ മേല്‍ ഉണ്ടാകാവുന്ന അതിശക്തമായ സമ്മര്‍ദ്ധങ്ങള്‍ അദ്ദേഹം എങ്ങനെ അതിജീവിയ്ക്കും എന്നത് കണ്ടു തന്നെ അറിയണം . ബി.ജെ.പി.യോടൊപ്പം വോട്ട് ചെയ്യാന്‍ താന്‍ ഒരുക്കമല്ല എന്നും തന്റെ രാഷ്ട്രീയ ഗുരു ജ്യോതിബസു പറയുന്നതല്ലാതെ ആര് പറയുന്നതും കേള്‍ക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട് . വിശ്വാസ വോട്ടില്‍ ഏത് പക്ഷം ജയിച്ചാലും സോമനാഥ് ചാറ്റര്‍ജി ജൂലായ് 23 എന്ന ഒരു തീയ്യതിയ്ക്ക് ശേഷം സ്പീക്കര്‍ പദവിയിലോ സി.പി.എം . എന്ന പാര്‍ട്ടിയിലോ ഉണ്ടാവില്ല എന്നിടത്തേക്കാണ് കര്യങ്ങള്‍ നീങ്ങുന്നത് .

വിശ്വാസവോ‍ട്ടെടുപ്പ് കഴിയുന്നത് വരെ അദ്ദേഹം സ്പീക്കര്‍ സ്ഥാനത്ത് തുടരുകയാണെങ്കില്‍ , നമ്മുടെ പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ അദ്ദേഹത്തിന്റെ നാമം സ്വര്‍ണ്ണലിപികളാല്‍ എഴുതപ്പെടും . അതേ സമയം കക്ഷിരാഷ്ട്രീയത്തിനതീതമായ ഒരു പദവിയില്‍ നാല് വര്‍ഷം സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചതിന് ശേഷം രാജി വെച്ച് ഒരു മൂന്നാംകിട രാഷ്ട്രീയക്കാരനെപ്പോലെ സര്‍ക്കാരിനെതിരെ വോട്ട് ചെയ്തിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായേനേ . ഇവിടെ പക്ഷെ തന്റെ യശ്ശസ്സിനെപറ്റിയല്ല അദ്ദേഹം ചിന്തിക്കുന്നത് . ബി.ജെ.പി.യോടൊപ്പം വോട്ട് ചെയ്യാനുള്ള മന:സാക്ഷിക്കുത്ത് ആണ് അദ്ദേഹത്തിന്റെ പ്രശ്നം .

അല്പം അവധാനതയോടെ പാര്‍ട്ടി നേതൃത്വം ഈ പ്രശ്നം കൈകാര്യം ചെയ്തിരുന്നുവെങ്കില്‍ ഈ ധര്‍മ്മസങ്കടം ഒഴിവാക്കാമായിരുന്നു . കുറഞ്ഞ പക്ഷം പിന്‍‌തുണ പിന്‍‌വലിക്കുന്ന കത്തില്‍ സ്പീക്കറുടെ പേര് കൂടി ഉള്‍പ്പെടുത്തുന്നതിന് മുന്‍പ് അദ്ദേഹവുമായി കൂടിയാലോചിക്കാമായിരുന്നു . എന്നാല്‍ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ വിശ്വാസമില്ലാത്ത പാര്‍ട്ടിക്ക് സ്പീക്കര്‍ പദവിയുടെ മാന്യതയോ മഹത്വമോ മനസ്സിലാകണമെന്നില്ല . മാത്രമല്ല സര്‍ക്കാരിനെതിരെ ബി.ജെ.പി.ക്ക് വേണ്ടി പട നയിക്കുന്ന പ്രകാശ് കാരാട്ടിന് ഓരോ വോട്ടും ജീവന്മരണപ്രശ്നമായ അവസ്ഥയില്‍ അദ്ദേഹത്തിന്റെ ഒരു വോട്ട് ഒഴിവാകുന്നത് ചിന്തിക്കാന്‍ പോലും കഴിയില്ല .

സോമനാഥ് ചാറ്റര്‍ജിയുടെ അദ്ധ്യക്ഷതയില്‍ വിശ്വാസപ്രമേയം ഒരു വോട്ടിനോ മറ്റോ പാസ്സാവുകയാണെങ്കില്‍ പാവം സോമനാഥ് ചാറ്റര്‍ജിയുടെ ഗതി , മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ശൈലി വെച്ച് നോക്കിയാല്‍ എം.വി.ആര്‍ നേരിട്ടത് പോലെ ആയിരിക്കും . ഇപ്പോള്‍ തന്നെ ബംഗാളില്‍ നിന്ന് അദ്ദേഹത്തെ പറ്റി വഞ്ചകന്‍ എന്ന മുറുമുറുപ്പ് തുടങ്ങിയിട്ടുണ്ടെന്ന് സൂചനകളുണ്ട് . പക്ഷെ സ്വാഭിമാനം എന്ന ഒന്ന് എല്ലാവര്‍ക്കും പാര്‍ട്ടിക്കോ നേതൃത്വത്തിനോ പണയം വെക്കാന്‍ കഴിയില്ലല്ലൊ . വിശ്വാസ പ്രമേയം പാസ്സായാലും തോറ്റാലും സ്പീക്കര്‍ തല്‍ക്ഷണം രാജി നല്‍കും . രാജി സ്പീക്കര്‍ സ്ഥാനത്ത് നിന്ന് മാത്രമല്ല . പാര്‍ലമെന്റ് എം.പി.സ്ഥാനവും പാര്‍ട്ടി അംഗത്വവും രാജി വയ്ക്കും . സാധാരണ ഗതിയില്‍ സി.പി.എം. ആരേയും രാജി വെക്കാന്‍ അനുവദിക്കാറില്ല . പുറത്താക്കാറേയുള്ളൂ . കത്തിന്റെ കാര്യം കേട്ടില്ലേ ? തന്റെ പാര്‍ട്ടിയില്‍ കത്തെഴുതുന്ന ഹേബിറ്റ് ഇല്ല എന്നാണ് കാരാട്ട് പറഞ്ഞത് . രാജി വെച്ചാലും പുറത്താക്കി എന്നാണ് പറയാറ് . സ്പീക്കറുടെ കാര്യം കണ്ടറിയണം .

ഏതായാലും വിശ്വാസപ്രമേയം പാസ്സായാലും ഇല്ലെങ്കിലും സോമനാഥ് ഇഫക്റ്റ് ആ പാര്‍ട്ടിക്ക് ഭാവിയില്‍ ദോഷം ചെയ്യുമെന്നല്ലാതെ രാഷ്ട്രീയമായി യാതോരു നേട്ടവുമുണ്ടാക്കില്ല . ബി.ജെ.പി.ക്ക് ഇടതിന്റെ ചെലവില്‍ നല്ല മൈലേജ് കിട്ടുകയും ചെയ്യും . ഇതിനിടയില്‍ , ഞങ്ങള്‍ ഭാ‍വിയില്‍ ഇനിയും കോണ്‍ഗ്രസ്സിന് പിന്‍‌തുണ നല്‍കും എന്ന ചില നേതാക്കളുടെ ഉളുപ്പില്ലാത്ത പ്രസ്ഥാവനയും വായിക്കാനിടയായി . ഉളുപ്പിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ്സും അത്ര മോശമല്ലാത്തത് കൊണ്ട് പിന്‍‌തുണ സ്വീകരിച്ചാലും ആശ്ചര്യമില്ല . ഇപ്പോള്‍ മന്‍‌മോഹന്‍ സിങ്ങിന്റെ ഇച്ഛാശക്തി ഒന്ന് മാത്രമാണ് നമ്മുടെ ആത്മാഭിമാനം രക്ഷിച്ചത് . സോണിയാ ഗാന്ധി ആയിരുന്നെങ്കില്‍ ആണവക്കരാര്‍ പുല്ല് പോലെ വലിച്ചെറിഞ്ഞ് ഇടതിന്റെ അടിമയായി , നമ്മുടെ മാനം കപ്പലേറിയേനേ . ഒരു പക്ഷെ സംഗതി ഇങ്ങനെ കൈ വിട്ടുപോകുമെന്ന് ഇടത് പക്ഷം പ്രതീക്ഷിച്ചിരിക്കില്ല . അവര്‍ സോണിയാ ഗാന്ധിയില്‍ അഭയം പ്രതീക്ഷിച്ചിരിക്കാം . അത് കൊണ്ടാണ് മന്‍‌മോഹന്‍ സിങ്ങിനെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നത് .

ബി.ജെ.പി.ക്കാര്‍ സഞ്ചരിക്കുന്ന ട്രെയിനില്‍ ഒപ്പം യാത്ര ചെയ്യാന്‍ ഞാനേതായാലും ഇല്ല എന്ന് സധൈര്യം പ്രഖ്യാപിച്ച ബഹുമാനപ്പെട്ട സോമനാഥ് ചാറ്റര്‍ജി സര്‍ , താങ്കള്‍ക്ക് എന്റെ അഭിവാദനങ്ങള്‍ !

( വൈകിക്കിട്ടിയത് : സ്പീക്കറുടെ പേര് ലിസ്റ്റില്‍ ഉള്‍പ്പെട്ടത് തെറ്റായിപ്പോയി എന്ന് സീതാറം യെച്ചൂരി )

മന്‍‌മോഹന്‍ സിങ്ങ് സിന്ദാബാദ് ! (ആണവക്കരാര്‍......അവസാനഭാഗം - 4)




മന്‍‌മോഹന്‍ സിങ്ങ് അന്നും ഇന്നും ഒരു രാഷ്ട്രീയക്കാരനല്ല . അത് ഇന്ത്യയുടെ ഭാഗ്യം . നമുക്ക് ഒരു നല്ല പ്രധാനമന്ത്രിയെ കിട്ടി . സോണിയാ ഗാന്ധിക്കായാലും , അദ്വാനിക്കായാലും ,
പ്രകാശ് കാരാട്ടിനായാലും അധികാരവും പദവിയുമാണ് ജീവവായു . അതില്ല്ലാതെ സാധാരണ സിവിലിയന്‍‌മാരായി അവര്‍ക്കൊന്നും ജീവിയ്ക്കാന്‍ പറ്റില്ല . പദവിയും സ്ഥാനമാനങ്ങളും അവരുടെയെല്ലാം തലയ്ക്ക് പിടിച്ചിരിക്കുന്നു . രാഷ്ട്രീയക്കാരനല്ലാത്തത് കൊണ്ടാണ് ഇടത് പക്ഷം ആണവക്കരാറിന്റെ പേരില്‍ ഭീഷണി മുഴക്കിയപ്പോള്‍ നിങ്ങള്‍ക്ക് വേണമെങ്കില്‍ പിന്തുണ പിന്‍‌വലിക്കാമെന്ന് അദ്ദേഹത്തിന് പറയാന്‍ കഴിഞ്ഞത് . എന്നാല്‍ സോണിയാ ഗാന്ധി ഒരു
തികഞ്ഞ രാഷ്ട്രീയക്കാരി ആയി മാറിക്കഴിഞ്ഞിരുന്നതിനാല്‍ ഇടത് പക്ഷത്തെ ഭയന്ന് വെറുതെ മാസങ്ങളോളം ഉരുണ്ടു കളിച്ചു . ഇപ്പോള്‍ എന്തായി ? മറ്റ് ഘടകകക്ഷികള്‍ പറഞ്ഞ ന്യായവാദങ്ങളുടെ ദുഷ്ടവശം ഇന്ത്യന്‍ ജനത തിരിച്ചറിഞ്ഞില്ല .


ആണവക്കരാറിന് വേണ്ടി സര്‍ക്കാറിനെ ബലി കഴിക്കാന്‍ പറ്റില്ല എന്നാണ് അവരൊക്കെ പറഞ്ഞത് . സര്‍ക്കാറിനെ ബലി കഴിക്കാനോ ? സര്‍ക്കാര്‍ ഒരു തുടര്‍ച്ചയാണ് . അത് എന്നും എപ്പോഴും അവിടെയുണ്ടാവും . തങ്ങളുടെ മന്ത്രിപ്പണിയും പാര്‍ട്ടിയുടെ അധികാരവും , നേതാക്കളുടെ പദവിയും ബലി കഴിക്കാന്‍ കഴിയില്ല , രാജ്യത്തിന്റെ പുരോഗതിക്കും ശ്രേയസ്സിനും വേണ്ടി എന്നാണ് അവരൊക്കെ പറഞ്ഞതിന്റെ പച്ച മലയാളം . സര്‍ക്കാറിനെ ബലി കഴിക്കാന്‍ ആര്‍ക്കും കഴിയില്ല എന്നതും സര്‍ക്കാര്‍ എന്നാല്‍ പാര്‍ട്ടികളോ നേതാക്കളോ അല്ലെന്നുമുള്ള സാമന്യതത്വം കഴുതകളായ ജനത്തിന് മനസ്സിലായില്ല .


എവിടെ മനസ്സിലാവാന്‍ ? തന്റെ നേതാവ് പറയുന്നതല്ലേ ഓരോ അനുഭാവിയ്ക്കും വേദവാക്യം . നേതാവ് പറയുന്നത് ഏറ്റു പറയുന്നതില്‍ സായൂജ്യം കണ്ടെത്തുക എന്നതില്‍ കവിഞ്ഞ് യാതൊരു സമൂഹതാല്പര്യമോ , ദേശസ്നേഹമോ ഇല്ലാത്ത ആള്‍ക്കൂട്ടങ്ങളാണ് ഇന്ത്യയിലെ ജനങ്ങള്‍ . അത് കൊണ്ട് മാത്രമാണ് ഇത്രയും കാക്കത്തൊള്ളായിരം പാര്‍ട്ടികള്‍ ഇവിടെ നിലനില്‍ക്കുന്നത് . നേതാവ് മരണപ്പെട്ടാല്‍ തീ കൊളുത്തി മരിക്കുന്ന അനുയായികളുള്ള നാട് ഇന്ത്യ മാത്രമായിരിക്കും .



ഈ സര്‍ക്കാ‍റിന്റെ തുടക്കം മുതലേ സമാജ് പാര്‍ട്ടിയെ മുന്നണിയില്‍ കൂട്ടി മന്ത്രി സഭയില്‍ ഉള്‍പ്പെടുത്തിയിരുന്നുവെങ്കില്‍ ഒരു ബഹളവുമില്ലാതെ ആണവക്കരാര്‍ നടപ്പാക്കാമായിരുന്നു . കഴിഞ്ഞ നാല് വര്‍ഷമായി പ്രകാശ് കാരാട്ടിന്റെ പണി മന്‍‌മോഹന്‍ സിങ്ങിനെ ഭീഷണിപ്പെടുത്തുക എന്നതായിരുന്നു . കാരാട്ടിന്റെ തോളത്ത് പിടിച്ച് പിറകേ അനുഗമിക്കാന്‍ ബര്‍ദ്ദനും . ഈ മന്ത്രി സഭ സത്യപ്രതിജ്ഞ ചെയ്തതിന്റെ പിറ്റേന്ന് മുതല്‍ പിന്‍‌തുണ പിന്‍‌വലിക്കാന്‍ ആറെസ്പിയും,ഫോര്‍വേഡ് ബ്ലോക്കും വല്യേട്ടന്മാരോട് കെഞ്ചുന്നുണ്ടായിരുന്നു .


സോവിയറ്റ് ചരിത്രവും, ചൈനയിലെ ചിയാങ്ങ് കൈഷക്കിന്റെ അനുഭവപാഠങ്ങളും , കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അടവ് നയങ്ങളും അറിയാവുന്ന ആരും കമ്മ്യൂ. പാര്‍ട്ടികളെ വിശ്വസിച്ച് ഭരണത്തില്‍ കയറാന്‍ തുനിയുകയില്ല . വര്‍ഗ്ഗസമരം മൂര്‍ച്ഛിപ്പിച്ച് അധികാരം കൈക്കലാക്കി പാര്‍ട്ടി സര്‍വ്വാധിപത്യം നടപ്പാക്കാനുള്ള അടവ് തന്ത്രങ്ങളാണ് അവരുടെ ജനാധിപത്യപ്രേമവും വര്‍ഗ്ഗീയവിരുദ്ധതയും . സോണിയാ ഗാന്ധി ഇതൊന്നും പഠിച്ചിരിക്കാന്‍ വഴിയില്ല . അദ്വാനിക്ക് ഇതും ഇതിനപ്പുറവും അറിയാം . അത് കൊണ്ടാണ് ആണവക്കരാറിനെ എതിര്‍ക്കാന്‍ ഞങ്ങള്‍ ഇടത് പക്ഷത്തെ സഹായിക്കാം എന്ന് പറഞ്ഞതും സഹായിക്കുന്നതും .


