വാക്സിനേഷൻ എന്നാൽ എന്ത്?

വാക്സിനേഷൻ എന്നാൽ എന്ത് എന്ന് ചോദിച്ചാൽ ഒരു രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ അതിനെ ചെറുത്ത് തോല്പിക്കാൻ ശരീരത്തിലെ പ്രതിരോധ സംവിധാനത്തിനു നൽകുന്ന ഒരു റിഹേഴ്സൽ ആണെന്ന് ആലങ്കാരികമായി പറയാം. പ്രതിരോധ സംവിധാനം എന്നാൽ എന്ത് എന്ന് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. നമ്മുടെ ശരീരത്തെ അക്രമിക്കുന്ന അന്യപദാർത്ഥങ്ങളെ ചെറുക്കാൻ വേണ്ടി ശരീരം നിർമ്മിക്കുന്ന ആന്റിബോഡികളും അത് നിർമ്മിക്കുന്ന പ്രവർത്തനവും ചേർന്നതാണു പ്രതിരോധ സംവിധാനം. ശരീരത്തെ ആക്രമിക്കുന്ന പദാർഥങ്ങളെ ആന്റിജൻ എന്നും പറയുന്നു. ആന്റിബോഡി എന്ന് പറയുന്നത് പ്രോട്ടീൻ പദാർത്ഥമാണു. രക്തത്തിലെ പ്ലാസ്മയിൽ വെച്ചാണു ആന്റിബോഡി നിർമ്മിക്കപ്പെടുന്നത്. ഒരു ആന്റിബോഡി എല്ലാ ആന്റിജനുകളെയും ചെറുക്കുകയില്ല. ഓരോ ആന്റിജനെയും ചെറുക്കാൻ അതാതിനെതിരെ പ്രത്യേകം പ്രത്യേകം ആന്റിബോഡി നിർമ്മിക്കുകയാണു ശരീരം ചെയ്യുന്നത്.  രോഗങ്ങൾ ഉണ്ടാക്കുന്ന എല്ലാ രോഗാണുക്കളെയുമാണു ആന്റിജൻ എന്ന വാക്ക് കൊണ്ട് പറയുന്നത്. എന്നാൽ ആന്റിജൻ എന്ന വാക്ക് ഉപയോഗിക്കുന്നത് രോഗാണുക്കളെ ഉദ്ദേശിച്ച് മാത്രമല്ല അലർജി ഉണ്ടാക്കുന്ന അന്യപദാർത്ഥങ്ങളെയും ആന്റിജൻ എന്നാണു പറയുക.

ജന്മനാ ഒരാളിൽ രോഗപ്രതിരോധശേഷി ഉണ്ട് എന്ന് പറയുമ്പോൾ ഒരുപാട് രോഗാണുക്കളെ പ്രതിരോധിക്കാനുള്ള ആന്റിബോഡികളോ അല്ലെങ്കിൽ ആന്റിബോഡി നിർമ്മിക്കാനുള്ള മെമ്മറിയോ ശരീരത്തിൽ ഉണ്ട് എന്നാണർത്ഥം. എന്തിനാണു ഇങ്ങനെ പറയുന്നത് എന്ന് ചോദിച്ചാൽ ഹോമിയോക്കാരും പ്രകൃതിചികിത്സക്കാരും ആന്റിബോഡികളിലോ രോഗാണുക്കളിലോ വിശ്വസിക്കുന്നില്ല. രോഗം ഉണ്ടാക്കുന്നത് രോഗാണുക്കളല്ല, അത്കൊണ്ട് രോഗാണുക്കളെ പ്രതിരോധിക്കാൻ ആന്റിബോഡികളുമില്ല എന്നാണു പ്രകൃതി-ഹോമിയോക്കാരുടെ വാദം. അത്കൊണ്ട് വാക്സിനേഷനും ആവശ്യമില്ല എന്നും അവർ വാദിക്കുന്നു. വാക്സിനേഷൻ എന്ത് കൊണ്ട് ആവശ്യമാണു എന്ന് മനസ്സിലാകണമെങ്കിൽ നമ്മൾ രോഗാണുക്കൾ എന്തെന്നും ആന്റിബോഡികൾ എന്തെന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു. രോഗപ്രതിരോധം എന്നത് ജന്മനാ ലഭിക്കുന്ന ശക്തിയാണെന്നും മതിയായ ആഹാരം കഴിച്ചാൽ പ്രതിരോധശക്തി വർദ്ധിക്കും എന്നുമാണു പ്രകൃതിവാദക്കാരുടെ വാദം. അത് തെറ്റാണു. എല്ലാ പോഷകഘടങ്ങളും അടങ്ങിയ സമീകൃതാഹാരം കഴിച്ചാൽ മാത്രമേ ആരോഗ്യം ഉണ്ടാവുകയും ആന്റിബോഡികൾ അടക്കം ശരീരം ആവശ്യമായ എല്ലാ കോശങ്ങളും നിർമ്മിക്കുകയുമുള്ളൂ. അത് വേറെ കാര്യം. പക്ഷെ രോഗവും പ്രതിരോധവും നമ്മൾ വസ്തുനിഷ്ഠമായി മനസ്സിലാക്കണം.

