Links

ചക്കരപ്പന്തലിൽ തേന്മഴ ചൊരിയും ....

എത്ര അനായാസമായിട്ടാണ് അനുഗൃഹീതയായ ഈ കൊച്ചുകലാകാരി ഈ ഗാനം ആലപിച്ചിരിക്കുന്നത്. വെറുതെയിരിക്കുമ്പോൾ കേട്ടിരിക്കാൻ എന്ത് രസം, നമ്മുടെ കാതുകളിൽ തേന്മഴ ചൊരിയുന്ന പോലെ ...

സാക്കീർ നായിക്കും ഇസ്ലാമും പിന്നെ വിശ്വാസങ്ങളും

ഇന്ത്യ പോലൊരു ബഹുസ്വര സമൂഹത്തിൽ സാക്കിർ നായിക്കിനെ പോലെയുള്ള മത പ്രബോധകർക്ക്‌ പ്രചരണം നടത്താൻ അവസരമുണ്ടാകരുത്‌. അത്‌ നമ്മുടെ മതേതര അടിത്തറ തകർക്കും അതിന്റെ ദൂഷ്യഫലങ്ങൾ ആത്യന്തികമായി അനുഭവിക്കേണ്ടി വരിക മുസ്ലീങ്ങൾ തന്നെയായിരിക്കും. ഇസ്ലാം മാത്രമാണു ദൈവത്തിന്റെ കണ്ണിൽ സത്യമതം എന്നും ബാക്കിയെല്ലാം തെറ്റാണെന്നുമുള്ളത്‌ മുസ്ലീങ്ങളുടെ വിശ്വാസം മാത്രമാണു. ആധികാരികമായി തെളിയിക്കാൻ കഴിയില്ല. മറ്റ്‌ മതക്കാർ അത്‌ അംഗീകരിക്കുകയുമില്ല. ദൈവത്തിനു പത്ത്‌ അവതാരങ്ങൾ ഉണ്ട്‌ എന്നും അതിൽ അവസാനത്തെ അവതാരം കൽക്കി കലിയുഗാന്ത്യത്തിൽ അവതരിക്കും എന്നുമാണു ഹിന്ദു വിശ്വാസം. ഇത്‌ മുസ്ലീങ്ങൾ അംഗീകരിക്കാത്തത്‌ പോലെ മുസ്ലീങ്ങളുടെ സത്യമത അവകാശവാദവും മറ്റ്‌ മതക്കാർക്ക്‌ സ്വീകാര്യമാവുകയില്ല.

എന്തിനേറെ പറയുന്നു, ഖുർആനിൽ ആണയിടുന്ന മുസ്ലീങ്ങൾക്ക്‌ എന്തിലെങ്കിലും ഏകവിശ്വാസമുണ്ടോ? ഐ.എസ്സ്. ഐ.സ്സ്. മുതൽ ജമാ അത്ത്‌ ഇസ്ലാമി വരെ പരസ്പരം പൊരുതുന്ന എത്ര സംഘടനകൾ മുസ്ലീമിലുണ്ട്‌. വിശ്വാസങ്ങളെ എങ്ങനെയും വ്യാഖ്യാനിക്കാം. ഓരോ പണ്ഡിതനും തന്റെ മനോധർമ്മം പോലെ വിശദീകരിക്കാനും വ്യാഖ്യാനിക്കാനും കഴിയും. ഓരോ പണ്ഡിതനും വിശ്വാസികളെയും കിട്ടും. അങ്ങനെയാണു ഒരേ മതത്തിൽ പരസ്പരവിരുദ്ധമായ അവാന്തര വിഭാഗങ്ങൾ ഉണ്ടാകുന്നത്.
അത്‌ കൊണ്ട്‌ നമ്മുടെ ബഹുസ്വരതയിലും പാരസ്പര്യത്തിലും വിഷം കലർത്താൻ സാക്കിർ നായിക്കുമാരെ അനുവദിച്ചുകൂടാ. വ്യക്തിപരമായ മതവിശ്വാസങ്ങൾ സമൂഹത്തിൽ പറിച്ചു നടുന്നത്‌ ശരിയല്ല. അത് അപകടമാണു.

ഖുർആൻ വായിച്ചിട്ടും പഠിച്ചിട്ടും ആണു ലോകത്ത് ഇസ്ലാം മതത്തിൽ പെട്ട എത്രയോ പേർ നല്ല മുസ്ലീങ്ങളാകുന്നത്. അതേ ഖുർആൻ പഠിച്ചിട്ടാണു താലിബാനുകളും ഐ.എസ്സുകാരും ഭീകരവാദികളും തീവ്രവാദികളുമൊക്കെയാകുന്നത്. എല്ലാവർക്കും അടിസ്ഥാനം ഖുർആൻ എന്ന മുസ്ലീം വിശുദ്ധഗ്രന്ഥം മാത്രം. അതായത് ഖുർആൻ നല്ല മുസ്ലീങ്ങളെയും ഐ.എസ്.ഐ.എസ്സ് പോലുള്ള കഴുത്തറപ്പൻ ഭീകരവാദികളെയും സൃഷ്ടിക്കുന്നു. എന്നാൽ ഖുർആനിൽ അന്യമതസ്ഥരെ കഴുത്തറുത്ത് കൊല്ലണം എന്ന് പറയുന്നുമില്ല. മാത്രമല്ല എത്രയോ അമുസ്ലീങ്ങൾ ഖുർആൻ വായിച്ചിട്ട് പുകഴ്ത്തിയിട്ടുമുണ്ട്. മുസ്ലീങ്ങൾ തന്നെ അവകാശപ്പെടുന്നത് ഇസ്ലാം സമാധാനത്തിന്റെ മതം എന്നാണു. എന്നിട്ടും എന്ത്കൊണ്ട് ഇസ്ലാമിൽ കഴുത്തറപ്പന്മാരും കൈവെട്ടുകാരും ഒക്കെയുണ്ടാകുന്നത്. അവരൊന്നും ഇസ്ലാം അല്ല എന്ന് പറയാൻ കഴിയില്ല. കാരണം ഇസ്ലാമിൽ നിന്നും ഖുർആനിൽ നിന്നുമാണു അവരും പ്രചോദനം ഉൾക്കൊള്ളുന്നത്.

ഇതേ പോലെയാണു സാക്കിർ നായിക്കിന്റെ പ്രഭാഷണങ്ങളും. അദ്ദേഹം ഖുർആനെ ഉദ്ധരിച്ചാണു വാദഗതികൾ നിരത്തുന്നതും സംവാദങ്ങളിൽ ഉത്തരങ്ങൾ പറയുന്നതും. ഖുർആനിൽ അദ്ദേഹം അല്പം പോലും കൂട്ടുന്നുമില്ല, കുറക്കുന്നുമില്ല. തല കൊയ്യാനോ കൈവെട്ടാനോ അദ്ദേഹം ആഹ്വാനം ചെയ്യുന്നില്ല. ഖുർആൻ വായിക്കുന്ന അമുസ്ലീങ്ങൾക്ക് അതിൽ ഭീകരത കാണാൻ കഴിയാത്ത പോലെ സാക്കിർ നായിക്കിന്റെ പ്രസംഗങ്ങളിലും ഭീകരത കാണാൻ കഴിയില്ല. എന്നാൽ ഖുർആൻ വായിച്ച് പഠിച്ചിട്ട് താലിബാനും ഐ.എസ്സും ആകുന്ന പോലെ നായിക്കിന്റെ യുക്തിയും വാദവും കേട്ട് ചിലർ ഭീകരവാദികളുമാകാം. ആ ഒരു സാധ്യത തള്ളിക്കളായാനാകില്ല. അതാണു ബംഗ്ലാദേശ് സർക്കാർ പറഞ്ഞത്. ലോകത്തിനു മൊത്തം നമ്മുടെ സിദ്ധാന്തമാണു ശരി എന്ന് പ്രബോധിക്കുന്ന സംഘടനകളിൽ അസഹിഷ്ണുക്കളും ഭീകരവാദികളും തീർച്ചയായും ഉണ്ടാകും. മാർക്സിസ്സം പഠിച്ചാൽ നല്ല കമ്മ്യൂണിസ്റ്റും തലയറുക്കുന്ന ഉന്മൂലനസിദ്ധാന്തക്കാരുമാകും. കാരണം മാർക്സിസത്തിൽ വർഗ്ഗശത്രുവും വർഗ്ഗസമരവും നിഷ്ക്കർഷിച്ചിട്ടുണ്ട്. എന്നാൽ ഒരു മനുഷ്യനെയും കൊല്ലാൻ മാർക്സ് പറഞ്ഞിട്ടില്ല. പക്ഷെ മാർക്സിസം വായിച്ച് തലക്ക് പിടിച്ചാൽ കമ്മ്യൂണിസ്റ്റ് അല്ലാത്ത വർഗ്ഗശത്രുക്കളെ ഉന്മൂലനം ചെയ്യാൻ തീവ്രകമ്മ്യൂണിസ്റ്റുകൾക്ക് തോന്നും. അപ്രകാരം ഉന്മൂലനം ചെയ്തിട്ടുമുണ്ട്.

എത്ര നല്ല ദർശനമോ സിദ്ധാന്തമോ ആയാലും തങ്ങളുടേത് മാത്രമാണു ശരി എന്നും, ഇത് ലോകം മുഴുവൻ വ്യാപിപ്പിക്കണമെന്നും എല്ലാ മനുഷ്യരെയും ഈ സിദ്ധാന്തം സ്വീകരിക്കാൻ പ്രേരിപ്പിക്കുന്നത് കടമയാണെന്നും ഉൽബോധിപ്പിച്ചാൽ ആ സിദ്ധാന്തം കഴുത്തറപ്പന്മാരെയും ഭീകരവാദികളെയും സൃഷ്ടിക്കും. കാരണം ആ സിദ്ധാന്തത്തിൽ അസഹിഷ്ണുതയുടെ വിത്തുകളുണ്ട്. ഇസ്ലാമിസവും കമ്മ്യൂണിസവും ഭീകരവാദികളെ സൃഷ്ടിക്കുന്നത് ഈ പ്രത്യയശാസ്ത്രശാഠ്യം കൊണ്ടാണെന്നാണു എന്റെ നിരീക്ഷണം. തങ്ങളുടേത് തങ്ങൾക്ക് ശരി, അവരുടേത് അവർക്ക് ശരി, കേവലമോ സാർവ്വജനീനമോ സാർവ്വകാലികമോ ആയ ഒരു ശരി ഇല്ല എന്ന ബോധ്യമുള്ള സിദ്ധാന്തം അസഹിഷ്ണുത ഉണ്ടാക്കുകയോ ഭീകരരെ സൃഷ്ടിക്കുകയോ ഇല്ല. കാരണം കേവല സത്യം എന്നൊന്നില്ല എന്ന വെളിപാടിൽ സഹിഷ്ണുതയുടെയും സമവായത്തിന്റെയും ബീജങ്ങളുണ്ട്.

അന്ധവിശ്വാസങ്ങൾ എന്ന പ്രയോഗം ശരിയല്ല എന്ന് തോന്നുന്നു. വിശ്വാസങ്ങളിൽ വ്യാപകമായ നുണകളുണ്ട് എന്നതാണു ശരി. ഒരു കാലത്ത് ഭൂമി പരന്നത് എന്നാണു പഠിപ്പിച്ചത്. തലമുറകളോളം അങ്ങനെ വിശ്വസിക്കുകയും ചെയ്തു. ആ വിശ്വാസം നുണയായിരുന്നു. അത് പോലെ ഇക്കാലത്തും ഒരുപാട് നുണകൾ വിശ്വസിച്ചുവരുന്നുണ്ട്. ദൈവം ഭൂമിയിലെ എല്ലാ മനുഷ്യർക്കും വേണ്ടി ഒരു മതം സൃഷ്ഠിച്ചു തന്നു, അതാണു ഇസ്ലാം. ബാക്കി മതങ്ങൾക്കൊന്നും ദൈവത്തിന്റെ അംഗീകാരമില്ല, അത്കൊണ്ട് മറ്റ് മതങ്ങൾ ദൈവവിരോധമാണു, കറപ്റ്റഡ് ആണു. ഒരു ദൈവം എന്ന പോലെ ഒരു മതമേ മനുഷ്യർക്കുള്ളൂ ഇതൊക്കെയാണു സക്കീർ നായിക്ക് പറഞ്ഞുകൊണ്ടേയിരിക്കുന്നത്. എല്ലാ മുസ്ലീങ്ങളുടെയും വിശ്വാസം ഇതാണെങ്കിലും അത് പറഞ്ഞുകൊണ്ടേയിരിക്കുന്നില്ല. മനസ്സിൽ വെക്കുന്നു. അത്കൊണ്ട് മുസ്ലീങ്ങൾക്കും അമുസ്ലീങ്ങൾക്കും പരസ്പരം സഹവർത്തിക്കുന്നതിനു ദൈനംദിന വ്യവഹാരങ്ങളിൽ തടസ്സമില്ല. ബഹുഭൂരിപക്ഷം മുസ്ലീങ്ങൾ ഭീകരവാദികളാകുന്നുമില്ല, ഭീകരവാദികളെ സൃഷ്ടിക്കുന്നുമില്ല. അതേ സമയം സാക്കീർ നായിക്ക് ദിവസവും ഇത് തന്നെ പറഞ്ഞുകൊണ്ടേയിരുന്നാൽ ചില പേർ ഐ.എസ്സും താലിബാനും ഭീകരവാദിയും ആകും. യമനിൽ ആട്ജീവിതം നയിക്കാനും പോകും.

ഒരു ദൈവം എന്നത് ലോകത്ത് എല്ലാ വിശ്വാസികളും സമ്മതിക്കുന്നതാണു. രണ്ട് ദൈവം ഉണ്ട് എന്ന് ആരും പറഞ്ഞിട്ടില്ല. ഹിന്ദുവിനു മുപ്പത്തിമുക്കോടി ദൈവങ്ങൾ എന്ന് പറയുന്നത് ഒരേ പരബ്രഹ്മത്തിന്റെ വകഭേദങ്ങളാണു. ദൈവം ഒന്ന് അത് തൂണിലും തുരുമ്പിലും സർവ്വവ്യാപിയാണു എന്നാണു ആധികാരികമായ ഹിന്ദുവിശ്വാസം. എന്നാൽ ഒരേ മതം മനുഷ്യർക്ക് ദൈവം നേരിട്ട് നൽകിയത് ഇസ്ലാം ആണു എന്ന് വിശ്വസിക്കുന്നത് മുസ്ലീങ്ങൾ മാത്രമാണു. മറ്റുള്ളവരെ സംബന്ധിച്ച് അത് നുണയായ ഒരു വിശ്വാസമാണു. അത്കൊണ്ട് മറ്റുള്ളവർ അതിലെ ലോജിക്ക് ചിന്തിക്കും. വിശ്വാസികൾ ലോജിക്ക് ചിന്തിക്കരുത്, അത് മുസ്ലീം ആയാലും ഹിന്ദു ആയാലും. പക്ഷെ മുസ്ലീം വിശ്വാസത്തിലെ ലോജിക്ക് ഹിന്ദുവും, ഹിന്ദു വിശ്വാസത്തിലെ ലോജിക്ക് മുസ്ലീമും ചിന്തിക്കും. അങ്ങനെ ചിന്തിക്കുമ്പോൾ മനുഷ്യർക്ക് മൊത്തമായി ദൈവം അവതരിപ്പിച്ചതാണു ഇസ്ലാം മതം എന്ന വിശ്വാസം മറ്റ് മതക്കാർക്ക് നുണയായിരിക്കും. വിശ്വസിച്ചാൽ പ്രശ്നമില്ല. പക്ഷെ ഒരു ബഹുസ്വര സമൂഹത്തിൽ പ്രചരിപ്പിക്കുമ്പോൾ അതിനു റിയാക്‌ഷൻ ഉണ്ടാകും. അത് സ്വാഭാവികമാണു താനും.

ജൈവകൃഷി , ജൈവവളം, ജൈവകീടനാശിനി എന്നൊക്കെ പറയുന്നത് അസംബന്ധം

കൃഷിമന്ത്രിയും ജൈവവാദികളും അറിയാൻ ...

ജൈവകൃഷി , ജൈവവളം, ജൈവകീടനാശിനി എന്നൊക്കെ വേർതിരിച്ച് പറയുന്നത് ശുദ്ധ അസംബന്ധവും വിവരക്കേടുമാണു. കൃഷി ഒന്നേയുള്ളൂ അത് കൃഷി മാത്രം. മനുഷ്യനു വേണ്ടി മെരുക്കിയെടുത്ത വിത്തുകളും വിളകളുമാണു കൃഷി ചെയ്യുന്നത്. പ്രകൃത്യാ വിളയുന്നത് മനുഷ്യനു തിന്നാൻ കൊള്ളുകയില്ല. അവയെ നമ്മൾ കാട്ടുചെടികൾ എന്നും കാട്ടുവിളകൾ എന്നും പറയും. കൃഷി ചെയ്ത് ഉണ്ടാക്കുന്നത് മാത്രമേ മനുഷ്യർക്ക് തിന്നാൻ കൊള്ളൂ. ഇന്ന് ഉപയോഗിക്കുന്ന വിത്തുകളിൽ ഭൂരിഭാഗവും സങ്കരയിനമായി വികസിപ്പിച്ചെടുത്തതാണു. അല്ലായിരുന്നെങ്കിൽ ഇത്രയും കോടി ജനങ്ങൾക്ക് ആഹാരം ലഭ്യമാവുകയില്ലായിരുന്നു.

മനുഷ്യൻ കൃഷി ചെയ്യുമ്പോൾ ചെടികൾക്ക് വളം നൽകേണ്ടതുണ്ട്. വളം എന്നാൽ ചെടികൾക്ക് ആവശ്യമായ പോഷകഘടകങ്ങൾ എന്ന് മാത്രമാണു അർത്ഥം. അതിൽ ജൈവം എന്നൊ രാസമെന്നോ വ്യത്യാസമില്ല. അയൺ (Ion)  രൂപത്തിലുള്ള തന്മാത്രകളോ മൂലകങ്ങളോ മാത്രമേ ചെടികളുടെ വേരുകൾ വലിച്ചെടുക്കുകയുള്ളൂ. എന്താണു അയൺ എന്ന് ചോദിച്ചാൽ An ion  is an atom or a molecule in which the total number of electrons is not equal to the total number of protons എന്നാണർത്ഥം. അതായത് ഒരു മൂലകത്തിലോ തന്മാത്രയിലൊ പ്രോട്ടോണുകളുടെ എണ്ണവും എലക്ട്രോണുകളുടെ എണ്ണവും തുല്യമായിരിക്കും. അങ്ങനെയല്ലാതെ എലക്ട്രോൺ നഷ്ടപ്പെടുകയോ അധികമാവുകയോ ചെയ്താൽ അവ അയണുകളാണു.  വെള്ളവും വളവും വലിച്ചെടുക്കുന്ന വേരിലൂടെ അയൺ ആയ മൂലകമോ തന്മാത്രയോ മാത്രമേ കടക്കുകയുള്ളൂ. ഇങ്ങനെ 13 മൂലകങ്ങളാണു സസ്യങ്ങളുടെ വേരുകൾ മണ്ണിൽ നിന്ന് വലിച്ചെടുക്കുന്നത്. അവയുടെ പട്ടിക ചിത്രത്തിൽ കൊടുത്തത് കാണുക.

കാർബൺ എന്ന മൂലകം അടങ്ങിയ സംയുക്തങ്ങളെയാണു ജൈവപദാർത്ഥം എന്ന് പറയുന്നത്. നിങ്ങൾ ജൈവവളം എന്ന് പറഞ്ഞ് മണ്ണിൽ നിക്ഷേപിക്കുന്നതിൽ, സൂക്ഷ്മജീവികൾ കുറേക്കാലം അതിൽ പ്രവർത്തിച്ച് അതിലെ കൂറ്റൻ തന്മാത്രകൾ ലഘു തന്മാത്രകളായി വിഘടിക്കപ്പെട്ട് , അതിൽ ചെടികൾക്ക് ആവശ്യമായ എന്തെങ്കിലും മൂലകങ്ങൾ ഉണ്ടെങ്കിൽ അവ അയൺ രൂപത്തിൽ ആയി മാറിയിട്ട് ചെടികൾ വലിച്ചെടുക്കും. കാർബൺ ചെടികൾക്ക് മണ്ണിൽ നിന്ന് വേണ്ട. ബാക്കി നൈട്രജൻ മുതൽ ഉള്ളത് വലിച്ചെടുക്കും. പക്ഷെ അത് സമീകൃത വളം എന്ന് പറയാൻ പറ്റില്ല. ആവശ്യമുള്ള 13 മൂലകങ്ങളും ജൈവവളത്തിൽ ഉണ്ട് എന്ന് ഉറപ്പ് വരുത്താൻ കഴിയില്ല. മാത്രമല്ല ജൈവവളം ഇപ്പറഞ്ഞ അയൺ ആയി മാറാൻ മണ്ണിൽ നിക്ഷേപിച്ച ശേഷം കുറേ കാലമെടുക്കും. അതിൽ സൂക്ഷ്മജീവികൾ പ്രവർത്തിച്ച് ലഘുതന്മാത്രകളും മൂലകങ്ങളും ആയി മാറണമല്ലൊ. എന്നാൽ ചെടികൾക്ക് അപ്പോൾ തന്നെ വലിച്ചെടുക്കാവുന്നതും വെള്ളത്തിന്റെ സമ്പർക്കത്തിൽ അപ്പോൾ തന്നെ അയൺ ആവുകയും ചെയ്യുന്ന തന്മാത്രാരൂപത്തിൽ ആണു രാസവളം ഫാക്ടറികളിൽ നിർമ്മിക്കുന്നത്. കൃത്രിമം എന്ന് പറഞ്ഞാൽ പ്രകൃതിയിൽ ഉള്ളതിന്റെ പകർപ്പുകളാണു മനുഷ്യൻ ഫാക്ടറികളിൽ ഉണ്ടാക്കുന്നത്.  ജൈവളം കാലക്രമേണ വിഘടിച്ച് ഉണ്ടാകുന്ന നൈട്രേറ്റും (NO₃) ഫാക്ടറിയിൽ നിർമ്മിക്കുന്ന അമോണിയയിലെ നൈട്രേറ്റും ഒന്ന് തന്നെയാണു. മണ്ണിന്റെ ഫലപുഷ്ടിക്ക് ജൈവപദാർത്ഥങ്ങൾ നിക്ഷേപിക്കുന്നത് നല്ലത് തന്നെ. പക്ഷെ കൃഷിക്ക് രാസവളം ഉപയോഗിച്ചേ മതിയാകൂ എന്ന് ഇപ്പറഞ്ഞതിൽ നിന്ന് മനസ്സിലാകേണ്ടതാണു. മൂലകങ്ങളും തന്മാത്രകളും അവയുടെ പകർപ്പുകൾ ഉള്ളതിൽ നിന്ന് ഉണ്ടാക്കാമെന്നല്ലാതെ കൃത്രിമമായിട്ട് പുതിയത് ഒന്നും മനുഷ്യർക്ക് ഉണ്ടാക്കാൻ കഴിയില്ല എന്ന സത്യം മനസ്സിലാക്കണം.

