കമ്മ്യൂണിസ്റ്റ് വിരോധികളാവുക !

എന്ത്കൊണ്ടാണു നമ്മൾ കമ്മ്യൂണിസ്റ്റ് വിരുദ്ധർ ആകുന്നത്? കാരണം മനുഷ്യരാശിക്ക് ഇത്രയും മാരകമായ മറ്റൊരു സിദ്ധാന്തം ലോകത്ത് ഇത്‌വരെയിലും അവതരിപ്പിക്കപ്പെട്ടിട്ടില്ല എന്നത്കൊണ്ട് തന്നെ. മനുഷ്യസ്നേഹവും പൗരാവകാശബോധവും ജനാധിപത്യവിശ്വാസവും കൊണ്ടാണു നമ്മൾ കമ്മ്യൂണിസ്റ്റ് വിരുദ്ധരാകുന്നത്. ഇവയ്ക്കെല്ലാം എതിരാണു കമ്മ്യൂണിസ്റ്റുകാർ. കമ്മ്യൂണിസം എവിടെയുണ്ടോ അവിടെ മനുഷ്യസ്നേഹം ഇല്ല, പൗരാവകാശങ്ങൾ ഇല്ല, ജനാധിപത്യം തീരെയില്ല. കമ്മ്യൂണിസ്റ്റുകൾക്ക് സ്നേഹമുള്ളത് പാർട്ടിയോട് മാത്രം, പാർട്ടി നേതാക്കളോട് മാത്രം. എല്ലാ മനുഷ്യരും പാർട്ടിക്ക് വേണ്ടിയുള്ള ഉപകരണമാണു എന്നതാണു കമ്മ്യൂണിസം. വ്യക്തികൾക്ക് ഒരവകാശവും വേണ്ട. പാർട്ടി ഉണ്ടായാൽ മതി. പാർട്ടിക്ക് വേണ്ടി ആരെയും കൊല്ലാം. സ്വന്തം അച്ഛനായാലും അമ്മയായാലും മകനായാലും പാർട്ടി കൊല്ലണം എന്ന് വിധിച്ചാൽ കൊല്ലണം.

കമ്മ്യൂണിസം കൊണ്ട് ഗുണം കിട്ടിയ ഏതെങ്കിലും രാജ്യമോ പ്രദേശമോ ഏതെങ്കിലും ജനങ്ങളോ ലോകത്ത് എവിടെയെങ്കിലുമുണ്ടോ? ഇല്ല. കുറെ രാജ്യങ്ങൾ കമ്മ്യൂണിസ്റ്റുകൾ ഭരിച്ചല്ലൊ. അവിടെയൊക്കെ ജനങ്ങൾ സഹികെട്ട് കമ്മ്യൂണിസ്റ്റ് ഭരണക്കാരെ ചവുട്ടി പുറത്താക്കി. ഓരോ കമ്മ്യൂണിസ്റ്റ് ഭരണാധികാരിയും ക്രൂരതയ്ക്ക് കൈയും കാലും വെച്ച രാക്ഷസീയരൂപങ്ങളായിരുന്നു. പാർട്ടിക്ക് വേണ്ടി കമ്മ്യൂണിസ്റ്റുകാർ കൊന്നൊടുക്കിയ പൗരജനങ്ങൾക്ക് കൈയും കണക്കുമില്ല. സോവിയറ്റ് യൂനിയൻ തകർന്ന് അവിടെ ജനാധിപത്യസർക്കാർ നിലവിൽ വന്നപ്പോൾ മൊത്തമായി കുഴിച്ചിടപ്പെട്ട നിലയിൽ പതിനായിരക്കണക്കിനു തലയോട്ടികളാണു കണ്ടെടുക്കപ്പെട്ടത്. കമ്പോഡിയയിൽ പോൾപോട്ടിന്റെ ഇഷ്ടവിനോദം തന്നെ മനുഷ്യക്കശാപ്പ് ആയിരുന്നു. കമ്മ്യൂണിസ്റ്റുകൾ നടത്തിയ മനുഷ്യക്കുരുതിക്ക് ചരിത്രത്തിൽ സമാനതകളില്ല. അത്കൊണ്ടാണു പറയുന്നത് ഇത്രയും മനുഷ്യവിരുദ്ധവും കാട്ടാളത്തപരവും ആയ സിദ്ധാന്തം വേറെയില്ല.

