Links

രാഷ്ട്രീയ വാരഫലം


പുതിയ വര്‍ഷം നമ്മുടെ രാജ്യത്തിന് പുതിയ പ്രതീക്ഷകള്‍ ഒന്നും നല്‍കുന്നില്ല. ജനങ്ങള്‍ക്ക് നേതൃത്വം നല്‍കാനോ, ദിശാബോധം സൃഷ്ടിക്കാനോ പറ്റിയ കഴിവും ഭാവനയും ആര്‍ജ്ജവവും ഉള്ള രാഷ്ട്രീയനേതാക്കള്‍ വര്‍ത്തമാനകാല ഇന്ത്യയില്‍ ആരുമില്ല എന്നതാണ് നിരാശാജനകമായ യാഥാര്‍ഥ്യം.

നമ്മുടെ പ്രധാനമന്ത്രി ഡോ.മന്മോഹൻ സിങ്ങ് കഴിവുള്ള ഒരു സാമ്പത്തിക വിദഗ്ദ്ധനാണു. എന്നാൽ തീരെ കഴിവ് ഇല്ലാത്ത രാഷ്ട്രീയ നേതാവ് കൂടിയാണു. മൻമോഹൻ സിങ്ങിന്റെ സാമ്പത്തികനയങ്ങൾ , രാജ്യത്ത് സാമ്പത്തികമാന്ദ്യം ബാധിക്കാത്ത രീതിയിൽ പിടിച്ചുനിർത്താൻ സഹായിച്ചിട്ടുണ്ട്. സാമ്പത്തികം മാത്രമാണു ഡോ.മൻമോഹൻ സിങ്ങിന്റെ മേഖല. ഇന്ത്യ പോലെ ഒരു വലിയ രാജ്യത്തെ നയിക്കാൻ സാമ്പത്തികനയങ്ങൾ എന്ന ഒറ്റമൂലി മാത്രം പോര. സാമ്പത്തികനയങ്ങളുടെ പേരിൽ മൻമോഹൻ സിങ്ങിനു 99 ശതമാനം മാർക്ക് കൊടുക്കാമെങ്കിൽ രാഷ്ട്രീയത്തിന്റെ പേരിൽ അദ്ദേഹത്തിനു സീറോ മാർക്ക് കൊടുക്കാനേ പറ്റൂ. അദ്ദേഹത്തിന്റെ ക്യാബിനറ്റിൽ കഴിവുള്ള ഒരു മന്ത്രിയായി ഞാൻ കാണുന്നത് പി.ചിദംബരത്തിനെയാണു. ബാക്കിയെല്ലാവരും സ്ഥാനം വഹിക്കുന്നു എന്ന് മാത്രം. അതിപ്പോൾ ആരായാലെന്ത് !

രാഷ്ട്രീയപാർട്ടികളെ എടുത്താൽ നിരുപദ്രവമായ ഒരു പാർട്ടി എന്ന് കോൺഗ്രസ്സിനെ പറയാം. സോണിയ ഗാന്ധി അദ്ധ്യക്ഷപദവിയിൽ ഉള്ളത്കൊണ്ട് കോൺഗ്രസ്സിൽ പൊട്ടിത്തെറി ഒന്നും ഇല്ലാതെ അങ്ങനെ പോകുന്നു എന്ന് പറയാം. അത് മാത്രമാണു സോണിയ ഗാന്ധി കോൺഗ്രസ്സിനു നൽകുന്ന സംഭാവന. അതിലപ്പുറം സോണിയ ഗാന്ധിക്ക് രാഷ്ട്രീയമായ കഴിവുകൾ ഒന്നുമില്ല. എന്തെങ്കിലും കഴിവുകൾ കോൺഗ്രസ്സ് പ്രതീക്ഷിക്കുന്നുമില്ല. പാർട്ടിയെ ഒറ്റക്കെട്ടായി നിർത്താനും ഹൈക്കമാന്റ് എന്ന് പറഞ്ഞ് എല്ലാവർക്കും വണങ്ങാനും ഒരു വ്യക്തിത്വം വേണം. ആ ദൗത്യം സോണിയ ഗാന്ധി നന്നായി നിർവ്വഹിക്കുന്നുണ്ട് എന്നതാണു സോണിയ ഗാന്ധിയുടെ കഴിവ്. എന്നാൽ പാർട്ടിയെ പിടിച്ചു നിർത്താൻ അങ്ങനെയൊരു പ്രതീകം മതി എന്നതാണു രാഷ്ട്രീയപാർട്ടി എന്ന നിലയിൽ കോൺഗ്രസ്സിന്റെ പരാജയം. മറിച്ചൊന്നും ചെയ്യാൻ കഴിയില്ല എന്നത് കോൺഗ്രസ്സിന്റെ ഗതികേട്. കോൺഗ്രസ്സുകാർ പ്രതീക്ഷ അർപ്പിച്ചിരിക്കുന്ന രാഹുൽ ഗാന്ധിയുടെ കൈയിൽ മാന്ത്രികവടി ഒന്നും ഇല്ല എന്നും ഇതിനകം തെളിയിക്കപ്പെട്ടതാണു.