ജൂലായ് 22 ന് ബി.ജെ.പി.യും ഇടത് പക്ഷങ്ങളും അങ്ങനെ കൈ കോര്‍ത്ത് മന്‍‌മോഹന്‍ സിങ്ങിന്റെ വിശ്വാസപ്രമേയത്തെ എതിര്‍ക്കും . ഇതിലൊന്നും പുതുമയില്ല . ഒരിക്കല്‍ ഇ.എം.എസ്സും, അദ്വാനിയും, എന്‍.ടി.രാമറാവുവും,വി.പി.സിങ്ങും അങ്ങനെ ഇന്ത്യയിലെ കോണ്‍ഗ്രസ്സ് ഒഴികെയുള്ള സകല പാര്‍ട്ടികളും ചേര്‍ന്ന് ഒരു മഹാസഖ്യം രൂപീകരിച്ചിരുന്നു . അന്നെടുത്ത ഒരു ഗ്രൂപ്പ് ഫോട്ടോ പത്രങ്ങളില്‍ വന്നത് ഞാന്‍ കുറേക്കാലം സൂക്ഷിച്ചിരുന്നു . കാണേണ്ട ഫോട്ടോയാണ് .



ആണവക്കരാറിനെ എതിര്‍ത്ത് ഉന്നയിക്കപ്പെട്ട ആരോപണങ്ങളെല്ലാം പച്ചക്കള്ളങ്ങളും കെട്ടിച്ചമക്കപ്പെട്ട ഭാവനകളും അതിശയോക്തി കലര്‍ന്ന സാങ്കല്പിക ഭയങ്ങളുമാണ് . അത് കൊണ്ട് അത്തരം അരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കഴിയില്ല . കോണ്‍ഗ്രസ്സിനെ അനുകൂലിക്കുന്ന പാര്‍ട്ടികളും എതിര്‍ക്കുന്ന പാര്‍ട്ടികളും മുഖാമുഖം നിന്ന് നയിക്കുന്ന രാഷ്ട്രീയയുദ്ധമാണ് ആണവക്കരാറിന്റെ പേരില്‍ നടക്കുന്നത് .


ജൂലായ് 22 ന് ഏത് അണി വിജയിക്കും എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല . ആര് ജയിച്ചാലും ആണവക്കരാര്‍ അല്പം താമസിച്ചാല്‍ തന്നെയും നടപ്പാവും എന്ന് തീര്‍ച്ച . രാഷ്ട്രീയക്കാരല്ലാത്ത രണ്ട് മഹത്‌വ്യക്തികളുടെ സ്വപ്നങ്ങളും പരിശ്രമങ്ങളും ഈ കരാര്‍ പൂര്‍ത്തിയാവുന്നതിന്റെ പിന്നിലുണ്ട് . ഒന്ന് മുന്‍‌രാഷ്ട്രപതി , രണ്ടാമത്തെയാള്‍ മന്‍‌മോഹന്‍ സിങ്ങ് തന്നെ . അടുത്ത പ്രാവശ്യം ആര്‍ പ്രധാനമന്ത്രി ആവും എന്നത് നിര്‍ണ്ണായകമാണ് . അദ്വാനിയാണ് വരുന്നതെങ്കില്‍ അത് നമ്മുടെ കഷ്ടകാലം , വീണ്ടും മന്‍‌മോഹന്‍ സിങ്ങ് ആണെങ്കില്‍ നമുക്ക് ആഹ്ലാദിക്കാം . രണ്ടു പേരുമല്ല സോണിയാ ഗാന്ധിയാണെങ്കിലോ ? അതിലും ഭേദം കാരാട്ടിനെ നേരിട്ടങ്ങ് ഏല്‍പ്പിക്കുന്നതായിരിക്കും .

ജൂലായ് 22 ; സര്‍ക്കാര്‍ വിശ്വാസപ്രമേയം പാസ്സാവുമോ ?

അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി(IAEA)യുമായി ഇന്ത്യ ഉണ്ടാക്കിയ സുരക്ഷാ ഉടമ്പടി എന്ത് കൊണ്ടും നല്ലതാണെന്ന് ഇന്നലത്തെ ഹിന്ദു ഇ-പത്രത്തില്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍ എഴുതിയ ലേഖനത്തില്‍ സമര്‍ത്ഥിക്കുന്നുണ്ട് . ഇടത് പക്ഷം ഉന്നയിക്കുന്ന എല്ല്ലാ സംശയങ്ങള്‍ക്കും അക്കമിട്ട് മറുപടി പറയുന്നുമുണ്ട് . പക്ഷെ അതല്ലല്ലോ കാര്യം . സംഗതി രാഷ്ട്രീയമാണ് . ഒരു സര്‍ക്കാരിനെ തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ അതിനെ കാലാവധി തീരുന്നത് വരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക എന്നത് നമ്മുടെ രീതിയല്ല. ഭരണത്തിലില്ലാത്ത പാര്‍ട്ടികള്‍ ഭരണത്തിലുള്ള പാര്‍ട്ടിയെ എങ്ങനെ താഴെ ഇറക്കാം എന്ന് , എന്ത് പറഞ്ഞും പ്രവര്‍ത്തിച്ചും പരിശ്രമിക്കുക എന്നതാണ് ഇവിടത്തെ അംഗീകൃത ശൈലി . ഒരു പാര്‍ട്ടി അനുഭാവിയ്ക്ക് അവന്റെ നേതാവ് ദൈവതുല്യവും മറ്റ് പാര്‍ട്ടികളുടെ നേതാക്കള്‍ നികൃഷ്ടരുമാണ് . മുന്നണിയിലെ ഘടകകക്ഷിനേതാക്കള്‍ക്ക് ഇളവുണ്ട് . ഏറ്റവും പ്രധാനം ഒരു പാര്‍ട്ടിയിലും പെടാതെ രാജ്യകാര്യങ്ങളില്‍ അഭിപ്രായം പറയുന്നത് അരാഷ്ട്രീയമാണ് പോലും . ഒരു പാര്‍ട്ടിയുടെ പക്ഷം പിടിച്ചു എന്ത് വിവരക്കേട് പറഞ്ഞാലും അതാണ് പോലും രാഷ്ട്രീയം . രാഷ്ട്രീയക്കാരുടെ പൊതുശത്രുവാണ് ഒരു പാര്‍ട്ടിയിലും ചേരാത്ത കക്ഷിരഹിതന്‍ .

ജൂലായ് 22 ന്റെ വിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ മന്‍‌മോഹന്‍ സിങ്ങ് സര്‍ക്കാര്‍ വിജയിക്കുമെന്ന് ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥ വെച്ചു പ്രവചിക്കാന്‍ സാധ്യമല്ല . അഥവാ വിജയിക്കുകയാണെങ്കില്‍ അത് ഒരു അവിശുദ്ധമായ വിജയമായിരിക്കും . സകല നീര്‍ക്കോലികളും ആവശ്യപ്പെടുന്നത് അനുവദിച്ചു കൊടുക്കാന്‍ മന്‍‌മോഹന്‍ സിങ്ങ് തയ്യാറാവുമോ , കാറ്റുള്ളപ്പോള്‍ തൂറ്റണം എന്ന രാഷ്ട്രീയ കൌശലം പയറ്റാന്‍ അവസരം നോക്കുന്ന അവറ്റകള്‍ ആവശ്യങ്ങള്‍ അംഗീകരിച്ച് കിട്ടാതെ പ്രമേയത്തെ തുണക്കുമോ എന്ന് പറയാന്‍ പറ്റില്ല . ഹിന്ദു വര്‍ഗീയ വാദികളും , മുസ്ലീം മൌലികവാദികളും , ഇടതു പക്ഷങ്ങളും , ഒട്ടുമിക്ക ജാതി-പ്രാദേശിക കക്ഷികളും ഒറ്റക്കെട്ടായി സര്‍ക്കാറിനെതിരെ അണിനിരന്ന് നില്‍ക്കുന്ന അസുലഭമായ കാഴ്ചയാണ് കാണാന്‍ കഴിയുന്നത് . പ്രകാശ് കാരാട്ട് ഓടിനടന്ന് ഉത്സാഹിക്കുന്നുണ്ട് . തെലുങ്കാന സംസ്ഥാനം സ്വന്തമായി കിട്ടാന്‍ വേണ്ടി കേന്ദ്രമന്ത്രി സഭയില്‍ ചേരുകയും , കിട്ടൂല്ല എന്ന് കണ്ട് സകല എം.പിക്കളും എമ്മെല്ലെക്കളും രാജി വെക്കുകയും പിന്നീട് തെരഞ്ഞടുപ്പില്‍ മത്സരിച്ച് പകുതിയിലേറെ സ്ഥാനങ്ങള്‍ നഷ്ടപ്പെടുകയും ചെയ്ത TRS ന്റെ നേതാവ് ചന്ദ്രശേഖര റാവു പിന്‍‌തുണയുമായി രംഗത്തുണ്ട് സംസ്ഥാനം കിട്ടുമെങ്കില്‍ . ഇതൊരു സാമ്പിള്‍ മാത്രം .

India Specific Safeguards Agreement ന്റെ വകുപ്പുകള്‍ എങ്ങനെയൊക്കെയാണ് നമ്മെ ബാധിക്കുക എന്ന് നോക്കാം . അണു ആയുധ നിരോധന ഉടമ്പടി പ്രകാരം ലോകത്ത് രണ്ടു തരത്തിലുള്ള രാജ്യങ്ങളാണ് ഉള്ളത് . അണു ആയുധങ്ങള്‍ ഉള്ളവയും ഇല്ലാത്തവയും . എന്നാല്‍ ഇന്ത്യ പോലെ ത്രിശങ്കുസ്വര്‍ഗ്ഗ രാജ്യങ്ങളും ഉണ്ട് . ആണവ ആയുധങ്ങള്‍ ഉണ്ട് . എന്നാല്‍ ആണവരാജ്യങ്ങള്‍ എന്ന പദവിയുമില്ല . IAEA എന്ന സംഘടന ആണവരാഷ്ട്രങ്ങളോട് മൃദുസമീപനമാണ് കൈക്കൊള്ളാറ് . അവര്‍ ചെയ്യുന്നതെല്ലാം കണ്ടില്ലെന്ന് നടിക്കും . എന്നാല്‍ അണു ആയുധങ്ങള്‍ ഇല്ലാത്ത രാജ്യങ്ങളോട് നിലപാട് കര്‍ക്കശമാണ് . അത്തരം രാജ്യങ്ങളിലെ ആണവനിലയങ്ങളെ പരിശോധിക്കും . യൂറേനിയം എവിടെ നിന്ന് , എത്ര വാങ്ങുന്നു ? എന്തൊക്കെ അത് കൊണ്ട് ചെയ്യുന്നു ? എത്ര ചെലവാക്കി , എത്ര ബാക്കിയുണ്ട് ? ഇങ്ങനെ എല്ലാ കണക്കുകളും സൂക്ഷിക്കാനും ചോദിക്കുമ്പോള്‍ കാണിക്കാനും നിഷ്കര്‍ഷിക്കും .

എന്നാല്‍ India Specific Agreement ല്‍ മധ്യമാര്‍ഗ്ഗമാണ് സ്വീകരിച്ചിരിക്കുന്നത് . ഇന്ത്യ ഒരു ആണവരാഷ്ട്രം എന്ന് അന്താരാഷ്ട്ര സമൂഹം അംഗീകരിക്കാത്ത നിലയില്‍ ഇതിനേക്കാളും മെച്ചപ്പെട്ട ഒരു കരാര്‍ നമുക്ക് കിട്ടുകയില്ല . ഒരു പക്ഷെ വിശ്വാസപ്രമേയത്തിന്മേല്‍ വോട്ടെടുപ്പ് നടന്ന് സര്‍ക്കാര്‍ തറ പറ്റി , അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. അധികാരത്തില്‍ വന്ന് (സാധ്യത കൂടുതലാണ് ) അവര്‍ ഈ കാരാര്‍ റീ-നെഗോഷ്യേറ്റ് ചെയ്യുമ്പോള്‍ ഈ വസ്തുത എല്ലാവരും ഓര്‍ക്കുന്നത് നന്ന് .

ഇപ്പോഴത്തെ ഉടമ്പടി പ്രകാരം ഇന്ത്യ ചൂണ്ടിക്കാട്ടുന്ന ആണവനിലയങ്ങള്‍ മാത്രമേ IAEA പരിശോധിക്കുകയുള്ളൂ . മറ്റ് രാജ്യങ്ങളുമായി കരാറിലേര്‍പ്പെട്ട് ഇവിടെ ഇറക്കുമതി ചെയ്ത് സ്ഥാപിക്കുന്ന ആണവനിലയങ്ങള്‍ മാത്രമായിരിക്കും ഇങ്ങനെ ചൂണ്ടിക്കാട്ടപ്പെടുക . നമ്മുടെ ആണവനിലയങ്ങളാണെങ്കിലും പുറത്ത് നിന്ന് യൂറേനിയം വാങ്ങി പ്രവര്‍ത്തിക്കുന്ന നിലയങ്ങളും പരിശോധനയ്ക്ക് വിധേയമാവും . ഇതൊക്കെ സിവില്‍ ന്യൂക്ലിയര്‍ പ്രൊജക്റ്റുകള്‍ക്ക് മാത്രമാണ് ബാധകം എന്ന് മറക്കണ്ട . മിലിട്ടറി ആവശ്യങ്ങള്‍ക്ക് വേണ്ടി വേര്‍തിരിച്ച് മാറ്റി വെക്കുന്ന ആണവനിലയങ്ങളില്‍ അന്യര്‍ ആര്‍ക്കും പ്രവേശനമില്ല . അതേ സമയം സൈനികേതരമെങ്കിലും നമ്മുടെ ആണവനിലയം , നമ്മുടെ യൂറേനിയം ആണെങ്കില്‍ IAEA ക്കാരന്‍ ആ പ്രദേശത്ത് വഴിനടക്കാന്‍ പോലും പാടില്ല.

ശരി , കരാര്‍ ഒക്കെ ആയി . നമുക്ക് യൂറേനിയം തന്നുകൊണ്ടിരിക്കുന്ന രാജ്യം പെട്ടെന്ന് അത് നിര്‍ത്തി . നമ്മള്‍ എന്ത് ചെയ്യും ? അതാണ് ഇപ്പോള്‍ പ്രകാശ് കാരാട്ട് പാടി നടക്കുന്നത് . ബാധ്യത ഒന്നുമില്ലല്ലോ . ചാനലുകള്‍ക്ക് മുന്നില്‍ ഇരുന്ന് പ്രസ്ഥാവിക്കുന്നതോടെ തീര്‍ന്നല്ലോ മൂപ്പരുടെ ഉത്തരവാദിത്വം .

അത് നമ്മള്‍ അപ്പോള്‍ നേരിടേണ്ട പ്രശ്നമാണ് . താരാപ്പൂറിന് യൂറേനിയം തന്നുകൊണ്ടിരുന്ന അമേരിക്ക , പൊഖ്‌റാന്‍-1 അണു പരീക്ഷണത്തെ തുടര്‍ന്ന് തരുന്നത് നിര്‍ത്തി . ഇതില്‍ നമ്മള്‍ ദ്വേഷ്യപ്പെട്ട് വല്ല പ്രയോജനവുമുണ്ടോ ? അതേ പോലെ നാളെയും ഏതെങ്കിലും രാജ്യം നിര്‍ത്താം . എന്ത് ചെയ്യാന്‍ പറ്റും ? IAEA യൂറേനിയം സപ്ലൈ ചെയ്യുന്നില്ല്ല . അവരുമായി ഉടമ്പടി ഒപ്പ് വെച്ചാല്‍ തരുന്ന രാജ്യങ്ങളില്‍ നിന്ന് ആ രാജ്യം തരുന്ന കാലത്തോളം വാങ്ങാം . അത്രയേ നിവൃത്തിയുള്ളൂ . എന്താ കാരാട്ടേ താങ്കള്‍ക്കിത് മനസ്സിലാവാത്തത് ?