എന്ത്കൊണ്ട് കമ്മ്യൂണിസം ഇത്രയും ക്രൂരമായി? കുറ്റം കാൾ മാർക്സിന്റേതല്ല. മനസ്സിലാക്കിയേടത്തോളം കാൾ മാർക്സ് മഹാനായ ചിന്തകനായിരുന്നു. മാർക്സിന്റെ സിദ്ധാന്തത്തിനു പ്രായോഗികരൂപം നൽകിയത് ലെനിൻ ആയിരുന്നു. ലെനിൻ മാർക്സിസത്തെ കുഴിച്ചുമൂടി. എന്നിട്ട് തന്റേതായ ഒരു ഇസം സംഭാവന ചെയ്തു. അതാണു മാർക്സിസം-ലെനിനിസം. കമ്മ്യൂണിസ്റ്റല്ലാത്ത ആരെയും ഭൂമുഖത്ത് വെച്ചിരിക്കരുത് എന്ന് മാർക്സിസം-ലെനിനിസം സിദ്ധാന്തിക്കുന്നു. അത്കൊണ്ടാണു കമ്മ്യൂണിസ്റ്റുകൾ ഭരിക്കുന്ന രാജ്യങ്ങളിൽ കമ്മ്യൂണിസ്റ്റുകാരല്ലാത്തവർ ആരെയും ജീവിയ്ക്കാൻ അനുവദിക്കാത്തത്. കമ്മ്യൂണിസത്തിനെതിരായി ഒരു വാക്ക് ഉരിയാടിയാൽ പിറ്റേന്ന് കഴുത്തിന്റെ മേൽ തല കാണുകയില്ല. പഴയ സോവിയറ്റ് യൂനിയനിൽ മൂന്നിൽ ഒരാൾ കെ.ജി.ബി.യുടെ ഇൻഫോർമർ ആയിരുന്നു. ആർക്കും പരസ്പരം അറിയില്ല. ആരെങ്കിലും പാർട്ടിക്കും സർക്കാരിനും എതിരെ മിണ്ടുന്നുണ്ടോ എന്ന് നിരീക്ഷിക്കലായിരുന്നു അവരുടെ ജോലി. ചൈനയിൽ ഇപ്പോൾ അവിടത്തെ ഓരോ പൗരനും സദാ ക്യാമറക്കണ്ണുകളുടെ നിരീക്ഷണത്തിലാണു. ടിയാനൻമെൻ സ്ക്വയറിൽ ജനാധിപത്യപ്രക്ഷോഭം നടന്നതിനുശേഷമാണു പൗരനിരീക്ഷണം ഇത്രയും കർക്കശമാക്കിയത്.

ഇന്ത്യയിൽ കമ്മ്യൂണിസ്റ്റുകൾക്ക് ഒരുഗതിയും പരഗതിയും ഇല്ല. എന്നിട്ടും പശ്ചിമ ബംഗാളിൽ എന്താണു ചെയ്തത്? അവിടെ രാഷ്ട്രീയപ്രതിയോഗികളെ ജീവനോടെ കുഴിയിലിട്ട് ഉപ്പും ചേർത്ത് മൂടുക എന്ന പുത്തൻ ഉന്മൂലനമാണു നടപ്പാക്കിയത്. ആട്ടെ, 34 കൊല്ലം ബംഗാളിൽ ഭരണം നടത്തിയിട്ട് ഏതെങ്കിലും ഒരു സിംഗിൾ ബംഗാളിക്ക് ഗുണം കിട്ടിയോ? ആകെ ചെയ്തത് കുറെ ബംഗ്ലാദേശികളെ പിടിച്ച് വോട്ടും റേഷൻ കാർഡും ഉണ്ടാക്കിക്കൊടുത്തു എന്നതാണു. അവരുടെ വോട്ടും കള്ളവോട്ടും കൊണ്ടാണു 34കൊല്ലം ഭരിച്ചത്. ഒരാൾക്കും ഗുണവും ഇല്ല. ഗുണമെല്ലാം പാർട്ടിക്ക്. പാർട്ടിയെക്കൊണ്ടുള്ള ഗുണം നേതാക്കൾക്ക്. ഒടുവിൽ ബംഗാളികൾക്ക് വിവരം വെച്ചപ്പോൾ കമ്മ്യൂണിസം എന്ന് പറഞ്ഞാൽ ഇപ്പോൾ അവിടെ അടി കിട്ടും. അത്രയ്ക്കാണു ജനം അവിടെ സഹിച്ചത്.