ഇനി കീടനാശിനികൾ എടുക്കാം. കീടങ്ങളെ ഏത് പദാർത്ഥം നശിപ്പിക്കുന്നുവോ അത് കീടനാശിനിയാണു. കീടം നശിച്ചില്ലേ അല്ലെങ്കിൽ നശിപ്പിച്ചില്ലേ അതാണു കീടനാശിനി. അതിൽ ജൈവം എന്നോ രാസം എന്നോ വ്യത്യാസമില്ല. കീടങ്ങൾക്ക് വിഷം ആയത് കൊണ്ട് അവ നശിക്കുന്നു. പ്രകൃതിയിൽ തന്നെ കീടങ്ങളെ നശിപ്പിക്കുന്ന പദാർത്ഥങ്ങൾ തന്മാത്രാരൂപത്തിലുണ്ട്. അവയുടെ തന്മാത്രാപതിപ്പുകളോ അതിനേക്കാളും കൃത്യമായ തന്മാത്രകളോ ഫാക്ടറികളിൽ നിർമ്മിക്കാൻ പറ്റും. അങ്ങനെയാണു നിർമ്മിക്കുന്നത് താനും. പ്രകൃതിയിൽ ലഭ്യമല്ലാത്ത, ഒരുപാട് ഇനം കീടങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന കീടനാശിനികൾ ഫാക്ടറികളിൽ നിർമ്മിക്കുന്നുണ്ട്. അവയെല്ലാം കീടങ്ങൾക്കാണു വിഷം. അതൊക്കെ മനുഷ്യനു വിഷം ആകണമെങ്കിൽ ജൈവകീടനാശിനിയും മനുഷ്യനു വിഷം ആകണ്ടേ? കാരണം ജൈവകീടനാശിനി കീടങ്ങൾക്ക് വിഷം ആകണമല്ലൊ. അത്കൊണ്ട്, ജൈവകീടനാശിനി മനുഷ്യർക്ക് വിഷം ആവില്ല എന്നും അതേ തന്മാത്രയുടെ പകർപ്പ് ഫാക്ടറിയിൽ നിർമ്മിച്ചാൽ വിഷം ആകും എന്ന് പറയുന്നത് പദാർത്ഥങ്ങളുടെ തന്മാത്ര ഘടനയെ കുറിച്ചുള്ള അജ്ഞത കൊണ്ടാണു.

ഒരു ഉദാഹരണം പറയാം. ഒതളങ്ങ കഴിച്ചാൽ മനുഷ്യൻ മരിക്കും. പണ്ട് ആത്മഹത്യ ചെയ്യാൻ ആളുകൾ ഉപയോഗിച്ചിരുന്ന പഴമാണു ഒതളങ്ങ. Cerbera odollam എന്നാണു ഇതിന്റെ ശാസ്ത്രീയനാമം. ഒതളങ്ങ പ്രകൃതിയിലെ ഒരു പഴമാണല്ലൊ. അതെങ്ങനെയാണു മനുഷ്യർക്ക് വിഷം ആകുന്നത്? ഒതളങ്ങയിൽ അടങ്ങിയിട്ടുള്ള cerberin എന്ന പദാർത്ഥമാണു മനുഷ്യരെ മരണത്തിലേക്ക് നയിക്കുന്നത്. ഈ സെറിബെറിൻ (cerberin) എന്ന പദാർത്ഥത്തിന്റെ തന്മാത്ര ഘടന നമുക്കറിയാം. അതേ തന്മാത്ര ഫാക്ടറിയിൽ നിർമ്മിക്കാൻ പറ്റും. അത് പോലെ എല്ലാറ്റിന്റെയും തന്മാത്ര ഘടന ശാസ്ത്രജ്ഞന്മാർ മനസ്സിലാക്കുകയും നമുക്ക് പറഞ്ഞു തരികയും ചെയ്തിട്ടുണ്ട്. സാധാരണക്കാർ ഇതൊന്നും മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല. അത് കൊണ്ടാണു എന്ത് അസംബന്ധവും വിവരക്കേടും സമൂഹത്തിൽ സത്യം പോലെ പ്രചരിക്കുന്നത്.

വിഷം എന്നത് പൊതുവായ ഒരു വാക്കാണു. കീടങ്ങളിൽ ആയാലും സൂക്ഷ്മജീവികളിൽ ആയാലും വിഷം എന്നത് എങ്ങനെ പ്രവർത്തിക്കുന്നു എന്നത് പ്രത്യേകം പ്രത്യേകം മനസ്സിലാക്കേണ്ടതുണ്ട്. കീടനാശിനികൾ ചെടികൾക്ക് തളിച്ചാൽ അത് മനുഷ്യർക്ക് വിഷമാകും എന്നത് അസംബന്ധവും അർത്ഥശൂന്യവുമായ വാദമാണു. പാമ്പിൻ വിഷം മനുഷ്യൻ കുടിക്കുകയാണെങ്കിൽ ആമാശയത്തിലും ചെറുകുടലിലും എത്തുന്ന അത് വെറും പ്രോട്ടീൻ പദാർത്ഥമാണു. അതേ സമയം, പാമ്പ് കടിച്ച് സിരകളിൽ പ്രവേശിച്ച് രക്തത്തിൽ കലരുമ്പോഴാണു അത് വിഷത്തിന്റെ ഫലം ചെയ്യുന്നത്.

ചെടികളെ ബാധിക്കുന്ന കീടങ്ങൾ എന്ന് പറഞ്ഞാൽ അത് ബാക്റ്റീരിയ , ഫംഗസ് മുതലായ സൂക്ഷ്മജീവികളുമുണ്ട്. അതിനെതിരെ ഫാക്ടറികളിൽ നിർമ്മിക്കുന്ന പെസ്റ്റിസൈഡുകൾ വിഷം ആകും എന്ന് പറയുമ്പോൾ തന്നെ ബാക്റ്റീരിയ , അമീബ, ഫംഗസ്, വൈറസ്സ് എന്നിവ മൂലം രോഗബാധിതരാകുന്ന ആളുകൾ ആന്റിബയോട്ടിക്ക് മരുന്നുകൾ കഴിക്കുകയും ചെയ്യുന്നു. കീടനാശിനി ചെടികളിൽ തളിച്ച് അവയെ ബാധിച്ച സൂക്ഷ്മജീവികളെ നശിപ്പിക്കുമ്പോൾ , മനുഷ്യർ ആന്റിബയോട്ടിക്ക് മരുന്നുകൾ കഴിച്ച് അവന്റെ ശരീരത്തിൽ ബാധിച്ച സൂക്ഷ്മജീവികളെ നശിപ്പിക്കുന്നു. അത്രയേയുള്ളൂ. രണ്ടിലും തെറ്റില്ല. മനുഷ്യന്റെ നന്മയ്ക്ക് വേണ്ടി ശാസ്ത്രം കണ്ടുപിടിച്ചതാണു ആന്റി ബയോട്ടിക്കുകളും പെസ്റ്റിസൈഡുകളും. ശാസ്ത്രം കണ്ടുപിടിക്കുന്നത് എന്തും മനുഷ്യന്റെ നിലനില്പിനും നന്മയ്ക്കും സൗകര്യത്തിനും ക്ഷേമത്തിനും വേണ്ടിയായിരിക്കും. എന്തെങ്കിലും ദുരുപയോഗം ചെയ്യുന്നെങ്കിൽ അത് മനുഷ്യന്റെ തെറ്റാണു. അത് തടയണം.

ആദ്യമായി കണ്ടുപിടിച്ച ആന്റിബയോട്ടിക്ക് മരുന്ന് പെൻസിലിൻ (Penicillin ) ആണു.  Penicillium വർഗ്ഗത്തിൽ പെടുന്ന ഒരുമാതിരി പൂപ്പലിൽ നിന്നാണു പെനിസിലിൻ വേർതിരിച്ചെടുത്തത്.  പെൻസിലിൻ കണ്ടുപിടുത്തം ആരോഗ്യരംഗത്ത് ഒരു വിപ്ലവം ആയിരുന്നു. എത്രയോ രോഗങ്ങൾ ഭേദമാക്കാനും ജീവൻ രക്ഷിക്കാനും പെൻസിലിൻ സഹായിച്ചു. പിന്നീട് പെനിസിലിന്റെ അതേ തന്മാത്രാഘടനയിൽ ആമ്പിസിലിൻ (Ampicillin) കൃത്രിമമായി നിർമ്മിക്കാൻ തുടങ്ങി. കൃത്രിമം എന്ന് പറഞ്ഞാൽ പ്രകൃതിവിരുദ്ധം അല്ല എന്നും പ്രകൃതിയിൽ ഉള്ളതിന്റെ പകർപ്പുകളോ പരിഷ്ക്കരണങ്ങളോ മാത്രമാണെന്ന് മനസ്സിലാക്കുക. ഇന്ന് എത്രയോ തരം ആന്റിബയോട്ടിക്ക് മരുന്നുകൾ മനുഷ്യരുടെ ആരോഗ്യവും - എന്ന് വെച്ചാൽ രോഗമില്ലാത്ത അവസ്ഥ - ജീവനും സംരക്ഷിച്ചു വരുന്നു.

ഇത്രയും പറഞ്ഞത് ജൈവം എന്നും രാസം എന്നും വ്യത്യാസം ഒന്നിലും ഇല്ല എന്നും വെറുതെ ആളുകൾ പറഞ്ഞ് പൊതുബോധമായി മാറിപ്പോയതാണെന്നും, അതാണു കൃഷിമന്ത്രിയും ഏറ്റുപറയുന്നത് എന്നും വ്യക്തമാക്കാനുമാണു. ചിലർ അളവിൽ കൂടിയാലോ എന്ന വിതണ്ഡവാദവുമായി വരും. അതിപ്പൊ പച്ചവെള്ളം അളവിൽ കൂടുതൽ അമിതമായി കുടിച്ചാലും അത് മരണകാരണമാകും. എന്ന് വെച്ച് വെള്ളം കുടിക്കരുത് എന്ന് പറയാൻ പറ്റുമോ? ഈ എഴുതിയത് വായിച്ചിട്ടും തർക്കിക്കാൻ വരുന്നവരോട് ഒന്നും പറഞ്ഞിട്ട് ഫലമില്ല. 

ചൈനയും പാക്കിസ്ഥാനും നമ്മുടെ നല്ല അയൽക്കാരല്ല, നിരന്തര ശത്രുക്കളാണ് !

ചൈനയും പാക്കിസ്ഥാനും നമ്മുടെ നിരന്തര ശത്രുരാജ്യങ്ങളാണു. ഈ യാഥാർഥ്യം വിസ്മരിച്ചുകൊണ്ടാണു അധികാരം കിട്ടുമ്പോഴൊക്കെ ബി.ജെ.പി.പ്രധാനമന്ത്രിമാർ പാക്കിസ്ഥാനിലേക്കും ചൈനയിലേക്കും അത്യുത്സാഹത്തോടെ സന്ദർശനം നടത്തി ഇമേജ് വർദ്ധിപ്പിക്കാൻ ശ്രമിക്കാറുള്ളത്. അയല്പക്കബന്ധം നന്നായാലേ രാജ്യത്ത് സമാധാനം ഉണ്ടാകൂ എന്നാണു ബി.ജെ.പി.ക്കാർ ഇതിനു പറയാറുള്ള ന്യായം. അയല്പക്കവുമായി ആരാണു സൗഹൃദവും സമാധാനവും ആഗ്രഹിക്കാത്തത്? പക്ഷെ നമ്മൾ ആഗ്രഹിച്ചത് കൊണ്ടായോ? വാജ്‌പൈ പ്രധാനമന്ത്രി ആയപ്പോഴാണു ചൈനയുമായി നല്ല ബന്ധത്തിനു ആദ്യമായി തുടക്കം കുറിച്ചത് എന്ന് ബി.ജെ.പി.ക്കാർ അവകാശപ്പെടാറുണ്ട്. എന്നാൽ അതിനും മുൻപ് ജവഹർലാൽ നെഹ്‌റു അങ്ങോട്ടും ചൈനീസ് പ്രധാനമന്ത്രി ചൗ എൻലായ് ഇങ്ങോട്ടും സന്ദർശനങ്ങൾ നടത്തി ഇന്തീ-ചീനീ ഭായി ഭായി മുദ്രാവാക്യം വിളിച്ചതും പ്രത്യുപകാരമായി ചൈന നമ്മെ ആക്രമിച്ചതും ഒന്നും ബി.ജെ.പി.ക്കാർ ഓർക്കുന്നില്ല.

1962ൽ ചൈന നമ്മെ ആക്രമിച്ചത് മുതൽ ആ രാജ്യത്തിനു നമ്മോടുള്ള ശത്രുതയ്ക്ക് ഒരു മാറ്റവും വന്നിട്ടില്ല എന്നതാണു സത്യം. ആ ശത്രുതയ്ക്കുള്ള അടിസ്ഥാന കാരണം ഏഷ്യയിൽ മേധാവിത്വം സ്ഥാപിക്കുന്നതിനു ചൈനയ്ക്ക് തടസ്സം ഇന്ത്യയാണു എന്നതാണു. ആ രാജ്യത്തിന്റെ സ്ഥാപിത താല്പര്യങ്ങൾക്ക് എതിരാണു ഇന്ത്യ എന്ന വലിയൊരു ജനാധിപത്യരാജ്യം ഏഷ്യയിൽ സുസ്ഥിരമായി നിലനിൽക്കുന്നത്. 1962ലേത് പോലെ പ്രത്യക്ഷയുദ്ധത്തിനു തയ്യാറാവുന്നില്ലെങ്കിലും അന്നു മുതൽ ഇന്ന് വരെയിലും ചൈന ഇന്ത്യയുമായി പരോക്ഷമായ നിഴൽ യുദ്ധത്തിലാണു. കിട്ടാവുന്ന അവസരങ്ങളിലെല്ലാം ഇന്ത്യയെ ദ്രോഹിക്കുന്ന സമീപനമാണു ചൈനയുടേത്. പഴയത് പോലെ ഇന്ത്യയുമായി പ്രത്യക്ഷയുദ്ധം നടത്താൻ ചൈനയ്ക്ക് കഴിയില്ല. അത്കൊണ്ടാണു നിഴൽ യുദ്ധം നടത്തുന്നത്.

ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാനെ ആയുധമണിയിക്കുകയാണു ചൈന ചെയ്തത്. ചൈനയുടെ സഹായം കൊണ്ടാണു പാക്കിസ്ഥാൻ ആണവായുധങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ആ അണുവായുധങ്ങൾ പാക്കിസ്ഥാൻ ഇന്ത്യയ്ക്കെതിരെ മാത്രമേ പ്രയോഗിക്കാൻ സാധ്യതയുള്ളൂ. ഇന്ത്യയെ പൊതുശത്രു ആയിട്ടാണു ചൈനയും പാക്കിസ്ഥാനും കാണുന്നത്. അങ്ങനെയാണു ആ രാജ്യങ്ങൾ തമ്മിൽ ഉറ്റ ബന്ധവും സാമ്പത്തിക-പ്രതിരോധ മേഖലകളിൽ സഹകരണവും നിലനിൽക്കുന്നത്. പാക്കിസ്ഥാനും ചൈനയും നമ്മുടെ ഭൂപ്രദേശങ്ങൾ ഇപ്പോഴും കൈവശം വെച്ചനുഭവിക്കുന്നു. പാക്കിസ്ഥാ‍ൻ കൈവശം വെച്ചിരിക്കുന്ന നമ്മുടെ ഭൂമിയിൽ നിന്ന് കുറെ ഭാഗം ചൈനയ്ക്ക് പാരിതോഷികമായി നൽകുന്നു. ആ പ്രദേശങ്ങളിൽ ചൈന നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്നു. എന്നിട്ടും ചൈന നമ്മുടെ അരുണാചൽ പ്രദേശിൽ എന്നും അവകാശവാദം ഉന്നയിക്കുകയും ചെയ്യുന്നു. അരുണാചൽ പ്രദേശിൽ അവകാശവാദം ഉന്നയിച്ചുകൊണ്ടേയിരുന്ന്, കൈവശപ്പെടുത്തിയ നമ്മുടെ ഭൂപ്രദേശത്തെ കുറിച്ച് നമുക്ക് ഒന്നും മിണ്ടാൻ കഴിയാത്ത അവസ്ഥയിൽ നമ്മെ തളച്ചിടുകയാണു ചൈന ചെയ്യുന്നത്.

ഇതേ തന്ത്രമാണു കാഷ്മീർ വിഷയത്തിൽ പാക്കിസ്ഥാനും ചെയ്യുന്നത്. കാഷ്മീരിൽ പാക്കിസ്ഥാനു ഒരു കാര്യവുമില്ല്ല. അയൽക്കാരന്റെ പറമ്പിൽ നമുക്കെന്ത് കാര്യം. പാക്കിസ്ഥാനും നമ്മുടെ കുറേ ഭൂപ്രദേശം അനധികൃതമായി കൈവശം വെച്ചിട്ടുണ്ട്. ആ പ്രദേശം പാക്കധീന കാഷ്മീർ എന്ന പേരിൽ അറിയപ്പെടുന്നു. നമ്മൾ പാക്കധീന കാഷ്മീരിൽ അവകാശവാദം ഉന്നയിച്ച് അത് തിരികെ പിടിക്കാൻ ശ്രമിക്കുന്നതിനെ തടയാൻ നമ്മുടെ രാജ്യത്തിന്റെ അവിഭാജ്യഭാഗമായ കാഷ്മീരിൽ പ്രശ്നം ആരോപിച്ച് ഇല്ലാത്ത കാഷ്മീർ പ്രശ്നം ഉണ്ടെന്ന് വരുത്തിത്തീർക്കുകയാണു പാക്കിസ്ഥാൻ. അങ്ങനെ നമ്മെ പ്രതിരോധത്തിൽ തളച്ചിടുകയും നമുക്ക് നമ്മുടെ അവകാശം പോലും പറയാൻ കഴിയാതിരിക്കുകയും ചെയ്യുന്നു. അന്തരിച്ച നരസിംഹറാവു പ്രധാനമന്ത്രിയായിരുന്നപ്പോൾ അദ്ദേഹം ഒരിക്കൽ പറയുകയുണ്ടായി കാഷ്മീർ പ്രശ്നം എന്നൊന്ന് ഇല്ലെന്നും ഉള്ളത് പാക്കധീന കാഷ്മീർ പ്രശ്നം ആണെന്നും. പക്ഷെ നമുക്കത് നിരന്തരം പറയാൻ കഴിയുന്നില്ല. അയൽ രാജ്യങ്ങളുമായി നല്ല ബന്ധം നിലനിർത്താൻ നമ്മൾ ഇത്രയും വിട്ടുവീഴ്ച ചെയ്തിട്ടും നമുക്ക് തിരിച്ചുകിട്ടുന്നത് ശത്രുതാപരമായ സമീപനം മാത്രം.

കാഷ്മീരിനെക്കാളും ശരിക്കുള്ള പ്രശ്നം പാക്കിസ്ഥാനിലാണുള്ളത്. അവിടെ ബലൂചിസ്ഥാൻ എന്ന പ്രദേശം പാക്ക് സർക്കാരിനാൽ അവഗണിക്കപെട്ട പ്രവിശ്യയാണു. ബലൂചിസ്ഥാനികൾക്ക് ഇന്ത്യയോട് ചേരാനാണു താല്പര്യം. അതിന്റെ പേരിൽ പാക്ക് പട്ടാളം തന്നെ ബലൂചിസ്ഥാനിലെ എത്രയോ പൗരന്മാരെ കടത്തിക്കൊണ്ടുപോവുകയും അവരെ പറ്റി പിന്നീട് ഒരു വിവരവും ഇല്ലാതിരിക്കുകയും ചെയ്യുന്നു. അറബിക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ബലൂചിസ്ഥാനിൽ ചൈന ഒരു ആഴക്കടൽ തുറമുഖം നിർമ്മിച്ചിട്ടുണ്ട്. ആണവമുങ്ങിക്കപ്പലുകൾക്ക് താവളമടിക്കാൻ കഴിയുന്ന അത്യാന്താധുനിക സൗകര്യമുള്ളതാണു ഈ ഗദ്വാർ തുറമുഖം. അങ്ങനെ അറബിക്കടലിലും ചൈന അതിന്റെ സാന്നിദ്ധ്യം ഉറപ്പിച്ചിരിക്കുന്നു. ശ്രീലങ്കയെ കൂടി പാട്ടിലാക്കിയാൽ ഇന്ത്യ അക്ഷരാർത്ഥത്തിൽ ചൈനയാൽ വലയം ചെയ്യപ്പെടും. ഒരു ഘട്ടത്തിൽ ശ്രീലങ്കയെ പാട്ടിലാക്കാൻ ചൈന തീവ്രശ്രമം നടത്തിയിരുന്നു. ഇപ്പോൾ അതിനെ പറ്റി പറഞ്ഞു കേൾക്കുന്നില്ലെങ്കിലും ഇന്ത്യയെ ഒറ്റപ്പെടുത്തി ദുർബലമാക്കാനുള്ള അജണ്ടയുമായാണു ചൈന മുന്നോട്ട് പോകുന്നത്.