ബി.ജെ.പി.യുടെ കാര്യം എടുക്കാനും വെക്കാനും ഇല്ലാത്ത പരുവത്തിലാണു. വാജ്‌പൈ ആയിരുന്നു ബി.ജെ.പി.യുടെ ജനകീയ മുഖം. അദ്വാനി വർഗ്ഗീയമുഖവും. ഇപ്പോൾ വികസനമുഖവുമായി ഒരു നരേന്ദ്ര മോഡിയുണ്ട്. എന്നാൽ ഒരു സംസ്ഥാനമല്ല ഇന്ത്യ. മോഡിയെക്കാളും വികസനപ്രതിച്ഛായ ഒരു ഘട്ടത്തിൽ ചന്ദ്രബാബു നായിഡുവിനു ഉണ്ടായിരുന്നു. ഇപ്പോൾ നായിഡുവിന്റെ വിലാസം പോസ്റ്റൽ വകുപ്പിനു പോലും അറിയില്ല. മോഡിക്ക് ഇന്ത്യയെയോ ബി.ജെ.പി.യെയോ വികസിപ്പിക്കാൻ കഴിയില്ല. തനിക്ക് പ്രധാനമന്ത്രിമോഹം ഇല്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് ലാൽ കൃഷ്ണ അദ്വാനി അടിയറവ് പറഞ്ഞ് രാഷ്ട്രീയായുധം താഴെ വെച്ചു. ബി.ജെ.പി.യിൽ പിന്നെ ബാക്കിയുള്ളത് മുഖത്തെക്കാളും വലിയ വായയുള്ള സുഷമ സ്വരാജും എപ്പോഴും വിദൂരതയിലേക്ക് നോക്കുന്ന കൗശലക്കാരൻ അരുൺ ജയറ്റ്‌ലിയുമാണു. നിതിൻ ഗഡ്കരിക്ക് പൊണ്ണത്തടിയും പ്രസിഡണ്ട് പദവിയും ഉണ്ടെങ്കിലും അദ്ദേഹം വെറുമൊരു മഹരാഷ്ട്രക്കാരൻ മാത്രമാണു. ഗഡ്‌കരി ഒരിക്കലും ദേശീയമായി ജനങ്ങളുടെ നേതാവാകുകയില്ല. ബി.ജെ.പി. ഇന്ത്യയുടെ പ്രതീക്ഷ പോയിട്ട് നിരാശ പോലുമല്ല. വെറുമൊരു ഭാരം.

കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഇന്ത്യയിൽ എണ്ണം പറഞ്ഞ നേതാക്കൾ പലരും ഉണ്ടായിരുന്നെങ്കിലും ദേശീയമായി ഒരു ജനകീയ നേതാവ് ഏ.കെ.ജി. മാത്രമായിരുന്നു. ഏ.കെ.ജി.യുടെ രണ്ട് പ്രത്യേകതകൾ ഒന്ന് അദ്ദേഹം അടിമുടി ഇന്ത്യക്കാരനായിരുന്നു, രണ്ടാമത്തേത് അദ്ദേഹം ബുദ്ധിരാക്ഷസനോ പ്രത്യയശാസ്ത്ര വിശാരദനോ ആയിരുന്നില്ല. ബുദ്ധിരാക്ഷസനും പ്രത്യയശാസ്ത്ര വിശാരദനും എന്ന ലേബൽ എങ്ങനെയോ ഒപ്പിച്ചെടുത്ത കുതർക്കരാഷ്ട്രീയത്തിന്റെ അപ്പോസ്തലനായ സാക്ഷാൽ ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാട് അദ്ദേഹത്തെ പോലെ മാത്രം കുതർക്കക്കാരായ ചെറുത്-വലുത് നേതാക്കളെയും അണികളെയും നിർമ്മിച്ചെടുത്തുകൊണ്ടാണു ഇന്ത്യയിൽ കമ്മ്യൂണിസത്തെ ജനകീയമല്ലാതാക്കിയത്. ഏ.കെ.ജി.ക്ക് മറ്റൊരു ഏ.കെ.ജി.യെ സൃഷ്ടിക്കാൻ കഴിഞ്ഞില്ല. എന്നാൽ ഇ.എം.എസ്സിനു എല്ലാ മാർക്സിസ്റ്റുകാരെയും ഇ.എം.എസ്സുമാരാക്കാൻ കഴിഞ്ഞു.

എസ്.എ. ഡാങ്കെ പ്രായോഗികവാദിയായ ഒരു കമ്മ്യൂണിസ്റ്റ് ആയിരുന്നു. എന്നാൽ പാർട്ടി പിളർത്തി പോയ സി.പി.എം. കമ്മ്യൂണിസ്റ്റുപാർട്ടികളുടെ വല്യേട്ടൻ ആയി ഭീമാകാരം പൂണ്ടപ്പോൾ സി.പി.ഐ.ക്കാർക്ക് ഡാങ്കേയെ റിവിഷനിസ്റ്റ് മുദ്ര കുത്തി പുറത്താക്കി മാർക്സിസ്റ്റുകാരുടെ തൊഴുത്തിൽ പോയി കെട്ടപ്പെടാൻ വേണ്ടി നിന്നുകൊടുക്കേണ്ടി വന്നു. ഫലം ഇന്ത്യയ്ക്ക് തനതായ കമ്മ്യൂണിസ്റ്റ് പാർട്ടി ഇല്ലാതായി. മാർക്സിസ്റ്റ് പാർട്ടി എവിടത്തെ പാർട്ടിയാണെന്ന് അവർക്ക് തന്നെ നിശ്ചയം പോര. ചൈനയിലെ പാർട്ടിയാണോ അതോ ക്യൂബയിലെയോ അതുമല്ല ലാറ്റിനമേരിക്കയിലെ പാർട്ടിയാണൊ എന്ന സ്ഥലകാല വിഭ്രാന്തിയിലാണു മാർക്സിസ്റ്റുകാർ എല്ലായ്പ്പോഴും. സ്വാമി വിവേകാനന്ദന്റെ ഫ്ലക്സ് ബോർഡ് മുന്നിൽ വെച്ച് തങ്ങളും ഇന്ത്യക്കാരാണേ എന്ന് ബോധ്യപ്പെടുത്താൻ അവർ വൃഥാശ്രമം നടത്തുന്നുണ്ട്. അത് പക്ഷെ ആരും കണക്കിലെടുത്തിട്ടില്ല.