കേരളത്തിൽ ഇക്കാണുന്ന എല്ലാം ഉണ്ടാക്കിയത് കമ്മ്യൂണിസ്റ്റുകാരാണു എന്ന് ഒരു പ്രചാരണമുണ്ട്. എത്രയോ സാമൂഹ്യപരിഷ്ക്കർത്താക്കളാണു ആധുനികകേരളത്തിനു രൂപം നൽകിയത്. അക്കൂട്ടത്തിൽ ഒരൊറ്റ കമ്മ്യൂണിസ്റ്റുകാരൻ പോലുമില്ല. സായുധവിപ്ലവത്തിനു ആഹ്വാനം ചെയ്തതിനെ തുടർന്ന് 1948മുതൽ രണ്ട് വർഷക്കാലം കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ചിരുന്നു. ആ സമയത്ത് കമ്മ്യൂണിസ്റ്റുകൾ കുറെ പോലീസ് വേട്ടയാടലിനു വിധേയരായി. ആ സിമ്പതി കൊണ്ടാണു കേരളത്തിൽ കമ്മ്യൂണിസം പച്ചപിടിച്ചത്. മറ്റൊരു കാരണം അന്നത്തെ ദാരിദ്ര്യവും പട്ടിണിയും ആയിരുന്നു. പാവങ്ങളുടെ പാർട്ടിയാണു കമ്മ്യൂണിസ്റ്റ് എന്ന പ്രചാരണം നല്ല പോലെ ജനങ്ങളിൽ ഏശി.

1957ൽ കമ്മ്യൂണിസ്റ്റ് ഭരണം വന്നപ്പോൾ സർക്കാർ സംവിധാനത്തെ നോക്കുകുത്തിയാക്കി പാർട്ടിയുടെ കീഴിൽ സെൽ ഭരണമാണു നടപ്പാക്കിയത്. ഉദ്യോഗസ്ഥന്മാർക്ക് പാർട്ടി മെമ്പർമാർ ഉത്തരവുകളും നിർദ്ദേശവും നൽകി. ഒടുവിൽ സഹികെട്ട് ജനങ്ങൾ വിമോചനത്തിനായി തെരുവിൽ ഇറങ്ങി. ജനാധിപത്യത്തിനു വേണ്ടി കേരളജനത നടത്തിയ മഹത്തായ പോരാട്ടമായിരുന്നു 1959ലെ വിമോചനസമരം. ആ സമരം വിജയിച്ചത് ജനങ്ങളുടെ വിജയമായി എന്ന് മാത്രമല്ല, ഇന്ന് നാം കാണുന്ന ജനാധിപത്യകേരളം തന്നെ ആ സമരവിജയത്തിൽ പിറന്നതാണു.

പറഞ്ഞുവന്നത് , അരിയാഹാരം കഴിക്കുന്നവർ കമ്മ്യൂണിസ്റ്റ് വിരുദ്ധരാകണം. നമുക്ക് എല്ലാവർക്കും എല്ലാ പാർട്ടിക്കാർക്കും എല്ലാ മതക്കാർക്കും പൗരാവകാശവും ജനാധിപത്യവും വേണം. അത്കൊണ്ട് എല്ലാ ജനാധിപത്യവാദികളുടെയും പൊതുശത്രുവാണു കമ്മ്യൂണിസ്റ്റുകാർ. കമ്മ്യൂണിസ്റ്റുകാർക്ക് സൂര്യനു താഴെയുള്ള സകലതിനെയും വിരോധിക്കാം. എന്നാൽ കമ്മ്യൂണിസ്റ്റുകാരോട് നമുക്ക് വിരോധം തോന്നരുത് പോലും. എന്ത്കൊണ്ടാണു നമ്മൾ കമ്മ്യൂണിസ്റ്റ് വിരുദ്ധർ ആകുന്നത് എന്ന് അവർ ആലോചിക്കുന്നില്ല. കമ്മ്യൂണിസ്റ്റുകാരുടെ അക്രമം, മനുഷ്യക്കുരുതി, പൗരാവകാശനിഷേധം, റൗഡിസം, അഹന്ത , ധാർഷ്ട്യം ഇതൊക്കെ കാണുമ്പോൾ നേരെ വാ നേരെ പോ എന്ന് ചിന്തിക്കുന്നവരും അല്പമെങ്കിലും സ്വാഭിമാനവും ഉള്ളവർ ആരായാലും കമ്മ്യൂണിസ്റ്റ് വിരുദ്ധർ ആയിപ്പോകും. ലോകം കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെ കൂടെയാണു. അത്കൊണ്ടാണു ലോകത്ത് നിന്ന് കമ്മ്യൂണിസം തുടച്ചുനീക്കപ്പെടുന്നത്.

