Links

ആരാണു വർഗ്ഗീയവാദി ?

ഞാൻ വർഗ്ഗീയതയെ കുറിച്ച് ഒരു പോസ്റ്റ് എഴുതണം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. വർഗ്ഗീയത എന്നാൽ എന്ത് എന്നതിനെ പറ്റി എന്റെ നിർവ്വചനം. പലപ്പോഴും ബ്ലോഗിലും മറ്റും എഴുതിയിരുന്നു. എന്നാൽ ഞാൻ എത്രയോ അപരിചിത ആശയങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ചെങ്കിലും അതൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. അത് ഈ സോഷ്യൽ മീഡിയയുടെ പരിമിതിയാണു. അച്ചടി മാധ്യമങ്ങളിൽ എഴുതുന്നവരെ മാത്രമേ സമൂഹം ശ്രദ്ധിക്കുന്നുള്ളൂ. ആ എഴുത്തുക്കൾ മാത്രമേ സമൂഹത്തിൽ പ്രചരിക്കുകയും സ്വാധീനം ചെലുത്തുകയും ചെയ്യുന്നുള്ളൂ. മറ്റൊരു പരിമിതി നമ്മളൊക്കെ സാധാരണക്കാർ ആണു എന്നതുമാണു. അറിയപ്പെടുന്ന ആളുകൾ സോഷ്യൽ മീഡിയയിൽ എന്തെഴുതിയാലും അതൊക്കെ അപ്പോൾ തന്നെ അച്ചടി മാധ്യമങ്ങൾ ഏറ്റെടുത്ത് വമ്പിച്ച പ്രചാരണം കൊടുക്കുന്നതും കാണാം.

എന്തായാലും അന്തിമവിശകലനത്തിൽ ആ സെലിബ്രിറ്റികളുടെ എഴുത്തുകളും വിസ്മൃതിയിൽ ആണ്ടുപോകാൻ ഉള്ളത് തന്നെയാണു. അപ്പോൾ നമ്മുടെ എഴുത്തിനും വലിയ വ്യത്യാസം ഒന്നും ഇല്ല. ഉദാഹരണത്തിനു കാസർക്കോട് MP പി. കരുണാകരന്റെ ഫേസ്‌ബുക്ക് കവിത ഇന്ന് മാതൃഭൂമിയിൽ വാർത്തയാണു. കവിതയുടെ പൂർണ്ണരൂപം അച്ചടിച്ചിട്ടുമുണ്ട്. ആ വാർത്തയ്ക്കും ആയുസ്സ് ഇന്നത്തെ ദിവസം മാത്രമല്ലേ ഉള്ളൂ.

പറഞ്ഞ് വന്നത് വർഗ്ഗീയതയെ പറ്റി. ഒരു മുസ്ലീം സുഹൃത്തിന്റെ ഇന്നത്തെ സ്റ്റാറ്റസ്സിൽ കാണുന്നത്, ഫേസ്‌ബുക്കിൽ വന്നതിനു ശേഷമാണു നാട്ടിൽ ഇത്രയും വർഗ്ഗീയവാദികൾ ഉണ്ടെന്ന് മനസ്സിലായത് എന്നാണു. ആ സുഹൃത്ത് ഉദ്ദേശിച്ചത് ഹിന്ദുക്കളെ കുറിച്ചായിരിക്കും എന്ന് തോന്നുന്നു. കാരണം മുസ്ലീങ്ങൾക്ക് വർഗ്ഗീയത ഇല്ലല്ലൊ. ഹിന്ദുക്കളൊക്കെ വർഗ്ഗീയവാദികളാകുന്ന കാലമാണിത്. മുസ്ലീങ്ങൾ മതേതരവിശ്വാസികളും. പോരാത്തതിനു കേന്ദ്രത്തിൽ ബി.ജെ.പി.ഭരണത്തിൽ വരികയും ചെയ്തു. കേരളത്തിലാണെങ്കിൽ കേന്ദ്രത്തിന്റെ മാതൃകയിൽ ബി.ജെ.പി.യുടെ ഒറ്റക്കക്ഷി ഭരണം നിലവിൽ വരാനുള്ള സാധ്യത തള്ളിക്കളയാനും ആകില്ല. അപ്പോൾ രാജ്യമൊട്ടാകെ ഹിന്ദുക്കൾ വർഗ്ഗീയവാദികൾ ആകുന്ന പ്രക്രിയ ധ്രുതഗതിയിൽ നടക്കുകയാണു. ബി.ജെ.പി. എന്ന പാർട്ടിക്ക് ആരൊക്കെ വോട്ട് ചെയ്യുന്നുവോ അവരൊക്കെ ഹിന്ദു വർഗ്ഗീയവാദികൾ ആണെന്ന കാര്യത്തിൽ മതേതരത്വത്തിന്റെ പേറ്റന്റ് കൈവശം വെച്ചിരിക്കുന്ന കമ്മ്യൂണിസ്റ്റുകൾക്കും മുസ്ലീം സമുദായത്തിലെ സകലമാന സംഘടനകളിൽ പെട്ടവർക്കും സംശയം ഉണ്ടാകാൻ വഴിയില്ല.