എൻ.എസ്.ജി. എന്ന ആണവ വിതരണ രാജ്യങ്ങളുടെ ഗ്രൂപ്പിൽ ഇന്ത്യയ്ക്ക് പ്രവേശനം ലഭിക്കാതെ പോയത് ചൈന-പാക്ക് കൂട്ടുകെട്ടിന്റെ ചതി കൊണ്ടാണു. ഇന്ത്യയ്ക്ക് അംഗത്വം കൊടുക്കുന്നെങ്കിൽ പാക്കിസ്ഥാനും കൊടുക്കേണ്ടി വരും എന്നാണു ചൈന വാദിച്ചത്. ആ വാദമാണു ഇന്ത്യയുടെ ആവശ്യത്തിന്റെ മുനയൊടിച്ചത്. ചൈന ഇന്ത്യയെ അനുകൂലിച്ചിരുന്നെങ്കിൽ മറ്റൊരു രാജ്യവും എതിർക്കില്ലായിരുന്നു. നമ്മൾ ആണവ നിർവ്യാപന കരാറിൽ ഒപ്പ് വയ്ക്കാതിരിക്കുന്നതിനു ന്യായമായ കാരണമുണ്ട്. Nuclear Nonproliferation Treaty (NPT) എന്ന ആണവ നിർവ്യാപന കരാറിന്റെ അന്ത:സത്ത എന്നു പറയുന്നത് ലോകത്തെ എല്ലാ രാജ്യങ്ങളും ആണവായുധ മുക്തമാവുക എന്നതാണു. അമേരിക്ക,റഷ്യ,ചൈന,ഫ്രാൻസ്,ബ്രിട്ടൻ എന്നിങ്ങനെ പഞ്ചരാജ്യങ്ങൾ ആണവായുധങ്ങൾ കുത്തകയാക്കി വെച്ചിട്ട് നമ്മൾ എൻ.പി.ടി.യിൽ ഒപ്പ് വയ്ക്കുന്നത് കരാറിന്റെ അന്ത:സത്തയ്ക്ക് നിരക്കുന്നതല്ല എന്നത് കൊണ്ടാണു നമ്മൾ വിട്ടു നിൽക്കുന്നത്. ലോകം ആണവായുധ മുക്തമാകണം എന്നതാണു നമ്മുടെ നിലപാട്.

എൻ.പി.ടി.യിൽ ഒപ്പ് വെച്ചില്ലെങ്കിലും 2008ൽ ജർമ്മനിയിൽ വെച്ചു നടന്ന പ്ലീനറി യോഗത്തിൽ ഇന്ത്യയ്ക്ക് മാത്രമായി ഇളവ് അനുവദിച്ചിരുന്നു. അത് പ്രകാരം എൻ.എസ്.ജി. അംഗരാജ്യങ്ങളിൽ നിന്ന് യുറേനിയവും മറ്റ് സാമഗ്രികളും ഇന്ത്യയ്ക്ക് വാങ്ങാൻ കഴിയും. തൽക്കാലം അംഗത്വം കിട്ടിയില്ലെങ്കിലും സാരമില്ല എന്നർത്ഥം. ആ ഇളവ് ലഭിക്കാൻ സാഹചര്യമൊരുക്കിയത് അമേരിക്കയുമായി മൻമോഹൻ സിങ്ങ് സർക്കാർ ആണവക്കരാറിൽ ഏർപ്പെട്ടത് കൊണ്ടാണു. ചുരുക്കി പറഞ്ഞാൽ എൻ.എസ്.ജി. രാജ്യങ്ങളിൽ നിന്ന് ആണവധാതുക്കളും ഉപകരണങ്ങളും വാങ്ങാനും ഇന്ന് ആ ഗ്രൂപ്പിൽ അംഗത്വം ആവശ്യപ്പെടാനും ഇടയാക്കിയത് അമേരിക്കയുമായി നമ്മൾ ആണവക്കരാറിൽ ഒപ്പ് വെച്ചതാണു. അതിന്റെ പേരിൽ ഇന്നത്തെ ഭരണപക്ഷം മൻമോഹൻ സർക്കാരിനെതിരെ അന്ന് പഴി പറഞ്ഞതിൽ ഇന്ന് അവർ പശ്ചാത്തപിക്കുന്നുണ്ടോ എന്നറിയില്ല. എൻ.പി.ടി.യിൽ ഒപ്പ് വയ്ക്കാതെ അമേരിക്കയുമായി ആണവക്കരാറിൽ ഏർപ്പെടാനായത് അന്നത്തെ സർക്കാരിന്റെ ഉജ്ജ്വലമായ നയതന്ത്ര വിജയമായിരുന്നു.

പ്രധാനമന്ത്രി കൂടെക്കൂടെ വിദേശ രാജ്യങ്ങളിൽ സന്ദർശിച്ചാൽ മാത്രം നല്ല നയതന്ത്ര ബന്ധം സ്ഥാപിക്കാൻ കഴിയില്ല. ഈ പാഠം കൂടി പ്രൈം മിനിസ്റ്റർ നരേന്ദ്ര മോദി ഡോ. മൻമോഹൻ സിങ്ങിൽ നിന്ന് പഠിക്കേണ്ടതുണ്ട്. അങ്ങോട്ട് പോകുമ്പോൾ ഏത് രാജ്യവും സ്വീകരിക്കും. അതൊരു സാർവ്വലൗകിക ആതിഥ്യമര്യാദ മാത്രമാണു. എന്നാൽ അത് കൊണ്ട് മാത്രം രാജ്യാന്തര ബന്ധങ്ങൾ ഉണ്ടാകണമെന്നില്ല. പ്രധാനമന്ത്രി ഇനിയെങ്കിലും അത് മനസ്സിലാക്കണം.

മാവിൻ തൈകൾ ഗ്രാഫ്റ്റ് ചെയ്യുന്ന വിധം

മാവുകൾ ഇല്ലാത്ത വീടുകൾ പണ്ട് ഇല്ലായിരുന്നു. മാവും മാങ്ങയും മലയാളിയുടെ ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടതാണ്. പലതരത്തിലുള്ള മാവിന്‍റെ എത്താക്കൊമ്പുകളിൽ ഇളംകാറ്റിൽ ഇളകിയാടുന്ന മാമ്പഴക്കൂട്ടവും അതിനെ ചുറ്റിപ്പറ്റി കലപിലകൂട്ടുന്ന അണ്ണാറക്കണ്ണന്മാരും മലയാളിയുടെ ബാല്യകാല സ്മരണകളില്‍ എന്നും പച്ച പിടിച്ചുനില്‍ക്കുന്ന അനുഭൂതിയാണ്. നാട്ടിന്‍ പുറങ്ങളിലൊക്കെ മാമ്പഴക്കാലം എന്നാൽ ഉത്സവത്തിന്‍റ പ്രതീതിയാണ്. കുട്ടികൾക്ക് സ്കൂൾ മധ്യവേനലവധി തുടങ്ങുമ്പോഴായിരിക്കും മാമ്പഴങ്ങളും പല നിറങ്ങളിൽ മധുരം നിറയുക. പിന്നീടങ്ങോട്ട് മരം കയറാനും എറിഞ്ഞിടാനും ഒരുങ്ങുന്ന കുട്ടികൾക്ക് പ്രകൃതി മാമ്പഴവിരുന്നു ഒരുക്കുകയായിരുന്നു.

എവിടെ വ്യത്യസ്തമായ ഒരു മാങ്ങ കണ്ടാലും അതിന്റെ വിത്ത് എടുത്ത് വന്ന് പറമ്പിൽ നട്ടുവളർത്താൻ പണ്ടുള്ളവർ ശ്രദ്ധിച്ചിരുന്നു. എന്നാൽ ഇന്ന് വീടുകളിൽ മാവുകൾ തീരെ അപ്രത്യക്ഷമായി എന്ന് പറയാം. എന്തും വില കൊടുത്ത് വാങ്ങുന്ന ഉപഭോഗസംസ്ക്കാരത്തിൽ മാവ് എന്നല്ല ഒരു ഫലവൃക്ഷവും വെച്ച് പിടിപ്പിക്കാൻ ആരും മെനക്കെടാറില്ല. ക്രയവിക്രയങ്ങളുടെ ഫലമായും രമ്യഹര്‍മ്മങ്ങള്‍ പണിതീര്‍ത്തപ്പോഴും പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഇടം കണ്ടെത്തിയപ്പോഴും ഒക്കെ ഈ പാവം ഫലവൃക്ഷത്തിന്‍റെ മേല്‍ ആയിരുന്നു പലപ്പോഴും മഴുവീണത്. നാടന്‍ മാവുകളില്‍ പലതും അപ്രത്യക്ഷമായി. വീടുകളിലും വഴിയോരങ്ങളിലും പടര്‍ന്നു പന്തലിച്ച് നിറയെ മാമ്പഴം തന്നിരുന്ന മാവുകള്‍ തിരോധാനം ചെയ്തു.

അതേ സമയം മാമ്പഴം ഇന്നും എല്ലാവർക്കും ഏറ്റവും പ്രിയതരമായ പഴമാണ് താനും. പക്ഷെ മാർക്കറ്റിൽ കിട്ടുന്നത് ചള്ള് മാങ്ങകൾ കൃത്രിമമായി പഴുപ്പിക്കുന്നതാണ്. അത്കൊണ്ട് മാങ്ങകളുടെ സ്വാഭാവിക രുചി ഇന്നത്തെ കുട്ടികൾക്ക് അന്യമായി എന്ന് പറയാം. ഇതിനു മാറ്റം വരണം. ഒന്നോ രണ്ടോ ഒട്ടുമാവിൻ തൈകൾ എങ്കിലും എല്ലാ വീട്ടുമുറ്റങ്ങളിലും നട്ടുവളർത്തണം. മാങ്ങയണ്ടി മുളപ്പിച്ച് മാവിൻ തൈകൾ വളർത്തുന്ന രീതി ഇക്കാലത്ത് അപ്രായോഗികമാണ്. ഗ്രാഫ്റ്റ് ചെയ്ത (ഒട്ടിച്ച) തൈകൾ ആകുമ്പോൾ നല്ല പോലെ പരിപാലിച്ചാൽ മൂന്നാം വർഷം പുഷ്പിക്കും. മാവ് വൃക്ഷമായി വളരാതെ കുള്ള (ഡ്വാർഫ്) മായിരിക്കുകയും ചെയ്യും.

മാവിൻ തൈകൾ പല രീതിയിൽ ഗ്രാഫ്റ്റ് ചെയ്യാം. രണ്ട് തരം തൈകൾ ഗ്രാഫ്റ്റ് ചെയ്ത് മൂന്നാമതൊരു പുതിയ ഇനം മാവ് സൃഷ്ടിക്കാം. നല്ലയിനം മാവിന്റെ അതേ ഗുണമുള്ള അനേകം കുള്ളൻ മാവുകൾ ഉണ്ടാക്കാം. വീട്ടിൽ കായ്ക്കാത്ത നാട്ടുമാവ് ഉണ്ടെങ്കിൽ അതിന്റെ ശാഖകൾ വെട്ടി, പുതിയ ശിഖരങ്ങൾ കിളിർത്തുവന്നാൽ അവകളിൽ പലതരം മാവുകളുടെ കമ്പുകൾ ഒട്ടിച്ച് ഒരേ മാവിൽ പലതരം മാങ്ങകൾ കായ്ക്കുന്ന വൃക്ഷമാക്കി മാറ്റാം. ക്ഷമയും താല്പര്യവും വേണം എന്ന് മാത്രം. ഇതിനു മെനക്കെടാൻ വയ്യാത്തവർ വിശ്വസിക്കാവുന്ന ഫാമുകളിൽ നിന്നോ നഴ്‌സറികളിൽ നിന്നോ നല്ലയിനം ഗ്രാഫ്റ്റ് തൈകൾ വാങ്ങി നടുന്നതാണ് നല്ലത്. ബങ്കനപ്പള്ളി , മല്ലിക, നീലം, അൽഫോൻസ, കാലപ്പാടി , പ്രിയോര്‍ എന്നിവ നല്ല ഇനങ്ങളാണ്. ഇത് പോലെ വേറെയും പല ഇനങ്ങളുമുണ്ട്.

നമ്മൾ സ്വന്തമായി ഗ്രാഫ്റ്റ് ചെയ്യണമെങ്കിൽ, ഒട്ടിക്കാൻ വേണ്ടി കമ്പുകൾ മുറിച്ചെടുക്കാൻ മാതൃവൃക്ഷം വേണം. മാതൃവൃക്ഷത്തിൽ നിന്ന് ഒട്ടിക്കാൻ വേണ്ടി മുറിച്ചെടുക്കുന്ന കമ്പിനു സയോൺ (Scion) എന്ന് പറയും. ഉദാഹരണത്തിനു നമ്മൾ നല്ലൊരു ഇനം മാവ് സുഹൃത്തിന്റെയോ ബന്ധുവിന്റെയോ വീട്ടിൽ കണ്ടു എന്നിരിക്കട്ടെ. അവരോട് ചോദിച്ച് അതിൽ നിന്ന് സയോണുകൾ ശേഖരിക്കാം. എന്തിലാണോ നമ്മൾ ഒട്ടിക്കുന്നത് അതിനെ റൂട്ട് സ്റ്റോക്ക് (Rootstock) എന്ന് പറയും. സ്റ്റോക്ക് തൈകൾ നമ്മൾ ഏതെങ്കിലും മാങ്ങകൾ വാങ്ങി അതിന്റെ വിത്തുകൾ പോളിബാഗുകളിൽ പാകി മുളപ്പിച്ച് എത്ര തൈകൾ വേണമെങ്കിലും ഉണ്ടാക്കാം. മാങ്ങയണ്ടി (വിത്ത്) മുളച്ച് ആറു മാസം മുതൽ ഒരു വർഷം വരെ പ്രായമുള്ള സ്റ്റോക്ക് തൈകളിൽ അതേ വലിപ്പമുള്ള സയോൺ തണ്ടുകൾ ഒട്ടിച്ചു ചേർക്കാം. വിത്ത് മുളച്ച് രണ്ടാഴ്ചയാകുമ്പോൾ അതിന്റെ ചെമ്പിന്റെ നിറം മാറുന്നതിനു മുൻപ് തന്നെ ഗ്രാഫ്റ്റ് ചെയ്യുന്ന സ്റ്റോൺ ഗ്രാഫ്റ്റിങ്ങ് എന്ന രീതിയും ഇപ്പോൾ പ്രചാരത്തിലുണ്ട്. ആർക്കും എളുപ്പത്തിൽ വിജയകരമായി ചെയ്യാവുന്ന രീതിയാണിത്. സയോണുകൾ ശേഖരിക്കാൻ നല്ലയിനം മാതൃവൃക്ഷങ്ങൾ സ്വന്തം പറമ്പിൽ ഉള്ളവർക്ക് ഗ്രാഫ്റ്റിങ്ങ് നല്ല ഹോബിയാണ്. മാവ് മാത്രമല്ല പ്ലാവ്, പേര, നെല്ലി, സപ്പോട്ട, കശുമാവ്, ആത്ത അങ്ങനെ എന്തിന്റെയും ഒട്ടുതൈകൾ ആർക്കും ഉണ്ടാക്കാൻ സാധിക്കും.

നല്ല വലിപ്പവും ആരോഗ്യവുമുളള വിത്തു (മാങ്ങായണ്ടി) കളിൽ നിന്നുവേണം സ്റ്റോക്ക് തൈകളുണ്ടാക്കുവാൻ. തൈകൾ നല്ല കരുത്തോടെ വളരുന്നവയും തണ്ടിന് തെല്ലും വളവില്ലാത്തതുമായിരിക്കണം. താനേ മുളച്ചുവരുന്ന തൈകളും കരുത്തുളളതാണെങ്കിൽ സ്റ്റോക്കുതൈ ആയെടുക്കാം. ഗ്രാഫ്റ്റിങ്ങ് പല രീതികളിൽ ചെയ്യാം എന്ന് പറഞ്ഞല്ലൊ. അടിസ്ഥാനപരമായ കാര്യങ്ങൾ മനസിലാക്കാൻ ഒരു വീഡിയോ താഴെ കൊടുക്കുന്നു. ബാക്കിയൊക്കെ അവനവന്റെ യുക്തി പോലെ മനസ്സിലാക്കാവുന്നതേയുള്ളൂ. 

യോഗ കാവിവൽക്കരണത്തിലേക്കുള്ള കുറുക്കുവഴി മാത്രം

പതഞ്ജലി മഹർഷിയാൽ എഴുതപ്പെട്ടതാണു യോഗയുടെ സിദ്ധാന്തം  എന്നാണു അറിയപ്പെടുന്നത്.  മഹർഷിമാർ എന്ന് പറയപ്പെടുന്നവർ ചരിത്രപുരുഷന്മാരല്ല. മഹർഷിമാർക്ക് അറിവുകൾ അതായത് ജ്ഞാനം ഉള്ളിൽ നിന്ന് വരുന്നതാണു എന്നാണു സങ്കല്പം. ആധുനികകാലത്ത് അറിവ് എന്നാൽ നമ്മൾ ബാഹ്യലോകത്ത് നിന്ന് ആർജ്ജിക്കുന്നതും.  മഹർഷിമാർ എന്ന മിത്ത് ഹിന്ദു വിശ്വാസങ്ങളിൽ മാത്രമേ കാണപ്പെടുന്നുള്ളൂ.  ഹിന്ദു വിശ്വാസങ്ങളിൽ കൃതികളേക്കാളും വിചിത്രമാണു അതൊക്കെ എഴുതിയ മഹർഷിമാരെ പറ്റിയുള്ള മിത്തുകൾ. രാമായണം എഴുതിയ വാത്മീകി മഹർഷി പൂർവ്വാശ്രമത്തിൽ കാട്ടാളൻ ആയിരുന്നു എന്നും മറ്റ് മഹർഷിമാരുടെ ഉപദേശം അനുസരിച്ച് തപസ്സ് ചെയ്ത് പുറ്റാൽ മൂടപ്പെട്ടു എന്നും അങ്ങനെ പുറ്റിൽ നിന്ന് അതായത്  വൽമീകത്തിൽ നിന്ന് മഹർഷിയായി പുറത്ത് വന്ന് രാമായണം എഴുതി എന്നുമാണു കഥ. അതേ സമയം കഥാപാത്രങ്ങളായ ശ്രീരാമൻ, സീത, അവരുടെ മക്കൾ ലവകുശന്മാർ എന്നിവരുടെ സമകാലീനനായിരുന്നു വാത്മീകി എന്നും വിശ്വസിക്കപ്പെടുന്നു. കഥയും കഥാപാത്രങ്ങളും കഥാകൃത്തും എല്ലാം മിത്തായി മാറുന്ന വിചിത്രമായ അവസ്ഥ. ശാകുന്തളം എഴുതിയ കാളിദാസനെ പറ്റിയും , മഹാഭാരതം എഴുതിയ വ്യാസമുനിയെ പറ്റിയും ഇത് പോലെ മിത്തുകൾ തന്നെയാണുള്ളത്.
  
പതഞ്ജലി മുനി നിർദ്ദേശിച്ച യോഗയിൽ എട്ട് ഘടകങ്ങൾ ഉണ്ട്. അഷ്ടാംഗമാർഗ്ഗം എന്ന് പറയും. അവ ഇപ്രകാരമാണു. 

1) യമം = ആത്മ നിയന്ത്രണമാണ്‌ യമം. മനഃശക്തിയെ ശരിയായ വഴികളിലേക്ക് പ്രചരിപ്പിക്കുകയാണ്‌ ഇത്. ഇത് സാധിക്കണമെങ്കിൽ അഹിംസ, സത്യം, ആസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം എന്നിവയാവശ്യമാണ്‌.

2) നിയമം = ശൗചം (ശരീരശുദ്ധി), സന്തോഷം, തപസ്സ്, സ്വാദ്ധ്യായം, ഈശ്വരഭക്തി, എന്നിവയടങ്ങിയിരിക്കുന്നു.

3) ആസനം = ശരീരത്തിന്റെ ആരോഗ്യത്തിനായി അനുഷ്ഠിക്കേണ്ട സാങ്കേതിക കസർത്തുകളാണു ആസനങ്ങൾ. മനസ്സിനെ നിയന്ത്രിക്കാനായി ശരീരത്തെ നിയന്ത്രിക്കുകയാണു ഇവിടെ ചെയ്യുന്നത്. വിവിധതരം കായികാഭ്യാസങ്ങൾ ഇതിൽ ഉൾപ്പെടുന്നു. യോഗാസനങ്ങൾ എന്നാണിവ അറിയപ്പെടുന്നത്.

4) പ്രാണായാമം = ശ്വാസോച്ഛാസഗതികളെ നിയന്ത്രിക്കുന്നതിനെയാണ്‌ പ്രാണായാമം എന്ന് പറയുന്നത്.