പറഞ്ഞ് വന്നത് ജന്മനാ ഒരാളിൽ പ്രതിരോധശേഷി അഥവാ പല രോഗാണുക്കളെയും ചെറുക്കാനുള്ള ആന്റിബോഡികൾ ഉണ്ട്. പല ആന്റിബോഡികൾ ഇല്ലെങ്കിലും അത് നിർമ്മിക്കാനുള്ള മെമ്മറി ഉണ്ടാകും. ഇങ്ങനെ ജന്മനാ ഉള്ള പ്രതിരോധശേഷിയെ നമ്മൾ ആർജ്ജിത പ്രതിരോധശേഷി അല്ലെങ്കിൽ Acquired immunity എന്ന് പറയുന്നു. നമുക്ക് പല രോഗങ്ങളും വരാതിരിക്കുന്നത് ഈ ഇമ്മ്യൂണിറ്റി പ്രവർത്തിക്കുന്നത് കൊണ്ടാണു. പലവിധ രോഗാണുക്കൾക്ക് നടുവിലാണു നമ്മൾ ജീവിയ്ക്കുന്നത്. പക്ഷെ അതൊന്നും ബാധിക്കാതെ ഇമ്മ്യൂണിറ്റി നമ്മെ സംരക്ഷിക്കുന്നു. നമ്മൾ അതൊന്നും അറിയുന്നില്ല എന്ന് മാത്രം. എന്നാൽ എല്ലാ രോഗാണുക്കളെയും ചെറുക്കാൻ അത്രയും ആന്റിബോഡികൾ നമ്മുടെ ശരീരത്തിൽ ഇല്ല എന്നും ഓർക്കണം. അപ്പോൾ പുതിയ ഒരു രോഗാണു നമ്മളെ അക്രമിച്ചാൽ എന്ത് സംഭവിക്കും? ഉദാഹരണത്തിനു ചിക്കൻപോക്സ് ബാധിച്ചാൽ എന്ത് ചെയ്യും?  