8 comments:

വേണു ഗോപാൽ said...

ചരിത്രവുമായി, സത്യങ്ങളുമായി, യാതൊരു ബന്ധവും ഈ പോസ്റ്റിനില്ല. അഞ്ജനമെന്നതു ഞാനറിയും മഞ്ഞള് പോലെ വെളുത്തതല്ലേ... മാര്‍ക്സിസത്തെ കുറിച്ചും ലെനിനിസത്തെ കുറിച്ചും നേടിയ അറിവുകള്‍ തുലോം തുച്ഛം. എങ്കിലും ഈ പോസ്റ്റിലെ അവസാന ഭാഗത്തെ ഒരു വീക്ഷണം ശരിയായി തോന്നുന്നു. മറ്റുള്ളവ ചവറ്റുകൊട്ടയിലേക്ക്. കെ പി യുടെ വീക്ഷണത്തിലെ ശരി എന്ന് തോന്നുന്നത് ഇതാണ് >>> " എന്ത്കൊണ്ടാണു നമ്മൾ കമ്മ്യൂണിസ്റ്റ് വിരുദ്ധർ ആകുന്നത് എന്ന് അവർ ആലോചിക്കുന്നില്ല. കമ്മ്യൂണിസ്റ്റുകാരുടെ അക്രമം, മനുഷ്യക്കുരുതി, പൗരാവകാശനിഷേധം, റൗഡിസം, അഹന്ത , ധാർഷ്ട്യം ഇതൊക്കെ കാണുമ്പോൾ നേരെ വാ നേരെ പോ എന്ന് ചിന്തിക്കുന്നവരും അല്പമെങ്കിലും സ്വാഭിമാനവും ഉള്ളവർ ആരായാലും കമ്മ്യൂണിസ്റ്റ് വിരുദ്ധർ ആയിപ്പോകും" <<<<

K.P. Sukumaran said...

വേണൂ, മഞ്ഞളും അഞ്ജനവും കമ്മ്യൂണിസവും എല്ലാം എനിക്ക് നന്നായിട്ടറിയാം. ഫിലോസഫി അഥവാ ഐഡിയോളജിയും പ്രായോഗികജീവിതവും ഒരിക്കലും ഒരുമിച്ച് പോവുകയില്ല എന്നതാണു എന്റെ ഇപ്പോഴത്തെ നിലപാട്. അതിനോട് വേണു യോജിക്കണം എന്നില്ല. അത്കൊണ്ട് പ്രായോഗിമായതിനോട് സമരസപ്പെട്ടും ചിലപ്പോൾ കലഹിച്ചും ആണു എന്റെ ജീവിതം. കമ്മ്യൂണിസത്തെ ഞാൻ എതിർക്കുന്നത് ഈ കപടകമ്മ്യൂണിസത്തെ തന്നെയാണു. സൈദ്ധാന്തികതലത്തിലുള്ള കമ്മ്യൂണിസം അവിടെയുണ്ട്. അതിനെ എതിർക്കേണ്ട ആവശ്യമില്ല. ഏത് സിദ്ധാന്തവും ശരിക്ക് പറഞ്ഞാൽ അത് സിദ്ധാന്തമായിരിക്കുന്ന കാലത്തോളം ശരിയും എതിർക്കപ്പെടേണ്ടതുമല്ല. പക്ഷെ ഏത് സിദ്ധാന്തവും മനുഷ്യർ എടുത്ത് പെരുമാറുമ്പോൾ സംഗതി കൈവിട്ടുപോകും. അപ്പോൾ എതിർക്കേണ്ടിയും പ്രതിരോധിക്കേണ്ടിയും വരും. ഇത് മനുഷ്യന്റെ ന്യൂനതയും സിദ്ധാന്തങ്ങളുടെ ദുരന്തവും ആണു :)

മഹ്‌മൂദ് പറശ്ശിനിക്കടവ് said...