ഞാൻ പറയുന്നു, വർഗ്ഗീയത എന്നത് മതപരമായ വേർതിരിവ് മാത്രമല്ല. എന്റേത് എന്ന് ഏതൊരാൾക്ക് എന്തിനൊടെങ്കിലും ഒരു വൈകാരികത തോന്നുന്നെങ്കിൽ അതൊക്കെ വർഗ്ഗീയതയാണു. എന്റെ നാട്, എന്റെ പാർട്ടി, എന്റെ ഭാഷ, എന്റെ സംഘടന, എന്റെ യൂനിയൻ, എന്റെ ജാതി, എന്റെ മതം, എന്റെ രാജ്യം ഇങ്ങനെ എന്റേത് എന്ന് കരുതി എന്തിനോടൊക്കെ വൈകാരികമായ പറ്റ് തോന്നുവോ അതൊക്കെ വർഗ്ഗീയതയാണു. അപ്പോൾ വർഗ്ഗീയത എന്നത് സാർവ്വത്രികമായ മനുഷ്യസ്വഭാവം ആണെന്ന് കാണാൻ കഴിയും. അത് ഒരാളുടെ ചിന്ത ഞാൻ, എന്റെ എന്നിങ്ങനെ തുടങ്ങി ഒടുവിൽ പ്രപഞ്ചത്തോളം വികസിക്കുന്നത്കൊണ്ടാണു.

എന്നാൽ ഈ ലോകത്ത് വർഗ്ഗീയവാദി അല്ലാത്തവരായി ആരെങ്കിലുമുണ്ടോ? തീർച്ചയായും നിരവധി ആളുകളുണ്ട്. അവരുടെ ചിന്ത പ്രപഞ്ചത്തിൽ തുടങ്ങി ഭൂമി, ലോകം, രാജ്യം, സംസ്ഥാനം, പഞ്ചായത്ത്, അയല്പക്കം എന്നിങ്ങനെ താഴോട്ട് വന്ന് ഒടുവിലാണു എന്നിൽ, ഞാനിൽ എത്തുന്നത്. അപ്പോൾ ഈ ഞാൻ എന്നത് നിസ്സാരനായും ഈ പ്രപഞ്ചത്തിന്റെ അഭേദ്യവും തുച്ഛവും ആയ ഒരു യൂനിറ്റ് മാത്രമാണെന്നും മനസ്സിലാകും. അയാൾക്ക് എന്റേത് എന്ന് പറഞ്ഞ് അഹങ്കരിക്കാനോ ആവേശം കൊള്ളാനോ ഒന്നുമുണ്ടാകില്ല. എന്തെന്നാൽ എല്ലാം ഈ പ്രപഞ്ചത്തിന്റെ ഭാഗം തന്നെ. പിന്നെ എങ്ങനെ അയാൾ വർഗ്ഗീയവാദിയാകും. എന്റെ എന്ന് ചിന്തിക്കുന്ന ഏതൊരാളും അത്കൊണ്ട് വർഗ്ഗീയവാദിയാണു.

4 comments:

ktahmed mattanur said...

തേങ്ങ ഇന്ന് ഞാനുടയ്കുന്നു,
നാടൊട്ടുക്കും അറിയപ്പെടുന്ന ഒരെഴുത്തുകാരനാവാന്‍ വലിയ ബുദ്ദിമുട്ടൊന്നും ഇല്ല,ഏതെങ്കിലും ഒരു മത വിഭാഗത്തിന്റെ ആരാദ്യ പുരുഷനെ പുതിയൊരു രീതിയില്‍ അവഹേളിക്കുക,സന്ദര്‍ഭം പ്രത്യേഗം ശ്രദ്ദിക്കണം,ഏതു പോലെ" ന്യൂനപക്ഷം ഭൂരി പക്ഷ്ത്തിന്റെ അഭിപ്രായം മാനിക്കണമെന്ന വാക്യം പോലെ,സ്വയം പരിക്കില്ലാതെ രക്ഷപ്പെടാനുള്ള സൂത്രം അതില്‍ ഉണ്ടായിരിക്കണമെന്ന്,
നമുക്ക് അത്ര വര്‍ഗീയത ഇന്നുമില്ല,സത്യതില്‍ വാടാ സാരമില്ലെന്ന് പറഞ്ഞാല്‍ ഏതു കല്ലാപവും മറക്കാനാവുന്ന ഇന്ത്യന്‍ മനസുണ്ട് ഇന്നും,
എങ്കിലും ഒരകലച നാം സൂക്ഷിക്കുന്നുണ്ട്,അതില്ലാത അടുത്ത തലമുറയാണ് സ്വപ്നമെങ്കില്‍ കളിസ്ഥലങ്ങളില്‍ നമുക്ക് വാര്‍തെടുക്കാനാവും,അതിനു നാടു നീളെ കളിസ്ഥലങ്ങള്‍ അനുവതിച്ച് ഫണ്ട് നല്‍കണം,ഇന്ന് ആ ഒഴിവിലേക്ക് തീവ്ര വിഗാരത്തെ കുത്തിവെക്കുകയാണ്‍,അതില്ലാതായാല്‍ നാമൊന്നായി മാറും,അതുപോലെ ഉല്‍സവങ്ങളെ നാടിന്റെ ആഘോഷമാക്കി നബിദിനത്തിനു സ്വാഗതമോതി പഴമയെ തിരിച്ചെടുക്കുവാനും ശ്രമിക്കണം
മാധ്യമങ്ങള്‍ പ്രത്യേഗിച്ച് ചാനലുകള്‍ റേറ്റിങ് കൂട്ടുവാനുള്ള യുദ്ദത്തില്‍ ന്യായവാതങ്ങള്‍ക് സ്ഥാനമില്ലാതെ വന്നിരിക്കുന്നു,നാട് പ്രത്യേക വിഗാരത്തിലേക്ക് എടുത്തെറിയപ്പെടുന്ന വാര്‍തകള്‍ക് സര്‍കാര്‍ ചെറിയൊരു ചരട കെട്ടുന്നത് നല്ലതായിരിക്കും,സമൂഹത്തോട് യാതൊരു ഉത്തരവാതിത്ത്വവും ഇല്ലെന്ന രീതി പാടില്ല.