5)പ്രത്യാഹാരം = ഇന്ദ്രിയങ്ങളെ സ്വവിഷയങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുന്നതിന്‌ പ്രത്യാഹാരം എന്ന് വിളിക്കുന്നു.

5) ധാരണ = മനസ്സിനെ ഏകാഗ്രമാക്കുന്നത് ധാരണ എന്ന് അറിയപ്പെടുന്നു.

7)ധ്യാനം = ഈ ഏകാഗ്രമായ മനസ്സിനെ ഏകോപിപ്പിക്കുന്നതിനെ ധ്യാനം എന്ന് പറയുന്നു.

8) സമാധി = ധ്യാനത്തിലൂടെയുള്ള പരിപൂർണ്ണ ജ്ഞാനാഗമനമാണ്‌ സമാധി.

ഇപ്പറഞ്ഞ അഷ്ടാംഗമാർഗ്ഗം എട്ടും അനുഷ്ഠിക്കുന്നവനാണു യോഗി. യോഗ അനുഷ്ഠിക്കുന്നത് കേവലം വ്യായാമത്തിനു വേണ്ടിയല്ല എന്ന് ചുരുക്കം. യോഗ അനുഷ്ഠിക്കേണ്ടത് പ്രാചീന ആര്യഹിന്ദു വിശ്വാസപ്രകാരം യോഗി എന്ന അവസ്ഥയെ പ്രാപിക്കാൻ വേണ്ടിയാണു.  മേൽപ്പറഞ്ഞവയിൽ നാലാമത്തെ ഐറ്റം   പ്രാണായാമമാണു ശ്രീ.ശ്രീ രവിശങ്കർ ജീവനകല എന്ന പേരിൽ മാർക്കറ്റ് ചെയ്ത്  കാശാക്കിയത്. പ്രാണായാമമോ ആസനങ്ങളോ മാത്രം ചെയ്താൽ  യോഗയും യോഗിയും ആവുകയില്ല.  ഇപ്പോൾ പ്രധാനമന്ത്രി യോഗ എന്ന പേരിൽ ചില ആസനങ്ങൾ സർക്കാർ പദ്ധതിയായി പ്രചരിപ്പിക്കുന്നത് കാവിവൽക്കരണത്തിന്റെ ഭാഗമായും സംഘപരിവാർ ഭരണം ഇന്ത്യയിൽ അരക്കിട്ടുറപ്പിക്കാനും മാത്രമാണു. കേരളത്തിൽ  മാർക്സിസ്റ്റ് പാർട്ടി യോഗയുടെ പ്രചാരകരാകുന്നത് യുവാക്കൾ ആർ.എസ്.എസ്സിലേക്ക് ചേക്കേറുന്നത് തടയാനും പാർട്ടിയിൽ പിടിച്ചു നിർത്താനും മാത്രമാണു. വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ വക്താക്കളായ മാർക്സിസ്റ്റ് പാർട്ടി മാർക്സിസവും യോഗയും ഒന്നിച്ചു കൊണ്ടുനടക്കുന്നത് രണ്ടിനോടും ആത്മാർത്ഥതയില്ലാത്ത കറകളഞ്ഞ കാപട്യവും അവസരവാദവും മാത്രമാണു എന്ന് പറയേണ്ടതുണ്ട്.   വെറും ആസനങ്ങളോ പ്രാണായാമമോ ചെയ്താൽ മാത്രം  യോഗയോ യോഗിയോ ആവുകയില്ല എന്ന് പറഞ്ഞല്ലോ. എന്നാൽ  ഇപ്പറഞ്ഞ അഷ്ഠാംഗമാർഗ്ഗം  എട്ടും അനുഷ്ഠിക്കാൻ ഇന്ത്യയിലോ ലോകത്തോ ഒരാളും തയ്യാറാവുകയുമില്ല. അത് കൊണ്ട് ഈ യോഗാചരണം വില കുറഞ്ഞ രാഷ്ട്രീയ ഗിമ്മിക്ക് എന്നതിനപ്പുറം ഒന്നുമല്ല. 

യോഗയിൽ പ്രധാനപ്പെട്ട രണ്ട് ഐറ്റംസ് ആണല്ലോ ആസനങ്ങളും പ്രാണായാമവും. ഇതിൽ ആസനങ്ങൾ എന്ന് പറയുന്നത് നല്ല എക്സർസൈസ് പോലുമല്ല. അതിനു നടത്തം, സൈക്കിൾ ഓടിക്കൽ, നീന്തൽ, വോളിബോൾ കളി എന്നിവ നല്ല വ്യായാമരീതികളാണു. പ്രാണായാമത്തിന്റെ കാര്യം പറയാം. ശ്വസോച്ഛ്വാസ നിയന്ത്രണം ആണല്ലോ പ്രാണായാമം കൊണ്ട് ഉദ്ദേശിക്കുന്നത്. മൂക്കിന്റെ ഇടത് ദ്വാരത്തിലൂടെ ശ്വസിച്ച് അതേ ദ്വാരത്തിലൂടെ ഉച്ഛ്വസിക്കുക, വലത് ദ്വാരത്തിലൂടെ ശ്വസിച്ച് അതേ ദ്വാരത്തിലൂടെ ഉച്ഛ്വസിക്കുക, ഇടത് ദ്വാരത്തിൽ ശ്വസിച്ച് വലതിലൂടെയും , വലതിൽ ശ്വസിച്ച് ഇടതിലൂടെ ഉച്ഛ്വസിക്കുക ഇതൊക്കെയാണു പ്രാണായാമത്തിലെ ശ്വസോച്ഛ്വാസ നിയന്ത്രണങ്ങൾ. എന്തിനാണിങ്ങനെ ചെയ്യുന്നത്. ഇതൊക്കെ ചെയ്തിട്ട് എന്ത് കിട്ടാനാണു? പിംഗള, കുണ്ഡലിനി എന്നൊക്കെ രാജയോഗയിൽ ഉത്തരങ്ങൾ ഉണ്ടാകും. പക്ഷെ അവയവങ്ങൾ മാറ്റി വയ്ക്കുന്ന ഇക്കാലത്ത് ഈ പിംഗളയും കുണ്ഡലിനിയും ഒക്കെ ആരാണു വിശ്വസിക്കുക. യോഗമുറകൾ എഴുതപ്പെടുന്ന പുരാതനകാലത്ത് ഇന്നത്തെ പോലെ ശരീരത്തിന്റെ ആന്തരീകപ്രവർത്തനങ്ങളെ പറ്റി ഒരറിവും ഉണ്ടായിരുന്നില്ല. എന്തൊക്കെയോ അനുമാനങ്ങൾ താളിയോലകളിൽ എഴുതിവെച്ചു. അന്നത് ശാസ്ത്രം, ഇന്നതൊക്കെ വിവരക്കേടുകളാണു.

ശരി, നമ്മൾ എന്തിനാണു ശ്വസിക്കുന്നത്? ഓക്സിജൻ ലഭിക്കാൻ വേണ്ടി എന്ന് എല്ല്ലാവർക്കും അറിയാം. എന്നാൽ എന്തിനാണു ഓക്സിജൻ? ഓക്സിജൻ കിട്ടിയില്ലെങ്കിൽ എന്ത് സംഭവിക്കും. അതും അറിയാം, മരണം സംഭവിക്കും. എന്നാൽ ഓക്സിജൻ കിട്ടിയില്ലെങ്കിൽ മരണം സംഭവിക്കുന്നത് എന്ത്കൊണ്ട്? നമ്മുടെ ശരീരത്തിൽ ജൈവപ്രവർത്തനങ്ങൾ നടക്കണമെങ്കിൽ, ശ്വാസോച്ഛ്വാസം പോലും നടക്കണമെങ്കിൽ, ശരീരം എപ്പോഴും അതിന്റെ ഊഷ്മാവ് നിലനിർത്തണമെങ്കിൽ ശരീരത്തിനു അനവരതം ഊർജ്ജം ലഭിച്ചുകൊണ്ടേയിരിക്കണം. ആ ഊർജ്ജം എവിടെ നിന്ന് കിട്ടും? നമ്മൾ ആഹാരം കഴിച്ചിട്ടുണ്ട്. ആഹാരത്തിലെ അന്നജം എന്ന് പറയുന്ന ഘടകം ദഹനവിധേയമായി ഗ്ലൂക്കോസ് തന്മാത്രയായി മാറി രക്തത്തിൽ പ്രവേശിച്ച് , രക്തം ആ ഗ്ലൂക്കോസിനെ ഓരോ കോശത്തിലും എത്തിച്ചിട്ടുണ്ട്. നമ്മൾ ശ്വസിക്കുന്ന വായുവിലെ ഓക്സിജൻ ശ്വാസകോശത്തിൽ എത്തുകയും അവിടെ നിന്ന് രക്തം ഓക്സിജനെ എടുത്തു കൊണ്ട് ഓരോ കോശത്തിലും എത്തിക്കുകയും ചെയ്യുന്നു. കോശത്തിൽ വെച്ച് ഈ ഓക്സിജൻ ഗ്ലൂക്കോസുമായി ചേർന്ന് കത്തുകയും ഊർജ്ജം പുറത്ത് വരികയും ചെയ്യുന്നു. ഈ ഊർജ്ജമാണു ശരീരത്തെ ജീവനുള്ളതാക്കി നിലനിർത്തുന്നത്. അതായത് ശരീരത്തിൽ ജൈവപ്രവർത്തനങ്ങൾ നടക്കണമെങ്കിൽ കോശങ്ങളിൽ ഇടതടവില്ലാതെ ഊർജ്ജോല്പാദനം നടക്കണം. അതിനു ഓക്സിജൻ വേണം. അതിനാണു ശ്വസിക്കുന്നത്.

ശ്വാസകോശത്തിൽ വെച്ച് രക്തം എങ്ങനെയാണു ഓക്സിജനെ എടുത്തുകൊണ്ട് പോകുന്നത്? രക്തത്തിൽ ചുകപ്പ് രക്താണുക്കളുണ്ട് (Red blood cells). ഓരോ ചുകപ്പ് രക്താണുവിലും ലക്ഷക്കണക്കിനു ഹീമോഗ്ളോബിൻ തന്മാത്രകളുണ്ട്. ഓരോ ഹീമോഗ്ലോബിൻ തന്മാത്രയിലും നാലു വീതം ഇരുമ്പ് (Iron) അണുക്കളുണ്ട്. ഈ ഇരുമ്പ് അണുക്കളാണു ഓക്സിജൻ തന്മാത്രയെ ആകർഷിച്ച് ഹീമോഗ്ളോബിൻ തന്മാത്രയിൽ കയറ്റി രക്തത്തിൽ എത്തിക്കുന്നത്. അപ്പോൾ നമ്മൾ ശ്വസിച്ചാൽ മാത്രം പോര. രക്തത്തിൽ ആവശ്യത്തിനു ഇരുമ്പ് ഉണ്ടെങ്കിൽ മാത്രമേ ഓക്സിജൻ കോശങ്ങളിൽ എത്തുകയുള്ളൂ. രക്തത്തിനു ചുകപ്പ് നിറം ഉണ്ടാകാൻ കാരണം തന്നെ ഹീമോഗ്ളോബിനിലെ ഇരുമ്പ് ആറ്റങ്ങൾ ആണെന്ന് പറയുമ്പോൾ ഇരുമ്പിന്റെ പ്രാധാന്യം അറിയാമല്ലൊ. ഇരുമ്പ് കുറഞ്ഞാൽ അനീമിയ അഥവാ വിളർച്ച ഉണ്ടാകുന്നു. ഇരുമ്പിന്റെ അഭാവത്തിൽ കോശങ്ങൾക്ക് ആവശ്യത്തിനു ഓക്സിജൻ അപ്പോൾ ലഭിക്കാത്തത് കൊണ്ടാണു അങ്ങനെ സംഭവിക്കുന്നത്.

ഇനി പറയൂ, പ്രാണായാമം എന്ന കസർത്ത് കൊണ്ട് എന്ത് പ്രയോജനമാണു ലഭിക്കുക. ഒരാൾക്ക് ആവശ്യമുള്ള ഓക്സിജൻ അയാൾ ശ്വസിച്ചിരിക്കും. പ്രാണായാമം ഒന്നും ചെയ്യേണ്ടതില്ല. ഓടുമ്പോഴും കഠിനാധ്വാനം ചെയ്യുമ്പോഴും കിതക്കുന്നത് എന്തിനെന്നറിയാമോ? അപ്പോൾ അയാൾക്ക് കൂടുതൽ ഊർജ്ജം വേണ്ടി വരുന്നു. കൂടുതൽ ഊർജ്ജം ഉണ്ടാകണമെങ്കിൽ കൂടുതൽ ഗ്ലൂക്കോസ് ബേൺ ആകണം. കൂടുതൽ ഗ്ലൂക്കോസ് ബേൺ ആകണമെങ്കിൽ കൂടുതൽ ഓക്സിജൻ കിട്ടണം. കൂടുതൽ ഓക്സിജൻ കിട്ടണമെങ്കിൽ കൂടുതൽ വായു ശ്വാസകോശത്തിൽ എത്തണം. അതിനാണു കിതപ്പ്. കിതക്കാൻ ഓർഡർ കൊടുക്കുന്നത് തലച്ചോറിൽ നിന്ന്. ഇതൊക്കെ നോക്കി നിയന്ത്രിക്കാൻ തലച്ചോറുണ്ട്. യോഗ ചെയ്യുമ്പോൾ അധികം ഓക്സിജൻ ഒന്നും കിട്ടുകയില്ല. അതിന്റെ ആവശ്യവുമില്ല. നമ്മുടെ രക്തത്തിൽ ഓക്സിജന്റെ അളവ് എപ്പോഴും ചെറിയ വ്യതിയാനങ്ങളോടെ സ്ഥിരമായിരിക്കും. പിന്നെ ശ്വാസഗതി നീയന്ത്രിച്ച് മന്ദഗതിയിലാക്കിയാൽ ആയുസ്സ് ഇരട്ടിയാക്കാൻ പറ്റും അതിനുള്ള ശാസോച്ഛ്വാസ നിയന്ത്രണമാണു പ്രാണായാമം എന്നൊക്കെ പതഞ്ജലി സിദ്ധാന്തത്തിൽ പറയുന്നുണ്ട്. അതൊക്കെ ഇന്ന് ആരെങ്കിലും വിശ്വസിക്കുമോ? എന്തായാലും  യോഗ വലിയ കാര്യം പോലെ സർക്കാർ പ്രമോട്ട് ചെയ്യുന്നത്, ജനങ്ങളെ അന്ധവിശ്വാസങ്ങളിൽ കുടുക്കിയിട്ട് അധികാരം നിലനിർത്താനാണു. ഇത് ഒരു മാതിരി താലിബാനിസമാണു. പുരോഗമനശക്തികൾ ഇതിനെതിരെ  ജാഗ്രത പാലിക്കുകയും ശാസ്ത്രീയചിന്ത സമൂഹത്തിൽ പ്രചരിപ്പിക്കാൻ മുന്നോട്ട് വരികയും വേണം.

വാക്സിനേഷൻ എന്നാൽ എന്ത്?

വാക്സിനേഷൻ എന്നാൽ എന്ത് എന്ന് ചോദിച്ചാൽ ഒരു രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ അതിനെ ചെറുത്ത് തോല്പിക്കാൻ ശരീരത്തിലെ പ്രതിരോധ സംവിധാനത്തിനു നൽകുന്ന ഒരു റിഹേഴ്സൽ ആണെന്ന് ആലങ്കാരികമായി പറയാം. പ്രതിരോധ സംവിധാനം എന്നാൽ എന്ത് എന്ന് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. നമ്മുടെ ശരീരത്തെ അക്രമിക്കുന്ന അന്യപദാർത്ഥങ്ങളെ ചെറുക്കാൻ വേണ്ടി ശരീരം നിർമ്മിക്കുന്ന ആന്റിബോഡികളും അത് നിർമ്മിക്കുന്ന പ്രവർത്തനവും ചേർന്നതാണു പ്രതിരോധ സംവിധാനം. ശരീരത്തെ ആക്രമിക്കുന്ന പദാർഥങ്ങളെ ആന്റിജൻ എന്നും പറയുന്നു. ആന്റിബോഡി എന്ന് പറയുന്നത് പ്രോട്ടീൻ പദാർത്ഥമാണു. രക്തത്തിലെ പ്ലാസ്മയിൽ വെച്ചാണു ആന്റിബോഡി നിർമ്മിക്കപ്പെടുന്നത്. ഒരു ആന്റിബോഡി എല്ലാ ആന്റിജനുകളെയും ചെറുക്കുകയില്ല. ഓരോ ആന്റിജനെയും ചെറുക്കാൻ അതാതിനെതിരെ പ്രത്യേകം പ്രത്യേകം ആന്റിബോഡി നിർമ്മിക്കുകയാണു ശരീരം ചെയ്യുന്നത്.  രോഗങ്ങൾ ഉണ്ടാക്കുന്ന എല്ലാ രോഗാണുക്കളെയുമാണു ആന്റിജൻ എന്ന വാക്ക് കൊണ്ട് പറയുന്നത്. എന്നാൽ ആന്റിജൻ എന്ന വാക്ക് ഉപയോഗിക്കുന്നത് രോഗാണുക്കളെ ഉദ്ദേശിച്ച് മാത്രമല്ല അലർജി ഉണ്ടാക്കുന്ന അന്യപദാർത്ഥങ്ങളെയും ആന്റിജൻ എന്നാണു പറയുക.

ജന്മനാ ഒരാളിൽ രോഗപ്രതിരോധശേഷി ഉണ്ട് എന്ന് പറയുമ്പോൾ ഒരുപാട് രോഗാണുക്കളെ പ്രതിരോധിക്കാനുള്ള ആന്റിബോഡികളോ അല്ലെങ്കിൽ ആന്റിബോഡി നിർമ്മിക്കാനുള്ള മെമ്മറിയോ ശരീരത്തിൽ ഉണ്ട് എന്നാണർത്ഥം. എന്തിനാണു ഇങ്ങനെ പറയുന്നത് എന്ന് ചോദിച്ചാൽ ഹോമിയോക്കാരും പ്രകൃതിചികിത്സക്കാരും ആന്റിബോഡികളിലോ രോഗാണുക്കളിലോ വിശ്വസിക്കുന്നില്ല. രോഗം ഉണ്ടാക്കുന്നത് രോഗാണുക്കളല്ല, അത്കൊണ്ട് രോഗാണുക്കളെ പ്രതിരോധിക്കാൻ ആന്റിബോഡികളുമില്ല എന്നാണു പ്രകൃതി-ഹോമിയോക്കാരുടെ വാദം. അത്കൊണ്ട് വാക്സിനേഷനും ആവശ്യമില്ല എന്നും അവർ വാദിക്കുന്നു. വാക്സിനേഷൻ എന്ത് കൊണ്ട് ആവശ്യമാണു എന്ന് മനസ്സിലാകണമെങ്കിൽ നമ്മൾ രോഗാണുക്കൾ എന്തെന്നും ആന്റിബോഡികൾ എന്തെന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു. രോഗപ്രതിരോധം എന്നത് ജന്മനാ ലഭിക്കുന്ന ശക്തിയാണെന്നും മതിയായ ആഹാരം കഴിച്ചാൽ പ്രതിരോധശക്തി വർദ്ധിക്കും എന്നുമാണു പ്രകൃതിവാദക്കാരുടെ വാദം. അത് തെറ്റാണു. എല്ലാ പോഷകഘടങ്ങളും അടങ്ങിയ സമീകൃതാഹാരം കഴിച്ചാൽ മാത്രമേ ആരോഗ്യം ഉണ്ടാവുകയും ആന്റിബോഡികൾ അടക്കം ശരീരം ആവശ്യമായ എല്ലാ കോശങ്ങളും നിർമ്മിക്കുകയുമുള്ളൂ. അത് വേറെ കാര്യം. പക്ഷെ രോഗവും പ്രതിരോധവും നമ്മൾ വസ്തുനിഷ്ഠമായി മനസ്സിലാക്കണം.