varicella-zoster എന്ന virus ആണു ചിക്കൻപോക്സ് ഉണ്ടാക്കുന്നത്. രോഗങ്ങൾ എന്ത് ആയാലും അതുണ്ടാക്കുന്ന സൂക്ഷ്മജീവികളെ നമ്മൾ പൊതുവെ  ബാക്റ്റീരിയ, വൈറസ്സ്, അമീബ എന്നിങ്ങനെയാണു പറയുക. ചിക്കൻപോക്സ് വൈറസ്സ് ശരീരത്തിൽ പ്രവേശിച്ചാൽ, അതിനെതിരെയുള്ള ആന്റിബോഡി നിർമ്മിക്കാൻ ശരീരം തയ്യാറാവുന്നു. അതിനു ചിലപ്പോൾ ദിവസങ്ങൾ എടുത്തേക്കാം. ആന്റിബോഡികൾ നിർമ്മിക്കപ്പെടുകയും പെറ്റുപെരുകിയ വൈറസ്സുകളെ നശിപ്പിക്കുകയും ചെയ്യുന്ന ആ കാലയളവിനെയാണു നമ്മൾ രോഗാവസ്ഥ എന്ന് പറയുന്നത്. അപ്പോൾ നമ്മുടെ ശരീരത്തിൽ ചിക്കൻപോക്സിനെതിരെയുള്ള ആന്റിബോഡികൾ കൂടി കൂട്ടിച്ചേർക്കപ്പെട്ടു. രോഗം മാറിയാൽ ആ ആന്റിബോഡികൾ - ആ പ്രോട്ടീൻ തന്മാത്രകൾ- ശരീരത്തിൽ പിന്നീട് വിഘടിപ്പിക്കപ്പെടുന്നു. പക്ഷെ ആ ആന്റിബോഡി നിർമ്മിക്കാനാവശ്യമായ മെമ്മറി നമ്മുടെ പ്രതിരോധസംവിധാനത്തിന്റെ ഭാഗമാകുന്നു. പിന്നെ എപ്പോഴെങ്കിലും ചിക്കൻപോക്സിന്റെ വൈറസ്സ് ശരീരത്തിൽ കടന്നാലും അപ്പോൾ തന്നെ ആന്റിബോഡികൾ നിർമ്മിക്കപ്പെടുകയും ആ വൈറസ്സ് നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. ആദ്യം ചിക്കൻപോക്സ് ബാധിച്ചപ്പോൾ ആന്റിബോഡി നിർമ്മിക്കാനാവശ്യമായ മെമ്മറി അവിടെ ഉള്ളത് കൊണ്ടാണു വീണ്ടും ചിക്കൻപോക്സ് വൈറസ്സ് എന്ന ആന്റിജൻ ശരീരത്തിൽ പ്രവേശിച്ചപ്പോൾ തൽക്ഷണം തന്നെ എതിരായ ആന്റിബോഡി നിർമ്മിക്കാൻ ശരീരത്തിനു കഴിഞ്ഞതും രോഗം ബാധിക്കാതിരുന്നതും. അതായത് ചില രോഗങ്ങൾ ഒരിക്കൽ ബാധിച്ചാൽ പിന്നെ ബാധിക്കുകയില്ല. ഈ തത്വം അനുസരിച്ചാണു വാക്സിനേഷൻ പ്രവർത്തിക്കുന്നത്.


വസൂരി ഒരിക്കൽ ബാധിച്ചാൽ പിന്നെ ബാധിക്കുകയില്ല എന്ന് പണ്ടേ ആളുകൾക്ക് അറിയാമായിരുന്നു. പക്ഷെ വസൂരി ബാധിച്ചാൽ രക്ഷപ്പെടുന്നവർ ചുരുക്കമായിരുന്നു. അത്രയധികം മാരകമായിരുന്നു വസൂരി ഉണ്ടാക്കുന്ന വൈറസ്സ്. വസൂരിക്കെതിരെയാണു ആദ്യമായി വാക്സിൻ കണ്ടുപിടിക്കുന്നത്. അതിന്റെ ചരിത്രം വിസ്താരഭയത്താൽ ഇവിടെ വിവരിക്കുന്നില്ല. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ലോകത്ത് ജനിക്കുന്ന എല്ലാ ശിശുക്കൾക്കും നിർബ്ബന്ധിത പ്രതിരോധകുത്തിവയ്പ്പ് നൽകപ്പെട്ടപ്പോൾ വസുരി ഉണ്ടാക്കുന്ന variola എന്ന വൈറസ്സ് ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായി. ഇപ്പോൾ തിരിച്ചറിയാൻ വേണ്ടി മാത്രം ലോകത്തെ ചില ലബോറട്ടറികളിൽ ഈ വൈറസ്സിനെ സൂക്ഷിച്ചിട്ടുണ്ട്. വാക്സിനേഷനിലൂടെ ലോകത്ത് നിന്ന് ആദ്യമായി സമ്പൂർണ്ണനിർമ്മാർജ്ജനം ചെയ്ത രോഗമായി വസൂരിയെ 1980ൽ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. 