Ananth said...
This comment has been removed by the author.
Ananth said...

വര്‍ഗം എന്തടിസ്ഥാനത്തിലും ആവാം .....ജാതി ,മതം ,ദേശം ,ഭാഷ എന്നിങ്ങനെ ..... താനുള്‍പ്പെടുന്ന വര്‍ഗത്തോടുള്ള അന്ധമായ വിധേയത്വം അഭിമാനം ഇതൊക്കെ ഒരു പരിധി വരെ ആവശ്യം തന്നെ ......എന്നാല്‍ ശരി തെറ്റുകള്‍ വേര്‍തിരിക്കുന്നതിനുള്ള ഒരു മാനദണ്ഡമായി അതു മാറുന്നിടതാണ് വര്‍ഗീയത ഒരു ശാപമാവാന്‍ തുടങ്ങുന്നത് ( ഒരേ കാര്യം എന്റെ വര്‍ഗത്തില്‍ പെട്ട ആള് ചെയ്താല്‍ ശരിയും മറ്റുള്ളവരാണെങ്കില്‍ തെറ്റും എന്ന രീതി )......അടുത്ത പടി അസഹിഷ്ണുത യാണ് ( എന്റെ വര്‍ഗക്കാരെ മാത്രമേ എന്റെ കമ്പനിയില്‍ സ്റ്റാഫായിട്ടെടുക്കൂ എന്റെ ഇടപാടുകളെല്ലാം എന്റെ വര്‍ഗക്കാരുമായി മാത്രം മറ്റുള്ളവരെ ഒന്നും എന്റെ കാര്യങ്ങളിലൊന്നും അടുപ്പിക്കുകയില്ല എന്ന നിലപാട് )..........

എന്നാലും സുകുമാരന്‍ പറയുന്ന പല കാര്യങ്ങളും തികച്ചും അതിശയോക്തിപരം ആയിതോന്നുന്നു ( "കേരളത്തിലാണെങ്കിൽ കേന്ദ്രത്തിന്റെ മാതൃകയിൽ ബി.ജെ.പി.യുടെ ഒറ്റക്കക്ഷി ഭരണം നിലവിൽ വരാനുള്ള സാധ്യത തള്ളിക്കളയാനും ആകില്ല ") ബി.ജെ.പി.ക്കാരു പോലും ഇത്രക്കങ്ങു ശുഭാപ്തി വിശ്വാസികളാവില്ല !!!

praveen gopinath said...

പൂർണമായും യോജിക്കുന്നു. രണ്ടു കക്ഷികൾ തമ്മിലുളള ഒരു വിഷയം മൂന്നാമനോരാളായി നമ്മൾ വിശകലനം ചെയ്യുന്നതിൽ സത്യ-അസത്യങ്ങൾ വിട്ടു നമ്മളും അയാളുമായുളള നേരിട്ടോ അല്ലാതെയോ ഉള്ള ബന്ധം ബാധകമാകുന്നുവെങ്ങിൽ അത് വര്ഗീയതയാണ്. ആ അർത്ഥത്തിൽ കമ്യൂണിസ്റ്റുകളും വര്ഗീയത പുലര്ത്തുന്നവരാന്. തൊഴിലാളികൾ എന്തു ചെയ്താലും ന്യായീകരിക്കുമ്പോൾ അത് തീര്ച്ചയായും വർഗീയതയാണ്.