നമ്മളുമായി കരാരിലേര്‍പ്പെട്ട് യൂറേനിയം തന്നുകൊണ്ടിരിക്കുന്ന രാജ്യങ്ങള്‍ പല കാരണങ്ങള്‍ നിമിത്തം തരുന്നത് നിര്‍ത്തിയേക്കാം . നിര്‍ത്താതെ തന്നുകൊണ്ടുമിരിക്കാം . തരുന്ന കാലത്തോളം വാങ്ങുകയും നിര്‍ത്തുമ്പോള്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടുകയുമല്ലാതെ നമുക്കെന്ത് ചെയ്യാന്‍ പറ്റും ? അതല്ലെ ഇത്രകാലവും നമ്മള്‍ ചെയ്തുവരുന്നത് ? എന്താ കാരാട്ടേ ശരിയല്ലേ ?

ആകെ നോക്കുമ്പോള്‍ ഇത്തരം ഒരു കരാറില്‍ എത്തിച്ചേരാന്‍ നമ്മുടെ പ്രധാനമന്ത്രിയും നയതന്ത്ര പ്രതിനിധികളും ഉദ്യോഗസ്ഥന്മാരും നല്ല ഹോം വര്‍ക്കും പ്രയത്നവും ചെയ്തിട്ടുണ്ട് . കമ്മ്യൂണിസ്റ്റ് പദാവലികളില്‍ ഏറെ ഉപയോഗിച്ച് കാണാറുള്ള ഒരു പ്രയോഗമാണ് “ ക്ഷീരമുള്ളോരകിടിലും ചോര തന്നെ ....... ” . അവര്‍ കമ്യുണിസ്റ്റുകാര്‍ മറ്റുള്ളവരുടെ മേലെ ആരോപിക്കാറുള്ള പല തിന്മകളും സത്യത്തില്‍ അവര്‍ക്ക് തന്നെയാണ് ചേരുക . ഇവിടെയും കൊതുകുകള്‍ അവര്‍ തന്നെ !

ആണവക്കരാര്‍ ; സത്യവും മിഥ്യയും (3)

ആണവക്കരാറിന്റെ കാര്യത്തില്‍ ഇപ്പോള്‍ നടക്കുന്ന ബഹളങ്ങള്‍ എന്ത് കൊണ്ട് ? അത് മനസ്സിലാവണമെങ്കില്‍ നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഇരട്ടത്താപ്പുകളും പ്രചാരവേലകളുടെ പൊള്ളത്തരങ്ങളും എല്ലാം കണക്കിലെടുക്കണം . ഗാട്ട് കരാര്‍ ഒപ്പ് വെക്കുന്ന സമയത്തെ ഒച്ചപ്പാടുകള്‍ ഓര്‍മ്മയുണ്ടോ ? അന്നും ബി.ജെ.പി.യും ഇടത് പക്ഷവും ഒരേ സ്വരത്തില്‍ പറഞ്ഞത് ഈ കരാര്‍ മൂലം നമ്മുടെ രാജ്യത്തിന്റെ പരമാധികാരം സര്‍ക്കാര്‍ അമേരിക്കയ്ക്ക് പണയം വെക്കുന്നു എന്നായിരുന്നു . അന്നത്തെ അതേ വാദങ്ങള്‍ ഇപ്പോഴും ആവര്‍ത്തിയ്ക്കുന്നത് , പരമാധികാരം പണയം വെക്കുക എന്ന പ്രയോഗം ജനങ്ങളുടെ സെന്റിമെന്റ്സിനെ സ്പര്‍ശിക്കും എന്നത് കൊണ്ടായിരിക്കാം . അമേരിക്കയില്‍ നിന്ന് ആണവ സാമഗ്രികളും സാങ്കേതികജ്ഞാനവും വാങ്ങണമെങ്കില്‍ അവരുടെ സെക്‍ഷന്‍ 123 നിയമപ്രകാരമുള്ള കരാറില്‍ ഒപ്പ് വെക്കണം . അപ്രകാരം റഷ്യയും ചൈനയും ഒപ്പ് വെച്ചിട്ടുണ്ട് . നമ്മള്‍ ഒപ്പ് വെക്കുമ്പോള്‍ മാത്രമാണ് അത് പരമാധികാരപ്പണയമാവുന്നത് . ബി.ജെ.പി.ക്ക് യു.പി.ഏ . സര്‍ക്കാരിനെ ശിഥിലീകരിച്ച് അധികാരം കരസ്ഥമാക്കണമെന്നേയുള്ളൂ . പ്രതിപക്ഷമെന്ന നിലയില്‍ അവരുടെ പെര്‍ഫോമെന്‍സ് എപ്പോഴും അങ്ങനെയായിരുന്നു . അവര്‍ ഭരണത്തിലിരുന്ന ആറ് വര്‍ഷക്കാലം പ്രതിപക്ഷത്തിരുന്ന കോണ്‍ഗ്രസ്സ് ദൈനംദിനഭരണത്തില്‍ അവര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരുന്നില്ല . ഒച്ചപ്പാടുകള്‍ക്കും ബഹളങ്ങള്‍ക്കുമിടയില്‍ കോണ്‍ഗ്രസ്സിന്റെ വ്യത്യസ്ഥമായ കുലീനത്വം തിരിച്ചറിയാതെ പോകുന്നു . രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ പാര്‍ട്ടി , ഭരണം കിട്ടുമ്പോള്‍ ഏകാധിപത്യം സ്ഥാപിക്കാന്‍ എല്ലാ ചുറ്റുപാടും അനുകൂലമായി ഉണ്ടായിട്ടും ഇവിടെ ഉന്നതമായ ജനാധിപത്യസംവിധാനം അരക്കിട്ടുറപ്പിച്ച പാര്‍ട്ടി , ഇന്ന് പരമാധികാരം പണയം വെക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണങ്ങള്‍ക്ക് മുന്നില്‍ പതറുന്നത് അവര്‍ക്ക് ഈ കുത്സിതമായ കപടരാഷ്ട്രീയം കൈകാര്യം ചെയ്യാന്‍ അറിയില്ല എന്നത് കൊണ്ടാണ് .

ബി.ജെ.പി.യുടെ കാര്യം അവിടെ നില്‍ക്കട്ടെ . അവര്‍ ഒരു ദേശീയപ്പാര്‍ട്ടിയാണ് . ആറ് വര്‍ഷം ഭരണം നടത്തിയിട്ടുണ്ട് . ഇനിയും യു.പി.ഏ. പരാജയപെട്ടാല്‍ ഭരണം നടത്തേണ്ട പാര്‍ട്ടി കൂടിയാണത് . ഏതൊരു പാര്‍ട്ടിയേയും ഭരണത്തില്‍ നിന്ന് അകറ്റണം എന്ന് പറയുന്ന ഭാഷ ജനാധിപത്യത്തിന്റേതല്ല . അത് ജനങ്ങള്‍ക്ക് സ്വീകാര്യമാവുകയുമില്ല . സ്വന്തം ആശയം മുന്‍‌നിര്‍ത്തി ഭരണത്തില്‍ എത്താന്‍ വേണ്ടി പ്രവര്‍ത്തിക്കാനേ ഏതൊരു പാര്‍ട്ടിക്കും അവകാശമുള്ളൂ . അധികാരം കൈക്കലാക്കാന്‍ അവര്‍ ഉപയോഗിക്കുന്ന തുറുപ്പ് ശീട്ട് ഹിന്ദു സെന്റിമെന്റലിസമാണ് പ്രധാനമായും . അതിനെതിരേ മതേതര ആശയങ്ങള്‍ ജനങ്ങള്‍ക്കിടയേ പ്രചരിപ്പിച്ച് മതേതരമൂല്യങ്ങള്‍ കാത്ത് സൂക്ഷിക്കനാണ് മറ്റുള്ള പാര്‍ട്ടികള്‍ ശ്രമിക്കേണ്ടത് . ഭരണത്തില്‍ നിന്ന് അകറ്റണം എന്ന് നയം പ്രഖ്യാപിക്കുക, വ്യവസ്ഥാപിതരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെതിരെ പരമാധികാരം പണയം വെക്കുന്നു എന്ന ആരോപണം ഉന്നയിക്കുക ഇതൊക്കെ വികൃതിപ്പിള്ളേരുടെ ഭാ‍ഷയാണ് . ഉയര്‍ന്ന സ്ഥാനങ്ങളില്‍ ഇരിക്കുന്ന നേതാക്കന്മാര്‍ ഇങ്ങനെയൊക്കെ വിളിച്ചു കൂവുന്നത് നമ്മുടെ ജനങ്ങളുടെ സാംസ്ക്കാരികനിലവാരക്കുറവാണ് സൂചിപ്പിക്കുന്നത് . ജനങ്ങളുടെ മനോഭാവത്തില്‍ കുലീനതയുണ്ടായാലേ നേതാക്കളിലും അത് പ്രതിഫലിക്കൂ .

ഈ കരാറിനെ ഇടത് പക്ഷം പൊതുവേയും മാര്‍ക്സിസ്റ്റ് പാര്‍ട്ടി ശക്തമായും എതിര്‍ക്കുന്നത് എന്ത് കൊണ്ട് ? ഉത്തരം ഒറ്റ വാക്കില്‍ പറയാന്‍ കഴിയില്ല . അടുത്ത അധ്യായത്തില്‍ ഞാനത് വിശദീകരിക്കാം . എന്നാല്‍ ആമുഖമായി ഒന്ന് പറഞ്ഞ് വെക്കാം . അത് അവര്‍ അമേരിക്കയുടെ ഗൂഢ ലക്ഷ്യം മണത്തറിഞ്ഞിരിക്കുന്നു . പക്ഷെ ആ ഗൂഢലക്ഷ്യം നമ്മുടെ ഭാവിയ്ക്ക് ഗുണപ്രദമാണ് . ആ ഗുണം തന്നെയാണ് ഇടത് പാര്‍ട്ടികള്‍ക്ക് ദോഷമായും ഭവിക്കുക . അതാണവരുടെ ആശങ്ക . ഇന്ത്യയെ ഏഷ്യാ വന്‍‌കരയില്‍ ചൈനക്കൊപ്പം ഉയര്‍ത്തിക്കൊണ്ടുവരിക , അതാണ് ബുഷിന്റെ ഉള്ളിലിരുപ്പ് . പാക്കിസ്ഥാനും ചൈനയും ഇന്ത്യയെ പോലെ വിശ്വസിക്കാന്‍ കൊള്ളില്ല എന്ന് ബുഷ് മനസ്സിലാക്കുന്നു . ഈ കരാര്‍ നടപ്പായാല്‍ ഇന്ത്യയുടെ പുരോഗതിക്ക് ആനുപാതികമായി ചൈനയുടെ ഗതി അത്ര പുരോഗമനം ആവണമെന്നില്ല . ഇതിന്റെ രാഷ്ട്രീയം പിന്നെ നോക്കാം .

ഇന്ത്യ അമേരിക്കയുമായി ഇതാദ്യമായല്ല ഒരു കരാറിലേര്‍പ്പെടുന്നത് . അമേരിക്കന്‍ സഹായത്തോടെ ആണവവൈദ്യുതനിലയം സ്ഥാപിക്കുന്നതും ആദ്യമായല്ല. 1969 ല്‍ താരാപ്പൂറില്‍ സ്ഥാപിച്ച ആണവവൈദ്യുത നിലയം അമേരിക്കയുമായി ഇത്തരമൊരു കരാറില്‍ ഏര്‍പ്പെട്ടും അവരുടെ സഹായത്തോടെയുമാണ് . അത് ഇപ്പോഴും വിജയകരമായി പ്രവര്‍ത്തിക്കുന്നു . യൂറേനിയത്തിന്റെ കുറവേയുള്ളൂ പ്രശ്നം . അതേപോലെ കാനഡയുടെ സഹായത്തോടെ 1972ല്‍ രാജസ്ഥാനില്‍ സ്ഥാപിക്കപ്പെട്ട ആണവനിലയവും നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വരുന്നു . ഇപ്പറയുന്ന കരാറുകളും നിബന്ധനകളും ഒക്കെ പാലിച്ചുകൊണ്ട് തന്നെയാണ് 69ലും 72ലും ആണവവൈദ്യുതനിലയങ്ങള്‍ തുടങ്ങിയത് . കരാരില്‍ ഒപ്പ് വെക്കലും നിബന്ധനകള്‍ അംഗീകരിക്കലും പരമാധികാരം പണയം വെക്കലാണെങ്കില്‍ നമ്മളത് 1969ലേ വെച്ചു കഴിഞ്ഞു . പിന്നെ ഇപ്പോള്‍ ബുഷിന്റെ വശം വെക്കാന്‍ നമുക്ക് പരമാധികാരമെവിടെ ?

ആണവസംബന്ധമായ എല്ലാ കരാറുകള്‍ക്കും ഒരു അന്താരാഷ്ട്ര സ്റ്റാന്‍ഡേര്‍ഡ് ഉണ്ട് . 2006 സെപ്റ്റബറില്‍ തമിഴ് നാട്ടിലെ തിരുനെല്‍‌വേലി ജില്ലയില്‍ കൂടംകുളത്ത് ഒരു ആണവ വൈദ്യുത നിലയം അന്നത്തെ രാഷ്ട്രപതി അബ്ദുല്‍ കലാം രാഷ്ട്രത്തിന് സമര്‍പ്പിക്കുകയുണ്ടായി . (അന്ന് അദ്ദേഹം നടത്തിയ പ്രഭാഷണം ) റഷ്യയുടെ സഹായത്തോടെ നിര്‍മ്മിച്ചതായിരുന്നു അത് . എല്ലാ അന്താരാഷ്ട്ര നിബന്ധനകള്‍ക്ക് വിധേയമായും റഷ്യയുമായി കരാറിലേര്‍പ്പെട്ടുമായിരുന്നു അത് . അന്നൊന്നും കരാറിന്റെ ടെക്സ്റ്റ് കാണണമെന്ന് ആരും ആവശ്യപ്പെട്ടില്ല. അതൊന്നും സര്‍ക്കാര്‍ പരസ്യപ്പെടുത്തിയുമില്ല . അമേരിക്കയുമായി ഇതിന് മുന്‍പ് ഏര്‍പ്പെട്ടതും റഷ്യയുമായി ഉണ്ടാക്കിയത് പോലെയുമാണ് ഇപ്പോഴും കരാര്‍ ഉണ്ടാക്കുന്നത് . അന്നൊന്നും ഇത്ര ബഹളങ്ങള്‍ ഉണ്ടാക്കിയില്ല . ബഹളങ്ങള്‍ ഉണ്ടാക്കുന്നത് അപ്പപ്പോഴത്തെ രാഷ്ട്രീയകാലാവസ്ഥയ്ക്കനുസരിച്ചാണ് . ബോഫേര്‍സ് ഓര്‍മ്മയില്ലെ . ചില്ലറ ലക്ഷങ്ങളാണ് , കൃത്യമായി പറഞ്ഞാല്‍ രൂപ 64 ലക്ഷം കമ്മീഷന്റെ കാര്യം . എന്തായിരുന്നു എത്രകാലമായിരുന്നു ബഹളം . ഇന്ന് അഴിമതി ആരോപണം രണ്ടക്ക കോടികളില്‍ കുറവാണെങ്കില്‍ അതിന് വിധേയനാവുന്ന തുക്കടാ നേതാവിന് പോലും അപമാനമാണ് .

അണുശക്തി വ്യവഹാരത്തില്‍ റഷ്യയുമായി ഉണ്ടാക്കിയ കരാര്‍ അമേരിക്കയുമായുണ്ടാക്കുന്ന കരാറിനേക്കാളും ഇളവുകള്‍ ഉള്ളതായിരുന്നു എന്ന് ധരിക്കരുത് . അണുശക്തിയെ ആണവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗപ്പെടുത്തുന്ന രാജ്യങ്ങള്‍ക്ക് ആണവഇന്ധനമോ , യന്ത സാമഗ്രികളോ സാങ്കേതികപരിജ്ഞാനമോ നല്‍കരുത് എന്ന് തീരുമാനമെടുത്തിട്ടുള്ള 45 അംഗ സംഘടനയില്‍ അംഗങ്ങളാണ് റഷ്യയും അമേരിക്കയും . അപ്പോള്‍ അന്താരാഷ്ട്രമാനദണ്ഡങ്ങള്‍ അനുസരിച്ച നിബന്ധനകള്‍ക്ക് വിധേയമായിരിക്കും റഷ്യയുടെയും അമേരിക്കയുടേയും കരാറുകളും .