പറഞ്ഞ് വന്നത് ജന്മനാ ഒരാളിൽ പ്രതിരോധശേഷി അഥവാ പല രോഗാണുക്കളെയും ചെറുക്കാനുള്ള ആന്റിബോഡികൾ ഉണ്ട്. പല ആന്റിബോഡികൾ ഇല്ലെങ്കിലും അത് നിർമ്മിക്കാനുള്ള മെമ്മറി ഉണ്ടാകും. ഇങ്ങനെ ജന്മനാ ഉള്ള പ്രതിരോധശേഷിയെ നമ്മൾ ആർജ്ജിത പ്രതിരോധശേഷി അല്ലെങ്കിൽ Acquired immunity എന്ന് പറയുന്നു. നമുക്ക് പല രോഗങ്ങളും വരാതിരിക്കുന്നത് ഈ ഇമ്മ്യൂണിറ്റി പ്രവർത്തിക്കുന്നത് കൊണ്ടാണു. പലവിധ രോഗാണുക്കൾക്ക് നടുവിലാണു നമ്മൾ ജീവിയ്ക്കുന്നത്. പക്ഷെ അതൊന്നും ബാധിക്കാതെ ഇമ്മ്യൂണിറ്റി നമ്മെ സംരക്ഷിക്കുന്നു. നമ്മൾ അതൊന്നും അറിയുന്നില്ല എന്ന് മാത്രം. എന്നാൽ എല്ലാ രോഗാണുക്കളെയും ചെറുക്കാൻ അത്രയും ആന്റിബോഡികൾ നമ്മുടെ ശരീരത്തിൽ ഇല്ല എന്നും ഓർക്കണം. അപ്പോൾ പുതിയ ഒരു രോഗാണു നമ്മളെ അക്രമിച്ചാൽ എന്ത് സംഭവിക്കും? ഉദാഹരണത്തിനു ചിക്കൻപോക്സ് ബാധിച്ചാൽ എന്ത് ചെയ്യും?  

varicella-zoster എന്ന virus ആണു ചിക്കൻപോക്സ് ഉണ്ടാക്കുന്നത്. രോഗങ്ങൾ എന്ത് ആയാലും അതുണ്ടാക്കുന്ന സൂക്ഷ്മജീവികളെ നമ്മൾ പൊതുവെ  ബാക്റ്റീരിയ, വൈറസ്സ്, അമീബ എന്നിങ്ങനെയാണു പറയുക. ചിക്കൻപോക്സ് വൈറസ്സ് ശരീരത്തിൽ പ്രവേശിച്ചാൽ, അതിനെതിരെയുള്ള ആന്റിബോഡി നിർമ്മിക്കാൻ ശരീരം തയ്യാറാവുന്നു. അതിനു ചിലപ്പോൾ ദിവസങ്ങൾ എടുത്തേക്കാം. ആന്റിബോഡികൾ നിർമ്മിക്കപ്പെടുകയും പെറ്റുപെരുകിയ വൈറസ്സുകളെ നശിപ്പിക്കുകയും ചെയ്യുന്ന ആ കാലയളവിനെയാണു നമ്മൾ രോഗാവസ്ഥ എന്ന് പറയുന്നത്. അപ്പോൾ നമ്മുടെ ശരീരത്തിൽ ചിക്കൻപോക്സിനെതിരെയുള്ള ആന്റിബോഡികൾ കൂടി കൂട്ടിച്ചേർക്കപ്പെട്ടു. രോഗം മാറിയാൽ ആ ആന്റിബോഡികൾ - ആ പ്രോട്ടീൻ തന്മാത്രകൾ- ശരീരത്തിൽ പിന്നീട് വിഘടിപ്പിക്കപ്പെടുന്നു. പക്ഷെ ആ ആന്റിബോഡി നിർമ്മിക്കാനാവശ്യമായ മെമ്മറി നമ്മുടെ പ്രതിരോധസംവിധാനത്തിന്റെ ഭാഗമാകുന്നു. പിന്നെ എപ്പോഴെങ്കിലും ചിക്കൻപോക്സിന്റെ വൈറസ്സ് ശരീരത്തിൽ കടന്നാലും അപ്പോൾ തന്നെ ആന്റിബോഡികൾ നിർമ്മിക്കപ്പെടുകയും ആ വൈറസ്സ് നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. ആദ്യം ചിക്കൻപോക്സ് ബാധിച്ചപ്പോൾ ആന്റിബോഡി നിർമ്മിക്കാനാവശ്യമായ മെമ്മറി അവിടെ ഉള്ളത് കൊണ്ടാണു വീണ്ടും ചിക്കൻപോക്സ് വൈറസ്സ് എന്ന ആന്റിജൻ ശരീരത്തിൽ പ്രവേശിച്ചപ്പോൾ തൽക്ഷണം തന്നെ എതിരായ ആന്റിബോഡി നിർമ്മിക്കാൻ ശരീരത്തിനു കഴിഞ്ഞതും രോഗം ബാധിക്കാതിരുന്നതും. അതായത് ചില രോഗങ്ങൾ ഒരിക്കൽ ബാധിച്ചാൽ പിന്നെ ബാധിക്കുകയില്ല. ഈ തത്വം അനുസരിച്ചാണു വാക്സിനേഷൻ പ്രവർത്തിക്കുന്നത്.


വസൂരി ഒരിക്കൽ ബാധിച്ചാൽ പിന്നെ ബാധിക്കുകയില്ല എന്ന് പണ്ടേ ആളുകൾക്ക് അറിയാമായിരുന്നു. പക്ഷെ വസൂരി ബാധിച്ചാൽ രക്ഷപ്പെടുന്നവർ ചുരുക്കമായിരുന്നു. അത്രയധികം മാരകമായിരുന്നു വസൂരി ഉണ്ടാക്കുന്ന വൈറസ്സ്. വസൂരിക്കെതിരെയാണു ആദ്യമായി വാക്സിൻ കണ്ടുപിടിക്കുന്നത്. അതിന്റെ ചരിത്രം വിസ്താരഭയത്താൽ ഇവിടെ വിവരിക്കുന്നില്ല. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ലോകത്ത് ജനിക്കുന്ന എല്ലാ ശിശുക്കൾക്കും നിർബ്ബന്ധിത പ്രതിരോധകുത്തിവയ്പ്പ് നൽകപ്പെട്ടപ്പോൾ വസുരി ഉണ്ടാക്കുന്ന variola എന്ന വൈറസ്സ് ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായി. ഇപ്പോൾ തിരിച്ചറിയാൻ വേണ്ടി മാത്രം ലോകത്തെ ചില ലബോറട്ടറികളിൽ ഈ വൈറസ്സിനെ സൂക്ഷിച്ചിട്ടുണ്ട്. വാക്സിനേഷനിലൂടെ ലോകത്ത് നിന്ന് ആദ്യമായി സമ്പൂർണ്ണനിർമ്മാർജ്ജനം ചെയ്ത രോഗമായി വസൂരിയെ 1980ൽ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. 


എങ്ങനെയാണു വാക്സിൻ പ്രവർത്തിക്കുന്നത് എന്ന് നോക്കാം. നിർജ്ജീവമാക്കിയ രോഗാണുക്കളെയാണു വാക്സിൻ ആയി നൽകുന്നത്. അതായത് നിർജ്ജീവമാക്കിയ പോളിയോ വൈറസ്സ് ആണു പോളിയോ വാക്സിനിൽ ഉള്ളത്. ആ വാക്സിൻ ശരീരത്തിൽ എത്തുമ്പോൾ പുതിയൊരു ആന്റിജൻ കടന്നാക്രമിച്ചതായി ശരീരം മനസ്സിലാക്കുന്നു. ഉടൻ തന്നെ ആ ആന്റിജനെതിരെ അതായത് പോളിയോ വൈറസ്സിനെതിരെയുള്ള ആന്റിബോഡികൾ ശരീരം നിർമ്മിച്ചു തുടങ്ങുന്നു. അത് നിർജ്ജീവമാണെന്നും പെറ്റ് പെരുകി രോഗം ഉണ്ടാക്കുകയില്ല എന്നും ശരീരത്തിനു അറിയില്ലല്ലൊ. അങ്ങനെ പോളിയോക്കെതിരെയുള്ള ആന്റിബോഡികൾ നിർമ്മിക്കപ്പെട്ടുകഴിഞ്ഞാൽ പിന്നെ ആ ആന്റിബോഡികളും ആദ്യം നൽകിയ വാക്സിനിലെ നിർജ്ജീവ വൈറസ്സ് കോശങ്ങളും വിഘടിക്കപ്പെട്ടുപോകുന്നു. പക്ഷെ പോളിയോക്കെതിരെ ആന്റിബോഡി നിർമ്മിക്കാനാവശ്യമായ മെമ്മറി പ്രതിരോധ സംവിധാനത്തിന്റെ ഭാഗമാകുന്നു. പിന്നെയൊരിക്കലും പോളിയോ വൈറസ്സിനു ശരീരത്തിൽ കടന്ന് പെറ്റ് പെരുകി പോളിയോ രോഗം ഉണ്ടാക്കാൻ കഴിയില്ല. ഇതാണു വാക്സിനേഷന്റെ തത്വവും വാക്സിനേഷൻ പ്രവർത്തിക്കുന്ന രീതിയും. 

തൊണ്ടമുള്ള് (Diphtheria), വില്ലൻ ചുമ (Pertusis), കുതിരസന്നി (Tetanus), ഹെപാറ്റിറ്റിസ് -ബി (Hepatitis -B), ഹീമോഫിലസ് ഇൻഫ്ലൂവൻസ ഇനം-ബി (Hib : Hemophilus influenza type-b) എന്നീ അഞ്ച് മാരകരോഗങ്ങൾക്കെതിരെ സംരക്ഷണം നൽകുന്ന പെന്റാവാലന്റ് എന്ന വാക്സിൻ പുതിയതായി കണ്ടുപിടിച്ച്, ലോകാരോഗ്യ സംഘടന ശുപാർശ ചെയ്തതാണു. പെന്റാവാലന്റ് തുടങ്ങി എല്ലാ വാക്സിനും വാക്സിനേഷനും എതിരെ പ്രചരണം നടത്തുന്നവർ മനുഷ്യവംശത്തിന്റെ ഘാതകരാണു. അറിവില്ലായ്മ കൊണ്ടും, തങ്ങളുടെ അറിവില്ലായ്മയെ അറിവായി തെറ്റിദ്ധരിക്കുന്നത് കൊണ്ടുമാണു അവർ അങ്ങനെ പ്രചരിപ്പിക്കുന്നത്. അല്ലാതെ ബോധപൂർവ്വം നാട്ടിൽ മാരകരോഗങ്ങളെ തിരിച്ചു വിളിച്ചു ആളുകളെ കൊല്ലിക്കാനല്ല. അത്കൊണ്ട് വാക്സിനേഷനെ പറ്റി ഒരു സാമാന്യമായ അറിവ് നൽകാൻ വേണ്ടിയാണു ഈ കുറിപ്പ് എഴുതിയത്. സാങ്കേതിമായ പദങ്ങളും വിവരങ്ങളും ഒഴിവാക്കിയത് എല്ലാവർക്കും അടിസ്ഥാനവിവരം മനസ്സിലാക്കിത്തരിക എന്ന ഉദ്ദേശത്തിൽ ലളിതമാക്കാൻ വേണ്ടിയാണു.

ഇന്റർനെറ്റ് എന്നാൽ എന്ത് ?

ഇന്റർനെറ്റിനെ കുറിച്ച് എത്ര എഴുതിയാലും തീരുകയില്ല. അത്രയും ബ്രഹത്തായ ഒരു സംഗതിയാണു ഇന്റർനെറ്റ്. ലോകത്തുള്ള എല്ലാ കമ്പ്യൂട്ടറുകളെയും, കമ്പ്യൂട്ടർ നെറ്റ്‌വർക്കുകളെയും ബന്ധിപ്പിക്കുന്ന ഒരു ആഗോള നെറ്റ്‌വർക്ക് എന്ന് ഇന്റർനെറ്റിനെ വിശേഷിപ്പിക്കാം. നമ്മുടെ കമ്പ്യൂട്ടർ ഇന്റർനെറ്റിൽ കണക്റ്റഡ് ആകുമ്പോൾ അങ്ങനെ കണക്റ്റഡ് ആയ എത്രയോ കോടി കമ്പ്യൂട്ടറുകളുമായി നമ്മുടെ കമ്പ്യൂട്ടറും കണക്റ്റഡ് ആകുന്നു. അങ്ങനെ ലോകത്തുള്ള ഏത് കമ്പ്യൂട്ടറുമായും നമുക്ക് ആശയവിനിമയും വിവരവിനിമയവും സാധ്യമാകുന്നു. ഇത്രയും പറഞ്ഞാൽ ഇന്റർനെറ്റ് എന്നതിന്റെ നിർവ്വചനമായി.
 
ഇങ്ങനെ കമ്പ്യൂട്ടറുകളെ പരസ്പരം കണക്റ്റ് ചെയ്യാൻ പഴയ ടെലഫോൺ നെറ്റ്‌വർക്കിന്റെ കേബിളുകളും (copper cables) പിന്നെ ഓപ്റ്റിക്കൽ ഫൈബർ കേബിളുകളും സാറ്റലൈറ്റുകളും ഉപയോഗിക്കുന്നു. ലോകമാസകലം വ്യാപിച്ചു കിടക്കുന്ന ടെലഫോൺ നെറ്റ്‌വർക്ക് ആണു ഇന്റർനെറ്റ് എന്ന ഈ ആഗോള നെറ്റ്‌വർക്ക് സുസാധ്യമാക്കിയത്. ശരിക്കും ഇന്റർനെറ്റ് എന്താണു ചെയ്യുന്നത്? ഒരു കമ്പ്യൂട്ടറിൽ ശേഖരിച്ചിട്ടുള്ള ഡാറ്റ ലോകത്തുള്ള ഏത് കമ്പ്യൂട്ടറിലേക്കും എത്തിച്ചുകൊടുക്കുന്നു. അത്കൊണ്ട് ലോകത്തുള്ള ഏത് കമ്പ്യൂട്ടറുകളിൽ നിന്നും ഡാറ്റകൾ നമ്മുടെ കമ്പ്യൂട്ടറിലേക്ക് എത്തിക്കാനും കഴിയുന്നു. എന്ത്കൊണ്ടാണു ഡാറ്റ എന്ന് പറയുന്നത്. വിവരങ്ങൾ അത് ടെക്സ്റ്റ് ആയാലും ചിത്രം ആയാലും ശബ്ദം ആയാലും വീഡിയോ ആയാലും അതൊക്കെ ഡാറ്റയാക്കി മാറ്റിയിട്ടാണു കമ്പ്യൂട്ടർ സൂക്ഷിക്കുന്നതും നെറ്റ്‌വർക്കിലെ മറ്റ് കമ്പ്യൂട്ടറുകൾക്ക് കൈമാറുന്നത്. 


കമ്പ്യൂട്ടർ ഡാറ്റയുടെ അടിസ്ഥാന യുനിറ്റ് ഒരു ബൈറ്റ് ആണു. ഉദാഹരണത്തിനു ഒരു ഇമേജ് എത്രയോ ബൈറ്റുകളുള്ള ഡാറ്റയാക്കി കമ്പ്യൂട്ടർ മാറ്റുന്നു.   8 ബിറ്റുകൾ ചേർന്നതാണു ഒരു ബൈറ്റ്. ഒരു ബിറ്റ് എന്ന് പറഞ്ഞാൽ 0 അല്ലെങ്കിൽ 1 എന്ന സംഖ്യ ആയിരിക്കും. പൂജ്യമോ ഒന്നോ എന്ന ബൈനറി സംഖ്യകൾ ചേർന്ന് ബൈറ്റുകളും ബൈറ്റുകൾ ചേർന്ന് ഡാറ്റകളും ആകുന്നു. ഇങ്ങനെ ഡാറ്റകളാണു ഇന്റർനെറ്റിലൂടെ ഓരോ കമ്പ്യൂട്ടറും അന്യോന്യം കൈമാറ്റം ചെയ്യുന്നത്. ഈ പൂജ്യവും (0) ഒന്നും (1) യഥാർത്ഥത്തിൽ സ്വിച്ച് ഓൺ അല്ലെങ്കിൽ ഓഫ് ആകുന്നതിനു തുല്യമാണു. അതായത് എലക്ട്രിക് സിഗ്നൽ ഇല്ല എന്നതിനെ പൂജ്യവും സിഗ്നൽ ഉണ്ട് എന്നതിനെ ഒന്നും പ്രതിനിധീകരിക്കുന്നു. അത്കൊണ്ട് കമ്പ്യൂട്ടറിനു പൂജ്യം അല്ലെങ്കിൽ ഒന്ന് എന്ന ഭാഷ മാത്രമേ മനസിലാകൂ എന്ന് നമ്മൾ ആലങ്കാരികമായി പറയുന്നു. ഉദാഹരണത്തിനു നമ്മൾ കീബോർഡിൽ
'C' എന്ന് ടൈപ്പ് ചെയ്താൽ കമ്പ്യൂട്ടറിൽ അത് 01000011 എന്നായി മാറുന്നു. ഇത് ഡാറ്റയുടെ ഒരു യൂനിറ്റ് അല്ലെങ്കിൽ ബൈറ്റ് ആണു. അതേ സമയം ശബ്ദത്തിന്റെ ഒരു നിശ്ചിത ഡെസിബലും ഇമേജിലെ ഒരു പുള്ളിയും കൂടി 01000011 എന്ന ബൈറ്റ് റിപ്രസന്റ് കെയ്യുന്നുണ്ട്. ഒരു ഡാറ്റ ഏത് രൂപത്തിൽ ഉപയോഗിക്കണം എന്ന് കമ്പ്യൂട്ടർ തീരുമാനിക്കുന്നു. ഞാൻ കൂടുതൽ പറഞ്ഞ് സങ്കീർണ്ണമാക്കുന്നില്ല. ഡാറ്റകൾ 0 അല്ലെങ്കിൽ 1 എന്ന നമ്പറുകളായി പരിവർത്തിക്കപ്പെടുന്നു എന്ന് മാത്രം ആദ്യം മനസ്സിലാക്കി വയ്ക്കുക.

ടെലിഫോൺ ലൈനിൽ കൂടിയാണല്ലോ ഇന്റർനെറ്റിൽ ഡാറ്റകൾ സഞ്ചരിക്കുന്നത്. മൊബൈൽ ഇന്റർനെറ്റിനെ കുറിച്ച് വേറെ അധ്യായത്തിൽ പറയാം. ടെലിഫോൺ ലൈനിൽ കൂടി എങ്ങനെയാണു ഡാറ്റ വിനിമയം സാധ്യമാകുന്നത് എന്ന് നോക്കാം. നിങ്ങൾ അമേരിക്കയിലെ ഒരു സുഹൃത്തിനെ ലാൻഡ്ഫോണിൽ വിളിക്കുന്നു എന്ന് സങ്കല്പിക്കുക. അപ്പോൾ നിങ്ങൾക്കും അമേരിക്കയിലെ സുഹൃത്തിനും ഇടയിൽ  ടെലിഫോൺ ശൃംഖലയിൽ ഒരു ഡയരക്ട് കണക്‌ഷൻ  ( circuit) തുറക്കുകയാണു. നിങ്ങൾ സംസാരിക്കുന്ന സമയത്തെല്ലാം ആ കണക്‌ഷൻ നിങ്ങൾക്ക് മാത്രമായിരിക്കും. ആ ലൈനിൽ മറ്റൊരാൾക്ക് സംസാരിക്കാനോ  മറ്റൊരു ഡാറ്റ ആ ലൈനിലൂടെ കൈമാറാനോ കഴിയില്ല. ഈ രീതിയിൽ ഫോണുകളെ ബന്ധിപ്പിക്കുന്നതിനു circuit switching എന്നാണു പറയുക. എസ്.ടി.ഡി.യും ഐ.എസ്.ഡി.യും വരുന്നതിനു മുൻപ് ലോക്കൽ എക്സ്ചേഞ്ചുകളിൽ ഒരാൾ ഇരുന്നു മാന്വൽ ആയി വയറുകളെ ബന്ധിപ്പിച്ച് കണക്റ്റ് ചെയ്യണമായിരുന്നു. പിന്നെയാണു ഓട്ടോമാറ്റിക്ക് ടെലഫോൺ എക്സ്ചേഞ്ചുകൾ വരുന്നത്. 

ഇന്റർനെറ്റ് ആദ്യം വന്നപ്പോൾ ഡയൽഅപ്പ് സമ്പ്രദായത്തിൽ ഈ circuit switching രീതിയിൽ തന്നെയാണു നിലവിൽ വന്നത്. നമ്മൾ നമ്മുടെ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡറുടെ (ബി.എസ്.എൻ.എൽ)  സർവർ കമ്പ്യൂട്ടറിലേക്ക് നമ്മുടെ ഫോൺ നമ്പറിൽ നിന്ന് ഡയൽ ചെയ്യുന്നു. അപ്പോൾ നമുക്ക് circuit switching രീതിയിൽ ഇന്റർനെറ്റിൽ കണക്റ്റഡ് ആയ മറ്റ് കമ്പ്യൂട്ടറുകളുമായി കണക്‌ഷൻ ലഭിക്കുന്നു. പക്ഷെ വളരെ കുറഞ്ഞ സ്പീഡിൽ മാത്രമേ ഡാറ്റകൾ ഡൗൺലോഡും അപ്‌ലോഡും ആയിരുന്നുള്ളൂ. മാത്രമല്ല, ഇന്റർനെറ്റിൽ കണക്റ്റ് ആയാൽ വോയ്സ് കോൾ സാധ്യമായിരുന്നില്ല. ഫോൺ വിളിക്കുമ്പോൾ ഇന്റർനെറ്റ് ബ്രൗസിങ്ങും സാധ്യമായിരുന്നില്ല. പിന്നെയാണു ബ്രോഡ്‌ബാന്റ് എന്ന സാങ്കേതിക വിദ്യയും Packet switching എന്ന സമ്പ്രദായവും വരുന്നത്. ബ്രോഡ്‌ബാൻഡ് എന്ന ടെക്‌നോളജിയിൽ ടെലഫോൺ ലൈൻ ഒരുപാട് ചാനലുകളായി മാറ്റുകയാണു. അതായത് മുൻപ് ഫോൺ വിളിക്കാനും ഇന്റർനെറ്റിൽ കണക്റ്റ് ചെയ്യാനും ഒരേ ഒരു ലൈൻ എന്നതിനു പകരം ഒരു ലൈൻ പല ചാനലുകളായി വിഭജിക്കുകയാണു. അപ്പോൾ ഫോൺ വിളിക്കാൻ കുറച്ചു ചാനലും ഇന്റർനെറ്റിൽ കണക്റ്റ് ചെയ്യാൻ വേറെ കുറെ ചാനലുകളും ലഭ്യമാകുന്നു. നമ്മുടെ വീട്ടിലേക്ക് വരുന്ന ടെലിഫോൺ കേബിളിലെ ചെമ്പ് കമ്പിയിലൂടെയാണിത് എന്ന് ഓർക്കുമല്ലോ.

