ഇപ്പോഴൊക്കെ നാട്ടിൽ വർഷം 365 ദിവസവും രാവും പകലും കൊതുകിന്റെ ശല്യമാണു. എനിക്കാണെങ്കിൽ കൊതുക് കടി തീരെ സഹിക്കാനും പറ്റില്ല. ഒരു കൊതു മതി എന്റെ ഉറക്കം കെടുത്താൻ. അത്കൊണ്ട് കൊതുകിനെ കൊല്ലുന്ന ബാറ്റും രാത്രിയിൽ കൊതുക് വലയുമായാണു ജീവിതം. ഇപ്പോൾ നല്ല കൊതുക് ബാറ്റുകൾ കിട്ടാനില്ല. ചൈനക്കാർ അത് ഉണ്ടാക്കുന്നത് നിർത്തിയോ ആവോ? എങ്കിൽ വലഞ്ഞത് തന്നെ. ഞാൻ ചൈനക്കാരുടേതായി ആകെ ഇഷ്ടപ്പെടുന്ന സാധനം ഈ ബാറ്റ് മാത്രമാണു.
ശരിക്ക് പറഞ്ഞാൽ കൊതുക് നമ്മെ കടിക്കുകയല്ല ചെയ്യുന്നത്. അത് നമ്മുടെ രക്തക്കുഴലിൽ നിന്ന് രക്തം ഉറിഞ്ചുകയാണു ചെയ്യുന്നത്. അങ്ങനെ ഉറിഞ്ചുമ്പോൾ നമുക്ക് അശേഷം വേദന തോന്നുകയില്ല. അത്രയും സൂക്ഷ്മമായാണു അത് രക്തം കുടിക്കുന്നത്. കൊതുകുകൾക്ക് വേറെ വഴിയില്ല. ആൺകൊതുകുകൾ സസ്യങ്ങളുടെ ഇലകളിൽ നിന്ന് നീരു വലിച്ചെടുക്കും. പെൺകൊതുകുകളാണു രക്തം കുടിക്കുന്നത്. രക്തത്തിൽ എല്ലാം പോഷകങ്ങളും ഉണ്ട്. നമ്മൾ കഴിക്കുന്ന ആഹാരം ദഹിച്ച് അതിലെ പോഷകങ്ങൾ ശരീരത്തിലെ ഓരോ കോശങ്ങളിലേക്കും വഹിച്ചുകൊണ്ടുപോകുന്നത് രക്തമാണു. രക്തത്തിനു എന്തൊക്കെയാണു ഡ്യൂട്ടി അല്ലേ? ശ്വസിക്കുന്ന വായുവിലെ ഓക്സിജനെ ഓരോ കോശത്തിലും എത്തിക്കുന്നു. പിന്നെ ഇപ്പറഞ്ഞ പോഷകങ്ങളും. മാത്രമോ കോശങ്ങളിലെ മാലിന്യങ്ങളും പിന്നെ കാർബൺഡൈഓക്സൈഡും പുറത്തേക്ക് കളയാൻ എടുത്തുകൊണ്ട് പോകുന്നതും രക്തം തന്നെ. ശരീരത്തിലെ ഗുഡ്‌സ് വണ്ടിയാണു രക്തം.
കൊതുക് രക്തം വലിച്ചെടുക്കുമ്പോൾ അതിന്റെ വായയിൽ ഉള്ള ദ്രവം നമ്മുടെ ചർമ്മത്തിൽ പറ്റുന്നു. അത് നമ്മളിൽ അലർജിയുണ്ടാക്കുന്നു. ആ അലർജിയാണു നമ്മളിൽ ചൊറിച്ചിൽ ഉണ്ടാക്കുന്നത്. ഈ അലർജി ആളുകളിൽ വ്യത്യസ്തമായിരിക്കും. അത്കൊണ്ടാണു ചിലർക്ക് കൊതുക് കടി അത്ര ഏശാത്തതും എന്നെ പോലെ ചിലർക്ക് ഒരു കൊതുകിനെ പോലും സഹിക്കാൻ കഴിയാത്തതും. കൊതുക് വെള്ളത്തിൽ മുട്ടയിട്ട് അത് കൂത്താടിയായി പരിണമിച്ച് പിന്നെയാണു കൊതുകാവുന്നത്. അതായത് കൊതുക് പെരുകാൻ കെട്ടിക്കിടക്കുന്ന വെള്ളം വേണം. പണ്ടൊന്നും നാട്ടിൻപുറങ്ങളിൽ വേനൽക്കാലത്ത് കൊതുകുകൾ ഉണ്ടാകാറില്ല. ഓടകൾ ഉള്ളത്കൊണ്ട് നഗരങ്ങളിൽ കാണും എന്ന് മാത്രം. ഇപ്പോൾ നാടും നഗരവും വ്യത്യാസമില്ല. സദാ സമയവും കൊതുകുകൾ സുലഭം.
ഇപ്പോൾ എന്തുകൊണ്ടാണു വേനൽക്കാലത്തും നമ്മുടെ വീടിന്റെ പരിസരത്ത് കൊതുകുകൾ? എവിടെയാണു ഇവ മുട്ടയിട്ട് പെരുകുന്നത്? എവിടെയും വെള്ളം കെട്ടിനിൽക്കുന്നില്ലല്ലൊ. ഇപ്പോൾ എല്ലാ വീടുകളിലും കക്കൂസും കക്കൂസ് ടാങ്കും ഉണ്ട്. ഈ ടാങ്കിൽ നിന്ന് ഒരു പൈപ്പ് വീടിന്റെ ചുമരിനോട് ചേർത്ത് ഘടിപ്പിച്ചിരിക്കും. ടാങ്കിലേക്ക് എയർ കടക്കാനാണിത്. ദ്വാരത്തോടുകൂടിയ അടപ്പും ഈ പൈപ്പിനു ഉണ്ടാകും. ആദ്യമൊക്കെ ഈ അടപ്പിനകത്ത് നൈലോൺ നെറ്റിന്റെ തുണ്ട് വെച്ച് കൊതുക് അകത്തും പുറത്തും പ്രവേശിക്കാത്ത വിധം ഭദ്രമാക്കിയിരുന്നു. അന്ന് നെറ്റ് വെച്ചതെല്ലാം ഇപ്പോൾ ദ്രവിച്ചുപോയിരിക്കും. ചിലപ്പോൾ അടപ്പ് തന്നെ ഇപ്പോൾ ഉണ്ടായെന്ന് വരില്ല. ഇപ്പോൾ ആരും നെറ്റ് വെക്കാറില. പ്ലംബിങ്ങ് ചെയ്യുന്ന ആൾ പൈപ്പും മൂടിയും ഫിറ്റ് ചെയ്ത് പോകും. നമ്മൾ ആരും ആ പൈപ്പ് പിന്നെ നോക്കാറേയില്ല. ഫലമോ? സന്ധ്യയാകുമ്പോൾ ഓരോ വീടിന്റെയും കക്കൂസ് ടാങ്കിൽ നിന്ന് എയർപൈപ്പ് വഴി കൊതുകുകൾ കൂട്ടത്തോടെ പറന്നുയരുന്നത് കാണാം. പിറ്റേന്നും പറക്കമുറ്റുന്ന കൂത്താടികൾ ടാങ്ക് നിറയെ ഉണ്ടാകും.
No comments:
Post a Comment