Links

കറ്റാർ വാഴയും കള്ളപ്രചരണങ്ങളും

ഫേസ്‌ബുക്കിൽ ഒരു സുഹൃത്തിന്റെ സ്റ്റാറ്റസ്സ് ആണു ഈ പോസ്റ്റിനു ആധാരം. കറ്റാർവാഴയെ പ്രകീർത്തിച്ച് സുഹൃത്ത് എഫ് ബി യിൽ ഇങ്ങനെ എഴുതുന്നു:

"വളരെ വിപുലമായ തരത്തിലുള്ള ഗുണങ്ങള്‍‍ ഉള്ള കറ്റാര്‍ വാഴ നീര്‌ ശരീരത്തില്‍ കുറവുള്ളതും ആവശ്യമായതുമായ പോഷകങ്ങള്‍ നല്‍കുകയും ബാഹ്യ സാഹചര്യങ്ങളുമായി ഇണങ്ങാനുള്ള കഴിവ്‌ ഉയര്‍ത്തി ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനായി പതിവായി വെറുംവയറ്റില്‍ കറ്റാര്‍വാഴനീരും തേനും യോജിപ്പിച്ചത് രണ്ട് സ്പൂണ്‍ വീതം കഴിച്ചാല്‍ മതി"

ഇങ്ങനെയുള്ള പ്രചാരണങ്ങൾ ആളുകൾ നടത്തുന്നത് ആയുർവേദത്തിനു നമ്മളിലുള്ള സ്വാധീനം കൊണ്ടാണു. കറ്റാർവാഴ നീരും തേനും രണ്ട് സ്പൂൺ വീതം പതിവായി കഴിച്ചാൽ ശരീരത്തില്‍ കുറവുള്ളതും ആവശ്യമായതുമായ പോഷകങ്ങള്‍ ലഭിക്കുകയും ബാഹ്യ സാഹചര്യങ്ങളുമായി ഇണങ്ങാനുള്ള കഴിവ്‌ ഉയര്‍ത്തി ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യും എന്നാണു അവകാശപ്പെടുന്നത്.

സത്യം എന്താണു? നമ്മൾ സാധാരണ കഴിക്കുന്ന ആഹാരത്തിൽ നിന്ന് തന്നെ ഇവയെല്ലാം ലഭിക്കുന്നുണ്ട് എന്നതാണു. നിത്യേന നമ്മൾ ചോറും കറിയും തോരനും കുറേശ്ശെ പാലും മീനും മുട്ടയും പഴവർഗ്ഗം ഏതെങ്കിലും ഇവയെല്ലാം ചേർന്ന് കഴിച്ചാൽ തന്നെ നമുക്ക് വേണ്ട പോഷകഘടകങ്ങൾ എല്ലാമായി. ഇപ്പറഞ്ഞതെല്ലാം ആവശ്യത്തിനു കഴിച്ചാൽ പ്രതിരോധശേഷി ശരീരം ഉണ്ടാക്കിക്കോളും.

ഭക്ഷണത്തിൽ നിന്ന് ശരീരം ഉൾക്കൊള്ളുന്നത് എന്തൊക്കെയാണെന്ന് നോക്കാം. അന്നജം, കൊഴുപ്പ്, ജീവകങ്ങൾ, ധാതുലവണങ്ങൾ, ജലം ഇങ്ങനെ അഞ്ച് ഘടകങ്ങളാണു ഭക്ഷണത്തിൽ നിന്ന് കിട്ടേണ്ടത്. ബാക്കിയൊക്കെ ശരീരം ചെയ്തോളും. ഈ അഞ്ച് ഘടകങ്ങളും നിത്യവും ഉള്ള ആഹാരത്തിൽ ചേർന്നിട്ടുണ്ടോ എന്നാണു നമ്മൾ നോക്കേണ്ടത്. ധാന്യം, മാംസം അല്ലെങ്കിൽ പയർ, പാൽ, പച്ചക്കറി, ഇലവർഗ്ഗം അതായത് ചീര, പഴം ഇത്രയും ആഹാരത്തിൽ ഉൾക്കൊള്ളിച്ചാൽ സമ്പൂർണ്ണമായ ആഹാരമായി. കറ്റാർവാഴ പരതി നടക്കേണ്ട.