ഡയൽഅപ്പ് മോഡിൽ circuit switching രീതിയിൽ നമ്മൾ ഇ-മെയിൽ, ചിത്രങ്ങൾ മുതലായ ഡാറ്റകൾ അയക്കുമ്പോൾ അതൊക്കെ ഒരുമിച്ചാണു കേബിളിലൂടെയുള്ള ഒറ്റ ലൈനിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നത് എന്ന് പറഞ്ഞല്ലൊ. എന്നാൽ ബ്രോഡ്‌ബാന്റിൽ ഒരേ ലൈനിൽ കുറേ ചാനലുകളും ലഭ്യമായി എന്നും പറഞ്ഞു. അതേ സമയം Packet switching രീതിയിൽ ഡാറ്റകൾ അയയ്ക്കുകയും സ്വീകരിക്കുന്ന രീതിക്കും മാറ്റമുണ്ടായി. അതായത് നമ്മൾ ഒരു ഡാറ്റ അത് എത്ര കെബിയോ എം‌ബിയോ ആയാലും ആ ഡാറ്റ പായ്കറ്റുകളായി കഷണം കഷണം ആക്കിയിട്ടാണു അയക്കുന്നത്. ഇങ്ങനെ നമ്മൾ അയയ്ക്കുന്നതും സ്വീകരിക്കുന്നതുമായ ഡാറ്റകൾ പായ്കറ്റുകളാക്കുകയും എത്തേണ്ടിടത്ത് എത്തിയാൽ വീണ്ടും യോജിപ്പിച്ച് ഡാറ്റകൾ ആക്കി മാറ്റുന്നതിനെയാണു Packet switching എന്ന് പറയുന്നത്. പായ്കറ്റുകൾ ഒരുമിച്ചല്ല സഞ്ചരിക്കുക. ഏതെല്ലാം ചാനലുകളാണു തിരക്കില്ലാത്തത് എന്ന് നോക്കി വെവ്വേറെ റൂട്ടിൽ തടസ്സമില്ലാതെയും സ്പീഡിൽ സഞ്ചരിച്ച് എത്തേണ്ട കമ്പ്യൂട്ടറിൽ എത്തി ഒരുമിച്ച് ആദ്യത്തെ ഡാറ്റയായി മാറുന്നു.

എന്നാൽ ടെലഫോൺ കേബിളിലൂടെ ഡിജിറ്റൽ ഡാറ്റകൾ സഞ്ചരിക്കുകയില്ല. നമ്മൾ ഫോണിൽ സംസാരിക്കുമ്പോൾ നാം പുറപ്പെടുവിക്കുന്ന ശബ്ദതരംഗങ്ങൾ വൈദ്യുതതരംഗങ്ങളായിട്ടാണു ടെലിഫോൺ കേബിളിലൂടെ സഞ്ചരിക്കുന്നത്.  ഫോൺ റസീവറിലെ സംസാരിക്കുന്ന തലക്കൽ ശബ്ദത്തെ വൈദ്യുതതരംഗമായും, കേൾക്കുന്ന തലക്കൽ വൈദ്യുതതരംഗത്തെ ശബ്ദതരംഗമായും മാറ്റുന്ന സംവിധാനമുണ്ട്. അങ്ങനെയാണു നമുക്ക് ഫോൺ സംഭാഷണം സാധ്യമാകുന്നത്. ഫോൺ കേബിളിലൂടെ സഞ്ചരിക്കുന്ന വൈദ്യുതതരംഗം അനലോഗ് വേവ്‌സ് ആണു. ഇതിനാണു മോഡം എന്ന ഉപകരണം. കമ്പ്യൂട്ടറിലെ ഡിജിറ്റൽ ഡാറ്റ മോഡം, അനലോഗ് തരംഗങ്ങളാക്കി മാറ്റുന്നു. അതായത് കമ്പ്യൂട്ടറിനും ടെലഫോൺ കേബിളിനും ഇടയിൽ പ്രവർത്തിക്കുന്ന ദ്വിഭാഷിയാണു മോഡം. 

ലോകത്ത് എത്രയോ ദശലക്ഷം കമ്പ്യൂട്ടറുകളാണു ഇന്റർനെറ്റിൽ ബന്ധപ്പെടുന്നത്. ഇതിൽ എല്ലാ കമ്പ്യൂട്ടറുകളും ഒരേ ജോലിയല്ല ചെയ്യുന്നത്.  ചില കമ്പ്യൂട്ടറുകൾ ഡാറ്റകൾ എലക്ട്രോണിക്ക് ഫയലുകളാക്കി സൂക്ഷിക്കുന്നവയാണു. അവയെ സർവർ കമ്പ്യൂട്ടറുകൾ എന്ന് പറയുന്നു. നമ്മൾ സർവർ കമ്പ്യൂട്ടറുകളിൽ നിന്നാണു ഫയലുകളും വിവരങ്ങളും സ്വീകരിക്കുന്നത്. അത്കൊണ്ട് നമ്മുടെ കമ്പ്യൂട്ടറിനെ ക്ലൈന്റ് കമ്പ്യൂട്ടർ എന്ന് പറയുന്നു.  ചിലപ്പോൾ നമ്മുടെ കമ്പ്യൂട്ടർ സർവറും ക്ലൈന്റും ആകും. ഇൻസ്റ്റന്റ് മെസ്സേജ് അയക്കുമ്പോഴും ടോറന്റിൽ നിന്ന് ഡൗൺലോഡ് ചെയ്യുമ്പോഴും ഒക്കെയാണു ഇങ്ങനെയാവുക. പീർ ടു പീർ നെറ്റ്‌വർക്ക് എന്നാണു ഇതിനു പറയുക. അതൊക്കെ വേറെ അധ്യായത്തിൽ വിവരിക്കേണ്ടതാണു. 

ഇന്റർനെറ്റിനു ഒരു ആസ്ഥാനമോ, ഭരണകേന്ദ്രമോ ഒന്നുമില്ല. എന്നാൽ ഇന്റർനെറ്റ് പ്രോട്ടോകോൾ എന്ന ഒരു സംവിധാനവും ഇതൊക്കെ ഏകോപിപ്പിക്കാൻ സന്നദ്ധസംഘടന എന്ന നിലയിൽ പ്രവർത്തിക്കുന്ന ചില സ്ഥാപനങ്ങളുമുണ്ട്. അതൊക്കെ ഒരോന്നായി വഴിയെ വിശദീകരിക്കാം.

കാലവർഷം എന്നാൽ എന്ത് ; എങ്ങനെ ?



Add caption
മേഘങ്ങളാണു മഴ കൊണ്ടുവരുന്നത്. എന്താണു മേഘം, എന്താണു കാലവർഷം, എങ്ങനെയാണു മഴ പെയ്യുന്നത്? നമുക്ക് നോക്കാം. അന്തരീക്ഷത്തിലെ വായുവിൽ ഒഴുകിനടക്കുന്ന ചെറിയ ചെറിയ ജലകണികകളും ഹിമകണങ്ങളും ആണു മേഘം എന്ന് എല്ലവർക്കും അറിയാം. ഭൂമിയിലെ സമുദ്രങ്ങൾ, പുഴകൾ,ജലാശയങ്ങൾ, കുളങ്ങൾ, മണ്ണ് അങ്ങനെ എവിടെ ജലാംശമുണ്ടോ അതിൽ നിന്നെല്ലാം ജലം സൂര്യതാപത്താൽ നീരാവിയായി ബാഷ്പീകരിച്ച് മേലോട്ട് പോകുന്നു. ഇങ്ങനെ മേലോട്ട് പോകുന്ന നീരാവി തണുത്ത് ജലകണികകളായും ഹിമകണങ്ങളായും മാറുന്നു.  ഇങ്ങനെ ജലകണികകളായും ഹിമകണങ്ങളായും മാറിയ നീരാവി അന്തരീക്ഷത്തിൽ പാറിക്കളിക്കുന്ന പൊടിപടലങ്ങളുമായി ഒട്ടിച്ചേർന്ന് മേഘം ഉണ്ടാകുന്നു. അതായത് പൊടിപടലത്തിന്റെ ഒരു കണികയ്ക്ക് ചുറ്റും ജലകണികയോ ഹിമകണമോ ഒട്ടിപ്പിടിക്കുന്നു. ഇങ്ങനെ ഒട്ടിപ്പിടിച്ച കണങ്ങൾ ചേർന്നാണു മേഘം ഉണ്ടാകുന്നത്. അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉണ്ടായിരുന്നില്ലെങ്കിൽ വെറും നീരാവി മാത്രം കൊണ്ട് മേഘങ്ങൾ ഉണ്ടാകുമായിരുന്നില്ല എന്നത് ശ്രദ്ധേയമാണു.

മേഘങ്ങൾ പല തരത്തിലുണ്ട്.  ക്യുമുലോനിംബസ് (Cumulonimbus clouds) എന്ന കാർമേഘമാണു മഴ പെയ്യിക്കുന്ന മഴമേഘം. ജലകണങ്ങളും മഞ്ഞ്കണങ്ങളും സാന്ദ്രീകരിച്ച് സൂര്യപ്രകാശം തീരെ കടത്തി വിടാത്തത് കൊണ്ടാണു കാർമേഘത്തിനു കറുത്ത നിറം. ഇതെങ്ങനെ മനസ്സിലാക്കാൻ കഴിയും എന്ന് ചോദിച്ചാൽ ഭൂമിയിൽ നിന്ന് നോക്കുമ്പോഴാണു കാർമേഘത്തിനു കറുപ്പ് നിറം. വിമാനത്തിൽ നിന്ന് താഴോട്ട് നോക്കിയാൽ അതേ മേഘം വെളുപ്പായി തോന്നും. കാരണം ആ മേഘം സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്നു. 

ശരി, ഇനി നമുക്ക് ഈ ജൂൺ മാസം മുതൽ മഴ കൊണ്ടുവരുന്ന തെക്ക് പടിഞ്ഞാറൻ കാറ്റ് (മൺസൂൺ) എങ്ങനെയുണ്ടാകുന്നു എന്ന് നോക്കാം. സൂര്യന്റെ ചൂട് കൊണ്ട് കര വേഗം ചൂടു പിടിക്കുന്നു. എന്നാൽ സമുദ്രം വളരെ സാവധാനം മാത്രമേ ചൂട് പിടിക്കുന്നുള്ളൂ. അതിനു കാരണം  കടൽ അതിന്റെ 200 മീറ്ററോളം ആഴത്തിലേക്ക്  സൂര്യപ്രകാശത്തെ കടത്തി വിടുന്നു എന്നതാണു. അപ്പോൾ സംഭവിക്കുന്നത് ചൂടു പിടിച്ച കരയുടെ ഉപരിതലത്തിലുള്ള വായു വേഗത്തിൽ ചൂടാവുന്നു. കടലിന്റെ ഉപരിതലത്തിലുള്ള വായു അത്ര വേഗത്തിൽ ചൂടാകുന്നുമില്ല.  അങ്ങനെ കരയുടെയും കടലിന്റെയും ഉപരിതലങ്ങളിൽ ഉള്ള വായുവിന്റെ ഊഷ്മാവിൽ അഞ്ച് മുതൽ പത്ത് വരെ സെൽഷ്യസ് ഡിഗി താപവ്യത്യാസം ഉണ്ടാകാം.  ചൂട് പിടിക്കുന്ന വായു മേൽപ്പോട്ടേക്ക് പോകും.  ആ വിടവിൽ തണുത്ത വായു കടന്നുവരും. അതായത് കരയിലെ ചൂട് പിടിച്ച വായു മേൽപ്പോട്ട് പോകുമ്പോൾ കടലിലെ തണുത്ത വായു കരയിലേക്ക് പ്രവഹിക്കും. കാറ്റ് ഉണ്ടാകുന്നത് ഇങ്ങനെയാണു. ചലിക്കുന്ന വായു ആണു കാറ്റ്. 


വേനൽക്കാലത്ത് രാജസ്ഥാനിലെ താർ മരുഭൂമിയും അതിനു ചുറ്റുമുള്ള പ്രദേശങ്ങളും കഠിനമായി ചൂടാകും. അപ്പോൾ ആ പ്രദേശങ്ങളിലെ വായു ചൂട് കൊണ്ട് മേൽപ്പോട്ടേക്ക് ഉയരും. അങ്ങിനെ അവിടത്തെ വായു ചൂടായി മേൽപ്പോട്ട് പോകുമ്പോൾ ഉണ്ടാകുന്ന ശൂന്യത നികത്താൻ ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് തണുത്ത വായു കാറ്റായി തെക്ക് പടിഞ്ഞാറു ദിക്ക് നോക്കി വീശും. അങ്ങനെ വീശുന്ന തണുത്ത കാറ്റ് ഹിമാലയ പർവ്വതത്തിലേക്ക് ആകർഷിക്കപ്പെടുകയും ഹിമാലയം ആ കാറ്റിനെ ഒരു വൻമതിൽ പോലെ തടുത്ത് നിർത്തുകയും ചെയ്യും.  തണുത്ത കാറ്റ് മേഘങ്ങളെ തണുപ്പിച്ച് , അങ്ങനെ തണുക്കുന്ന  മേഘം കൂടുതൽ  ഘനീഭവിച്ച് കനത്ത് ഭൂമിയുടെ ആകർഷണത്താൽ  താഴേക്ക് പതിക്കുന്നതാണു മഴ എന്നറിയാമല്ലൊ.  എന്നാൽ നീരാവിയും കാറ്റും മേഘവും മാത്രമുണ്ടായാൽ മഴ പെയ്യില്ല. ആ കാറ്റിനെ തടഞ്ഞു നിർത്താൻ ഉയരം കൂടിയ മലകളും കൂടി വേണം. നമ്മുടെ പശ്ചിമഘട്ട മലനിരകളും ഹിമാലയപർവ്വതവും ഇല്ലായിരുന്നെങ്കിൽ തെക്ക് പടിഞ്ഞാറൻ കാലവർഷക്കാറ്റ്  തിബത്ത് , പാക്കിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിലേക്ക് നേരെ ടൂർ പോയിരിക്കും ഇന്ത്യയിൽ ഒരു തുള്ളി മഴ പെയ്യിക്കാതെ. 

തെക്ക് പടിഞ്ഞാറൻ കാറ്റ് കൊണ്ട് ജൂൺ മുതൽ സപ്തംബർ മാസങ്ങൾ  വരെ മഴ കിട്ടുന്നു. ഈ കാറ്റ് തെക്കേ ഇന്ത്യയിൽ പ്രവേശിക്കുമ്പോൾ രണ്ട് ശാഖകളായി പിരിയുന്നു. അറബിക്കടൽ ശാഖയും ബംഗാൾ ഉൾക്കടൽ ശാഖയും. അറബിക്കടൽ ഭാഗത്ത് നിന്ന് വരുന്ന കാറ്റ് പശ്ചിമഘട്ട മലകളാൽ തടുത്ത് നിർത്തപ്പെടുന്നത് കൊണ്ടാണു കേരളത്തിൽ ആദ്യം തന്നെ മഴ കിട്ടുന്നത്.  പിന്നീട് ഈ കാറ്റ് പശ്ചിമഘട്ടവും കടന്ന് വടക്കോട്ട് നീങ്ങുന്നു. ഇങ്ങനെ വടക്കോട്ട് നീങ്ങിയ കാറ്റും  ബംഗാൾ ഉൾക്കടൽ ഭാഗത്തെക്ക് പോയ കാറ്റും  ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും മഴ പെയ്യിക്കുന്നു. തെക്ക് പടിഞ്ഞാറൻ കാറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് കരയിലേക്ക് വീശുന്നതാണെങ്കിൽ, ഹിമാലയത്തിൽ നിന്ന് ഇന്ത്യൻ മഹാസമുദ്രം നോക്കി കരയിൽ നിന്ന് കടലിലേക്ക് വീശുന്ന വടക്ക് കിഴക്കൻ കാറ്റുമുണ്ട്.  മഴയെ പറ്റിയുള്ള ഈ ചെറിയ കുറിപ്പ് നിങ്ങൾക്ക് ഉപകാരപ്രദമായെന്ന് കരുതുന്നു. നന്ദി.

എന്തിനാണു ഭക്ഷണം കഴിക്കുന്നത് ?

നമ്മൾ എന്തിനാണു ഭക്ഷണം കഴിക്കുന്നത്?

ശരീരം വളരാനും , പ്രവൃത്തി ചെയ്യാനും , ആരോഗ്യം നിലനിർത്താനും , രോഗകാരികാളായ അണുക്കളിൽ നിന്ന് പ്രതിരോധിക്കാനും മുറിവ് ചതവ് പോലുള്ള കേടുപാടുകൾ മെയിന്റൈൻ ചെയ്യാനും എല്ലാം ആവശ്യമായ മൂലകങ്ങളും തന്മാത്രകളും വേണം. അതിനാണു നമ്മൾ ഭക്ഷണം കഴിക്കുന്നത്.

മൂലകങ്ങളും തന്മാത്രകളുമോ?

അതെ പ്രകൃതിയിൽ എല്ലാം മൂലകങ്ങളും തന്മാത്രകളും കൊണ്ട് നിർമ്മിക്കപ്പെട്ടതാണു. ഒരേ മാതിരിയുള്ള പദാർത്ഥങ്ങളെ മൂലകങ്ങൾ എന്ന് പറയുന്നു. ഓക്സിജൻ ഇരുമ്പ് കാൽസിയം എന്നിവയൊക്കെ മൂലകങ്ങളാണു. വ്യത്യസ്തമോ ഒരേ തരത്തിലുള്ളതോ ആയ മൂലകങ്ങൾ ചേർന്ന പദാർത്ഥങ്ങളെ തന്മാത്രകൾ എന്ന് പറയുന്നു. പ്രകൃതിയിൽ എല്ലാം പരസ്പരം കണക്‌റ്റഡ് ആണു. ഒന്നും സ്വതന്ത്രമായി നിലനിൽക്കുന്നില്ല. നമ്മൾ അനുസ്യൂതം അന്തരീക്ഷത്തിൽ നിന്ന് ഓക്സിജൻ സ്വീകരിച്ചുകൊണ്ടിരിക്കുന്നു. സൂര്യൻ ഉല്പാദിപ്പിക്കുന്ന ഊർജ്ജമാണു നമ്മുടെ ഊർജ്ജം. പ്രാകൃത മനുഷ്യൻ കുടിച്ച അതേ വെള്ളമാണു ഒരു മാറ്റവും ഇല്ലാതെ നമ്മളും കുടിക്കുന്നത്.

എന്ത് മൂലകങ്ങളും തന്മാത്രകളാണു നമുക്ക് ഭക്ഷണത്തിൽ നിന്ന് കിട്ടുന്നത്?

മൂലകങ്ങൾ ചേർന്ന് തന്മാത്രകൾ ഉണ്ടാകുന്നു എന്ന് പറഞ്ഞു. തന്മാത്രകൾ ലഘുവും സങ്കീർണ്ണവും ഉണ്ട്.  ജലം , അന്നജം, പ്രോട്ടീൻ , കൊഴുപ്പ് , ജീവകങ്ങളും ധാതുക്കളും എന്നിങ്ങനെ അഞ്ച് തരം തന്മാത്രകളാണു ഭക്ഷണത്തിൽ നിന്ന് കിട്ടുന്നത്. ജലം ഹൈഡ്രജനും ഓക്സിജനും ചേർന്ന ലഘു തന്മാത്രയാണെന്ന് അറിയാമല്ലൊ. അന്നജവും പ്രോട്ടീനും സങ്കീർണ്ണമായ തന്മാത്രകളാണു. അത് ഗ്ലൂക്കോസ്, അമിനോ ആസിഡ്‌സ് എന്നിങ്ങനെ ലഘുതന്മാത്രകളായി ചെറുകുടലിൽ വെച്ച് വിഘടിക്കപ്പെട്ടതിനു ശേഷം രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു.

പ്രകൃതിയിൽ എങ്ങനെയാണു ഈ ഭക്ഷണം ഉണ്ടാകുന്നത്?

ഭൂമിയിൽ എല്ലാ ജീവജാലങ്ങൾക്കും ആവശ്യമായ ഭക്ഷണം ഉണ്ടാക്കുന്നത് സസ്യങ്ങളാണു. പ്രകൃതിയിലെ മൂലകങ്ങൾ ഉപയോഗിച്ച് ആഹാരം നിർമ്മിക്കാൻ സസ്യങ്ങൾക്ക് മാത്രമേ കഴിയൂ. മൂലകങ്ങൾ നേരിട്ട് ഭക്ഷിക്കാൻ ഒരു ജീവിയ്ക്കും കഴിയില്ല. സസ്യങ്ങൾ ഇല്ലെങ്കിൽ ഒരു ജീവിയ്ക്കും നിലനില്പില്ല. എല്ലാ ജീവികൾക്കും ആവശ്യമായ ഭക്ഷണം നിർമ്മിക്കുന്ന സസ്യജാലങ്ങൾ പ്രകൃതിയിലെ അടുക്കളയാണു.

എങ്ങനെയാണു സസ്യങ്ങൾ ആഹാരം നിർമ്മിക്കുന്നത്?

സത്യത്തിൽ സസ്യങ്ങൾ അവയുടെ വളർച്ചയ്ക്കും പ്രത്യുല്പാദനത്തിനും നിലനിൽപ്പിനും വേണ്ടിയാണു ഭക്ഷണം നിർമ്മിക്കുന്നത്. നിർമ്മിക്കുന്ന ഭക്ഷണം സസ്യങ്ങൾ അതിന്റെ ഇലകളിലും കാണ്ഡങ്ങളിലും വിത്തുകളിലും വേരുകളിലും എല്ലാം സംഭരിച്ചു വയ്ക്കുകയാണു. നമ്മൾ മനുഷ്യരടക്കം എല്ലാ ജീവജാലങ്ങളും അത് എടുത്ത് ഭക്ഷിക്കുകയാണു.