ആദ്യകാലത്ത് ഇന്ത്യയില്‍ ആണവവൈദ്യുതനിലയങ്ങള്‍ സ്ഥാപിക്കാന്‍ സഹായസഹകരണങ്ങള്‍ നല്‍കിയ അമേരിക്കയും കാനഡയും അതില്‍ നിന്ന് പിന്‍‌വാങ്ങാന്‍ കാരണം 1974 ല്‍ നാം ഭൂമിക്കടിയില്‍ വെച്ച് ആണവസ്പോടനം നടത്തിയതായിരുന്നു . അമേരിക്കയും കൂട്ടാളികളും ഇന്ത്യയ്ക്ക് മേല്‍ പല നിരോധനങ്ങളും അതിന്റെ പേരില്‍ ഏര്‍പ്പെടുത്തി . 1988 ല്‍ വീണ്ടും ഭൂമിക്കടിയില്‍ അണുപരീക്ഷണം നടത്തിയതോടെ സാര്‍വ്വദേശീയമായി ഇന്ത്യ ഒറ്റപ്പെട്ടു എന്ന് തന്നെ പറയാം . നിയന്ത്രണങ്ങള്‍ കര്‍ക്കശമായി . എന്നാല്‍ 1974 ല്‍ തുടങ്ങിയ ഈ നിരോധനങ്ങള്‍ ഇന്ത്യയ്ക്ക് ഊര്‍വ്വശീ ശാപം ഉപകാരം എന്ന പോലെയാണ് ഭവിച്ചത് . നാം സ്വന്തം നിലയില്‍ ആണവഗവേഷണങ്ങള്‍ ത്വരിതപ്പെടുത്തി. പല ഗവേഷണ സ്ഥാപനങ്ങളും ആരംഭിച്ചു . അതില്‍ എടുത്തു പറയാവുന്ന ഒരു നേട്ടം , പ്രയോജനരഹിതം എന്ന് കരുതി അമേരിക്ക ഉപേക്ഷിച്ച ഒരു സങ്കേതിക വിദ്യയില്‍ നമ്മള്‍ ഏറേ മുന്നേറിയതാണ് . തോറിയം ഉപയോഗപ്പെടുത്തുന്ന സാങ്കേതിക വിദ്യ ആണത് . ഭാവിയില്‍ നമുക്കത് വളരെ ഗുണം ചെയ്യും . കാരണം നമ്മുടെ തീ‍ര പ്രദേശത്ത് ധാരാളം തോറിയം നിക്ഷേപമുണ്ട് . ഇത്രയൊക്കെ മുന്നേറിയ നമ്മള്‍ പരമാധികാരം പണയം വെക്കുമോ തോഴര്‍കളേ ? പരമാധികാരം എന്താ കൈവളയോ കാല്‍ത്തളയോ ?

സ്വന്തം പരിശ്രമത്തില്‍ 34 വര്‍ഷങ്ങളായി ഇത്രയും മുന്നേറിയ നാം ഇപ്പോള്‍ എന്തിനാണ് ആണവ വിഷയത്തില്‍ അന്യരാജ്യങ്ങളുടെ സഹായമഭ്യര്‍ഥിച്ചു കൊണ്ട് നില്‍ക്കുന്നത് എന്ന സംശയം സ്വാഭാവികമാണ് . മുഖ്യകാരണം നമ്മുടെ വിദ്യുച്ഛക്തി വിശപ്പ് ആണ് . ഇവിടത്തെ വൈദ്യുതോല്പാദനം നമുക്ക് തികയുന്നില്ല . നാമോരുരുത്തരും അനുഭവിക്കുന്ന, തെളിവുകള്‍ ആവശ്യമില്ലാത്ത യാഥാര്‍ഥ്യമാണിത് . അണുശക്തി കൊണ്ടേ നമുക്ക് ഇത് പരിഹരിക്കാനാവൂ‍ . ഇന്ത്യയിലുള്ള ആണവവൈദ്യുത നിലയങ്ങളുടെ ഉല്പാദനശേഷി 220 മെഗാ വാട്ട് മാത്രമാണ് . 500 മെ.വാ. ഉല്പാദനശേഷിയുള്ളത് നിര്‍മ്മിക്കാന്‍ തുടങ്ങിയത് അടുത്ത കാലത്താണ് . കൂടംകുളം ന്യൂക്ലിയര്‍ പവ്വര്‍ സ്റ്റേഷന്റെ ഉല്പാദനശേഷി 1000 മെ.വാട്ട് ആണ് . ശേഷി പ്രയോജനപ്പെടുത്തണമെങ്കില്‍ യൂറേനിയം വേണം . നമ്മുടെ യൂറേനിയം കരുതല്‍ കുറവാണ് . ഇപ്പോള്‍ വളഞ്ഞ വഴിയില്‍ കൂടുതല്‍ വില കൊടുത്ത് റഷ്യയില്‍ നിന്നും ചൈനയില്‍ നിന്നുമാണ് വാങ്ങുന്നത് . അമേരിക്കയുമായി കരാറില്‍ ഒപ്പിട്ടാല്‍ യൂറേനിയം നമുക്ക് തരാന്‍ ഒട്ടേറെ രാജ്യങ്ങള്‍ സന്നദ്ധമാണ് . അമേരിക്കയില്‍ നിന്ന് തന്നെ വാങ്ങണമെന്നില്ല .
(തുടരും)

ആണവക്കരാര്‍ സത്യവും മിഥ്യയും (2)

നമുക്ക് ആണവോര്‍ജ്ജം ഉപയോഗിച്ച് വിദ്യുച്ഛക്തി ഉല്പാദിപ്പിക്കുന്നതിന്റെ സാധ്യതകളും നേട്ടങ്ങളും ഒന്ന് നോക്കാം. ഇന്നത്തെ സാങ്കേതിക വിദ്യയുടെ പിന്‍ബലത്തില്‍ ഒരു ആണവറീയാക്ടറില്‍ നിന്ന് 1000 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ കഴിയും . ഒരേ സ്ഥലത്ത് ചെറിയ നിലപ്പരപ്പില്‍ നാല് റീയാക്ടര്‍ സ്ഥാപിച്ച് 4000 മെ.വാ. കരണ്ട് ഉല്പാദിപ്പിക്കാനും തീര്‍ച്ചയായും കഴിയും . ഇതേ അളവ് വൈദ്യുതി താപവൈദ്യുതനിലയങ്ങളില്‍ ഉല്പാദിപ്പിക്കണമെങ്കില്‍ ധാരാളം സ്ഥലസൌകര്യങ്ങളും എത്രയോ ടണ്‍ കല്‍ക്കരിയും ആവശ്യമുണ്ട് . മധ്യപ്രദേശിലെ സാസനിലും മറ്റും ഇത്തരം Ultra Mega Power Project സ്ഥാപിക്കപ്പെട്ടിട്ടുണ്ട് . പക്ഷെ അത്തരം താപനിലയങ്ങളില്‍ നിന്ന് പുറത്ത് വരുന്ന ഗ്രീന്‍ ഹൌസ് വാതകങ്ങള്‍ നമ്മുടെ ആവാസവ്യവസ്ഥയെ തകിടം മറിക്കുകയും ചെയ്യും .

അണു ഊര്‍ജ്ജം ഉപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുമ്പോള്‍ ഉണ്ടാകാവുന്ന പ്രശ്നങ്ങള്‍ നമ്മള്‍ നേരത്തെ ചര്‍ച്ച ചെയ്തു . ഏത് മാര്‍ഗ്ഗം തെരഞ്ഞെടുത്താലും ചില്ലറ പ്രശ്നങ്ങള്‍ ഉണ്ടാകും എന്ന നിലയില്‍ താരതമ്യേന അപായസാധ്യതകള്‍ നീയന്ത്രണവിധേയമാക്കാവുന്നതും പരിസ്ഥിതിക്ക് യാതൊരു കോട്ടവും ഉണ്ടാക്കാത്തതുമായ ആണവോര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന വൈദ്യുത നിലയങ്ങളാണ് നമുക്ക് അഭികാമ്യം എന്നതില്‍ തര്‍ക്കത്തിനിടമില്ല .

ആണവനിലയങ്ങള്‍ സ്ഥാപിക്കാനും അതില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനും ചെലവ് കൂടുതലാണെന്നത് സത്യമാണ് . പ്രത്യേകിച്ചും ജലവൈദ്യുതനിലയങ്ങളുമായി താരതമ്യം ചെയ്താല്‍ . എന്നാല്‍ നാം കരാറില്‍ ഒപ്പ് വെക്കുന്നതോടെ ആണവറീയാക്റ്ററുകളുടെ പുത്തന്‍ സാങ്കേതികവിദ്യ പുറത്ത് നിന്ന് വാങ്ങിയാലും , ന്യൂക്ലിയര്‍ സപ്ലൈ ഗ്രൂപ്പ് രാജ്യങ്ങളുമായി നെഗോഷ്യേറ്റ് ചെയ്ത് യൂറേനിയം ന്യായവിലക്ക് ആര്‍ജ്ജിച്ചാലും വൈദ്യുതോല്പാദനച്ചെലവുകള്‍ ഗണ്യമായി കുറക്കാന്‍ കഴിയും . എന്തിലും ആത്മവിശ്വാസവും ശുഭാപ്തി മനോഭാവവുമാണ് വേണ്ടത് . എന്തിലുമേതിലും ദോഷൈകദൃക്‌ ആയാല്‍ നമ്മള്‍ എവിടെയുമെത്തുകയില്ല . അതേ സമയം മറ്റ് മാര്‍ഗ്ഗങ്ങളില്‍ കൂടി ഉല്പാദിപ്പിക്കാവുന്ന വൈദ്യുതിക്കും ചെലവ് നിയന്ത്രണാതീതമയി ഉയരും എന്നുമോര്‍ക്കേണ്ടതുണ്ട് .

ഇന്ന് വൈദ്യുതോല്പാദനം മിക്കവാറും ഗവണ്മേണ്ട് ഉടമസ്ഥതയിലാണ് . ആണവ വൈദ്യുതോര്‍ജ്ജോല്പാദനത്തില്‍ മുതല്‍മുടക്കാന്‍ സര്‍ക്കാറിന് ധനക്കമ്മിയുണ്ടെങ്കില്‍ ഈ മേഖലയില്‍ സ്വകാര്യ സംഭരകര്‍ക്ക് അനുവാദം കൊടുക്കുന്നതില്‍ തെറ്റില്ല . സര്‍ക്കാര്‍ ഉടമയിലുള്ള Nuclear Power Corporation തന്നെ സംയുക്തമേഖലയിലേക്ക് മാറ്റിക്കൂടായ്കയുമില്ല . ഇതൊക്കെ മലയാളത്തില്‍ പറയുമ്പോള്‍ പിന്‍‌തിരിപ്പന്‍ മൂരാച്ചി എന്ന പഴി കേള്‍ക്കേണ്ടി വരും . വെറും ഒരു ആലോചന എന്നേയുള്ളൂ . എന്തും സര്‍ക്കാര്‍ ഉടമയില്‍ ആവുന്നത് തന്നെയാണ് ജനങ്ങള്‍ക്കും രാജ്യത്തിനും ഗുണകരം . മൂലധനത്തിന്റെ അപര്യാപ്തത നേരിടുമ്പോഴാ‍ണ് നാം ബദല്‍ മാര്‍ഗ്ഗം തേടേണ്ടി വരുന്നത് . ബില്‍ഡ്-ഓപ്പറേറ്റ്-ട്രാന്‍സ്ഫര്‍ (BOT) എന്ന വഴിയും ചിന്തിക്കാവുന്നതേയുള്ളൂ . ടാറ്റ പവ്വര്‍ , റലയന്‍സ് എനര്‍ജി എന്നീ കമ്പനികളെ ആണവ വൈദ്യുതി നിലയങ്ങള്‍ നടത്തിക്കൊണ്ട് പോകാന്‍ അനുവദിച്ചാലും കുഴപ്പമൊന്നുമില്ല . ഒന്നും ഇല്ലാത്ത അവസ്ഥയേക്കാളും നല്ലതല്ലേ എന്തെങ്കിലും ഉണ്ടായിരിക്കുക എന്നത് . അമേരിക്ക , ഫ്രാന്‍സ് എന്നീ രാജ്യങ്ങളുമായി ശരിയായ അഥവാ ന്യായമായ Power Purchase കരാര്‍ ഉണ്ടാക്കിയിട്ട് അവര്‍ക്ക് ആണവ നിലയങ്ങള്‍ സ്ഥാപിക്കാന്‍ അനുവാദം കൊടുക്കാം എന്ന് പറഞ്ഞാല്‍ അധികപ്പറ്റായിപ്പോകുമോ .

ഇനി ഇത്രയൊക്കെ ചെയ്താലും ആണവോര്‍ജ്ജം ഉപയോഗിച്ച് ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ അളവ് ഇന്നത്തേതില്‍ , അതായത് 3 ശതമാനത്തില്‍ നിന്ന് 6 ശതമാനമല്ലേ വര്‍ദ്ധിപ്പിക്കാന്‍ പറ്റൂ . അങ്ങനെയാവുമ്പോള്‍ വെറും 3 ശതമാനം വൈദ്യുതിക്ക് വേണ്ടി നാം അമേരിക്കയുമായി ഈ കരാറില്‍ ഏര്‍പ്പെടേണ്ട ആവശ്യമുണ്ടോ എന്ന ചോദ്യം ഉയരാം .

അടുത്ത പത്താണ്ടുകളില്‍ ഈ വര്‍ദ്ധനവ് 3 ശതമാനത്തിലധികമാവാം . എന്നാല്‍ നമ്മുടെ ദൈനംദിനജീവിതത്തിനും വികസനത്തിനും പുരോഗതിക്കും അവശ്യം ആവശ്യമായ വൈദ്യുതിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ പത്ത് കൊല്ലത്തിന്റെയല്ല അമ്പത് വര്‍ഷത്തിന്റെയെങ്കിലും കണക്ക് നമ്മള്‍ കൂട്ടിയേ തീരൂ .

അതായത് 2020 ല്‍- 6%, 2030ല്‍ - 10%, 2040ല്‍ - 15%, 2050ല്‍ - 25%, 2060ല്‍ - 35% എന്ന തോതില്‍ നാം കാണണം . മൂന്നില്‍ നിന്ന് ആറിലേക്ക് പോകാതെ നമുക്ക് മുപ്പത്തിയഞ്ചില്‍ എത്താന്‍ കഴിയില്ല എന്ന സിമ്പിള്‍ ഗണിതം മറന്നുകൂട . അടുത്ത മുപ്പത് വര്‍ഷത്തിനുള്ളില്‍ വികസിതരാജ്യങ്ങളുടെ ആണവോര്‍ജ്ജ വൈദ്യുതോല്പാദനം 25% ല്‍ നിന്ന് 40% ആയി വര്‍ദ്ധിച്ചേക്കാം .

(തുടരും )

ആണവക്കരാര്‍ ; സത്യവും മിഥ്യ (പുകമറ ) യും !

നമുക്ക് എന്ത് കൊണ്ടാണ് അമേരിക്കയുമായി ആണവക്കരാറില്‍ ഒപ്പിടേണ്ടി വരുന്നത് ? ഒന്നാമത് നമുക്ക് വൈദ്യുതോര്‍ജ്ജം ഉണ്ടാക്കുന്നതിന് വേണ്ടി സ്ഥാപിക്കപ്പെട്ടിട്ടുള്ള ന്യൂക്ലിയര്‍ റീയാക്ടറുകള്‍ക്ക് ആവശ്യമായ ഇന്ധനം സമ്പുഷ്ടയൂറേനിയം (ഐസോടോപ്പ് U235) വേണം . നാളെ കിട്ടിയാല്‍ നാളെത്തന്നെ കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ നമുക്ക് കഴിയും . അത്രക്കാണ് നമ്മുടെ ഊര്‍ജ്ജാവശ്യം . വൈദ്യുതോപഭോഗം വര്‍ദ്ധിക്കുന്ന മുറക്ക് കൂടുതല്‍ റീയാക്ടറുകള്‍ നിര്‍മ്മിക്കേണ്ടതുമുണ്ട് . യൂറേനിയം ധാരാളമായി ഉല്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ നിന്ന് (NSG) നമുക്കത് വാങ്ങാമായിരുന്നു . അതിന് പക്ഷെ നാം ആണവനിര്‍വ്യാപനക്കരാറില്‍ (NPT) ഒപ്പ് വെക്കണം . അതായത് ജപ്പാന്‍ , ദ.കൊറിയ പോലുള്ള രാജ്യങ്ങള്‍ ചെയ്ത പോലെ നാം നമ്മുടെ സൈനികാവശ്യത്തിന് കരുതിയിട്ടുള്ള സര്‍വ്വ ആണവായുധങ്ങളും നശിപ്പിച്ച് പൂട്ടിക്കെട്ടണം . അപ്പോള്‍ നമുക്കവര്‍ യൂറേനിയം തരും . അമേരിക്കയുമായി കരാര്‍ വേണ്ട . പാക്കിസ്ഥാന്‍,ചൈന എന്നീ രാജ്യങ്ങള്‍ അണു ആയുധങ്ങള്‍ കൈവശം വെക്കുന്നത് കൊണ്ട് നമുക്കത് ചിന്തിക്കാന്‍ പോലും പറ്റില്ല . അമേരിക്കയുമായി കരാര്‍ ഉണ്ടാക്കിയാല്‍ NPT ഒപ്പ് വെക്കാതെ തന്നെ നമുക്ക് യൂറേനിയം സപ്ലൈ ചെയ്യുന്ന രാജ്യങ്ങള്‍ അത് നല്‍കും . ഇത് നമുക്ക് ലഭിക്കുന്ന ഒരു അന്താരാഷ്ട്ര ഔദാര്യമാണ് . കാരണം യൂറേനിയം ഏറ്റവും അടിയന്തിരാവശ്യമുള്ളവരായി നമ്മളും അത് കൈവശമുള്ളവര്‍ അവരുമാണ് .