ഈ ഔഷധസസ്യം എന്ന പ്രയോഗം തന്നെ തെറ്റാണു. എന്ത് ഔഷധമാണു സസ്യങ്ങളിൽ നിന്ന് ലഭിക്കേണ്ടത്? ഔഷധം എന്ന് പറഞ്ഞാൽ തന്നെ എന്താണു? വെറുതെ ഔഷധം കഴിക്കണോ? സസ്യങ്ങളുടെ ഇല, തണ്ട്, കായ, പൂവ്, ഫലം ഇങ്ങനെ ഏത് ഭാഗം കഴിച്ചാലും നമുക്ക് കിട്ടുക മേല്പറഞ്ഞ അഞ്ച് ഘടകങ്ങൾ ഏറിയോ കുറഞ്ഞോ ആണു. ഔഷധം എന്നൊരു പൊതുഘടകം ഏത് സസ്യത്തിലും ഇല്ല.

എന്താണു രോഗം? അത് മനസ്സിലാക്കിയാലല്ലേ ഔഷധം എന്തെന്ന് മനസ്സിലാവുകയുള്ളൂ. രോഗം എന്നൊന്ന് ഇല്ല എന്നാണു ഹോമിയോപ്പതിയുടെ സിദ്ധാന്തം പറയുന്നത്. അത് പോലെ ഹോമിയോപ്പതിയിൽ രോഗിയും രോഗത്തിനു ചികിത്സയും ഇല്ല. ആളുകളിൽ രോഗലക്ഷണം ആണു ഉണ്ടാകുന്നത്. സിംപ്ടം എന്ന് പറയും. എന്താണോ ഒരാളിൽ ഉള്ള ലക്ഷണം അതേ ലക്ഷണം വീണ്ടും മരുന്ന് കൊടുത്ത് അയാളിൽ ഉണ്ടാക്കി ആദ്യത്തെ ലക്ഷണത്തെ ഇല്ലാതാക്കുക. ഉദാഹരണത്തിനു ഒരാൾക്ക് ചുമ ആണെങ്കിൽ അതൊരു സിംപ്ടം ആണു. അയാളിൽ വീീണ്ടും ചുമ ഉണ്ടാക്കാൻ ഹോമിയോ മരുന്നു കൊടുക്കും. അപ്പോൾ ചുമ മാറും. ഒരു ലക്ഷണത്തെ അതേ ലക്ഷണം ഇല്ലാതാക്കും. ഇതാണു ഹോമിയോ.

ആയുർവേദപ്രകാരം ശരീരം പഞ്ചഭൂതനിർമ്മിതമാണു. പഞ്ചഭൂതങ്ങൾ എന്നാൽ മണ്ണ്, വായു, ജലം, അഗ്നി, ആകാശം. വാദം,പിത്തം, കഫം ഇങ്ങനെ ത്രിദോഷങ്ങൾ കൊണ്ടാണു രോഗങ്ങൾ ഉണ്ടാകുന്നത്. ചികിത്സ കഷായം, ലേഹ്യം, ചൂർണ്ണം , രസായനം, എണ്ണ, തൈലം പിന്നെ കിഴി പിഴിച്ചൽ തടവൽ എന്നിവയിൽ തീരുന്നു. ഇതൊക്കെ ആധുനികശാസ്ത്രം ശരീരം എന്നാൽ എന്ത് , ശരീരം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് കണ്ടുപിടിക്കുന്നതിനു മുൻപേയുള്ള അനുമാനങ്ങളാണു.