സസ്യങ്ങൾക്ക് നിലനിൽക്കാനും ആഹാരം നിർമ്മിക്കാനും 16 തരം മൂലകങ്ങൾ ആണു വേണ്ടത്. ഇതിൽ 13 മൂലകങ്ങൾ മണ്ണിൽ നിന്നും ഹൈഡ്രജൻ ജലത്തിൽ നിന്നും ഓക്സിജനും കാർബണും അന്തരീക്ഷത്തിൽ നിന്നും സ്വീകരിക്കുന്നു. ജലത്തിലെ ഹൈഡ്രജനും അന്തരീക്ഷത്തിലെ കാർബൺ ഡൈ‌ഓക്സൈഡും എടുത്ത് സൗരോർജ്ജവും പ്രയോജനപ്പെടുത്തിയാണു സസ്യങ്ങൾ കാർബോഹൈഡ്രേറ്റ് അഥവാ അന്നജം ഉണ്ടാക്കുന്നത്. കാർബോഹൈഡ്രേറ്റിന്റെ മറ്റൊരു വകഭേദമാണു സെല്ലുലോസ്. ഇവ രണ്ടുമാണു എല്ലാ ജീവജാലങ്ങളുടെയും ഊർജ്ജക്കലവറ.

മണ്ണിൽ ഉണ്ടെങ്കിൽ പിന്നെ എന്തിനാണു സസ്യങ്ങൾക്ക് നമ്മൾ വളം ഇട്ടുകൊടുക്കുന്നത്?

മണ്ണിൽ സസ്യങ്ങൾക്ക് വേണ്ടതായ 13 മൂലകങ്ങളും അലൂമിനിയം സിലിക്കൺ പോലുള്ള വേറെ മൂലകങ്ങളും മൃതിയടഞ്ഞ ജീവജാലങ്ങളും കരിയിലകളും മറ്റും ദ്രവിച്ചു ചേർന്ന തന്മാത്രകളും ഉണ്ട്. അവയിൽ നിന്നാണു വൃക്ഷങ്ങളും സസ്യങ്ങളും ജലത്തിൽ കൂടി അവയ്ക്ക് വേണ്ടുന്ന മൂലകങ്ങൾ ആഗിരണം ചെയ്യുന്നത്. മണ്ണിൽ ഒരേ സ്ഥലത്ത് തുടർച്ചയായി ഹ്രസ്വവിളകൾ കൃഷി ചെയ്യുമ്പോൾ ചില മൂലകങ്ങൾ തീർന്നു പോകും. അപ്പോൾ ആ മൂലകം നമ്മൾ ഇട്ടുകൊടുക്കണം.

അപ്പോൾ നമ്മൾ ഇടേണ്ടത് ജൈവമോ രാസമോ?

മൂലകങ്ങൾക്ക് രാസമോ ജൈവമോ എന്ന വ്യത്യാസം ഇല്ല. ഞാൻ പറഞ്ഞല്ലോ പ്രകൃതിയിൽ മൂലകങ്ങളും മൂലകങ്ങൾ ചേർന്ന തന്മാത്രകളും സംയുക്തങ്ങളും മിശ്രിതങ്ങളും മാത്രമേയുള്ളൂ.  കൃഷി ചെയ്യുമ്പോൾ മണ്ണിൽ തീർന്നുപോകാൻ സാധ്യതയുള്ള മൂലകങ്ങൾ നൈട്രജൻ, പൊട്ടാസിയം, ഫോസ്‌ഫറസ് എന്നിവയാണു. മണ്ണ് പരിശോധിച്ചാൽ ഏത് മൂലകമാണു കുറവ് എന്ന് ലാബ് ടെക്‌നീഷ്യൻ പറഞ്ഞു തരും. ആ മൂലകം ഇട്ടുകൊടുത്താൽ മതി.

അപ്പോൾ കീടനാശിനിയോ?

അതും തന്മാത്രകളാണു. കീടങ്ങളെ നശിപ്പിക്കും. കീടനാശിനികൾ മണ്ണിൽ ചേർന്ന് സസ്യങ്ങൾ വലിച്ചെടുക്കാനുള്ള സാധ്യത വിരളമാണു. വേഷപ്രഛന്നമായി ചില മൂലകങ്ങൾ സസ്യങ്ങളിലേക്ക് ആഗിരണം ചെയ്യപ്പെടാൻ അപൂർവ്വമായ ചാൻസ് ഉണ്ട്. എന്നാൽ തന്നെയും സസ്യങ്ങളിലും അവയുടെ ഫലങ്ങളിലും സ്വാഭാവിക തന്മാത്രകൾ അല്ലാതെ മറ്റൊന്നും ഉണ്ടാവില്ല. പുറത്ത് പറ്റിപ്പിടിക്കുന്ന കീടനാശിനി തന്മാത്രകൾ വാഷ് ചെയ്യുമ്പോൾ പോയ്ക്കോളും. അത് കൊണ്ട് കീടങ്ങളെ നശിപ്പിക്കാൻ  കീടനാശിനികൾ ഉപയോഗിക്കാം.

അത് രാസകീടനാശിനിയോ അതോ ജൈവകീടനാശിനിയോ ഏതാണു ഉപയോഗിക്കേണ്ടത്?

ഞാൻ പറഞ്ഞല്ലോ കീടങ്ങളെ നശിപ്പിക്കുന്ന തന്മാത്രകളാണു കീടനാശിനികൾ. തന്മാത്രകൾക്ക് രാസവും ജൈവവും എന്ന് വ്യത്യാസമില്ല. ഏത് തന്മാത്രകൾ കീടങ്ങളെ നശിപ്പിക്കുന്നുവോ അതൊക്കെ പെസ്റ്റിസൈഡുകളാണു.

കോൺഗ്രസ്സിന്റെ ഭാവി ?

എക്സിറ്റ് പോൾ പ്രവചനം ശരിയായി കേരളത്തിൽ യു.ഡി.എഫ്. തോറ്റാൽ അതിൽ നിന്ന് ലഭിക്കുന്ന പാഠം എന്തായിരിക്കുമെന്നാൽ കോൺഗ്രസ്സിനെ പോലെ അഗ്രസ്സീവ്നെസ്സ് (അക്രമണോത്സുകത) തീരെയില്ലാത്ത പാർട്ടിക്ക് ഇന്ത്യയിൽ എവിടെയും പ്രസക്തിയില്ല എന്നതാണു. ബി.ജെ.പി.യുടെ വിജയം അവരുടെ അഗ്രസ്സീവ്‌നെസ്സ് ആണു. മമതയുടെ വിജയവും അവരുടെ അക്രമണോത്സുകത തന്നെ. കോൺഗ്രസ്സുകാർ ആക്രമിക്കാൻ പോയിട്ട് പ്രതിരോധിക്കാൻ പോലും നിൽക്കുകയില്ല. ശാരീരികാക്രമണം എന്നാരും തെറ്റിദ്ധരിച്ചു പോകല്ലേ. രാഷ്ട്രീയാക്രമണം ആണു ഉദ്ദേശിക്കുന്നത്.

അഴിമതിയൊക്കെ വെറുതെ. അത് ആക്രമണത്തിനുള്ള ആയുധമാക്കുന്നതിലാണു മിടുക്ക്. ലാവലിൻ എന്താ ചെറിയ അഴിമതിയാണോ, എന്നാൽ കോൺഗ്രസ്സ് ഒരിക്കലും അത് സി.പി.എമ്മിനെ പ്രത്യാക്രമണം നടത്താനുള്ള ആയുധമാക്കിയില്ല. ആളുകൾക്ക് അഴിമതി നടക്കുന്നതിൽ പ്രശ്നമില്ല. കാരണം എല്ലാവരും അഴിമതിയുടെ ഉപഭോക്താക്കളാണു. എന്നാൽ ആരു അഴിമതിയെ ആക്രമണത്തിനുള്ള ആയുധമാക്കുന്നുവോ ജനങ്ങൾ അവർക്ക് പിന്തുണ കൊടുക്കും. കേരളത്തിൽ സർക്കാരിനു ശരിക്കും നഷ്ടം സംഭവിച്ച പച്ചയായ അഴിമതി ലാവലിൻ ആണു. എന്നാൽ ഇവിടെ ആഘോഷിക്കപ്പെട്ട അഴിമതി സർക്കാരിനു ഒരു ബന്ധവും ഇല്ലാത്ത സ്വകാര്യതട്ടിപ്പായ സോളാറും. എന്ത്കൊണ്ട്? സോളാറിനെ സർക്കാരിന്റെ അഴിമതിയായി അഗ്രസ്സീവായി ഉയർത്തിക്കാട്ടാൻ തല്പരകക്ഷികൾക്ക് സാധിച്ചു. കോൺഗ്രസ്സുകാർ ലാവലിനെ അങ്ങനെ ഉപയോഗിച്ചില്ല.

കേന്ദ്രത്തിൽ 2ജി സ്പെക്ട്രം അഴിമതിയാക്കി കോൺഗ്രസ്സിനെതിരെ എല്ല്ലാ ഭാഗത്ത് നിന്നും ആക്രമണം നടത്തിയപ്പോൾ കോൺഗ്രസ്സുകാർ പ്രതിരോധിക്കാൻ നിന്നില്ല എന്ന് മാത്രമല്ല സത്യം ജനങ്ങളോട് പറയാൻ പോലും മെനക്കെട്ടില്ല. 2ജി എന്നത് അഴിമതിയല്ല എന്നത് പച്ചയായ യാഥാർഥ്യമാണു. രണ്ട് വർഷം മുൻപ് 2ജി സ്പെക്ട്രം ലേലം ചെയ്തിരുന്നെങ്കിൽ സർക്കാരിനു ഒന്നേമുക്കാൽ ലക്ഷം കോടി രൂപ വരുമാനം കിട്ടുമായിരുന്നു എന്നും ലേലം ചെയ്യാത്തത് കൊണ്ട് അത്രയും തുക ഖജനാവിനു നഷ്ടം ആയി എന്നുമാണു സി.എ.ജി.യുടെ കണക്ക്. ഏതോ ഒരു ഗോപികൃഷ്ണൻ എന്ന് ഓർമ്മ അയാളാണു ഇത് അഴിമതിയായി ആദ്യം ചിത്രീകരിച്ചത്. പിന്നെയത് എല്ലാവരും ഏറ്റുപിടിച്ചു. അത് അഴിമതിയല്ല സി.എ.ജി.യുടെ ഒരു നിരീക്ഷണം മാത്രമാണു എന്ന് പറയാൻ ഒരു കോൺഗ്രസ്സുകാരനും തുനിഞ്ഞില്ല. ഞാൻ അന്നും ഇക്കാര്യം വിശദീകരിച്ച് നിരന്തരം ബ്ളോഗിൽ എഴുതുന്നുണ്ടായിരുന്നു.

അന്ന് 2ജി ലേലം നടന്നില്ലല്ലൊ, മാത്രമല്ല എന്തിനു ലേലം നടത്തണം? 2ജി ലേലം ചെയ്യണ്ട എന്നത് ഒന്നാം യു.പി.എ. സർക്കാരിനു മുൻപ് ഭരിച്ച എൻ.ഡി.എ. സർക്കാരിന്റെ നയം ആയിരുന്നു. പ്രമോദ് മഹാജൻ ആയിരുന്നു ടെലികോം മന്ത്രി. 2ജി സ്പെക്ട്രം ലൈസൻസ് ഫീസ് വാങ്ങി അനുവദിച്ചാൽ മതി എന്നായിരുന്നു ആ നയം. പിന്നീട് യു.പി.എ. ഭരണത്തിൽ എ.രാജ എന്ന ടെലികോം മന്ത്രിയും ആ നയം പിന്തുടർന്ന് ലൈസൻസ് ഫീ വാങ്ങി 2ജി സ്പെക്ട്രം അനുവദിക്കുകയാണുണ്ടായത്. ലേലം ചെയ്യണം എന്ന കാര്യം അപ്പോൾ ആരും ചിന്തിക്കുന്നേയില്ല. പിന്നെ രണ്ട് വർഷം കഴിഞ്ഞ് 3ജി ടെക്‌നോളജി വന്നപ്പോൾ അതിനുള്ള സ്പെക്ട്രം ലേലം ചെയ്യാമെന്ന് യു.പി.എ. സർക്കാർ തീരുമാനമെടുത്തു. ലേലം ചെയ്തു. നല്ല പൈസ സർക്കാരിനു കിട്ടി. സി.എ.ജി. ഓഡിറ്റ് ചെയ്തപ്പോൾ പറയുന്നു, എന്നാൽ പിന്നെ അന്ന് 2ജിയും ലേലം ചെയ്തെങ്കിൽ ഇന്ന് 3ജിക്ക് കിട്ടിയ നിരക്കിന്റെ അടിസ്ഥാനത്തിൽ 1.75 ലക്ഷം കോടി സർക്കാരിനു കിട്ടിയേനേ എന്ന്. 3ജിക്ക് കിട്ടിയ അതേ പണം രണ്ട് വർഷം മുൻപ് 2ജിക്ക് കിട്ടും എന്ന് എങ്ങനെയാണു സി.എ.ജി.ക്ക് അനുമാനിക്കാൻ കഴിയുക?

എന്തോ ആകട്ടെ, സി.എ.ജി. അങ്ങനെയൊന്നു നിരീക്ഷിച്ചു. എന്നാൽ ലേലം ചെയ്തിരുന്നെങ്കിൽ കിട്ടുമായിരുന്നു എന്ന് പറഞ്ഞ ഒന്നേമുക്കാൽ ലക്ഷം കോടി രൂപ (അതായത് കിട്ടാത്ത രൂപ) അടിച്ചുമാറ്റി എന്നൊരു അഴിമതിക്കഥ നാട്ടിൽ പ്രചരിക്കുന്നതാണു പിന്നെ കണ്ടത്. ഇന്നും ആളുകൾ വിശ്വസിക്കുന്നത് 2ജിയിൽ അത്രയും കോടി കോൺഗ്രസുകാർ കട്ടു എന്നാണു. സത്യാവസ്ഥ അതായത് ഈ ഒന്നേമുക്കാൽ കോടി എന്നത് ഒരു സാങ്കല്പിക കണക്കാണെന്ന് ജനങ്ങളോട് പറഞ്ഞ് പ്രതിരോധിക്കാൻ ഒരു കോൺഗ്രസ്സുകാരനും മുന്നോട്ട് വന്നില്ല.

അതേ സമയം, മൂർത്തമായ അഴിമതിയായ ലാവലിൻ ഇടപാടിനെ സി.പി.എം. എത്ര സമർത്ഥമായാണു മറച്ച് പിടിക്കുന്നത്. യാതൊരു പ്രയോജനവും ഇല്ലാതെ ഒരു യൂനിറ്റ് വൈദ്യുതി പോലും അധികം ഉല്പാദിപ്പിക്കാൻ കഴിയാതെ സർക്കാരിന്റെ ഖജനാവിൽ നിന്ന് 375 കോടി ചെലവായി. പാഴ്ചെലവ്. 2ജിയിൽ ഒരു നയാപൈസ എങ്ങും മറിഞ്ഞില്ല. അത് ഒന്നേമുക്കാൽ ലക്ഷം കോടി കട്ടത് പോലെയായി. എങ്ങനെയുണ്ട്? ഇതാണു പറഞ്ഞത്, കോൺഗ്രസ്സ് പാർട്ടിക്ക് ഇന്നത്തെ രാഷ്ട്രീയത്തിൽ അതിജീവിയ്ക്കാൻ അർഹതയില്ല. തങ്ങളുടെ ഭാഗത്തുള്ള ന്യായം പോലും പറഞ്ഞ് പിടിച്ച് നിൽക്കാൻ കഴിയാത്ത ശുദ്ധപാവങ്ങൾക്ക് മറ്റുള്ളവരെ ആക്രമിക്കാൻ എങ്ങനെ കഴിയും. അഗ്രസ്സീവ് രാഷ്ട്രീയം മാത്രമേ വിജയിപ്പിക്കാൻ കഴിയൂ. കോൺഗ്രസ്സിൽ ഒരു കെജ്രിവാൾ പോലും ഇല്ല. പിന്നെ എങ്ങനെ പിടിച്ചു നിൽക്കും?

മേമ്പൊടി : കേരളത്തിൽ ബി.ജെ.പി. ശക്തി പ്രാപിക്കുന്നത് കൊണ്ട് മുസ്ലീങ്ങളിൽ ഒരു ഇൻസെക്യൂരിറ്റി ബോധം തോന്നുകയും അതിന്റെ ഭാഗമായി വർഗീയതയെ പ്രതിരോധിക്കാൻ ഇടത് പക്ഷത്തിനു മാത്രമേ കഴിയൂ എന്ന് കരുതി മുസ്ലീങ്ങളിൽ സി.പി.എം. അനുകൂലതരംഗം ഉണ്ടായിട്ടുണ്ട് എന്നും ബഷീർ വള്ളിക്കുന്നിനെ പോലുള്ളവരുടെ എഴുത്തുകൾ ചൂണ്ടിക്കാട്ടി ചിലർ എന്നോട് പറഞ്ഞിട്ടുണ്ട്. ആയിക്കോട്ടെ, അതും ബി.ജെ.പി.ക്കല്ലേ ഗുണം ചെയ്യുക. ഹിന്ദുക്കൾ അപ്പോൾ ബി.ജെ.പി.യിൽ ഊറിക്കൂടുമല്ലൊ.

ലീല

“ലീല” വായിച്ചു. നെറ്റിൽ കണ്ടത് കൊണ്ടാണു വായിച്ചത്. കുറേയായി ഫിക്‌ഷൻ ഒന്നും വായിക്കാറില്ലായിരുന്നു. ഒന്നുംകൊണ്ടല്ല. എപ്പൊഴോ വായന നിന്നുപോയി. അത്ര തന്നെ. കുറേ വായിച്ചതല്ലേ. പിന്നെയെപ്പോഴോ വായനയോട് മടുപ്പ് തോന്നിയോ അതോ വായിക്കാനുള്ള ദാഹം കെട്ടടങ്ങിയോ എന്നറിയില്ല. കഥാപാത്രങ്ങൾ പുസ്തകങ്ങളിൽ നിന്ന് ഇറങ്ങിവരുന്നതും ചുറ്റുമുള്ള മനുഷ്യർ കഥാപാത്രങ്ങളായി പുസ്തകത്താളുകളിൽ അക്ഷരക്കൂട്ടങ്ങളായി ചുരുങ്ങുന്ന പോലൊരു വിഭ്രമാത്മകത എന്നോ അനുഭവപ്പെട്ടിരുന്നു. മിത്തും യാഥാർഥ്യവും കൂടിക്കുഴഞ്ഞൊരു ഭ്രമാത്മകത. പിന്നെ എപ്പൊഴോ ജീവിതത്തിന്റെ യാഥാർഥ്യങ്ങൾ അതിനൊപ്പിച്ച് എന്നെ പരുവപ്പെടുത്തുകയായിരുന്നു. അങ്ങനെയൊരാൾക്ക് ലീല വായിക്കുമ്പോൾ വെറുതെ ഒരു കുട്ടിയപ്പനാകാൻ തോന്നും. വ്യവസ്ഥാപിതമായ ജീവിതചര്യകളെ വെല്ലുവിളിക്കാൻ തീവ്രമായി മോഹിച്ചു അലഞ്ഞു നടന്ന എന്നെ പോലെയൊരാൾക്ക് പ്രത്യേകിച്ചും.

വായന നിന്നുപോയത് കൊണ്ടാവാം ലീല പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ അത് ശ്രദ്ധയിൽ പെടാതെ പോയത്. ഇപ്പോൾ ലീല വായിച്ചപ്പോഴും ഞാൻ ഞെട്ടി. വായിക്കുമ്പോൾ മനസ്സിൽ ഓരോ രഗവും ദൃശ്യവൽക്കൃതമാകുന്ന അനുഭൂതിയും ഉണ്ടായി. സഹൃദയത്വം ഇപ്പോഴും മരിച്ചിട്ടില്ല എന്ന് സാരം. ഭാഷ കൈകാര്യം ചെയ്യുന്നതിലെ കൈയ്യടക്കവും മിടുക്കും ആണു ഒരു കഥാകൃത്തിനെ അനുഗൃഹീതനാക്കുന്നത്. പണ്ടൊക്കെ കഥ നേരെ ചൊവ്വെ പറഞ്ഞുപോകുന്നതായിരുന്നു സാഹിത്യത്തിലെ രചനാരീതി. പിന്നെയാണു വാക്കുകൾ കൊണ്ട് അമ്മാനമാടുന്ന രചനാവൈഭവം സാഹിത്യത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ചേരുവയാകുന്നത്. കാക്കനാടന്റെ വസൂരിയും പറങ്കിമലയും ഒക്കെ വായിക്കുമ്പോഴാണു ഭാഷയുടെ ഈ അനന്തസാധ്യതകൾ വിസ്മയിപ്പിച്ചത്.

ലീല ഇന്ന് വായിക്കുമ്പോഴും ആരെയും ഞെട്ടിക്കുക തന്നെ ചെയ്യും. വ്യത്യസ്തമായ കഥാപാത്രങ്ങൾ, വ്യത്യസ്തമായ ക്ലൈമാക്സ്, വ്യത്യസ്തമായ ആഖ്യാനശൈലി. എന്നാൽ ലീല സിനിമ ആക്കേണ്ടതില്ല എന്നാണു എന്റെ അഭിപ്രായം. അത്കൊണ്ട് ലീല എന്ന സിനിമ കാണാൻ ഉദ്ദേശിക്കുന്നില്ല. വായിച്ചപ്പോൾ മനസ്സിൽ അനുഭവിച്ച ആ രംഗചിത്രം മതി. വായന അത്യന്തം ഉദ്വേഗജനകമായിരുന്നെങ്കിലും പിന്നെയത് അയവിറക്കാൻ തോന്നിയിട്ടില്ല. പിന്നെയും പിന്നെയും അയവിറക്കാൻ തോന്നുന്നതാണു കാലാതിവർത്തിയായി നിലനിൽക്കുന്ന കൃതികൾ. ജീവിതമാണു നമ്മെ എന്നും പ്രലോഭിപ്പിക്കുന്ന പ്രതിഭാസം. ലീലയിൽ ജീവിതമില്ല. ഉള്ളത് ദുസ്വപ്നം പോലെ എന്തോ ഒന്നാണു. അത് കണ്ടോ വായിച്ചോ നമ്മൾ ഞെട്ടുന്നു. ലീല അവിടെ തീരുന്നു. ജീവിതമാണു പിന്നെയും തുടരുക. ഉത്തമകൃതികൾ ജീവിതത്തിന്റെ നേർപ്പതിപ്പുകൾ ആയിരിക്കും.

