Links

സിദ്ധാന്തം Versus പ്രയോഗം


ജാതി-മത-വർഗ്ഗീയ വിചാരങ്ങൾ പോലെ തന്നെ അപകടമാണു ഇടത്പക്ഷ-പുരോഗമന-ബുദ്ധിജീവി വിചാരങ്ങളും എന്നാണു എന്റെ അഭിപ്രായവും പൊതുവെ കണ്ടുവരുന്ന അനുഭവങ്ങളും. പ്രായോഗികതയാണു എക്കാലത്തേക്കും പറ്റിയ ഏറ്റവും ശരിയായ സമീപനം. പ്രായോഗികതയ്ക്ക് മുൻകൂട്ടി എഴുതപ്പെട്ട തിരക്കഥ വേണ്ട. പ്രായോഗികതയാണു എല്ലായ്പോഴും പ്രയോഗത്തിൽ വിജയിക്കുന്നത്. പ്രായോഗികതയ്ക്ക് വിലങ്ങ്തടി സൃഷ്ടിക്കാൻ ശ്രമിക്കുന്ന ശക്തികളുടെ രണ്ട് വശങ്ങളാണു ഇപ്പറഞ്ഞ ജാതി-മത-വർഗ്ഗീയതകളും ഇടത്-പുരോഗമന-ബുദ്ധിജീവിത്വങ്ങളും. പ്രായോഗികതയെ മെരുക്കിയെടുത്ത് സമൂഹത്തിനു അനുഗുണമാക്കുക എന്നതാണു ശരിയായ രീതി.

ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ദുബായ് ആണെന്ന് ഇന്ന് എല്ലാവരും സമ്മതിക്കും. ഞാൻ ദുബായിൽ പോയിട്ടില്ല. വിമാനത്തിൽ കയറാനുള്ള ഭയം നിമിത്തം ഇനി പോകാനുള്ള സാധ്യതയും ഇല്ല. ദുബായിൽ പോയവരും അവിടെ താമസിക്കുന്നവരും പറഞ്ഞുകേട്ട വിവരണങ്ങളിൽ നിന്ന് ഞാൻ എത്തിച്ചേർന്ന നിരീക്ഷണമാണിത്. പ്രായോഗികതയുടെ വിജയമാണു ദുബായിയുടെ വിജയം. ഒരു പ്രത്യയശാസ്ത്രഭാരവും ദുബായ് ഭരണാധികാരികൾ ചുമക്കുന്നില്ല. എല്ലാറ്റിലും പ്രായോഗികമായ സമീപനം അവർ പുലർത്തുന്നു. ചുരുങ്ങിയത് ഒരു ഇരുപത്തഞ്ച് കൊല്ലമെങ്കിലും മുന്നിൽ കണ്ടിട്ടാണു എല്ലാ പദ്ധതികളും വിഭാവനം ചെയ്യുന്നത്.

ലോകത്ത് മനുഷ്യനു സ്വർഗ്ഗം വാഗ്ദാനം ചെയ്യുന്ന രണ്ട് പ്രബല സിദ്ധാന്തങ്ങളാണു കമ്മ്യൂണിസവും ഇസ്ലാമിസവും. ആ നിലയ്ക്ക് ഇസ്ലാമിനും കമ്മ്യൂണിസ്റ്റിനും യോജിക്കാവുന്ന പൊതുവായ മേഖലകള്‍ ഉണ്ടെന്ന് ചില ഇസ്ലാമിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും കരുതുന്നുണ്ട്. എന്നാല്‍ നമുക്ക് ചരിത്രത്തില്‍ നിന്ന് പഠിക്കാന്‍ കഴിയുന്നത് എന്താണ്? ഇസ്ലാം ഭരണാധികാരികളും കമ്മ്യൂണിസ്റ്റ് ഭരണാധികാരികളും എത്രയോ കാലം ഭരിച്ചിട്ടും ജനങ്ങളുടെ ഒരു പ്രശ്നവും പരിഹരിച്ചിട്ടില്ല എന്ന് മാത്രമല്ല, അവിടെയൊക്കെ അലങ്കോലമായ അവസ്ഥയാണ് കാണാന്‍ കഴിയുക. എന്ത്കൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? സിദ്ധാന്തപ്രകാരം ഭരണനിര്‍വ്വഹണം നടത്തുക എന്നത് ചെരുപ്പിന് പാകമാകും വിധം കാല് മുറിക്കുന്ന ഏര്‍പ്പാടാണ്. ദുബായ് ഈ മാര്‍ഗ്ഗം പിന്‍‌തുടരുന്നില്ല. അവര്‍ കാലിന് പറ്റിയ രീതിയില്‍ ചെരുപ്പ് മുറിച്ച് രൂപപ്പെടുത്തുകയാണ്.