ശരി, എന്താണു രോഗം എന്ന് നമുക്ക് ശാസ്ത്രീയമായി നോക്കാം. വായു, ജലം, ഭൂമി ഇവയിൽ എല്ലാ സ്ഥലത്തും സൂക്ഷ്മജീവികൾ ഉണ്ട്. സൂക്ഷ്മജീവികൾ ഇല്ലാത്ത ഒരിടവും ഇല്ല. ഈ സൂക്ഷജീവികൾ പലതും നമുക്ക് ഉപകാരികളാണു. സത്യം പറഞ്ഞാൽ സൂക്ഷ്മജീവികൾ ഇല്ലെങ്കിൽ പ്രകൃതിയിൽ ഒന്നും നടക്കില്ല. ചില സൂക്ഷ്മജീവികൾ ഉപദ്രവകാരികളാണു. അവ നമ്മുടെ ശരീരത്തിൽ കടന്നുകൂടി നമ്മെ ആക്രമിക്കുന്നതാണു രോഗം. സാധാരണഗതിയിൽ ഇങ്ങനെ ആക്രമിക്കുന്ന സൂക്ഷ്മജീവികളെ ശരീരം തന്നെ പ്രതിരോധിക്കും. ഓർക്കുക, പ്രതിരോധശേഷി എന്ന് പറഞ്ഞാൽ ശരീരത്തിൽ കടന്നുകൂടുന്ന സൂക്ഷ്മജീവികളെ പ്രതിരോധിച്ച് തോല്പിക്കുക എന്ന ഒരൊറ്റ അർത്ഥമേയുള്ളൂ. രക്തത്തിലെ വെള്ള അണുക്കളാണു ഇങ്ങനെ അക്രമകാരികളായ സൂക്ഷ്മജീവികളെ ചെറുത്ത് തോല്പിക്കുന്നത്. ഈ ശ്വേതാണുക്കൾ ശരീരത്തിലെ പട്ടാളമാണു. ഒരു ബാഹ്യ അണുക്കളെയും അകത്ത് കടത്തിവിടുകയില്ല. അത്കൊണ്ടാണു രോഗാണുക്കൾ സദാ ചുറ്റുപാടും ഉണ്ടായിട്ടും നമ്മൾ രോഗിയല്ലാതെ ജീവിയ്ക്കുന്നത്. രക്തത്തിലെ ശ്വേതാണുക്കളെയും മറ്റ് കോശങ്ങൾ എന്ന പോലെ നാം കഴിക്കുന്ന വിവിധതരം ഭക്ഷണപദാർത്ഥങ്ങളിൽ നിന്നാണു ശരീരം നിർമ്മിച്ചെടുക്കുന്നത്. കറ്റാർവാഴ പോലെ ഒന്നിൽ നിന്ന് അല്ല.

എന്തെങ്കിലും കാരണത്താൽ ശരീരം വീക്ക് ആയാൽ രോഗകാരികളായ ഏതെങ്കിലും സൂക്ഷ്മജീവി നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്നു. ശരീരം ചെറുത്ത് നില്ക്കുന്നു. ആ അവസ്ഥയാണു രോഗം. ഇവിടെയാണു ആന്റിബയോട്ടിക്ക് മരുന്നുകളുടെ ആവശ്യം വരുന്നത്. ആന്റിബയോട്ടിക്ക് മരുന്നുകൾ ആക്രമണകാരികളായ സൂക്ഷ്മജീവികളെ (ബാക്‌ടീരിയ) നേരിട്ട് അറ്റാക്ക് ചെയ്ത് നശിപ്പിന്നു. വൈറസ്സ് എന്ന സൂക്ഷ്മജീവികളെ അറ്റാക്ക് ചെയ്യാനുള്ള മരുന്നുകൾ ഇപ്പോഴും ഗവേഷണത്തിലാണു. ആന്റിബയോട്ടിക്ക് മരുന്നുകൾ ഹോമിയോയിലും ആയുർവേദത്തിലും നിർമ്മിക്കാൻ കഴിയില്ല. ആന്റിബയോട്ടിക്ക് മരുന്നുകൾ ശരീരത്തിനു ദോഷം ഉള്ളതല്ല. ഒരു മുന്നറിയിപ്പ് എന്ന നിലയിൽ ആന്റിബയോട്ടിക്ക് മരുന്ന് പായ്ക്കറ്റുകളുടെ പുറത്ത് പാർശ്വഫലം എഴുതിവെക്കുന്നത് അത് ഉണ്ടായേ തീരൂ എന്ന അർത്ഥത്തിൽ അല്ല. ആളുകൾ എന്ത് കുറ്റം പറഞ്ഞാലും ആന്റിബയോട്ട്ക്ക് മരുന്നുകൾ കൊണ്ടാണു മനുഷ്യരാശി രോഗങ്ങളെ അതിജീവിയ്ക്കുന്നത്.