വൈദ്യുതോര്‍ജ്ജം ഉല്പാദിപ്പിക്കാന്‍ ആണവ നിലയങ്ങള്‍ തന്നെ വേണോ എന്ന ചോദ്യത്തിനേ പ്രസക്തിയുള്ളൂ . വേണമെങ്കില്‍ അമേരിക്കയുമായി കരാര്‍ അല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല . ലോകത്ത് ഏറ്റവും കൂടുതല്‍ (മെഗാ വാട്ട്) ആണവ വൈദ്യുതി ഉല്പാദിപ്പിക്കുന്ന രാജ്യം അമേരിക്കയാണ്. മൊത്തം വൈദ്യുതോല്പാദനത്തില്‍ ഏറ്റവും കൂടുതല്‍ ആണവവൈദ്യുതി ഉല്പാദിപ്പിക്കുന്ന രാജ്യം ഫ്രാന്‍സുമാണ് . എന്നാല്‍ ഈ രണ്ട് രാജ്യങ്ങളിലും വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന് ആണവനിലയങ്ങളെ ആശ്രയിക്കുന്നതിന് ശക്തമായ എതിര്‍പ്പുകളുമുണ്ട് .

അണു പിളര്‍പ്പ് (Nuclear fission) എന്നത് അപായ സാധ്യതകള്‍ ഉള്ളത് തന്നെയാണ് , സംശയമില്ല . അണുപ്രസരണം ഒഴിവാക്കല്‍ , ആണവ മാലിന്യങ്ങള്‍ സുരക്ഷിതമായി കളയുക എന്നീ പ്രശ്നങ്ങള്‍ , ജന്തു-സസ്യജാലങ്ങള്‍ക്ക് അപകടസാധ്യതകള്‍ ഇല്ലാത്താക്കുക ഇവയൊക്കെ ചിന്തിക്കേണ്ടതുണ്ട് . എന്നാല്‍ ഇതൊന്നും മത-കക്ഷിരാഷ്ട്രീയ പരിഗണനകള്‍ മുന്‍‌നിര്‍ത്തി വിചിന്തനം ചെയ്യേണ്ടവയല്ല . ഇവിടെ സയന്‍സ് മാത്രമേ നമുക്ക് രക്ഷയായിട്ടുള്ളൂ . ഇതിനൊക്കെ മനുഷ്യരാശിക്ക് ദോഷം വരാത്ത വിധത്തില്‍ പരിഹാരം കാണാനുള്ള മാര്‍ഗ്ഗങ്ങള്‍ ശാസ്ത്ര-സാങ്കേതിക വിദഗ്ദര്‍ വികസിപ്പിച്ചിട്ടുണ്ട് . ഗവേഷണ പരീക്ഷണങ്ങള്‍ നാനാതുറയിലും നടക്കുന്നുണ്ട് . മനുഷ്യന്റെ പ്രതിസന്ധികള്‍ അതേത് രൂപത്തിലായാലും മറികടക്കാനുള്ള ഉപായങ്ങള്‍ കണ്ടെത്തുന്നതില്‍ ജാഗരൂഗമാണ് ആഗോളശാസ്ത്രസമൂഹം . പെട്രോളും യൂറേനിയവും ആസന്നഭാവിയില്‍ തീര്‍ന്നാലും മറ്റ് മാര്‍ഗ്ഗങ്ങള്‍ അവര്‍ സന്ദര്‍ഭോചിതം കണ്ടെത്തിയിരിക്കും , സംശയം വേണ്ട .

നമുക്ക് എങ്ങനെയെല്ലാം വൈദ്യുതി ഉല്പാദിപ്പിക്കാമെന്ന് നോക്കാം . സൂര്യപ്രകാശം, കാറ്റ് (വായുവിന്റെ ചലനം ) , തിരമാല എന്നിവയൊക്കെ ചൂണ്ടിക്കാട്ടാന്‍ പറ്റും . സ്വകാര്യ മേഖലയില്‍ ഇന്ന് കാറ്റില്‍ നിന്ന് വൈദ്യുതി പലരും ഉല്പാദിപ്പിക്കുന്നുണ്ട് . കേന്ദ്രസര്‍ക്കാര്‍ അതിന് സബ്‌സിഡിയും നല്‍കുന്നുണ്ട് . എന്നാല്‍ കാറ്റിന്റെ ശക്തിനിമിത്തം ടര്‍ബൈന്‍ കറങ്ങി അതില്‍ നിന്ന് ഉല്പാദിപ്പിക്കാന്‍ കഴിയുന്ന വൈദ്യുതി വെറും 5 മെഗാ വാട്ട് ആയെങ്കില്‍ ആയി . സാധാരണഗതിയില്‍ ഒരു ടര്‍ബൈന്‍ 1.5 മെ.വാട്ട് ആണുല്പാദിപ്പിക്കുക . കുറേ ടര്‍ബൈനുകള്‍ ഒരേസ്ഥലത്ത് സ്ഥാപിച്ച് ഉല്പാദനം 200-300 മെ.വാട്ട് വരെയൊക്കെ ഉയര്‍ത്താം . എന്നാല്‍ അതിന് തുറസ്സായ സ്ഥലം വളരെ വിസ്തീര്‍ണ്ണത്തില്‍ വേണം . പിന്നെ കാറ്റ് ഇടതടവില്ലാതെ കിട്ടുകയും വേണം . കാറ്റടിക്കുന്ന വേഗതയുടെ ഏറ്റക്കുറവനുസരിച്ച് വൈദ്യുതിയുടെ ഉല്പാദനവും ഏറിയും കുറഞ്ഞുമിരിക്കും. ഇങ്ങനെ ഉല്പാദിപ്പിക്കുന്ന വൈദ്യുതോര്‍ജ്ജത്തെ കുറിച്ച് അധികമാരും അറിഞ്ഞിരിക്കാത്ത ഒരു സത്യം , ഒരു ബള്‍ബ് പ്രകാശിക്കുമ്പോഴാണ് അതിനാവശ്യമായ ഊര്‍ജ്ജം ഉല്പാദിപ്പിക്കപ്പെടുന്നത് എന്നതാണ് . നമുക്കത് ഉല്പാദിപ്പിച്ച് സ്റ്റോക്ക് ചെയ്യാന്‍ പറ്റില്ല എന്നര്‍ത്ഥം .

സൌരോര്‍ജ്ജം ഉപയോഗിച്ച് വ്യാവസായികാടിസ്ഥാനത്തില്‍ വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള ഗവേഷണങ്ങള്‍ ആരംഭദശയിലാണ് . അതിന് ധാരാളം മുടക്ക് മുതല്‍ വേണ്ടതുണ്ട് . സോളാര്‍ പാനലുകള്‍ ഉപയോഗിച്ച് വീടുകളിലെ വൈദ്യുതോര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റി ഊര്‍ജ്ജക്കമ്മി പരിഹരിക്കാന്‍ ചെറിയ പങ്ക് നിര്‍വ്വഹിക്കാനേ ഇപ്പോള്‍ കഴിയൂ . ലോകത്തിലൊരിടത്തും സൌരോര്‍ജ്ജം ഉപയോഗിച്ച് പല നൂറ് മെഗാ വാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്ന വൈദ്യുതനിലയങ്ങള്‍ ഇപ്പോഴില്ല .

ജലവൈദ്യുത പദ്ധതികള്‍ പുതിയതായി ആരംഭിക്കണമെങ്കില്‍ വലിയ വലിയ അണക്കെട്ടുകള്‍ നിര്‍മ്മിക്കേണ്ടതുണ്ട് . അതിന്റെ പ്രശ്നങ്ങള്‍ എല്ല്ലാവര്‍ക്കും അറിയാം . ഞാന്‍ ഇവിടെ വിവരിക്കേണ്ടതില്ല . പിന്നെയുള്ളത് താപവൈദ്യുതനിലയങ്ങളാണ് . താപവൈദ്യുത നിലയങ്ങളില്‍ വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള ടര്‍ബൈന്‍ കറക്കുന്നത് , കല്‍ക്കരി കത്തിച്ച് നീരാവിയുണ്ടാക്കി അതിന്റെ ശക്തി ഉപയോഗിച്ചാണ് . താപനിലയങ്ങള്‍ക്ക് ആയിരക്കണക്കിന് മെഗാവാട്ട് കരണ്ട് ഉല്പാദിപ്പിക്കാനുള്ള ശേഷിയുണ്ട് . എന്നാല്‍ അതില്‍ ചില പ്രശ്നങ്ങള്‍ ഉണ്ട് . പ്രധാനമായി കല്‍ക്കരി ഉള്‍പ്പെടുന്ന ഫോസ്സില്‍ ഇന്ധനങ്ങളുടെ ശേഖരം പ്രകൃതിയില്‍ കുറഞ്ഞു വരുന്നു . കല്‍ക്കരി താപനിലയങ്ങളില്‍ എത്തിക്കാനുള്ള ചെലവ് . ഏറ്റവും പ്രധാനം താപനിലയങ്ങള്‍ പുറത്ത് വിടുന്ന ഗ്രീന്‍ ഹൌസ് വാതകങ്ങള്‍ നമ്മുടെ അന്തരീക്ഷോഷ്മാവ് വര്‍ദ്ധിപ്പിച്ച് കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഉണ്ടാക്കുന്നു എന്നതാണ് . എവിടെ ഹൈഡ്രോ കര്‍ബണ്‍ കത്തുന്നുവോ അവിടെ കാര്‍ബണ്‍ ഡയോക്സൈഡ് അന്തരീക്ഷത്തിലേക്ക് പുറംതള്ളപ്പെടുന്നു . നമ്മുടെ ഭൌമാന്തരീക്ഷത്തിന് താങ്ങാനാവുന്നതിലപ്പുറം കാര്‍ബണ്‍ ഡയോക്സൈഡ് ഇപ്പോള്‍ തന്നെ അന്തരീക്ഷത്തിലുണ്ട് . വരുന്ന പത്ത് വര്‍ഷത്തിനുള്ളില്‍ നമ്മളിതിന് പരിഹാരം കണ്ടില്ലെങ്കില്‍ പിന്നെ എന്ത് എന്ന് കണ്ടറിയണം .

നമുക്ക് പ്രശ്നങ്ങളെ ഒന്ന് വിലയിരുത്താം : വൈദ്യുതി കൂടുതല്‍ ലഭിക്കാതെ ഇനി ഒരിഞ്ച് മുന്നോട്ട് പോകാനാവില്ല . വൈദ്യുതി കൂടുതല്‍ ഉല്പാദിപ്പിക്കാന്‍ നിലവില്‍ സൌരോര്‍ജ്ജം , കാറ്റ് എന്നിവ ഫലപ്രദമല്ല . ജലവൈദ്യുതി നിലയങ്ങള്‍ എളുപ്പമല്ല . അതിരപ്പള്ളി മുതല്‍ നര്‍മ്മദ വരെ ഓര്‍ക്കുക . പിന്നെയുള്ളത് താപനിലയങ്ങളും ആണവനിലയങ്ങളുമാണ് .

താപനിലയങ്ങള്‍ കൊണ്ട് ആഗോളതാപനം വര്‍ദ്ധിക്കും , സൂര്യപ്രകാശത്തിലെ മാരകമായ അള്‍ട്രാവയലറ്റ് രശ്മികള്‍ ആഗിരണം ചെയ്ത് കൊണ്ട് ഭൂമിയെ സംരക്ഷിക്കുന്ന ഓസോണ്‍ (O3) പാളിക്ക് വിള്ളല്‍ സംഭവിച്ച് ജീവരാശികള്‍ക്ക് ആപത്ത് വര്‍ദ്ധിക്കും . ആണവനിലയങ്ങള്‍ നിമിത്തം അണുപ്രസരണം (റേഡിയേഷന്‍) , ആണവ വെയിസ്റ്റുകളുടെ നിര്‍മ്മാ‍ര്‍ജ്ജനം എന്നീ പ്രശ്നങ്ങളുമുണ്ട് .

അപ്പോള്‍ നമ്മള്‍ ഏത് മാര്‍ഗ്ഗം സ്വീകരിക്കും ? രണ്ടില്‍ ഒന്നേ സ്വീകരിക്കാന്‍ വഴിയുള്ളൂ .

(തുടരും , നിങ്ങളും അല്പനേരം ചിന്തിക്കൂ )

ജനാധിപത്യത്തിന്റെ ഭാവി ?

ഇന്ന് ഉച്ചയ്ക്ക് ഡല്‍ഹിയില്‍ രണ്ട് പത്രസമ്മേളനങ്ങള്‍ നടന്നു . രണ്ടും ഒരു മണിക്കൂര്‍ സമയത്തിനുള്ളില്‍ . കേന്ദ്രസര്‍ക്കാറിനുള്ള പിന്‍‌തുണ പിന്‍‌വലിക്കുന്നത് ജനങ്ങളെ അറിയിക്കാന്‍ വേണ്ടി ഇടത് പര്‍ട്ടികളുടെ ഊഴമായിരുന്നു ആദ്യത്തേത് , രണ്ടാമത്തേത് സര്‍ക്കാറിന് പിന്‍‌തുണ പ്രഖ്യാപിക്കാന്‍ സമാജ് വാദി പാര്‍ട്ടിയുടേതും .

ഇത്തരം നാടകങ്ങള്‍ ഇനി കണ്ടുകൊണ്ടിരിക്കാനാണ് നമുക്ക് വിധി . കാരണം ചില രാജ്യങ്ങളില്‍ വേരുറച്ചത് പോലെ ഇരുകക്ഷി ജനാധിപത്യം നമുക്ക് വിധിച്ചിട്ടില്ല .

ചില നാടകങ്ങളുടെ സാമ്പിളുകള്‍ പറയാം . ബി.ജെ.പി.യെ മന്ത്രിസഭ രൂപീകരിക്കാന്‍ വിളിച്ചുപോയി എന്ന കാരണത്തിന് ഒരിക്കല്‍ രാം വിലാസ് പാസ്വാന്‍ പാര്‍ലമെന്റില്‍ രാഷ്ട്രപതി പ്രവേശിക്കുമ്പോള്‍ മറ്റെല്ലാവരേയും പോലെ എഴുനേറ്റ് നില്‍ക്കാതെ അനാദരിച്ചു . പിന്നെ ചില മാസങ്ങള്‍ക്കുള്ളില്‍ പാസ്വാനെ കാണുന്നത് ബി.ജെ.പി. മന്ത്രിസഭയില്‍ അംഗമായിട്ടാണ് . ഇപ്പോള്‍ ബി.ജെ.പി.യെ അകറ്റാന്‍ വേണ്ടി മാത്രമായ യു.പി.ഏ.യിലെ കേബിനറ്റ് മന്ത്രിയാണ് കഥാപുരുഷന്‍ .