സമൂഹത്തില്‍ ഓരോ കാലത്തും അതാത് കാലത്തിന്റെ പ്രശ്നങ്ങളാണ് ഉരുത്തിരിഞ്ഞുവരിക. ആ പ്രശ്നങ്ങള്‍ക്ക് ആ കാലത്തിന് യോജിച്ച പരിഹാരങ്ങള്‍ പ്രായോഗികമായി കണ്ടെത്തണം. സിദ്ധാന്തത്തില്‍ ഇങ്ങനെ എഴുതിവെച്ചുപോയിട്ടുണ്ട് അത് പ്രകാരം മാത്രമേ പരിഹാരം കാണാനാവൂ എന്ന് ശാഠ്യം പിടിച്ചാല്‍ ഒന്നും നടക്കുകയില്ല. എക്കാലത്തേക്കും പറ്റിയ ഒരു സിദ്ധാന്തം ആവിഷ്ക്കരിച്ച് ഗ്രന്ഥങ്ങളില്‍ എഴുതിവെക്കാന്‍ പറ്റില്ല. പ്രായോഗികതയ്ക്ക് ഗ്രന്ഥങ്ങളും സിദ്ധാന്തങ്ങളും വഴി മാറിക്കൊടുത്തേ പറ്റൂ. അങ്ങനെ വഴി മാറി എന്നതാണ് ദുബായിയുടെ വിജയം.

നമ്മുടെ രാജ്യവും എന്തെങ്കിലും പുരോഗതി നേടിയിട്ടുണ്ടെങ്കില്‍ അത് എപ്പോഴൊക്കെ ഭരണരംഗത്ത് പ്രായോഗിക സമീപനം സ്വീകരിച്ചിട്ടുണ്ടോ അപ്പോഴൊക്കെയാണ്. അനിഷ്ടമുളവാക്കുന്ന ചില പാര്‍ശ്വഫലങ്ങള്‍ പുരോഗതിയ്ക്ക് ഉണ്ടെങ്കിലും പുരോഗതി എന്നത് ജീവിതത്തിന്റെ നിയമമാണ്. നമുക്കത് ഒഴിവാക്കാന്‍ പറ്റില്ല. നമ്മുടെ പുരോഗതിക്കും വികസനത്തിനും പ്രത്യയശാസ്ത്രക്കാരും സിദ്ധാന്തക്കാരും പല തടസ്സങ്ങളും ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും നമ്മള്‍ പുരോഗതിയുടെ പാതയില്‍ തന്നെയാണ് എന്ന് മാത്രമല്ല, ഈ ഉപഭൂഖണ്ഡത്തില്‍ ഏറ്റവും സമാധാനവും ഐശ്വര്യവും ഉള്ള രാജ്യവും നമ്മുടേത് തന്നെ. പ്രത്യയശാസ്ത്രങ്ങളുടെ തടവുകാര്‍ക്ക് സ്ഥിരം അസംതൃപ്തിയാണ്. അതില്‍ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല. എന്തെന്നാല്‍ സിദ്ധാന്തങ്ങളെ പ്രയോഗം നിരന്തരം തോല്പിച്ചുകൊണ്ടേയിരിക്കും എന്നത് അവര്‍ക്ക് മനസ്സിലാവുകയില്ല.

4 comments:

Indiascribe Satire/കിനാവള്ളി said...

ഇത് തന്നെ ആണ് ചൈന ചെയ്തുകൊട്ണ്ടിരിക്കുന്നത് . മുതലാളിത്ത വ്യവസ്ഥിതിയില്‍ നിന്നു പല നല്ല കാര്യങ്ങളും സ്വീകരിച്ചതു കൊണ്ട് വന്‍ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞു. കേരളത്തില്‍ ഇപ്പോഴും സമരവും അട്ടിമറിയും തുടരുന്നു.

Unknown said...

While agreeing on the concept that ideologies and principles should not be a hindrance for practical implementations of social developments, Dubai cannot be taken as an example of progressiveness. Dubai is a place where only the fittest survives whereas there should be space for everyone everwhere..

ajith said...

വിയോജിപ്പ് രേഖപ്പെടുത്തുന്നു

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

"ഇസ്ലാം ഭരണാധികാരികളും കമ്മ്യൂണിസ്റ്റ് ഭരണാധികാരികളും എത്രയോ കാലം ഭരിച്ചിട്ടും ജനങ്ങളുടെ ഒരു പ്രശ്നവും പരിഹരിച്ചിട്ടില്ല എന്ന് മാത്രമല്ല, അവിടെയൊക്കെ അലങ്കോലമായ അവസ്ഥയാണ് കാണാന്‍ കഴിയുക"

---------
താങ്കളുടെ ഈ വാക്കുകളോട് അതി ശക്തമായ വിയോജിപ്പ്‌ രേഖപ്പെടുത്തുന്നു . വിശദീകരണങ്ങള്‍ ഞാന്‍ പറയുന്നതിനേക്കാള്‍ നല്ലത് താങ്കള്‍ കണ്ണുകളും കാതും തുറന്ന് പിടിക്കുന്നതാണ് .