കമ്മ്യൂണിസം ഇല്ലാതെ തന്നെ ലോകത്ത് പല രാജ്യങ്ങളും വെല്‍ഫെയര്‍ സ്റ്റെറ്റുകളായിട്ടുണ്ട്. അവിടങ്ങളിലൊക്കെ കമ്മ്യൂണിസം പരീക്ഷിച്ച രാജ്യങ്ങളില്‍ ഉള്ളതിനെക്കാള്‍ എല്ലാ അര്‍ഥത്തിലും പുരോഗതിയും വികാസവും ഉണ്ടായിട്ടുണ്ട്. അന്തിമമായി കമ്മ്യൂണിസം പോലുള്ള പ്രത്യയ ശാസ്ത്രങ്ങള്‍ സമഗ്രാധിപത്യത്തിലാണ് എത്തിച്ചേരുക എന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്. പോള്‍ പോട്ട് തുടക്കത്തില്‍ കമ്മ്യൂണിസ്റ്റായിരുന്നു. ഹോചിമിന്റെ കൂടെ പാര്‍ടിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അവസാനം വരെ കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രം തന്നെയായിരുന്നു പോള്‍ പൊട്ടിനെ നയിച്ചത്. He created killing fields.

Mohanan Sreedharan said...

ഈ ലേഖനത്തിലുടനീളം “കമ്യൂണിസ്റ്റ്“ “കമ്യൂണിസം“ എന്നു പറയുന്ന ഭാഗത്തൊക്കെ അതു മാറ്റി “മതം” എന്ന് ചേര്‍ത്ത് വായിച്ചു നോക്കൂ! അതായിരിക്കും കൂടുതല്‍ ശരി.

pcmadhuraj.blogspot.com said...

marxism is a religion. @
mOhanasreedharan

Ananth said...

ശരി കമ്യൂണിസം വേണ്ടാ ......അപ്പൊ പിന്നെ ഏതെങ്കിലും കക്ഷിയെയോ ആശയത്തെയോ സ്വീകാര്യമായി തോന്നുന്നുണ്ടോ ......മുന്പൊക്കെ കടുത്ത കോണ്ഗ്രസ് അനുഭാവം കാണിച്ചിരുന്ന താങ്കള് ഇടക്കാലത്ത് aap ന്റെ വക്താവായി മാറിയിരുന്നല്ലോ .......ഇപ്പൊഴായിട്ട് ആപ്പിന്റെ കാര്യോം മിണ്ടുന്നില്ല .......എന്തു വേണ്ടാ എന്നു പറയുന്നതോടൊപ്പം എന്ത് വേണം എന്ന് കൂടെ വ്യക്തമാക്കുന്നതല്ലേ ഒരു positive approach ?

സുബിന്‍ പി റ്റി said...

<<1957ൽ കമ്മ്യൂണിസ്റ്റ് ഭരണം വന്നപ്പോൾ സർക്കാർ സംവിധാനത്തെ നോക്കുകുത്തിയാക്കി പാർട്ടിയുടെ കീഴിൽ സെൽ ഭരണമാണു നടപ്പാക്കിയത്. ഉദ്യോഗസ്ഥന്മാർക്ക് പാർട്ടി മെമ്പർമാർ ഉത്തരവുകളും നിർദ്ദേശവും നൽകി. ഒടുവിൽ സഹികെട്ട് ജനങ്ങൾ വിമോചനത്തിനായി തെരുവിൽ ഇറങ്ങി. ജനാധിപത്യത്തിനു വേണ്ടി കേരളജനത നടത്തിയ മഹത്തായ പോരാട്ടമായിരുന്നു 1959ലെ വിമോചനസമരം. ആ സമരം വിജയിച്ചത് ജനങ്ങളുടെ വിജയമായി എന്ന് മാത്രമല്ല, ഇന്ന് നാം കാണുന്ന ജനാധിപത്യകേരളം തന്നെ ആ സമരവിജയത്തിൽ പിറന്നതാണു>>

ഹ ഹ ഹാ സുകുമാരേട്ടാ, സമ്മതിച്ചിരിക്കുന്നു.. തൊലിക്കട്ടി :)

SAMPATH ANCHODIYIL said...

അഞ്ച് വർഷ ഇടതുഭരണത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഇന്നും നിയമസഭയിൽ ഏറ്റവും വലിയ പാർട്ടി cpm ആണ്. അതിന് കാരണമെന്തെന്ന് അന്വേഷിക്കൂ... മേലെ പോസ്റ്റിയതിനുള്ള മറുപടി ലഭിക്കുമപ്പോൾ. മറ്റൊന്ന് നമ്മുടെ സാക്ഷരത 93 ശതമാനത്തിനുമപ്പുറമാണ്... രാഷ്ട്രീയം നന്നായി വിലയിരുത്തുന്ന ഒരു ജനതയും.