ഒരിക്കല്‍ ഞാന്‍ ചെന്നൈയില്‍ പോയപ്പോള്‍ അവിടെങ്ങും DMK പ്രവര്‍ത്തകരുടെ ചുവരെഴുത്ത് കണ്ടു : തമിഴ് നാട്ടില്‍ വര്‍ഗ്ഗീയകാളകൂടവിഷത്തെ ക്ഷണിച്ചുകൊണ്ടു വന്ന ജയലളിതയെ ഒറ്റപ്പെടുത്തുക എന്നായിരുന്നു അതിലെ സാരാംശം . അന്ന് ADMK ബി.ജെ.പി.യുമായി സഖ്യത്തിലേര്‍പ്പെട്ട സമയമായിരുന്നു . പിന്നെ കുറെ കഴിഞ്ഞ് ഞാന്‍ വീണ്ടും അവിടെ പോയപ്പോള്‍ ചില ചുമരുകളില്‍ ആ എഴുത്ത് മായ്ക്കപ്പെടാതെ കിടക്കുന്നുണ്ടായിരുന്നു . അപ്പോള്‍ പക്ഷെ DMK ബി.ജെ.പി.യുടെ കൂടെ ആയിരുന്നു . അതേ ദ്രാവിഡമുന്നേറ്റകഴകം ഇപ്പോള്‍ കോണ്‍ഗ്രസ്സിന്റെ സഖ്യകക്ഷിയാണ് . രാജീവ് ഗാന്ധി വധിക്കപ്പെട്ടപ്പോള്‍ ചെന്നൈ അണ്ണാശാലൈയില്‍ സ്ഥാപിച്ചിരുന്ന കലൈജ്ഞരുടെ പ്രതിമ കോണ്‍ഗ്രസ്സുകാര്‍ തകര്‍ത്തിരുന്നു .

തമിഴ് പുലികളുടെ എക്കാലത്തെയും തോഴനായ വൈഗോ , പുലികളോട് മൃദുസമീപനം പുലര്‍ത്തുന്ന കരുണാനിധിയുമായും ഉഗ്രന്‍ പുലിവിരോധിയായ ജയലളിതയുമായും മാറി മാറി കൂട്ട് കൂടിയിട്ടുണ്ട് . ഇപ്പോള്‍ എവിടെയാണാവോ ?

ഞങ്ങളുടെ നാട്ടില്‍ ഒരു പറച്ചിലുണ്ട് : പെണ്ണുങ്ങള്‍ക്ക് മുടിയുണ്ടെങ്കില്‍ ഏത് ഭാഗത്തും കെട്ടിവെക്കാമെന്ന് . രാഷ്ട്രീയക്കാര്‍ക്ക് എല്ലില്ലാത്ത നാക്കുള്ളത് കൊണ്ട് എങ്ങനെയും വളയും .

സത്യത്തില്‍ കഴിഞ്ഞ നാലു വര്‍ഷം ഇടത് പിന്തുണയോടെ മന്‍‌മോഹന്‍ സിങ്ങ് സര്‍ക്കാര്‍ നിലനിന്നത് ഒരു അത്ഭുതവും വിരോധാഭാസവും ബന്ധപ്പെട്ട പാര്‍ട്ടികളുടെ നിസ്സഹായാവസ്ഥയും , ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ദൌര്‍ബ്ബല്യവുമാണ് .

ഇനി കൂട്ടുകക്ഷിഭരണത്തിലൂടെയേ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഗവണ്മേണ്ടിനും മുന്നോട്ട് പോകാനാവൂ എന്നത് ഏത് രാജ്യസ്നേഹിയേയും ഭയപ്പെടുത്തുന്ന യാഥാര്‍ഥ്യമാണ് .

കൂട്ടുകക്ഷിഭരണം എങ്ങനെയൊക്കെ അകാലചരമമടയാം ? കാഷ്മീരിലേക്ക് നോക്കൂ . അവിടെ ഇന്നലെ ഗുലാം നബി ആസാദ് രാജി വെച്ചു . രാജിയില്‍ ആഹ്ലാദത്തിമിര്‍പ്പിലാണ് പരസ്പരം പൊരുതുന്ന ബി.ജെ.പി.യും , നേഷനല്‍ കോണ്‍ഫറന്‍സും , പി.ഡി.പി.യും . എന്താണ് രാജിയിലേക്ക് നയിച്ചത് .

ഇന്ത്യയില്‍ മുസ്ലീംങ്ങള്‍ക്ക് അവരുടെ ആരാധനാലയങ്ങള്‍ നോക്കി നടത്താന്‍ വഖഫ് ബോര്‍ഡ് ഉണ്ട് . ഹജ്ജിന് പോകുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സഹായധനം നല്‍കുന്നുണ്ട് . തീര്‍ത്ഥാടനം ഏത് മതവിശ്വാസിക്കും ക്ലേശപൂരിതമാണ് . കാഷ്മീ‍രിലെ അമര്‍നാഥ് ക്ഷേത്രത്തില്‍ പതിനായിരക്കണക്കിന് ഭക്തര്‍ തീര്‍ത്ഥയാത്ര പോകാറുണ്ട് . (ഞാന്‍ ഭക്തനുമല്ല,അമ്പലങ്ങളില്‍ പോകാറുമില്ല) എല്ലാ വര്‍ഷവും അവിടെ തീവ്രവാദികള്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാറുമുണ്ട് . എന്നാല്‍ രണ്ട് വര്‍ഷമായി സമാധാനപരമായിരുന്നു അമര്‍നാഥ് യാത്ര .

ആ ക്ഷേത്രത്തിന്റെ ഭരണം നടത്തുന്നത് സംസ്ഥാന ഗവര്‍ണ്ണര്‍ ചെയര്‍മാനായ ഒരു ഗവേണിങ്ങ് ബോഡിയാണ് . വനപ്രദേശത്ത് കൂടിയാണ് ഭക്തര്‍ അമര്‍നാഥ് ഗുഹാ ക്ഷേത്രത്തിലെത്തേണ്ടത് . ഭക്തന്മാരുടെ സൌകര്യാര്‍ത്ഥം ചെയര്‍മാനായ ഗവര്‍ണ്ണര്‍ നൂറ് ഏക്കര്‍ വനപ്രദേശം അനുവദിച്ചു തരാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു , വെറുതെയല്ല പൊന്നുംവിലയ്ക്ക് . സര്‍ക്കാര്‍ ആവശ്യം അനുവദിച്ചു . ഉടനെ മതമൌലികവാദികള്‍ കലാപം ആരംഭിച്ചു . ഞങ്ങളുടെ ഭൂമി സര്‍ക്കാര്‍ ഇന്ത്യക്കാര്‍ക്ക് തൂക്കി വില്‍ക്കുന്നു എന്ന മട്ടിലുള്ള വാള്‍ പോസ്റ്ററുകള്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടു . ഇതിനിടയില്‍ സര്‍ക്കാരിനെ പിന്‍‌തുണച്ചിരുന്ന പി.ഡി.പി. പിന്തുണ പിന്‍‌വലിച്ചു .

സര്‍ക്കാരിന്റെ തന്നെ ടൂറിസം വകുപ്പ് ഭക്തര്‍ക്ക് ആവശ്യമായ സൌകര്യം ചെയ്തുകൊടുക്കാമെന്ന ഉറപ്പിന്മേല്‍ ഗവര്‍ണ്ണര്‍ ആവശ്യം പിന്‍‌വലിച്ചു . (അതിനെതിരെ സംഘപരിവാര്‍ ഭാരത് ബന്ദ് പ്രഖ്യാപിക്കുകയും കേരളം മാത്രം വിജയിപ്പിച്ചുകൊടുക്കുകയും ചെയ്തു) ആ തീരുമാനത്തെ പി.ഡി.പി.സ്വാഗതം ചെയ്തെങ്കിലും സര്‍ക്കാറിനുള്ള പിന്‍‌വലിച്ച പിന്തുണ മടക്കിക്കൊടുക്കാന്‍ വിസമ്മതിച്ചു . ആസാദ് രാജി വെച്ചു . രാജിയില്‍ ബി.ജെ.പി.യും പടക്കം പൊട്ടിച്ചു ആഹ്ലാദിച്ചു .

ബാബറി മസ്ജിദ് തകര്‍ക്കപ്പെടുന്നതിന് മുന്‍പ് ബി.ജെ.പി. ഉയര്‍ത്തിയ പ്രധാനപ്പെട്ട രണ്ട് മുദ്രാവാക്യങ്ങളായിരുന്നു, ഏക സിവില്‍ കോഡും കാഷ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളയണമെന്നതും . നമ്മുടെ രാജ്യത്തുള്ള മുഴുവന്‍ പുരോഗമന ചിന്തകന്മാരേയും ആകര്‍ഷിച്ചതും (പുരോഗമനം എന്നത് ഇടതിന്റെ മാത്രം കുത്തകയല്ല) അവര്‍ കാലാകാലങ്ങളില്‍ ആവശ്യപ്പെട്ടിരുന്നതുമായിരുന്നു ആ മുദ്രാവാക്യങ്ങള്‍ . എന്നാല്‍ കൂട്ടുകക്ഷി ഭരണത്തിന്റെ പരിമിതിയും പരാധീനതയും കൊണ്ടോ എന്തോ അറിയില്ല ബി.ജെ.പി. ആ‍ മുദ്രാവാക്യങ്ങള്‍ വിസ്മരിച്ചു .

കാഷ്മീരിനുള്ള പ്രത്യേക പദവി ഇനിയും തുടരണോ ? വേണ്ട എന്നായിരുക്കും ഭൂരിപക്ഷം പേരും ഉത്തരം പറയുക . പക്ഷെ നമ്മെ ഇനി ഭരിക്കാന്‍ പോകുന്നത് ചെറിയ ചെറിയ ആള്‍ക്കൂട്ടങ്ങളെ പ്രതിനിധാനം ചെയ്യുന്ന കൊച്ചു കൊച്ചു പാര്‍ട്ടികളുടെ നേതാക്കള്‍ ചേര്‍ന്ന് അവസരവാദപരമായി ഉണ്ടാക്കുന്ന മുന്നണി സര്‍ക്കാറുകളായിരിക്കും . അപ്പോള്‍ ഇനി മുതല്‍ ഇത്തരം പത്രസമ്മേളനങ്ങള്‍ നമ്മുടെ ദൈനംദിനരാഷ്ട്രീയത്തിന്റെ ഭാഗമാവാന്‍ പോവുകയാണ് .

ആണവക്കരാര്‍ ; ഇടതുകളുടെ ഗതികേട് !

ആണവക്കരാറിന്റെ കാര്യത്തില്‍ ഇടത് പാര്‍ട്ടികളുടെ അനുഭാവികള്‍ പൊതുവേയും സി.പി.എമ്മിന്റെ അണികള്‍ പ്രത്യേകിച്ചും വളരെ ശക്തമായി ഇപ്പോഴും എതിര്‍ത്തു വരുന്നുണ്ട് . ഇക്കാര്യത്തില്‍ ബി.ജെ.പി.യും ഇടതുകളും ഫലത്തില്‍ ഒരേ ചേരിയിലാണ് . കോണ്‍ഗ്രസ്സും യു.പി.ഏ. യിലെ ഇതരഘടക കക്ഷികളും ആണവക്കരാര്‍ രാജ്യ താല്പര്യത്തിന് അത്യന്താപേക്ഷിതമാണ് എന്നാണ് നമ്മെ ഉല്‍ബോധിപ്പിക്കുന്നത് . രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്നതിന്റെ തെളിവായി , സ്വന്തം നിലനില്‍പ്പിന് വേണ്ടി യു.പി.ഏ.യില്‍ ചേക്കാറാന്‍ തയ്യാറായി നില്‍ക്കുന്ന മുലായം സിങ്ങ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി നേതാക്കള്‍ക്ക് ആണവക്കരാര്‍ ഇപ്പോള്‍ രാജ്യതാല്പര്യത്തിന്റെ പ്രതീകമാണ് . അങ്ങനെ ആണവക്കരാറിന്റെ കാര്യത്തില്‍ ഉണ്ടായ വിവാദങ്ങള്‍ വെറും രാഷ്ട്രീയപ്രേരിതം മാത്രമായിരുന്നുവെന്ന് അസന്നിഗ്ദമായി തെളിഞ്ഞു . ആണവക്കരാറിനെതിരെ എന്തെല്ലാം ന്യായവാദങ്ങളുമായാണ് ഇടത് അനുഭാവികള്‍ രംഗത്ത് വന്നത് . ഇപ്പോള്‍ ആണവക്കരാര്‍ നടപ്പിലാവാന്‍ പോകുന്നു . ഇനി ഇടതുകള്‍ എന്ത് ചെയ്യും ? നമ്മുടെ രാജ്യം ഈ കരാര്‍ മൂലം അമേരിക്കയ്ക്ക് പണയദ്രവ്യമാവുമ്പോള്‍ അത് വീണ്ടെടുക്കാനുള്ള മഹായജ്ഞത്തിനുള്ള തയ്യാറെടുപ്പിലാവുമോ ഇനി അവര്‍ ? അതിന് അവരോടൊപ്പം ബി.ജെ.പി.യും ചേരുമോ ?

പാര്‍ലമെന്റില്‍ ഭൂരിപക്ഷമില്ലാത്ത ഒരു കരാര്‍ എന്നായിരുന്നു ബി.ജെ.പി.യും. ഇടതുകളും ഒരേ സ്വരത്തില്‍ ആണവക്കരാറിനെതിരെ ആഞ്ഞടിച്ചത് . ആ സ്ഥിതിവിശേഷമാണ് 24 മണിക്കൂറിനുള്ളില്‍ മാറിക്കിട്ടിയത് . ബുഷിനേക്കാളും മാരകം അദ്വാനിയാണെന്ന അമര്‍സിങ്ങിന്റെ പ്രസ്ഥാവന മൂലം ഞെട്ടിയത് യഥാര്‍ഥത്തില്‍ ഇടതന്മാരായിരിക്കും .

ഒരു വലിയ സത്യമാണ് അമര്‍ സിങ്ങ് രണ്ടേ രണ്ട് വാക്കുകളില്‍ സിമ്പിളായി പറഞ്ഞത് . ഏതാനും മാസങ്ങളില്‍ വൈറ്റ് ഹൌസിന്റെ പടിയിറങ്ങി അമേരിക്കന്‍ രാഷ്ട്രീയപാരമ്പര്യമനുസരിച്ച് തന്റെ പഴയ ലാവണങ്ങളിലേക്ക് തിരിച്ചു പോകാനൊരുങ്ങുന്ന ബുഷിന് ഇന്‍ഡ്യയെ ഒരു പോറലുമേല്‍പ്പിക്കാന്‍ കഴിയില്ല . എന്നാല്‍ പ്രധാനമന്ത്രി ആകാന്‍ ദുര മൂത്ത് അക്ഷമയോടെ നില്‍ക്കുന്ന ഒരേ ഒരു വ്യക്തിയേ ഇന്‍ഡ്യയിലുള്ളൂ . അത് അദ്വാനിയാണ് . അതിന് വേണ്ടി അദ്ദേഹത്തിന്റെ ആവനാഴിയിലുള്ള ആയുധങ്ങള്‍ ഹൈന്ദവ വര്‍ഗ്ഗീയതയാണ് . ഇന്‍ഡ്യയെ കാവി പുതപ്പിച്ച് അഭിനവ ഹിന്ദു സാമ്രാജ്യം സൃഷ്ടിക്കലാണ് അദ്ദേഹത്തിന്റെ ലക്ഷ്യം . അതേ പോലെ ഭാരതത്തെ ഇസ്ലാമീകരിക്കുക എന്ന ലക്ഷ്യം മനസ്സില്‍ താലോലിക്കുന്ന ഇസ്ലാം സംഘടനകളും ഇവിടെ അവസരം കാത്തിരിക്കുന്നുണ്ട് . ഭാഗ്യവശാല്‍ മതേതരവാദികള്‍ ഹിന്ദു-മുസ്ലീം-കൃസ്ത്യനാദി സമുദായങ്ങളില്‍ ഇവിടെ ഭൂരിപക്ഷം ഉള്ളത് കൊണ്ടാണ് ഈ ദുഷ്ടശക്തികള്‍ക്ക് ഇന്‍ഡ്യയെ ഒരു പോര്‍ക്കളമാക്കി മാറ്റാന്‍ ഇനിയും കഴിയാത്തത് . ഈ ഒരു സന്തുലനം ഇല്ലാതാക്കാനാണ് ഇടതുകള്‍ ഫലത്തില്‍ ശ്രമിച്ചത് . സമാജ് വാദി പാര്‍ട്ടി ആ ഗൂഢ ശ്രമം തകര്‍ത്തു . അദ്വാനിയാണ് ബുഷിനെക്കാള്‍ മാരകം എന്ന അമര്‍സിങ്ങിന്റെ വാക്കുകള്‍ ഇന്‍ഡ്യന്‍ മതേതരത്വത്തിന്റെ ശക്തിയും ചൈതന്യവുമാണ് കാണിക്കുന്നത് . അവസരത്തിനൊത്ത് ഉയരാന്‍ മതേതരവാദികള്‍ക്ക് കഴിയുമെന്ന് ഇത് തെളിയിക്കുന്നു . എന്തും പ്രത്യയശാസ്ത്രക്കണ്ണാടിയിലൂടെയേ കാണൂ എന്ന് ശാഠ്യമുള്ള ഇടതുകള്‍ക്ക് ഇതിന്റെ വില മനസ്സിലാവില്ല .