ഇന്ത്യയുടെ കമ്മ്യൂണിസ്റ്റ് പാർട്ടി സി.പി.ഐ. ആയിരുന്നു. ഇടത്പക്ഷ ഐക്യം എന്ന വിചിത്രമായ പേരു പറഞ്ഞ് ആ പാർട്ടി സി.പി.എമ്മിന്റെ കൂടെ ചേർന്നപ്പോൾ സി.പി.ഐ.യുടെ വ്യക്തിത്വവും അസ്തിത്വം തന്നെയും ഇല്ലാതായി. എന്തിനായിരുന്നു ഈ ഒരു പക്ഷത്തിന്റെ ഐക്യം? പക്ഷത്തിനു ഐക്യമുണ്ടാക്കാൻ ഒരു പാർട്ടി വേണോ? ചത്ത കുഞ്ഞിന്റെ ജാതകം ചിന്തിച്ചിട്ട് ഫലമില്ല എന്ന് പറഞ്ഞ പോലെയാണു ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ കാര്യം. ഇന്ത്യയിൽ ഇപ്പോൾ എത്ര കഷണം കമ്മ്യൂണിസ്റ്റുകൾ ഉണ്ടെന്ന് ആർക്കും അറിയില്ല. മാർക്സിസത്തെ ബ്രായ്ക്കറ്റിലാക്കിയ സി.പി.എം ഉണ്ടെന്ന് എല്ലാവർക്കും അറിയാം. നിലവിൽ അതിനു സി.ഇ.ഓ.മാരായി കേന്ദ്രത്തിൽ പ്രകാശ് കാരാട്ടും കേരളത്തിൽ പിണറായി സഖാവും ഉണ്ടെന്നും അറിയാം. ഇപ്പോഴത്തെ സി.പി.എം. എന്ന ബിസിനസ്സ് കം പൊളിറ്റിക്കൽ സ്ഥാപനത്തെ നയിക്കാൻ ഇവരിരുവരും ധാരാളം. എന്തൊക്കെയോ ഇമേജുകളുടെ ഭാരവും ചുമന്ന് വി.എസ്സ്. സഖാവ് കുതിക്കുകയും കിതയ്ക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. അതൊക്കെ ഒരു ഇട്ടവട്ടത്തിൽ മാത്രം. ഇന്ത്യ എന്ന വലിയ രാജ്യത്ത് കമ്മ്യൂണിസം ഇന്നൊരു വിഷയം അല്ലാതായി.

അണ്ണാ ഹസാരെയും കെജ്‌രി വാളും ഡൽഹിയിൽ ചിലപ്പോഴൊക്കെ അരങ്ങേറുന്ന പ്രക്ഷോഭങ്ങളും ഒന്നും പ്രതീക്ഷയ്ക്ക് വകയുള്ളതാണു എന്ന് തോന്നുന്നില്ല. പിന്നെയുള്ളത് പ്രാദേശികപാർട്ടികളാണു. അതൊക്കെ ഇന്ത്യക്ക് വേണ്ടി എന്ത് ചെയ്യാനാണു? ആകെ നോക്കുമ്പോൾ ശുഭപ്രതീക്ഷ ഒന്നുമില്ലെങ്കിലും നിരാശപ്പെടാനും കാരണമില്ല. ഏതോ ഭൂതകാലപുണ്യം കൊണ്ട് രാജ്യം അപകടം ഒന്നുമില്ലാതെ മുന്നോട്ട് പോകും എന്ന് തീർച്ചയായും ആശ്വസിക്കാം.

11 comments:

ഷാജു അത്താണിക്കല്‍ said...

നമുക്ക് അങ്ങനെ മാത്രം ആശ്വസിക്കാം , നല്ല വിവരണം
പുതുവത്സരാശംസകൾ

Sureshan Payyaratta said...

Very apt observation .. I agree with u,, but likes to say ,, keep all hopes high ,,, don't expect emergence of any leader ..one individual can't bring any change unless and until people realize their requirement..

Sureshan Payyaratta said...

അടിസ്ഥാന രഹിതമായ വാദങ്ങളും ജല്‍പ്പനങ്ങളും നടത്തുന്നവര്‍ കമ്മ്യൂണിസ്റ്റ്‌ കാരെ കഴിഞ്ഞേ ഉള്ളു മറ്റേതും ... ഇവരുടെ ഇത്തരം വീര വാദങ്ങള്‍ വരും തലമുറക്ക് ഓര്‍ത്തു ചിരിക്കാന്‍ വക നല്‍കും എന്നാണ് തോന്നുന്നത്.. കംപുടര്‍ യുഗത്തിലും ചിന്ത മരവിച്ച അദ്ഭുത ജീവികള്‍ കംമുനിസ്റ്റ്റ് കാര്‍ മാത്രം .

ജോസ് നെല്ലിവിള said...