അല്ലെങ്കിലും സാഹിത്യവും സിനിമയും വെവ്വേറെ മാധ്യമങ്ങളാണു. രണ്ടിന്റെയും സാധ്യതകളും വേറെയാണു. സിനിമ സ്വതന്ത്രവും മൗലികവുമായ ഒരു കലയായി, മാധ്യമമായി സ്വന്തമായി നിൽക്കേണ്ടതാണു. വായിക്കുന്നതും കാണുന്നതും അനുവാചകർക്കും വ്യത്യസ്തമായ അനുഭവങ്ങളാണു. സാഹിത്യകൃതികൾ സിനിമയാക്കിയപ്പോൾ അതിലേതെങ്കിലും വിജയിച്ചിട്ടുണ്ടെങ്കിൽ അത് സിനിമയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി മൗലികമായി പുനരാവിഷ്ക്കരിച്ചത് കൊണ്ടായിരിക്കണം.

ലീല സിനിമയാക്കാൻ ഏത് ചലച്ചിത്രകാരനെയും പ്രലോഭിക്കുന്നത് തന്നെയാണു. അത്കൊണ്ടായിരിക്കാം രജ്ഞിത്ത് അത് സിനിമയാക്കിയത്. എന്തായാലും ലീല വായിച്ചവർ സിനിമ കാണരുത് എന്നും സിനിമ കാണുന്നവർ വായിക്കരുത് എന്നുമാണു എന്റെ വ്യക്തിപരമായ അഭിപ്രായം. വായിച്ചത് സിനിമയായി കാണാനുള്ള അഭിവാഞ്ച പക്ഷെ മനുഷ്യസഹജവുമാണു. അത്കൊണ്ടാണല്ലൊ ഓടയിൽ നിന്ന് മുതൽ എത്രയോ സിനിമകൾ നമ്മൾ കണ്ടത്. എന്നാൽ വായിച്ചപ്പോൾ ലഭിച്ച അനുഭൂതി സിനിമയിൽ ലഭിച്ചിട്ടില്ല എന്നും അതേ സമയം വായിക്കാത്ത എത്രയോ സിനിമകൾ അവാച്യമായ അനുഭൂതി പകർന്നു നൽകിയിട്ടുണ്ട് എന്നും സ്മരിച്ചുകൊണ്ട് ഈ കുറിപ്പ് ഉപസംഹരിക്കുന്നു.

നെറ്റിൽ നിന്നും കിട്ടിയ ലീല വായിക്കാത്തവർക്കായി ഇതാ ഇവിടെ .

വിശ്വാസങ്ങൾ ഭ്രാന്താകുമ്പോൾ ...

ഭക്തിയുടെ പേരിൽ വിശ്വാസികൾ കാട്ടിക്കൂട്ടുന്ന ആചാരങ്ങളും കോപ്രായങ്ങളും തികച്ചും പ്രാകൃതമാണു. പ്രാകൃതകാലത്ത് തുടങ്ങിവെച്ച പല ആചാരങ്ങളും ഇക്കാലത്തും തുടരുന്നത് ആളുകൾ തൊലിപ്പുറമേ മാത്രമേ പരിഷ്കൃതരായിട്ടുള്ളൂ മനസ്സ് ഇപ്പോഴും പ്രാകൃതമാണു എന്നതിന്റെ തെളിവാണു. ദൈവം എന്നൊരു പ്രപഞ്ചശക്തിയുണ്ട് എന്ന് വാദത്തിനു വേണ്ടി അംഗീകരിക്കാം. ആ ശക്തിയെ ശാന്തമായ പശ്ചാത്തലത്തിൽ പ്രാർത്ഥിക്കുകയോ തൊഴുകയോ ആരാധിക്കുകയോ ചെയ്താൽ പോരേ? പരിഷ്കൃതമനുഷ്യനാണെങ്കിൽ അങ്ങനെ മതി. യാതൊരു കോപ്രായങ്ങളും വേണ്ട. കാട്ടിക്കൂട്ടുന്ന ഒരു കോപ്രായവും ദൈവം കാണുകയോ അറിയുകയോ ചെയ്യില്ല. പ്രാകൃതമായ മനസ്സിന്റെ പ്രാകൃതവാഞ്ചകളെ തൃപ്തിപ്പെടുത്താൻ മാത്രമാണു തൊലിപ്പുറത്ത് മാത്രം പരിഷ്കാരിയായ ഇന്നത്തെ ആളുകൾ ഇതൊക്കെ ചെയ്യുന്നത്.

വെടിക്കെട്ടുകളും പടക്കങ്ങളും പൊട്ടിക്കുന്നവർ മനുഷ്യരാശിക്ക് കടുത്ത ദ്രോഹമാണു ചെയ്യുന്നത്. കാണുന്നവർക്കും കേൾക്കുന്നവർക്കും നൈമിഷികമായ ഒരനുഭൂതി. എന്നാൽ പൊട്ടുന്ന ഈ പടക്കങ്ങളെല്ലാം ഉല്പാദിപ്പിക്കുന്ന വിഷവാതകവും രാസപദാർത്ഥങ്ങളും അന്തരീക്ഷത്തിൽ കലർന്ന് സ്ഥിരമായി അവിടെ തങ്ങിനിൽക്കുകയാണു. ഇതൊന്നും പൊട്ടിക്കുന്നവരോ കണ്ട് സുഖിക്കുന്നവരോ അറിയേണ്ടല്ലൊ. ഇമ്മാതിരി വിഷവാതകങ്ങളെ ഇനിയും കുറേക്കാലം താങ്ങാൻ നമ്മുടെ ഭൗമാന്തരീക്ഷത്തിനു കഴിയുകയില്ല. ഓരോ പടക്കം പൊട്ടുമ്പോഴും അത്രയും മലിനീകരിക്കപ്പെടുകയാണു നമ്മുടെ അന്തരീക്ഷം. ഇപ്പോൾ തന്നെ ചൂട് താങ്ങാൻ കഴിയുന്നില്ല. കാർബൺ ഡൈ‌ഓക്സൈഡ് പോലുള്ള ഹരിതഗൃഹ വാതകങ്ങൾ അന്തരീക്ഷത്തിൽ അളവിൽ കൂടിയത് കൊണ്ട് ഉണ്ടാകുന്ന ആഗോളതാപനത്തിലെ വർദ്ദനവാണു ചൂടിനു കാരണം.

നമ്മൾ ആഗോളതാപനം കുറച്ചുകൊണ്ടു വരാൻ ശ്രമിക്കുന്നില്ല എന്ന് മാത്രമല്ല അത് വർദ്ധിപ്പിക്കാനാണു ഉത്സാഹിക്കുന്നത്. അതിന്റെ ഭാഗമാണു പടക്കങ്ങളുടെ വലിയ തോതിലുള്ള ഉപയോഗം. സർക്കാർ എന്ത് കൊണ്ട് പടക്കങ്ങൾ നിരോധിക്കുന്നില്ല എന്നത് വിചിത്രമാണു. പടക്കങ്ങൾ ഇന്ത്യയിലേക്ക് കയറ്റി വിട്ടുകൊണ്ട് ചൈന കോടികൾ സമ്പാദിക്കുന്നു എന്ന് മാത്രമല്ല അത്ര കണ്ട് നമ്മുടെ വായുമണ്ഡലത്തെ താറുമാറാക്കുകയും ചെയ്യുന്നു.

ദൈവങ്ങളെയും ദേവന്മാരെയും ദേവികളെയും സന്തോഷിപ്പിക്കാനും സം‌പ്രീതമാക്കാനും വേണ്ടിയാണല്ലോ ഈ കോപ്രായങ്ങളൊക്കെ കാട്ടിക്കൂട്ടുന്നത്. ഏതെങ്കിലും ദേവനോ ദേവിയോ പ്രസാദിച്ചിട്ട് ആർക്കെങ്കിലും ഇത് വരെയായി എന്തെങ്കിലും കിട്ടിയോ? അപകടം സംഭവിക്കുമ്പോൾ രക്ഷയ്ക്ക് എത്തിയോ? അപകടത്തിൽ ഗുരുതരപരിക്ക് പറ്റി ജീവിതകാലം മുഴുവൻ നരകിക്കുമ്പോൾ ഏതെങ്കിലും ദേവദേവി തുണയ്ക്ക് എത്തുമോ?

തമാശ എന്തെന്നാൽ പണ്ട് നാട്ടിൽ ദാരിദ്ര്യം കൊടികുത്തി വാഴുമ്പോൾ, ആളുകൾ വിശപ്പ് കൊണ്ട് മുണ്ട് മുറുക്കിയുടുക്കുമ്പോൾ ഇത്രയും ഭക്തിയും ആചാരബഹളങ്ങളും ഇല്ല്ലായിരുന്നു. ഇപ്പോൾ ഒരു മുപ്പത് കൊല്ലത്തിനിപ്പുറം ആളുകൾക്ക് പണം കൂടിയപ്പോഴാണു ഭക്തിയും വിശ്വാസവും ആചാരഭ്രമങ്ങളും എല്ലാ പരിധിയും കടന്ന് ഒരു മാതിരി മാനസികരോഗത്തോളം മൂർച്ഛിച്ചത്. ഉള്ളത് പോയ്പ്പോകുമോ എന്നോ ഇനിയും കിട്ടേണമേ എന്നുള്ള ആക്രാന്തമാണോ ഈ ഭക്തിപ്രകടനപരതയ്ക്ക് കാരണം എന്നറിയില്ല. യഥാർത്ഥ ഭക്തി എന്നത് ഏകാന്തശാന്തതയിൽ ഉണ്ടാകുന്ന അനിർവ്വചനീയമായ അവസ്ഥയാണു. ആൾക്കൂട്ടത്തിനൊപ്പം ഉറയുന്നതും തുള്ളുന്നതും ഭക്തിയോ ആത്മീയതയോ അല്ല. പിരാന്ത് എന്ന് പറയും.

എന്തോ ആകട്ടെ, പടക്കങ്ങൾ പൊട്ടിച്ച് അന്തരീക്ഷത്തെ നശിപ്പിക്കുന്നതിൽ നിന്ന് ആളുകൾ പിന്മാറിയാൽ അത്രയ്ക്കത്രയ്ക്ക് മനുഷ്യനു ഭൂമിയിൽ ജീവിയ്ക്കാമായിരുന്നു.

ആയുർവേദ-ഹോമിയോ തട്ടിപ്പ് ചികിത്സാ ബിരുദങ്ങൾ പഠിക്കാതിരിക്കുക


സമയം ഉള്ളത് കൊണ്ടാണു ഞാൻ ഓരോ വിഷയങ്ങളും എഴുതുന്നത്. ചിലർക്കൊക്കെ അത് ഉപകാരപ്രദമാകുന്നുണ്ട് എന്നറിയുമ്പോൾ സന്തോഷം തോന്നാറ...
Posted by KP Sukumaran on Friday, 8 April 2016

" ഹിന്ദു " മതം അല്ല

ഒരു നേതാവിനാൽ ഉണ്ടാക്കപ്പെടുന്നതാണു മതം. നേതാവ്‌ എന്ന് പറഞ്ഞാൽ അനുയായികളെ നയിക്കുന്നയാൾ എന്ന് അർത്ഥം. അനുയായികളെ ആകർഷിക്കാൻ കഴിയുന്ന വാചാലതയാണു നേതാവാകാൻ വേണ്ട കഴിവ്‌. സാധാരണക്കാർ വാചാലതയിൽ ആകർഷിക്കപ്പെട്ട്‌ അനുയായികൾ ആവുകയും നേതാവിനെ ആരാധിക്കാൻ തുടങ്ങുകയും ചെയ്യും. ഇത്‌ ചരിത്രത്തിൽ എക്കാലവും നടന്നു വരുന്നതാണു.

മതങ്ങൾ രൂപീകരിക്കുക എന്നത്‌ ചരിത്രത്തിന്റെ ഒരു കാലഘട്ടത്തിൽ പ്രചാരത്തിലുള്ള പ്രതിഭാസമായിരിന്നു. ഇരുപതാം നൂറ്റാണ്ടോടുകൂടി മതങ്ങൾ രൂപീകരിക്കുന്ന എന്ന രീതി അപ്രത്യക്ഷമായി. നമ്മുടെ രാജ്യത്ത്‌ രാഷ്ട്രീയപാർട്ടികൾ രൂപീകരിക്കുക എന്ന പ്രതിഭാസമാണു സ്വാതന്ത്ര്യാനന്തരം കണ്ടുവരുന്നത്‌. നേതാവും അനുയായികളും എന്ന ചേരുവ തന്നെയാണു രാഷ്ടീയപാർട്ടി രൂപീകരണത്തിനും വേണ്ടത്‌. രാഷ്ട്രീയനേതാവാകാനും വേണ്ട യോഗ്യത വാചാലത മാത്രം. വാചാലതയിൽ മയങ്ങുക എന്നത്‌ യുക്തിരഹിതരായ സാധാരണക്കാരുടെ സവിശേഷതയാണു.

മതം  രൂപീകരിക്കാൻ ദൈവത്തെ മുൻനിർത്തണം എന്ന് നിർബ്ബന്ധമില്ല. അതിനു ഉദാഹരണമാണു ബുദ്ധമതം. ശ്രീബുദ്ധൻ അനുയായികളോട്‌ ദൈവത്തെ കുറിച്ച്‌ സംസാരിച്ചിട്ടേയില്ല. ബുദ്ധൻ ദൈവത്തിൽ വിശ്വസിച്ചിരുന്നതായി രേഖയില്ല. ബുദ്ധന്റെ പ്രഭാഷണങ്ങളിലും അദ്ദേഹത്തിന്റെ അനുപമമായ ചിന്തകളിലും അനുയായികൾ ആകൃഷ്ടരായി. ദൈവത്തിന്റെ വെളിപാടുകളോ ദൂതോ ഇല്ലാതെ തന്നെ ശ്രീബുദ്ധനെ ഗുരുവായി ആരാധിക്കാനും പിന്തുടരാനും അനുയായികൾ തയ്യാറായി. എങ്കിലും ആളുകൾക്ക്‌ ഏതോ ഒരു പ്രപഞ്ചശക്തിയിൽ വിശ്വാസമുണ്ടായിരുന്നു. അത്‌ കൊണ്ട്‌ ബുദ്ധന്റെ മരണശേഷം അനുയായികൾ അദ്ദേഹത്തെ ദൈവത്തിന്റെ പ്രതിരൂപമാക്കി. ബുദ്ധമതം എന്ത്‌ കൊണ്ട്‌ ക്ഷയിച്ചു പോയി എന്നത്‌ ചിന്തിക്കേണ്ട വേറെ വിഷയമാണു. അത്‌ അവിടെ നിൽക്കട്ടെ.

ആദ്യം എന്തായാലും മതങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലല്ലൊ. ആളുകൾ ഗോത്രങ്ങളായും ചെറു ചെറു സംഘങ്ങളായും ജീവിച്ചുപോന്നു. ഭയം ഉണ്ടാക്കുന്ന എന്തിനേയും ആരാധിച്ചു പോന്നു. പിന്നീട്‌ മതങ്ങൾ രൂപീകരിക്കപ്പെടാൻ തുടങ്ങി. തുടങ്ങി വെച്ച നേതാവിനേക്കാളും അനുയായികളാണു പിന്നീട്‌ ഓരോ മതവും വളർത്തി വലുതാക്കിയത്‌. അനുയായികൾ തങ്ങളുടെ മതം പ്രചരിപ്പിക്കാനും വളർത്താനും പരിശ്രമിച്ചു. അങ്ങനെയാണു പുരോഹിതവർഗ്ഗം ഉടലെടുക്കുന്നത്‌. പുരോഹിതന്മാർക്കും വാചാലത എന്ന അനന്യമായ കഴിവ്‌ വേണമായിരുന്നു.

ഇന്ത്യയിൽ മതങ്ങൾ രൂപീകരിക്കപ്പെടുന്നതിനും, വിദേശത്ത്‌ നിന്ന് ആളുകൾ ഇവിടെയെത്തി അവരുടെ മതങ്ങൾ പ്രചരിപ്പിക്കപ്പെടുന്നതിനും മുൻപും മനുഷ്യർ ജീവിച്ചിരുന്നു. അക്കാലത്ത്‌ ഇന്ത്യയിൽ മതങ്ങൾ ഇല്ലായിരുന്നു എന്നത്‌ യാഥാർത്ഥ്യമാണല്ലൊ. ഇത്‌ മനസ്സിലായാൽ ഹിന്ദുമതം എന്നൊരു മതം അന്നും ഇന്നും ഇല്ല എന്നും മനസ്സിലാകും.

പിൽക്കാലത്ത്‌ ഇന്ത്യയിലും മതങ്ങൾ രൂപീകരിക്കാൻ തുടങ്ങി. ഒരു നേതാവും അദ്ദേഹത്തിന്റെ ആശയാദർശങ്ങൾ പിന്തുടരുന്ന അനുായികളും എന്നതാണു മതം എന്ന് ഇതിൽ നിന്ന് മനസ്സിലാകും. ഓരോ മതത്തിലും കുറേ ആൾക്കാർ ചേർന്നു. വിദേശത്ത്‌ നിന്ന് കൃസ്ത്യൻ മതവും ഇസ്ലാം മതവും പ്രചരിപ്പിക്കാൻ പ്രചാരകർ ഇന്ത്യയിൽ വന്നു. കുറേ പേർ കൃസ്ത്യൻ മതത്തിൽ ചേർന്നു. കുറേ പേർ ഇസ്ലാം മതത്തിൽ ചേർന്നു. ബഹുഭൂരിപക്ഷം പേർ ഒന്നിലും ചേരാതെ മാറി നിന്നു. അങ്ങനെ മാറി നിന്ന ബഹുഭൂരിപക്ഷമാണു ഹിന്ദുക്കൾ എന്ന പേരിൽ അറിയപ്പെടുന്നത്‌. മതമില്ലാത്തവരുടെ വിചിത്രമതമായിത്തീർന്നു അങ്ങനെ ഹിന്ദുമതം.

എന്ത്‌ കൊണ്ട്‌ ആളുകൾ മതങ്ങളിലും പാർട്ടികളിലും സംഘടനകളിലും ചേർന്നു നിൽക്കുന്നു. ഒന്നിലും ചേരാത്ത സാധാരണക്കാർക്ക്‌ താൻ ഒറ്റയ്ക്കാണെന്ന അരക്ഷിതത്വബോധം ഉണ്ടാകും. അത്‌ താങ്ങാൻ ആർക്കും കഴിയില്ല. ഒറ്റയ്ക്കാണെന്ന് തോന്നിയാൽ ഏത്‌ മനുഷ്യനും അപ്പോൾ തന്നെ "ചങ്ക്‌" പൊട്ടി ചത്തുപോകും. ഏതൊരാൾക്കും താൻ സുരക്ഷിതനാണെന്ന് തോന്നാൻ ഏതെങ്കിലും ഒരു സംഘത്തിൽ അഭയം പ്രാപിച്ചേ മതിയാകൂ. സംഘടനകൾ നിലനിൽക്കുന്നതിന്റെ നിയമം ഇതാണു.

മനുഷ്യർക്ക്‌ വെളിപാടുകൾ കിട്ടുന്നു എന്നത്‌ ചിലർക്ക്‌ തോന്നുന്ന വിഭ്രമാത്മകതയാണു. തനിക്ക്‌ വെളിപാടുണ്ടായി എന്നത്‌ പ്രാചീനകാലത്ത്‌ പലർക്കും തോന്നാറുണ്ടായിരുന്ന മാനസികപ്രതിഭാസമായിരുന്നു. സ്വപ്നത്തിൽ ദർശനം കിട്ടിയതിനെ കുറിച്ചും പറയാൻ പലർക്കും പല അനുഭവങ്ങളും ഉണ്ടാകും. ഇന്നും തെയ്യക്കോലങ്ങൾ കെട്ടിയാടുന്ന പലരും തനിക്ക്‌ ഒരു മാതിരി ഉറച്ചിൽ അനുഭവപ്പെടുന്നതായി സാക്ഷ്യപ്പെടുത്താറുണ്ട്‌. അതൊക്കെ മനസ്സിന്റെ വിഭ്രമാത്മകതയല്ലാതെ മറ്റൊന്നുമല്ല.

വെളിപാട്‌ കിട്ടിയെന്ന് തോന്നിയ പലർക്കും മതങ്ങൾ രൂപീകരിക്കാനുള്ള സംഘാടനശേഷിയില്ലായിരുന്നു. മതങ്ങൾ രൂപീകരിച്ച എല്ലാവർക്കും അത്‌ വിജയിപ്പിക്കാനോ നിലനിർത്താനോ സാധിച്ചില്ല. ഏത്‌ സംഘടനയും വിജയിച്ച്‌ എസ്റ്റാബ്ലിഷ്‌ ആയാൽ പിന്നെ അത്‌ നിലനിന്നോളും. അതിനൊരു നിയമം പ്രവർത്തിക്കുന്നുണ്ട്‌. പരാജയപ്പെട്ടത്‌ പിന്നെ പുനരുജ്ജീവിക്കാനും പ്രയാസം. ആൾബലം മഹാബലം എന്നാണു.