തങ്ങള്‍ മാത്രമാണ് യഥാര്‍ഥ രാജ്യസ്നേഹികള്‍ എന്നും കോണ്‍ഗ്രസ്സും സഖ്യകക്ഷികളും രാജ്യത്തെ പണയപ്പെടുത്താന്‍ ശ്രമിക്കുന്ന ദേശദ്രോഹികള്‍ ആണെന്നുമുള്ള ബി.ജെ.പി.യുടെയും ഇടതുകളുടെയും സംയുക്തമായ അവകാശവാദമാണ് സമാജ് വാദി പാര്‍ട്ടി ഒറ്റ പ്രസ്ഥാവന കൊണ്ട് തകര്‍ത്ത് തരിപ്പണമാക്കിയത് .

ആണവക്കരാറിന്റെ പേരില്‍ ഇല്ലാത്ത ഭീതി സൃഷ്ടിച്ച് യു.പി.ഏ. സര്‍ക്കാറിനെ മുട്ട് കുത്തിക്കാനും അട്ടിമറിക്കാനും ശ്രമിച്ച ഇടതുകള്‍ , അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ അധികാരം സംഘപരിവാറുകളുടെ ചോര പുരണ്ട കൈകളില്‍ ഏല്‍പ്പിക്കാനുള്ള നീചവും മാരകവും ആയ പ്രവൃത്തിയിലായിരുന്നു ഏര്‍പ്പെട്ടിരുന്നത് . ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യും എന്ന് പറഞ്ഞ പോലെ . ആണവക്കരാറില്‍ തട്ടി യു.പി.ഏ. സര്‍ക്കാര്‍ നിലം പതിച്ചിരുന്നുവെങ്കില്‍ , പിന്നീട് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. അധികാരം കരസ്ഥമാക്കുകയും കരാര്‍ പൂര്‍ണ്ണമായും നടപ്പാക്കുകയും ചെയ്യുമായിരുന്നു . അതിന്റെ ഫലം നമ്മുടെ രാജ്യത്തിലെ മതേതരശക്തികള്‍ ദുര്‍ബ്ബലമാവുകയും ഹൈന്ദവവര്‍ഗ്ഗീയത ആസുരവളര്‍ച്ച നേടുകയുമായിരുന്നു . ഇത് ഇടതുകള്‍ക്ക് അറിയാത്തതല്ല . ആ ഒരു വിപത്താണ് സമാജ് വാദി പാര്‍ട്ടി ഒറ്റയടിക്ക് തകര്‍ത്തത് . ഇപ്പോള്‍ അദ്വാനിയുടെ പ്രധാനമന്ത്രിപദ മോഹം സഫലമാകാനുള്ള സാധ്യത അത്ര കൈയെത്താവുന്ന അടുത്തല്ല .

നിര്‍ണ്ണായകമായ അവസരങ്ങളിലെല്ലാം രാജ്യത്തിന്റെ താല്പര്യങ്ങള്‍ക്ക് എതിരായ ഒരു നിലപാടുതറയില്‍ നിന്ന് നാടിനെ തകര്‍ക്കാന്‍ കൂട്ട് നില്‍ക്കുക എന്നത് ഇന്‍ഡ്യയിലെ ഇടതുകളുടെ ഒരു നിയോഗം പോലെയാണ് അവര്‍ കാണുന്നത് എന്ന് തോന്നുന്നു . പാക്കിസ്ഥാന്‍ വിഭജനത്തിന് വേണ്ടി മുസ്ലീംകളെക്കാളും വീറോടെ അന്ന് വാദിച്ചത് ഇവിടത്തെ ഇടതുകളായിരുന്നു . ക്വിറ്റ് ഇന്‍ഡ്യാ സമരകാലത്ത് ബ്രിട്ടീഷ് കാരോടൊപ്പം നില്‍ക്കേണ്ടി വന്നു അവര്‍ക്ക് . ബ്രിട്ടനെതിരെ പോരാടാന്‍ അഹ്വാനം ചെയ്ത നേതാജി അവര്‍ക്ക് ജപ്പാന്റെ ചെരുപ്പ് നക്കി ആയിരുന്നു . ചൈന നമ്മെ ആക്രമിച്ചപ്പോള്‍ ആര് അരെ ആക്രമിച്ചു എന്നറിയാത്ത പോലെ പൊട്ടന്‍ കളി കളിച്ച് ഫലത്തില്‍ ചൈനയ്ക്ക് അനുകൂല നിലപാടെടുത്തു . കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ രണ്ടായി പിളര്‍ത്തി ആ പാര്‍ട്ടികള്‍ തന്നെ ഇന്‍ഡ്യയില്‍ അശുവാകാനുള്ള കാരണം അന്നത്തെ ആ നിലപാടായിരുന്നു . ഇന്നും ഇടതുകള്‍ക്ക് ഇന്‍ഡ്യക്കാരാകാന്‍ കഴിഞ്ഞിട്ടില്ല . അത് പോലെ തന്നെ വിശ്വപൌരത്വം എന്ന സങ്കല്‍പ്പത്തിലേക്കുയരാനും കഴിഞ്ഞിട്ടില്ല.

1947 ആഗസ്റ്റ് 15 ന് നമ്മുടെ നാട് ആവേശപൂര്‍വ്വം സ്വാതന്ത്ര്യപ്പൊന്‍പ്പുലരിയെ സ്വാഗതം ചെയ്യുമ്പോള്‍ ഇവിടത്തെ ഇടതുകള്‍ കരിദിനം ആചരിക്കുകയായിരുന്നു . ഇന്‍ഡ്യ സ്വതന്ത്രമായില്ല എന്നായിരുന്നു അവരുടെ വാദം . ഇന്‍ഡ്യയിലെ ഇടതുകള്‍ അന്ന് തൊട്ട് ഇന്നേ വരെ ഔദ്യോഗികമായി ഇന്‍ഡ്യ സ്വതന്ത്രമായി എന്ന് പറഞ്ഞിട്ടില്ല . ഗതികേട് കൊണ്ട് ഇടത് മന്ത്രിമാര്‍ സ്വാതന്ത്ര്യദിനത്തിന് ദേശീയ പതാക ഉയര്‍ത്താറുണ്ടെങ്കിലും ഒരു ഇടതന്‍ അനുഭാവി പോലും ഇന്നേ വരെ ദേശീയപതാക കൈ കൊണ്ട് തൊട്ടിട്ടില്ല . ചെങ്കോട്ടയില്‍ ചെങ്കൊടി ദേശീയപതാകയായി ഉയര്‍ത്താനാണ് അവര്‍ കാത്തിരിക്കുന്നത് . ത്രിവര്‍ണ്ണ പതാക ഇടതുകള്‍ക്ക് ഹറാമാണ് . അവരാണ് ഇപ്പോള്‍ ദേശസ്നേഹത്തിന്റെ അഭിനവ അപ്പോസ്തലന്മാരായി അഭിനയിക്കുന്നത് . കാലം മാറുന്നത് മാറ്റത്തിന്റെ ഉസ്താദുകള്‍ക്ക് മനസ്സിലാവുന്നില്ല . ആണവക്കരാറിനെ എതിര്‍ത്തത് മറ്റൊരു ചരിത്രപരമായ മണ്ടത്തരമായിരുന്നെന്ന് ഇടതുകള്‍ക്ക് വൈകാതെ മനസിലാകും .

യു.പി.ഏ. സര്‍ക്കാര്‍ തല്‍ക്കാലം രക്ഷപ്പെടുന്നത് നമ്മുടെ മതേതരപാരമ്പര്യങ്ങള്‍ക്കും രാജ്യത്തിന്റെ അഖണ്ഡതയ്ക്കും കൂടി രക്ഷയാണ് . ഇതില്‍ ഇളിഭ്യരായത് ഇടതുകളാണെങ്കിലും ഭരണം കിട്ടിപ്പോയി എന്നു കരുതിയിരുന്ന സംഘപരിവാറുകള്‍ക്ക് നിരാശ മുത്ത് പിരാന്ത് പിടിച്ച പോലെ പിച്ചും പേയും പുലമ്പുകയാണ് . മുന്‍ രഷ്ട്രപതി അബ്ദുള്‍ കലാം , ആണവക്കരാര്‍ ഇന്‍ഡ്യയ്ക്ക് അനുഗുണമാണെന്ന് സമാജ് വാദി പാര്‍ട്ടി നേതാക്കളോട് പറഞ്ഞത് ദൌര്‍ഭാഗ്യകരവും ദു:ഖകരവുമാണെന്ന് പത്രസമേളനം വിളിച്ച് പറഞ്ഞ യശ്വന്ത് സിഹ്ന പൊട്ടിക്കരഞ്ഞില്ല എന്നേയുള്ളൂ . സമാജ് വാദി പാര്‍ട്ടിയുടെ നിലപാട് ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും എന്ന തിരിച്ചറിവാണ് ആ പൊട്ടിത്തെറിക്ക് ആധാരം . ഇന്‍ഡ്യയിലെ മതേതരശക്തികള്‍ ഒരു കുടക്കീഴില്‍ അണിനിരന്ന് വര്‍ഗ്ഗീയശക്തികള്‍ക്കെതിരെ ചെറുത്ത് നില്‍ക്കാനുള്ള സാധ്യതയാണ് തെളിഞ്ഞ് വന്നത് . മൂന്നാം‌മുന്നണി തട്ടിക്കൂട്ടി ഉണ്ടാക്കി ത്രികോണ മത്സരം മുഖേന മതേതരശക്തികളെ ദുര്‍ബ്ബലപ്പെടുത്തി അധികാരം സംഘപരിവാറുകള്‍ക്ക് വെള്ളിത്താലത്തില്‍ കാഴ്ച വെക്കാനുള്ള ഇടതുകളുടെ സ്വപ്നമാണ് പൊലിഞ്ഞത് .

പാവം ഇടതുകള്‍ എന്ത് ചെയ്യും ? അവര്‍ക്ക് ശക്തിയുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സാണ് മുഖ്യരാഷ്ട്രീയ പ്രതിയോഗി . എന്നാല്‍ കോണ്‍ഗ്രസ്സിനെ മാത്രം നേരിട്ട്, ഉള്ള സംസ്ഥാനങ്ങളില്‍ ഒതുങ്ങി ദേശീയരാഷ്ട്രീയത്തില്‍ നിന്ന് വിട്ട് നില്‍ക്കാനും കഴിയുന്നില്ല . പിന്നെ പ്രകാശ് കാരാട്ടിനും , ബര്‍ദ്ദനും വേറെന്ത് പണി ? ചന്ദ്രബാബു നായിഡുവിനെപ്പോലെയും , ജയലളിതയെയും പോലെ അവസരം പോലെ ബി.ജെ.പി.യോട് കൂട്ട് കൂടാനും വയ്യ . അങ്ങനെയാണ് അവര്‍ക്ക് ഇപ്പോള്‍ ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍ ദുഷ്ടന്റെ ഫലം ചെയ്യുന്ന ശുദ്ധന്റെ റോളില്‍ ചാനലുകള്‍ക്ക് മുന്നില്‍ മെയ്ക്കപ്പ് ഇടേണ്ടി വരുന്നത് . അത് കൂടാതെയാണ് ചുമക്കേണ്ടി വരുന്ന പ്രത്യയശാസ്ത്രച്ചുമടിന്റെ ഭാരം . കാരാട്ടിനെ സമ്മതിക്കണം . ചില്ലറപ്പണിയൊന്നുമല്ല അത് .

ജനകീയജനാധിപത്യവിപ്ലവം എന്നാലെന്തെന്ന് ആണവക്കരാരിനെ എതിര്‍ക്കുന്ന , നേതാവ് പറയുന്നതിനൊപ്പിച്ച് തത്തമ്മേ പൂച്ച പൂച്ച എന്ന് പാടുന്ന , ഏതെങ്കിലും ഇടത് അനുഭാവികള്‍ക്ക് അറിയാമോ ? അതാണ് ഞാന്‍ പറഞ്ഞ പ്രത്യയശാസ്ത്രച്ചുമടുകളിലെ ഒരു ഭാണ്ഡക്കെട്ട് . അത് എന്താണെന്ന് മനസ്സിലായാലേ , പ്രധാനമന്ത്രി പദം നല്‍കപ്പെട്ടപ്പോള്‍ അത് തിരസ്കരിച്ചത് ഒരു ഹിമാലയന്‍ വിഡ്ഢിത്തം ആയിപ്പോയെന്ന ജ്യോതി ബസുവിന്റെ സുപ്രസിദ്ധ വചനത്തിന്റെ പൊരുളും മനസ്സിലാവൂ . ഇന്നും ഇടതുകള്‍ക്ക് ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍ ഫലപ്രദമായി ഇടപെടാന്‍ കഴിയാത്തതിന്റെ കാരണം സി.പി.എം. എന്ന പാര്‍ട്ടിയുടെ പരിപാടിയില്‍ എഴുതിവെച്ചിട്ടുള്ള ആ ഖണ്ഡികകളാണ് . സി.പി.ഐ.ക്ക് ആ അസ്ക്യതയില്ല . എന്നാല്‍ ഇടത് ഐക്യം എന്ന ചതിക്കുഴിയിലാണ് അവര്‍ . സി.പി.എം. എന്ന മഹത്തായ സംഘടന ഈ ചുമടുകള്‍ പേറുന്ന കാലത്തോളം അവര്‍ക്ക് ദുഷ്ടന്റെ ഫലം ചെയ്യാനേ കഴിയൂ . പാവം അണികള്‍ കഥയറിയാതെ ആട്ടം കാണുന്നു . കടലാസിലുറങ്ങുന്ന പാര്‍ട്ടിപ്പരിപാടി തങ്ങളെ ചൂട് ചോറ് മാന്തിക്കുന്നു എന്ന് അവരുണ്ടോ അറിയുന്നു ? കഷ്ടം !

( കോണ്‍ഗ്രസ്സിനോടും യു.പി.ഏ. സഖ്യകക്ഷികളോടും ഒരഭ്യര്‍ഥനയുണ്ട് . പിന്തുണ പിന്‍‌വലിക്കും ... ഇപ്പോ പിന്‍‌വലിക്കും .. നോക്കിക്കോ പിന്‍‌വലിക്ക്വേ ... ഇമ്മട്ടിലുള്ള ഉമ്മാക്കി കാട്ടിയതാണ് ഇപ്പോള്‍ സമാജ് വാദി പാര്‍ട്ടിയുടെ യു.പി.ഏ . പ്രവേശനത്തിന് കളമൊരുക്കിയത് . അടുത്ത പൊതു തെരഞ്ഞെടുപ്പിനെ നേരിടാന്‍ നിങ്ങള്‍ക്കത് അളവറ്റ ആത്മവിശ്വാസം നല്‍കും . അതിനാല്‍ ഒരു നന്ദിയെങ്കിലും ഇടതുകളോട് പറയാന്‍ മറക്കണ്ട . ഒന്നുമില്ലെങ്കിലും നാലു കൊല്ലം നിങ്ങളെ താങ്ങി ഇപ്പോള്‍ ഒന്നുമില്ലാതെ രാഷ്ട്രീയനടുത്തെരുവില്‍ നില്‍ക്കേണ്ട അവസ്ഥയിലായില്ലെ അവര്‍ ? മുലായം ഇല്ലാതെ എന്ത് മൂനാം മുന്നണി ? മൂനാം മുന്നണിയില്ലാതെ ഇടതുകള്‍ക്ക് ഡല്‍ഹിയിലെന്ത് കാര്യം ? )

ആണവക്കരാറിന്റെ രാഷ്ട്രീയം (പോഡ്‌കാസ്റ്റ് )

ആണവക്കരാറുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള വിവാദങ്ങളില്‍ ഏറ്റവും ഒടുവിലത്തെ സംഭവവികാസം , കരാറിനെ ഏറ്റവും ശക്തമായി അനുകൂലിച്ച് കൊണ്ട് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ്ങ് യാദവ് രംഗത്ത് വന്നതാണ് . അത് വായിച്ചപ്പോള്‍ എനിക്ക് എന്തെങ്കിലും എഴുതണമെന്ന് തോന്നി . പക്ഷെ നടുവേദന നിമിത്തം ഇരുന്ന് ടൈപ്പ് ചെയ്യാന്‍ പ്രയാസം . അത് കൊണ്ട് മൊക്രോ ഫോണ്‍ ഓണ്‍ ചെയ്ത് , യാതൊരു തയ്യാറെടുപ്പുമില്ലാതെ മനസ്സില്‍ തോന്നിയത് റെക്കോര്‍ഡ് ചെയ്ത് എഡിറ്റ് ചെയ്യാതെ പോഡ്‌കാസ്റ്റ് ആക്കി പോസ്റ്റ് ചെയ്യുന്നു . ഇനിയും കുറെ പറയണമെന്നുണ്ട് . പിന്നെയൊരവസരത്തിലാകാം .