താങ്കളുടെ പുതുവര്‍ഷ രാഷ്ട്രീയ നിരീക്ഷണം ശ്ലാഘനീയം തന്നെ. എനിക്ക് തോന്നുന്നത്, കൊണ്ഗ്രസ്സുകാര്‍ അധികാരത്തില്‍ കടിച്ചു തൂങ്ങുന്നത് നിര്‍ത്തുക. കുറച്ചുനാള്‍ പ്രതിപക്ഷത്തിരിക്കേണ്ടി വന്നാല്‍ ഇരിക്കുക. ഇതു രണ്ടു ഗുണം ചെയ്യും. ഒന്ന് കൊണ്ഗ്രസ്സിലെ പതിരുകള്‍ അപ്രത്യക്ഷം ആകും, രണ്ടു പ്രതിപക്ഷ ഏകീകരണം ഉണ്ടാകും. ഇതുമൂലം രണ്ടു പ്രധാന ശക്തികള്‍ ഉണ്ടാകും. പ്രതിപക്ഷത്തിലായാലും ഭരണപക്ഷത്തിലായാലും പ്രധാന ദേശീയ പാര്‍ടികള്‍ക്ക് കൂടുതല്‍ സീറ്റും ശക്തിയും ഉണ്ടാകണം. അപ്പോള്‍ ഞാഞ്ഞൂല്‍ പ്രാദേശിക പാര്‍ടികളെ നിലനിര്‍ത്താന്‍ കഴിയും.

പ്രാദേശിക പാര്‍ടികള്‍ ആണ് ഇന്നു ഇന്ത്യയുടെ പ്രധാന ശാപം. എന്നാല്‍ സംസ്ഥാന താല്പര്യം എന്ന സങ്കുചിത താല്പര്യത്തോടെ നോക്കിയാല്‍ പ്രാദേശിക പാര്‍ടികള്‍ സംസ്ഥാന നന്മക്കു നല്ലതാണ്. അത്തരത്തില്‍ സംസ്ഥാനങ്ങള്‍ക്ക് അവിഹിതമായ, അനര്‍ഹമായ ഉണ്ടാകുന്ന നന്മകള്‍ ഇന്ത്യയുടെ അഖണ്ടതക്ക് ഒട്ടും നല്ലതിനല്ലതാനും.

Windsor Mattappilli said...

A well-studied observation KPS. Your style of presentation is amazing. Congratulations.

ഞാന്‍ പുണ്യവാളന്‍ said...

ഞാന്‍ വായിച്ചതില്‍ സുകുമാരേട്ടന്റെ മികച്ച ലേഖനം ......... വളരെ ഇഷ്ടമായി സ്നേഹാശംസകള്‍

ajith said...

ചുരുക്കിപ്പറഞ്ഞാല്‍........വാരഫലം അത്ര മംഗളമല്ല

Muralee Mukundan , ബിലാത്തിപട്ടണം said...

ഇപ്പോഴിതാ 2012 ഉം നമ്മെ വിട്ടു പോയിരിക്കുകയാണ്.
എങ്കിലും പുത്തന്‍ പ്രതീക്ഷകളുമായി 2013 കയ്യെത്തും
ദൂരത്ത് നമ്മെ കാത്തിരിയ്ക്കുന്നുണ്ട്.
ആയത് സുകുമാരൻ ഭായിക്കടക്കം എല്ലാവര്‍ക്കും നന്മയുടെയും
സന്തോഷത്തിന്റേയും നാളുകള്‍ മാത്രം സമ്മാനിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു...!
ഈ അവസരത്തിൽ ഐശ്വര്യവും സമ്പല്‍ സമൃദ്ധവും
അനുഗ്രഹ പൂര്‍ണ്ണവുമായ നവവത്സര ഭാവുകങ്ങൾ നേർന്നുകൊണ്ട്

സസ്നേഹം,

മുരളീമുകുന്ദൻ

Manoj മനോജ് said...

"മൻമോഹൻ സിങ്ങിന്റെ സാമ്പത്തികനയങ്ങൾ , രാജ്യത്ത് സാമ്പത്തികമാന്ദ്യം ബാധിക്കാത്ത രീതിയിൽ പിടിച്ചുനിർത്താൻ സഹായിച്ചിട്ടുണ്ട്."

:)2013ലെ തമാശ ഇഷ്ടപ്പെട്ടു...