എങ്ങനെയാണു വാക്സിൻ പ്രവർത്തിക്കുന്നത് എന്ന് നോക്കാം. നിർജ്ജീവമാക്കിയ രോഗാണുക്കളെയാണു വാക്സിൻ ആയി നൽകുന്നത്. അതായത് നിർജ്ജീവമാക്കിയ പോളിയോ വൈറസ്സ് ആണു പോളിയോ വാക്സിനിൽ ഉള്ളത്. ആ വാക്സിൻ ശരീരത്തിൽ എത്തുമ്പോൾ പുതിയൊരു ആന്റിജൻ കടന്നാക്രമിച്ചതായി ശരീരം മനസ്സിലാക്കുന്നു. ഉടൻ തന്നെ ആ ആന്റിജനെതിരെ അതായത് പോളിയോ വൈറസ്സിനെതിരെയുള്ള ആന്റിബോഡികൾ ശരീരം നിർമ്മിച്ചു തുടങ്ങുന്നു. അത് നിർജ്ജീവമാണെന്നും പെറ്റ് പെരുകി രോഗം ഉണ്ടാക്കുകയില്ല എന്നും ശരീരത്തിനു അറിയില്ലല്ലൊ. അങ്ങനെ പോളിയോക്കെതിരെയുള്ള ആന്റിബോഡികൾ നിർമ്മിക്കപ്പെട്ടുകഴിഞ്ഞാൽ പിന്നെ ആ ആന്റിബോഡികളും ആദ്യം നൽകിയ വാക്സിനിലെ നിർജ്ജീവ വൈറസ്സ് കോശങ്ങളും വിഘടിക്കപ്പെട്ടുപോകുന്നു. പക്ഷെ പോളിയോക്കെതിരെ ആന്റിബോഡി നിർമ്മിക്കാനാവശ്യമായ മെമ്മറി പ്രതിരോധ സംവിധാനത്തിന്റെ ഭാഗമാകുന്നു. പിന്നെയൊരിക്കലും പോളിയോ വൈറസ്സിനു ശരീരത്തിൽ കടന്ന് പെറ്റ് പെരുകി പോളിയോ രോഗം ഉണ്ടാക്കാൻ കഴിയില്ല. ഇതാണു വാക്സിനേഷന്റെ തത്വവും വാക്സിനേഷൻ പ്രവർത്തിക്കുന്ന രീതിയും. 

തൊണ്ടമുള്ള് (Diphtheria), വില്ലൻ ചുമ (Pertusis), കുതിരസന്നി (Tetanus), ഹെപാറ്റിറ്റിസ് -ബി (Hepatitis -B), ഹീമോഫിലസ് ഇൻഫ്ലൂവൻസ ഇനം-ബി (Hib : Hemophilus influenza type-b) എന്നീ അഞ്ച് മാരകരോഗങ്ങൾക്കെതിരെ സംരക്ഷണം നൽകുന്ന പെന്റാവാലന്റ് എന്ന വാക്സിൻ പുതിയതായി കണ്ടുപിടിച്ച്, ലോകാരോഗ്യ സംഘടന ശുപാർശ ചെയ്തതാണു. പെന്റാവാലന്റ് തുടങ്ങി എല്ലാ വാക്സിനും വാക്സിനേഷനും എതിരെ പ്രചരണം നടത്തുന്നവർ മനുഷ്യവംശത്തിന്റെ ഘാതകരാണു. അറിവില്ലായ്മ കൊണ്ടും, തങ്ങളുടെ അറിവില്ലായ്മയെ അറിവായി തെറ്റിദ്ധരിക്കുന്നത് കൊണ്ടുമാണു അവർ അങ്ങനെ പ്രചരിപ്പിക്കുന്നത്. അല്ലാതെ ബോധപൂർവ്വം നാട്ടിൽ മാരകരോഗങ്ങളെ തിരിച്ചു വിളിച്ചു ആളുകളെ കൊല്ലിക്കാനല്ല. അത്കൊണ്ട് വാക്സിനേഷനെ പറ്റി ഒരു സാമാന്യമായ അറിവ് നൽകാൻ വേണ്ടിയാണു ഈ കുറിപ്പ് എഴുതിയത്. സാങ്കേതിമായ പദങ്ങളും വിവരങ്ങളും ഒഴിവാക്കിയത് എല്ലാവർക്കും അടിസ്ഥാനവിവരം മനസ്സിലാക്കിത്തരിക എന്ന ഉദ്ദേശത്തിൽ ലളിതമാക്കാൻ വേണ്ടിയാണു.

1 comment:

pahayan said...

Very informative, Thanks