വാല്‍ക്കഷണം :

ആണവക്കാരാര്‍ സംബന്ധിച്ച അന്തിമ തീരുമാനം ഏഴാം തീയ്യതിക്കകം അറിയിക്കണമെന്ന് സര്‍ക്കാറിന് ഇടത് പാര്‍ട്ടികളുടെ അന്ത്യശാസനം !

സര്‍ക്കാറിനുള്ള പിന്‍‌തുണ എപ്പോള്‍ പിന്‍‌വലിക്കുമെന്ന തീരുമാനം അടുത്ത തെരഞ്ഞെടുപ്പിന് മുന്‍പേ എങ്കിലും പ്രഖ്യാപിക്കുമോ സഖാവേ ?

“ ഡല്‍ഹിയില്‍ ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ നാടകം ” ഒരു ഭാജാപാ നേതാവ് !

അപ്പോള്‍ യു.പി.ഏ സര്‍ക്കാറിനെ താഴെയിറക്കാന്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഭാജപയുടെ മറ്റൊരു മുതിര്‍ന്ന നേതാവ് യശ്വന്ത് സിഹ്ന സമാജ് വാദി പാര്‍ട്ടി നേതാവ് അമര്‍സിങ്ങിനെ ഇന്നലെ വീട്ടില്‍ പോയി സന്ദര്‍ശിച്ചത് രാഷ്ട്രീയസിനിമയാണോ ആര്‍ഷഭാരത നേതാവേ ?

ഇനി പോഡ്‌കാസ്റ്റിലേക്ക് :


ആണവക്കരാര്‍ എന്റെ കാഴ്ചപ്പാടില്‍

ഞാനൊരു അനോണി , നീയൊരു അനോണി, ചിന്തിച്ചു നോക്കിയാല്‍ എല്ലാവരും അനോണി !

“ നാനും ബൊമ്മൈ .... നീയും ബൊമ്മൈ ... നിനൈത്ത് പാര്‍ത്താല്‍ എല്ലാം ബൊമ്മൈ ...” കണ്ണദാസന്‍ എഴുതിയ ഒരു പഴയ പാട്ടിന്റെ വരി കടം വാങ്ങിയതാണ് ഈ തലക്കെട്ട് . അനോണി പ്രശ്നം ഞാന്‍ ബ്ലോഗില്‍ ഉയര്‍ത്തിയപ്പോള്‍ എനിക്ക് വിചിത്രമായ പല വാദഗതികളും കേള്‍ക്കാന്‍ ഇടയായി . ഭൂലോകവും ബൂലോഗവും ഒന്നാണെന്ന് ഞാന്‍ തെറ്റിദ്ധരിച്ചതാണെന്റെ പ്രശ്നം എന്ന് ചിലര്‍ പറഞ്ഞു . അത് ശരി തന്നെയാണ് . ബൂലോഗം എന്ന് ഒരു പ്രത്യേക ലോഗം ഉണ്ടെന്ന് ഞാന്‍ അംഗീകരിച്ചിട്ടില്ല . തനിക്ക് പറയാനുള്ളത് മറ്റുള്ളവരെ കേള്‍പ്പിക്കാന്‍ ഓരോരുത്തരും ഓരോ മാധ്യമം തേടുന്നുണ്ട് . അച്ചടി മാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും ആണ് ഇക്കാലത്ത് കഴിവും ഭാവനയും ഉള്ളവര്‍ക്ക് ഇതിന് അവസരമൊരുക്കുന്നത് . ബഹുഭൂരിപക്ഷത്തിന് ഇവ രണ്ടും അപ്രാപ്യമാണ് . അവിടെയാണ് ബ്ലോഗിന്റെ പ്രസക്തി . തനിക്ക് പറയാനുള്ളത് പറയന്‍ താരതമ്യേന എളുപ്പത്തില്‍ പ്രാപ്യമായ ഒരു മാധ്യമം ഉപയോഗിച്ച് ചുരുക്കം ചിലരുമായി സംവദിക്കുന്നു എന്ന് മാത്രം .

അനോണി പേര്‍ ഉപയോഗിക്കാന്‍ കാരണമായി ഒരാള്‍ പറഞ്ഞത് എന്നോട് ചോദിച്ചിട്ടല്ല എന്റെ നാമകരണം നടന്നത് . യഥാര്‍ഥ ലോകത്തില്‍ ഇഷ്ടപ്പെട്ട പേര്‍ എനിക്ക് ലഭിച്ചില്ല , അതിനാല്‍ ഇവിടെയെങ്കിലും എന്റെ ഇഷ്ടത്തിനൊത്ത പേര്‍ സ്വീകരിക്കട്ടെ എന്നാണ് . അങ്ങനെ തന്നിഷ്ടപ്രകാരം സ്വീകരിച്ച ബൂലോഗപ്പേര് മരക്കോന്തന്‍, ഈനാമ്പേച്ചി,കുപ്പത്തൊട്ടി, കുറ്റിച്ചൂല്‍, തുടങ്ങി ഇപ്പറയുന്ന ബൂലോഗത്ത് പ്രിയങ്കരമായ പേരുകളില്‍ നിന്ന് വ്യത്യസ്ഥമായ ഒന്നായിരുന്നില്ല .

ചിലര്‍ എന്നോട് ചോദിച്ചു , ഒരു പേരും ഫോട്ടോയും ഫോണ്‍ നമ്പറും പ്രൊഫൈലില്‍ കൊടുത്താല്‍ അത് നിങ്ങള്‍ തന്നെയാണ് എന്നതിന് എന്താണൊരു ഉറപ്പ് എന്ന് . നല്ല ചോദ്യമായിരുന്നു അത് . ഞാന്‍ ഞാനാണെന്ന് ആരെയെങ്കിലും ബോധ്യപ്പെടുത്തണമെങ്കില്‍ ആദ്യമായി ഞാന്‍ ആരെന്ന് എനിക്ക് തന്നെ ബോധ്യപ്പെടണ്ടെ ? ഈ ബ്ലോഗില്‍ എന്റെ ആദ്യത്തെ പോസ്റ്റ് തന്നെ “എന്നെ തേടുന്ന ഞാന്‍ ” എന്നാണ് . ഒരിക്കലും ഉത്തരം കിട്ടാനിടയില്ലാത്ത ഒരു ചോദ്യമായി അതിപ്പോഴും എന്നെ വേട്ടയാടുന്നുണ്ട് . ഈ ഞാന്‍ ഞാന്‍ തന്നെയാണ് എന്ന് എങ്ങനെയാണ് എനിക്ക് ഒരാളോട് ഉറപ്പിച്ചു പറയാന്‍ കഴിയുക ? നാളെ ഞാന്‍ ഒരു നുണയായി ഒടുങ്ങിപ്പോവില്ലെന്നുള്ളതിന് എന്താണൊരു ഉറപ്പ് ? അപ്പോള്‍ ഇന്നലെ വരെ ഒരു വിലാസവും ആകൃതിയും അയാള്‍ക്കുണ്ടായിരുന്നു എന്നാരാണ് സാക്ഷ്യപ്പെടുത്തുക ? എന്നാലും ആ സാക്ഷ്യപ്പെടുത്തലുകള്‍ എങ്ങനെയാണ് വിശ്വസനീയമാ‍വുക ? ഈ ലോകത്ത് ഒരനോണിയുടെ പ്രസക്തിയേ എനിക്കുള്ളൂ എന്ന് ഞാന്‍ പണ്ടേ തിരിച്ചറിച്ചറിഞ്ഞിട്ടുണ്ട് . അങ്ങനെ വിചാരപ്പെടുമ്പോള്‍ ആരാണനോണിയല്ലാത്തത് ? ഒരനോണിക്ക് പിന്നെയുമൊരനോണിയാകാന്‍ കഴിയുമോ ? താല്‍ക്കാലികമായൊരു അസ്തിത്വത്തിന്റെ പിന്‍‌ബലത്തില്‍ അഹങ്കരിക്കുന്ന അനോണികള്‍ക്ക് ഈ ചോദ്യങ്ങള്‍ മനസ്സിലാവില്ല . താനൊരു വെറും അനോണിയായിരുന്നു എന്ന് തിരിച്ചറിയാന്‍ ഒരനോണിക്കും കഴിയില്ല , അഥവാ കഴിഞ്ഞാലും അംഗീകരിക്കില്ല . കാരണം അനോണിയല്ലാത്ത സനോണിയായ ഒരു പരമാത്മാവ് എന്നിലുണ്ടെന്ന് അയാള്‍ വീമ്പിളക്കിക്കളയും .

*****************************************************************

മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ (86-17[ജൂണ്‍29-ജൂലയ്5]) കെ. സുമലത എഴുതിയ ‘കുടുംബ’ങ്ങളേ ,നിങ്ങള്‍ കള്ളം കളിക്കുകയാണ് എന്ന ലേഖനം അതിന്റെ മൌലികമായ ചിന്തകള്‍ കൊണ്ട് ശ്രദ്ധേയമാണ് . ചിന്തകളും നിരീക്ഷണങ്ങളും മൌലികമാവുമ്പോള്‍ അത് വ്യവസ്ഥാപിതമായ ആശയങ്ങളോടും നടപ്പ് രീതികളോടും കലഹിക്കുന്നു . ഭൂമി ഉരുണ്ടതാണെന്ന് ബ്രൂണോ പറയുമ്പോള്‍ അത് അദ്ദേഹത്തിനൊഴികെ മറ്റാര്‍ക്കും സ്വീകാര്യമല്ലായിരുന്നു . അതാണ് മൌലികചിന്തകളുടെ എക്കാലത്തെയും വിധി . ചിന്തിക്കുന്നവര്‍ കാലത്തിന് മുന്‍പേ സഞ്ചരിക്കുന്നു . അത്തരക്കാരെ പിന്‍‌തുടര്‍ന്ന് കല്ലെറിയുന്നു സാധാരണജനം .

കുടുംബം എന്ന സ്ഥാപനത്തിനെതിരെ നിരവധി ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട് ലേഖിക പ്രസ്തുത ലേഖനത്തില്‍ . സ്നേഹവും സാന്ത്വനവും സുരക്ഷിതത്വവും വ്യക്തികള്‍ക്ക് നല്‍കുന്ന ലോകത്തിലെ ഒരേയൊരു ഇടമാണ് കുടുംബം എന്നാണ് സങ്കല്പം . എന്നാല്‍ ഇപ്പറഞ്ഞവ അതിലെ അന്തേവാസികള്‍ക്ക് നല്‍കാന്‍ ഇന്ന് കുടുംബം എന്ന സ്ഥാപനത്തിന് കഴിയുന്നുണ്ടോ ? മനുഷ്യ ചരിത്രത്തിന്റെ ഒരു പ്രത്യേക ദിശാസന്ധിയിലാണ് കുടുംബം എന്ന പ്രസ്ഥാനം ഉയര്‍ന്ന് വന്നത് . നിരവധി പരിണാമങ്ങള്‍ക്ക് വിധേയമായി ഇന്നത് അണുകുടുംബം എന്ന തലത്തില്‍ എത്തിനില്‍ക്കുന്നു .

കുടുംബം നിലനില്‍ക്കേണ്ടതുണ്ടോ ? അത് ജീവിതവിരുദ്ധമായ ആശയമല്ലേ ? കുടുംബത്തെക്കുറിച്ച് ഏറ്റവും അടിസ്ഥാനപരമായ വിമര്‍ശനം ഉന്നയിക്കാന്‍ സമയമായി എന്ന മുഖവുരയോടെ ലേഖിക ചോദിക്കുന്നു .

ഏതാനും ദിവസം കൊണ്ട് ജനനം മുതല്‍ മരണം വരെ നിര്‍വ്വഹിച്ച് , ഒന്നും നേടുകയോ നഷ്ടപ്പെടുകയോ ചെയ്യാതെ ഒരായുസ്സിനെ അതിന്റെ പൂര്‍ണ്ണതയില്‍ ആവിഷ്കരിച്ച് മരിച്ചുപോകുന്ന ഒരു ശലഭത്തിന് അനുഭവവേദ്യമാകുന്ന അര്‍ഥമെങ്കിലും മനുഷ്യജീവിതത്തിന് പ്രാപ്തമാക്കാന്‍ കുടുംബജീവിതത്തില്‍ സാധ്യമാകുന്നുണ്ടോ ? ലേഖിക തുടരുന്നു : കുടുംബം യഥാര്‍ഥ മനുഷ്യാസ്തിത്വത്തെ നിഷേധിച്ച് അതിനുവേണ്ട കപട അസ്തിത്വത്തെ ഉല്‍പ്പാദിപ്പിക്കുന്ന സ്ഥാപനമാണ്. അത് കൊണ്ട് പ്രാപഞ്ചികമായ മനുഷ്യാസ്തിത്വത്തിന്റെ സത്യസന്ധമായ ആവിഷ്കാരം ഒരു ശലഭത്തോളം പൂര്‍ണ്ണമായെങ്കിലും നിറവേറ്റാന്‍ മനുഷ്യന് ഒരിക്കലും കഴിയുകയില്ല .

ഒന്‍പതോളം പേജുകളില്‍ പരന്നുകിടക്കുന്ന ലേഖനത്തിന്റെ അവസാനത്തില്‍ , മനുഷ്യസഹവാസത്തേയും ബന്ധങ്ങളേയും കുടുംബവ്യവസ്ഥയുടെ വിലക്കില്ലാതെ പുരോഗമനപരമായി എങ്ങനെ പുന:സംഘടിപ്പിക്കാം എന്ന ചോദ്യം അവശേഷിക്കുന്നതായി ലേഖിക സമര്‍ഥിക്കുന്നു . ദീര്‍ഘകാലം കുടുംബം എന്ന തുരങ്കത്തിലൂടെ സഞ്ചരിച്ചത്കൊണ്ട് ഇനിയൊരു രക്ഷപ്പെടല്‍ സാധ്യമാണോ എന്ന സംശയം പോലും അസാധ്യമാണെന്ന് ലേഖിക പറയുന്നു. സാമൂഹികജീവിതത്തിന്റെ പരിണാമദശ അനിശ്ചിതത്വം നിറഞ്ഞതാണ് , ജീവിതം പോലെ തന്നെ . ചോദ്യങ്ങളും സംശയങ്ങളും പാകമാകുന്ന ഏതെങ്കിലുമൊരു സന്ദര്‍ഭത്തില്‍ കുടുംബത്തെ അപ്രസക്തമാക്കാന്‍ കെല്‍പ്പുള്ള പരിണാമശേഷി തലമുറകള്‍ കഴിഞ്ഞിട്ടാണെങ്കിലും സമൂഹം കൈവരിക്കുകതന്നെ ചെയ്യും എന്ന വിശ്വാസത്തോടെ ലേഖനം ഉപസംഹരിക്കുന്നു .

വര്‍ത്തമാനകാലത്തിന്റെ ആചാരങ്ങളും വിശ്വാസങ്ങളും ശീലങ്ങളും അലംഘനീയമാണെന്നും പരിപാവനമാണെന്നുമാണ് സാധാരണയായി ആളുകള്‍ പൊതുവെ ധരിച്ചു വെച്ചിരിക്കുന്നത് . അത് കൊണ്ട് അത്തരം ധാരണകള്‍ക്കെതിരായ ചിന്തകള്‍ കേള്‍ക്കുന്ന മാത്രയില്‍ ഒരു നിമിഷം പോലും ആലോചിക്കാതെ പൊട്ടിത്തെറിക്കുക എന്നതാണവരുടെ രീതി . അതില്‍ കുറ്റം പറഞ്ഞിട്ട് കാര്യമില്ല . വിശ്വാസങ്ങള്‍ തന്നെയാണവര്‍ക്ക് ജീവിതം .