രോഗങ്ങൾ വരാനുള്ള മറ്റ് കാരണങ്ങളിൽ ഒന്ന് ശരീരത്തിൽ ആവശ്യമുള്ള പോഷകഘടകങ്ങളുടെ കുറവ് ആണു. ഉദാഹരണത്തിനു കാൽസിയം കുറഞ്ഞാൽ എല്ലുകൾ ബലഹീനമാകും. ഇരുമ്പ് കുറഞ്ഞാൽ അനീമിയ (വിളർച്ച)ഉണ്ടാകും. ജീവകം ഏ കുറഞ്ഞാൽ കണ്ണിനെ ബാധിക്കും. ഇതിനൊന്നും ഒറ്റമൂലിയോ ഏതെങ്കിലും ഔഷധസസ്യമോ ഗുണം ചെയ്യില്ല. ആദ്യമേ പറഞ്ഞ പോലെ ചോറും മീനും പാലും മുട്ടയും പഴവും പച്ചക്കറിയും ആവശ്യത്തിനു കഴിച്ചാൽ മതി. ഒടിവ് , മുറിവ് പോലുള്ള ക്ഷതങ്ങളാണു മറ്റ് രോഗങ്ങൾ. അതിനും ശസ്ത്രക്രിയ, രക്തം നൽകൽ, അവയവമാറ്റം പോലുള്ള ചികിത്സകൾ ഇന്ന് ആധുനികവൈദ്യത്തിൽ ഉണ്ട്. ശരീരത്തിനു പറ്റുന്ന കേടുപാടുകൾ എന്തെന്ന് മനസ്സിലാക്കാനും അവ പരിഹരിക്കാനും ഇന്ന് ആധുനിക വൈദ്യശാസ്ത്രം ഉള്ളത് ഒരു വരദാനമാണു.

ആധുനികവൈദ്യശാസ്ത്രത്തിനു കഴിയാത്തത് ആയുർവേദത്തിനും ഹോമിയോക്കും സിദ്ധ-യുനാനികൾക്കും പ്രകൃതിചികിത്സക്കും നാട്ടുവൈദ്യത്തിനും മന്ത്രവാദത്തിനും മറ്റും കഴിയും എന്ന് വിശ്വസിക്കുന്നവർ ഈ പോസ്റ്റ് വായിക്കരുതായിരുന്നു. വായിച്ചുപോയെങ്കിൽ എന്നോട് ക്ഷമിക്കുക.

2 comments:

mktzak said...

"കറ്റാർ വാഴയും കള്ളപ്രചരണങ്ങളും"
തികച്ചും തെറ്റായ ധാരണകള്‍

http://www.naturalnews.com/aloe_vera.html

Ananth said...

പണ്ടൊരു മഹാന്‍ കാറ്റാടി യന്ത്റങ്ങളോട് യുദ്ധം പ്റഖ്യാപിച്ചത് ഓര്‍മ്മ വരുന്നു താങ്കള് കറ്റാര്‍ വാഴക്കെതിരെ ചാടി പുറപ്പെടുന്നതു കണ്ടിട്ട് !

എന്തായാലും ബ്ളോഗെഴുത്തില്‍ വീണ്ടും സജീവമായി കണ്ടതില്‍ സന്തോഷമുണ്ട് !!

പിന്നെ രാഷ്ട്രീയത്തോടു വിരക്തി ആയോ .....അതോ ചില കമ്യൂണിസ്റ്റുകാര് "പോളണ്ടിനെ കുറിച്ച് ഇനി ഒരക്ഷരം മിണ്ടിപ്പോവരുത്‌ " എന്നു പറയും പോലെ ആപ്പിനെ കുറിച്ചോ മോഡിയെ കുറിച്ചോ ഒന്നും ഇനി മിണ്ടി പോവരുത് എന്ന അവസ്ഥയിലായോ !!!