മന്മോഹൻ പോലും തലക്കുലുക്കി യാതൊരു നാണവും ഇല്ലാതെ ലോകത്തിനു മുന്നിൽ നിന്ന് കൊണ്ട് സമ്മതിച്ചത് നമ്മുടെ ബാങ്കുകൾ പൊതുമേഖലയിൽ ആയത് കൊണ്ടാണു നമ്മൾ മാന്ദ്യത്തിൽ നിന്ന് രക്ഷപ്പെട്ടത് എന്നാണു... അപ്പോൾ ബാങ്കുകൾ പൊതുമേഖലയിൽ കൊണ്ടു വന്നവരെയല്ലേ അഭിനന്ദിക്കേണ്ടത്... മന്മോഹനും ചിദംബരവും കൂടി ബാങ്കുകളെ സ്വകാര്യന്മാർക്ക് തീറെഴുതാൻ തയ്യാറെടുത്തപ്പോൾ ഇടത് എതിർത്തത് സോണിയ അംഗീകരിച്ചില്ലായിരുന്നുവെങ്കിൽ 2007ൽ ഇന്ത്യ സാമ്പത്തികമായി തകർന്നടിയുന്നത് കാണാമായിരുന്നു... അടുത്ത അലയടിയിൽ ഇന്ത്യയും പെടും മന്മോഹൻ ബാങ്കിങ് മേഖല സ്വകാര്യന്മാർക്ക് തുറന്ന് കൊടുത്തു കഴിഞ്ഞത് കൊണ്ടു തന്നെ...

Ananth said...

സമീപ കാലത്തായി താങ്കളുടെ ബ്ലോഗെഴുത്തിനു ഒരു പിണറായി touch വന്നിട്ടില്ലേ എന്നൊരു സംശയം ( എടോ ഗോപാലകൃഷ്ണാ തനിക്കൊന്നും ഒരു ചുക്കും അറിയില്ല എന്ന ശൈലി )....

താങ്കളുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുവാനുള്ള ഒരു വേദി അതില്‍ താങ്കളുടെ അഭിപ്രായങ്ങള്‍ ശരിവെക്കുന്ന കമന്റുകളും മാത്രം എന്ന ഒരു നിലയിലേക്ക് ഈ ബ്ലോഗ്‌ ഒതുങ്ങിപ്പോകുന്നതില്‍ ഞാന്‍ വളരെ ആശങ്കപ്പെടുന്നു .........തീര്‍ച്ചയായും കാലികപ്രാധാന്യമുള്ള വിഷയങ്ങളില്‍ താങ്കളുടെ അഭിപ്രായ ങ്ങള്‍ പറയാനുള്ള വേദി തന്നെയാണ് താങ്കളുടെ ബ്ലോഗ്‌ .....എന്നാല്‍ അതോടൊപ്പം ആ വിഷയത്തില്‍ വ്യത്യസ്തമായ വീക്ഷണങ്ങള്‍ പല ആളുകളും കമന്റുകളില്‍ പങ്കു വെക്കുകയും സജീവമായ ചര്‍ച്ചകള്‍ നടക്കുകയും ചെയ്യുമ്പോള്‍ വായനക്കാര്‍ക്ക് അവയെല്ലാം വിലയിരുത്തി സ്വന്തമായ നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ അവസരമുണ്ടാവുകയും ചെയ്യുന്നതല്ലേ കുറച്ചു കൂടെ മെച്ചപ്പെട്ട ഒരു അവസ്ഥ? അത്തരമൊരു സാഹചര്യം ഉണ്ടാവണമെങ്കില്‍ / നിലനില്‍ക്കണമെങ്കില്‍ കമന്റുകള്‍ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവരും സംയമനവും പരസ്പരബഹുമാനവും നിലനിര്‍ത്തിയാല്‍ മാത്രമേ സാധിക്കൂ . തന്റെ അഭിപ്രായത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെല്ലാം വിഡ്ഢി കള്‍ ആണെന്ന രീതിയില്‍ അസഹിഷ്ണുത ആര്‍ക്കും തന്നെ ചേര്‍ന്നതല്ല .....

K.P.Sukumaran said...

Anantha-നു comment collection എന്നൊരു ബ്ലോഗ് ഉള്ള കാര്യം ഇപ്പോഴാണു ഞാൻ ശ്രദ്ധിച്ചത് :)